17.11.14

ഒരു പരിണാമ സിദ്ധാന്തം: മാളുവില്‍ നിന്നും മാളുവിലേക്ക്‌

ഇളംപച്ച പളുങ്കു മുന്തിരിക്കുല തൂങ്ങിയാടുന്ന കീ ചെയിന്‍ കൊരുത്ത ‘ബെദ്‌ലേഹ’മിന്‍റെ മൂന്നാം നിലയുടെ താക്കോല്‍ ഏല്‍പ്പിച്ചു കൊണ്ടു ചാണ്ടിച്ചായാന്‍ പറഞ്ഞു.

“ഈ മൂന്നാം നില ഞങ്ങള്‍ കുടുംബമായി അവധിക്കു വരുമ്പോള്‍ താമസിക്കാന്‍ തന്നെ പണിതതാ. പക്ഷെ, ആളില്ലാതെ പൊടീം മാറാലേം പിടിച്ചു കെടക്കെണേല്‍ ഭേദം ആരെങ്കിലും താമസിക്കുന്നത് തന്നാ...”

“ഞാന്‍ സൂക്ഷിച്ചുപയോഗിച്ചു കൊള്ളാം ചാണ്ടിച്ചായാ...”

“അതെയതെ...നിനക്ക് പെണ്ണും പെടക്കൊഴീം ഇല്ലാത്തത് കൊണ്ടാ തരുന്നെ. ആദ്യത്തെ രണ്ടു നില വാടകക്കാര്‍ക്ക് നശിപ്പിക്കാന്‍ കൊടുത്തുവന്നെന്നു പറഞ്ഞു ആന്‍സമ്മ ഇപ്പോഴും എന്നെ  മെക്കിട്ടു കേറും.”

“ആന്‍സമ്മേച്ചിയോടു പറഞ്ഞേരേ, ഞാനിത് സ്വന്തം വീട് പോലെ നോക്കിക്കൊള്ളാമെന്ന്.”

“എന്നാ കേട്ടോ..ആന്‍സമ്മേട് ഞാനിപ്പോഴും പറഞ്ഞിട്ടില്ല നിനക്ക് വാടകക്ക് തരണ കാര്യം. ഒക്കെ അവിടെച്ചെന്നു സാവധാനം പറഞ്ഞു കൊള്ളാം.” ചാണ്ടിച്ചായന്‍ കണ്ണിറുക്കി ചിരിച്ചു.

“ഇല്ലന്നേ... ചാണ്ടിച്ചായന്‍ നോക്കിക്കോ. എനിക്ക് തന്നത്  നന്നായി എന്ന് ആന്‍സമ്മേച്ചിയെക്കൊണ്ട് പറേപ്പിച്ചേ ഞാനിവിടന്നു പോകുവൊള്ളൂ.”

എനിക്കാ വീടിന്റെ കാറ്റും വെളിച്ചവും അത്രക്കിഷ്ടപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെയാണ് അര്‍ക്കീസ് അമേരിക്കക്കാരന്‍ ചാണ്ടിച്ചായനോടു കുറച്ചു കെഞ്ചിയിട്ടെങ്കിലും ജോലി സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ആ വീടിന്റെ മൂന്നാം നില വാടകക്ക് ഒപ്പിച്ചെടുത്തെത്‌.  മൂന്നാം നില ഈയിടെ പുതുതായി പണി കഴിപ്പിച്ചതാണ്. ഞാനും ചാണ്ടിച്ചായനും ഒരേ നാട്ടുകാരും കുടുംബ സുഹൃത്തുക്കളുമായത് കൊണ്ട് എന്റെ അപേക്ഷ ചാണ്ടിച്ചായന് നിരസിക്കാനായില്ല. മൂന്നു ഷിഫ്റ്റ്കളില്‍ മാറി മാറി ജോലി ചെയ്യുന്ന എനിക്ക് ഓഫീസിനടുത്തൊരു വീട് അത്യാവശ്യമായിരുന്നു. പരിസരത്തെങ്ങും മൂന്ന് നിലയുള്ള വീടുകളില്ല. അത് കൊണ്ടാണീ  തെളിഞ്ഞ  വെളിച്ചവും നല്ല വായൂ സഞ്ചാരവും. ഭംഗിയായി സജ്ജീകരിച്ച് മനോഹരമായി ഫര്‍ണിഷ് ചെയ്ത ഓരോ മുറിയും കാണിച്ചു തരുമ്പോള്‍ ഇത് ഇങ്ങനെ, അങ്ങനെ ഉപയോഗിക്കണം എന്ന് വരെ ചാണ്ടിച്ചായന്‍ ക്ലാസെടുത്തു. “ഈ അവധിക്കു ആന്‍സമ്മ കൂടെയില്ലാഞ്ഞത് നിന്റെ ഭാഗ്യം” എന്ന് കൂടെക്കൂടെ പറഞ്ഞു കൊണ്ടിരുന്നു. വീടിനുള്ളില്‍ വെച്ച് തന്നെ ചാണ്ടിച്ചായന്‍ നാല് അയല്‍പ്പക്കവും കാണിച്ചു തന്നു. അവരെക്കുറിച്ചുള്ള ചെറു വിവരണവും.

വടക്കേതില്‍ രാമകൃഷ്ണനും ഭാര്യ കൊച്ചുറാണിയും, പടിഞ്ഞാറേതില്‍ സരള ടീച്ചറും രണ്ടു മക്കളും. ടീച്ചറിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍. തെക്കേതില്‍ റിട്ടയര്‍ ചെയ്ത ഇലക്ട്രിസിറ്റി എന്‍ജിനീയര്‍ സുകുമാരന്‍, ഭാര്യ, മകന്‍. കിഴക്കേതില്‍ വൃദ്ധയായ ഒരമ്മൂമ്മയും ഹോം നേഴ്സും. ഇതില്‍ കിഴക്കെതിലെ വീട് മാത്രമാണ് കുറച്ചകലത്തില്‍. മുന്നിലെ റോഡു കടക്കണം. ബാക്കിയെല്ലാം തൊട്ടടുത്ത്.

വീടുകള്‍ക്ക് മുറ്റവും പറമ്പും തീരെ കുറവ്. എന്നാല്‍ മുറ്റത്ത് നില്‍ക്കുന്നതോ തേക്കും മാവും പ്ലാവും പോലുള്ള വന്‍ മരങ്ങള്‍. ചാണ്ടിച്ചായന്റെ പറമ്പിലുമുണ്ട് മൂന്നു മാവും ഒരു പ്ലാവും. ചുറ്റും മരങ്ങളുടെ ഒരു കോട്ട തന്നെ. മൂന്നാം നിലക്ക് കൂട്ടായി നല്ല കരിംപച്ചത്തലപ്പുകളിലെ കിളികളും അണ്ണാനും. വടക്കേ വീട് മാത്രമാണ് കൂട്ടത്തില്‍ ചേര്‍ച്ചയില്ലാതെ നില്‍ക്കുന്നത്. ഓടിട്ട ഒരു പഴയ കൊച്ചു വീട്. സിമന്റ് തേയ്കാത്ത പായല്‍ പിടിച്ച മതിലും അതിനൊത്ത കെട്ടി ഭംഗിയാക്കാത്ത മുറ്റവും കിണറും.

താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും സാധങ്ങളുമായി പിറ്റേന്നു തന്നെയെത്തി, എല്ലാം അടുക്കി വെയ്ക്കുന്ന നേരം അതാ ചിലക്കുന്നു ചാണ്ടിച്ചായന്റെ അമേരിക്കന്‍ ബെല്ല്. നയാഗ്രയിലെ വെള്ളം കുതിച്ചു വീഴുന്ന ശബ്ദം എന്നാണ് ചാണ്ടിച്ചായന്‍ അതെക്കുറിച്ച് പറഞ്ഞത്.

വാതില്‍ തുറക്കുന്നതിന് മുമ്പേ പുറത്തു നിന്നും ഒരു പെണ് ശബ്ദത്തില്‍ ചോദ്യം വന്നു കഴിഞ്ഞു.

“ചാണ്ടിസാറേ...ഇതെന്തു പറ്റി...? ഇന്നലെ അമേരിക്കക്ക് പോകുമെന്ന് പറഞ്ഞിട്ട്...?”

ഓടിച്ചെന്നു ഷര്‍ട്ടിട്ട് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അമ്പരന്ന് നില്‍ക്കുന്ന യുവതി.

“ചാണ്ടിച്ചായന്‍ ഇന്നലെത്തന്നെ പോയല്ലോ. അടുത്ത വരവ് വരെ ഇത് എനിക്ക് വാടകക്ക് തന്നിരിക്കുകയാ.”

“ഉവ്വോ...? ആരും പറഞ്ഞില്ലല്ലോ...”

“പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അതായിരിക്കും.”

“എന്നാ...ശരി..” എന്ന് പറഞ്ഞു പോകാന്‍ തുടങ്ങിയ അവളോടു ആരാ...എന്താ എന്ന് തിരക്കിയപ്പോള്‍ ആളെ പിടി കിട്ടി. വടക്കേതിലെ രാമകൃഷ്ണന്റെ ഭാര്യ കൊച്ചുറാണി. ഒരു വലിയ പ്രേമ കഥയിലെ നായിക. നമ്മള്‍ പണ്ടേ പരിചയക്കാരല്ലേ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഈ പെണ്കുട്ടി ആളു ധൈര്യശാലി തന്നെ. അല്ലെങ്കില്‍  നാട്ടില്‍ നിന്നും ഒളിച്ചോടി രാമകൃഷ്ണന്‍ എന്ന  പെയിന്റര്‍ക്കൊപ്പം ഇവിടെ വന്നു താമസിക്കുമോ...?.

 “പോട്ടെ സാറേ. മാളു ഇപ്പൊ എഴുന്നേക്കും. മൂന്നാം നെലേടെ ജനല്‍ തുറന്നു കിടക്കുന്നത് കണ്ടു വന്നതാ. എന്തെങ്കിലും സഹായം വേണേ പറയണേ. ധൃതിയില്‍ നടയിറങ്ങി കൊച്ചുറാണി ഒരു കാറ്റ് പോലെ ഓടിപ്പോയി. കൊച്ചുറാണിയുടെ രാമകൃഷ്ണനെ കാണുവാന്‍ എനിക്ക് ആകാംക്ഷയായി.

എന്റെ മനോഗതം അവള്‍ മനസ്സിലാക്കിയോ എന്തോ, താഴെ നിന്നും അവള്‍ വിളിച്ചു പറഞ്ഞു. “ഞാന്‍ രാമകൃഷ്ണേട്ടനെ കൂട്ടി പിന്നെ വരാം.”

മാളു അവളുടെ കുട്ടി. ഇടക്കെപ്പോഴോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു.

താമസിയാതെ കേട്ടു കുഞ്ഞുണര്‍ന്ന കരച്ചില്‍.

“ന്റെ മാളൂട്ടി... മോള്‍ ചാച്ചിക്കോ... ഉറങ്ങുറങ്ങ്.....ഉം...ഉം...”

ഇമ്പമാര്‍ന്ന താരാട്ട് എന്റെ കിടക്ക മുറിയിലേക്ക് മൂളി മൂളി വന്നു. കൊച്ചുറാണിയുടെ ശബ്ദത്തിന് നല്ല ഈണമുണ്ട്, മുഴക്കവും. ആ കൊച്ചു വീടിനുള്ളിലെ തൊട്ടിലില്‍ മാളൂട്ടി മയക്കത്തിലേക്ക്‌ ഊളിയിടുന്നുണ്ടാകും. കണ്ണുകള്‍ പാതിയടഞ്ഞ്.. ആലോചിച്ചു കിടന്ന എന്റെ കണ്ണുകളെ നൈറ്റ് ഡ്യൂട്ടിയുടെ ക്ഷീണം മെല്ലെ തഴുകി.

സന്ധ്യക്ക് ഡ്യൂട്ടിക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാളൂട്ടിയെയും രാമകൃഷ്ണനെയും കൂട്ടി കൊച്ചുറാണി അതാ മുന്നില്‍.

“ഇപ്പൊ പണി കഴിഞ്ഞു വന്നതേയുള്ളു സാറേ. പരിചയപ്പെടാമല്ലോ എന്നോര്‍ത്ത് വന്നതാ.

നിറം മങ്ങിയ ജീന്‍സും ഷര്‍ട്ടും ഇട്ട് ഒരു വിദ്യാര്‍ത്ഥിയെന്നു തോന്നിപ്പിക്കുന്ന രാമകൃഷ്ണന്റെ കയ്യിലിരുന്ന് മാളൂട്ടി എന്നെ നോക്കി ചിരിച്ചു. കൊച്ചുറാണിയുടെ തനിപ്പകര്‍പ്പ്. ആ ഇളം നിറവും ബള്‍ബ്‌ തെളിഞ്ഞു നില്‍ക്കുന്നത് പോലെ വലിയ ഉണ്ടക്കണ്ണുകളും. ഞാനവളുടെ കവിളില്‍ ചെറുതായി തോണ്ടിയപ്പോള്‍ കാലിലെ കൊലുസുകള്‍ ഇളക്കി കരിവളയിട്ട കൈകള്‍ ആഞ്ഞ് അവള്‍ ചാടി വന്നു.

“ഞങ്ങളിവിടത്തുകാരല്ല. രണ്ടു പേരുടേം വീട് കുറച്ചു ദൂരെയാ. ഇത് വാടക വീടാ. കല്യാണം കഴിഞ്ഞതോടെ നാട്ടില്‍ നിക്കാമ്മേലാണ്ടായി. ഇവളുടെ വീട്ടുകാര്‍ സ്വൈര്യം തന്നില്ല. ഒടുവില്‍ ഇങ്ങു വന്നപ്പോഴാ സമാധാനമായി ഒന്ന് ജീവിക്കാന്‍ തുടങ്ങിയത്.“

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം സുഖമായി ഉറക്കത്തിലാണ്ടു കിടക്കുമ്പോള്‍  ഉറക്കത്തെ കീറി മുറിച്ച്ചുകൊണ്ടാ ശബ്ദം.

“ഡീ... മാളൂ.... മണിയെത്രയായീന്നാ വിചാരം..? നിനക്കിന്ന് കോളേജിപ്പോകേണ്ടേ...?”

ഇതെന്താ... കൊച്ചുറാണിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് കോളജില്‍ പോകാന്‍ തുടങ്ങിയോ...? ഉറക്കം മുറിഞ്ഞ ഈര്‍ഷ്യയില്‍ പുളിക്കുന്ന കണ്ണ് തുറന്നു കിടക്കെ ഞാന്‍ ആലോചിച്ചു.

പക്ഷെ, അത് കൊച്ചുറാണിയുടെ കുഞ്ഞിനെ താലോലിക്കുന്ന ഇമ്പമുള്ള ശബ്ദമായിരുന്നില്ല. ഇരുത്തം വന്ന ഒരു സ്ത്രീ ശബ്ദമാണ്. അത് പടിഞ്ഞാറെ ജനലില്‍ നിന്നുമാണ് വരുന്നത്. സരള ടീച്ചറുടെ മൂത്ത മകള്‍ കോളേജിലാണെന്നു കൊച്ചുറാണി പറഞ്ഞതോര്‍മ്മ വന്നു. അവളും ഒരു മാളുവോ...?

നാശം. ഉറക്കം പോയി. ഒന്ന് കണ്ണ് തുറന്നാല്‍ പിന്നെ ഉറക്കം ശരിയാവില്ല. ഇനി ഉച്ചകഴിഞ്ഞാകാം. ഞാന്‍ പതുക്കെ അടുക്കളയിലേക്ക് നടന്നു. ഒരു കാപ്പിയിട്ടു കുടിക്കണം. അടുക്കള ജനലിലൂടെ നോക്കിയപ്പോള്‍ അലക്ക് കല്ലിനരികെ ബേബീവാക്കറിലിരിക്കുകയാണ് കുഞ്ഞു മാളു. കല്ലില്‍ തുണി കുത്തിപ്പിഴിയുന്ന കൊച്ചുറാണി അവളോടോരോന്നു പറഞ്ഞ് വാക്കറിലെ പല നിറത്തിലെ പീപ്പികള്‍ അമര്‍ത്തിക്കരയിച്ചു കളിപ്പിക്കുന്നു. മാളുവിന്റെ വാക്കറിലെ പ്ലാസ്റ്റിക്‌ പൂച്ചയും കിളിയും കരഞ്ഞു. 

പിന്നീടെപ്പോഴോ മാറിക്കിടന്ന പടിഞ്ഞാറെ ജനാല വിരികളികള്‍ക്കിടയിലൂടെ തുറന്നു കിടന്ന ബാല്‍ക്കണിക്കപ്പുറം പടിഞ്ഞാറെ വീട്ടുകാരും എന്റെ കണ്‍ മുന്നില്‍ വന്നു. സ്കൂളില്‍ പഠിക്കുന്ന മനുവും അവന്റെ ചേച്ചി മാളവികയുമുള്ള സരള ടീച്ചറുടെ വീട്. പകലവിടം ശാന്തമാണ്. തഴുതിട്ട ഗേറ്റിനുള്ളില്‍ ആ വലിയ വീട് പകലുറക്കത്തില്‍ അനക്കമറ്റു കിടക്കും. പകലത്തെ ആ ശാന്തതക്ക് പകരമെന്നവണ്ണം വൈകിട്ട് അതിന് ഇരട്ടി ജീവന്‍ വെക്കും. ഗള്‍ഫിലുള്ള അച്ഛനുമായി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്ന അവരുടെ സന്ധ്യകള്‍... സ്കൂള്‍ വിട്ട് അധിക നേരം ഗ്രൗണ്ടില്‍ കളിക്കാതെ വീട്ടിലെത്തിക്കൊള്ളാമെന്ന് അച്ഛന് ഉറപ്പു കൊടുക്കുന്ന മനു, ഈ സെമസ്റ്ററിനു മാര്‍ക്ക് കുറഞ്ഞതില്‍ കുഴപ്പമില്ല അവസാനം എല്ലാം ക്ലിയര്‍ ചെയ്യാമെന്ന് അച്ഛനെ  സ്വാന്തനിപ്പിക്കുന്ന  മാളവിക, ജോലിയും വീട്ടുകാര്യങ്ങളുമായി വലയുന്നു എന്ന ആവലാതിക്കിടെ രണ്ടെണ്ണത്തിനും തീരെ അനുസരണയില്ല എന്ന പരാതിയുമായി ടീച്ചര്‍.

എല്ലാ കിടക്ക മുറിക്കും ബാല്‍ക്കണിയുള്ള ചാണ്ടിച്ചായന്റെ മൂന്നാം നിലയിലെ ഈ വീടിന്റെ ഓരോ മുറിയും ഓരോരോ വീടിന്റെ നേര്‍ കാഴ്ച്ചകളിലേക്കാണ്  കണ്‍തുറക്കുന്നത്. ഒന്നിനും  ചെവി കൊടുക്കേണ്ട കണ്‍ നീട്ടേണ്ട. എല്ലാം ഒരു നില കൂടി പൊക്കമുള്ള ഈ  വീട്ടിലേക്കു കടന്നു വരികയാണ്. എന്റെ ഏകാന്ത ജീവിതത്തിനു കൂട്ടായി.

കിഴക്കേതില്‍ക്കാരെ ഉടനെ പരിചയപ്പെടാന്‍ സാധ്യതയില്ല. സുഖമില്ലാത്ത വൃദ്ധയും ഹോം നേഴ്സും മാത്രമല്ലേ ഉള്ളൂ. അവിടെ ജനാല വിരി മാറ്റിയിട്ടു റോഡിലേക്ക് നോക്കി കിടക്കുന്ന ഒരു അവ്യക്ത രൂപത്തെ എനിക്ക് കാണാം. മുറിക്കുള്ളിലൂടെ സഞ്ചരിക്കുന്ന ഒരു യുവതിയെയും. ആ മുറിക്കുള്ളില്‍ രാവും പകലും ബള്‍ബ് പ്രകാശിക്കുന്നുണ്ടാകും. ഇടക്കിടക്ക് യുവതി കട്ടിലിലേക്ക് കുനിഞ്ഞു വൃദ്ധയെ ശുശ്രൂഷിക്കുന്നത് കാണാം. ദൂരെ ജോലി ചെയ്യുന്ന മക്കള്‍ ഞായറാഴ്ചകളില്‍ മാറി മാറി വന്നു പോകുമത്രേ. എനിക്കും ഞായറാഴ്ച തന്നെയാണ് കോട്ടയത്തെ വീട്ടില്‍ പോകേണ്ടതും.

എന്‍റെ വീടിന്റെ താഴത്തെ നിലകളിള്‍ ഓരോരോ കുടുംബങ്ങള്‍ ഉണ്ടെന്നല്ലാതെ എനിക്കവരുമായി കാര്യമായ അടുപ്പമില്ല. നട കയറി മുകളിലേക്ക് പോകുമ്പോള്‍ അവരാരെങ്കിലും കണ്‍മുന്നില്‍ വന്നാല്‍ ഒന്ന് ചിരിച്ചാലായി. സ്കൂള്‍ വിട്ടു വരുന്ന  കുട്ടികള്‍ വൈകുന്നേരങ്ങളില്‍  സൈക്കിളില്‍ കയറി ട്യൂഷനോ മറ്റോ പോകുന്നതും കാണാം. വന്നിട്ട് ഇത്രയും ദിവസമായെങ്കിലും എനിക്കെന്തേ അവരോടൊന്നു മിണ്ടണം എന്ന് പോലും തോന്നാത്തത്...? ഓരോ കുഞ്ഞു ശബ്ദവും കേള്‍പ്പിക്കുന്ന ഓരോ ചലനവും അറിയിപ്പിക്കുന്ന എന്‍റെ നാല് അയല്‍പക്കക്കാര്‍ക്കൊപ്പമാകുവാന്‍ അവര്‍ക്കൊരിക്കലും കഴിഞ്ഞില്ല.

ചില രാത്രിയികളില്‍ വീടിന്റെ ടെറസ്സില്‍ പഠിക്കാന്‍ വന്നിരിക്കുന്ന മാളവികയുടെ  മൊബൈല്‍ ഫോണിലൂടെയുള്ള അടക്കിയ കൊഞ്ചലുകള്‍, കള്ളനെ തേടി നടക്കുന്നത് പോലെ പതുങ്ങി പതുങ്ങി അത് കണ്ടു പിടിച്ചു സംഹാര രുദ്രയായ്കുന്ന സരള ടീച്ചര്‍. എല്ലാം ചെവിയില്‍ വന്നലക്കുകയാണ്. വീറോടെ തന്റെ പ്രേമത്തിന് വേണ്ടി വാദിക്കുന്ന മാളു എന്ന യുവതി. നിസ്സഹായയായി നില്‍ക്കുന്ന ഒരമ്മ, അങ്ങ് ദൂരെ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയോര്‍പ്പിക്കുമ്പോള്‍, അച്ഛന്റെയും അമ്മയുടെ പ്രേമം അക്കാലത്ത് വിലപ്പെട്ടതായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ പ്രേമത്തിന്  എങ്ങനെ വില കുറയും എന്ന് തിരിച്ചടിക്കുന്ന മകള്‍. ഈ ഭൂമിയില്‍ മതം മാറി വിവാഹം കഴിക്കാന്‍ പോകുന്ന ആദ്യത്തെ ആളുകളല്ല തങ്ങളെന്ന് പരിസരം മറന്നലറുന്ന മാളു.

“എന്റെ മാളൂ.... നീ എന്നാ ഇങ്ങനെ ആയത് ..?” എന്ന് പറഞ്ഞ് വിലപിക്കുന്ന  ആ അമ്മയുടെ തേങ്ങല്‍ കേള്‍ക്കാനാവാതെ വടക്ക് ഭാഗത്തെ കിടക്ക മുറിയില്‍ പോയി വായിക്കാനിരുന്നപ്പോള്‍ കേട്ടു “എന്തായിത്...? തുപ്പല്ലേ...മാളൂ...” എന്ന് പറഞ്ഞ് കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്ന കൊച്ചുറാണിയുടെ കൊഞ്ചല്‍. വരാന്തയിലിരുന്ന് കുട്ടിയെ കാലില്‍ കിടത്തി സ്പൂണ്‍ കൊണ്ടു ശ്രദ്ധാപൂര്‍വം ഭക്ഷണം വായില്‍ വെച്ച് കൊടുക്കുകയാണ് കൊച്ചുറാണി. കുഞ്ഞുങ്ങളുടെ ഭാഷയിലെ അവളുടെ സംസാരവും പാട്ടും കേട്ടാല്‍ കൊച്ചു കുട്ടി  മാളുവോ അതോ കൊച്ചുറാണിയോ എന്ന് സംശയം തോന്നും. കുറച്ചു നാളത്തെ താമസം കൊണ്ട്  കൊച്ചുറാണി പാടുന്ന  കൊഞ്ചല്‍ പാട്ടുകള്‍ ഞാനും പാടി തുടങ്ങിയിരിക്കുന്നു!!!!..

“ഇങ്ങു വേഗം കൊണ്ടു പോരെ രാമകൃഷ്ണെട്ടാ രാത്രി നേരാ. മോളെ പുറത്തു നിര്‍ത്തേണ്ട.”

ഭക്ഷണം കഴിച്ച് ദേഹമാകെ വൃത്തികേടായ മാളുവിനെ പൈപ്പിന്‍ ചുവട്ടില്‍ നിര്‍ത്തി വൃത്തിയാക്കുകയാണ് രാമകൃഷ്ണന്‍. ആ കുഞ്ഞിനു ചെവി കേള്‍ക്കില്ല എന്ന് രാമകൃഷ്ണന്‍ തന്നെയാണ് എന്നോടു പറഞ്ഞത്. ഉണ്ടായ മൂന്നാം മാസം പൂരത്തിന് കൊണ്ടു പോയപ്പോള്‍ ഭൂമി കുലുക്കുന്ന വെടി ശബ്ദം കേട്ട രാമകൃഷ്ണന്‍ കയ്യിലിരുന്ന മാളുവിനെ ചേര്‍ത്തടുക്കി പിടിച്ചപ്പോള്‍ പകല്‍ പോലെ കത്തുന്ന വെളിച്ചത്തെ അവള്‍ ചിരിച്ചു കൊണ്ട് നോക്കിയിരുന്നത്രേ.

അപ്പോള്‍ അവളെ ഉറക്കാനായി കൊച്ചുറാണി പാടുന്ന പാട്ടുകള്‍..? വീട്ടു ജോലിക്കിടക്ക് മാളുവേ... മാളുവേ... എന്ന വിളി. അവളോടു പറയുന്ന കൊഞ്ചലുകള്‍...? 

“എല്ലായിടത്തും കൊണ്ടു പോയി കാണിച്ചതാ. അറിവായാല്‍ പിന്നെ ഞങ്ങള്‍ക്കവളോടു ഇങ്ങനെ സംസാരിക്കാനാവില്ലല്ലോ. ജീവിതത്തില്‍ അവളോട് സംസാരിക്കാനുള്ളത് മുഴുവനും തിരിച്ചറിവിന് മുന്‍പേ ഞങ്ങള്‍ക്ക്‌ സംസാരിച്ചു തീര്‍ക്കണം. ഇവളല്ലാതെ ഞങ്ങള്‍ക്കിനി വേറെ കുഞ്ഞുങ്ങളും  വേണ്ട. എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ മുന്നില്‍ അവള്‍ ഒറ്റപ്പെട്ടു പോകില്ലേ. “

അയാളുടെ സംസാരം എന്നെ ഊമയാക്കി.

തെക്കേ വീട്ടുകാരുമായി എനിക്ക് ആദ്യം യാതൊരു മാനസിക അടുപ്പവും തോന്നിയിരുന്നില്ല. അവിടത്തെ ആ റിട്ടയേര്‍ഡ്‌ എന്ജീനീയരും ഭാര്യയും വല്ലാത്ത മനുഷ്യര്‍ തന്നെ. ആ വീട്ടില്‍ ഒച്ചയും അനക്കവും നന്നേ കുറവ്. ഭാര്യ എപ്പോഴും സ്വീകരണ മുറിയിലെ ടിവി സീരിയലിനകത്തു തന്നെ. പൂമുഖത്ത് വായിച്ചിരിക്കുന്ന എന്ജീനീയറുടെ മാളുവേ... എന്ന വിളി ഇടക്കിടക്ക് കേള്‍ക്കാറുണ്ട്. ആ സ്ത്രീയും ഒരു മാളുവോ..? അതോ മാളവികയോ..? അവര്‍ ആരായാലും എനിക്കൊന്നുമില്ല. ഒരു പൊരുത്തവും ഇല്ലാത്ത ദമ്പതികള്‍. ആ സ്ത്രീ ഭര്‍ത്താവിനോട് സംസാരിക്കുന്നതോ ധാര്‍ഷ്ട്യത്തിന്റെ ശബ്ദത്തില്‍. ശാസനയുടെ ശബ്ദം മാത്രം കേള്‍ക്കുന്ന തെക്ക് ഭാഗത്തെ ആ കിടക്ക മുറി ഞാന്‍ ഉപയോഗിക്കാറേ ഉണ്ടായിരുന്നില്ല. അച്ഛനോടും മകനോടുമുള്ള ആ സ്ത്രീയുടെ കലമ്പല്‍ കേള്‍ക്കേണ്ടല്ലോ. അവര്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിച്ചു കാണുമോ...? ആ വീട്ടിലെ ഓരോ ശബ്ദവും ഓരോ ചലനവും എന്നെ അസ്വസ്തനാക്കിയിരുന്നു. എങ്കിലും അവിടത്തെ ഓരോ കാര്യവും എനിക്കറിയാം. മുറ്റത്ത് കഴുകി വിരിച്ചിടുന്ന തുണികളില്‍ അച്ഛന്റെ ഷര്‍ട്ടേത് മകന്റെതേത് എന്നെനിക്ക് കൃത്യമായി അറിയാം. ഗൃഹനാഥയുടെ ഇഷ്ട നിറമറിയാം. ജോലി കഴിഞ്ഞു വരുന്ന അവരുടെ മകന്‍ കമ്പ്യൂട്ടറിന്റെ ലോകത്താണെന്നു തോന്നുന്നു. അവന്‍റെ മുറിയില്‍ നിന്നും എപ്പോഴും പാട്ടുകള്‍ കേള്‍ക്കാം, അവനിഷ്ടമുള്ള പാശ്ചാത്യ സംഗീതവും, അപൂര്‍വമായി അവിടെ നിന്നൊഴുകുന്ന ഗസലുകളും. സംഗീതത്തില്‍ തീരെ താത്പര്യമില്ലാതിരുന്ന ഞാന്‍ ഈയിടെയായി ആ പാട്ടുകളുടെ വരികളും താളങ്ങളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു!!!.

കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും മാത്രമല്ല ഗന്ധത്തിലൂടെയും എനിക്ക് ഓരോ വീടിനെയും തിരിച്ചറിയാം. കരിവേപ്പിലയും കുരുമുളകും അരച്ച് മീന്‍ പൊരിക്കുന്ന സുഗന്ധം ഉച്ച നേരങ്ങളില്‍ കൊച്ചുറാണിയുടെ അടുക്കളയില്‍ നിന്നും വന്നെന്നെ കൊതിപ്പിക്കും. സരള ടീച്ചറുടെ അടുക്കളില്‍ നോണ്‍ മണമില്ല. രാവിലെ അവരുടെ അടുക്കളില്‍ വേകുന്ന സാമ്പാറിന് കടുക് വറുക്കുമ്പോഴും നെയ്യില്‍ ദോശ മൊരിയുമ്പോഴും മേശപ്പുറത്തിരിക്കുന്ന ബ്രെഡിനെയും ജാമിനെയും ഞാന്‍ വെറുപ്പോടെ നോക്കും. രാത്രിയില്‍ തട്ടുകടയില്‍ നിന്നും വാങ്ങിയ പാഴ്സല്‍ അഴിക്കുമ്പോള്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നും ചപ്പാത്തി തീയില്‍ പൊള്ളി കുമിളക്കുന്ന സുഗന്ധം എന്റെ മൂക്കില്‍ അടിച്ചു കയറും. ഈ ഗന്ധങ്ങളുടെ ആരാധകനായി അടുക്കളയില്‍ ഞാന്‍ നടത്തിയ പാചക പരീക്ഷണങ്ങള്‍ വിവധ ഭൂഖണ്ഡങ്ങളുടെ ആകൃതിയിലുള്ള  ചപ്പാത്തികളും, കരിഞ്ഞ പാത്രങ്ങളും, കഴിക്കാന്‍ രുചിയില്ലാത്ത കറികളുമായി അവസാനിച്ചു.

കിഴക്കേ വീട്ടിലെ കിടപ്പിലായ അമ്മൂമ്മ എന്നെക്കുറിച്ചു ഒരിക്കല്‍ രാമകൃഷ്ണനോട്‌ ചോദിച്ചത്രേ. ജനാലയിലൂടെ കാണുന്ന മൂന്നാം നിലയിലെ പുതിയ താമസക്കാരനെ ഒന്ന് കാണണമെന്ന്.

“മാളുവമ്മേ...ഇതാ ചാണ്ടി സാറിന്റെ മൂന്നാം നിലയിലെ പുതിയ താമസക്കാരന്‍...” രാമകൃഷ്ണന്‍ പരിചയപ്പെടുത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഇതെത്ര മാളുമാരാണ് എനിക്ക് ചുറ്റും...?

അഞ്ചു മക്കളുണ്ടെങ്കിലും ഹോം നേഴ്സിന്റെ പരിചരണത്തില്‍ സന്തോഷവതിയായി കിടക്കുന്ന എണ്പതുകാരി മാളുവമ്മ. തളര്‍ന്നു കിടക്കുന്ന വൃദ്ധക്ക് ഓര്‍മ്മക്കോ സംസാര ശേഷിക്കോ കുഴപ്പമില്ല.

“മക്കളെല്ലാരും ഓരോരോ സ്ഥലത്താ. ഞാനിങ്ങനെ കിടപ്പായെന്നും വെച്ചു ജോലി കളഞ്ഞു അവര്‍ക്ക് എനിക്ക് ചുറ്റും കാവല് നില്‍ക്കാന്‍ പറ്റ്വോ...? അവരിവിട വന്നു നോക്കിയാലും ഇല്ലേലും ഞാന്‍ മരിക്കാനുള്ള നേരത്ത് മരിക്കും. ഇവിടിപ്പോള്‍ എനിക്കെന്താ ഒരു കുറവ്...? ഇവളുണ്ടല്ലോ. അത് പോരെ..?”

ക്ഷീണിച്ചു കിതക്കുന്ന സ്വരം. പരാതിയുടെ ഒരു ലാഞ്ചന പോലും ആ ശബ്ദത്തിലില്ല.

“ഒക്കെ നിങ്ങളെ കാണിക്കാനാ. പാവം. എനിക്കാരും ഇല്ലേ... എന്ന് പറഞ്ഞ് മിക്ക ദിവസോം ഒറങ്ങാതെ കരച്ചില്‍ തന്നെ കരച്ചില്‍. എന്നാ മക്കള്‍ വരുമ്പോഴോ,  ഒരു പരാതീം ഇല്ല. അവരുടെ ഭാര്യമാര്‍ക്ക് ജോലിയൊന്നും ഇല്ലന്നേ. ഈ പാവത്തിനെ  കൊണ്ടു പോയി അവര്‍ക്ക് നോക്കാവുന്നതേയുള്ളു. പക്ഷെ അവരടിപ്പിക്കില്ല.  അല്ലേലും വയസ്സായവരെ ആര്‍ക്കു വേണം...? ഞാനിതെത്ര കണ്ടതാ.”

തിരികെ പോരാന്‍ നേരം ഹോം നേഴ്സിന്‍റെ അടക്കം പറച്ചില്‍.

“ഈ ദീര്‍ഘായുസ്സ്‌ എന്ന് പറയുന്നത് ഒരു ശിക്ഷ തന്നാ. അല്ലെ സാറേ. അവസാന നാളുകള്‍ ഭൂമിയിലാര്‍ക്കും വേണ്ടാതെ കിടന്നിങ്ങനെ നരകിക്കാനായിട്ട്.”

രാമകൃഷ്ണന്‍ പറഞ്ഞതിന് എനിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു. ആരായിരിക്കും മാളുവമ്മയെ ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നനുഗ്രച്ച് ശിക്ഷിച്ചത് ...?

നാല് മാളുമാരുടെ ഇടയില്‍ മൂന്നാം നിലയിലെ എന്റെ വീട്. ഇങ്ങനെ ഒരു വീട് എവിടെയെങ്കിലും കാണുമോ...? ഓരോ ദിക്കിലും ഓരോ മാളുമാര്‍!! ഒന്നാം മാളുവില്‍ നിന്നും നാലാം മാളുവിലേക്കുള്ള സംക്രമത്തില്‍ സംഭവിക്കുന്ന വിചിത്രമായ മാറ്റങ്ങള്‍!!! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്..? ആരാണ് ഈ മാറ്റമുണ്ടാക്കുന്നത്..? കാലമോ..? അതോ ലോകമോ...?. തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലേക്കുള്ള പരിണാമത്തിന്റെ പരമ ദയനീയത. അപ്പോള്‍ ഒരു ജീവന്‍ തുടങ്ങുന്നത് ഇങ്ങനെ അവസാനിക്കാനോ...? ഒന്നിനും ഒരു ശരിയുത്തരമില്ലേ....? ആരാണ് ഒരു  ശരി ഉത്തരം തരിക....? ആര്‍ തന്നാലും അത് തെറ്റാകാനാണ് സാധ്യത. എല്ലാ ശരികളും ഒടുവില്‍ തെറ്റായി തീരുകയാണ്.

ചാണ്ടിച്ചായന്റെ വീട്ടിലെ പതുപതുത്ത മെത്തയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ സുഷുപ്തിയില്‍ ഞാന്‍ ആവുന്നത്ര ചുരുണ്ടു കിടന്നു. കൈ ചുരുട്ടി കാല്‍മുട്ട് മുഖത്തോടടുപ്പിച്ച്. അമ്നിയോട്ടിക്ക് ദ്രവത്തിന്റെ ഇളം ചൂട് വന്നെന്നെ പൊതിയുന്നതും കാത്ത് ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

ഇരുട്ട്... സര്‍വത്ര ഇരുട്ട്.... അഞ്ചു കുഞ്ഞുങ്ങള്‍ നീന്തിത്തുടിച്ച ഗര്‍ഭ പാത്രത്തിന്റെ ഉടമയായ മാളുവമ്മയുടെ വികൃതമായ ചിരി. അത് ആ കൊഴുത്ത ഇരുട്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് എന്റെ ചെവില്‍ വന്നലച്ചു കൊണ്ടിരുന്നു.

(കാക്ക മാഗസിന്‍ ഒക്ടോ. ലക്കം)
 (ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

39 comments:

  1. കഥ വായിച്ചു.ഇഷ്ടപ്പെട്ടു.
    ജീവിതത്തിന്റെ നേര്‍കാഴ്‌ചയാണ് "ബെദ് ലേഹമി"ന്‍റെ മൂന്നാംനിലയിലുള്ള താമസത്തില്‍കൂടി കാണിച്ചുതന്നത്.............
    ആശംസകള്‍

    ReplyDelete
  2. നന്നായിരിക്കുന്നു, ആശംസകൾ .

    ReplyDelete
  3. അഭിനന്ദനങ്ങൾ ചാണ്ടിച്ചായന്: കറക്റ്റ് ലൊക്കേഷനിൽ കൊണ്ടോയി മൂന്ന് നിലയിൽ വീട് പണിതതിന് ;) ശരിക്കും അങനെയൊരു വീടും അയൽ‌പക്കങളും വായനയിൽ തെളിഞ്ഞു വരുന്നുണ്ട്. അവിടെ നിന്നുകൊണ്ട് നോക്കുമ്പോൾ കഥാകാരി പറഞ്ഞതിനപ്പുറവും എന്തൊക്കെയൊ ഒരു നേർക്കാഴ്ച പോലെ.

    അഭിനന്ദനങ്ങൾ ഗൂഗിളിൽ നിന്ന് തപ്പിയെടുത്ത ചിത്രങ്ങൾ കൃത്യമായി യോജിപ്പിച്ചത് ആരായാലും. ഒരു പരിണാമ സിദ്ധാന്തം എന്ന തലക്കെട്ടും ആ ചിത്രങ്ങളും പറയുന്നുണ്ട് കഥ.

    അഭിനന്ദനങൾ, ആശംസകൾ....... എഴുത്തുകാരിക്ക്.

    ReplyDelete
  4. എല്ലാ ശരികളും ഒടുവില്‍ തെറ്റായി തീരുകയാണ്, തെറ്റുകള്‍ ശരികളും.

    ReplyDelete
  5. "എല്ലാ ശരികളും
    ഒടുവില് തെറ്റായി തീരുകയാണ്."

    കഥ വായിച്ചു ഇഷ്ടപ്പെട്ടു.
    ആശംസകൾ

    ReplyDelete
  6. മാളുവില്‍ നിന്നും മാളുവിലേക്കുള്ള പരിണാമം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.....
    നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ വളരെയധികം വിലപ്പെട്ടതാണ്... എന്നാല്‍ വളരും തോറും വില കുറഞ്ഞു കുറഞ്ഞ് ചിലപ്പോള്‍ അവസാനം തീരെ വിലയില്ലാതെയുമായിപ്പോകുന്നു... എന്തുകൊണ്ടാണിങ്ങനെ????
    (ഊമയാക്കി എന്നല്ലേ ചേച്ചീ...)

    ReplyDelete
  7. Maluvil ninnu maluammayilekula kathayude valarcha nannayirunnu. 4um 1um 5 veedinte cheriya vattathil jeevitha chakrathinte valiya kaaryam paranju vekan kazhinjirikunu.
    Anbhinandhanangal

    Ettavum ishtapetta bhagangal
    1)എല്ലായിടത്തും കൊണ്ടു പോയി കാണിച്ചതാ. അറിവായാല്‍ പിന്നെ ഞങ്ങള്‍ക്കവളോടു ഇങ്ങനെ സംസാരിക്കാനാവില്ലല്ലോ. ജീവിതത്തില്‍ അവളോട് സംസാരിക്കാനുള്ളത് മുഴുവനും തിരിച്ചറിവിന് മുന്‍പേ ഞങ്ങള്‍ക്ക്‌ സംസാരിച്ചു തീര്‍ക്കണം. ഇവളല്ലാതെ ഞങ്ങള്‍ക്കിനി വേറെ കുഞ്ഞുങ്ങളും വേണ്ട. എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ മുന്നില്‍ അവള്‍ ഒറ്റപ്പെട്ടു പോകില്ലേ

    2) ഈ ദീര്‍ഘായുസ്സ്‌ എന്ന് പറയുന്നത് ഒരു ശിക്ഷ തന്നാ. അല്ലെ സാറേ. അവസാന നാളുകള്‍ ഭൂമിയിലാര്‍ക്കും വേണ്ടാതെ കിടന്നിങ്ങനെ നരകിക്കാനായിട്ട്.

    ReplyDelete
  8. കഥ നന്ന് കേട്ടോ റോസാപ്പൂവേ...

    ReplyDelete
  9. ഫ്ലാറ്റ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകളിലൂടെ നമ്മുടെ ചുറ്റും നീരാളിപോലെ പടരുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ വളരെ നന്നായി റോസിലി പറഞ്ഞു എന്നത് സന്തോഷം തരുന്നു ...ആനുകാലിക രചനകളില്‍ കാണുന്ന എഴുത്തിന്‍റെ തീവ്രത വാക്കുകളിലും വരികളിലും സൃഷ്ട്ടിക്കാന്‍ കഴിവുള്ള എഴുത്തുകാരി എന്ന നിലയില്‍ വേറിട്ട വിഷയങ്ങളില്‍ കൂടി തൂലിക ചലിക്കട്ടെ എന്നാശംസിക്കുന്നു ...

    ReplyDelete
  10. ഫ്ലാറ്റായി പോകുന്ന ഫ്ലാറ്റ്
    ജീവിതങ്ങളുടെ ഒരു പരിണാമ സിദ്ധാന്തം

    ReplyDelete
  11. കഥയല്ലിത്........... ജീവിതം.

    ReplyDelete
  12. ഈ ദീർഘായുസ്സ് ഇന്ന് പലർക്കുമൊരു ശിക്ഷ തന്നെയാണ്...! മാളുവിൽ നിന്നും മാളുവമ്മയിലേക്കെത്തിയ പരിണാമം നന്നായി വരച്ചു കാട്ടിയ കഥ ഇഷ്ടമായി റോസാപ്പൂവേ ....

    ReplyDelete
  13. റോസാപ്പൂക്കളുടെ മാളുമാരുടെ ജീവിത കഥകള്‍ നന്നായിട്ടുണ്ട്. പിന്നെ ആണുങ്ങളെ "ഊമനാക്കണ്ട" കേട്ടോ.

    ReplyDelete
    Replies
    1. 'ഊമനെ' തിരുത്തി വെട്ടത്താന്‍ ചേട്ടാ,ഋതു

      Delete
  14. കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  15. മാളുമാര്‍ പരിണമിച്ച് പരിണമിച്ച് നല്ലൊരു കഥയായിത്തീര്‍ന്നു

    ReplyDelete
  16. ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്നെയാകുന്നു ഈ ജീവിതം...!

    കഥ വളരെ ഇഷ്ടമായി ...

    നോട്ടങ്ങളിൽ, കാഴ്ചകളിൽ വേദനകളില്ലാത്ത ഒരു ജീവിതം കാണുക
    അസാധ്യം ...

    "നഗാഗ്ര" വെള്ളച്ചാട്ടം

    രാമാ കൃഷനെ കാണുവാൻ എനിക്ക് "ആകാംഷയായി"

    ഈ രണ്ടിടങ്ങളിൽ തിരുത്തുണ്ട്...

    ആശംസകൾ റോസിലി ചേച്ചീ.....

    ReplyDelete
  17. കഥ വായിച്ചു. നല്ലൊരു കഥ,
    ആശംസകള്‍,,,,

    ReplyDelete
  18. ജാലക കാഴ്ചകളിലൂടെ പറഞ്ഞ കഥ നന്നായിരിക്കുന്നു......അഭിനന്ദനങ്ങള്‍

    ReplyDelete
  19. തുടക്കത്തിൽനിന്നും ഒടുക്കം വരേയ്ക്കുമുള്ള ദയനീയ പരിണാമങ്ങൾ തന്നെ..
    ചുറ്റുവട്ടത്തുനിന്നും പറിച്ചെടുത്ത്‌ നട്ട കഥാപാത്രങ്ങൾ വായനയുടെ ഉടാനീളം മിഴിവേകി..
    ജീവനുള്ള കഥാപാത്രങ്ങൾ സൗരഭ്യം ഞങ്ങളിൽ എത്തുമാറു ഈ റോസാച്ചെടിയിലിനിയും വിരിയട്ടെ..
    ആശംസകൾ..സ്നേഹം

    ReplyDelete
  20. കഥ നന്നായി... ഇഷ്ടവുമായി.... ആശംസകള്‍ റോസിലി

    ReplyDelete
  21. മനോഹരമായ കഥ. ലോകത്തിൻറെ പരിശ്ചേദം ഭംഗിയായി വരച്ചു കാട്ടിയിരിയ്ക്കുന്നു.ഒതുക്കമുള്ള എഴുത്ത്. വളരെ നല്ല കഥ. അഭിനന്ദനങ്ങൾ റോസിലി.

    ReplyDelete
  22. കഥ വായിച്ചു. ഇതിനു മുൻപ് ഞാൻ വായിച്ചിട്ടുള്ള റോസിലി കഥകളിൽ നിന്നും വ്യത്യസ്തം! ഇഷ്ടപ്പെട്ടു.മാളുമാരുടെ ഇടയിലെ ജീവിതം.

    ReplyDelete
  23. അതിമനോഹരം

    ReplyDelete
  24. കഥ നന്നയിട്ടുണ്ട്! ആശംസകൾ

    ReplyDelete
  25. ജീവിതം വായിച്ചതുപോലെ .....

    ReplyDelete

  26. വളരെ വൈകി വന്ന ഒരു വായനക്കാരി. എങ്ങനെയോ കയറി വന്നു. ഇഷ്ടമായി ഈ കഥ. ആശംസകൾ .

    ReplyDelete
  27. “ഡീ... മാളൂ.... മണിയെത്രയായീന്നാ വിചാരം..? നിനക്കിന്ന് കോളേജിപ്പോകേണ്ടേ...?” ഇവടെ എത്തിയപ്പോൾ കഥയുടെ കിടപ്പ് മനസിലായി.. ആദ്യം തന്നെ ചുറ്റുവട്ടത്ത് നാല് വീടുകൾ ഉണ്ടെന്നും അവിടെ ആരൊക്കെയാണ് താമസക്കാർ എന്നും വ്യക്തമായി പറഞ്ഞിരുന്നില്ലെങ്കിൽ കുറച്ചു കൂടി ആകാംക്ഷയുണ്ടാക്കിയേനെ എന്ന് തോന്നി.. നല്ല ആശയം.. എല്ലാം ഒരു ചലച്ചിത്രം കാണുന്ന പോലെ കണ്ടു.. ആശംസകൾ ചേച്ചി..

    ReplyDelete
  28. മനുഷ്യർ പല വിധം അല്ലെ റോസി ചേച്ചീ!!!!
    ഒരു പേരിൽ എന്തിരിക്കുന്നു

    ReplyDelete
  29. പ്രായത്തിന്റെ കമ്പുകള്‍ ചവിട്ടി ഒരു മുല്ല വള്ളി പോലെ പടര്‍ന്ന്‍ കയറുകയാണ് ജീവിതം. ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ കാലം ഒരുക്കി വെച്ച കുറെ ഇടനിലങ്ങള്‍....! അഷ്ട ദിക്കുകളിലും ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍...!

    മൂന്നാം നിലയിലെ സുരക്ഷിതത്വത്തില്‍ നിന്നും അപരന്റെ ജീവനകുതൂഹലങ്ങളിലേക്ക് എത്തി നോക്കുന്ന ഞാന്‍ എന്ന പ്രേക്ഷകനും, സ്വയം സജ്ജമായ ആയിരം ഒളിക്കണ്ണുകളുടെ നിരീക്ഷണപരിധിയിലാണ് എന്ന വസ്തുത കൂടി 'പരിണാമ സിദ്ധാന്തം' മുന്നോട്ട് വെയ്ക്കുന്നുണ്ട്.

    നന്നായി എഴുതി., ആശംസകള്‍..!!!

    ReplyDelete
  30. സമൂഹത്തിന്റെ ഒരു പതിപ്പ്.

    ReplyDelete
  31. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചകള്‍ .അസുഖമായി കിടക്കുന്ന അമ്മയും കൊച്ചു മാളുവും മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി .ആശംസകള്‍

    ReplyDelete
  32. അതീവ സുഗന്ധമുള്ള ഒരു റോസാപ്പൂവ്

    ReplyDelete
  33. വായന വൈകി. വാര്‍ദ്ധക്യം വല്ലാത്തൊരു അവസ്ഥയാണ്. അവസാനത്തെ കുറച്ചു വരികളില്‍ വാര്‍ദ്ധക്യവിഹ്വലതകള്‍ കൃത്യമായ്‌ വരച്ചിട്ടിരിക്കുന്നു. ആ ഭാഗമാണ് കൂടുതല്‍ ഇഷ്ട്ടമായത്. കൊച്ചു മാളുവില്‍ നിന്നും വൃദ്ധയായ മാളുവിലേക്ക് മൂന്നാം നിലയിലെ എന്റെ ജാലകക്കാഴ്ചയെത്തുമ്പോള്‍ വൈവിധ്യമാര്‍ന്ന ചില ജീവിതചിത്രങ്ങള്‍ അതിന്റെ തനത് നിറം മായാതെ മനസ്സില്‍ ശേഷിക്കുന്നു എന്നതാണ് ഈ കഥയുടെ ഹൈലൈറ്റ്. ആശംസകള്‍ റോസിലിജി

    ReplyDelete
  34. വായിച്ചിരുന്നൂ ... കമന്റിട്ടതുമായിരുന്നൂ,,,കാണാനില്ലാ........ നല്ല കഥ.... നിസഹായതയുടെ ലോകം ... കൊച്ചു മാളുവിന്റേയും, മാളുവമ്മയുടേയും ജീവിതം വല്ലാതെ സ്പർശിച്ചൂ...ആശംസകൾ

    ReplyDelete
  35. മനോഹരമായിട്ടുണ്ട് ഈ കഥ...

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍