19.4.14

ജന്മാവതാരങ്ങള്‍

കോര്‍ബ  എക്സ്പ്രസ്സ്‌ തൃപ്പൂണിത്തുറ കഴിഞ്ഞു എവിടെയോ കുറച്ചു നേരം നിര്‍ത്തിയപ്പോഴേ ഞാന്‍ അസ്വസ്ഥയായി. സമയം പത്തു മണിയാകുന്നു. ചെറുതായി മഴയും പെയ്യുന്നുണ്ട്. എറണാകുളത്ത് ഇറങ്ങാന്‍ തയ്യാറായി കാരിയറില്‍ നിന്നും ബാഗും മറ്റ് ലഗേജുകളും എടുത്തു വെച്ച് കുറച്ചുപേര്‍  ഇരിപ്പുണ്ട്. പതിനൊന്നിന് ശേഷമാണ്  മുഹൂര്‍ത്തം. എറണാകുളം നോര്‍ത്തിലിറങ്ങി എളമക്കരക്ക് ഒട്ടോയോ ടാക്സിയോ പിടിച്ചു എത്തുമ്പോള്‍ സമയം പോകാതിരുന്നാല്‍ മതിയായിരുന്നു. സമയത്തിനു ചെന്നില്ലെങ്കില്‍ പ്രഭാകരനും വസുമതിയും പിണങ്ങുക തന്നെ ചെയ്യും.

ഏറണാകുളത്ത് വന്നാല്‍ ഏറ്റവും പേടി ഇവിടത്തെ റോഡിലെ വാഹന ബ്ലോക്കിനെയാണ്. എപ്പോഴാണ് വാഹനക്കൂട്ടത്തില്‍ ഞെങ്ങിയമര്‍ന്നു കിടക്കേണ്ടി വരിക എന്ന് പറയാനാവില്ല. മുന്നിലും പിന്നിലും ഇടത്തും വലത്തും ചെവി തുളയ്ക്കുന്ന ഹോണുകളുടെ ഇടയില്‍ ടെന്‍ഷന്‍ പിടിച്ച്  ഇരിക്കേണ്ടിവരല്ലേ എന്ന് പ്രാര്‍ത്ഥി ക്കുന്നതിനിടെ ട്രെയിന്‍ ചെറുതായി  നീങ്ങി തുടങ്ങി. 

കഷ്ടം  എന്നല്ലാതെ എന്ത് പറയാന്‍ ..?അല്ലെങ്കില്‍ ഈ നേരത്ത് തന്നെ ശേഖരേട്ടന് പനി വരുമായിരുന്നോ..? നിശ്ചയത്തിന്‍റന്ന്“ഇനി കല്യാത്തിന്‌ കാണാം കുട്ടീ...” എന്ന് അനുമോളോട് പറഞ്ഞു പിരിഞ്ഞിട്ട് ദാ....ഇപ്പൊ പെട്ടന്നൊരു പനി. നേരം കെട്ട നേരത്തെ മഴയും തീരാത്ത പനിക്കാലവും. കല്യാണ തലേന്ന്  കാറില്‍ പോകാം എന്ന തീരുമാനമൊക്കെ മാറി മറിഞ്ഞു.  പനി പിടിച്ചു കിടക്കുന്ന ആളെ തനിയെ വീട്ടിലിട്ടു പോരുന്നതിന്റെ വിഷമം വേറെ. ഒരു ഗ്ലാസ്സ് വെള്ളം തനിയെ എടുത്തു കുടിക്കില്ല ശേഖരേട്ടന്‍. സുലുവേ...സുലുവേ...എന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ചു കൊണ്ടിരിക്കും.

ടാക്സി പിടിച്ചു പത്തേ മുക്കാലിന് തന്നെ ഹാള്‍ കണ്ടു പിടിച്ചു എത്തിയപ്പോള്‍ വിയര്‍ത്തു  കുളിച്ചിരുന്നു. എന്തിനും ഏതിനും തുണയില്ലാതെ ശീലിച്ചത്തിന്റെ പ്രയാസം ഇന്ന് ശരിക്കറിഞ്ഞു.

“ഹാള്‍ കണ്ടു പിടിക്കാന്‍ വിഷമിച്ചോ സുലോചനേ..” എന്ന് പറഞ്ഞാണ് വസുമതി സ്വാഗതം ചെയ്തത്. ഹാള്‍ നിറഞ്ഞു കഴിഞ്ഞു എങ്കിലും അത്ര പിന്നിലല്ലാത്ത ഇടത്ത് ഒരു കസേരയും ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു.

“സുലോചന  ഇവിടെ ഇരുന്നോളൂ...വല്‍സല ചേച്ചീ..ഇത് സുലോചന എന്റെ കൂട്ടുകാരി. ഒന്ന് കമ്പനി കൊടുക്കണേ...” എന്ന് അടുത്തിരുന്ന സ്ത്രീക്ക് ധൃതിയില്‍ പരിചയപ്പെടുത്തി വസുമതി മറ്റ് അതിഥികളുടെ അടുത്തേക്ക് പോയി. കസവുള്ള സെറ്റ് മുണ്ടുടുത്ത വല്‍സലച്ചേച്ചി എന്നെ നോക്കി സൌഹൃദത്തില്‍ ചിരിച്ചു. വിശേഷങ്ങള്‍ പറയുന്നതിനിടെ ഞാന്‍ വീട് മാവേലിക്കര എന്ന് പറഞ്ഞപ്പോള്‍
“ഓ..പ്രഭാകരനൊപ്പം ജോലി ചെയ്ത പഴയ സുഹൃത്തുക്കളാണല്ലേ..?” എന്നവര്‍ ചോദിച്ചു.
“അതെ..അദ്ദേഹത്തിനു പെട്ടെന്ന് സുഖമില്ലാതായി. അനുമോളുടെ കല്യാണം ഒഴിവാക്കാനും പറ്റില്ല. അനുമോള്‍ ഞങ്ങള്‍ക്ക് സ്വന്തം മോളുതന്നെയാ. ഇങ്ങനെ  തനിയെയുളള യാത്രയും എനിക്ക് ശീലമില്ല.”

ചിരപരിചിതയെപ്പോലെ അവര്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.   ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസ്സായി വീടിനടുത്ത് ജോലിയായ ഏക മകനെക്കുറിച്ചും അവന്റെ കുട്ടിക്കാലത്തേ മരിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ നാദസ്വരത്തിന്റെ അകമ്പടിയോടു കൂടി അണിഞ്ഞൊരുങ്ങിയ അനുമോള്‍ കല്യാണ മണ്ഡപത്തിലേക്ക് വന്നു കഴിഞ്ഞു. കനത്ത മേക്കപ്പും ആഭരണങ്ങളും അവളെ അണിയിച്ചൊരുക്കിയ ഒരു പാവക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു. അനുവിന്റെ വിദൂരച്ഛായയുള്ള ഒരു പാവക്കുട്ടി!!!!

എല്ലാ കണ്ണുകളും അനുമോളിലായി. എത്ര ജോടി കണ്ണുകളാണ് ഒരേ സമയം അവളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ നോട്ടങ്ങള്‍ ചലനങ്ങള്‍ എല്ലാം സസൂക്ഷ്മം ശ്രദ്ധിക്കപ്പെടുന്നു. വെണ്ണയുടെ നിറത്തില്‍ തിളങ്ങുന്ന മുണ്ടും ഷര്‍ട്ടും  അണിഞ്ഞ . അനുവിന്റെ മണവാളന്‍ അരുണ്‍ സുന്ദരനായി കാണപ്പെട്ടു. ആ വേഷം കല്യാണ നിശ്ചയത്തിന്റെ അന്ന് കണ്ട കൊച്ചു പയ്യനില്‍ നിന്ന് അരുണിനെ കുറച്ചൊന്ന് പക്വതമതിയാക്കി. താലികെട്ടു കഴിഞ്ഞുതോടെ അടുത്തിരുന്ന വല്‍സലച്ചേച്ചി പോകുവാനുള്ള തിരക്ക് കൂട്ടി.
“എന്തേ..? സദ്യ കഴിയാതെ..?’
“മകന്‍ ഇടക്ക് വരും...ഞാന്‍ വീട്ടിലില്ലെങ്കില്‍ അവനാകെ ബുദ്ധിമുട്ടാകും അവര്‍ വല്ലാത്ത  ധൃതി പ്രകടിപ്പിച്ചു. ഇവിടെ തൊട്ടടുത്ത് അടുത്ത റോഡില്‍ തന്നെയാ എന്റെ വീട്. അടുത്ത പന്തിയാകുമ്പോള്‍ ഞാനിങ്ങെത്തും.” എന്ന് പറഞ്ഞവര്‍ ധൃതിയില്‍ ഗേറ്റിലേക്ക് പോയി.

ആദ്യത്തെ പന്തിയുടെ തിരക്ക് കഴിയാന്‍ പുറത്തിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ വസുമതി വന്നു “സുലോചന എന്തേ ഇരുന്നില്ലേ..?”എന്ന് തിരക്കി .
“ധൃതി ഇല്ലല്ലോ വസുമതി...നമ്മള്‍ വിരുന്നുകാരല്ലല്ലോ..അടുത്ത പന്തീല്‍ ഇരുന്നോളാം."
"സുലോചനേ സദ്യ കഴിഞ്ഞ് തിരിച്ചു പോകാന്‍ ധൃതി കൂട്ടണ്ട. മാവേലിക്കരക്ക് പോകുന്ന ഒരു കുടുംബം ഉണ്ട്. പ്രഭാകരേട്ടന്റെ അമ്മയുടെ ഒരു ബന്ധു. ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. ഉച്ച കഴിഞ്ഞു അനുമോളേം വിട്ടുകഴിഞ്ഞു അവരുടെ കൂടെ കാറില്‍ പോകാല്ലോ.”
വസുമതി വീണ്ടും തിരക്കിലേക്ക്.

സത്യം പറഞ്ഞാല്‍  വല്ലാത്ത ആശ്വാസമാണ് തോന്നിയത്. ട്രെയിന്‍ പിടിക്കുന്നതിന്‍റെ പൊല്ലാപ്പ് വേണ്ടല്ലോ. ഹാളില്‍ എത്തി കല്യാണം നടക്കുന്ന സമയത്ത് പോലും തിരിച്ചു പോകുന്നതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. . ഇതാണെന്‍റെ  ദു:സ്വഭാവം. തരണം ചെയ്യാനാകും എന്ന് ഉറപ്പുള്ള  കാര്യത്തെപ്പറ്റിയും  വെറുതെ ടെന്‍ഷനന്‍ അടിക്കുക. എന്തായാലും സമാധാനമായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ വീട്ടിലേക്കു പോയ വല്‍സലച്ചേച്ചി  തിരികെ എത്തിക്കഴിഞ്ഞു.

“ഇത്ര വേഗം എത്തിയോ. മോന്‍ പോയോ..മോനെക്കൂടി ഇങ്ങു കൂട്ടാമായിരുന്നില്ലേ ”
“ഓ..അവന്‍ തിരിച്ചു പോയി. അവനോരോ കാര്യങ്ങളില്ലേ...”  അടുത്തു കിടന്ന കസേര വലിച്ചിട്ടിരിക്കുന്നതിനിടെ അവര്‍ പറഞ്ഞു.

അവന്‍റെ ഓരോ ഇഷ്ടങ്ങള്‍, അച്ഛനില്ലാതെ വളര്‍ന്നത്‌ കൊണ്ട് അമ്മയോട് കാണിക്കുന്ന അടുപ്പം,അങ്ങനെ ഓരോ ചെറിയ കാര്യവും സദ്യ കഴിക്കുന്നതിനിടെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. എനിക്ക് മക്കളില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ അനുകമ്പയോടെ നോക്കി. ഒരു നിമിഷം നിശ്ശബ്ദയായി.  ഈ കുറഞ്ഞ നേരം കൊണ്ടു ഞങ്ങള്‍ സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. അനുമോളുടെയും വരന്‍റെയും അടുത്തു ചെന്ന് സംസാരിക്കുവാന്‍ ഞങ്ങള്‍ ഒരുമിച്ചാണ് പോയത്‌. ഉച്ചകഴിഞ്ഞ്  മൂന്നരക്കാണ് വധുവിന് വരന്റെ വീട്ടിലേക്കു പോകാനുള്ള മുഹൂര്‍ത്തം . സമയം ധാരാളം. ബന്ധുക്കള്‍ സമയമാകുന്നതും കാത്ത് പുറത്തെ  മരത്തണലുകള്‍ കണ്ടു പിടിച്ചു സംസാരിച്ചിരുന്നു.

“എങ്കില്‍ വരൂ..മണി ഒന്നര കഴിഞ്ഞതേയുള്ളൂ ..എന്‍റെ  വീടു വരെ ഒന്ന് പോയി വരാം. അരമണിക്കൂറിനുള്ളില്‍ തിരികെ വരാമല്ലോ..”
വസുമതിയോടു പറഞ്ഞു ഞാന്‍ വല്‍സ‍ലച്ചേച്ചിക്കൊപ്പം അവരുടെ വീട്ടിലേക്ക് നടന്നു.

അഞ്ചു മിനിട്ട് നേരത്തെ നടത്തം കൊണ്ട് ഞങ്ങള്‍ തൊടി നിറയെ മരങ്ങളും ചെടികളും ഉള്ള ഒരു പഴയ തറവാടിന്‍റെ  മുന്നില്‍ എത്തി.

“ഈ റോഡില്‍ ഇത്രയും പഴയ വീട് ഇപ്പോള്‍ ഇത് മാത്രമേ ഉള്ളു. പൊളിച്ചു പണിയാം എന്ന് പറഞ്ഞിട്ട് മകന്‍ സമ്മതിച്ചില്ല. പഴയതൊന്നും നശിപ്പിക്കരുത് എന്നവനു നിര്‍ബന്ധം. പറമ്പില്‍ കുറച്ചു വില്ക്കുന്നോ എന്ന് ചോദിച്ചും ധാരാളം ആളുകള്‍ വന്നിട്ടുണ്ട്. അതും അവന്‍ സമ്മതിച്ചില്ല. ഈ റോഡിലെ എല്ലാ വീടുകളും പുതിയതാകുമ്പോള്‍ നമ്മുടെ വലിയ മുറ്റമുള്ള ഈ പഴയ ഈ തറവാടിന്‍റെ  മഹിമ എല്ലാരും മനസ്സിലാക്കും എന്നാണവനന്ന് പറഞ്ഞത്. അതിപ്പോള്‍ വളരെ ശരിയായി കേട്ടോ....” അവര്‍ അഭിമാനത്തോടെ പറഞ്ഞു.

നഗരത്തിന്‍റെ പൊള്ളുന്ന ചൂടില്‍ നിന്നും കുളിരിന്‍റെ ഒരു ദ്വീപിലെത്തിയപോലെയാണ് എനിക്ക് ആ വിശാലമായ മുറ്റത്തേക്ക് കാല്‍ വെച്ചപ്പോള്‍ തോന്നിയത്. തിങ്ങി നിറഞ്ഞു നില്ക്കുന്ന കൊണ്ക്രീറ്റ്‌ കടലിനു നടുവില്‍ തണലിന്‍റെ ഒരു പച്ചത്തുരുത്ത്. എന്തൊരു സ്വച്ഛത,കുളിര്‍മ....വിശാലമായ മുറ്റം നിറയെ പൂച്ചെടികള്‍. വിവിധ നിറത്തില്‍  റോസാച്ചെടികള്‍, ചെമ്പരത്തികള്‍, കോളാമ്പികള്‍. എല്ലാം തഴച്ചു വളര്‍ന്നു നില്ക്കുന്നു. ഒരു ചെടിച്ചട്ടി പോലും ആ വീട്ടില്‍ കണ്ടില്ല. എല്ലാം  മുറ്റത്ത് മനോഹരമായി വെട്ടിയൊരുക്കി നിര്‍ത്തിയിരിക്കുകയാണ്. മുറ്റത്തിന്റെ ഒരു ഭാഗത്ത് മെത്ത വിരിച്ചപോലെ  പല നിറത്തില്‍ ടേബിള്‍ റോസുകള്‍,ചൈനീസ്‌ ബോള്‍സങ്ങള്‍.

“നിറയെ ചെടികളുണ്ടല്ലോ വല്‍സലച്ചേച്ചിയുടെ മുറ്റത്ത്..”
“ഒക്കെ അവന്‍ നട്ടതാ. ഞാന്‍ കുഞ്ഞുങ്ങളെപ്പോലെയാ ഇതെല്ലാം നോക്കുന്നത്. ഈ പറമ്പില്‍ കിണറും കുളവും ഉള്ളത് കൊണ്ടു സിറ്റിയിലെ വെള്ളക്ഷാമമൊന്നും ഇവിടെ പ്രശ്നോമല്ല. ഞാന്‍ രണ്ടു നേരോം നനയ്ക്കും.”

അര്‍ദ്ധവൃത്താകൃതിയിലുള്ള നടകളുടെ തുടക്കത്തില്‍  ചെരിപ്പൂരിയിടുന്നതിനിടെ ചിത്രപ്പണികളുള്ള ഗ്രില്ലിട്ടടച്ച വരാന്തയുടെ  താഴ് അവര്‍ തുറന്നു.“ഇരിക്കൂ....” എന്നു പറഞ്ഞവര്‍ നാല് പാളികളുള്ള വാതില്‍ തുറന്നകത്തേക്ക് പോകുന്നതിനിടെ ഭിത്തില്‍ മനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. സുമുഖനായ യുവാവിന്‍റെ  ആ ചിത്രത്തിലെ കണ്ണുകള്‍ക്ക് ‌ ജീവനുള്ളതു പോലെ. അടുത്തു തന്നെ കുറച്ചു പഴകിയ ഫ്രെയിമില്‍ വേറൊരു ചിത്രം. ആ ഫോട്ടോയിലെ ആള്‍ക്ക്  ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. ഫ്രെയിമിന്‍റെ  പഴക്കത്തിന് ചേര്‍ന്നതെന്നപോലെ ചിത്രത്തിനും നിറം മങ്ങലുണ്ട്‌. രണ്ടു ചിത്രത്തിനു മുന്നിലും കെടാത്ത ചെറിയ വൈദ്യുതി വിളക്കുകള്‍!!! പൂമാലകള്‍!!!! സംശയത്തോടെ അകത്തേക്ക് നോക്കുന്നതിനിടെ എവിടെ നിന്നോ ഒരു കാക്കയുടെ ശബ്ദവും ചിറകടിയും കേട്ടു.

“വാ..മോനെ.."എന്ന് പറഞ്ഞു പിന്‍ വാതില്‍ തുറക്കുന്ന വല്‍സല ചേച്ചിയുടെ സ്വരം..
“സുലോചന ഇങ്ങു പോരൂ... മോനിവിടെയുണ്ട്.”

ഒന്നും മനസ്സിലാകാതെ ആ വലിയ വീടിന്റെ മുറികള്‍ക്കുള്ളിലൂടെ  നടന്ന ഞാന്‍ പിന്നിലെ വരാന്തയില്‍ എത്തി.

"ഇതാ..മോനെ ഞാന്‍ കല്യാണ ഹാളിവച്ചു പരിചയപ്പെട്ട ആന്റി..”
എന്ന് പറഞ്ഞവര്‍ കയ്യിലെ ചെറിയ പാത്രത്തില്‍ ഭക്ഷണം എടുത്തു ഒരു കാക്കയെ കഴിപ്പിച്ചു കൊണ്ടിരിക്കുന്നു. സാമാന്യം വലിയൊരു കാക്ക. അതിന്‍റെ ഇരു ചിറകുകളിലും ചന്ദനവും കുങ്കുമവും കൊണ്ടുള്ള പൊട്ടുകള്‍.

“ഇന്നലെ ഇവന്‍റെ പിറന്നാളായിരുന്നു. പായസം ബാക്കീണ്ടാകും എന്നവനറിയാം.ഇനി അത് തീരുവോളം എനിക്ക് സ്വൈര്യം തരില്ല. കുഞ്ഞിലെ തൊട്ട് അങ്ങനെ തന്നായായിരുന്നു. പിറന്നാളിന്‍റെ പായസം കൂടുതല്‍ ഉണ്ടാക്കണം. എന്നിട്ട് ഇടക്കിടക്ക് ചോദിച്ചു കൊണ്ടിരിക്കും.” കാക്കയെ അരുമയോടെ തലോടിക്കൊണ്ടവര്‍ പറഞ്ഞു.

പായസം മുഴുവന്‍ കഴിച്ചു തീര്‍ത്ത  കാക്കയുടെ കൊക്കുകള്‍ ഒരു തുണി കൊണ്ടു തുടച്ച അവര്‍ അതിന്‍റെ തൂവലുകള്‍ കൂടി ആ തുണി കൊണ്ടു തുടച്ചു ജനലിനരികെ ഇരുന്ന രണ്ടു കുഞ്ഞു ഡപ്പികളില്‍ നിന്ന് ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും ഓരോരോ പൊട്ടുകള്‍ ഇരു ചിറകിലും പുതുതായി  തൊട്ട് കൊടുത്തു. കാക്ക തൃപ്തിയോടെ തല തിരിച്ച് അവരെ ഒന്ന് നോക്കിയ ശേഷം പറമ്പിലേക്കെങ്ങോ പറന്നു പോയി.

ഒന്നും മിണ്ടാനാവാതെ നിന്ന എന്നോടവര്‍ “വരൂ..”എന്ന് പറഞ്ഞു സ്വീകരണ മുറിയിലേക്ക് കൊണ്ടു പോയി.

“കുടിക്കാനെന്താ വേണ്ടത്..? നാരങ്ങാ വെള്ളം എടുക്കട്ടെ..? ”

സദ്യ ഉണ്ടത് കൊണ്ടോ എന്തോ എനിക്ക് നന്നായി  ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ  ശബ്ദം പുറത്തേക്ക് വന്നില്ല. ഞാന്‍ ഒന്നും മിണ്ടാതെ തലയാട്ടി.

തണുത്ത നാരങ്ങാ വെള്ളം കുടിച്ചിരിക്കുമ്പോള്‍ എന്ത് ചോദിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഇവര്‍ക്ക് ‌ എന്തോ കുഴപ്പമുണ്ടോ..? ഒരു ഭ്രാന്തിയുടെ വീട്ടിലേക്കാണോ ഞാന്‍ മുന്നും പിന്നും നോക്കാതെ വന്നത്..? എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടണമല്ലോ എന്നാലോചിക്കുംമ്പോള്‍ അവര്‍ രണ്ടു വര്‍ഷം മുമ്പ്‌  നഷ്ടപ്പെട്ട മകനെപ്പറ്റി പറഞ്ഞു തുടങ്ങി .

“ഒരാള്‍ ഭൂമിയില്‍ നിന്ന് മറഞ്ഞാലല്ലേ മരിച്ചു എന്ന് പറയാനാകൂ. അല്ലെങ്കില്‍ സഞ്ചയനം കഴിഞ്ഞ ദിവസം വൈകിട്ട്  അവന്‍റെ മുറിയുടെ ജനാലക്കരികില്‍ എന്തിനാണ് ആ കാക്ക ചിറകടിച്ചത്..? മുറ്റത്ത് കിടന്ന അവന്റെ ചെരുപ്പിനരികെ തത്തിത്തത്തി നടന്നതെന്തിന്..? അവന്‍റെ ബൈക്കിനരികില്‍ നിന്നും മാറാതെ നിന്നതെന്തു കൊണ്ടാണ്..? അത് എന്‍റെ  മകന്‍ തന്നെയാണ്. മനുഷ്യരൂപം വെടിഞ്ഞെന്നു വെച്ച് ഞാന്‍ എന്‍റെ മകനെ  തിരിച്ചറിയാതിരിക്കുമോ..? ഒരമ്മക്ക് മകന്‍ എന്ന് പറഞ്ഞാല്‍ ഒരു ശരീരം മാത്രമല്ലല്ലോ.....”

അവരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തി  ഭിത്തിയിലിരിക്കുന്ന ജീവന്‍ സ്പുരിക്കുന്ന സുന്ദര മുഖത്തേക്ക് നോക്കിയിരുന്നു.

"എനിക്കിപ്പോള്‍ ഒരു ദു:ഖവും ഇല്ല സുലോചനേ...അവന്‍ എന്‍റെ കൂടെ ഉണ്ടല്ലോ... സഞ്ചയനം വരെയുള്ള ആ ദിവസങ്ങള്‍ മാത്രമേ എന്നില്‍ നിന്നു മറഞ്ഞിട്ടുള്ളു. എന്നെ കരയിപ്പിച്ചു എന്നെന്നേക്കുമായി പോകാനാകില്ല എന്റെ മോന്. എനിക്ക് ഭ്രാന്താണെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. സാരമില്ല. പറയട്ടെ.  എന്റെ  മകന്റെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ ഒരു ഭ്രാന്തിയായാലെന്താ..?”അവര്‍ സമാധാനത്തോടെ പറഞ്ഞു നിര്‍ത്തി .

യാത്ര പറഞ്ഞ് തിരികെ ഹാളിലേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു എന്‍റെ മനസ്സ് നിറയെ. ഏക മകന്‍റെ മരണവുമായി അവര്‍ എത്ര പൊരുത്തപ്പെട്ടിരിക്കുന്നു . പാവം.

ആലോചിച്ചു നടക്കുന്നതിനിടെ റോഡിന്‍റെ  എതിര്‍ വശത്ത്‌ വലിയ ശബ്ദത്തോടെ തീപ്പൊരികള്‍ ചിതറിച്ചു കൊണ്ടു ഇലക്ട്രിക്‌ കമ്പികള്‍ പൊട്ടി വീഴുന്നത് കണ്ട ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു . ശരിക്കും ഭയന്നു പോയി. പൊട്ടി നിലത്തു കിടന്ന കമ്പികള്‍ക്കൊപ്പം ഒരു കാക്കയും കിടന്നു പിടയുന്നു. കുറച്ചു സമയം കൂടി  പിടച്ച ശേഷം അതിന്റെ പിടച്ചിലുകള്‍ നേര്‍ത്ത് നേര്‍ത്ത്   നിശ്ചലമായി. ചുറ്റും മാംസവും തൂവലും കരിഞ്ഞ ഗന്ധം. ഉദ്വേഗത്തോടെ അങ്ങോട്ട്‌ നടക്കുമോള്‍ വഴിയാത്രികരാരോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

‘അങ്ങോട്ട്‌ പോകല്ലേ...കമ്പിയേല്‍ കറണ്ട് കാണും. ഇപ്പോത്തനെ എലട്രിസിറ്റി ആപ്പീസിലേക്ക് വിളിച്ചു പറഞ്ഞേക്കാം.”

വീണു കിടക്കുന്ന കാക്കയെ ഉറ്റു നോക്കിയ ഞാന്‍ കണ്ടു കരിഞ്ഞ അതിന്‍റെ തൂവലുകളില്‍ ചന്ദനത്തിന്‍റെയും കുങ്കുമത്തിന്‍റെയും  മങ്ങിയ, മായാത്ത പൊട്ടുകള്‍...അവരുടെ മകന്‍ ഒരിക്കല്‍ കൂടി ആ സ്നേഹിക്കുന്ന കണ്ണുകളില്‍ നിന്നു മറഞ്ഞിരിക്കുന്നു. അങ്ങനെ മറഞ്ഞു പോകാനാകുമോ ആ  മകന്...? ആ അമ്മയുടെ മരണം വരെ   അവന് തുടര്‍ജന്മങ്ങള്‍ എടുക്കാതിരിക്കാനാവില്ലല്ലോ.

36 comments:

  1. അവസാനം വിഷമിപ്പിച്ചു.
    അമ്മയുടെ മകനോടുള്ള സ്നേഹം മരിക്കുന്നില്ല.

    ReplyDelete
  2. മക്കൾ അകാലചരമം പ്രാപിച്ചാൽ അമ്മമാർക്ക് ആ സത്യവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ മാതൃസ്നേഹമെന്ന ആ വികാരത്തിലും മായം ചേർക്കപ്പെടുന്ന വാർത്തയാണ് ഇന്നലെ പത്രത്തിൽ വായിച്ചത് . കഥ വായിച്ചപ്പോൾ ആ വാർത്തയിലെ മാതാവിനെയും ഈ കഥയിലെ മാതാവിനേയും ഒന്നു താരതമ്യം ചെയ്തുപോയി.

    അതിഭാവുകത്വമില്ലാത്ത ലളിതമായ ആഖ്യാനം ....

    ReplyDelete
  3. ശരിക്കും മനസ്സില്‍ തട്ടുന്ന ഒന്ന് ..

    ReplyDelete
  4. വല്ലാത്തൊരു നടുക്കമാണ് ഈ കഥ പകരുന്നത്. പിന്നെ തോന്നി, പൊരുത്തപ്പെടലുകൾ ഇങ്ങനെ വിചിത്രമാകാം, അനുഭവം താങ്ങാൻ കഴിയാത്തതാകുമ്പോൾ. കഥ നന്നായി.

    ReplyDelete
  5. എന്നാലും വേണ്ടിയിരുന്നില്ല കേട്ടോ ഇത്... വല്ലാത്ത വിഷമമായി... കഥ മോശമായി എന്നല്ല പറഞ്ഞത്... ലാളിത്യവും മനോഹാരിതയും കൊണ്ട് മനസ്സിനെ പിടിച്ചുലച്ചു... അഭിനന്ദനങ്ങൾ...

    ReplyDelete
  6. ചന്ദനത്തിന്‍റെയും.കുങ്കുമത്തിന്‍റെയും മായാത്ത പൊട്ടുമായി കത്തിക്കരിഞ്ഞു കിടക്കുന്നത്
    മകനാണെന്ന് അനുവാചകനില്‍ തോന്നലുണ്ടാക്കുന്നത് കഥാകൃത്തിന്‍റെ രചനാപാടവം കൊണ്ടുതന്നെയാണ്‌.അല്ലെങ്കില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയുടെ മാനസികവിഭ്രാന്തിയായി
    ഈ കഥയെ കണക്കാക്കുമായിരുന്നു .......
    ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
  7. റോസിലി, ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍മ്മിച്ചത് എന്റെ ഏട്ടത്തിയമ്മയെ ആണ്. ഉണ്ണിക്കുട്ടന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്താണ് ഒരു ബൈക്ക് ആക്സിഡന്റില്‍ മരിച്ചുപോയത്. അന്നുമുതല്‍ ഓരോ ഭക്ഷനനേരത്തും അവന്റെ ഫേവറിറ്റ് പാത്രത്തില്‍ ആഹാരം എടുത്ത് പുറത്ത് ഒരു സ്ഥലത്ത് വയ്ക്കും. ഒരു കാക്ക വന്ന് അത് തിന്നുകയും ചെയ്യും. ആറ് വര്‍ഷമായി ഇത് തുടരുന്നു. (എന്റെ “കറമ്പായനം” എന്ന പോസ്റ്റില്‍ ഈ ഉണ്ണിക്കുട്ടനെപ്പറ്റി ഞാന്‍ ഒന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്) അതുകൊണ്ട് ഇക്കഥ എന്നെ വല്ലാതെ സ്പര്‍ശിച്ചു.

    ReplyDelete
  8. "സൌഹൃദം വിമര്‍ശനത്തിനു തടസമാകരുത്" എന്ന് ലിങ്കിന്റെ കൂടെ കണ്ടപ്പോള്‍ വായിച്ചു കുറ്റം കണ്ടുപിടിക്കാന്‍ വന്നതാ..

    അപ്പോഴാണ്‌ ആ പഴയ തറവാട്ടിലെ സംഭവം..... :-( അത് ഉള്ളില്‍ കൊണ്ടു :-( ആ കഥാപാത്രത്തെപ്പോലെ ശബ്ദം പുറത്തേക്ക് വരുന്നില്ല.

    ഇല്ല, ഒരിക്കലും കുറ്റം പറയാന്‍ ഞാന്‍ ആളല്ല! എന്നോട് ക്ഷമിക്കൂ!

    ReplyDelete
  9. അതിലളിതമായ ശൈലി കൈമുതലുള്ള ആളാണു. ടച്ചിംഗ് കഥയുമാണ്. എനിക്കുള്ള ഒരു വിയോജിപ്പ്, ‘ചെറുകഥ’ എന്ന ഗണത്തിൽ വരുമ്പോൾ അനാവശ്യമായി തോന്നുന്ന ചില കാര്യങ്ങൾ ആണ്. ആദ്യ ഭാഗങ്ങളും മറ്റും. വെട്ടിക്കളഞ്ഞാലും ഈ കഥയ്ക്കോ കഥ നൽകുന്ന അനുഭൂതിക്കോ അത് ഒരു കുഴപ്പവും വരുത്തില്ലാ എന്നു തോന്നി....

    ReplyDelete
  10. ഏറിയനാളാത്തെ ഇടവേളക്ക് ശേഷമാണ് ബ്ലോഗ് കഥകൾ വായിക്കുന്നത്. നല്ല കഥ. ഇങ്ങനെയുള്ള ഒരു കുടുംബത്തെ അറിയാം.
    തിരക്കിട്ടുള്ള വായനയായത് കൊണ്ടാണൊന്നറിയില്ല, എഴുത്തിൽ ഒരു വേഗക്കൂടുതൽ തോന്നി.

    ReplyDelete
  11. ഹൃദയസ്പര്‍ശിയായാ കഥ...നല്ല അവതരണം...ആശംസകള്‍

    ReplyDelete
  12. കഥയുടെ പ്രമേയവുമായി ബന്ധമില്ലാത്ത ആരംഭത്തിലെ കുറച്ചു ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ കഥയ്ക്ക് കൂടുതൽ ഒതുക്കം കിട്ടിയേനെ. പരിചയപ്പെട്ട സ്ത്രീയുടെ മകനെ കുറിച്ച് കഥ വാചാലമാവുമ്പോൾ തന്നെ, മകനെ സംബന്ധിച്ച് എന്തോ ചില അരുതായ്കകൾ ഊഹിക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടു തന്ന അതൊരു കാക്കയാണ് എന്ന് അറിഞ്ഞപ്പോഴും വലിയ ഞെട്ടലൊന്നുമുണ്ടായില്ല. കഥയുടെ അവസാനത്തെ മൂന്നു വാചകങ്ങൾ അനാവശ്യമായി തോന്നി. അത് കഥയിൽ പുറത്തു കടന്ന് കഥാകാരി നടത്തുന്ന കമന്റ് പോലെ.

    ReplyDelete
  13. പതിവുപോലെ ഒരു നല്ല കഥയുമായി റോസിലി

    ReplyDelete
  14. വത്സല ചേച്ചിയുടെ അടുത്തെത്തുവാൻ വളരെ വളഞ്ഞ വഴി നടന്നു. അത് അധികമായി. വെറുതെ മുഴച്ചു നിൽക്കുകയും ചെയ്തു. ട്രെയിനിൽ കൊച്ചു കുട്ടിയെ കണ്ടപ്പോൾ ഒരു അമ്മയുടെ വാത്സല്യവും തോന്നിയതായി അനുഭവപ്പെട്ടില്ല. മൊത്തം കെട്ടുറപ്പ് അൽപ്പം കുറഞ്ഞത്‌ പോലെ.

    ആശംസകൾ റോസിലീ.

    ReplyDelete
  15. അഭിനന്ദനങ്ങള്‍ പൂവേ..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. റോസ്‌ലീന്‍ ന്റെ കവിത വായിച്ചതായി ഓര്‍ക്കുന്നുണ്ട്‌. പക്ഷേ, കഥ ആദ്യമായി വായിക്കുകയാണെന്ന്‌ തോന്നുന്നു.
    കഥ പറയുന്ന രീതി ഏതും ആവാം. അനുവാചകന്റെ ഹൃദയത്തെ ആവേശിപ്പിച്ചെടുക്കുവാന്‍ തരപ്പെടുന്ന രീതിയാവണം പക്ഷേ നിര്‍മ്മിതി. പരസ്പരബന്ധമില്ലാത്ത ഘടന അനുവാചകന്റെ ഏകാഗ്രത കെടുത്തും. ഒരു നല്ല കഥയുടെ അനിവര്യ ഘടകമത്രെ യുക്ത്യനുസൃതമായ സംഭവശ്രേണി. ഇവിടെ കൈകാര്യം ചെയ്ത പ്രമേയം നൂതനമാവാം. വിഷാദപൂര്‍ണ്ണമാവാം. പക്ഷേ, അനുവാചകന്റെ വൈകാരികാനുഭൂതി വളര്‍ത്തിയെടുക്കാനുള്ള തന്ത്രം വേണ്ടും വിധം ഉപയോഗിക്കേണ്ടതുണ്ട്‌. അതിന്റെ അഭാവത്തില്‍ കഥയ്ക്കു വന്ന തളര്‍ച്ച വ്യക്തമായി അനുഭവപ്പെട്ടു. മാസ്മരീകാനുഭൂതി ഉയര്‍ത്താന്‍ ആഖ്യാന ലാളിത്യം മാത്രം പോരാതെ വരും.
    സ്വര്‍ണ്ണച്ചങ്ങലയായാലും കണ്ണികള്‍ പൊട്ടാതെ കൂട്ടിക്കൊളുത്തിയിട്ടാല്‍ മാത്രമേ കലയുടെ മേനിയില്‍ ഒരു ആഭരണമായി വിലസുകയുള്ളൂ.
    The contemporary blog readers tend to be very greedy. They look forward to ever finding something better than the run-of-the-mill stuff...

    ReplyDelete
    Replies
    1. ഞാനൊരിക്കലും കവിത എഴുതിയിട്ടില്ലല്ലോ..വി.പി. ഗംഗാധരന്‍ സാര്‍ .

      Delete
  18. മനോഹരമായ കഥ.. അവസാനം വേദനിപ്പിച്ചു.... :)

    ReplyDelete
  19. ഒരു അനുഭവം പോലെയാണ് വായിച്ചു വന്നത്. അവസാനം ആ കാക്ക മരിക്കേണ്ടായിരുന്നു.

    ReplyDelete
  20. മക്കളുടെ മരണം ആര്‍ക്കാ താങ്ങനാവുക? പ്രത്യേകിച്ചും അമ്മമാര്‍ക്ക്.
    കഥയുടെ തുടക്കം ഫ്ലോ കുറവാണ്. വെയിലില്‍ നിന്ന് ആ തറവാടിന്റെ പച്ചപ്പിലേയ്ക്ക് കയറിയതോടെ കഥ കരുത്താര്‍ജിച്ചു.

    മനോരാജിന്‍റെ മനോഹരമായ ഒരു കഥയുണ്ട്. 'ജീവിതത്തിന്‍റെ ബാന്റ് വിഡ്ത്തില്‍ ഒരു കാക്ക.' അതും വായനയ്ക്കിടെ ഓര്‍ത്തുപോയി.

    ReplyDelete
  21. TRAGEDY STORY ??
    വീണു കിടക്കുന്ന കാക്കയെ ഉറ്റു നോക്കിയ ഞാന് കണ്ടു കരിഞ്ഞ അതിന്റെ തൂവലുകളില് ചന്ദനത്തിന്റെയും കുങ്കുമത്തിന്റെയും മങ്ങിയ, മായാത്ത പൊട്ടുകള്...അവരുടെ മകന് ഒരിക്കല് കൂടി ആ സ്നേഹിക്കുന്ന കണ്ണുകളില് നിന്നു മറഞ്ഞിരിക്കുന്നു. അങ്ങനെ മറഞ്ഞു പോകാനാകുമോ ആ മകന്...? ആ അമ്മയുടെ മരണം വരെ അവന് തുടര്ജന്മങ്ങള് എടുക്കാതിരിക്കാനാവില്ലല്ലോ.

    ReplyDelete
  22. അമ്മമനസ്സ്....
    പകരംവെക്കാന്‍ മറ്റെന്തുണ്ട്?...
    ഏറെ ഹൃദയസ്പര്‍ശിയായി തോന്നി...

    ReplyDelete
  23. പതിവ് പോലെ ഇഷ്ടമായ ഒരു കഥ , ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചു , കൊള്ളാം

    "ഉയര്‍ന്നമാര്‍ക്കോടെ പടിച്ചുപരീക്ഷപാസായി വീടിനടുത്ത് ജോലിയായ ഏകമകനെ കുറിച്ചും ,അവന്റെ കുട്ടിക്കാലത്തെ മരിച്ചുപോയ ഭര്‍ത്താവിനെകുറിച്ചും ...." ഇവിടെ എത്തിയപ്പോള്‍ വായന ഒന്ന് നിന്ന് കേട്ടോ ,,, ആ വരികള്‍ ഒരു ആശയകുഴപ്പം ഉണ്ടാക്കുന്നത് പോലെ ,,

    ReplyDelete
  24. കഥ വായിച്ച എല്ലാവര്ക്കും നന്ദി.
    കഥയുടെ ആദ്യ ഭാഗം അനാവശ്യ വിവരണം വന്നു എന്ന അഭിപ്രായം വന്നത് കൊണ്ട് അവിടം കുറച്ചൊന്നു ചുരുക്കിയിട്ടുണ്ട്

    ReplyDelete
  25. ഓർമ്മയിലെന്നും കുത്തി നോവിക്കുന്നതായ കഥകളിലൊന്നായി ഇതും നിലനിൽക്കും... നന്ദി

    ReplyDelete
  26. അവന്റെ കുട്ടിക്കാലത്തേ മരിച്ചു പോയ "തന്റെ " ഭർത്താവിനെ >> എന്ന് എഴുതുന്നതാവും കൂടുതൽ
    ചേരുക എന്ന് തോന്നുന്നു...
    പുതുമ എന്ന് പറയാനില്ലെങ്കിൽ കൂടിയും
    സംഭാഷണങ്ങളുടെയും കഥപറച്ചിലിന്റേയും അനുപാതം എഴുത്തിൽ കൃത്യമായത് കൊണ്ടാവാം
    വായനാ സുഖം ഉണ്ടായിരുന്നു ...

    ആശംസകൾ ..!!!

    ReplyDelete
  27. പലപ്പോഴും ഞാൻ കഥയെ കഥയായി തന്നെ വായിക്കാറാണ് പതിവ്. ഇവിടെ റോസിലിന്റെ കഥ നടന്ന ഒരു കാര്യമായി തോന്നിച്ചു. അതുകൊണ്ട് കൊണ്ട് തന്നെ വായനക്കിടയിൽ മൻസൊന്നു വിതുമ്പി. ചില വായനാകാർ പറഞ്ഞപോലെ.....മായാത്ത പൊട്ടൂകൾ... അന്ന സ്ഥലത്ത് വച്ച് കഥ നിർത്താമായിരുന്നു. ആശംസകൾ....

    ReplyDelete
  28. വേദന നൽകിയ ഒരു അമ്മ മനസ്സുകൂടി...

    ReplyDelete
  29. പെട്ടെന്നൊരു സുപ്രഭാതത്തിൽ
    ഒഴിച്ച് കൂടാനാകാത്ത വിധം അണച്ച് കൂട്ടുന്ന ചില ബന്ധങ്ങൾ...,


    നല്ല വിവരണം..,
    അഭിനന്ദനങ്ങൾ ആശംസകൾ ..!

    ReplyDelete
  30. തുടക്കത്തെക്കുറിച്ച് എല്ലാവരും പറഞ്ഞത് തന്നെ.. പക്ഷെ.. അവസാനഭാഗം എത്തിയപ്പോൾ വായിച്ചിരിക്കുന്നതിനിടയിൽ കുളിര് കോരിയത് അറിഞ്ഞില്ല.. കഥയെന്നതിനേക്കാൾ ഹൃദയസ്പർശിആയി

    ReplyDelete
  31. Rosilin kavitha ezhuthiyittilla... pakshe kaavyabhangi ulla kathakal ezhuthiyittund

    ReplyDelete
  32. പ്രിയ റോസേ ഒരു കഥ വായിച്ചപ്പോൾ അടുത്തതും വായിക്കാൻ ഒരുകൌതുകം. വായിച്ചപ്പോൾ ആശംസകൾ പറയാതെ എങ്ങനെ വിടും. കണ്ണുകളെ നനയിക്കുന്ന ഹൃദയസ്പർശിയായ കഥ. ഇപ്പോൾ എഴുതാനല്ല നിങ്ങളുടെയൊക്കെ കൂടുതൽ കഥകൾ വായിക്കാനാണ് തോന്നുന്നത്.

    ReplyDelete
  33. .എത്ര നന്നായി പറഞ്ഞിരിക്കുന്നു.
    കഥ ഇങ്ങനെ അവസാനിപ്പിക്കാനായിരിക്കുമെന്ന് കരുതിയില്ല.നല്ല വിഷമം തൊന്നി.

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍