13.5.14

സര്‍പ്പ ദോഷം


രണ്ടു  ദിവസത്തെ അവധിക്കുള്ള അപേക്ഷ  മേശപ്പുറത്തു വെച്ചു പോകാന്‍ തുടങ്ങുന്ന ആനന്ദന്റെ മുഖത്തേക്ക്  സ്ഥലം മാറി വന്ന സൂപ്രണ്ട് ജോസഫ്‌ ഇഷ്ടപ്പെടാതെ നോക്കി.

“ഒരു സര്‍പ്പം പാട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റില്ല സര്‍. ഇന്‍സ്പെക്ഷന്റെ ജോലികള്‍ ഓവര്‍ ടൈം ചെയ്തു തീര്‍ത്ത്‌ കൊള്ളാം.”

മനസ്സിലാകാതെ നോക്കിയ അദ്ദേഹത്തോട് ഫയലുമായി മുറിയിലേക്ക് വന്ന പ്യൂണ്‍ വിലാസിനി വിശദീകരിച്ചു.

“ആനന്ദന്‍ സാറിന് എല്ലാക്കൊല്ലവും കുംഭമാസത്തിലെ ആയില്യത്തിന് രണ്ടു ദിവസം ലീവ് എടുപ്പുള്ളതാ സാറേ.”

സൂപ്രണ്ട് പിന്നീടൊന്നും പറയാതെ  ഒപ്പ് വെക്കാനായി കടലാസ്‌ കയ്യിലെടുത്തു

പുല്ലുകാട്ട് തറവാട്ടിലെ കൊല്ലാ കൊല്ലമുള്ള സര്‍പ്പം പാട്ടുകാരനാണ് ആനന്ദന്‍.  ആനന്ദന് പനി പിടിച്ചു കിടന്ന കുട്ടിക്കാലത്തൊരിക്കല്‍ പുല്ലുകാട്ടെ സര്‍പ്പം തുള്ളലിന് അവന്റെയച്ഛന്‍ പുള്ളോന്‍ വേലായുധനും അമ്മ കൌസല്യയും ഉച്ചത്തില്‍ നാഗസ്തുതികള്‍ പാടിയിട്ടും നഗക്കളത്തില്‍ ദൈവങ്ങള്‍ വന്നില്ലത്രേ !!! കളത്തിനരുകില്‍ കന്യാവുകള്‍ പൂക്കുലയുമായി അനങ്ങാതെ നിന്നു. എല്ലാക്കൊല്ലവും പതിവ് തുള്ളാറുള്ള അമ്മുക്കുട്ടിയമ്മക്കും അനക്കമില്ല.  ഒടുവില്‍ പനിക്കിടക്കയില്‍ നിന്നും ആനന്ദനെ കുളിപ്പിച്ച് മണിപ്പന്തലിലിരുത്തി ഇലത്താളം കയ്യില്‍ കൊടുത്തതോടെ കന്യാവുകളുടെ കയ്യിലെ പൂക്കുലകള്‍ വിറച്ചു തുടങ്ങി. താമസിയാതെ അമ്മുക്കുട്ടിയമ്മയും തുള്ളി. അഷ്ട നാഗങ്ങള്‍ കളത്തിലിറങ്ങി തറവാടിന് ഐശ്വര്യം വാരി വിതറി. ആനന്ദനെക്കൂടാതെ തറവാട്ടില്‍ ഇനി സര്‍പ്പം പാട്ടില്ലായെന്ന് അമ്മുക്കുട്ടിയമ്മ വഴി നാഗദൈവങ്ങള്‍ ആജ്ഞാപിച്ചു. സര്‍പ്പങ്ങള്‍ ഓരോന്നായി ഇലത്താളം കൊട്ടുന്ന ആനന്ദന്റെ അടുത്തു വന്നനുഗ്രഹിച്ചു. 

പുല്ലുകാട്ട് തറവാട്ടില്‍ നാഗം കുടി പാര്‍ക്കാന്‍ തുടങ്ങിയത് നാല് തലമുറ മുമ്പാണ്. അന്നത്തെ കാരണവര്‍ കിട്ടനും ഭാര്യ ചിരുതയുംപുല്ലുകാട്ട് പറമ്പില്‍ കുടില്‍ വെച്ച് താമസമാക്കിയതിന്റെ പിറ്റേ ദിവസം. സന്ധ്യക്ക് നിലത്ത് കുനിഞ്ഞിരുന്നു തീ ഊതി കഞ്ഞി തിളപ്പിക്കുകയായിരുന്നു ചിരുത. തീ ഊത്ത് നിര്‍ത്തിയിട്ടും എവിടെ നിന്നോ ഒരു ഊതുന്ന ശബ്ദം. തോന്നലായിരിക്കും എന്നു വിചാരിച്ച അവര്‍ വീണ്ടും തീ ഊതി .അതാ കേള്‍ക്കുന്നു പിന്നില്‍ നിന്ന് വീണ്ടും ആ ശബ്ദം. തിരിഞ്ഞു നോക്കിയ അവര്‍ക്ക് നേരെ പത്തി വിരിച്ച ഒരു സര്‍പ്പം.

“അയ്യോ പാമ്പ്..”

എന്ന് കരഞ്ഞു കൊണ്ടു പുറത്തേക്കോടിയ ചിരുത കിട്ടനെ വിളിച്ചു കൊണ്ടുവന്നു വീടിനകം നോക്കിയെങ്കിലും പാമ്പിനെ കണ്ടില്ല. പിറ്റേന്ന് മുതല്‍ ചിരുത തുടര്‍ച്ചയായി ഫണം വിരിച്ചു നില്‍ക്കുന്ന സര്‍പ്പത്തെ സ്വപനം കാണാന്‍ തുടങ്ങി. സര്‍പ്പക്കാവുകളില്‍ നൂറും പാലും നേര്‍ന്നിട്ടും എന്നും രാത്രിയില്‍ അതേ സ്വപ്നം. അങ്ങനെ ഒരു ദിവസമാണ് പറമ്പില്‍ കിളച്ചു കൊണ്ടിരുന്ന കിട്ടന്‍റെ തൂമ്പയില്‍ ഒരു വലിയ കല്ല്‌ തടഞ്ഞത്. എടുത്തു നോക്കിയപ്പോള്‍ അതൊരു സര്‍പ്പ രൂപം. അപ്പോള്‍ തന്നെ പറമ്പിന്റെ മൂലയിലെ മാഞ്ചുവട്ടില്‍ മണ്ണിന്റെ ഒരു ഇരിപ്പിടമുണ്ടാക്കി അയാള്‍ ആ സര്‍പ്പത്തെ അവിടെ കുടിയിരുത്തി. ചിരുതയെക്കൊണ്ട്‌ അതിനു മുന്നില്‍ വിളക്കും വെയ്പ്പിച്ചു.

പിന്നീട് കിട്ടന്റെ ഇളയ മകന്‍ കണ്ടപ്പനായിരുന്നു തറവാട്ടില്‍. അയാളുടെ  കാലത്ത് നാഗത്തിനു നല്ലൊരു തറ കെട്ടി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എല്ലാ കുഭാമാസത്തെ ആയില്യത്തിനും മുടങ്ങാതെ സര്‍പ്പം പാട്ട് നടത്തി. കണ്ടപ്പന്റെ ഇളയ മകന്‍ ചെത്തുകാരന്‍ കണാരന്‍, ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന്റെ അച്ഛന്‍ അതൊരു അമ്പലത്തിന്റെ രൂപത്തിലാക്കി. ഓടുമേഞ്ഞ ഒരു കൊച്ചമ്പലം. അപ്പോഴേക്കും കുടുംബാംഗങ്ങള്‍ എണ്ണത്തില്‍ വളര്‍ന്ന് സര്‍പ്പം പാട്ടിനു നല്ലൊരു കൂട്ടമായി.

തുടക്കം മുതലേ ആനന്ദന്റെ കുടുംബക്കാര്‍ തന്നെയാണ് പുല്ലുകാട്ട് തറവാടിന്റെ പുള്ളുവന്മാര്‍. ഇപ്പോഴത്തെ കാരണവര്‍ ഭാസ്കരന് പട്ടണത്തില്‍ ജൌളിക്കടയാണ്. അയാള്‍ അച്ഛന്‍ കണാരന്‍ പണിത ആ ചെറിയ അമ്പലം പരിഷ്കരിച്ചു വലുതാക്കി. ഒരു കൊച്ചു തുണിപ്പീടികയായി തുടങ്ങിയ കട നാഗ ദൈവങ്ങളുടെ കരുണയാലാണ് നല്ലൊരു ജൌളിക്കടയായി മാറിയതെന്ന് ഭാസ്കരനും കുടുംബവും വിശ്വസിക്കുന്നു. ഭാസ്കരന്‍ മുതലാളിയായതനുസരിച്ചു സര്‍പ്പം പാട്ട് നടത്തുന്ന രീതിയും മാറി. തലേ ദിവസം മുതല്‍ ബന്ധുക്കള്‍ ഒത്തു ചേരുന്ന ഒരു ഉത്സവം തന്നെയായി അത്. നാട്ടുകാരും സര്‍പ്പദൈവങ്ങളുടെ കാരുണ്യം തേടി സര്‍പ്പം പാട്ടില്‍ പങ്കു ചേര്‍ന്നു. കൊടി തോരണങ്ങള്‍ ഗെയിറ്റിനു പുറത്തേക്ക് റോഡിലേക്കും നീളുന്നു. വീട്ടു മുറ്റത്ത് ബന്ധുക്കളുടെ കാറുകളുടെ നിര. വരുന്നവര്‍ക്ക് സദ്യക്കായി മുന്നില്‍ പന്തല്‍. വീടിനു അടുക്കളപ്പുറത്തു സദ്യ വട്ടത്തിന്റെ കോലാഹലങ്ങള്‍...

പുല്ലുകാട്ട് തറവാട്ടിലെ കുരുത്തോല മണക്കുന്ന മണിപ്പന്തലില്‍ നാഗക്കളം വരക്കുന്ന അച്ഛനു സഹായിയായി ഇരിക്കുന്ന ആനന്ദന്‍ എന്ന നീണ്ടു മെലിഞ്ഞ ചെക്കന്‍. കളത്തില്‍ നാഗങ്ങള്‍ വിരിയുന്നത് കാണാന്‍ പുറകില്‍ കാഴ്ചക്കാരായി കുട്ടികളുടെ കൂട്ടം. സംസാരിച്ചു ശല്യം ചെയ്യുന്നവരെ കളം വരക്കുന്ന വേലായുധന്‍ പുള്ളോന്‍ കടുപ്പിച്ച് നോക്കുമ്പോള്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍ നിറച്ച ചിരട്ട എടുത്തു കൊടുക്കുന്ന ആനന്ദന്‍ ചുണ്ടില്‍ കൈ ചേര്‍ത്തു 'മിണ്ടരുത് 'എന്നവരോട് ആംഗ്യം കാണിക്കും. വിരുന്നു വന്ന മറ്റു കുട്ടികള്‍ അത് കണ്ട് പേടിച്ചു മിണ്ടാതിരിക്കുമ്പോള്‍ തറവാട്ടിലെ  ശ്രീകല അത് പോലെ തന്നെ ചുണ്ടില്‍ കൈ വെച്ച് ആഗ്യം കാണിച്ചു അടക്കി ചിരിക്കും. കളം വര കഴിഞ്ഞു പൂക്കുലയുമായി നാഗങ്ങള്‍ക്ക് ആവേശിക്കാനുള്ള കന്യാവുകളില്‍ അവള്‍ തന്നെ പ്രധാനി.

എല്ലാക്കൊല്ലവും ഒരേ പതിവുകള്‍. കളം വര, നാഗസ്തുതി, കന്യവുകളുടെയും അമ്മുക്കുട്ടിയമ്മയുടെയും തുള്ളല്‍. പെട്ടെന്നൊരു തവണ പൂക്കുല പിടിച്ച് ചുവന്ന പട്ടുടുത്ത കന്യാവുകളുടെ കൂട്ടത്തില്‍ ശ്രീകലയെ കണ്ടില്ല. “ശ്രീകല എവിടേമ്മേ..?” എന്ന ചോദ്യത്തിന്, “അവളു ചെലപ്പ തെരണ്ടു കാണും” എന്ന സ്വകാര്യം കേട്ട ആനന്ദന്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവളെ തേടി. തിരക്കിനിടയില്‍ നിന്നും ചിരിക്കുന്ന രണ്ടു കണ്ണുകള്‍ മാത്രം അവന്‍ കണ്ടു. “ഇവള്‍ ഇത്ര പെട്ടെന്ന് വലിയ പെണ്ണായോ..? അവന്റെ സംശയത്തിനു മേല്‍ ആ ചിരിക്കുന്ന കണ്ണുകളിലെ കുസൃതി വീണ്ടും അവനെ ചിരിച്ചു കാണിച്ചു. 

വര്‍ഷങ്ങള്‍ കഴിഞ്ഞൊരു സര്‍പ്പം തുള്ളലില്‍ അവള്‍ നവവധുവായിരുന്നു. കൂടെ സുമുഖനായ ഭര്‍ത്താവ്. പുതു പെണ്ണിനോട് വിശേഷം തിരക്കുന്ന ബന്ധുക്കള്‍. അയാളുടെ കണ്ണില്‍ പെടാതെ അവള്‍ മാറി നടക്കുന്നപോലെയാണ് അന്നയാള്‍ക്ക് തോന്നിയത്. വിവാഹത്തിനു ശേഷം  അവള്‍ കുശല വര്‍ത്തമാനങ്ങള്‍ മറന്നോ...?

പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞൊരു സര്‍പ്പം പാട്ടിന് വിധവയുടെ തളര്‍ച്ചയില്‍ അവള്‍ ഇത്രയും പറഞ്ഞൊപ്പിച്ചു.

“മനസ്സില്‍ ആനന്ദേട്ടനെ വെച്ച് കൊണ്ടു വേറൊരാളെ കല്യാണം  കഴിച്ചതിനു നാഗങ്ങള്‍ ശിക്ഷിച്ചതായിരിക്കും എന്നെ. മന:ശുദ്ധിയില്ലാതെ വിവാഹം കഴിഞ്ഞും എത്ര പ്രാവശ്യം ഞാന്‍  ഇവിടെ വിളക്ക് വെച്ചു. എന്റെ പാപം കാരണം പാവം എന്‍റെ മധുവേട്ടന്‍...”

എന്താ അവള്‍ പറഞ്ഞതെന്ന് മനസ്സിലാക്കുവാന്‍ അയാള്‍ കുറച്ചു സമയമെടുത്തു.

“എന്തായീ പറഞ്ഞത്  ശ്രീകലേ...”

“ദൈവങ്ങള്‍ക്ക് മുന്നില്‍  നമുക്കെന്തെങ്കിലും മറയ്ക്കണമെങ്കില്‍ മനസ്സ് എന്നൊന്നുണ്ടായിരിക്കരുത്.”

അന്നയാള്‍ വീണയില്‍ വില്ലോടിച്ചപ്പോള്‍ കേട്ടത് ഒരു കരച്ചിലിന്റെ താളമായിരുന്നു. മനസ്സറിയുന്ന സര്‍പ്പങ്ങള്‍  കളത്തില്‍ വന്ന് കൈകൂപ്പി നിന്ന ശ്രീകലയെ ആശ്വസിപ്പിച്ചു.

കല്യാണം കഴിഞ്ഞ നാളില്‍ രാജിയോടും ഇക്കാര്യം അയാള്‍ പറഞ്ഞിട്ടുണ്ട്. പുല്ലുകാട്ട് തറവാടിനെക്കുറിച്ച്, അവിടത്തെ സര്‍പ്പം പാട്ടില്‍ ആന്ദന്‍ പുള്ളോന്റെ വീണയും സ്തുതിയും കേള്‍ക്കുമ്പോള്‍  തക്ഷകനും വാസുകിക്കും അനന്തനുമൊപ്പം നഗലോകം  കളത്തിലാടുന്നത്. ഒടുവില്‍ ശ്രീകലയെക്കുറിച്ചും.

“ഒക്കെ കൊള്ളാം സര്‍പ്പം പാട്ടിനു കുടം കൊട്ടാന്‍ എന്നെ വിളിക്കരുത്. എന്റെ അച്ഛനും അമ്മയും ഒന്നും ഈ പണിക്ക് പോയിട്ടില്ല. അമ്മൂമ്മ പണ്ട് വീട് തോറും കുടം കൊട്ടിപ്പാട്ട് പാടി എന്റെ അച്ഛനെ വളര്‍ത്തിയ കഥ കേട്ടിട്ടുണ്ട്. അതൊക്കെ പണ്ടത്തെ കാലം. അത് പോലാണോ ആനന്ദേട്ടന്‍.  നല്ലൊരു ഉദ്യോഗം ഉണ്ടല്ലോ എന്നോര്‍ത്താണ് അച്ഛന്‍ ഇങ്ങോട്ട് വിട്ടത്. ഞാന്‍ ഇനി ചേട്ടന്റെ കൂടെ കുടവുമായി വീടു കേറി ഇറങ്ങണം എന്നാണോ...?”

“ഇല്ല രാജീ... ആ ഒരു വീട്ടില്‍ മാത്രം. അച്ഛന്റെ വാക്കാണ്‌. ഉപേക്ഷിക്കാന്‍ വയ്യ.”

“എങ്കില്‍ ഈ ഒരു കൊല്ലം മാത്രം. അത് കഴിഞ്ഞാല്‍ അവരോടു വേറെ ആളു നോക്കാന്‍ പറയ്” എന്നു പറഞ്ഞ് ആദ്യ തവണ സര്‍പ്പം പാട്ടിനു വന്ന രാജിയുടെ മുഖം ശ്രീകലയെ കണ്ടതോടെ മങ്ങി.  അസൂയയുടെ കൂര്‍ത്ത കണ്ണുകള്‍ കൊണ്ടവള്‍ ശ്രീകലയെ കോര്‍ത്തു വലിച്ചു

“വല്ലാത്തൊരു ഭംഗിയുണ്ടല്ലോ ഈ പെണ്ണിന്..? പോരാത്തതിന് വിധവയും. അഞ്ചാറു വയസ്സുള്ള കുട്ടിയുടെ അമ്മയാണെന്നും പറയില്ല. അല്ലാ..ഭര്‍ത്താവ്‌ മരിച്ചിട്ട് കുറച്ചു കൊല്ലമായന്നല്ലേ പറഞ്ഞത്. എന്തെ വീണ്ടും കല്യാണം ഒന്നും കഴിക്കാത്തെ.? ഒന്ന് കൂടെ കെട്ടിച്ചയക്കാന്‍  വീട്ടുകാര്‍ക്കാണെങ്കില്‍ കാശിനും കുറവില്ല.”

“ഒന്ന് മിണ്ടാതിരി. ആരെങ്കിലും കേള്‍ക്കും.”

എല്ലാം കഴിഞ്ഞു വെളുക്കാറായപ്പോള്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴും രാജി അതേ വിഷയം എടുത്തിട്ടു..

“ഇനി മുതല്‍ അവളെ ഞാന്‍ ഒന്ന് സൂക്ഷിക്കണമല്ലോ..?”

“എന്താ രാജീ..ഇത്.നീ...ഒരു മാതിരി പെണ്ണുങ്ങളെപ്പോലെ..?”

അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“അതേയ്... ഒരു വിധവയാണ് എന്‍റെ ഭര്‍ത്താവിനെ മോഹിച്ചു കഴിയുന്നത്. ഏതു ഭാര്യ സഹിക്കും ഇത്..? മുഴു സമയവും അവള്‍ ആനന്ദേട്ടനില്‍ നിന്നും കണ്ണു പറിച്ചിട്ടില്ല അറിയുവോ...?”

“നീ അപ്പോള്‍ കുടം കൊട്ടുന്ന അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നോ..അതോ ഡിക്റ്റക്ടീവ് വേലക്ക് പോയതോ..?”

“ഈ ഒരു വര്‍ഷം കൂടെ വരാം എന്നെ വിചാരിച്ചുള്ളൂ. പക്ഷെ ഇനി എല്ലാക്കൊല്ലവും ഞാന്‍ കൂടെ വരും കുടം കൊട്ടാന്‍. എന്റെ പുള്ളോനെ അവള്‍ തട്ടിയെടുത്താലോ..?”

“രാജീ...തട്ടിയെടുക്കണം എങ്കില്‍ അവള്‍ക്കു നീ എന്നെ കല്യാണം കഴിക്കുന്നതിന് മുമ്പാകാമായിരുന്നില്ലേ..? “

“അതൊന്നും എനിക്കറിയണ്ട. ഇനിയങ്ങോട്ട്‌ ആനന്ദേട്ടനെ ഞാനില്ലാതെ വിടുന്ന പ്രശ്നമില്ല.”

കൊല്ലങ്ങള്‍ കഴിഞ്ഞു കുട്ടികള്‍ പിറക്കാതിരുന്നപ്പോള്‍ അവളുടെ ഭാവം മാറി.

“സര്‍പ്പം പാട്ട് പാടി  ദോഷം മാറ്റുന്ന നിങ്ങള്‍ക്ക് സ്വന്തം ദോഷം മാത്രം എന്തെ മാറ്റാനറിയില്ല...?”

“എന്ത് ദോഷം..?’

എന്ന ചോദ്യത്തിന് അവള്‍ ശരിക്കും ഉറഞ്ഞു തുള്ളി.

‘ഇല്ലേ...? ”ഒരു ദോഷവും ഇല്ലേ..? നിങ്ങള്‍ പാടി പ്രാര്‍ഥിച്ചിട്ടു തന്നെയാ ആ കുട്ടിയുടെ ഭര്‍ത്താവ് മരിച്ചത്. ആ ദോഷം കൊണ്ടു തന്നെയാ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് കിട്ടാത്തത്‌.”

“നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട”

“നിങ്ങളുടെ നാഗങ്ങള്‍ക്ക് രക്ഷിക്കാനറിയില്ല ശിക്ഷിക്കാനെ അറിയൂ, എല്ലാക്കൊല്ലവും നിങ്ങളുടെ പാട്ട് കേട്ട് മുന്നില്‍ വരുന്ന നാഗങ്ങള്‍ക്ക് നിങ്ങടെ മനസ്സറിയാതെ വരുമോ...? ഇല്ല...ഒന്നും ശരിയാകില്ല. ഒന്നും.. നഗദൈവങ്ങളുടെ ശാപത്തിനു മുന്നില്‍ ഒരു ഡോക്ടര്‍ക്കും ഒന്നും ചെയ്യാനാവില്ല.”

ഓരോ സര്‍പ്പം പാട്ടടുക്കുമ്പോഴും രാജി സംശയത്തിന്റെ സര്‍പ്പമുട്ടകളെ അടയിരുത്തിയ പുറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നു. മുട്ടകളിലെ നാഗക്കുഞ്ഞുങ്ങള്‍ പുറത്തേക്ക് വരുവാന്‍ വെമ്പല്‍കൊണ്ടു, അതിനുള്ളില്‍ കിടന്നു ചീറിപ്പുളഞ്ഞു. നാളുകളിലെ അടയിരുപ്പിനു ശേഷം അതിനുള്ളില്‍ നിന്നും കുംഭത്തിലെ ആയില്യത്തിന് സര്‍പ്പകുഞ്ഞുങ്ങള്‍ പിറന്നു, അയാള്‍ക്ക്‌ നേരെ ചീറ്റി. സര്‍പ്പക്കുഞ്ഞുങ്ങള്‍ വിഷം ശ്രീകലയിലേക്കും ചീറ്റുന്നത് അയാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അതറിയാതെ എല്ലാക്കൊല്ലവും അയാള്‍ അവളുടെ കുഞ്ഞിനു നേരെ ചിരിച്ചു, അക്കൊല്ലം പൂക്കുലയുമായി കളത്തിനരുകില്‍ നില്ക്കുന്ന കൊച്ചു പെണ്‍കുട്ടി പഴയ ശ്രീകലയുടെ  തനിപ്പകര്‍പ്പെന്നു പറഞ്ഞു. അപ്പോഴും ശ്രീകല ഒന്നും പുറത്തു കാണിക്കാതെ അയാളെയും രാജിയെയും നോക്കി മന്ദഹസിച്ചു.

“അത് നിങ്ങളുടെ കുഞ്ഞു തന്നല്ലേ...? ഒന്നും അറിയാതെ മരിച്ചു പോയ അവളുടെ ഭര്‍ത്താവിനെപ്പോലെ ഞാന്‍ മണ്ടിയാണെന്ന്‌ വിചാരിക്കണ്ട.”
വീണയും വില്ലുമെടുത്ത് സ്തുതിക്കാന്‍ തുടങ്ങിയ ആനന്ദന്റെ ചെവിയില്‍ കുടം തട്ടി പാകം നോക്കുന്ന രാജിയുടെ പരുക്കന്‍ ശബ്ദം.
 "ശരിക്ക് പറഞ്ഞിട്ടുണ്ട് ഞാനിന്നവളോട്. നോക്കിക്കോ നാണമുണ്ടേല്‍ അടുത്ത പാട്ടിനു മുമ്പ്‌ അവളാരെയെങ്കിലും കെട്ടിപോയ്‌ക്കൊള്ളും. അന്യന്റെ പുരുഷനെ തട്ടിയെടുക്കാന്‍ തക്കം നോക്കിയിരിക്കുന്നവളുടെ തറവാട്ടില്‍ എന്ത് പൂജേം പാട്ടും നടത്തീട്ടെന്താ...? ഗതി പിടിക്യോ...?”

ആനന്ദന്‍ മറുത്തൊരക്ഷരം പറയാതെ ഉച്ചത്തില്‍ പാട്ട് തുടങ്ങി. കുടത്തില്‍ കൊട്ടുന്ന രാജിയുടെ കൈകള്‍ക്ക് എന്തെന്നില്ലാത്ത ശക്തി ബാധിച്ചെന്നയാള്‍ക്ക് തോന്നി. താളം പിഴപ്പിക്കുന്നത് പോലെയുള്ള ഭ്രാന്തമായ ശബ്ദം. അതിനെ മറികടക്കാന്‍ അയാള്‍ കൂടുതല്‍ ഉച്ചത്തില്‍ പാടിക്കൊണ്ടിരുന്നു. അയാള്‍ അനന്തനെ വിളിച്ചു കരഞ്ഞു, തക്ഷകനോടു രക്ഷ തേടി, വാസുകിയോടു കരുണ യാചിച്ചു. കൈയ്യിലെ വില്ല് അതിവേഗം വീണയിലൂടെ ഓടി. 

ശ്രീകല ഭാവഭേദമില്ലാതെ പൂക്കുലയുമായി ആടിത്തുടങ്ങുന്ന മകളെയും മറ്റു കന്യാവുകളെയും നോക്കിയിക്കുകയായിരുന്നു. പ്രായത്തിന്റെ ആധിക്യമുണ്ടെങ്കിലും പതിവ് തുള്ളലിനായി അമ്മുക്കുട്ടിയമ്മയും പതുക്കെ ആടി തുടങ്ങി. പെട്ടെന്നാണ് കളത്തിലേക്ക് ബാധ കയറിയ ശ്രീകല തുള്ളി പ്രവേശിച്ചത്. അവള്‍ നാഗമായി കളത്തില്‍ നിറഞ്ഞാടി. നിലവിളക്കുകളുടെ പ്രഭയില്‍ ജ്വലിക്കുന്ന അവളുടെ മുഖത്തേക്ക് മുടിയിഴകള്‍ അഴിഞ്ഞു വീണു. നഗക്കളത്തിലെ പഞ്ചവര്‍ണ്ണപ്പൊടികള്‍ അവളെ പൊതിഞ്ഞു. കൊല്ലങ്ങളായി  തറവാടിനെ മൂടി നില്‍ക്കുന്ന ദു;ഖത്തിന്റെ കാരണം കളത്തിലിഴഞ്ഞ ആ നാഗം ഉറക്കെ വിളിച്ചു പറഞ്ഞു. നാഗ പ്രീതി നശിച്ച  ആനന്ദന്‍ പുള്ളോന്റെ സ്തുതികള്‍ കേള്‍ക്കാന്‍ ഇനി ഞങ്ങള്‍ ഇവിടെ വരില്ല എന്ന് ഉറക്കെപറഞ്ഞ ആ നാഗം കളത്തില്‍ തല തല്ലിക്കൊണ്ടിരുന്നു.  ഞെട്ടലോടെ രാജിയെ നോക്കിയ ആനന്ദന്‍ കണ്ടു കുടമടിയുടെ ശബ്ദംത്തോടൊപ്പം അവളില്‍ നിന്നും പുളച്ചു നീങ്ങുന്ന സര്‍പ്പക്കുഞ്ഞുങ്ങള്‍. കൂട്ടമായി നീങ്ങിയ അവ ശ്രീകലയുടെ അടുത്തെത്തിയപ്പോഴേക്കും പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. കളത്തില്‍ തല തല്ലുന്ന നാഗത്തെ  ഇഴഞ്ഞെത്തിയ സര്‍പ്പങ്ങള്‍ നിമിഷം കൊണ്ട് കൊത്തി വീഴ്ത്തി. ഒടുവില്‍ ശ്രീകലയില്‍  നിന്നും തളര്‍ന്ന തേങ്ങലുകള്‍  മാത്രം കേട്ടു. വീണയും വില്ലും കയ്യിലേന്തി നിശ്ചലനായി നിന്ന ആനന്ദന്‍റെ ചെവില്‍ ആ തേങ്ങല്‍ നാഗങ്ങള്‍ക്കുള്ള പുതിയൊരു പുള്ളുവന്‍ പാട്ടായി. 
(ചിത്രം ഗൂഗിളില്‍ നിന്നും)