19.3.12

ഒരു മരുക്കാറ്റിന്‍റെ അവസാനം

കത്തിക്കാളുന്ന വിശപ്പോടെ ഗായത്രി ഊണ് മേശയില്‍ മൂടി വെച്ചിരുന്ന ഭക്ഷണം എടുത്തു കഴിക്കാന്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ മുന്‍പ്‌ കഴിക്കാന്‍ പ്ലേറ്റില്‍ കൈ വെച്ചതേ ചാന്ദ്നി ദീദി അവളെ ജോലിക്കായി വിളിച്ചു. അപ്പോള്‍ തന്നെ  അത് അവിടെ മൂടി വെച്ച് പോകേണ്ടി വന്നു. അതാണവളുടെ ജോലിയുടെ സ്വഭാവം. പ്രത്യേക സമയം എന്നൊന്നും ഇല്ല.  ജോലി വന്നാല്‍ അത് സമയം കളയാതെ ചെയ്യുക. ഒന്ന് ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തണുത്തു മരച്ച ഭക്ഷണം വേഗം കഴിച്ചു തുടങ്ങി.

ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു അവള്‍ ഈ മണല്‍ നഗരത്തില്‍ വന്നു ചേര്‍ന്നിട്ട്. വന്നതില്‍ നിന്നും തന്‍റെ രൂപം  എത്ര മാറിപ്പോയി. മുഖം കഴുകവേ അവള്‍ കണ്ണാടിയില്‍ കണ്ട തന്‍റെ പ്രതി രൂപത്തെ സൂക്ഷിച്ചു നോക്കി. വില്ല് പോലെ ഷേപ്പ് ചെയ്ത പുരിക കൊടികള്‍. ആഴ്ചയിലൊരിക്കല്‍ ഉള്ള ഫേഷ്യലിങ്ങ് കവിളിനു നല്ല മിനുമിനുപ്പ്‌ നല്‍കിയിരിക്കുന്നു. എണ്ണ തേച്ചു ഇട തൂര്‍ന്ന്‍ കിടന്നിരുന്ന മുടി ഷാംപൂ ചെയ്തു തോളറ്റം വരെ .മുറിച്ചിട്ടിരിക്കുകയാണ്. തന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുടെ അമ്മയാണെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. അവള്‍ മുഖം ടവ്വലില്‍ തുടച്ചു മുറിയില്‍ പോയി കിടക്കാന്‍ തിരക്ക് കൂട്ടി. ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ് കുറച്ചു നേരമെങ്കിലും സമയം കളയാതെ കിടക്കാമല്ലോ.

അവള്‍ ആയൂര്‍വേദ ആശുപത്രിയില്‍ തിരുമ്മു ചികില്‍സയുമായി കഴിയുന്ന ചന്ദ്രേട്ടനെയും നാലാം ക്ലാസില്‍ പഠിക്കുന്ന ആതിരയെയും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചനയെയും ഓര്‍ത്തു. ഒന്നര കൊല്ലം കൊണ്ടു അവര്‍ രണ്ടു പേരും പൊക്കം വെച്ച് കാണും. എല്ലാ ഞായറാഴ്ചയും ചാന്ദ്നി ദീദിയുടെയും സഹായികളുടെയും സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുള്ള അഞ്ചു മിനിറ്റു ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്ന അവരുടെ കൊഞ്ചല്‍ എത്ര കേട്ടാലും അവള്‍ക്ക് മതിവരാറില്ല. ഒന്നര കൊല്ലത്തെ ചികില്‍സ കൊണ്ടു ചന്ദ്രേട്ടന്‍ മിക്കവാറും നടക്കാറായിരിക്കുന്നു. അന്നത്തെ അപകടത്തിനു ശേഷം “ചന്ദ്രനിനി എഴുന്നേറ്റു നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണു പലരും പറഞ്ഞത്‌. ഇടിച്ചു കിടക്കുന്ന ലോറി കണ്ടാല്‍ ഓടിച്ചിരുന്ന ആള്‍ രക്ഷപ്പെട്ടു എന്ന് ആരും വിശ്വസിക്കില്ലായിരുന്നു. ഇപ്പോഴുള്ള ചെറിയ എന്തല്‍ കുറച്ചു നാളത്തെ വ്യായാമം കൊണ്ടു ശരിയാകുമെന്നു ഡോക്ടര്‍ പറഞ്ഞതെന്നു പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “താമസിയാതെ എനിക്ക് പഴയ പോലെ ലോറിയും ഓടിക്കാനാവും. ഇനി എന്‍റെ പെണ്ണ് മരുഭൂമിയില്‍ കിടന്നു വീട്ടു വേല ചെയ്തു കഷ്ടപ്പെടണ്ട” എന്ന സ്നേഹപൂര്‍വമായ ശബ്ദം കേട്ടപ്പോള്‍ കരഞ്ഞത് ഗായത്രിയായിരുന്നു.

ഗായത്രി പോരുമ്പോള്‍ ചന്ദ്രേട്ടന്‍ കട്ടിലില്‍ നിന്നും പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കുവാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു. പ്രായമായ അമ്മ എങ്ങനെ ചന്ദ്രേട്ടനെ ഉയര്‍ത്തി ഇരുത്തും എന്ന ആധിയിലാണ് അവള്‍ വീടിന്‍റെ പടി ഇറങ്ങിയത്.

“ഒന്നും വിഷമിക്കേണ്ട. മോള് ധൈര്യായിട്ടു പോക്കോ... മീനാക്ഷിയമ്മ വിളിക്കുമ്പോഴെല്ലാം ഓടി വരാന്‍ കൈ സഹായത്തിന് ഞങ്ങട  അഷറഫില്ലേ.. ചന്ദ്രന്‍റെ ചികില്‍സക്ക് പണോണ്ടാവാന്‍ മോള്ക്ക് പോകാത പറ്റുവോ..?. ഒരു രണ്ടു കൊല്ലം വേലേടുത്താല്‍ പോരെ...? മോട ആദ്യ ശമ്പളം വരുമ്പോഴേക്ക് ഞങ്ങള് ചന്ദ്രനെ ആശൂത്രിലാക്കീട്ടുണ്ടാകും”.

എയര്‍ പോര്‍ട്ടില്‍ ഇറങ്ങി ജോലിചെയ്യേണ്ട വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ വരുന്ന ഏജന്റിനെ കാത്തിരുന്ന ഗായത്രിയുടെ മനസ്സില്‍ അപ്പോഴും അയലത്തെ ഖാദറിക്കയുടെ വാക്കുകള്‍ ആയിരുന്നു. അവിടെ തൊട്ടടുത്ത കസേരയില്‍ അവളെപ്പോലെ മറ്റൊരു സ്ത്രീയും ഏജന്റിനെ കാത്തിരിപ്പുണ്ടായിരുന്നു. കോട്ടയംകാരി ഒരു രജനി. കല്യാണത്തിനു പൈസ ഉണ്ടാക്കാനാണത്രേ അവള്‍ ഈ ജോലിക്കിറങ്ങി തിരിച്ചത്. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും മംഗല്യ ഭാഗ്യം വരാഞ്ഞത് അവളുടെ അച്ഛന്‍റെ കൈയ്യില്‍ കാശൊന്നും ഇല്ലാഞ്ഞിട്ടു തന്നെയായിരുന്നു.

ഏജന്റിന്‍റെ കൂടെ താന്താങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള വീടുകളില്‍ പോകുവാനായി ഒരേ കാറില്‍ തന്നെയാണവര്‍ തിരിച്ചത്. കിട്ടുന്ന വീടുകള്‍ അവരവരുടെ ഭാഗ്യം പോലെ ഇരിക്കും എന്ന് നാട്ടിലെ  ഏജന്റു പറഞ്ഞിരുന്നു.

“ജോലി കൂടുതലില്‍ ഒരു പരാതിയും പറയില്ല. രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളു. എന്‍റെ ചന്ദ്രേട്ടനെ എങ്ങനെ എങ്കിലും ഒന്ന് എഴുന്നേല്‍പ്പിച്ച് നടത്തിയാല്‍ മതി എനിക്ക്.” എന്നാണു അന്ന് ഗായത്രി പറഞ്ഞത്.

“ഈശ്വരാ.. നല്ല മനുഷ്യരുള്ള വീട് തന്നെ കിട്ടണേ..” എന്ന് മനസ്സില്‍ ഉരുവിട്ടു കൊണ്ടാണ് ചെന്ന് ചേരും വരെയുള്ള സമയം കാറില്‍ ഇരുന്നത്. രജനി അവളെ ശ്രദ്ധിക്കാതെ ഉത്സാഹത്തോടെ ചുറ്റുമുള്ള നഗര കാഴ്ചകള്‍ നോക്കിക്കണ്ടുകൊണ്ടിരുന്നു. നഗരത്തിന്‍റെ അവസാനം എന്ന് തോന്നിക്കുന്ന ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ വീടിനു മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു.

ഇവിടെ ഒന്ന് വിശ്രമിച്ചിട്ട് തങ്ങള്‍ക്കുള്ള വീടുകളില്‍ പോകാം എന്ന് പറഞ്ഞു വന്നയാള്‍ സ്ഥലം വിട്ടപ്പോള്‍ എന്തോ ഒരു അപകട ശങ്ക മനസ്സില്‍ നിറഞ്ഞു.. മനോഹരമായി ഒരുക്കിയിട്ടിരുന്ന ഒരു വീടായിരുന്നു അത്. ചാന്ദ്നി ദീദി അവരെ തനിക്കറിയാവുന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍  അകത്തേക്കാനയിച്ചു. അവരുടെ മലയാളിയായ ഭര്‍ത്താവിനെ പിന്നീടാണ് കണ്ടത്. കുളിക്കും ഭക്ഷണത്തിനും ശേഷം രാജനിക്കും ഗായത്രിക്കും കൂടെ നല്ലൊരു ഒരു മുറി കൊടുത്ത ശേഷം പറഞ്ഞു.

“ഇവിടെ വിശ്രമിച്ചു കൊള്ളൂ. ജോലി വരുമ്പോള്‍ വിളിക്കാം.”

“ഞങ്ങള്‍ ജോലി ചെയ്യുന്ന വീട് ഇതാണോ..?” എന്ന രജനിയുടെ ചോദ്യത്തിന്.

“ഇത് തന്നെ”

എന്ന് പറഞ്ഞ ശേഷം അവര്‍ പെട്ടെന്ന് മുറി വിട്ടു പോയി.

വേലക്കാരികള്‍ക്ക് ഇത്ര സൌകര്യമുള്ള മുറിയോ...? എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ്

“ഏജന്‍റ് അങ്ങനയല്ലല്ലോ ചേച്ചീ പറഞ്ഞത് “ എന്ന് രജനി ഭയപ്പടോടെ ചോദിച്ചത്.

ആ വീട്ടില്‍ അപ്പോള്‍ വേറെ ആരും ഉള്ളതായി തോന്നിയതും ഇല്ല. ഖാദറിക്കയുടെ അനിയന്‍റെ മകള്‍ സൈനത്ത പറഞ്ഞത് ഇങ്ങനെയല്ലല്ലോ. രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന നിറയെ ആളുകളുള്ള അറബികളുടെ വീട്, പല പ്രായക്കാര സ്ത്രീകള്‍ കുട്ടികള്‍,  വേലക്കാര്‍.....നല്ല വീടാണ് കിട്ടുന്നതെങ്കില്‍ സുഖമായി കഴിയാം. നല്ലൊരു തുക നാട്ടിലേക്ക്‌ അയക്കുകയും ആകാം.

“എനിക്കൊന്നു മനസ്സിലാകുന്നില്ല മോളെ..”എന്ന്  വിഹ്വലതയോടെ പറയാനേ ഗായത്രിക്ക്‌ അപ്പോള്‍ കഴിഞ്ഞുള്ളൂ.

ഒരഞ്ചു നിമിഷം കഴിഞ്ഞു കാണും ചാന്ദ്നി ദീദി വീണ്ടു പ്രത്യക്ഷപ്പെട്ടു.

“രണ്ടു പേരും വരു ..ആ മേശ മേല്‍ ഇരിക്കുന്ന കവര് കൂടെ എടുത്തുകൊള്ളു.”

എന്ന് പറഞ്ഞു അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍  മേശമേല്‍ കണ്ട ഗര്‍ഭ നിരോധന ഉറയുടെ കവറിലേക്ക് നോക്കിയ ഗായത്രിക്ക് തൊണ്ട വരണ്ടു താഴെ വീഴും എന്ന് തോന്നി. അവരെ സംശയത്തോടും പേടിയോടും കൂടെ നോക്കുന്നത് കണ്ടപ്പോള്‍ അത്രയും നേരം കണ്ട അവരുടെ സൌഹൃദ ഭാവം പെട്ടെന്ന് മാറി.

‘എടുക്ക്” എന്ന ആജ്ഞ കേട്ടപ്പോള്‍ വിറയ്ക്കുന്ന കൈകളോടെ അതെടുത്ത് അവര്‍ രണ്ടു പേരും പാവ കണക്കെ നിന്നു. ബെല്ലടിച്ചു സഹായികളായ രണ്ടു പുരുഷന്‍മാരെ വിളിച്ചു ബലം പ്രയോഗിച്ചാണ് അവരെ രണ്ടു പേരെയും കസ്റ്റമേഴ്സിനു മുന്നില്‍ എത്തിച്ചത്. സഹായികളായ. ആ തടിമാടന്മാര്‍  ആ വീട്ടില്‍ തന്നെയുള്ള വരാണെന്നു പിന്നീടവര്‍ക്ക്‌ മനസ്സിലായി. എതിര്‍ത്തു നില്‍ക്കാന്‍ ശ്രമിച്ച രജനിയുടെ കവിളില്‍ ദീദിയുടെ സഹായിയുടെ കൈ ഉച്ചത്തില്‍ പതിക്കുന്നത് കണ്ട ഗായത്രി നിസ്സഹായയായി അവരെ നോക്കി. രണ്ടു പേരും സഹായികളുടെ കയ്കളില്‍ ദുര്‍ബലരായി കുതറിക്കൊണ്ട് മൂന്നാം നിലയിലേക്കുള്ള നടകള്‍ കയറി.

അതി മനോഹരമായി അലങ്കരിച്ച മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് അപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി അപ്പോഴും തളര്‍ന്നു കിടന്നു. മുറിയില്‍ ഉണ്ടായിരുന്ന മനുഷ്യന്‍ എല്ലാം കഴിഞ്ഞു കവിളില്‍ ഒന്ന് തട്ടിയിട്ടു സ്ഥലം വിട്ടുകഴിഞ്ഞു.  പരിചയമില്ലാത്ത ഏതോ ഭാഷ സംസാരിച്ച ആ മനുഷ്യന്‍റെ ആക്രമണത്തിനു മുന്നില്‍ ചന്ദ്രേട്ടനും അര്‍ച്ചനയും ആതിരയും ചേര്‍ന്ന് സൃഷ്ടിച്ച സ്വര്‍ഗലോകം താന്‍ മുന്‍പെങ്ങോ ജീവിച്ച ജന്മത്തിലേതായിരുന്നു എന്ന്‍ തോന്നി.

അന്ന് തന്നെ രണ്ടു പേര്‍ക്കും നാലോ അഞ്ചോ കസ്റ്റമേഴ്സുണ്ടായിരുന്നു. വന്നു പെട്ട കെണിയെപ്പറ്റി ഒന്നോര്‍ത്തു കരയാന്‍ പോലും സമയം ലഭിക്കാഞ്ഞ ദിവസം. രക്ഷപ്പെടാന്‍ വഴി ആലോചിച്ച അന്ന് രാത്രി “ഞാന്‍ മരിക്കും..ഞാന്‍ മരിക്കും...”എന്ന് പറഞ്ഞു കൊണ്ടു രജനി  കട്ടിലിന്‍റെ പടിയില്‍ തല തല്ലി  കരഞ്ഞു കൊണ്ടിരുന്നു. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവും രണ്ടു പെണ്കുഞ്ഞുങ്ങളും ഉള്ള ഒരമ്മക്ക് മരിക്കും എന്ന് ചിന്തിക്കാന് പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നവള്‍ നിസ്സഹായതയോടെ ഓര്‍ത്തു.

പിറ്റേ ദിവസം തന്നെ ബ്യൂട്ടീഷന്‍ വന്നു രണ്ടു പേരെയും നഗര സുന്ദരികളാക്കി മാറ്റി. അപ്പോഴാണ്‌ അവര്‍ ആ വീട്ടിലെ മറ്റു അന്തേവാസിനികളെ പരിചയപ്പെട്ടത്‌ .അവര്‍ പറഞ്ഞത്‌ ഒന്നും രണ്ടു പേര്‍ക്കും മനസ്സിലായില്ല അവരില്‍ ഫിലിപ്പീന്സുകാരികളും പാക്കിസ്ഥാന്‍കാരികളും ഒക്കെയായി ആറു പേരുണ്ടായിരുന്നു. അവരുടെ ഭാഷയൊക്കെ മനസ്സിലായത്‌ പിന്നെയും കുറെ മാസങ്ങള്‍ കഴിഞ്ഞാണ്. രജനിയുടെ കണ്ണ്നീര്‍ അപ്പോഴും തോര്ന്നിരുന്നില്ല. മരിയ എന്ന ഫിലിപ്പീനി പെണ്‍കുട്ടി  അവളുടെ കണ്ണ്നീര്‍ തുടച്ചു ചേര്‍ത്തു പിടിച്ച് എന്തൊക്കെയോ അവളോടു പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നീട് ആഴ്ചയിലൊരിക്കല്‍ ബ്യൂട്ടി റൂമില്‍  ഫേഷ്യല്‍ തുടങ്ങിയ മിനുക്കു പണികള്ക്ക് ചെല്ലുമ്പോള്‍ അവരെ കണ്ടു മുട്ടാറുണ്ടായിരുന്നു. എപ്പോഴെങ്കിലും തമ്മില്‍ കണ്ടാല്‍ ഒന്നും സംസാരിക്കരുതെന്നാണ് ദീദിയുടെ ആജ്ഞ. സഹായികള്‍ എപ്പോഴും അവിടെ ഒക്കെ ഉള്ളത് കൊണ്ടു സംസാരിക്കാനും പേടിയായിരുന്നു. സെക്യൂരിറ്റിയും സഹായികളായ അറബികളും  ഉള്ള ആ വലിയ വീട്ടില്‍ ദീദിയുടെ ഭര്‍ത്താവ്‌ ആഴ്ചയില്‍ ഒരിക്കലേ വരാറുള്ളൂ. അയാള്‍ക്ക് വേറെ എവിടെയോ ആണ് ജോലി എന്ന് തോന്നി.

കസ്റ്റമേഴ്സിനു മുന്നില്‍ ദുര്മുഖം കാട്ടിയാല്‍ അവര്‍ സ്വീകരണ മുറിയിലെ ഡയറിയില്‍ പരാതി എഴുതി പോകും. അതിനു ലഭിക്കുന്ന ശിക്ഷയോര്‍ത്തു നിശബ്ദം എല്ലാം സഹിക്കേണ്ടി വരുന്ന അവസ്ഥ. ജോലി ചെയ്തു തളരാതിരിക്കാന്‍ ഏറ്റവും മേന്മയേറിയ ഭക്ഷണവും വിറ്റാമിന്‍ ഗുളികകളും മാസത്തിലെ നാല് ദിവസം പാഴാക്കി കളയാതിരിക്കാന്‍ പ്രത്യേകം ഗുളികകളും നല്‍കപ്പെട്ടു. ആ ഗുളികകളെല്ലാം ദീദിയുടെ മുന്നില്‍ വെച്ചു തന്നെ കഴിക്കണം. “ഒരാള്‍ നാല് ദിവസം നഷ്ടപ്പെടുത്തിയാല്‍ എത്ര രൂപയാണെന്നോ വെറുതെ പോകുന്നത്..?” എന്ന് പറഞ്ഞു അവരുടെ നേരെ ആക്രോശിക്കും


വന്ന്‍ ഒരാഴ്ച കഴിഞ്ഞ ദിവസമാണ് തുണി വിരിക്കാനെന്ന ഭാവേന ടെറസ്സില്‍ കയറിയ രജനി താഴേക്ക്‌ ചാടിയത്. പാരപ്പെറ്റില്‍ തട്ടി താഴേക്ക്‌ വീണ്  മരണത്തിനു രക്ഷിക്കാനാവാതെ അവളുടെ ജീവിതം രണ്ടു മാസത്തോളം കൈ കാലുകള്‍ ഒടിഞ്ഞു പ്ലാസ്റ്ററില്‍ കഴിഞ്ഞു. വെറുതെ കുറെ ദിവസം പാഴാക്കിയതിലൂടെ നേരിട്ട നഷ്ടത്തിന്‍റെ കണക്ക് പറഞ്ഞു ദീദി ആ ദിവസങ്ങളില്‍ അവളെ ശാസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനു ശേഷം വീണ്ടും പഴയ പതിവുകള്‍.

ദിവസവും പത്തും പതിനഞ്ചും പേരെ സ്വാഗതം ചെയ്യുന്ന ദിവസങ്ങള്‍ പിന്നീട് ശീലമായി. പല ഭാഷക്കാരായ പല തരക്കാരായ ആളുകള്‍. അത്തറിന്‍റെ സുഗന്ധമുള്ള അറബികള്‍, ഹിന്ദി പറയുന്നവര്‍, തമിഴന്മാര്‍ അങ്ങനെ പല തരത്തിലുള്ളവര്‍. ചിലര്‍ സ്നേഹ പൂര്‍വം എന്തെങ്കിലും കൊച്ചു   സമ്മാനങ്ങളും തരും. അതെല്ലാം ഗായത്രി ആതിരക്കും അര്ച്ചനക്കുമായി പെട്ടിയുടെ അടിയില്‍ സൂക്ഷിച്ചു വെച്ചു.

എല്ലാ മാസവും വീട്ടിലേക്ക്‌ ദീദി തന്നെ ശമ്പളം അയച്ചു കൊടുക്കുമായിരുന്നു. ചികില്‍സയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നുള്ള ചന്ദ്രേട്ടന്‍റെ വാക്കുകള്‍ മാത്രമാണ് ആ മരുഭൂമിയില്‍ ആകെ കണ്ട ഒരു മരുപ്പച്ച. ഞായറാഴ്ചകളില്‍ ഫോണിലൂടെ വരുന്ന  “ഗായീ...”എന്ന സ്നേഹ പൂര്‍വമായ വിളിക്കു വേണ്ടി ജീവിച്ചു നീക്കിയ ദിവസങ്ങള്‍. കിടക്ക മുറിയിലെ ജനല്‍ വിരി നീക്കി നോക്കിയാല്‍ കാണുന്ന കണ്ണെത്താ ദൂരം കിടക്കുന്ന മണല്‍ക്കാടുകളിലേക്ക് നോക്കുമ്പോള്‍ ഇനി രക്ഷപ്പെടണം എന്ന ആശയെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഇടക്ക്‌ ചീറി അടിക്കുന്ന മരുക്കാറ്റില്‍ ഈ കെട്ടിടമാകെ നിലം പതിച്ചു താനൊന്നു മരിച്ചിരുന്നെങ്കില്‍ എന്നവള്‍ വ്യര്‍ഥമായി മോഹിച്ചു.

ഇടക്ക് താനൊരു പക്ഷിയാണെന്ന് അവള്‍ സങ്കല്‍പ്പിക്കും. മരുഭൂമിയിലെ കൊടും ചൂടിലും ഉഷ്ണ കാറ്റിലും തളരാത്ത പക്ഷി. അതിനു വലിയ ചിറകുകള്‍ ഉണ്ട്. ആ പക്ഷി മണല്‍ക്കാടുകള്‍ക്ക് മീതെ പറന്നു നാട്ടിലെ കൊച്ചു വീട്ടിലെ മാവിന്‍ കൊമ്പത്ത് ചെന്നിരിക്കും. മുടന്തിയെങ്കിലും നടന്നു തുടങ്ങിയ ചന്ദ്രേട്ടനെ കാണും. സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും ആയി ധൃതിയില്‍ അര്‍ച്ചനയെയും കൈപിടിച്ചു നടക്കുന്ന അതിര കാണാതെ അത് താഴ്ന്നു പറക്കും. ഈ സ്വപ്നങ്ങള്‍ക്കിടയില്‍ ചാന്ദ്നി ദീദിയുടെ വിളി കേള്‍ക്കുമ്പോള്‍ ആ പക്ഷി ചിറകുകള്‍ അറ്റു താഴെ വീഴും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ പരിചയപ്പെട്ട വാസവന്‍ എന്ന തമിഴനാണ് അവളോടു ഏറ്റവും ദയയും സ്നേഹവും കാണിച്ചിട്ടുള്ളത്.. അയാള്‍ മറ്റു കസ്റ്റമേഴ്സിനെ പോലെ വേട്ടപ്പട്ടിയായി അവളെ ഒരിക്കലും ആക്രമിക്കില്ലായിരുന്നു. മേല്‍ ചുണ്ടില്‍ ചെറുതായി കടിച്ചാണ് അയാള്‍ അവളോടു സ്നേഹം പ്രകടിപ്പിക്കാറുള്ളത്. അവളുടെ ചന്ദ്രേട്ടനെപ്പോലെ. അയാള്‍ക്ക്‌ ചന്ദ്രേട്ടന്‍റെ വിദൂര ച്ഛായയും അവള്‍ക്കു തോന്നി. അത് കൊണ്ടു തന്നെ കസ്റ്റമര്‍ വന്നു എന്ന അറിയിപ്പ് കിട്ടുമ്പോഴെല്ലാം അത് വാസവന്‍ ആയിരിക്കുമോ എന്നവള്‍ പ്രതീക്ഷിച്ചു. തനിക്കയാളോടു സ്നേഹം തുടങ്ങിയോ എന്ന് വരെ അവള്‍ അതിശയിച്ചിട്ടുണ്ട്. അങ്ങനെ ഒരു ചിന്ത മനസ്സില്‍ വരുമ്പോഴെല്ലാം അവള്‍ പെട്ടെന്ന് ചന്ദ്രേട്ടനെയും ആതിരയെയും അര്‍ച്ചനയെയും കൂട്ട് പിടിക്കും.

വിഭാര്യനായ അയാള്‍ അവളെ അവിടെ നിന്നും രക്ഷപ്പെടുത്തി വിവാഹം കഴിക്കാം എന്ന് പറഞ്ഞ ദിവസമാണ് അങ്ങ് നാട്ടിലെ കൊച്ചു വീട്ടില്‍ മുടന്തി നടന്നു തുടങ്ങിയ ചന്ദ്രേട്ടനെയും അര്ച്ചനെയും ആതിരയെയും കുറിച്ചു അയാളോടു പറഞ്ഞത്‌. രക്ഷപെടാനുള്ള ആശ മനസ്സില്‍ വന്നതോടെ അയാളുടെ നിര്‍ദേശ പ്രകാരം ആദ്യ വഴിയായി അയാളുടെ ഫോണില്‍ നിന്നും ചന്ദ്രേട്ടനെ വിളിച്ചത് പിന്നെയും കുറെ ദിവസം കഴിഞ്ഞായിരുന്നു.

അസമയത്ത് ചെന്ന വിളി ചന്ദ്രേട്ടനെ അത്ഭുതപ്പെടുത്തിയെന്നു ആ ശബ്ദത്തില്‍ നിന്നു തന്നെ ഗായത്രിക്ക് മനസ്സിലായി. സംഭവിച്ചതെല്ലാം വലിയൊരു സങ്കട തിരത്തള്ളലില്‍ കുറഞ്ഞ നേരം കൊണ്ടു പറഞ്ഞു കേള്പ്പിച്ചപ്പോഴേ ചന്ദ്രേട്ടന്‍ നിശബ്ദനായിക്കളഞ്ഞു. പിന്നെ കുറെ നേരം വസവനോടും സംസാരിക്കുന്നത് കേട്ടു. മങ്ങിയ മുഖത്തോടെ വാസവന്‍ ഫോണ്‍ തിരികെ തരുമ്പോള്‍ ചന്ദ്രേട്ടന്‍റെ സ്വരം.

“അത് പിന്നെ ഗായത്രി..ഇതെന്തോക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്.ഇത്രയും നാള്‍ നീ ഇങ്ങനെ ഒരു സ്ഥലത്ത്.... നിന്നെ അയാള്‍ രക്ഷപ്പെടുത്തിയാലും ഇനി നമുക്ക്‌ പഴയപോലെ ജീവിക്കാന്‍ പറ്റുമോ..? .എന്‍റെ പഴയ ഗായി അല്ലല്ലോ നീ ഇപ്പോള്‍. .നമുക്ക്‌ രണ്ടു പെണ്മക്കളാണെന്ന ഓര്‍മ്മ വേണം. നിനക്ക് പറ്റിയ ഈ ചീത്തപ്പേര് എങ്ങനെ എങ്കിലും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ അവരുടെ ഭാവിയെന്തായിരിക്കും..?”

പിന്നീട് ചന്ദ്രേട്ടന്‍ പറയുന്നത് കേള്‍ക്കുവാന്‍ ശക്തിയില്ലാതെ ഗായത്രി ഫോണ്‍ കട്ട് ചെയ്തു വാസവന് തിരികെ കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ഒന്നും അവളെ ആശ്വസിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

“സങ്കടപ്പെടരുത്. നിനക്ക് ഞാനുണ്ട്. നിന്നെ ഞാന്‍ ഇവിടെ നിന്ന് രക്ഷിച്ചു കൊണ്ടു പോകും.”

എന്ന് പറഞ്ഞു അയാള്‍ പോകുമ്പോഴും ഒന്നും പറയാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി നിന്നു. ഇവിടെ വന്ന ദിവസം ചതിക്കുഴിയിലാണ് വന്ന് വീണതെന്നറിഞ്ഞപ്പോള്‍ തോന്നിയ  അതേ ശൂന്യത. പെട്ടെന്ന് അളുടെ തലക്കുള്ളില്‍ ഒരു മരുക്കാറ്റ്‌ ചീറി അടിക്കുവാന്‍ തുടങ്ങി. അത് തലക്കുള്ളില്‍ ഒരു ചുഴലിയായി രൂപം കൊണ്ടു പുറത്തേക്ക് പോവാനാവാതെ അതിനുള്ളില്‍ കിടന്നു ചുറ്റിക്കറങ്ങി. അതിന്‍റെ ചൂടില്‍ അവളുടെ സ്വപ്‌നങ്ങള്‍ കണ്ണു നീരായി ഉരുകി ഒലിച്ചിറങ്ങി. മരുഭൂമിയിലെ വലിയ ചിറകുകളുള്ള ആ പക്ഷി ശക്തി ക്ഷയിച്ചു ഭൂമിയിലേക്ക്  തളര്‍ന്നു വീണു. ചീറിയടിച്ച മരുക്കാറ്റ്‌ അതിനെ ഒരു നിമിഷം കൊണ്ടു മൂടിക്കളഞ്ഞു. ക്ഷണ നേരം കൊണ്ടു അതിന്മേല്‍ ഒരു മണല്‍ കൂന ഉയര്‍ന്നു.

ഗായത്രി മുറിക്കു പുറത്തിറങ്ങി, ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ്‌ തന്‍റെ മുറിയിലേക്ക്‌ നടന്നു. പെട്ടിയില്‍ കരുതി വെച്ചിരുന്ന  പഴങ്ങള്‍ മുറിക്കുന്ന ചെറിയ കത്തിയുമായി ബാത്ത് റൂമില്‍ കയറി. ഇടത് കയ്യിലെ ഞരമ്പിനെ സൂക്ഷമതയോടെ നോക്കുമ്പോള്‍ അവളുടെ മനസ്സില്‍ അര്ച്ചനയോ ആതിരയോ ചന്ദ്രേട്ടനോ ഉണ്ടായിരുന്നില്ല.