20.2.13

ഗോപാലകൃഷ്ണന്‍, പത്ത് ബി

അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ‍ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയത്രേ. അപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണനെന്ന്.

പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് കുട്ടികൾ വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ   ട്രൌസറും ഇട്ടു നടന്നിരുന്ന ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെയെങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?

ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്ത് എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു   അവന്‍.

ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍.  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്‍ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീടെപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.

പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയെ  ഉച്ചയൂണിനു ശേഷമുള്ള ഇടവേളക്കാണ് ഞാന്‍  വിളിക്കാറ്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നു സുഖമില്ലാതായതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും.  അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്  വാക്കര്‍ എന്ന  ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്‍സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ  വര്‍ഷം മുതല്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.

അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. അസുഖം തളർത്തിയെങ്കിലും അമ്മക്ക് ആരോടും പരിഭവം ഇല്ല.

“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.

 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ഒരു ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.

പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.

‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു. വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”

“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."

എനിക്ക് ദേഷ്യമാണ് വന്നത്.

“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെ കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി .  ഇപ്പോ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”

“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”

“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. ചെറുതായി കഷണ്ടിയുമുണ്ട്.”

ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അതേതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ എന്തോ..?

“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”

“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”

“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ പണ്ടതയാള്‍ക്ക്‌  വായിക്കാന്‍ കൊടുത്തപ്പോള്‍ അത് കയ്യില്‍ വെച്ചോളാന്‍ പറഞ്ഞിട്ടുണ്ടെന്ന്. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”

“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."

ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്‍സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും  ചെറിയ നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്‍ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.

“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍.”

“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”

“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."

ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന് തന്നെ. അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.

“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”

പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.

“ഇന്ന് വന്നോമ്മേ അയാള്‍...?”

”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍..?. എന്തായാലും അമ്മുവിനോടു പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.

പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.

“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ഛമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”

എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍...അത് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?

അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ല. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”

എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെത്തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.

ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്.. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?

നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.

“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. അയാള്‍ക്ക്  മര്യാദ എന്നൊന്നുണ്ടെങ്കില്‍  ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”

“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”

“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”

അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..

തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍  ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നിന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല.

വളരെ ശ്രദ്ധിച്ച് ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പം  മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌. അതിനും നേര്‍ത്ത  ചുവപ്പ് നിറം . പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. പുറകില്‍ ബോള്‍ പേന കൊണ്ട്  എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും ഉഷാദേവി എന്ന്  അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ പെരുംകള്ളന്‍. ഒരു ഗോപാലകൃഷ്ണന്‍.. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍.  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.

താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.

“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"

ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ നടന്നു. ഉച്ച വെയിലിന്‍റെ  ചൂടും വല്ലാത്ത ദേഷ്യവും  കൊണ്ട് വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്നു കയറിയത്. താഴിട്ടു പൂട്ടിക്കിടന്ന വായനശാലയുടെ മുന്നില്‍ ഞാന്‍ സ്തബ്ദനായിനിന്നു.

തൊട്ടടുത്ത കരയോഗം ഓഫീസില്‍ ആളുണ്ട്.  ഞാന്‍ അവിടെയുണ്ടായിരുന്ന ആളോട് കാര്യം തിരക്കി.
“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”

“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”

“ഗോപാലകൃഷ്ണനോ..? അതാരാ..? ഇവിടെ ജോലി ചെയ്തിരുന്നത് സാവിത്രി എന്നൊരു കുട്ടിയായിരുന്നല്ലോ. അവള്‍ വേറെ ജോലി കിട്ടി പോവേം ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”

“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”

“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”

“ആ.... അറിയില്ല.”

 തിരികെ റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? അയാള്‍ ഇവിടെവിടെങ്ങാനും നില്‍പ്പുണ്ടോ..? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...?   ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.

ബെല്ലടി കേട്ട്  ധൃതിയില്‍ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്ന അമ്മ ചോദ്യഭാവത്തില്‍ നിന്നു. അമ്മയുടെ നിശ്ശബ്ദതയുടെ നൂറായിരം ചോദ്യങ്ങള്‍ക്ക്   മറുപടി തേടി വലഞ്ഞു.

ഒടുവില്‍ ഞാനെഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്.

“അമ്മേ, അത്  എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്."

ആശ്വാസത്തോടെ കണ്ണു തുടച്ച അമ്മയോട്  ഞാന്‍ ഒന്ന് കൂടി ചേര്‍ന്നിരുന്നു .


78 comments:

  1. നല്ല നന്മയുള്ള കഥ. ഭാവുകങ്ങള്‍

    ReplyDelete
  2. എകാന്തതയെപ്പറ്റി അതനുഭവിക്കുന്നവര്‍ക്കെ മനസ്സിലാകൂ. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യര്‍. സഹാജീവികളുമായി ഇടപഴകുവാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഈ എഴുത്ത് നന്നായിരിക്കുന്നു. ചിലയിടങ്ങളില്‍ പഴകാല കഥകളുടെ ട്രാക്ക്‌ തോന്നിയെങ്കിലും മുഷിപ്പില്ലാതെ ആകാംക്ഷയോടെ വായനയിലൂടെ ഒഴുകി നീങ്ങുവാന്‍ പ്രേരിപ്പിക്കുന്ന കയ്യടക്കം . ആശംസകള്‍ റോസിലി.

    ReplyDelete
  3. ആദ്യം കുറച്ച് ഭാഗങ്ങള്‍ വെറുതെ നീണ്ടുപോയോ എന്നൊരു അഭിപ്രായം ഉണ്ട്. പക്ഷെ അവസാന ഭാഗങ്ങള്‍ ആയപ്പോഴേക്കും കഥ നല്ലൊരു അനുഭവമായി. തീര്‍ച്ചയായും നല്ല കഥ.

    ReplyDelete
  4. വലിയവര്‍ അഭിപ്രായം പറയട്ടെ.. ചെറിയവന്‍ വായിച്ച സന്തോഷം അറിയിക്കുന്നു..

    ReplyDelete
  5. കഥ നന്നായി. ജോലിത്തിരക്കിനിടയില്‍ വല്ലപ്പോഴും മറ്റു ബ്ലോഗുകളില്‍ പോകുന്ന എനിക്ക് വലിയ കഥകളൊന്നും വായിക്കാന്‍ സമയം കിട്ടാറില്ല.ഇത് അല്പം വലുതായിട്ടും ബോറടിക്കാതെ മുഴുവനും വായിച്ചു.വയസ്സായ കുറെ കൂട്ടുകാര്‍ (അങ്ങനെയുള്ളവരും കുട്ടികളും മാത്രംമാണ് കൂട്ട്)എനിക്കും ഉണ്ട്. അവരുടെ വേദനകളും നന്നായി അറിയാം. ആശംസകള്‍

    ReplyDelete
  6. ആ അമ്മ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

    ReplyDelete
  7. നല്ല അവതരണം ........വരികള്‍ക്കിടയിലെ ആകാംഷ നന്നായി ....എല്ലാ ആശംസകളും

    ReplyDelete
  8. ആരും സംസാരിക്കാനില്ലാതെ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങളുടെ വേദനയും നിഷ്കളങ്കതയും വരച്ചുകാട്ടുന്ന രചന. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. നന്നായിരിക്കുന്നു. ആശംസകള്‍...

    ReplyDelete
  9. ഏകാന്തത അനുഭവിക്കുന്ന വൃദ്ധന്‍ മാരെ ആരും മനസ്സിലാക്കുന്നില്ല...അത് ഏകാന്തത അനുഭവിക്കുന്ന വേറെ ഒരാള്‍ക്കേ മനസിലാവൂ എന്നുള്ള സത്യം ഇവിടെ നന്നായി പറഞ്ഞ്ഞിരിക്കുന്ന്നു.. ഇഷ്ടായി ചേച്ചി..

    ReplyDelete
  10. കഥയുടെ ലാളിത്യം , അത് പറഞ്ഞ രീതി എല്ലാം എനിക്കൊത്തിരി ഇഷ്ടമായി.. വ്യക്തിപരമായി എനിക്കൊരുപാടിഷ്ടം തോന്നുന്നു ഈ കഥയോട്. ഒരുപാട് ആശയങ്ങള്‍ പറയുന്നുണ്ട്. ഏറെ ലളിതമായി. ഏതോരാള്‍ക്കും തേന്‍മിടായി പോലെ രുചിച്ചിറക്കാവുന്ന മാധുര്യം തുളുമ്പുന്ന കഥ.. പ്രത്യേകതകള്‍ പറയാതെ ഞാന്‍ പറയട്ടെ.. I simply like this story

    ReplyDelete
  11. കഥ നന്നായിട്ടുണ്ട്

    ReplyDelete
  12. കഥയിൽ ലയിച്ചു വായിക്കാനാവുന്നു. കഥ പറഞ്ഞ രീതിയിൽ തെലിയുന്നത് എഴുതിത്തെളിഞ്ഞ ഒരെഴുത്തുകാരിയുടെ കൈയ്യടക്കം.....

    ReplyDelete
  13. കഥ നന്നായിട്ടുണ്ട്.അവതരണം നന്നായിട്ടുണ്ട്.ആശംസകള്‍

    ReplyDelete
  14. വായനക്കാരന്റെ അനുഭവമായിത്തീരുന്ന കഥ.

    ReplyDelete
  15. കഥ വളരെ നന്നായിരിക്കുന്നു. നല്ല ലളിതമായ ഭാഷ. നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ""ഏകാന്തത എന്ന ഭീകര സത്യം , ജീവിതത്തില്‍ അനുഭവിക്കുന്നവര്‍ക്ക്
    മാത്രമേ അതനുഭവിക്കുന്ന ഒരാളൊട് കനിവ് തോന്നൂ "" സത്യം .....
    നാം എല്ലാം, നമ്മുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്നു എന്നഹങ്കരിക്കുമ്പൊഴും
    പിന്നെന്തിന്റെ കുറവെന്ന് ദേഷ്യപെടുമ്പൊഴും , അവരുള്ളില്‍ അനുഭവിക്കുന്ന
    ഏകാന്തതയുടെ വേദനയുണ്ട് , നാം കാണാതെ പൊകുന്നത് ..
    അമ്മയുടെ അടുത്ത് ഓടിയെത്താന്‍ മനസ്സ് പറയുന്നു , വരികളിലൂടെ ...!
    വളരെ ലളിതമായി പറഞ്ഞ് വന്ന് അവസ്സാനം ഹൃദയം നിറച്ചൂ ..
    അഭിനന്ദനങ്ങള്‍ .....!

    ReplyDelete
  17. ഏകാന്തത എന്ന ഭീകര സത്യം ജീവിതത്തില്‍ അനുഭിക്കുന്നവര്‍ക്ക് മാത്രമേ അതനുഭവിക്കുന്ന ഒരാളോട് കനിവ് തോന്നു.”

    നന്നായിരിക്കുന്നു. സസ്പ്പെന്‍സ് തുടര്‍ന്നു കൊണ്ടുപോകുന്ന എഴുത്ത് വായനയെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ലളിതമായ എഴുത്ത് തന്നെ മുഷിവ്‌ വരുത്താതെ അവസാനം വരെ വായിക്കാന്‍ പ്രേരിപ്പിക്കും. ആദ്യഭാഗം ഒന്നുകൂടി ഒതുക്കാമായിരുന്നു എന്നും തോന്നി കെട്ടോ. അവസാനമൊക്കെ നന്നായി തെളിഞ്ഞു. മറ്റുള്ളവരുടെ മനസ്സ് കാണാന്‍ ശ്രമിച്ചാല്‍ എത്രയോ കാര്യങ്ങള്‍ക്ക് എത്ര ആശ്വാസം....

    ReplyDelete
  18. ആദ്യഭാഗം ഒന്ന് കൂടി ഒതുക്കാമായിരുന്നു. പക്ഷെ നിറഞ്ഞു നില്‍ക്കുന്ന ജിജ്ഞാസയോടെ തന്നെ വായിച്ചു.
    അവതരണത്തിലെ ഭംഗി അതിനു സഹായിച്ചു.ഇഷ്ടമായി..

    ReplyDelete
  19. നല്ല സുന്ദരമായ കഥ...
    ആശംസകള്‍...,...

    ReplyDelete
  20. katha nannai, abhinandanangal rosappoove

    ReplyDelete
  21. ഇത്തവണ അല്പം ധ്രിതി കൂടി പോയോ എന്നൊരു സംശയം ,മുമ്പ് വായിച്ച കഥകളിലെ ആ ഫ്ലോ കുറഞ്ഞപോലെ തോന്നി ,പിന്നെ കുറച്ചു അക്ഷരതെറ്റുകളും .

    ReplyDelete
  22. കഥ നന്നായി.
    പുസ്തകം കൊടുത്തപ്പോള്‍ കുറ്റബോധം കൊണ്ട് തല താഴ്ത്തിയതെന്തിനായിരുന്നു?

    ReplyDelete
  23. ആകാംഷയോടെ വായിച്ചു. ഏകാന്തതയുടെ ചില്ല് കൂടാരത്തിലെ കുടുങ്ങി പോവുന്നവര്‍.

    കഥ ഇഷ്ട്ടപെട്ടു, ആശംസകള്‍

    ReplyDelete
  24. ആകാംഷയോടെ വായിച്ചു. ഏകാന്തതയുടെ ചില്ല് കൂടാരത്തിലെ കുടുങ്ങി പോവുന്നവര്‍.

    കഥ ഇഷ്ട്ടപെട്ടു, ആശംസകള്‍

    ReplyDelete
  25. പ്ലോട്ടിന് കുറച്ച് വലിച്ചുനീട്ടൽ അനുഭവപ്പെട്ടെങ്കിലും ഉള്ളടക്കത്തിൽ
    നന്മയുടെ ഭാവങ്ങളോടെ ഈ ഏകാന്തതയുടെ
    അപാരതീരം നല്ലൊരു കഥ തന്നെയാണ് കേട്ടൊ റോസെ

    ReplyDelete
  26. കൊള്ളാം നല്ല കഥ, വായിച്ചു തുടങ്ങുമ്പോള്‍ ഒരു വെറും വായന പോലെ തോന്നിയെങ്കിലും അല്പം എത്തിയപ്പോള്‍ വായന രസകരമായി. ഒരുപക്ഷെ അതുകൊണ്ടാവും ഇക്കഥ കൂടുതല്‍ ഇഷ്ടമാവാന്‍ കാരണമെന്ന് തോന്നുന്നു.

    ലളിത സുന്ദരമായ കഥ എനിക്കൊത്തിരി ഇഷ്ടമായി

    ReplyDelete
  27. അല്പം നീണ്ടുപോയെങ്കിലും കഥ വളരെ നന്നായിരിക്കുന്നു. ഏകാന്തതയിൽ ഇരിക്കുമ്പോൾ പകൽ നേരങ്ങളിൽ വീട്ടിൽ വരുന്ന ആളുകളോട് ജനാലയിലൂടെ സംസാരിക്കുന്ന എന്റെ അമ്മയെ ഓർത്തുപോയി.

    ReplyDelete
  28. മുന്പ് എവിടെയോ വായിച്ച പോലെ തോന്നി, അവസാന ഭാഗം പോലും! ഇഷ്ടപ്പെട്ടു, ആശംസകള്‍ !

    ReplyDelete
  29. നമ്മള്‍ മനപൂര്‍വം ഒഴിവാക്കുന്ന കുറെ മനുഷ്യ ജന്മങ്ങള്‍ നമ്മുടെ മുന്‍പില്‍ ജീവിച്ചു മരിക്കുന്നുണ്ട്.. അക്കൂട്ടത്തില്‍ ഒരു ജീവിതം കൂടി കൂടി എഴുതി ചേര്‍ത്ത കഥ..
    തുടക്കവും അതിന്റെ പകുതിയുമോകെ വായിക്കുമ്പോള്‍ ഭ്രമരം എന്ന സിനിമയോട് സാമ്യം തോന്നി.. ഹൃദയസ്പര്‍ശിയായ ക്ലൈമാക്സ്‌ ആ പോരായ്മ നികത്തി..
    ആശംസകള്‍.....

    ReplyDelete
  30. കഥ പറഞ്ഞു പോകുന്ന രീതിയാണ്‌ ഏറെ ആകര്‍ഷകമായി തോന്നിയത്.

    ReplyDelete
  31. നല്ല കഥ ചേച്ചി . ചിലയിടങ്ങളില്‍ അനാവിശ്യവലിച്ചു നീട്ടലുകള്‍ ഉണ്ടെങ്കില്‍ കൂടി ഒട്ടും മുഷിവില്ലാതെ വായിക്കാന്‍ കഴിഞ്ഞു .

    ReplyDelete
  32. മനോഹരമായിട്ടുണ്ട് ചേച്ചി .. ഒറ്റപ്പെട്ട മനുഷ്യരുടെ നൊമ്പരം ഫീല്‍ ചെയ്തു ....

    ReplyDelete
  33. അതീവ ഹൃദ്യമായ കഥ. അല്‍പ്പം നീളക്കൂടുതലുണ്ടെങ്കിലും ഒട്ടും തന്നെ മുഷിപ്പിക്കില്ല. അവസാനഭാഗമൊക്കെ അതിഗംഭീരം എന്നേ പറയേണ്ടൂ. അഭിനന്ദനങ്ങള്‍ ചേച്ചീ...

    ReplyDelete
  34. വളരെ നല്ല കഥ.
    ഇഷ്ടപ്പെട്ടു!

    ReplyDelete
  35. വളരെ നല്ല ഒരു കഥ. ഒട്ടും മുഷിപ്പ് തോന്നാതെ വായിച്ചത് ഇതിലെ മുഖങ്ങള്‍ക്കു എന്റെയോ എന്റെ അമ്മയുടെയോ ഛായ ഉള്ളതുകൊണ്ട് കൂടിയാണ് .അവധിക്കു ചെല്ലുമ്പോള്‍ കൂട്ടുകാരെ കാണുമ്പോള്‍ ഉള്ള സന്തോഷം . പണ്ട് കൂടെ പഠി ചിരുന്നവരെ കുറെ ഏറെ കാലങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ഉള്ള ആ സന്തോഷം, ഒരിക്കലും വാക്കുകളില്‍ കൂടി വരച്ചിടാനാവില്ലല്ലോ.

    മൂന്നു മാസങ്ങള്‍ക്ക് മുന്നേ സ്ട്രോക്ക് വന്നു കിടപ്പിലായിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന എന്റെ അമ്മയെ ഞാന്‍ ഇത് വായിച്ചതിനു ശേഷം ഒരിക്കല്‍ കൂടി വിളിച്ചു. അമ്മ വാക്കറിന്റെ സഹായം കൂടാതെ നടക്കാനും തുടങ്ങിയിരിക്കുന്നു ..

    റോസാപ്പൂക്കള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും . നന്മയുടെ കഥകള്‍ ഇനിയും എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ ..

    വില്ലേജ് മാന്‍..

    ReplyDelete
  36. ചിലർ അഭിപ്രായപ്പെട്ട പോലെ കഥക്ക്‌ ഇച്ചിരി ഒതുക്കം ആവായിരുന്നു എന്ന് തോന്നിപ്പിച്ചുവെങ്കിലും,
    ആകാംക്ഷയും നൊമ്പരങ്ങളും കലർന്ന എഴുത്ത്‌ നല്ല വായന നൽകി..
    ആശംസകൾ..!

    ReplyDelete
  37. ചില കഥകള്‍ വായിക്കുമ്പോള്‍ രംഗങ്ങള്‍ കാണുന്ന പോലെ തോന്നും. ഈ കഥ അങ്ങനെയായിരുന്നു. നന്നായി.

    ReplyDelete
  38. ചേച്ചീ... ചേച്ചിയുടെ ഇതിനേക്കാള്‍ മനോഹരമായ കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇത് വല്ലാതെ സ്പര്‍ശിച്ചത് എന്താന്നറിയോ ? ഇതിലെ അമ്മ തന്നെയായിരുന്നു ഒരുകാലത്ത് എന്റെ അമ്മയും. റിട്ടയര്‍മെന്റിനു ശേഷം അധികം ഒന്നും ചെയ്യാനില്ലാതെ, ജനാലയ്ക്കല്‍ വെറുതെ ഇരുന്നും, ഏതു ഭാഷയാണെന്നോ സീരിയല്‍ ആണോ, വാര്‍ത്തയാണോ എന്നുപോലും ശ്രദ്ധിക്കാതെ വെറുതെ ടീവി വെച്ചും അണച്ചും അമ്മ ഇരുന്നിട്ടുണ്ട്. അതുപോലെ ഇടയ്ക്കു വീണ് തുടയെല്ലിന് പൊട്ടല്‍ വന്നതിനു ശേഷം വാക്കറും ഉണ്ടായിരുന്നു.. ഞാന്‍ ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു . അവധിക്ക് വരുമ്പോള്‍ കുറെയൊക്കെ സമയം ഒപ്പം ചെലവിടാന്‍ ശ്രമിച്ചിട്ടുണ്ട് എങ്കിലും അതൊക്കെ അമ്മ ആഗ്രഹിച്ചതുപോലെ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല... ഇത് വായിച്ചു നിര്‍ത്തിയപ്പോള്‍ സമ്മിശ്ര വികാരങ്ങള്‍ കൊണ്ട് ഞാന്‍ കുറെ നേരം നിശ്ചലയായിപ്പൊയി... ഇപ്പൊ.. ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....

    ReplyDelete
  39. നല്ല കഥ. നല്ലപോലെ സസ്പെന്‍സ് ഇട്ടു വന്നു!

    ക്രൂരനായ ഒരു കള്ളനെയാണ് പ്രതീക്ഷിച്ചത്, പക്ഷെ കണ്ടതോ, ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനായി കള്ളം പറഞ്ഞ മനുഷ്യനെയും!

    ReplyDelete
  40. നന്നായി കഥ പറഞ്ഞു.. ചിലയിടത്തൊക്കെ - പവിത്രന്റെ കുട്ടിക്കാലം, വിശദീകണങ്ങൾ ഒക്കെ ഒന്നുകൂടി ചുരുക്കി പറയാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  41. റോസിലി
    വളരെ നന്നായി എഴുതിയ മറ്റൊരു കഥ.. ഇഷ്ടമായി
    ലാളിത്യം കഥയുടെ നൈര്‍മല്യത്തോട് ഇഴ ചേര്‍ന്നു നില്‌ക്കുന്നു.
    ആശംസകള്‍

    ReplyDelete
  42. കഥയും അവതരണവും മനോഹരമായിരിക്കുന്നു

    ReplyDelete
  43. കഥ മനോഹരമായി. പറഞ്ഞ രീതി അതിലേറെ ഇഷ്ടപ്പെട്ടു. സമയം നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ചുള്ള വേവലാതിയടക്കം കഥയിലുള്‍ചേര്‍ന്ന എല്ലാ സന്ദേശങ്ങളും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  44. ആകാംക്ഷയോടെ തന്നെ വായിച്ചു. ഏകാന്തതതയുടെ ഭാവപ്പകര്‍ച്ചയും അനുഭവിപ്പിച്ചു. എങ്കിലും ആരായിരുന്നു അയാള്‍ ?...

    ReplyDelete
  45. വളരെ നല്ല കഥ റോസ്സിലി. ആ അമ്മയുടെ ഒറ്റപ്പെടല്‍ നന്നായി വരച്ചു.

    ReplyDelete
  46. നന്നായി റോസിലി.എഴുത്ത് തുടരുക..കുറച്ചുകൂടി ചുരുക്കിയെന്കില്‍ നന്നായേനെ ..എന്റെ അഭിപ്രായം മാത്രം

    ReplyDelete
  47. ഒറ്റ പെടലില്‍ നിന്ന് ആ അമ്മക് ഒരു ആശ്വാസം ആയിരുന്നു ഗോപാലകൃഷ്ണന്‍ പക്ഷെ ആ സാന്ത്വനത്തെപ്പോലും കൂട്ടിരിക്കേണ്ടവര്‍ സംശയിക്കുന്നു
    നല്ലകഥ റോസാപൂക്കള്‍

    ReplyDelete
  48. കഥ ഇഷ്ടമായി..
    പക്ഷെ ആ 'ഒരു കുടയും കുഞ്ഞു പെങ്ങളും' - പുസ്തകത്തെ കുറിച്ച് ഈ അജ്ഞാതന്‍ എങ്ങനെ അറിഞ്ഞു ?
    എന്തായാലും അറിയുന്ന ആള്‍ തന്നെ ആണ്.. :)

    ReplyDelete
  49. ഒഴുക്കോടെ വായിച്ചു പോകാന്‍ പറ്റിയ നല്ല കഥ
    (ഇതൊക്കെ ടൈപ് ചെയ്തുണ്ടാക്കിയ ആളെ സമ്മതിക്കണം!)

    ReplyDelete
  50. ഒരുപാടുകാലം കൂടിയാണ് ഇന്ന് ബ്ലോഗു വായനക്കിറങ്ങിയത്.
    വന്നുപെട്ടത് ഈ പുലിയുടെ മടയില്‍..!
    ദക്ഷിണയൊന്നും വയ്ക്കാതെതന്നെ നീട്ടിയൊരു പിടി പിടിച്ചു..! പത്തുമിനിറ്റില്‍ ഞാന്‍ ഫ്ലാറ്റ്..!
    നല്ലയൊരു വായനതന്നതിന് നന്ദീണ്ട് പൂവേ..!

    ReplyDelete
  51. അനുഭവ സമ്പത്തിന്റെ മനോഹാരിത ഈ എഴുത്തില്‍ കാണാം .
    മനോഹരമായ ഒരു സൃഷ്ട്ടി .
    അഭിനന്ദനം

    ReplyDelete
  52. അനായാസമുള്ള വായന തരുന്ന കഥ.ആശംസകള്‍ .

    ReplyDelete
  53. പുതിയ കഥാന്ത്യം തന്നെയാണ് ഇപ്പോള്‍ കഥയുടെ ജീവന്‍ ... ഇനി ഒന്നും പറയാനില്ല ..!

    ReplyDelete
  54. എനിക്കിഷ്ടായി ഈ കഥ.

    ReplyDelete
  55. അറിയാത്ത ഒരാള്‍ അമ്മയോട് അടുത്ത് കൂടി നില്‍ക്കുന്നു എന്ന് അറിയുമ്പോള്‍ അയാള്‍ക്ക് എന്തോ ദുഷ്ടലക്ഷ്യമുണ്ട് എന്ന് ശങ്കിച്ച് അസ്വസ്ഥനാവുന്ന മകനെ നമുക്ക് ഉള്‍കൊള്ളാനാവും. അമ്മയോടുള്ള സ്നേഹവും കെയറും മകനെ അത്തരമൊരവസ്ഥയിലെ എത്തിക്കൂ. അയാള്‍ നല്ലവനാണെന്ന് അമ്മ ആണയിടുമ്പോഴും അത് മകന് വിശ്വസിക്കാന്‍ കഴിയുന്നില്ല. പിന്നെ നാട്ടിലെത്തി ഗോപാലകൃഷ്ണനെ തേടിയിറങ്ങുന്നതും ആ മനസ്സ് തന്നെ. ഗോപാലകൃഷ്ണന്‍ വ്യാജനാണ് എന്ന് സ്ഥാപിക്കാന്‍ മകന്‍ ഇറങ്ങുമ്പോള്‍ അമ്മ വിഷമിക്കുന്നത് അത് സത്യമാവുമെന്നു ഓര്‍ത്തല്ല. അങ്ങിനെയുള്ള ഒരു തണലും ഇല്ലാതാവുകയാണല്ലോ എന്നോര്‍ത്താണ്. മകന്‍ വൈകിയാണെങ്കിലും അത് തിരിച്ചറിയുന്ന മുഹൂര്‍ത്തം കഥയിലെ ഏറ്റവും മനോഹരമായ ട്വിസ്റ്റ്‌ ആയി വായനക്കാരനിലും നിറയുന്നു. റോസിലി കഥ വളരെ മികച്ചതായി.

    ReplyDelete
  56. റോസാപൂക്കൾ... ഏറെക്കാലത്തിനുശേഷമാണ് ഈ വഴിയൊക്കെ വരുന്നത്... നഷ്ടമായില്ല... മനോഹരമായ ഒരു അവതരണം... ഏകാന്തതയുടെ വിഷമങ്ങളിൽ ജീവിയ്ക്കുന്നവരുടെ മനോവിഷമങ്ങളും, ചിന്തകളും മനോഹരമായിത്തന്നെ പകർത്തിയിരിയ്ക്കുന്നു... ഇത്തരത്തിലൊരു ഗോപാലകൃഷ്ണനെ മനസ്സുകൊണ്ടാണെങ്കിലും കണ്ടെത്താൻ സാധിയ്ക്കാത്തവർ അനുഭവിയ്ക്കുന്ന ഏകാന്തത എത്രമാത്രം വലുതായിരിയ്ക്കും.. പുതുതലമുറ എന്നാണോ അത് മനസ്സിലാക്കുക... ഇനിയുള്ള ദിവസങ്ങളിൽ ഒരു കെട്ട് പുസ്തകങ്ങളുമായി ഗോപാലകൃഷ്ണൻ, ജാലകത്തിനരികിൽ എത്തുമെന്ന് പ്രത്യാശിയ്ക്കാം...
    മനോഹരമായ ഒരു വായനാനുഭവം പകർന്നതിന് ഏറെ നന്ദി......

    ReplyDelete
  57. കാലത്ത് തന്നെ ഒരു നല്ല കഥ വായിച്ചു.

    സ്ഥിര പരിചിതരായ ആളുകളെ പോലെ കഥാപാത്രങ്ങള്‍. ലളിത മനോഹരമായ ആഖ്യാനം. എകാന്തതയുടെ വേറിട്ട ലോകത്ത് വ്യാപരിക്കുന്ന ആ അമ്മയുടെ ചിന്തകളും മനസ്സും നന്നായി പകര്‍ത്തി.

    രോസിലിജിയെ പോലെ കയ്യടക്കമുള്ള ഒരു എഴുത്തുകാരിക്ക് കഥ ഒന്ന് കൂടി ചുരുക്കിപ്പറയാമായിരുന്നു എന്നൊരു കൊച്ചു പരാതി കൂടി ഇവിടെ ഉന്നയിച്ചു തിരിച്ചു പോകട്ടെ ... ആശംസകള്‍

    ReplyDelete
  58. ലളിതം ,ഭാവസുന്ദരം,ശൈലി എവിടെയും മുഷിപ്പിക്കുന്നില്ല ..

    ReplyDelete
  59. കഥ വളരെ മനോഹരമായിരിക്കുന്നു.
    ആരുമായും കൂട്ടുകൂടിപ്പോകുന്ന ഒരവസ്ഥയാണ് ഒറ്റപ്പെടൽ. മകന്റെ അമ്മയെ ഓർത്തുള്ള ഭയവും നന്നായി വരച്ചു കാട്ടിയിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  60. ഒരു നന്മ നിറഞ്ഞ മക്കളും ഇത് വായിച്ചിരിക്കണം. നന്നായി റോസി

    ReplyDelete
  61. ee gópaalakrushnan ennayaal ushaadéviyude doothan aayirikkum allé....? enthaayaalum ushaadévi ippózhum snéham/pranayam ullilvechukkondu nshtaswapnangalumaayi nadakkunnundaayirikkum.

    TJ 3ssur

    ReplyDelete
  62. കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും. നന്ദി.
    കഥ കുറച്ചു നീണ്ടു പോയി എന്ന അഭിപ്രായം പലരും പറഞ്ഞു.ക്ഷമിക്കുക. അടുത്ത എഴുത്തില്‍ ഞാന്‍ ഇത് തീര്ച്ചയായും ശ്രദ്ധിക്കുന്നതാണ്

    ReplyDelete
  63. മുഷിപ്പിക്കാത്ത വായന കിട്ടുന്നു ഈ പോസ്റ്റില്‍ അവസാന ഭാഗം കൂടുതല്‍ മനോഹരം..അഭിനന്ദനങ്ങള്‍..

    ReplyDelete
  64. വളരെ നല്ല കഥ !ആശംസകള്‍ ,പിന്നെ ഒരല്‍പ്പം കൂടി ചുരുക്കാമായിരുന്നില്ലെ ,എന്നു തോന്നി .

    ReplyDelete
  65. രാവിലെ മൊബൈലില്‍ വായിച്ചിരുന്നു. കമന്റാന്‍ കഴിയാഞ്ഞതില്‍ പിന്നത്തേക്ക് മാറ്റിയതാ. വളരെ ഗൌരവമായ ഒരു വിഷയം അതിന്റെ തീവ്രത നഷ്ടപ്പെടാതെ മനോഹരമായി അവതരപ്പിച്ചു എന്നു തന്നെ പറയാം. എന്നിരുന്നാലും കള്ള കൃഷ്ണന്‍ തന്നെയാണു അമ്മയുടെ ഏകാന്തതയ്ക്ക് കൂട്ടിനു വരുന്നതെന്ന് ആദ്യം തന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. വയസ്സായവരുടെ വിഷമം അവരുടെ ഏകാന്തത തന്നെയാണു., അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു സുഹൃത്തിന്റെ അഭാവം.. കഥ ഇഷ്ടപ്പെട്ടു ആശംസകള്‍...

    ReplyDelete
  66. Dear Rosily, nice story, simple language and beautiful presentation. Congrats & best wishes.

    ReplyDelete
  67. വായനാവസാനം ഗോപാലകൃഷ്ണന്‍ ഒരു ചോദ്യചിഹ്നം പോലെ നില്‍ക്കുകയാണ്. എങ്കിലും വാര്‍ധക്യത്തിന്‍റെ ഏകാന്തതയിലേക്കും അവഗണനയിലെക്കും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതില്‍ കഥാകാരി വിജയിച്ചു.

    ഭാര്യക്കും മക്കള്‍ക്കും ജോലിമാറ്റത്തിനും കഥാഗതിയില്‍ വലിയ പ്രാധാന്യം ഇല്ലന്നിരിക്കെ ക്രാഫ്ടിംഗ് അല്പം നീണ്ടുപോയോ എന്ന് സംശയമുണ്ട്.

    ReplyDelete
  68. ഗോപാലകൃഷ്ണന്‍, പത്ത് ബി
    അമ്മയോട് സംസാരിച്ചു ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ മനസ്സില്‍ നിന്നും ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍ അമ്മയുടെ അടുത്ത്‌ ചെന്നിരുന്നത്രേ.. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ‍ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയി എന്നും അമ്മ പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണന്‍ എന്ന്.

    Your copy protection is not a good idea..try something else....

    regards
    A friend...

    ReplyDelete
  69. നന്നായിരിക്കുന്നു. ഒരുപാടിഷ്ടായി. :)

    ReplyDelete
  70. നല്ല കഥ. പക്ഷേ റോസാപൂക്കളിലെ മറ്റു കഥകളുടെ ഇടയിലേക്ക് കേറി നില്ക്കാൻ കഴിയില്ല എന്ന് തന്നെയാണ് അഭിപ്രായം.

    When you give good we ask better and then the best and better than the best!!

    ReplyDelete
  71. എങ്കിലും ആ ഗോപലാൻ ......

    ReplyDelete
  72. നല്ല ഒരു കഥ വായിച്ച സന്തോഷത്തോടെ.........ആശംസകൾ

    ReplyDelete
  73. ഇവിടെതാൻ കുറെ വൈകി
    നന്നായിപ്പറഞ്ഞു
    പക്ഷെ പലരും പറഞ്ഞതുപോലെ
    അൽപ്പം നീട്ടിപ്പറഞ്ഞതുപോലെ
    എനിക്കും തോന്നി. സാരമില്ല
    നല്ല ഒഴുക്കോട് തന്നെ വായിച്ചു
    പിന്നെ ഈ തിരക്ക് പിടിച്ച യുഗത്തിൽ
    ആർക്കാ സഘാവേ സമയം ഇതുപോലുള്ള
    നീണ്ടാകഥകൾ വായിക്കാൻ! ചിരിയോ ചിരി
    കഥകൾ മിനിക്കഥകൾ ആക്കാൻ ശ്രമിച്ചാൽ
    കൂടുതൽ നന്ന്. വീണ്ടും LOL
    ആശംസകൾ

    ReplyDelete
  74. Appol Gopalakrishnan aa paavam ammayude oru thonnal maathramaano?
    Nalla kadha.... thanks for this great one...
    Warm Regards ... Santhosh Nair
    http://www.sulthankada.blogspot.in/

    ReplyDelete
  75. ഇഷ്ട്ടായി.,

    ആ അമ്മയെയും മകനെയും

    ReplyDelete
  76. ഹോ!!എത്ര സുന്ദരമായ വായനാനുഭവം.

    എല്ലാവരും പറഞ്ഞത്‌ പോലെ ചുരുക്കിപ്പറഞ്ഞിരുന്നെങ്കിൽ ഈ സുഖം കിട്ടില്ലായിരുന്നു..."ഒന്ന് നാട്ടിൽ പോയേച്ച്‌ വാടോ" എന്ന് ഞാൻ അയാളോട്‌ പറഞ്ഞോ എന്നൊരു സംശയം.

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍