3.12.12

സൌമിത്രി കി ദാദിസെന്‍ട്രല്‍ പാര്‍ക്കിന്‍റെ എതിര്‍വശം കാണുന്ന ‘അരിഹന്ത് ’ എന്നു വലിയ അക്ഷരത്തില്‍ എഴുതിയ ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ നിന്നുമാണ് ആ വൃദ്ധ പേരക്കുട്ടിയുടെ  കൂടെ സായാഹ്നങ്ങളില്‍ പാര്‍ക്കിലേക്ക്‌ വരുന്നത്. എല്ലാ ദിവസവും വൈകുന്നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ പാര്‍ക്കിലെ ബെഞ്ചില്‍ വന്നു കുറച്ചു നേരം വിശ്രമിക്കും. വൃദ്ധയുടെ കൈപിടിച്ചു വരുന്ന പേരക്കുട്ടി സൌമിത്രിയെയും എനിക്കറിയാം. മേഘ്ന മല്‍ഹോത്ര എന്നാണവളുടെ ശരിക്കുള്ള  പേര്. സൌമിത്രി എന്നത് വീട്ടിലെ വിളിപ്പേരാണ് എന്‍റെ മകള്‍ ശില്പ്പയുടെ ക്ലാസ്സില്‍ തന്നെയാണ് അവളും. ഒരു പൂമ്പാറ്റയുടെ ചാരുതയുള്ള പന്ത്രണ്ടു വയസ്സുകാരി. അവളുടെ അച്ഛന്‍ ഡോ. അജയ്‌ മല്‍ഹോത്രയും അമ്മ നേഹയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളും.പക്ഷെ ഈ വൃദ്ധ ആ വീട്ടില്‍ ഒരു പൊരുത്തക്കേട്  പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അധികം നിറമില്ലാത്ത പരുത്തി സാരിയിലാണ് അവര്‍ എന്നും. സാരിയുടെ പല്ലവ്‌ എപ്പോഴും തലയിലൂടെ ഇട്ടിട്ടുണ്ടാകും. കാലില്‍ വില കുറഞ്ഞ വള്ളിച്ചെരുപ്പ്‌.  ഒരു എണ്‍പത്  വയസ്സിധികം കാണും അവര്‍ക്ക്‌. കുറച്ചു പ്രായമായതിനു ശേഷം ഉണ്ടായതാകണം ഈ ഡോക്ടര്‍. മകന്‍. ഞാന്‍ ആദ്യം കണ്ടപ്പോള്‍  അവരെ ഡോക്ടര്‍ മല്‍ഹോത്രയുടെ ദാദി എന്നാണു വിചാരിച്ചത്. എന്താ ഈ സ്ത്രീ ഇങ്ങനെ..? ഒരു ഡോക്ടറുടെ അമ്മയല്ലേ ..? ഇത്ര വില കുറഞ്ഞ നിറം മങ്ങിയ വസ്ത്രങ്ങളില്‍..?. അവരുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി എന്ന പതിനെട്ടുകാരിക്കുകൂടെ നല്ല ചുരിദാറുകള്‍ നേഹ വാങ്ങി കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടാണോ അവര്‍ ഈ വൃദ്ധയെ ഈ രീതിയില്‍ ..? മൂന്നു മാസം മുന്‍പ്‌  മല്‍ഹോത്രയുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അവര്‍ ദില്ലിയില്‍ നിന്നും ഇവിടെ വന്ന് ഈ മകന്‍റെ കൂടെ താമസമാക്കിയത്. നേഹക്ക് ജോലിയുള്ളത് കൊണ്ടു അമ്മയുടെ കാര്യങ്ങള്‍ നോക്കാനാണ് മീനാക്ഷി എന്നാണു നേഹ എന്നോടു പറഞ്ഞിട്ടുള്ളത്. എന്നിട്ടാണ് ഈ വൃദ്ധയെ ഇങ്ങനെ. ഇക്കാര്യം നേഹയോടു പലവട്ടം ചോദിക്കാന്‍ ആഞ്ഞിട്ടുണ്ട് ഞാന്‍ .പക്ഷെ അതിന്റെ ഔചിത്യക്കുറവില്‍  അത് മനസ്സില്‍ അടക്കിയിട്ടെ ഉള്ളു.അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ അവരുടെ കൂടെ  നേഹയും കാണും. ഒരു മണിക്കൂര്‍ നേരത്തെ നടത്തം കഴിഞ്ഞു തിരികെ വീട്ടിലേക്ക്‌ പോകുന്നതിനു മുന്‍പ്‌ ഞാന്‍ പാര്‍ക്കിലെ കൃത്രിമം എങ്കിലും മനോഹരമായി ഉണ്ടാക്കിയിട്ടുള്ള തടാകത്തിന്‍റെ കരയിലെ ബെഞ്ചിലിരുന്ന്  വെള്ളത്തിലൂടെ നീന്തി നീങ്ങുന്ന മീന്‍ കുഞ്ഞുങ്ങളെ നോക്കി കുറച്ചു നേരം വിശ്രമിക്കും. വൃദ്ധ പാര്‍ക്കിലെ വിവിധ തരത്തിലുള്ള ഊഞ്ഞാലുകളില്‍ കുട്ടികള്‍ കളിക്കുന്നത് കൌതുകത്തോടെ നോക്കിയിരിക്കുന്നത് കാണാം. ഇതിനിടെ സൌമിത്രി വന്ന്‍ “ഹായ്‌ ആന്റി..ശില്പ ആയി നഹീ..?” എന്നോ മറ്റോ കളിക്കിടെ വന്നു പറഞ്ഞിട്ട് ഓടിപ്പോകും. നിത്യവും കാണുന്ന മുഖമായത് കൊണ്ടു അവളുടെ ദാദി എന്നെ നോക്കി മന്ദഹസിക്കാറുണ്ട്.

“മാജീ..കൈസി ഹേ..?”

എന്ന എന്‍റെ സ്ഥിരം ചോദ്യത്തിന്

”ട്ടീക്ക് ഹും..ബേട്ടീ”

എന്നവര്‍ പതിവ് മറുപടിയും പറയും. അതില്‍ കൂടുതല്‍ ഉപചാരങ്ങളോ സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ ഇല്ല.

പക്ഷെ ഇന്നെന്തോ അവര്‍ എന്‍റെ അടുത്തു വന്നിരുന്നു. സംസാരിക്കാനുള്ള താത്പര്യം കാണിച്ചു. എന്‍റെ നാട് എവിടെയെന്നു ചോദിച്ചു. ഞാന്‍ കേരള്‍, കൊച്ചിന്‍ എന്നൊക്കെ അവരോടു പറഞ്ഞു.

“കേരളാ...ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി... ഈസ്‌ന്‍റ് ഇറ്റ്‌....?”

“ഹാം..ജീ...” ഞാന്‍  മറുപടി പറഞ്ഞു.

നല്ല ആംഗലേയ ഉച്ചാരണത്തിലെ അവരുടെ സംസാരം എന്നെ തെല്ല് അമ്പരപ്പിച്ചു. ഈ വൃദ്ധ ആളു ഞാന്‍ വിചാരിച്ചപോലെ അല്ലല്ലോ. സാധാരണ വടക്കെ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുമുള്ള വിദ്യാഭ്യാസം ഇല്ലാത്ത ഒരു സ്ത്രീ എന്നാണു ഞാന്‍ അവരെപ്പറ്റി കരുതി ഇരുന്നത്. ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി. നിറം കുറഞ്ഞ സാരിയുടെ പല്ലവിനുള്ളിലെ മുഖത്ത് ഒരു കുലീനത്വം ഉണ്ട്.

“മാജീ...നിങ്ങള്‍ ദില്ലിക്കാരാണ് അല്ലെ...?”

ഞാന്‍ അവരോടു സംസാരിക്കുവാന്‍ തുടങ്ങി.

“അല്ല ഞങ്ങള്‍ ശരിക്കും ഗുജറാത്തുകാരാണ്. ദില്ലിയില്‍ വന്നു താമസിക്കുന്നു എന്നേ ഉള്ളു.” അവര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു..

“ഓ..അപ്പോള്‍ നിങ്ങള്‍ ഗുജറാത്തികള്‍ ആണല്ലെ..? അതെനിക്കറിയില്ലായിരുന്നു. നേഹയും അത് പറഞ്ഞിട്ടില്ല. ”

“അല്ല ബേട്ടീ..ഞങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന ഗുജറാത്തികള്‍ അല്ല.”

“പിന്നെ..?”

എനിക്കവര്‍ എന്താണ് പറഞ്ഞതെന്നു  മനസ്സിലായില്ല. ഗുജറാത്തില്‍ നിന്നും ദില്ലിയില്‍ പോയി താമസിക്കുന്നവര്‍  ഗുജറാത്തികള്‍ അല്ലാതെ പിന്നെ ആരായിരിക്കും...? ഞാന്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി. അത് മനസ്സിലായി എന്നവണ്ണം അവര്‍ വിശദമാക്കി.

“ഞങ്ങള്‍ റാവല്‍പിണ്ടിയിലെ ഗുജറാത്ത്‌ എന്ന സ്ഥലത്ത് നിന്നും ദില്ലിയില്‍ താമസമാക്കിയവരാണ്. “

ഒരു നിമിഷം എടുത്തു എനിക്ക് അവര്‍ പറഞ്ഞത് മനസ്സിലാകുവാന്‍.. റാവല്‍ പിണ്ടി...പാക്കിസ്ഥാനിലെ...? പിന്നെ സംശയത്തോടെ ആരാഞ്ഞു

“അപ്പോള്‍..? നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും വിഭജനത്തില്‍....?” എനിക്ക്  വാക്കുകള്‍ തടഞ്ഞു.

“അതെ.”
അവര്‍ ഉത്തരം നല്കിയിട്ടു ഒനും പറയാനില്ലാതെ വെറുതെ കുറെ നേരം നെടുവീര്‍പ്പ് ഇട്ടു കൊണ്ടിരുന്നു. ആ ഭാവമാറ്റം മനസ്സിലാക്കിയ ഞാന്‍ അവരോടു ക്ഷമ ചോദിച്ചു.

“മാഫ് ദീജിയേ..മാജീ...മേം അപ് കോ തംഗ് കിയാ..?” (ക്ഷമിക്കൂ മാജീ...ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചോ) എന്നിട്ട് പോകുവാന്‍ ഒരുങ്ങി.

“രുക്കോ..ബേട്ടീ ..അപ് നേ ഹം കോ ക്യാ തംഗ് കിയാ..?”(നില്‍ക്കൂ മോളെ...നീ എന്നെ എന്ത് വിഷമിപ്പിച്ചു)

എന്നെ പിടിച്ചിരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി. റാവല്‍ പിണ്ടിയിലെ ഗുജറാത്തിലെ ജന്മിയുടെ മകളായി ജീവിച്ച ബാല്യകാലം. വെള്ളക്കുതിരകള്‍ പൂട്ടിയ വണ്ടിയില്‍ ഭൃത്യന്‍മാരുടെ അകമ്പടിയോട് കൂടെ വെള്ളക്കാരായ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പോയത്. പതിനാറു വയസ്സ് കഴിഞ്ഞപ്പോള്‍ പെഷവാറിലെ സമ്പന്ന കുടുംബാഗമായ ദീന്‍ദയാല്‍ മല്‍ഹോത്രയെ വിവാഹം കഴിച്ചത്,

“അജയിന്‍റെ ചേച്ചിയെ പ്രസവിച്ചു മൂന്നു മാസം കഴിയുന്നതിനു മുന്‍പായിരുന്നു ഞങ്ങള്‍ക്ക്‌ അവിടം വിട്ടു പോരേണ്ടി വന്നത്. അവര്‍ പറഞ്ഞു നിര്‍ത്തി.”

“അപ്പോള്‍ അജയ്‌ നിങ്ങള്‍ പക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ വന്നതിനു ശേഷം ഉണ്ടായ മകനായിരിക്കും അല്ലെ..?

പൊടുന്നനെ അവരുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നു .

“ഏതു ഇന്ത്യയും പാക്കിസ്ഥാനും...? അന്ന് ഒരു ഭാരതം മാത്രമേ ഇവടെ ഉണ്ടായിരുന്നുള്ളൂ. ഭാരതീയര്‍ മാത്രമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ. റാവല്‍പിണ്ടിയും ലാഹോറും അലഹബാദും ദില്ലിയും എല്ലാം ചേര്‍ന്ന ഭാരതം.”

പെട്ടെന്നവര്‍ പ്രകോപിതയായതില്‍ ഒന്നും മിണ്ടാനാവാതെ ഞാന്‍ അവരെ തന്നെ നോക്കി നിന്നു. പ്രായാധിക്യം ഉണ്ടെങ്കിലും ഒരു കാലത്ത്  സുന്ദരിയായിരുന്നു എന്ന് തെളിയിക്കുന്ന ആ വെളുത്ത സുന്ദര മുഖം നിമിഷം കൊണ്ടു ചുവന്നു. കണ്ണുകളില്‍ ജലരേഖകള്‍ തെളിഞ്ഞു. സാരിയുടെ തുമ്പ്‌ കൊണ്ടു അത് തുടച്ചു കളഞ്ഞിട്ടു അവര്‍ മെല്ലെ ചിരിച്ചു.

“മാഫ് ദീജിയേ ബേട്ടീ...(ക്ഷമിക്കൂ മോളേ..)നിങ്ങള്‍ ഭാരതത്തിന്‍റെ ഒരററത്തു ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാകില്ല.”

“അതൊക്കെ ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ഇന്ത്യാ വിഭജനത്തെ പറ്റി.”

ഞാന്‍ എന്‍റെ സാമൂഹിക പാഠവിജ്ഞാനം അവരെ അറിയിക്കുവാന്‍ ശ്രമിച്ചു.

“പുസ്തകക്കണക്കുകളിലും കഥകളിലും സിനിമകളിലും നിന്നല്ലേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. അതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നെന്നോ ഞങ്ങള്‍ അനുഭവിച്ചത്. പെട്ടെന്നൊരു ദിവസം ഉള്ളതെല്ലാം ഉപേക്ഷിച്ച് എവിടേക്കെന്നു പോലും അറിയാതെ. കൈക്കുഞ്ഞിനേയും എടുത്താണ് ഞാന്‍ ആ യാത്ര തുടങ്ങിയത്. നാട്ടില്‍ ലഹള തുടങ്ങിയപ്പോള്‍ എന്നെയും മകള്‍ ഊര്‍മിളയെയും  മാതാപിതാക്കള്‍ക്കൊപ്പം അതിര്‍ത്തി കടത്തി രക്ഷിക്കുവാന്‍ എന്‍റെ മൂത്ത സഹോദരന്‍ ബുഭേന്ദറെ  എല്പ്പിച്ച ശേഷം  തന്‍റെ വൃദ്ധരായ മാതാപിതാക്കളെ അന്വേഷിച്ചു പെഷവാറിലേക്ക് പോയ അജയിന്‍റെ പാപ്പയെ ഞാന്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കണ്ടത്. രണ്ടാമത് കണ്ടു മുട്ടുന്നത് വരെ അദ്ദേഹം മരിച്ചു പോയി എന്ന് തന്നെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.

ഒരേ സഹോദരങ്ങളായി കഴിഞ്ഞിരുന്നവര്‍ എങ്ങനെയാണ് ആ ദിവസങ്ങളില്‍ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. എങ്ങോട്ടെന്നറിയാത്ത ആ യാത്രയില്‍ വഴിയില്‍ കുന്ത മുനകളില്‍ കുത്തി നിറുത്തിയിരുന്ന കുഞ്ഞുങ്ങളുടെ ജഡം വരെ കാണേണ്ടി വന്നു. ആ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക്‌ ഹിന്ദുക്കുഞ്ഞുങ്ങളോ  മുസ്ലീം കുഞ്ഞുങ്ങളോ  ആയിരുന്നില്ല. മനുഷ്യ കുഞ്ഞുങ്ങളായിരുന്നു. കിണറുകള്‍ ശവശരീരങ്ങള്‍ കൊണ്ടു നിറഞ്ഞു. കൈയ്യില്‍ കൊള്ളുന്നത് പെറുക്കി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  വീടിന്‍റെ പിന്നിലെ വയലില്‍ കണ്ണെത്താ ദൂരം വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്‍റെയും ചോളത്തിന്‍റെയും കതിരുകള്‍ നോക്കി അമ്മ പൊട്ടി കരഞ്ഞു.  എരുമത്തൊഴുത്തില്‍ നിന്നിരുന്ന എരുമക്കൂട്ടങ്ങള്‍ക്ക് ഇറങ്ങുന്നതിനു മുന്‍പ്‌ വെള്ളം കൊടുക്കുവാന്‍ വേലക്കാരെ എല്‍പ്പിക്കുവാനും അമ്മ മറന്നില്ല. ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ പാപ്പ എന്‍റെ കയ്യില്‍ ഒരു കുപ്പി വിഷം ഒരു ചരടിലാക്കി എന്‍റെ കഴുത്തില്‍ കെട്ടിയിട്ടു  തന്നു. വഴിയില്‍ മാനം നഷ്ടപ്പെടുന്നതിനു മുന്‍പ്‌ ഉപയോഗിക്കുന്നതിന് വേണ്ടി. സഞ്ചിയില്‍ മൂര്‍ച്ചയുള്ള ഒരു കഠാരയും ”

ഞാന്‍ തരിച്ചു നിന്ന് അവരുടെ വിവരണം കേള്‍ക്കുകയാണ്. ഇപ്പോള്‍ ഒരു തുള്ളി കണ്ണീരോ വാക്കുകളില്‍ വികാര വിക്ഷോഭമോ ഇല്ല അവര്‍ക്ക്. ശബ്ദത്തില്‍ തെല്ലും ഇടര്‍ച്ചയില്ലാതെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.

“പോകുന്ന വഴിയിലും ആളുകള്‍ പരസ്പരം കൊന്നു. എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ.. ചലനമറ്റു കിടക്കുന്ന ശരീരങ്ങളില്‍ തട്ടാതെ കുതിരയെ നീയന്ത്രിക്കാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ വിഷമിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞായിരുന്ന ഊര്‍മിള ഒന്നുമറിയാതെ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അപ്പോഴും. കഴുത്തില്‍ കിടക്കുന്ന വിഷക്കുപ്പിയും സഞ്ചിയിലെ കഠാരയും ഓരോ നിമിഷവും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

പോകുന്ന വഴി ലഹോറിലുള്ള ചാച്ചയുടെ(ഇളയച്ഛന്‍) വീട്ടില്‍ കയറി അവരെ കൂടി കൂട്ടാം എന്നു ഭയ്യ പറഞ്ഞതനുസരിച്ചു അവിടെ ചെന്ന ഞങ്ങള്‍ കണ്ട കാഴ്ച.... വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും അതെന്നെ വിടാതെ പിന്‍ തുടരുകയാണ്.

ഇളയ മകള്‍  സൌമിത്രിയെ കിണറ്റിന്‍ കരയില്‍ നിര്‍ത്തിയിരിക്കുകയാണ് ചാച്ച. ലഹളയില്‍ മുറിവേറ്റു അവശനായ ചാച്ചയും അരികില്‍ ഉണ്ട്. മാനം നഷ്ടപ്പെടുന്നതില്‍ ഭേദം മരണം എന്ന തീരുമാനത്തില്‍ കിണറ്റില്‍ ചാടാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. ചാച്ചിയെയും വിവാഹ നിശ്ചയം കഴിഞ്ഞ മൂത്ത മകള്‍ സാവിത്രിയെയും ലഹളക്കാര്‍ പിടിച്ചു കൊണ്ടു പോയിരുന്നു. പതിമൂന്നുകാരിയായ സൌമിത്രിയെ തൊഴുത്തിനരികിലെ  വൈക്കോല്‍ കൂനയില്‍ ഒളിപ്പിച്ചു വെച്ചാണ് ചാച്ച രക്ഷിച്ചത്"

“അരുതെ....ചാച്ചാജീ....അവളെ ഞാന്‍ കൊണ്ടു പോകാം." എന്ന ബുഭേന്ദര്‍ ഭയ്യയുടെ യാചന ചെവികൊള്ളാതെ ഒരു കല്ല്‌ പോലെ കണ്ണടച്ചു നിന്നു ചാച്ച കിണറ്റില്‍ കരയില്‍ നിന്നു. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന സൌമിത്രി ഞങ്ങളെ നോക്കി എങ്കിലും ഒരു പരിചയ ഭാവം പോലും കാണിച്ചില്ല. ഒരൊറ്റ ദിവസം കൊണ്ടു അവള്‍ ആകെ  മാറിപ്പോയി. “അവളെ കൊല്ലല്ലേ ചാച്ചാ... “എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞിട്ടും ചാച്ചക്കും സൌമിത്രിക്കും തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രണ്ടു പെണ്‍കുട്ടികളെയും പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം അതിര്‍ത്തി കടത്തുവാന്‍ ഭയ്യക്കാവില്ല എന്ന് മുഖം തരാതെ  പറഞ്ഞു കൊണ്ടു അവളെ കിണറ്റിലേക്ക് തള്ളിയിട്ടു.  “പാപ്പാ...” എന്നു അലറിക്കരഞ്ഞുകൊണ്ടുള്ള സൌമിത്രിയുടെ വിളി അവള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദത്തേക്കാളും ഉയര്‍ന്ന്  കിണറിനുള്ളില്‍ നിന്നും പ്രതിധ്വനിച്ചു. പിന്നാലെ അവളുടെ  അവസാന ശ്വാസം ഉണ്ടാക്കിയ ഓളങ്ങള്‍...അത് നിലക്കുന്നത് വരെ ഞങ്ങള്‍ കണ്ണടച്ചിരുന്നു. പെട്ടന്ന് വീണ്ടും ഒരു വലിയ ശബ്ദം കേട്ട് കണ്ണ് തുറന്ന ഞങ്ങള്‍ കിണറ്റില്‍ കരയില്‍ നിന്ന ചാച്ചയെ കണ്ടില്ല. കിണറ്റില്‍ നിന്നും വീണ്ടും വായൂ കുമിളകള്‍ വെള്ളത്തില്‍ തിരയിളക്കങ്ങള്‍  സൃഷിക്കുന്ന ശബ്ദം കേള്‍ക്കുവാനാവാതെ ഞങ്ങള്‍ കാതു പൊത്തി. ഒടുവില്‍ തിരിച്ചു കുതിര വണ്ടിയില്‍  കയറി ഇരിക്കുമോഴും ആ കിണറ്റില്‍ കരയിലേക്ക്‌ നോക്കുവാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായില്ല. സൌമിത്രിയുടെ “പാപ്പാ... “എന്ന കരച്ചില്‍ അപ്പോഴും ചെവിയില്‍ വന്നലച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ തന്നെ കുതിരക്കാരന്‍ അബ്ദുള്ളയാണ് അമൃതസറില്‍  എത്തിച്ചത്. വഴിയില്‍ ഞങ്ങളെ തടഞ്ഞു ഉപദ്രവിക്കാന്‍ വരുന്നവരില്‍ നിന്നെല്ലാം അബ്ദുള്ള തന്ന വേഷ വിധാനങ്ങള്‍ ഞങ്ങളെ രക്ഷിച്ചു. കുതിരകളുമായി തിരികെ പോരാന്‍ നേരം അബ്ദുള്ള എന്‍റെ ഭയ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു ചോദിച്ചു.

“ഏതു ദൈവം ക്ഷമിക്കും ഇത്..? നമ്മുടെ രാജ്യത്തിന്‍റെ നെഞ്ചിലാണ്  കോടാലി വെച്ച് പകുത്തത്. നമ്മളാരും ഈ കാലത്ത് ഭൂമിയില്‍ പിറക്കേണ്ടിയിരുന്നില്ല. ഇതിനു വളരെ മുന്‍പോ ശേഷമോ പിറന്നാല്‍ മതിയായിരുന്നു. എന്ത് പാപം ചെയ്തിട്ടാണ് നാം ഈ സമയത്ത് തന്നെ പിറന്നത്....?”

അബ്ദുള്ള കുതിര വണ്ടിയുമായി കണ്മുനില്‍ നിന്നു മറഞ്ഞ ശേഷം അമൃതസറിലെ അഭയാര്‍ഥി ക്യാമ്പ് കണ്ടു പിടിച്ച ഞങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു കഷണം റോട്ടിക്കും ഒരു കരണ്ടി ദാളിനും വേണ്ടി അവിടെ എല്ലാവരും തെരുവ് നായ്ക്കളെപ്പോലെ കടിപിടി കൂടി. ആദ്യമൊക്കെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നും വന്നവര്‍ എന്ന നാട്യത്തില്‍ ഞങ്ങള്‍ ഭക്ഷണത്തിനു തല്ലു കൂടാറില്ലായിരുന്നു. പക്ഷെ പട്ടിണി അതിന്‍റെ എല്ലാ രൌദ്രഭാവത്തിലും ഞങ്ങളെ വേട്ടയാടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല.  അച്ഛനും അമ്മയും അപ്പോഴും റാവല്‍പിണ്ടിയിലെ സമൃദ്ധി  ഓര്‍ത്ത്‌ കരഞ്ഞു കൊണ്ടിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധിയും വളരെ സാധാരണമായിരുന്ന ആ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് തന്നെ അവര്‍ രണ്ടു പേരും മരിച്ചു.

പിന്നെയും അഞ്ചെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ദില്ലിയില്‍ ജോലി തേടിപ്പോയ ഭയ്യ യാദൃശ്ചികമായി അജയിന്‍റെ അച്ഛനെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ ഭയ്യയുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഞങ്ങള്‍ മരിച്ചു പോയി എന്നാണു അദ്ദേഹവും വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിനു അവിടെ ഒരു ഒരു സര്‍ക്കാര്‍ ഉദ്യോഗവും തരപ്പെട്ടിരുന്നു. ലഹളക്കാലത്ത് പെഷവാറിലേക്ക് മാതാപിതാക്കളെ തേടിപ്പോയ അദ്ദേഹത്തിന് അവരെയും കണ്ടു പിടിക്കാനായിരുന്നില്ല. അന്ന് മരിച്ച ആറു ലക്ഷം മനുഷ്യരുടെ കൂടെ അവരും പോയിക്കാണും.

“ആറു ലക്ഷമോ..?”

“അതെ ആറു ലക്ഷം. ഒരു മഹാ യുദ്ധത്തില്‍ മരിച്ചതിലധികം ആളുകളാണ് അന്ന് രണ്ടിടത്തുമായി മരിച്ചു വീണത്. സഹോദരങ്ങള്‍ പരസ്പരം വെട്ടി വീഴ്ത്തിയത്. പിന്നീട് ഓരോ ആഗസ്റ്റ് മാസത്തിലും രാജ്യം അതിന്റെ സ്വാതന്ത്യം കൊണ്ടാടുമ്പോള്‍ ഞങ്ങള്‍ റാവല്‍ പിണ്ടിയിലെ നഷ്ടപ്പെട്ട സമൃദ്ധി ഓര്‍ത്ത്‌ ദുഖിച്ചു. കിണറ്റിനുള്ളില്‍ നിന്നും കേട്ട സൌമിത്രിയുടെ കരച്ചിലിന്‍റെ  പ്രതിധ്വനി വര്‍ഷങ്ങളോളം എന്‍റെ ഉറക്കം കെടുത്തി. ഇപ്പോള്‍ എനിക്ക് ഒരാഗ്രഹമേ ഉള്ളു. ഒരിക്കലും നടക്കില്ലെന്നറിയാം. എങ്കിലും മരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ജീവിച്ച വീട്ടില്‍ ഒന്ന് പോകണം”

“അതൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ..?”

“ഉണ്ട്. അത് പോലെ തന്നെ”. അവര്‍ ഉത്സാഹത്തോടെ പറഞ്ഞു.

“പാക്കിസ്ഥാനില്‍ ഞങ്ങളുടെ വീടിരുന്ന സ്ഥലത്തു ഇപോള്‍ ഒരു യൂണിവേര്‍സിറ്റിയാണ് ഉള്ളത്. ഗുജറാത്ത്‌ യുണിവേര്‍സിറ്റി. വീടിരുന്ന കെട്ടിടം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നാണ് കേട്ടത്. വലിയൊരു വീടായിരുന്നല്ലോ അത്. അത് അവര്‍ ഓഫീസ്‌ കെട്ടിടമാക്കി.”

“എങ്ങനെ അറിഞ്ഞു മാജീ ഇതെല്ലം...?”

“അജയിന്‍റെ അച്ഛന്‍ മരിക്കുന്നത് വരെ അവിടെയുള്ള സുഹൃത്തുക്കളുമായി കത്തിടപാടുണ്ടായിരുന്നു. ശത്രു രാജ്യത്തായിപ്പോയി എന്ന് വെച്ച് അവര്‍ എങ്ങനെ ഞങ്ങള്‍ക്ക്‌ ശത്രുക്കളാകും...? അവരുമായി ഇണങ്ങിക്കഴിഞ്ഞ നാളുകളും ആ ഓര്‍മകളും ഇല്ലാതാമോ..? ഒരുമിച്ചു ദീപാവലിയും ഈദും ആഘോഷിച്ച ആ നല്ല നാളുകള്‍. അവരുമായുള്ള സൗഹൃദം മരിക്കുന്നത് വരെ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. അതിനു ശേഷം ഒരു വിവരവും അറിയാറില്ല. അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ടോ ആവോ.. ?“


സ്നേഹം നിറഞ്ഞ പഴയ സുഹൃത്തുക്കളെപ്പറ്റി അറിയാനുള്ള ഉത്ക്കണ്ഠ അവരുടെ വാക്കുകളില്‍ തെളിഞ്ഞു നിന്നു.


“എന്തിനായിരുന്നു ഒരു രാജ്യത്തിന്‍റെ മനസ്സില്‍ ഇങ്ങനെ കോടാലി വെച്ച് പകുത്തത്..? പെഷവാറും ദില്ലിയും ലാഹോറും മുംബൈയും ഉള്ള ഭാരതം അതായിരുന്നില്ലേ നമ്മുടെ രാജ്യം. തമ്മിലടിപ്പിച്ചു വിഭജിച്ചിട്ടു ആര് എന്ത് നേടി..? ഇവിടെയും അവിടെയും ഇന്നും ലഹളകള്‍ തുടരുകയല്ലേ..? ഓരോ ആഗസ്റ്റ് മാസവും എനിക്ക് സൌമിത്രിയുടെ കരച്ചിലിന്‍റെ മാറ്റൊലിയാണ് അമൃതസറിലെ റൊട്ടിക്കഷണത്തിന് വേണ്ടിയുള്ള കടി പിടിയാണ്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ രക്ഷപ്പെട്ടു എന്‍റെ അച്ഛന്‍ തന്ന വിഷക്കുപ്പിയും കഠാരിയും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. ആ ക്യാമ്പിലെ മിക്ക സ്ത്രീകളും മാനം നഷ്ടപ്പെട്ടു ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ജീവച്ഛവങ്ങളായിരുന്നു. “

തെല്ലൊരു നിശബ്ദതക്ക് ശേഷം അവര്‍ തുടര്‍ന്നു.

“ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ എന്തെന്ന് മനസ്സിലാകിയതോടെ പിന്നെ എനിക്ക് അര്‍ഭാടമേ വെറുപ്പായി. പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞു പട്ടു മെത്തയില്‍ കിടന്നു ശീലിച്ച ഞാന്‍ പിന്നെ ഈ പരുത്തി വസ്ത്രങ്ങളെ ധരിചിട്ടുള്ളു. അജയിന്‍റെ പാപ്പയെ  വീണ്ടും കണ്ടു മുട്ടി ദാരിദ്ര്യത്തിന്‍റെ നാളുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പട്ടു വസ്ത്രങ്ങളും ആര്‍ഭാടവും ഞാന്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”

അനുഭവത്തില്‍ നിന്നും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പാഠങ്ങള്‍ അറിഞ്ഞ ആ സ്ത്രീയെ ഞാന്‍ വിസ്മയത്തോടെ നോക്കി. എന്താണ് ജിവിതം...? അക്ഷരങ്ങളിലൂടെ വായിച്ചു പഠിക്കുന്നതോ കെട്ടുകഥകള്‍ കേട്ട് വിസ്മയിക്കുന്നതോ അതോ ഇത് പോലെ തീച്ചൂളയില്‍ സ്ഫുടം ചെയ്തവരില്‍ നിന്ന് അറിയുന്നതോ..?

എന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു കൊണ്ടു അവര്‍ തുടര്‍ന്നു.

“എന്‍റെ ഈ പേരക്കുട്ടി സൌമിത്രി അവള്‍ പഴയ സൌമിത്രി പുനര്‍ജ്ജനിച്ചതു തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവളുടെ അതേ മുഖവും ശബ്ദവും ആണ് ഇവള്‍ക്ക്. എന്നെ ദീദി എന്ന് വിളിച്ചിരുന്ന പഴയ സൌമിത്രി ദാദി എന്ന് വിളിച്ചു കൊണ്ടു പുര്‍ജ്ജീവിക്കുന്നു. എന്‍റെ മരണത്തോടെ  വിഭജനത്തിന്‍റെ ഓര്‍മകള്‍ എന്‍റെ കുടുംബത്തിലും അവസാനിക്കും. അത് അങ്ങനെ അവസാനിക്കട്ടെ. വിഭജിച്ചു പോയെങ്കിലും ഇപ്പോള്‍ നാം എവിടെയാണോ അതാണ്‌ നമ്മുടെ രാജ്യം, നമ്മുടെ നാട്. പണ്ടു എന്‍റെ പാപ്പ തന്ന ആ കഠാരി ഇപ്പോഴും എന്‍റെ പെട്ടിയുടെ അടിയില്‍ ഉണ്ട്. ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ ചിതയില്‍ ഇട്ടു കളയണം എന്ന് ഞാന്‍ അജയിനോടു പറഞ്ഞിട്ടുണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ആ കഠാരിക്ക് എന്‍റെ ഭസ്മത്തിനോടു അലിഞ്ഞു ചേരാനാവില്ല. എന്നാലും എന്‍റെ മരണ ശേഷം എന്‍റെ വീട്ടില്‍ അതിനു സ്ഥാനമില്ല. ഒരു രാജ്യം പകുത്തു കീറിയപ്പോള്‍ സാക്ഷിയായി നിന്ന ആ കഠാരിയും ആ ഓര്‍മകളും എന്‍റെ മരണത്തോടെ തീര്‍ന്നു പോകട്ടെ.” അവര്‍ ദൃഡതയോടെ പറഞ്ഞു.ഞാന്‍ പെട്ടെന്ന് എന്‍റെ പഴയ സ്കൂള്‍ കാലത്തേക്ക് പോയി ഓരോ ഓഗസ്റ്റ്  പതിനഞ്ചിനും സ്കൂള്‍ അസംബ്ലിയില്‍ വരി വരിയായി നിന്നു ജനഗണ പാടിയ നാളുകള്‍. പതിനഞ്ചാം തീയതിക്കും ദിവസങ്ങള്‍ക്ക് മുന്‍പേ ദേശ ഭക്തി ഗാനങ്ങളും പ്രസംഗവും കാണാതെ പഠിക്കുന്നതിന്‍റെ തിരക്കുകള്‍. ഏറ്റവും ഭംഗിയായി സ്കൂള്‍ യൂണിഫോം ഒരുക്കുന്ന കുട്ടികള്‍. ഇരുപത്തി അഞ്ചു അന്‍പതും ഇപ്പോള്‍ അറുപത്തിയഞ്ചും വര്‍ഷത്തെ സ്വാതന്ത്യം ആഘോഷിച്ച നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു. ഹൃദയങ്ങള്‍ തമ്മില്‍ വേര്‍പെടുന്നതിനേക്കാള്‍ ദുഖത്തോടെ രാജ്യത്തെ മുറിച്ചു മാറ്റിയതില്‍ സങ്കടപ്പെട്ട ഒരു ജനതയെ പറ്റി. കാലം ചെല്ലുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തീരെ ഇല്ലാതായി ആ തലമുറയേ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യപ്പെടും. റാവല്‍പിണ്ടിയെയും ലാഹോറിനെയും പെഷവാറിനെയും ഗൃഹാതുരത്വത്തോടെ മാത്രം ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന അവസാനിച്ചു കൊണ്ടിരിക്കുന്ന ഈ തലമുറ ഓര്‍മ്മ മാത്രം ആകും. അത് കാലത്തിന്‍റെ മാറ്റാനാത്ത അനിവാര്യത.

പാര്‍ക്കിലെ പൂച്ചെടികള്‍ക്കിടെ നാട്ടിയിരുന്ന അലങ്കാര ബള്‍ബുകള്‍ തെളിഞ്ഞു. സംസാരിച്ചിരുന്നു സമയം സന്ധ്യയായത് ഞങ്ങള്‍ അറിഞ്ഞേ ഇല്ല. സൌമിത്രി കളി നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു.

“ചലിയേ ദാദീജി..അന്ധേരെ ഹോ രഹാഹെ.. “(വരൂ അമ്മൂമ്മേ..സന്ധ്യയാകുന്നു)

എന്ന് പറഞ്ഞു കൊണ്ടു അമ്മൂമ്മയുടെ കൈപിടിച്ചു നടക്കുന്ന സൌമിത്രിയെ ഞാന്‍ ആദ്യം കാണുന്നത് പോലെ നോക്കി. ഈ സുന്ദരമായ മുഖം ഈ പ്രസരിപ്പ്. അതെ ഇത് തന്നെയായിരിക്കും അവളുടെ ദാദിജിയുടെ ആ പഴയ സൌമിത്രി. മരിക്കുന്നതിനു മുന്‍പ്‌ അതെങ്കിലും അവര്‍ക്ക് തിരികെ കിട്ടിയല്ലോ.


13.10.12

ചവിട്ടു നാടകം

ഹോം നേഴ്സ് സുമ ഒലോന്നന്‍ ചേട്ടനെ ചൂടു വെള്ളത്തില്‍ ടര്‍ക്കിഷ് ടവ്വല്‍ മുക്കി ദേഹമാസകലം തുടച്ച ശേഷം വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. മുറിക്കു മുന്നില്‍ പ്ലമേന  ചേടത്തിയും സംഘവും പള്ളീല്‍ കഴിഞ്ഞു വന്നു നില്‍പ്പുണ്ടായിരുന്നു.
“കഴിഞ്ഞോടീ ..സുമേ..?”
എന്ന് ചോദിച്ച പ്ലമേന ചേടത്തിക്ക് പിന്നാലെ മറ്റുള്ളവരും മുറിയിലേക്ക്‌ കയറി. കട്ടിലില്‍ ഒരു ശ്വാസം മാത്രമായി ഒലോന്നന്‍ ചേട്ടന്‍ കണ്ണുമടച്ചു കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ മരുന്നുകളും ലോഷനും ചേര്‍ന്ന സമ്മിശ്രിത ഗന്ധം. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായതില്‍ പിന്നെ പ്ലമേന ചേടത്തിയുടെ ഈ സംഘത്തിന്‍റെ രാവിലെ പള്ളി കഴിഞ്ഞുള്ള സന്ദര്‍ശനം പതിവായിട്ടുണ്ട്.
സംഘമെന്ന് പറയുമ്പോള്‍ അതിലുള്ളത് റിട്ടയേഡ്‌ സ്കൂള്‍ ടീച്ചര്‍ വല്‍സ, മടപ്പറമ്പിലെ മരിച്ചു പോയ കുട്ടിച്ചേട്ടന്‍റെ ഭാര്യ മേരിക്കുട്ടി, കാലിനു മന്തുള്ളതു കൊണ്ട്  കല്യാണം കഴിക്കപ്പെടാതെ പോയ മന്തി കുഞ്ഞുറോത എന്ന കുഞ്ഞുറോത. സംഘത്തില്‍ പ്രായക്കൂടുതല്‍ പ്ലമേന ചേടത്തിക്കു തന്നെ. എഴുപത്തഞ്ചിനടുത്തു പ്രായം. എന്നാലും ഉശിരിന് കുറവൊന്നുമില്ല. കല്യാണ പ്രായമായ പേരക്കുട്ടികള്‍ ഉണ്ടെങ്കിലും മരുമകള്‍ മേഴ്സിയെ ഇപ്പോഴും പേടിപ്പിച്ചു നിര്‍ത്താനുള്ള വൈഭവവും. വല്‍സ ടീച്ചര്‍ റിട്ടയര്‍മെന്റിനു ശേഷം ചേര്‍ന്നതാണീ സംഘത്തില്‍ . ജോലിയുണ്ടായിരുന്ന കാലത്ത് രാവിലെ സ്കൂളിലേക്കു പോകുവാനുള്ള തത്രപാടില്‍ പള്ളീ പോക്കൊക്കെ എങ്ങനെ നടക്കാന്‍ ..? ഇപ്പോള്‍ രണ്ടു ആണ്‍ മക്കളുടെയും  കല്യാണവും കഴിഞ്ഞു. പേരക്കുട്ടികളും ആയി.  ഇഷ്ടം പോലെ സമയവും.

മന്തി കുഞ്ഞുറോത ഒന്നും മിണ്ടാതെ പ്ലമേന ചേടത്തിയുടെ ഓരം പറ്റി അങ്ങനെ നില്‍ക്കുകയേ ഉള്ളു. കാലില്‍ മന്തുള്ള കാരണം ആരോടും മിണ്ടാതെ മാറി നില്‍ക്കുന്നത് പണ്ടേ ഉള്ള ശീലമാണ്. പണ്ട് സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഉപ്പുമാവുണ്ടാക്കിയിരുന്ന കുഞ്ഞന്നച്ചേടത്തിയുടെ കെട്ടിയവന്‍ മന്തന്‍ കാലന്‍ വറീതിനെ ‘ആനക്കാലാ’ എന്ന് വിളിച്ചത് കൊണ്ടാണ് കാലില്‍ ഇത്രയും വലിയ മന്ത് വന്നതെന്നാണ് കുഞ്ഞുറോത വിശ്വസിക്കുന്നത്. ആ നാട്ടില്‍ പലരും അയാളെ ആനക്കാലാന്ന് വിളിച്ചിട്ടും തനിക്കും മാത്രം മന്ത് വന്നത് എങ്ങനെ എന്ന് ഇടക്ക്‌ ആലോചിക്കാതെയും ഇല്ല. തന്നെ ‘മന്തികുഞ്ഞുറോത’ എന്ന് സംബോധന ചെയ്യുന്നവര്‍ക്ക്‌ മന്ത് വരാത്തതില്‍ കുഞ്ഞുറോതക്ക്  ലേശം കുണ്ഠിതവും ഇല്ലാതില്ല  ആരെങ്കിലും മുഖത്തേക്ക്‌ ഒന്ന് നോക്കിയാല്‍ മതി കുഞ്ഞുറോത പെട്ടെന്ന് സാരി നിലത്ത് മുട്ടിത്തന്നെയല്ലേ കിടക്കുന്നത് എന്ന് ഉറപ്പു വരുത്തും.

ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ട്രീസയും സണ്ണിക്കുട്ടിയും അവരെ ശ്രദ്ധിക്കുന്നേ ഇല്ല. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായ ആദ്യ ദിവസങ്ങളില്‍ വരുന്നവരുടെ മുന്നില്‍ ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിയും കപ്പില്‍ ചായയുമായി ട്രീസ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നുവച്ച് ഇപ്പോള്‍ മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ഈ കിടപ്പ് തുടങ്ങിയിട്ട്. രാവിലെ കുട്ടികളില്‍ മൂത്തവളെ സ്കൂളിലും ഇളയതിനെ ഡേ കെയറിലും ആക്കിയിട്ട് വേണം അവര്‍ക്ക് രണ്ടു പേര്‍ക്കും ബാങ്കിലെ ജോലിക്ക് പോകാന്‍ .  ഇളയ കുട്ടിയുടെ വാശി പിടിച്ചുള്ള കരച്ചില്‍ , മൂത്ത കുട്ടിയെ സണ്ണിക്കുട്ടി  കുളിപ്പിക്കുന്ന ബഹളം. രാവിലെ എന്നും എഴരക്കും എട്ടരക്കും ഇടയില്‍  നേരെപറമ്പില്‍ തറവാട്ടിലെ പതിവ് ദൃശ്യങ്ങളാണിതെല്ലാം.

മുറിക്കുള്ളിലെ കസേരകളില്‍ ഇരുന്ന് പ്ലമേന ചേടത്തിയുടെ സംഘം ഒലോന്നന്‍ ചേട്ടന്‍റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഹോം നേര്സ്‌ സുമ ട്രീസയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അടുത്ത പതിവ് സന്ദര്‍ശകനായ കുഞ്ഞിപ്പൈലോ ചേട്ടനും എത്തി. കുഞ്ഞു നാള്‍ തൊട്ടുള്ള ചങ്ങാതിമാരാണ് കുഞ്ഞിപ്പൈലോയും ഒലോന്നനും.

നല്ല പയറു പോലെ ഓടി നടന്നിരുന്ന ഒലോന്നന്‍ ഈ കിടപ്പുകിടക്കുന്നത് കണ്ടിട്ട് കുഞ്ഞിപൈലോ ചേട്ടന് സഹിക്കാനാവുന്നില്ല. ഈ എണ്‍പത്തിഅഞ്ചാം വയസ്സില്‍  കിടപ്പിലാകുന്നത് വരെയും ഒരു നാട്ടു പ്രമാണി തന്നെയായിരുന്നു ഒലോന്നന്‍ . പണ്ടു കാലത്തെ അറിയപ്പെടുന്ന കലാകാരനും. അദ്ദേഹത്തിന്‍റെ ഏഴു മക്കളെ പ്രസവിച്ച ഏലമ്മകുട്ടി ചേടത്തി ഇളയവന്‍ സണ്ണിക്കുട്ടിയുടെ പ്രസവത്തോടെ മരിച്ചതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒലോന്നന്‍റെ ഭാര്യയായി കഞ്ഞിപ്പശ മുക്കി അടുക്കായി ഞൊറിഞ്ഞ മുണ്ടും ചട്ടയും കസവ്  കവിണിയും ഉടുത്ത പള്ളിയില്‍ വന്നു നില്‍ക്കുന്ന എലമ്മക്കുട്ടിയെ കണ്ടാല്‍ ഒരു കൊച്ചു പൂ വിരിഞ്ഞു നില്‍ക്കുന്ന പോലെ തോന്നുമായിരുന്നത്രേ. “ഈ കൊച്ചു പെണ്ണിനെ ഇവിടത്തെ ചട്ടീം കലോം  പൊട്ടിക്കാനാ ഇങ്ങു കൊണ്ടു വന്നത്..?” എന്നാണ് ഒലോന്നന്‍റെ അമ്മ തെയ്യാമ്മ ഏലമ്മക്കുട്ടിയെ കണ്ടപ്പോഴേ ചോദിച്ചത്. ഇരുപത്തി അഞ്ചോളം കൊല്ലം വീടിന്‍റെ വിളക്കായിരുന്ന ഏലമ്മകുട്ടി സണ്ണിക്കുട്ടിയുടെ ജനനത്തോടെ ഒലോന്നന്‍ ചേട്ടനെ വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ തനിച്ചായ ഒലോന്നന്  തളരാതെ താങ്ങായി നിന്ന് ധൈര്യം കൊടുത്തത് അയല്‍ക്കാരനായ കുഞ്ഞിപൈലോ ആണ്. മക്കളില്‍ സണ്ണിക്കുട്ടി മാത്രമേ ഇപ്പോള്‍ നാട്ടിലുള്ളു. ഏക മകള്‍ സെലീന അടക്കം മറ്റു ആറു പേരും വിദേശത്തു പലയിടങ്ങളില്‍ .
“ആ വായൂ ഗുളിക ഇങ്ങടുത്തേ പ്ലമേനേ ... ഒരണ്ണം അരച്ചു കൊടുക്കാം.”
പ്ലമേന കട്ടിലിനടുത്തുള്ള മേശമേല്‍ നിന്നും വായൂ ഗുളികയുടെ കുഞ്ഞു ഡെപ്പി എടുത്തു കൊടുത്തു. മരുന്നരക്കുന്ന പിഞ്ഞാണത്തില്‍  വായൂ ഗുളിക അരച്ചത് സ്പൂണിലൂടെ വായിലേക്ക് ഇറ്റിക്കുന്നതിനിടെ കുഞ്ഞിപൈലോ ചേട്ടന്‍ പറഞ്ഞു.
“ഈ വലിവിനു ഒരാശ്വാസമാകും.”
“ഒലോന്നാ..എന്നെ മനസ്സിലായോ..ഒലോന്നാ..” കുഞ്ഞിപൈലോ ചേട്ടന്‍ വൃദ്ധന്‍റെ ചെവിക്കരികില്‍ ചെന്ന് ഉറക്കെ ചോദിച്ചു.
ഒലോന്നന്‍ ചേട്ടന്‍ “ഉം...”എന്നൊന്ന് നീട്ടി മൂളി.
ആ മൂളല്‍ കേട്ടപ്പോള്‍ ആദ്യത്തേതിലും ഉച്ചത്തില്‍ കുഞ്ഞിപ്പൈലോ  ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു. ഒലോന്നന്‍ ഒന്ന് കൂടി മൂളി.
“ബോധമുണ്ടെന്നാ തോന്നണെ....ദേ...മൂളിയത് കേട്ടില്ലേ.” മന്തികുഞ്ഞുറോത  ഉത്സാഹത്തോടെ പറഞ്ഞു.
“ഹേയ്..അത് വെറുതെ മൂളണതാ..ആരുടെ ഒച്ചകേട്ടാലും ഇങ്ങനെ മൂളണതല്ലേ.” പ്ലമേന ചേടത്തി .
“ഇനി അധികം ദിവസം കാണില്ലെന്നാ തോന്നണേ. ചെന്നിയിലെ ഞെരമ്പ്  തിണര്‍ത്തു വന്നിരിക്കുന്നത് കണ്ടോ.”പ്ലമേന ചേടുത്തി പറഞ്ഞു.
വല്‍സ ടീച്ചര്‍  ഒലോന്നന്‍ ചേട്ടന്‍റെ അടുത്തു ചെന്ന് ചെന്നിയിലെ ഞരമ്പ് പിടച്ചിട്ടുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി.
മുഖത്ത് കണ്ണാടി വെച്ച വല്‍സയേക്കാള്‍ കാഴ്ച പ്ലമേന ചേടത്തിക്ക് തന്നെ. സൂക്ഷിച്ചു നോക്കിയിട്ടും വല്‍സടീച്ചര്‍ക്ക് ഞരമ്പ് പിടച്ചു കിടക്കുന്നത് കാണാനായില്ല.
“കണ്ടോ..?”എന്ന് പ്ലമേന ചേടത്തിയുടെ ചോദ്യത്തിന് “ഇല്ല” എന്നെങ്ങാനും പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ വരുന്ന ചേടത്തിയുടെ സ്വഭാവമോര്‍ത്തു “ങാ..” എന്ന് പതുക്കെ  മൂളി.
“ഇനി പ്രാര്‍ത്ഥനേം കൂടി ചെല്ലണം. ആ ചെന്നി ഞെരമ്പ് കണ്ടിട്ടിനി മൂന്നാല് ദിവസത്തേക്കും കൂടെ ഒള്ളെന്നാ തോന്നണെ..”
മുറ്റത്ത്‌  പോയി മുറുക്കാന്‍ തുപ്പി വന്ന  കുഞ്ഞിപൈലോ  ചേട്ടനോട് പ്ലമേന ചേടത്തി പറഞ്ഞു. കുഞ്ഞിപൈലോ ചേട്ടന്‍ വിഷാദത്തോടെ ഒലോന്നന്‍റെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂടു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
“ങാ..എല്ലാവര്ക്കും ഇങ്ങനെ ഒക്കെ തന്നെ അവസാനം. എങ്ങനെ ഓടി നടന്ന ആളാ...അങ്ങോട്ട്‌ പോകാന്‍ ഓരോ കാരണം വേണ്ടേ..?”

 കുഞ്ഞിപ്പൈലോ ചേട്ടന്‍റെ വാക്കുകളില്‍ മരണ ഭീതിയുണ്ടായിരുന്നു . അത് ചെറുതായി വീശുന്ന കാറ്റ് പോലെ പ്ലമേന ചേടത്തിയിലേക്കും പിന്നീട് വല്‍സ ടീച്ചറിലേക്കും മേരിക്കുട്ടിയിലേക്കും പടര്‍ന്നു. തമ്മില്‍ തമ്മില്‍ നോക്കിയ അവര്‍ ഒടുവില്‍ മന്തി കുഞ്ഞുറോതയെ നോക്കി. “എനിക്ക് അറുപതു കഴിഞ്ഞതേ  ഉള്ളു എന്നെ എന്തിനാ നോക്കുന്നേ” എന്ന ഭാവത്തില്‍ കുഞ്ഞുറോത ആ നോട്ടത്തെ നിസ്സാര വല്ക്കരിച്ചു.
“എന്നാ പറയാനാ..... ബോധം പോയത് ഒരു കണക്കിന് നന്നായി. ഈ കെടപ്പു വല്ലോം ശീലോള്ള ആളാണോ ഇത്....? നാട്ടുകാര്യത്തിനും പള്ളിക്കാര്യത്തിനും മുന്നേ നിന്ന ആളല്ലേ ഈ കെടപ്പ് കെടക്കണേ... പണ്ടു പള്ളി പെരുന്നാളിന്  ഞാനും ഒലോന്നനും അന്നത്തെ കുറെ ആള്‍ക്കാരും ചേര്‍ന്നു നടത്തിയ ചവിട്ടു നാടകം ഇന്നത്തെ പോലെ മനസ്സില്‍ നില്‍ക്കുന്നെന്‍റെ പ്ലമേനേ...”
“ഓ..ഞാനീ നാടകം കളി  കണ്ടിട്ടില്ല കേട്ടോ..എന്നെ കെട്ടി വരുമ്പോ എന്‍റെ അമ്മായിയപ്പന്‍ പറേമായിരുന്നു ഇക്കാര്യങ്ങളൊക്കെ.”
“നിന്നെ കെട്ടി കൊണ്ടു വരുന്ന കാലത്ത് അത് നിന്ന് പോയി പെണ്ണേ. നിന്‍റെ അമ്മായിയപ്പന്‍ വറീതായിരുന്നില്ലേ അന്നത്തെ നാടകത്തിന്‍റെ കൈമണി കൊട്ടുകാരന്‍.  ചെണ്ടക്കാരന്‍ നമ്മുടെ ആലുങ്കലെ വര്‍ക്കി. പാവം അവന്‍ അക്കൊല്ലത്തെ ചവിട്ടു നാടകം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജ്വരം വന്നു മരിച്ചു പോയി. ഈ മേരിക്കുട്ടീടെ കെട്ടിയവന്‍ കുട്ടിയുടെ ചേട്ടന്‍  അവതച്ചനായിരുന്നു അണ്ണാവി.”
“ങേ...അണ്ണാവിയോ...അതാരാ..?”
“എന്ന് വെച്ചാ..ആശാന്‍ . പിന്നെ അന്നേരം പള്ളീല്‍ ഉണ്ടായിരുന്ന ലൂക്കോസച്ചനും പിറ്റേക്കൊല്ലം എടവകേന്നു സ്ഥലം മാറിപ്പോയി. അങ്ങേര്‍ക്കായിരുന്നല്ലോ ഇതിനെല്ലാം ഉത്സാഹം. ഇപ്പൊ ആ കളിക്കാരില്‍ ഞാനും ഒലോന്നനും മാത്രം മിച്ചം. ഒലോന്നന്‍ ദേ...പോകാനും കിടക്കുന്നു.”
”കുഞ്ഞിപ്പൈലോ നെടുവീര്‍പ്പിട്ടു.
“ഒലോന്നന്‍ ചേട്ടന്‍റെ ആ ചുവടു വെപ്പോക്കെ ഒന്ന് കാണണ്ടതായിരുന്നു. ഞാനും മോശോന്നും ആയിരുന്നില്ല കേട്ടോ..”
കുഞ്ഞിപ്പൈലോ ചേട്ടന്‍ തോളിലെ കുറിയ മുണ്ടെടുത്തു ഒന്ന് നേരെ ഇട്ടു കുറച്ചു ഗര്‍വോടെ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടക്ക്‌ ശ്വാസം മാത്രമായി കിടക്കുന്ന ഒലോന്നാന്‍ ചേട്ടനെ നോക്കി പ്ലമേന ചേടത്തി വിളിച്ചു പറഞ്ഞു.
 “ആ തൂങ്ങപ്പെട്ട രൂപം ഇങ്ങെടുത്തോ സുമേ.. ഇനി അധികം ദെവസമില്ലല്ലോ. കുറച്ചു നേരം ‘ഈശോ മറിയം’  ചെല്ലീട്ടു പോകാം. അങ്ങേ ലോകത്ത് ചെല്ലുമ്പോ ശുദ്ധികരണ സ്ഥലത്ത് അധികം നാള്‍ കെടക്കാതെ വേഗം സ്വര്‍ഗ്ഗരാജ്യം കിട്ടുമല്ലോ. നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ഇനി ചെയ്യാനൊക്കൂ.”
സുമ പ്രാര്‍ഥനാ മുറിയില്‍ നിന്നും ഒരു കൊച്ചു ക്രൂശിത രൂപം പ്ലമേന ചേടത്തിയുടെ കൈയ്യില്‍ കൊണ്ടു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് പോയി.
“ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണെ..”
പ്ലമേന ചേടത്തിയും സംഘാങ്ങളും  ഉച്ചത്തില്‍ ചെല്ലുവാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു എല്ലാവരും മടുത്തു നിര്‍ത്തി.

കുഞ്ഞിപൈലോ പിന്നെയും  ചവിട്ടു നാടകത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി അവരോടു പറഞ്ഞു കൊണ്ടിരുന്നു. അടുക്കള പണി തീര്‍ത്ത സുമയും കേള്‍വിക്കാരിയായി. ട്രീസയും സണ്ണിക്കുട്ടിയും മക്കളുമായി ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.

“കേട്ടോ പ്ലമേനെ..നമ്മട പള്ളി മുറ്റത്ത്‌ ഇപ്പൊ പണിത നേഴ്സറി സ്കൂളിരിക്കുന്ന സ്ഥലത്തായിരുന്നു കളിക്കാനുള്ള തട്ട്. തട്ടുണ്ടാക്കലു തന്നെ മൂന്നാല് ദിവസത്തെ പണിയാ. എന്ന് വെച്ചാല്‍ ഞങ്ങളെല്ലാം കണ്ടത്തിലേം പറമ്പിലേം പണിയൊക്കെ കഴിഞ്ഞു രാത്രീലാ ഇടവകക്കാര് എല്ലാരും ചേര്‍ന്ന് തട്ടൊണ്ടാക്കല്.  അതും ഒരാഘോഷം തന്നായിരുന്നേ. “
ഒലോനന്‍ ചേട്ടന്‍ ഇടക്കിടക്ക് മൂളുന്നുണ്ട്. വെള്ളത്തിനായിരിക്കും എന്ന് വിചാരിച്ചു സുമ സ്പൂണില്‍ ഇടക്കിടെ വെള്ളം ഒഴിച്ച് കൊടുത്തു.
“കേട്ടോടീ..സുമക്കൊച്ചേ....ജെനോവാ ചരിതവും കാറല്‍മാന്‍ ചരിതവും ഒക്കെ ഞങ്ങള്‍ അങ്ങ് കൊടുങ്ങലൂരേം അമ്പലപ്പോഴേലേം പള്ളി പെരുന്നാളിന് ലൂക്കോസച്ചന്‍റെ കൂടെ പോയി കളിച്ചിട്ടുണ്ട്.”
“വില്ലാളി വീരനേ..കാറല്‍മാനേ..”എന്ന് പാട്ട് പാടിക്കൊണ്ട്  എഴുന്നേറ്റു നിന്ന കഞ്ഞിപൈലോ  ചേട്ടന്‍ കുറിയ മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ കെട്ടി ഗാംഭീര്യത്തില്‍ ഒരു നിമിഷം നിന്നു. അയാളുടെ  വാര്‍ധക്യം ബാധിച്ച നരച്ച കണ്പീലികളും പുരികകൊടികളും എഴുന്നു നിന്നു. എന്നിട്ട്  കാലുകള്‍ നിലത്ത് ഉറച്ചു ചവിട്ടി രണ്ടു ചുവടുകള്‍ വെച്ച് കാണിച്ചു.
ഒലോന്നന്‍ ചേട്ടന്‍ വീണ്ടും “ഉം...”എന്ന്  മൂളി. സുമ വേഗം സ്പൂണിലെ വെള്ളം വായിലേക്ക് ഒഴിച്ച് കൊടുത്തു.
"എന്നാ മിന്നണ ഉടുപ്പുകളൊക്കെ ആയിരുന്നെന്നോ രാജവിന്റെം റാണിയുടെ വേഷത്തിനൊക്കെ. പടയാളികള്‍ക്ക് തലേല്‍ കിന്നരി തൊപ്പിയും കൈയ്യില്‍ വാളും കുന്തവും. വേഷം തയിപ്പിക്കാനായി അക്കൊല്ലത്തെ ഇഞ്ചി വിററ കാശു മുഴോം തീര്‍ത്തെന്നും പറഞ്ഞു വീട്ടില്‍ കത്രീനകുട്ടി എന്നോടു ലഹളക്ക് വന്നു. ഇളയോള്‍ ഗ്രേസിമോക്ക്‌ കമ്മല് മേടിക്കാന്‍ വെച്ചേച്ച കാശല്ലാഞ്ഞോ അത്..? പക്ഷെ പിറ്റേക്കൊല്ലം ഇഞ്ചി പറിച്ചപ്പോ ഞാനവക്ക് കമ്മലൊണ്ടാക്കി കൊടുത്തായിരുന്നു കേട്ടോ..”
കുഞ്ഞി പൈലോ ചേട്ടന്‍ തുടര്‍ന്നു...
“പണ്ടത്തെ കുരിശു യുദ്ധോക്കെ ഞങ്ങള്‍ തട്ടേല്‍ അവതരിപ്പിക്കുമ്പോ എന്നാ കയ്യടിയാരുന്നെന്നോ..ഞാനായിരുന്നല്ലോ സൈന്യാധിപന്‍ . ഒലോന്നന്‍റെ കാറല്‍മാന്‍  ചക്രവര്‍ത്തി തട്ടെലോട്ടങ്ങ് തലേം പൊക്കി വരോമ്പോഴത്തെ  ആ കൈയ്യടി... എന്‍റെ പ്ലമേനെ..അതൊന്നു കാണണായിരുന്നു.”
കുഞ്ഞിപൈലോ ചേട്ടന്‍ പഴയ ഓര്‍മ്മയില്‍ നിന്നും വിടുതല്‍ പ്രാപിക്കാനാവാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

അയാളുടെ വാക്കുകളില്‍ ധീരന്മാരായ രാജാക്കന്മാരും പടയാളികളും അശ്വാരൂഡരായി അട്ടഹസിച്ചു കൊണ്ടു ചീറിപ്പാഞ്ഞു. കാലുകളുടെ മനോഹരമായ ചുവടു വെപ്പില്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി. കാലയവനികക്കുള്ളില്‍ മറഞ്ഞ പലരും വിവിധ കഥാ പാത്രങ്ങളായി വന്ന് അരങ്ങു തകര്‍ത്തു. കൊട്ടാരങ്ങളില്‍ രാജാവിന്‍റെ വിളംബരങ്ങളും വീഥികളില്‍ കുതിരക്കുളമ്പടികളും യുദ്ധക്കളത്തില്‍ വാളുകള്‍ തമ്മില്‍ കോര്‍ക്കുന്ന ശബ്ദവും. കാറല്‍മാന്‍ ചക്രവര്‍ത്തി ഭയലേശമെന്യേ   തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ചു. പ്രൌഡരായ റോമാ ചക്രവര്‍ത്തിമാര്‍ പരിവാരങ്ങളുമായി നായാട്ടിനു പോയി. അവരുടെ സുന്ദരിമാരായ റാണിമാര്‍ പരിചാരികമാരുമൊത്ത് ഉദ്യാനങ്ങളില്‍ അലസ ഗമനം ചെയ്തു. തോഴിമാരുമോത്തു നീരാടുന്നതിനിടെ കുളക്കരയില്‍ ഇരുന്നു സംഗീതാലാപനം നടത്തി .
പരിസരം മറന്നുള്ള ആ വിവരണത്തില്‍ കുഞ്ഞുറോതയും വല്‍സ ടീച്ചറും മേരിക്കുട്ടിയും  കുഞ്ഞിപ്പൈലോ ചേട്ടന്‍ കാണാതെ ചുണ്ടമര്‍ത്തി ചിരി അടക്കി. ഒലോന്നന്‍ ചേട്ടന്‍റെ മൂളലും ഇതിനോടൊത്തു കൂടി വന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മഠത്തിലെ സിസ്റ്റര്‍മാര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും എത്തി. അതോടെ കുഞ്ഞിപൈലോ ചേട്ടന്‍ സംസാരം നിര്‍ത്തി. അവരെ കണ്ടപ്പോള്‍ പ്ലമേന ചേടത്തിക്ക് ഉത്സാഹമായി.
ഇനി വര്‍ത്താനം നിര്‍ത്തി ഒന്നൂടെ ഒന്ന് പ്രാര്‍ഥിച്ചേ..”
“ഈശോ മാറിയം ഔസേപ്പേ ..ഈ ആത്മാവിനു കൂട്ടയിരിക്കണേ...”പ്ലമേനയുടെ കൂടെ സിസ്റ്റര്‍ ബാര്‍ത്തലോമയും സില്‍വിസ്റ്റയും ചേര്‍ന്നു. വല്‍സടീച്ചറും മേരിക്കുട്ടിയും കുഞ്ഞുറോതയും അതേറ്റു ചൊല്ലി.”
പ്രാര്‍ത്ഥന സാമാന്യം ഉച്ചത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്നു.”
ഇടക്കെപ്പോഴോ ഒലോന്നന്‍ ചേട്ടന്‍ ഒന്ന് കണ്ണ് തുറന്നു, അടച്ചു.
“ഉം..കണ്ണ് തൊറക്കണോണ്ട്. ഇനി കണ്ണ് തുറക്കുമ്പോ ആ തൂങ്ങപ്പെട്ട രൂപം അങ്ങ് കാണിച്ചേക്കണം കേട്ടോ മേരിക്കുട്ടി..അവസാന കാഴ്ച തൂങ്ങപ്പെട്ട രൂപമാണെങ്കില്‍ സ്വര്‍ഗ്ഗ രാജ്യം ഉറപ്പാ..”
പ്രാര്‍ത്ഥനക്കിടെ  ചേടത്തി പറഞ്ഞു കൊണ്ടിരുന്നു.
അതാ.. വീണ്ടും ഒലോന്നന്‍ ചേട്ടന്‍ കണ്ണ് തുറക്കുന്നു. മേരിക്കുട്ടി ഉടനെ തൂങ്ങപ്പെട്ട രൂപം ചേട്ടനു നേരെ കാണിച്ചു. പ്രാര്‍ത്ഥനയുടെ ഇടക്കിടക്ക്‌ ചേട്ടന്‍ ഇടക്കിടക്ക് കണ്ണ് തുറക്കുകയും മേരിക്കുട്ടി അതനുസരിച്ച് ക്രൂശിത രൂപം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇപ്രാവശ്യം കണ്ണ് തുറന്ന ഒലോന്നന്‍ കുറച്ചു നേരം ക്രൂശിലെക്ക് തുറിച്ചു നോക്കി. എന്തോ ഉരുവിട്ടു.
കുഞ്ഞിപ്പൈലോ  സംശയത്തോടെ ചുറ്റുമുള്ള സ്ത്രീകളെ നോക്കി. പിന്നീട് എഴുന്നേറ്റ്‌ കട്ടിലിനരികെ ചെന്ന് ഉച്ചത്തില്‍ ചോദിച്ചു.
“എന്നാ ഒലോന്നാ..ഇങ്ങനെ നോക്കണേ...? ഞങ്ങളെ ഒക്കെ മനസ്സിലായോ..?”
“ഉം...”ഒലോന്നന്‍ ഒന്ന് മൂളി. പിന്നെ ചേട്ടന്‍ തെല്ല് ഉച്ചത്തില്‍ എന്തോ അവ്യക്തമായി പറഞ്ഞു.
“ങേ..എന്നാ ഒലോന്നാ ഒന്നോടെ പറഞ്ഞേ...”
“കുറേപ്പേര് പാട്ട് കാര്.. കുറെപ്പേര് കാട്ടുകാര് *... “ മനുഷേനെ സ്വൈര്യായി കെടക്കാനും സമ്മതിക്കേലേ..”
വാക്കുകള്‍ക്ക് കുഴച്ചില്‍ ഉണ്ടെങ്കിലും ഇത്തവണ ഒലോന്നന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാവര്ക്കും മനസ്സിലായി.
മേരിക്കുട്ടിയുടെ കയ്യിലെ ഉയര്‍ത്തി പിടിച്ച ക്രൂശിത രൂപം അറിയാതെ മടിയിലേക്ക് താഴ്ന്നു. സിസ്റ്റര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും അരുതാത്തതെന്തോ കേട്ടപോലെ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും ഒരു  വല്ലായ്ക. എങ്കിലും മൂളി മൂളി കിടന്ന ആള്‍ കണ്ണ് തുറന്ന് സംസാരിച്ചതിന്‍റെ  സമാധാനവും.
എല്ലാവരെയും സൂക്ഷിച്ചു നോക്കിയ ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റിരിക്കണം എന്ന്‍ ആഗ്യം കാണിച്ചു.
സുമയും കുഞ്ഞിപൈലോ ചേട്ടനും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ഇരുത്തി.  “കൈ വിട്ടോ പെണ്ണെ. എനിക്ക് കുഴപ്പമൊന്നും ഇല്ല.”
ഒലോന്നന്‍ ചേട്ടന്‍ സുമയെ നോക്കി പറഞ്ഞു. സുമ കൈവിട്ടു ആശങ്കയോടെ ഒലോന്നന്‍റെ അരികില്‍ തന്നെ നിന്നു.
ഇരിപ്പുറച്ച ശേഷം ഒലോന്നന്‍ കുഞ്ഞിപൈലോയെ നോക്കി നല്ലൊരു ചിരി ചിരിച്ചു. എന്നിട്ട് തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പിടിക്കാന്‍ ചെന്ന സുമയും മറ്റു സ്ത്രീകളെയും തടഞ്ഞു കൊണ്ടു ഒരു മാസത്തോളം  ബോധമറ്റു കിടന്ന ചേട്ടന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി താനേ എഴുന്നേറ്റു നിന്നു.
അത്ഭുതം മാറാതെ സ്തംഭിച്ചു നില്‍ക്കുന്ന കുഞ്ഞിപൈലോയെ നോക്കി ഒലോന്നന്‍ ചേട്ടന്‍ ഉറക്കെ പറഞ്ഞു.
“വാ...വാടാ...കുഞ്ഞിപ്പൈലോ..നമുക്ക് രണ്ടു ചുവടു നോക്കാം. ”
ചെന്നിയിലെ ആ പിടച്ച്  കിടക്കുന്ന ഞെരമ്പ് അവിടെത്തന്നെ ഉണ്ടോ എന്ന് പ്ലമേന ചേടത്തി സൂക്ഷിച്ചു നോക്കുന്നതിനിടെ “വില്ലാളി വീരനേ...കാറല്‍ മാനേ...”എന്ന്  പാടി ഒലോന്നന്‍ ചേട്ടന്‍ ദുര്‍ബലമായ കാലുകള്‍ ഉയര്‍ത്തി ചുവടു വെച്ചു തുടങ്ങി. പിന്നെ പിടിച്ചു നില്‍കാനായില്ല കുഞ്ഞി പൈലോക്ക്‌.  കാറല്‍മാന്‍ ചക്രവര്‍ത്തിക്കൊപ്പം  സൈന്യാധിപന്‍ ചുവടുകള്‍ ആരംഭിച്ചതേ ഒലോന്നന്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങി. കട്ടിലിലേക്ക് താങ്ങിപ്പിടിച്ചു കിടത്തിയ സുമ ഒലോന്നന്‍ ചേട്ടന്‍റെ അവസാന ശ്വാസം കണ്ടു വലിയ വായില്‍ കരഞ്ഞെങ്കിലും അതൊന്നും അറിയാതെ  കുഞ്ഞി പൈലോ എന്ന സൈന്യാധിപന്‍ അപ്പോഴും കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ ആഞ്ജകള്‍ക്കൊപ്പം ചുവടു വെച്ചു കൊണ്ടിരുന്നു. മേരിക്കുട്ടിയുടെ കയ്യിലിരുന്ന ക്രൂശിത രൂപം തല ഉയര്‍ത്തി കുഞ്ഞിപൈലോക്കൊപ്പം ചുവടു വെക്കുന്ന ഒലോന്നനെ നോക്കി നിന്നു.

(ഒക്ടോബര്‍ ലക്കം 'വാചിക'ത്തില്‍ പ്രസിദ്ധീകരിച്ചത്)
       **************************************************************

ചവിട്ടു നാടകം: അന്യം നിന്നു പോയ ഒരു ക്രിസ്ത്യന്‍ കലാരൂപം. യൂറോപ്പില്‍ പ്രചാരമുള്ള ഓപ്പറയുടെ ഒരു പകര്‍പ്പാണ് ഇതെന്നു വേണമെങ്കില്‍ പറയാം.ബൈബിള്‍ കഥകള്‍, റോമാ ചക്രവര്‍ത്തിമാരുടെ കഥകള്‍, പണ്ടത്തെ കുരിശു യുദ്ധം ഇവയൊക്കെ ആയിരുന്നു വിഷയം.

കാട്ടുകാര്‍ --കാട്ടുന്നവര്‍,കാണിക്കുന്നവര്‍


16.7.12

കാറ്റേ ...നീ...


കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.

“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”

“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറു വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി. “ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞപ്പോള്‍ കാറ്റ്‌ അവളോടു ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി.

30.5.12

ഉയിര്‍പ്പുകള്‍


എന്തോ തട്ടിയുടയുന്ന ശബ്ദം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തല തിരിച്ചു നോക്കിയപ്പോള്‍ അടുത്ത കട്ടിലിലെ രോഗി ശര്‍ദ്ദിക്കുന്നതിനിടെ മരുന്ന് കുപ്പി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാന്റ് തട്ടി താഴെ ഇട്ടിരിക്കുന്നു. വാര്‍ഡിലെ അറ്റന്‍റെര്‍മാര്‍ ഓടി വന്നു അത് നേരെ വെച്ചു തറയിലെ ശര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കി. ഇതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ ദൃഷ്ടികള്‍ മാറ്റി എന്റെ ഞെരമ്പിലൂടെ ഒഴുകാന്‍ തയാറെടുക്കുന്ന മരുന്ന് തുള്ളികളെയും നോക്കി കിടന്നു. മിക്കവാറും ഞാന്‍ മയക്കത്തിലായിരിക്കും. ഇടക്കിടക്ക് മയക്കത്തില്‍ നിന്നും ഉണരും. എന്നിരുന്നാലും കൂടുതലും ഉറക്കം തന്നെ. ഉറക്കത്തിനിടയിലെ ഈ ഉണര്‍ച്ചയില്‍ കിട്ടുന്ന സമയം കൊണ്ടു എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.


ഇത് കാന്‍സര്‍ സെന്ററിലെ കീമോ തെറാപ്പി വാര്‍ഡാണ്. എല്ലാ മുഖങ്ങളും മടുപ്പിന്റെ‍ ആവരണമണിഞ്ഞു, വന്നു പെട്ട രോഗത്തെ ശപിച്ച് കൊണ്ട് കിടക്കുന്ന വാര്‍ഡ് ‌. മരുന്ന് കയറ്റാന്‍ തുടങ്ങുമ്പോഴേ ചിലര്‍ ഓക്കാനം തുടങ്ങും. അതൊന്നും കാണുവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടു ഞാന്‍ തന്നെ ഒരു മാര്‍ഗം കണ്ടു പിടിച്ചു. കീമോ തെറാപ്പി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന്റെ  തലേ രാത്രിയില്‍ ഉറങ്ങാതിരിക്കുക്ക. കൂട്ടിനാരും ഇല്ലാതെയുള്ള ഈ കിടപ്പും കൂടെയാകുമ്പോള്‍ താനേ മയങ്ങിക്കൊള്ളും. നല്ല ഐഡിയ അല്ലെ.


ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണുമല്ലോ ഞാന്‍ ഒരു അര്‍ബുദ രോഗിയാണെന്ന്. എന്റെ രണ്ടു മക്കളും ഭൂമിയിലേക്ക് പിറക്കും മുന്‍പ് അവര്‍ പത്തു മാസം കിടന്ന്‍ വളര്‍ന്ന എന്റെ ഗര്‍ഭപാത്രത്തെയാണ് ക്യാന്‍സര്‍ എന്ന കരിം തേള്‍ അതിന്റെ വിഷ മുള്ളുകള്‍ കൊണ്ട് എന്നെ ആക്രമിച്ചത്‌. ആദ്യമായി ഈ വാര്‍ത്ത എന്റെ‍ ഡോക്ടര്‍ ജോര്‍ജ് ജോസഫില്‍ നിന്നും കേട്ടപ്പോള്‍ ഏതൊരു ക്യാന്‍സര്‍ രോഗിയെയും പോലെ ഞാന്‍ തളര്‍ന്നില്ല എന്നതാണ് സത്യം. നിസ്സംഗതയോടെ രോഗ വിവരം കേട്ടു നിന്ന എന്നെ അദ്ദേഹം വിസ്മയത്തോടെ നോക്കി. “അസാമാന്യ ധൈര്യവതിയായ രോഗി” എന്ന്‍ എന്നെ അന്നദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് ‍  മന:ധൈര്യം കൊണ്ടു ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന കുറച്ചു രോഗികളുടെ ഉദാഹരണവും  അദ്ദേഹം പറഞ്ഞു തന്നു. എനിക്കത് കേട്ടിട്ട് ചിരിയാണ് വന്നത്. ജീവിതം!!!!! അതാര്‍ക്കു വേണം..?


നിങ്ങള്‍ക്ക് ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ...? ഈ മഹാരോഗം വന്ന ആര്‍ക്കും ജീവിതം, ആയുസ്സ്‌ എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തെന്നില്ലാത്ത ഒരു കൊതിയല്ലേ തോന്നേണ്ടത്...? പക്ഷെ, എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. കാരണം എന്തെന്നറിയേണ്ടേ...? ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവ്‌ എന്നെയും ഞങ്ങളുടെ രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടേതായി കഴിഞ്ഞിരുന്നു. ആ ദുഖത്തിന് മുന്‍പില്‍ എനിക്ക് ഈ രോഗബാധ ഒരു അനുഗ്രഹമായാണു തോന്നിയത്‌. കാരണം ഈ ദിവസങ്ങളില്‍ മക്കളെ കൂട്ടി എങ്ങനെ വിജയകരമായി ആത്മഹത്യ ചെയ്യാം എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള എനിക്ക് ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്ന അറിവ്‌ എത്ര ആശ്വാസമാണെന്നോ നല്കിയത്‌. പക്ഷേ താമസിയാതെ ആ സമാധാനം എനിക്ക് നഷ്ടപ്പെട്ടു. ക്യാന്‍സര്‍ എനിക്കല്ലേ ഉള്ളു എന്റെ മക്കളുടെ കാര്യമോ..? എന്നെ രോഗം കൊണ്ടു പോയാലും അവര്‍ ഭൂമിയില്‍ തനിച്ചാകുമല്ലോ.


ആയിടെയുള്ള പഴയ പത്രങ്ങളെല്ലാം ശേഖരിച്ച് കൂട്ട ആത്മഹത്യകളുടെ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചു. പലരും പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അതോടെ എനിക്ക് ഏതു മാര്‍ഗം സ്വീകരിക്കണം എന്ന ആശയക്കുഴപ്പമായി. ചില സംരഭങ്ങളില്‍ ആരെങ്കിലും രക്ഷപ്പെട്ടു എന്ന വാര്‍ത്ത എന്നെ പരിഭ്രാന്തയാക്കുകയും ചെയ്തു . ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍  ഭൂമിയില്‍ തനിച്ചാവുക....എനിക്ക് അത് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു.മരിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്തിനു ചികില്സ തേടണം എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകകരാണ് എന്നെ ഇവിടെ ആക്കിയിരിക്കുന്നതും എന്റെ ചികില്സയുടെ ഉത്തരവാദിത്വം എറ്റെടുത്തിരിക്കുന്നതും. എന്നെ അത്രയധികം സ്നേഹിക്കുന്ന അവരെ എനിക്ക് നിഷേധിക്കാനാവില്ലായിരുന്നു. സ്നേഹം...അതെനിക്ക് വല്ലാത്ത ബലഹീനതയാണ്. സ്നേഹിക്കുന്നവരെ എനിക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. സ്നേഹം നിഷേധിക്കുന്നത് സഹിക്കാനും. എനിക്ക് വല്ലാതെ ഉറക്കം വരുന്നു. ഞാനൊന്നുറങ്ങട്ടെ. നിങ്ങള്‍ ക്ഷമയോടെ ഞാന്‍ ഉണരുന്നതും കാത്തിരിക്കുമല്ലോ.


കണ്ടോ..ഇത്രയേ ഉള്ളു എന്റെ ഉറക്കം. ഇതിനെ ഉറക്കം എന്ന് പറയാമോ...? ഒരു പൂച്ച മയക്കം. അത്ര തന്നെ. മയക്കത്തില്‍ ഞാന്‍ എന്റെ  വിവാഹം കഴിക്കുന്നതിനു മുന്‍പു ള്ള കാലം സ്വപ്നത്തില്‍ കണ്ടു. ഞാനും നൌഷാദും കോഫീ ഹൌസില്‍ ഇരുന്നു സൊറ പറയുന്നു. എന്റെ മുന്‍പില്‍ പതിവ് പോലെ ഐസ് ക്രീം. നൌഷാദിന് കോഫി. അതാണ്‌ ഞങ്ങളുടെ ചിട്ട. നൌഷാദ് ആരെന്നു ഇതിനകം നിങ്ങള്‍ മനസ്സിലാക്കി കാണുമല്ലോ. ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ച എന്റെ ഭര്‍ത്താവ്‌.


ഈ  പ്രേമം എന്നത് ലോകത്തില്‍ എത്രയോ പേര്‍ ഏതെല്ലാം തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. എന്നാല്‍ ജീവിതാനുഭവങ്ങളുടെ അറിവില്‍ ഞാന്‍ പ്രേമത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ചുറ്റുമുള്ള എന്തിനെയും നിസ്സാര വല്ക്കരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു വികാരം. അല്ലെങ്കില്‍ ഒരു യാഥാസ്ഥിതിക നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഒരു മുസ്ലീമായ നൌഷാദിന്റൊ ഭാര്യയാകുമായിരുന്നോ..? അതാണ്‌ പ്രേമത്തിന്റെ‍ ശക്തി. അത് ബന്ധങ്ങളെ, എതിര്‍പ്പുകളെ നിസ്സാര വല്ക്കരിച്ചു കൊണ്ടു ജീവിത ഗതി മാറ്റി മറിക്കുന്ന ഒരു കൊടുങ്കാറ്റ് തന്നെയാണ്. ഒരിക്കല്‍ നിങ്ങള്‍ പ്രേമത്തിനു പൂര്‍ണ്ണമായും അടിമയായി എന്ന് വിചാരിക്കുക. അപ്പോള്‍ ആരെങ്കിലും നിങ്ങളോടു പ്രേമത്തിന്റെ വിജയത്തിനു വേണ്ടി ഒരു മരുഭൂമി താണ്ടുവാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതിനു വേണ്ടി തുനിയും. ഒരു കടല്‍ നീന്തിക്കടക്കുവാന്‍ പറഞ്ഞാല്‍ അതും.


നൌഷാദിന്റെ ഭാര്യയായി ജീവിതം തുടങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരുടെയും വീട്ടുകാര്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു എന്നത് ഞങ്ങള്‍ക്ക് വിഷയമേ ആയിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. ഒരു വിചിത്ര ഗ്രഹം ഞങ്ങള്‍ക്കായി ഉണ്ടാകപ്പെട്ടു. അതിന് ഉപഗ്രഹങ്ങളോ മാതൃ നക്ഷത്രമോ ഇല്ലായിരുന്നു. അതില്‍ രണ്ടേ രണ്ടു ജീവികള്‍. ഞാനും നൌഷാദും. പക്ഷെ, പിന്നീട് ഞങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ ഒരു മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ സാവധാനം ആ ഗ്രഹത്തിന് പുറത്തെ ലോകം കാണുവാന്‍ തുടങ്ങി. നഷ്ടപ്പെട്ട ബന്ധങ്ങളുടെ വില കുറച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേരും മനസ്സിലാക്കി. ഒരു മകളെ അച്ഛനും അമ്മയും എത്ര സ്നേഹിക്കുന്നു എന്നത് ഞാന്‍ ജീവിതത്തില്‍ നിന്നും സാവധാനം പഠിച്ചു തുടങ്ങി. എന്നിരുന്നാലും അപ്പോഴുള്ള ജീവിതത്തില്‍ പരിപൂര്‍ണ്ണു സംതൃപ്തയായിരുന്നു ഞാന്‍. നൌഷാദും അങ്ങനെ തന്നെയായിരുന്നു.  ഞാന്‍ ആഗ്രഹിച്ച സ്നേഹം തന്നെയാണ് അദ്ദേഹം എനിക്ക് നല്കി്യത്. സ്വകാര്യ സ്ഥാപനത്തിലെങ്കിലും മാന്യമായ ഒരു ജോലി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനും ഒരു ഉദ്യോഗസ്ഥയായിരുന്നു. അല്ലലില്ലാതെ നീങ്ങുന്ന ജീവിതത്തില്‍ ഒരു കുഞ്ഞു കൂടി ഞങ്ങള്‍ക്ക്  പിറന്നു.


പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത്..? എങ്ങനെയാണ് ഞാന്‍ ഭര്‍ത്താവിനു വേണ്ടാത്ത ഭാര്യയായി മാറിയത്‌..? കമ്പനി ഉടമയുടെ വിവാഹ മോചിതയായ മകളുമായി അദ്ദേഹം അടുത്തു കഴിഞ്ഞു എന്ന് വളരെ വൈകിയ വേളയിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് നേരത്തെ കണ്ടു പിടിച്ച് ഞാന്‍ ജീവിതം തിരിച്ചു പിടിക്കേണ്ടിയിരുന്നു എന്നൊക്കെ പലരും അന്നെന്നെ കുറ്റപ്പെടുത്തി. അതെങ്ങനെ എന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.  സ്നേഹം ആര്ക്കെങ്കിലും അങ്ങനെ പിടിച്ചു വാങ്ങാവുന്ന ഒന്നാണോ..? അങ്ങനെയുള്ള ഒരു സ്നേഹത്തെക്കുറിച്ച് എനിക്ക് അറിവില്ല. ഞാന്‍ ഇത്രയും നാള്‍ ജീവിച്ച സ്നേഹലോകത്ത് ഈ ഒരു പാഠം പഠിച്ചതേ ഇല്ല.


ജീവനു  തുല്യം സ്നേഹിച്ചിരുന്ന മക്കളെ പോലും മറന്നു അദ്ദേഹം എന്നില്‍ നിന്നും എന്നെന്നേക്കുമായി അകന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ മരണത്തെക്കുറിച്ച് ചിന്തിച്ചു. അതിലേക്കുള്ള വിവിധ വഴികള്‍ തേടി.  അപ്പോഴാണ്‌ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ഈ മാരക വ്യാധി എന്നെ പിടികൂടിയത്‌. പക്ഷെ എന്റെ മക്കള്‍... അവരെയും എനിക്ക് കൂടെ കൂട്ടിയേ പറ്റൂ. തനിച്ചു ഈ ലോകത്തില്‍ അവരെ എനിക്ക് വിട്ടിട്ട് പോകാനാവില്ല. അതിനുള്ള മാര്‍ഗമാണ് എന്റെ മുന്നില്‍ ഇനി എനിക്ക് തെളിഞ്ഞു കിട്ടേണ്ടത്.


കുടുംബത്തിലെ അലോസരങ്ങള്‍ കാരണം കുറച്ചു മാസങ്ങളായി ഞാന്‍ മക്കളെ ബോര്ഡിംഗ് സ്കൂളില്‍ ചേര്‍ത്തിരിക്കുകയായിരുന്നു. അച്ഛന്‍ വിട്ടു പോയതും ഞാന്‍ രോഗിയായതും അവരെ അറിയിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന പാട്...അത് എനിക്ക് മാത്രമേ അറിയൂ. അമ്മക്ക് ഓഫീസിലെ തിരക്ക് കാരണവും അച്ഛന് പെട്ടെന്നുണ്ടായ സ്ഥലം മാറ്റവും മൂലം അവരെ വന്നു കാണുവാനാകുന്നില്ല എന്ന എന്റെ വാക്ക് വിശ്വസിച്ച് ജീവിക്കുകയാണ് എന്റെ പാവം മക്കള്‍. പക്ഷേ സത്യം അറിയുന്നതിന് മുന്പ് എനിക്ക് അവരെ കൂട്ടി ഈ ഭൂമിയില്‍ നിന്നും മറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉറക്കമില്ലാത്ത രാവുകളും വിരസമായ പകലുകളും  ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി നീക്കി വെച്ചിരിക്കുകയാണ്.


പക്ഷെ, കുറച്ചു ദിവസങ്ങളായി എന്റെ് എല്ലാ എല്ലാ പദ്ധതികളും തകിടം മറിക്കുന്ന ഒരു സംഭവം നടന്നിരിക്കുന്നു. താമസിയാതെ എന്റെ മക്കള്‍ എന്നെ തേടി ഈ ആശുപത്രി കിടക്കയില്‍ എത്തും. എന്റെ ചികില്സാ കാര്യങ്ങള്‍ നോക്കുന്ന എന്റെ സഹപ്രവര്ത്തകര്‍ എന്റെ എതിര്‍പ്പുകള്‍ അവഗണിച്ച്  മക്കളെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു കഴിഞ്ഞു. പന്ത്രണ്ടും പത്തും വയസ്സും പ്രായമുള്ള കുട്ടികള്‍ക്ക് ‌ അവരുടെ അമ്മയുടെ രോഗ വിവരവും അച്ഛന്റെ വേര്‍പിരിയലും ഉള്‍ക്കൊള്ളാനാകും എന്നാണു അവരുടെ വാദം. എത്ര കാലം എനിക്കിത് അവരില്‍ നിന്ന് മറക്കാനാകും എന്ന അവരുടെ ചോദ്യത്തിന് എനിക്ക് മറുപടിയൊന്നും പറയാനില്ല. എന്റെ കണക്ക് കൂട്ടലില്‍ അധികകാലം വേണ്ട എന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണല്ലോ.


എന്റെ മൂത്ത മകള്‍ സ്നേഹയ്ക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. അവളെ പ്രസവിക്കാന്‍ ആശുപത്രിയില്‍ പോയത്‌ ഇന്നലെയെന്നവണ്ണമാണ് എന്റെ മനസ്സിലുള്ളത്. വേദന കൊണ്ടു പുളയുന്ന എന്നെ ഒരു കൈ കൊണ്ടു ചേര്ത്തു പിടിച്ചു കാര്‍ ഓടിച്ചാണ് നൌഷാദ് ആശുപത്രിയില്‍ എത്തിച്ചത്‌. അവളെ പ്രസവിച്ചു മുറിയില്‍ വന്ന ഉടനെ നൌഷാദ് എന്റെ‍ നെറ്റിയില്‍ നല്കിയ ചുംബനത്തിന്റെ ചൂട്  ഇപ്പോഴും അവിടെ തന്നേയുണ്ട്. ഇളയവള്‍ പത്തു വയസ്സുകാരി സൈന ബോര്ഡിങ്ങില്‍ എങ്ങനെ നില്ക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. എപ്പോഴും എന്റെ‍യും നൌഷാദിന്റെയും മധ്യത്തില്‍ കിടന്നുറങ്ങാനായിരുന്നു അവള്ക്കിഷ്ടം. പാവം എന്റെ‍ കുഞ്ഞുങ്ങള്‍. സ്നേഹം നഷ്ടപ്പെട്ട ഈ ലോകത്ത്‌ എന്തിനവര്‍ ജീവിക്കണം...? ഉള്ള കാലമത്രയും ആവതു കിട്ടിയതല്ലേ. അതിന്റെ മാധുര്യം നഷ്ടപ്പെടാതെ തന്നെ അവര്‍ ഈ ലോകത്ത് നിന്നും പിരിയട്ടെ.. എനിക്ക് വീണ്ടും ഉറക്കം വരുന്നു. മണിക്കൂറുകള്‍ എത്രയായെന്നോ ഈ കിടപ്പു തുടങ്ങിയിട്ട്.  സന്ധ്യയാകാതെ ഈ കുപ്പിയിലെ മരുന്ന് തുള്ളികള്‍ തീരുകയില്ല. അതിനിനിയും ഇനിയും ധാരാളം സമയമുണ്ട്.


ആരോ എന്നെ വിളിക്കുന്ന ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. എന്റെ സഹപ്രവര്‍ത്തകയോടോപ്പം എന്റെ മുന്നില്‍    നില്ക്കുന്ന സ്നേഹയെയും സൈനയെയും ആണ് ഞാനിപ്പോള്‍ കാണുന്നത്. എത്ര മാസങ്ങളായി ഞാന്‍ എന്റെ മക്കളെ കണ്ടിട്ട്..? ഇത് സ്വപ്നമോ സത്യമോ എന്നറിയാന്‍ ഞാന്‍ ശരീരത്തില്‍ ചെറുതായി നുള്ളി നോക്കി. അതെ, ഇത് സത്യം തന്നെ. പുറത്തേക്ക് കുതിച്ചു ചാടുവാന്‍ വെമ്പുന്ന വികാരങ്ങളെ അടക്കിപ്പിടിച്ച ഞാന്‍ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ നോക്കി.  അവര്‍ എന്നെ അരുമയോടെ നോക്കുന്നു. റേഡിയേഷന്‍ ചെയ്തു കറുത്തു കരിവാളിച്ച എന്റെ ശരീരത്തില്‍ തലോടുന്നു. മിക്കവാറും പൊഴിഞ്ഞു തീര്‍ന്ന എന്റെ തലമുടി അവര്‍ ഒതുക്കി നേരെ വെച്ചു തരുന്നു. എന്റെ കൈപ്പത്തികള്‍ ചേര്ത്തു പിടിച്ചു കിടക്കയില്‍ കിടക്കുന്ന എന്റെ തോളിലേക്ക് ചായുവാന്‍ ശ്രമിക്കുന്നു. നമുക്ക്‌ വേണ്ടാത്ത അച്ഛനെ നമുക്കും വേണ്ട എന്ന് പറഞ്ഞവര്‍ എന്നെ ആശ്വസിപ്പിക്കുന്നു. അസുഖം മാറി പെട്ടെന്ന് വീട്ടില്‍ തിരിച്ചു പോകാമെന്ന് പറഞ്ഞ് എനിക്ക് പ്രതീക്ഷ നല്കുന്നു.


നിസ്സാര കാര്യങ്ങള്ക്ക് പോലും അമ്മയുടെ സഹായം തേടുമായിരുന്ന എന്റെ മക്കളാണോ മുതിര്ന്ന പെണ്കുട്ടികളെപ്പോലെ ഇങ്ങനെ പെരുമാറുന്നത്..? എന്റെ കൈകളില്‍ കിടന്നു വലുതായ എന്റെ മക്കള്‍. ഇവരുടെ കളിയും ചിരിയും എനിക്ക് എന്തെന്തു പ്രതീക്ഷകള്‍ നല്കിയിരുന്നു..? സ്നേഹ ആദ്യമായി മുല കുടിച്ചപ്പോള്‍ മാറില്‍ എനിക്കുണ്ടായ വേദന ഈ നിമിഷം എനിക്കനുഭവപ്പെടുന്നു. അമ്മിഞ്ഞ കുടിക്കുമ്പോള്‍ സൈനക്ക്‌ എപ്പോഴും എന്റെ ചെവിയില്‍ പതുക്കെ പിടിച്ചു കൊണ്ടിരിക്കണം. കുറച്ചു സമയം കഴിയുമ്പോള്‍ എനിക്ക് ഇക്കിളിയാകും. ആ ഓര്‍മയുടെ ഇക്കിളിയില്‍ ഞാന്‍ ചെറുതായി പിടഞ്ഞു. ഇവരുടെ വളര്ച്ചയുടെ ഓരോ പടവുകള്‍.... വളര്‍ന്നു കഴിയുമ്പോള്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ, വിടര്‍ന്ന കണ്ണുകളോടെ അവര്‍ പറഞ്ഞ മറുപടികള്‍....അത് കേട്ട ഞാന്‍ അവരെക്കാള്‍ ഏറെ അഭിമാനം കൊണ്ടത്‌.


ഒരൊറ്റ നിമിഷം....എന്റെ തീരുമാനങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്റെ ശരീരത്തിന് അര്‍ബുദമാണ് ബാധിച്ചതെങ്കില്‍ എന്റെ മനസ്സിനെ ബാധിച്ചത്‌ കടുത്ത അന്ധതയായിരുന്നു എന്ന് ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. അന്ധതയുടെ ഈ കയത്തില്‍ നിലയില്ലാതെ മുങ്ങിത്താഴുവാന്‍ തുടങ്ങിയ ഞാന്‍ പ്രതീക്ഷയുടെ തുരുത്തുകളായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ കുറ്റബോധത്തോടെ നോക്കി. ഇവരെ മരണ ദേവന് കാഴ്ച വെക്കുവാന്‍ എനിക്കാരാണ് അധികാരം തന്നത്....? അവര്‍ക്ക് ‌ വേണ്ടി ജീവിക്കണം എന്ന് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചില്ലല്ലോ. ഒരു ഭാര്യയുടെ സ്വാര്‍ഥ ദു:ഖത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഏറ്റവും നീചമായ വഴി ചിന്തിച്ച എനിക്ക് എന്നോടു തന്നെ വെറുപ്പ്‌ തോന്നി. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കുണ്ടാകേണ്ടിയിരുന്ന ജീവിതം, അതെന്തേ ഞാന്‍ കണ്ടില്ല..? മരണ ത്വരയുടെ ഇരുളില്‍ കണ്ണ് പൊത്തിയിരിക്കാന്‍ ഞാന്‍ ശ്രമിച്ചതെന്തേ..?


വാക്കുകള്‍ നഷ്ടപ്പെട്ട ഞാന്‍ എന്റെ മക്കളെ ചേര്ത്തു് പിടിച്ചു കരഞ്ഞു തുടങ്ങി. മനസ്സ് കൊണ്ടു അവരെ കൊലപാതകം ചെയ്ത ഞാന്‍ കണ്ണീരു കൊണ്ടു പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചു. കുറച്ചു കണ്ണീരു കൊണ്ട് തീരുന്നതാണോ ഞാന്‍ ആലോചിച്ചു കൂട്ടിയ കൊടും പാതകങ്ങള്‍...? “കരയല്ലേ..അമ്മേ..” എന്ന അവരുടെ സ്വന്തനം കേട്ടപ്പോള്‍ അമ്മയെന്ന പേരിന് പോലും അര്ഹത ഇല്ലാതെ ഞാന്‍ ഒരു കീടത്തിന് സമാനയായി.മുന്നില്‍ കിടക്കുന്ന ജീവിതം എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി. ഇല്ല, എനിക്ക് എന്റെ മക്കളോടൊപ്പം ജീവിക്കണം. ഡോ. ജോര്ജ് ജോസഫ്‌ പറഞ്ഞപോലെ അസാമാന്യ ധൈര്യവതിയായ ഒരു രോഗിയാണ് ഞാന്‍. എന്റെ ഈ മന:ധൈര്യത്തിനു ഏതു രോഗത്തെയും മറികടക്കാനാവും. . ഞാന്‍ പതുക്കെ എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ചു. സ്നേഹയും സൈനയും ചേര്‍ന്നെന്നെ താങ്ങി ഇരുത്തി.


അതെ. ഇരുളിന്റെ കയത്തില്‍ നിന്നും എന്നെന്നേക്കുമായി ഞങ്ങള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ മൂവരും ചേര്‍ന്ന് വെളിച്ചത്തിന്റെ ഈ ജീവിത നദി സാവധാനം തുഴയും. ഇടക്ക്‌ കാറും കോളും ഉണ്ടായെന്നു വരാം. അതിനി സാരമാക്കാനില്ല.  ഭൂമിയില്‍ ഏതു നദിയാണ്  കാറും കോളും ഇല്ലാതെ ഒഴുകിയിട്ടുള്ളത്‌..? ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു.

28.4.12

മേരീ..കശ്മീ..ര്‍..ബൈ ബൈ ..കശ്മീര്‍

മേജര്‍ രവി സംവിധാനം ചെയ്ത ‘കുരുക്ഷേത്ര’ എന്ന ചിത്രം ഓരോ പ്രാവശ്യം ടി വി യില്‍ കാണുമ്പോഴും എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു ബിജു മേനോന്‍ അവതരിപ്പിച്ച മേജര്‍ രാജേഷിന്‍റെ കഥാപാത്രം മരിക്കുമ്പോള്‍ ഭാര്യയായ ആര്‍മി ഡോക്ടര്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്ന രംഗം. നമ്മുടെ രാജ്യത്തെ എത്രയോ സൈനികരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന്‍റെ പ്രതീകമാണ് സാനിയ സിംഗ് എന്ന നടിയുടെ കവിളിലൂടെ ഒഴുകിയ ആ കണ്ണ് നീര്‍. എത്രയോ പേരുടെ സ്വപ്നങ്ങളാണ് ആ കണ്ണു നീരിലൂടെ ഒലിച്ചിറങ്ങിയത്. കാശ്മീരില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഒരു ഗദ്ഗദത്തോടെ മാത്രമേ ആ രംഗം  കാണുവാന്‍ കഴിയുകയുള്ളൂ.


മൂന്നു വര്ഷം മുന്‍പുളള മാര്‍ച്ച് മാസത്തില്‍ സൂററ്റില്‍ നിന്നും കാശ്മീരിലേക്ക് സ്ഥലം മാറ്റം എന്ന സ്ഥലമാറ്റ ഉത്തരവ് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഇത് പോലെ ഉത്സാഹം കെടുത്തിയ ഒരു സ്ഥലം മാറ്റം ഇതിനു മുന്‍പ്‌ ഉണ്ടായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളെ പറഞ്ഞു സമാധാനിപ്പിക്കാനായിരുന്നു പ്രയാസം.


കുറച്ചു ക്ലേശകരമായ റോഡു യാത്ര ചെയ്തു വേണം ഞങ്ങള്‍ താമസിക്കുന്ന കിസ്തവാര്‍ഡില്‍ എത്തിച്ചേരുവാന്‍. എട്ടു മണിക്കൂര്‍ സമയം എടുത്ത് ആറായിരത്തില്‍ കൂടുതല്‍ അടി ഉയരത്തിലേക്കുള്ള ഹിമാലയ യാത്ര  കഴിഞ്ഞു ഇവിടെ എത്തിച്ചേര്‍ന്നപ്പോള്‍ മനസ്സിന്‍റെ തളര്‍ച്ച പൂര്‍ണ്ണമായി. പക്ഷേ ഏതാനും ദിവസങ്ങള്‍ കൊണ്ടു  ഈ സ്വര്‍ഗ്ഗ തുല്യമായ സ്ഥലത്തെ ഞാന്‍ അറിയാതെ സ്നേഹിച്ചു തുടങ്ങി. ഇവിടത്തെ ഓരോ ദിവസവും എനിക്ക് പുതുമയായി. ചുറ്റും കോട്ട കെട്ടിയ പോലെ ആകാശം മുട്ടെ ഉയരത്തില്‍ ഹിമാലയം ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ചെനാബ് നദിക്കരയിലുള്ള ക്വാര്‍ട്ടെസിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടക്കൊക്കെ ഞാന്‍ തമാശക്ക് ഭര്‍ത്താവിനോട് പറയാറുണ്ട് ”എനിക്കിന്ന് ഒന്നും കഴിക്കേണ്ട. ഞാന്‍ ഈ ബാല്‍ക്കണിയില്‍ നിന്നും ഈ ഹിമാവാനെയും നോക്കി അങ്ങനെ നിന്ന് കൊള്ളാം.” എന്ന്.


ഇവിടെ വന്നതിനു ശേഷം ആദ്യത്തെ മഞ്ഞു വീഴ്ച ഉണ്ടായ ദിവസം  രാത്രിയില്‍ ഞാന്‍ ഉറങ്ങിയതേ ഇല്ല. കനത്തില്‍ പഞ്ഞി നിറച്ച ‘രജായി’ യിക്കടിയില്‍ നിന്നും തല ഉയര്‍ത്തി ജനല്‍ കര്‍ട്ടന്‍ മാറ്റി ഞാന്‍ പഞ്ഞി കഷണങ്ങള്‍ പോലെ താഴേക്ക്‌ പാറി വീഴുന്ന മഞ്ഞു മഴ കണ്ടു കൊണ്ടു കിടന്നു. പക്ഷെ വീട്ടിനടുത്തു തന്നെയുള്ള ജവാന്മാരുടെ ഡ്യൂട്ടി പോസ്റ്റുകളില്‍ നിന്ന് കാണുന്ന ചുവന്ന നിറത്തിലെ ഹീറ്ററിന്‍റെ വെളിച്ചം കാണുമ്പോള്‍ ആ സന്തോഷമെല്ലാം പെട്ടെന്ന് പോകും. താപ നില മൈനസ് ആറും ഏഴും ഒക്കെ ആകുന്ന രാത്രികളില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍. “നിങ്ങള്‍ ഉറങ്ങിക്കൊള്ളൂ.. ഞാന്‍ ഉറങ്ങാതെ നിങ്ങള്ക്ക് കാവലാളായി ഇവിടെ ഉണര്‍ന്നിരിക്കുന്നു” എന്ന ‘കുരുക്ഷേത്ര’ യിലെ വാചകങ്ങള്‍ ആ ചുവന്ന വെളിച്ചം പറയുന്നപോലെ.


എത്ര സ്നേഹമുള്ളവരാനെന്നോ ഇവിടത്തെ മനുഷ്യര്‍. കടകളിലോ മറ്റു പൊതു സ്ഥലങ്ങളിലോ പോകുമ്പോള്‍ എത്ര ഉപചാരത്തോടു കൂടിയാണ് അവര്‍ മറ്റുള്ളവരോടു പെരുമാറുന്നത്.  രൂപം പോലെ തന്നെ ഭംഗിയുള്ള മനസ്സുള്ളവര്‍. മുന്തിരിയുടെ നിറമുള്ള കണ്ണുകളും ചുവന്നു തുടുത്ത കവിളുകളുമുള്ള അതി സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണം ഈ സ്ഥലത്തിനു ഒട്ടും അധികമല്ല. പക്ഷെ ഈ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കാശ്മീര്‍ എന്നാല്‍ ഭീകരന്മാര്‍ മാത്രം ജീവിക്കുന്ന ഒരു സ്ഥലം എന്ന ധാരണയാണ്. നല്ലവരായ ഈ മനുഷ്യരില്‍ ചിലരുടെ  ഉള്ളില്‍ വിഷ വിത്തെറിഞ്ഞു ഒരു സംസ്ഥാനത്തെ മുഴുവനും അശുദ്ധമാക്കുവാന്‍ തിന്മയുടെ ശക്തികള്‍ക്കായി എന്നതാണ് വാസ്തവം. അങ്ങനെ ഉള്ളവരില്‍ നല്ലൊരു ശതമാനവും കീഴടങ്ങി മറ്റു ജോലികള്‍ തിരഞ്ഞെടുത്തു എന്നത് വളരെ ആശ്വാസം തന്നെ. കീഴടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.


‘കീര്‍ത്തി ചക്ര’ സിനിമയില്‍ ദള്‍ തടാകത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു കശ്മീരിക്ക് വേണ്ടി പ്രശസ്ഥ സൂഫി ഗായകന്‍ കൈലാഷ് ഖേര്‍ പാടിയ ഗാനം എന്‍റെ മനസ്സില്‍ അലയടിക്കുന്നു. മനസ്സ് അവര്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നു. ഓ..അള്ളാ...ഇവര്‍ക്ക്‌ ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...? ഇപ്പോള്‍ ഇവിടെ വാളും മരണവും രക്തവും മാത്രമേ ഉള്ളു എന്ന് വിലപിക്കുന്ന ആ സാധാരണ മനുഷ്യന്‍. കാശ്മീരിന്‍റെ പണ്ടത്തെ ശാന്തിയും സൌന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക്‌ തിരികെ തരും..? എന്ന രോദനം ഏതു ഇന്ത്യാക്കാരന്‍റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്...? അവര്‍ക്കുമില്ലേ സ്വസ്ഥമായി ജീവിക്കാനുള്ള ആഗ്രഹം..? എന്നെ കൊന്നോളൂ എന്‍റെ മക്കളെ എങ്കിലും ജീവിക്കാന്‍ അനുവദിക്കൂ എന്നയാള്‍ വിലപിക്കുന്നു.


ഇപ്പോള്‍ ഇവിടെ മൂന്ന് വര്ഷം തികച്ച ഈ സമയത്ത് ഞങ്ങള്‍ക്ക്‌ കാശ്മീരില്‍ നിന്ന് പോകുവാന്‍ സമയമായിരിക്കുന്നു. ഇങ്ങോട്ട് സങ്കടപ്പെട്ടു വന്ന ഞാന്‍ ഇവിടെ നിന്നും പോകുന്നത് അതിലേറെ സങ്കടത്തോടെയാണ്. എല്ലാ പ്രഭാതങ്ങളിലും ഉണരുമ്പോഴേ വരാന്തയില്‍ നിന്ന് കാണുന്ന, വര്‍ഷത്തില്‍ മിക്കവാറും മാസങ്ങള്‍ മഞ്ഞു മൂടി കിടക്കുന്ന എന്‍റെ ബെക്കര്‍വാളുകളി  ലെ  എനിക്ക് പ്രിയപ്പെട്ട ചതുരമല. അതിനു ചുറ്റും കാണുന്ന ഓരോ മലയിലും പ്രഭാതം വിടരുന്നതനുസരിച്ച് ഓരോ തരത്തില്‍ വെയില്‍ പരന്നു തുടങ്ങുന്നത്. പെട്ടെന്നൊരു മഴക്കാര്‍ വന്നു മല നിരയെ മൊത്തം മറച്ചു കളയുന്നത്. ചിലപ്പോള്‍ നമ്മള്‍ യാത്ര ചെയ്യുന്ന വാഹനത്തിനു മുന്നിലൂടെ മഴമേഘങ്ങള്‍ പറക്കുന്നത്. ഇതെല്ലം ഇനി ജീവിതത്തില്‍ ഞാന്‍ കാണില്ല. എന്നാലും എനിക്കിവിടം വിട്ട് പോകണം. ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും “സ്ഥലം മാറ്റം വന്നില്ലേ മോളെ...?”  എന്ന് ആധിയോടെ അന്വേഷിക്കുന്ന എന്‍റെ അമ്മ, മറ്റു ബന്ധുക്കള്‍. എല്ലാവര്‍ക്കും എന്‍റെ ഭര്‍ത്താവിന്  “ബോംബെക്ക് സ്ഥലം മാറ്റം വന്നു” എന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷം.


ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അകമ്പടി വാഹനത്തിന്‍റെ സഹായത്തോടെ  ആയുധധാരികളുമായി ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നെഞ്ചിടിപ്പോടെ, പ്രാര്‍ഥനയോടെ വീട്ടില്‍ ഞാന്‍ കാത്തിരുന്ന ദിവസങ്ങള്‍ ഇനി വേണ്ട. മഞ്ഞു കാലത്ത് ഓഫീസില്‍ പോകുമ്പോള്‍ വാഹനത്തിന്‍റെ ചക്രം മഞ്ഞില്‍ തെന്നല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന ആശങ്കയുടെ ദിനങ്ങളും തീരുന്നു. ചെനാബ് നദിയെ എനിക്ക് അതിരറ്റ സ്നേഹമാണെങ്കിലും മഞ്ഞു കാലങ്ങളില്‍ അവളുടെ കരയിലൂടെ മലമുകളിലെ മഞ്ഞുറച്ച റോഡിലൂടെ വാഹനത്തില്‍ ഇരുന്നു ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ അവള്‍ എന്നെ ഭയപ്പെടുത്താറുണ്ട്. എത്രയോ വാഹനങ്ങളെ അവള്‍ തന്‍റെ തണുത്തുറഞ്ഞ അഗാധ ഗര്‍ത്തത്തിലേക്ക് വിഴുങ്ങി മറച്ചു കളഞ്ഞിരിക്കുന്നു...എല്ലാത്തിനും വിട.


നിറയെ റോസാപ്പൂക്കള്‍ വിരിഞ്ഞു നിലക്കുന്ന, ആപ്പിളും ആപ്രിക്കോട്ടും വാള്‍നട്ടും വിളയുന്ന ഈ താഴ്വര ഈ മേയ് മാസം തീരുന്നതിനു മുന്‍പ്‌ എനിക്ക് ഒരു ഓര്‍മ്മ മാത്രം ആകും. തിരക്കേറിയ മുംബെ നഗരം എന്നെ കാത്തു നിലക്കുന്നു. ഇനി ആ മഹാ നഗരത്തിന്‍റെ തിരക്കുകളിലേക്ക്. ഓ..മേരീ..കശ്മീര്‍..ബൈ  ബൈ കശ്മീര്‍..

19.3.12

ഒരു മരുക്കാറ്റിന്‍റെ അവസാനം

കത്തിക്കാളുന്ന വിശപ്പോടെ ഗായത്രി ഊണ് മേശയില്‍ മൂടി വെച്ചിരുന്ന ഭക്ഷണം എടുത്തു കഴിക്കാന്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ മുന്‍പ്‌ കഴിക്കാന്‍ പ്ലേറ്റില്‍ കൈ വെച്ചതേ ചാന്ദ്നി ദീദി അവളെ ജോലിക്കായി വിളിച്ചു. അപ്പോള്‍ തന്നെ  അത് അവിടെ മൂടി വെച്ച് പോകേണ്ടി വന്നു. അതാണവളുടെ ജോലിയുടെ സ്വഭാവം. പ്രത്യേക സമയം എന്നൊന്നും ഇല്ല.  ജോലി വന്നാല്‍ അത് സമയം കളയാതെ ചെയ്യുക. ഒന്ന് ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തണുത്തു മരച്ച ഭക്ഷണം വേഗം കഴിച്ചു തുടങ്ങി.

ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു അവള്‍ ഈ മണല്‍ നഗരത്തില്‍ വന്നു ചേര്‍ന്നിട്ട്. വന്നതില്‍ നിന്നും തന്‍റെ രൂപം  എത്ര മാറിപ്പോയി. മുഖം കഴുകവേ അവള്‍ കണ്ണാടിയില്‍ കണ്ട തന്‍റെ പ്രതി രൂപത്തെ സൂക്ഷിച്ചു നോക്കി. വില്ല് പോലെ ഷേപ്പ് ചെയ്ത പുരിക കൊടികള്‍. ആഴ്ചയിലൊരിക്കല്‍ ഉള്ള ഫേഷ്യലിങ്ങ് കവിളിനു നല്ല മിനുമിനുപ്പ്‌ നല്‍കിയിരിക്കുന്നു. എണ്ണ തേച്ചു ഇട തൂര്‍ന്ന്‍ കിടന്നിരുന്ന മുടി ഷാംപൂ ചെയ്തു തോളറ്റം വരെ .മുറിച്ചിട്ടിരിക്കുകയാണ്. തന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുടെ അമ്മയാണെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. അവള്‍ മുഖം ടവ്വലില്‍ തുടച്ചു മുറിയില്‍ പോയി കിടക്കാന്‍ തിരക്ക് കൂട്ടി. ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ് കുറച്ചു നേരമെങ്കിലും സമയം കളയാതെ കിടക്കാമല്ലോ.

അവള്‍ ആയൂര്‍വേദ ആശുപത്രിയില്‍ തിരുമ്മു ചികില്‍സയുമായി കഴിയുന്ന ചന്ദ്രേട്ടനെയും നാലാം ക്ലാസില്‍ പഠിക്കുന്ന ആതിരയെയും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചനയെയും ഓര്‍ത്തു. ഒന്നര കൊല്ലം കൊണ്ടു അവര്‍ രണ്ടു പേരും പൊക്കം വെച്ച് കാണും. എല്ലാ ഞായറാഴ്ചയും ചാന്ദ്നി ദീദിയുടെയും സഹായികളുടെയും സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുള്ള അഞ്ചു മിനിറ്റു ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്ന അവരുടെ കൊഞ്ചല്‍ എത്ര കേട്ടാലും അവള്‍ക്ക് മതിവരാറില്ല. ഒന്നര കൊല്ലത്തെ ചികില്‍സ കൊണ്ടു ചന്ദ്രേട്ടന്‍ മിക്കവാറും നടക്കാറായിരിക്കുന്നു. അന്നത്തെ അപകടത്തിനു ശേഷം “ചന്ദ്രനിനി എഴുന്നേറ്റു നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണു പലരും പറഞ്ഞത്‌. ഇടിച്ചു കിടക്കുന്ന ലോറി കണ്ടാല്‍ ഓടിച്ചിരുന്ന ആള്‍ രക്ഷപ്പെട്ടു എന്ന് ആരും വിശ്വസിക്കില്ലായിരുന്നു. ഇപ്പോഴുള്ള ചെറിയ എന്തല്‍ കുറച്ചു നാളത്തെ വ്യായാമം കൊണ്ടു ശരിയാകുമെന്നു ഡോക്ടര്‍ പറഞ്ഞതെന്നു പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “താമസിയാതെ എനിക്ക് പഴയ പോലെ ലോറിയും ഓടിക്കാനാവും. ഇനി എന്‍റെ പെണ്ണ് മരുഭൂമിയില്‍ കിടന്നു വീട്ടു വേല ചെയ്തു കഷ്ടപ്പെടണ്ട” എന്ന സ്നേഹപൂര്‍വമായ ശബ്ദം കേട്ടപ്പോള്‍ കരഞ്ഞത് ഗായത്രിയായിരുന്നു.

ഗായത്രി പോരുമ്പോള്‍ ചന്ദ്രേട്ടന്‍ കട്ടിലില്‍ നിന്നും പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കുവാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു. പ്രായമായ അമ്മ എങ്ങനെ ചന്ദ്രേട്ടനെ ഉയര്‍ത്തി ഇരുത്തും എന്ന ആധിയിലാണ് അവള്‍ വീടിന്‍റെ പടി ഇറങ്ങിയത്.

“ഒന്നും വിഷമിക്കേണ്ട. മോള് ധൈര്യായിട്ടു പോക്കോ... മീനാക്ഷിയമ്മ വിളിക്കുമ്പോഴെല്ലാം ഓടി വരാന്‍ കൈ സഹായത്തിന് ഞങ്ങട  അഷറഫില്ലേ.. ചന്ദ്രന്‍റെ ചികില്‍സക്ക് പണോണ്ടാവാന്‍ മോള്ക്ക് പോകാത പറ്റുവോ..?. ഒരു രണ്ടു കൊല്ലം വേലേടുത്താല്‍ പോരെ...? മോട ആദ്യ ശമ്പളം വരുമ്പോഴേക്ക് ഞങ്ങള് ചന്ദ്രനെ ആശൂത്രിലാക്കീട്ടുണ്ടാകും”.

എയര്‍ പോര്‍ട്ടില്‍ ഇറങ്ങി ജോലിചെയ്യേണ്ട വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ വരുന്ന ഏജന്റിനെ കാത്തിരുന്ന ഗായത്രിയുടെ മനസ്സില്‍ അപ്പോഴും അയലത്തെ ഖാദറിക്കയുടെ വാക്കുകള്‍ ആയിരുന്നു. അവിടെ തൊട്ടടുത്ത കസേരയില്‍ അവളെപ്പോലെ മറ്റൊരു സ്ത്രീയും ഏജന്റിനെ കാത്തിരിപ്പുണ്ടായിരുന്നു. കോട്ടയംകാരി ഒരു രജനി. കല്യാണത്തിനു പൈസ ഉണ്ടാക്കാനാണത്രേ അവള്‍ ഈ ജോലിക്കിറങ്ങി തിരിച്ചത്. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും മംഗല്യ ഭാഗ്യം വരാഞ്ഞത് അവളുടെ അച്ഛന്‍റെ കൈയ്യില്‍ കാശൊന്നും ഇല്ലാഞ്ഞിട്ടു തന്നെയായിരുന്നു.

ഏജന്റിന്‍റെ കൂടെ താന്താങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള വീടുകളില്‍ പോകുവാനായി ഒരേ കാറില്‍ തന്നെയാണവര്‍ തിരിച്ചത്. കിട്ടുന്ന വീടുകള്‍ അവരവരുടെ ഭാഗ്യം പോലെ ഇരിക്കും എന്ന് നാട്ടിലെ  ഏജന്റു പറഞ്ഞിരുന്നു.

“ജോലി കൂടുതലില്‍ ഒരു പരാതിയും പറയില്ല. രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളു. എന്‍റെ ചന്ദ്രേട്ടനെ എങ്ങനെ എങ്കിലും ഒന്ന് എഴുന്നേല്‍പ്പിച്ച് നടത്തിയാല്‍ മതി എനിക്ക്.” എന്നാണു അന്ന് ഗായത്രി പറഞ്ഞത്.

“ഈശ്വരാ.. നല്ല മനുഷ്യരുള്ള വീട് തന്നെ കിട്ടണേ..” എന്ന് മനസ്സില്‍ ഉരുവിട്ടു കൊണ്ടാണ് ചെന്ന് ചേരും വരെയുള്ള സമയം കാറില്‍ ഇരുന്നത്. രജനി അവളെ ശ്രദ്ധിക്കാതെ ഉത്സാഹത്തോടെ ചുറ്റുമുള്ള നഗര കാഴ്ചകള്‍ നോക്കിക്കണ്ടുകൊണ്ടിരുന്നു. നഗരത്തിന്‍റെ അവസാനം എന്ന് തോന്നിക്കുന്ന ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ വീടിനു മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു.

ഇവിടെ ഒന്ന് വിശ്രമിച്ചിട്ട് തങ്ങള്‍ക്കുള്ള വീടുകളില്‍ പോകാം എന്ന് പറഞ്ഞു വന്നയാള്‍ സ്ഥലം വിട്ടപ്പോള്‍ എന്തോ ഒരു അപകട ശങ്ക മനസ്സില്‍ നിറഞ്ഞു.. മനോഹരമായി ഒരുക്കിയിട്ടിരുന്ന ഒരു വീടായിരുന്നു അത്. ചാന്ദ്നി ദീദി അവരെ തനിക്കറിയാവുന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍  അകത്തേക്കാനയിച്ചു. അവരുടെ മലയാളിയായ ഭര്‍ത്താവിനെ പിന്നീടാണ് കണ്ടത്. കുളിക്കും ഭക്ഷണത്തിനും ശേഷം രാജനിക്കും ഗായത്രിക്കും കൂടെ നല്ലൊരു ഒരു മുറി കൊടുത്ത ശേഷം പറഞ്ഞു.

“ഇവിടെ വിശ്രമിച്ചു കൊള്ളൂ. ജോലി വരുമ്പോള്‍ വിളിക്കാം.”

“ഞങ്ങള്‍ ജോലി ചെയ്യുന്ന വീട് ഇതാണോ..?” എന്ന രജനിയുടെ ചോദ്യത്തിന്.

“ഇത് തന്നെ”

എന്ന് പറഞ്ഞ ശേഷം അവര്‍ പെട്ടെന്ന് മുറി വിട്ടു പോയി.

വേലക്കാരികള്‍ക്ക് ഇത്ര സൌകര്യമുള്ള മുറിയോ...? എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ്

“ഏജന്‍റ് അങ്ങനയല്ലല്ലോ ചേച്ചീ പറഞ്ഞത് “ എന്ന് രജനി ഭയപ്പടോടെ ചോദിച്ചത്.

ആ വീട്ടില്‍ അപ്പോള്‍ വേറെ ആരും ഉള്ളതായി തോന്നിയതും ഇല്ല. ഖാദറിക്കയുടെ അനിയന്‍റെ മകള്‍ സൈനത്ത പറഞ്ഞത് ഇങ്ങനെയല്ലല്ലോ. രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന നിറയെ ആളുകളുള്ള അറബികളുടെ വീട്, പല പ്രായക്കാര സ്ത്രീകള്‍ കുട്ടികള്‍,  വേലക്കാര്‍.....നല്ല വീടാണ് കിട്ടുന്നതെങ്കില്‍ സുഖമായി കഴിയാം. നല്ലൊരു തുക നാട്ടിലേക്ക്‌ അയക്കുകയും ആകാം.

“എനിക്കൊന്നു മനസ്സിലാകുന്നില്ല മോളെ..”എന്ന്  വിഹ്വലതയോടെ പറയാനേ ഗായത്രിക്ക്‌ അപ്പോള്‍ കഴിഞ്ഞുള്ളൂ.

ഒരഞ്ചു നിമിഷം കഴിഞ്ഞു കാണും ചാന്ദ്നി ദീദി വീണ്ടു പ്രത്യക്ഷപ്പെട്ടു.

“രണ്ടു പേരും വരു ..ആ മേശ മേല്‍ ഇരിക്കുന്ന കവര് കൂടെ എടുത്തുകൊള്ളു.”

എന്ന് പറഞ്ഞു അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍  മേശമേല്‍ കണ്ട ഗര്‍ഭ നിരോധന ഉറയുടെ കവറിലേക്ക് നോക്കിയ ഗായത്രിക്ക് തൊണ്ട വരണ്ടു താഴെ വീഴും എന്ന് തോന്നി. അവരെ സംശയത്തോടും പേടിയോടും കൂടെ നോക്കുന്നത് കണ്ടപ്പോള്‍ അത്രയും നേരം കണ്ട അവരുടെ സൌഹൃദ ഭാവം പെട്ടെന്ന് മാറി.

‘എടുക്ക്” എന്ന ആജ്ഞ കേട്ടപ്പോള്‍ വിറയ്ക്കുന്ന കൈകളോടെ അതെടുത്ത് അവര്‍ രണ്ടു പേരും പാവ കണക്കെ നിന്നു. ബെല്ലടിച്ചു സഹായികളായ രണ്ടു പുരുഷന്‍മാരെ വിളിച്ചു ബലം പ്രയോഗിച്ചാണ് അവരെ രണ്ടു പേരെയും കസ്റ്റമേഴ്സിനു മുന്നില്‍ എത്തിച്ചത്. സഹായികളായ. ആ തടിമാടന്മാര്‍  ആ വീട്ടില്‍ തന്നെയുള്ള വരാണെന്നു പിന്നീടവര്‍ക്ക്‌ മനസ്സിലായി. എതിര്‍ത്തു നില്‍ക്കാന്‍ ശ്രമിച്ച രജനിയുടെ കവിളില്‍ ദീദിയുടെ സഹായിയുടെ കൈ ഉച്ചത്തില്‍ പതിക്കുന്നത് കണ്ട ഗായത്രി നിസ്സഹായയായി അവരെ നോക്കി. രണ്ടു പേരും സഹായികളുടെ കയ്കളില്‍ ദുര്‍ബലരായി കുതറിക്കൊണ്ട് മൂന്നാം നിലയിലേക്കുള്ള നടകള്‍ കയറി.

അതി മനോഹരമായി അലങ്കരിച്ച മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് അപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി അപ്പോഴും തളര്‍ന്നു കിടന്നു. മുറിയില്‍ ഉണ്ടായിരുന്ന മനുഷ്യന്‍ എല്ലാം കഴിഞ്ഞു കവിളില്‍ ഒന്ന് തട്ടിയിട്ടു സ്ഥലം വിട്ടുകഴിഞ്ഞു.  പരിചയമില്ലാത്ത ഏതോ ഭാഷ സംസാരിച്ച ആ മനുഷ്യന്‍റെ ആക്രമണത്തിനു മുന്നില്‍ ചന്ദ്രേട്ടനും അര്‍ച്ചനയും ആതിരയും ചേര്‍ന്ന് സൃഷ്ടിച്ച സ്വര്‍ഗലോകം താന്‍ മുന്‍പെങ്ങോ ജീവിച്ച ജന്മത്തിലേതായിരുന്നു എന്ന്‍ തോന്നി.

അന്ന് തന്നെ രണ്ടു പേര്‍ക്കും നാലോ അഞ്ചോ കസ്റ്റമേഴ്സുണ്ടായിരുന്നു. വന്നു പെട്ട കെണിയെപ്പറ്റി ഒന്നോര്‍ത്തു കരയാന്‍ പോലും സമയം ലഭിക്കാഞ്ഞ ദിവസം. രക്ഷപ്പെടാന്‍ വഴി ആലോചിച്ച അന്ന് രാത്രി “ഞാന്‍ മരിക്കും..ഞാന്‍ മരിക്കും...”എന്ന് പറഞ്ഞു കൊണ്ടു രജനി  കട്ടിലിന്‍റെ പടിയില്‍ തല തല്ലി  കരഞ്ഞു കൊണ്ടിരുന്നു. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവും രണ്ടു പെണ്കുഞ്ഞുങ്ങളും ഉള്ള ഒരമ്മക്ക് മരിക്കും എന്ന് ചിന്തിക്കാന് പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നവള്‍ നിസ്സഹായതയോടെ ഓര്‍ത്തു.

പിറ്റേ ദിവസം തന്നെ ബ്യൂട്ടീഷന്‍ വന്നു രണ്ടു പേരെയും നഗര സുന്ദരികളാക്കി മാറ്റി. അപ്പോഴാണ്‌ അവര്‍ ആ വീട്ടിലെ മറ്റു അന്തേവാസിനികളെ പരിചയപ്പെട്ടത്‌ .അവര്‍ പറഞ്ഞത്‌ ഒന്നും രണ്ടു പേര്‍ക്കും മനസ്സിലായില്ല അവരില്‍ ഫിലിപ്പീന്സുകാരികളും പാക്കിസ്ഥാന്‍കാരികളും ഒക്കെയായി ആറു പേരുണ്ടായിരുന്നു. അവരുടെ ഭാഷയൊക്കെ മനസ്സിലായത്‌ പിന്നെയും കുറെ മാസങ്ങള്‍ കഴിഞ്ഞാണ്. രജനിയുടെ കണ്ണ്നീര്‍ അപ്പോഴും തോര്ന്നിരുന്നില്ല. മരിയ എന്ന ഫിലിപ്പീനി പെണ്‍കുട്ടി  അവളുടെ കണ്ണ്നീര്‍ തുടച്ചു ചേര്‍ത്തു പിടിച്ച് എന്തൊക്കെയോ അവളോടു പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നീട് ആഴ്ചയിലൊരിക്കല്‍ ബ്യൂട്ടി റൂമില്‍  ഫേഷ്യല്‍ തുടങ്ങിയ മിനുക്കു പണികള്ക്ക് ചെല്ലുമ്പോള്‍ അവരെ കണ്ടു മുട്ടാറുണ്ടായിരുന്നു. എപ്പോഴെങ്കിലും തമ്മില്‍ കണ്ടാല്‍ ഒന്നും സംസാരിക്കരുതെന്നാണ് ദീദിയുടെ ആജ്ഞ. സഹായികള്‍ എപ്പോഴും അവിടെ ഒക്കെ ഉള്ളത് കൊണ്ടു സംസാരിക്കാനും പേടിയായിരുന്നു. സെക്യൂരിറ്റിയും സഹായികളായ അറബികളും  ഉള്ള ആ വലിയ വീട്ടില്‍ ദീദിയുടെ ഭര്‍ത്താവ്‌ ആഴ്ചയില്‍ ഒരിക്കലേ വരാറുള്ളൂ. അയാള്‍ക്ക് വേറെ എവിടെയോ ആണ് ജോലി എന്ന് തോന്നി.

കസ്റ്റമേഴ്സിനു മുന്നില്‍ ദുര്മുഖം കാട്ടിയാല്‍ അവര്‍ സ്വീകരണ മുറിയിലെ ഡയറിയില്‍ പരാതി എഴുതി പോകും. അതിനു ലഭിക്കുന്ന ശിക്ഷയോര്‍ത്തു നിശബ്ദം എല്ലാം സഹിക്കേണ്ടി വരുന്ന അവസ്ഥ. ജോലി ചെയ്തു തളരാതിരിക്കാന്‍ ഏറ്റവും മേന്മയേറിയ ഭക്ഷണവും വിറ്റാമിന്‍ ഗുളികകളും മാസത്തിലെ നാല് ദിവസം പാഴാക്കി കളയാതിരിക്കാന്‍ പ്രത്യേകം ഗുളികകളും നല്‍കപ്പെട്ടു. ആ ഗുളികകളെല്ലാം ദീദിയുടെ മുന്നില്‍ വെച്ചു തന്നെ കഴിക്കണം. “ഒരാള്‍ നാല് ദിവസം നഷ്ടപ്പെടുത്തിയാല്‍ എത്ര രൂപയാണെന്നോ വെറുതെ പോകുന്നത്..?” എന്ന് പറഞ്ഞു അവരുടെ നേരെ ആക്രോശിക്കും


വന്ന്‍ ഒരാഴ്ച കഴിഞ്ഞ ദിവസമാണ് തുണി വിരിക്കാനെന്ന ഭാവേന ടെറസ്സില്‍ കയറിയ രജനി താഴേക്ക്‌ ചാടിയത്. പാരപ്പെറ്റില്‍ തട്ടി താഴേക്ക്‌ വീണ്  മരണത്തിനു രക്ഷിക്കാനാവാതെ അവളുടെ ജീവിതം രണ്ടു മാസത്തോളം കൈ കാലുകള്‍ ഒടിഞ്ഞു പ്ലാസ്റ്ററില്‍ കഴിഞ്ഞു. വെറുതെ കുറെ ദിവസം പാഴാക്കിയതിലൂടെ നേരിട്ട നഷ്ടത്തിന്‍റെ കണക്ക് പറഞ്ഞു ദീദി ആ ദിവസങ്ങളില്‍ അവളെ ശാസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനു ശേഷം വീണ്ടും പഴയ പതിവുകള്‍.

ദിവസവും പത്തും പതിനഞ്ചും പേരെ സ്വാഗതം ചെയ്യുന്ന ദിവസങ്ങള്‍ പിന്നീട് ശീലമായി. പല ഭാഷക്കാരായ പല തരക്കാരായ ആളുകള്‍. അത്തറിന്‍റെ സുഗന്ധമുള്ള അറബികള്‍, ഹിന്ദി പറയുന്നവര്‍, തമിഴന്മാര്‍ അങ്ങനെ പല തരത്തിലുള്ളവര്‍. ചിലര്‍ സ്നേഹ പൂര്‍വം എന്തെങ്കിലും കൊച്ചു   സമ്മാനങ്ങളും തരും. അതെല്ലാം ഗായത്രി ആതിരക്കും അര്ച്ചനക്കുമായി പെട്ടിയുടെ അടിയില്‍ സൂക്ഷിച്ചു വെച്ചു.

എല്ലാ മാസവും വീട്ടിലേക്ക്‌ ദീദി തന്നെ ശമ്പളം അയച്ചു കൊടുക്കുമായിരുന്നു. ചികില്‍സയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നുള്ള ചന്ദ്രേട്ടന്‍റെ വാക്കുകള്‍ മാത്രമാണ് ആ മരുഭൂമിയില്‍ ആകെ കണ്ട ഒരു മരുപ്പച്ച. ഞായറാഴ്ചകളില്‍ ഫോണിലൂടെ വരുന്ന  “ഗായീ...”എന്ന സ്നേഹ പൂര്‍വമായ വിളിക്കു വേണ്ടി ജീവിച്ചു നീക്കിയ ദിവസങ്ങള്‍. കിടക്ക മുറിയിലെ ജനല്‍ വിരി നീക്കി നോക്കിയാല്‍ കാണുന്ന കണ്ണെത്താ ദൂരം കിടക്കുന്ന മണല്‍ക്കാടുകളിലേക്ക് നോക്കുമ്പോള്‍ ഇനി രക്ഷപ്പെടണം എന്ന ആശയെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഇടക്ക്‌ ചീറി അടിക്കുന്ന മരുക്കാറ്റില്‍ ഈ കെട്ടിടമാകെ നിലം പതിച്ചു താനൊന്നു മരിച്ചിരുന്നെങ്കില്‍ എന്നവള്‍ വ്യര്‍ഥമായി മോഹിച്ചു.

ഇടക്ക് താനൊരു പക്ഷിയാണെന്ന് അവള്‍ സങ്കല്‍പ്പിക്കും. മരുഭൂമിയിലെ കൊടും ചൂടിലും ഉഷ്ണ കാറ്റിലും തളരാത്ത പക്ഷി. അതിനു വലിയ ചിറകുകള്‍ ഉണ്ട്. ആ പക്ഷി മണല്‍ക്കാടുകള്‍ക്ക് മീതെ പറന്നു നാട്ടിലെ കൊച്ചു വീട്ടിലെ മാവിന്‍ കൊമ്പത്ത് ചെന്നിരിക്കും. മുടന്തിയെങ്കിലും നടന്നു തുടങ്ങിയ ചന്ദ്രേട്ടനെ കാണും. സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും ആയി ധൃതിയില്‍ അര്‍ച്ചനയെയും കൈപിടിച്ചു നടക്കുന്ന അതിര കാണാതെ അത് താഴ്ന്നു പറക്കും. ഈ സ്വപ്നങ്ങള്‍ക്കിടയില്‍ ചാന്ദ്നി ദീദിയുടെ വിളി കേള്‍ക്കുമ്പോള്‍ ആ പക്ഷി ചിറകുകള്‍ അറ്റു താഴെ വീഴും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ പരിചയപ്പെട്ട വാസവന്‍ എന്ന തമിഴനാണ് അവളോടു ഏറ്റവും ദയയും സ്നേഹവും കാണിച്ചിട്ടുള്ളത്.. അയാള്‍ മറ്റു കസ്റ്റമേഴ്സിനെ പോലെ വേട്ടപ്പട്ടിയായി അവളെ ഒരിക്കലും ആക്രമിക്കില്ലായിരുന്നു. മേല്‍ ചുണ്ടില്‍ ചെറുതായി കടിച്ചാണ് അയാള്‍ അവളോടു സ്നേഹം പ്രകടിപ്പിക്കാറുള്ളത്. അവളുടെ ചന്ദ്രേട്ടനെപ്പോലെ. അയാള്‍ക്ക്‌ ചന്ദ്രേട്ടന്‍റെ വിദൂര ച്ഛായയും അവള്‍ക്കു തോന്നി. അത് കൊണ്ടു തന്നെ കസ്റ്റമര്‍ വന്നു എന്ന അറിയിപ്പ് കിട്ടുമ്പോഴെല്ലാം അത് വാസവന്‍ ആയിരിക്കുമോ എന്നവള്‍ പ്രതീക്ഷിച്ചു. തനിക്കയാളോടു സ്നേഹം തുടങ്ങിയോ എന്ന് വരെ അവള്‍ അതിശയിച്ചിട്ടുണ്ട്. അങ്ങനെ ഒരു ചിന്ത മനസ്സില്‍ വരുമ്പോഴെല്ലാം അവള്‍ പെട്ടെന്ന് ചന്ദ്രേട്ടനെയും ആതിരയെയും അര്‍ച്ചനയെയും കൂട്ട് പിടിക്കും.

വിഭാര്യനായ അയാള്‍ അവളെ അവിടെ നിന്നും രക്ഷപ്പെടുത്തി വിവാഹം കഴിക്കാം എന്ന് പറഞ്ഞ ദിവസമാണ് അങ്ങ് നാട്ടിലെ കൊച്ചു വീട്ടില്‍ മുടന്തി നടന്നു തുടങ്ങിയ ചന്ദ്രേട്ടനെയും അര്ച്ചനെയും ആതിരയെയും കുറിച്ചു അയാളോടു പറഞ്ഞത്‌. രക്ഷപെടാനുള്ള ആശ മനസ്സില്‍ വന്നതോടെ അയാളുടെ നിര്‍ദേശ പ്രകാരം ആദ്യ വഴിയായി അയാളുടെ ഫോണില്‍ നിന്നും ചന്ദ്രേട്ടനെ വിളിച്ചത് പിന്നെയും കുറെ ദിവസം കഴിഞ്ഞായിരുന്നു.

അസമയത്ത് ചെന്ന വിളി ചന്ദ്രേട്ടനെ അത്ഭുതപ്പെടുത്തിയെന്നു ആ ശബ്ദത്തില്‍ നിന്നു തന്നെ ഗായത്രിക്ക് മനസ്സിലായി. സംഭവിച്ചതെല്ലാം വലിയൊരു സങ്കട തിരത്തള്ളലില്‍ കുറഞ്ഞ നേരം കൊണ്ടു പറഞ്ഞു കേള്പ്പിച്ചപ്പോഴേ ചന്ദ്രേട്ടന്‍ നിശബ്ദനായിക്കളഞ്ഞു. പിന്നെ കുറെ നേരം വസവനോടും സംസാരിക്കുന്നത് കേട്ടു. മങ്ങിയ മുഖത്തോടെ വാസവന്‍ ഫോണ്‍ തിരികെ തരുമ്പോള്‍ ചന്ദ്രേട്ടന്‍റെ സ്വരം.

“അത് പിന്നെ ഗായത്രി..ഇതെന്തോക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്.ഇത്രയും നാള്‍ നീ ഇങ്ങനെ ഒരു സ്ഥലത്ത്.... നിന്നെ അയാള്‍ രക്ഷപ്പെടുത്തിയാലും ഇനി നമുക്ക്‌ പഴയപോലെ ജീവിക്കാന്‍ പറ്റുമോ..? .എന്‍റെ പഴയ ഗായി അല്ലല്ലോ നീ ഇപ്പോള്‍. .നമുക്ക്‌ രണ്ടു പെണ്മക്കളാണെന്ന ഓര്‍മ്മ വേണം. നിനക്ക് പറ്റിയ ഈ ചീത്തപ്പേര് എങ്ങനെ എങ്കിലും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ അവരുടെ ഭാവിയെന്തായിരിക്കും..?”

പിന്നീട് ചന്ദ്രേട്ടന്‍ പറയുന്നത് കേള്‍ക്കുവാന്‍ ശക്തിയില്ലാതെ ഗായത്രി ഫോണ്‍ കട്ട് ചെയ്തു വാസവന് തിരികെ കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ഒന്നും അവളെ ആശ്വസിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

“സങ്കടപ്പെടരുത്. നിനക്ക് ഞാനുണ്ട്. നിന്നെ ഞാന്‍ ഇവിടെ നിന്ന് രക്ഷിച്ചു കൊണ്ടു പോകും.”

എന്ന് പറഞ്ഞു അയാള്‍ പോകുമ്പോഴും ഒന്നും പറയാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി നിന്നു. ഇവിടെ വന്ന ദിവസം ചതിക്കുഴിയിലാണ് വന്ന് വീണതെന്നറിഞ്ഞപ്പോള്‍ തോന്നിയ  അതേ ശൂന്യത. പെട്ടെന്ന് അളുടെ തലക്കുള്ളില്‍ ഒരു മരുക്കാറ്റ്‌ ചീറി അടിക്കുവാന്‍ തുടങ്ങി. അത് തലക്കുള്ളില്‍ ഒരു ചുഴലിയായി രൂപം കൊണ്ടു പുറത്തേക്ക് പോവാനാവാതെ അതിനുള്ളില്‍ കിടന്നു ചുറ്റിക്കറങ്ങി. അതിന്‍റെ ചൂടില്‍ അവളുടെ സ്വപ്‌നങ്ങള്‍ കണ്ണു നീരായി ഉരുകി ഒലിച്ചിറങ്ങി. മരുഭൂമിയിലെ വലിയ ചിറകുകളുള്ള ആ പക്ഷി ശക്തി ക്ഷയിച്ചു ഭൂമിയിലേക്ക്  തളര്‍ന്നു വീണു. ചീറിയടിച്ച മരുക്കാറ്റ്‌ അതിനെ ഒരു നിമിഷം കൊണ്ടു മൂടിക്കളഞ്ഞു. ക്ഷണ നേരം കൊണ്ടു അതിന്മേല്‍ ഒരു മണല്‍ കൂന ഉയര്‍ന്നു.

ഗായത്രി മുറിക്കു പുറത്തിറങ്ങി, ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ്‌ തന്‍റെ മുറിയിലേക്ക്‌ നടന്നു. പെട്ടിയില്‍ കരുതി വെച്ചിരുന്ന  പഴങ്ങള്‍ മുറിക്കുന്ന ചെറിയ കത്തിയുമായി ബാത്ത് റൂമില്‍ കയറി. ഇടത് കയ്യിലെ ഞരമ്പിനെ സൂക്ഷമതയോടെ നോക്കുമ്പോള്‍ അവളുടെ മനസ്സില്‍ അര്ച്ചനയോ ആതിരയോ ചന്ദ്രേട്ടനോ ഉണ്ടായിരുന്നില്ല.

30.1.12

അനുപമയുടെ യാത്രഅനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു.

“നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?”

“ഞാന്‍ ഇവിടെയുള്ളവളല്ല. കലിയുഗത്തില്‍ ജീവിക്കുന്നവളാണ്. അങ്ങയെ കാണുവാനുള്ള അത്യാര്‍ത്തിയില്‍ യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിക്കുന്നവള്‍."

“എന്നെ കണ്ടിട്ട് നിനക്കെന്തു സാധിക്കാനാണ്..?’

“അങ്ങയുടെ ആരാധികയായി ഈ ഹസ്ഥിനപുരത്തില്‍ ജീവിക്കുക. അങ്ങയുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുക.”

 “എന്‍റെ ആരാധികയോ..?അത്ഭുതമായിരിക്കുന്നു. അത്ര മാത്രം എനിക്കെന്തു മേന്മയാണുള്ളത്..?”

“സ്വന്തം പിതാവിന്‍റെ ഇച്ഛ നിറവേറ്റുന്നതിനായി  പ്രതിജ്ഞയെടുത്ത അങ്ങയെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത പെണ്‍കുട്ടികള്‍ കാണുമോ....?"

“എന്നെ ആഗ്രഹിച്ചിട്ടു കാര്യമില്ല കുട്ടി. ഞാന്‍ അചഞ്ചലമായ  ഒരു ശഫഥം എടുത്തവനാണെന്നു അറിയില്ലേ..?”

“അത് വിഡ്ഢിത്തമായിരുന്നു എന്ന് കാലം തെളിയിചില്ലേ..?”

“അതെങ്ങനെ എനിക്ക് മനസ്സിലാക്കാനാകും...? ഞാന്‍ നിന്നെപ്പോലെ കാലത്തിനു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആളല്ലല്ലോ. എന്‍റെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവാനാണ്. അച്ഛന് രണ്ടാണ്‍മക്കള്‍ പിറന്നിരിക്കുന്നു. ചിത്രാംഗതനും വിചിത്ര വീര്യനും. അച്ഛന്‍റെ കാലശേഷം അവരുണ്ട് ഈ ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍.”

“എന്നെ ഈ കൊട്ടാരത്തില്‍ താമസിപ്പിക്കുവാന്‍ ദയവുണ്ടാകണം.”

“ശരി. പക്ഷേ അനുപമ എന്ന പേര് ഇവിടവുമായി ഇണങ്ങുന്ന ഒന്നല്ല,നീ ഉമ എന്ന പേരില്‍ അന്തപ്പുര തോഴിയായി ഇവിടെ കഴിഞ്ഞു കൊള്ളൂ. ആഗ്രഹിക്കുമ്പോഴെല്ലാം നിനക്ക് ഞാനുമായി സംവദികുകയും ആകാം”. അനുപമ ഉത്സാഹത്തോടെ അന്തപ്പുരം ലക്ഷ്യമാക്കി നടക്കുന്നു.


ലാപ്‌ ടോപ്പിനു മുന്നില്‍ കണ്‍ മിഴിച്ച് സ്വപ്നം കണ്ടിരുന്ന അനുപമയെ മുറിയിലേക്ക്‌ കടന്നു വന്ന അഭിഷേകിന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.

“ഞാന്‍ വിചാരിച്ചു നീ ഏതോ സിനിമാ സീഡി കാണുകയാണെന്ന്. ഇതേതാ ഈ പുരാണ സീരിയല്‍..?”

അഭിഷേകിന്‍റെ ശബ്ദം കേട്ട അനുപമ തലയുയര്‍ത്തി നോക്കി.

“ഇത് പഴയ മഹാഭാരതം സീരിയലാ അഭിഷേക്. എന്‍റെ കൂട്ടുകാരി ഹിമ അവളുടെ അമ്മൂമ്മക്ക് വേണ്ടി വാങ്ങിയ സീഡികളാണ്. എന്‍റെ ബാഗില്‍ കിടന്നത് കൊണ്ട് വെറുതെ ഒന്ന് നോക്കിയെന്നേ ഉള്ളു. കണ്ടു തുടങ്ങിയപ്പോള്‍ നല്ല ഇന്ട്രെസ്റ്റ്. ഇപ്പോള്‍ മുഴുവനും കാണണമെന്നു തോന്നുന്നു. നമ്മള്‍ അറിഞ്ഞിരിക്കുന്ന കഥകള്‍ വിഷ്വലൈസു ചെയ്തു കഴിയുമ്പോഴുള്ള ആ ഡിഫ്ഫെറന്‍സ് ഉണ്ടല്ലോ ...ദാറ്റ്‌ ഈസ്‌ ഗ്രേറ്റ്‌.”

“അപ്പോള്‍ ഇന്ന് ഫിലിമിനു പോകാമെന്ന് പറഞ്ഞത് നീ മറന്നോ..? ”

“ഓ...ഞാനത് മറന്നു. സാരമില്ല സമയമുണ്ടല്ലോ ഒരു പത്തുമിനിറ്റ്. ഞാന്‍ റെഡി.” ലാപ്‌ ടോപ്പ്‌ അടച്ചു വെച്ചുകൊണ്ടവള്‍ പറഞ്ഞു.

വിവാഹ നിശ്ചയിച്ചതിനു ശേഷം വീട്ടുകാരുടെ അനുവാദത്തോടെ അനുപമയോടൊപ്പം പുറത്തു പോകുന്നതിന്‍റെ ഉത്സാഹം അഭിഷേകിന്‍റെ മുഖത്തുണ്ടായിരുന്നു.

“ഞങ്ങള്‍ പോയി വരാം അമ്മെ....”

എന്ന് പറഞ്ഞു അഭിഷേകിനൊപ്പം കാറില്‍ കയറുമ്പോഴും അനുപമയുടെ മനസ്സില്‍ പാതി നിര്‍ത്തിക്കളഞ്ഞ രംഗങ്ങളായിരുന്നു.

രാത്രി ഉറക്കം ഇളച്ചു ‘മഹാഭാരതം’ കണ്ടു കൊണ്ടിരിക്കുമ്പോഴും അനുപമയുടെ മനസ്സില്‍ മറ്റു കഥാ പാത്രങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ചലനം സൃഷ്ടിക്കാനായില്ല. അവള്‍ ദേവവ്രതന്‍റെ ആരാധികയായി  ഹസ്ഥിനപുരമാകെ ചുറ്റി നടന്നു.  യുദ്ധമുറകള്‍ പരിശീലനം ചെയ്യുന്ന ഗംഗാദത്തനെ ആരാധനയോടെ നോക്കിക്കണ്ടു. അദ്ദേഹത്തോടൊപ്പം ഗംഗാ മാതാവിനെ നമസ്കരിച്ചു. പുലര്‍ച്ചെ എപ്പോഴോ ലാപ്‌ ടോപ്പിനു മുന്നില്‍ തല ചായ്ച് ഉറങ്ങിപ്പോയ അനുപയെ രാവിലെ അമ്മയാണ് വിളിച്ചുണര്‍ത്തിയത്.

“എന്തായിത്..? അനൂ...നിനക്കിന്നു ഒഫീസില്ലേ..?”

അനുപമ ചാടി എഴുന്നേറ്റു കണ്ണ് തുറന്നു. ഓഫീസില്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മയെ നോക്കി. എന്നിട്ട് പതുക്കെ ഉരുവിട്ടു.

“അമ്മേ...ഗംഗ..”

“ഗംഗയോ..? ഏതു ഗംഗ...?”

സ്വബോധം വീണ്ടു കിട്ടിയ അനുപമ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയ ശേഷം “അയ്യോ ഇത്രേം സമയമായോ..?അമ്മയ്ക്കെന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ..” എന്ന് പറഞ്ഞു കൊണ്ടു ധൃതിയില്‍ ബാത്ത് റൂമിലേക്കോടി.

“അടുത്ത മാസം വേറൊരു വീട്ടില്‍ ചെന്ന് കയറേണ്ട കുട്ടിയാ. ഓരോരോ ശീലങ്ങള്‍.  ”ബാഗിനുള്ളിലേക്ക് ടിഫിന്‍ കാരിയര്‍ വെക്കുന്നതിനിടെ അവര്‍ പിറുപിറുത്തു.

“അനൂ നിന്‍റെ...ബ്രേക്ക്‌ഫാസ്റ്റ് മേശപ്പുറത്തുണ്ട് എനിക്ക് പോകാറായി. അച്ഛനിതാ കാര്‍ സ്റ്റാര്‍ട്ടാക്കുന്നു ” അമ്മ ധൃതിയില്‍ കുളിമുറിയുടെ മുന്നില്‍ വന്നു പറഞ്ഞു.

“ഈ കുട്ടിയുടെ ഒരു കാര്യം. ഓഫീസില്‍ പോലും സമയത്തിനു പോകില്ല.” അകന്നു പോകുന്ന അമ്മയുടെ ശബ്ദം കേട്ട അനുപമ കുളിച്ചു തോര്‍ത്തുന്നതിനിടെ ചിരിച്ചു.

“കുട്ടീ..അനൂ..ഈ സീഡികള്‍ തിരിച്ചു കൊടുക്കാറായില്ലേ...? ഇതിപ്പോള്‍ എത്ര പ്രാവശ്യമാ നീയീക്കാണുന്നത്...?

രാവിലെ തന്നെ ലാപ്‌ ടോപ്പിനു മുന്നിലിരിക്കുന്ന അനുപമയോട് തെല്ല് ഈര്‍ഷ്യയോടെ ആണവര്‍ ചോദിച്ചത്. അനുപമ  അത് കേട്ടില്ലെന്നു തോന്നുന്നു. സീരിയലില്‍ ഭീഷ്മരുടെ പല പ്രായത്തിലുള്ള മുഖങ്ങളെ വിശകലനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവളപ്പോള്‍.

“ഇന്ന് ഓഫീസില്‍ പോകുന്നില്ലേ.നീ..? ഇന്നും വൈകി പോകാനാണോ ഉദ്ദേശം..? “

“ഇന്ന് ലീവാ..” അനുപമ തല ഉയര്‍ത്താതെ പറഞ്ഞു.

“ങേ..ലീവോ..? ലീവെല്ലാം ഇപ്പോഴേ തീര്‍ത്ത്‌ കഴിഞ്ഞാല്‍ പിന്നെ കല്യാണമാകുമ്പോള്‍ എന്ത് ചെയ്യും...?

അനുപമ അത് കേട്ടതായി ഭാവിച്ചില്ല. മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ചു നേരം കൂടി അവളുടെ മുറിയുടെ വാതിലിനടുത്ത് നിന്ന ശേഷം അമ്മ തിരികെപ്പോയി.

അന്ന് അനുപമയുടെ ഫോണില്‍ അഭിഷേകിന്റെ കോളുകള്‍ വന്നിട്ടും അവള്‍ അറിഞ്ഞില്ല. അവളുടെ ശ്രവണേന്ദ്രിയത്തില് അപ്പോള്‍ ഫോണിന്റെ റിംഗ് ടോണിനേക്കാള്‍ ഉച്ചത്തില്‍ ഭാരത യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. അന്തരീക്ഷം ആകെ ശബ്ദാനമയം..കുതിരക്കുളമ്പടികള്‍..ആനകളുടെ ഉച്ചത്തിലുള്ള ചിഹ്നം വിളികള്‍....അസ്ത്രങ്ങള്‍ ചീറിപ്പായുമ്പോഴുള്ള മൂളക്കങ്ങള്‍...മുറിവേറ്റു കിടക്കുന്ന പോരാളികള്‍ അവളെ വേദനിപ്പിച്ചു.

 

വൈകുന്നേരം ഓഫീസ്‌ വിട്ടു വരുന്ന വഴി  ദേഷ്യത്തോടെ  വീടിനുള്ളിലേക്ക് കയറി വരുന്ന അഭിഷേകിനെ സിറ്റ്ഔട്ടില്‍ നിന്ന അനുപമയുടെ അമ്മ തെല്ല് ആശങ്കയോടെയാണ് നോക്കിയത്.

“എത്ര പ്രാവശ്യമാണെന്നോ ആന്റീ ഞാന്‍ അവളെ വിളിച്ചത്. ഒന്ന് അറ്റെന്‍റ് ചെയ്തതു പോലുമില്ല. ഓഫീസില്‍ വരാതെ സീഡിയും കണ്ടിരിക്കുകയാണെന്നു ആന്‍റി പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല. ഇവളെന്താ ഈ കാട്ടിക്കൂട്ടുന്നത് ..?”

അമ്മ ഒന്നും മിണ്ടാനാവാതെ അഭിഷേകിന്‍റെ ദേഷ്യം സ്ഫുരിക്കുന്ന മുഖത്തേക്ക്‌ നോക്കി നിന്നു.

“അനൂ..നിനക്ക് ഫോണെടുക്കാന്‍ വയ്യാത്ത എന്ത് പ്രോബ്ലാമാണുള്ളത്..?”

മുറിയില്‍ വന്ന അഭിഷേക് അവളോടു കോപത്തില്‍ ആരായുമ്പോമ്പോഴും അയാള്‍ വന്നു കയറിയതറിയാതെ അവള്‍ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു.

“എന്തെങ്കിലും ഒന്ന് പറയൂ..അനൂ..” ക്ഷമ നശിച്ച അയാളുടെ ശബ്ദം ഉയര്‍ന്നു.

അനുപമ ഭാവഭേദമില്ലാത്ത കണ്ണുകള്‍ ഉയര്‍ത്തി അഭിഷേകിനെ നോക്കി. വീണ്ടും സ്ക്രീനിലേക്ക് കണ്ണയച്ചു ഒരു പ്രാസംഗികയെപ്പോലെ  പറയാന്‍ തുടങ്ങി.

“അഭിഷേക്, ഈ ഗംഗാദത്തന്‍ എന്നോ ദേവവ്രതന്‍ എന്നോ   മാത്രം ഭീഷ്മര്‍ അറിയപ്പെടുന്നതായിരുന്നു നല്ലത് അല്ലെ..? ബുദ്ധി ശൂന്യമായ ഒരു ശഫഥത്തിന്‍റെ പേരില്‍ ഒരാളുടെ പേര് മാറുക. വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്..?”

"നിനക്കിതെന്തു പറ്റി..? നീ ഇതെന്തൊക്കെയാണ് പറയുനത്..?"

“ഞാന്‍ പറഞ്ഞതില്‍ എന്താ കുഴപ്പം..? വ്യാസന്‍ ഒരു തെറ്റ് എഴുതി വെച്ചാല്‍ നമ്മള്‍ അത് അംഗീകരിക്കണം എന്നുണ്ടോ..?" അനുപമ വിട്ടു കൊടുക്കുവാന്‍ ഉദ്ദേശമില്ലാതെ പുലമ്പി.

“നിന്നെ ഇന്ന് ഓഫീസില്‍ കണ്ടില്ലല്ലോ..നീയാ ഫോണെടുത്തു നോക്ക് എന്‍റെ എത്ര മിസ്സ്ഡ് കോളുകള്‍ അതില് ഉണ്ടെന്ന്” അഭിഷേകിനു ക്ഷമ നശിച്ചു കഴിഞ്ഞു.

അനുപമ അത് ശ്രദ്ധിക്കാതെ സ്ക്രീനില്‍ സ്റ്റില്‍ ചെയ്തു വെച്ചിരിക്കുന്ന ഭീഷ്മരുടെ മുഖത്തേക്ക് നോക്കി വീണ്ടും അവനോടെന്തോ പുലമ്പി.

“നിനക്ക് വട്ടാണ്...”

അഭിഷേക് സമനില വിട്ടു പൊട്ടിത്തെറിച്ചു. അവന്‍റെ ഭംഗിയുള്ള മുഖത്ത് വിരിഞ്ഞ കോപത്തിന്‍റെ അലകള്‍ അവളെ സ്പര്‍ശിച്ചതേ ഇല്ല. അവനെ ഒരു നിമിഷം നോക്കിയ ശേഷം അവള്‍ വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.

ചായക്കപ്പുമായി മുറിയിലേക്ക്‌ വന്ന അമ്മ ധൃതിയില്‍ തിരികെ പോകാന്‍ ഒരുങ്ങുന്ന അഭിഷേകിനെയാണ് കണ്ടത്‌. ചോദ്യ ഭാവത്തില്‍ നിന്ന അമ്മയോടു അയാള്‍ ക്രുദ്ധനായി പറഞ്ഞു.

“അവള്‍ക്കു വട്ടാ... മുഴുത്ത വട്ട് ... വേഗം കൊണ്ടു പോയി ചികിത്സിക്ക്..”

പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് അവര്‍ ശിലയായി നിന്നു.

ആകുലനായിരിക്കുന ഗംഗാദത്തന്‍റെ അടുത്ത്‌ അനുപമ എത്തി.

“എന്ത് പറ്റി..? അങ്ങാകെ പരീക്ഷിണനാണല്ലോ..?”

“അനുപമ.. നീ ഇപ്പോഴും ഇവിടുണ്ടോ..?”

അതെ...ഞാന്‍ അങ്ങയോടൊപ്പം ഇവിടെത്തന്നെയുണ്ട്. രാജ്യ കാര്യങ്ങളുടെ തിരക്കില്‍ എന്നെ അങ്ങ് കാണുന്നില്ല എന്നെ ഉള്ളു മനസ്സിന്‍റെ ഐക്യം കൊണ്ടു അങ്ങയുടെ വിചാര വികാരങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.”

“നീ ചിത്രാംഗദന്‍റെ മരണ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. ഇനി വിചിത്ര്യ വീര്യനിലാണ് എന്‍റെ എല്ലാ പ്രതീക്ഷയും. താമസിയാതെ വിചിത്രവീര്യന് പറ്റിയ ഒരു വധുവിനെ തേടണം... ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍ ഒരു അനന്തരാവകാശി ഉണ്ടായല്ലേ പറ്റൂ. കാശിരാജവിന്‍റെ മൂന്നു കന്യകമാരുടെയും സ്വയംവരം വിളംബരം ചെയ്തിരിക്കുന്നു. പക്ഷേ വിചിത്രവീര്യനെക്കൊണ്ട് ആ സ്വയംവരത്തില്‍ ജയിക്കാനാകുമെന്നു തോന്നുന്നില്ല.”

“പിന്നെന്തു ചെയ്യും..?”

ഞാന്‍ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു  ഞാന്‍ തന്നെ കാശിയില്‍ ചെന്ന് കന്യകമാരെ ഹസ്ഥിനപുരത്തു കൊണ്ടു വന്നു വിചിത്രവീര്യന്‍റെ മാഗല്യം നടത്തും. ഞാന്‍ അതിനായി ഉടനെ പുറപ്പെടുകയാണ്."

“ഞാന്‍ അങ്ങേക്ക് യാത്രാ മംഗളങ്ങള്‍ നേരുന്നു.”

പരിവാരങ്ങളുമായി രഥത്തില്‍ കയറി യാത്രയാകുന്ന ദേവവ്രതനെ അനുപമ സന്തോഷത്തോടെ യാത്രയാക്കി.

"കാശീ രാജ്യത്തെ കുമാരിമാര്‍ ഇവിടെ എത്തിയിട്ടും അങ്ങ് സന്തോഷവാനല്ലല്ലോ. അങ്ങയുടെ ഉദ്യമം സഫലമായിട്ടും അങ്ങ് വീണ്ടും അസ്വസ്ഥനാകുന്നതെന്ത്‌...? വിചിത്ര വീര്യന്‍റെ മാഗല്യത്തിനു എന്താണിനിയും താമസം..? ”

“അസ്വസ്ഥതക്ക് കാരണം ഉണ്ട് അനുപമ. കന്യകകളില്‍ ഒരുവളായ അംബ സ്വാല രാജാവിന്‍റെ കാമുകിയാണെന്ന്‍ ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്.”

“അവളെ തിരിച്ചയക്കൂ....മനസ്സില്‍ മറ്റൊരു പുരുഷനെ വെച്ച് എങ്ങനെ അവള്‍ക്ക് വിചിത്ര്യവീര്യനെ വരിക്കാനാവും..?”

“നിന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു. അവളെ ഞാന്‍ തിരികെ കൊണ്ടു വിടാം.”


 “അനൂ..എന്താ മോളേ പ്രശ്നം .? ഇന്ന് നീയെന്താ ഓഫീസില്‍ പോകാതിരുന്നത്..? ഇന്ന് അഭിഷേക് വന്നിട്ട് അവന്‍ പിണങ്ങിപ്പോയെന്നു അമ്മ പറഞ്ഞല്ലോ..?മോള്ക്കിതെന്തു പറ്റി..?”

സൌമ്യനായി അടുത്തു വന്നു ചോദിക്കുന്ന അച്ഛന്‍റെ മുഖത്തേക്ക് ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുത്ത അനുപമ മിഴിച്ചു നോക്കി.

“ഒരു ദിവസം ലീവെടുക്കണം എന്ന് തോന്നി ഇവിടെ ഇരുന്നതാണച്ഛാ. അതിനു അഭിഷേക് ഇവിടെ വന്നു വല്ലാതങ്ങു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചായ പോലും കുടിച്ചില്ല എന്ന് പറഞ്ഞു അമ്മയും എന്‍റെ നേരെ വഴക്കിനു വന്നു.."

“മോളു വാ..വന്നു ഭക്ഷണം കഴിക്ക്.അഭിഷേക് കുറച്ചു മുന്പെന്നെ വിളിച്ചിരുന്നു. അവനു പിണക്കമൊന്നും ഇല്ല. ഇനി അങ്ങനൊന്നും ഉണ്ടാവാതെ നോക്കണം.” അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

അത്താഴ മേശയില്‍ തളര്‍ന്നിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മയെ അവള്‍ കളി പറഞ്ഞു ചിരിപ്പിച്ചു . ഊണ് കഴിഞ്ഞ ഉടനെ തന്നെ അഭിഷേകിനെ വിളിച്ചു ‘സോറി’  പറയുന്നത് കേട്ട അമ്മ ആശ്വാസത്തോടെ അച്ഛനെ നോക്കി.

കാലം നീങ്ങുന്നതനുസരിച്ചു ഹസ്ഥിനപുരത്തിലെ മാറ്റങ്ങള്‍ പഠിക്കുന്ന അനുപമ വീണ്ടും ദുഖിതനായ ഭീഷ്മര്‍ക്കൊപ്പം എത്തുന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന അനുപമയെ നോക്കി ഭീഷമര്‍ എല്ലാം തകര്ന്നവനെപ്പോലെ പുലമ്പി.

“എന്‍റെ വിചിത്ര വീര്യന്‍ മരണപ്പെട്ടു കഴിഞ്ഞു. ഈ ഹസ്ഥിനപുരത്തിനു ഇനി ആരുണ്ട്. ..?”

‘വാര്ധക്യത്തിലേക്ക് പ്രാവേശിച്ചു തുടങ്ങിയെങ്കിലും താങ്കള്‍ക്കു ഇനിയും വിവാഹമാകാം ദേവവ്രതാ. ഹസ്ഥിനപുരം നാഥനില്ലാതാകുന്നതിനേക്കാള്‍ വലുതാണോ താങ്കളുടെ ശഫഥം..? ഹസ്ഥിനപുരത്തിന്‍റെ നന്മയല്ലേ അങ്ങാഗ്രഹിക്കുന്നത്...?”

“എന്‍റെ പിതാവിന് ഞാന്‍ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ പറ്റൂ. പക്ഷേ അത് പോലെ തന്നെ എനിക്ക് വിലപ്പെട്ടതാണ് ഈ കുരു വംശത്തിന്‍റെ നില നില്‍പ്പ്.   മാതാവ് സത്യവതിയുടെ  ആദ്യ പുത്രനായ വ്യാസനെ വരുത്തി ഞാന്‍ ഈ കുരു വംശം നില നിര്‍ത്തും.”

കുട്ടികളായ ധൃതരാഷ്ടരെയും പാണ്ഡുവിനെയും ഉദ്യാനത്തിലിരുത്തി കളിപ്പിക്കുന്ന ഗംഗാദത്തന്‍റെ അടുത്തു അനുപമ എത്തുന്നു.

“ഇപ്പോള്‍ അങ്ങയുടെ ആകുലതകള്‍ എല്ലാം മാറിക്കാണുമല്ലോ...അങ്ങ് എത്ര സന്തോഷവാനായിരിക്കുന്നു.”

”അതെ..ഞാന്‍ ഇപ്പോള്‍ അതീവ സന്തുഷ്ടനാണ്. എന്‍റെ ഹസ്ഥിനപുരത്തെ വരും കാല നാഥരാണിവര്‍." പാണ്ഡുവിനെയും  ധൃതരാഷ്ട്രരെയും ചേര്‍ത്തണച്ചുകൊണ്ട് കൊണ്ടു സന്തോഷത്തോടെ ഗംഗാദത്തന്‍  പറഞ്ഞു.

“അങ്ങു സന്തോഷവാനായി ഇരിക്കുന്നത് കാണുന്നത് തന്നെ എന്‍റെ സന്തോഷം..”


രാവേറെ ചെന്നിട്ടും അനുപമയുടെ മുറിയില്‍ വെള്ച്ചം കണ്ട അമ്മ സംശയത്തോടെയാണ് അനുപമയുടെ മുറിയിലേക്ക് ചെന്നത്.

“മോളേ അനൂ,നിനക്ക് ഉറങ്ങാറായില്ലേ...?  എന്നും ഇങ്ങനെ വൈകി ഉറങ്ങിയാല്‍ രാവിലെ എങ്ങനെ ഉണരും..?”

ഉറക്കച്ചടവുള്ള കണ്ണുകളുമായി സ്ക്രീനില്‍ നോക്കിയിരുന്ന അനുപമ അമ്മയെ ഈര്ഷ്യയോടെ തല ഉയര്‍ത്തി നോക്കി.

“ഞാനുറങ്ങി കൊള്ളാം .അമ്മ പൊയ്ക്കൊള്ളു”.

“രണ്ടു ദിവസമായി നീ ഓഫീസില്‍ പോയിട്ട് അതോര്‍മ്മ വേണം. വെളുക്കും വരെ ലാപ്‌ ടോപ്പിനു മുന്നില്‍ ഉറങ്ങാതിരിക്കുക, ഉച്ചയാകുമ്പോള്‍ ഉണരുക. എന്താ നിന്‍റെ ഉദ്ദേശം..?”

അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് പോകുന്നത് കണ്ട അനുപമ ലൈറ്റണച്ചു ഉറങ്ങാന്‍ കിടന്നു.

ഭാരത യുദ്ധത്തിന്‍റെ തലേ നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷീണിതനായ ഗംഗാദത്തന്‍ എന്ന വൃദ്ധന്‍  അനുപമയെ സമീപത്തു കണ്ടു തളര്‍ന്ന കണ്ണുകളോടെ ഒന്നും മിണ്ടാനാവാതെ അവളെ നോക്കുന്നു.

“നാളെ നടക്കാന്‍ യുദ്ധത്തെപ്പറ്റി താങ്കള്‍ക്ക് എന്നോടൊന്നും പറയാനില്ലേ..?”

“ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കെതിരെ ആയുധമുയര്‍ത്തേണ്ടി വരുന്ന എന്‍റെ ധര്‍മ്മ സങ്കടം നീ മനസ്സിലാക്കുന്നില്ലേ അനുപമ..? ഞാനെന്തു ചെയ്യണം..? യുദ്ധഭൂമിയില്‍ ഇരു പക്ഷവും ശത്രുക്കളെങ്കില്‍ എനിക്കവര്‍ ശത്രുക്കളല്ല. കൌരവരും പാണ്ഡവരും തമ്മില്‍ എനിക്കെന്തന്തരം..? പക്ഷെ എനിക്കെന്‍റെ ഹസ്ഥിനപുരത്തെ കാത്തു സൂക്ഷിച്ചേ പറ്റൂ. എന്‍റെ ഈ ജന്മത്തിലെ നിയോഗം എനിക്ക് മറക്കാനാവില്ലല്ലോ.”

“അതെ....അങ്ങ് അങ്ങയുടെ നിയോഗമനുസരിച്ചു പ്രവര്‍ത്തിക്കൂ.’


രാവിലെ തന്നെ കുളിച്ചു വന്ന അനുപമ നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു മേക്ക്‌അപ്പ് ചെയ്യുന്നത് കണ്ട അനുപമയുടെ അമ്മ ചിന്താ ഭാരത്തോടെ പത്രവും പിടിച്ചിരുന്ന അച്ഛന്‍റെ അടുത്തു വന്നു ആശ്വാസത്തോടെ പറഞ്ഞു.

“എന്റീശ്വരാ..എന്തൊക്കെയായിരുന്നു ഈ രണ്ടു ദിവസം ഈ കുട്ടി കാട്ടി കൂട്ടിയത്‌. ഇന്നിപ്പോള്‍ ദാ...നോക്കൂ.. ഓഫീസില്‍ പോകുവാനൊരുങ്ങുന്നുണ്ട്. വെറുതെ എന്‍റെയും രണ്ടു ദിവസത്തെ ലീവു കളഞ്ഞു. ഇവള്‍ക്ക് പനി പിടിച്ചത് കൊണ്ട് വരാതിരുന്നതെന്നാ ഞാന്‍ ചോദിച്ചവരോടൊക്കെ പറഞ്ഞത്‌. ഇനിയൊന്നു സമാധാനമായി ഓഫീസില്‍ പോകാമല്ലോ.”

“ഇതാ നിന്‍റെ സ്വഭാവം. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അത് മാത്രമോ എന്നെയും ഭയപ്പെടുത്തും.  നീയും സമയം കളയാതെ ഓഫീസില്‍ പോകുവാന്‍ നോക്ക് .”

അനുപമയെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വിളിക്കാന്‍ മുറിയില്‍ ചെന്ന അമ്മ അവളെ കണ്ടമ്പരന്നു.

വിവാഹ നിശ്ചയത്തിനു ധരിച്ച ലഹങ്കയുമണിഞ്ഞു നില്‍ക്കുന്നു.

“അനൂ...ഇത് നിശ്ചയത്തിനു വാങ്ങിയ ഡ്രെസ്സല്ലേ..? നീയെന്താ ഇതിട്ടു കൊണ്ട് പോകുന്നത്..?” അവര്‍ സംശയത്തോടെ ആരാഞ്ഞു.

“അവിടെങ്ങനാമ്മേ...ക്യാഷ്വല്‍ ഡ്രെസ്സ് ഇടുക..?”

“നീയെന്നും ക്യാഷ്വലിലല്ലേ ഓഫീസില്‍ പോകാറുള്ളത്‌..?”

“ഓഫീസിലോ..?ഓ...ഞാന്‍ അമ്മയോട് പറയാന്‍ മറന്നു. ഞാന്‍ ഇന്ന് ഹസ്ഥിനപുരത്തേക്കാണ്.”

കണ്ണാടിയിലേക്ക് നോക്കി അലുക്കുകളുള്ള ദുപ്പട്ട തലയിലൂടെ ഇട്ടു പിന്‍ ചെയ്തു കൊണ്ടു അനുപമ പറഞ്ഞു. അവളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഏതോ പുരാണ സീരിയലില്‍ നിന്നും ഇറങ്ങിവന്ന  കഥാ പാത്രമാണെന്ന്‍ അവര്‍ക്ക് തോന്നി. കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍. മുഖത്ത് കനത്ത മേക്കപ്പ് !!!!!!“ഇതെന്തൊക്കെയാ മോളെ ഇപ്പറയുന്നത്...? ഹസ്ഥിനപുരത്തെക്കോ..? ആ ഡ്രെസ്സ് മാറിയിട്ട് വെറുതെ അതുമിതും പറയാതെ ഓഫീസില്‍ പോകാന്‍ നോക്ക്.” അവര്‍ ഭയാശങ്കയോടെ പറഞ്ഞു.

“എനിക്കൊരാള് വിഷമിക്കുന്നത് നോക്കി നില്‍ക്കാനാവില്ല അമ്മേ....എനിക്ക് പോയേ പറ്റൂ..” എന്ന് പറഞ്ഞു കൊണ്ടു അമ്മയെ തട്ടി മാറ്റി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുന്ന അവളെ തടഞ്ഞു കൊണ്ടു അമ്മ ഉറക്കെ കരഞ്ഞു തുടങ്ങി.

“ഒന്നിങ്ങു വരൂ..ഇവള്ക്കെന്തോ സുഖമില്ലാത്തപോലെ....”

പരിഭ്രാന്തനായി ഓടി വന്ന അച്ഛനെയും ശ്രദ്ധിക്കാതെ അനുപമ പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു....

അച്ഛന്‍ അവളെ വീടിനുള്ളിലേക്ക് വലിച്ചിഴക്കുന്നത് നോക്കി നില്‍ക്കാനെ അമ്മക്ക് കഴിഞ്ഞുള്ളൂ. വഴിയിലൂടെ പോകുന്നവര്‍ ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്നവര്‍ പരിഭ്രമത്തോടെ ഗേറ്റിലേക്ക് കൂടെ കൂടെ നോക്കി. അച്ഛനോട് എതിര്‍ത്തു നിന്ന അനുപമ ഒടുവില്‍ മുറ്റത്തെ പൂച്ചട്ടിയിലേക്ക് കുഴഞ്ഞു വീഴുന്നത് കണ്ട അവര്‍ ഓടിച്ചെന്നു അവളെ താങ്ങി.

കുരുക്ഷേത്ര ഭൂമിയില്‍ മരണാസന്നനായി ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ അടുത്തു ദു:ഖിതയായ അനുപമ. എങ്ങും  മുറിവേറ്റ യോദ്ധാക്കളുടെ ദീന രോദനങ്ങള്‍, മുറിവേറ്റ കുതിരകള്‍, താറുമാറായി കിടക്കുന്ന രഥങ്ങള്‍..

“മഹാനായ ഗംഗാദത്താ.... താങ്കളുമായുള്ള എന്‍റെ അവസാന കൂടിക്കാഴ്ചയാണിത്. ഇപ്പോഴെങ്കിലും മനസ്സിലാക്കൂ..വ്യര്‍ത്ഥമായ താങ്കളുടെ ശഫഥത്തെപ്പറ്റി. ഈ ഹസ്ഥിനപുരം താങ്കളിലൂടെ നില നിന്നിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ..? അങ്ങനെയെങ്കില്‍ ഈ രാജ്യത്തിന്‍റെ ചരിത്രം വേറൊന്നാകുമായിരുന്നില്ലേ..? വ്യാസനിലൂടെയാണോ അതോ ശന്തനുവിന്‍റെ സ്വപുത്രനിലൂടെയായിരുന്നോ ഈ വംശം നില നില്‍ക്കേണ്ടിയിരുന്നത്..?"

“നിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശരശയ്യയില്‍ കിടക്കുന്ന ഈ വൃദ്ധനാകില്ലല്ലോ അനുപമാ.. എന്തെല്ലാം കണ്ടു ഈ ജന്മത്തില്‍. സഹോദര പുത്രന്മാരുടെ സ്പര്‍ധ,അമ്മയെപ്പോലെ ബഹുമാനിക്കേണ്ട സഹോദര ഭാര്യയെ രാജ സദസ്സില്‍ അപമാനിക്കപ്പെട്ടത്, പ്രിയ പാണ്ഡുവിന്‍റെ മക്കള്‍ രാജ്യം നഷ്ടപ്പെട്ട് അലഞ്ഞത്. അച്ഛന് കൊടുത്ത ശഫഥത്തോളം തന്നെ എനിക്ക് വലുതായിരുന്നു. ഈ രാജ്യം അത് കൊണ്ടു ഈ ജീവിതം തന്നെ രാജ്യത്തിനായി ഉഴിഞ്ഞു വെച്ചു. പലതും കണ്ടില്ലെന്നു നടിക്കേണ്ടിവന്നു. ഈ അവസാന മണിക്കൂറുകളില്‍ അത് പാഴായോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.”

“സ്വച്ഛന്ദ മൃത്യുവായ ഞാന്‍ ദിവസങ്ങളായി ഈ ശരശയ്യയിലാണ്. നാളെ ഉത്തരായനത്തിന്‍റെ തുടക്കം എനിക്ക് സ്വര്‍ഗലോകം പൂകുവാന്‍ പറ്റിയ ദിവസം. നാളത്തെ സൂര്യോദയത്തിനായി ഞാന്‍ കാത്തു കിടക്കുകയാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഞാന്‍ നിറവേറ്റുന്ന എന്‍റെ ഒരേ ഒരു ആഗ്രഹം. മരിക്കുന്നതിനു മുന്‍പ് നീ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വര്‍ഷങ്ങളായി എന്‍റെ മനോഗതങ്ങള്‍ പങ്കു വെച്ചവളല്ലേ നീ..അതും ഒരു കലിയുഗ സന്തതി..”

“അങ്ങ് ഈ ഭൂമിയില്‍ നിന്ന് മായുന്ന കാഴ്ച്ചമാത്രം എനിക്ക് സഹിക്കാനാവില്ല. തിരിച്ചു ഞാന്‍ കലിയുഗത്തിലേക്ക് മടങ്ങുകയാണ്. ഈ ദ്വാപരയുഗത്തില്‍ നടന്നതോര്‍ത്തു അങ്ങ് ദുഖിക്കരുത്. കലിയുഗത്തില്‍ സംഭവിക്കുന്നതോര്‍ത്താല്‍ ഇതൊക്കെ എത്ര നിസ്സാരം. ദ്വാപരയുഗത്തില്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കേഴുന്ന ഒരു ദേവവ്രതനെങ്കിലും ഉണ്ടല്ലോ.കലിയുഗത്തില്‍ അതും ഇല്ലാതായി.”

ഗംഗാ ദാത്തനോടു വിട പറഞ്ഞു അനുപമ കലിയുഗത്തിലേക്ക് യാത്രയാകുന്നു.

മുറിയില്‍ റൌണ്ട്സിനു വന്ന ഡോക്ടര്‍ സൈമണെ ഉല്‍ക്കണ്ടയോടെ നോക്കി നില്‍ക്കുന്ന അഭിഷേകിനോടു ശാന്തതയോടെ ഡോക്ടര്‍  പറഞ്ഞു തുടങ്ങി.

“വിചാരിക്കുന്നത് പോലെ സീരിയസ് ഒന്നും അല്ല പ്രശ്നം. വീരാരാധന കൂടുന്നത് കൊണ്ടു ചില ചഞ്ചല മനസ്സുകള്‍ ഉണ്ടാക്കുന്ന കുസൃതി. ഒരു നിസ്സാര രോഗം. അനുപമ ഒരാഴ്ചക്കുള്ളില്‍ റിക്കവര്‍ ചെയ്യും. അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന വിവാഹത്തിനു ഇതൊരു തടസ്സമേ അല്ല.”

ആശുപത്രി കിടക്കയില്‍ കണ്ണ് തുറന്നു കിടക്കുന്ന അനുപമയുടെ അടുത്തിരുന്ന അവളുടെ അമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അനുപമ അപ്പോഴും താന്‍ നടത്തിയ വിചിത്ര യാത്രയുടെ ഓര്‍മ്മകളില്‍ തളര്‍ന്നു കിടന്നു.