14.10.23

അയ്യപ്പൻമാവ്



അയ്യപ്പൻ മരിച്ചപ്പോൾ ശരീരം താലൂക്കാശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചത് ഞാനാണ്. മകന്റെ മകൻ സുമോജിന്  മുത്തനെ നേരെ ശ്മശാനത്തിലേക്ക് കൊണ്ടു പോയാൽ മതിയെന്നായിരുന്നു. അതിനെ എതിർത്താണ് ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നത്. മറ്റു ബന്ധുക്കളെ ബോധ്യപ്പെടുത്തി വീട്ടിലെത്തിച്ചപ്പോൾ ഉച്ചകഴിഞ്ഞു. ആള് വെളുപ്പിന് മരിച്ചതാണ്. 


അയ്യപ്പൻ ഒരു മാസം മുമ്പ് കോവിഡ് ബാധിതനായിരുന്നു. വൈറസ് കയറിയറങ്ങിയതോടെ  ആരോഗ്യവനായിരുന്ന അയ്യപ്പൻ ശയ്യാവലംബനായി. 

കുറുമ്പ മരിച്ചതിന് ശേഷം കുറച്ചു കൊല്ലങ്ങളായി അയ്യപ്പൻ തനിച്ചായിരുന്നു. മകൻ ഗോപാലനും ഭാര്യയും അതിനും മുമ്പേ മരിച്ചിരുന്നു. പിന്നെയുള്ളത് അന്യ ദേശത്ത് പാർക്കുന്ന മകൾ വിലാസിനി. അവൾക്കും അച്ഛനെ മടുപ്പാണ്‌. അയ്യപ്പനവളെയും. വല്ലപ്പോഴും കാണാൻ വന്നാൽ അവൾ വന്ന വേഗത്തിൽ മടങ്ങും.


അയ്യപ്പൻ തനിയെ താമസിക്കുന്നതിന്റെ പന്തികേട് ഒരിക്കൽ സുമോജിനോട് ഞാൻ  സൂചിപ്പിച്ചതാണ്. 


"വയസ്സായാൽ ചില  മനുഷ്യർക്ക് തന്നിഷ്ടം കൂടും. മുത്തൻ ഞങ്ങളുടെ വീട്ടിൽ അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ…?"


അവന് ഈർഷ്യ.  


"അച്ഛനിതെന്തിൻറെ കേടായിരുന്നു സുമോജിനെ വെറുപ്പിക്കാൻ... "


അന്ന് വൈകുന്നേരം അത്താഴത്തിനിരുന്നപ്പോൾ പ്രദീപിന്റെ വക. മഹാപാപം ചെയ്തപോലെ ദീപയുടെ നോട്ടം. ഞാനൊന്നും മിണ്ടാൻ പോയില്ല. ശരിയാണ്. എനിക്കെന്തിന്റെ കേടാണ്…? കുറുമ്പ മരിച്ച സമയത്ത് കുറച്ചു ദിവസം അയ്യപ്പൻ അവർക്കൊപ്പം താമസിച്ചു മതിയാക്കിയതാണ്. 


"കെടപ്പ്  ശരിയാണില്ല കൊച്ചമ്പ്രാനേ... "


തനിയെ താമസിച്ചു കുറച്ചു കാലം കഴിഞ്ഞപ്പോൾ അയ്യപ്പൻ അസ്വസ്ഥനായി.


"എന്തേ...അയ്യപ്പാ….എങ്കിൽ വിലസിനിയോട് വന്ന് കൊണ്ട് പോകാൻ പറയട്ടെ…?"


" വേണ്ട...നാട് വിട്ടൊരു കളീല്ല. ജമ്മത്തിങ്കെ വരാങ്കൂട അവക്ക് കയ്യേല്ല.. പിന്നാ..."


"എന്നാപ്പിന്നെ ശാപ്പാട് മുരളീടെ ചായക്കടയിൽ ഏർപ്പാടാക്കാം….?"


"യ്യയ്യോ.. ന്നും വേണ്ട കൊച്ചമ്പ്രാനെ.. കഞ്ഞീം കറീം കാലാക്കാൻ ഏനൊരു പാടൂല്ല. കുറുമ്പക്ക് എന്നും മേലാഞ്ഞല്ലോ. ഏനാ വെച്ചു കൊടുത്തൊണ്ടിരുന്നത്. അതിന് ഏനിപ്പോ പണ്ടത്തപ്പോലെ തീനും വേണ്ട"


 അയ്യപ്പന്റെ ഊണ് പ്രസിദ്ധമായിരുന്നു. പണിക്ക് അയ്യപ്പനുണ്ടെങ്കിൽ അമ്മ നാഴി അരി കൂടുതലിടും. അയ്യപ്പന് ചോറൂണ് ഒരു കലയായിരുന്നു. ഇലയിലെ ചോറു കൂമ്പാരത്തിന്റെ നടുക്ക് കൊച്ചു കുഴിയുണ്ടാക്കി, കറി ഒഴിച്ച്, ചാറിൽ കുഴഞ്ഞു ചോറ് കൈവെള്ളയിലിട്ട് താളത്തിൽ ഇരുട്ടി വലിയ ഉരുളകളാക്കി  വായിലേക്ക് ഒരേറ്. ഊണ് കഴിഞ്ഞാൽ തോർത്ത് വിരിച്ച് പറമ്പിൽ കിടന്നൊരു പൂച്ച മയക്കം. പെട്ടെന്നുണർന്ന് തൂമ്പാ എടുത്തു കിള തുടങ്ങും. അയ്യപ്പന് പണി തുടങ്ങാൻ സമയം വേണ്ടാത്തത് പോലെ നിർത്താനും സമയം വേണ്ട. 


അയ്യപ്പനുള്ള പലചരക്ക് ഉണ്ണിയുടെ കടയിൽ ഏർപ്പാടാക്കിയത് സുമോജിന് ഇഷ്ടപ്പെട്ടില്ല. ഞാൻ പറ്റ് തീർക്കാൻ ചെല്ലുന്നതിന് മുമ്പേ അവനത് വീട്ടിയിരുന്നു.


 "മുത്തിയുള്ളപ്പോഴും ഞാനല്ലേ അവർക്ക് ചെലവിന് കൊടുത്തിരുന്നത്. അങ്ങനെ തന്നെ പോകട്ടെ."


ജോലികഴിഞ്ഞു വരുന്ന വഴി സുമോജ് 

 കാറു നിർത്തി കടക്കാൻ ഉണ്ണിയോട് കടുപ്പിച്ചു   പറഞ്ഞിട്ടു പോയി. 


കിടപ്പ് ശരിയാകുന്നില്ല എന്ന പരാതിയുമായി അയ്യപ്പൻ വീണ്ടും വന്നു.


"ഒറ്റക്കുള്ള താമസം മതിയായോ…?  തിരിച്ചു സുമോജിന്റെടുത്തു പോണോ..?"


"ഓ…ആ തമ്പ്രാന്റോട ഏനെങ്ങൂല്ല..."


"പിന്നെവിടാ...വിലാസിനീടെ മക്കളുടെ കൂടെയോ..?"


" ഏന്റ പണ്ടത്ത കുടീല്. ഗോപാലനും വിലാസിനീം അമ്മിണീം ഒണ്ടാര്ന്നടത്ത്.  ഒരു മാടം അവിടെ കെട്ടിക്കോട്ടെ….? ഒരു രാത്രി അവടേന്ന് തല ചാച്ചിട്ട് ചത്താ മതി."


 ഞാൻ അയ്യപ്പന്റെ  ചുളുങ്ങി നരച്ച പോളകളുള്ള കണ്ണുകളിലേക്ക് നോക്കി. 

'അവിവേകം വല്ലതും പറഞ്ഞോ …' എന്ന ഭാവത്തിൽ അയ്യപ്പൻ എന്നെയും.



വെള്ളിയാഴ്ച സ്‌കൂൾ വിട്ടു വന്ന് വായനശാലയിലേക്കോടാൻ തുടങ്ങിയപ്പോഴാണ് അച്ഛന്റെ കല്പന


"ഡാ… പോയി അയ്യപ്പനോട് പറ, നാളെ വന്ന്  കൊളം വെട്ട് തൊടങ്ങാൻ..."


നാശം….ഈ അച്ഛനൊന്ന് നേരത്തെ പറയാമായിരുന്നില്ലേ. സ്‌കൂൾ വിട്ടു വരുന്ന വഴി അവിടെ കയറിയാൽ മതിയായിരുന്നു. ഇനി  കിഴക്കേ പാടം വരെ പോയിട്ട് വായനശാലയിൽ എപ്പോഴെത്താനാണ്. ദേഷ്യം തീർക്കാൻ മുറ്റത്തു  നിന്ന നന്ത്യാർവട്ടത്തിന്റെ ഇല പറിച്ചു കശക്കിയെറിഞ്ഞു പിറുപിറുത്തു.

 

''വായനശാലയിൽ പോയിട്ടെ അയ്യപ്പന്റെ വീട്ടിൽ പോകുന്നുള്ളൂ...മനുഷേനെ മെനക്കെടുത്താനായിട്ട്..."


അയ്യപ്പന്റെ വീട് ഞങ്ങളുടെ പാടത്തിന്റെ നടുവിലാണ്.  ചെറിയ മുറ്റവുമായി ഒരു കുടിൽ.  തൊട്ടടുത്ത് തോടും അതിൽ  വെള്ളം തേകാനുള്ള ചക്രവും. 

വായനശാലയിൽ ചുറ്റിത്തിരിഞ്ഞു അയ്യപ്പന്റെ വീട്ടിലെത്തിയപ്പോൾ സന്ധ്യയാകാറായി. അമ്മിണി അലക്കും കുളിയും കഴിഞ്ഞു വീട്ടുമുറ്റത്ത് തുണിയും വിരിച്ചു കൊണ്ട് നിൽപ്പുണ്ട്.


"അയ്യപ്പനെന്ത്യേ അമ്മിണി…?"


"ആ...അച്ഛൻ റോട്ടിലേക്കിറങ്ങി കാണും."


"കുറുമ്പയോ…? വേറാരും ഇല്ലേ ഇവിടെ..?"


"ചേച്ചീഞ്ചേട്ടനും പണിക്ക് പോയിട്ട് എത്തീട്ടില്ല. അമ്മ അങ്ങോട്ടാ പോയേ...പുല്ലുമായിട്ട്. പശൂന്ന് പുല്ലു വേണോന്ന്  തമ്പ്രാട്ടി പറഞ്ഞായിര്ന്നല്ലോ. "


"ന്നാ.. ഞാമ്പോണ്..നാളെ അയ്യപ്പനോട് കൊളം വെട്ടാൻ വരാൻ പറഞ്ഞേര്…"


തുണി വിരിച്ചു കഴിഞ്ഞ അമ്മിണി മുടി മൊത്തം എടുത്ത് ഒരു കുടച്ചിൽ. 

വിയർത്തൊലിച്ചു നിന്ന എന്റെ മേൽ  കുളിരായി പതിച്ച വെള്ളത്തുള്ളികൾ  നോക്കിയവൾ ചൂളി നിന്നു. 

അപ്പോഴാണ് അവളെ  ശരിക്കൊന്നു നോക്കിയത്. കുറുമ്പ പണിക്ക് വരുമ്പോൾ കൂടെ വരാറുള്ള കൊച്ചു പെണ്ണല്ലയിത്. ഒറ്റപ്പിടുത്തത്തിന് അവളെ ചേർത്തുനിർത്തി. ഒരു നിമിഷം..  ചേർന്ന് നിന്ന അവൾ കൈ വിടുവിച്ചു  വീടിനുള്ളിലേക്കോടി.


അതിലും വേഗത്തിലായിരുന്നു എന്റെ തിരിഞ്ഞോട്ടം. അവൾ അയ്യപ്പനോടും കുറുമ്പയോടും പറയുമോ..? വീട്ടിലറിഞ്ഞാൽ അച്ഛൻ മുറ്റത്തെ പേരയിൽ കെട്ടിയിട്ടടിക്കും. ഉറപ്പാണ്. നാളെ  അയ്യപ്പൻ കുളം വെട്ടാൻ വരുന്നതിന് മുമ്പ് ഞാനങ്ങു ചത്തു പോയിരുന്നെങ്കിൽ....

നെഞ്ചു പടപടാ ഇടിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. ഓട്ടത്തിനിടയിൽ കുറുമ്പ എതിരേ വരുന്നു. 


"ഈശ്വരാ…"


പേടിച്ചു വരമ്പു മാറി ഓടുന്നതിനിടെ കുറുമ്പ വിളിച്ചു ചോദിച്ചു.


"കൊച്ചമ്പ്രാൻ ഇതെങ്ങു പോയേച്ച്.. "


"ഞാനയ്യപ്പനോട് കൊളം വെട്ടാമ്പറയാൻ"


"തമ്പ്രാട്ടി പറഞ്ഞാര്ന്ന്. കൊച്ചമ്പ്രാൻ ഈ മോന്തിക്ക് ചുമ്മാ  വന്ന്." 


"പോണ് കുറുമ്പേ..."


 വീട്ടിൽ ചെന്ന് കയറിയിട്ടും പേടി മാറുന്നില്ല. ഭയം അതിന്റെ എല്ലാ രൗദ്ര ഭാവവും പൂണ്ട് നിൽക്കുകയാണ്. രാത്രി അത്താഴം കഴിക്കാനിരുന്നിട്ടു വിശപ്പില്ല. പഠിക്കുന്നതായി ഭാവിച്ചു വെറുതെ പുസ്തകവും തുറന്നു മുറിയിലിരുന്നു.


ഉറങ്ങാൻ കിടന്നപ്പോൾ അതിലും വലിയ പരവേശം. നാളെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരിടാൻ വയ്യ. അതിന് മുമ്പേ എങ്ങോട്ടെങ്കിലും ഒളിച്ചോടി പോകണമെന്ന് തോന്നി.  ഉറക്കം വരാതെ കിടക്കുമ്പോഴാണ് ഉമ്മറത്ത് ആളനക്കം.


 ജനാല വഴി നോക്കുമ്പോൾ അമ്മിണിയുടെ കൊച്ചച്ഛൻ തേവനാണ്. പരിഭ്രമിച്ച് അച്ഛനുമമ്മയും. സംസാരത്തിനിടയിൽ അമ്മിണി എന്നും കേട്ടു. അച്ഛൻ ധൃതിയിൽ കുറിയ മുണ്ടും ടോർച്ചുമെടുത്ത് തേവന്റെ കൂടെ പോകുന്നത് കണ്ടു. . എന്താണവർ സംസാരിച്ചത്…? പേടിച്ചു തല പൊട്ടിത്തെറിച്ചു ഞാനപ്പോൾ മരിക്കുമെന്ന് തോന്നി. 

"എടാ… രവീ..."

അമ്മയുടെ ഉറക്കെയുള്ള വിളികേട്ട് വിറച്ചു കൊണ്ട് ചെന്നപ്പോൾ അമ്മ കരയുകയാണ്


"നമ്മുടെ അയ്യപ്പന്റെ മകള് അമ്മിണി മൂർക്കമ്പാമ്പ് കടിച്ചു മരിച്ചടാ…"


കുറുമ്പ വീട്ടിലെത്തിയപ്പോൾ അവൾ വീടിനുള്ളിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. 

വിഷഹാരിയെ കൊണ്ടു വന്ന നേരത്ത് എല്ലാം കഴിഞ്ഞിരുന്നു. 


സന്ധ്യയ്ക്ക് എന്റെ കയ്യിൽ നിന്നും കുതറി വീട്ടിലേക്കോടിയ അമ്മിണി. ഈശ്വരാ...അവൾ മൂർഖൻെറ വായിലേക്കായിരുന്നോ ഓടിപ്പോയത്. പരിഭ്രമിച്ചോടിയപ്പോൾ വീടിനുള്ളിൽ പാമ്പ് കിടന്നത് കണ്ടില്ലായിരിക്കുമോ..?


"നീയെന്താടാ ഒന്നും മിണ്ടാതിരിക്കണത്...നിന്റെ ഒറക്കപ്പിച്ചു പോയില്ലേ..? വൈന്നേരം അയ്യപ്പന്റെ വീട്ടിൽ പോയപ്പോൾ നീയവളെ കണ്ടായ്ര്ന്നാടാ..?"


"ഇല്ല….അവിടാരും ഇല്ലായ്ര്ന്ന്…"


വിട്ടൊഴിഞ്ഞിട്ടില്ലാത്ത ഭയം എത്ര പെട്ടെന്നാണ് എന്നെക്കൊണ്ട് നുണ പറയിപ്പിച്ചത്. 


 രാവിലേ അമ്മയുടെ കൂടെപ്പോയി അമ്മിണിയെ കണ്ടപ്പോൾ അവൾ പാതിയടഞ്ഞ കണ്ണുകളുമായി ഇന്നലത്തെ അതേ നീലപ്പൂക്കളുടെ പാവാടയും ബ്ലൗസുമണിഞ്ഞു കിടക്കുന്നു. കരിനീലിച്ച ചുണ്ടുകൾക്കിടയിലെ പല്ലിനും നീലിപ്പ്. 


 എന്റെ ഭയം അവൾക്കൊപ്പം വയൽക്കരയിലെ ചിതയിൽ ഒന്നുമവശേഷിപ്പിക്കാതെ കത്തിത്തീർന്നു. കടുത്ത പനി മൂലം രണ്ട് ദിവസം ഞാൻ സ്‌കൂളിൽ പോയില്ല. വായനശാലയിൽ നിന്നെടുത്ത പുസ്‌തകം തുറന്നു പോലും  നോക്കാതെ പിറ്റേയാഴ്ച്ച തിരിച്ചു കൊടുത്തു.


അക്കൊല്ലം കുളവും വെട്ടിയില്ല. കുളക്കടവ് ഒന്നൂടെ  ഇടിഞ്ഞു. കടവിലെ കൈതക്കാടും കറുവൻ പുല്ലും ഇത് തന്നെ  തരം എന്ന് കണ്ട് ആർത്തു വളർന്നു. അയ്യപ്പൻ തൂങ്ങിത്തൂങ്ങി ഇടക്കിടെ വീട്ടിൽ വന്നു.  അപ്പോഴൊക്കെ ഞാൻ മുറിയിൽ നിന്നുമിറങ്ങാതെയിരുന്നു. പിന്നീട് ഓരോ കൊല്ലവും കുളം വെട്ടുമ്പോൾ അയ്യപ്പനും കുറുമ്പയും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാമ്പു കടിച്ചു മരിച്ച അമ്മിണിയുടെ തോറ്റം പറഞ്ഞു കരഞ്ഞു.  നെഞ്ചിൽ കനത്ത ഭാരവുമായി ഞാനത് കേട്ടുനിന്നു. 


കൃഷിക്ക് മുടക്കിയ കാശു പോലും തിരിച്ചു കൊടുക്കാതെ  കിഴക്കേ പാടം നാട്ടുകാരെ തോൽപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ കൃഷി ചെയ്യാതെ പാടത്തെ നാട്ടുകാരും തിരിച്ചു തോൽപ്പിച്ചു. കറങ്ങാത്ത ചക്രങ്ങൾ തോട്ടരികുകളിൽ നോക്കുകുത്തികളായി. പുല്ലും പൊന്തയും ആർത്തു വളർന്ന പാടത്തിന് നോട്ടക്കാരനേയും വേണ്ടാതായി. അയ്യപ്പനും കുടുംബവും പണ്ട്‌ കുടികിടപ്പുകാർക്ക് സ്ഥലം കൊടുത്തയിടത്തേക്ക് മാറിയിരുന്നു. അയ്യപ്പന് പാടവരമ്പത്തു നിന്ന് മാറുന്നത് തീരെ സമ്മതമായിരുന്നില്ല. പത്തു സെന്റ് അവകാശം കിട്ടുന്നതിന്റെ ഗുണം എത്ര പറഞ്ഞിട്ടും ആ തലയിൽ കയറിയില്ല. 


 മണ്ണിട്ടു നികത്തി രൂപമാറ്റം സംഭവിച്ച  പാടങ്ങളിൽ  തെങ്ങിൻ തൈകൾ നിരന്നു. അമ്മിണിയെ ദഹിപ്പിടത്തു നട്ട, അമ്മിണീ... എന്ന് അയ്യപ്പനും കുറുമ്പയും പേര് വിളിച്ചു വളർത്തിയ മാവിൻ തൈ മണ്ണു മൂടിപ്പോയപ്പോൾ അവർ വീട്ടിൽ വന്ന് നെഞ്ചത്തടിച്ചു കരഞ്ഞു.


"തമ്പ്രാനേ… ഏങ്കക്കട അമ്മിണിയോടിതു ചെയ്‌തല്ലോ...."

"പോട്ടടാ...അയ്യപ്പാ...ഞാനതോർത്തില്ല." 


അച്ഛൻ പിറ്റേന്ന് തന്നെ ബ്ലോക്കാപ്പീസിൽ   ചെന്ന് വാങ്ങിയ  മാന്തയ്യ് അയ്യപ്പന്റെ വീട്ടിൽ കൊണ്ട് കൊടുത്തത് ഞാനാണ്.


"കൊച്ചാമ്പ്രാൻ വാ...മ്മക്കിത് കൊണ്ടോയ് നട്ടിട്ട് വരാം."


 അയ്യപ്പൻ ആ തൈ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.


പഴയ മാവ് നിന്നിടത്ത് അയ്യപ്പനതു നട്ടു. ഒരു കുഞ്ഞിനെ അണിയിച്ചൊരുക്കുന്നപോലെ അരുമയോടെ  തടമെടുത്തു മണ്ണു മാടിവെച്ചു. മാവിൻ തൈക്ക് വെള്ളമൊഴിച്ച കുറുമ്പ അഞ്ചാറു പ്രാവശ്യം ഉച്ചത്തിൽ നെഞ്ചിൽ തല്ലി. അമ്മിണിയെ ചിതയിലേക്കെടുത്തപ്പോൾ കരഞ്ഞ അതേ താളത്തിലും വ്യഥയിലും ഉറക്കെ കരഞ്ഞു.


"എനക്കാ...പൊന്നൂ… പുള്ളെ… അമ്മിണീയേ….യ്…."


അയ്യപ്പൻ തലയും കുമ്പിട്ട് മിണ്ടാതെ മാന്തൈക്കരികിൽ കുറേ നേരമിരിരുന്നു.  


നീലപ്പൂക്കളുടെ പാവാടയും ബ്ലൗസുമണിഞ്ഞു കണ്ണും വായയും പാതി തുറന്നു കിടന്ന അമ്മിണി. അവളുടെ അവസാന നിമിഷങ്ങൾ എന്നോടൊപ്പമായിരുന്നു എന്ന  ഓർമ്മയിൽ ഞാനുമൊന്ന് പതറി.


അതൊരു മൾഗോവ മാവായിരുന്നു. "എനക്കാ പുള്ളെ.."എന്നു പറഞ്ഞ് അയ്യപ്പൻ അതിന്റെ ശിഖരങ്ങളിൽ സ്നേഹത്തോടെ തലോടി. മറ്റേത് പറമ്പിലെ പണിയെക്കാളും ഉത്സാഹത്തോടെ പാടത്തു പറമ്പിലെ  തെങ്ങുകൾ പരിപാലിച്ചു. 


 ഭൂമിയുടെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നശിപ്പിച്ചത്തിന്റെ ശിക്ഷ കാലം നാടിനായി കാത്തു വെച്ചിട്ടുണ്ടായിരുന്നു. വർഷങ്ങളുടെ പരിചരണം കഴിഞ്ഞു, കന്നികായ്ച തെങ്ങുകളിലിരുന്നു  മണ്ടരി ബാധിച്ചു മുരടിച്ച തേങ്ങകൾ ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചു. ചെറിയ മഴക്ക് പോലും   ഇടവഴികളും റോഡുകളിലും വെള്ളം പൊങ്ങി.


മങ്ങാക്കാലത്ത് പാടത്തുപറമ്പിൽ തേങ്ങയിടുമ്പോൾ വീട്ടിലെത്തുന്ന മൾഗോവാമാങ്ങാ  മറക്കാതെ അയ്യപ്പന് ഞാൻ കൊടുത്തു വിട്ടു. എന്റെ തൊണ്ടയിൽ മുള്ളുകൾ തീർത്തിറങ്ങിപ്പോകുന്ന മധുരമുള്ള മൾഗോവ മാങ്ങകൾ. 


ഗോപാലന്റെ മകന്റെ കൂടെയുളള ജീവിതാവസാന കാലം അയ്യപ്പന് മടുത്തിരുന്നു. അപ്പൂപ്പനെ ചുമന്ന് പേരമകനും. ആരു പറഞ്ഞാലും കേൾക്കാത്ത അപ്പൂപ്പനെ കുറിച്ചുള്ള പരാതികൾ സുമോജ് എപ്പോഴും പ്രദീപിനോട് പറഞ്ഞു. എന്നാൽ ഞാൻ എപ്പോഴെങ്കിലും അയ്യപ്പന്റെ കാര്യം അന്വേഷിക്കുന്നതായി അറിഞ്ഞാൽ അവന് ദേഷ്യവും. 'ജന്മി കുടിയാൻ കാലം കഴിഞ്ഞത് അറിഞ്ഞിട്ടില്ല' എന്ന് അവിടെയും ഇവിടെയും ഇരുന്നു പറഞ്ഞവൻ പരിഹസിച്ചു. 


"അച്ഛൻ ആവശ്യമില്ലാതെ അയ്യപ്പന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിനാ..? അയാൾക്ക് ചിലവിനു കൊടുക്കാൻ സുമോജില്ലേ..? രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരുള്ള വീട്ടിൽ പൈസാക്ക് ക്ഷാമമില്ല എന്നറിഞ്ഞു കൂടെ…?"

പ്രദീപിന് ദേഷ്യം.


"അയ്യപ്പൻ വന്നാവശ്യപ്പെടുന്നിടത്തെ ഞാൻ ഇടപെട്ടിട്ടുള്ളൂ. അയാള് വന്നാവശ്യപ്പെട്ടാൽ എനിക്ക് ചെയ്യാതിരിക്കാനുമാവില്ല."


എൻ്റെ മറുപടി അവനെ തൃപ്തനാക്കിയില്ലെന്ന് അവന്റെ പിറുപിറുക്കലിൽ നിന്നെനിക്ക് മനസ്സിലായി.


കഴിഞ്ഞ മാസം അയ്യപ്പൻ കോവിഡ് ബാധിതനായി ആശുപത്രിയിലായപ്പോഴും സുമോജ് കലിതുള്ളി. 


"മുത്തൻ മാസ്‌കില്ലാതെ ലോകം മുഴുവൻ നിരങ്ങി നടക്കും. ആരെങ്കിലും പറഞ്ഞാക്കേൾക്കുവോ..?"


ആശുപത്രി ചിലവ് സുമോജ് അന്വേഷിച്ചുവെങ്കിലും അയ്യപ്പന്റെ ശവം അവരുടെ വീട്ടില് കയറ്റാൻ അവനും ഭാര്യയും സമ്മതിച്ചില്ല. 


"നേരെ ശ്മശാനത്തിലേക്ക് കൊണ്ടു പോയാൽ മതി. അമ്മായീം മക്കളും കണ്ടു കഴിഞ്ഞില്ലേ..? ഇനി ആർക്ക് കാണാനാ..."


 "പറ്റില്ല സുമോജെ.."


ആശുപത്രി വരാന്തയിൽ ഞാൻ ശബ്ദമുയർത്തി.


"നിന്റെ മുത്തൻ നിനക്കാ വെറും  ശവം.  ഞങ്ങൾക്കതല്ല. ഒരു മാസം മുമ്പ് കോവിഡ് വന്ന  ദേഹത്തിനെ എന്ത് പേടിക്കാനാണ്..? നിന്റെ വീട്ടിൽ പറ്റില്ലെങ്കിൽ അയ്യപ്പന്റെ വീട്ടിലേക്ക് കൊണ്ടു പോയിക്കൊള്ളാം."


സുമോജിന്റെ നാവിറങ്ങി. ഇപ്രാവശ്യത്തെ എൻ്റെ തീരുമാനത്തോട് പ്രദീപും നാട്ടുകാരും വിലസിനിയും കൂടെ നിന്നു. 


ആംബുലൻസുമായി അയ്യപ്പനെയും കൊണ്ട് അയ്യപ്പന്റെ വീട്ടിൽ ചെന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കുറച്ചാളുകൾ ഉണ്ടായിരുന്നു. ദേഷ്യം പിടിച്ചിരുന്ന സുമോജം കുടുംബവും അങ്ങു വന്നതേയില്ല. 


ശവദാഹത്തിനുള്ള കാര്യങ്ങൾ വിലാസിനിയുടെ മക്കൾ തീരുമാനമെടുക്കുന്നതിനിടെ ഞാൻ തെല്ലുറക്കെ പറഞ്ഞു.


"അയ്യപ്പനെ ദഹിപ്പിക്കേണ്ടത് എന്റെ പാടത്തുപറമ്പിലാണ്. അയ്യപ്പന്റെ പഴയ വീടിരുന്നിടത്ത്." 


തെങ്ങിൻ തോപ്പിൽ മൾഗോവ മാവിന് തെക്ക്  അമ്മിണിക്ക് കൂട്ടായി അയ്യപ്പൻ ദഹിച്ചമർന്നു. 


അയ്യപ്പൻ കാളകളെ പായിച്ച് ഉഴുത പാടം. കുറുമ്പയും  കൂട്ടരും  കറ്റകൾ

കെയ്‌തു വെച്ച വരമ്പുകൾ.  വിളഞ്ഞ നെല്ലിന്റെ മണം പരക്കുന്ന വരമ്പത്തൂടെ ഓടിക്കളിക്കുന്ന ഞാനും ഗോപാലനും. ഞങ്ങൾക്ക് പിന്നാലെ ഓടുന്ന അമ്മിണി. 

കിഴക്കേ പാടമാകെ മണ്ണടിച്ചു നികത്തി, കരഭൂമിയുടെ വിസ്തീർണ്ണം കൂട്ടി നാടു സന്തോഷിച്ചപ്പോൾ നോക്കി നിന്ന് കണ്ണീരൊഴുക്കാൻ അയ്യപ്പനേ ഉണ്ടായിരുന്നുള്ളു. തെങ്ങുകൾ  വയലിന്റെ കാറ്റും മണവും കൊണ്ടുപോയി കളഞ്ഞെങ്കിലും മണ്ണിൽ ചാരമായി അലിയുന്ന അയ്യപ്പനായി ഭൂഗർഭം അത് സൂക്ഷിച്ചു വെക്കാതിരിക്കുമോ..? അവിടെ മറഞ്ഞിരിക്കുന്ന തണ്ണീരുറവകൾ തീയിൽ ഇല്ലാതാകുന്ന അയ്യപ്പനെ തണുപ്പിക്കാതിരിക്കുമോ..?


ഇപ്പോൾ എന്റെ പാടത്തുപറമ്പിലെ തെങ്ങിൻ തോപ്പിൽ രണ്ടു മാവുകളുണ്ട്. പഴയ അമ്മിണിമൾഗോവ മാവിന് കൂട്ടായി ഒരു പ്രിയോർ മാവിന്റെ തൈയ്യ്‌. ആ തൈമാവ് അയ്യപ്പൻമാവാണ്








 


No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍