31.12.11

ദൈവത്തിനു വേണ്ടപ്പെട്ടവന്‍

ഷാ കഴിഞ്ഞ ദിവസവും എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ക്രിസ്തുമസ് വിളക്കിനു കറണ്ട് കണക്ഷന്‍ കൊടുക്കുവാനായി.ഇവിടെ ആരുടെ വീട്ടിലും കറണ്ട് സംബന്ധിയായ ആവശ്യം വരുമ്പോള്‍ ഷാ ആണ് അത് ചെയ്തു കൊടുക്കാറുള്ളത്. കഴിഞ്ഞ ദസറ കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത് . ദാസറ ദിനങ്ങളില്‍ ഇവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് വന്ന ദീപാവലിയുടെ അലങ്കാരത്തിനു ചുക്കാന്‍ പിടിച്ചതും അയാള്‍ തന്നെ.


ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്.ടൈറ്റിലില്‍ നിന്നും ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണു. സാധരണ ബംഗാളികള്‍ക്കാണ് ഈ ടൈറ്റില്‍ നാമം കേട്ടിട്ടുള്ളത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ്‌ പെരുന്നാള്‍ ആയി.അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. ഈദിന്റെ‌ അന്ന് ആരോ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍,നല്ല തൂവെള്ള വേഷവും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ്‌ കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.

“ഈദ്‌ മുബാറക്ക്‌ മാഡം”

കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.

“മുബാറക്ക്‌” ഇനിയും അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.

കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത ഇയാള്‍..? ചിലപ്പോള്‍ വേറെ വല്ല സംസ്ഥാനക്കാരനായിരിക്കും.

ഞാന്‍ ഭര്ത്താവിനടുത്തു സംശയം ചോദിച്ചു .

“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ.” ശ്രീനഗറിനടുത്തുള്ള അയാളുടെ സ്ഥലവും പറഞ്ഞു തന്നു.

പിന്നീട് ഞാന്‍ ഷായെ കണ്ടപ്പോള്‍ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.കുറച്ചു പൊക്കം കുറവാണെന്നെ ഉള്ളു. ഇവിടത്തുകാരുടെ പോലെ നല്ല ഉയരവും ഉയര്ന്ന കവിളെല്ലും വല്ലാത്ത വെളുപ്പ്‌ നിറവും ഇല്ലെങ്കിലും ഒരു കാശ്മീരി ലുക്കൊക്കെ ഞാന്‍ ആ മുഖത്ത് കണ്ടു പിടിച്ചു.

ഇവിടെയുള്ള മനുഷ്യര്ക്ക് പ്രത്യേകിച്ച് മുസ്ലീമുകള്‍ക്ക് കൂടുതലും ഒരു മധ്യേഷ്യന്‍ ച്ഛായയാണ്. മെലിഞ്ഞ ശരീരവും നീണ്ട മുഖവും ഉയര്ന്നു കവിളെല്ലുമൊക്കെയായി. കൊച്ചു കുട്ടികളാണെങ്കിലോ ചെമ്പന്‍ മുടിയും പൂച്ച കണ്ണുമൊക്കെയായി തനി വിദേശി കുഞ്ഞുങ്ങളെപ്പോലെ.  ഇവിരെ നിരീക്ഷിച്ചതില്‍ നിന്ന്. എനിക്ക് തോന്നുന്നത് തുര്ക്കികള്‍ ഇന്ത്യയില്‍ വന്ന കാലത്തോ മറ്റോ വന്നവരായിരിക്കും എന്നാണു. ഹിന്ദുക്കള്ക്ക് വേറൊരു ച്ഛായ. അവര്ക്കും ഒരു ആര്യന്‍ ലുക്ക് തന്നെ. ചെമ്പന്‍ മുടി നല്ല നിറം പിന്നെ  മുന്തിരിക്കണ്ണുകളും. പിന്നെയും കുറെപ്പേരുണ്ട് ഷായെപ്പോലെ ശരീര പ്രകൃതിയുള്ളവര്‍. അവര്ക്ക് ‌ ഭയങ്കര വെളുപ്പൊന്നും ഇല്ല. മല നിരകളില്‍ താമസിക്കുന്നവരുടെ ഒരു പ്രകൃതമാണ്.

പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്ണ്ണിമ വന്നു. അന്ന് ഗുരുദ്വാരയില്‍ പ്രത്യേക പ്രാര്ഥനയും ഭജനും ഒക്കെ ഉണ്ടാകും. കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ സുഹൃത്തുക്കളായ സര്ദാര്ജിമാര്‍ ഞങ്ങളെ ഈ വര്ഷവും ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ)നും പങ്കെടുക്കുവാന്‍ ക്ഷണിച്ചു. ഈ ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും നോക്കാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലമാണ് ഗുരുദ്വാരകള്‍.. കുറേപ്പേര്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലി ഏറ്റെടുക്കും. മറ്റു ചിലര്‍ ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകള്‍ കഴുകുന്ന ജോലിയിലായിരിക്കും. ചിലര്‍ വിളമ്പ് ജോലിയും. കുറേപ്പേര്‍ വരുന്നവരുടെ ചെരുപ്പുകള്‍ ശേഖരിച്ചു സൂക്ഷിച്ചു വെക്കും. ചിലപ്പോള്‍ അത് തുടച്ചു വൃത്തിയാക്കിയും വെച്ചിരിക്കും.

ഈ വര്ഷത്തെ ഗുരു പൂര്ണ്ണിമയും കിസ്തവാറിലെ മുസ്ലിം ദര്ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബ് ല്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്‌-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനവും ഒരേ ദിവസമായിരുന്നു.( ആ പുണ്യാത്മാവിനെക്കുറിച്ച്-ഔറംഗസേബിന്റെ കാലത്ത്‌ ബാഗ്ദാദില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മത പ്രചാരകാനാണ് ഷാ ഫരീദ്‌-ഉദ്-ദിന്‍. രാജാ ജയ്സിംഗിന്റെ കാലത്ത്‌ സ്വതന്ത്ര രാജ്യമായിരുന്ന കിഷ്തവാറില്‍ താമസമാക്കിയ അദ്ദേഹം മഞ്ഞു മൂടിയ മലകളിലൂടെയും കഠിനമായ ചുരങ്ങളിലൂടെയും സഞ്ചരിച്ച് പ്രവാചകന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചു. ആ പുണ്യാത്മാവിന്റെ ഓര്മ്മക്കായി പണിത ഈ ദേവാലയം എല്ലാ മത വിശ്വാസികള്ക്കും ഒരു തീര്ഥാടന കേന്ദ്രമാണ്.)

ഷാ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഈ ദര്ഗയിലും അന്ന് പോയി. അവിടെയും നേര്ച്ച സദ്യവും മറ്റു കാര്യങ്ങളും ഒക്കെയുണ്ട്. അവിടെയുള്ളവര്‍ ദര്ഗയിലെ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ നിന്നും ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാരെപ്പോലെ വേഷം ധരിച്ചവര്‍ ഉറുദുവില്‍ ഗാനങ്ങള്‍ പാടുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. ഞങ്ങള്‍ സമയം കളയാതെ ഗുരുദ്വാരയിലേക്ക് പോയി.

ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്.കാരണം അതിനു ഞാന്‍ പോകാറുള്ള പള്ളിയുടെ ഒരു അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഓരോ വശത്തായി ഇരിക്കും നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍.. ഒരറ്റത്ത്‌ ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം നേര്ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്ന്നുള്ള ഹാളിലായിരിക്കും.അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം.തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാലും അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും.”മേഡം ജി..ദുപ്പട്ട ഠിക്ക്‌ കര്‍ ദോ..”. ഇവിടെയുള്ള അമ്പലങ്ങളിലും ഞാന്‍ പോകാറുണ്ട്. പക്ഷെ അമ്പലത്തിനുള്ളില്‍ എനിക്കാകെ പരിഭ്രമമാണ്.ആരതി ചെയ്യാനൊന്നും അറിയാതെ ഞാന്‍ ഒരു മൂലയില്‍ മാറി നില്ക്കു കയേ ഉള്ളു. പ്രസാദം തരുമ്പോള്‍ എന്ത് ചെയ്യണം എന്നെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി ചെയ്യേണ്ടി വരും.

ഗുരുദ്വാരയിലെ പ്രാര്ത്ഥ്ന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും കാണാറില്ല.ചപ്പാത്തി പരിപ്പ് കറി,ഒരു പച്ചക്കറി. പിന്നെ സാലഡ്‌. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്‌. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്‌...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്‌..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.

“നീ..ദര്ഗ.യില്‍ പോയില്ലേ ഷാ...?ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്ത്താവിന്റെ ചോദ്യത്തിന്,

“ഞാന്‍ അവിടെ നിന്നും വേഗം നേര്‍ച്ച കഴിച്ചിട്ട് ഇങ്ങു പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ” എന്നയാള്‍ മറുപടി പറഞ്ഞു.

ഈ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക..ഒരു യഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്‌. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ. മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ച ഇടത്തു നിന്നും ഉള്ള ഒരാള്‍.. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്ത്തുകള്‍ നടത്തുന്നത്...? തീര്ഥാടനങ്ങള്‍ നടത്തുന്നത്..?

തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദുഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. ഒരു വര്ഷമായി ടൂറിസം പുനരാംഭിച്ചു എന്നതില്‍ ആശ്വാസം കൊള്ളുന്നവര്‍. എന്നാല്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ ആര്പ്പ് വിളിച്ചു പടക്കം പൊട്ടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം ഞാന്‍ ഭര്ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ ശേഷം അദ്ദേഹം എന്നോടു ചോദിച്ചു.

“എന്താ..നീ ഇപ്പോള്‍ എന്നോടു ചോദിച്ചത്..?ഞാന്‍ കേട്ടില്ലല്ലോ...?”

ഞാന്‍ പെട്ടെന്ന് പറഞ്ഞു “ഇല്ല...ഒന്നുമില്ല...ഒന്നുമില്ല.”

അതെ,എനിക്കറിയേണ്ട ഷായുടെ മുഴുവന്‍ പേര്‍ എന്തെന്ന്. ചിലപ്പോള്‍ അഹമ്മദ്‌ ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും.എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. ഈ പുതു വല്സത്തില്‍ എനിക്ക് മറ്റാരെക്കുറിച്ചും ചിന്തിക്കാനില്ല എഴുതാനില്ല. പറയാനുമില്ല.. എല്ലാവര്ക്കും പുതുവല്‍സര ആശംസകള്‍

26.11.11

കടല്‍ നീതി

കയ്യില്‍ കുരിശു രൂപവും ഏന്തി ഉര്ശുല വിശുദ്ധ കന്യാ മറിയത്തിന്റെ ദേവാലയത്തിലെ മാതാവിന്റെ ജീവന്‍ തുടിക്കുന്ന രൂപത്തിനു മുന്നില്‍ ഏകയായി നിന്നു. കന്യാ മറിയത്തിന്റെ രൂപത്തിന്റെ പ്രതിബിംബം എന്നേ ആ നില്പ്പ് കാണുന്നവര്ക്ക് തോന്നുകയുള്ളു അവള്ക്കു തുറയിലെ പള്ളിയിലെ കന്യാ മറിയത്തിന്റെ രൂപത്തോട് സാദൃശ്യമുണ്ട് എന്നു പണ്ടു ഫ്രെഡി അവളോടു പറയുമായിരുന്നു.


വിജനമായ പള്ളിയുടെ പുറത്ത്‌ നടയില്‍ അവളെയും കാത്ത് മകന്‍ നിക്സന്‍ ഇരിപ്പുണ്ട്. മുറ്റത്തെ പഞ്ചസാര മണലിലേക്ക് നോക്കി ഇനി ഒന്നും ചെയ്യാനില്ലാത്തവനെപോലെ അവന്‍ ഇരുന്നു. ഫ്രാങ്കോയുടെ ശവ സംസ്കാരം കൂടാന്‍ വന്ന ആളുകള്‍ എല്ലാവരും തന്നെ പിരിഞ്ഞു കഴിഞ്ഞിരുന്നു. സിമിത്തേരിയില്‍ കുഴി മൂടിയിരുന്നവര്‍ ജോലി കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ മണ്‍വെട്ടിയും ഏന്തി പുറത്തേക്കിറങ്ങിയതോടെ കപ്യാര്‍ ഡിക്രൂസ് വന്നു ഗേറ്റടച്ച് താഴിട്ടു പോയി.

കുറച്ചു നേരം പള്ളിയില്‍ ഇരിക്കണം എന്ന് അമ്മ പറഞ്ഞപ്പോള്‍ ബന്ധുക്കളെ പറഞ്ഞയച്ചിട്ടു അമ്മക്ക് കൂട്ടിരിക്കുകയായിരുന്നു നിക്സന്‍. അപ്പന്‍ മരിച്ചതിന്റെ ദുഖമൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മാതാവിന്റെ മുന്നില്‍ നിന്ന് കണ്ണീരൊഴുക്കുന്ന അമ്മയായിരുന്നു അവന്റെ വേദന. ദുഖത്തിന്റെ പെരും കടല്‍ ഒതുക്കിപ്പിടിച്ചു ജീവിച്ച അമ്മയെ ഇക്കാലമത്രയും മനസ്സിലാക്കുവാന്‍ താമസിച്ചതിന്റെ‍ ഇച്ഛാഭംഗം കുറച്ചൊന്നുമല്ല അവന്റെ മുഖത്തുള്ളത്.

പുറത്ത്‌ കടലിന്റെ ഇരമ്പം ഒന്നിനൊന്നു കൂടി വരുന്നു. ഉപ്പ് കാറ്റ്‌ ജനാലയിലൂടെ കടന്നു വന്ന്‍ ഉര്ശുലയുടെ മുടിയിഴകള്‍ പറത്തുന്നത് അവള്‍ അറിയുന്നതേയില്ല. പള്ളിയുടെ നടുഭാഗത്തായി ഫ്രാങ്കോയുടെ ശവപ്പെട്ടി കിടത്തിയിരുന്ന വെള്ള വിരിച്ച മേശ മേല്‍ പൂവിതളുകളും ചന്ദന തിരിയുടെയും കുന്തിരിക്കത്തിന്റെയും ചാരവും വീണു കിടക്കുന്നു. പൂക്കളും സുഗന്ധം വമിക്കുന്ന ചാരവും ചേര്ന്ന് പള്ളിക്കുള്ളില്‍ ഒരു മരണ ഗന്ധം സൃഷ്ടിച്ചു. അവള്‍ അപ്പോഴും കുരിശു രൂപം ഏറി മാതാവിനെ നോക്കി എങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ഇടത് വശത്ത് ഇരുപതു വര്‍ഷം മുന്പ് ഇതേ ദിവസം മരിച്ചു പോയ ഫ്രെഡിയും ഉണ്ടെന്നവള്‍ വിശ്വസിച്ചു. എത്രയോ കാലമായി അവള്‍ ആഗ്രഹിച്ചിരുന്നു മനസ്സില്‍ അടുക്കി വെച്ചിരുന്ന ദു:ഖങ്ങളെല്ലാം ഫ്രെഡിയോടൊപ്പം ഇവിടെ വന്നു കഴുകി കളയണമെന്ന്. ഭര്ത്താവ്‌ ഫ്രാങ്കോ ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമാക്കുവാന്‍ അവളുടെ മനസാക്ഷി അനുവദിച്ചിരുന്നില്ല.

തന്റെ പെണ്ണിനോടൊപ്പം കുരിശേന്തി നില്ക്കുന്നതിന്റെ അപമാനമൊന്നും ഫ്രെഡിക്കില്ല. തെറ്റ് ചെയ്ത പെണ്ണും ചെറുക്കനും കുരിശേന്തി അള്ത്താര മുന്നില്‍ നില്ക്കു മ്പോള്‍ അറിയാതെ തല താഴ്ന്നു പോകും. തുറക്കാരുടെ മുന്നില്‍ നാണം കെട്ടുള്ള ആ നില്പ്പ് . ഉര്ശുലക്കൊപ്പം ആ നില്പ്പ ഒരു അഭിമാനമായി ചുണ്ടില്‍ ചെറു ചിരിയോടെയാണവന്റെ നിലപ്പ്‌.

അല്ലെങ്കിലും ചിരിയില്ലാതെ ഫ്രെഡിയെ എപ്പോഴാണ് കാണാനാവുക..? പ്രഭാതങ്ങളില്‍ മീനുകള്‍ നിറഞ്ഞ വഞ്ചിയുമായി ഇരമ്പിയടിക്കുന്ന തിരകള്ക്ക് മേലെ ഉപ്പുവെള്ളത്തില്‍ നനഞ്ഞു കുതിര്ന്ന വസ്ത്രങ്ങളുമായി തീരത്തടുക്കുമ്പോഴും കരയില്‍ നിലക്കുന്ന ഉര്ശുല ആദ്യം കാണുന്നത് അവന്റെ ചിരിയാണ്. അടുത്തു നില്കന്ന വിക്ടോറിയും മാര്സിലയും അത് കാണുന്നുണ്ടോ എന്ന്‍ അപ്പോള്‍ അവള്‍ പരിഭ്രമത്തോടെ നോക്കും. അത് കാണുമ്പോള്‍ അവനു വീണ്ടും ചിരിവരും. സ്നേഹമെന്നത് ഒളിച്ചു വെക്കേണ്ട കാര്യമല്ലെന്നാണ് അവന്റെ പക്ഷം. വില്ക്കുവാനുള്ള മീനുകള്‍ തരം തരിച്ചു പെണ്ണുങ്ങള്‍ വീതിചെടുക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളുടെ മേല്‍ തന്നെയായിരിക്കും. എപ്പോഴും അവന്റെ കൂടെത്തന്നെ ഉണ്ടാകാറുള്ള ഫ്രാങ്കോ അവളുടെ മേലുള്ള അവന്റെ ചിരിയെ തെല്ല് അസൂയയോടെ നോക്കുന്നത് കണ്ട അവള്‍ അസ്വസ്ഥയായി.

“ഫ്രാങ്കോയുടെ വള്ളത്തിലല്ലാതെ വേറെ ആരുടെ എങ്കിലും കൂടെ പോയി കൂടെ..?ആ കൂട്ട് നമുക്ക് വേണ്ട ” എന്നവള്‍ പലവുരു അവനോടു പറഞ്ഞിട്ടുള്ളതാണ്. അത് കേള്ക്കുമ്പോഴേ
“വെറുതേ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെന്റെ പെണ്ണെ..” എന്ന് പറയുന്ന ഫ്രെഡിക്ക് പതിവ് ചിരി.
മീന്‍ ചരുവങ്ങളുമായി റോഡിലൂടെ വില്പ്പനയ്ക്ക് നടക്കുന്നതിനിടെ
“എന്തരടീ പെണ്ണെ... ഉര്ശുലെ....ആ ഫ്രെഡിയുടെ കണ്ണ് നിന്റെക മേല്‍ തന്നെയാണല്ലോ...”എന്ന് മാര്സില ചോദിച്ചപ്പോള്‍
“തന്നെ...തന്നെ “ എന്ന് പറഞ്ഞ് വിക്ടോറി അത് ശരി വെച്ചു.
“അത് ചാച്ചിക്ക് തോന്നുന്നതാ...” എന്ന് പറഞ്ഞവള്‍ പരുങ്ങിക്കൊണ്ടു പറയുന്നതിനിടെയാണ് ലോറന്സ് മുതലാളിയുടെ വീടിനു മുന്നില്‍ നിന്നും മീന്‍ വാങ്ങാനായി ബ്രിജിറ്റ് അവളെ കൈ കാട്ടി വിളിച്ചത്. ഉര്ശുല ആശ്വാസത്തോടെ അവര്ക്കടുത്തേക്ക് നടന്ന് രക്ഷപ്പെട്ടു.

മാതാവിന്റെ പെരുന്നാള്‍ ദിവസം പള്ളി മുറ്റത്തെ മണല് തരിക്കൊപ്പമുള്ള ആള്കൂട്ടത്തിന്റെ മറവില്‍ അവനോടൊപ്പം കൈ പിടിച്ചു നടക്കുന്നതിനിടെ അസൂയയുടെ കൂര്ത്ത രശ്മികളുമായി ഫ്രാങ്കോ അവരെ നോക്കുന്നത് കണ്ട തെല്ല് പേടിയോടെ അവള്‍ ഫ്രെഡിയുടെ പിന്നില്‍ ഒളിച്ചു. അന്നുരാത്രി അവനോടൊപ്പം തിരകളുടെ സംഗീതം കേട്ടു കടപ്പുറത്തിരിക്കുമ്പോഴും അവള്‍ തന്റെ സംശയം ആവര്ത്തിച്ചു.
“എല്ലാം നിന്റെ തോന്നലാണ്. ഫ്രാങ്കോയെപ്പോലെ ഒരു ചങ്ങാതി വേറെയില്ല.” എന്നാണു ഫ്രെഡി മറുപടി പറഞ്ഞത്‌.
വിഷണ്ണയായി നിന്ന അവളെ കടലിലേക്കവന്‍ വലിച്ചിറക്കുമ്പോള്‍ അവള്‍ ഭയത്തോടെ പറഞ്ഞു
“വേണ്ട ഫ്രെഡി, പെണ്ണുങ്ങള്ക്ക് കടലിറങ്ങാന്‍ ഒരു ദിവസം നിശ്ചയിച്ചിട്ടില്ലേ.. പുതുവല്സരമാകാതെ എന്നെ കടലില്‍ ഇറക്കി ദോഷം വരുത്തല്ലേ..”
അവന്‍ അത് കേട്ട് ഉറക്കെ ചിരിച്ചു കൊണ്ടു അവളെ തിരകള്ക്കിടയിലേക്ക് ആവേശത്തോടെ വലിച്ചെറിഞ്ഞു. എത്ര നേരം അവരെ തിരകള്‍ ഊഞ്ഞാലാട്ടി.... പുലര്ച്ചെ വള്ളങ്ങള്‍ ഇറക്കുവാന്‍ ആളുകള്‍ വരാറായപ്പോഴാണ് അവര്‍ അന്ന് പിരിഞ്ഞത്. പിന്നീട് കടലിരമ്പം മാത്രമുള്ള എത്രയോ രാവുകള്‍ അവര്‍ തിരകള്‍ മെത്തയാക്കി കഴിഞ്ഞു. ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളും വിശുദ്ധ കന്യകയുടെ പള്ളി മുഖവാരത്തെ വെളിച്ചവും അവര്ക്ക് കൂട്ടായി. കടല്‍ അശുദ്ധമാക്കി എന്ന് കുറ്റബോധത്തോടെ പള്ളി മുറ്റത്തെ കന്യാ മറിയത്തിന്റെ വിശുദ്ധ രൂപത്തിന്റെ മുന്നിലെ ഇളം നീല വെളിച്ചത്തെ നോക്കി വീണ്ടും വീണ്ടും പറയുമ്പോഴും ഫ്രെഡിക്ക് ചിരി മാത്രം.

വേളാപ്പാര മീനുകകള്‍ തുറയിലേക്ക് നീന്തിയടുത്ത ചാകര നാളുകളില്‍ കടപ്പുറത്ത് മീനുകള്ക്ക് ‌ വിലപറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഫ്രെഡി രഹസ്യമായി അവളെ വിളിച്ചു അവളെ അത് കാണിച്ചു കൊടുത്തത്‌. പിങ്ക് നിറമുള്ള കൊച്ചു കടലാസു പൊതിക്കുള്ളിലെ തിളങ്ങുന്ന മാല. അതിനറ്റത്ത് തൂങ്ങിയാടുന്നന്ന കൊച്ചു താലി. ഫ്രാങ്കോയെ കൂട്ടിയാണ് സിറ്റിയില്‍ പോയി അത് വാങ്ങിയതെന്ന് അവന്‍ പറഞ്ഞത്‌ അവള്ക്കു വിശ്വസിക്കാനായില്ല. കടപ്പുറത്താകമാനം അടുക്കി വെച്ചിട്ടുള്ള വലിയ വേളാപ്പാര കൂട്ടങ്ങള്ക്കിടെ നടക്കുന്ന എല്ലാ മുഖത്തേയും സന്തോഷത്തിരകള്‍ ഒരുമിച്ച് അവന്റെ മുഖത്ത് അലയടിച്ച പോലെ.
“പുതുവത്സരം കഴിഞ്ഞിട്ട് വേണം ഇവളുടെ അപ്പനോട് കാര്യം പറയുവാന്‍” എന്ന് അവന്‍ ഫ്രാങ്കോയെ നോക്കി പറഞ്ഞപ്പോഴും ഫ്രാങ്കോയുടെ കണ്ണുകളുടെ അസൂയ രശ്മികള്‍ കൂര്ത്ത വിഷ മുള്ളുകളായി തന്റെ ദേഹത്ത് തുളഞ്ഞു കയറുന്നത് പോലെ അവള്ക്കു തോന്നി.

പുതുവല്സരത്തിനു ഏതാനും നാളുകളെ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ക്രിസ്മസ് രാവിലെ പാതിരാ കുര്ബാനയില്‍ ഫ്രെഡിക്കൊപ്പം നില്ക്കുന്ന ഫ്രാങ്കോയെ നോക്കുവാന്‍ കൂടെ ഉര്ശുല ഭയപ്പെട്ടു. കുര്ബാന കഴിഞ്ഞു പുറത്തു വന്നപ്പോള്‍ പള്ളി മുറ്റത്തെ മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ് ട്രീ യുടെ ചുവട്ടില്‍ ഫ്രെഡിയെ തേടുമ്പോഴും അവളെത്തന്നെ നോക്കി നില്ക്കുന്ന ഫ്രാങ്കോയെ കണ്ടു ഉര്ശു്ല തളര്ന്നു .

കാത്തിരുന്നപോലെ അക്കൊല്ലത്തെ പുതുവല്സരവും എത്തി. തുറക്കാരെല്ലാവരും തന്നെ കടപ്പുറത്തുണ്ട്. കടലില്‍ തിമര്ക്കുന്ന കുട്ടികള്‍, മുതിര്ന്നവര്‍, യുവാക്കളില്‍ നിന്ന് കുറച്ചു മാറി പെണ്കുട്ടികള്‍. പുതുപ്പെണ്ണുങ്ങള്‍ നാണത്തോടെ മണവാളന്മാര്ക്കൊടപ്പം തിരകളില്‍ മുങ്ങിപ്പൊങ്ങുന്നു. കരയിലും വെള്ളത്തിലും ഫ്രെഡിയെ തേടുകയായിരുന്നു അവള്‍. ഫ്രാങ്കോക്കൊപ്പം മല്സരം വെച്ചു ഇപ്പോള്‍ അങ്ങ് നീന്തിപ്പോയതേ ഉള്ളു എന്ന് ജെറോം പറഞ്ഞപ്പോഴും കടലിറങ്ങാന്‍ മടിച്ചു ഉര്ശുല കരയില്‍ തന്നെ നിന്നു. പെട്ടെന്നാണവള്‍ അത് കണ്ടത്‌ ദൂരെ നിന്നും രണ്ടു പേര്‍ നീന്തിയടുക്കുന്നു. അത് ഫ്രെഡിയും ഫ്രാങ്കോയുമാണെന്നവള്‍ക്ക് മനസ്സിലായി. അവര്‍ തീരത്തോടടുക്കുന്നത് സന്തോഷത്തോടെ നോക്കി നിന്ന അവള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഫ്രാങ്കോയുടെ കയ്യില്‍ തളര്ന്നു തൂങ്ങി കിടക്കുന്ന ഫ്രെഡി...കുറച്ചു നീന്തിയപ്പോഴേക്കും നിലവിട്ടു മുങ്ങി താഴുകയായിരുന്നത്രേ. ഫ്രാങ്കോ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു.

കടപ്പുറമാകെ ആര്ത്ത നാദത്തില്‍ മുങ്ങുമ്പോള്‍ ഒന്നു കരയാന്‍ പോലുമാകാതെ ഉര്ശുല പ്രതിമ കണക്കെ നിന്നു. ഏതു വമ്പന്‍ തിരകള്ക്ക് മേലും നീന്താന്‍ കരുത്തുള്ള തന്റെ ഫ്രെഡി... കടപ്പുറത്ത് കിടത്തിയ അവന്റെ നനഞ്ഞു കുതിര്ന്ന ചേതനയറ്റ ശരീരത്തിലൂടെ ഒരു കുഞ്ഞു തിര കൂടെ കയറിയിറങ്ങി പോകുമ്പോള്‍ “ഇല്ലാ..ഒരു തിരയ്ക്കും എന്റെ ഫ്രെഡിയെ ചതിക്കാനാവില്ല...” എന്ന് പറഞ്ഞു ഉറക്കെ അലറണമെന്നു അവള്ക്കു തോന്നി. അവളെത്തന്നെ ഉറ്റു നോക്കുന്ന ഫ്രാങ്കോയുടെ കണ്ണുകളിലെ വിജയുടെ ഭാവം അവള്ക്കു മാത്രം കാണാനായി.

ഫ്രെഡിയുടെ മരണത്തിനു ശേഷം ആശ്വാസവാക്കുകളുമായി ഫ്രാങ്കോ അടുത്തു കൂടുമ്പോഴും ഉര്ശുല നിശബ്ദയായിരുന്നു. അവനെ കാണുമ്പോഴെല്ലാം “കൂട്ടുകാരനെ കൊന്നു കളഞ്ഞ ദുഷ്ടാ...” എന്ന അലര്ച്ച അവളുടെ തൊണ്ടയില്‍ കുടുങ്ങി നിന്നു. ഫ്രെഡിയുടെ കുഞ്ഞു തന്നില് ഉണ്ടെന്ന പേടിപ്പിക്കുന്ന തിരിച്ചറിവിന്റെ നാളുകളില്‍ ഒരു ദിവസമാണ് അവളെ ഞെട്ടിച്ചു കൊണ്ടു ഫ്രാങ്കോയുടെ അപ്പനും അമ്മയും വീട്ടില്‍ വന്നു കല്യാണം ഉറപ്പിച്ചത്. സ്വന്തമായി വള്ളമുള്ള പണക്കാരന്‍ മകള്ക്ക് വരനാകുന്നതില്‍ അവളുടെ അപ്പനുമമ്മക്കും മുന്‍പിന്‍ നോക്കുവാനുണ്ടായിരുന്നില്ല.

കടപ്പുറത്ത് കയറ്റി വെച്ചിരിക്കുന്ന വഞ്ചിക്ക് എണ്ണ കൊടുത്തു കൊണ്ടിരുന്ന ഫ്രാങ്കോയുടെ അടുത്തേക്ക്‌ ഒരു കൊടുങ്കാറ്റെന്നവണ്ണമാണ്‌ ഉര്ശുല പാഞ്ഞു ചെന്നത്. ഫ്രെഡിയുടെ കുഞ്ഞു തന്നില്‍ ഉണ്ടെന്ന അവളുടെ വെളിപ്പെടുത്തലില്‍ അവന്‍ തെല്ല് ഉലഞ്ഞപോലെ തോന്നി. വിദഗ്ദമായി കരുക്കള്‍ നീക്കിയിട്ടും അപ്രതീക്ഷിതമായി പരാജയത്തിന്റെ രുചി അറിഞ്ഞതിന്റെല കയ്പ്പില്‍ അവന്‍ തളര്ന്നു നിന്നു. തെല്ല് നേരത്തെ മൌനത്തിനു ശേഷം തുറയില്‍ അവള്‍ അപമാനിക്കപ്പെടുന്നതിനു മുന്പ് താന്‍ രക്ഷിക്കാം എന്നു പറഞ്ഞവന്‍ അവള്ക്ക് ആശ്വാസമേകി. മരിച്ചു പോയ ഫ്രെഡി അവള്‍ കുരിശു രൂപമേന്തി അള്ത്താരക്ക് മുന്നില്‍ നാണം കെട്ടു നില്ക്കുന്നത്‌ സഹിക്കില്ല എന്ന് പറഞ്ഞ് അവളെ സ്വന്തമാക്കുമ്പോഴും അവള്‍ ഫ്രെഡിയെ ഓര്ത്ത് ‌ കരഞ്ഞു. “ഫ്രെഡിയുടെ കുഞ്ഞ് എന്റെ സ്വന്തം കുഞ്ഞാണെന്ന” ഫ്രാങ്കോയുടെ വാക്കുകള്‍ മനസ്സില്‍ വരുമ്പോഴെല്ലാം അയാളെ വെറുതെ സംശയിച്ചതോര്ത്ത് അവള്‍ സ്വയം കുറ്റപ്പെടുത്തി.

നിക്സന്‍ പിറന്നപ്പോള്‍ ഫ്രെഡിയെ പകര്ത്തി വെച്ച രൂപം കുറച്ചൊന്നുമല്ല ഫ്രാങ്കോയെ അസ്വസ്ഥനാക്കിയത് .”കൊന്നു കളഞ്ഞാലും സ്വൈര്യം തരാത്തവന്‍...” എന്ന് പറഞ്ഞയാള്‍ നിക്സനെ നോക്കി ആക്രോശിച്ച ദിവസം ഏതാനും വര്ഷങ്ങളായി മനസ്സില്‍ ഉറഞ്ഞു കിടന്നിരുന്ന അവളുടെ സംശയത്തിനു ഉത്തരം ലഭിച്ചു കഴിഞ്ഞിരുന്നു. വേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകാഞ്ഞതോടെ നിക്സനോടുള്ള ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി. വകതിരിവില്ലാത്ത പ്രായത്തില്‍ പെണ്ണിന്റെ സൌന്ദര്യം കണ്ടു വേറൊരുത്തന്റെ കുഞ്ഞിന്റെ അപ്പനാകേണ്ടി വന്ന ബുദ്ധി ശൂന്യതയെ പഴിച്ച്‌ നിക്സനെ നോക്കി പല്ലിറുമ്മും. നിക്സന്‍ വളര്ന്നു വലുതായതോടെ ഫ്രെഡിയുടെ രൂപ സാദൃശ്യം മൂലം അവനെ അയാള്‍ കൊന്നു കളയുമോ എന്ന് വരെ അവള്‍ ഭയന്നു. പലവട്ടം അയാള്‍ അതിനായി കളമൊരുക്കുന്നുവോ എന്ന് വരെ അവള്‍ക്കു തോന്നി. അപ്പോഴേക്കും അവര്‍ രണ്ടു പേരും തമ്മില്‍ മിണ്ടാത്ത അകല്ച്ചയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ഉര്സുലയുടെ ജന്മം അവര്ക്കിടയില്‍ കിടന്നു വീര്പ്പു മുട്ടി. കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് ഉര്ശുലക്ക് നിക്സനോടു അപ്പനെ സൂക്ഷിക്കണമെന്നു പറയേണ്ടി വന്നത്. ഫ്രെഡിയുടെ മരണവും ഫ്രാങ്കോയെ വിവാഹം കഴിക്കേണ്ടി വന്ന തന്റെ ഗതികേടും അവള്ക്കു മകനോടു മറച്ചു വെക്കാനായില്ല.

അതിനു ശേഷം മിക്കവാറും നിശ്ശബ്ദനായിരുന്നു നിക്സന്‍. മൌനിയായി അവന്‍ മുറിക്കുള്ളില്‍ ചടഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്ക്ക് ശേഷം അവന്‍ ഉത്സാഹത്തോടെ പുതുവത്സരനാളില്‍ കടലില്‍ കുളിക്കാന്‍ പോയപ്പോള്‍ ഉര്ശുല സന്തോഷിച്ചു..

കടപ്പുറത്ത് നിന്നും ആഹ്ലാദത്തിമര്പ്പിന്റെ ആരവം കേട്ടുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്ന ഉര്ശുല. കൊല്ലങ്ങളായി ഓരോ പുതുവത്സരവും അവള്ക്ക് തന്റെ ജീവിതം തിരകള്ക്കിടയില്‍ മുങ്ങി താണു പോയതിന്റെ ഒര്മ്മ പുതുക്കലായിരുന്നു. ഉച്ചയോടടുത്താണ് ആഹ്ലാദാരവങ്ങള്‍ ഒരു ആര്ത്ത നാദത്തിന്റെ‍ രൂപം പ്രാപിക്കുന്നതായി അവള്ക്കു തോന്നിയത്‌. ഇരുപതു വര്ഷതങ്ങള്ക്ക് മുന്പ് കേട്ട അതേ ആര്ത്ത് നാദം വിഹ്വലയായി ചെവിയോര്ത്തു നില്ക്കേ “മോനേ...നിക്സാ..”എന്ന നീണ്ട നിലവിളി കേട്ട ഉര്ശുല പഴയ ഓര്മ്മയില്‍ ഒരു ഭ്രാന്തിയെപ്പോലെ കടപ്പുറത്തേക്കോടി. കാലുകള്‍ പുതഞ്ഞു പോകുന്ന മണലിലൂടെ കിതച്ചോടി ചെന്നപ്പോള്‍ കണ്ടത്‌ കടപ്പുറത്ത് കൂടി നില്ക്കുന്ന ആളുകള്ക്കു നടുവില്‍ ഫ്രാങ്കോയുടെ ചേതനയറ്റ ശരീരം. തിരകള്ക്കി്ടെ നില തെറ്റിപ്പോയ അപ്പനെ രക്ഷിക്കാന്‍ ശ്രമിച്ച നിക്സനെ ആളുകള്‍ ആശ്വസിപ്പിക്കുന്നു. പൊട്ടിക്കരയുന്ന അവളുടെ അടുത്തു വന്നു നിക്സന്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ അവളെ ഞെട്ടിച്ചു കളഞ്ഞു.
“അമ്മ സന്തോഷിക്ക്. അമ്മയെ രക്ഷിക്കുവാന്‍ എനിക്ക് ഈ ഒരു വഴിയെ മുന്നിലുണ്ടായിരുന്നുള്ളൂ.”

സിമിത്തേരിയിലെ പച്ചപ്പുള്ള പഞ്ചസാര മണ്ണിനടില്‍ ഫ്രാങ്കോ ഉറങ്ങുന്നു. ഉര്ശുല അപ്പോഴും പള്ളിക്കകത്ത് നിന്ന്‍ കന്യാ മാതാവിനെ നോക്കി മരക്കുരിശേന്തി കരഞ്ഞു കൊണ്ടിരുന്നു. ചെയ്ത തെറ്റുകള്ക്ക് പ്രായശ്ചിത്തം യാചിച്ചു കൊണ്ട്...അവള്ക്കൊപ്പം അരൂപിയായി നിന്ന ഫ്രെഡി അവളെ സാന്ത്വനിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

30.10.11

ദൈവത്തിന്റെ വികൃതികള് (ഒരു ഓര്മ്മക്കുറിപ്പ്)

അവര്‍ മൂന്നു പേരുണ്ടായിരുന്നു.പക്ഷേ ഞാന്‍ ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഒരാളേ ഉള്ളു എന്നാണ്. മൂന്നു പേരില്‍ ഒരാള്‍ രണ്ടു വര്ഷം മുന്‍പ് മരിച്ചു പോയിരുന്നു. പിന്നെയുള്ള രണ്ടു പേരെയും ഞാന്‍ ഒരുമിച്ചു കണ്ടിരുന്നുമില്ല. ഒരമ്മക്ക് ഒറ്റ പ്രസവത്തിലുണ്ടായ മൂന്നു മക്കളായിരുന്നു അവര്‍. മൂന്നും ഊമകള്‍. സംസാരിക്കില്ല, ചെവിയും കേള്‍ക്കില്ല. മരിച്ചു പോയ ആള്  ലക്ഷ്മണന്‍  ഇപ്പൊള്‍ ഉള്ളവര്‍ രാമനും കിച്ചനും. അവരാണ് ചെന്നെയില് ഞങ്ങള്‍ താമസിച്ചിരുന്ന ആ തെരുവിന്റെ കാവല്ക്കാര്‍ എന്നു പറയാം. എന്റെ വീടിന്റെ ഒരു വീടിന് അപ്പുറമാണ് അവരുടെ വീട്. എതിര്‍ വശത്ത് ഒരു കോളേജിന്റെ പിന്‍ഭാഗമായതു കൊണ്ട് ആ വശത്ത് വീടുകളുമില്ല. മതിലുമാത്രം. കോളേജിലെ തണല്‍ മരങ്ങളുടെ തണുപ്പുമുണ്ട് വഴിയില്‍. അതുകൊണ്ട് രണ്ടുപേരും എതിവശങ്ങളില്‍ കസേരയുമിട്ട് വഴിയിലൂടെ പോകുന്നവരെയും നോക്കി അങ്ങനെ ഇരിപ്പുണ്ടാകും.

കിച്ചന്‍ ആളുകളോട് അധികം ഇടപഴകില്ല. കുറച്ച് ഗൌരവക്കാരനാണ്. രാമന്‍ അങ്ങനെയല്ല എല്ലവരോടും ആംഗ്യത്തിലും പിന്നെ ഒരു തരം ശബ്ദമുണ്ടാക്കിയും സംസാരിക്കും. ഒരു അമ്പതു വയസ്സു കാണും രണ്ടു പേര്‍ക്കും. തല പാതിയും കഷണ്ടി . മുണ്ടു മാത്രമുടുത്താണ് എപ്പോഴും കാണുക. തടിച്ച വലിയ വയറുള്ള ശരീരത്തിനു മേല് കിടക്കുന്ന പൂണൂലില്‍ എപ്പോഴും പിടിച്ചുകൊണ്ടിരിക്കും. കിച്ചന് തയ്യല് ജോലി അറിയാം.ഇടക്കിടക്ക് അവരുടെ വീട്ടില് നീന്നും മെഷീന്റെ കട കട ശബ്ദം കേള്ക്കാം. രാമന് അതുമില്ല കാര്യാന്വേഷണം തന്നെ പണി. അനുജന്‍ ശേഷന്റെ കുടുംബത്തിന്റെ കൂടെ ഒരു പഴയ ചെറിയ വീട്ടിലാണ് അവരുടെ താമസം. ഒരു അയ്യങ്കാര്‍ കുടുംബം.

ഞങ്ങള്‍ അവിടെ താമസിക്കാന്‍ വന്ന ഉടനെ തന്നെ രാമന്‍ വന്നു. പരിചയപ്പെട്ടു. ഊമനും ബധിരനുമാണെന്നുള്ള പരിമിതികള്‍ രാമന് ഒരു പ്രശ്നമല്ല. വന്നു കുറച്ചു ദിവസം കഴിഞ്ഞ് എവിടെയോ പോയിട്ടു നടന്നു വരുമ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ കാഴ്ച !!!!!! രാമനും കിച്ചനും ഒരുമിച്ച് റോഡരികില്‍. അതു വരെ കിച്ചനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ രണ്ടു പേരെയും അന്തം വിട്ടു മാറി മാറി നോക്കി. ദൈവമേ... ഇതെന്തു കളി. ഒന്നിന്‍റെ ഡ്യൂപ്പ്ലിക്കേറ്റ് മറ്റൊന്ന്. റോഡിനിരുവശവും കസേരയിട്ട് അങ്ങനെ ഇരിക്കുകയാണ്. ഒന്ന് ഒന്നിന്റെ പ്രതിബിംബം പോലെ. ഞാന്‍ അവരെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് വീട്ടിലേക്കു പോയി. മുകളിലത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ അമ്മ അലമേലു അമ്മാളോട് ചോദിച്ചു.

“അവര്…..?അവര് രണ്ടു പേരുണ്ടോ…?”
“ആര്…? രാമന്റെയും കിച്ചന്റെയും കാര്യമാണോ..? അവരു രണ്ടുപേരല്ല. മൂന്നു പേരായിരുന്നു. ഒരാള് രണ്ടു കൊല്ലം മുന്പു മരിച്ചു പോയതല്ലേ…”
“ങ്ഹേ….മൂന്നെണ്ണമോ…? ഒരാളെങ്ങനെ മരിച്ചു..?”
“ചെവി കേള്‍ക്കില്ലായിരുന്നല്ലോ. മീനമ്പക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പാളത്തില്‍ കൂടെ നടക്കുകയായിരുന്നു. പുറകില്‍ നിന്ന് വന്ന ട്രെയിന്‍ കയറി മരിച്ചു.” അലമേലു പാട്ടി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു.
അന്നു വൈകുന്നേരം ഭര്ത്താവും മക്കളും വന്നപ്പോള്‍ എനിക്കു പറയാനുണ്ടായ പ്രധാന വിശേഷം ഇതു തന്നെയായിരുന്നു.
“അമ്മ ഇപ്പോഴാണോ ഇക്കാര്യം അറിയുന്നത്. ഞങ്ങള് സ്കൂളില്‍ പോകുമ്പോള് രണ്ടാളും കൂടെ അവിടെ നില്ക്കുന്നത് കാണുന്നതല്ലേ “ മക്കള്‍ക്ക് ചിരി.

പിന്നിടെപ്പോഴോ അലമേലുപാട്ടി മരിച്ചു പോയ ലക്ഷ്മണനെപ്പറ്റി പറഞ്ഞു. മൂന്നു പേരില്‍ അയാള്‍ മാത്രം വിവാഹിതനായിരുന്നു. എട്ടു വയസ്സുള്ള ഒരു മകളുമുണ്ട്. സെയ്താപ്പേട്ട് ഒരു കമ്പനിയില് ജോലിയും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു അപകടം. രാമനെയും കിച്ചനെയും പോലല്ലായിരുന്നു സ്വഭാവം. ശാന്തനായിരുന്നു. രൂപം അതു തന്നെ. രാമനും കിച്ചനും ഇടക്കിടക്ക് എവിടെയെങ്കിലുമൊക്കെ ജോലിക്കു ചേരും. എങ്ങും ഉറച്ചു നില്ക്കുകയില്ല. രണ്ടു പേര്‍ക്കും മൂക്കത്താണ് ദേഷ്യം. അതുകൊണ്ടു തന്നെ “ചണ്ഠ പോട്ടു വേല തുലക്കും.”
ഞങ്ങള്‍ അവിടെ മൂന്നു വര്‍ഷം താമസിച്ചതിനിടക്ക് ഇവര്‍ ഇടക്കിടക്ക് ജോലിക്കു പോകലും വേല തുലക്കലും ഒക്കെ ഉണ്ടായി.
“എന്നിട്ടു ലക്ഷ്മണന്റെ ഭാര്യയും മകളുമെവിടെ പാട്ടി..? ആ വീട്ടില്‍ ഇല്ലെന്നു തോന്നുന്നു…?”
“ഇവിടെ ശേഷന് അത്ര സാമ്പത്തികമൊന്നുമില്ലല്ലോ. അവന്‍ മരിച്ചതിനു ശേഷം അവളവളുടെ സഹോദരന്റെ അടുത്ത് തിരുനല്‍വേലിക്കു പോയി. അവിടെ അവള്‍ക്ക് ഒരു ജോലിയും ശരിയായി. അവധിക്ക് മകളുമായി ഇവിടെ വരും.

അടുത്ത ദീപാവലി വന്നപ്പോള് ഞാന്‍ ലക്ഷമണന്റെ  ഭാര്യയെയും മകള്‍ പൂര്‍ണ്ണിഗായത്രിയെയും കണ്ടു. എട്ടു വയാസായ പെണ്‍കുട്ടിയെ രാമനും കിച്ചനും പിഞ്ചു കുഞ്ഞിനെയെന്ന വണ്ണം താലോലിച്ചു കൊണ്ടു നടക്കുന്നു. അവളെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിപ്പിക്കുന്നു. അവളുടെ ഒപ്പം കൊച്ചു കുട്ടികളെന്ന പോലെ പടക്കവും കമ്പിത്തിരിയുമെല്ലാം മത്സരിച്ചു കത്തിക്കുന്നു. ചെവി കേള്‍ക്കാത്ത രണ്ടു പേരും പടക്കത്തിനു തീ കൊടുത്ത ശേഷം അതിനടുത്തു തന്നെ നില്ക്കുന്നത് കണ്ടു ഞാന്‍ പേടിച്ചു കണ്ണ് പൊത്തി. രാമന്‍ അവളെ എന്റെ‍ അടുത്തു കൊണ്ട് കാണിച്ച് അയാളുടെ ഭാഷയില്‍ അവളെപ്പറ്റി പറഞ്ഞു. ഞാന്‍ അതെല്ലാം തല കുലുക്കി കേട്ടു. രാമന്‍ എന്തു പറഞ്ഞാലും നമ്മള്‍ തല കുലുക്കണം. അല്ലെങ്കില്‍ മനസ്സിലായില്ലെന്നു വിചാരിച്ച് വീണ്ടും വീണ്ടും പറയും.ചിലപ്പോള്‍ ആള്‍ക്ക് ദേഷ്യവും വരും.

ഞങ്ങള്‍ ചെന്നെയില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്പേ എന്റെ ഭര്‍ത്താവിന് ഒരു കൊല്ലം വിദേശത്തു ജോലി ചെയ്യേണ്ടി വന്നു. എങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജുള്ള സ്ഥലമാണ് ചെന്നെ. അതുകൊണ്ടു തന്നെ പോകുന്നതിനു മുന്പ് ഒരു സ്കൂട്ടി വങ്ങി പഠിപ്പിച്ചിട്ടു പോകാം എന്നായി അദ്ദേഹം. കഷ്ടകാലത്തിന് പോകുന്നതിനു മുന്പ് സ്കൂട്ടി എത്തിയില്ല. പോയതിന്റെ പിറ്റേദിവസം ദാ വന്നിരിക്കുന്നു പുതു പുത്തന്‍ സ്കൂട്ടി. പക്ഷേ എനിക്കൊന്നു തള്ളുവാന്‍ പോലും  അറിയാതെ എന്റെ വീടിന്റെ മുന്നില് അതങ്ങനെ നിന്നിത്തിളങ്ങി കിടന്നു. പിന്നെ സൈക്കിള്‍ ബാലസിന്റെ ധൈര്യത്തില്‍ വീട്ടുടമസ്ഥന്റെ ഭാര്യയുടെ കോച്ചിങ്ങില്‍ രണ്ടു ദിവസം കൊണ്ട് ഞാന്‍ സ്കൂട്ടി പഠിച്ചെടുത്തു. മൂന്നാം ദിവസം പഠിച്ചു എന്നതിന്റെ‍ അഹങ്കാരത്തില്‍ ഞാന്‍ വീടിനു മുന്നിലെ റോഡിലൂടെ നല്ല ഗമയില്‍ അങ്ങനെ സ്കൂട്ടി ഓടിക്കുകയാണ്. .രണ്ടാം നിലയില്‍ നിന്ന് വീട്ടുടമസ്ഥന്റെ മകള്‍ രാഗിണി അതു നോക്കി നില്ക്കുന്നു. അതു കണ്ടപ്പോള്‍ എനിക്ക് ധൈര്യം കൂടി. പക്ഷേ നിമിഷങ്ങള്‍ക്കകം എങ്ങനെയോ എന്റെ ബാലന്‍സു തെറ്റി വണ്ടി മറിഞ്ഞു. ഞാന്‍ ശരീരത്തിന്റെ പെയിന്റൊന്നും പോകാതെ രക്ഷപ്പെട്ടു എങ്കിലും പുതിയ വണ്ടി റോഡില് വീണു ആകെ ഉരഞ്ഞു നാശമായി. രാഗിണി ഓടി വന്ന് സ്കൂട്ടിയെടുത്ത് നേരെ വെച്ചിട്ടു രാമന്റെയും കിച്ചന്റെയും വീട്ടിലേക്കു നോക്കി പറഞ്ഞു.
“ആന്റീ…അന്ത ഊമെയ്കള്‍ ഇങ്കെ ഇല്ല. നിമ്മതി .....”
“അതെന്താ…?”
“എങ്കില് അവരു പിന്നെ ആന്റിയെ ഈ സ്കൂട്ടി തൊടാന്‍ സമ്മതിക്കില്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ എന്റെ അമ്മയുടെ സ്കൂട്ടി എടുത്ത് ഓടിച്ചു പഠിക്കുന്നതിടയില്‍ വീഴുന്നത്  അവര്‍ കണ്ടു. പിന്നെ എപ്പോ വണ്ടിയെടുത്താലും താഴെ വീഴും എന്നു പറഞ്ഞ് രണ്ടാളും കൂടെ ഓടി വരും. അവരെ പേടിച്ച് ഞാന്‍ സ്കൂട്ടിയെടുക്കുമ്പോള്‍ അവരുടെ വീടിന്റെ മുന്നിലൂടെ പോകാറില്ല.”
നിറയെ സമാന്തര റോഡുകളുള്ള ആ സ്ഥലത്ത് മുമ്പോട്ടു പോയാലും പുറകോട്ടു പോയാലും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്താം.
“സമാധാനം. അവരവിടെ ഇല്ല രാഗിണീ ” ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു. അതാണ് അവരുടെ സ്വഭാവം. സ്നേഹം കൊണ്ടു നമ്മളെ ബുദ്ധിമുട്ടിച്ചു കളയും.

ഒരു ദിവസം ഒരു വെള്ളിയാഴ്ച എന്റെ മക്കള്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടി തിരിച്ചു വരികയായിരുന്നു. കിച്ചന് കണ്ടപ്പോഴേ മനസ്സിലായി അവര്‍ മുടി വെട്ടി വരികയാണെന്ന്. ഉടനെ എന്റെടുത്തു വന്ന് എന്തൊക്കെയോ പറയാന്‍ തുടങ്ങി എത്ര ആഗ്യം കാണിച്ചിട്ടും എനിക്കങ്ങു മനസ്സിലാകുന്നില്ല. എന്റെ മക്കളും ഒന്നും പിടികിട്ടാതെ പരസ്പരം നോക്കി നില്ക്കു്കയാണ്. ഇനി ആ മുടിവെട്ടുകാരന്റെ അടുത്തു പോകണ്ട എന്നോ മറ്റോ ആണോ..?
ഒടുവില് കിച്ചന് ദേഷ്യം വരാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ എന്റെ വീടിനുള്ളിലേക്ക് കയറി വന്ന് കലണ്ടറിലെ അന്നത്തെ ദിവസം വെള്ളിയാഴ്ച കാണിച്ചു തന്നിട്ടു വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് കാര്യം പിടികിട്ടി. ഈ ദിവസം മുടിവെട്ടുന്നത് കുട്ടികള്‍ക്ക് ദോഷമാണത്രേ…ആ പാവം അതെന്നെ മനസ്സിലാക്കുവാന് എത്ര പണിപ്പെട്ടു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന പാവങ്ങള്‍. സംശയാസ്പദമായി ആരെയെങ്കിലും ഞങ്ങളുടെ തെരുവില്‍ കണ്ടാല് മതി രണ്ടു പേരും ഉടനെ പ്രത്യക്ഷപ്പെട്ട് അവരെ വിരട്ടി ഓടിക്കും. ചെന്നെയില് ആയിടെ പകല്‍ പോലും കളവും പിടിച്ചു പറിയും പതിവായിരുന്നു. അലമേലു പാട്ടി പറയും.
“നമ്മ തെരുവില് അപ്പടിയൊന്നും ആഹാത്. “കാരണം ഞങ്ങളുടെ രാമനും കിച്ചനുമല്ലേ അവിടുള്ളത്.
അതെ അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട കാവലാളുകള്‍ തന്നെയായിരുന്നു. ഞങ്ങളുടെ രാമനും കിച്ചനും. ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന പാവം ഊമേയ്കള്‍. ദൈവത്തിന്റെ വികൃതികള്‍. പൂര്‍ണ്ണിയെ എനിക്കു പരിചയപ്പെടുത്തി തന്ന ദിവസവും കിച്ചന്റെ കണ്ണില്‍ കണ്ണുനീരുണ്ടായിരുന്നു. മരിച്ചു പോയ സഹോദരന്‍റെ മകളാണ് അവളെന്ന്‍ എന്നെ മനസ്സിലാക്കി തരുന്നതിനിടെ ബ്ബെ…ബ്ബേ എന്ന ആ വികൃത ശബ്ദം കരച്ചില്‍ ചേര്‍ന്ന് മറ്റെന്തോ ആയി. പിന്നെ പൂര്‍ണ്ണിയുടെ ഓരോ കുസൃതികള് പറഞ്ഞ് പെട്ടെന്നു തന്നെ കണ്ണുനീര്‍ തുടച്ചു ചിരിച്ചു. തീവണ്ടി കയറി മരിച്ച കൂടപ്പിറപ്പിന്റെ ശരീരം നോക്കി അവര്‍ എത്ര കരഞ്ഞു കാണും.

വിദേശത്തു പോയ എന്റെ ഭര്‍ത്താവ് ഇടക്ക് അവധിക്കുവന്നപ്പോള്‍ രണ്ടു പേരുടെയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. മൂന്നഴ്ചത്തെ അവധി കഴിഞ്ഞ് തിരികെപ്പോയപ്പോള് എന്റെ ഒപ്പം അവരും സങ്ക്ടപ്പെട്ടു.ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വന്നപ്പോള്‍, ഇനി പോകേണ്ടതില്ല എന്നറിഞ്ഞപ്പോള്‍ അവര്‍ ആശ്വാസ നെടുവീര്‍പ്പിട്ടു.

ഞങ്ങള്‍ക്ക് ചെന്നെയില്‍ നിന്നും സൂററ്റിലേക്ക് ട്രാന്‍സ്ഫറായ സമയം. വീട്ടില്‍ ആകെ പാക്കിങ്ങിന്റെ ബഹളം.. ഞങ്ങള്‍ വീടു മാറുകയാണെന്നാണ് ധരിച്ച് എന്തോ വലിയ അത്യാഹിതം സംഭവിച്ചപോലെ രാമന്‍ വീട്ടിലേക്ക് കയറി വന്നു. സ്ഥലമാറ്റമാണെന്നറിഞ്ഞപ്പോള്‍ ആ തടിച്ച മുഖത്തെ കണ്ണുകള്‍ നിറഞ്ഞു വന്നു. ദു:ഖത്തോടെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചു. ഓരോന്നായി പാക്കു ചെയ്യുന്ന വീട്ടു സാധനങ്ങളെ വ്യഥയോടെ നോക്കി താടിക്കു കൈ കൊടുത്തു നിന്നു.


ഞങ്ങള്‍ക്ക് റെയില് വേ സ്റ്റേഷനില്‍ പോകുവാനുള്ള ടാക്സി വീടിനു മുന്നില്‍ കാത്തു കിടക്കുന്നു. വീട്ടുടമസ്ഥനോടും അയല്‍പക്കക്കാരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ കാറിലേക്ക് കയറാന്‍ തുടങ്ങുകയാണ്. രാമനും കിച്ചനും ടാക്സിക്കടുത്തു നില്പ്പുണ്ട്. പെട്ടെന്ന് കരച്ചിലിന്റെ ഒരു വികൃത ശബ്ദം. അരാണ് കരഞ്ഞത്...? രാമനോ അതോ കിച്ചനോ…? എനിക്കു മനസ്സിലായില്ല. ഞാന്‍ രണ്ടു പേരെയും മാറി മാറി നോക്കി. ആ രണ്ടു മുഖങ്ങളിലും കണ്ണുനീരിന്റെ ഈറന്‍ ഉണ്ടായിരുന്നല്ലോ

24.9.11

കാത്തിരിപ്പിന്‍റെ തിരുനാളുകള്‍

കയ്യിലിരുന്ന കാലന്‍ കുട ചുരുക്കി ഇറയത്തു വെച്ച് വരാന്തയിലെ ചാരു കസേരയില്‍ ക്ഷീണത്തോടെ ചാഞ്ഞിരുന്നുകൊണ്ട് മാത്തച്ചന്‍ ചേട്ടന്‍ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു
“മറിയക്കുട്ടീ…… കുടിക്കാനിത്തിരി കഞ്ഞിവെള്ളം..”
പുറത്തെ വെയിലിന്റെ പൊള്ളല്‍ ഏല്പ്പിച്ച ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം കസേരയില്‍ കണ്ണടച്ചു ആലോചനയില്‍ മുഴുകി കിടന്ന അയാളെ വെള്ളവുമായി വന്ന മറിയക്കുട്ടിയാണ് ഉണര്ത്തിയത്
“തേങ്ങ എത്രയുണ്ടായിരുന്നു പറമ്പില്..? സൊസേറ്റിക്കാര്‍ എന്നത്തേന് കാശു തരും..?
“ങേ..?കാശോ...?” തെല്ലൊന്നു പതറിയ ശേഷം അയാള്‍ പെട്ടെന്ന് പറഞ്ഞു.
“ഓ...അതവരു ബാങ്കിലേക്ക് ഇടാറല്ലേ പതിവ്..? രണ്ടാഴ്ചയെടുക്കുമായിരിക്കും.”
“ഇതിയാന്റെ ഒരു കാര്യം.... ഇപ്രാവശ്യം നേരത്തെയാണെന്നെ. കഴിഞ്ഞ തവണ തേങ്ങാ മുഴുവന്‍ വീണു കഴിയാറായപ്പോഴാ പോയി ഇടീപ്പിച്ചത്.”
മാത്തച്ചന്‍ മറിയക്കുട്ടിയുടെ തോളില്‍ കിടന്ന കുറിയ മുണ്ടെടുത്തു വെപ്രാളത്തോടെ മുഖം തുടക്കുന്ന പോലെ കാണിച്ച ശേഷം അകത്തേക്ക് കയറിപ്പോയി. എന്നിട്ട് മുറിയില്‍ ചെന്ന് നിന്ന് അവരെ ഒന്ന് പാളി നോക്കി.
ഹോ... ഇപ്രാവശ്യം നുണ പൊളിയുമെന്നു പേടിച്ചു പോയിരുന്നു. തേങ്ങയിടീര്, തെങ്ങിന് വളം ഇടീര്, റബര്‍ തോട്ടത്തില്‍ കള പറിപ്പീര് ഇങ്ങനെ ഓരോ പേരും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി പെരുന്നാള്‍ പറമ്പുകളില്‍ അലയുവാണെന്നു അവള്ക്കറിയില്ലല്ലോ. അറിയേണ്ട. വര്ഷങ്ങള്ക്കു മുന്പ് താന്‍ അവള്ക്കു നഷ്ടപ്പെടുത്തിയ നിധി കയ്യില്‍ തിരിച്ചേല്പ്പിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. കഴിഞ്ഞ ദിവസം അതിരമ്പുഴ പള്ളീല്‍ പെരുന്നാള് കഴിഞ്ഞു പോരുമ്പോള്‍ കിട്ടിയ നേര്ച്ചയില്‍ കുറച്ചു മറിയക്കുട്ടിക്കു കൊടുക്കുവാന്‍ തൂവാലയില്‍ പൊതിഞ്ഞെടുത്തതാണ്. പിന്നെ ബസ്സിലിരുന്നു അത് തിന്നു തീര്ത്തു. പതിവില്ലാതെ അതിരമ്പുഴ പെരുന്നാള് കൂടാന്‍ പോയതെന്തിനാനെന്നു ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയും...? എന്നെങ്കിലും ഈ തേടലിന് ഒരവസാനം ഉണ്ടാകാതിരിക്കുമോ..?. അന്ന്‍ അവളോടു പറയണം രണ്ടു കൊല്ലമായി നടത്തിയ ഈ അലച്ചിലിനെക്കുറിച്ച്. സേവിച്ചന്‍ “അമ്മച്ചീ”ന്നു വിളിച്ചു കൊണ്ടു അടുക്കളയിലേക്ക് കയറിചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ മുഖത്തെ അന്ധാളിപ്പ് അയാള്‍ പലതവണ മനസ്സില്‍ കാണും. അത് ചിരിയായിരിക്കുമോ..? അതോ മുപ്പതു കൊല്ലം അടക്കിപ്പിടിച്ച കണ്ണുനീരായിരിക്കുമോ..? അവള്‍ക്ക് അവനെ തിരിച്ചറിയാനാകുമോ..? മുപ്പതിലധികം വര്ഷങ്ങള്‍ അവനില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും വരുത്തിയിട്ടുണ്ടാകുക...? ജരാനര കയറിയ ചാച്ചനെയും അമ്മച്ചിയെയും അവനും അത്ഭുതത്തോടെയായിരിക്കും നോക്കുക. ഉറപ്പ്‌.
“ചോറുണ്ടായിരുന്നോ..?” മറിയക്കുട്ടി വിളിച്ചു ചോദിച്ചു.
“വഴീന്നു കഴിച്ചു..”
കട്ടിലിലേക്ക് ക്ഷീണത്തോടെ ചാഞ്ഞുകൊണ്ടയായാള്‍ പറഞ്ഞു. ക്ഷീണം ശരീരത്തിനു മാത്രമേ ഉള്ളു. വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും മനസ്സ്‌ ഇപ്പോഴും ചെറുപ്പം. ഇതു പോലെ എത്ര പെരുന്നാള്‍ പറമ്പിലും അലയാന്‍ തയ്യാര്‍.
സത്യം പറഞ്ഞാല്‍ മൂന്ന് കൊല്ലം മുന്പ് ഒരു ഉച്ച കഴിഞ്ഞ നേരം വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ വന്ന തമിഴത്തിയാണ് ഇതിന്റെ തുടക്കക്കാരി. മുറ്റത്തിരുന്നു മറിയക്കുട്ടി കൊടുത്ത കഞ്ഞി കുടിച്ചു പോകാതെ അവള്‍ ഓരോന്ന് പറഞ്ഞിരുന്നതേ അയാള്ക്ക് ‌ പിടിച്ചില്ല. അവളുടെ തമിഴ്‌ വര്ത്തമാനം കേട്ട് നില്ക്കാന്‍ മറിയക്കുട്ടിയും. കള്ള വര്ഗങ്ങളായിരിക്കും. പകല്‍ ഓരോന്ന് കണ്ടു വെച്ച് രാത്രി കളവിന് വരുന്ന കൂട്ടങ്ങള്‍. “പറഞ്ഞു വിടാന്‍ നോക്ക്” എന്ന് മറിയക്കുട്ടിയെ സ്വകാര്യത്തില്‍ ശാസിക്കകൂടി ചെയ്തു. ഒടുവില്‍ തമിഴത്തി ലക്ഷണം പറയാന്‍ തുടങ്ങി. അതോടെ അയാള്ക്ക് ക്ഷമ നശിച്ചു
”പോയ്ക്കൊളണം ഇവിടന്ന്‍...തോമാശ്ലീഹാ വിശുദ്ധ ഗ്രന്ഥം വെച്ച സത്യ ക്രിസ്ത്യാനിയുടെ തറവാട്ടില്‍ വന്നിരുന്നു മുഖ ലക്ഷണം പറയുന്നോ..? അത് കേള്ക്കാന്‍ ഇവിടൊരുത്തിയും.... “
ഉറക്കെയുള്ള തന്റെ ശകാരം കേട്ടിട്ട് മറിയക്കുട്ടി നീരസത്തോടെ വീടിനുള്ളിലേക്ക് വലിഞ്ഞു. തമിഴത്തിയെ പുറത്താക്കി ഗേറ്റടക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ പറഞ്ഞ വാചകം അയാളെ നടുക്കിക്കളഞ്ഞു.
“നാന്‍ പോയ്‌ സൊല്ലമാട്ടെ. വീടു വിട്ടു പോയ ഉങ്ക പയ്യന്‍..... അവാ വന്തിടുവാങ്ക..കട്ടായമാ..”
കൊല്ലങ്ങളായി മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞുകിടന്ന എന്തോ ഒന്ന് ഒരു നിമിഷം കൊണ്ട് ലാവയായി ഉരുകി അതിന്റെ ഉപരിതലത്തേക്ക് ഇരച്ചെത്തി. ആ ഇരപ്പിന്റെറ ശക്തിയില്‍ അയാള്‍ ചെറുതായി കിതച്ചു. ശ്വാസം തടയുന്ന പോലെ..ശരീരത്തിന് ഭാരം നഷ്ടപ്പെടുന്നുവോ...? നടന്നു നീങ്ങുന്ന തമിഴത്തി കണ്ണില്‍ നിന്നും മാഞ്ഞു. അപ്പന്റെ തനി പകര്പ്പെന്നു നാട്ടുകാര്‍ വാല്‍സല്യത്തോടെ പറഞ്ഞിരുന്ന ആ പൊടി മീശക്കാരന്‍. “ചാച്ചാ..”എന്ന ആ വിളി...”
ക്ഷണനേരം കൊണ്ടു എങ്ങുനിന്നോ ഒരു ഉര്ജം ശരീരത്തിലേക്ക് വന്നു നിറഞ്ഞു. അത് അയാളുടെ കാലുകളിലേക്ക് ഒഴുകി ഇറങ്ങി, അവയെ ചലിപ്പിച്ചു തുടങ്ങി. പിന്നെ ഒറ്റ കുതിപ്പായിരുന്നു. ഒരു നിമിഷം കൊണ്ടു പറമ്പിന്റെ തെക്കേ മൂലയില്‍ എത്തി.
വളവു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയ തമിഴത്തിയെ കൈ തട്ടി വിളിച്ചു ഒരിക്കല്‍ കൂടി പറയിപ്പിച്ചപോഴും അവള്‍ അത് തന്നെ ആവര്ത്തിച്ചു.
“കവലപ്പെടാതിങ്കേ....വരുവാങ്ക ..” മാറാപ്പില്‍ കിടക്കുന്ന കുഞ്ഞിന്റെ വായില്‍ മറിയക്കുട്ടി കൊടുത്ത പലഹാരം വച്ച് കൊടുത്തു കൊണ്ടവള്‍ നടന്നു നീങ്ങി.
തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ നീരസം മാഞ്ഞിട്ടുണ്ടായിരുന്നില്ല. “
ഇങ്ങനെ മനസ്സലിവില്ലാത്ത ഒരാള്. ആ തമിഴത്തി പാവം. ഇങ്ങനാണോ പാവങ്ങളോട് പെരുമാറുന്നെ..?”
വീണ്ടും അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എങ്ങനെ കേള്ക്കാന്‍..? മനസ്സ് മൂന്ന് ദശാബ്ദങ്ങള്‍ക്കപ്പുത്തെത്തിക്കഴിഞ്ഞല്ലോ.
”എന്നെ തല്ലല്ലേ ചാച്ചാ..” എന്ന സേവിച്ചന്റെ നിലവിളി.
‘പിള്ളേരെ കാര്യം പറഞ്ഞു മനസ്സിലാക്കിയാല്‍ മതി തല്ലേണ്ട കാര്യമൊന്നുമില്ല” എന്ന് പറഞ്ഞു തടസ്സം പിടിക്കുന്ന കറിയാച്ചന്‍.
സാലമ്മയുടെ ട്യൂഷന്‍ സാറാണത്രേ പുസ്തകത്തില്‍ നിന്നും കത്ത് കണ്ടു പിടിച്ചു കറിയാച്ചനെ ഏല്പ്പിച്ചത്‌. ചോദിച്ചിട്ട് സാലമ്മ ഒന്നും പറയുന്നുമില്ല. കരച്ചില് മാത്രം.
“സാലമ്മക്കൊച്ചും സേവിച്ചനും കുഞ്ഞു നാളിലേ അറിയുന്നവരല്ലേ. അവളെ എന്റെ മരുമകളായി ഞാന്‍ എന്നേ കണ്ടതാ കറിയാച്ചാ...” എന്നൊക്കെ പറഞ്ഞു മറിയക്കുട്ടി കറിയാച്ചനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു .
“ഓ..പിന്നേ...വെല്ല്യ കാര്യായിപ്പോയി. അതൊക്കെ അവര്‍ക്ക് പ്രായമാകുമ്പോള്‍ ആലോചിക്കേണ്ട കാര്യമാ. അല്ലാതെ കുടുംബത്തില്‍ പിറന്നവര്ക്ക് ചേരണ പണിയാണോ ഇത് ..?”
എന്ന കറിയാച്ചന്റെ‍ ദേഷ്യപ്പെട്ടിട്ടുള്ള ചോദ്യം കേട്ട് മറുപടി ഇല്ലാതെ നിന്നപ്പോഴാണ്‌ കുളക്കടവില്‍ നിന്നും വൈകിട്ടത്തെ കുളി കഴിഞ്ഞ സേവിച്ചന്‍ കയറി വന്നത് .
കറിയാച്ചന്റെ കയ്യിലെ കത്ത് കണ്ടു അവന്‍ കുറ്റവാളിയെപ്പോലെ പതറുന്നത് കണ്ടപ്പോള്‍ അഭിമാനം ഒലിച്ചു പോകുന്നത് പോലെ തോന്നി.
“ഇവനെക്കൊണ്ട് ഞാന്‍ പറയിപ്പിച്ചിട്ടെ ഉള്ളു കാര്യം” എന്നു പറഞ്ഞു തലങ്ങും വിലങ്ങും അടിച്ചിട്ടും കലി അടങ്ങിയില്ല. തടയാന്‍ വന്ന മറിയക്കുട്ടിക്കും കിട്ടി കണക്കിന്.
അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വരാന്‍ കൂട്ടാക്കാതെ സേവിച്ചന്‍ കട്ടിലില്‍ ചുരുണ്ടു കിടന്നു. “കൊച്ചിന് വേണ്ടേല്‍ എനിക്കും വേണ്ട” എന്നു പറഞ്ഞു കൊണ്ടു മറിയക്കുട്ടിയും. കൊണ്ടു വെച്ച കഞ്ഞി രണ്ടു വറ്റ് കഴിച്ചു പോയിക്കിടന്നപ്പോഴും സേവിച്ചന്റെ മുറിയില്‍ നിന്നും തേങ്ങലിന്റെ അലകള്‍ കേള്ക്കാമായിരുന്നു.
പിറ്റേന്ന് പള്ളിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ സേവിച്ചന്‍ കട്ടിലില്‍ ഇല്ല. ഇനി നേരത്തെ എഴുന്നേറ്റു പള്ളീല്‍ പോയിരിക്കുമോ..? പള്ളീല്‍ കഴിഞ്ഞപ്പോള്‍ പള്ളി മുററത്തൊന്നും അവനെ കണ്ടതുമില്ല. ആവലാതിയോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ പരിഭ്രാന്തയായി മുറ്റത്ത് നില്ക്കുന്ന മറിയക്കുട്ടി. കൂടെ കറിയാച്ചനും കുറച്ച് അയല്ക്കാരും ഉണ്ട്.
“ചെറുക്കനെ കാണാനില്ല” എന്നു പറയുമ്പോള്‍ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.’
‘എവിടെപ്പോകാനാ മറിയക്കുട്ടീ...?” എന്നു പറഞ്ഞു അവളെ ആശ്വസിപ്പിക്കുമ്പോഴും എന്നെന്നേക്കുമായി അവന്‍ നഷ്ടപ്പെട്ടു എന്ന സത്യം അപ്പോഴും അയാള്‍ അറിഞ്ഞിരുന്നില്ല. അന്വേഷിച്ചു പോയവര്‍ ഉത്തരമില്ലാതെ മുന്നില്‍ വന്നു നിന്നപ്പോഴും പിണക്കം മറന്നു അവന്‍ വരും എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.

എവിടെയെല്ലാം അന്വേഷിച്ചു. നിരങ്ങി നീങ്ങിയ ദിവസങ്ങളും ആഴ്ചകളും. ചിരിമാഞ്ഞ മറിയക്കുട്ടിയുടെ മുഖമായിരുന്നു ആ സമയങ്ങളില്‍ അയാളുടെ ഉറക്കം കെടുത്തിയത്‌. അവള്‍ തന്നെയൊന്നു കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ എന്നയാള്‍ അക്കാലങ്ങളില്‍ ആശിച്ചിട്ടുണ്ട്.
സേവിച്ചന്റെ ഷര്ട്ടും മുണ്ടും പഠിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളും അത് പോലെ തന്നെ അവന്റെ മുറിയിലെ അലമാരയില്‍ ഇരുന്നു. മറിയക്കുട്ടി അയാള്‍ കാണാതെ ആ പുസ്തകങ്ങള്‍ ഇടക്കിടക്ക്‌ പൊടി തട്ടി വെക്കുകയും തുണികള്‍ അലക്കി ഇസ്തിരി ഇടുന്നുണ്ടെന്നും അയാള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം വീട് വെള്ള പൂശല്‍ കഴിഞ്ഞ് അവള്‍ അതെല്ലാം അവിടെത്തന്നെ അടുക്കി വെക്കുന്നത് കണ്ടപ്പോള്‍ വിഷമത്തോടെ ആണയാള്‍ ചോദിച്ചത്.
“എന്റെ മറിയക്കുട്ടീ...ഇനീം എന്തിനാ....?”
തീ പാറുന്ന ഒരു നോട്ടമായിരുന്നു മറുപടി. വിറകു പുരയില്‍ പെറ്റ് കിടന്നിരുന്ന പെണ് പട്ടിയുടെ അതേ കണ്ണുകള്‍ അവളുടെ മുഖത്ത്. പട്ടികുഞ്ഞിനെ ഒരെണ്ണം കറിയാച്ചന് എടുത്തു കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത് കടിക്കാന്‍ വന്നതാണ് അയാള്ക്കപ്പോള്‍ ഓര്മ്മ വന്നത്. മറിയക്കുട്ടി പൊട്ടിത്തെറിച്ചു എന്തെങ്കിലും പറയുമോ എന്നയാള്‍ ഭയന്നു. ഉച്ചത്തില്‍ കരഞ്ഞു കൊണ്ടാണവള്‍ പിന്നീടതെല്ലാം അടുക്കി വെച്ചത്. അവനെ കാണാതായ ദിവസങ്ങളില്‍ കേട്ട അതേ കരച്ചില്‍. അതിനു തീവ്രത എറിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നു അന്ന്‍ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എങ്കിലും സേവിച്ചന്‍ എന്നൊരു വാക്ക് പിന്നീടും അവളുടെ നാവില്‍ നിന്ന് വീണില്ല. പിന്നീട് കാല ചക്രം ഉരുട്ടി നീക്കിയ എത്രയോ വര്ഷങ്ങള്‍. രണ്ടു മനുഷ്യ ജീവികള്‍ മാത്രമുള്ള ആ വലിയ വീട്ടിലെ കനത്ത നിശബ്ദത അവര്ക്ക് കൂട്ടായി. ആര്ക്കു വേണ്ടിയോ ഇരുണ്ടു വെളുക്കുന്ന ദിവസങ്ങള്‍.
സേവിച്ചനെ കാണാതായതിനു ശേഷം സാലമ്മ പഠിപ്പ് നിര്ത്തിയെന്ന് കറിയാച്ചന്‍ സങ്കടത്തോടെ വന്നു പറഞ്ഞപ്പോഴും മറിയക്കുട്ടി ഒന്നും പറഞ്ഞില്ല. പള്ളിയില്‍ പോകുമ്പോള്‍ ഇടക്ക് സാലമ്മയെകണ്ടാലും തല കുനിച്ചു നെറ്റ് കൊണ്ടു മുഖം മൂടി അവള്‍ നടന്നു നീങ്ങിക്കളയും. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം സാലമ്മയുടെ കല്യാണം വിളിക്കാന്‍ കറിയാച്ചന്‍ വീട്ടില്‍ വന്നപ്പോള്‍ മറിയക്കുട്ടി സന്തോഷപൂര്‍വം ചെറുക്കന്‍ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.
കല്ലിച്ച മുഖവുമായി വെള്ള സാരിയും നെറ്റും മുടിയുമണിഞ്ഞ സാലമ്മ കല്യാണമിറങ്ങാന്‍ നേരത്ത്‌ ഓരോരുത്തര്ക്കായി സ്തുതി കൊടുക്കുന്നു. അപ്പനുമമ്മക്കും സ്തുതി കൊടുത്തപ്പോഴും ആ മുഖത്ത് നിസ്സംഗ ഭാവം. താനും മറിയക്കുട്ടിയും സ്തുതിക്കായി അവളുടെ അടുത്തു വന്നപ്പോള്‍ മറിയക്കുട്ടിയെ കെട്ടിപ്പിടിച്ച് ആ പെങ്കൊച്ച് കരഞ്ഞ ഒരു കരച്ചില്‍. അവളുടെ മുഖത്തെ പൌഡറും കണ്‍ മഷിയുമെല്ലാം ആ കണ്ണു നീരില്‍ ഒലിച്ചിറങ്ങി. വാല്‍സല്യത്തോടെ അവളുടെ കണ്ണുനീരു തുടച്ചു കൊടുത്തു “പോട്ടെ...കുഞ്ഞു വീട് വിട്ടു പോകുന്നതിന്റെ‍യാ...” എന്ന് പറഞ്ഞു കൊണ്ടു മറിയക്കുട്ടി അവളെ കാറില്‍ കൊണ്ടിരുത്തുമ്പോഴും അയാള്‍ കുറ്റബോധം കൊണ്ടു നീറി. കാറിലിരുന്നും കേട്ട സാലമ്മയുടെ നിര്ത്താതെയുള്ള തേങ്ങലുകള്‍ മൂര്ച്ചയുള്ള വാളായി അയാളുടെ ചങ്കില്‍ തറഞ്ഞു കയറി.
കല്യാണ വിരുന്നു വന്ന കാലത്തും സാലമ്മയുടെ മുഖത്ത് സാധാരണ മണവാട്ടി പെണ്ണുങ്ങളുടെ മുഖത്ത് കാണാറുള്ള യാതൊരു പ്രസരിപ്പും കണ്ടില്ല.പക്ഷേ കുറെ നാളുകള്ക്കു ശേഷം കറിയാച്ചന്റെ വീട്ടില്‍ സാലമ്മയുടെ കുഞ്ഞിനെ കാണാന്‍ ചെന്നപ്പോഴേക്കും പെണ്ണാകെ മാറിയിരുന്നു. കുഞ്ഞിനു മുല കൊടുത്തു കൊണ്ടിരുന്ന അവള്ക്കു തന്നോടും മറിയക്കുട്ടിയോടും ഒന്ന് മിണ്ടാന്‍ കൂടി സമയമില്ലായിരുന്നു എന്നതായിരുന്നു സത്യം. ഭര്ത്താവിന്‍റെ കൂടെ കുഞ്ഞിനേയും കളിപ്പിച്ചിരുന്ന അവള്‍ അവരു പോരാന്‍ നേരം വിഷമിച്ചു വന്നൊന്നു മിണ്ടി. മാതൃത്വം ഒരു പെണ്ണിനെ എങ്ങനെ മാറ്റിക്കളയും മറിയക്കുട്ടിയെക്കാള്‍ ഏറെ അയാളെ പഠിച്ചത് സാലമ്മ തന്നെ. അല്ലെങ്കിലും മറിയക്കുട്ടിയുടെ ഉള്ളിലെ വിചാര വിചാരങ്ങള്‍ അളക്കുവാന്‍ താന്‍ ആളല്ലെന്ന് പല പ്രാവശ്യം അയാള്ക്ക് ‌ ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സേവിച്ചനെ ഓര്ത്ത് ‌ ഒരു നെടുവീര്പ്പു പോലും സാലമ്മയില്‍ ബാക്കിയില്ലാതെ ആക്കിയ അവളുടെ കുഞ്ഞ്. അവനെയോര്ത്തു ദുഖമടക്കുന്ന മറിയക്കുട്ടിയെക്കുറിച്ച് ഓര്‍ത്ത്‌ അപ്പോഴും അയാള്‍ നടുങ്ങി.

സാലമ്മയുടെ ഭര്ത്താവിനു അമേരിക്കയില്‍ ജോലി കിട്ടി അവരെല്ലാവരും അങ്ങോട്ട്‌ പോകുന്ന സമയത്ത് യാത്ര പറയാന്‍ നേരത്താണ് ഒടുവില്‍ അവളെ കണ്ടത്‌. അവളുടെ മകള്ക്ക് അപ്പോള്‍ പത്തു വയസ്സായിക്കാണുമെന്നു തോന്നുന്നു. ഇളയ ആണ്‍ കൊച്ചിന് ഒരു എട്ടു വയസ്സും. ഇരുത്തം വന്ന ഒരു വീട്ടമ്മയായിക്കഴിഞ്ഞിരുന്നു സാലമ്മ അപ്പോള്‍. നേരെ നോക്കി സംസാരിക്കുവാന്‍ മടിച്ചിരുന്ന അവള്‍ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞിരുന്നു. ഭിത്തിയില്‍ ഇരുന്ന സേവിച്ചന്റെ‍ ഫോട്ടോയിലേക്ക് അവള്‍ ഒന്ന് നോക്കുക കൂടി ചെയ്തില്ല.
പിന്നെയും വര്ഷങ്ങള്‍ എത്ര കഴിഞ്ഞു പോയി. സേവിച്ചന്‍ വീട് വിട്ടു പോയി എന്നത് എപ്പോഴോ സംഭവിച്ച ഒരു സത്യമായി മനസ്സ് പാകപ്പെട്ടു കഴിഞ്ഞു. അപ്പോഴാണ്‌ പ്രതീക്ഷയുടെ മിന്നല്‍ പിണറായി തമിഴത്തി വന്നു പെട്ടത്.

പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ് അര്ത്തുങ്കല്‍ പള്ളി പെരുന്നാളിന് പോയ ദേവസ്സിക്കുട്ടി ആ സംശയം വന്നു പറഞ്ഞത്‌. സേവിച്ചനെപ്പോലെ ഒരാളെ പെരുന്നാള്‍ ബാന്റു സംഘത്തില്‍ കണ്ടത്രേ..ആരോ “സേവ്യറെ” ന്നു വിളിക്കുന്നതും കേട്ടു..ആളുടെ രൂപം കുറച്ചു മാറിയിട്ടുണ്ട് പക്ഷെ മാത്തച്ചന്‍ ചേട്ടന്റെ അതേ കഷണ്ടിത്തലയുള്ള ആ കൊച്ചനെ കണ്ടാല്‍ എനിക്കറിയാമ്മേലെ..?
“എന്നിട്ടോ..? ദേവസ്സിക്കുട്ടീ..? മറിയക്കുട്ടി കേള്ക്കാതെ അവനെ മുറ്റത്തേ മാഞ്ചുവട്ടിലേക്ക് മാറ്റി നിര്ത്തി യാണ് അയാള്‍ ബാക്കി കാര്യങ്ങള്‍ ചോദിച്ചത്.
“എന്നാ പറയാനാ മാത്തച്ചാ... പിന്നെ രണ്ടാമതൊന്ന്‍ നോക്കിയപ്പോള്‍ ആളെ കണ്ടതുമില്ല. ഒരേ പോലത്തെ യൂണിഫാറം അണിഞ്ഞ ബാന്റുകാരല്ലേ..? എങ്ങനെ കണ്ടു പിടിക്കാനാ..?”
അന്ന് തുടങ്ങയതാണീ അലച്ചില്‍. പെരുന്നാള്‍ പറമ്പുകളില്‍ നിന്നും പെരുന്നാള്‍ പറമ്പുകളിലേക്ക്‌. ഒന്ന് രണ്ടു ബാന്റുകാരോട് ചോദിക്കുക കൂടെ ചെയ്തു. “ഏതു ബാന്റ് സംഘം എന്നറിയാതെ എങ്ങനെ കണ്ടു പിടിക്കും..?” എന്നവര്‍ കളിയാക്കിയതോടെ അതും നിറുത്തി.

വേണ്ടാ...എന്റെ സേവിച്ചനെ കണ്ടു പിടിക്കാന്‍ ആരുടെയും സഹായം വേണ്ട. അവനെ മറിയക്കുട്ടിയുടെ മുന്നില്‍ ഒരു നിമിഷം നിറുത്തിയാല്‍ മതി എനിക്ക്. അന്നിട്ടവന്‍ എങ്ങോട്ടാണെന്ന് വെച്ചാല്‍ തിരിച്ചു പൊയ്ക്കോട്ടേ. മുപ്പതു വര്ഷത്തിലധികം ഈ അപ്പനെയും അമ്മയെയും ശിക്ഷിച്ചത്‌ മതി എന്നവനോടു പറയണം. അവനിപ്പോള്‍ ഭാര്യയും മക്കളുമൊക്കെ കാണും. മക്കള്‍ വളര്ന്നു വലിയ പിള്ളേരായിക്കാണും. തന്റെ പിന്‍ തുടര്ച്ചക്കാര്‍... ചിതറിപ്പോയ കണ്ണികളായി എങ്ങോ വളരുന്ന തന്റെ പേരക്കുട്ടികള്‍.... മറിയക്കുട്ടിയുടെയും തന്റെയും മുഖച്ഛായയുള്ള കുഞ്ഞുങ്ങളെ അയാള്‍ മനസ്സില്‍ സങ്കല്പ്പിച്ചു നോക്കി. എന്നിട്ട് ആ സുഖമുള്ള ഓര്മ്മയില്‍ തനിയെ ചിരിച്ചു.
ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ കണ്ണു തുറന്നു കിടക്കുകയായിരുന്നു മാത്തച്ചന്‍ ചേട്ടന്‍. സ്വീകരണ മുറിയില്‍ വിരുന്നുകാരുടെ ശബ്ദം. കറിയാച്ചന്റെ‍ കൂടെ എങ്ങോ കണ്ടു മറന്ന ആ മുഖങ്ങളെ ശബ്ദങ്ങളിടയിലൂടെ ഉറക്കച്ചടവില്‍ വേര്‍ തിരിച്ചെടുക്കുമ്പോള്‍ സാലമ്മയും ഭര്ത്താവും മക്കളും പുഞ്ചിരി മായാതെ അയാളെ ഉറ്റു നോക്കുന്നു. സാലമ്മ മുടിയൊക്കെ മുറിച്ചു ആകെ പരിഷ്കാരിയായിരിക്കുന്നു. ഇവള്ക്ക് പണ്ടത്തേലും ചെറുപ്പമായോ..? കൂടെയുള്ള പത്തിരുപതു വയസ്സുകഴിഞ്ഞ ചെറുക്കന് കാതില്‍ കടുക്കനും കെട്ടി വെച്ച നീണ്ട മുടിയും. തൊട്ടടുത്ത് നില്ക്കു ന്ന അവളുടെ മകളെ കണ്ടാല്‍ ശരിക്കും ഒരു മദാമ്മ പെണ്ണാണെന്നേ തോന്നൂ. അവളുടെ മുഖവും ശരീരവും മാത്രമേ പെണ്ണിനെപ്പോലുള്ളൂ. വേഷ ഭൂഷാദികളെല്ലാം തനി ആണിന്റെത്. അമേരിക്കയില്‍ ആണ് പെണ്ണിനെപ്പോലെയും പെണ്ണ് ആണിനെപ്പോലെയും ആയിരിക്കുമോ..? അടുത്ത മാസം അവളുടെ കല്യാണമാണത്രേ.
“എവിടാ കറിയാച്ചാ ചെറുക്കന്റെട തറവാട്..? നല്ല കുടുംബക്കാരാ..?”
”അതിനു ചെറുക്കന്‍ നമ്മുടെ നാട്ടുകാരനല്ല മാത്തച്ചാ..അമേരിക്കക്കാരനാ..” കറിയാച്ചന്റെ സന്തോഷത്തോടെയുള്ള മറുപടി.
“അയ്യയ്യോ..അന്യ നാട്ടുകാരന്‍ സായിപ്പോ..?”
‘അതിനെന്താ മാത്തച്ചാ...കാലം മാറിയില്ലേ... ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനാ. നമ്മളവരുടെ ഇഷ്ടത്തിനങ്ങു വിട്ടു കൊടുത്തേക്കണം. “
മാത്തച്ചന്‍ ഒന്നും മിണ്ടാതെ കറിയാച്ചനെ നോക്കി നിന്നു. പിന്നെ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി.. കയ്യിലിരുന്ന അമൂല്യമായ നിധി എവിടെയോ കൊണ്ടു കളഞ്ഞ വിഡ്ഢി. കാലങ്ങള്‍ കൊണ്ട് മണ്ണിനടിയില്‍ പുതഞ്ഞു പോയ അതിന്റെ ദിക്ക് പോലുമറിയാതെ തേടി നടക്കുന്നവന്‍. അതോ എന്നെന്നേക്കുമായി അത് മറഞ്ഞു പോയോ..? കാലം മാറുമ്പോള്‍ തെറ്റ് ശരിയാകുന്ന മാന്ത്രിക വിദ്യയില്‍ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെ ആര്ക്കു തിരിച്ചു പിടിക്കാനാവും...?

കറിയാച്ചനും കൂട്ടരും യാത്ര പറയുമ്പോഴും മറിയക്കുട്ടിയുടെ മുഖത്ത് നോക്കുവാന്‍ അയാള്ക്ക് ‌ ധൈര്യമില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് അയാള്‍ സാവധാനം അവരുടെ മുഖത്തേക്ക് തല ഉയര്ത്തി നോക്കി. പെറ്റു കിടക്കുന്ന പെണ് പട്ടിയുടെ കണ്ണുകള്‍ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. അതയാളെ കടിച്ചു കീറുന്നതിനു മുന്പ് തിടുക്കത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു മുറിക്കുള്ളിലേക്ക് പാഞ്ഞു. എന്തെന്നില്ലാത്ത തളര്ച്ചയോടെ കട്ടിലിലേക്ക് വീഴുമ്പോള്‍ അവിടെ കിടന്ന അന്നത്തെ പത്രത്താളില്‍ കണ്ണുകള്‍ ഉടക്കി.
”നാളെ കുറവിലങ്ങാട് പള്ളിയില്‍ മൂന്ന് നോയമ്പ് തിരുനാള്‍. രാവിലെ പത്തിന് തിരുനാള്‍ കുര്ബ്ബാന, പ്രദിക്ഷണം, ലദീഞ്ഞു.......”
മാത്തച്ചന്‍ ചേട്ടന്‍ വര്ദ്ധിച്ച ഉത്സാഹത്തോടെ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“മറിയക്കുട്ടീ....തേപ്പ്‌കാരന്‍ ഇസ്തിരിയിട്ട മുണ്ടും ഷര്ട്ടും ഇരിപ്പില്ലേ....നാളെ ആ റബ്ബര്‍ തോട്ടം വരെ ഒന്ന് പോണം. അത് കടും വെട്ടു കൊടുക്കാറായെന്നു വെട്ടുകാരന്‍ പറഞ്ഞത്‌ ശരിയോ എന്ന് നോക്കീട്ട് വരാം.”

3.8.11

പിരാനകള്‍പിരാനകള്‍ കൂട്ടത്തോടെയാണ് സുജയുടെ ചുറ്റും എത്തിയത്‌. എങ്ങനെ അവ എത്തി എന്നത് അവള്ക്കു മനസ്സിലായില്ല. വിവസ്ത്രയായി കിടന്ന അവളുടെ ശരീരത്തിലെ മാംസം അവ ഒരറ്റത്തു നിന്നും ഭക്ഷിക്കുവാന്‍ തുടങ്ങി. കാലുകളില്‍ നിന്നും അവ ഉടലിലേക്ക് നീങ്ങിയിരിക്കുന്നു. കാലുകളില്‍ ഇപ്പോള്‍ അസ്ഥികള്‍ മാത്രമേ ബാക്കിയുള്ളു. ഉടലിലെ മാംസം തിന്നു തീര്ന്ന അവ അവളുടെ വലത്തെ മാറും ഭക്ഷിച്ചു കഴിഞ്ഞു, ഇപ്പോള്‍ അവ അവളുടെ ഇടത്തെ മാറിലേക്ക് നീങ്ങിയിരിക്കുന്നു. വളരെ പെട്ടെന്ന് അത് തീര്ത്തുകഴിഞ്ഞ പിരാനകള്‍ ഇപ്പോള്‍ അവളുടെ ഹൃദയത്തിനടുത്താണ്. പക്ഷേ തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം മാത്രം അവക്ക്‌ ഭക്ഷിക്കാനാവുന്നില്ല. കൂര്ത്ത പല്ലുകള്‍ ഉപയോഗിച്ച് ഓരോന്നായി ശ്രമിക്കുന്നുണ്ട് അവളുടെ ഹൃദയം ഭക്ഷിക്കുവാനായി. പക്ഷേ എന്തൊരതിശയം അവ തോറ്റു പിന്‍വാങ്ങുന്നു. !!! തുടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം അവയെ ഭയപ്പെടുത്തുന്നത് പോലെ തോന്നി. ഇനി അവ എന്ത് ചെയ്യുമെന്ന് നോക്കി കിടക്കുമ്പോഴാണ്.

“ലൈബ്രറിയില്‍ കിടന്നുറങ്ങാതെ ഹോസ്റ്റലില്‍ പോയി ഉറങ്ങൂ സുജേ..”
എന്ന മഹേഷിന്റെ ശബ്ദം അവളെ ഉണര്ത്തിയത്. തടിച്ച റെഫറന്സ് ബുക്കില്‍ തല ചായ്ച്ചു മയങ്ങിപ്പോയ സുജ തല ഉയര്ത്തി മുന്നില്‍ നില്ക്കുന്ന മഹേഷിനെയും പുസ്തകത്തിലെ പിരാന മത്സ്യങ്ങളുടെ ചിത്രത്തിലേക്കും മാറി മാറി നോക്കി. പെട്ടെന്ന് തന്നെ പരിസര ബോധമുണ്ടായ അവള്‍ ബുക്കടച്ചു വെച്ച് അയാളെ നോക്കി ചെറിയ ചമ്മലോടെ ചിരിച്ചു.
“ഉറങ്ങിപ്പോയതറിഞ്ഞില്ല മഹീ... പിരാനകളെപ്പറ്റി ഒരു വിചിത്ര സ്വപ്നവും കണ്ടു.”
അയാളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
“നീയും നിന്റെ ഒരു പിരാനകളും.. ഈ ഗവേഷണം തീര്ന്ന് എന്ന് നമ്മള്‍ വിവാഹിതരാകും സുജേ..? അന്ന് നീ വീട്ടില്‍ വന്നു പോയതില്‍ പിന്നെ അമ്മ ധൃതി പിടിക്കുന്നുണ്ട്.”
“ഇനി അധികമില്ല മഹീ. ഏറിയാല്‍ ഒരു ആറു മാസം..”
ലൈബ്രറിക്ക് മുന്നിലെ തണല്‍ മരത്തിന്റെ ചുവട്ടിലെ ചാരു ബെഞ്ചിലേക്കിരിക്കുന്നതിടയില്‍ അവള്‍ പറഞ്ഞു.
നോക്കൂ.. മഹേഷ്‌, ഈ പിരാനകളില്‍ ചെറിയൊരു വിഭാഗം മാത്രമേ മാംസഭുക്കുകളുള്ളൂ. ചില സ്പീഷിസുകള്‍ മാത്രം ബാക്കിയെല്ലാം സസ്യഭുക്കുകളാണ്.” സുജ വീണ്ടും പിരാനകളെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.
“പക്ഷെ നമ്മള്‍ കേട്ടിരിക്കുന്നത് അങ്ങനെയല്ലല്ലോ..? ഒരു മനുഷ്യനെ കിട്ടിയാല്‍ കൂട്ടത്തോടെ ആക്രമിച്ചു എല്ലു മാത്രം ബാക്കി വെക്കുന്ന മീനുകളെന്നല്ലേ.”
“അത് ചെറിയ ശതമാനം മാത്രമേ ഉള്ളു. ബാക്കിയുള്ളവ വെറും നിരുപദ്രവകാരികള്‍. പക്ഷേ മാംസഭോജികള്‍ അപകടകാരികള്‍ തന്നെ. വിശന്നിരിക്കുന്ന പിരാന അതിന്റെ കുഞ്ഞുങ്ങളെ വരെ തിന്നു കളയും.”
“ഭീകരം തന്നെ. യക്ഷികള്‍ മനുഷ്യന്റെ മുടിയും നഖവും മാത്രം ബാക്കി വെക്കുന്ന പോലെ ഒരു കൂട്ടം മല്‍സ്യങ്ങള്‍ മനുഷ്യന്റെ എല്ലുമാത്രം അവശേഷിപ്പിച്ചു ഭക്ഷിക്കുക.”
“തീര്ച്ചയായും...അതാണല്ലോ ഞാന്‍ ഗവേഷണ വിഷയമായി പിരാനകളെ തന്നെ തിരഞ്ഞെടുത്തത്‌.”
“നിനക്ക് പി ച്ച് ഡി കിട്ടുന്ന ദിവസം ഞാന്‍ എന്റെ ജനകീയ ഭൂമിയുടെ മുന്‍ പേജില്‍ നിന്റെ ചിത്രം കൊടുക്കും.”
“മുന്‍ പേജിലോ..?” സുജക്ക്‌ ചിരിയടക്കാനായില്ല.
“അതേ. കൊച്ചി സര്‍വകലാശാലയില്‍ നിന്നും പിരാനാ മല്‍സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റു ലഭിച്ച സുജാത നായര്‍. എസ് ശേഖരന്‍ നായരുടെയും സുമതിയുടെയും മകളും ജനകീയ ഭൂമി സബ്‌ എഡിറ്റര്‍ മഹേഷ് കുമാറിന്‍റെ പ്രതിശ്രുതവധുവുമാണ്. എങ്ങനെയുണ്ട്..?”
മഹേഷ്‌ ഗൌരവത്തില്‍ ചോദിച്ചു.
“കൊള്ളാം..അവസാന ഭാഗം ഒന്ന് തിരുത്തണം. ജനകീയ ഭൂമി സബ്‌ എഡിറ്റര്‍ മഹേഷ്കുമാറിന്റെ ഭാര്യയുമാണ് എന്ന്‍.”
“അതിനു നമ്മള്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ സുജേ..?
“റിസേര്ച് തീര്ന്നിയട്ടല്ലേ നമ്മുടെ കല്യാണം. എന്നിട്ട് നമുക്ക്‌ ഹണിമൂണിന് ആമസോണ്‍ നദിക്കരയില്‍ പോകണം. പിരാനകളെ കാണുവാന്‍." സുജ ആവേശത്തോടെ പറഞ്ഞു.
“എന്ത്..? അങ്ങ് തെക്കേ അമേരിക്ക വരെയോ..? ഒറിനോക്കോ-ആമസോണ്‍ നദിക്കര ഒരു ഭീകര സ്ഥലമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യ ഭോജികളായ ഗുഹാരിബോസ് എന്ന് പറയുന്ന ഒരു കൂട്ടം വനവാസികള്‍ അവടെയുണ്ടെന്നു കേട്ടിട്ടുണ്ട്. പിന്നെ സിനിമയില്‍ കണ്ടിട്ടുള്ള അനക്കോണ്ട എന്ന നരഭോജി പാമ്പ്‌.”
“ആമസോണിലെ നരഭോജികള്‍ ഇരകള്‍ കണ്മുന്നില്‍ വന്നാലേ ഇരയെ ഭക്ഷിക്കുകയുള്ളു. നമ്മുടെ നാട്ടിലെ നരഭോജികളെപ്പോലെ തന്ത്ര പൂര്‍വം ഇരയെ കുടുക്കില്‍ പെടുത്തുകയില്ല.’
മഹേഷിന്റെ മുഖം പെട്ടെന്ന് മങ്ങി. സര്‍വ ഉത്സാഹവും ചോര്ന്ന് ‍ അയാള്‍ ദേഷ്യത്തോടെ വിളിച്ചു
“സുജേ...”
“സോറി..മഹീ...”
അവള്‍ അയാളെ കുറ്റബോധത്തോടെ നോക്കി.
“നമ്മള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനമെടുത്തപ്പോഴുള്ള ആദ്യത്തെ കണ്ടീഷനായിരുന്നു ഇത്. ഇക്കാര്യം വീണ്ടും എന്നെ ഓര്മ്മപ്പെടുത്തരുതെന്ന്.” അയാള്‍ ഇര്ഷ്യയോടെ പറഞ്ഞു
“വാ..നമുക്ക് കുറച്ചു നടക്കാം.” അയാളുടെ മൂഡ്‌ മാറ്റുന്നതിനായി അവള്‍ പെട്ടെന്ന് പറഞ്ഞു.
“വേണ്ട..എനിക്ക് ഓഫീസില്‍ ഒന്ന് കൂടെ പോകണം. ഫീച്ചറിന്റെ ജോലി തീര്ന്നിട്ടില്ല. നിന്നെ കണ്ടിട്ടു കുറച്ചു ദിവസമായല്ലോ എന്നോര്ത്തപ്പോള്‍ ഇടക്ക് സമയമുണ്ടാക്കി വന്നതാണ്. വല്ലാത്തൊരു കുഴപ്പം പിടിച്ച ഫീച്ചറാണ് അത്. ഒന്ന് രണ്ടു ലക്കം നീ വായിച്ചു കാണുമല്ലോ.”.
“ആ മയക്കു മരുന്ന് മാഫിയായുടേതാണോ...? വായിച്ചു..ശരിക്കും ത്രില്ലിങ്ങാണ് അല്ലെ മഹേഷ്‌..”
“പക്ഷേ..നമുക്കിതൊക്കെ വലിയ തല വേദനയാണ് സുജേ. അതെഴുതാന്‍ തുടങ്ങിയതോടെ ആകെ പ്രശ്നങ്ങളാണ്. നിര്ത്തിയേക്കാം എന്ന് പറഞ്ഞിട്ട് ബോസ്സ് സമ്മതിക്കുന്നുമില്ല”. അയാള്‍ പോകാനൊരുങ്ങിക്കൊണ്ടു പറഞ്ഞു

വൈകുന്നേരം തിരിച്ചു മുറിയിലെത്തിയിട്ടും അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. എപ്പോഴെങ്കിലും ഒരു പീഡനക്കേസ് റിപ്പോര്ട്ട് ചെയ്യേണ്ടി വന്നാല്‍ അയാളുടെ സുജ അവളുടെ സ്കൂള്‍ ബസ്സിലെ ഡ്രൈവറുടെ കയ്യില്‍ കിടന്നു പിടഞ്ഞ രംഗം അയാള്‍ മനസ്സില്‍ കാണും.
അവളുടെ അച്ഛനേക്കാള്‍ പ്രായമുള്ള മനുഷ്യന്‍. അങ്കിള്‍ എന്നാണത്രേ കുട്ടികള്‍ അയാളെ വിളിച്ചിരുന്നത്. സ്കൂള്‍ ബസ്സില്‍ നിന്നും അവസാനം ഇറങ്ങുന്ന പത്തു വയസ്സുകാരിയെ അയാള്‍ പ്ലാന്‍ ചെയ്തു കുടുക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ കണ്ടപ്പോഴാണ് അവള്ക്ക് തനിക്ക് പറ്റിയ അപകടത്തിന്റെ ഗൌരവം കുറച്ചെങ്കിലും മനസ്സിലായത്‌. ഗൈനക്കൊളജിസ്റ്റിന്റെ മുറിയുടെ മുന്നില്‍ പരിശോധനക്കായി അച്ഛന്റെയും അമ്മയുടെയും കൂടെ പോയപ്പോഴും അവരുടെ കണ്ണുകള്‍ തോര്ന്നിരുന്നില്ല. “പോലീസില്‍ അറിയിക്കാമായിരുന്നില്ലേ..?” എന്ന ഡോക്ടറുടെ ചോദ്യത്തിന് മുന്നില്‍ എന്റെ ഗിരിജക്കുട്ടിയുടെ ഗതി എന്റെ മോള്ക്കും വരരുതെന്ന് പറഞ്ഞു അച്ഛന്‍ കൊച്ചു കുട്ടികളെപ്പോലെ വിതുമ്പിക്കരഞ്ഞു. അച്ഛന്റെ കുഞ്ഞനുജത്തി അവളുടെ ഗിരിജചിറ്റ കാമുകനാല്‍ ചതിക്കപ്പെട്ടു ഗര്ഭിണിയായപ്പോള്‍ തൂങ്ങി മരിക്കുകയായിരുന്നത്രേ..
പോലീസും കേസുമൊന്നുമാക്കാതെ അച്ഛന്‍ സ്ഥലം മാറ്റം വാങ്ങി, സ്കൂളും മാറിയപ്പോള്‍ സുജ എന്ന പെണ്കുട്ടി പഴയ സുജയുടെ പേരും രൂപവുമുള്ള വേറെ ഒരു കുട്ടിയായി, പുതിയ സ്കൂളില്‍ പോയി.
കോളേജു പഠനകാലത്ത്‌ പ്രേമത്തോളം വളരാന്‍ തുടങ്ങിയ സൗഹൃദവും അവള്ക്കു ണ്ടായിരുന്നു. ഒരിക്കല്‍ ചവിട്ടി അരക്കപ്പെട്ട പൂവാണ് താനെന്ന അവളുടെ വെളിപ്പെടുത്തലില്‍ ആ സ്നേഹം എങ്ങോ മറഞ്ഞു.
അത് കൊണ്ടു തന്നെ മഹേഷിനോടും തന്റെ പഴയ കാലം വെളിപ്പെടുത്തുവാന്‍ അവള്‍ മടിച്ചില്ല. അതെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണീരോ ശബ്ദത്തില്‍ പതര്ച്ചയോ കാണാതിരുന്നത് അയാളെ അതിശയിപ്പിച്ചു.
“കഴിഞ്ഞ സംഭവങ്ങളുടെ ഒരു നിഴല്‍ പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുത് സുജേ.” എന്ന അയാളുടെ ആശ്വസിപ്പിക്കലില്‍
“നമ്മുടെ തലച്ചോറിലെ ഇഷ്ടമില്ലാത്ത ഓര്മ്മകള്‍ ഫീഡ് ചെയ്യപ്പെട്ട കോശങ്ങളെ നശിപ്പിക്കുവാനുള്ള സംവിധാനം ഇപ്പോഴും മെഡിക്കല്‍ സയന്സ് കണ്ടുപിടിച്ചിട്ടില്ല മഹേഷ്‌.” എന്നാണവള്‍ മറുപടി പറഞ്ഞത്‌.
“പുഴുക്കുത്തേറ്റ മൊട്ടുകള്‍ ശരിയായി വിടാറില്ല എന്ന് പറയുന്നത് വെറുതെയാണ് മഹീ..എന്നെ നോക്ക് ഞാന്‍ അതെല്ലാം അതിജീവിചില്ലേ. ഏതു പുഴുക്കുത്തിനെയും അതിജീവിക്കുവാന്‍ പറ്റിയ ഔഷധം ഉണ്ടാക്കുവാന്‍ അറിയാവുന്ന മനസ്സുമായാണ് ഈ സുജയെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ”
“ഇനി അക്കാര്യം നമുക്ക് പറയണ്ട സുജേ.. പ്ലീസ്‌ ...” അയാള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.
“ഞാന്‍ ആ ദുഃഖം എന്നേ മറികടന്നു മഹേഷ്‌, എന്നാലും കുഞ്ഞു നാളില്‍ കണ്ട പേടി സ്വപ്നം പോലെ ആ ഓര്മ്മകള്‍ എന്റെ മരണം വരെ കൂടെയുണ്ടാകും എന്നാണെനിക്കു തോന്നുന്നത്.”

സുജയുമായുള്ള അടുപ്പം തുടങ്ങിയ കുറെ നാള്‍ ഒരു നീറ്റലായി അത് അയാളുടെ മനസ്സില്‍ കിടന്നു. അവളെ വിട്ടിട്ടു പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ചിന്തകള്‍ നടത്തിയ വടം വലിയില്‍ സുജ എന്ന പെണ്കുട്ടി അയാളുടെ മനസ്സിന്റെ് ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് പ്രിയപ്പെട്ടവളായി മാറി. അവളെപ്പോലൊരു പെണ്കുട്ടി. അതവള്‍ മാത്രമേ ഉള്ളു എന്ന തിരിച്ചറിവില്‍ അയാള്‍ എല്ലാം മറന്നു. എല്ലാം തുറന്നു പറഞ്ഞ അവളുടെ നല്ല മനസ്സിനെ തള്ളിക്കളയാന്‍ ആയില്ല എന്നതായിരുന്നു സത്യം. പത്തു വയസ്സുള്ള ഒരു കൊച്ചു പെണ്കുട്ടി ഒരു രാത്രി ഏതോ ദുര്ഭൂതത്തിന്റെ പേക്കിനാവ് കണ്ടു. ആ രാത്രി കഴിപ്പോള്‍ ആ ഓര്മ്മകള്‍ പോലും അവളില്‍ നിന്നകന്നുപോയി. അതെ അത്ര മാത്രം. അയാള്‍ അങ്ങനെ മനസ്സിനെ ശാന്തമാക്കാന്‍ പഠിച്ചു.

പെട്ടെന്നയാളുടെ ഫോണ്‍ ശബ്ദിച്ചു. ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് ഈ നമ്പറില്‍ നിന്നുള്ള കോള്‍. ആദ്യത്തെ ഒരു പ്രാവശ്യമേ അയാള്‍ അതെടുത്തുള്ളു. നഗരത്തിലെ സ്കൂള്‍ പരിസരങ്ങളിലെ ലഹരി മരുന്ന് മാഫിയയെപ്പറ്റിയുള്ള ആ പരമ്പര എഴുതുവാന്‍ തുടങ്ങിയപ്പോള്‍ വരുന്നതാണ് ഈ നമ്പറില്‍ നിന്നുള്ള കോളുകള്‍ .“നിന്നെ തകര്ത്ത് കളയും, ദുഖിക്കേണ്ടി വരും” തുടങ്ങിയ ഭീഷണികള്‍. അയാള്‍ ദേഷ്യത്തോടെ ഫോണ്‍ സ്വിച്ച് ഓഫു ചെയ്തു വെച്ചു. അല്ലാതെ തന്നെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുകയാണ്. അയാള്ക്ക് സകലരോടും ദേഷ്യം തോന്നി. ഇന്നത്തെ ദിവസം നശിപ്പിച്ച സുജയോടും. അയാള്‍ അസ്വസ്ഥതയോടെ കണ്ണടച്ചു കിടന്നു.
രാത്രി വൈകിയെപ്പോഴോ അയാള്ക്ക് ‌ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സുജയുടെ പത്തോളം മിസ്സ്ഡ്‌ കോളുകള്‍. അയാള്‍ അമ്പരപ്പോടെ അവളെ തിരികെ വിളിക്കാനാഞ്ഞപ്പോള്‍ വീണ്ടും അവളുടെ കോള്‍ വന്നു
”ഞാനാണ് സുജ.” വല്ലാത്ത മുറുക്കം ആ ശബ്ദത്തില്‍.
“സുജേ...എന്താ..നിനക്കെന്തു പറ്റി..ശബ്ദം വല്ലാതിരിക്കുന്നല്ലോ...? എന്റെ ഫോണ്‍ ഓഫായിരുന്നു.”
“ഞാന്‍ വീണ്ടും പിരാനകളുടെ ഇരയായി. പക്ഷെ മരിച്ചില്ല. എന്റെ ശരീരത്തിലെ മാംസം മുഴുവന്‍ അവര്‍ തിന്നു കഴിഞ്ഞു മഹീ.”
“നീ.... നീയെന്താ..ഈ പറയുന്നത് സുജേ..?” അയാള്‍ പരിഭ്രാന്തനായി..
“നീ അവര്ക്കെതിരെ എഴുതിയിട്ടാണ് ലൈബ്രറിയില്‍ നിന്നും ഇറങ്ങിയ വഴിയില്‍ എന്നെ കിഡ്നാപ്പ് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. എന്റെ ഹോസ്റ്റല്‍ പോലും അവര്ക്ക് നിശ്ചയമുണ്ടായിരുന്നു. കുറച്ചു മുന്പ് എന്നെ ഇവിടെ കൊണ്ടു തള്ളി.”

അയാള്‍ പെട്ടെന്ന്‍ വാച്ചിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു. സുജ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞ് അത് വലിയൊരു തേങ്ങലായി. അവ ആര്ത്തലച്ച തിരമാലകളായി അയാളുടെ ചെവിയില്‍ പതിച്ചു കൊണ്ടിരുന്നു. കരച്ചിലിനിടയില്‍ അവള്‍ പിന്നീട് പറഞ്ഞതൊന്നും അയാള്‍ കേട്ടില്ല. തിരമാലകള്‍ അയാളുടെ ചെവിയിലൂടെ തലയില്‍ കടന്നു, വലിയ കൊടുംകടലായി തലക്കുള്ളില്‍ അലറി വിളിക്കുന്നതിനിടെ “നാളെ രാവിലെ തന്നെ നമുക്ക് പോലീസ്‌ സ്റ്റേഷനില്‍ പോകണം. എന്റെ കൂടെ വരണം” എന്ന അവളുടെ വാക്കുകള്‍ അയാള്‍ അവ്യക്തമായി കേട്ടു .
‘സുജേ,,നമുക്ക് നാളെ കാണാം.” എന്ന മറുപടി പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ ഒരു ആശ്വാസവാക്കുപോലും പറയാന്‍ മറന്നല്ലോ എന്നയാള്‍ ഖേദത്തോടെ ഓര്ത്തു . ആര്ക്കാണ് ആശ്വാസം വേണ്ടത്‌....? അവള്ക്കോ ..അതോ തനിക്കോ....?

തലക്കുള്ളിലെ കൊടും കടല്‍ കൂടുതല്‍ കരുത്താര്ജ്ജിക്കുകയാണ്. അതിലെ ശക്തിയേറിയ തിരമാലകള്ക്ക് മീതെ നീന്തിയടുക്കുന്ന പിരാനകള്‍. അവക്കിടയില്‍ പെട്ട സുജ എന്ന നിസ്സഹായയായ പെണ്കുട്ടി. അവളുടെ ശരീരത്തില്‍ നിന്ന പടര്ന്ന രക്തം ചുറ്റുമുള്ള തിരമാലകള്ക്ക് കടും ചുവപ്പ് നിറം പകര്ന്നിരിക്കുന്നു. കടിച്ചു മുറിവേല്ക്കപ്പെട്ട ശരീരവുമായി അവള്‍ ആഴങ്ങളിലേക്ക് മുങ്ങിത്താണു പോകുന്നു. മഹേഷ്‌ തലയിണയില്‍ മുഖമമര്ത്തി കിടന്ന്‍, കൈ വിരലുകള്‍ കൊണ്ട് തലയിണ കീറിപ്പോകും എന്നവണ്ണം അതിനെ ഞെരിച്ചു കൊണ്ടിരുന്നു.

പിറ്റേന്നു കാണുമ്പോള്‍ സുജയുടെ മുഖം പനിക്കിടക്കയില്‍ നിന്നും എഴുന്നേറ്റു വന്നവളെപ്പോലെ തോന്നിച്ചു. അവളുടെ മുഖത്തേക്ക് നോക്കുവാന്‍ പോലും അയാള്‍ ഭയപ്പെട്ടു. എത്രയോ പെണ്കുട്ടികളെ ഈ നിലയില്‍ അയാള്‍ കണ്ടിരിക്കുന്നു. അവരെല്ലാവരും ഒരേ പോലുള്ള മുഖം മൂടി അണിഞ്ഞു നിലക്കുന്നവാരാണെന്നാണ് അയാള്ക്ക് ‌ തോന്നിയിരുന്നത്. യാന്ത്രികമായ ചലങ്ങളും വറ്റി വരണ്ട കണ്ണുകളും ഉള്ളവര്‍. അവരിലൊരാളായി സുജ ഇപ്പോള്‍ അയാളുടെ മുന്നില്‍ നില്ക്കുന്നു.

“ഈ പോലീസ്‌, കേസ്‌, പീഡനം..ഇതൊക്കെ പുലിവലാണ് സുജേ..ഒരു പത്രത്തില്‍ ജോലിചെയ്യുന്ന ഞാന്‍ ഇത് പ്രത്യേകം പറഞ്ഞു തരണോ..? ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു. ധൃതിപ്പെടാതെ നീ ഒന്ന് കൂടെ ആലോചിക്ക്.
“എനിക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും ഉറങ്ങാനാവാഞ്ഞ ഒരു രാത്രി ധരാളമായിരുന്നു മഹീ..”
“നിന്റെയും എന്റെയും കരിയര്‍..മയക്കു മരുന്നു മാഫിയക്ക് എന്നോടുള്ള എന്നോടുള്ള വൈരാഗ്യം അതെല്ലാം വാര്ത്തയാകും. നമ്മള്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്‌. മറ്റു പത്രങ്ങള്‍ ഇത് ആഘോഷിക്കും. എനിക്ക് പിന്നെ പത്രത്തില്‍ ജോലിചെയ്യാനാവുമോ..? ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്കുട്ടിയുടെ പീഡന വാര്ത്ത റിപ്പോര്ട്ട് ചെയ്യേണ്ടി വരുന്ന എന്റെ ഗതികേട് നീ ഒന്നലോചിക്ക് സുജേ..? അടുത്ത മാസം മുതല്‍ എനിക്ക് സ്ഥാനകയറ്റവും കിട്ടേണ്ടതാണ്.”
അയാള്‍ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. പിന്നെ അസ്വസ്ഥതയോടെ കൈകള്‍ തിരുമ്മി പിന്നെ ഒരു നിമിഷം രണ്ടു കൈകള്‍ കൊണ്ടും ചെന്നിയില്‍ അമര്ത്തി പിടിച്ചു, കണ്ണുകളടച്ച് നിന്നു.
സുജ അയാളുടെ ചെയ്തികളെ സസൂഷ്മം വീക്ഷിച്ചു കൊണ്ട് മിണ്ടാതെ നിന്നു.
“എന്താ സുജേ നീ മറുപടി പറയാത്തത്..? ഈ ഒരു കാരണം കൊണ്ടു എന്റെ ജീവിതം ഞാന്‍ ഒരു പരീക്ഷണത്തിന് കൊടുക്കണോ..?”

സുജക്കൊന്നും പറയാനില്ലായിരുന്നു. ഇത്തവണ പിരാന അവളുടെ ഹൃദയത്തെയാണ്‌ ആക്രമിച്ചത്‌. കൂട്ടമായല്ല അവസാനത്തെ പിരാന വന്നതെങ്കിലും അതവളുടെ ഹൃദയത്തെ കാര്ന്നു തിന്നുവാന്‍ തക്ക ശക്തിയുള്ളതായിരുന്നു. ഹൃദയത്തിന്റെ സ്വപ്നങ്ങളോ തുടിപ്പോ കാണാതെ ഞൊടിയിടയില്‍ അത് നശിക്കപ്പെട്ടു. ഒരു ഇരയുടെ മരണം അതിന്റെ ഹൃദയം നശിക്കപ്പെടുമ്പോഴാണെന്ന തിരിച്ചറിവില്‍ സുജ തളര്ന്നു നിന്നു.

7.7.11

ചില കുഞ്ഞു വിചാരങ്ങള്‍

“മണിക്കുട്ടീ....നിനക്ക് ഒരു കാര്യമറിയാമോ...? ഈ പേനുകളുണ്ടല്ലോ നമ്മള്‍ ഞെക്കി കൊന്നാലേ ചാവുകയുള്ളു. ഇന്നാളു ഞാന്‍ ഒരു പേനിനെ മണ്ണിനടിയില്‍ ഇട്ടു നോക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അത് മണ്ണ് നീക്കി പുറത്തു വന്നു “

കുളക്കടവില്‍ നിന്നിരുന്ന മഷിത്തണ്ട് പൊട്ടിച്ചെടുക്കുന്നതിനിടെ തല ചൊറിഞ്ഞുകൊണ്ട് ആനി പറഞ്ഞു കൊണ്ടിരുന്നു, പറമ്പിലെ മഷിത്തണ്ടെല്ലാം അറ്റുപോയതിന്റെ സങ്കടം പറഞ്ഞപ്പോള്‍ ജോലിക്കാരി തുളസി ചേച്ചി കൊണ്ടു തന്നതായിരുന്നു മഷിത്തണ്ടിന്റെ ഒന്ന് രണ്ടു ചെടികള്‍. ഇപ്പൊ അത് കുളക്കടവില്‍ കുറേശ്ശെ പടര്‍ന്നിട്ടുണ്ട്
ട്യൂഷന്‍ ക്ലാസ്സിനിടെ കുറുപ്പുസാറിനോടു ചോദിച്ചു മഷിത്തണ്ട് ഒടിക്കാന്‍ കുളക്കടവിലെത്തിയതായിരുന്നു ഞങ്ങള്‍. എന്നും നാല് മണി വിട്ടു കുറച്ചു സമയം കഴിയുമ്പോള്‍ കുറുപ്പ് സാര്‍ എന്റെ വീട്ടില്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ വരും. കൂടെ അയലത്തുള്ള ഒന്നാം ക്ലാസ്സുകാരും ഉണ്ടാകും .

“മതി സാറ് വിളിക്കുന്നുണ്ട് വാ..” ഞാന്‍ വീട്ടിലേക്കു തിരിഞ്ഞോടി. വരാന്തയിലിരുന്ന് കൂടെ പഠിക്കുന്നവര്‍ക്കും ഞങ്ങള്‍ കുറച്ചു മഷിത്തണ്ട് കൊടുത്തു. ഞാന്‍ ആനിയുടെ അടുത്താണ് ഇരിക്കുന്നതെങ്കിലും കുറച്ചു നീങ്ങിയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

 "പേന്‍പുഴുപ്പി ആനി"എന്നാണവളെ എല്ലാരും വിളിക്കുന്നത്‌.  ആനിയുടെ തലയിലൂടെ എപ്പോഴും പേനുകള്‍ ഇഴഞ്ഞു കൊണ്ടിരിക്കും. തലമുടി ഇഴകളിലാകെ അടുങ്ങിയിരിക്കുന്ന ഈരുകള്‍. എഴുതാനില്ലാത്ത സമയം മുഴുവന്‍ അവളുടെ കൈ തല ചൊറിഞ്ഞു കൊണ്ടിരിക്കും. പേന്‍പുഴുപ്പി എന്നൊക്കെ അവളെ എല്ലാവരും പറയുമെങ്കിലും തലയില്‍ പേനുള്ളതാണ് എനിക്കിഷ്ടം. എന്റെ തലയില്‍ പേന്‍ നിറയുമ്പോള്‍ വൈകുന്നേരം പശുവിന് പുല്ലു കെട്ടുമായി വരുന്ന കുറുമ്പയെ കൊണ്ടു അമ്മ പേന്‍ നോക്കിക്കും. അരിവാളിന്റെ വളഞ്ഞ തുമ്പു കൊണ്ടു കുറുമ്പ ശ്....ശ്..എന്ന് ശബ്ദമുണ്ടാക്കി ഈരുകളെയും പേനുകളെയും ഞെരിച്ചു കൊല്ലും. കൂടെ അടുത്തിരിക്കുന്ന അമ്മയോട് കുറുമ്പ പറയുന്ന നാട്ടു വിശേഷങ്ങളും കേള്ക്കാം . കുറച്ചു കഴിയുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു പോകും.
“മതി കൊച്ചെ പേനെല്ലാം തീര്‍ന്നു ” എന്ന് പറഞ്ഞു കുറച്ചു സമയം കഴിയുമ്പോള്‍ കുറുമ്പ എന്നെ എഴുന്നേല്‍പ്പിച്ചു വിടും. ഒന്നോ രണ്ടോ ദിവസം കുറുമ്പ തലമുടിയിലൂടെ അരിവാള്‍ ഓടിച്ചാല്‍ മതി പിന്നെ ഒറ്റ പേന്‍ കാണില്ല തലയില്‍.

എന്റെ തലയില്‍ പേന്‍ നോക്കുന്നത് കാണുമ്പോള്‍ വെല്യമ്മച്ചിക്കും പേന്‍ കടി തുടങ്ങും. ഒറ്റ പേനില്ലാത്ത തലയുമായി ഒന്ന് “നോക്കിക്കേ കുറുമ്പേ"ന്നും പറഞ്ഞ് മുടി അഴിച്ചു വല്യമ്മച്ചി ഇരിക്കും. കുറച്ചു നേരം കഴിയുമ്പോള്‍ “പേനൊന്നുമില്ല എന്റെ വെല്യമ്പ്രാട്ടീ”ന്നും പറഞ്ഞ് കുറുമ്പ എഴുന്നേറ്റു പൊയ്ക്കളയും. അപ്പോഴാണ്‌ തുളസി ചേച്ചിയുടെ സൂത്രം. കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ മൊട്ടു കയ്യില്‍ പിടിച്ച് തുളസി ചേച്ചി വെല്യമ്മച്ചിയുടെ തലയില്‍ പേന്‍ നോക്കും. ഇടക്കിടക്ക്‌ കയ്യിലിരിക്കുന്ന മൊട്ടുകള്‍ തലയില്‍ വെച്ചു ഞെരിച്ചു കൊണ്ടിരിക്കും. അത് കേള്‍ക്കുമ്പോള്‍ വലിയമ്മച്ചി സന്തോഷത്തോടെ പറയും
”ആ കുറുമ്പയെ എന്തിനു കൊള്ളാം..എത്ര പേനാ നീ കൊന്നത് എന്‍റെ തൊളസീ...”
അത് കേട്ട് തുളസി ചേച്ചി എന്നെ നോക്കി കണ്ണിറുക്കും.
കുറുമ്പ പേനെല്ലാം കൊന്നു തീര്‍ത്താലും ഇടക്കിടക്ക് ആനി എന്റെ തലയിലേക്ക്‌ പേന്‍ പകര്‍ത്തിക്കൊണ്ടിരിക്കും. ഞാനാണെങ്കില്‍ അവളുടെ അടുത്ത് മാത്രമേ ഇരിക്കൂ. കാരണം അവളുടെ വീടിന്‍റെ പറമ്പില്‍ നിറയെ പൂച്ചപ്പഴങ്ങളുടെ കാടുണ്ട്. അതവളെനിക്ക് കൊണ്ടത്തരും. നല്ല വെളുത്ത പഞ്ഞി മുത്തു പോലത്തെ പൂച്ചപ്പഴങ്ങള്‍ എത്ര തിന്നാലും എനിക്ക് മതിയാവില്ല. പിന്നെ തലയില്‍ കുറച്ചു പേന്‍ കയറിയാലെന്താ..?
തുളസി ചേച്ചിയോട് ഇനി കുറച്ചു കൂടെ മഷിത്തണ്ട് കൊണ്ടു വരാന്‍ പറഞ്ഞിട്ടുണ്ട്. കുറച്ചു ആനിക്ക് വീട്ടില്‍ കൊണ്ടു പോയി നടാമല്ലോ. ഞാന്‍ എന്ത് പറഞ്ഞാലും തുളസിചേച്ചി ചെയ്തു തരും. എന്നെ വലിയ ഇഷ്ടമാണ് ചേച്ചിക്ക്. തുളസി ചേച്ചി എന്നും എനിക്ക് പ്യാരീസ്‌ മുട്ടായി തരുന്ന ആളല്ലേ. അതില്‍ നിന്നും ഇന്നാള് ഒരെണ്ണം ആനിക്ക് കൊടുത്തപ്പോള്‍ അവള്‍ ചോദിക്കുവാ, “നീ വീട്ടീന്നു കാശ് കക്കുന്നുണ്ടല്ലേ”ന്നു.. പിന്നെ ഞാനവള്‍ക്ക് കൊടുത്തിട്ടേ ഇല്ല. തുളസിചേച്ചി തന്നതാണെന്നു പറഞ്ഞാല്‍ എന്തിനു തന്നൂന്നു പറയേണ്ടി വരും. തുളസിചേച്ചി ആളു സൂത്രക്കാരിയാനെന്നു എനിക്കുമാത്രമല്ലേ അറിയൂ. അല്ലെങ്കില്‍ സ്കൂള് വിട്ടു വന്ന എന്നെക്കണ്ട് “കൊച്ചിന് പാലെടുത്ത് കൊടുത്തേരെ തുളസീന്ന്” അമ്മ പറയേണ്ട താമസം ഓടി വന്നു പാത്രത്തില്‍ നിന്ന് പാല് പകര്‍ന്നെടുത്തു തന്ന ശേഷം ആരും കാണാതെ കുഞ്ഞു ഗ്ലാസ്സില്‍ എടുത്തു കട്ടു കുടിക്കുമായിരുന്നോ. അക്കാര്യം കൂടെ അമ്മയോട് പറയാന്‍ കൂടെ എനിക്ക് മടിയാ. അപ്പോഴല്ലേ ഞാന്‍ കാശ് കട്ടെടുക്കണത്.

ഇപ്പോള്‍ ആ പ്യാരീസു മുട്ടായിയുടെ പച്ച കടലാസെല്ലാം ഞാന്‍ കൂട്ടി വെച്ച് ഒരു മാലയുണ്ടാക്കി വെച്ചിട്ടുണ്ട്. എന്ന് തൊട്ടാണെന്നോ എനിക്ക് മുട്ടായി കിട്ടുവാന്‍ തുടങ്ങിയത്‌..? ഒരു ദിവസം രാവിലെ പശൂനെ കറക്കാന്‍ രാജന്‍ചേട്ടന്‍ വന്നോന്നു നോക്ക് എന്ന അമ്മ പറഞ്ഞിട്ട് തൊഴുത്തിനടുത്തേക്ക് പോയതായിരുന്നു ഞാന്‍. അപ്പോള്‍ തുളസിചേച്ചി തൊഴുത്തിനുള്ളില്‍ രാജന്‍ ചേട്ടന്റടുത്തുനിന്ന് ചിണുങ്ങുന്നു. “കരയാതെ എന്റെ പെണ്ണേ..”ന്നു പറഞ്ഞു രാജന്‍ ചേട്ടന്‍.. താഴെ ചേച്ചിയുടെ കുപ്പിവളകള്‍ പൊട്ടിക്കിടപ്പുണ്ട്.
“എന്തിനാ ചേച്ചിയെ കരയിപ്പിച്ചെന്നു ചോദിച്ചപ്പോള്‍ രാജചേട്ടന്‍ പറയുവാ ചേച്ചീടെ കുപ്പി വള പൊട്ടിപ്പോയിട്ടാണെന്ന്‍. “ആരോടും പറയണ്ട മുട്ടായി മേടിച്ചു തരാം" എന്ന് പറഞ്ഞു ചേച്ചി എന്നെ വീടിലേക്ക് കൂട്ടി കൊണ്ട് വന്നു. കുപ്പി വള പോയതിനു എനിക്ക് മുട്ടായി തരുന്നത് എന്തിനാണെന്ന് മാത്രം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇക്കാര്യം അമ്മയോടൊന്നു ചോദിക്കാമെന്ന് വെച്ചാലും രക്ഷയില്ല. എന്തെങ്കിലും ചോദിക്കാന്‍ ചെല്ലുമ്പോഴേ “ചെറിയ വായില്‍ വലിയ വര്‍ത്താനം വേണ്ടാ”ന്നു പറഞ്ഞു അമ്മ ഓടിക്കും. അല്ലാ..ഇതിപ്പോ അറിഞ്ഞില്ലെങ്കില്‍ എന്താ കുഴപ്പം. എന്നും പ്യാരീസ്‌ കിട്ടിയാപ്പോരെ..?

പിന്നെയും എന്റെ തലയില്‍ നിറയെ പേന്‍ നിറഞ്ഞിരിക്കുകയാനെന്നു തോന്നുന്നു. വൈകുന്നേരം കുറുമ്പ പുല്ലു കൊണ്ടുവരാന്‍ നോക്കിയിരിക്കുകയാണ് അമ്മ.
“കൊച്ചിന്റെ തലയൊന്നു നോക്കിക്കേ കുറുമ്പേ. രണ്ടു കൈ കൊണ്ടും കൊണ്ടു മാന്താ എപ്പോഴും.”
“വാ...കൊച്ചെ” കുറുമ്പ ഉത്സാഹത്തോടെ എന്നെ പടിയില്‍ പിടിച്ചിരുത്തി. ചേറു മണമുള്ള മടിയിലിരുന്ന്‍ ഞാന്‍ കുറുമ്പ പറയുന്ന വിശേഷങ്ങള്‍ കേട്ട് കൊണ്ടിരുന്നു.
“തെക്കെതിലെ ആനിക്കൊച്ചിനെ ആസ്പത്രീലാക്കിയിരിക്കുയാ”
“അയ്യോ...എന്നാ പറ്റീ അവള്‍ക്ക് ...? ആരും പറഞ്ഞു കേട്ടില്ലല്ലോ..?”
’മഞ്ഞപ്പിത്തം..”
“അവളിപ്പോ സ്കൂളിലും ട്യൂഷനും ഒന്നും വരുന്നില്ല കുറുമ്പേ..”ഞാന്‍ പറഞ്ഞു.
“ഇപ്പൊ എല്ലായിടത്തും ഉണ്ടീ ദീനം. തമ്പ്രാട്ടീ. കൊച്ചുങ്ങളെ സൂക്ഷിച്ചോ..”
ശ്....ശ്..എന്ന് ശബ്ദം കേട്ട് കൊണ്ടു ഞാന്‍ കുറുമ്പയുടെ മടിയിലിരുന്നു ഉറക്കം തൂങ്ങാന്‍ തുടങ്ങി .
പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാവരും ആനിയുടെ വീട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. അവള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു പോയത്രേ.
“കഷ്ടം മഞ്ഞപ്പിത്തം കൂടിപ്പോയത്‌ ആരും അറിഞ്ഞില്ല. കഴിഞ്ഞ ആഴ്ച കൂടെ മണിക്കുട്ടിയുടെ കൂടെ ട്യൂഷന്‍ പഠിക്കാന്‍ ഇവിടെ വന്ന കൊച്ചാ.”വലിയമ്മച്ചി നെടുവീര്‍പ്പിട്ടു. ഞാന്‍ മുറ്റത്തിറങ്ങി രണ്ടു വീടുകള്‍ക്ക് അപ്പുറമുള്ള ആനിയുടെ വീട്ടിലേക്ക്‌ നോക്കി. എന്തൊക്കെയോ ശബ്ദം അവിടെ നിന്ന് കേള്‍ക്കുന്നുണ്ട്.
തുളസിചേച്ചി എന്റെ ഉടുപ്പ് മാറിച്ചു വെറൊന്ന്‍ ഇടുവിപ്പിച്ചു .പൌഡര്‍ ഇട്ടു പൊട്ടു തൊടാന്‍ പറഞ്ഞപ്പോള്‍ ചേച്ചി പറയുവാ മരിച്ച വീട്ടില്‍ ആരും അണിഞ്ഞൊരുങ്ങി പോകാറില്ലന്ന്. "വാ..നമുക്ക്‌ വേഗം പോകാം.” ചേച്ചിയും വിതുമ്പുന്നുണ്ട്.
മുടി ചീകിയൊതുക്കി ചേച്ചിയും ഞങ്ങളുടെ കൂടെ അവളുടെ വീട്ടിലെത്തി.

എന്തൊരാളാണ് ഇവിടെ. എല്ലാവരും അവളെ കാണാന്‍ വന്നവരായിരിക്കുമോ..? ചാച്ചനും വെലിയമ്മച്ചിയും എല്ലാം നേരത്തെ അവിടെ എത്തിയിട്ടുണ്ട്. അവള്‍ എന്നെപ്പോലെ ഒന്നാം ക്ലാസിലല്ലേ പഠിക്കുന്നത്. വലിയവരെ കാണാനല്ലേ വീടുകളില്‍ ആളുകള്‍ വരിക..?പിന്നെങ്ങനെയാണ് അവളെകാണാന്‍ ഇത്ര അധികം ആളുകള്‍...?എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ. വലിയ കരച്ചിലും കേള്‍ക്കുന്നുണ്ട്. ഞാന്‍ അമ്മയുടെ പിടി വിട്ട് വീടിനുള്ളിലേക്ക് ഓടി. ആളുകളെ തിക്കിത്തിരക്കി അവളുടെ അടുത്തെത്തി.

ഒരു പെട്ടിയില്‍ മുടി രണ്ടായി മെടഞ്ഞിട്ട് ലേസ് തുന്നിച്ചേര്ത്ത വെള്ള ഉടുപ്പുമിട്ടു കണ്ണടച്ചു കിടക്കുകയാണവള്‍. തലയില്‍ പൂക്കളുടെ കിരീടവും. ഇവള്‍ക്കെന്നാ ഈ വെള്ള ഉടുപ്പ് വാങ്ങിയത്‌...? പുതിയതാണെന്നു തോന്നുന്നു. ഇവളെന്താ ആദ്യ കുര്‍ബാന കൊള്ളാന്‍ പോകുന്നോ..? വെള്ള ഉടുപ്പും കിരീടവുമൊക്കെയായി. കയ്യില്‍ പക്ഷെ പൂച്ചെണ്ടില്ല. കുരിശും കൊന്തയുമാണ്. അതുകൊണ്ടു ആദ്യ കുര്‍ബാനകുട്ടിയാണെന്നു അത്രക്കങ്ങു തോന്നുന്നുമില്ല. പോരാത്തതിന് കണ്ണും അടച്ചു കിടക്കുന്നു. അവളുടെ അടുത്തിരുന്നു ഒതുക്കി വെക്കാത്ത മുടിയും കരഞ്ഞു വീര്‍ത്ത മുഖവുമായി വലിയ ശബ്ദത്തില്‍ കരയുന്നത് അവളുടെ അമ്മയാണെന്ന് ആദ്യം എനിക്ക് മനസ്സിലായാതേ ഇല്ല. ആന്റിക്ക് ഇപ്പോള്‍ വേറൊരു മുഖമാണ്. ചുളുങ്ങിയ സാരിയും ഒക്കെ ഉടുത്ത്. അടുത്തിരുന്നു കരയുന്ന അവളുടെ പാലായിലെ എല്‍സമ്മാന്റിയും അതുപോലെ തന്നെ. അവളുടെ ചിറ്റപ്പന്റെ‍ കല്യാണത്തിനു കഴിഞ്ഞ കൊല്ലം എല്‍സമ്മാന്റി വന്നപ്പോള്‍ എന്ത് ഭംഗിയായിരുന്നു കാണാന്‍. കഴുത്തില്‍ കല്ല്‌ നെക്ലെസും ചുണ്ടില്‍ ചായവുമൊക്കെ തേച്ച്. കുറച്ചു നേരം നോക്കി കഴിഞ്ഞപ്പോഴാണ് ആ ആന്റിയെയും എനിക്ക് മനസ്സിലായത്‌. അന്ന് എന്നോടു എന്ത് മാതിരി വര്‍ത്താനം പറഞ്ഞ ആളാ. ഇപ്പൊ ഒന്ന് നോക്ക് കൂടി ചെയ്യുന്നില്ല.

ഞാന്‍ വീണ്ടും അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പൂക്കള്‍ കൊണ്ടുള്ള കിരീടത്തിനും ഇടക്ക്‌ മുടിയിലെ ഈരുകള്‍ തെളിഞ്ഞു കാണാം. തലമുടി ഇഴകള്‍ക്കിടെ പേനുകള്‍ നുരക്കുന്നു. അവ പതുക്കെ പതുക്കെ അവളുടെ മുഖത്തേക്ക് നീങ്ങുന്നുണ്ട്. ഈ ആനിയുടെ ഒരു കാര്യം മുഖത്തൂടെ പേന്‍ നുരച്ചാലും അറിയാത്ത പെണ്ണ്. ചുമ്മാതല്ല എല്ലാവരും പേന്‍ പുഴുപ്പീന്നു വെളിക്കുന്നെ. ഒന്ന് രണ്ടു പേനുകള്‍ ഇപ്പൊ കവിളിലേക്കിറങ്ങി വരുന്നുണ്ട്.”ദേ...പേന്‍..”എന്ന് പറഞ്ഞു ഞാന്‍ കൈ നീട്ടി അതിനെ പിടിച്ചു കൊല്ലാന്‍ തുടങ്ങിയതായിരുന്നു.
ഏതോ പരിചയമില്ലാത്ത ഒരാള്‍ “വേണ്ട മോളെ ....”എന്ന് പറഞ്ഞെന്നെ മാറ്റി നിറുത്തി. അവളുടെ കുഞ്ഞമ്മ കരഞ്ഞു കൊണ്ടു തൂവാല കൊണ്ടു അത് തട്ടി മാറ്റി. പിന്നെയും വലുതും ചെറുതുമായി നിറയെ പേനുകള്‍. അപ്പോഴെല്ലാം അവളുടെ കുഞ്ഞമ്മ തൂവാലകൊണ്ട് തട്ടി മാറ്റിക്കൊണ്ടിരുന്നു .

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്നും അച്ചന്‍ വന്നു പ്രാര്‍ത്ഥന തുടങ്ങി. ഇപ്പോള്‍ എല്ലാവരുടെയും കരച്ചില്‍ ഉച്ചത്തിലായി. അവള്‍ ഇതൊന്നും അറിയാതെ അപ്പോഴും കണ്ണടച്ചു കിടപ്പാണ്. ഒടുവില്‍ കുറെ ആളുകള്‍ അവളെ ആ പെട്ടിയോടെ എടുത്തുകൊണ്ടു പള്ളിയിലേക്ക് പോയി. അപ്പോഴും കവിളില്‍ ഒന്ന് രണ്ടു പേന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാനൊഴിച്ചു എല്ലാവരും ഭയങ്കര കരച്ചില്‍ എന്റെ അമ്മയും തുളസിചേച്ചിയും വെല്ലുമ്മച്ചിയും എല്ലാവരും. അത് കണ്ടപ്പോള്‍ എനിക്കെന്തോ പേടിയായി. ഞാനും ഉച്ചത്തില്‍ കരഞ്ഞു.

എല്ലാവരുടെ കൂടെ ഞാനും പള്ളിയിലേക്ക് പോയി. പക്ഷെ തിരിച്ചു പോരുമ്പോള്‍ ആനി മാത്രം കൂടെയില്ല. അവളെ അവിടെ സിമിത്തേരിയില്‍ അടക്കിയിരിക്കുന്നത്രേ. ഈ അടക്ക്‌ എന്ന് പറഞ്ഞാല്‍ എന്താണാവോ..? തിരക്ക് കാരണം സിമിത്തേരിയിലേക്ക് കയറുവാന്‍ കൂടെ പറ്റിയില്ല. നിറയെ ആളും കരച്ചിലും. "മോളിവിടെ നിന്നോ തിരക്കില്‍ തട്ടി വീഴും" എന്ന്‍ തുളസിചേച്ചി പറഞ്ഞപ്പോള്‍ ഞാന്‍ തുളസിചേച്ചിയുടെ കൈ പിടിച്ചു പുറത്തു നില്ക്കുകയായിരുന്നു. കരഞ്ഞു കൊണ്ടു സിമിത്തേരിയില്‍ നിന്നും തിരികെ പോരുന്ന മുഖങ്ങളിലേക്ക് ഞാന്‍ മാറി മാറി നോക്കി. എവിടെ ആനിയും അവള്‍ കിടന്നിരുന്ന പെട്ടിയും..? ആരോടാ ഒന്ന് ചോദിക്കുക..? എല്ലാവരും കരച്ചിലല്ലേ..? ഓ...ഇനി അവളെ കാണണമെങ്കില്‍ പള്ളിസിമിത്തേരിയില്‍ പോയാലേ ഒക്കുകയുള്ളൂ എന്ന് തോന്നുന്നു.

“ഇനി അവള്‍ക്കു വീട്ടില്‍ നടാന്‍ മഷിത്തണ്ട് ഒന്നും കൊണ്ടു വരണ്ടാ..തുളസിചേച്ചി..അവള് മരിച്ചു പോയി....മരിച്ചാല്‍ പിന്നെ സ്കൂളില്‍ വരാന്‍ പറ്റില്ലല്ലോ. ഇനി അവള്‍ പള്ളിയില്‍ തന്നെയാണെന്നാ തോന്നുന്നത്.”
അത് കേട്ട് തുളസി ചേച്ചി കരഞ്ഞു കൊണ്ടു എന്റെ കൈ പിടിച്ചു വീട്ടിലേക്ക്‌ നടന്നു.

പിറ്റെ ദിവസം പള്ളിയില്‍ കഴിഞ്ഞു ഞാന്‍ സിമിത്തേരിയില്‍ പോയി. ആനി അവിടെ എന്തെടുക്കുന്നു എന്ന് നോക്കണമല്ലോ. അവളുടെ അമ്മ ഇന്നും കരഞ്ഞു കൊണ്ടു പൂക്കള്‍ കൊണ്ടു അലങ്കരിച്ച കുഴിമാടത്തിനരികെ നില്‍ക്കുന്നു. ഹാവൂ..എന്ത് മാത്രം പൂക്കളാ....റോസയും ജമന്തിയും ഒക്കെയുണ്ട്. ഞാന്‍ കുഴി മാടത്തിനരികിലേക്ക് ചെന്നു. അവള്‍ ആ മണ്ണിനടിയിലാണെന്നു ഇപ്പോഴാണെനിക്ക് മനസ്സിലായത്‌. അവള്‍ ഇനി എന്നും ആ കുഴിക്കുള്ളിള്‍ കിടന്നു ഉറക്കമായിരിക്കുമോ....? ഇനി അവളുടെ വിശേഷങ്ങള്‍ അറിയാനെന്താ വഴി..? ഈ കുഴിമാടത്തിനുള്ളില്‍ നിന്നും അവളുടെ തലയിലെ പേനുകള്‍ പൊങ്ങി വരുമോ...? പേനുകള്‍ മണ്ണിനടിയിലായാലും ചാകില്ലല്ലോ..മണ്ണിനിടയില്‍ നിന്നും അവ പൊങ്ങി വരുന്നുണ്ടോ...? ഞാന്‍ കുഴി മാടത്തിലെ പൂക്കള്‍ക്കിടയിലേക്ക് സൂക്ഷിച്ചു നോക്കി. ചിലപ്പോള്‍ ഈ പൂക്കള്‍ മുകളില്‍ ഇരിക്കുന്നത് കൊണ്ടായിരിക്കുമോ പേനുകള്‍ മുകളിലേക്ക് വരാത്തത്. ഞാന്‍ നിലത്തിരുന്നു പൂക്കള്‍ ഓരോന്നായി നീക്കാന്‍ തുടങ്ങി. കൂടെ കുറച്ചു മണ്ണും. പേനുകള്‍ക്ക് എളുപ്പം പുറത്തേക്ക് വരാമല്ലോ..

“എന്റെ പൊന്നു മോളേ...മണിക്കുട്ടീ..എന്താ...നീയീ കാണിക്കുന്നേ..നമ്മുടെ ആനിമോള് ഇതിനടിയിലായി. അവളിനി വരില്ല മോളേ.....”
പൊട്ടിക്കരഞ്ഞു കൊണ്ടു അവളുടെ അമ്മ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ആന്റിയുടെ നെഞ്ചിലെ പ്രാവ് കുറുകുന്ന പോലുള്ള ശബ്ദത്തോടൊപ്പം പുറത്തേക്ക് വന്ന ശക്തിയുള്ള തേങ്ങലുകള്‍ എന്റെ ശരീരത്തെ ചെറുതായി വിറപ്പിച്ചു കൊണ്ടിരുന്നു. ചുവന്നു വീര്‍ത്ത ആ കണ്ണുകളില്‍ നിന്ന് വീണ കണ്ണുനീര്‍ എന്റെ കവിളുകള്‍ നനക്കുന്നുണ്ടായിരുന്നു. അത് തുടച്ചു കളഞ്ഞു ഞാനപ്പോഴും കുഴിമാടത്തിലെ മണ്ണിലേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ട് നിന്നു.

11.6.11

പിതൃ ദേവോ ഭവ:

മുറ്റമാകെ കാടു പിടിച്ചു കിടന്നിരുന്ന “ഗ്രീന്‍ കോട്ടേജി”ന്റെ ജനലും വാതിലും തുറന്നു കിടക്കുന്നത് കണ്ട അയല്പക്കക്കാര്‍ അമ്പരന്നു. അതിലെ താമസക്കാരനായിരുന്ന ഗ്രിഗറി അങ്കിള്‍ മരിച്ചിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു. അതിനു ശേഷം ആ വീട്ടില്‍ ആരും വരവുണ്ടായിരുന്നില്ല. ഇതിപ്പോള്‍ ആരാ വന്നിരിക്കുന്നതെന്നറിയാതെ കോളനിയിലുള്ളവര്‍ പരസ്പരം നോക്കി. അങ്കിള്‍ മരിച്ച കുറച്ചു നാളേക്ക് ആ വീടിന്റെ ഹാളില്‍ സീറോ ബള്ബിന്റെ നീല നിറത്തില്‍ മങ്ങിയ വെളിച്ചമുണ്ടായിരുന്നു. പിന്നീട് അത് എപ്പോഴോ കേടായി അവിടമാകെ ഇരുള്‍ മൂടി കിടക്കുകയായിരുന്നു .

ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ വന്നയാളെ അറിയുന്നതിന് മുന്പേ അറിയേണ്ടത്‌ ഗ്രിഗറി അങ്കിളിനെയല്ലേ. ഗ്രിഗറി അങ്കിള്‍ നഗരത്തിലെ പേരു കേട്ട കമ്പനിയില്‍ നിന്നും റിട്ടയറായ എന്ജിനീയര്‍. “ഗ്രീന്‍ കോട്ടേജി”ല്‍ തനിയെ താമസം. ഭാര്യയും രണ്ടു മക്കളും കൊല്ലങ്ങള്ക്ക് മുന്പേ പിണങ്ങിപ്പോയതാണ്. അന്ന് തൊട്ടു അങ്കിള്‍ തനിയെ. അയല്പക്കക്കാരുമായി യാതെരു ബന്ധവുമില്ലാതെയാണ് അദ്ദേഹത്തിന്റെ ജീവിതം. ആരോടും ആവശ്യമില്ലാതെ സംസാരിക്കില്ല. എല്ലാ ദിവസവും വൈകുന്നേരം നടക്കുവാന്‍ പോകും. തിരിച്ചു വരുമ്പോള്‍ കയ്യില്‍ കടയില്‍ നിന്ന് വാങ്ങിയ പാല്‍ കവര്‍ കാണും. പച്ചക്കറികള്‍ ഒന്നും വാങ്ങേണ്ട ആവശ്യം അങ്കിളിനില്ല. എല്ലാം വീട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍ മാത്രമല്ല അങ്കിളിന്റെ മുറ്റത്തുള്ളത്. നല്ലൊരു പൂന്തോട്ടവും. വിശാലമായ മുറ്റത്തിന്റെ ഒരു ഭാഗം നിറയെ പുല്ത്തകിടിയാണ്. നല്ല പച്ച നിറത്തില്‍ അതങ്ങനെ കണ്ണിനു കുളിര്മ നല്കി പരന്നു കിടക്കുന്നു. ആ കോളനിയിലെ വീടുകളും ഫ്ലാറ്റുകള്ക്കും അഞ്ചോ ആറോ സെന്റില്‍ കൂടുതല്‍ സ്ഥലിമില്ലാത്തപ്പോഴാണ് ഗ്രിഗറി അങ്കിളിന്റെ ഇരുപത്തഞ്ചു സെന്റിലെ പച്ച നിറത്തില്‍ പെയിന്റടിച്ച ആ ഒറ്റ നില വീടും അതിനു ചുറ്റുമുള്ള തോട്ടവും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആ കോളനി ഒരു റെസിഡെന്ഷ്യല്‍ ഏരിയ ആകുന്നതിനു മുന്പേ അങ്കിള്‍ വാങ്ങിയതാണത്രേ ആ സ്ഥലം. പിന്നീട് അത് ജനവാസകേന്ദ്രമായപ്പോള്‍ പലരും അതില്‍ നിന്ന് കുറച്ചു വില്ക്കു്മോ എന്ന് ചോദിച്ചു വന്നപ്പോള്‍ അങ്കിള്‍ കൊടുത്തില്ലെന്ന് മാത്രമല്ല. ചോദിച്ചു ചെന്നവരെ മുഷിപ്പിച്ചു വിടുകയും ചെയ്തു. പിന്നീട് ആര്ക്കും സ്ഥലം കൊടുക്കുവാനുണ്ടോ എന്ന് ചോദിച്ച് ചെല്ലുവാനുള്ള ധൈര്യം ഉണ്ടായില്ല.

അയല്ക്കാരുമായി യാതൊരു സമ്പര്ക്കവുമില്ലാത്ത അങ്കിളിനു അയല്ക്കാര്‍ ആരെന്നു പോലും ശരിക്ക് അറിയില്ല എന്നതാണ് സത്യം. ആരും തന്റെ വീടിന്റെ ഗെയിറ്റ് തുറക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പത്രക്കാരനല്ലാതെ ആരും ആ ഗെയിറ്റ് അങ്ങനെ തുറക്കാറുമില്ല. കോളനി അസ്സോസ്സിയേഷനില്‍ അംഗത്വമില്ലാത്ത ഏകയാള്‍ ഗ്രിഗറിഅങ്കിളാണ്. “ഞാന്‍ ഈ പറമ്പ് വാങ്ങി വീട് വെച്ചത് ആരും സഹായിച്ചിട്ടല്ല. അതുകൊണ്ട് തന്നെ എനിക്ക് ആരുടെയും സഹായം വേണ്ട” എന്ന് മുഖത്തടിച്ചു പറയുവാന്‍ അദ്ദേഹത്തിനു ഒരു മടിയുമില്ല.
എന്തിനു ഏറെ പറയുന്നു, അയല്പ്ക്കത്തെ കുട്ടികളുടെ സ്കൂള്‍ ബസ്സിന്റെ ഡ്രൈവര്ക്ക് പോലും അദ്ദേഹത്തെ പേടിയായിരുന്നു. കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങുവാന്‍ താമസിച്ച ഒരു ദിവസം ഹോണ്‍ അടിച്ചതിനു ഡ്രൈവര്‍ കേട്ട ചീത്തക്ക്‌ കണക്കില്ല. അയല്പക്കത്ത് താമസിക്കുന്നവരെ ഇങ്ങനെ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തിയാല്‍ പോലീസില്‍ പരാതി കൊടുക്കുമെന്ന് വരെ അങ്കിള്‍ അയാളെ ഭീഷണിപ്പെടുത്തി. അതിനു ശേഷം സ്കൂള്‍ ബസ്സ് കുറച്ചു ദൂരെക്ക് മാറ്റിയെ അയാള്‍ നിറുത്തിയിട്ടുള്ളു.
ഗ്രിഗറി അങ്കിള്‍ തനിയെ ആ വീട്ടില്‍ താമസിച്ചു , തനിയെ പാചകം ചെയ്തു, വീട് വൃത്തിയാക്കി, ബാക്കിയുള്ള സമയം മുഴുവനും തോട്ടം പരിചരണത്തില്‍ മുഴുകി.
അങ്കിളിനെ ശല്യപ്പെടുത്തുന്നതില്‍ പ്രധാനിയാണ് രണ്ടു വീടുകള്ക്കപ്പുറമുള്ള തമിഴന്‍ നാരായണസ്വാമിയുടെ മകന്‍ ബാലമുരളി. ബുദ്ധിയില്‍ കുറച്ചു കുറവുള്ള ബാല പത്താം ക്ലാസ്സ് തോറ്റതോടെ പഠിപ്പ് നിറുത്തി വെറുതെ കറങ്ങി നടപ്പാണ്. ബാല ഗ്രിഗറി അങ്കിളിന്റെ സ്വഭാവമൊന്നും കണക്കാക്കാതെ ചിലപ്പോള്‍ ആ ഗെയിറ്റ് തുറന്നു തോട്ടത്തിലൂടെ ഒരു ചുറ്റല്‍ നടത്തി ചെടികളുടെയും പൂക്കളുടെയും കണക്കെടുപ്പ്‌ നടത്തും. പുല്‍ത്തകിടിയിലൂടെ നടക്കുന്ന അവന്റെ നേരെ “നിന്നോടു പറഞ്ഞിട്ടില്ലേടാ പാണ്ടി..എന്റെ പറമ്പില്‍ കാലു കുത്തരുതെന്ന്‍...” എന്ന്‍ പറഞ്ഞു അങ്കിള്‍ സിംഹത്തെപ്പോലെ ഗര്ജ്ജിപച്ചു ചെന്നാലും അവന്‍ ഒരു നാണവുമില്ലാതെ തരം കിട്ടുമ്പോഴെല്ലാം ഗെയിറ്റ് തുറന്നു ഉള്ളില്‍ കയറും. അങ്കിള്‍ പല പ്രാവശ്യം ഇക്കാര്യം പറഞ്ഞു നാരായണ സ്വാമിയുടെ വീട്ടില്‍ ചെന്ന് വഴക്കുണ്ടാക്കിയിട്ടുണ്ട്. നാരായണസ്വാമിയുടെ ഭാര്യ ആനന്ദലക്ഷ്മി “എനിക്ക് എന്ത് ചെയ്യാനാവും ”എന്ന ഭാവത്തില്‍ അങ്കിളിനെ ദയനീയമായി നോക്കും. “മക്കളെ മര്യാദക്ക് വളര്ത്താനറിയാത്ത വര്ഗം” എന്ന്‍ പിറുപിറുത്തു കൊണ്ടു അങ്കിള്‍ അവിടെ നിന്നും ഇറങ്ങിപ്പോരുകയും ചെയ്യും.
അങ്ങനെ ഒരു ഉച്ചകഴിഞ്ഞ നേരം, ബാല ശബ്ദമുണ്ടാക്കാതെ ഗെയിറ്റ് തുറന്നു തോട്ടത്തിലൂടെ ചുറ്റി നടപ്പെല്ലാം കഴിഞ്ഞിട്ടും ഗ്രിഗറി അങ്കിളിനെ വഴക്ക് പറയാന്‍ കാണുന്നില്ലല്ലോ എന്ന്‍ അതിശയിച്ച് വീടിനു ചുറ്റും നടന്നു ജനലിലൂടെ നോക്കിയപ്പോഴാണ് അത് കണ്ടത്‌ അങ്കിള്‍ അവന്‍ കയറിയതൊന്നും അറിയാതെ ഒരു കസേരമേല്‍ ഇരുന്നു ഉറങ്ങുന്നു !!!! ജനലിനടുത്ത് ചെന്ന് നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ നിന്നും വല്ലാത്ത ദുര്ഗ്ഗന്ധം.
പേടിച്ചു പോയ ബാല കോളനിയിലാകെ വിവരം അറിയിച്ചതിന്റെയ ഫലമായി “ഗ്രീന്‍ കോട്ടേജി”ന്റെ മുന്നില്‍ ആദ്യമായി ഒരു ചെറിയ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. കസേരയില്‍ ഇരുന്നു വായിക്കുമ്പോള്‍ ആള്‍ മരണപ്പെട്ടതാണെന്നു വ്യക്തം. മരണം നടന്നിട്ട് രണ്ടു ദിവസത്തിലധികമായിരിക്കുന്നു. വീടിനു മുന്നിലെ വരാന്തയില്‍ തുറന്നു നോക്കാതെ കിടക്കുന്ന പത്രങ്ങള്‍ അത് ശരി വെച്ചു. മൂന്ന് ദിവസം മുന്പ് നടത്തം കഴിഞ്ഞു വന്ന അങ്കിള്‍ വീടിനു മുന്നില്‍ ഫുട്ബോള്‍ കളിച്ച കുട്ടികളോടു
“നിന്നോടൊക്കെ എത്ര പ്രാവശ്യം പറയണം എന്റെ വീടിന്റെ മുന്നില്‍ കളിച്ചാല്‍ പന്ത്‌ അകത്ത് പോയി എന്‍റെ ചെടികള്‍ നശിപ്പിക്കുമെന്ന്..?” എന്ന് ശാസിച്ചശേഷം വീടിനുള്ളിലേക്ക് കയറിപ്പോയത് കണ്ടവരുണ്ട്.
പിന്നെ ആകെ ഒരു ബഹളമായിരുന്നു. ബഹളം മുഴുവനും വീടിനു മുന്നിലെ റോഡിലായിരുന്നു. ദുര്ഗന്ധം വമിക്കുന്ന വീടിനുള്ളിലേക്ക് കയറുവാന്‍ ആളുകള്‍ മടിച്ചു നിന്നു. ഒടുവില്‍ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഭാര്ഗവന്‍ “ഇങ്ങനെ ഇരുന്നാല്‍ കാര്യങ്ങള്ക്ക് നീക്കുപോക്കുണ്ടാവില്ല”. എന്ന് പറഞ്ഞു വീടിനുള്ളിലേക്ക് കയറി ഗ്രിഗറി അങ്കിളിന്റെ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച് ആരെയൊക്കെയോ മരണ വിവരം അറിയിച്ചതിന്റെ് ഫലമായി വൈകുന്നേരത്തോടെ വിവധ വാഹനങ്ങളിലായി ബന്ധുക്കള്‍ എത്തിച്ചേര്ന്നു.

കസേരയില്‍ ഇരുന്നു മരിച്ച കാരണം ഗ്രിഗറി അങ്കിളിന്റെ ശവ സംസ്കാരത്തിന് സാധാരണ പെട്ടി സാധ്യമാകുമായിരുന്നില്ല .അത് കൊണ്ടു ആശാരിയെ വരുത്തി വലിയ ഒരു പെട്ടിയുണ്ടാക്കുന്ന ജോലിയും കോളനിക്കാരുടെ ഉത്തരവാദിത്വമായി. പള്ളിയും പട്ടക്കാരനും ഇല്ലാതെ ജീവിച്ച അങ്കിളിന്റെ സംസ്കാരത്തിന് പള്ളിക്കാര്‍ ചെറുതായി ഇടഞ്ഞെങ്കിലും അഴുകി തുടങ്ങിയ മൃതദേഹത്തെയോര്ത്ത് ‌ രാത്രി തന്നെ സംസ്കാരവും നടത്തി. അന്ന് രാത്രി തന്നെ വന്ന ബന്ധുക്കള്‍ സ്ഥലം വിടുകയും ചെയ്തു.

ദിവസങ്ങള്‍ നീങ്ങവേ വീടിന്റെ മുറ്റത്ത് നിന്നിരുന്ന പൂച്ചെടികള്‍ ഒന്നൊന്നായി വാടിക്കരിഞ്ഞു, ഉണങ്ങിയ കമ്പുകളുമായി ചെടിച്ചട്ടികള്‍ അവശേഷിച്ചു. മനോഹരമായ പുല്ത്തകിടി അവിടവിടെ കരിഞ്ഞു വികൃതമായി കിടന്നു, പിന്നീടവ പൂര്ണ്ണ മായി ഉണങ്ങി. അത്ര പെട്ടെന്ന് വാടാത്ത പലവര്ണ്ണത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്ന തെച്ചി,ചെമ്പരത്തി തുടങ്ങിയ ചെടികള്‍ കരിഞ്ഞു തളര്ന്നു നിന്നെങ്കിലും മഴക്കാലത്ത്‌ അവ ഉണര്‍വോടെ വീണ്ടും വളര്ന്നു . വേനലില്‍ അവ വീണ്ടും വെയിലേറ്റു മൃത പ്രായരായി. വീടിന്റെ മുറ്റത്ത് നിന്നിരുന്ന മാവുകളുടെ ഇലകള്‍ മുറ്റത്ത്‌ കരിഞ്ഞു കുമിഞ്ഞു കൂടി കിടന്നു.

ഒരു പ്രേത ഭവനം പോലെ ആ വീട് ഒരു ദു:ശകുനമായി കോളനിയില്‍ നിലകൊണ്ടു. സന്ധ്യ കഴിഞ്ഞാല്‍ ബാലക്ക് അതിനു മുന്നിലൂടെ തനിയെ നടക്കുന്നത് പോലും പേടിയായിരുന്നു. ഒരു ദിവസം രാത്രിയില്‍ ഹാളിലെ സീറോ ബള്ബിന്റെ വെളിച്ചത്തില്‍ അവന്‍ വീടിനുള്ളില്‍ നിഴലനക്കം കണ്ടത്രേ. മാമ്പഴക്കാലത്ത് മുറ്റത്തെ മാവുകളില്‍ നിന്ന് വീഴുന്ന പഴുത്ത മാങ്ങ പോലും ആരും എടുത്തില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഗ്രിഗറി അങ്കിളിനെ അവര്‍ ഒരു പോലെ ഭയപ്പെട്ടു. കുറെ മാസങ്ങള്ക്ക് ‌ ശേഷം ബള്ബിന്റെ ചെറിയ വെളിച്ചവും ഇല്ലാതായതോടെ രാത്രികളില്‍ ആ വീട് ഒരു ഇരുട്ട് കോട്ടയായി
അങ്ങനെ ആരോരുമില്ലാതെ കിടന്ന വീട്ടില്‍ ഇപ്പോഴിതാ ആരോ വന്നിരിക്കുന്നു..
“അന്ത ആള്‍ ലോക്ക്‌ ഉടച്ചിട്ടു താന്‍ ഉള്ളെ ഏറിയത്.. “
എന്ന ബാലയുടെ പ്രഖ്യാപനം കോളനിക്കാരെ വീണ്ടും വിഷമത്തിലാക്കി. ഒടുവില്‍ സെക്രട്ടറി ഭാര്ഗവന് പോയി കാരണം അന്വേഷിച്ചപ്പോഴാണ് ആ വിവരം കിട്ടിയത്‌. അത് അങ്കിളിന്റെ മകനാണത്രേ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു വാസുദേവന്‍.
“ഗ്രിഗറി അങ്കിളിന് എങ്ങനെ വാസുദേവന്‍ എന്നൊരു മകന്‍..? അങ്കിളിന്റെ് രണ്ടു മക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്. ഒരാണും ഒരു പെണ്ണും. രണ്ടു പേരും എറണാകുളത്ത് താമസിക്കുന്നു. പിന്നെയെങ്ങനെ ഈ വാസുദേവന്‍..?”
ഭാര്ഗവന്റെ ഭാര്യ സൌമിനിക്ക്‌ എത്ര ചിന്തിച്ചിട്ടും വന്നയാള്‍ പറഞ്ഞതിന്റെ സാംഗത്യം പിടികിട്ടുന്നില്ല.
വന്നയാള്‍ ഹോസില്‍ വെള്ളം ചീറ്റിച്ച് വീട്ടിലെ പൊടി വൃത്തിയാക്കിക്കൊണ്ടിരുന്നത് നോക്കി കോളനിക്കാര്‍ വീടിനു മുന്നില്‍ സംശയത്തോടെ നിന്നു.
ഒടുവില്‍ സെക്രട്ടറിക്ക് ഒന്നു രണ്ടു പേരെക്കൂട്ടി വീണ്ടും വീട്ടില്‍ ചെന്നു കാര്യം അന്വേഷിക്കേണ്ടി വന്നു.
“ഇതാ ഇത് നോക്കിക്കൊള്ളൂ സംശയം വെക്കേണ്ട കാര്യമില്ല”
എന്ന് പറഞ്ഞ വാസുദേവന്‍ ചെറു ചിരിയോടെ ബാഗില്‍ നിന്നും വീടിന്റെ പ്രമാണം എടുത്തു അവരെ കാണിച്ചു കൊടുത്തു. സുലോചന എന്ന സ്ത്രീയില്‍ ഉണ്ടായ തന്റെക മകനായ വാസുദേവന് പതിനഞ്ചു കൊല്ലം മുന്പ്ല അങ്കിള്‍ എഴുതി വെച്ച ഇഷ്ടദാനത്തിന്റെ രേഖയായിരുന്നു അത്. അതോടെ കോളനിക്കാര്ക്ക് അങ്കിളിന്റെ ഭാര്യയും മക്കളും പിണങ്ങി പോയതിന്റെന കാരണം പിടി കിട്ടിക്കഴിഞ്ഞു. അങ്കിളിന്റെ മറ്റൊരു ബന്ധത്തിലെ കുട്ടിയാണത്രേ ഈ അമേരിക്കക്കാരന്‍.
നാളെത്തന്നെ എന്റെ ഭാര്യയും മകളുമായി ഇവിടെ വന്നു താമസിക്കും” എന്ന് പറഞ്ഞു അയാള്‍ വൈകുന്നേരം പോകുകയും ചെയ്തു.
പിറ്റേ ദിവസം വാസുദേവന്‍ ഭാര്യയും മകളുമായി ആ വീട്ടില്‍ താമസമാക്കി. ഗ്രിഗറി അങ്കിളിന്റെ ഭാര്യയും മക്കളും താമസിയാതെ വീട്ടിലെ പുതിയ വിശേഷങ്ങള്‍ അറിഞ്ഞു എത്തിക്കഴിഞ്ഞു. മൂന്നു കൊല്ലത്തിനു മുന്പ് ശവസംസ്കാരം കഴിഞ്ഞു പിന്നിടിങ്ങോട്ട് കടക്കാതിരുന്ന അവര്‍ വീടിന്റെ പുതിയ അവകാശിയുമായി ചില്ലറ വാക്കേറ്റം നടത്തി നോക്കിയെങ്കിലും “ഇനി അമേരിക്കക്ക് പോകാതെ ഇവിടെത്തന്നെ താമസിക്കും” എന്ന പ്രഖ്യാപനത്തോടെ വാസുദേവന്‍ വീടിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ അവര്‍ ഒന്നും പറയാനില്ലാതെ മങ്ങിയ മുഖവുമായി തിരിച്ചു പോയി.

ഗ്രിഗറി അങ്കിളിന്റെ വീടിന്റെ മാറ്റം വളരെ പെട്ടെന്നായിരുന്നു. പുതിയ പച്ച നിറത്തിലെ കര്ട്ടനുകള്‍ ആ വീടിനു ഒരു പ്രത്യേക ഭംഗി നല്കി. വാസുദേവന്റെ അഞ്ചു വയസ്സുള്ള മകള്‍ സ്നേഹയും ഭാര്യ രാഗിണിയും കോളനിക്കാരുടെ പ്രിയപ്പെട്ടവരായി മാറി. കോളനിയിലെ റോഡിലൂടെ തന്റെ കൊച്ചു സൈക്കിളില്‍ ചുറ്റി നടന്ന സ്നേഹ എന്ന കൊച്ചു സുന്ദരിക്ക്‌ വളരെ വേഗം കളികൂട്ടുകാരെ കിട്ടി. വേനലാധിക്കാലമായതിനാല്‍ കോളനിയിലെ കുട്ടികള്‍ മിക്കവാറും സ്നേഹയുടെ കൂടെ കളിച്ചു കൊണ്ട് ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ തന്നെയായിരിക്കും. അവര്‍ വീടിന്റെ മുറ്റത്തെ മാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടി, മാഞ്ചുവട്ടില്‍ പുല്പായയില്‍ ഇരുന്നു കഥകള്‍ പറഞ്ഞു, ചിത്ര പുസ്തകങ്ങളില്‍ കളര്‍ പെന്സി്ലുകള് കൊണ്ട് ചായം തേച്ചു.
വാസുദേവന്‍ മിക്ക സമയവും തോട്ടത്തില്‍ തന്നെയായിരുന്നു. കൂടെ രണ്ടു മൂന്നു പണിക്കാരും കാണും. നശിച്ചു കിടന്നിരുന്ന പുല്ത്തകിടി നന്നാകുവാനുള്ള നടപടികളാണ് അയാള്‍ ആദ്യം തുടങ്ങിയത്‌. ചെടിച്ചട്ടികളില്‍ ഉണങ്ങി കരിഞ്ഞു കിടന്നിരുന്ന ചെടികള്ക്ക് പകരം പല വര്ണ്ണത്തില്‍ പൂത്തുനില്ക്കുന്ന റോസചെടിയും അന്തൂറിയവും ഓര്ക്കിഡുകളും എന്ന് വേണ്ട അതി മനോഹരന്മായ ആ പൂന്തോട്ടം ആഴ്ചകള്ക്കുള്ളില്‍ പുനസൃഷിക്കപ്പെട്ടു. ഉച്ച നേരത്ത്‌ ശബ്ദമുണ്ടാക്കാതെ ഗെയിറ്റ് തുറന്നു പതുങ്ങി വരുമായിരുന്ന ബാല സ്നേഹമോളുടെ ചങ്ങാതിയായി മിക്കപ്പോഴും അവിടെത്തന്നെ കാണും. മാങ്ങ പഴുക്കുന്ന സമയമായിരുന്നു അത്. രാഗിണി കൊടുത്തയച്ച മാങ്ങകള്‍ കോളനിക്കാര്‍ രുചിയോടെ തിന്നു. അടുത്ത ദിവസം തന്നെയായിരുന്നു സ്നേഹമോളുടെ അഞ്ചാം പിറന്നാള്‍. കോളനിക്കാരെയെല്ലാം വിളിച്ചു വൈകുന്നേരം വീട്ടില്‍ ഗംഭീര പാര്ട്ടിയുണ്ടായിരുന്നു. ആ കോളനിയില്‍ പത്തും പതിനഞ്ചും കൊല്ലമായി താമസിച്ചിരുന്നവര്‍ അങ്ങനെ ആദ്യമായി ഗ്രിഗറി അങ്കിളിന്റെ വീട്ടിലെ ഒരു സല്ക്കാരത്തില്‍ പങ്കു കൊണ്ടു.
ഗ്രിഗറി അങ്കിളിന്റെ വീട്ടില്‍ അവര്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. അടുത്ത ആഴ്ച കുട്ടികളുടെ സ്കൂള്‍ തുറക്കുകയാണ്. സ്നേഹമോളെ ഏത് സ്കൂളില്‍ ചേര്ക്കുന്നതെന്ന് അന്വേഷിക്കാനെത്തിയതായിരുന്നു അയല്പക്കത്തെ വിലാസിനിചേച്ചി.
“എന്റെ ഒരു ബന്ധു ഇവിടത്തെ സെന്റ്‌ മേരീസ്‌ പബ്ലിക്‌ സ്കൂളിലെ ഹെഡ്‌മിസ്ട്രസ്സാ. നമ്മുടെ സ്നേഹമോള്ക്ക് അഡ്മിഷന്റെ കാര്യത്തില്‍ ഒരു പ്രയാസവും വരില്ല രാഗിണീ. ഞാന്‍ അവരോടു മോളുടെ കാര്യം ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്.”
“അയ്യോ..അത്.. വിലാസിനിചേച്ചീ..”രാഗിണി വാക്കുകള്ക്കായി തപ്പിത്തടഞ്ഞു.
“അതെന്താ ..? ഞാന്‍ മോള്ക്ക് ‌ അഡ്മിഷന്‍ ശരിയക്കിയത് ഇഷ്ടപ്പെട്ടില്ലേ..?സ്നേഹമോള് ഞങ്ങളുടെ സ്വന്തം കുഞ്ഞല്ലേ രാഗിണി..?”
“അതല്ല ചേച്ചി...ഞങ്ങള്‍ അടുത്ത ആഴ്ച തിരിച്ചു പോവുകയാണ്. നിങ്ങളോടൊക്കെ അത് എങ്ങനെ പറയും എന്നോര്ത്ത് ‌ ആകെ വിഷമിച്ചിക്കുകയായിരുന്നു ഞങ്ങള്‍ ഈ ദിവസങ്ങളില്‍.”
വിലാസിനി സ്തംഭിച്ചു നിന്നു. അവര്‍ അമേരിക്കക്ക് തിരിച്ചു പോകുന്നെന്നോ..?
അവര്‍ വന്നപ്പോള്‍ ഉണ്ടായതിലും വലിയ വാര്ത്തയായി അത് കോളനിയില്‍ പെട്ടെന്ന് പരന്നു. ആ വീട്ടിലേക്ക്‌ കാര്യമറിയാന്‍ കോളനിക്കാര്‍ എത്തിക്കഴിഞ്ഞു. ഇരുപത്തഞ്ചു വര്ഷകങ്ങളോളം അവിടെ ജീവിച്ചിട്ട് ഒരു നന്മ പോലും ഓര്മ്മിപ്പിക്കാനില്ലാത്ത ഗ്രിഗറി അങ്കിളിന്റെ മകന്‍ വെറും രണ്ടു മാസത്തെ പരിചയം അവസാനിപ്പിച്ച് തിരിച്ചു പോകുന്നത് കോളനിയെ ദുഖത്തിലാഴ്ത്തി.
ഒടുവില്‍ വാസുദേവന്‍ സാവധാനം അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു
ഏതാനും മാസങ്ങള്ക്ക് മുന്പ് മാത്രമാണ് പപ്പാ മരിച്ച കാര്യവും വീട് അയാള്ക്ക് നല്കിയ വിവരവും അവര്‍ അറിയുന്നത്. കൊല്ലങ്ങള്ക്ക് മുന്പ് അമ്മ മരിച്ച അയാള്ക്ക് നാട്ടില്‍ പറയത്തക്ക ബന്ധുക്കളും ഇല്ല. കുഞ്ഞായിരുന്നപ്പോള്‍ അയാള്‍ ഒരിക്കല്‍ ഇവിടെ അമ്മയുടെ കൂടെ വന്നിട്ടുണ്ട്. അപ്പോള്‍ മുതല്‍ പപ്പയുടെ വീട് എന്നാല്‍ അയാള്ക്ക് ‌ പൂത്തുലഞ്ഞു നില്ക്കുന്ന ആ പച്ചപ്പിന്റെ ലോകമായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ കണ്ട ഭാര്ഗവീനിലയം അയാളെ മറ്റൊരു മനുഷ്യനാക്കി മാറ്റി.
അമേരിക്കയില്‍ താമസിക്കുന്ന തനിക്ക്‌ ഈ വീടിന്റെ ആവശ്യമേ ഇല്ല എന്ന ധാരണയില്‍ അത് വിറ്റിട്ട് പോകുവാനായി വന്ന അയാള്ക്ക് തന്റെ തീരുമാനം മാറ്റേണ്ടി വന്നു. ഈ വീടിന്റെ മുറ്റത്ത് കണ്ട കരിഞ്ഞ ഇലകളും ചെടികളും മറഞ്ഞു പോയ ആ ജന്മം എന്തൊക്കെയോ ആവശ്യപ്പെടുന്നതായി അയാള്ക്ക് ‌ അനുഭവപ്പെട്ടു. അതു വിറ്റുകളഞ്ഞാല്‍ തന്റെ പപ്പയുടെ ആത്മാവിന് പൊറുക്കാനാകില്ല എന്ന സത്യം അയാള്‍ മനസ്സിലാക്കി. ഒരു അച്ഛന്റെ മനസ്സ് മനസ്സിലാക്കാത്ത പുത്ര ജന്മം ഭൂമിയില്‍ പാഴാണെന്ന തിരിച്ചറിവില്‍ അയാള്‍ തന്റെ പപ്പയുടെ ലോകം പുനര്‍ സൃഷിക്കുകയായിരുന്നു.

“എന്റെ ജനനമായിരുന്നല്ലോ പപ്പയുടെ ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചു പോകുവാന്‍ കാരണം. എകാന്തവാസമാണ് പപ്പയെ ഒരു ഒറ്റയാനാക്കി തീര്ത്തതെന്ന് ഞാന്‍ കരുതുന്നു. പപ്പ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നപോലെ അതെ നിലയില്‍ തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന വ്യവസ്ഥയില്‍ അദേഹത്തിന്റെ ഭാര്യക്കും മക്കള്ക്കും ഈ വീട് തിരികെ നല്കി്ക്കഴിഞ്ഞു. എന്റെ പപ്പാ ഇവടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളമായ ഈ വീട് വിറ്റു കളഞ്ഞാല്‍ പിന്നെ മകനായിരിക്കാന്‍ എനിക്കെന്തു യോഗ്യതയാണുള്ളത്..?. ഞാന്‍ ജീവിച്ചിരിക്കുന്നത്രയും കാലം ഈ വീട് ഒരു മാറ്റവുമില്ലാതെ ഇവിടെത്തന്നെ ഉണ്ടാകും ”

“ഇനി നിങ്ങള്‍ ഇങ്ങോട്ടേക്ക് എന്നു വരും രാഗിണി..?
കോളനിയിലെ സ്ത്രീകള്ക്ക് അവരുടെ വിയോഗം ചിന്തിക്കനായില്ല. അതിനു മറുപടി പറഞ്ഞത് വാസുദേവനാണ്.
“എന്റെ പപ്പാക്ക് ജീവിച്ചിരുന്നപ്പോള്‍ എന്നെ മകനായി അംഗീകരിക്കാന്‍ കഴിയാത്തതിന്റെ ദുഃഖമുണ്ടായിരുന്നു. പപ്പയെ വിഷമിപ്പിക്കാതിരിക്കുവാന്‍ ഞാനും അമ്മയും അദ്ദേഹത്തില്‍ നിന്നും അകന്നു തന്നെയാണ് ജീവിച്ചത്. അമ്മയുടെ കൂടെ ഒരേ ഒരു പ്രാവശ്യമേ ഞാന്‍ ഈ വീട്ടില്‍ വന്നിട്ടുള്ളൂ. ഈ ഓരോ ചെടിയും എന്റെ വാസുദേവനാണെന്നാണ് അന്ന്‍ അദ്ദേഹം എന്നോടു പറഞ്ഞത്. എനിക്ക് തരാനുള്ള സ്നേഹം കുറഞ്ഞു പോകുമോ എന്നോര്ത്താനയിരിക്കും ചിലപ്പോള്‍ പപ്പാ ഈ ചെടികളെ മാത്രം സ്നേഹിച്ചു കൊണ്ട് നിങ്ങളില്‍ നിന്നൊക്കെ അകന്നു ജീവിച്ചത്. അടുത്ത അവധിക്കാലത്ത്‌ ഞങ്ങള്‍ പപ്പയുടെ മൂന്നു മക്കളും ഒരുമിച്ച് ഈ വീട്ടിലുണ്ടാകും.”

യാത്രക്കൊരുങ്ങി നില്ക്കുന്ന വാസുദേവന്‍ നിറകണ്ണുകളോടെ നില്ക്കുന്ന കോളനിക്കാര്‍ ഓരോരുത്തരോടും യാത്ര പറഞ്ഞു.
അകന്നു പോകുന്ന കാറില്‍ നിന്നും സ്നേഹമോളുടെ കൈകള്‍ റ്റാറ്റാ പറഞ്ഞു കൊണ്ടിരുന്നു. ഗേറ്റ് കടക്കവേ ഒരിക്കല്‍ കൂടി വാസുദേവന്‍ വീട്ടിലേക്ക്‌ തിരിഞ്ഞു നോക്കി. പൂക്കളെ തഴുകി വരുന്ന കുളിര്‍ കാറ്റ് തങ്ങളെ അനുഗമിക്കുന്നുണ്ടോ..?

9.5.11

ക്ഷണക്കത്ത്

എന്‍റെ പ്രിയപ്പെട്ട ബൂലോക കൂട്ടുകാര്‍ക്ക് ഈ എളിയ എഴുത്തുകാരിയുടെ ഒരു ക്ഷണക്കത്ത്.
എന്‍റെ പ്രഥമ കഥാ സമാഹാരം ഈ മാസം പതിനൊന്നാം തീയതി ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക്‌ ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യുന്നു.ക്ഷണക്കത്ത് ഇതിന്റെ കൂടെയുണ്ട് കോഴിക്കോട് വെച്ചാണ് ചടങ്ങ്.സ്ഥലം യോഗ ഹാള്‍,ഇന്‍ഡോര്‍ സ്റ്റേഡിയം,മോഫ്യൂസിയല്‍ ബസ്‌ സ്റ്റാന്‍റ്,മാവൂര്‍ റോഡ്‌,കോഴിക്കോട്. പങ്കെടുക്കവാന്‍ സാധിക്കുന്ന കൂട്ടുകാര്‍ എത്തിച്ചേരുമല്ലോ. കോഴിക്കോടും പരിസത്തുമുള്ള സുഹൃത്തുക്കള്‍ തീര്‍ച്ചയായും വരുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
റോസാപ്പൂക്കള്‍
പ്രകാശന ചടങ്ങിന്റെ ചില ചിത്രങ്ങള്‍ കൂടെ ചേര്‍ക്കുന്നു.13.4.11

അമ്മത്തൊട്ടില്‍

മഴ. ഒരു ചാറ്റലായായി രാവിലെ തുടങ്ങിയതാണ്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ലക്ഷണം ആകെ മാറി. ചന്നം പിന്നം പെയ്തു തുടങ്ങിയ മഴ സാവധാനം കരുത്താര്ജ്ജിച്ചു പെരുമഴയായി. ഇത്രയധികം വെള്ളത്തുള്ളികള്‍ ആ കുഞ്ഞു മഴക്കാറിനുള്ളില്‍ ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നെന്നോ..? ഇപ്പോള്‍ തുള്ളിക്കൊരു കുടം എന്ന കണക്കില്‍ അവ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു. ഉച്ച കഴിഞ്ഞതോടെ വഴികളെല്ലാം മഴവെള്ളത്തില്‍ മുങ്ങിത്തുടങ്ങി.
സാബു കടക്കുള്ളിലിരുന്നു കൈ രണ്ടും കൂട്ടിത്തിരുമ്മി തണുപ്പകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇടക്ക് വീശുന്ന തണുത്ത കാറ്റ്‌ നേര്ത്ത മഴക്കുഞ്ഞുങ്ങളെ കടക്കുള്ളിലേക്ക് അടിച്ചു കയറ്റുകയാണ്. ഒരു ചൂടു ചായ കിട്ടിയിരുന്നെങ്കില്‍ കുറച്ച് ആശ്വാസമായേനെ. എന്നും ചായയുമായി കടകളില്‍ എത്താറുള്ള റോണിയെയും ഇന്ന് കാണുന്നില്ല. അവന്റെ അമ്മ ചായക്കടക്കാരി റീത്തചേച്ചി മഴകാരണം അവനെ പുറത്തേക്ക് വിട്ടിട്ടുണ്ടാകില്ല.
നോക്കി നില്ക്കെ് വെള്ളം കടകളുടെ നടയിലേക്ക് കയറി. വൈകുന്നേരമായിട്ടുള്ളെങ്കിലും സന്ധ്യയുടെ പ്രതീതി. തൊട്ടടുത്ത ‘റീമാസ് ഫാന്സി സ്റ്റോറിലെ’ റഷീദിക്ക കട പൂട്ടുന്നത് കണ്ട് അവന്‍ കാര്യം വിളിച്ചു ചോദിച്ചു.
“ഇക്കാ...ഇന്നെന്താ നേരത്തെ..? സമയം അഞ്ചര ആയതല്ലേ ഉള്ളൂ..?’
“വഴിയെല്ലാം വെള്ളം കേറി ബ്ലോക്കായിക്കൊണ്ടിരിക്കുകയാ. ഇപ്പൊ കട അടച്ചില്ലേല്‍ വീട്ടില്‍ ചേരലുണ്ടാകില്ല.”
ക്യാരിയറില്‍ നിന്നും മഴക്കോട്ടെടുത്തിട്ട് ബൈക്കു സ്റ്റാര്ട്ടു ചെയ്തു വെള്ളം തെറിപ്പിച്ചു കൊണ്ടു നീങ്ങുന്നതിനിടെ റഷീദ്‌ വിളിച്ചു പറഞ്ഞു
“വേഗം കടയടച്ചു പോകാന്‍ നോക്ക്. ഇല്ലെങ്കില്‍ വല്ല വഴിയിലും കുടുങ്ങിപ്പോകും.”
അതെ എല്ലാവരും കടകളടച്ചു തുടങ്ങി. ജെ ക്കെ ഗാര്മെന്റ്സില്‍ ജോലിക്ക് നില്ക്കുന്ന പെണ്കുട്ടികള്‍ ബാഗും ചുരിദാറിന്റെ ഷോളും കുടയും എല്ലാം ബാലന്സ് ചെയ്തു പിടിച്ച് വസ്ത്രങ്ങളില്‍ വെള്ളം തെറിക്കാതെ അവനു മുന്നിലൂടെ നടന്നു പോയി. തൊട്ടടുത്ത് വീടുള്ള ഉടമ ജെ.ക്കെ സോമന്‍ ചേട്ടന്‍ പോലും പോകാനുള്ള തയ്യാറെടുപ്പിലാണ്.
അവന്‍ പെട്ടെന്നു ലാന്ഡ് ഫോണെടുത്ത് കടയുടമസ്ഥന്‍ ജോസേട്ടനെ വിളിക്കാന്‍ ശ്രമിച്ചു.
ഫോണിനു ഡയല്‍ ടോണ്‍ ഇല്ല.വണ്ടു മൂളുന്ന പോലെ ഒരു മൂളക്കം മാത്രം. മഴ വെള്ളം കേറി ആകെ നാശമായിക്കാണും.
ഒടുവില്‍ ബാലന്സു കുറവാണെങ്കിലും അവന്‍ സെല്‍ ഫോണെടുത്തു ഡയല്‍ ചെയ്തു
”ജോസേട്ടാ..കട പൂട്ടട്ടെ..? എല്ലാവരും കട അടച്ചു പോയി. നമ്മുടെ കട മാത്രമേ ഈ റോഡില്‍ ഇപ്പോള്‍ അടക്കാത്തതായുള്ളു. ചേട്ടനെപ്പോഴാ ഇങ്ങോട്ട് വരുന്നത് “
”ഞാനെങ്ങനെ വരാനാ സാബൂ..? ഇവിടത്തെ വഴിയെല്ലാം മുട്ടോളം വെള്ളം. വണ്ടി ഇറക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. നീ ഒരു കാര്യം ചെയ്യ്‌ കടപൂട്ടി താക്കോല് കയ്യില്‍ വെച്ചോ. നാളെ രാവിലെ തന്നെ വന്നു തുറന്നാല്‍ മതി. കളക്ഷനെല്ലാം എണ്ണി കൃത്യമായി പെട്ടിയിലെ സെയിഫ്‌ ലോക്കറില്‍ വെച്ചേരെ. അതിന്റെ ഡബിള്‍ ലോക്കിടുവാന്‍ മറക്കല്ലേ. പെട്ടിയും ലോക്ക് ചെയ്യണം..”
മഴ കാരണമെന്ന് തോന്നുന്നു .സെല്‍ ഫോണില്‍ കൂടെയുള്ള ശബ്ദംപോലും അത്ര വ്യക്തമല്ല. എങ്കിലും ജോസേട്ടന്‍ പറഞ്ഞതെന്തെന്നു അവനു മനസ്സിലായി.
അവന്‍ ധൃതിയില്‍ അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി. മഴക്കാലത്ത്‌ എപ്പോഴും കളക്ഷന്‍ കുറവായിരിക്കും. പുരാവസ്തുക്കള്‍ വില്ക്കുന്ന ആ കടയില്‍ മഴയത്ത്‌ ആര് വരാനാണ്...? രാവിലെ ഒന്നോ രണ്ടോ പേര്‍ വന്നു. കുറച്ചു പഴയ നാണയം ചിലവായി. പിന്നെ പല വര്ണ്ണങ്ങളിലുള്ള ഗോളാകൃതിയില്‍ ഉള്ള പഴയ ബള്ബുകള്ക്ക് അഡ്വാന്സ് തന്നിട്ട് പോയി. ഇപ്പോള്‍ വണ്ടി കൊണ്ടു വന്നിട്ടില്ല, അടുത്ത തവണ വരുമ്പോള്‍ കൊണ്ടു പൊയ്ക്കൊള്ളാം എന്ന കണ്ടീഷനില്‍. ടൂറിസ്റ്റു സീസനാണെങ്കില്‍ പിന്നെ നോക്കേണ്ട വരുന്ന കസ്റ്റമേഴ്സിനെ മാനേജു ചെയ്യുവാന്‍ അവന്‍ വിഷമിക്കും അപ്പോള്‍ ജോസേട്ടന്‍ അനന്തിരവന്‍ ഷിജോയെയും കൂടെ അവന്റെ സഹായത്തിനു നിര്ത്തും . എന്നിട്ട് അവനോടു ചെവിയില്‍ പറയും “ഷിജോ കാശടിച്ചു മാറ്റുന്നുണ്ടോന്നു ഒന്ന് ശ്രദ്ധിച്ചോ..മഹാ തല്ലിപ്പോളിയാ..”
പൈസ എണ്ണി തിട്ടപ്പെടുത്തി പൂട്ടി വെച്ചു കട ഷട്ടറിട്ടു കഴിഞ്ഞപ്പോഴാണ് അവന്‍ അത് കണ്ടത്‌. റോഡില്‍ ഏകദേശം മുട്ടോളം വെള്ളം. ബസ്സ് സ്റ്റോപ്പിലേക്ക് വെള്ളത്തിലൂടെ പോകാമെന്ന് വെച്ചാലും കടയില്‍ നിന്ന് കാണാവുന്ന ആ വെയിറ്റിംഗ് ഷെഡ്ഡില്‍ ആരുമില്ല. ആ വഴി വണ്ടികള്‍ ഒന്നും ഓടുന്നില്ലെന്നു അപ്പോഴാണവന് മനസ്സിലായത്‌. കഷ്ടം ജോസേട്ടനെ കുറച്ചു നേരത്തെ ഫോണ്‍ ചെയ്തു കട അടച്ചു പോകേണ്ടതായിരുന്നു. ഇനിയിപ്പോള്‍ താമസ സ്ഥലത്തെത്തുവാന്‍ എന്താണ് വഴി...?അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള അവിടം വരെ ഈ മഴയത്ത് നടക്കാനാവുമോ..? പെട്ടെന്നവന്റെ ഫോണ്‍ ചിലച്ചു. ജോഷിയാണ് അവന്‍ മുറിയില്‍ എത്തിയിരിക്കുന്നു. മഴ കാരണം അവരുടെ ഓഫീസെല്ലാം നേരത്തെ വിട്ടത്രെ.
“ഞാനിവിടെ കുടുങ്ങിപ്പോയടാ. കട അടച്ചു വന്നപ്പോള്‍ നേരം വൈകി. വഴി നിറയെ വെള്ളവും. ഞാന്‍ ജോസേട്ടനെ വിളിച്ചു നോക്കട്ടെ. ഇനി എന്ത് ചെയ്യണമെന്നു.”
സാബു ഫോണ്‍ കട്ട് ചെയ്തു വീണ്ടും ജോസേട്ടനെ വിളിച്ചു.
”ഇന്ന് നീ കടയിലെങ്ങാനും കിടക്ക് സാബൂ. അല്ലാതെ മഴയത്ത് താമസ സ്ഥലത്ത് എങ്ങനെ ചെന്നെത്താനാ. നാളെ രാവിലെ വെള്ളം തോരുമായിരിക്കും.ഞാന്‍ രാവിലെ തന്നെ എത്തിക്കോളാം. എന്നിട്ട്‌ നീ പോയി ഉച്ച കഴിഞ്ഞു വന്നാല്‍ മതി.”
സാബു മടുപ്പോടെ ഷട്ടര്‍ തുറന്നു കടയിലേക്ക് കയറി ലൈറ്റിട്ടു. റോഡു മിക്കവാറും വിജനമായിരിക്കുന്നു. നന്നായി വിശക്കുന്നുമുണ്ട്. രാത്രി ഭക്ഷണം കിട്ടുവാനും വഴിയില്ല. അവന്‍ ഷട്ടറടച്ചു വന്നു കടക്കുള്ളിലൂടെ അങ്ങിങ്ങ് നടന്നു.
ചിത്രപ്പണി ചെയ്ത പഴയ പാത്രങ്ങള്‍ ,ആമാടപെട്ടികള്‍, അതി മനോഹരമായ ഫോട്ടോ ഫ്രെയിമുകള്‍, മുറുക്കാന്‍ ചെല്ലങ്ങള്‍, ഉപ്പ് മരവികള്‍, തൊട്ടിലുകള്‍, കൊത്തു പണിചെയ്ത പീഠങ്ങള്‍ ,അങ്ങനെ പലതും. എല്ലാം തന്നെ രാവിലെ കടതുറക്കുമ്പോഴേ അവന്‍ തുടച്ചു മിനുക്കി വെക്കുന്നതാണ്. ഓരോ വസ്തുവിനും പ്രത്യേകം സ്ഥാനമുണ്ട്. ഒന്നു വിറ്റു പോയാല്‍ ആ സ്ഥാനത്ത്‌ ഗോഡൌണിനുള്ളില്‍ നിന്നും ഏതെങ്കിലും കൊണ്ടു വെക്കും. ഓരോ ഉരുപ്പിടിയുടെയും വളവു തിരിവുകള്‍ പോലും അവനു മനപാഠമാണ്.
അവന്‍ കടക്കുള്ളില്‍ തന്നെയുള്ള ഗോഡൌണിന്റെ വാതില്‍ തുറന്നു ലൈറ്റിട്ടു. വല്ലാത്ത ഒരു പഴയ ഗന്ധം അതിനുള്ളില്‍ നിറഞ്ഞു നിന്നിരുന്നു. കടയുടെ അടുക്കും ചിട്ടയുമൊന്നുമില്ല ആ മുറിക്ക്. നിറയെ സാധനങ്ങള്‍ വാരി നിറച്ചിരിക്കുകയാണ്
എത്രയോ വര്ഷുങ്ങള്ക്കു മുന്പ് ഏതൊക്കെയോ പ്രഭുക്കന്മാര്‍ ഉപയോഗിച്ച തളികകള്‍, പണപ്പെട്ടികള്‍, കസേരകള്‍. ഓരോന്നിനും എന്തു പ്രൌഡി!!! അതെല്ലാം ഉപയോഗിച്ചിരുന്നവരുടെ അടുത്ത തലമുറപോലും ഇപ്പോഴുണ്ടാകുമോ..? ഒരറ്റത്ത്‌ തൂക്കിയിട്ടിരിക്കുന്ന ചിത്രപ്പണി ചെയ്ത മനോഹരമായ തൊട്ടില്‍. അതിനടുത്ത്‌ ചിത്രപ്പണിചെയ്ത ഒരു കട്ടില്‍. കട്ടിലിനടുത്ത് ലോഹച്ചുറ്റുള്ള വാക്കിംഗ് സ്റ്റിക്ക്. ഈ തൊട്ടിലില്‍ കിടന്ന കുഞ്ഞു തന്നെയായിരിക്കുമോ ഈ കട്ടില്‍ ഉപയോഗിച്ചിരിക്കുക,,? ഭാഗ്യം ചെയ്ത ഒരു കുഞ്ഞായിരിക്കും അവന്‍. അവന്‍ മുതിര്ന്നു ഏതോ ഒരു പ്രഭുകുമാരനായി മാറിക്കാണും. തന്റെ ഇണയെ ആശ്ലേഷിച്ചു കൊണ്ടു എത്ര രാവുകള്‍ ഈ കട്ടിലില്‍ കിടന്നു കാണും..? പിന്നീടവന്‍ ഈ വാക്കിംഗ് സ്റ്റിക്കൂന്നി ഗാംഭീര്യത്തോടെ നടന്ന ഒരു വൃദ്ധനായി മാറിക്കാകാണും. അയാളുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ പരിചാരകര്‍ കാതോര്ത്ത് നിന്ന് കാണും.
ഇണയും സ്നേഹവുമെല്ലാം ഭൂമിയില്‍ ഭാഗ്യം ചെയ്തവര്ക്കാ്യി വീതം വെച്ച് നല്കുപ്പെട്ടിരിക്കുന്നു.
“ആരുമില്ലാതെ ഭൂമിയില്‍ നിന്നും പൊട്ടി മുളച്ചത് പോലെ ഒരുത്തന്‍....”
പള്ളിയിലെ ക്വയറിന്റെ നടുവില്‍ നിന്ന് കൂമ്പിയടഞ്ഞ കണ്ണുകളുമായി ആരോരുമില്ലാത്തവരെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു എല്ലാം മറന്നു പാടുന്ന നീന. തൊട്ടടുത്ത് നിന്ന് പാടുന്ന തന്റെ കൈ ആരും കാണാതെ കുസൃതിയോടെ കോര്ത്തു പിടിച്ചവള്‍. ആരുമില്ലാത്തവനെന്ന കാര്യം അവള്‍ അറിഞ്ഞിരുന്നില്ലത്രേ. അനാഥനെന്ന കാര്യം മറച്ചു പിടിച്ചതെന്തിനായിരുന്നു എന്ന് പറഞ്ഞായിരുന്നു ആവള്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവനെ പരിഹസിച്ചത്‌. അവളെ മറ്റുള്ളവര്‍ ‘ചന്ദ്രികയുടെ പുതിയ അവതാരം’ ഏന്നു പറഞ്ഞു പരിഹസിച്ചത്‌ അവള്ക്കു പൊറുക്കാനാവില്ലത്രേ.
അവന്‍ ഓര്മ്മകളില്‍ നിന്ന് വേര്പെട്ട് മുറിയിലുള്ള സാധനങ്ങളെ തുറിച്ചു നോക്കി. ഏതോ പുരാതന ലോകത്തെത്തിയ ഒരു ഏകാന്ത പഥികനാണ് താനെന്നവനു തോന്നി. എങ്ങനെയോ നശിച്ചു പോയ ഒരു ലോകത്ത്‌ തനിയെ എത്തപ്പെട്ടവന്‍. ഇവിടെ വേറാരും ജീവിച്ചിരിപ്പില്ല. ആരൊക്കെയോ ജീവിച്ചിരുന്നു എന്ന അടയാളങ്ങള്‍ മാത്രം. അവിടെ സ്നേഹമുണ്ടായിരുന്നു. ജീവിതമുണ്ടായിരുന്നു. പരിഭവങ്ങളും സമാശ്വസിപ്പിക്കലും ഉണ്ടായിരുന്നു. ചിരിയും കണ്ണീരും ഉണ്ടായിരുന്നു. അവര്‍ ഇതെല്ലാം ഉപേക്ഷിച്ച് ഏതു ലോകത്തേക്ക് കടന്നു പോയി..? .അവന്‍ ആ വസ്തുക്കളെ ആദ്യമായി കാണുന്നപോലെ തുറിച്ച കണ്ണുകളോടെ നോക്കി.അകാരണമായ ഒരു ഭയം അവനെ ഗ്രസിച്ചു. ഇതിന്റെയെല്ലാം യഥാര്ത്ഥ ഉടമസ്ഥര്‍ കൂട്ടത്തോടെ വന്ന്‍ കാവലാളായ അവനെ ഇവിടെ നിന്നും ആട്ടിപ്പായിക്കുമോ..? ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ട അവന് ഒന്ന് ഉറക്കെ കരയണം എന്ന് തോന്നി.
പെട്ടന്നവന്റെ കണ്ണുകള്‍ വീണ്ടും തൊട്ടിലിലേക്ക് പോയി. ആ തൊട്ടില്‍ അവനെ ആശ്വസിപ്പിക്കുന്നത് പോലെ. അവന്‍ സാവധാനം അതിനടുത്തു ചെന്ന്‍ കൈകള്‍ കൊണ്ട് ആ തൊട്ടിലിനെ മൃദുവായി ചലിപ്പിച്ചു. ഏതോ ഒരമ്മയുടെ താരാട്ട് കേട്ട് പാതി മയങ്ങുന്ന കണ്ണുകളുമായി ഒരു കുഞ്ഞു തൊട്ടിലില്‍ കിടന്നുറങ്ങുന്നു. ആ കുഞ്ഞിന്റെ കണ്ണില്‍ നിറയെ കരിമഷി. കാലില്‍ കിലുങ്ങുന്ന തളകള്‍..അവന്റെ അമ്മ ഈണത്തിലുള്ള പാട്ട് ഇടക്ക് നിറുത്തുമ്പോള്‍ അവന്‍ കണ്ണ് തുറക്കാതെ തന്നെ ചിണുങ്ങി കരയുന്നു. ഉടനെ തന്നെ അവന്റെ അമ്മ പാട്ട് തുടരുന്നു. ആ കുഞ്ഞിനു ശേഷം എത്രയോ കുഞ്ഞുങ്ങള്‍ ഇതില്‍ കിടന്നു താരാട്ട് പാടു കേട്ടു കാണും .എത്രയോ അമ്മമാര്‍ ഇതില്‍ നിന്നുള്ള കരച്ചില്‍ കേട്ട് ഓടിവന്നു അമ്മിഞ്ഞ വായില്‍ വെച്ച് കൊടുത്ത് ആശ്വസിപ്പിച്ചു കാണും. അവരുടെ ഇളം തുടയില്‍ താളത്തില്‍ താളം പിടിച്ചു ഉറക്കി കാണും.
പിറന്ന ദിവസം തന്നെ അമ്മ നഷ്ടപ്പെട്ട ഒരു പിഞ്ചുബാലന്‍ ഉറക്കത്തില്‍ ഞെട്ടി ഉണര്ന്നു് ഇരുട്ടിനെ നോക്കി പേടിച്ചു കരയുന്നു.
“നാശം പിടിച്ചവന്‍ ഉറങ്ങാനും സമ്മതിക്കില്ല..എന്ന് പറഞ്ഞു അടുത്തു വന്ന്‍ ദേഷ്യത്തില്‍ തലങ്ങും വിലങ്ങും അടി കൊടുത്ത ശേഷം സ്വന്തം കുഞ്ഞിന്റെ അടുത്തുപോയി കിടക്കുന്ന അവന്റെ രണ്ടാനമ്മ. അടിയുടെ വേദനയും പേടിയും ചേര്ന്ന രാവുകള്‍...
പിറ്റേ ദിവസം, ഈ ചെറുക്കന്റെ ശല്ല്യം കാരണം നേരെ ചൊവ്വേ ഒന്നുറങ്ങാനും പറ്റുന്നില്ല” എന്ന അമ്മയുടെ പരാതി കേട്ടു കണ്ണുരുട്ടുന്ന അവന്റെ അച്ഛന്‍.
“കുറച്ചു ദിവസം തള്ളേടെ വീട്ടില്‍ കൊണ്ടു വിട്‌. അവര്ക്കുമില്ലേ കുറച്ചു ഉത്തരവാദിത്വം. അവരങ്ങിനെ കൈ കഴുകിയാലോക്കുമോ..?”
അമ്മയുടെ വീട്ടിലേക്കു തള്ളപ്പെടുന്ന ‘തള്ളക്കാലന്‍’' കുഞ്ഞു അവിടെയും ഒരു അധികപ്പറ്റായിരുന്നു. പൊരിച്ച മുട്ടയുടെ സുഗന്ധം കേട്ടു അടുക്കളയിലേക്കോടി ചെന്ന ഒരു ദിവസം”എന്താടാ..വിളിക്കാതെ ഇങ്ങു വരരുതെന്ന് പറഞ്ഞിട്ടില്ലേ?”എന്ന് കോപത്തോടെ ചോദിച്ച ശേഷം ഭക്ഷണം കൊടുത്തു കഴിഞ്ഞ സ്വന്തം മകന്റെ ചൊടി തുടച്ചു കൊടുക്കുന്ന അമ്മായിയുടെ മുഖമാണ് ആ വീടിനെക്കുറിച്ചോര്ക്കു്മ്പോള്‍ അവന്റെ മനസ്സിലേക്ക് വരിക.
ആരും പരിപാലിക്കാനില്ലാതെ, ജനിച്ചത്‌ കൊണ്ടു മാത്രം എങ്ങനെയൊക്കെയോ വളര്ന്ന കുട്ടി. വളര്ച്ചയുടെ വഴിയിലെപ്പോഴോ സ്വന്തമെന്നു പറയാന്‍ മാത്രമുണ്ടായിരുന്ന അച്ഛനും നഷ്ടപ്പെട്ടത്. ഇടക്കെപ്പോഴോ സ്കൂള്‍ പഠിത്തം നിന്നുപോയ അവന്‍ ആരുടെയൊക്കെയോ കരുണയാല്‍ ജോസേട്ടന്റെ കടയില്‍ ജോലി തരപ്പെട്ടു. കൂട്ടുകാരൊപ്പമുള്ള താമസം. ആരുടെയും ശകാരവും ‘തള്ളക്കാലിന്റെ’ പഴിയും കേള്ക്കാതെ സമാധാനമായി ഉറങ്ങുവാന്‍ പറ്റുന്നതില്‍ ജോസേട്ടനോടു നൂറു നന്ദി മനസ്സില്‍ പറയും.
അവന്റെ കൈകള്‍ അപ്പോഴും ആ തൊട്ടിലിനെ ആട്ടിക്കൊന്ടിരുന്നു. എവിടെ നിന്നോ ഒരു താരാട്ട് പാടിന്റെ ഈണം അവന്റെ ചെവിയില്‍ വന്ന്‍ അലയടിച്ചു കൊണ്ടിരുന്നു. കണ്ടിട്ടില്ലാത്ത മുഖമുള്ള ആരുടെയോ കൈകള്‍ അവന്റെ പുറത്ത്‌ മെല്ലെ താളം പിടിച്ചു കൊണ്ടിരുന്നു.ആ കൈകള്ക്ക് ഇളം ചൂടുണ്ടായിരുന്നു.ഒരു പൂവിന്റെ മാര്ദ്ദവമുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ താനെ അടഞ്ഞു പോയി. അത്രയും ഗാഡമായ ഒരു ഉറക്കം ജീവിതത്തില്‍ ഒരിക്കലും അവന്‍ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.
രാവിലെ മഴതോര്ന്നയുടന്‍ കടയിലെത്തിയ ജോസേട്ടന്‍ കടയുടെ ഷട്ടര്‍ അത്രയും നേരമായിട്ടും തുറക്കഞ്ഞത് കണ്ട് അത്ഭുതപ്പെട്ടു.
ഷട്ടറില്‍ ഉച്ചത്തില്‍ തട്ടുന്ന ശബ്ദം കേട്ടാണ് സാബു ഉറക്കം വിട്ടു കണ്ണു തുറന്നത് . തൊട്ടിലിനുള്ളില്‍ വളഞ്ഞു കൂടി കിടന്ന കൈകലുകള്‍ ആയാസപ്പെട്ട് നിവര്ത്തിയെടുത്ത് തെല്ല് ജാള്യത്തോടെ തൊട്ടിലിനെ ഒന്നു നോക്കിയശേഷം അവന്‍ ഷട്ടറിനടുത്തേക്ക് നടക്കുമ്പോള്‍ ജോസേട്ടന്റെ ശബ്ദം കേട്ടു.
“എടാ..സാബൂ..ഇതുവരെ നിന്റെ ഉറക്കം കഴിഞ്ഞില്ലേ..? എഴുന്നേക്കടാ...”
അവന്‍ കണ്ണു തിരുമ്മിക്കൊണ്ട് ധൃതിയില്‍ ഷട്ടര്‍ തുറക്കുവാന്‍ തുടങ്ങി

8.2.11

ബെക്കര്‍വാളുകള്‍


പശുക്കളെ പുല്മേട്ടില്‍ മേയാന്‍ വിട്ടിട്ട് നയീം തലയുയര്‍ത്തി ആകാശത്തേക്ക് നോക്കി. അങ്ങ് ഏറ്റവും ഉയരത്തിലുള്ള മലനിരകളില്‍ ഇനിയും മഞ്ഞു വീണിട്ടില്ല. സാഹ്നയും കുടുംബവും ഇപ്പോഴും അവിടെത്തന്നെയായിരിക്കും. ഏറ്റവും മുകളില്‍ മുകളറ്റം പരന്നിരിക്കുന്ന ആ ചതുര മലമുകളിലാണ് ആദ്യം മഞ്ഞു വീഴുക. മലക്കുകള്‍* താമസിക്കുന്ന സ്ഥലം എന്നാണ് കുഞ്ഞു നാളില്‍ ആ മലയെപ്പറ്റി പറഞ്ഞിരുന്നത്. ചതുര മലയില്‍ മഞ്ഞു നിറയുമ്പോള്‍ മലക്കുകള്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ച ചിറകുകളുമായി മലയില്‍ നിന്നിറങ്ങി അന്തരിക്ഷത്തില്‍ പറന്നു നടക്കുമത്രേ. എന്നിട്ട് ഇടക്കിടക്ക് ചിറകള്‍ കുടയും. അപ്പോള്‍ അവന്റെ വീടും കൃഷിയിടങ്ങളും എല്ലാം മഞ്ഞു വീണു മലക്കുകളുടെ ഉടുപ്പുപോലെ തൂവെള്ള നിറത്തിലിരിക്കും. ആ സമയത്ത്‌ അവര്‍ വേനല്‍ക്കാലത്ത് കാട്ടില്‍ പോയി ശേഖരിച്ചു വെച്ച വിറകുകള്‍ എടുത്ത്‌ തീ കൂട്ടി അതിനു മുന്നില്‍ തീ കാഞ്ഞിരിക്കും. മഞ്ഞില്‍ പുറം ജോലികളൊന്നും ചെയ്യാനില്ലാത്ത അവന്റെ അമ്മിയുടെ വിരലുകള്‍ കമ്പിളി നൂലുകളില്‍ ചലിച്ചു കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അവന്റെ കുഞ്ഞു സഹോദരന്‍ അമീറിനുള്ള കമ്പിളി ഉടുപ്പായിരിക്കും അല്ലെങ്കില്‍ അവന്റെ തൊട്ടു ഇളയ സഹോദരി മേഹ്നാജിനുള്ളത്.
മലക്കുകളെ കാണുവാനായി കുട്ടികള്‍ ഉത്സാഹത്തോടെ മഞ്ഞു വീഴുന്ന സമയത്ത് വീടിന് പുറത്തിറങ്ങി നോക്കും. അതുവരെ മഞ്ഞില്‍ പറന്നു നടക്കുന്ന മലക്കുകള്‍ കുട്ടികള്‍ വീടിനു വെളിയില്‍ വരുമ്പോള്‍ പെട്ടെന്ന്‍ അദൃശ്യരായി കളയുമത്രേ. ഇനി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാമെന്നു വെച്ചാലോ അങ്ങനെ കുട്ടികള്‍ മനസ്സില്‍ വിചാരിക്കുമ്പോഴേ മലക്കുകള്‍ അതറിയും. അപ്പോള്‍ തന്നെ അവര്‍ മറയും .
പിന്നിലെ ഉണക്ക ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട നയീം തിരഞ്ഞു നോക്കി. മരങ്ങളെല്ലാം ഇല പൊഴിച്ചു തുടങ്ങിയിരിക്കുന്നു. ജെരീഫ കയ്യില്‍ പാത്രങ്ങളുമായി വരുന്നുണ്ട്. പശുക്കളെ കറക്കുവാനുള്ള സമയമായിരിക്കുന്നു.
“എന്താ നയീം നീ മുകളിലേക്ക് നോക്കിയിരിക്കുന്നത്? അവര്‍ വാരാറായിട്ടില്ല ഇനിയും. രണ്ടാഴ്ചയെങ്കിലും എടുക്കും മുകളില്‍ മഞ്ഞു വീഴാന്‍. അത് വരെ അവര്‍ അവിടെത്തന്നെ ആടു മേയ്ക്കുകയായിരികും.”
നയീം ചേച്ചിയെ നോക്കി സാവധാനം തലയാട്ടി.
കറവ പാത്രങ്ങള്‍ താഴെ വെച്ച് ജെരീഫ പശുക്കളിലൊന്നിനെ അരികില്‍ നിര്‍ത്തി പാല്‍ കറന്നു തുടങ്ങി. പാത്രത്തില്‍ പാലു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ നയീം എഴുന്നേറ്റു ചെന്നു മറ്റൊരു പശുവിനെ കറക്കാനാരംഭിച്ചു.
“നയീം കുറെ നാളായി നിന്നോടു ചോദിക്കണമെന്ന് വിചാരിക്കുന്നു. എന്തിനാണ് നീ അവര്‍ വരുന്നതും കാത്തിങ്ങനെ ഇരിക്കുന്നത്. നാടോടികളായ ആ ഗുജര്‍ പെണ്ണ് എങ്ങനെ നിനക്ക് ചേരും? അബ്ബ അറിഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല അത്. ഞാന്‍ പറഞ്ഞു തന്നില്ലെന്നു വേണ്ട.”
“ഇല്ലാ അങ്ങനെ ഒന്നും ഇല്ല. ഞാന്‍ അവരെ കാത്തിരുന്നതൊന്നുമല്ല. എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം തമ്മില്‍ കാണുന്നവരല്ലേ അവര്‍. അത് കൊണ്ടുള്ള ഒരു പരിചയം മാത്രം. അല്ലാതൊന്നുമില്ല.” അവന്‍ തപ്പിത്തടഞ്ഞു കള്ളം പറയാന്‍ ശ്രമിച്ചു.
”എങ്കില്‍ നല്ലത്. പക്ഷെ അവള്‍ എന്നോടു പറഞ്ഞത്‌ അങ്ങനെയല്ല.” തലയുയര്‍ത്താതെ പറഞ്ഞു ജെരീഫ കറവ തുടര്‍ന്നു.
നയീം കറവ നിറുത്തി പെട്ടെന്ന് തല തിരിച്ചു സഹോദരിയെ നോക്കി. ജെരീഫ ചെറുചിരിയോടെ കറവ തുടരുകയാണ്.
പാല്‍ പാത്രങ്ങളുമായി ജെരീഫ പോയിട്ടും നയീം ചിന്തകളില്‍ ഉഴറി നടന്നു.
എന്നാണ് അവന്‍ ആദ്യമായി സഹ്നയെ കാണുന്നത്...? അത്ര ഓര്‍മ്മ കിട്ടുന്നില്ല. ശൈത്യ കാലം കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ താഴ്വരയിലെ പുല്ലുകള്‍ തീരാറാകും. ആടുകള്‍ക്ക് പുല്ലു തികയാതെ വരുമ്പോള്‍ ബെക്കര്‍വാള്കള്‍ കൂട്ടത്തോടെ നൂറു കണക്കിനു ആടുകളുമായി മല കയറിത്തുടങ്ങും. വായ കൊണ്ടു ചൂളം കുത്തി പുരുഷന്മാര്‍ ആടുകളെ മുകളിലേക്ക് തെളിക്കും. നല്ല വലിപ്പമുള്ള കാവല്‍ നായകള്‍ ആടുകളുടെ മുന്നേ നടക്കുന്നുണ്ടാകും. വീട്ടുസാധനങ്ങളും കമ്പിളിയുടുപ്പുകളും പുറത്തു കെട്ടിവച്ച കോവര്‍ കഴുതകളെ തെളിച്ച് സ്ത്രീകളും കുട്ടികളും പിന്നാലെ ഉണ്ടാകും. തീരെ ചെറിയ കുട്ടികള്‍ മിക്കവാറും കോവര്‍ കഴുതപ്പുറത്തു തന്നെയായിരിക്കും.
സഹ്നയും അവളുടെ ഇളയ സഹോദരന്മാരും അബ്ബയും അമ്മിയും അടങ്ങിയ കൂട്ടം എല്ലാ വര്‍ഷവും മല കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും അവന്റെ് വീടിനടുത്തുള്ള ചരിവില്‍ കുറച്ചു ദിവസം തമ്പടിക്കാറുണ്ട്. ചരിവിനടുത്തുള്ള പുല്മേടുകളില്‍ ആടുകള്‍ മേഞ്ഞു നടക്കുമ്പോള്‍ കുട്ടികള്‍ നയീമിനും സഹോദരങ്ങള്ക്കു്മൊപ്പം കളിക്കും. ഗുജറുകളുടെ രാജസ്ഥാനി നാടോടി ഭാഷ അവര്‍ക്ക് ആദ്യമൊന്നും മനസ്സിലാകാറില്ലായിരുന്നു. പക്ഷെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല. സാഹ്നയുടെ അബ്ബ ഗുലാം അഹമ്മദ്‌ ആ നേരത്ത്‌ ചന്തയില്‍ പോയി അടുത്ത ഇടത്താവളത്തിലെത്തുന്നത് വരെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിവരും.
ഒരിക്കല്‍ ചന്തയിലേക്ക് പോകുവാന്‍ തുടങ്ങിയ നയീമിന്റെ കൂടെ “എനിക്കും വരണം “ എന്ന് സാഹ്ന ചിണുങ്ങിയപ്പോള്‍ അവളുടെ എണ്ണ തേക്കാത്ത പിന്നിക്കെട്ടിയ ചെമ്പന്‍ മുടിയിലേക്കും വൃത്തിയില്ലാത്ത ലഹങ്കയിലേക്കും നോക്കി അവന്‍ ജരീഫയോടു പറഞ്ഞു
“അയ്യേ..എനിക്കു നാണക്കേടാ ഇവളെ കൂടെ കൊണ്ടു നടക്കാന്‍.. കണ്ടില്ലേ ഇരിക്കുന്നത്..?
അതു കേട്ട സാഹ്ന കരയാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ജെരീഫ അവളുടെ മുഖം കഴുകി മുടി ചീകിയൊതുക്കി കൂടെ വിട്ടപ്പോള്‍ അവന്റെട നാട്ടിലെ കുട്ടികളെപ്പോലെ വെളുത്ത നിറവും ചുവന്ന കവിളുകളും മുന്തിരി കണ്ണുകളും ഇല്ലെകിലും അവളൊരു മിടുക്കിയാണെന്ന്‍ ആദ്യമായി അവനു തോന്നി. ചന്തയില്‍ നിന്നും അവന്‍ വാങ്ങിക്കൊടുത്ത അക്ക്രൂട്ട്* നെഞ്ചിലടുക്കി അവള്‍ അവന്റെ കയ്യും പിടിച്ചു നടന്നു. പിറ്റേ ദിവസം അവരുടെ കൂട്ടം മലനിരകളിലേക്ക് കയറുമ്പോഴും അവളുടെ കയ്യില്‍ ആ പൊതിയുണ്ടായിരുന്നു.
ആ വര്‍ഷം മലയിറങ്ങി വരുന്ന വഴി അവളുടെ കുടുംബവും ആടുകളും വീടിനടുത്ത് തങ്ങിയപ്പോഴും അവര്‍ കുട്ടികള്‍ അവരവരുടെ ഭാഷകളില്‍ സംസാരിച്ചു കളിച്ചു നടന്നു. അവളുടെ അബ്ബ അങ്ങു മലമുകളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ ഗുച്ചിയും* മരുന്ന് ചെടികളും ഗ്രാമത്തിലെ ചന്തയില്‍ കൊണ്ടു വിറ്റ് കാശാക്കുന്നതും താഴ്വരയില്‍ ചെല്ലുമ്പോള്‍ ആടുകളുടെ രോമം അറുത്തു വില്‍ക്കുന്നതിനെപ്പറ്റിയും അവന്റെ അബ്ബയോടു അയാളുടെ പരുപരുത്ത സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു.
അവളുടെ അബ്ബ ഗുലാം മുഹമ്മദിനെ കാണുന്നതേ കുട്ടികള്ക്ക് പേടിയായിരുന്നു. അയാളുടെ കര കര ശബ്ദവും ദേഷ്യപ്പെടുമ്പോള്‍ ചുവന്നു വരുന്ന കണ്ണുകളും അവന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അയാളുടെ ശബ്ദം കേള്ക്കുമ്പോഴേ കളിച്ചുകൊണ്ടിരിക്കുകയാണെകിലും സാഹ്നയും അനുജന്മാരും അവരുടെ അമ്മിയുടെ പിന്നിലൊളിക്കുമായിരുന്നു. അയാള്‍ സംസാരിക്കുകയല്ല ആക്രോശിക്കുകയാണ് എന്നാണു അവനു പലപ്പോഴും തോന്നിയിരുന്നത്. അവന്റെ അബ്ബയോടു സംസാരിക്കുമ്പോള്‍ അവിടവിടെ നരച്ചു തുടങ്ങിയ നീണ്ട താടിരോമങ്ങള്‍ കുലുക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കറപിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിക്കും. കുട്ടികള്‍ ആ ചിരി കാണുമ്പോള്‍ പോലും അയാളെ ഭയപ്പാടോടെ നോക്കും.
കുട്ടികളുടെ സംഘം ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന്‍ വിശേഷങ്ങള്‍ പറഞ്ഞു കളിച്ചു കൊണ്ടിരിക്കും. ജെരീഫ ആപ്പിള്‍ മരത്തിന്റെ ചില്ലയിലൂടെ സാവധാനം മുകളില്‍ കയറി ആപ്പിളുകള്‍ സാഹ്നക്കും അനുജന്മാര്ക്കും പറിച്ചു കൊടുക്കും. സഹ്നയുടെ സഹോദന്മാര്‍ മല മുകളില്‍ വരയാടുകളെയും കസ്തൂരി മാനിനെയും കണ്ട കാര്യം പറഞ്ഞപ്പോള്‍ അമീറിനും മേഹ്നാജിനും അറിയേണ്ടി ഇരുന്നത് മലക്കുകളെ കുറിച്ചായിരുന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അബ്ബയോടു ചോദിച്ചു.
”ഈ ബെക്കര്‍വാളുകള്‍ എന്തിനാ ഇങ്ങനെ എല്ലാ വര്‍ഷവും മലമുകളില്‍ അലഞ്ഞു നടന്നു ആടു മേയ്ക്കുന്നത്..?”
“അവര്‍ ശരിക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഗുജറുകളാണ്. പണ്ടെങ്ങോ അവരുടെ നാട്ടില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ അവര്‍ ആടുകളുമായി നമ്മുടെ മലകളുടെ താഴ്വരയിലെത്തി. ഈ മലകളിലെ പുല്‍മേടുകള്‍ വിട്ട് പിന്നിടവര്‍ സ്വന്ത നാട്ടിലേക്ക് തിരിച്ചു പോയില്ല. വേറൊരു തൊഴിലും അവര്‍ക്ക്‌ അറിയില്ല.”
“നൂറുകണക്കിന് ആടുകളുമായി നടക്കുന്ന അവര്‍ക്ക്‌ ആ കാശുപയോഗിച്ച് സമാധാനമായി എവിടെയെങ്കിലും സ്ഥിരമായി താമസിച്ചു കൂടെ?”
“ശീലിച്ചതേ പാലിക്കു. മനുഷ്യന്റെ ഒരു പ്രത്യേകതയാണത്. നമ്മളെപ്പറ്റി താഴ്വരയിലുള്ളവര്‍ പറയുന്നത് ഈ മലയില്‍ താമസിക്കുന്നത് എന്തിനെന്നായിരിക്കും. എന്ന് വച്ച് ഈ മലനിരകള്‍ വിട്ട് നമുക്ക്‌ മറ്റൊരിടത്ത് പോകുവാനാകുമോ..? തലമുറകളായി ജീവിച്ച രീതികളില്‍ നിന്ന് മാറുവാന്‍ ഒട്ടു മിക്ക മനുഷ്യര്‍ക്കും കഴിയുകയില്ല. അത് പോലെ ആടുകളും ഈ ദേശാടനവും. അതല്ലാതെ അവര്‍ക്ക് മറ്റൊരു ജീവിതമില്ല.”
വര്‍ഷങ്ങള്‍ നീങ്ങവേ ബാര്‍ക്കര്‍വാളി നാടോടി ഭാഷ നയീമും സഹോദരങ്ങളും അവരുടെ കിസ്തവാഡി ഭാഷ സാഹ്നയും അനുജന്മാരും പഠിച്ചെടുത്തു. സാഹ്നയും കുടുംബവും തങ്ങുന്ന ദിവസങ്ങളില്‍ നയീമിനും സഹോദരങ്ങള്‍ക്കും സ്കൂളില്‍ പോകുവാന്‍ കൂടെ മടിയായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന നയീമിനെ കാത്ത് സാഹ്ന വഴിയില്‍ നില്‍ക്കും. അവന്റെ സഞ്ചിയിലെ പുസ്തകങ്ങള്‍ അവള്‍ കൌതുകത്തോടെ തുറന്നു നോക്കും. അതിലെ ചിത്രങ്ങള്‍ കണ്ട് എന്താ എഴുതിയിരിക്കുന്നത് എന്ന് ആകാംഷയോടെ ആരായുമ്പോള്‍ അവന്‍ സ്കൂളിനെക്കുറിച്ചും അവിടത്തെ ചങ്ങാതിമാരെയും കുറിച്ച് അവളോടു പറഞ്ഞു. അവള്‍ അത് കൊതിയോടെ കേട്ടിരുന്നു.
വര്‍ഷങ്ങള്‍ നീങ്ങവേ തമ്മില്‍ കാണുമ്പോള്‍ ഒന്നും മിണ്ടാനില്ലാത്ത ഒരു അവസ്ഥയിലേക്ക് കാലം അവരെ കൊണ്ടു ചെന്നെത്തിച്ചു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കാണുമ്പോള്‍ ഒന്നും പറയാനില്ലാത്തത് രണ്ടു പേരെയും ഒരു പോലെ അതിശയപ്പെടുത്തി. ഹൃദയം നിറഞ്ഞു നിലക്കുമ്പോള്‍ വാക്കുകള്‍ അന്യമാകുന്നു എന്ന്‍ ഇരുവര്ക്കും മനസ്സിലായി. മറ്റു സഹോദരങ്ങള്‍ തമ്മില്‍ വിശേഷങ്ങള്‍ കൈ മാറുമ്പോള്‍ സാഹ്നയും നയീമും കണ്ണുകള്‍ കൊണ്ടു മാത്രം സംസാരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത്‌ ജെരീഫയാണ്. നയീമിനെ ഇഷ്ടമാണ് എന്ന് സാഹ്ന ജെരീഫയോടു സമ്മതിച്ചത്‌ ആരും അറിയാത്ത രഹസ്യമായി ജെരീഫ മനസ്സില്‍ സൂക്ഷിച്ചു. ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തമ്മിലുള്ള ഇഷ്ടം ജെരീഫ അറിഞ്ഞു എന്നവനു മനസ്സിലായത്‌.
അടുത്ത ദിവസം ആകാശത്തു മഴക്കാര് കണ്ടപ്പോള്‍ ഒരു ആണ്മിയിലെന്നപോലെ നയീമിന്റെ് മനസ്സ് കുതിച്ചു ചാടി. ഈ മഴ ഉയര്‍ന്ന മല നിരകളില്‍ മഞ്ഞു പെയ്യിക്കും എന്ന്‍ ഉറപ്പ്‌. മഴപെയ്തു ഭൂമി തണുത്ത പിറ്റേ ദിവസം വെളുത്ത മേഘങ്ങള്‍ വെള്ളാട്ടിന്‍ കുട്ടികളെപ്പോലെ താഴേക്ക് ഇറങ്ങി മലക്കുകളുടെ മലയെ മറച്ചത് അവന്‍ ആഹ്ലാദത്തോടെ നോക്കി നിന്നു. ഈ മഴമേഘങ്ങള്‍ തെളിയുമ്പോള്‍ മലക്കുകളുടെ മലയില്‍ മഞ്ഞു വീണുകിടക്കുന്ന കാഴ്ചയായിരിക്കും എന്നവന്‍ ഉറപ്പിച്ചു. പിറ്റെ ദിവസം ഉയര്‍ന്ന മല നിരകളിലെ മഞ്ഞു പാളികളില്‍ സൂര്യ രശ്മികള്‍ തട്ടി സ്പടികം പോലെ വെട്ടി തിളങ്ങുന്നത് കണ്ട നയീം മല മുകളിലെ മലക്കുകളോട് സാഹ്നയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് താഴെ എത്തിക്കുവാന്‍ പ്രാര്ത്ഥിച്ചു.
ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ബെക്കര്‍വാളുകളുകടെ ചൂളം വിളികള്‍ കേട്ടുതുടങ്ങി. ഗുലാം മുഹമ്മദിന്റെ് ആട്ടിന്‍ കൂട്ടത്തിന്റെ മുന്‍പിലായി വരുന്ന നായ്ക്കളെ പ്രതീക്ഷിച്ച നയീമിന്റെ കണ്ണുകള്‍ എപ്പോഴും വഴിയില്‍ തന്നെയായിരുന്നു. എല്ലാ പ്രാവശ്യവും അവരാണ് ആദ്യം അവന്റെ വീടിനു മുന്നിലെത്തുക. തൊട്ടു പിറകെ തന്നെ കാണും ആടുകളുടെ കൂട്ടം.
വഴിയരികിലെ മക്ക* തോട്ടത്തില്‍ ജെരീഫയോടോപ്പം വിളവെടുത്തു കൊണ്ടിരിക്കുകയായിരുന്ന നയീം പെട്ടെന്നൊരു ദിവസം ഓടിവരുന്ന നായ്ക്കളെ കണ്ട് ഉത്സാഹത്തോടെ അവളോട് പറഞ്ഞു.
“ദാ...നായ്ക്കള്‍ എത്തി.. ആടുകള്‍ വളവു തിരിയുന്നതിന്റെ ചൂളം വിളി കേള്ക്കു ന്നുണ്ട്.”
ആടുകള്ക്ക്ക മുന്പിലായി നടന്നിരുന്ന ഗുലാം മുഹമ്മദ്‌ നടത്തം നിര്ത്തിയ നായ്ക്കളോട് “നടന്നു കൊള്ളൂ..” എന്ന്‍ കടുത്ത സ്വരത്തില്‍ ആഞ്ജാപിച്ചിട്ട് വലിഞ്ഞു മുറുകിയ മുഖവുമായി നയീമിന്റെ മുന്നില്‍ വന്നു നിന്നു.
“മല മുകളില്‍ കണ്ടു മുട്ടിയ മറ്റൊരു സംഘത്തിലെ നല്ലൊരു യുവാവുമായി എന്റെ മകളുടെ വിവാഹമുറപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അറിയുന്നത്, അവള്‍ക്ക് വീടും കൂടുമായി കഴിയുന്ന നിന്നെ മതിയത്രേ..നേരോ അത്..?”
“ഞാന്‍....ഞാനിവളെ നോക്കിക്കൊള്ളാം ..അവള്‍ പറഞ്ഞത് സത്യമാണ്.” അവന്‍ വിക്കി വിക്കി പറഞ്ഞു.
“എന്താ...? എന്താ നീ ഈ പറയുന്നത്...? ഒരു ബെക്കര്‍വാളിക്ക് തന്റെ മക്കളോളം വലുതാണ് അവന്റെര ആട്ടിന്‍ പറ്റങ്ങള്‍. അവയെ സംരക്ഷിക്കുവാന്‍ കഴിവുള്ളവന്‍ മാത്രമേ അവന്റെ മകളെ വിവാഹം കഴിക്കൂ..” അയാള്‍ തന്റെ പരുപരുത്ത സ്വരം ഉയര്ത്തി അക്രോശിച്ചു.
“ഞാന്‍...ഞാന്‍ മേയ്ക്കാം നിങ്ങളുടെ ആടുകളെ.”
“നീയോ..? രണ്ടു ചാല്‍ നടന്നാല്‍ തളരുന്ന നീയാണോ ജീവിതം മുഴുവന്‍ ഈ ഹിമാലയം കയറി ഇറങ്ങി എന്റെ ആടുകളെ മേയ്ക്കാന്‍ പോകുന്നവന്‍..? നീ ഈ ഗ്രാമം വിട്ടു എവിടെ എങ്കിലും പോയിട്ടുണ്ടോ..? നിന്റെ ഈ ബലമില്ലാത്ത കാലുകള്‍ക്ക് നിന്റെ വീടിനു ചുറ്റും നടക്കുവാനുള്ള പ്രാപ്തിയേ ഉള്ളു. എന്റെോ കുടുംബത്തെ ചതിക്കാന്‍ നോക്കുന്നോ..?”
ഉച്ചത്തില്‍ ചൂളം വിളിച്ചു കൊണ്ട് അയാള്‍ ആടുകളെ ധൃതിയില്‍ താഴേക്കു തെളിക്കാന്‍ തുടങ്ങി.
”അരുത് ..പോകരുത്...ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി ഒന്ന് കേള്‍ക്കൂ.” ജെരീഫ ഓടിച്ചെന്നു അയാളോട് താണു പറഞ്ഞു.
“ഇല്ല....ഞങ്ങള്‍ക്ക്‌ ഇപ്രാവശ്യം എത്രയും വേഗം താഴ്വരയില്‍ എത്തണം. ചെന്നിട്ട് ധാരാളം കാര്യങ്ങളുണ്ട്..”
ഒടുവിലായി നടന്നിരുന്ന സാഹ്ന തലകുനിച്ചു ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം അവന്‍ കണ്ടു. വാക്കുകള്‍ നഷ്ടപ്പെട്ടവനായി നിറകണ്ണുകള് ഉയര്‍ത്തി ജെരീഫയെ നോക്കിയ അവനെ അവള്‍ ആശ്വസിപ്പിച്ചു.
“അവര്‍ തിരിച്ചു വരുമ്പോള്‍ അബ്ബയെക്കൊണ്ട് അയാളോട് സംസാരിപ്പിക്കാം. ഞാന്‍ പറഞ്ഞു കൊള്ളാം അബ്ബയോട്.. നയീം, നീ സമാധാനിക്ക്‌.”
ജെരീഫയുടെ ആശ്വാസവക്കുകളില്‍ സമാധാനിച്ച് അവന്‍ താഴ്വരയില്‍ നിന്നും അവര്‍ തിരികെ എത്തുന്നതും കാത്തിരുന്നു. വീണ്ടും മഞ്ഞു ചിറകുകളുമായി മലക്കുകള്‍ എല്ലായിടത്തും പാറി നടന്നു മലനിരകളെ പൂര്ണ്ണുമായും മഞ്ഞു പുതപ്പിച്ചു. ഏതാനും മാസങ്ങള്ക്കകം മഞ്ഞുരുകി ഇളം നാമ്പുകള്‍ ഭൂമിക്കു പുറത്തേക്ക് തല നീട്ടി. ഇല പൊഴിച്ച വൃക്ഷങ്ങള്‍ തളിരിട്ടു പൂത്തു മലനിരയാകെ പൂത്തുലഞ്ഞു നിന്നു. നയീമിന്റെ ഹൃദയത്തിലും പുത്തന്‍ പ്രതീക്ഷകള്‍ മുള പൊട്ടി തളിര്ത്തു .
താമസിയാതെ വഴികള്‍ പിന്നെയും ആട്ടിന്‍ ചൂരും ചൂളം വിളികളാലും മുഖരിതമായി. ഒരു ദിവസം കാത്തിരുന്നത് പോലെ ഗുലാം മുഹമ്മദിന്റെ നായ്ക്കള്‍ അവനു മുന്നില്‍ ചിരപരിചിതരെ പോലെ ഓടി വന്നു. കാലുകളില്‍ നക്കിത്തുടച്ചു നിന്നു. തുടര്‍ന്നു വളവു തിരിഞ്ഞു വരുന്ന ആട്ടിന്‍ പറ്റങ്ങള്‍. പക്ഷെ അവയെ മുന്നില്‍ നിന്ന് ചൂളം വിളിച്ചു തെളിക്കുന്നത് ദൃഡഗാത്രനായ ഒരു യുവാവ്‌. നടന്നു നീങ്ങുന്ന അയാളെ അവന്‍ തെല്ലു സന്ദേഹത്തോടെ നോക്കി നിന്നു. ആടുകള്ക്കും പിന്നാലെ നടന്നിരുന്ന ഗുലാം മുഹമ്മദ്‌ അവന്റെ അരികില്‍ വന്ന്‍ ചെവിയില്‍ മന്ത്രിച്ചു.
“ഇനിയും നീ കാത്തിരിക്കേണ്ട എന്നറിയിക്കുവാനാണ് ഒരു പ്രാവശ്യം കൂടെ ഞങ്ങള്‍ ഈ വഴി വന്നത്. നോക്കൂ എന്റെ മരുമകന്‍ എത്ര സമര്‍ഥനാണെന്ന്‍. എത്ര വേഗതയുണ്ടെന്നോ അവന്റെ കാലുകള്ക്ക്..? മേലില്‍ ഈ വഴി വരില്ല ഞങ്ങള്‍. ഈ ഹിമാലയത്തിലേക്ക് കയറുവാന്‍ എത്രയോ വഴികളുണ്ട്. അതറിയാമോ നിനക്ക്..?” കടുത്ത സ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ ധൃതിയില്‍ നടന്നു.
താഴ്വരയില്‍ ചെന്ന്‍ ആടുകളുടെ രോമം അറുത്തു വില്ക്കുന്നത് പോലെ മകളുടെ ഹൃദയവും അറുത്ത ആ മനുഷ്യനോട് ഒന്നും പറയാനാവാതെ നയീം തരിച്ചു നിന്നു . അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ നടന്നിരുന്ന സാഹ്ന അയാളുടെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു, പ്രകാശം വറ്റിയ കണ്ണുകള്‍ ഉയര്ത്തി അയാളെ നോക്കി. തന്റെ സംഘത്തിനോടോപ്പം നടന്നു നീങ്ങി. വളവു തിരിഞ്ഞു കാഴ്ച മറയുന്നതിനു മുന്പ് അവള്‍ തിരിഞ്ഞ് ഒരിക്കല്‍ കൂടി നോക്കി.
---------------------------------------------------------------------------------------------
മലക്കുകള്‍-മാലാഖമാര്‍
അക്ക്രൂട്ട്‌-വോള്നട്ട്
ഗുച്ചി-കൂണ്‍
മക്ക-മെയ്സ്,കമ്പം

(ഇതിനു വേണ്ട ചിത്രം വരച്ചു തന്നത് നമ്മുടെയെല്ലാവരുടെയും പ്രിയ സുഹൃത്ത് പട്ടേപ്പാടം റാംജി)