17.11.14

ഒരു പരിണാമ സിദ്ധാന്തം: മാളുവില്‍ നിന്നും മാളുവിലേക്ക്‌

ഇളംപച്ച പളുങ്കു മുന്തിരിക്കുല തൂങ്ങിയാടുന്ന കീ ചെയിന്‍ കൊരുത്ത ‘ബെദ്‌ലേഹ’മിന്‍റെ മൂന്നാം നിലയുടെ താക്കോല്‍ ഏല്‍പ്പിച്ചു കൊണ്ടു ചാണ്ടിച്ചായാന്‍ പറഞ്ഞു.

“ഈ മൂന്നാം നില ഞങ്ങള്‍ കുടുംബമായി അവധിക്കു വരുമ്പോള്‍ താമസിക്കാന്‍ തന്നെ പണിതതാ. പക്ഷെ, ആളില്ലാതെ പൊടീം മാറാലേം പിടിച്ചു കെടക്കെണേല്‍ ഭേദം ആരെങ്കിലും താമസിക്കുന്നത് തന്നാ...”

“ഞാന്‍ സൂക്ഷിച്ചുപയോഗിച്ചു കൊള്ളാം ചാണ്ടിച്ചായാ...”

“അതെയതെ...നിനക്ക് പെണ്ണും പെടക്കൊഴീം ഇല്ലാത്തത് കൊണ്ടാ തരുന്നെ. ആദ്യത്തെ രണ്ടു നില വാടകക്കാര്‍ക്ക് നശിപ്പിക്കാന്‍ കൊടുത്തുവന്നെന്നു പറഞ്ഞു ആന്‍സമ്മ ഇപ്പോഴും എന്നെ  മെക്കിട്ടു കേറും.”

“ആന്‍സമ്മേച്ചിയോടു പറഞ്ഞേരേ, ഞാനിത് സ്വന്തം വീട് പോലെ നോക്കിക്കൊള്ളാമെന്ന്.”

“എന്നാ കേട്ടോ..ആന്‍സമ്മേട് ഞാനിപ്പോഴും പറഞ്ഞിട്ടില്ല നിനക്ക് വാടകക്ക് തരണ കാര്യം. ഒക്കെ അവിടെച്ചെന്നു സാവധാനം പറഞ്ഞു കൊള്ളാം.” ചാണ്ടിച്ചായന്‍ കണ്ണിറുക്കി ചിരിച്ചു.

“ഇല്ലന്നേ... ചാണ്ടിച്ചായന്‍ നോക്കിക്കോ. എനിക്ക് തന്നത്  നന്നായി എന്ന് ആന്‍സമ്മേച്ചിയെക്കൊണ്ട് പറേപ്പിച്ചേ ഞാനിവിടന്നു പോകുവൊള്ളൂ.”

എനിക്കാ വീടിന്റെ കാറ്റും വെളിച്ചവും അത്രക്കിഷ്ടപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെയാണ് അര്‍ക്കീസ് അമേരിക്കക്കാരന്‍ ചാണ്ടിച്ചായനോടു കുറച്ചു കെഞ്ചിയിട്ടെങ്കിലും ജോലി സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ആ വീടിന്റെ മൂന്നാം നില വാടകക്ക് ഒപ്പിച്ചെടുത്തെത്‌.  മൂന്നാം നില ഈയിടെ പുതുതായി പണി കഴിപ്പിച്ചതാണ്. ഞാനും ചാണ്ടിച്ചായനും ഒരേ നാട്ടുകാരും കുടുംബ സുഹൃത്തുക്കളുമായത് കൊണ്ട് എന്റെ അപേക്ഷ ചാണ്ടിച്ചായന് നിരസിക്കാനായില്ല. മൂന്നു ഷിഫ്റ്റ്കളില്‍ മാറി മാറി ജോലി ചെയ്യുന്ന എനിക്ക് ഓഫീസിനടുത്തൊരു വീട് അത്യാവശ്യമായിരുന്നു. പരിസരത്തെങ്ങും മൂന്ന് നിലയുള്ള വീടുകളില്ല. അത് കൊണ്ടാണീ  തെളിഞ്ഞ  വെളിച്ചവും നല്ല വായൂ സഞ്ചാരവും. ഭംഗിയായി സജ്ജീകരിച്ച് മനോഹരമായി ഫര്‍ണിഷ് ചെയ്ത ഓരോ മുറിയും കാണിച്ചു തരുമ്പോള്‍ ഇത് ഇങ്ങനെ, അങ്ങനെ ഉപയോഗിക്കണം എന്ന് വരെ ചാണ്ടിച്ചായന്‍ ക്ലാസെടുത്തു. “ഈ അവധിക്കു ആന്‍സമ്മ കൂടെയില്ലാഞ്ഞത് നിന്റെ ഭാഗ്യം” എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു. വീടിനുള്ളില്‍ വെച്ച് തന്നെ ചാണ്ടിച്ചായന്‍ നാല് അയല്‍പ്പക്കവും കാണിച്ചു തന്നു. അവരെക്കുറിച്ചുള്ള ചെറു വിവരണവും.

വടക്കേതില്‍ രാമകൃഷ്ണനും ഭാര്യ കൊച്ചുറാണിയും, പടിഞ്ഞാറേതില്‍ സരള ടീച്ചറും രണ്ടു മക്കളും. ടീച്ചറിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍. തെക്കേതില്‍ റിട്ടയര്‍ ചെയ്ത ഇലക്ട്രിസിറ്റി എന്‍ജിനീയര്‍ സുകുമാരന്‍, ഭാര്യ, മകന്‍. കിഴക്കേതില്‍ വൃദ്ധയായ ഒരമ്മൂമ്മയും ഹോം നേഴ്സും. ഇതില്‍ കിഴക്കെതിലെ വീട് മാത്രമാണ് കുറച്ചകലത്തില്‍. മുന്നിലെ റോഡു കടക്കണം. ബാക്കിയെല്ലാം തൊട്ടടുത്ത്.

വീടുകള്‍ക്ക് മുറ്റവും പറമ്പും തീരെ കുറവ്. എന്നാല്‍ മുറ്റത്ത് നില്‍ക്കുന്നതോ തേക്കും മാവും പ്ലാവും പോലുള്ള വന്‍ മരങ്ങള്‍. ചാണ്ടിച്ചായന്റെ പറമ്പിലുമുണ്ട് മൂന്നു മാവും ഒരു പ്ലാവും. ചുറ്റും മരങ്ങളുടെ ഒരു കോട്ട തന്നെ. മൂന്നാം നിലക്ക് കൂട്ടായി നല്ല കരിംപച്ചത്തലപ്പുകളിലെ കിളികളും അണ്ണാനും. വടക്കേ വീട് മാത്രമാണ് കൂട്ടത്തില്‍ ചേര്‍ച്ചയില്ലാതെ നില്‍ക്കുന്നത്. ഓടിട്ട ഒരു പഴയ കൊച്ചു വീട്. സിമന്റ് തേയ്കാത്ത പായല്‍ പിടിച്ച മതിലും അതിനൊത്ത കെട്ടി ഭംഗിയാക്കാത്ത മുറ്റവും കിണറും.

താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും സാധങ്ങളുമായി പിറ്റേന്നു തന്നെയെത്തി, എല്ലാം അടുക്കി വെയ്ക്കുന്ന നേരം അതാ ചിലക്കുന്നു ചാണ്ടിച്ചായന്റെ അമേരിക്കന്‍ ബെല്ല്. നയാഗ്രയിലെ വെള്ളം കുതിച്ചു വീഴുന്ന ശബ്ദം എന്നാണ് ചാണ്ടിച്ചായന്‍ അതെക്കുറിച്ച് പറഞ്ഞത്.

വാതില്‍ തുറക്കുന്നതിന് മുമ്പേ പുറത്തു നിന്നും ഒരു പെണ് ശബ്ദത്തില്‍ ചോദ്യം വന്നു കഴിഞ്ഞു.

“ചാണ്ടിസാറേ...ഇതെന്തു പറ്റി...? ഇന്നലെ അമേരിക്കക്ക് പോകുമെന്ന് പറഞ്ഞിട്ട്...?”

ഓടിച്ചെന്നു ഷര്‍ട്ടിട്ട് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അമ്പരന്ന് നില്‍ക്കുന്ന യുവതി.

“ചാണ്ടിച്ചായന്‍ ഇന്നലെത്തന്നെ പോയല്ലോ. അടുത്ത വരവ് വരെ ഇത് എനിക്ക് വാടകക്ക് തന്നിരിക്കുകയാ.”

“ഉവ്വോ...? ആരും പറഞ്ഞില്ലല്ലോ...”

“പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അതായിരിക്കും.”

“എന്നാ...ശരി..” എന്ന് പറഞ്ഞു പോകാന്‍ തുടങ്ങിയ അവളോടു ആരാ...എന്താ എന്ന് തിരക്കിയപ്പോള്‍ ആളെ പിടി കിട്ടി. വടക്കേതിലെ രാമകൃഷ്ണന്റെ ഭാര്യ കൊച്ചുറാണി. ഒരു വലിയ പ്രേമ കഥയിലെ നായിക. നമ്മള്‍ പണ്ടേ പരിചയക്കാരല്ലേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഈ പെണ്കുട്ടി ആളു ധൈര്യശാലി തന്നെ. അല്ലെങ്കില്‍  നാട്ടില്‍ നിന്നും ഒളിച്ചോടി രാമകൃഷ്ണന്‍ എന്ന  പെയിന്റര്‍ക്കൊപ്പം ഇവിടെ വന്നു താമസിക്കുമോ...?.

 “പോട്ടെ സാറേ. മാളു ഇപ്പൊ എഴുന്നേക്കും. മൂന്നാം നെലേടെ ജനല്‍ തുറന്നു കിടക്കുന്നത് കണ്ടു വന്നതാ. എന്തെങ്കിലും സഹായം വേണേ പറയണേ. ധൃതിയില്‍ നടയിറങ്ങി കൊച്ചുറാണി ഒരു കാറ്റ് പോലെ ഓടിപ്പോയി. കൊച്ചുറാണിയുടെ രാമകൃഷ്ണനെ കാണുവാന്‍ എനിക്ക് ആകാംക്ഷയായി.

എന്റെ മനോഗതം അവള്‍ മനസ്സിലാക്കിയോ എന്തോ, താഴെ നിന്നും അവള്‍ വിളിച്ചു പറഞ്ഞു. “ഞാന്‍ രാമകൃഷ്ണേട്ടനെ കൂട്ടി പിന്നെ വരാം.”

മാളു അവളുടെ കുട്ടി. ഇടക്കെപ്പോഴോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു.

താമസിയാതെ കേട്ടു കുഞ്ഞുണര്‍ന്ന കരച്ചില്‍.

“ന്റെ മാളൂട്ടി... മോള്‍ ചാച്ചിക്കോ... ഉറങ്ങുറങ്ങ്.....ഉം...ഉം...”

ഇമ്പമാര്‍ന്ന താരാട്ട് എന്റെ കിടക്ക മുറിയിലേക്ക് മൂളി മൂളി വന്നു. കൊച്ചുറാണിയുടെ ശബ്ദത്തിന് നല്ല ഈണമുണ്ട്, മുഴക്കവും. ആ കൊച്ചു വീടിനുള്ളിലെ തൊട്ടിലില്‍ മാളൂട്ടി മയക്കത്തിലേക്ക്‌ ഊളിയിടുന്നുണ്ടാകും. കണ്ണുകള്‍ പാതിയടഞ്ഞ്.. ആലോചിച്ചു കിടന്ന എന്റെ കണ്ണുകളെ നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം മെല്ലെ തഴുകി.

സന്ധ്യക്ക് ഡ്യൂട്ടിക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാളൂട്ടിയെയും രാമകൃഷ്ണനെയും കൂട്ടി കൊച്ചുറാണി അതാ മുന്നില്‍.

“ഇപ്പൊ പണി കഴിഞ്ഞു വന്നതേയുള്ളു സാറേ. പരിചയപ്പെടാമല്ലോ എന്നോര്‍ത്ത് വന്നതാ.

നിറം മങ്ങിയ ജീന്‍സും ഷര്‍ട്ടും ഇട്ട് ഒരു വിദ്യാര്‍ത്ഥിയെന്നു തോന്നിപ്പിക്കുന്ന രാമകൃഷ്ണന്റെ കയ്യിലിരുന്ന് മാളൂട്ടി എന്നെ നോക്കി ചിരിച്ചു. കൊച്ചുറാണിയുടെ തനിപ്പകര്‍പ്പ്. ആ ഇളം നിറവും ബള്‍ബ്‌ തെളിഞ്ഞു നില്‍ക്കുന്നത് പോലെ വലിയ ഉണ്ടക്കണ്ണുകളും. ഞാനവളുടെ കവിളില്‍ ചെറുതായി തോണ്ടിയപ്പോള്‍ കാലിലെ കൊലുസുകള്‍ ഇളക്കി കരിവളയിട്ട കൈകള്‍ ആഞ്ഞ് അവള്‍ ചാടി വന്നു.

“ഞങ്ങളിവിടത്തുകാരല്ല. രണ്ടു പേരുടേം വീട് കുറച്ചു ദൂരെയാ. ഇത് വാടക വീടാ. കല്യാണം കഴിഞ്ഞതോടെ നാട്ടില്‍ നിക്കാമ്മേലാണ്ടായി. ഇവളുടെ വീട്ടുകാര്‍ സ്വൈര്യം തന്നില്ല. ഒടുവില്‍ ഇങ്ങു വന്നപ്പോഴാ സമാധാനമായി ഒന്ന് ജീവിക്കാന്‍ തുടങ്ങിയത്.“

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം സുഖമായി ഉറക്കത്തിലാണ്ടു കിടക്കുമ്പോള്‍  ഉറക്കത്തെ കീറി മുറിച്ച്ചുകൊണ്ടാ ശബ്ദം.

“ഡീ... മാളൂ.... മണിയെത്രയായീന്നാ വിചാരം..? നിനക്കിന്ന് കോളേജിപ്പോകേണ്ടേ...?”

ഇതെന്താ... കൊച്ചുറാണിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് കോളജില്‍ പോകാന്‍ തുടങ്ങിയോ...? ഉറക്കം മുറിഞ്ഞ ഈര്‍ഷ്യയില്‍ പുളിക്കുന്ന കണ്ണ് തുറന്നു കിടക്കെ ഞാന്‍ ആലോചിച്ചു.

പക്ഷെ, അത് കൊച്ചുറാണിയുടെ കുഞ്ഞിനെ താലോലിക്കുന്ന ഇമ്പമുള്ള ശബ്ദമായിരുന്നില്ല. ഇരുത്തം വന്ന ഒരു സ്ത്രീ ശബ്ദമാണ്. അത് പടിഞ്ഞാറെ ജനലില്‍ നിന്നുമാണ് വരുന്നത്. സരള ടീച്ചറുടെ മൂത്ത മകള്‍ കോളേജിലാണെന്നു കൊച്ചുറാണി പറഞ്ഞതോര്‍മ്മ വന്നു. അവളും ഒരു മാളുവോ...?

നാശം. ഉറക്കം പോയി. ഒന്ന് കണ്ണ് തുറന്നാല്‍ പിന്നെ ഉറക്കം ശരിയാവില്ല. ഇനി ഉച്ചകഴിഞ്ഞാകാം. ഞാന്‍ പതുക്കെ അടുക്കളയിലേക്ക് നടന്നു. ഒരു കാപ്പിയിട്ടു കുടിക്കണം. അടുക്കള ജനലിലൂടെ നോക്കിയപ്പോള്‍ അലക്ക് കല്ലിനരികെ ബേബീവാക്കറിലിരിക്കുകയാണ് കുഞ്ഞു മാളു. കല്ലില്‍ തുണി കുത്തിപ്പിഴിയുന്ന കൊച്ചുറാണി അവളോടോരോന്നു പറഞ്ഞ് വാക്കറിലെ പല നിറത്തിലെ പീപ്പികള്‍ അമര്‍ത്തിക്കരയിച്ചു കളിപ്പിക്കുന്നു. മാളുവിന്റെ വാക്കറിലെ പ്ലാസ്റ്റിക്‌ പൂച്ചയും കിളിയും കരഞ്ഞു. 

പിന്നീടെപ്പോഴോ മാറിക്കിടന്ന പടിഞ്ഞാറെ ജനാല വിരികളികള്‍ക്കിടയിലൂടെ തുറന്നു കിടന്ന ബാല്‍ക്കണിക്കപ്പുറം പടിഞ്ഞാറെ വീട്ടുകാരും എന്റെ കണ്‍ മുന്നില്‍ വന്നു. സ്കൂളില്‍ പഠിക്കുന്ന മനുവും അവന്റെ ചേച്ചി മാളവികയുമുള്ള സരള ടീച്ചറുടെ വീട്. പകലവിടം ശാന്തമാണ്. തഴുതിട്ട ഗേറ്റിനുള്ളില്‍ ആ വലിയ വീട് പകലുറക്കത്തില്‍ അനക്കമറ്റു കിടക്കും. പകലത്തെ ആ ശാന്തതക്ക് പകരമെന്നവണ്ണം വൈകിട്ട് അതിന് ഇരട്ടി ജീവന്‍ വെക്കും. ഗള്‍ഫിലുള്ള അച്ഛനുമായി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്ന അവരുടെ സന്ധ്യകള്‍... സ്കൂള്‍ വിട്ട് അധിക നേരം ഗ്രൗണ്ടില്‍ കളിക്കാതെ വീട്ടിലെത്തിക്കൊള്ളാമെന്ന് അച്ഛന് ഉറപ്പു കൊടുക്കുന്ന മനു, ഈ സെമസ്റ്ററിനു മാര്‍ക്ക് കുറഞ്ഞതില്‍ കുഴപ്പമില്ല അവസാനം എല്ലാം ക്ലിയര്‍ ചെയ്യാമെന്ന് അച്ഛനെ  സ്വാന്തനിപ്പിക്കുന്ന  മാളവിക, ജോലിയും വീട്ടുകാര്യങ്ങളുമായി വലയുന്നു എന്ന ആവലാതിക്കിടെ രണ്ടെണ്ണത്തിനും തീരെ അനുസരണയില്ല എന്ന പരാതിയുമായി ടീച്ചര്‍.

എല്ലാ കിടക്ക മുറിക്കും ബാല്‍ക്കണിയുള്ള ചാണ്ടിച്ചായന്റെ മൂന്നാം നിലയിലെ ഈ വീടിന്റെ ഓരോ മുറിയും ഓരോരോ വീടിന്റെ നേര്‍ കാഴ്ച്ചകളിലേക്കാണ്  കണ്‍തുറക്കുന്നത്. ഒന്നിനും  ചെവി കൊടുക്കേണ്ട കണ്‍ നീട്ടേണ്ട. എല്ലാം ഒരു നില കൂടി പൊക്കമുള്ള ഈ  വീട്ടിലേക്കു കടന്നു വരികയാണ്. എന്റെ ഏകാന്ത ജീവിതത്തിനു കൂട്ടായി.

കിഴക്കേതില്‍ക്കാരെ ഉടനെ പരിചയപ്പെടാന്‍ സാധ്യതയില്ല. സുഖമില്ലാത്ത വൃദ്ധയും ഹോം നേഴ്സും മാത്രമല്ലേ ഉള്ളൂ. അവിടെ ജനാല വിരി മാറ്റിയിട്ടു റോഡിലേക്ക് നോക്കി കിടക്കുന്ന ഒരു അവ്യക്ത രൂപത്തെ എനിക്ക് കാണാം. മുറിക്കുള്ളിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയെയും. ആ മുറിക്കുള്ളില്‍ രാവും പകലും ബള്‍ബ് പ്രകാശിക്കുന്നുണ്ടാകും. ഇടക്കിടക്ക് യുവതി കട്ടിലിലേക്ക് കുനിഞ്ഞു വൃദ്ധയെ ശുശ്രൂഷിക്കുന്നത് കാണാം. ദൂരെ ജോലി ചെയ്യുന്ന മക്കള്‍ ഞായറാഴ്ചകളില്‍ മാറി മാറി വന്നു പോകുമത്രേ. എനിക്കും ഞായറാഴ്ച തന്നെയാണ് കോട്ടയത്തെ വീട്ടില്‍ പോകേണ്ടതും.

എന്‍റെ വീടിന്റെ താഴത്തെ നിലകളിള്‍ ഓരോരോ കുടുംബങ്ങള്‍ ഉണ്ടെന്നല്ലാതെ എനിക്കവരുമായി കാര്യമായ അടുപ്പമില്ല. നട കയറി മുകളിലേക്ക് പോകുമ്പോള്‍ അവരാരെങ്കിലും കണ്‍മുന്നില്‍ വന്നാല്‍ ഒന്ന് ചിരിച്ചാലായി. സ്കൂള്‍ വിട്ടു വരുന്ന  കുട്ടികള്‍ വൈകുന്നേരങ്ങളില്‍  സൈക്കിളില്‍ കയറി ട്യൂഷനോ മറ്റോ പോകുന്നതും കാണാം. വന്നിട്ട് ഇത്രയും ദിവസമായെങ്കിലും എനിക്കെന്തേ അവരോടൊന്നു മിണ്ടണം എന്ന് പോലും തോന്നാത്തത്...? ഓരോ കുഞ്ഞു ശബ്ദവും കേള്‍പ്പിക്കുന്ന ഓരോ ചലനവും അറിയിപ്പിക്കുന്ന എന്‍റെ നാല് അയല്‍പക്കക്കാര്‍ക്കൊപ്പമാകുവാന്‍ അവര്‍ക്കൊരിക്കലും കഴിഞ്ഞില്ല.

ചില രാത്രിയികളില്‍ വീടിന്റെ ടെറസ്സില്‍ പഠിക്കാന്‍ വന്നിരിക്കുന്ന മാളവികയുടെ  മൊബൈല്‍ ഫോണിലൂടെയുള്ള അടക്കിയ കൊഞ്ചലുകള്‍, കള്ളനെ തേടി നടക്കുന്നത് പോലെ പതുങ്ങി പതുങ്ങി അത് കണ്ടു പിടിച്ചു സംഹാര രുദ്രയായ്കുന്ന സരള ടീച്ചര്‍. എല്ലാം ചെവിയില്‍ വന്നലക്കുകയാണ്. വീറോടെ തന്റെ പ്രേമത്തിന് വേണ്ടി വാദിക്കുന്ന മാളു എന്ന യുവതി. നിസ്സഹായയായി നില്‍ക്കുന്ന ഒരമ്മ, അങ്ങ് ദൂരെ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയോര്‍പ്പിക്കുമ്പോള്‍, അച്ഛന്റെയും അമ്മയുടെ പ്രേമം അക്കാലത്ത് വിലപ്പെട്ടതായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ പ്രേമത്തിന്  എങ്ങനെ വില കുറയും എന്ന് തിരിച്ചടിക്കുന്ന മകള്‍. ഈ ഭൂമിയില്‍ മതം മാറി വിവാഹം കഴിക്കാന്‍ പോകുന്ന ആദ്യത്തെ ആളുകളല്ല തങ്ങളെന്ന് പരിസരം മറന്നലറുന്ന മാളു.

“എന്റെ മാളൂ.... നീ എന്നാ ഇങ്ങനെ ആയത് ..?” എന്ന് പറഞ്ഞ് വിലപിക്കുന്ന  ആ അമ്മയുടെ തേങ്ങല്‍ കേള്‍ക്കാനാവാതെ വടക്ക് ഭാഗത്തെ കിടക്ക മുറിയില്‍ പോയി വായിക്കാനിരുന്നപ്പോള്‍ കേട്ടു “എന്തായിത്...? തുപ്പല്ലേ...മാളൂ...” എന്ന് പറഞ്ഞ് കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്ന കൊച്ചുറാണിയുടെ കൊഞ്ചല്‍. വരാന്തയിലിരുന്ന് കുട്ടിയെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു ശ്രദ്ധാപൂര്‍വം ഭക്ഷണം വായില്‍ വെച്ച് കൊടുക്കുകയാണ് കൊച്ചുറാണി. കുഞ്ഞുങ്ങളുടെ ഭാഷയിലെ അവളുടെ സംസാരവും പാട്ടും കേട്ടാല്‍ കൊച്ചു കുട്ടി  മാളുവോ അതോ കൊച്ചുറാണിയോ എന്ന് സംശയം തോന്നും. കുറച്ചു നാളത്തെ താമസം കൊണ്ട്  കൊച്ചുറാണി പാടുന്ന  കൊഞ്ചല്‍ പാട്ടുകള്‍ ഞാനും പാടി തുടങ്ങിയിരിക്കുന്നു!!!!..

“ഇങ്ങു വേഗം കൊണ്ടു പോരെ രാമകൃഷ്ണെട്ടാ രാത്രി നേരാ. മോളെ പുറത്തു നിര്‍ത്തേണ്ട.”

ഭക്ഷണം കഴിച്ച് ദേഹമാകെ വൃത്തികേടായ മാളുവിനെ പൈപ്പിന്‍ ചുവട്ടില്‍ നിര്‍ത്തി വൃത്തിയാക്കുകയാണ് രാമകൃഷ്ണന്‍. ആ കുഞ്ഞിനു ചെവി കേള്‍ക്കില്ല എന്ന് രാമകൃഷ്ണന്‍ തന്നെയാണ് എന്നോടു പറഞ്ഞത്. ഉണ്ടായ മൂന്നാം മാസം പൂരത്തിന് കൊണ്ടു പോയപ്പോള്‍ ഭൂമി കുലുക്കുന്ന വെടി ശബ്ദം കേട്ട രാമകൃഷ്ണന്‍ കയ്യിലിരുന്ന മാളുവിനെ ചേര്‍ത്തടുക്കി പിടിച്ചപ്പോള്‍ പകല്‍ പോലെ കത്തുന്ന വെളിച്ചത്തെ അവള്‍ ചിരിച്ചു കൊണ്ട് നോക്കിയിരുന്നത്രേ.

അപ്പോള്‍ അവളെ ഉറക്കാനായി കൊച്ചുറാണി പാടുന്ന പാട്ടുകള്‍..? വീട്ടു ജോലിക്കിടക്ക് മാളുവേ... മാളുവേ... എന്ന വിളി. അവളോടു പറയുന്ന കൊഞ്ചലുകള്‍...? 

“എല്ലായിടത്തും കൊണ്ടു പോയി കാണിച്ചതാ. അറിവായാല്‍ പിന്നെ ഞങ്ങള്‍ക്കവളോടു ഇങ്ങനെ സംസാരിക്കാനാവില്ലല്ലോ. ജീവിതത്തില്‍ അവളോട് സംസാരിക്കാനുള്ളത് മുഴുവനും തിരിച്ചറിവിന് മുന്‍പേ ഞങ്ങള്‍ക്ക്‌ സംസാരിച്ചു തീര്‍ക്കണം. ഇവളല്ലാതെ ഞങ്ങള്‍ക്കിനി വേറെ കുഞ്ഞുങ്ങളും  വേണ്ട. എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ മുന്നില്‍ അവള്‍ ഒറ്റപ്പെട്ടു പോകില്ലേ. “

അയാളുടെ സംസാരം എന്നെ ഊമയാക്കി.

തെക്കേ വീട്ടുകാരുമായി എനിക്ക് ആദ്യം യാതൊരു മാനസിക അടുപ്പവും തോന്നിയിരുന്നില്ല. അവിടത്തെ ആ റിട്ടയേര്‍ഡ്‌ എന്ജീനീയരും ഭാര്യയും വല്ലാത്ത മനുഷ്യര്‍ തന്നെ. ആ വീട്ടില്‍ ഒച്ചയും അനക്കവും നന്നേ കുറവ്. ഭാര്യ എപ്പോഴും സ്വീകരണ മുറിയിലെ ടിവി സീരിയലിനകത്തു തന്നെ. പൂമുഖത്ത് വായിച്ചിരിക്കുന്ന എന്ജീനീയറുടെ മാളുവേ... എന്ന വിളി ഇടക്കിടക്ക് കേള്‍ക്കാറുണ്ട്. ആ സ്ത്രീയും ഒരു മാളുവോ..? അതോ മാളവികയോ..? അവര്‍ ആരായാലും എനിക്കൊന്നുമില്ല. ഒരു പൊരുത്തവും ഇല്ലാത്ത ദമ്പതികള്‍. ആ സ്ത്രീ ഭര്‍ത്താവിനോട് സംസാരിക്കുന്നതോ ധാര്‍ഷ്ട്യത്തിന്റെ ശബ്ദത്തില്‍. ശാസനയുടെ ശബ്ദം മാത്രം കേള്‍ക്കുന്ന തെക്ക് ഭാഗത്തെ ആ കിടക്ക മുറി ഞാന്‍ ഉപയോഗിക്കാറേ ഉണ്ടായിരുന്നില്ല. അച്ഛനോടും മകനോടുമുള്ള ആ സ്ത്രീയുടെ കലമ്പല്‍ കേള്‍ക്കേണ്ടല്ലോ. അവര്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിച്ചു കാണുമോ...? ആ വീട്ടിലെ ഓരോ ശബ്ദവും ഓരോ ചലനവും എന്നെ അസ്വസ്തനാക്കിയിരുന്നു. എങ്കിലും അവിടത്തെ ഓരോ കാര്യവും എനിക്കറിയാം. മുറ്റത്ത് കഴുകി വിരിച്ചിടുന്ന തുണികളില്‍ അച്ഛന്റെ ഷര്‍ട്ടേത് മകന്റെതേത് എന്നെനിക്ക് കൃത്യമായി അറിയാം. ഗൃഹനാഥയുടെ ഇഷ്ട നിറമറിയാം. ജോലി കഴിഞ്ഞു വരുന്ന അവരുടെ മകന്‍ കമ്പ്യൂട്ടറിന്റെ ലോകത്താണെന്നു തോന്നുന്നു. അവന്‍റെ മുറിയില്‍ നിന്നും എപ്പോഴും പാട്ടുകള്‍ കേള്‍ക്കാം, അവനിഷ്ടമുള്ള പാശ്ചാത്യ സംഗീതവും, അപൂര്‍വമായി അവിടെ നിന്നൊഴുകുന്ന ഗസലുകളും. സംഗീതത്തില്‍ തീരെ താത്പര്യമില്ലാതിരുന്ന ഞാന്‍ ഈയിടെയായി ആ പാട്ടുകളുടെ വരികളും താളങ്ങളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു!!!.

കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും മാത്രമല്ല ഗന്ധത്തിലൂടെയും എനിക്ക് ഓരോ വീടിനെയും തിരിച്ചറിയാം. കരിവേപ്പിലയും കുരുമുളകും അരച്ച് മീന്‍ പൊരിക്കുന്ന സുഗന്ധം ഉച്ച നേരങ്ങളില്‍ കൊച്ചുറാണിയുടെ അടുക്കളയില്‍ നിന്നും വന്നെന്നെ കൊതിപ്പിക്കും. സരള ടീച്ചറുടെ അടുക്കളില്‍ നോണ്‍ മണമില്ല. രാവിലെ അവരുടെ അടുക്കളില്‍ വേകുന്ന സാമ്പാറിന് കടുക് വറുക്കുമ്പോഴും നെയ്യില്‍ ദോശ മൊരിയുമ്പോഴും മേശപ്പുറത്തിരിക്കുന്ന ബ്രെഡിനെയും ജാമിനെയും ഞാന്‍ വെറുപ്പോടെ നോക്കും. രാത്രിയില്‍ തട്ടുകടയില്‍ നിന്നും വാങ്ങിയ പാഴ്സല്‍ അഴിക്കുമ്പോള്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നും ചപ്പാത്തി തീയില്‍ പൊള്ളി കുമിളക്കുന്ന സുഗന്ധം എന്റെ മൂക്കില്‍ അടിച്ചു കയറും. ഈ ഗന്ധങ്ങളുടെ ആരാധകനായി അടുക്കളയില്‍ ഞാന്‍ നടത്തിയ പാചക പരീക്ഷണങ്ങള്‍ വിവധ ഭൂഖണ്ഡങ്ങളുടെ ആകൃതിയിലുള്ള  ചപ്പാത്തികളും, കരിഞ്ഞ പാത്രങ്ങളും, കഴിക്കാന്‍ രുചിയില്ലാത്ത കറികളുമായി അവസാനിച്ചു.

കിഴക്കേ വീട്ടിലെ കിടപ്പിലായ അമ്മൂമ്മ എന്നെക്കുറിച്ചു ഒരിക്കല്‍ രാമകൃഷ്ണനോട്‌ ചോദിച്ചത്രേ. ജനാലയിലൂടെ കാണുന്ന മൂന്നാം നിലയിലെ പുതിയ താമസക്കാരനെ ഒന്ന് കാണണമെന്ന്.

“മാളുവമ്മേ...ഇതാ ചാണ്ടി സാറിന്റെ മൂന്നാം നിലയിലെ പുതിയ താമസക്കാരന്‍...” രാമകൃഷ്ണന്‍ പരിചയപ്പെടുത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇതെത്ര മാളുമാരാണ് എനിക്ക് ചുറ്റും...?

അഞ്ചു മക്കളുണ്ടെങ്കിലും ഹോം നേഴ്സിന്റെ പരിചരണത്തില്‍ സന്തോഷവതിയായി കിടക്കുന്ന എണ്പതുകാരി മാളുവമ്മ. തളര്‍ന്നു കിടക്കുന്ന വൃദ്ധക്ക് ഓര്‍മ്മക്കോ സംസാര ശേഷിക്കോ കുഴപ്പമില്ല.

“മക്കളെല്ലാരും ഓരോരോ സ്ഥലത്താ. ഞാനിങ്ങനെ കിടപ്പായെന്നും വെച്ചു ജോലി കളഞ്ഞു അവര്‍ക്ക് എനിക്ക് ചുറ്റും കാവല് നില്‍ക്കാന്‍ പറ്റ്വോ...? അവരിവിട വന്നു നോക്കിയാലും ഇല്ലേലും ഞാന്‍ മരിക്കാനുള്ള നേരത്ത് മരിക്കും. ഇവിടിപ്പോള്‍ എനിക്കെന്താ ഒരു കുറവ്...? ഇവളുണ്ടല്ലോ. അത് പോരെ..?”

ക്ഷീണിച്ചു കിതക്കുന്ന സ്വരം. പരാതിയുടെ ഒരു ലാഞ്ചന പോലും ആ ശബ്ദത്തിലില്ല.

“ഒക്കെ നിങ്ങളെ കാണിക്കാനാ. പാവം. എനിക്കാരും ഇല്ലേ... എന്ന് പറഞ്ഞ് മിക്ക ദിവസോം ഒറങ്ങാതെ കരച്ചില്‍ തന്നെ കരച്ചില്‍. എന്നാ മക്കള്‍ വരുമ്പോഴോ,  ഒരു പരാതീം ഇല്ല. അവരുടെ ഭാര്യമാര്‍ക്ക് ജോലിയൊന്നും ഇല്ലന്നേ. ഈ പാവത്തിനെ  കൊണ്ടു പോയി അവര്‍ക്ക് നോക്കാവുന്നതേയുള്ളു. പക്ഷെ അവരടിപ്പിക്കില്ല.  അല്ലേലും വയസ്സായവരെ ആര്‍ക്കു വേണം...? ഞാനിതെത്ര കണ്ടതാ.”

തിരികെ പോരാന്‍ നേരം ഹോം നേഴ്സിന്‍റെ അടക്കം പറച്ചില്‍.

“ഈ ദീര്‍ഘായുസ്സ്‌ എന്ന് പറയുന്നത് ഒരു ശിക്ഷ തന്നാ. അല്ലെ സാറേ. അവസാന നാളുകള്‍ ഭൂമിയിലാര്‍ക്കും വേണ്ടാതെ കിടന്നിങ്ങനെ നരകിക്കാനായിട്ട്.”

രാമകൃഷ്ണന്‍ പറഞ്ഞതിന് എനിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. ആരായിരിക്കും മാളുവമ്മയെ ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നനുഗ്രച്ച് ശിക്ഷിച്ചത് ...?

നാല് മാളുമാരുടെ ഇടയില്‍ മൂന്നാം നിലയിലെ എന്റെ വീട്. ഇങ്ങനെ ഒരു വീട് എവിടെയെങ്കിലും കാണുമോ...? ഓരോ ദിക്കിലും ഓരോ മാളുമാര്‍!! ഒന്നാം മാളുവില്‍ നിന്നും നാലാം മാളുവിലേക്കുള്ള സംക്രമത്തില്‍ സംഭവിക്കുന്ന വിചിത്രമായ മാറ്റങ്ങള്‍!!! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്..? ആരാണ് ഈ മാറ്റമുണ്ടാക്കുന്നത്..? കാലമോ..? അതോ ലോകമോ...?. തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലേക്കുള്ള പരിണാമത്തിന്റെ പരമ ദയനീയത. അപ്പോള്‍ ഒരു ജീവന്‍ തുടങ്ങുന്നത് ഇങ്ങനെ അവസാനിക്കാനോ...? ഒന്നിനും ഒരു ശരിയുത്തരമില്ലേ....? ആരാണ് ഒരു  ശരി ഉത്തരം തരിക....? ആര്‍ തന്നാലും അത് തെറ്റാകാനാണ് സാധ്യത. എല്ലാ ശരികളും ഒടുവില്‍ തെറ്റായി തീരുകയാണ്.

ചാണ്ടിച്ചായന്റെ വീട്ടിലെ പതുപതുത്ത മെത്തയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ സുഷുപ്തിയില്‍ ഞാന്‍ ആവുന്നത്ര ചുരുണ്ടു കിടന്നു. കൈ ചുരുട്ടി കാല്‍മുട്ട് മുഖത്തോടടുപ്പിച്ച്. അമ്നിയോട്ടിക്ക് ദ്രവത്തിന്റെ ഇളം ചൂട് വന്നെന്നെ പൊതിയുന്നതും കാത്ത് ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

ഇരുട്ട്... സര്‍വത്ര ഇരുട്ട്.... അഞ്ചു കുഞ്ഞുങ്ങള്‍ നീന്തിത്തുടിച്ച ഗര്‍ഭ പാത്രത്തിന്റെ ഉടമയായ മാളുവമ്മയുടെ വികൃതമായ ചിരി. അത് ആ കൊഴുത്ത ഇരുട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് എന്റെ ചെവില്‍ വന്നലച്ചു കൊണ്ടിരുന്നു.

(കാക്ക മാഗസിന്‍ ഒക്ടോ. ലക്കം)
 (ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

25.9.14

ചതുര്‍ഭുജം

മേശപ്പുറത്തെ വലിയ പ്ലേറ്റില്‍ ഉരുളന്‍ കിഴങ്ങ് ഉള്ളില്‍ വെച്ച് കറുമുറാ വറുത്ത ചൂടു സമൂസ, ചെറിയ സോസറില്‍ എണ്ണയില്‍ വറുത്ത് തിളങ്ങുന്ന പച്ചമുളകുകള്‍, വെളുത്ത നിറത്തിലെ കട്ടോരി നിറയെ ചുവന്നു കുറുകിയ തക്കാളി സോസ്. നാല് ചെറിയ കപ്പുകളില്‍ ഇഞ്ചി മണം പൊങ്ങുന്ന ചായ കൂടി കൊണ്ടു വെച്ചതോടെ ചെറിയ മേശ നിറഞ്ഞു.

“നീയും കൂടെ വേണമായിരുന്നു ഞങ്ങളുടെ കൂടെ. രുചി അറോറ ഒന്നും മിണ്ടാതെയിരിക്കുന്ന സോണാലിയെ നോക്കിപ്പറഞ്ഞു. സോണാലി ഉമംഗിനെ നോക്കി. ഇതിനുള്ള മറുപടി അവനറിയാം എന്ന ഭാവത്തില്‍. അവന്‍ ഒരു സമൂസയുടെ ഉള്ളിലെ ഉരുളക്കുഴങ്ങു മുഴുവന്‍ ഒരുമിച്ചു വായിലേക്കിട്ടു അടുത്തിരുന്ന പച്ചമുളകില്‍ ഒന്നു കടിച്ചു തല കുടഞ്ഞു.

“ഓ...അവള്‍ക്കങ്ങനെ വരാനാകില്ല. അവളുടെ മൌസി കൂലിപ്പണി ചെയ്തുണ്ടാക്കുന്ന കാശു കൊണ്ട് കൂട്ടുകാരുടെ കൂടെ കറങ്ങി നടന്നിട്ട് പാട്നയില്‍ ചെന്ന് കഴിഞ്ഞു മൌസിയുടെ മുഖത്ത് നോക്കാന്‍ പറ്റില്ലെന്ന്.”
അവന്റെ ശബ്ദത്തില്‍ പച്ചമുളകിന്റെ എരിവും നിരാശയും ചേര്ന്ന ഒരു രോഷം കൊഴുത്തു കിടന്നപോലെ സോണാലിക്ക് തോന്നി.

രുചിയുടെ അടുത്തിരിക്കുന്ന സൌരഭ് പുച്ഛം കലര്‍ന്ന സഹതാപത്തില്‍ അവളോടു ചോദിച്ചു.
“ഇങ്ങനെയെങ്കില്‍ നീയെങ്ങനെ ഉമംഗിന്റെ കാര്യം മൌസിയുടെ മുന്നില്‍ അവതരിപ്പിക്കും...? ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ ഈ റിസേര്‍ച്ചെല്ലാം തീരില്ലേ...? രുചിയെ കണ്ടു പഠിക്ക്. അവളുടെ വീട്ടിലെ പട്ടിക്കുഞ്ഞിനു പോലും എന്റെ സര്‍വ ബയോഡാറ്റയും അറിയാം. അല്ലെങ്കില്‍ എന്നോടു ചോദിക്ക് അങ്ങ് പഞ്ചാബിലെ അവളുടെ വയലില്‍ ട്രാക്ടര്‍ ഓടിക്കുന്ന ഡ്രൈവര്‍ സുഖ്ദേവ് സിംഗിന്റെ പ്ലസ്‌ ടൂ പഠിക്കുന്ന മകളുടെ മാര്‍ക്ക് എത്രയെന്ന്. നിനക്കിത്ര ധൈര്യമില്ലേ മേരി..ബേട്ടീ...സോണാലീ....”
അവന്‍ അവളെ താളാത്മകമായി പരിഹസിച്ചു.

“സാരെ ഉമംഗ് കോ ജാന്‍താ ഹേ..നാ.....?”
സോണാലിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു...
“അരെ...യാര്‍....കൂള്‍ ഡൌണ്‍...കൂള്‍ ഡൌണ്‍....”
രുചി രംഗം തണുപ്പിക്കുവാന്‍ ശ്രമിച്ചു. ഒന്നും കഴിക്കാതെ ഇരിക്കുന്ന സോണാലിയുടെ കയ്യില്‍ ചായക്കപ്പ് എടുത്തു കൊടുത്ത് സൌരഭിനെ ദേഷ്യത്തില്‍ നോക്കിയിട്ട് അവളും ചായ കുടിച്ചു തുടങ്ങി.

പിങ്ക് നഗരത്തിലെ യൂണിവേര്‍സിറ്റി കാമ്പസിനടുത്തുള്ള ബാബുലാല്‍ ഭയ്യയുടെ ചെറിയ റസ്റ്റോറന്റില്‍ ടൂറിസ്റ്റുകളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടം.
തൊട്ടടുത്ത മേശക്കരികില്‍ വന്നിരുന്ന വിദേശി പെണ്കുട്ടികളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന സൌരഭിനു നേര്‍ക്കായിരുന്നു രുചിയുടെ കണ്ണുകള്‍. നീളം കുറഞ്ഞ കടും നിറത്തിലെ നിക്കറിനു താഴെ കാണുന്ന മെലിഞ്ഞ ഭംഗിയുള്ള കാലുകളില്‍ അവന്റെ കണ്ണുകള്‍ തറഞ്ഞപ്പോള്‍ രുചി അവന്‍റെ തോളിനൊരു തട്ട് കൊടുത്തു. സ്വര്‍ണ്ണ മുടിയും നീല കണ്ണുകളുമുള്ള ‘ഗോരി’ ആലൂ പൊറോട്ട തൈരില്‍ മുക്കി കഴിക്കുന്നത്‌ നോക്കി അവന്‍ പറഞ്ഞു.

“ഇന്ത്യന്‍ ചില്ലി ഫുഡ്‌ വിദേശികള്ക്ക് കഴിക്കാന്‍ പ്രയാസമാണെങ്കിലും ഇവര്‍ തിന്നുന്നത് കണ്ടില്ലേ.”

“മതി...കണ്ടു...കണ്ടു.. നമുക്ക്‌ സ്റ്റഡി ട്രിപ്പ്‌ പോയ വിശേഷങ്ങള്‍ സോണാലിയോടു പറയാം. എന്നിട് മതി ആലൂ പൊറോട്ടയില്‍ മുളകിടുന്നത്. രുചി കടുപ്പിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഉറക്കെ ചിരിച്ച് പെട്ടെന്ന് മൂഡിലേക്ക് തിരിച്ചെത്തി.

“നീ...പാട്നക്കാരിയത് കൊണ്ടല്ലേ നിന്നെ നിര്‍ബന്ധിച്ചത്. ഞങ്ങള്‍ക്ക് ഒരു ഗൈഡായേനെ നീ. നിന്റെ കാന്താമൌസിക്ക് അതൊന്നും ഇഷ്ടമല്ല എന്നൊക്കെ അറിയാം. കുറെയേറെ സ്ഥലങ്ങള്‍ പോകാനുണ്ടായിരുന്നല്ലോ. സാരമില്ല. എല്ലാ ഡീറ്റയില്സും ഞങ്ങള്‍ കലക്റ്റ്‌ ചെയ്തു കഴിഞ്ഞു. അജ്മീര്‍ ദര്‍ഗ. ഗുരു ഗോബിന്ദ് ജിയുടെ ജന്മസ്ഥാന്‍, ബുദ്ധഗയ....അങ്ങനെ നിന്റെ നാട് കൊണ്ടു ഇപ്പോള്‍ ഞങ്ങളുടെ ലാപ്‌ നിറഞ്ഞു“
രുചി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

അതൊരു നീണ്ട യാത്ര തന്നെയായിരുന്നു. ഒരു വലിയ സംസ്ഥാനം മൊത്തം ചുറ്റിക്കറങ്ങിയ ഗവേഷണ കുതുകികളായ വിദ്യാര്‍ത്ഥി സംഘം. ഒറ്റ സംസ്ഥാനത്തില്‍ വിവിധ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍. ഉമംഗും രുചിയും അടങ്ങുന്ന കൂട്ടത്തിന് ബീഹാര്‍ തിരഞ്ഞെടുത്തപ്പോഴേ ഉത്സാഹമായി. അതോടെ സൌരഭും കൂട്ടരും പുണ്യസ്ഥലങ്ങളുടെ പഠനത്തിനു അതെ സംസ്ഥാനം തന്നെ തിരഞ്ഞെടുത്തു. കണക്കില്‍ ഗവേഷണം ചെയ്യുന്ന സോണാലിയെ പോലെ കുറച്ചു പേര്‍ ഒഴികെ ഒട്ടു മിക്ക ഗവേഷണ വിദ്യാര്‍ഥികളും ആ സംഘത്തില്‍ ചേര്‍ന്നു . ശരിക്കും ഒരു പ്ളഷര്‍ ട്രിപ്പ്‌. രണ്ടാഴ്ചത്തെ ചുറ്റിക്കറങ്ങലിനൊടുവില്‍ അവര്‍ ഭാഷാ വൈവിധ്യം പഠിക്കുന്നതിനിടെ ആ ഭാഷകളും കുറേശ്ശെ സ്വായത്തമാക്കി.

ട്രിപ്പ്‌ അവസാനിക്കുന്നതിന്റെ തലേ ദിവസത്തെ ക്യാമ്പ്‌ ഫയറില്‍ സംഘമവതരിപ്പിച്ച ലഘു നാടകത്തില്‍ പടിഞ്ഞാറന്‍ ബീഹാറില്‍ നിന്നുള്ള വധു ആദ്യരാത്രിയില്‍ ഭോജ്പുരിയില്‍ കൊഞ്ചിക്കുഴഞ്ഞപ്പോള്‍ മൈഥിലി മാത്രമറിയാവുന്ന മധുപനി ജില്ലക്കാരന്‍ വരന്‍ കണ്ണുമിഴിച്ചു നില്ക്കുന്ന കാഴ്ചകണ്ട് എല്ലാരും ആര്‍ത്തു ചിരിച്ചു.

ചായ കുടി കഴിഞ്ഞു സംഘം പതിവ് പോലെ രണ്ടായി പിരിഞ്ഞു. പിങ്ക് നഗരത്തിലെ സൂര്യന്‍ ആറു മണിയായിട്ടും മങ്ങാതെ നഗരത്തെ പൊള്ളിക്കുന്നു. റോഡിലെ ഡിവൈഡറുകളിലെ കടലാസു ചെടികളിലെ കടും ചുവപ്പ് നിറത്തിലെ പൂക്കളില്‍ വെയില്‍ തിളങ്ങി. റോഡിലാകെ ഉണങ്ങിയ പൂക്കള്‍ ചിതറി പറക്കുന്നു. സൌരഭും രുചിയും ടൂറിസ്റ്റുകള്‍ തിക്കി തിരക്കുന്ന റോഡിലേക്ക് നീങ്ങിയപ്പോള്‍ ഉമംഗ് സോണാലിക്കൊപ്പം യൂണിവേര്‍സിറ്റി കാമ്പസിനടുത്തുള്ള ഹോസ്റ്റലിലേക്ക് സാവധാനം നടന്നു. ഏഴു മണിക്കുള്ളില്‍ ഹോസ്റ്റലില്‍ എത്തിയാല്‍ മതി. ആണ്കുട്ടികളുടെ ഹോസ്റ്റല്‍ കഴിഞ്ഞു ലൈബ്രറി കെട്ടിടവും കഴിഞ്ഞാല്‍ പെണ്കുട്ടികളുടെ ഹോസ്റ്റലായി.

“മിണ്ടാതെ നടക്കുന്ന സോണാലിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടു ഉമംഗ് പറഞ്ഞു.
“ച്ചോഡോ...സോനൂ... സൌരഭ് പറഞ്ഞത്‌ നീ കാര്യമാക്കേണ്ട. ഞാനും അപ്പോള്‍ അവനൊപ്പം കൂടിപ്പോയി.സോറി. ട്രിപ്പില്‍ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്തത് കൊണ്ടല്ലേ. സൌരഭിന് ദില്ലി മഹാ നഗരത്തിലെ അപ്പര്‍ ക്ലാസ്സ്‌ ജീവിതം മാത്രമല്ലേ പരിചയമുള്ളൂ. എന്നെപ്പോലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്‌ ലൈഫോ,നിന്റെ കാന്ത മൌസിയെപ്പോലെ ഗ്രാമത്തിലെ പൊരി വെയിലില്‍ കിടന്നു വയലില്‍ പണിയെടുക്കുന്നവരെപ്പറ്റിയോ ഒന്നും അറിഞ്ഞു കൂടാ. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവന്റെ വിവരക്കേട്.”

സോണാലി ഒന്നും മിണ്ടാതെ കേട്ടു നിന്നു. പിരിയാന്‍ നേരം അവളുടെ മുഖത്തെ അവളുടെ മുഖത്ത് നിസ്സഹായത കണ്ട് ഉമംഗിനു വിഷമം തോന്നി.
“എങ്കില്‍ നീ ഇപ്പോള്‍ ഹോസ്റ്റലില്‍ പോകണ്ട. വാ...നമുക്ക് ഒരു റൌണ്ട് കൂടെ നടന്നിട്ട് വരാം.. “ചലോ.. സോനൂ..”
മടിച്ചു നിന്ന സോണാലിയുടെ അരക്കെട്ടില്‍ ചേര്‍ത്തു പിടിച്ച് അവന്‍ നടന്നു തുടങ്ങി. റോഡിലെ തിരക്കിലേക്ക് അവര്‍ ആഴ്ന്നു
ക്യാമ്പസിലെ പടര്‍ന്നു കിടക്കുന്ന ജാമുന്‍ വൃക്ഷത്തിന് കീഴിലെ ചാരുബെഞ്ചിലിരുന്നു സംസാരിക്കുന്ന ഉമംഗ്.
“സോനൂ...ഇന്നലെ ട്രിപ്പിന്റെ കാര്യങ്ങള്‍ പറഞ്ഞു മുഴുവനാക്കിയില്ലല്ലോ. ഞങ്ങള്‍ പോയിപ്പോയി ദൂരെ നേപ്പാള്‍ ബോര്‍ഡര്‍ കടന്നു മിഥില കാണുവാന്‍ പോയി. മിഥിലാ രാജാവ് ജനകന് മകള്‍ സീതയെ മണ്ണില്‍ നിന്നും കിട്ടിയ ഇടമല്ലേ...? മുസാഫിര്‍പൂറിലും ഒരു ദേവീ മന്ദിര്‍ ഉണ്ട്. അവിടെപ്പോയിട്ടു കാര്യമായി ഒന്നും കിട്ടിയതും ഇല്ല. പക്ഷേ അവിടടുത്ത് ഒരു വിചിത്ര സ്ഥലത്ത് പോയി. ശരീരം വില്പ്പന ഉപജീവനമാക്കിയ സ്ത്രീകളുള്ള ചതുര്‍ഭുജ്‌സ്ഥാന്‍ എന്ന ഗ്രാമത്തില്‍.
സോണാലി അവനെ തുറിച്ചു നോക്കി. അവന്‍ ശബ്ദം താഴ്ത്തി പരിസരം ശ്രദ്ധിച്ചിട്ട് തുടര്‍ന്നു .

“ അവിടെ അതൊരു തെറ്റേ അല്ല. അതവരുടെ നൂറ്റാണ്ടുകളായുള്ള കുലത്തൊഴില്‍. അമ്മയും എല്ലാ പെണ്മക്കളും വേശ്യകള്‍. മുസാഫിര്‍പൂറിലെ ഒരു കോഫീ ഷോപ്പില്‍ നിന്നാണ് ഞങ്ങള്‍ക്കീ വിവരം ലഭിച്ചത്. അത് കേട്ടപ്പോള്‍ സൌരഭിനു ഒരാഗ്രഹം ഒന്ന് പോയി കണ്ടാലോ എന്ന്. ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും ഞാനും കൂടെ കൂടി. അവന്‍ തന്ന ധൈര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടി രഹസ്യമായി ഒരു ടാക്സിയെടുത്തു അവിടെപ്പോയി.’

“അപ്പോള്‍ പ്രൊഫസറും മറ്റു കുട്ടികളും....? രുചി അറിഞ്ഞില്ലേ ഇത്..? അവള്‍ സമ്മതിച്ചോ..?” സോണാലിയുടെ നെഞ്ചിടിപ്പ് കൂടി.
“അവസാന രണ്ടു ദിവസം പ്രൊഫസര്‍ കൂടെയില്ലായിരുന്നു. അദ്ദേഹം പാട്നയിലെ ബന്ധു വീട്ടില്‍ തങ്ങി. രുചിയെ സൌരഭ് വിദഗ്ദമായി മറ്റു ഗേള്‍സിന്റെ കൂടെ റൂമിലാക്കി. അവര്‍ക്ക് സംഗതി മനസ്സിലായതെ ഇല്ല..”
“എന്നിട്ട്...?”അവളുടെ ശബ്ദം തളര്‍ന്നു.

“ഹേയ്.....വാട്ട്...ഹാപ്പെന്‍ഡ് ടു യു...? ഞങ്ങള്‍ അങ്ങനെയുള്ള ഗായ്സ് ആണോ..? നീ പേടിച്ചോ..?”
“ഇല്ല.”അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

“ഞങ്ങള്‍ ഒരു ഉച്ച കഴിഞ്ഞ നേരത്താണ് അവിടെയെത്തിയത്. ആയിരത്തോളം വേശ്യകളുണ്ട് ആ നാട്ടില്‍. അവിടത്തെ പുരുഷന്മാരുടെ ജോലിയോ ഈ സ്ത്രീകളുടെ പിമ്പുകള്‍. ആ നാട്ടിലെ കുട്ടികളുടെ അച്ഛനാരെന്നു അമ്മമാര്‍ക്ക് നിശ്ചയമില്ലത്രേ. ചെന്നിന്നിറങ്ങിയതോടെ പിമ്പുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. റെയിറ്റ് പറഞ്ഞു ഒരു വീട്ടില്‍ കൊണ്ടു പോയി. അവിടെ ചെറിയൊരു വീട്ടില്‍ രണ്ടു സ്ത്രീകള്‍. രണ്ടു പേരും അണിഞ്ഞൊരുങ്ങി ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു. ആര്‍ക്കു് ആരെ വേണം എന്നായി ചോദ്യം. ഇത്രയും ആയപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായി. ഭക്ഷണം വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ സൂത്രത്തില്‍ സ്ഥലം വിട്ടു. സൌരഭിന് അവിടെ കുറച്ചു നേരം തങ്ങണം എന്നുണ്ടായിരുന്നു. അവന്‍ ആ നേരം കൊണ്ടു രഹസ്യമായി അവിടം മൊബൈലില്‍ പകര്‍ത്തി . ഇത് നോക്കൂ...”

ഫോണിന്റെ സ്ക്രീനില്‍ തെളിയുന്ന കടും നിറത്തിലെ ചായം തേച്ച ചുണ്ടുകള്‍, തിളങ്ങുന്ന സാരികള്‍, കല്ല്‌ മാലകള്‍, വിരിച്ചിട്ട ചൂടിക്കട്ടിലുകള്‍....
”പ്ലീസ്‌...ഉമംഗ്...രുക്കോ....ബന്ദ് കരോ..”
ഫോണിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നോക്കിയതും സോണാലി കരച്ചിലിന്റെ വക്കോളം എത്തി.
“നതിംഗ് ഹാപ്പെന്‍ഡ് സോണാലീ...ഞങ്ങള്‍ ഒരു പത്തു മിനിട്ട് പോലും ആ വീട്ടില്‍ തങ്ങിയില്ല. നിന്നോടിത് പറയേണ്ടിയിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു. നീ എന്തിനാ ഇങ്ങനെ കരയുന്നത്...?
‘കുച്ച് നഹീ...ഉമംഗ്...കുച്ച് നഹീ....” സോണാലി അയാളുടെ തോളില്‍ ചാരി തേങ്ങി. അവളുടെ ഉടല്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
“സോണാലി... രോവോ മത്....രോവോ മത്.” അവളുടെ കണ്ണീരടങ്ങാത്ത മുഖത്തേക്ക് നോക്കി ഉമംഗ് പറഞ്ഞു കൊണ്ടിരുന്നു.

ഹോസ്റ്റല്‍ മുറിയിലെ ഷെല്ഫിലെ പുസ്തകങ്ങള്‍ക്കിടയില്‍ കാന്താമൌസിയുടെ പഴയൊരു കത്ത്. രുപാലി പഠിക്കാന്‍ തീരെ മോശം. നിന്നെപ്പോലെ പഠിച്ചിരുന്നെങ്കില്‍ കുറച്ചു കഷ്ടപ്പെട്ടിട്ടെങ്കിലും അവളെയും കോളേജിലയക്കാമായിരുന്നു. ഇനി എന്റെ കൂടെ ജോലി ചെയ്യാം എന്നാണവള്‍ പറയുന്നത്. ഞാന്‍ സമ്പാദിക്കുന്നത് കൊണ്ടു നിന്റെ ഫീസടക്കാന്‍ വിഷമിക്കുന്നത് അവള്‍ക്കറിയാം. ഞാന്‍ ആവതു വിലക്കി. അവള്‍ പക്ഷെ കൂട്ടാക്കുന്നില്ല.
സോണാലി അടുത്ത കത്ത് കയ്യിലെടുത്തു. രുപാലിയുടെ കത്ത്. ‘മേരീ...പ്യാരീ ദീദീ...’ എന്ന് തുടങ്ങുന്ന സംബോധന. ഒടുവില്‍ ഞാന്‍ കാന്താ മൌസിയെ സഹായിക്കാന്‍ തീരുമാനിച്ചു. മൌസി തടഞ്ഞതാണ്. സാരമില്ല. മൌസി കഷ്ടപ്പെടുന്നത് എത്ര കാലം കണ്ട് നില്ക്കാനാവും. ഈ പ്രാവശ്യം അയക്കുന്ന പൈസയില്‍ എന്റെ കൂടെ സമ്പാദ്യമുണ്ട്. അതുകൊണ്ടു മൌസിക്ക് ഈ മാസം ആരോടും കടം വാങ്ങേണ്ടി വന്നില്ല എന്ന വരികള്‍ വായിച്ചപ്പോള്‍ സോണാലിയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ആ കത്തും പിടിച്ചു കിടക്കയില്‍ ഇരുന്നു.

അവധി ദിനങ്ങളിലെ നാട്ടിലേക്കുള്ള യാത്ര. ബസിനുള്ളിലെ ആളുകളുടെ തുറിച്ചു നോട്ടങ്ങള്‍. ‘ഹമാരീ കാന്താ കി ചോക്രി ഖൂബ്‌ പക്ക് ഗയീ....’ (നമ്മുടെ കാന്തയുടെ പെണ്ണ് നല്ല പാകമായിരിക്കുന്നല്ലോ)എന്ന ബസ്‌ ഡ്രൈവര്‍ ഭോലാ റാമിന്റെ കമന്റ്. താന്‍ വന്നെന്നറിഞ്ഞാല്‍ വീട്ടില്‍ വന്നു മൌസിയെ ശല്യപ്പെടുത്തുന്ന ബല്‍വാന്‍ സിംഗ് .

“നിങ്ങള് വെറുതെ കിടന്നു കഷ്ടപ്പെടാതെ ഈ പെണ്ണിനെക്കൂടി കൂട്ടിക്കൂടെ..? ഇവള്‍ക്ക് ചോദിക്കുന്ന കാശ് ഞാന്‍ മേടിച്ചു തരാം. നിങ്ങള്‍ക്ക് വയസ്സേറി വരുകയാണെന്ന ഓര്‍മ്മ വേണം. കുറച്ചു കൂടി പ്രായമായാല്‍ നിങ്ങളെയൊക്കെ ആര്‍ക്കു വേണം...? ഇവള്‍ക്കിളയത് ഇനി എന്ന് വളര്‍ന്നു വന്നിട്ടാണ്...? വയറ് നിറച്ച് റൊട്ടി തിന്നണമെങ്കില്‍ കാശ് വേണം..കാശ്... നെഞ്ച് ദുപ്പട്ട കൊണ്ടു മൂടിപ്പൊതിഞ്ഞു പതുങ്ങി നടക്കാതെ പുറത്തിറങ്ങുപോള്‍ നേരേ നടക്കുവാന്‍ പറയ് ഇവളോട്. ആവശ്യക്കാര്‍ ശരിക്കൊന്നു കാണട്ടെ. ഇവളൊന്നൊരുങ്ങി നിന്നാല്‍ മതി കാശ് മടിയില്‍ വീഴും.”
ചുണ്ടു നനച്ചു കൊണ്ടു അവളെ അടിമുടി നോക്കി മൌസിയെ പ്രലോഭിപ്പിക്കുന്ന ബല്‍വാന്‍ സിംഗ്.
“വേണ്ടാ... ബല്‍വാന്‍ ഭയ്യാ അവള്‍ക്കത് വേണ്ട. അവള്‍ പഠിച്ച് ഉദ്യോഗസ്ഥയാകും.”
“അരെ...വാ..ഹ്..ബഡിയാ ബാത്ത്!!! ”
ബലവാന്‍ സിംഗ് തുടയില്‍ വലതു കൈ കൊണ്ട് അടിച്ചു കൊണ്ട് ശരീരം കുലുക്കി ഉറക്കെ ചിരിച്ചു. അയാളുടെ വൃത്തികെട്ട നിറം മങ്ങിയ പല്ലുകള്‍ക്കിടയില്‍ നിന്നും പാനിന്റെ ചുവന്ന തുള്ളികള്‍ ചുറ്റും ചിതറി.
“ഹും...ചതുര്ഭുജസ്ഥാനിലെ ഒരു ഉദ്യോഗസ്ഥ!!!!” ഇവിടെ ഉള്ളതിലും ഏതു വലിയ ഉദ്യോഗത്തിനാ ഇവള്‍ പോകുന്നത്..? എവിടെ പോയാലും ഇവളീ നാട്ടുകാരിയല്ലേ..? ഇവളുടെ തന്നെ പ്രായമുള്ള ആ കൌസല്യയുടെ പെണ്ണിന് കിട്ടുന്ന കാശ് എത്രയാണെന്ന് ഇവളോടൊന്നു പറഞ്ഞു കൊടുക്ക്. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശു മുഴുവന്‍ ഇവള്‍ വെള്ളത്തില്‍ കൊണ്ടു കളയുകയെ ഉള്ളു. ഒരു കോളേജു പഠിത്തക്കാരി”.

സന്ധ്യക്ക് മുമ്പേ മുറിയടച്ചിരിക്കുന്ന രാത്രികളില്‍ മൌസി കിടക്കുന്ന ചാര്‍ത്തില്‍ നിന്നും ചൂടിക്കട്ടിലിന്റെ മുരളലുകള്‍. പൈസ എണ്ണികൊടുക്കുന്ന ശബ്ദങ്ങള്‍. കഴിഞ്ഞ അവധിക്കാലം തൊട്ടു വീടിനോടു ചേര്‍ന്ന പുതിയൊരു ചാര്‍ത്തു കൂടി പണിത് ചേര്‍ത്തിരിക്കുന്നു. അതിനുള്ളില്‍ പുതിയൊരു കട്ടില്‍, അലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന രുപാലിയുടെ വസ്തങ്ങള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റുകള്‍. അണിഞ്ഞൊരുങ്ങുന്നതിനുള്ള കോപ്പുകള്‍. കടുത്ത വാസനയുള്ള കടും നിറമുള്ള സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍. ഇപ്പോള്‍ പഞ്ചായത്തില്‍ നിന്ന് ഉറകള്‍ സൌജന്യമായി കിട്ടുന്നതില്‍ പുതിയ സര്‍പഞ്ചിനു നന്ദി പറയുന്ന മൌസി. നിങ്ങളുടെ അമ്മയുടെ കാലത്ത് ഇതൊന്നും അറിയാതെയിരുന്നത് കൊണ്ടു ചെറുപ്പത്തിലെ എന്റെ പൂനം ദീദി ചെറുപ്പത്തിലെ മഹാ രോഗം വന്നു മരിക്കേണ്ടി വന്നു എന്ന് ഇടക്കിടെ പറഞ്ഞു പതം പറഞ്ഞു കരയുന്നു.

മുസാഫിര്‍പൂറിലെ സര്‍ക്കാരാശുപത്രിയിലെ അഴുക്കു പിടിച്ച വാര്‍ഡില്‍ കടുത്ത ക്ഷയ രോഗം ബാധിച്ചു മരണം കാത്ത് കിടക്കുന്ന എല്ലിച്ച രൂപം.. കുഞ്ഞായ രുപാലിയെ എടുത്ത് എട്ടു വയസ്സുള്ള സോണാലിയെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന കാന്താദേവി എന്ന യുവതി. “യെ ബച്ചോം കോ ഭീ ടെസ്റ്റ്‌ കേലിയെ ലേജവോ..” എന്ന് അവരെ നോക്കി അറപ്പോടെ പറഞ്ഞ നേഴ്സിനെ അവള്‍ ഭയപ്പാടോടെ നോക്കുന്നു....ടെസ്റ്റ് റിസള്‍ട്ട് കിട്ടിയ ദിവസം ഭഗവാന്‍ ബജായാ..."എന്ന് പറഞ്ഞു കുട്ടികളെ കെട്ടിപ്പിടിച്ചു വിതുമ്പിയ കാന്താമൌസി.

ചതുര്‍ഭുജസ്ഥാനിലെ ഒരു പെണ്കുട്ടി ജയ്പൂര്‍ കാമ്പസില്‍ എത്തിയാല്‍ അവളുടെ പൂര്‍വ ചരിത്രം മാറുമോ...? ഉമംഗിന്റെ മുന്നില്‍ മൂന്നു കൊല്ലം കൊണ്ടു പണിത് തീര്‍ത്ത നുണകളുടെ കടലാസ് കൊട്ടാരം എരിഞ്ഞടങ്ങുവാന്‍ ഇനിയും എത്ര നാള്‍...? സോണാലിയുടെ നെഞ്ചിലെ എരിയുന്ന സത്യത്തിന്റെ കനല്‍ കട്ടകള്‍ നിറഞ്ഞ നെരിപ്പോടിന്റെ ചൂട് അവളെ പൊള്ളിയുരുക്കുന്നു. എരിഞ്ഞു കൊണ്ടിരിക്കുന്ന നെരിപ്പോടാണ് അഗ്നിയുടെ ഏറ്റവും ഭീകരമായ അവസ്ഥയെന്നവള്‍ തിരിച്ചറിയുന്നു. മൂന്നു വര്‍ഷം കൊണ്ടു ഉമംഗിനൊപ്പം പണിത് കൂട്ടിയ സ്നേഹ ലോകം. അത് ഈ നെരിപ്പോടിപ്പോടിനു മുകളിലായിരുന്നു എന്നവന്‍ അറിയുമ്പോള്‍. ഉമംഗിന്റെ സ്നേഹത്തിന്റെ കാറ്റടിക്കുമ്പോള്‍ ജ്വലിക്കുന്ന ആ കനലിനെ അതി ജീവിക്കാന്‍ ഇനി അവള്‍ക്കാവില്ല.

ഒറ്റ നിമിഷത്തില്‍ ആളിപ്പടരുന്ന അഗ്നി.... പടരുന്ന ഒരു വെളിച്ചത്തില്‍ എല്ലാം വിഴുങ്ങുന്ന അഗ്നി.... എല്ലാ ചൂടും ഒരുമിച്ച്... എല്ലാം അതില്‍ കത്തിയമരുന്നു. സോണാലി ഒരു നിമിഷം അവളുടെ തീരുമാനമെടുത്തു. ഈ നെരിപ്പോട് ആളുന്ന അഗ്നിയാകട്ടെ. ഒരു കാറ്റില്‍, ഒരു നിശ്വാസത്തില്‍ ആളുന്ന നാവു കൊണ്ടു എല്ലാറ്റിനെയും അത് തുടച്ചെടുക്കട്ടെ .

“തല വേദനെയെന്നു പറഞ്ഞു ക്ലാസ്സില്‍ നിന്നും നേരത്തെ ഇറങ്ങിയ നിനക്കെന്തു പറ്റി...? സോനൂ... വരൂ... നിന്റെ മുഖം വല്ലാതിരിക്കുന്നു നമുക്ക് ഡോക്ടറെ കാണാം.”
ഉമംഗിന്റെ ശബ്ദത്തില്‍ ആര്‍ദ്രത.

“ഉമംഗ്..എനിക്കിനിയും താങ്ങാനാവില്ല നിന്റെ ഈ സേന്ഹം. അടുത്ത മാസം കാമ്പസ്‌ വിട്ടു നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്ക് മൌസിയെക്കണ്ടു നിന്റെ കാര്യം പറയണം. സൌരഭ് പറയുന്ന പോലെ ഞാന്‍ ഇത്ര ധൈര്യമില്ലാത്തവളായാല്‍ ഇനിയും ശരിയാവില്ല.”

“ഇതിനാണോ നീ ഇത്ര ടെന്‍സ് ഡ് ആകുന്നത്. നിനക്ക് പറയാന്‍ പേടിയെങ്കില്‍ ഞാന്‍ കൂടെ വരാം..ഞാന്‍ സംസാരിക്കാം നിന്റെ മൌസിയോട്”

“നീ..നീ വന്നേ പറ്റൂ..ഉമംഗ്. എനിക്ക് മൌസിയെ പേടിയില്ല. എനിക്കിപ്പോൾ നിന്നെയാണ് പേടി.”
അവള് ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.

“എന്നെയോ..? ഞാൻ നിന്റെയല്ലേ..എന്നെ എന്തിനാണ് പേടിക്കുന്നത്...? നിനക്കെന്തോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.“

“ഒന്നുമില്ല. ഉമംഗ്. ഈ സോണാലിക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. ചതുര്‍ഭുജസ്ഥാനിലെ ഒരു പെണ്കുട്ടി എങ്ങനെ മാറിയാലും അവള്‍ എന്നും അത് തന്നെയല്ലേ...?. കാന്താ മൌസി മാനം വിറ്റു വളര്‍ത്തി പഠിപ്പിച്ച സോണാലി. പിന്നീട് രുപാലിയുടെയും ശരീരത്തിന്റെ വിലയില്‍ കോളേജിലെയും ഹോസ്റ്റലിലെയും ഫീസടക്കാന്‍ കഷ്ടപ്പെടുന്ന ചതുര്‍ഭുജസ്ഥാനിലെ ഏക പഠിപ്പുകാരി.”

കനല്ക്കട്ടപോലെ പൊള്ളുന്ന അവളില്‍ നിന്ന് വാക്കുകള്‍ ചിതറി വീണു. കിതക്കുന്ന വാക്കുകള്‍ തീയില്‍ പൊട്ടിച്ചിതറി ചിലമ്പിക്കുന്നു. അമ്പരന്നു നിന്ന ഉമംഗിന്റെ കയ്യില്‍ ഇരിക്കുന്ന ഫോണ്‍ ചൂണ്ടിക്കാണിച്ചു കാണിച്ചു അവള്‍ തുടര്‍ന്നു ..

“ഇതിലെ കാന്താമൌസിയുടെ വീട്ടിലേക്കുള്ള വഴി ഒരു വട്ടം പോയ നിനക്ക് ഇനി പറഞ്ഞു തരേണ്ട കാര്യമില്ലലോ. പക്ഷെ ഇത്തവണ പോകുമ്പോള്‍ സൌരഭ് കൂടെ വേണ്ട ഞാന്‍ മതി.”

കണ്ണുകളടച്ച് നില്ക്കുന്ന സോണാലി. അവള്‍ ഉമംഗിന്റെ അകന്നു പോകുന്ന കാലടി ശബ്ദം കാതോര്‍ക്കുന്നു. വലിയൊരു അഗ്നി വന്നു തന്നെ വലയം ചെയ്യുന്നത് കാത്തിരിക്കുകയാണവള്‍. ഒരൊറ്റ ആളല്‍. പിന്നെ അവിടെ ഒന്നുമില്ല. ഒരു ഭസ്മക്കൂന. ഉമംഗിന്റെയും സോണാലിയുടെയും സ്നേഹത്തിന്റെ ചിതാ ഭസ്മം.

സോണാലി ഇപ്പോള്‍ എവിടെയാണ്...? ചുറ്റുമുള്ള ഈ ഇരുട്ടില്‍ അവള്‍ എവിടെയെന്ന് അവള്‍ക്കു പോലും അറിയില്ല. ചതുര്‍ഭുജസ്ഥാനിലെ ചെറിയ വീട്ടിലെ അവളുടെ കുടുസ് മുറിയിലോ..? അടുത്ത മുറികളില്‍ നിന്ന് വരുന്ന ചൂടിക്കട്ടിലുകളുടെ മുറുമുറുപ്പ് ശബ്ദം കേട്ട് ഉറക്കം വരാത്ത കണ്ണുകള്‍ ഇറുക്കിയടച്ച് നിറം മങ്ങിയ തലയിണയിലാണോ അവള്‍ മുഖം പൂഴ്ത്തി കിടക്കുന്നത്...? അവള്‍ കേള്‍ക്കുന്ന ശബ്ദം ഏതാണ്...? അത് ബല്‍വാന്‍ സിംഗിന്റെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളല്ല.  ഉമംഗിന്റെ സാന്ത്വന സ്വരം ഒരു നനുത്ത മഞ്ഞിൻ കണം പോലെന്നപോലെ അവളിലെ അഗ്നിയെ തണുപ്പിക്കുന്നത് അവള്‍ തിരിച്ചറിയുന്നുണ്ട്. ചതുർഭുജസ്ഥാനിലെ അവളുടെ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ട രുപാലിക്കൊപ്പമുള്ള അവളുടെ ഫോട്ടോ സൌരഭ് കണ്ടിട്ടില്ല എന്നവന്‍ ആണയിടുന്നുണ്ട്. സൌരഭ് അറിയാതെ ഒരിക്കല്‍ കൂടി അവിടെ പോയി ജോലി കിട്ടിയാലുടനെ അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടു വരാനാകും എന്ന് പറഞ്ഞപ്പോള്‍ മൌസിയുടെ കണ്ണുകള്‍ നിറഞ്ഞത് അവന്‍ വീണ്ടും വീണ്ടും പറയുന്നുണ്ട്. രുപാലിയെ പഠിപ്പിക്കാനയക്കാം എന്ന് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ടു തിളങ്ങിയത് അവന്‍ കണ്ടതാണ്. അതേ, അവള്‍ കേള്‍ക്കുന്ന ശബ്ദം ഉമംഗിന്റെതാണ്. അത് ഉറച്ചതും വ്യക്തവുമാണ്. കണ്ണ് തുറന്ന് അവള്‍ അയാളെ കാണുകയാണ്.സോണാലി പ്രേമത്തിന്റെ പുതിയ നിർവ്വചനങ്ങൾ പഠിക്കുകയാണ്.


13.5.14

സര്‍പ്പ ദോഷം


രണ്ടു  ദിവസത്തെ അവധിക്കുള്ള അപേക്ഷ  മേശപ്പുറത്തു വെച്ചു പോകാന്‍ തുടങ്ങുന്ന ആനന്ദന്റെ മുഖത്തേക്ക്  സ്ഥലം മാറി വന്ന സൂപ്രണ്ട് ജോസഫ്‌ ഇഷ്ടപ്പെടാതെ നോക്കി.

“ഒരു സര്‍പ്പം പാട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റില്ല സര്‍. ഇന്‍സ്പെക്ഷന്റെ ജോലികള്‍ ഓവര്‍ ടൈം ചെയ്തു തീര്‍ത്ത്‌ കൊള്ളാം.”

മനസ്സിലാകാതെ നോക്കിയ അദ്ദേഹത്തോട് ഫയലുമായി മുറിയിലേക്ക് വന്ന പ്യൂണ്‍ വിലാസിനി വിശദീകരിച്ചു.

“ആനന്ദന്‍ സാറിന് എല്ലാക്കൊല്ലവും കുംഭമാസത്തിലെ ആയില്യത്തിന് രണ്ടു ദിവസം ലീവ് എടുപ്പുള്ളതാ സാറേ.”

സൂപ്രണ്ട് പിന്നീടൊന്നും പറയാതെ  ഒപ്പ് വെക്കാനായി കടലാസ്‌ കയ്യിലെടുത്തു

പുല്ലുകാട്ട് തറവാട്ടിലെ കൊല്ലാ കൊല്ലമുള്ള സര്‍പ്പം പാട്ടുകാരനാണ് ആനന്ദന്‍.  ആനന്ദന് പനി പിടിച്ചു കിടന്ന കുട്ടിക്കാലത്തൊരിക്കല്‍ പുല്ലുകാട്ടെ സര്‍പ്പം തുള്ളലിന് അവന്റെയച്ഛന്‍ പുള്ളോന്‍ വേലായുധനും അമ്മ കൌസല്യയും ഉച്ചത്തില്‍ നാഗസ്തുതികള്‍ പാടിയിട്ടും നഗക്കളത്തില്‍ ദൈവങ്ങള്‍ വന്നില്ലത്രേ !!! കളത്തിനരുകില്‍ കന്യാവുകള്‍ പൂക്കുലയുമായി അനങ്ങാതെ നിന്നു. എല്ലാക്കൊല്ലവും പതിവ് തുള്ളാറുള്ള അമ്മുക്കുട്ടിയമ്മക്കും അനക്കമില്ല.  ഒടുവില്‍ പനിക്കിടക്കയില്‍ നിന്നും ആനന്ദനെ കുളിപ്പിച്ച് മണിപ്പന്തലിലിരുത്തി ഇലത്താളം കയ്യില്‍ കൊടുത്തതോടെ കന്യാവുകളുടെ കയ്യിലെ പൂക്കുലകള്‍ വിറച്ചു തുടങ്ങി. താമസിയാതെ അമ്മുക്കുട്ടിയമ്മയും തുള്ളി. അഷ്ട നാഗങ്ങള്‍ കളത്തിലിറങ്ങി തറവാടിന് ഐശ്വര്യം വാരി വിതറി. ആനന്ദനെക്കൂടാതെ തറവാട്ടില്‍ ഇനി സര്‍പ്പം പാട്ടില്ലായെന്ന് അമ്മുക്കുട്ടിയമ്മ വഴി നാഗദൈവങ്ങള്‍ ആജ്ഞാപിച്ചു. സര്‍പ്പങ്ങള്‍ ഓരോന്നായി ഇലത്താളം കൊട്ടുന്ന ആനന്ദന്റെ അടുത്തു വന്നനുഗ്രഹിച്ചു. 

പുല്ലുകാട്ട് തറവാട്ടില്‍ നാഗം കുടി പാര്‍ക്കാന്‍ തുടങ്ങിയത് നാല് തലമുറ മുമ്പാണ്. അന്നത്തെ കാരണവര്‍ കിട്ടനും ഭാര്യ ചിരുതയുംപുല്ലുകാട്ട് പറമ്പില്‍ കുടില്‍ വെച്ച് താമസമാക്കിയതിന്റെ പിറ്റേ ദിവസം. സന്ധ്യക്ക് നിലത്ത് കുനിഞ്ഞിരുന്നു തീ ഊതി കഞ്ഞി തിളപ്പിക്കുകയായിരുന്നു ചിരുത. തീ ഊത്ത് നിര്‍ത്തിയിട്ടും എവിടെ നിന്നോ ഒരു ഊതുന്ന ശബ്ദം. തോന്നലായിരിക്കും എന്നു വിചാരിച്ച അവര്‍ വീണ്ടും തീ ഊതി .അതാ കേള്‍ക്കുന്നു പിന്നില്‍ നിന്ന് വീണ്ടും ആ ശബ്ദം. തിരിഞ്ഞു നോക്കിയ അവര്‍ക്ക് നേരെ പത്തി വിരിച്ച ഒരു സര്‍പ്പം.

“അയ്യോ പാമ്പ്..”

എന്ന് കരഞ്ഞു കൊണ്ടു പുറത്തേക്കോടിയ ചിരുത കിട്ടനെ വിളിച്ചു കൊണ്ടുവന്നു വീടിനകം നോക്കിയെങ്കിലും പാമ്പിനെ കണ്ടില്ല. പിറ്റേന്ന് മുതല്‍ ചിരുത തുടര്‍ച്ചയായി ഫണം വിരിച്ചു നില്‍ക്കുന്ന സര്‍പ്പത്തെ സ്വപനം കാണാന്‍ തുടങ്ങി. സര്‍പ്പക്കാവുകളില്‍ നൂറും പാലും നേര്‍ന്നിട്ടും എന്നും രാത്രിയില്‍ അതേ സ്വപ്നം. അങ്ങനെ ഒരു ദിവസമാണ് പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന കിട്ടന്‍റെ തൂമ്പയില്‍ ഒരു വലിയ കല്ല്‌ തടഞ്ഞത്. എടുത്തു നോക്കിയപ്പോള്‍ അതൊരു സര്‍പ്പ രൂപം. അപ്പോള്‍ തന്നെ പറമ്പിന്റെ മൂലയിലെ മാഞ്ചുവട്ടില്‍ മണ്ണിന്റെ ഒരു ഇരിപ്പിടമുണ്ടാക്കി അയാള്‍ ആ സര്‍പ്പത്തെ അവിടെ കുടിയിരുത്തി. ചിരുതയെക്കൊണ്ട്‌ അതിനു മുന്നില്‍ വിളക്കും വെയ്പ്പിച്ചു.

പിന്നീട് കിട്ടന്റെ ഇളയ മകന്‍ കണ്ടപ്പനായിരുന്നു തറവാട്ടില്‍. അയാളുടെ  കാലത്ത് നാഗത്തിനു നല്ലൊരു തറ കെട്ടി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എല്ലാ കുഭാമാസത്തെ ആയില്യത്തിനും മുടങ്ങാതെ സര്‍പ്പം പാട്ട് നടത്തി. കണ്ടപ്പന്റെ ഇളയ മകന്‍ ചെത്തുകാരന്‍ കണാരന്‍, ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന്റെ അച്ഛന്‍ അതൊരു അമ്പലത്തിന്റെ രൂപത്തിലാക്കി. ഓടുമേഞ്ഞ ഒരു കൊച്ചമ്പലം. അപ്പോഴേക്കും കുടുംബാംഗങ്ങള്‍ എണ്ണത്തില്‍ വളര്‍ന്ന് സര്‍പ്പം പാട്ടിനു നല്ലൊരു കൂട്ടമായി.

തുടക്കം മുതലേ ആനന്ദന്റെ കുടുംബക്കാര്‍ തന്നെയാണ് പുല്ലുകാട്ട് തറവാടിന്റെ പുള്ളുവന്മാര്‍. ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന് പട്ടണത്തില്‍ ജൌളിക്കടയാണ്. അയാള്‍ അച്ഛന്‍ കണാരന്‍ പണിത ആ ചെറിയ അമ്പലം പരിഷ്കരിച്ചു വലുതാക്കി. ഒരു കൊച്ചു തുണിപ്പീടികയായി തുടങ്ങിയ കട നാഗ ദൈവങ്ങളുടെ കരുണയാലാണ് നല്ലൊരു ജൌളിക്കടയായി മാറിയതെന്ന് ഭാസ്കരനും കുടുംബവും വിശ്വസിക്കുന്നു. ഭാസ്കരന്‍ മുതലാളിയായതനുസരിച്ചു സര്‍പ്പം പാട്ട് നടത്തുന്ന രീതിയും മാറി. തലേ ദിവസം മുതല്‍ ബന്ധുക്കള്‍ ഒത്തു ചേരുന്ന ഒരു ഉത്സവം തന്നെയായി അത്. നാട്ടുകാരും സര്‍പ്പദൈവങ്ങളുടെ കാരുണ്യം തേടി സര്‍പ്പം പാട്ടില്‍ പങ്കു ചേര്‍ന്നു. കൊടി തോരണങ്ങള്‍ ഗെയിറ്റിനു പുറത്തേക്ക് റോഡിലേക്കും നീളുന്നു. വീട്ടു മുറ്റത്ത് ബന്ധുക്കളുടെ കാറുകളുടെ നിര. വരുന്നവര്‍ക്ക് സദ്യക്കായി മുന്നില്‍ പന്തല്‍. വീടിനു അടുക്കളപ്പുറത്തു സദ്യ വട്ടത്തിന്റെ കോലാഹലങ്ങള്‍...

പുല്ലുകാട്ട് തറവാട്ടിലെ കുരുത്തോല മണക്കുന്ന മണിപ്പന്തലില്‍ നാഗക്കളം വരക്കുന്ന അച്ഛനു സഹായിയായി ഇരിക്കുന്ന ആനന്ദന്‍ എന്ന നീണ്ടു മെലിഞ്ഞ ചെക്കന്‍. കളത്തില്‍ നാഗങ്ങള്‍ വിരിയുന്നത് കാണാന്‍ പുറകില്‍ കാഴ്ചക്കാരായി കുട്ടികളുടെ കൂട്ടം. സംസാരിച്ചു ശല്യം ചെയ്യുന്നവരെ കളം വരക്കുന്ന വേലായുധന്‍ പുള്ളോന്‍ കടുപ്പിച്ച് നോക്കുമ്പോള്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ നിറച്ച ചിരട്ട എടുത്തു കൊടുക്കുന്ന ആനന്ദന്‍ ചുണ്ടില്‍ കൈ ചേര്‍ത്തു 'മിണ്ടരുത് 'എന്നവരോട് ആംഗ്യം കാണിക്കും. വിരുന്നു വന്ന മറ്റു കുട്ടികള്‍ അത് കണ്ട് പേടിച്ചു മിണ്ടാതിരിക്കുമ്പോള്‍ തറവാട്ടിലെ  ശ്രീകല അത് പോലെ തന്നെ ചുണ്ടില്‍ കൈ വെച്ച് ആഗ്യം കാണിച്ചു അടക്കി ചിരിക്കും. കളം വര കഴിഞ്ഞു പൂക്കുലയുമായി നാഗങ്ങള്‍ക്ക് ആവേശിക്കാനുള്ള കന്യാവുകളില്‍ അവള്‍ തന്നെ പ്രധാനി.

എല്ലാക്കൊല്ലവും ഒരേ പതിവുകള്‍. കളം വര, നാഗസ്തുതി, കന്യവുകളുടെയും അമ്മുക്കുട്ടിയമ്മയുടെയും തുള്ളല്‍. പെട്ടെന്നൊരു തവണ പൂക്കുല പിടിച്ച് ചുവന്ന പട്ടുടുത്ത കന്യാവുകളുടെ കൂട്ടത്തില്‍ ശ്രീകലയെ കണ്ടില്ല. “ശ്രീകല എവിടേമ്മേ..?” എന്ന ചോദ്യത്തിന്, “അവളു ചെലപ്പ തെരണ്ടു കാണും” എന്ന സ്വകാര്യം കേട്ട ആനന്ദന്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവളെ തേടി. തിരക്കിനിടയില്‍ നിന്നും ചിരിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രം അവന്‍ കണ്ടു. “ഇവള്‍ ഇത്ര പെട്ടെന്ന് വലിയ പെണ്ണായോ..? അവന്റെ സംശയത്തിനു മേല്‍ ആ ചിരിക്കുന്ന കണ്ണുകളിലെ കുസൃതി വീണ്ടും അവനെ ചിരിച്ചു കാണിച്ചു. 

വര്‍ഷങ്ങള്‍ കഴിഞ്ഞൊരു സര്‍പ്പം തുള്ളലില്‍ അവള്‍ നവവധുവായിരുന്നു. കൂടെ സുമുഖനായ ഭര്‍ത്താവ്. പുതു പെണ്ണിനോട് വിശേഷം തിരക്കുന്ന ബന്ധുക്കള്‍. അയാളുടെ കണ്ണില്‍ പെടാതെ അവള്‍ മാറി നടക്കുന്നപോലെയാണ് അന്നയാള്‍ക്ക് തോന്നിയത്. വിവാഹത്തിനു ശേഷം  അവള്‍ കുശല വര്‍ത്തമാനങ്ങള്‍ മറന്നോ...?

പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞൊരു സര്‍പ്പം പാട്ടിന് വിധവയുടെ തളര്‍ച്ചയില്‍ അവള്‍ ഇത്രയും പറഞ്ഞൊപ്പിച്ചു.

“മനസ്സില്‍ ആനന്ദേട്ടനെ വെച്ച് കൊണ്ടു വേറൊരാളെ കല്യാണം  കഴിച്ചതിനു നാഗങ്ങള്‍ ശിക്ഷിച്ചതായിരിക്കും എന്നെ. മന:ശുദ്ധിയില്ലാതെ വിവാഹം കഴിഞ്ഞും എത്ര പ്രാവശ്യം ഞാന്‍  ഇവിടെ വിളക്ക് വെച്ചു. എന്റെ പാപം കാരണം പാവം എന്‍റെ മധുവേട്ടന്‍...”

എന്താ അവള്‍ പറഞ്ഞതെന്ന് മനസ്സിലാക്കുവാന്‍ അയാള്‍ കുറച്ചു സമയമെടുത്തു.

“എന്തായീ പറഞ്ഞത്  ശ്രീകലേ...”

“ദൈവങ്ങള്‍ക്ക് മുന്നില്‍  നമുക്കെന്തെങ്കിലും മറയ്ക്കണമെങ്കില്‍ മനസ്സ് എന്നൊന്നുണ്ടായിരിക്കരുത്.”

അന്നയാള്‍ വീണയില്‍ വില്ലോടിച്ചപ്പോള്‍ കേട്ടത് ഒരു കരച്ചിലിന്റെ താളമായിരുന്നു. മനസ്സറിയുന്ന സര്‍പ്പങ്ങള്‍  കളത്തില്‍ വന്ന് കൈകൂപ്പി നിന്ന ശ്രീകലയെ ആശ്വസിപ്പിച്ചു.

കല്യാണം കഴിഞ്ഞ നാളില്‍ രാജിയോടും ഇക്കാര്യം അയാള്‍ പറഞ്ഞിട്ടുണ്ട്. പുല്ലുകാട്ട് തറവാടിനെക്കുറിച്ച്, അവിടത്തെ സര്‍പ്പം പാട്ടില്‍ ആന്ദന്‍ പുള്ളോന്റെ വീണയും സ്തുതിയും കേള്‍ക്കുമ്പോള്‍  തക്ഷകനും വാസുകിക്കും അനന്തനുമൊപ്പം നഗലോകം  കളത്തിലാടുന്നത്. ഒടുവില്‍ ശ്രീകലയെക്കുറിച്ചും.

“ഒക്കെ കൊള്ളാം സര്‍പ്പം പാട്ടിനു കുടം കൊട്ടാന്‍ എന്നെ വിളിക്കരുത്. എന്റെ അച്ഛനും അമ്മയും ഒന്നും ഈ പണിക്ക് പോയിട്ടില്ല. അമ്മൂമ്മ പണ്ട് വീട് തോറും കുടം കൊട്ടിപ്പാട്ട് പാടി എന്റെ അച്ഛനെ വളര്‍ത്തിയ കഥ കേട്ടിട്ടുണ്ട്. അതൊക്കെ പണ്ടത്തെ കാലം. അത് പോലാണോ ആനന്ദേട്ടന്‍.  നല്ലൊരു ഉദ്യോഗം ഉണ്ടല്ലോ എന്നോര്‍ത്താണ് അച്ഛന്‍ ഇങ്ങോട്ട് വിട്ടത്. ഞാന്‍ ഇനി ചേട്ടന്റെ കൂടെ കുടവുമായി വീടു കേറി ഇറങ്ങണം എന്നാണോ...?”

“ഇല്ല രാജീ... ആ ഒരു വീട്ടില്‍ മാത്രം. അച്ഛന്റെ വാക്കാണ്‌. ഉപേക്ഷിക്കാന്‍ വയ്യ.”

“എങ്കില്‍ ഈ ഒരു കൊല്ലം മാത്രം. അത് കഴിഞ്ഞാല്‍ അവരോടു വേറെ ആളു നോക്കാന്‍ പറയ്” എന്നു പറഞ്ഞ് ആദ്യ തവണ സര്‍പ്പം പാട്ടിനു വന്ന രാജിയുടെ മുഖം ശ്രീകലയെ കണ്ടതോടെ മങ്ങി.  അസൂയയുടെ കൂര്‍ത്ത കണ്ണുകള്‍ കൊണ്ടവള്‍ ശ്രീകലയെ കോര്‍ത്തു വലിച്ചു

“വല്ലാത്തൊരു ഭംഗിയുണ്ടല്ലോ ഈ പെണ്ണിന്..? പോരാത്തതിന് വിധവയും. അഞ്ചാറു വയസ്സുള്ള കുട്ടിയുടെ അമ്മയാണെന്നും പറയില്ല. അല്ലാ..ഭര്‍ത്താവ്‌ മരിച്ചിട്ട് കുറച്ചു കൊല്ലമായന്നല്ലേ പറഞ്ഞത്. എന്തെ വീണ്ടും കല്യാണം ഒന്നും കഴിക്കാത്തെ.? ഒന്ന് കൂടെ കെട്ടിച്ചയക്കാന്‍  വീട്ടുകാര്‍ക്കാണെങ്കില്‍ കാശിനും കുറവില്ല.”

“ഒന്ന് മിണ്ടാതിരി. ആരെങ്കിലും കേള്‍ക്കും.”

എല്ലാം കഴിഞ്ഞു വെളുക്കാറായപ്പോള്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴും രാജി അതേ വിഷയം എടുത്തിട്ടു..

“ഇനി മുതല്‍ അവളെ ഞാന്‍ ഒന്ന് സൂക്ഷിക്കണമല്ലോ..?”

“എന്താ രാജീ..ഇത്.നീ...ഒരു മാതിരി പെണ്ണുങ്ങളെപ്പോലെ..?”

അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“അതേയ്... ഒരു വിധവയാണ് എന്‍റെ ഭര്‍ത്താവിനെ മോഹിച്ചു കഴിയുന്നത്. ഏതു ഭാര്യ സഹിക്കും ഇത്..? മുഴു സമയവും അവള്‍ ആനന്ദേട്ടനില്‍ നിന്നും കണ്ണു പറിച്ചിട്ടില്ല അറിയുവോ...?”

“നീ അപ്പോള്‍ കുടം കൊട്ടുന്ന അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നോ..അതോ ഡിക്റ്റക്ടീവ് വേലക്ക് പോയതോ..?”

“ഈ ഒരു വര്‍ഷം കൂടെ വരാം എന്നെ വിചാരിച്ചുള്ളൂ. പക്ഷെ ഇനി എല്ലാക്കൊല്ലവും ഞാന്‍ കൂടെ വരും കുടം കൊട്ടാന്‍. എന്റെ പുള്ളോനെ അവള്‍ തട്ടിയെടുത്താലോ..?”

“രാജീ...തട്ടിയെടുക്കണം എങ്കില്‍ അവള്‍ക്കു നീ എന്നെ കല്യാണം കഴിക്കുന്നതിന് മുമ്പാകാമായിരുന്നില്ലേ..? “

“അതൊന്നും എനിക്കറിയണ്ട. ഇനിയങ്ങോട്ട്‌ ആനന്ദേട്ടനെ ഞാനില്ലാതെ വിടുന്ന പ്രശ്നമില്ല.”

കൊല്ലങ്ങള്‍ കഴിഞ്ഞു കുട്ടികള്‍ പിറക്കാതിരുന്നപ്പോള്‍ അവളുടെ ഭാവം മാറി.

“സര്‍പ്പം പാട്ട് പാടി  ദോഷം മാറ്റുന്ന നിങ്ങള്‍ക്ക് സ്വന്തം ദോഷം മാത്രം എന്തെ മാറ്റാനറിയില്ല...?”

“എന്ത് ദോഷം..?’

എന്ന ചോദ്യത്തിന് അവള്‍ ശരിക്കും ഉറഞ്ഞു തുള്ളി.

‘ഇല്ലേ...? ”ഒരു ദോഷവും ഇല്ലേ..? നിങ്ങള്‍ പാടി പ്രാര്‍ഥിച്ചിട്ടു തന്നെയാ ആ കുട്ടിയുടെ ഭര്‍ത്താവ് മരിച്ചത്. ആ ദോഷം കൊണ്ടു തന്നെയാ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് കിട്ടാത്തത്‌.”

“നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട”

“നിങ്ങളുടെ നാഗങ്ങള്‍ക്ക് രക്ഷിക്കാനറിയില്ല ശിക്ഷിക്കാനെ അറിയൂ, എല്ലാക്കൊല്ലവും നിങ്ങളുടെ പാട്ട് കേട്ട് മുന്നില്‍ വരുന്ന നാഗങ്ങള്‍ക്ക് നിങ്ങടെ മനസ്സറിയാതെ വരുമോ...? ഇല്ല...ഒന്നും ശരിയാകില്ല. ഒന്നും.. നഗദൈവങ്ങളുടെ ശാപത്തിനു മുന്നില്‍ ഒരു ഡോക്ടര്‍ക്കും ഒന്നും ചെയ്യാനാവില്ല.”

ഓരോ സര്‍പ്പം പാട്ടടുക്കുമ്പോഴും രാജി സംശയത്തിന്റെ സര്‍പ്പമുട്ടകളെ അടയിരുത്തിയ പുറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നു. മുട്ടകളിലെ നാഗക്കുഞ്ഞുങ്ങള്‍ പുറത്തേക്ക് വരുവാന്‍ വെമ്പല്‍കൊണ്ടു, അതിനുള്ളില്‍ കിടന്നു ചീറിപ്പുളഞ്ഞു. നാളുകളിലെ അടയിരുപ്പിനു ശേഷം അതിനുള്ളില്‍ നിന്നും കുംഭത്തിലെ ആയില്യത്തിന് സര്‍പ്പകുഞ്ഞുങ്ങള്‍ പിറന്നു, അയാള്‍ക്ക്‌ നേരെ ചീറ്റി. സര്‍പ്പക്കുഞ്ഞുങ്ങള്‍ വിഷം ശ്രീകലയിലേക്കും ചീറ്റുന്നത് അയാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അതറിയാതെ എല്ലാക്കൊല്ലവും അയാള്‍ അവളുടെ കുഞ്ഞിനു നേരെ ചിരിച്ചു, അക്കൊല്ലം പൂക്കുലയുമായി കളത്തിനരുകില്‍ നില്ക്കുന്ന കൊച്ചു പെണ്‍കുട്ടി പഴയ ശ്രീകലയുടെ  തനിപ്പകര്‍പ്പെന്നു പറഞ്ഞു. അപ്പോഴും ശ്രീകല ഒന്നും പുറത്തു കാണിക്കാതെ അയാളെയും രാജിയെയും നോക്കി മന്ദഹസിച്ചു.

“അത് നിങ്ങളുടെ കുഞ്ഞു തന്നല്ലേ...? ഒന്നും അറിയാതെ മരിച്ചു പോയ അവളുടെ ഭര്‍ത്താവിനെപ്പോലെ ഞാന്‍ മണ്ടിയാണെന്ന്‌ വിചാരിക്കണ്ട.”
വീണയും വില്ലുമെടുത്ത് സ്തുതിക്കാന്‍ തുടങ്ങിയ ആനന്ദന്റെ ചെവിയില്‍ കുടം തട്ടി പാകം നോക്കുന്ന രാജിയുടെ പരുക്കന്‍ ശബ്ദം.
 "ശരിക്ക് പറഞ്ഞിട്ടുണ്ട് ഞാനിന്നവളോട്. നോക്കിക്കോ നാണമുണ്ടേല്‍ അടുത്ത പാട്ടിനു മുമ്പ്‌ അവളാരെയെങ്കിലും കെട്ടിപോയ്‌ക്കൊള്ളും. അന്യന്റെ പുരുഷനെ തട്ടിയെടുക്കാന്‍ തക്കം നോക്കിയിരിക്കുന്നവളുടെ തറവാട്ടില്‍ എന്ത് പൂജേം പാട്ടും നടത്തീട്ടെന്താ...? ഗതി പിടിക്യോ...?”

ആനന്ദന്‍ മറുത്തൊരക്ഷരം പറയാതെ ഉച്ചത്തില്‍ പാട്ട് തുടങ്ങി. കുടത്തില്‍ കൊട്ടുന്ന രാജിയുടെ കൈകള്‍ക്ക് എന്തെന്നില്ലാത്ത ശക്തി ബാധിച്ചെന്നയാള്‍ക്ക് തോന്നി. താളം പിഴപ്പിക്കുന്നത് പോലെയുള്ള ഭ്രാന്തമായ ശബ്ദം. അതിനെ മറികടക്കാന്‍ അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരുന്നു. അയാള്‍ അനന്തനെ വിളിച്ചു കരഞ്ഞു, തക്ഷകനോടു രക്ഷ തേടി, വാസുകിയോടു കരുണ യാചിച്ചു. കൈയ്യിലെ വില്ല് അതിവേഗം വീണയിലൂടെ ഓടി. 

ശ്രീകല ഭാവഭേദമില്ലാതെ പൂക്കുലയുമായി ആടിത്തുടങ്ങുന്ന മകളെയും മറ്റു കന്യാവുകളെയും നോക്കിയിക്കുകയായിരുന്നു. പ്രായത്തിന്റെ ആധിക്യമുണ്ടെങ്കിലും പതിവ് തുള്ളലിനായി അമ്മുക്കുട്ടിയമ്മയും പതുക്കെ ആടി തുടങ്ങി. പെട്ടെന്നാണ് കളത്തിലേക്ക് ബാധ കയറിയ ശ്രീകല തുള്ളി പ്രവേശിച്ചത്. അവള്‍ നാഗമായി കളത്തില്‍ നിറഞ്ഞാടി. നിലവിളക്കുകളുടെ പ്രഭയില്‍ ജ്വലിക്കുന്ന അവളുടെ മുഖത്തേക്ക് മുടിയിഴകള്‍ അഴിഞ്ഞു വീണു. നഗക്കളത്തിലെ പഞ്ചവര്‍ണ്ണപ്പൊടികള്‍ അവളെ പൊതിഞ്ഞു. കൊല്ലങ്ങളായി  തറവാടിനെ മൂടി നില്‍ക്കുന്ന ദു;ഖത്തിന്റെ കാരണം കളത്തിലിഴഞ്ഞ ആ നാഗം ഉറക്കെ വിളിച്ചു പറഞ്ഞു. നാഗ പ്രീതി നശിച്ച  ആനന്ദന്‍ പുള്ളോന്റെ സ്തുതികള്‍ കേള്‍ക്കാന്‍ ഇനി ഞങ്ങള്‍ ഇവിടെ വരില്ല എന്ന് ഉറക്കെപറഞ്ഞ ആ നാഗം കളത്തില്‍ തല തല്ലിക്കൊണ്ടിരുന്നു.  ഞെട്ടലോടെ രാജിയെ നോക്കിയ ആനന്ദന്‍ കണ്ടു കുടമടിയുടെ ശബ്ദംത്തോടൊപ്പം അവളില്‍ നിന്നും പുളച്ചു നീങ്ങുന്ന സര്‍പ്പക്കുഞ്ഞുങ്ങള്‍. കൂട്ടമായി നീങ്ങിയ അവ ശ്രീകലയുടെ അടുത്തെത്തിയപ്പോഴേക്കും പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. കളത്തില്‍ തല തല്ലുന്ന നാഗത്തെ  ഇഴഞ്ഞെത്തിയ സര്‍പ്പങ്ങള്‍ നിമിഷം കൊണ്ട് കൊത്തി വീഴ്ത്തി. ഒടുവില്‍ ശ്രീകലയില്‍  നിന്നും തളര്‍ന്ന തേങ്ങലുകള്‍  മാത്രം കേട്ടു. വീണയും വില്ലും കയ്യിലേന്തി നിശ്ചലനായി നിന്ന ആനന്ദന്‍റെ ചെവില്‍ ആ തേങ്ങല്‍ നാഗങ്ങള്‍ക്കുള്ള പുതിയൊരു പുള്ളുവന്‍ പാട്ടായി. 
(ചിത്രം ഗൂഗിളില്‍ നിന്നും)

19.4.14

ജന്മാവതാരങ്ങള്‍

കോര്‍ബ  എക്സ്പ്രസ്സ്‌ തൃപ്പൂണിത്തുറ കഴിഞ്ഞു എവിടെയോ കുറച്ചു നേരം നിര്‍ത്തിയപ്പോഴേ ഞാന്‍ അസ്വസ്ഥയായി. സമയം പത്തു മണിയാകുന്നു. ചെറുതായി മഴയും പെയ്യുന്നുണ്ട്. എറണാകുളത്ത് ഇറങ്ങാന്‍ തയ്യാറായി കാരിയറില്‍ നിന്നും ബാഗും മറ്റ് ലഗേജുകളും എടുത്തു വെച്ച് കുറച്ചുപേര്‍  ഇരിപ്പുണ്ട്. പതിനൊന്നിന് ശേഷമാണ്  മുഹൂര്‍ത്തം. എറണാകുളം നോര്‍ത്തിലിറങ്ങി എളമക്കരക്ക് ഒട്ടോയോ ടാക്സിയോ പിടിച്ചു എത്തുമ്പോള്‍ സമയം പോകാതിരുന്നാല്‍ മതിയായിരുന്നു. സമയത്തിനു ചെന്നില്ലെങ്കില്‍ പ്രഭാകരനും വസുമതിയും പിണങ്ങുക തന്നെ ചെയ്യും.

ഏറണാകുളത്ത് വന്നാല്‍ ഏറ്റവും പേടി ഇവിടത്തെ റോഡിലെ വാഹന ബ്ലോക്കിനെയാണ്. എപ്പോഴാണ് വാഹനക്കൂട്ടത്തില്‍ ഞെങ്ങിയമര്‍ന്നു കിടക്കേണ്ടി വരിക എന്ന് പറയാനാവില്ല. മുന്നിലും പിന്നിലും ഇടത്തും വലത്തും ചെവി തുളയ്ക്കുന്ന ഹോണുകളുടെ ഇടയില്‍ ടെന്‍ഷന്‍ പിടിച്ച്  ഇരിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥി ക്കുന്നതിനിടെ ട്രെയിന്‍ ചെറുതായി  നീങ്ങി തുടങ്ങി. 

കഷ്ടം  എന്നല്ലാതെ എന്ത് പറയാന്‍ ..?അല്ലെങ്കില്‍ ഈ നേരത്ത് തന്നെ ശേഖരേട്ടന് പനി വരുമായിരുന്നോ..? നിശ്ചയത്തിന്‍റന്ന്“ഇനി കല്യാത്തിന്‌ കാണാം കുട്ടീ...” എന്ന് അനുമോളോട് പറഞ്ഞു പിരിഞ്ഞിട്ട് ദാ....ഇപ്പൊ പെട്ടന്നൊരു പനി. നേരം കെട്ട നേരത്തെ മഴയും തീരാത്ത പനിക്കാലവും. കല്യാണ തലേന്ന്  കാറില്‍ പോകാം എന്ന തീരുമാനമൊക്കെ മാറി മറിഞ്ഞു.  പനി പിടിച്ചു കിടക്കുന്ന ആളെ തനിയെ വീട്ടിലിട്ടു പോരുന്നതിന്റെ വിഷമം വേറെ. ഒരു ഗ്ലാസ്സ് വെള്ളം തനിയെ എടുത്തു കുടിക്കില്ല ശേഖരേട്ടന്‍. സുലുവേ...സുലുവേ...എന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ചു കൊണ്ടിരിക്കും.

ടാക്സി പിടിച്ചു പത്തേ മുക്കാലിന് തന്നെ ഹാള്‍ കണ്ടു പിടിച്ചു എത്തിയപ്പോള്‍ വിയര്‍ത്തു  കുളിച്ചിരുന്നു. എന്തിനും ഏതിനും തുണയില്ലാതെ ശീലിച്ചത്തിന്റെ പ്രയാസം ഇന്ന് ശരിക്കറിഞ്ഞു.

“ഹാള്‍ കണ്ടു പിടിക്കാന്‍ വിഷമിച്ചോ സുലോചനേ..” എന്ന് പറഞ്ഞാണ് വസുമതി സ്വാഗതം ചെയ്തത്. ഹാള്‍ നിറഞ്ഞു കഴിഞ്ഞു എങ്കിലും അത്ര പിന്നിലല്ലാത്ത ഇടത്ത് ഒരു കസേരയും ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു.

“സുലോചന  ഇവിടെ ഇരുന്നോളൂ...വല്‍സല ചേച്ചീ..ഇത് സുലോചന എന്റെ കൂട്ടുകാരി. ഒന്ന് കമ്പനി കൊടുക്കണേ...” എന്ന് അടുത്തിരുന്ന സ്ത്രീക്ക് ധൃതിയില്‍ പരിചയപ്പെടുത്തി വസുമതി മറ്റ് അതിഥികളുടെ അടുത്തേക്ക് പോയി. കസവുള്ള സെറ്റ് മുണ്ടുടുത്ത വല്‍സലച്ചേച്ചി എന്നെ നോക്കി സൌഹൃദത്തില്‍ ചിരിച്ചു. വിശേഷങ്ങള്‍ പറയുന്നതിനിടെ ഞാന്‍ വീട് മാവേലിക്കര എന്ന് പറഞ്ഞപ്പോള്‍
“ഓ..പ്രഭാകരനൊപ്പം ജോലി ചെയ്ത പഴയ സുഹൃത്തുക്കളാണല്ലേ..?” എന്നവര്‍ ചോദിച്ചു.
“അതെ..അദ്ദേഹത്തിനു പെട്ടെന്ന് സുഖമില്ലാതായി. അനുമോളുടെ കല്യാണം ഒഴിവാക്കാനും പറ്റില്ല. അനുമോള്‍ ഞങ്ങള്‍ക്ക് സ്വന്തം മോളുതന്നെയാ. ഇങ്ങനെ  തനിയെയുളള യാത്രയും എനിക്ക് ശീലമില്ല.”

ചിരപരിചിതയെപ്പോലെ അവര്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.   ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസ്സായി വീടിനടുത്ത് ജോലിയായ ഏക മകനെക്കുറിച്ചും അവന്റെ കുട്ടിക്കാലത്തേ മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ നാദസ്വരത്തിന്റെ അകമ്പടിയോടു കൂടി അണിഞ്ഞൊരുങ്ങിയ അനുമോള്‍ കല്യാണ മണ്ഡപത്തിലേക്ക് വന്നു കഴിഞ്ഞു. കനത്ത മേക്കപ്പും ആഭരണങ്ങളും അവളെ അണിയിച്ചൊരുക്കിയ ഒരു പാവക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു. അനുവിന്റെ വിദൂരച്ഛായയുള്ള ഒരു പാവക്കുട്ടി!!!!

എല്ലാ കണ്ണുകളും അനുമോളിലായി. എത്ര ജോടി കണ്ണുകളാണ് ഒരേ സമയം അവളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ നോട്ടങ്ങള്‍ ചലനങ്ങള്‍ എല്ലാം സസൂക്ഷ്മം ശ്രദ്ധിക്കപ്പെടുന്നു. വെണ്ണയുടെ നിറത്തില്‍ തിളങ്ങുന്ന മുണ്ടും ഷര്‍ട്ടും  അണിഞ്ഞ . അനുവിന്റെ മണവാളന്‍ അരുണ്‍ സുന്ദരനായി കാണപ്പെട്ടു. ആ വേഷം കല്യാണ നിശ്ചയത്തിന്റെ അന്ന് കണ്ട കൊച്ചു പയ്യനില്‍ നിന്ന് അരുണിനെ കുറച്ചൊന്ന് പക്വതമതിയാക്കി. താലികെട്ടു കഴിഞ്ഞുതോടെ അടുത്തിരുന്ന വല്‍സലച്ചേച്ചി പോകുവാനുള്ള തിരക്ക് കൂട്ടി.
“എന്തേ..? സദ്യ കഴിയാതെ..?’
“മകന്‍ ഇടക്ക് വരും...ഞാന്‍ വീട്ടിലില്ലെങ്കില്‍ അവനാകെ ബുദ്ധിമുട്ടാകും അവര്‍ വല്ലാത്ത  ധൃതി പ്രകടിപ്പിച്ചു. ഇവിടെ തൊട്ടടുത്ത് അടുത്ത റോഡില്‍ തന്നെയാ എന്റെ വീട്. അടുത്ത പന്തിയാകുമ്പോള്‍ ഞാനിങ്ങെത്തും.” എന്ന് പറഞ്ഞവര്‍ ധൃതിയില്‍ ഗേറ്റിലേക്ക് പോയി.

ആദ്യത്തെ പന്തിയുടെ തിരക്ക് കഴിയാന്‍ പുറത്തിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ വസുമതി വന്നു “സുലോചന എന്തേ ഇരുന്നില്ലേ..?”എന്ന് തിരക്കി .
“ധൃതി ഇല്ലല്ലോ വസുമതി...നമ്മള്‍ വിരുന്നുകാരല്ലല്ലോ..അടുത്ത പന്തീല്‍ ഇരുന്നോളാം."
"സുലോചനേ സദ്യ കഴിഞ്ഞ് തിരിച്ചു പോകാന്‍ ധൃതി കൂട്ടണ്ട. മാവേലിക്കരക്ക് പോകുന്ന ഒരു കുടുംബം ഉണ്ട്. പ്രഭാകരേട്ടന്റെ അമ്മയുടെ ഒരു ബന്ധു. ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. ഉച്ച കഴിഞ്ഞു അനുമോളേം വിട്ടുകഴിഞ്ഞു അവരുടെ കൂടെ കാറില്‍ പോകാല്ലോ.”
വസുമതി വീണ്ടും തിരക്കിലേക്ക്.

സത്യം പറഞ്ഞാല്‍  വല്ലാത്ത ആശ്വാസമാണ് തോന്നിയത്. ട്രെയിന്‍ പിടിക്കുന്നതിന്‍റെ പൊല്ലാപ്പ് വേണ്ടല്ലോ. ഹാളില്‍ എത്തി കല്യാണം നടക്കുന്ന സമയത്ത് പോലും തിരിച്ചു പോകുന്നതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. . ഇതാണെന്‍റെ  ദു:സ്വഭാവം. തരണം ചെയ്യാനാകും എന്ന് ഉറപ്പുള്ള  കാര്യത്തെപ്പറ്റിയും  വെറുതെ ടെന്‍ഷനന്‍ അടിക്കുക. എന്തായാലും സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീട്ടിലേക്കു പോയ വല്‍സലച്ചേച്ചി  തിരികെ എത്തിക്കഴിഞ്ഞു.

“ഇത്ര വേഗം എത്തിയോ. മോന്‍ പോയോ..മോനെക്കൂടി ഇങ്ങു കൂട്ടാമായിരുന്നില്ലേ ”
“ഓ..അവന്‍ തിരിച്ചു പോയി. അവനോരോ കാര്യങ്ങളില്ലേ...”  അടുത്തു കിടന്ന കസേര വലിച്ചിട്ടിരിക്കുന്നതിനിടെ അവര്‍ പറഞ്ഞു.

അവന്‍റെ ഓരോ ഇഷ്ടങ്ങള്‍, അച്ഛനില്ലാതെ വളര്‍ന്നത്‌ കൊണ്ട് അമ്മയോട് കാണിക്കുന്ന അടുപ്പം,അങ്ങനെ ഓരോ ചെറിയ കാര്യവും സദ്യ കഴിക്കുന്നതിനിടെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. എനിക്ക് മക്കളില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ അനുകമ്പയോടെ നോക്കി. ഒരു നിമിഷം നിശ്ശബ്ദയായി.  ഈ കുറഞ്ഞ നേരം കൊണ്ടു ഞങ്ങള്‍ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. അനുമോളുടെയും വരന്‍റെയും അടുത്തു ചെന്ന് സംസാരിക്കുവാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്‌. ഉച്ചകഴിഞ്ഞ്  മൂന്നരക്കാണ് വധുവിന് വരന്റെ വീട്ടിലേക്കു പോകാനുള്ള മുഹൂര്‍ത്തം . സമയം ധാരാളം. ബന്ധുക്കള്‍ സമയമാകുന്നതും കാത്ത് പുറത്തെ  മരത്തണലുകള്‍ കണ്ടു പിടിച്ചു സംസാരിച്ചിരുന്നു.

“എങ്കില്‍ വരൂ..മണി ഒന്നര കഴിഞ്ഞതേയുള്ളൂ ..എന്‍റെ  വീടു വരെ ഒന്ന് പോയി വരാം. അരമണിക്കൂറിനുള്ളില്‍ തിരികെ വരാമല്ലോ..”
വസുമതിയോടു പറഞ്ഞു ഞാന്‍ വല്‍സ‍ലച്ചേച്ചിക്കൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു.

അഞ്ചു മിനിട്ട് നേരത്തെ നടത്തം കൊണ്ട് ഞങ്ങള്‍ തൊടി നിറയെ മരങ്ങളും ചെടികളും ഉള്ള ഒരു പഴയ തറവാടിന്‍റെ  മുന്നില്‍ എത്തി.

“ഈ റോഡില്‍ ഇത്രയും പഴയ വീട് ഇപ്പോള്‍ ഇത് മാത്രമേ ഉള്ളു. പൊളിച്ചു പണിയാം എന്ന് പറഞ്ഞിട്ട് മകന്‍ സമ്മതിച്ചില്ല. പഴയതൊന്നും നശിപ്പിക്കരുത് എന്നവനു നിര്‍ബന്ധം. പറമ്പില്‍ കുറച്ചു വില്ക്കുന്നോ എന്ന് ചോദിച്ചും ധാരാളം ആളുകള്‍ വന്നിട്ടുണ്ട്. അതും അവന്‍ സമ്മതിച്ചില്ല. ഈ റോഡിലെ എല്ലാ വീടുകളും പുതിയതാകുമ്പോള്‍ നമ്മുടെ വലിയ മുറ്റമുള്ള ഈ പഴയ ഈ തറവാടിന്‍റെ  മഹിമ എല്ലാരും മനസ്സിലാക്കും എന്നാണവനന്ന് പറഞ്ഞത്. അതിപ്പോള്‍ വളരെ ശരിയായി കേട്ടോ....” അവര്‍ അഭിമാനത്തോടെ പറഞ്ഞു.

നഗരത്തിന്‍റെ പൊള്ളുന്ന ചൂടില്‍ നിന്നും കുളിരിന്‍റെ ഒരു ദ്വീപിലെത്തിയപോലെയാണ് എനിക്ക് ആ വിശാലമായ മുറ്റത്തേക്ക് കാല്‍ വെച്ചപ്പോള്‍ തോന്നിയത്. തിങ്ങി നിറഞ്ഞു നില്ക്കുന്ന കൊണ്ക്രീറ്റ്‌ കടലിനു നടുവില്‍ തണലിന്‍റെ ഒരു പച്ചത്തുരുത്ത്. എന്തൊരു സ്വച്ഛത,കുളിര്‍മ....വിശാലമായ മുറ്റം നിറയെ പൂച്ചെടികള്‍. വിവിധ നിറത്തില്‍  റോസാച്ചെടികള്‍, ചെമ്പരത്തികള്‍, കോളാമ്പികള്‍. എല്ലാം തഴച്ചു വളര്‍ന്നു നില്ക്കുന്നു. ഒരു ചെടിച്ചട്ടി പോലും ആ വീട്ടില്‍ കണ്ടില്ല. എല്ലാം  മുറ്റത്ത് മനോഹരമായി വെട്ടിയൊരുക്കി നിര്‍ത്തിയിരിക്കുകയാണ്. മുറ്റത്തിന്റെ ഒരു ഭാഗത്ത് മെത്ത വിരിച്ചപോലെ  പല നിറത്തില്‍ ടേബിള്‍ റോസുകള്‍,ചൈനീസ്‌ ബോള്‍സങ്ങള്‍.

“നിറയെ ചെടികളുണ്ടല്ലോ വല്‍സലച്ചേച്ചിയുടെ മുറ്റത്ത്..”
“ഒക്കെ അവന്‍ നട്ടതാ. ഞാന്‍ കുഞ്ഞുങ്ങളെപ്പോലെയാ ഇതെല്ലാം നോക്കുന്നത്. ഈ പറമ്പില്‍ കിണറും കുളവും ഉള്ളത് കൊണ്ടു സിറ്റിയിലെ വെള്ളക്ഷാമമൊന്നും ഇവിടെ പ്രശ്നോമല്ല. ഞാന്‍ രണ്ടു നേരോം നനയ്ക്കും.”

അര്‍ദ്ധവൃത്താകൃതിയിലുള്ള നടകളുടെ തുടക്കത്തില്‍  ചെരിപ്പൂരിയിടുന്നതിനിടെ ചിത്രപ്പണികളുള്ള ഗ്രില്ലിട്ടടച്ച വരാന്തയുടെ  താഴ് അവര്‍ തുറന്നു.“ഇരിക്കൂ....” എന്നു പറഞ്ഞവര്‍ നാല് പാളികളുള്ള വാതില്‍ തുറന്നകത്തേക്ക് പോകുന്നതിനിടെ ഭിത്തില്‍ മനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. സുമുഖനായ യുവാവിന്‍റെ  ആ ചിത്രത്തിലെ കണ്ണുകള്‍ക്ക് ‌ ജീവനുള്ളതു പോലെ. അടുത്തു തന്നെ കുറച്ചു പഴകിയ ഫ്രെയിമില്‍ വേറൊരു ചിത്രം. ആ ഫോട്ടോയിലെ ആള്‍ക്ക്  ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. ഫ്രെയിമിന്‍റെ  പഴക്കത്തിന് ചേര്‍ന്നതെന്നപോലെ ചിത്രത്തിനും നിറം മങ്ങലുണ്ട്‌. രണ്ടു ചിത്രത്തിനു മുന്നിലും കെടാത്ത ചെറിയ വൈദ്യുതി വിളക്കുകള്‍!!! പൂമാലകള്‍!!!! സംശയത്തോടെ അകത്തേക്ക് നോക്കുന്നതിനിടെ എവിടെ നിന്നോ ഒരു കാക്കയുടെ ശബ്ദവും ചിറകടിയും കേട്ടു.

“വാ..മോനെ.."എന്ന് പറഞ്ഞു പിന്‍ വാതില്‍ തുറക്കുന്ന വല്‍സല ചേച്ചിയുടെ സ്വരം..
“സുലോചന ഇങ്ങു പോരൂ... മോനിവിടെയുണ്ട്.”

ഒന്നും മനസ്സിലാകാതെ ആ വലിയ വീടിന്റെ മുറികള്‍ക്കുള്ളിലൂടെ  നടന്ന ഞാന്‍ പിന്നിലെ വരാന്തയില്‍ എത്തി.

"ഇതാ..മോനെ ഞാന്‍ കല്യാണ ഹാളിവച്ചു പരിചയപ്പെട്ട ആന്റി..”
എന്ന് പറഞ്ഞവര്‍ കയ്യിലെ ചെറിയ പാത്രത്തില്‍ ഭക്ഷണം എടുത്തു ഒരു കാക്കയെ കഴിപ്പിച്ചു കൊണ്ടിരിക്കുന്നു. സാമാന്യം വലിയൊരു കാക്ക. അതിന്‍റെ ഇരു ചിറകുകളിലും ചന്ദനവും കുങ്കുമവും കൊണ്ടുള്ള പൊട്ടുകള്‍.

“ഇന്നലെ ഇവന്‍റെ പിറന്നാളായിരുന്നു. പായസം ബാക്കീണ്ടാകും എന്നവനറിയാം.ഇനി അത് തീരുവോളം എനിക്ക് സ്വൈര്യം തരില്ല. കുഞ്ഞിലെ തൊട്ട് അങ്ങനെ തന്നായായിരുന്നു. പിറന്നാളിന്‍റെ പായസം കൂടുതല്‍ ഉണ്ടാക്കണം. എന്നിട്ട് ഇടക്കിടക്ക് ചോദിച്ചു കൊണ്ടിരിക്കും.” കാക്കയെ അരുമയോടെ തലോടിക്കൊണ്ടവര്‍ പറഞ്ഞു.

പായസം മുഴുവന്‍ കഴിച്ചു തീര്‍ത്ത  കാക്കയുടെ കൊക്കുകള്‍ ഒരു തുണി കൊണ്ടു തുടച്ച അവര്‍ അതിന്‍റെ തൂവലുകള്‍ കൂടി ആ തുണി കൊണ്ടു തുടച്ചു ജനലിനരികെ ഇരുന്ന രണ്ടു കുഞ്ഞു ഡപ്പികളില്‍ നിന്ന് ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും ഓരോരോ പൊട്ടുകള്‍ ഇരു ചിറകിലും പുതുതായി  തൊട്ട് കൊടുത്തു. കാക്ക തൃപ്തിയോടെ തല തിരിച്ച് അവരെ ഒന്ന് നോക്കിയ ശേഷം പറമ്പിലേക്കെങ്ങോ പറന്നു പോയി.

ഒന്നും മിണ്ടാനാവാതെ നിന്ന എന്നോടവര്‍ “വരൂ..”എന്ന് പറഞ്ഞു സ്വീകരണ മുറിയിലേക്ക് കൊണ്ടു പോയി.

“കുടിക്കാനെന്താ വേണ്ടത്..? നാരങ്ങാ വെള്ളം എടുക്കട്ടെ..? ”

സദ്യ ഉണ്ടത് കൊണ്ടോ എന്തോ എനിക്ക് നന്നായി  ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ  ശബ്ദം പുറത്തേക്ക് വന്നില്ല. ഞാന്‍ ഒന്നും മിണ്ടാതെ തലയാട്ടി.

തണുത്ത നാരങ്ങാ വെള്ളം കുടിച്ചിരിക്കുമ്പോള്‍ എന്ത് ചോദിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഇവര്‍ക്ക് ‌ എന്തോ കുഴപ്പമുണ്ടോ..? ഒരു ഭ്രാന്തിയുടെ വീട്ടിലേക്കാണോ ഞാന്‍ മുന്നും പിന്നും നോക്കാതെ വന്നത്..? എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടണമല്ലോ എന്നാലോചിക്കുംമ്പോള്‍ അവര്‍ രണ്ടു വര്‍ഷം മുമ്പ്‌  നഷ്ടപ്പെട്ട മകനെപ്പറ്റി പറഞ്ഞു തുടങ്ങി .

“ഒരാള്‍ ഭൂമിയില്‍ നിന്ന് മറഞ്ഞാലല്ലേ മരിച്ചു എന്ന് പറയാനാകൂ. അല്ലെങ്കില്‍ സഞ്ചയനം കഴിഞ്ഞ ദിവസം വൈകിട്ട്  അവന്‍റെ മുറിയുടെ ജനാലക്കരികില്‍ എന്തിനാണ് ആ കാക്ക ചിറകടിച്ചത്..? മുറ്റത്ത് കിടന്ന അവന്റെ ചെരുപ്പിനരികെ തത്തിത്തത്തി നടന്നതെന്തിന്..? അവന്‍റെ ബൈക്കിനരികില്‍ നിന്നും മാറാതെ നിന്നതെന്തു കൊണ്ടാണ്..? അത് എന്‍റെ  മകന്‍ തന്നെയാണ്. മനുഷ്യരൂപം വെടിഞ്ഞെന്നു വെച്ച് ഞാന്‍ എന്‍റെ മകനെ  തിരിച്ചറിയാതിരിക്കുമോ..? ഒരമ്മക്ക് മകന്‍ എന്ന് പറഞ്ഞാല്‍ ഒരു ശരീരം മാത്രമല്ലല്ലോ.....”

അവരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി  ഭിത്തിയിലിരിക്കുന്ന ജീവന്‍ സ്പുരിക്കുന്ന സുന്ദര മുഖത്തേക്ക് നോക്കിയിരുന്നു.

"എനിക്കിപ്പോള്‍ ഒരു ദു:ഖവും ഇല്ല സുലോചനേ...അവന്‍ എന്‍റെ കൂടെ ഉണ്ടല്ലോ... സഞ്ചയനം വരെയുള്ള ആ ദിവസങ്ങള്‍ മാത്രമേ എന്നില്‍ നിന്നു മറഞ്ഞിട്ടുള്ളു. എന്നെ കരയിപ്പിച്ചു എന്നെന്നേക്കുമായി പോകാനാകില്ല എന്റെ മോന്. എനിക്ക് ഭ്രാന്താണെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. സാരമില്ല. പറയട്ടെ.  എന്റെ  മകന്റെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ ഒരു ഭ്രാന്തിയായാലെന്താ..?”അവര്‍ സമാധാനത്തോടെ പറഞ്ഞു നിര്‍ത്തി .

യാത്ര പറഞ്ഞ് തിരികെ ഹാളിലേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു എന്‍റെ മനസ്സ് നിറയെ. ഏക മകന്‍റെ മരണവുമായി അവര്‍ എത്ര പൊരുത്തപ്പെട്ടിരിക്കുന്നു . പാവം.

ആലോചിച്ചു നടക്കുന്നതിനിടെ റോഡിന്‍റെ  എതിര്‍ വശത്ത്‌ വലിയ ശബ്ദത്തോടെ തീപ്പൊരികള്‍ ചിതറിച്ചു കൊണ്ടു ഇലക്ട്രിക്‌ കമ്പികള്‍ പൊട്ടി വീഴുന്നത് കണ്ട ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു . ശരിക്കും ഭയന്നു പോയി. പൊട്ടി നിലത്തു കിടന്ന കമ്പികള്‍ക്കൊപ്പം ഒരു കാക്കയും കിടന്നു പിടയുന്നു. കുറച്ചു സമയം കൂടി  പിടച്ച ശേഷം അതിന്റെ പിടച്ചിലുകള്‍ നേര്‍ത്ത് നേര്‍ത്ത്   നിശ്ചലമായി. ചുറ്റും മാംസവും തൂവലും കരിഞ്ഞ ഗന്ധം. ഉദ്വേഗത്തോടെ അങ്ങോട്ട്‌ നടക്കുമോള്‍ വഴിയാത്രികരാരോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘അങ്ങോട്ട്‌ പോകല്ലേ...കമ്പിയേല്‍ കറണ്ട് കാണും. ഇപ്പോത്തനെ എലട്രിസിറ്റി ആപ്പീസിലേക്ക് വിളിച്ചു പറഞ്ഞേക്കാം.”

വീണു കിടക്കുന്ന കാക്കയെ ഉറ്റു നോക്കിയ ഞാന്‍ കണ്ടു കരിഞ്ഞ അതിന്‍റെ തൂവലുകളില്‍ ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും  മങ്ങിയ, മായാത്ത പൊട്ടുകള്‍...അവരുടെ മകന്‍ ഒരിക്കല്‍ കൂടി ആ സ്നേഹിക്കുന്ന കണ്ണുകളില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങനെ മറഞ്ഞു പോകാനാകുമോ ആ  മകന്...? ആ അമ്മയുടെ മരണം വരെ   അവന് തുടര്‍ജന്മങ്ങള്‍ എടുക്കാതിരിക്കാനാവില്ലല്ലോ.

6.1.14

വേഷപ്പകര്‍ച്ചകള്‍


ദാരിദ്ര്യം ,കന്യാവത്രം,അനുസരണം ഇതിലേതാണ് സിസ്റ്ററിന് ബുദ്ധിമുട്ടായി തോന്നിയത്..?
പ്രൊവിന്‍ഷ്യല്‍ ജനറലിന്റെ ചോദ്യം കേട്ട് സിസ്റ്റര്‍ ജെസീന്ത ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ ശാന്തമായി പറഞ്ഞു.
“മൂന്നും.”
അപ്രതീക്ഷിതമായ മറുപടിയില്‍ പ്രൊവിന്‍ഷ്യാളമ്മ അസ്വസ്ഥയായി സിസ്റ്റര്‍ ജെസീന്തയെ നോക്കി.
ജെസീന്ത കണ്ണുകള്‍ വേറെ എങ്ങോ ഉറപ്പിച്ച് നിശ്ശബ്ദയായി നിന്നു.
“എന്തൊക്കെയാണ് സിസ്റ്റര്‍ ഈ പറയുന്നത്…? ചെറിയൊരു പരാതി കിട്ടി, വന്നന്വേഷിക്കുന്നു എന്നേ ഉള്ളു. ഞാനൊന്നും വിശ്വസിച്ചിട്ടും ഇല്ല. പരാതി പറഞ്ഞവരെ തോല്പ്പിക്കാനായി ഇങ്ങനെയാണോ...?.”
“എനിക്ക്  ആരെയും തോല്പ്പിക്കാനില്ല . ഞാന്‍ പണ്ടേ തോറ്റവളാണ്. അല്ല തോറ്റു കൊടുത്തവളാണ്”.
“സിസ്റ്ററിന്റെ മൂഡ്‌ ശരിയല്ല. പിന്നീട് വരൂ. ഞാന്‍ നാളെയേ പോകുന്നുള്ളൂ.”
“ഇല്ല. പിന്നീട് സംസാരിക്കുവാന്‍ ഒന്നും ഇല്ല . ഞാന്‍ അങ്ങോട്ട്‌ വന്നു കാണുവാന്‍ ഇരിക്കുകയായിരുന്നു. അദേഹത്തിന്റെ കൂടെ പോകുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു കന്യാസ്ത്രീയെ പുരുഷന്റെ കൂടെ താമസിക്കുവാന്‍ സഭ അനുവദിക്കില്ലല്ലോ. അത് കൊണ്ട്  നാളെ മുതല്‍ ഞാന്‍ സഭയിലും ഇല്ല. അല്ലാതെ വേറെ വഴിയില്ല.” ശബ്ദം തെല്ലുയര്‍ത്തി സിസ്റ്റര്‍ ജെസീന്ത പറഞ്ഞു. പിന്നെ വാതില്‍ പതുക്കെ ചാരി  പുറത്തേക്ക് നടന്നു. എതിരെ വന്ന സിസ്റ്റര്‍മാരുടെ നോട്ടത്തെ അവഗണിച്ച് നാളത്തേക്കുള്ള ഒരുക്കത്തെക്കുറിച്ചാലോചിച്ച്  മുറിയിലേക്ക് പോയി . 

തൂപ്പുകാരി സെലിന്‍ വഴിയാണ് ആ വാര്‍ത്ത സീനിയര്‍ കന്യാസ്ത്രീമാരുടെ ചെവിയിലെതിയത്. സിസ്റ്റര്‍ ജെസീന്ത ഒരു കാര്യവും ഇല്ലാതെ ഡീലക്സ് റൂം എടുത്തിരിക്കുന്ന രാമന്‍കുട്ടി മാഷ്‌ എന്ന വൃദ്ധന്റെ റൂമില്‍ പോയി ഇരിക്കുന്നു, അയാളെ പരിചരിക്കുന്നു.

“ആ ഇരിപ്പിനും വര്‍ത്താനത്തിനും ഒരു തക്കക്കേടൊണ്ടെന്റെ ത്രേസ്യാമ്മ ചേച്ചീ...” എന്ന് സെലിന്‍ രഹസ്യമായി അടുക്കളക്കാരി ത്രേസ്യാമ്മയുടെ  ചെവിയില്‍ പറഞ്ഞപ്പോള്‍ “പോടിയേ...ഇവിടന്നു....” എന്ന് ഉറക്കെ അവര്‍ അവളെ ശാസിച്ചു. പക്ഷെ സംഗതി ഇത്ര സീരിയസ് ആയിരിക്കും എന്ന് ആരും ഓര്‍ത്തില്ല.

ഒരു പ്രാവശ്യം അവള്‍ മുറി തൂത്തുവാരാന്‍ ചെന്നപ്പോള്‍ സിസ്റ്റര്‍ അയാള്‍ക്ക് ‌ ഷേവ്‌ ചെയ്തു കൊടുക്കുന്നു!!!!! ചിലപ്പോള്‍ ദേഹം മുഴുവനും കുഴമ്പ് തേച്ചു കൊടുക്കുന്നു, കുളിക്കാന്‍ സഹായിക്കുന്നു അങ്ങനെ പലതും. വേറെ മുറികളിലും ഉണ്ടല്ലോ ആളുകള്‍. എന്തേ ജെസീന്താമ്മ ആ വയസ്സന്‍റെ മുറിയില്‍ മാത്രം എപ്പോഴും ശുശ്രൂഷക്ക് പോകുന്നു....? വേറെ ഒരു ദിവസം മുറി തുടയ്ക്കാന്‍ ചെന്ന സെലിന്‍ പോയത് പോലെ തിരികെ പോന്നു. കാരണം പറഞ്ഞതോ “ദാണ്ടെ... ജെസീന്താമ്മ ആ മുറിയില്‍” എന്ന്.

അങ്ങനെ പതുക്കെ പതുക്കെ ചെവികള്‍ മാറി സഞ്ചരിച്ച് ഓള്ഡ്എയ്ജ്‌ ഹോമിനു പുറത്തേക്കും സംഭവം പാട്ടാകുന്നു എന്ന് വന്നപ്പോഴാണ് കോണ്‍വെന്റിന്റെയും ഓള്ഡ്ഏയ്ജ് ഹോമിന്റെയും ചുമതലയുള്ള മദര്‍സുപ്പീരിയര്‍ മേലധികാരിയായ പ്രൊവിന്‍ഷ്യല്‍ ജനറലിനെ വിവരം അറിയിച്ചത്.

ഡീലക്സ് റൂം വെഞ്ചരിപ്പു കഴിഞ്ഞ് മാസം അഞ്ചു കഴിഞ്ഞപ്പോഴാണ്  ആറ്റു നോറ്റ് കാത്തിരുന്ന ആദ്യ താമസിക്കാരനെ  കിട്ടിയത്. ഈ ആര്‍ഭാട മുറികള്‍  പണിയുന്നതിനോട് മദറിനു തുടക്കത്തിലെ എതിര്‍പ്പായിരുന്നു.  ‘’ഇത്രേം ചെലവ് ചെയ്തു പത്തു മുറി പണിതാല്‍ ആര് വരുമെന്ന് വിചാരിച്ചാ..” എന്നവര്‍ പിറുപിറുക്കുകയും വളരെ സൌമ്യതയോടും  അതീവ ബഹുമാനത്തോടും  വിസിറ്റിനു വന്ന പ്രോവിന്‍ഷ്യാളമ്മയോട് ചോദിക്കുകയും ചെയ്തു.

“ആവശ്യം വരും മദറെ. ഇപ്പോള്‍ പ്രൈവറ്റ് പാര്‍ട്ടികളുടെ  ബിസിനസ്സാ ഈ വൃദ്ധ സദനങ്ങള്‍. എല്ലാം നല്ല ഒന്നാന്തരം സൗകര്യത്തില്‍. നമുക്കവരോടു പിടിച്ചു നില്ക്കേണ്ടേ. മദര്‍ നോക്കിക്കോ ഒരു പത്തു കൊല്ലം കഴിഞ്ഞു മറ്റുള്ള റൂമുകളും ഇത് പോലെ എ സി യാക്കേണ്ടി വരും. നമ്മുടെ നാട്ടിലെ മനുഷ്യരുടെ കയ്യിലൊക്കെ നല്ല കാശാ...അതനുസരിച്ച് വീട്ടിലെ വയസ്സായവര് അധികപ്പറ്റും.”

മുറി പണിത് കഴിഞ്ഞു ആളുവരാതിരുന്ന നാളുകളില്‍ തലയില്‍ തീയുമായി മദര്‍ നടക്കുമ്പോഴാണ് നല്ലൊരു തുക ഡെപ്പോസിറ്റുമായി രാമന്‍കുട്ടി മാഷ്‌ എന്ന വൃദ്ധനെയും കൂട്ടി അമേരിക്കക്കാരായ മക്കള്‍ വന്നത്. അഞ്ചു കൊല്ലം മുമ്പ്‌ ചെറുതായി സ്ട്രോക്ക് വന്നു എന്നൊരു ആരോഗ്യ പ്രശ്നമുണ്ട്. കാലിന് ലേശം ഏന്തല്‍. മരുന്ന് മുടങ്ങാതെ കഴിപ്പിക്കണം എന്ന് മാത്രം. ചോദിച്ചതിന്റെ ഇരട്ടി ഡെപ്പോസിറ്റ്‌ കിട്ടിയതില്‍ മദര്‍ ഒരു കൊന്ത കൂടുതലായി ചൊല്ലി പരിശുദ്ധ കന്യാമറിയത്തിനു കാഴ്ച വെച്ചു. അതൊരു നല്ല നേരമായിരുന്നു എന്ന് തോന്നുന്നു. അയാള്‍ക്ക്  പിന്നാലെ  മൂന്നു പേര്‍ കൂടി ഡീലക്സില്‍ താമസക്കാരായെത്തി. മുടങ്ങി കിടന്ന ലോണിന്റെ തവണകളും അടച്ചു. അങ്ങനെ ഒരു വിധം സമാധാനമായി ഇരിക്കുമ്പോഴാണ് ആ വിചിത്ര സംശയവുമായി സിസ്റ്റര്‍ റബേക്ക മടിച്ചു മടിച്ചു വന്നത്. സിസ്റ്റര്‍മാരില്‍ പലര്‍ക്കും  ഈ സംശയം ഉണ്ടത്രേ..

“എന്നാലും എന്റെ മദറെ... ആ ജെസീന്താമ്മക്ക് വയസ്സ് എത്രയാന്നാ വിചാരം..? അങ്ങ് ബാഗ്ലൂരിലെ കോളേജില്‍ പഠിപ്പീരു കഴിഞ്ഞു ഇവിടെ വന്നിട്ട് കൊല്ലം നാലഞ്ചായില്ലേ...? ആ കെളവനാണേല്‍ ഒരു എഴുപത്തഞ്ചു വയസ്സെങ്കിലും കാണും. ആയാള്ടെ കെട്ട്യോള് മക്കള്‍ടെ കൂടെ അമേരിക്കേലൊണ്ടന്നേ...അവരിങ്ങോരോടു ചേരില്ല. അവിടെ അമേരിക്കെലൊള്ള പേരക്കിടാവിന് വരെ കൊച്ചായി. അപ്പോഴാ അങ്ങേരുടെ ഒരു മുതു പ്രേമം.”

“എന്റെ സിസ്റ്ററെ ഒന്ന് പതുക്കെ പറ. ഇത് പറഞ്ഞു രസിക്കാനുള്ള കാര്യമാണോ...? വയസ്സായാലും അല്ലേലും അവനവന്‍  ആരാണെന്ന് നല്ല ഓര്‍മ്മ വേണം. എല്ലാരും ഓര്‍ത്താ നല്ലത്.” മദര്‍ അല്പം ശാസനയിലാണ് പറഞ്ഞത്.

“ആ സെലിന് പാലു കൊണ്ടുവരുന്ന സാബുവിനോട് ഇത്തിരി കിന്നാരം പറച്ചിലൊണ്ട്. കെട്ടിക്കാറായ പെമ്പിപിള്ളേര്‍ക്ക്  ചേര്‍ന്നതാണോ അത്..? പല പ്രാവശ്യം ഞാന്‍ നല്ല ഡോസും കൊടുത്തിട്ടുണ്ട്. ഇനി അവളെങ്ങാനും അവനോടു പറഞ്ഞിട്ടൊണ്ടേല്‍ തീര്‍ന്നു. നാട് മുഴുവനും പാട്ടാകാന്‍ അധിക നേരം വേണ്ട. അന്യ ജാതിക്കാര്‍ക്ക് വരെ പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയോം ആയി.”

“അവളെങ്ങാനും ആ ചെക്കനോട് പറഞ്ഞു കാണുമോ..?” മദറിന് തളര്‍ച്ച തോന്നി. അല്ലെങ്കില്‍ തന്നെ പ്രഷറിന്റെ ഗുളികയുടെ അളവ് കഴിഞ്ഞ മാസം തൊട്ടു കൂട്ടിയിരിക്കുകയാണ്.

“അല്ല മദറേ...എനിക്കൊരു സംശയം. ഈ സിസ്റ്ററിന് മഠത്തില്‍ ചേരണതിന് മുന്നേ പണ്ടാരാണ്ടോടും പ്രേമമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇനി അയാളാണോ ഇതെന്നാര്‍ക്കറിയാം. അതൊരു ക്രിസ്ത്യാനിയായിരുന്നു എന്നാണു കേട്ടേക്കണത്. ഇയാള് നായരല്ലേ..?”

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ സിസ്റ്റര്‍. മഠത്തില്‍ തന്നെ ഇങ്ങനെ പരദൂഷണം പറയാന്‍ തുടങ്ങിയാല്‍ പിന്നെ പുറത്തുള്ളവര്‍ പറയുന്നതിനാ  കുററം...? സിസ്റ്റര്‍ വേഗം സെലിനോടു റൂമിലേക്ക്‌ വരാമ്പറ.” അവര്‍ പരിഭ്രാന്തയായി മുറിയിലേക്ക് നടന്നു.

“എന്റെ മദറേ...ഞാന്‍ അങ്ങ് നാണിച്ചു പോയി....” സെലിന്റെ കണ്ണുകളില്‍ നാണം ഇരമ്പി.
“എത്ര നാളായി ഇത് തുടങ്ങിയിട്ട്..?”
“അങ്ങേരു വന്നു ഒരു മാസം കഴിഞ്ഞപ്പ മൊതല് ഞാനോരോന്നു കാണണതാ. വന്നു പറയാനൊരു പേടി തോന്നി.” 

സെലിനെ പറഞ്ഞു വിട്ട ഉടനെ മദര്‍ ചെയ്തത് പ്രോവിന്‍ഷ്യല്‍ ജനറലിനെ വിവരം അറിയിക്കുകയായിരുന്നു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും എന്നവര്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഇത്രയും പ്രായമായ പഠിപ്പും വിവരവും ഉള്ള  സിസ്റ്റര്‍ ജെസീന്തയെ  എങ്ങനെ ചോദ്യം ചെയ്യും....? അതും ഇങ്ങനെ ഒരു കാര്യത്തിന്. പിറ്റേ ദിവസം പ്രൊവിന്‍ഷ്യാളാമ്മയുടെ കാര്‍ മഠത്തിന്റെ ഗേറ്റ് കടന്നു വന്നപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്‌.

സിസ്റ്റര്‍ ജെസീന്ത മുറിയില്‍ ചെന്നയുടനെ പോകുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പെട്ടിയില്‍ എന്തടുക്കി വെക്കാനാണ്..? ഒരു സന്യാസിനിക്ക്‌ വേണ്ട സാധനങ്ങളല്ലാതെ എന്താണ് അവര്‍ക്കുള്ളത്...? അവര്‍ അലമാരയിലേക്ക് വീണ്ടും വീണ്ടും നോക്കി. എതാനും ജോഡി സഭാ വസ്ത്രങ്ങള്‍,  മാതാവിന്റെ ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോ, ജപമാലകള്‍, പ്രാര്‍ഥാനാ പുസ്തകങ്ങള്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്തെ പുസ്തകങ്ങളുടെ ശേഖരം നിറഞ്ഞ ഒരു കൊച്ചു പെട്ടി. വേറെ എന്താണ് നാളെ അദ്ദേഹത്തിന്റെ കൂടെയിറങ്ങുമ്പോള്‍  എടുക്കേണ്ടത്....? നാളെ മുതല്‍  സിസ്റ്റര്‍ ജെസീന്തയില്ല. സഭാ വസ്ത്രമില്ലാത്ത ജെസിന്താമ്മ. അപ്പോള്‍ എന്ത് ധരിച്ചു പോകും...? സാരി...? പെട്ടെന്നവര്‍ രാമന്‍കുട്ടി മാഷിന്റെ പെട്ടിയില്‍ കണ്ട സാരി ഓര്‍ത്തു . ഇളം പിങ്കില്‍ ചെറിയ റോസാപ്പൂക്കളുള്ള പഴയ തരം ടെര്‍ലീന്‍ സാരി. അയാള്‍ പണ്ടു സ്കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഇഷ്ടപ്പെട്ട പെണ്കുട്ടിക്ക് കൊടുക്കുവാനായി വാങ്ങിയത്.. അതവള്‍ക്ക്  കൊടുക്കുവാനായില്ല എന്ന് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിരാശയുണ്ടായിരുന്നു. ഒരിക്കല്‍ അതദ്ദേഹമത് അവര്‍ക്ക്  വെച്ച് നീട്ടിയതാണ്. “ഒരു കന്യാസ്ത്രീക്കെന്തിനാ സാരി..?” എന്ന് പറഞ്ഞു അന്നത് വാങ്ങിയില്ല.

രാമന്‍കുട്ടി മാഷ്‌ എന്ന ശാന്തനായ മനുഷ്യന് മരണം സ്വന്തം വീട്ടില്‍ തന്നെ വേണം എന്ന ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. നിറ കണ്ണുകളോടെ അയാളത് പറഞ്ഞപ്പോള്‍ ഉറപ്പു കൊടുത്തതാണ് എങ്ങനെയും അത് സാധിച്ചു തരാമെന്ന്.
“ഈ ഞൊണ്ടിക്കാലനെ വീട്ടില്‍ കൊണ്ടിട്ടാല്‍ ആര് നോക്കും സിസ്റ്ററെ..?” എന്നയാള്‍ ചോദിച്ചപ്പോള്‍
“ഞാന്‍ പോരെ.” എന്നവര്‍ പറഞ്ഞത് കളിയായിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി ലഭിച്ച സ്നേഹം അയാളുടെ കണ്ണുകളില്‍ കണ്ടു.
“എന്റെ കൂടെ പോരാന്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുമോ..?നിങ്ങളുടെ പള്ളിക്കാരത് സമ്മതിക്കുവോ..?”
അയാളുടെ സംശയത്തിന് അവര്‍ ധൈര്യം കൊടുത്തു.
“ഒന്നും പേടിക്കേണ്ട. ഞാനുണ്ട് കൂടെ. പള്ളിയും മഠവുമെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ്. സ്നേഹം പഠിപ്പിച്ചു തന്നത് ദൈവവും.”
എന്നിട്ടും മാഷിന് സംശയം മാറിയില്ല.
“പറയുന്നവര്‍ പറയട്ടെ.” സിസ്റ്റര്‍ അവസാന വാക്ക് പറഞ്ഞു.
‘എന്നെ ആരും ജീവിതത്തില്‍ ഇതുവരെ സ്നേഹിച്ചിട്ടില്ല. ഭാര്യ പോലും. അവള്‍ എന്നും മക്കള്‍ക്കൊപ്പമായിരുന്നു. അതറിഞ്ഞു തന്നെയാണ് അവരുടെ കൂടെ അങ്ങ് പോകാതിരുന്നത്. മരിക്കുന്ന നേരത്ത് മനുഷ്യനു വേണ്ടത് മനസ്സമാധാനമല്ലേ. അവിടെ പോയാലും ഏതെങ്കിലും വൃദ്ധ സദനത്തില്‍. അതിനേക്കാള്‍ എത്രയോ ഭേദം നാട്ടില്‍.”

ജെസ്സി. ഇപ്പോള്‍ സിസ്റ്റര്‍ ജെസീന്തയില്ല. ആനിക്കുട്ടിയുടെയും ലില്ലി മോളുടെയും ജെസ്ചേച്ചി. അമ്മച്ചിയുടെ ജെസിക്കൊച്ച്. ഫ്രാന്സീ‍സിന്‍റെ ജെസ്സിപ്പെണ്ണ്. നീണ്ട ചുരുളന്‍ മുടി രണ്ട്ടായി മെടഞ്ഞിട്ട ജെസ്സി ജോസഫ്‌. സ്വീകരണ മുറിയിലെ പ്ലാസ്റ്റിക്‌ വള്ളികള്‍ നെയ്ത സോഫയിലിരിക്കുന്ന ഫ്രാന്‍സീസിനെയും അവന്റെ അപ്പനെയും ജനല്‍ വിരിയുടെ വിടവിലൂടെ അവള്‍ ഒളിഞ്ഞു നോക്കുകയാണ്. അവളുടെ കവിളിലേക്ക് വീണു കിടക്കുന്ന കട്ടിയുള്ള മുടിച്ചുരുള്‍ ശരീരത്തോടോപ്പം വിറയ്ക്കുന്നത് പരിഭ്രമത്തോടെ നോക്കി നില്ക്കുന്ന അമ്മച്ചിയും അനുജത്തിമാരും.

“ഈ വീട്ടില്‍ വന്നു പെണ്ണാലോചിക്കാന്‍ ഈ ദാരിദ്രവാസികള്‍ക്ക്  നാണമില്ലേ..?” എന്ന അപ്പന്റെ അലര്‍ച്ച  കേട്ട് ജെസി ഒന്നു കൂടി വിറച്ചു. അപമാനപ്പെട്ടിറങ്ങിപ്പോകുന്ന അപ്പനെയും വീടിനുള്ളിലേക്ക് പരതി നോക്കുന്ന മകനെയും നോക്കി വിറങ്ങലിച്ചു നിന്ന ജെസ്സിയുടെ കവിളിലെ ചുരുള്‍ മുടി കണ്ണീരില്‍ കുതിര്‍ന്നു.

ശാസനകള്‍, ദേഹോപദ്രവങ്ങള്‍, ഭീഷണികള്‍. “അപ്പന്റെ ശവത്തെ ചവിട്ടിക്കൊണ്ട് കൊണ്ടു അവന്റെ കൂടെ പൊക്കോ...” എന്ന വാക്കുകള്‍. മനസ്സ് മാറുവാനായി അമ്മായി വെറോനിക്ക സിസ്റ്ററിന്റെ കൂടെ കുറച്ചു നാളുള്ള താമസം. സ്നേഹിക്കുന്നവര്‍ക്ക്  വേണ്ടി തോറ്റു കൊടുത്താല്‍ ദൈവ സന്നിധിയില്‍ കിട്ടുന്ന വരത്തെക്കുറിച്ചു അപ്പോഴാണ്‌ കേട്ടത്, ചിന്തിച്ചു തുടങ്ങിയത്. പിന്നെ മനസ്സില്‍ മറ്റൊന്നും ഇല്ല. ഫ്രാന്‍സീസ്‌ ഇല്ല. അയാളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ ഇല്ല. പിറക്കാന്‍ പോകുന്ന മക്കളെക്കുറിച്ചുള്ള കളി വര്‍ത്തമാനങ്ങള്‍ ഇല്ല. എപ്പോള്‍ വിളിച്ചാലും ഇറങ്ങി വരാം എന്ന് അയാള്‍ക്ക് കൊടുത്ത വാക്കും ഇല്ല. എല്ലാം ശൂന്യം...ശാന്തം..സമാധാനം...

”പെണ്ണിനു പഴയ കളിയും ചിരിയും തിരികെ കിട്ടി വന്നു കൂട്ടിക്കൊണ്ടു പോയ്ക്കോ..ഇനി ഏതു കല്യാണവും അവള്‍ സമ്മതിക്കും.” എന്ന വെറോനിക്ക അമ്മായിയുടെ കത്ത് കിട്ടി കൂട്ടിക്കൊണ്ടു പോരാന്‍ ചെന്ന അപ്പനും അമ്മയും ജെസ്സിയുടെ മറുപടി കേട്ട് ഞെട്ടി. ഞാന്‍ തോറ്റു കൊടുക്കുന്നു. ദൈവത്തിന്റെ മുന്നില്‍. ക്രിസ്തുവിന്റെ മണവാട്ടിയായി എന്ന ഉറച്ച വാക്കിന്മേല്‍ അവര്‍ക്ക് ‌  ഉത്തരം മുട്ടി. ആദ്യമായി അപ്പന്റെ മുഖത്ത് നോക്കി ധൈര്യപൂര്‍വം സംസാരിച്ചു. “അപ്പനെ നീ തോല്‍പ്പിക്കുകയാണോ മോളെ..?” എന്ന ചോദ്യത്തിന്. “അല്ലപ്പാ” എന്നാശ്വസിപ്പിച്ചു.

ഉടുപ്പുമാറ്റത്തിന്റെ തലേ നാള്‍ മഠത്തിന്റെ പാര്‍ലറില്‍ വന്നു മണിയടിച്ച ഫ്രാന്‍സീസിന്റെ മുഖത്ത് നോക്കിയും അതെ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു.
“ആരും പ്രേരിപ്പിച്ചിട്ടല്ല ഫ്രാന്‍സീസ്‌. അങ്ങനെ പ്രേരിപ്പിച്ചാല്‍ തിരഞ്ഞെടുക്കുവാന്‍ പറ്റുന്ന ഒന്നല്ല ഇത്. ഇത് എന്റെ മാത്രം നിശ്ചയമല്ല ദൈവത്തിന്‍റെത് കൂടിയാണ്.”
“നീയിങ്ങനെ ചതിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല ജെസീ... മനസ്സ് മാറി തിരിച്ചു വരുമെന്ന് വിചാരിച്ചു തന്നെയാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. ഞാന്‍ വരും പള്ളിയില്‍. കര്‍ത്താവിന്റെ മണവാട്ടിയാകാനെങ്കിലും നീ നെറ്റും മുടിയും അണിഞ്ഞു നില്ക്കുന്നത് കാണുവാന്‍. എന്റെ എത്ര വലിയ സങ്കല്‍പ്പമായിരുന്നു  നീ മണവാട്ടിയായി എന്റടുത്ത്‌ നില്ക്കുന്നത്...? തകര്‍ത്ത്  കളഞ്ഞില്ലേ....?” കണ്ണീര്‍ തുടച്ചു ധൃതിയില്‍ പോകുന്ന ഫ്രാന്‍സീസിനെയോര്‍ത്ത്  ഒരിക്കലും ദുഖിച്ചില്ല. മനസ്സ് ഒരു തെളിഞ്ഞ തടാകം പോലെ. അതിന് സ്പടികത്തിന്റെ നിര്‍മലത.

കയ്യില്‍ ചെറിയ പൂച്ചെണ്ടും കുഞ്ഞു പൂക്കള്‍ പിടിപ്പിച്ച നെറ്റുമണിഞ്ഞ് ആര്‍ഭാടമില്ലാത്ത വെള്ള സാരിയുടുത്ത  കര്‍ത്താവിന്റെ മണവാട്ടിയെ കാണുവാന്‍ ഉടുപ്പുമാറ്റത്തിന്‍റെയന്ന് പള്ളിയില്‍ ഫ്രാന്‍സീസ്‌ എത്തിയിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക്  ശേഷം സഭാ വസ്ത്രമണിഞ്ഞു വന്ന സിസ്റ്റര്‍ ജെസീന്ത പിന്നെ  അയാളെ കണ്ടതേയില്ല.

അന്നത്തെ അതേ ശാന്തതയും സ്വസ്ഥതയും തന്നെ ഇപ്പോഴും മനസ്സില്‍. അതേ..ആ  തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല. സഭയുടെ ചട്ടക്കൂടില്‍ നിന്നും ഒഴിഞ്ഞു പോകുന്നു എന്ന ഈ തീരുമാനവും.

ദാരിദ്ര്യവും കന്യാവ്രതവും അനുസരണവും എന്ന് തൊട്ടാണ് തെറ്റിച്ചു തുടങ്ങിയത്....? പണമാണോ ഒരാളുടെ സമ്പന്നതയും ദാരിദ്രവും നിശ്ചയിക്കുന്നത്. അതാണോ അതിന്റെ അളവ് കോല്‍...?ജെസീന്തയുടെ സമ്പത്തിന്റെ അളവ് കോല്‍ അതില്‍ നിന്നെല്ലാം എത്ര വ്യത്യസ്തം. സ്നേഹത്തിന്റെ സമ്പത്തില്‍ ധനികയായ ജെസീന്ത. അപ്പോള്‍ കന്യാവ്രതമോ...? അത് തെറ്റിക്കുന്നത് പാപമല്ലേ..? എന്താണ് പാപം..? വിചാരത്താല്‍, വാക്കാല്‍, പ്രവൃത്തിയാല്‍. ഫ്രാന്‍സീസിന്‍റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്താന്‍ കന്യകക്ക് കഴിയുമായിരുന്നോ..? അതാഗ്രഹിച്ചെങ്കില്‍ വിചാരത്താല്‍ ആ പാപം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ..?. അപ്പോള്‍ മഠത്തില്‍ ചേരുന്നതിനു മുന്നേ വിചാരത്താല്‍ കന്യാത്വം നഷ്ടപ്പെട്ടവള്‍. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അതെങ്ങനെ തിരിച്ചെടുക്കും..? അതോ കന്യാത്വം വിചാരത്താല്‍ നഷ്ടപ്പെടില്ലന്നുണ്ടോ..? അപ്പോള്‍ അനുസരണമോ..? അത് തെറ്റിക്കാതെ എങ്ങനെ രാമന്‍കുട്ടി മാഷിനൊപ്പം പോകാനാകും ...? ഈ പിഴവുകളെല്ലാം നന്മയുടെ ചൂണ്ടു പലകകളാണ്. ഈ ജീവിത നിയോഗത്തിലേക്കുള്ള വഴികാട്ടികള്‍. ഇന്ന് രാത്രി. ഒരേയൊരു ദിവസം കൂടി ഇവിടെ. അത് കഴിഞ്ഞാല്‍ മാഷോടൊപ്പം, അദ്ദേഹത്തിന്റെു വീട്ടില്‍, സ്നേഹിച്ചു ശുശ്രൂഷിച്ച്.

ജെസ്സിന്ത എന്ന അറുപത്തഞ്ചുകാരി വൃദ്ധ. അവര്‍ ശിരോ വസ്ത്രം മാറ്റി കണ്ണാടിയിലേക്ക് നോക്കി. പാതിയിലേറെ നരച്ച മുടിചുരുളുകള്‍. പ്രകാശം വറ്റിയ കണ്ണുകള്‍, നീണ്ടു മെലിഞ്ഞ കൈകളില്‍ വാര്‍ധിക്യത്തിന്റെ ചുളിവുകള്‍ക്കൊപ്പം എഴുന്നു നില്ക്കുന്ന ഞരമ്പുകള്‍.

ഉറങ്ങുന്നതിനു മുമ്പ്‌ ഒരിക്കല്‍ കൂടി മാഷിന്റെ മുറിയിലേക്ക് ചെന്നു. അദ്ദേഹം അതീവ സന്തോഷവാന്‍. ബില്ലുകളെല്ലാം തീര്‍ത്ത് കഴിഞ്ഞ് രാവിലെ തന്നെ പുറപ്പെടുവാനുള്ള ഏര്‍പ്പാടും ചെയ്തു കഴിഞ്ഞു. സ്നേഹപൂര്‍വ്വം  തന്ന ടെര്‍ലിന്‍ സാരി ചേര്‍ത്തു  പിടിച്ചവര്‍ മുറിയില്‍ തിരികെ വന്നു. പിറ്റേന്ന് രാവിലെ സഭാ വസ്ത്രം മാറ്റി സാരിയുടുക്കുമ്പോള്‍ ആകെ പരിഭ്രമം. ആദ്യമായി കോളേജില്‍ പോയ ദിവസം അമ്മച്ചി സാരിയുടുപ്പിച്ചത് ഓര്‍മ്മവന്നു.

മഠത്തിലെ തിരിഞ്ഞു നില്ക്കുന്ന മുഖങ്ങളോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആരും ഒരു മറു വാക്ക് പോലും പറഞ്ഞില്ല. ബാഗുമായി ഗേറ്റ് കടന്നിറങ്ങുമ്പോള്‍ പിന്നില്‍  ധൃതിയില്‍  അതിന്റെ ഓടാമ്പലിടുന്ന ശബ്ദം. ഉറച്ച കാല്‍ വെപ്പുകളോടെ ഓള്‍ഡ്എയ്ജ്‌ ഹോമിലെത്തിയ ജെസീന്തയെ കാത്തു ഡീലക്സ് റൂമിലെ കട്ടിലില്‍  മാഷിന്റെ നിശ്ചലമായ ശരീരം നീണ്ടു നിവര്‍ന്നു  കിടന്നു. സമീപത്തിരുന്ന തണുത്താറിയ ബെഡ് കോഫിയുടെ കപ്പില്‍ നിന്നും കട്ടിലിലേക്ക്  ഉറുമ്പുകളുടെ കുഞ്ഞു ജാഥ നീങ്ങുന്നുണ്ടായിരുന്നു. മഠത്തിന്റെ ഗേറ്റിന്റെ ഓടാമ്പല്‍ ശബ്ദം ഒരിക്കല്‍ കൂടി അവരുടെ ചെവിയില്‍ മുഴങ്ങി. ഉറുമ്പുകളുടെ ജാഥയില്‍ ഒരാളായി  ജെസീന്ത കട്ടിലിനരുകിലേക്ക് നീങ്ങി.