8.10.13

അജ്ഞാതമാകുന്ന സ്ഥലങ്ങള്‍

“അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

കയ്യിലിരുന്ന പുസ്തകം ഞെട്ടലോടെയടച്ചു മാളിയേക്കല്‍ വര്‍ക്കിക്കുഞ്ഞ് കട്ടിലിലേക്കിരുന്നു.  നെഞ്ചിനുള്ളില്‍ എന്തോ ഒരു പിടപ്പ്‌ പോലെ. ശ്വാസത്തിന് വേഗത കൂടിയോ..? കട്ടിലിലിരുന്നെടുക്കാവുന്ന പാകത്തില്‍ സ്റ്റാന്‍ഡിലെ കൂജയില്‍ വെള്ളമിരിപ്പുണ്ട്. അതെടുത്തു കുടിച്ചിട്ടും മനസ്സില്‍ ആ വരികള്‍ കിടന്നു തിളക്കുന്നു.

”മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യമാകുന്നു

വയലിലെ പുഷ്പം പോലെ അത് വിരിയുന്നു

 ചുടു കാറ്റടിക്കുമ്പോള്‍ അത് വാടിപ്പോകുന്നു

 അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

അജ്ഞാതമാകുകയോ...? എങ്ങനെയാണ് ഒരു സ്ഥലം അജ്ഞാതമാകുന്നത്..? കിളച്ചു മറിച്ചു പുതിയ വിത്തിടുമ്പോഴോ..? അതോ  പുതു നാമ്പുകള്‍ വളര്‍ന്നു കഴിഞ്ഞോ..? അയാള്‍ ചുറ്റുമുള്ള വസ്തുക്കളെ ആദ്യം കാണുന്നയെന്നവണ്ണം നോക്കി. ചാരുകസേര,  കണ്ണാടി പിടിപ്പിച്ച പഴയ തടിയലമാര, മൂലയ്ക്ക് കിടക്കുന്ന കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മേശ, അതിനു പുറത്ത് പേന ഉള്ളില്‍ തിരുകി വെച്ചിരിക്കുന്ന കണക്ക്‌ പുസ്തകം. ഇതെല്ലാം ഇവിടെ നിന്ന് ഇല്ലാതാകുമോ..? നിലം കിളച്ചു മറിച്ചു കഴിയുമ്പോള്‍ മേല്‍മണ്ണ് അടിയില്‍ പോകും, അടി മണ്ണ് മേല്‍മണ്ണാകും. കൃഷിയിടത്തെ മണ്ണിന് സ്വസ്ഥമായി ഒരിടം ഉണ്ടോ..? പുതു ചെടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ അതിനുമുമ്പവിടെ  എന്തുണ്ടായിരുന്നു എന്നാരന്വേഷിക്കും...?

വല്ലാത്തൊരു ഭീതി മനസ്സിലേക്ക് ചേക്കേറി. ഈ വയസ്സിലും ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു പേടി. എന്തിനാണ് ഈ രാത്രി നേരത്ത് അലമാര അടുക്കിയൊതുക്കി വെയ്‌ക്കാന്‍ പോയത്. അല്ലെങ്കില്‍ത്തന്നെ ഇമ്മാതിരി പണിക്കല്ലേ അപ്പുറത്തെ മുറിക്കുള്ളില്‍ കിടന്നുറങ്ങുന്ന ചെറുക്കന്‍ ജോസൂട്ടി. ജിമ്മിച്ചന്‍  അപ്പന് കൂട്ടായി നിര്‍ത്തിയിട്ടു പോയ ജോലിക്കാരന്‍ പയ്യന്‍ . വേണ്ടായിരുന്നു. ഒരലമാര അടുക്കലും അതിലിരുന്ന പ്രാര്‍ത്ഥന പുസ്തകത്തിലെ ഒപ്പീസ്* വായനയും ഒന്നും വേണ്ടായിരുന്നു.

എന്തിനെയാണ് താന്‍ ഭയക്കുന്നത്...? മരണത്തെയോ..? അതോ മറഞ്ഞു പോകുന്ന അവശേഷിപ്പുകളെയോ..? മരണത്തെ ഒരിക്കലും  ഭയന്നിട്ടില്ല. എപ്പോ വിളിച്ചാലും ആ വിളി കേട്ട് പോകാന്‍ ഒരുങ്ങിയിരിക്കുന്നവനാണ് ഈ വര്‍ക്കിക്കുഞ്ഞ്. മറഞ്ഞു പോകുന്ന അവശേഷിപ്പുകള്‍ . ഒന്നും ഇവിടെ കാണില്ല. എല്ലായിടത്തും പുതിയ വസ്തുക്കള്‍ , അതിനു പുതിയ അവകാശികള്‍ . ഈ മുറിയിലെ ബൈബിള്‍ സ്റ്റാന്‍ഡും ബൈബിളും ഇവിടെത്തന്നെ കാണില്ലേ..?ചാരുകസേരക്കരികില്‍ വെച്ചിരിക്കുന്ന  ഗ്രാമഫോണ്‍ പെട്ടി... എല്ലാം ഒന്നൊന്നായി മാറിപ്പോകുമോ..? കൊല്ലങ്ങള്‍ക്ക് ശേഷം റിട്ടയര്‍ ചെയ്തു ഇവിടെ താമസിക്കാന്‍  വരുന്ന ജിമ്മിച്ചനും കുടുംബത്തിനും വേണ്ടേ..? ഇത്രേം ഭംഗിയുള്ള ഈ പഴയ ഇരുനില മാളിക ഒരിക്കലും പൊളിക്കില്ല എന്നവന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അവധിക്കു വരുമ്പോഴൊക്കെ എന്തെങ്കിലും അറ്റകുറ്റപ്പണിയുണ്ടങ്കില്‍ നോക്കിക്കണ്ട് ചെയ്യിപ്പിക്കാറുമുണ്ട്.

എത്രയോ പേരുടെ മരണം കണ്ട മാളിയേക്കല്‍ത്തറവാട്. കുഞ്ഞേലമ്മായി മുതല്‍ ഒടുവില്‍ പത്തു കൊല്ലം മുമ്പ് മരിച്ച പ്രിയ മേരിപ്പെണ്ണ് വരെ. കുഞ്ഞേലമ്മായി ഒഴികെ ബാക്കി എല്ലാവരുടെയും സുഗന്ധലേപനങ്ങള്‍ പുരട്ടി  പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂക്കള്‍ കൊണ്ടു മനോഹരമായി അലങ്കരിച്ച പെട്ടിയില്‍ കിടത്തി ആര്‍ഭാട പൂര്‍വമായ ശവാടക്കായിരുന്നു.  തേങ്ങാപ്പുരയില്‍ തൂങ്ങി നിന്ന കുഞ്ഞേലമ്മായിയെ ഒരു പെട്ടി കൊണ്ടുവന്നു തൂങ്ങിക്കിടന്ന അതേ മുഷിഞ്ഞ സാരിയില്‍ അതിനുള്ളിലാക്കി.  കണ്ണോക്കോ കണ്ണുനീരോ ഇല്ലാതെ അപ്പോള്‍ കൂടിയ കുറച്ചു പേര്‍ ചേര്‍ന്ന് ആ അപമാനത്തെ പള്ളിയിലേക്ക് വേഗം ചുമന്നു കൊണ്ടുപോയി. പള്ളീലച്ചന്റെ കാലു പിടിച്ചത്‌ കൊണ്ടു തെമ്മാടിക്കുഴിയിലേക്ക് പോകാതെ സിമിത്തെരിയുടെ  മൂലക്ക് ഒരു സ്ഥലവും കിട്ടി കുഞ്ഞേലമ്മായിക്ക്. ആരും കരയാത്ത ആ വീട്ടില്‍ പേടിച്ച്  വിറച്ച്  വര്‍ക്കിക്കുഞ്ഞ് എന്ന പത്തു വയസ്സുകാരന്‍ അമ്മയുടെ അരുകില്‍  നിന്നു.

 രാത്രിയില്‍ കൂടെക്കിടന്നു  കഥ പറഞ്ഞു തന്നിരുന്ന കുഞ്ഞേലമ്മായി. എന്നും സന്ധ്യാ പ്രാര്‍ത്ഥനക്ക്‌ “കുഞ്ഞേലേ ഒരു പാട്ട് പാടടീ....” എന്ന് വല്യപ്പന്‍ പറയുമ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകളുമായി നല്ല ഈണത്തില്‍ നീട്ടിപ്പാടുന്ന കുഞ്ഞേലമ്മായി.  എന്തോ കുഴപ്പമുണ്ടെന്ന് ചേര്‍ത്തലയിലെ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പ്‌ ഉണ്ടായ ബഹളത്തില്‍ നിന്ന് മനസ്സിലായിരുന്നു. “വയറു  വീര്‍ക്കുന്നതിനു മുമ്പ്‌ അസത്തിനെ വടക്കെങ്ങാണ്ടൊരു സ്ഥലത്ത് കൊണ്ടാക്കി നാണക്കേട് ഒഴിവാക്കാം. പേറും പെറപ്പുമെല്ലാം അവര് നോക്കും. പിന്നെ ഒന്നും അന്വേഷിക്കയേ വേണ്ട. ഒരു വീതം അങ്ങ് കൊടുത്താ മതി.” എന്ന അടക്കം പറച്ചിലുകള്‍ ...  കുഞ്ഞേലമ്മായി കളി ചിരി നിര്‍ത്തി അടികൊണ്ടു തളര്‍ന്ന ശരീരവും കരഞ്ഞു വീര്‍ത്ത മുഖവുമായി പടിഞ്ഞാറെ  മുറിയിലെ ഇരുട്ടില്‍ കിടന്നു. ആരും അങ്ങോട്ട്‌ പോയതും ഇല്ല. കുഞ്ഞേലമ്മായിക്കിതെന്തു പറ്റി എന്നറിയാന്‍ ആ  മുറിയുടെ വാതില്‍  തുറക്കാന്‍ ശ്രമിച്ച വര്‍ക്കിക്കുഞ്ഞിനെ   “പോടാ അപ്രത്ത്...” എന്ന് പറഞ്ഞു അപ്പന്‍ വിരട്ടിയോടിച്ചു

മരണം കഴിഞ്ഞ പിറ്റേദിവസം അപ്പനും വെല്യപ്പനും ചേര്‍ന്ന് കുഞ്ഞേലമ്മായിയുടെ പെട്ടിയില്‍ കിടന്ന സാധനങ്ങള്‍ ഒന്നൊന്നായി പുറത്തേക്കിട്ടു. ആമ്പല്‍ വള്ളികള്‍ക്കിടെ പൂക്കള്‍ കൊത്തിയ മേലടപ്പുള്ള തടിപ്പെട്ടിയില്‍ നിന്നും വോയില്‍ സാരികള്‍ക്കും ടെര്‍ലീന്‍ സാരികള്‍ക്കും ഒപ്പം ഉണങ്ങിയ കൈതപ്പൂക്കളും ചിതറി നിലത്ത് കിടന്നു. ആര്‍ക്കും ഒന്നും കിട്ടിയില്ല. കുഞ്ഞേലമ്മായിയുടെ രഹസ്യം സിമിത്തേരിയുടെ മൂലയിലെ ആറടി മണ്ണില്‍ ഒരു കുരിശു പോലും സ്ഥാപിക്കപ്പെടാത്ത കുഴിമാടത്തിനുള്ളില്‍ മറഞ്ഞുകിടന്നു. കുര്‍ബാന ഇല്ലാത്ത സമയം നോക്കി ആരും കാണാതെ സിമിത്തേരിയില്‍ പോയി കണ്ണീരൊഴുക്കുന്ന വല്യമ്മ ഒഴികെ എല്ലാരും കുഞ്ഞേലമ്മായിയെ മറന്നതായി ഭാവിച്ചു. ആ പേര് പോലും പിന്നീടാരും ഉച്ചരിച്ചില്ല.

മേരിപ്പെണ്ണിനെ കെട്ടി ജിമ്മിച്ചനും ആലീസും ബാബുക്കുട്ടനും ഉണ്ടായതിനു ശേഷമാണ് വല്യപ്പനും വല്യയമ്മയും മരിക്കുന്നത്. എട്ടാം വയസ്സില്‍ മഞ്ഞപ്പിത്തം വന്നു മരിച്ചു പോയ ബാബുക്കുട്ടന്‍ . അവന്‍ മരിച്ച ദിവസമാണ് “കനിവില്ലാത്തവനെ...” എന്ന് ദൈവത്തെ വിളിച്ചു ദൈവനിഷേധം പറഞ്ഞ് ഉറക്കെക്കരഞ്ഞത്‌. മേരിപ്പെണ്ണ് മരിക്കുന്ന നാളുവരെ ബാബുക്കുട്ടന്റെ കാര്യം പറഞ്ഞു കരഞ്ഞു. അവനു പരീക്ഷക്ക്‌ കിട്ടിയ മാര്‍ക്കെഴുതിയ കടലാസ്‌, അവന്റെ പുസ്തകങ്ങള്‍ എല്ലാം അവള്‍ നിധി പോലെ സാരിക്കിടയില്‍ പൊതിഞ്ഞു അലമാരയില്‍ സൂക്ഷിച്ചു. അപ്പനും അമ്മയും പ്രായം ചെന്ന് മരിക്കുമ്പോള്‍ ജിമ്മിച്ചന്‍റെയും ആലീസിന്റെയും കല്യാണം കഴിഞ്ഞിരുന്നു. മേരിപ്പെണ്ണ് മരിക്കാറായപ്പോള്‍ “എന്റെ ബാബുക്കുട്ടന്റടുത്തു പോകുവാ...” എന്ന് പറഞ്ഞാണ് കണ്ണടച്ചത്.

കുഞ്ഞേലമ്മായി, വല്യപ്പന്‍ , വല്യമ്മ, ബാബുക്കുട്ടന്‍ , അപ്പന്‍ , അമ്മ, മേരിപ്പെണ്ണ്. എല്ലാവരും മാളിക വീടിന്റെ താഴത്തെ നിലയിലെ വിശാലമായ നടു മുറിയില്‍ ശവപ്പെട്ടികളില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ബാബുക്കുട്ടന്റെത് മാത്രം ഒരു കൊച്ചു പെട്ടി. ചെറിയ പെട്ടി കിട്ടാനില്ലാത്തത് കൊണ്ടു വലിയ പെട്ടി വാങ്ങി ആശാരിയെ വരുത്തി അത് ചെറുതാക്കിക്കുകയായിരുന്നു. എല്ലാവരും ചിത്രങ്ങളായി ഇപ്പോള്‍ നടു മുറിയിലെ ഭിത്തിയില്‍ . കുഞ്ഞേലമ്മായിക്ക് അവിടെയും ഇടം നിഷേധിക്കപ്പെട്ടു. ആരോ ഹൃദയത്തില്‍ നിന്ന് പറിച്ചെറിഞ്ഞു മരണത്തിലേക്ക് തള്ളി അപമാനത്തിന്‍റെ കുഴിയില്‍ അവസാനിച്ചവള്‍ക്ക് ഭിത്തിയിലെ ഒരിടം കൊണ്ട് എന്ത് നേടാന്‍..?.

നിന്നിരുന്ന സ്ഥലം വേഗം അജ്ഞാതമായത് കുഞ്ഞേലമ്മായിയുടെത് തന്നെ. മക്കളെത്ര എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരാളുടെ എണ്ണം കുറച്ചേ വല്യപ്പന്‍ പറയുമായിരുന്നുള്ളൂ. ആമ്പല്‍പ്പൂ കൊത്തി വെച്ച ആ പെട്ടി കുറെ നാള്‍ അറയിലെവിടെയോ കിടപ്പുണ്ടായിരുന്നു. വലിയ കടലാസ്‌ അതിനു മീതെ വെച്ച് പെന്‍സില്‍ കൊണ്ടു അമ്മായി അതിന്റെ ട്രെയിസ്‌ എടുത്ത്‌ വര്‍ക്കിക്കുഞ്ഞിനു കൊടുക്കുമായിരുന്നു. പിന്നീടത്  ഇളകിപ്പറിഞ്ഞു  തേങ്ങാപ്പുരയില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെയെവിടെപ്പോയി..? അതിനുള്ളിലെ കൈതപ്പൂ മണക്കുന്ന സാരികളും..? വല്യപ്പന്റെ വെള്ളികെട്ടിയ വടിയും ടക്ക്..ടക്ക് എന്നടിച്ചു നടന്നിരുന്ന മെതിയടിയും...? പറ്റാ കയറാതെ കുരുമുളക് മണികള്‍ വിതറിയിട്ടു വെച്ചിരുന്ന വല്യമ്മയുടെ കാല്‍പ്പെട്ടിയും ഇത് പോലെ തന്നെ കാണാതെ പോയോ ...? വല്യമ്മ കല്യാണം കഴിഞ്ഞു വന്ന കാലത്ത് കൊണ്ടുവന്ന ആ പെട്ടിയില്‍ സ്വര്‍ണ്ണവും തുണിയും ഇട്ടുവെക്കാന്‍ പ്രത്യേകം അറകള്‍ ഉണ്ടായിരുന്നു. അമ്മയുടെ ‘ത്രേസ്യാ’ എന്ന് കൊത്തിവെച്ച പൊക്കം കുറഞ്ഞ പെട്ടി. അമ്മാവന്‍ ഗിവര്‍ഗീസച്ചന്‍ കപ്പല്‍ കയറി റോമിലെ മാര്‍പ്പാപ്പയെ  കാണാന്‍ പോയപ്പോള്‍ കൊണ്ടുക്കൊടുത്ത  വലിയ കുരിശുള്ള ഒരു കൊന്ത അമ്മ ഭംഗിയുള്ള  ചെപ്പിനുള്ളില്‍  ആ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചു. അപ്പന്റെ മേശപ്പുറത്തെ ചുണ്ണാമ്പ് നിറച്ചു വെച്ചിരുന്ന  നൂറ്റുകുടം. മേരിപ്പെണ്ണ് അവള്‍ക്കു താന്‍ അള്‍ത്താരയില്‍ വെച്ച് തലയില്‍ ചാര്‍ത്തിയ മന്ത്രകോടി മടക്കി വെച്ചിരുന്നത് ഇപ്പോഴും ഈ കണ്ണാടി പിടിപ്പിച്ച അലമാരയില്‍ ഉണ്ടോ..?  ഇല്ല. അത് രണ്ടു കൊല്ലം മുമ്പ്‌ പാറ്റാ കരണ്ടു നശിച്ചപ്പോള്‍ എടുത്തു കളഞ്ഞിരുന്നു. പത്തു കൊല്ലം കൊണ്ട് അവളുടെ യാതൊന്നും ഈ മുറിയിലില്ലാതായോ...? അവളുടെ പഴയ സാരികള്‍ മരിച്ചു മന്ത്ര* വീടുന്ന ദിവസം ജിമ്മിച്ചന്‍റെ ഭാര്യ ഷേര്‍ളിയും ആലീസും ചേര്‍ന്ന് പണിക്കാര്‍ക്കോ മറ്റോ കൊടുത്തെന്നു തോന്നുന്നു. അതിനിടയില്‍ അവള്‍ സൂക്ഷിച്ചിരുന്ന ബാബുക്കുട്ടന്റെ മാര്‍ക്കെഴുതിയ കടലാസും പുസ്തകങ്ങളും...?

ഒന്നും ഓര്‍മ്മ കിട്ടുന്നില്ല. എല്ലാം കാണാതായോ...? പുല്‍ക്കൊടി നിന്നിരുന്ന സ്ഥലത്തെ ഓരോ അടയാളവും മാഞ്ഞു പോയിരിക്കുന്നു. അപ്പോഴാണ്‌ യഥാര്‍ത്ഥ മരണം സംഭവിക്കുന്നത്. അവസാന ശ്വാസമോ അത് വലിക്കുമ്പോഴുള്ള കഠിന വേദനയോ ഒന്നുമല്ല ദുസ്സഹം. നിന്നിരുന്ന സ്ഥലം കാണാതാവുന്നതാണ്. അന്വേഷിച്ചിട്ടും അത് കണ്ടു പിടിക്കാന്‍ വല്ലാതെ വിഷമിക്കുന്നു. ഈ ജന്മം ഒരു ചെറിയ പുല്‍ക്കൊടിയുടെതോ...? അതോ ഒരു   ചൂടു കാറ്റില്‍ കരിഞ്ഞു തീരാനുള്ള ദുര്‍ബലമായ ഒരു വയല്‍പൂവോ...?

അയാള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വ്യാകുലപ്പെട്ടു നടന്നു. ഒടുവില്‍ അടുത്ത മുറിയില്‍ ചെന്ന് ജോസൂട്ടിയെ വിളിച്ചുണര്‍ത്തി.

“എന്താ...? അപ്പച്ചാ..? എന്തെ..? പാതിരാ കഴിഞ്ഞല്ലോ ഇനീം ഒറങ്ങീല്ലേ..?”

കണ്ണ് തിരുമ്മി നില്‍ക്കുന്ന ജോസൂട്ടി.

“നീ മുറിയിലെക്കൊന്നു വാ...എനിക്ക് കുറച്ചു പറയാനുണ്ട്.”

“എന്ത് പറ്റിയപ്പച്ചാ..സുഖമില്ലാതായോ...?” മുറിയില്‍ എത്തിയ ചെറുക്കന് പരിഭ്രമം

“നീ നാളെ രാവിലെ തന്നെ ഒരെടത്തു പോകണം..”

“എവിടെ..?’

‘ആശാരി ഗോപാലന്റെ വീട്ടില്‍ . നീ ചെന്നയാളെ കൂട്ടിക്കൊണ്ടുവരണം..”

‘അത് നാളെ പറഞ്ഞാലും പോരാഞ്ഞോ..? ഇപ്പൊ പറഞ്ഞിട്ടെന്തിനാ..?”

“അത് മാത്രം പോരാ..നീ ഒരു കടലാസും പേനേം എടുത്തേ. ഉണ്ടാക്കണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എഴുതണം”

“അപ്പച്ചാ..അത് ആശാരി നാളെ വരുമ്പോ പറഞ്ഞാപ്പോരെ പോരെ..?” ജോസൂട്ടിയുടെ ശബ്ദം ഉറക്കം കൊണ്ടു കുഴഞ്ഞു.

“പോരാ...നീ എഴുത്.” അയാളുടെ ശബ്ദം കടുത്തു. ജോസൂട്ടി ഓരോന്നായി എഴുതിത്തുടങ്ങി.

ഒരു പൊക്കമുള്ള തുണിപ്പെട്ടി, മേലടപ്പില്‍ ആമ്പല്‍ പൂക്കളും ഇലകളും കൊത്തിയത്, വെള്ളി കെട്ടിയ ഒരു വടി, ഒരു ജോടി മെതിയടി, നിറയെ അറകളുള്ള ഒരു  കാല്‍പ്പെട്ടി, ത്രേസ്യാ എന്ന് കൊത്തി വെച്ച  പൊക്കം കുറഞ്ഞ ഒരു പെട്ടി.പിന്നെ കുറച്ചു പോളീഷ്. ഈ തടിയലമാരേം ഒന്ന് പുതുക്കണം”

‘എന്തിനാ അപ്പച്ചാ ഇതെല്ലാം...?  ഇപ്പൊ ആര്‍ക്കാ ഇതെല്ലാം വേണ്ടത്...?” ഉറക്കം വിട്ട ജോസൂട്ടിക്ക് അത്ഭുതം.

‘എനിക്ക്.....എനിക്ക് വേണമടാ...ഇതെല്ലാം ഈ മാളിയേക്കല്‍ വീട്ടില്‍ ജീവിച്ചിരുന്നവരുടെതാ...ഓരോരോ കാലത്ത് മരിച്ചു പോയവര്‍ . ഈ വീട്ടിലെ വായൂ ശ്വസിച്ച്, ഈ മുറ്റത്ത് നടന്നവര്‍ . അവരുടെ ശേഷിപ്പുകളും അവരോടൊപ്പം പോയി. എല്ലാം ഒന്ന് കൂടി ഒണ്ടാക്കി ഈ വീട്ടില്‍ വെക്കണം. അവര് മറഞ്ഞു പോയതു പോലെ മറയേണ്ടതല്ല അവരുടെ ശേഷിപ്പുകള്‍.. എന്റെ കാലം കഴീയണ വരേങ്കിലും ആ ശേഷിപ്പുകള്‍ ഇവിടെത്തന്നെ വേണം.

“അത് കഴിഞ്ഞാലോ..അപ്പച്ചാ..?’

ജോസൂട്ടിയുടെ നിഷ്കളങ്കമായ ചോദ്യം.

“അത് കഴിഞ്ഞ്...അത് കഴിഞ്ഞാരെങ്കിലും  സൂക്ഷിച്ചു വെക്കുമായിരിക്കും. അപ്പോ എന്റെം കൂടെ കാണും അവര്‍ക്ക് സൂക്ഷിക്കാന്‍ .” അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

‘എത്ര നാള്‍...?” അവന് സംശയം തീരുന്നില്ല...

‘അത് ..അതിനങ്ങനെ നാളില്ല...അതങ്ങനെ ഇവിടെ ഇരുന്നോളൂല്ലേ....”

“ആരിരുത്തും അപ്പച്ചാ..? ഈ പറഞ്ഞവരുടെ എന്തെങ്കിലും ആരെങ്കിലും സൂക്ഷിച്ചോ..?”

വര്‍ക്കിക്കുഞ്ഞ് കുറച്ചു നേരം ആലോചിച്ചു നിന്നു. പിന്നെ ഉത്തരം നഷ്ടപ്പെട്ട് ജോസൂട്ടിയെ ദയനീയമായി നോക്കി. ഒടുവില്‍ തളര്‍ന്നു ചാരു കസേരയിലേക്കിരുന്നു.

“ഈ അപ്പച്ചന്റെ ഒരു കിറുക്ക്. എന്‍റെ ഒറക്കോം പോയി.” അവന്‍ പിറുപിറുത്ത് കൊണ്ടു മുറിയിലേക്ക്‌ പോയി.

പിറ്റേന്ന് തറവാട് മുറ്റത്ത്‌ അലങ്കരിച്ച ശവപ്പെട്ടിയില്‍ വര്‍ക്കിക്കുഞ്ഞിന്റെ മൃതശരീരം നീണ്ടു നിവര്‍ന്നു കിടന്നു. മരണ പ്രാര്‍ഥനയുടെ അകമ്പടിയോടെ പള്ളി സിമിത്തെരിയിലേക്കുള്ള യാത്ര...

“മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യമാകുന്നു

വയലിലെ പുഷ്പം പോലെ അത് വിരിയുന്നു

 ചുടു കാറ്റടിക്കുമ്പോള്‍ അത് വാടിപ്പോകുന്നു

 അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

അഞ്ചാം ദിവസത്തെ മന്ത്ര* കഴിഞ്ഞു മടങ്ങിപ്പോകുന്ന ജിമ്മിച്ചന്‍ വീടിന്റെ താക്കോല്‍ ജോസൂട്ടിയെ ഏല്‍പ്പിച്ചു പറഞ്ഞു.
“ജോസൂട്ടി... ഞാന്‍ പഴയ ഫര്‍ണീച്ചര്‍ വാങ്ങുന്ന ആള്‍ക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവര്‍ അടുത്താഴ്ച വരും.  നീ പഴയ മരയുരുപ്പടിയെല്ലാം  എടുത്തവര്‍ക്ക് കൊടുത്തേക്കണം. നമുക്ക്‌ ഈ  വീടൊന്നു പുതുതായി ഫര്‍ണീഷ് ചെയ്യണം.”


----------------------------------------------------------------------------------------------------------

ഒപ്പീസ്--മരിച്ചവര്‍ക്ക് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന.
മന്ത്ര--മരണം കഴിഞ്ഞ് വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥന