20.2.13

ഗോപാലകൃഷ്ണന്‍, പത്ത് ബി

അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ‍ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയത്രേ. അപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണനെന്ന്.

പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് കുട്ടികൾ വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ   ട്രൌസറും ഇട്ടു നടന്നിരുന്ന ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെയെങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?

ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്ത് എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു   അവന്‍.

ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍.  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്‍ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീടെപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.

പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയെ  ഉച്ചയൂണിനു ശേഷമുള്ള ഇടവേളക്കാണ് ഞാന്‍  വിളിക്കാറ്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നു സുഖമില്ലാതായതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും.  അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്  വാക്കര്‍ എന്ന  ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്‍സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ  വര്‍ഷം മുതല്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.

അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. അസുഖം തളർത്തിയെങ്കിലും അമ്മക്ക് ആരോടും പരിഭവം ഇല്ല.

“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.

 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ഒരു ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.

പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.

‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു. വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”

“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."

എനിക്ക് ദേഷ്യമാണ് വന്നത്.

“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെ കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി .  ഇപ്പോ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”

“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”

“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. ചെറുതായി കഷണ്ടിയുമുണ്ട്.”

ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അതേതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ എന്തോ..?

“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”

“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”

“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ പണ്ടതയാള്‍ക്ക്‌  വായിക്കാന്‍ കൊടുത്തപ്പോള്‍ അത് കയ്യില്‍ വെച്ചോളാന്‍ പറഞ്ഞിട്ടുണ്ടെന്ന്. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”

“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."

ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്‍സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും  ചെറിയ നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്‍ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.

“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍.”

“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”

“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."

ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന് തന്നെ. അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.

“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”

പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.

“ഇന്ന് വന്നോമ്മേ അയാള്‍...?”

”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍..?. എന്തായാലും അമ്മുവിനോടു പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.

പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.

“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ഛമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”

എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍...അത് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?

അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ല. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”

എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെത്തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.

ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്.. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?

നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.

“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. അയാള്‍ക്ക്  മര്യാദ എന്നൊന്നുണ്ടെങ്കില്‍  ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”

“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”

“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”

അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..

തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍  ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നിന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല.

വളരെ ശ്രദ്ധിച്ച് ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പം  മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌. അതിനും നേര്‍ത്ത  ചുവപ്പ് നിറം . പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. പുറകില്‍ ബോള്‍ പേന കൊണ്ട്  എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും ഉഷാദേവി എന്ന്  അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ പെരുംകള്ളന്‍. ഒരു ഗോപാലകൃഷ്ണന്‍.. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍.  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.

താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.

“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"

ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ നടന്നു. ഉച്ച വെയിലിന്‍റെ  ചൂടും വല്ലാത്ത ദേഷ്യവും  കൊണ്ട് വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്നു കയറിയത്. താഴിട്ടു പൂട്ടിക്കിടന്ന വായനശാലയുടെ മുന്നില്‍ ഞാന്‍ സ്തബ്ദനായിനിന്നു.

തൊട്ടടുത്ത കരയോഗം ഓഫീസില്‍ ആളുണ്ട്.  ഞാന്‍ അവിടെയുണ്ടായിരുന്ന ആളോട് കാര്യം തിരക്കി.
“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”

“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”

“ഗോപാലകൃഷ്ണനോ..? അതാരാ..? ഇവിടെ ജോലി ചെയ്തിരുന്നത് സാവിത്രി എന്നൊരു കുട്ടിയായിരുന്നല്ലോ. അവള്‍ വേറെ ജോലി കിട്ടി പോവേം ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”

“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”

“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”

“ആ.... അറിയില്ല.”

 തിരികെ റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? അയാള്‍ ഇവിടെവിടെങ്ങാനും നില്‍പ്പുണ്ടോ..? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...?   ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.

ബെല്ലടി കേട്ട്  ധൃതിയില്‍ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്ന അമ്മ ചോദ്യഭാവത്തില്‍ നിന്നു. അമ്മയുടെ നിശ്ശബ്ദതയുടെ നൂറായിരം ചോദ്യങ്ങള്‍ക്ക്   മറുപടി തേടി വലഞ്ഞു.

ഒടുവില്‍ ഞാനെഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്.

“അമ്മേ, അത്  എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്."

ആശ്വാസത്തോടെ കണ്ണു തുടച്ച അമ്മയോട്  ഞാന്‍ ഒന്ന് കൂടി ചേര്‍ന്നിരുന്നു .