9.8.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-3)

റുബീന
ചിത്രശലഭങ്ങളും പൂക്കളും നിറഞ്ഞു നിന്ന ഒരു വേനല്‍ക്കാലത്താണ് ഞാന്‍ റുബീനയെ കാണുന്നത്. അവളെ കാണാതായതും റോസാപുഷ്പങ്ങള്‍ നിറഞ്ഞു നിന്ന മറ്റൊരു വേനല്‍ കാലത്തായിരുന്നു. ഭംഗിയുള്ള സല്‍വാറും ഷൂസും ധരിച്ചു റോഡിലൂടെ നടക്കുന്ന വെളുത്തു ചുവന്ന കവിളുള്ള മെഹ്നാജിനെ കണ്ടപ്പോള്‍ ക്വാട്ടെര്‍സില്‍ താമസിക്കുന്ന ഏതോ കുട്ടിയാണെന്നാണ് ഞാന്‍ കരുതിയത്‌. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞാണെനിക്ക് മനസ്സിലായത്‌ അവള്‍ പല വീടുകളില്‍ ജോലി ചെയ്യുന്ന വീട്ടു വേലക്കാരിയാണെന്ന്. 
സമയം തീരെ ഇല്ലാതിരുന്നിട്ടും റുബീന എന്‍റെ വീട്ടിലും ജോലിക്ക് വരാന്‍ തുടങ്ങി. ഏഴു മക്കളുള്ള വീട്ടിലെ മൂത്ത പെണ്‍കുട്ടി. ഏറ്റവും ഇളയതിന് രണ്ടു വയസ്സ് പ്രായം. അമ്മിക്ക് പ്രസവവും കുഞ്ഞുങ്ങളെ നോക്കലുമൊഴിഞ്ഞ് മറ്റു ജോലിയൊന്നും ചെയ്യുവാന്‍ സമയമില്ല. പകല്‍ മുഴുവന്‍ മാര്‍ക്കറ്റില്‍ കറങ്ങി നടക്കുന്ന അവളുടെ അബ്ബക്ക് തീവ്രവാദികളുമായി രഹസ്യ ബന്ധം ഉണ്ടത്രേ. അവര്‍ക്ക് ചില്ലറ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത് കൊണ്ടു ഇടക്കിടക്ക് നല്ല കാശും കിട്ടും. 
“എന്നെങ്കിലും പോലിസിന്‍റെ പിടിലായിരിക്കും അബ്ബയുടെ അവസാനം. ഇക്കാര്യം എനിക്ക് മാത്രമേ അറിയൂ മാഡം”

“.ഈ രാജ്യ ദ്രോഹികള്‍ക്ക് കൂട്ട് നിലക്കുന്നതില്‍ നിന്നും നിനക്ക് അബ്ബയെ പിന്തിരിപ്പിച്ചു കൂടെ ..?”
ഞാന്‍ അവളോടു ചോദിച്ചു.
“ഇതിന്‍റെ ദോഷമൊക്കെ ഞാന്‍ അബ്ബക്ക് പറഞ്ഞു കൊടുക്കണോ..?. ഈ നാട്ടില്‍ എത്ര ആള്‍ക്കാര്‍ പോലിസിന്‍റെ പിടിയിലായിരിക്കുന്നു...? എത്ര പേര്‍ മരിച്ചിരിക്കുന്നു...? അമ്മിയുടെ ചെവയില്‍ വിവരം കൊടുത്താല്‍ എന്നെ കൊന്നു കളയും എന്നാണു അബ്ബ പറഞ്ഞിരിക്കുന്നത്.”
ഞാന്‍ അവളുടെ വാക്കുകള്‍ കേട്ട് അന്തം വിട്ടു നിന്നു.
“പക്ഷെ എന്നെ കൊന്നുകളയാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളൊന്നുമല്ല അബ്ബ. പിന്നെ വീട്ടിലേക്കുള്ള വരുമാനം എങ്ങനെ ഉണ്ടാകും ...? എത്ര കാശു കിട്ടിയാലും ഒരു പൈസ അബ്ബ വീട്ടില്‍ തരില്ല. അല്ലെങ്കിലും ആ കാശു വാങ്ങാതിരിക്കുകയാണ് നല്ലത് അല്ലെ മാഡം. .ജീവിക്കുന്ന മണ്ണിനെ ചതിച്ചിട്ടു കിട്ടുന്ന കാശിനു റൊട്ടി തിന്നാല്‍ അത് തൊണ്ടയിലൂടെ ഇറങ്ങുമോ..?”
റുബീന ജോലിയെടുക്കുന്ന പൈസ മുഴുവനും അവളുടെ അമ്മി വന്നു മാസം തികയുന്നതിനു മുന്നേ കൈപ്പറ്റിയിരിക്കും. ഇളയ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്‍റെ പ്രാരാബ്ദവും ജോലിയെടുക്കുവാന്‍ കൂട്ടാക്കാത്ത ഭര്‍ത്താവും എല്ലാം അവരുടെ പതിവ് സംസാര വിഷയങ്ങളായിരിക്കും. തണുപ്പില്‍ തീ കായാനുള്ള വിറകു പോലും കാട്ടില്‍ പോയി ശേഖരിക്കുവാന്‍ അയാള്‍ക്ക്‌ വയ്യ. അതെല്ലാം അമ്മയും മക്കളും ചെയ്തു കൊള്ളണം എന്നാണയാളുടെ കല്‍പ്പന. അവള്‍ക്കിളയവര്‍ അതെല്ലാം ചെയ്തു കൊള്ളും. ഇളയ കുട്ടികള്‍ ആണ്‍കുട്ടികള്‍ ആയത് അയാളെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടികളായിരുന്നെങ്കില്‍ വീട്ട് വേലക്ക് വിടാമായിരുന്നത്രെ.
“ഇരുപതു വയസ്സ് കഴിഞ്ഞ എന്‍റെ മോളെ വിവാഹം ചെയ്തു തരണം എന്ന് പറഞ്ഞു എത്ര പേരാണെന്നോ വീട്ടില്‍ വരുന്നത്..? അവരെയെല്ലാം അയാള്‍ അപമാനിച്ച് പറഞ്ഞു വിടും. ഇതിലും ഭേദം അവളെ അങ്ങ് കൊന്നു കളയുന്നതാണ് നല്ലതെന്നു തോന്നിപ്പോകും. പാവം എന്‍റെ മകള്‍ ഇതോന്നും അറിഞ്ഞതായി ഭാവിക്കാറേ ഇല്ല. “ അവര്‍ കണ്ണീരോടെ പറഞ്ഞു. 
ആയിടെ ആണ് റുബീനക്ക് ഒരു കാമുകന്‍ ഉണ്ടാകുന്നത്. അവളെ വിവാഹം ചെയ്തു കൊടുക്കണം എന്ന അപേക്ഷയുമായി അവളുടെ അബ്ബയുടെ മുന്നില്‍ ചെന്ന ഹുസൈനെ അയാളെ ദേഹോപദ്രവം ചെയ്തില്ലന്നെയുള്ളു.
“ഞാന്‍ എന്ത് ചെയ്യണം മാഡം. അബ്ബയെ അനുസരിച്ച് ജീവിക്കണോ..? അതോ അമ്മി പറയുന്നത് പോലെ ഹുസൈനോടോപ്പം പോയി രക്ഷപ്പെടണോ?”
“നീ നിന്‍റെ അമ്മി പറയുന്നത് പോലെ ചെയ്യ്‌. നിന്റെ അബ്ബക്ക് നിന്നെക്കുറിച്ച് ചിന്തയില്ലെങ്കില്‍ പിന്നെന്താ..?’
അന്ന് കരഞ്ഞു കൊണ്ടു ജോലി കഴിഞ്ഞു പോയ റുബീനയെ കാണാനില്ല എന്ന വാര്‍ത്തയാണ് പിന്നീട്‌ കേട്ടത്. അവള്‍ ജോലി ചെയ്യാറുള്ള എല്ലാ വീടുകളിലും അവളുടെ അബ്ബ അവളെ അന്വേഷിച്ചു നടന്നു. കൂടെ അമ്മിയും ഉണ്ടായിരുന്നു.
“എന്നോടു പറഞ്ഞിട്ടാണ് അവള്‍ പോയത്. ഹുസൈന്‍ നല്ല പയ്യനാണ്. അവന്‍ നോക്കിക്കൊള്ളും എന്‍റെ മോളെ. എന്‍റെ മോള് രക്ഷപ്പെട്ടു”
അവര്‍ രഹസ്യമായി എന്നോടു പറഞ്ഞു.
കുറെ നാള്‍ കഴിഞ്ഞ് ശ്രീനഗറില്‍ നിന്നും അവള്‍ എന്നെ വിളിച്ചു.
“മാഡം ..ഞാന്‍ ഇവിടെ ഉണ്ട്. പറയാതെ പോന്നതില്‍ എനിക്ക് വിഷമമുണ്ട്. ഹുസൈന്‍റെ ഒരു ബന്ധു ഇവിടെ ഉണ്ട്. അയാള്‍ ഹുസൈന് ഇവിടെ ദള്‍ തടാകത്തില്‍ ഷിക്കാര തുഴയുന്ന ജോലി വാങ്ങി കൊടുത്തു..”
ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു പാവം എവിടെ എങ്കിലും പോയി ജീവിക്കട്ടെ. അതെ അവള്‍ ഇപ്പോഴും ശ്രീനഗറില്‍ സമാധാനമായി ജീവിക്കുന്നുണ്ടാകും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി.
ഷാ

റുബീനയും  അമീനും രാകേഷ്‌കുമാറും മനസ്സില്‍ ദു:ഖത്തിന്റെ പോറലുകലാണ് ഉണ്ടാക്കിയതെങ്കില്‍ ഷാ തന്നത് വലിയൊരു തിരിച്ചറിവാണ്. ആരാണ് യഥാര്‍ത്ഥ മനുഷ്യന്‍ എന്ന് മനസ്സിലാക്കിത്തന്ന വലിയൊരു തിരിച്ചറിവ്. ഷായെപ്പറ്റി ഇതിനു മുമ്പ് ഒരു പോസ്റ്റായി ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. പക്ഷെ എന്‍റെ കാശ്മീര്‍ ഓര്‍മ്മകളുടെ ഈ കുറിപ്പില്‍ ഷാ ഇല്ലാതെ എങ്ങനെ അതിന് പൂര്‍ണ്ണതയുണ്ടാകും...?
കോളനിയിലെ വീടുകളില്‍ ചെറിയ ചെറിയ ഇലക്ട്രിക് റിപ്പയറിംഗ് ഷാ ആണ് ചെയ്തു കൊടുക്കാറുള്ളത്. ഒരു നവരാത്രി കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത്. ദസറ ദിനങ്ങളില്‍ അവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് ദീപാവലിയുടെ അലങ്കാരത്തിന്‍റെ ചുമതലയും അയാള്‍ക്ക് തന്നെ. അതെല്ലാം യാതൊരു പ്രതിഫലവും വാങ്ങാതെ അയാള്‍ ഭംഗിയായി ചെയ്യും.
ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്. ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ്‌ പെരുന്നാളായി. അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍, തൂവെള്ള കുര്‍ത്ത പൈജാമയും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ്‌ കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.
“ഈദ്‌ മുബാരക്ക്‌ മാഡം”
കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.
“മുബാരക്ക്‌” അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.
കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത അയാള്‍..? വേറെ വല്ല സംസ്ഥാനക്കാരനായിരിക്കുമോ..?
ഞാന്‍ ഭര്‍ത്താവിനോട് സംശയം ചോദിച്ചു.
“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ. ബാരാമുള്ളയ്ക്കടുത്തുള്ള ഉറിയിലാണ് അയാളുടെ ഗ്രാമം.”
കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്‍ണ്ണിമ വന്നു. പോയ വര്‍ഷത്തെപ്പോലെ സുഹൃത്തുക്കളായ സര്‍ദാര്‍ജിമാര്‍ ഞങ്ങളെ ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ) നും ക്ഷണിച്ചു. ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും ഇല്ലാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഇടമാണ് ഗുരുദ്വാര. ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതും പാത്രം കഴുകുന്നതുമെല്ലാം എല്ലാവരും ചേര്‍ന്ന് ചെയ്യുന്നു. മിക്ക പുരുഷന്മാരും കുറച്ചു നേരമെങ്കിലും ഈ “സേവ” ചെയ്തിട്ടേ മടങ്ങാറുള്ളു.
ആ വര്ഷത്തെ ഗുരു ഗുരുപൂര്‍ണ്ണിമയും കിസ്തവാഡിന്റെ ആഘോഷമായ, മുസ്ലിം ദര്‍ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബില്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്‌-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനാചരണവും ഒരേ ദിവസമായിരുന്നു. അന്ന് അവിടെയും ആഘോഷമായ നേര്‍ച്ച സദ്യയുണ്ട്. ഷാ ക്ഷണിച്ചതനുസരിച്ച് ഞങ്ങള്‍ അന്ന് ദര്‍ഗയിലും പോയി. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാര്‍ കശ്മീരി ഭാഷയില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്കൊന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. അവിടെയുള്ളവര്‍ ദര്‍ഗയിലെ നേര്‍ച്ച സദ്യയായ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ ലങ്കറിനു എത്താം എന്ന് ഏറ്റിരുന്നതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു.
ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. കാരണം അതിനു പള്ളിയുടെ അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഇരു വശങ്ങളിലായി ഇരിക്കും. നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍. ഒരറ്റത്ത്‌ ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം. നേര്‍ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്‍ന്നുള്ള ഹാളിലായിരിക്കും. അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം. തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാല്‍ അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും. “മേഡം ജി..ദുപ്പട്ട ഠിക്ക്‌ കര്‍ ദോ..”
ഗുരുദ്വാരയിലെ പ്രാര്‍ത്ഥന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും ഇല്ല. ചപ്പാത്തി പരിപ്പ് കറി, ഒരു സബ്ജി, സാലഡ്‌. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്‌. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്‌...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്‌..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.
“നീ.. ദര്‍ഗയില്‍ പോയില്ലേ ഷാ...? ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്‍ത്താവിന്റെ ചോദ്യത്തിന്,
“നേര്‍ച്ച കഴിച്ചിട്ട് ഞാന്‍ അവിടെ നിന്നും വേഗം പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ.” എന്നയാള്‍ മറുപടി പറഞ്ഞു.
ആ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക!!!! മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ചിടത്തു നിന്നും ഉള്ള ഒരാള്‍. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്‍ത്തുകള്‍ നടത്തുന്നത്...? തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നത്..? അതിലെല്ലാം എത്രയോ മൂല്യമുള്ള പ്രവൃത്തിയാണ് ഷായില്‍ ഞാന്‍ കണ്ടത്.
തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദു:ഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. പഴയ കാലത്തെപപോലെ ടൂറിസം പുനരാരംഭിക്കുന്നത് സ്വപനം കാണുന്നവര്‍. എന്നാല്‍ സ്വന്തം നാടിനെ പഴി പറഞ്ഞു ശത്രു രാജ്യത്തിന്റെ പക്ഷം പിടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.
ഒരു ദിവസം ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു.
“എന്താ..നീ ചോദിച്ചത്..?”
ഞാന്‍ പെട്ടെന്ന് പറഞ്ഞു
“ഇല്ല...ഒന്നുമല്ല.”
വേണ്ട, എനിക്കറിയേണ്ട. ഷായുടെ മുഴുവന്‍ പേര്‍ ചിലപ്പോള്‍ അഹമ്മദ്‌ ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും. എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു പ്രിയപ്പെട്ടവന്‍. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. കാണുമ്പോഴൊക്കെ നമസ്തേ എന്നയാള്‍ പറയുമ്പോള്‍ ഞാന്‍ തിരിച്ചു നമസ്തേ പറയുന്നത് മനസ്സ് കൊണ്ടു ആ കാലില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ്. ഇവരെപ്പോലെയുള്ള ആളുകളല്ലേ ശരിക്കും  കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കുന്നത്.