6.1.14

വേഷപ്പകര്‍ച്ചകള്‍


ദാരിദ്ര്യം ,കന്യാവത്രം,അനുസരണം ഇതിലേതാണ് സിസ്റ്ററിന് ബുദ്ധിമുട്ടായി തോന്നിയത്..?
പ്രൊവിന്‍ഷ്യല്‍ ജനറലിന്റെ ചോദ്യം കേട്ട് സിസ്റ്റര്‍ ജെസീന്ത ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ ശാന്തമായി പറഞ്ഞു.
“മൂന്നും.”
അപ്രതീക്ഷിതമായ മറുപടിയില്‍ പ്രൊവിന്‍ഷ്യാളമ്മ അസ്വസ്ഥയായി സിസ്റ്റര്‍ ജെസീന്തയെ നോക്കി.
ജെസീന്ത കണ്ണുകള്‍ വേറെ എങ്ങോ ഉറപ്പിച്ച് നിശ്ശബ്ദയായി നിന്നു.
“എന്തൊക്കെയാണ് സിസ്റ്റര്‍ ഈ പറയുന്നത്…? ചെറിയൊരു പരാതി കിട്ടി, വന്നന്വേഷിക്കുന്നു എന്നേ ഉള്ളു. ഞാനൊന്നും വിശ്വസിച്ചിട്ടും ഇല്ല. പരാതി പറഞ്ഞവരെ തോല്പ്പിക്കാനായി ഇങ്ങനെയാണോ...?.”
“എനിക്ക്  ആരെയും തോല്പ്പിക്കാനില്ല . ഞാന്‍ പണ്ടേ തോറ്റവളാണ്. അല്ല തോറ്റു കൊടുത്തവളാണ്”.
“സിസ്റ്ററിന്റെ മൂഡ്‌ ശരിയല്ല. പിന്നീട് വരൂ. ഞാന്‍ നാളെയേ പോകുന്നുള്ളൂ.”
“ഇല്ല. പിന്നീട് സംസാരിക്കുവാന്‍ ഒന്നും ഇല്ല . ഞാന്‍ അങ്ങോട്ട്‌ വന്നു കാണുവാന്‍ ഇരിക്കുകയായിരുന്നു. അദേഹത്തിന്റെ കൂടെ പോകുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു കന്യാസ്ത്രീയെ പുരുഷന്റെ കൂടെ താമസിക്കുവാന്‍ സഭ അനുവദിക്കില്ലല്ലോ. അത് കൊണ്ട്  നാളെ മുതല്‍ ഞാന്‍ സഭയിലും ഇല്ല. അല്ലാതെ വേറെ വഴിയില്ല.” ശബ്ദം തെല്ലുയര്‍ത്തി സിസ്റ്റര്‍ ജെസീന്ത പറഞ്ഞു. പിന്നെ വാതില്‍ പതുക്കെ ചാരി  പുറത്തേക്ക് നടന്നു. എതിരെ വന്ന സിസ്റ്റര്‍മാരുടെ നോട്ടത്തെ അവഗണിച്ച് നാളത്തേക്കുള്ള ഒരുക്കത്തെക്കുറിച്ചാലോചിച്ച്  മുറിയിലേക്ക് പോയി . 

തൂപ്പുകാരി സെലിന്‍ വഴിയാണ് ആ വാര്‍ത്ത സീനിയര്‍ കന്യാസ്ത്രീമാരുടെ ചെവിയിലെതിയത്. സിസ്റ്റര്‍ ജെസീന്ത ഒരു കാര്യവും ഇല്ലാതെ ഡീലക്സ് റൂം എടുത്തിരിക്കുന്ന രാമന്‍കുട്ടി മാഷ്‌ എന്ന വൃദ്ധന്റെ റൂമില്‍ പോയി ഇരിക്കുന്നു, അയാളെ പരിചരിക്കുന്നു.

“ആ ഇരിപ്പിനും വര്‍ത്താനത്തിനും ഒരു തക്കക്കേടൊണ്ടെന്റെ ത്രേസ്യാമ്മ ചേച്ചീ...” എന്ന് സെലിന്‍ രഹസ്യമായി അടുക്കളക്കാരി ത്രേസ്യാമ്മയുടെ  ചെവിയില്‍ പറഞ്ഞപ്പോള്‍ “പോടിയേ...ഇവിടന്നു....” എന്ന് ഉറക്കെ അവര്‍ അവളെ ശാസിച്ചു. പക്ഷെ സംഗതി ഇത്ര സീരിയസ് ആയിരിക്കും എന്ന് ആരും ഓര്‍ത്തില്ല.

ഒരു പ്രാവശ്യം അവള്‍ മുറി തൂത്തുവാരാന്‍ ചെന്നപ്പോള്‍ സിസ്റ്റര്‍ അയാള്‍ക്ക് ‌ ഷേവ്‌ ചെയ്തു കൊടുക്കുന്നു!!!!! ചിലപ്പോള്‍ ദേഹം മുഴുവനും കുഴമ്പ് തേച്ചു കൊടുക്കുന്നു, കുളിക്കാന്‍ സഹായിക്കുന്നു അങ്ങനെ പലതും. വേറെ മുറികളിലും ഉണ്ടല്ലോ ആളുകള്‍. എന്തേ ജെസീന്താമ്മ ആ വയസ്സന്‍റെ മുറിയില്‍ മാത്രം എപ്പോഴും ശുശ്രൂഷക്ക് പോകുന്നു....? വേറെ ഒരു ദിവസം മുറി തുടയ്ക്കാന്‍ ചെന്ന സെലിന്‍ പോയത് പോലെ തിരികെ പോന്നു. കാരണം പറഞ്ഞതോ “ദാണ്ടെ... ജെസീന്താമ്മ ആ മുറിയില്‍” എന്ന്.

അങ്ങനെ പതുക്കെ പതുക്കെ ചെവികള്‍ മാറി സഞ്ചരിച്ച് ഓള്ഡ്എയ്ജ്‌ ഹോമിനു പുറത്തേക്കും സംഭവം പാട്ടാകുന്നു എന്ന് വന്നപ്പോഴാണ് കോണ്‍വെന്റിന്റെയും ഓള്ഡ്ഏയ്ജ് ഹോമിന്റെയും ചുമതലയുള്ള മദര്‍സുപ്പീരിയര്‍ മേലധികാരിയായ പ്രൊവിന്‍ഷ്യല്‍ ജനറലിനെ വിവരം അറിയിച്ചത്.

ഡീലക്സ് റൂം വെഞ്ചരിപ്പു കഴിഞ്ഞ് മാസം അഞ്ചു കഴിഞ്ഞപ്പോഴാണ്  ആറ്റു നോറ്റ് കാത്തിരുന്ന ആദ്യ താമസിക്കാരനെ  കിട്ടിയത്. ഈ ആര്‍ഭാട മുറികള്‍  പണിയുന്നതിനോട് മദറിനു തുടക്കത്തിലെ എതിര്‍പ്പായിരുന്നു.  ‘’ഇത്രേം ചെലവ് ചെയ്തു പത്തു മുറി പണിതാല്‍ ആര് വരുമെന്ന് വിചാരിച്ചാ..” എന്നവര്‍ പിറുപിറുക്കുകയും വളരെ സൌമ്യതയോടും  അതീവ ബഹുമാനത്തോടും  വിസിറ്റിനു വന്ന പ്രോവിന്‍ഷ്യാളമ്മയോട് ചോദിക്കുകയും ചെയ്തു.

“ആവശ്യം വരും മദറെ. ഇപ്പോള്‍ പ്രൈവറ്റ് പാര്‍ട്ടികളുടെ  ബിസിനസ്സാ ഈ വൃദ്ധ സദനങ്ങള്‍. എല്ലാം നല്ല ഒന്നാന്തരം സൗകര്യത്തില്‍. നമുക്കവരോടു പിടിച്ചു നില്ക്കേണ്ടേ. മദര്‍ നോക്കിക്കോ ഒരു പത്തു കൊല്ലം കഴിഞ്ഞു മറ്റുള്ള റൂമുകളും ഇത് പോലെ എ സി യാക്കേണ്ടി വരും. നമ്മുടെ നാട്ടിലെ മനുഷ്യരുടെ കയ്യിലൊക്കെ നല്ല കാശാ...അതനുസരിച്ച് വീട്ടിലെ വയസ്സായവര് അധികപ്പറ്റും.”

മുറി പണിത് കഴിഞ്ഞു ആളുവരാതിരുന്ന നാളുകളില്‍ തലയില്‍ തീയുമായി മദര്‍ നടക്കുമ്പോഴാണ് നല്ലൊരു തുക ഡെപ്പോസിറ്റുമായി രാമന്‍കുട്ടി മാഷ്‌ എന്ന വൃദ്ധനെയും കൂട്ടി അമേരിക്കക്കാരായ മക്കള്‍ വന്നത്. അഞ്ചു കൊല്ലം മുമ്പ്‌ ചെറുതായി സ്ട്രോക്ക് വന്നു എന്നൊരു ആരോഗ്യ പ്രശ്നമുണ്ട്. കാലിന് ലേശം ഏന്തല്‍. മരുന്ന് മുടങ്ങാതെ കഴിപ്പിക്കണം എന്ന് മാത്രം. ചോദിച്ചതിന്റെ ഇരട്ടി ഡെപ്പോസിറ്റ്‌ കിട്ടിയതില്‍ മദര്‍ ഒരു കൊന്ത കൂടുതലായി ചൊല്ലി പരിശുദ്ധ കന്യാമറിയത്തിനു കാഴ്ച വെച്ചു. അതൊരു നല്ല നേരമായിരുന്നു എന്ന് തോന്നുന്നു. അയാള്‍ക്ക്  പിന്നാലെ  മൂന്നു പേര്‍ കൂടി ഡീലക്സില്‍ താമസക്കാരായെത്തി. മുടങ്ങി കിടന്ന ലോണിന്റെ തവണകളും അടച്ചു. അങ്ങനെ ഒരു വിധം സമാധാനമായി ഇരിക്കുമ്പോഴാണ് ആ വിചിത്ര സംശയവുമായി സിസ്റ്റര്‍ റബേക്ക മടിച്ചു മടിച്ചു വന്നത്. സിസ്റ്റര്‍മാരില്‍ പലര്‍ക്കും  ഈ സംശയം ഉണ്ടത്രേ..

“എന്നാലും എന്റെ മദറെ... ആ ജെസീന്താമ്മക്ക് വയസ്സ് എത്രയാന്നാ വിചാരം..? അങ്ങ് ബാഗ്ലൂരിലെ കോളേജില്‍ പഠിപ്പീരു കഴിഞ്ഞു ഇവിടെ വന്നിട്ട് കൊല്ലം നാലഞ്ചായില്ലേ...? ആ കെളവനാണേല്‍ ഒരു എഴുപത്തഞ്ചു വയസ്സെങ്കിലും കാണും. ആയാള്ടെ കെട്ട്യോള് മക്കള്‍ടെ കൂടെ അമേരിക്കേലൊണ്ടന്നേ...അവരിങ്ങോരോടു ചേരില്ല. അവിടെ അമേരിക്കെലൊള്ള പേരക്കിടാവിന് വരെ കൊച്ചായി. അപ്പോഴാ അങ്ങേരുടെ ഒരു മുതു പ്രേമം.”

“എന്റെ സിസ്റ്ററെ ഒന്ന് പതുക്കെ പറ. ഇത് പറഞ്ഞു രസിക്കാനുള്ള കാര്യമാണോ...? വയസ്സായാലും അല്ലേലും അവനവന്‍  ആരാണെന്ന് നല്ല ഓര്‍മ്മ വേണം. എല്ലാരും ഓര്‍ത്താ നല്ലത്.” മദര്‍ അല്പം ശാസനയിലാണ് പറഞ്ഞത്.

“ആ സെലിന് പാലു കൊണ്ടുവരുന്ന സാബുവിനോട് ഇത്തിരി കിന്നാരം പറച്ചിലൊണ്ട്. കെട്ടിക്കാറായ പെമ്പിപിള്ളേര്‍ക്ക്  ചേര്‍ന്നതാണോ അത്..? പല പ്രാവശ്യം ഞാന്‍ നല്ല ഡോസും കൊടുത്തിട്ടുണ്ട്. ഇനി അവളെങ്ങാനും അവനോടു പറഞ്ഞിട്ടൊണ്ടേല്‍ തീര്‍ന്നു. നാട് മുഴുവനും പാട്ടാകാന്‍ അധിക നേരം വേണ്ട. അന്യ ജാതിക്കാര്‍ക്ക് വരെ പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയോം ആയി.”

“അവളെങ്ങാനും ആ ചെക്കനോട് പറഞ്ഞു കാണുമോ..?” മദറിന് തളര്‍ച്ച തോന്നി. അല്ലെങ്കില്‍ തന്നെ പ്രഷറിന്റെ ഗുളികയുടെ അളവ് കഴിഞ്ഞ മാസം തൊട്ടു കൂട്ടിയിരിക്കുകയാണ്.

“അല്ല മദറേ...എനിക്കൊരു സംശയം. ഈ സിസ്റ്ററിന് മഠത്തില്‍ ചേരണതിന് മുന്നേ പണ്ടാരാണ്ടോടും പ്രേമമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇനി അയാളാണോ ഇതെന്നാര്‍ക്കറിയാം. അതൊരു ക്രിസ്ത്യാനിയായിരുന്നു എന്നാണു കേട്ടേക്കണത്. ഇയാള് നായരല്ലേ..?”

“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ സിസ്റ്റര്‍. മഠത്തില്‍ തന്നെ ഇങ്ങനെ പരദൂഷണം പറയാന്‍ തുടങ്ങിയാല്‍ പിന്നെ പുറത്തുള്ളവര്‍ പറയുന്നതിനാ  കുററം...? സിസ്റ്റര്‍ വേഗം സെലിനോടു റൂമിലേക്ക്‌ വരാമ്പറ.” അവര്‍ പരിഭ്രാന്തയായി മുറിയിലേക്ക് നടന്നു.

“എന്റെ മദറേ...ഞാന്‍ അങ്ങ് നാണിച്ചു പോയി....” സെലിന്റെ കണ്ണുകളില്‍ നാണം ഇരമ്പി.
“എത്ര നാളായി ഇത് തുടങ്ങിയിട്ട്..?”
“അങ്ങേരു വന്നു ഒരു മാസം കഴിഞ്ഞപ്പ മൊതല് ഞാനോരോന്നു കാണണതാ. വന്നു പറയാനൊരു പേടി തോന്നി.” 

സെലിനെ പറഞ്ഞു വിട്ട ഉടനെ മദര്‍ ചെയ്തത് പ്രോവിന്‍ഷ്യല്‍ ജനറലിനെ വിവരം അറിയിക്കുകയായിരുന്നു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യും എന്നവര്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഇത്രയും പ്രായമായ പഠിപ്പും വിവരവും ഉള്ള  സിസ്റ്റര്‍ ജെസീന്തയെ  എങ്ങനെ ചോദ്യം ചെയ്യും....? അതും ഇങ്ങനെ ഒരു കാര്യത്തിന്. പിറ്റേ ദിവസം പ്രൊവിന്‍ഷ്യാളാമ്മയുടെ കാര്‍ മഠത്തിന്റെ ഗേറ്റ് കടന്നു വന്നപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്‌.

സിസ്റ്റര്‍ ജെസീന്ത മുറിയില്‍ ചെന്നയുടനെ പോകുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പെട്ടിയില്‍ എന്തടുക്കി വെക്കാനാണ്..? ഒരു സന്യാസിനിക്ക്‌ വേണ്ട സാധനങ്ങളല്ലാതെ എന്താണ് അവര്‍ക്കുള്ളത്...? അവര്‍ അലമാരയിലേക്ക് വീണ്ടും വീണ്ടും നോക്കി. എതാനും ജോഡി സഭാ വസ്ത്രങ്ങള്‍,  മാതാവിന്റെ ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോ, ജപമാലകള്‍, പ്രാര്‍ഥാനാ പുസ്തകങ്ങള്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്തെ പുസ്തകങ്ങളുടെ ശേഖരം നിറഞ്ഞ ഒരു കൊച്ചു പെട്ടി. വേറെ എന്താണ് നാളെ അദ്ദേഹത്തിന്റെ കൂടെയിറങ്ങുമ്പോള്‍  എടുക്കേണ്ടത്....? നാളെ മുതല്‍  സിസ്റ്റര്‍ ജെസീന്തയില്ല. സഭാ വസ്ത്രമില്ലാത്ത ജെസിന്താമ്മ. അപ്പോള്‍ എന്ത് ധരിച്ചു പോകും...? സാരി...? പെട്ടെന്നവര്‍ രാമന്‍കുട്ടി മാഷിന്റെ പെട്ടിയില്‍ കണ്ട സാരി ഓര്‍ത്തു . ഇളം പിങ്കില്‍ ചെറിയ റോസാപ്പൂക്കളുള്ള പഴയ തരം ടെര്‍ലീന്‍ സാരി. അയാള്‍ പണ്ടു സ്കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഇഷ്ടപ്പെട്ട പെണ്കുട്ടിക്ക് കൊടുക്കുവാനായി വാങ്ങിയത്.. അതവള്‍ക്ക്  കൊടുക്കുവാനായില്ല എന്ന് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിരാശയുണ്ടായിരുന്നു. ഒരിക്കല്‍ അതദ്ദേഹമത് അവര്‍ക്ക്  വെച്ച് നീട്ടിയതാണ്. “ഒരു കന്യാസ്ത്രീക്കെന്തിനാ സാരി..?” എന്ന് പറഞ്ഞു അന്നത് വാങ്ങിയില്ല.

രാമന്‍കുട്ടി മാഷ്‌ എന്ന ശാന്തനായ മനുഷ്യന് മരണം സ്വന്തം വീട്ടില്‍ തന്നെ വേണം എന്ന ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. നിറ കണ്ണുകളോടെ അയാളത് പറഞ്ഞപ്പോള്‍ ഉറപ്പു കൊടുത്തതാണ് എങ്ങനെയും അത് സാധിച്ചു തരാമെന്ന്.
“ഈ ഞൊണ്ടിക്കാലനെ വീട്ടില്‍ കൊണ്ടിട്ടാല്‍ ആര് നോക്കും സിസ്റ്ററെ..?” എന്നയാള്‍ ചോദിച്ചപ്പോള്‍
“ഞാന്‍ പോരെ.” എന്നവര്‍ പറഞ്ഞത് കളിയായിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി ലഭിച്ച സ്നേഹം അയാളുടെ കണ്ണുകളില്‍ കണ്ടു.
“എന്റെ കൂടെ പോരാന്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുമോ..?നിങ്ങളുടെ പള്ളിക്കാരത് സമ്മതിക്കുവോ..?”
അയാളുടെ സംശയത്തിന് അവര്‍ ധൈര്യം കൊടുത്തു.
“ഒന്നും പേടിക്കേണ്ട. ഞാനുണ്ട് കൂടെ. പള്ളിയും മഠവുമെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ്. സ്നേഹം പഠിപ്പിച്ചു തന്നത് ദൈവവും.”
എന്നിട്ടും മാഷിന് സംശയം മാറിയില്ല.
“പറയുന്നവര്‍ പറയട്ടെ.” സിസ്റ്റര്‍ അവസാന വാക്ക് പറഞ്ഞു.
‘എന്നെ ആരും ജീവിതത്തില്‍ ഇതുവരെ സ്നേഹിച്ചിട്ടില്ല. ഭാര്യ പോലും. അവള്‍ എന്നും മക്കള്‍ക്കൊപ്പമായിരുന്നു. അതറിഞ്ഞു തന്നെയാണ് അവരുടെ കൂടെ അങ്ങ് പോകാതിരുന്നത്. മരിക്കുന്ന നേരത്ത് മനുഷ്യനു വേണ്ടത് മനസ്സമാധാനമല്ലേ. അവിടെ പോയാലും ഏതെങ്കിലും വൃദ്ധ സദനത്തില്‍. അതിനേക്കാള്‍ എത്രയോ ഭേദം നാട്ടില്‍.”

ജെസ്സി. ഇപ്പോള്‍ സിസ്റ്റര്‍ ജെസീന്തയില്ല. ആനിക്കുട്ടിയുടെയും ലില്ലി മോളുടെയും ജെസ്ചേച്ചി. അമ്മച്ചിയുടെ ജെസിക്കൊച്ച്. ഫ്രാന്സീ‍സിന്‍റെ ജെസ്സിപ്പെണ്ണ്. നീണ്ട ചുരുളന്‍ മുടി രണ്ട്ടായി മെടഞ്ഞിട്ട ജെസ്സി ജോസഫ്‌. സ്വീകരണ മുറിയിലെ പ്ലാസ്റ്റിക്‌ വള്ളികള്‍ നെയ്ത സോഫയിലിരിക്കുന്ന ഫ്രാന്‍സീസിനെയും അവന്റെ അപ്പനെയും ജനല്‍ വിരിയുടെ വിടവിലൂടെ അവള്‍ ഒളിഞ്ഞു നോക്കുകയാണ്. അവളുടെ കവിളിലേക്ക് വീണു കിടക്കുന്ന കട്ടിയുള്ള മുടിച്ചുരുള്‍ ശരീരത്തോടോപ്പം വിറയ്ക്കുന്നത് പരിഭ്രമത്തോടെ നോക്കി നില്ക്കുന്ന അമ്മച്ചിയും അനുജത്തിമാരും.

“ഈ വീട്ടില്‍ വന്നു പെണ്ണാലോചിക്കാന്‍ ഈ ദാരിദ്രവാസികള്‍ക്ക്  നാണമില്ലേ..?” എന്ന അപ്പന്റെ അലര്‍ച്ച  കേട്ട് ജെസി ഒന്നു കൂടി വിറച്ചു. അപമാനപ്പെട്ടിറങ്ങിപ്പോകുന്ന അപ്പനെയും വീടിനുള്ളിലേക്ക് പരതി നോക്കുന്ന മകനെയും നോക്കി വിറങ്ങലിച്ചു നിന്ന ജെസ്സിയുടെ കവിളിലെ ചുരുള്‍ മുടി കണ്ണീരില്‍ കുതിര്‍ന്നു.

ശാസനകള്‍, ദേഹോപദ്രവങ്ങള്‍, ഭീഷണികള്‍. “അപ്പന്റെ ശവത്തെ ചവിട്ടിക്കൊണ്ട് കൊണ്ടു അവന്റെ കൂടെ പൊക്കോ...” എന്ന വാക്കുകള്‍. മനസ്സ് മാറുവാനായി അമ്മായി വെറോനിക്ക സിസ്റ്ററിന്റെ കൂടെ കുറച്ചു നാളുള്ള താമസം. സ്നേഹിക്കുന്നവര്‍ക്ക്  വേണ്ടി തോറ്റു കൊടുത്താല്‍ ദൈവ സന്നിധിയില്‍ കിട്ടുന്ന വരത്തെക്കുറിച്ചു അപ്പോഴാണ്‌ കേട്ടത്, ചിന്തിച്ചു തുടങ്ങിയത്. പിന്നെ മനസ്സില്‍ മറ്റൊന്നും ഇല്ല. ഫ്രാന്‍സീസ്‌ ഇല്ല. അയാളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ ഇല്ല. പിറക്കാന്‍ പോകുന്ന മക്കളെക്കുറിച്ചുള്ള കളി വര്‍ത്തമാനങ്ങള്‍ ഇല്ല. എപ്പോള്‍ വിളിച്ചാലും ഇറങ്ങി വരാം എന്ന് അയാള്‍ക്ക് കൊടുത്ത വാക്കും ഇല്ല. എല്ലാം ശൂന്യം...ശാന്തം..സമാധാനം...

”പെണ്ണിനു പഴയ കളിയും ചിരിയും തിരികെ കിട്ടി വന്നു കൂട്ടിക്കൊണ്ടു പോയ്ക്കോ..ഇനി ഏതു കല്യാണവും അവള്‍ സമ്മതിക്കും.” എന്ന വെറോനിക്ക അമ്മായിയുടെ കത്ത് കിട്ടി കൂട്ടിക്കൊണ്ടു പോരാന്‍ ചെന്ന അപ്പനും അമ്മയും ജെസ്സിയുടെ മറുപടി കേട്ട് ഞെട്ടി. ഞാന്‍ തോറ്റു കൊടുക്കുന്നു. ദൈവത്തിന്റെ മുന്നില്‍. ക്രിസ്തുവിന്റെ മണവാട്ടിയായി എന്ന ഉറച്ച വാക്കിന്മേല്‍ അവര്‍ക്ക് ‌  ഉത്തരം മുട്ടി. ആദ്യമായി അപ്പന്റെ മുഖത്ത് നോക്കി ധൈര്യപൂര്‍വം സംസാരിച്ചു. “അപ്പനെ നീ തോല്‍പ്പിക്കുകയാണോ മോളെ..?” എന്ന ചോദ്യത്തിന്. “അല്ലപ്പാ” എന്നാശ്വസിപ്പിച്ചു.

ഉടുപ്പുമാറ്റത്തിന്റെ തലേ നാള്‍ മഠത്തിന്റെ പാര്‍ലറില്‍ വന്നു മണിയടിച്ച ഫ്രാന്‍സീസിന്റെ മുഖത്ത് നോക്കിയും അതെ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു.
“ആരും പ്രേരിപ്പിച്ചിട്ടല്ല ഫ്രാന്‍സീസ്‌. അങ്ങനെ പ്രേരിപ്പിച്ചാല്‍ തിരഞ്ഞെടുക്കുവാന്‍ പറ്റുന്ന ഒന്നല്ല ഇത്. ഇത് എന്റെ മാത്രം നിശ്ചയമല്ല ദൈവത്തിന്‍റെത് കൂടിയാണ്.”
“നീയിങ്ങനെ ചതിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല ജെസീ... മനസ്സ് മാറി തിരിച്ചു വരുമെന്ന് വിചാരിച്ചു തന്നെയാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്. ഞാന്‍ വരും പള്ളിയില്‍. കര്‍ത്താവിന്റെ മണവാട്ടിയാകാനെങ്കിലും നീ നെറ്റും മുടിയും അണിഞ്ഞു നില്ക്കുന്നത് കാണുവാന്‍. എന്റെ എത്ര വലിയ സങ്കല്‍പ്പമായിരുന്നു  നീ മണവാട്ടിയായി എന്റടുത്ത്‌ നില്ക്കുന്നത്...? തകര്‍ത്ത്  കളഞ്ഞില്ലേ....?” കണ്ണീര്‍ തുടച്ചു ധൃതിയില്‍ പോകുന്ന ഫ്രാന്‍സീസിനെയോര്‍ത്ത്  ഒരിക്കലും ദുഖിച്ചില്ല. മനസ്സ് ഒരു തെളിഞ്ഞ തടാകം പോലെ. അതിന് സ്പടികത്തിന്റെ നിര്‍മലത.

കയ്യില്‍ ചെറിയ പൂച്ചെണ്ടും കുഞ്ഞു പൂക്കള്‍ പിടിപ്പിച്ച നെറ്റുമണിഞ്ഞ് ആര്‍ഭാടമില്ലാത്ത വെള്ള സാരിയുടുത്ത  കര്‍ത്താവിന്റെ മണവാട്ടിയെ കാണുവാന്‍ ഉടുപ്പുമാറ്റത്തിന്‍റെയന്ന് പള്ളിയില്‍ ഫ്രാന്‍സീസ്‌ എത്തിയിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക്  ശേഷം സഭാ വസ്ത്രമണിഞ്ഞു വന്ന സിസ്റ്റര്‍ ജെസീന്ത പിന്നെ  അയാളെ കണ്ടതേയില്ല.

അന്നത്തെ അതേ ശാന്തതയും സ്വസ്ഥതയും തന്നെ ഇപ്പോഴും മനസ്സില്‍. അതേ..ആ  തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല. സഭയുടെ ചട്ടക്കൂടില്‍ നിന്നും ഒഴിഞ്ഞു പോകുന്നു എന്ന ഈ തീരുമാനവും.

ദാരിദ്ര്യവും കന്യാവ്രതവും അനുസരണവും എന്ന് തൊട്ടാണ് തെറ്റിച്ചു തുടങ്ങിയത്....? പണമാണോ ഒരാളുടെ സമ്പന്നതയും ദാരിദ്രവും നിശ്ചയിക്കുന്നത്. അതാണോ അതിന്റെ അളവ് കോല്‍...?ജെസീന്തയുടെ സമ്പത്തിന്റെ അളവ് കോല്‍ അതില്‍ നിന്നെല്ലാം എത്ര വ്യത്യസ്തം. സ്നേഹത്തിന്റെ സമ്പത്തില്‍ ധനികയായ ജെസീന്ത. അപ്പോള്‍ കന്യാവ്രതമോ...? അത് തെറ്റിക്കുന്നത് പാപമല്ലേ..? എന്താണ് പാപം..? വിചാരത്താല്‍, വാക്കാല്‍, പ്രവൃത്തിയാല്‍. ഫ്രാന്‍സീസിന്‍റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്താന്‍ കന്യകക്ക് കഴിയുമായിരുന്നോ..? അതാഗ്രഹിച്ചെങ്കില്‍ വിചാരത്താല്‍ ആ പാപം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ..?. അപ്പോള്‍ മഠത്തില്‍ ചേരുന്നതിനു മുന്നേ വിചാരത്താല്‍ കന്യാത്വം നഷ്ടപ്പെട്ടവള്‍. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അതെങ്ങനെ തിരിച്ചെടുക്കും..? അതോ കന്യാത്വം വിചാരത്താല്‍ നഷ്ടപ്പെടില്ലന്നുണ്ടോ..? അപ്പോള്‍ അനുസരണമോ..? അത് തെറ്റിക്കാതെ എങ്ങനെ രാമന്‍കുട്ടി മാഷിനൊപ്പം പോകാനാകും ...? ഈ പിഴവുകളെല്ലാം നന്മയുടെ ചൂണ്ടു പലകകളാണ്. ഈ ജീവിത നിയോഗത്തിലേക്കുള്ള വഴികാട്ടികള്‍. ഇന്ന് രാത്രി. ഒരേയൊരു ദിവസം കൂടി ഇവിടെ. അത് കഴിഞ്ഞാല്‍ മാഷോടൊപ്പം, അദ്ദേഹത്തിന്റെു വീട്ടില്‍, സ്നേഹിച്ചു ശുശ്രൂഷിച്ച്.

ജെസ്സിന്ത എന്ന അറുപത്തഞ്ചുകാരി വൃദ്ധ. അവര്‍ ശിരോ വസ്ത്രം മാറ്റി കണ്ണാടിയിലേക്ക് നോക്കി. പാതിയിലേറെ നരച്ച മുടിചുരുളുകള്‍. പ്രകാശം വറ്റിയ കണ്ണുകള്‍, നീണ്ടു മെലിഞ്ഞ കൈകളില്‍ വാര്‍ധിക്യത്തിന്റെ ചുളിവുകള്‍ക്കൊപ്പം എഴുന്നു നില്ക്കുന്ന ഞരമ്പുകള്‍.

ഉറങ്ങുന്നതിനു മുമ്പ്‌ ഒരിക്കല്‍ കൂടി മാഷിന്റെ മുറിയിലേക്ക് ചെന്നു. അദ്ദേഹം അതീവ സന്തോഷവാന്‍. ബില്ലുകളെല്ലാം തീര്‍ത്ത് കഴിഞ്ഞ് രാവിലെ തന്നെ പുറപ്പെടുവാനുള്ള ഏര്‍പ്പാടും ചെയ്തു കഴിഞ്ഞു. സ്നേഹപൂര്‍വ്വം  തന്ന ടെര്‍ലിന്‍ സാരി ചേര്‍ത്തു  പിടിച്ചവര്‍ മുറിയില്‍ തിരികെ വന്നു. പിറ്റേന്ന് രാവിലെ സഭാ വസ്ത്രം മാറ്റി സാരിയുടുക്കുമ്പോള്‍ ആകെ പരിഭ്രമം. ആദ്യമായി കോളേജില്‍ പോയ ദിവസം അമ്മച്ചി സാരിയുടുപ്പിച്ചത് ഓര്‍മ്മവന്നു.

മഠത്തിലെ തിരിഞ്ഞു നില്ക്കുന്ന മുഖങ്ങളോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആരും ഒരു മറു വാക്ക് പോലും പറഞ്ഞില്ല. ബാഗുമായി ഗേറ്റ് കടന്നിറങ്ങുമ്പോള്‍ പിന്നില്‍  ധൃതിയില്‍  അതിന്റെ ഓടാമ്പലിടുന്ന ശബ്ദം. ഉറച്ച കാല്‍ വെപ്പുകളോടെ ഓള്‍ഡ്എയ്ജ്‌ ഹോമിലെത്തിയ ജെസീന്തയെ കാത്തു ഡീലക്സ് റൂമിലെ കട്ടിലില്‍  മാഷിന്റെ നിശ്ചലമായ ശരീരം നീണ്ടു നിവര്‍ന്നു  കിടന്നു. സമീപത്തിരുന്ന തണുത്താറിയ ബെഡ് കോഫിയുടെ കപ്പില്‍ നിന്നും കട്ടിലിലേക്ക്  ഉറുമ്പുകളുടെ കുഞ്ഞു ജാഥ നീങ്ങുന്നുണ്ടായിരുന്നു. മഠത്തിന്റെ ഗേറ്റിന്റെ ഓടാമ്പല്‍ ശബ്ദം ഒരിക്കല്‍ കൂടി അവരുടെ ചെവിയില്‍ മുഴങ്ങി. ഉറുമ്പുകളുടെ ജാഥയില്‍ ഒരാളായി  ജെസീന്ത കട്ടിലിനരുകിലേക്ക് നീങ്ങി.