4.1.15

ദ ലോസ്റ്റ്‌ എംപറര്‍

തിരമാല അടിച്ചുകയറുന്നതുപോലെയാണ് പെണ്‍കൂട്ടം ഹാളിലേക്ക് ഇരച്ചുകയറിയത്. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടവര്‍ ഹാളിലാകെ ഓടിനടന്നു. അവരുടെ ടീച്ചറാണെന്ന് തോന്നുന്ന വെളുത്തുതടിച്ച സ്ത്രീയില്‍നിന്നും “സൈലെന്‍സ്.‌” എന്ന ആജ്ഞ   കലപിലകള്‍ക്ക് മേലെ ഉയര്‍ന്നതും സ്വിച്ച് ഓഫാക്കിയതുപോലെ ശബ്ദം നിന്നു. കുറച്ചു നിമിഷത്തെ ശാന്തതയ്ക്ക് ശേഷം കുട്ടികളുടെ പതിഞ്ഞശബ്ദം സാവധാനം ഉയര്‍ന്ന് പഴയപടിയായി.

സ്റ്റഫ്‌ ചെയ്തു വെച്ചിരിക്കുന്ന മൃഗങ്ങള്‍ക്കിടയിലൂടെ പെണ്‍കുട്ടികളുടെ ഹേയ്, വൌ എന്നൊക്കെ അതിശയശബ്ദങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഹാളിന്റെ ഒരു കോണില്‍ ഒതുങ്ങിനിന്ന എന്നെ നോക്കി അവര്‍ മറാട്ടിയിലും ഹിന്ദിയിലും കമന്റുകള്‍ പറയുന്നുമുണ്ട്. അതൊന്നും എന്നെയല്ല എന്ന ഭാവത്തില്‍ ഞാന്‍ മറ്റൊരു മൃഗമായി അനങ്ങാതെ നിന്നു. അല്ലെങ്കിലും ഞാനെന്തിന് അതൊക്കെ ശ്രദ്ധിക്കണം. കാഴ്ചക്കാരായി വരുന്നവര്‍ ഇവിടത്തെ മൃഗങ്ങള്‍ക്ക് എന്തെങ്കിലും കേടുപാട് വരുത്തുന്നുണ്ടോ എന്ന് നോക്കലല്ലേ എന്റെ ജോലി. ഞാനത് കൃത്യമായി ചെയ്യുന്നുണ്ട്.

ജലച്ചായചിത്രങ്ങളുടെ പത്താം നമ്പര്‍ ഹാളില്‍നിന്നും മൃഗങ്ങളുടെ ഈ എട്ടാം നമ്പര്‍ ഹാളിലേക്ക് എന്നെ മാറ്റിയിട്ട് രണ്ടാഴ്ചയെ ആയുള്ളൂ. ക്രൂരഭാവവുമായി നില്ക്കുന്ന ഇവിടത്തെ മൃഗങ്ങളെ കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വെറുപ്പാണ് തോന്നുക. സിംഹം, കരിംപുലി, കടുവ, കാട്ടുപോത്ത്,കണ്ടാമൃഗം.... അങ്ങനെ പോകുന്നു ഇവിടത്തെ ജന്തുക്കളുടെ ലിസ്റ്റ്. എല്ലാം കാരുണ്യം എന്തെന്നറിയാത്ത തുറിച്ചകണ്ണുകളോടെ വായ തുറന്ന് ഇരയേയും കാത്തങ്ങനെ നില്ക്കുകയാണ്. ജീവനുണ്ടായിരുന്നെങ്കില്‍ നിന്നെയൊക്കെ മുഴുവനെ അകത്താക്കിയേനെ എന്ന ഭാവത്തില്‍. ആര്‍ക്കാണ് ഈ നിര്‍ജ്ജീവജന്തുക്കളെ കാണുവാന്‍ ഇത്ര ആഗ്രഹം..? കാഴ്ചക്കാരുടെ കണ്ണുകളിലെ വിസ്മയം കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. എന്നും രാവിലെ സന്ദര്‍ശകര്‍ എത്തുന്നതിനുമുമ്പേ എനിക്ക് ഈ മൃഗങ്ങളോരോന്നിന്റെയും രോമങ്ങള്‍ക്കിടയിലെ പൊടിയും അഴുക്കും മൃദുവായ ബ്രഷ് കൊണ്ട് വൃത്തിയാക്കണം. ഇവയുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ത്തന്നെ വെറുപ്പുകൊണ്ട് എന്റെ ശരീരം തരിക്കും.

പത്താം നമ്പറിലും ഹാള്‍ സൂക്ഷിപ്പ് തന്നെയായിരുന്നു എന്റെ ജോലി. ചിത്രങ്ങള്‍ ഓരോന്നായി പൊടി തുടച്ചു വെടിപ്പാക്കണം, ലോഹം കൊണ്ടുണ്ടാക്കിയ ചട്ടങ്ങള്‍ ഭംഗിയാക്കണം. പക്ഷെ ആ ജോലികളെല്ലാം ഞാന്‍ വളരെ ആസ്വദിച്ചുതന്നെയാണ് ചെയ്തിരുന്നത്. കാരണം അവിടെയാണല്ലോ എന്റെ ആയിഷ ഉള്ളത്. അവളെ പിരിഞ്ഞ് ഈ ജന്തുക്കളുടെ ഇടയില്‍... ഈ ജോലി തന്നെ ഇട്ടിട്ടുപോയാലോ എന്നു പലപ്പോഴും തോന്നും. പക്ഷെ, അങ്ങ് പുരാന ദില്ലിയില്‍ ചാന്ദിനി ചൌക്കിലെ സബ്ജി മാര്‍ക്കറ്റില്‍ വിവിധയിനം ചീരകളും ഇളം വെള്ളരിക്കയും അടുക്കി നിരത്തി ”സാഗ് ലോ...ഖീരാ ലോ...പാലക്ക് ലോ...” എന്ന് വിളിച്ചു കൂവുന്ന അമ്മിയെയും സൈനബയെയും ഓര്‍ക്കുമ്പോള്‍...

കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന കാഴ്ചബംഗ്ലാവിലെ ഈ ജോലികഴിഞ്ഞ് അവധി ദിവസങ്ങളില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ ചില വഴിയോരപ്രദർശനങ്ങൾ കൂടി നടത്തിയാലെ ദില്ലിയിലേക്ക് കുറച്ചെങ്കിലും കാശയക്കാനാകൂ. അതുകൊണ്ട് തന്നെ മുംബൈ കടല്‍ത്തീരത്തെ ഇന്ത്യയിലേക്കുള്ള ആ കവാടത്തിനു മുന്നില്‍ വാരാന്ത്യ വൈകുന്നേരം ചിലവഴിക്കാന്‍ വരുന്ന നഗരവാസികളുടെ മുന്നില്‍ രാജാക്കന്മാരുടെയും ചാര്‍ളി ചാപ്ലിന്റെയുമൊക്കെ വേഷം ധരിച്ച് കാണിക്കുന്ന ഗോഷ്ടിള്‍ എന്നെ ഒരിക്കലും മടുപ്പിക്കാറില്ല. മുംബൈക്കാര്‍ക്ക് വാളിന്റെ പിടി കൈമുട്ടുവരെ കയറ്റി വെച്ചിരിക്കുന്ന അവരുടെ ഛത്രപതി ശിവാജിയോടാണ് പ്രിയമെങ്കിലും എനിക്കിഷ്ടം അക്ബറിന്റെയും ഷാജഹാന്റെയും വേഷങ്ങളോടാണ്. അവധിദിനങ്ങളില്‍ കടല്‍ത്തീരത്ത്‌ കാറ്റേല്ക്കാന്‍ വലിയൊരു കൂട്ടം തന്നെയുണ്ടാകുമവിടെ. കുട്ടികള്‍ രാജാവായി നില്ക്കുന്ന എന്നോപ്പം നിന്ന് ഫോട്ടോഎടുക്കും, എന്റെ ചാര്‍ളി ചാപ്ലിനോടൊപ്പം ചുവടുവെക്കും. സന്ധ്യ കനക്കുന്നതുവരെ ഞാന്‍ ആ കടല്‍ത്തീരത്തായിരിക്കും. ആ നേരംകൊണ്ട് എന്റെ മുന്നില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന റുമാലില്‍  നല്ലൊരു തുക വീണിട്ടുണ്ടാകും. ഓരോ പ്രാവശ്യത്തെയും പൈസ എണ്ണിനോക്കി ഞാന്‍ ചില കണക്കുകൂട്ടലുകള്‍ നടത്തും. സൈനബയുടെ ശ്യാദിക്കായി അമ്മി സൊരുക്കൂട്ടുന്ന പൈസയുടെ കൂടെ ഒരു ഭയ്യയുടെ മോഹങ്ങളും ഞാന്‍ ചേര്‍ത്തുവെക്കും.

ദില്ലിയിലെ ഇടുങ്ങി വൃത്തികെട്ട ഗലിയിലെ പൊളിഞ്ഞുവീഴാറായ വാടകവീടിന്റെ വരാന്തയിലിരുന്ന് ചന്തയിലേക്കുള്ള ചീരകള്‍ കെട്ടുകളായി അടുക്കുന്ന അമ്മി “മുഗളോം കാ ഖൂന്‍ ബാദ്ഷാവോം കാ ഖൂന്‍...” എന്ന് പിറുപിറുകുന്നത് കേള്‍ക്കാം. അമ്മിയുടെ നരച്ചു കീറിത്തുടങ്ങിയ  സാരി മുഴുവനും ചീരയില്‍ നിന്ന് ഇറ്റ്‌ വീഴുന്ന വെള്ളത്തുള്ളികള്‍ വീണ് കുതിര്‍ന്നിരിക്കും.

“എന്ത് മുഗളര്‍..? എന്നിട്ടെവിടെ അവരെല്ലാം...? അമ്മീജാന്‍, വെറുതെ ഇവനോട് പഴങ്കഥകള്‍ പറഞ്ഞു സമയം കളയാതെ.” വഴിയരുകിലെ പൊതുടാപ്പില്‍നിന്നും വെള്ളം തലയിലേറ്റി വരുന്ന സൈനബക്ക് ദേഷ്യംപിടിക്കും.

“ഇല്ല സൈനബാ...അമ്മീജാന്‍ പറയുന്നതില്‍ എന്താണ് തെറ്റ്...? അക്ബര്‍ ഷാ രണ്ടാമന്റെ പേരക്കുട്ടി തന്നെയായായിരുന്നു നമ്മുടെ വലിയ ദാദാജീ... അതില്‍ യാതൊരു സംശയവും ഇല്ല.” ഞാന്‍ അമ്മിയുടെ പക്ഷംപിടിക്കും.

“അതെയതെ.... ആ പര്‍ദാദായുടെ മക്കളും പേരക്കുട്ടികളും ചെങ്കോട്ടക്കുള്ളിലെ കുടിലുകളില്‍ പട്ടിണിയിലായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. അവര്‍ക്കൊന്നും കൊട്ടാരത്തില്‍ പ്രവേശനംപോലും ഇല്ലായിരുന്നു. പണ്ടത്തെ രാജാക്കന്മാര്‍ക്ക് അങ്ങനെ എണ്ണിയാല്‍ തീരാത്ത ഭാര്യമാരും മക്കളുമൊക്കെ കാണും. ഒരു പണിയും ഇല്ലാഞ്ഞിട്ടാണ് ഇവന്‍ ആ കഥകളും പറഞ്ഞിങ്ങനെ ഇരിക്കുന്നത്. ഒരു പണിതേടി എവിടെയെങ്കിലും പോകാന്‍ പറയ്‌ ഇവനോട്”

ചീരക്കെട്ടുകളുടെ കുട്ട അവന്റെ തലയില്‍ വെച്ച് അവള്‍ പുച്ഛത്തോടെ പറയും.

“യെ ബജാര്‍ മേം ലേ ജാവോ... ദില്ലി കാ ബാദ്ഷാ... മിര്‍സാ ഫറൂക്ക്‌ അലീ...”

“നീ കളിപറയേണ്ട സൈനബാ... ചക്രവര്‍ത്തിനി അല്ലായിരുന്നു എങ്കിലും നമ്മുടെ വലിയ ദാദിജീ അദ്ദേഹത്തിന്റെ ബീവിമാരില്‍ ഒരാളായിരുന്നു. നമ്മുടെ പര്‍ദാദാ മിര്‍സാ മുഹമ്മദ്‌ ഇബ്രാഹിം ചക്രവര്‍ത്തിയുടെ മകന്‍ തന്നെയായിരുന്നു. ശക്തി ക്ഷയിച്ചുപോകുന്നതൊക്കെ ഏതു രാജവംശത്തിലാണ് സംഭവിച്ചിട്ടില്ലാത്തത്..? ഒരു തലമുറ കുറച്ചു ക്ഷയിച്ചാല്‍ അടുത്ത തലമുറ അത് വീണ്ടെടുക്കും. എന്ത് കൊണ്ടാണ് അവര്‍ക്ക് ചെങ്കോട്ടയില്‍ ദരിദ്രരായ സലാത്തിനുകളായി കഴിയേണ്ടിവന്നത്....? ആ നശിച്ച വെള്ളക്കാര്‍.... അവരിവിടെ വന്നില്ലായിരുന്നെങ്കില്‍ ഇന്നും ഈ ദില്ലി മുഗളന്മാര്‍തന്നെ ഭരിച്ചേനെ.” ചീരക്കെട്ടുകളുടെ ഭാരം മറക്കാനായി ഞാനവളോട് ഉച്ചത്തില്‍ തര്‍ക്കിക്കും

പെണ്‍കൂട്ടം പോയതിനു ശേഷം കാര്യമായ സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല. മൃഗങ്ങള്‍ക്കിടയില്‍ ഇരുന്ന് ബോറടിച്ച് എനിക്ക് ഉറക്കം വന്നുതുടങ്ങിയിരുന്നു.. ഇവിടെ ഇരുന്നു സമയം കളയാനും പ്രയാസം. പത്താം നമ്പര്‍ ഹാളിലായിരുന്നെങ്കില്‍ ആയിഷയുമായി സമയം പോക്കാമായിരുന്നു. അവളോട് ഞാനെന്റെ ദു:ഖങ്ങളെല്ലാം പങ്കു വെക്കും. ദില്ലിയുടെ അവസാന രാജകുടുംബം, എന്റെ വംശം ചിതറിത്തെറിച്ച് നശിച്ച് പോയ കഥ അവള്‍ അനുകമ്പയോടെ കേട്ടിരിക്കും. എന്റെ പൂര്‍വ്വികര്‍ നടത്തിയ പടയോട്ടങ്ങള്‍, ചെങ്കോട്ടയില്‍ പാറിച്ച വെന്നിക്കൊടികള്‍, അവര്‍ നിര്‍മ്മിച്ച മഹലുകള്‍, ലോകപ്രശസ്തമായ താജ്മഹലിന്റെ കഥ എല്ലാം കേള്‍ക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും ഞാനവളോട് ഒരേ കഥകളാണ് പറഞ്ഞിരുന്നതെങ്കിലും എന്റെ ആയിഷ അതെല്ലാം ആദ്യമായി കേള്‍ക്കുന്നതുപോലെ ആസ്വദിച്ചിരിക്കും. കൈവിട്ടുപോയ ഞങ്ങളുടെ പ്രതാപം എന്നെങ്കിലും ഞാന്‍ തിരിച്ചുപിടിക്കും എന്നാണവള്‍ പറയുന്നത്. “എങ്കില്‍ ആ ദിവസം നീ എന്റെ മുംതാസായിരിക്കും.” ഞാന്‍ അവളോട് ആവേശത്തോടെ പറയും.

പത്താം നമ്പര്‍ ഹാളിന്റെ ഏറ്റവും അറ്റത്തെ മൂലയിലാണ് ആയിഷ ഇരിക്കുന്നത്. പ്രൌഡഗംഭീരയായി ലോഹച്ചട്ടത്തിനുള്ളില്‍ “അണ്‍ നോണ്‍ പ്രിന്‍സസ്” എന്ന ചുവട്ടെഴുത്തുമായി. ഏതോ ഇറ്റാലിയന്‍ ചിത്രകാരന്‍ വരച്ചതാണവളെ. അവള്‍ക്ക് ആയിഷ എന്ന് പേരിട്ടത് ഞാനാണ്. കഴുത്ത് നിറയെ റേന്തച്ചുരുക്കുകള്‍ തുന്നിപ്പിടിപ്പിച്ച കൈ നീളമുള്ള വെണ്ണ നിറത്തിലെ ഗൌണ്‍ ധരിച്ച് ആയിഷ ജനാലക്കരികെ ദൂരക്കണ്ണുമായി കാത്തിരിക്കുന്നത് എന്നെയല്ലാതെ മറ്റാരെയാണ്..? അവളുടെ സ്വര്‍ണ്ണമുടിയിഴകള്‍ മടക്കുകളായി മാറിടത്തിലേക്ക് ചിതറിക്കിടക്കുന്നു. നഗ്നമായ ആ നീളന്‍ കഴുത്തു കാണുമ്പോള്‍ ആര്‍ക്കും ഒന്ന് തഴുകാന്‍ തോന്നും. നിറയെ ചുരുക്കുകളുള്ള നീളന്‍ കുപ്പായത്തിന്റെ ലേസുകള്‍ നിലംതൊട്ടു വിടര്‍ന്നുകിടക്കുയാണ്. വലതുകയ്യില്‍ മനോഹരമായി അടുക്കിയ ലില്ലിപ്പൂക്കള്‍. അതവള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. ധാരാളം പീലികളുള്ള അവളുടെ നീലക്കണ്ണുകളില്‍ നേരിയ വിഷാദമുണ്ടെന്നു ഇടക്കെനിക്ക് തോന്നാറുണ്ട്. അപ്പോഴൊക്കെ അവളെ ആശ്വസിപ്പിക്കാനായി ഞാന്‍ വെമ്പും. പക്ഷെ, ഹാളിലൂടെ നടക്കുന്ന സന്ദര്‍ശകര്‍ എന്ന ശല്യങ്ങള്‍.... അവര്‍ ഒഴിയുന്ന തരം നോക്കി ഞാന്‍ അവളുടെ മുടിയിഴകളില്‍ തലോടി ആശ്വസിപ്പിക്കും. അപ്പോഴവള്‍ വസ്ത്ര ഞൊറിവുകള്‍ ഇടത് കൈയ്യിലൊതുക്കി ചട്ടക്കൂടില്‍ നിന്നിറങ്ങി മെല്ലെ എന്നരികിലേക്ക് വരും. ഞാനവളെ ചേര്‍ത്തു നിര്‍ത്തി മനോഹരമായ ചുവന്ന കവിളിണകളില്‍ മാറി മാറി മുത്തം കൊടുക്കും. അവളോട് ചേര്‍ന്നുനിന്ന് “ആയിഷാ മേരി..പ്യാരീ ഹൂറി... ഞാനാണ് നിന്റെ പ്രിന്‍സ്.‌... ദില്ലി കാ ബാദ്ഷാ മിര്‍സാ ഫറൂക്ക്‌ അലീ...” എന്നവളുടെ ചെവില്‍ മന്ത്രിക്കും. അപ്പോള്‍ അവളുടെ കയ്യിലെ ലില്ലിപ്പൂക്കളുടെ സുഗന്ധം ഞാനനുഭവിക്കും.

പക്ഷേ ഇപ്പോള്‍ എന്റെ ആയിഷക്ക് പകരം കുറെ വന്യമൃഗങ്ങള്‍. ഇനി എത്രനാള്‍ ഞങ്ങളിങ്ങനെ കഴിയണം.. എന്റെ ഹൂറി, അവളുടെ രാജകുമാരനെ കാണാതെ എത്ര വിഷമിക്കുന്നുണ്ടാകും. ഹാള്‍ മാറിയതില്‍പ്പിന്നെ എന്തെങ്കിലും കാരണം പറഞ്ഞ് എന്നും ഞാന്‍ അവളുടെയടുത്ത് പോകാറുണ്ട്.  കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോള്‍ ആ സുന്ദരങ്ങളായ ചുണ്ടുകള്‍ വിതുമ്പുകപോലും ചെയ്തു. എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഇപ്പോഴത്തെ കാവല്ക്കാരന്‍ പ്യാരിലാല്‍ ഉള്ളത് കൊണ്ട് അവളെ എനിക്കൊന്ന് ആശ്വസിപ്പിക്കാന്‍പോലും കഴിയുന്നില്ല. എത്ര ദിവസമായി ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ട്. ഇല്ല ഇതിങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ എനിക്കാവില്ല.

പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ഡയറക്ടറുടെ ഓഫീസില്‍ച്ചെന്ന് എനിക്ക് പത്താം നമ്പറിലേക്ക് മാറ്റിത്തരണം എന്ന അപേക്ഷ കൊടുത്തു.

“ക്യോം...?  ഇത്തനാ ജല്ദീ....? തീന്‍ മഹീനാ ഹോനാ ചാഹിയേ..?

എന്റെ അപേക്ഷ വായിച്ച അദ്ദേഹം ഇഷ്ടപ്പെടാതെ പറഞ്ഞു.

മൃഗങ്ങളുടെ രോമത്തില്‍ നിന്ന് എനിക്ക് അലര്‍ജി ഉണ്ടാകുന്നു, മൃഗങ്ങളുടെ അടുത്തുനിന്നും മാറിനില്ക്ക ണം എന്ന് ഡോക്ടര്‍ പറഞ്ഞു, ഹാള്‍ മാറാതെ എനിക്കിവിടെ ജോലിചെയ്യാന്‍ തരമില്ല എന്ന് ഞാനദ്ദേഹത്തോടപേക്ഷിച്ചു. ജോലി ഉപേക്ഷിച്ചാല്‍ പട്ടിണിയിലാകുന്ന അമ്മിയെയും സൈനബയെയും പറ്റി പറഞ്ഞപ്പോള്‍ എന്തോ അദ്ദേഹത്തിന് അലിവ് തോന്നി “കല്‍ ദേഖേംഗേ” എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. നാളെ മുതല്‍ ഞാന്‍ ആയിഷക്കൊപ്പം. ആ ദിവസങ്ങളില്‍ കൊടുക്കുവാന്‍ കഴിയാതിരുന്ന സ്നേഹം പതിന്‍മടങ്ങായി ഞാനവള്‍ക്ക് കൊടുക്കും. എന്തൊക്കെ കാര്യങ്ങള്‍ പറയാനുണ്ട് ഞങ്ങള്‍ക്ക്. ഞാന്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി പത്താം നമ്പരിലേക്കോടി.

“നാളെ മുതല്‍ ഞാനിവിടെയാണ് ആയിഷ..നിന്നോടൊപ്പം...” പ്യാരിലാല്‍ കേള്‍ക്കാതെ ഞാനവളുടെ ചെവിയില്‍ മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ പ്രതീക്ഷയോടെ ഡയറക്ടറുടെ മുറിയില്‍ച്ചെന്ന എന്നോട്
“ഹാള്‍ നമ്പര്‍ പതിനേഴില്‍ പോയി ചാര്‍ജ് എടുക്കൂ..”

എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ അദ്ദേഹത്തെ ദയനീയമായി നോക്കി.

“ജല്ദി...ജാവോ.... വഹാം കാ ലട്കാ കോ മേനെ ചെയ്ന്ജ്‌ കിയാ” എന്ന ഓര്‍ഡര്‍ കേട്ട ഞാന്‍ നിസ്സഹായനായി പതിനേഴിലേക്ക് നടന്നു. പത്തിന് മുന്നിലൂടെ പോകുമ്പോള്‍ അവിടെ എന്നെയും കാത്തിരിക്കുന്ന ആയിഷയുടെ കണ്ണുകളെ നേരിടാനാവാതെ എന്റെ തല കുനിഞ്ഞുപോയി. പതിനേഴ് എത്ര ദൂരെയാണ്. എന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു.

പക്ഷേ പതിനേഴില്‍ ചെന്നപ്പോള്‍ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു. അത് മുഗള്‍ ചക്രവര്‍ത്തിമാരുടെ അവശേഷിപ്പുകളുടെ ഹാളായിരുന്നു!! ഇതുവരെ ഞാന്‍ എന്തെ അറിഞ്ഞില്ല ഇക്കാര്യം!!! മുഗളന്മാര്‍..... എന്റെ പൂര്‍വ്വികര്‍.... അവരുടെ കാവല്ക്കാരനായി ആ വംശത്തിന്റെ ഇങ്ങേയറ്റത്തുനിന്നും ഈ മിര്‍സാ ഫറൂക്ക്‌ അലീ. പുരാനാ ദില്ലിയില്‍ നിന്നും ഞാനിതാ ഞങ്ങളുടെ പാരമ്പര്യസൂക്ഷിപ്പുകാരനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ എന്റെ മുന്നില്‍ നിമിഷങ്ങള്‍കൊണ്ടു അടര്‍ന്നുവീണു. സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തി അത് തിരിച്ചുപിടിച്ച ആവേശത്തോടെ ഞാന്‍ ഹാളിലാകെ ഓടിനടന്നു.

എന്റെ പൂര്‍വ്വീകര്‍ ഉപയോഗിച്ചിരുന്ന ഓരോരോ വസ്തുക്കള്‍... മുഗളരെ അതിന്റെ പ്രശസ്തിയിലേക്ക് നയിച്ച ദാദാ അക്ബറുടെ പൂര്‍ണ്ണകായ പ്രതിമ ഇരുമ്പ് പടച്ചട്ടയുമണിഞ്ഞ് ഊരിപ്പിടിച്ച വാളുമായി.... താജ്മഹല്‍ പണിത ഷാജഹാന്റെ വാള്‍... സ്പടികസുതാര്യതയില്‍ വൈരങ്ങള്‍ പതിപ്പിച്ച സിംഹമുഖമുള്ള അതിന്റെ കൈപ്പിടി. അതു കയ്യിലേന്തി മുന്നില്‍നിന്ന് പടനയിച്ച എന്റെ ദാദാ എത്ര പ്രൌഡഗംഭീനായിരുന്നിരിക്കും. എത്രയോ ശത്രുക്കള്‍ അതിന്റെ മൂര്‍ച്ചയില്‍ നിലം പരിശായിക്കാണും.

എങ്ങു നിന്നോ ഒരു ഊര്‍ജ്ജം എന്റെ സിരകളില്‍ വന്നു നിറഞ്ഞു. നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന ഊര്‍ജ്ജം ഈ എന്നിലൂടെ ചിതറി ഒഴുകുകയാണ്... അതെ, ഇത് മുഗള്‍ രക്തത്തിന്റെ ഊര്‍ജ്ജമാണ്... എന്റെ പൂര്‍വ്വീകരുടെ ശക്തി ഇനിയെങ്കിലും കാട്ടിയെ പറ്റൂ. ഈ മിര്‍സാ ഫറൂക്ക്‌ അലി... അക്ബറുടെ പടച്ചട്ടയും ഷാജഹാന്റെ വാളുമെന്തി ഇതാ അതിനായി പുറപ്പെടുകയായി...

എത്ര വേഗമാണ് ചില്ലുകൂടുകള്‍ തകര്‍ത്ത് മഹാരാജാ അക്ബറിന്റെ ഭാരമേറിയ പടച്ചട്ട ഞാന്‍ അണിഞ്ഞത്. മുന്നിലെ ചുവര്‍ക്കണ്ണാടിയില്‍ പ്രതിഫലിച്ച ഷാജഹാന്റെ വാളേന്തി നിന്ന എന്റെ പ്രൌഡി എന്നെത്തന്നെ അത്ഭുതപ്പെടുത്തി. മിന്നല്‍വേഗത്തില്‍ യുദ്ധസന്നദ്ധനായി പത്താം നമ്പര്‍ ഹാളിലെത്തിയ എന്നെയും കാത്ത് എന്റെ ചക്രവര്‍ത്തിനി ആയിഷ സുസ്മേരവദനയായി അവിടെ കാത്തുനില്പുണ്ടായിരുന്നു.

“ഇത് തന്നെയാണ് ഞാന്‍ കാത്തിരുന്ന നിമിഷം.” അവള്‍ സന്തോഷത്തോടെ എന്നോടു പറഞ്ഞു.

“ചലോ...ജല്ദീ.... ചലോ ആയിഷാ....” അവളുടെ കൈപിടിച്ച് ഞാന്‍ പുറത്തേക്ക് കുതിച്ചു.... ഞങ്ങള്‍ക്ക് പിന്നില്‍ എന്റെ ഭടന്മാരുടെ ആരവങ്ങള്‍.. കൈകോര്‍ത്തുപിടിച്ച് ഞങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു.