26.12.13

മൂന്ന് കത്തുകള്‍

 (ഈ മൂന്ന് കത്തുകളും ഫേസ്‌ബുക്കിലെ 'സ്നേഹതീരം' എന്ന ഗ്രൂപ്പിലെ മല്‍സരത്തിനയച്ചതാണ്.ഇതില്‍ ആദ്യത്തെ കത്ത് ഒന്നാം സമ്മാനം നേടുകയുണ്ടായി ) 

എത്രയും പ്രിയപ്പെട്ട മോന്‍ അറിയാന്‍  അമ്മ എഴുതുന്നത്‌,
എത്ര കാലം കൂടിയാണെന്നോ അമ്മ മോന് ഒരു കത്തെഴുതുന്നത്. ഇവിടെ കൊണ്ടാക്കിയ ശേഷം എല്ലാം മാസവും മുടങ്ങാതെ നമ്മള്‍ എഴുത്തെഴുതുമായിരുന്നു. പിന്നെപ്പൊഴോ അതില്ലാതായി. മോന് തിരക്ക് കൊണ്ടായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്. ഇനി കുറച്ചു കാലം കൂടെ ദുബായില്‍ ജോലി ചെയ്യുന്നുള്ളൂ, നാട്ടിലേക്ക് സ്ഥിരമാക്കിക്കഴിഞ്ഞാല്‍ അമ്മയെ ഇവിടെ നിന്നും കൊണ്ടു പൊയ്ക്കൊള്ളാം എന്നാണല്ലോ അന്ന് നീ പറഞ്ഞിരുന്നത്. രാജിക്ക് അമ്മയെ അഡ്ജസ്റ്റ് ചെയ്യാന്‍ പാട്, എന്താമ്മേ ഞാന്‍ ചെയ്യേണ്ടത്. എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് ഏതെങ്കിലും വൃദ്ധ സദനത്തിലേക്ക് മാറാം എന്ന് പറഞ്ഞത്. നീ വേണ്ടെന്നു പറയും എന്നു ഞാന്‍ കരുതി. ആശ്വാസത്തോടെയുള്ള നിന്റെ മുഖം അന്നന്നെ തെല്ല് വേദനിപ്പിച്ചിരുന്നു. പിന്നെ ഓര്‍ത്തു സാരമില്ല. നിന്റെ കുടുംബം തകരാതിരിക്കണമല്ലോ. മക്കളുടെ ജിവിതം സ്വസ്ഥമാക്കിക്കൊടുക്കേണ്ടതല്ലേ ഒരമ്മയുടെ കടമ. 

 
പക്ഷെ നീ ആറുമാസമായി നാട്ടില്‍ സ്ഥിര താമസമാക്കി എന്നും നമ്മുടെ ശ്രീ മോളുടെ കല്യാണം കഴിഞ്ഞു എന്നും കഴിഞ്ഞ ദിവസമാണ് ഞാന്‍ അറിഞ്ഞത്. അമ്മ ശരിക്കും തകര്‍ന്നു പോയി മോനേ. എന്നാലും എന്നെ ഒന്നറിയിക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്..? ശ്രീമോള്‍ ഭൂമിയിലേക്ക്‌ പിറന്നു വീണപ്പോള്‍ പ്രസവ മുറിയുടെ മുന്നില്‍ വെച്ച് ആശുപത്രിക്കാര്‍ ആദ്യം കൈമാറിയത് എന്റെയീ കൈകളിലേക്കായിരുന്നു. “അമ്മൂമ്മേടെ ചക്കര മോളുറങ്ങിക്കോ” എന്ന താരാട്ട് കേട്ട് എത്ര വേഗമാണ് അവളന്നുറങ്ങിയത്!!! ഞാന്‍ ജീവിച്ചിരിപ്പില്ല എന്നായിരിക്കും പുതിയ ബന്ധുക്കാരോടു പറഞ്ഞിരിക്കുന്നതല്ലേ..? സാരമില്ല. എങ്കിലും ശ്രീമോളും വാശി പിടിച്ചില്ലേ മോനേ കല്യാണത്തിന് അച്ഛമ്മയെ കൊണ്ടു വരണമെന്ന് ..? ചിലപ്പോള്‍ അവളും അച്ഛമ്മയെ മറന്നു കാണുമായിരിക്കും. ‘കണ്ണകന്നാല്‍ മനസ്സകന്നു’ എന്നല്ലേ.
 

ഇത്രയുമെഴുതിയിട്ടും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇനിയും പറഞ്ഞില്ലല്ലോ. നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും  ഞാനെങ്ങനെ  ശ്രീമോളുടെ കല്യാണക്കാര്യമറിഞ്ഞെന്ന്. ഇവിടത്തെ എന്റെ കൂട്ടുകാരി കല്യാണിയമ്മയുടെ അടുത്ത ബന്ധുവാണ് നമ്മുടെ മോളുടെ വരന്‍ . അവര്‍ക്ക് ഭര്‍ത്താവും മക്കളും ഇല്ല. വീട്ടിലെ എകാന്തയെക്കാള്‍ അവര്‍ക്കിഷ്ടം ഇവിടമാണത്രേ.  അവര്‍ കല്യാണത്തിനു നാട്ടില്‍ പോയി  മടങ്ങി വന്ന് കല്യാണത്തിന്റെ ഫോട്ടോ  കാണിച്ചപ്പോഴാണ് നമ്മുടെ ശ്രീ മോളാണ് വധു എന്നറിഞ്ഞത്. മോനും രാജിയും ഫോട്ടോയില്‍ ക്ഷീണിച്ചിരിക്കുന്നല്ലോ. കല്യാണത്തിരക്ക് കൊണ്ടായിരിക്കുമോ...? എന്റെ ശ്രീമോള്‍ സുന്ദരിയായിരിക്കുന്നു. അവളുടെ ഭര്‍ത്താവിനെയും എനിക്കിഷ്ടമായി. നമ്മുടെ  മോള്‍ക്ക്‌ ചേര്‍ന്ന പയ്യന്‍. എന്‍റെ കുട്ടി സാരിയുടുത്ത് കണ്ടപ്പോള്‍  പണ്ടത്തെ എന്നെപ്പോലെ  തോന്നി.  അവള്‍ക്ക് എന്‍റെ ച്ഛായ തന്നെയാണെന്നല്ലേ എല്ലാരും പറയാറുള്ളത്. കല്യാണക്കാര്യം അറിഞ്ഞ ഉടനെ അമ്മക്ക്  തോന്നിയ സങ്കടമെല്ലാം ഇപ്പോള്‍ കുറഞ്ഞുട്ടോ.  സമയം കൊണ്ടു കുറയാത്ത സങ്കടമില്ലല്ലോ ലോകത്ത്. മോനിനി ഇക്കാര്യം ഓര്‍ത്ത്‌ വിഷമിക്കേണ്ട. എങ്കിലും മോന്‍ അമ്മക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. ശ്രീമോളോടും ഭര്‍ത്താവിനോടും കല്യാണിയമ്മയെ ഒന്ന് വന്നു കാണാന്‍ പറയണം. ഞാന്‍ ഒളിഞ്ഞു നിന്ന് അവളെ ഒന്ന് നോക്കിക്കോട്ടേ മോനേ.  കല്യാണിയമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ല  ശ്രീമോള്‍ എന്റെ കൊച്ചു മോളാണെന്ന കാര്യം.  ഞാനിവിടെയാണെന്ന് മോള്‍ക്കുമറിയില്ലല്ലോ. എനിക്ക് അത്രക്കാഗ്രഹം അവളെയും ഭര്‍ത്താവിനെയും ഒന്ന് കാണുവാന്‍.കത്ത് ചുരുക്കുന്നു.
സസ്നേഹം
അമ്മ
സ്നേഹാലയം
കൊച്ചി

--------------------------------------------------------------------------------------------------------------

അച്ഛന്,
ഇങ്ങനെയല്ലാതെ എനിക്ക് നിങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. കാരണം നിങ്ങള്‍ തന്നെയാണ് എന്റെ അച്ഛന്‍. ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്നതിനു കാരണക്കാരനായവന്‍. പക്ഷെ നിങ്ങള്‍ എന്നെ ഒരിക്കലും മകളായി കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. ഭൂമിയില്‍ ഒരു പെണ്കുട്ടിക്കും ഇങ്ങനെ ഒരവസ്ഥ വരല്ലേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഒരു പെണ്കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ അവളുടെ ചാരിത്ര്യം നശിപ്പിക്കുക, അതിനു ശേഷം അവളെ പലര്‍ക്കും കൂട്ടിക്കൊടുക്കുക. അമ്മ അതിനു കൂട്ട് നില്ക്കുക!!!! ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജന്മം എന്റെതാണെന്ന്‍ ഞാന്‍ കരുതുന്നു. നിങ്ങളുടെ മകളായല്ല ഞാന്‍ ജനിച്ചതെങ്കില്‍ വേറെ ഏതെങ്കിലും വീട്ടില്‍ ഏതെങ്കിലും അച്ഛന്റെയും അമ്മയുടെയും സുരക്ഷയിലും വാല്സല്യത്തിലും  ഞാന്‍ കഴിയുകയില്ലായിരുന്നോ..?

എന്നെ വിറ്റ് കിട്ടുന്ന പൈസ സന്തോഷപൂര്‍വ്വം കൈപ്പറ്റുമ്പോള്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പശ്ചാത്താപം തോന്നിയില്ലെന്നോ..? ഓരോ പ്രാവശ്യവും വിളിക്കുന്നിടത്തു കൂടെ വന്നില്ലെങ്കില്‍ അനുജനെയും അനുജത്തിയെയും കഴുത്തു ഞെരിച്ചു കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ നിങ്ങളെ കണ്ണീരോടെ അനുസരിച്ചു. ഒരിക്കല്‍ ഒരു റിസോര്‍ട്ടില്‍ വെച്ച് എന്നെ അച്ഛനാണ് കൊണ്ടു വന്നിരിക്കുനതെന്നറിഞ്ഞ ഒരാള്‍ അത് വിശ്വസിക്കാനാവാതെ എന്നെ നോക്കി. “ക്ഷമിക്കൂ കുട്ടീ..”എന്ന് പറഞ്ഞു ആ നിമിഷം പുറത്തിറങ്ങിയ അയാള്‍ മുറിക്കു പുറത്തു കാത്തു നില്‍ക്കുന്ന നിങ്ങളുടെ മുഖത്തടിച്ചു പോകുന്നത് കണ്ടപ്പോള്‍ മനസ്സാക്ഷിയുള്ള മനുഷ്യരും ലോകത്തുണ്ടന്നെനിക്ക് മനസ്സിലായി.

ഒടുവില്‍ പോലീസ്‌ റെയിഡ് തന്നെ വേണ്ടിവന്നു എന്നെ രക്ഷപ്പെടുത്തുവാന്‍. അതോടെ ഞാന്‍ പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തയും ചാനലുകളിലെ ആവേശം ജനിപ്പിക്കുന്ന ചര്‍ച്ചാ വിഷയവുമായി. നമ്മുടെ നാടിന്റെ പേരില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങി. ഞാന്‍ പേര് നഷ്ടപ്പെട്ടവളായി. തിരിച്ചറിയലുകള്‍, കോടതി മുറി, വക്കീലന്മാര്‍, വാദം ,വിധി ഇവയൊക്കെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളായി.  രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സ്ഥാനമുറപ്പിക്കുന്നതിനുള്ള ഒരു ഇരയുമായി ഞാന്‍. ആരും എന്റെ കരഞ്ഞു കുതിര്‍ന്ന മനസ്സിനെയോ കീറി പിഞ്ഞിയ ശരീരത്തെയോ കുറിച്ച് സംസാരിക്കുന്നത് കേട്ടില്ല. ഭൂമിയില്‍ ഇനി ഞാന്‍ ജീവിച്ചു തീര്‍ക്കേണ്ട ജീവിതത്തെക്കുറിച്ച്  ആകുലപ്പെടാന്‍ അവര്‍ക്കെവിടെ നേരം..?

ഇന്നെനിക്ക് സന്തോഷമുള്ള ദിവസമാണ്. കാരണം ഇന്നത്തെ പത്രത്തില്‍ നിങ്ങളെ രണ്ടു പേരെയും കോടതി ശിക്ഷിച്ച വാര്‍ത്തയുണ്ട്. ഒടുവില്‍ എനിക്ക് നീതി കിട്ടിയല്ലോ. പക്ഷേ...ഒരു ജീവപര്യന്തം കൊണ്ടു തീരുന്നതാണോ നിങ്ങള്‍ ചെയ്ത പാതകങ്ങള്‍..? ദൈവത്തിന്റെ കോടതിയില്‍ കാലത്തിന്റെ തീര്‍പ്പില്‍ നിങ്ങള്‍ക്കായി ഇനിയും ശിക്ഷകള്‍ കാത്തിരിപ്പുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇതേ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ അമ്മയ്ക്കും അയക്കുന്നുണ്ട്. കാരണം എന്നെ വിറ്റ് കിട്ടിയ സൌഭാഗ്യങ്ങളുടെ പങ്ക് അമ്മയും സസന്തോഷം അനുഭവിച്ചതാണല്ലോ.കത്ത് ചുരുക്കുന്നു.
എന്ന്

മകള്‍  ആശ
------------------------------------------------------------------------------------------------------------

എന്റെ കണ്ണാ,
എത്ര കാലമായി നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട്…? ഈ രാധക്ക് കണ്ണനില്ലാതെ ഒരു ദിവസം സാധ്യമോ..? ഇല്ല, കണ്ണനില്ലാത്ത അമ്പാടിയില്‍ രാധയില്ല. അവള്‍ എന്നേ അങ്ങേക്കൊപ്പം ദ്വാരകയില്‍ എത്തിയിരിക്കുന്നു. ഇവിടെ ഉള്ളത് അവളുടെ ഒരു രൂപം മാത്രം. മനസ്സ് നഷ്ടപ്പെട്ട് ചലിക്കുന്ന ഒരു രൂപം. ഓര്‍ക്കുന്നോ യമുനാ തീരത്ത് ഗോപികമാര്‍ക്കൊപ്പം നാം കളിച്ചു തിമിര്‍ത്തത്..ഒടുവില്‍ നമ്മള്‍ കൂട്ടത്തോടെ കടമ്പ് മരത്തണലില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ അവര്‍ നമ്മെപ്പറ്റി കളി വര്‍ത്തമാനങ്ങള്‍ ചൊല്ലിയത് ... നിന്റെ ഓടക്കുഴല്‍ വിളിയില്‍ മതി മറന്നു നിന്ന ആ ദിനങ്ങള്‍... ആ മനോഹര നാദം ഇനി ഒരിക്കല്‍ കൂടെ ഈ അമ്പാടിയില്‍ തിരികെ വരുമോ..? ഈ ഗോകുലം രാവും പകലും അതിനായി കാതോര്‍ക്കുന്നു. 

 
അങ്ങ് ദ്വാരകയിലേക്ക് പോകുന്നു എന്ന വാര്‍ത്ത എത്ര വലിയ ഞെട്ടലാണെന്നോ ഗോകുലത്തിനുണ്ടാക്കിയത്. മധുരയുടെ ചെങ്കോല്‍ എന്തിയ കൃഷണനേക്കാള്‍ ഞങ്ങള്‍ അമ്പാടി നിവാസികള്‍ക്കിഷ്ടം ഗോക്കളെ മേച്ചു നടന്നിരുന്ന ആ പഴയ കാലി ചെറുക്കനെത്തന്നെയാണ്. പക്ഷേ ആ പഴയ കണ്ണന്‍ മധുരാധിപതിയായ കൃഷ്ണനായി മാറി എന്ന സത്യം ഞങ്ങള്‍ അറിയുന്നു. എങ്കിലും ഒരിക്കല്‍ കൂടി അങ്ങ് ഈ അമ്പാടിയില്‍ വരുമോ...?അങ്ങയുടെ പ്രിയ രാധക്ക് ഒരു ദര്‍ശനം തരുമോ..?. അക്രൂരന്റെ തേരിലേറി അങ്ങ് പോയപ്പോള്‍ പാതയില്‍ ഉയര്‍ന്ന ധൂളികളെങ്കിലും കണ്ണില്‍ നിന്നും മറയല്ലേ എന്ന് പറഞ്ഞു കരഞ്ഞ അമ്പാടിയെ നീ മറന്നോ..? ഇപ്പോള്‍ ഈ യമുനാ നദീതടം വിജനമാണ് കണ്ണാ. കാലികള്‍ നാഥരില്ലാതെ അവിടവിടെ അലയുന്നു. കണ്ണീരൊഴുക്കുന്ന ഗോപികമാരാണെങ്ങും. കണ്ണന്‍ എന്നും അമ്പാടിയുടെത് തന്നെ എന്ന് കരുതിയിരുന്ന ആ സുവര്‍ണ്ണ ദിനങ്ങള്‍...എല്ലാം ഇപ്പോള്‍ വെറും ഓര്‍മ്മകള്‍ മാത്രം. അങ്ങിവിടെ നിന്ന് വിട ചൊല്ലിയ ശേഷം എത്രയോ രാവുകളില്‍ എനിക്ക് സ്വപ്ന ദര്‍ശനം നല്കിയിരിക്കുന്നു. ഒരു നാളിലെങ്കിലും അതൊന്നു സത്യമാക്കിത്തരൂ കണ്ണാ... ഇനിയും എത്ര കാലം ഈ രാധ വിരഹ ദുഃഖം പേറി ജീവിക്കണം..? യുഗങ്ങളോളം ഈയുള്ളവളുടെ ദുഃഖം കവികള്‍ക്കും കലാകാരന്മാര്‍ക്കും പ്രിയ വിഷയമായി. വിരഹിണി രാധയെക്കുറിച്ച് പലരും പാടി നടന്നു, ശില്പങ്ങള്‍ സൃഷ്ടിച്ചു, പല നിറങ്ങളിലെ ചായക്കൂട്ടുകളില്‍ വരച്ചു. അപ്പോഴും ആരും ഈ രാധ നിശബ്ദയായി തേങ്ങികൊണ്ടിരുന്നു. എല്ലാത്തിനും യമുന സാക്ഷി..ഈ വൃന്ദാവനം സാക്ഷി....എല്ലാം അറിയുന്ന കണ്ണാ നീ എത്രയും വേഗം എന്നിലേക്ക് വരൂ
അങ്ങയുടെ മാത്രം
രാധ.