ലെൻസ്
*********
കുറ്റിച്ചെടികളായി വെട്ടി നിര്‍ത്തിയ കറിവേപ്പ് തോട്ടത്തില്‍ ശ്വാസം അടക്കി പതുങ്ങി ഇരിക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായി. പൂവനും പിടയുമായി മയിലുകളുടെ ഒരു കൂട്ടം തന്നെയുണ്ട് വയലില്‍. വെറുതെയായല്ലോ ഈ ഇരിപ്പെന്ന് കരുതുമ്പോഴാണ് അതിലൊരു സുന്ദരന്‍ പാടവരമ്പില്‍ നിന്ന്‍ ഒറ്റക്കുടച്ചിലില്‍ പീലി വിടർത്തി, അഴക് കാട്ടിയത്. ഇളവെയിലിൽ അവന്റെ പീലിച്ചന്തം. അവന്‍ നൃത്തം ചെയ്യുവാനുള്ള പുറപ്പാടാണ്. ഞാൻ സന്തോഷത്തോടെ ലെൻസ് സൂം ചെയ്ത് ക്ലിക്ക് ചെയ്യാനൊരുങ്ങി. ഒരൊറ്റ നിമിഷം…. നരകത്തിൽ നിന്നെന്നപോലെ ആ കിഴവൻ, പാണ്ടുരംഗയുടെ അപ്പ അവിടെ ഓടിയെത്തിക്കഴിഞ്ഞു. കലി തുള്ളിയ അയാൾ അവരെ ക്ഷണ നേരം കൊണ്ട് കുറ്റിക്കാട്ടിലേക്ക് പായിച്ചു. ആ വര്‍ണ്ണ പ്രപഞ്ചം കണ്മുന്നില്‍ നിന്നും മാഞ്ഞു. ഇപ്പോള്‍ ലെന്‍സിനു മുന്നില്‍ അരിശത്തില്‍ പിറുപിറുക്കുന്ന വൃദ്ധന്റെ ഉണങ്ങിയ മുഖം. തണുപ്പ് കുറേശ്ശെ ആരംഭിച്ചത് കൊണ്ട് ചുണ്ടിലും കുറ്റിത്താടിക്കിടയിലും മൊരി പിടിച്ചിരിക്കുന്നത് നിക്കോണിന്റെ ശക്തിയേറിയ ലെന്‍സില്‍ കൂടി വ്യക്തമായി കാണാം.
“നാശം..”
ഞാന്‍ തലക്കടിച്ചു പോയി. കിളവന് വരാന്‍ കണ്ട നേരം. എത്ര ദിവസം കാത്തിരുന്നിട്ടാണ് ഈ മയിലുകളെ ഒന്നടുത്തു കിട്ടിയത്. മനുഷ്യന്റെ അനക്കം കേട്ടാല്‍ പായുന്ന കൂട്ടര്‍. കുറ്റിക്കാട്ടില്‍ നിന്നുള്ള അവയുടെ വലിയ ശബ്ദമാണ് മിക്കവാറും കേള്‍ക്കാറുള്ളത്. രാവിലെ ചിലപ്പോഴൊക്കെ മയിലുകള്‍ അവിടവിടെ ചുറ്റിത്തിരിയുന്നത് കാണാം. അപ്പോഴൊന്നും ക്യാമറ കയ്യില്‍ കാണില്ല. എന്നാല്‍ ക്യാമറ ബാഗും തൂക്കി ഇറങ്ങിയാലോ മയിലുകളും കാണില്ല. ഇന്നിപ്പോള്‍….ഈ വയസ്സന്‍, എന്റെ പാല്‍ക്കാരന്‍ പാണ്ടുരംഗ റെഡ്ഡിയുടെ അപ്പ..
നിരാശയോടെ മാന്തോട്ടത്തിന്റെ അതിരിലേക്ക് നടന്നു. മന്തോട്ടത്തിന് കടലാസ് ചെടികളാണ് അതിര്. അധികം ഉയരമില്ലാതെ ചുവപ്പും വെളുപ്പും കടലാസ് പൂക്കൾ പടർന്ന് കിടക്കുന്ന മനോഹര കാഴ്ച. റോഡിൽ ചിതറിക്കിടക്കുന്ന ഉണക്കപ്പൂക്കൾ, കാട്ടുമരങ്ങളിൽ തൂങ്ങിയാടുന്ന ആറ്റക്കൂടുകൾ. കൂട്ടില്‍ നിന്നും പുറത്തേക്ക് നീട്ടുന്ന കുഞ്ഞാറ്റത്തലകളെ ക്യമാറക്കുള്ളിലാക്കിയപ്പോള്‍ അല്പം സമാധാനം. അല്ലെങ്കില്‍ ഇന്നത്തെ ദിവസം മുഴുവനും വയസ്സനോടുള്ള കലിയുമായി നടക്കേണ്ടി വന്നേനെ. ആറ്റക്കൂടുകൾക്ക് ഉണങ്ങാത്ത നെല്ലോലപ്പച്ച നിറം. കിളവനെ പറ്റിച്ച് നെല്ലോല നാര് കൊണ്ട് കൂടു കെട്ടിയ മിടുക്കര്‍ ആറ്റകള്‍. ക്യാമറ സഞ്ചിയിലാക്കി കലുങ്കിലിരിക്കുമ്പോള്‍ ചേറു മണവുമായി അയാൾ അടുത്തെത്തി. ഉടുത്തിരിക്കുന്ന പാളത്താറിനും അയാൾക്കും ഒരേ ചേറുനിറം.
“മീരു ബാഗുന്നാരാ…?”
എനിക്ക് സുഖമാണോ എന്നന്വേഷിച്ചിട്ടു ഇയാള്‍ക്കെന്ത് കിട്ടാന്‍...നല്ല അരിശം വന്നു. ഒന്നും മിണ്ടിയില്ല.
“ഞാന്‍ മയിലുകളെ ഓടിച്ചു വിട്ടത് ഇഷ്ടപ്പെട്ടില്ല..അല്ലെ..”
“എന്ന് ഞാന്‍ പറഞ്ഞോ..?”
“പറയണ്ടല്ലോ..കണ്ടാല്‍ മതിയല്ലോ.. ഫോട്ടോ പിടിക്കാന്‍ പതുങ്ങി നിന്നത് ഞാന്‍ കണ്ടതല്ലേ.”
അപ്പോള്‍ വയസ്സന്‍ മന:പൂര്‍വ്വം കളിയാക്കാന്‍ തന്നെയാണ്.
“ഇത് പാണ്ടുരംഗ എത്ര രൂപ പാട്ടത്തിനു എടുത്തതാണെന്നറിയാമോ..? അവന്‍ പാല്‍ വില്‍ക്കുന്നത് കൊണ്ടൊന്നും കുടുംബം കഴിഞ്ഞു പോവില്ല. കഴിഞ്ഞ തവണത്തെ ജമന്തി കൃഷി മുടക്കിയ കാശുപോലും തന്നില്ല. അതിന് മുമ്പത്തെ ബീന്‍സിന് കഷ്ടി മുടക്ക് കാശ് കിട്ടി “
ശരിയാണ്, ജെമന്തി കൃഷി നഷ്ടമാണെന്ന് തോന്നിയിരുന്നു. കുറച്ചു വിളവെടുത്ത ശേഷം ചെടികളെല്ലാം പിഴുതു മാറ്റി നെല്ല് വിതച്ചു. അതിരാവിലെ പാണ്ടുരംഗയുടെ ഭാര്യയും പെണ്മക്കളും ഈ അപ്പൂപ്പനോടൊപ്പം വയലില്‍ പണിയെടുക്കുന്നുണ്ടാകും. പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ പോകാനുള്ള ധൃതി അവരുടെ പണികളില്‍ കാണാം. ഓഫീസില്‍ പോകുമ്പോൾ അവർ നല്ല വേഷങ്ങളണിഞ്ഞു ബസ് കാത്തു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.
“ഇത്തവണ നല്ല കതിരുകളാണ്. കഴിഞ്ഞ രണ്ടു കൃഷിയുടെയും നഷ്ടം ഇത് നികത്തും. അപ്പോൾ മയിലുകളും ആറ്റകളും. ഒരു രക്ഷയുമില്ല. ഞാനിവിടെ സ്ഥിരം കാവലാ. വെയില്‍ മൂത്താല്‍ മയിലുകളെക്കൊണ്ട് ശല്യമില്ല. ആറ്റകളെ നോക്കിയാല്‍ മതി.”
എനിക്ക് വൃദ്ധനോട് തോന്നിയ ദേഷ്യം അൽപ്പം അയഞ്ഞു. അയാളില്‍ നിന്ന്‍ രക്ഷപ്പെടാനായി ഞാന്‍ സഞ്ചി തുറന്ന്‍ ക്യാമറ കയ്യിലെടുത്തു അകലെയും അടുത്തുമുള്ള കാഴ്ചകളെ വെറുതെ ഫോക്കസ് ചെയ്തു. കലുങ്കിന് ചുറ്റുമുള്ള കാഴ്ച്ചകൾ പല വട്ടം പകർത്തിയത് അതിനുള്ളിൽ ഉണ്ട്.
മാസങ്ങൾക്ക് മുമ്പ് ചാര്യാ നഗറിലേക്കുള്ള റോഡ് ടാറിട്ടപ്പോഴാണ് പ്രഭാത നടപ്പിൽ കൃഷിയിടങ്ങളുടെ ഈ ലോകം എനിക്ക് വെളിവായത്. റോഡിന്റെ അങ്ങേയറ്റത്താണ് പണ്ടുരംഗയടക്കമുള്ള കൃഷിക്കാരുടെ ഗ്രാമമായ ചാര്യാ നഗർ.
“എന്തിനാ ഇങ്ങനെ എപ്പോഴും ഫോട്ടോ എടുക്കുന്നത്...?”
“കാണുവാന്‍”
"കാണുവാനെങ്കില്‍ നേരെ കണ്ടാല്‍ പോരെ.?”
"ങേ…?" ഇതെന്ത് ചോദ്യം
വൃദ്ധന്‍ ചോദ്യം ആവര്‍ത്തിച്ചു.
ഞാന്‍ ഗൌരവം വിട്ടു ചിരിച്ചു പോയി. ഇയാള്‍ ആള് കൊള്ളാമല്ലോ. ഇയാളുടെ ആക്കിയുള്ള പറച്ചിൽ ഇപ്പൊ തീർക്കാം.
“അപ്പോള്‍ വീണ്ടും കാണണമെമെങ്കിലോ…?”
“മനസ്സില്‍ സൂക്ഷിച്ചു വെച്ചാല്‍ പോരെ..? അതിനെന്തിനാണ് ഫോട്ടോ..?”
“രണ്ടിനും വ്യത്യാസമില്ലേ..?”
“നല്ല കാഴ്ചകള്‍ കണ്ണ് തുറന്ന് തന്നെ കാണണം. ഇങ്ങനെ ചില്ലിന്‍റെ മറയിലൂടെയല്ല.”
“കാഴ്ചകളങ്ങനെ മനസ്സിൽ സൂക്ഷിച്ചാൽ കാലം കൊണ്ടത് മാഞ്ഞു പോവില്ലേ..?”
“അതിന് ഇടക്കിടക്ക് പുറത്തെടുത്താൽ മതി.”
“ഓർമ്മകളെങ്ങനെ കാഴ്ചയാകും…?”
“ഓരോ ഓർമ്മയും ഓരോ കാഴ്ചയാണ്. അതാണ് ജീവിതം. എന്റെ കാഴ്ചകൾ നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
ക്യാമറ ബാഗിലിട്ട് തിരിച്ചു നടന്നപ്പോൾ വൃദ്ധനെക്കുറിച്ചാണ് ആലോചിച്ചത്. ആള് വിചാരിച്ച പോലെയല്ല.
അടുത്ത ദിവസം കലുങ്കിൽ ഇരിക്കുമ്പോൾ ദൂരെ ചാര്യാ നഗറിൽ നിന്നും വൃദ്ധൻ നടന്ന് വരുന്നത് കണ്ടു. ചെരിപ്പിടാത്ത മെലിഞ്ഞ കാലുകൾ ഒരു പ്രത്യേക രീതിൽ ചവിട്ടിച്ചവിട്ടിയാണ് നടത്തം. അന്നും അയാൾ അടുത്തു വന്നിരുന്നു.
“ഇന്ന് ഫോട്ടോ എടുക്കുന്നില്ലേ..?”
കവർ തുറക്കാത്ത ക്യാമറ ചൂണ്ടി അയാൾ ചോദിച്ചു.
“ഇല്ല. ഞാനും കാഴ്ചകളെ സ്വന്തമാക്കാൻ തീരുമാനിച്ചു.”
“നന്നായി”
സംസാരത്തിനിടെ അയാൾ കാഴ്ചകളെ പുറത്തെടുക്കുവാൻ തുടങ്ങി.
“ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യനെ കണ്ടിട്ടുണ്ട്. മത്സ്യകന്യക ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, മത്സ്യ കുമാരന്‍ ഉണ്ട്”
എന്റെ കണ്ണ് മിഴിഞ്ഞു.
“പണ്ട് , ഗോദാവരി നദിയില്‍ വല എറിഞ്ഞ മീന്‍ പിടുത്തക്കാര്‍ക്കാണ് അയാളെ കിട്ടിയത്. പൊലീസുകാർ ഗ്രാമത്തില്‍ കൂടി നടത്തി കൊണ്ടു പോയ കാഴ്ച്ച ഇപ്പോഴും എന്റെ മുന്നിലുണ്ട്. മുടിയും താടിയും വെള്ളത്തില്‍ കുതിര്‍ന്ന, പായല്‍ പിടിച്ച് വഴുക്കലുള്ള മീനിനെപ്പോലെ, നഗ്നനായ ഒരാള്‍. അയാളുടെ താടി രോമങ്ങളിൽ ജലസസ്യങ്ങൾ വേരോടെ വളർന്നു നിന്നിരുന്നു.“
വിശ്വാസം വരാതെയുള്ള എന്റെ നോട്ടം കണ്ടിട്ട് അയാൾ പുകയിലപ്പാടുകളുള്ള പല്ലുകൾ കാട്ടി ഉറക്കെ ചിരിച്ചു. എഴുന്നേറ്റ് നടക്കുന്നതിനിടെ പറഞ്ഞു.
“അങ്ങനെ ഈ ലോകത്തിൽ വിശ്വസിക്കാൻ പ്രയാസമുള്ള പല കാര്യങ്ങളുണ്ട്. സത്യമായ പല കഥകളും വിശ്വസിക്കാൻ പ്രയാസം വരുമ്പോൾ അത് കള്ളമാകും, പിന്നെ കള്ളക്കഥയാകും. ”
കനാലിനരികെ എത്തിയപ്പോൾ എരുമകളുമായി പാണ്ടുരംഗ.
“അപ്പയുമായി ഇത്ര നേരം എന്താണ് സംസാരിച്ചിരുന്നത്..? ചില നേരം അപ്പ പറയുന്നത് ഞങ്ങൾക്ക് പോലും മനസ്സിലാകില്ല.”
എന്നും കലുങ്കിൽ വന്നിരിക്കുമ്പോൾ ഓരോ കഥയുമായി രംഗനാഥതാത്ത വയലിൽ നിന്നും കയറി വരും. കൂടുതലും വാറങ്കിലിലെ പഴയ കാര്യങ്ങൾ. പണ്ടത്തെ കൃഷിരീതികൾ, രാത്രി ഗോദാവരിയിൽ മീൻ പിടിക്കാൻ പോകുന്നത്, അങ്ങനെ പലതും. താത്തയോട് സംസാരിച്ചിരുന്ന് ചില ദിവസങ്ങളിൽ ഓഫീസിൽ പോകാൻ പോലും വൈകി.
എൺപത് വയസ്സിനു മേൽ പ്രായം കാണും അയാള്‍ക്ക്. ഒരിക്കൽ ഞാനയാളുടെ പ്രായം ചോദിച്ചു.
“ഞാനെന്‍റെ പിറന്നാള്‍ ഓര്‍ക്കാറില്ല. പ്രായത്തെ ഓര്‍ത്ത് ആധി പിടിച്ചിട്ടില്ല. വയസ്സും വാര്‍ദ്ധക്യവും കണക്കു കൂട്ടേണ്ട ഒന്നല്ല. സർക്കാരിന്റെ ഒരു തിരിച്ചറിയൽ കാർഡും എന്റെ കയ്യിലില്ല.”
പിന്നെ ആ വിഷയത്തിൽ ഞങ്ങൾ തമ്മിൽ സംസാരമുണ്ടായിട്ടില്ല. പിന്നീടതുവഴി പോയത് കുറേ ദിവസങ്ങൾ കഴിഞ്ഞാണ്.
“നാളെ കൊയ്താണ്.”
വയലിൽ നിന്നും രംഗനാഥ താത്ത വിളിച്ചു പറഞ്ഞു.
എൻറെ ക്യാമറയിൽ വെയിലിൽ തിളങ്ങുന്ന സ്വർണ്ണക്കതിരുകൾ വിളഞ്ഞു. കലുങ്കിൽ ചെന്നിരുന്ന് ക്യാമറയിലെ കതിരുകൾ കണ്ണടച്ചു മൂക്കിനോട് ചേർത്തപ്പോൾ വിളഞ്ഞ പുന്നെല്ലിന്റെ മണം. ഉച്ചത്തിൽ ചിരി കേട്ട് കണ്ണു തുറന്നപ്പോൾ താത്ത അടുത്തുണ്ട്.
ചെന്നെയിലെ രണ്ട് മാസത്തെ കോഴ്‌സിന് ശേഷം ഞാനിന്ന് നാളുകള്‍ കൂടിയാണ് ചാര്യാ നഗറിലേക്ക് നടക്കുന്നത്. മെയിൻ റോഡിൽ നിന്നും ചാര്യാ നഗറിലേക്കുള്ള തിരിവിൽ ടാറും മെറ്റലും ഇളകിപ്പോയ സമാന്തര രേഖയിലുള്ള അടയാളങ്ങൾ!!!! ഏത് കുന്നും മലയും ഇടിച്ചിറക്കാനായി മൂർച്ചയുള്ള കാലുകൾ ആഴ്ത്തിയിറങ്ങുന്ന പുഴുച്ചക്ര വണ്ടിയുടെ സഞ്ചാര തെളിവിന്റെ പേടിപ്പിക്കുന്ന സൂചനകൾ. നടത്തത്തിനിടെ ആശങ്ക പെരുപ്പിച്ച് ആ പാടുകളും എന്റൊപ്പം.
പോരുന്നതിന് മുമ്പ് കണ്ടപ്പോൾ നെല്ല് കൊയ്ത പാടത്ത് പുതിയ വിളക്കായി ഉഴവുന്ന തിരക്കിലായിരുന്നു താത്ത. പാളത്താർ ഉയർത്തിയുടുത്തു നഗ്നമായ കാലുകൾ മണ്ണിൽ പൊതിഞ്ഞു കാളകള്‍ക്കൊപ്പം വയലിലൂടെ ഓടുന്നതിനിടയിൽ നെൽക്കൃഷി കൊടുത്ത ലാഭം വിളിച്ചു പറഞ്ഞു.
മന്തോപ്പുകളും ഫാം ഹൗസുകളും താണ്ടി താത്തയുടെ കൃഷിയിടത്തെത്തിയപ്പോൾ അപകടം വ്യക്തമായി. പാടുകള്‍ അവിടെ അവസാനിക്കുന്നു. പുഴുച്ചക്ര വണ്ടി വയൽക്കരയിൽ റോഡിന്റെ ഓരത്തായി കിടപ്പുണ്ട്. കൃഷിയിടത്തിൽ മുളച്ചു നില്‍ക്കുന്ന ചെറു തൈകള്‍ക്ക് മേല്‍ കൊച്ചു കൊച്ചു കൂനകൾ. എവിടെയോ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ സിമന്റ് കട്ടക്കൂനകൾ, ഏതോ കുന്നിനെ ഇടിച്ചു പൊടിച്ച ചെമ്മണ്ണിൻ കൂനകൾ, ഒഴിവാക്കാൻ കൊണ്ടിറക്കിയ നഗരമാലിന്യത്തിന്റെ കൂനകൾ. വയലിന്റെ ഒരറ്റത്ത് പുതുതായി രണ്ട് കെട്ടിയ പ്ലാസ്റ്റിക് ടെന്റുകളും.
ഞാൻ വയലിന്റെ പുതിയ കാഴ്ചയിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. എന്നെ അമ്പരപ്പിച്ചു കൊണ്ട് ലെൻസിനു മുന്നിൽ പഴയ വയൽ തെളിഞ്ഞു. ലോങ്ങ് ഷോട്ടിൽ ചേറിൽ പുളച്ചോടുന്ന രംഗനാഥ താത്തയും കാളകളും. ക്ളോസ് ഷോട്ടിൽ എന്റെ നേർക്ക് ആ കാളകൾ കുതിച്ചു വന്നു. ക്യാമറ ക്ലിക്ക് ചെയ്യാന്‍ ഭയന്ന്‍ ഞാൻ കലുങ്കിനരികിലേക്ക് നടന്നു. ദൂരെ ചാര്യാ നഗറിൽ നിന്നും രംഗനാഥ താത്ത വേച്ചുവേച്ചു വരുന്നുണ്ട്.
ഒന്നും മിണ്ടാതെ എന്റടുത്തിരുന്ന താത്തയുടെ കണ്ണിൽ രോഷം. ഉലുവ തൈകളുടെ നഷ്ടവും കൊല്ലങ്ങളുടെ പാട്ടം ഒഴിവാക്കിയതും ചേർത്ത് നല്ലൊരു തുക പാണ്ടുരംഗന് നഷ്ടപരിഹാരമായി കിട്ടി. പുതിയ രണ്ട് എരുമകളെക്കൂടി വാങ്ങി അയാൾ. മണ്ണുറപ്പിച്ചു കഴിഞ്ഞാൽ ഫ്ലാറ്റുകളുടെ പണി തുടങ്ങും. അക്കൊല്ലം പഠിത്തം തീരുമ്പോൾ കെട്ടിടം പണിയുന്ന കമ്പനിയിൽ ലഭിക്കാൻ പോകുന്ന ജോലിയെക്കുറിച്ച് അഭിമാനിക്കുന്ന പേരക്കുട്ടി സുകന്യ. അവളുടെ ശമ്പളം കേട്ട് അസൂയപ്പെടുന്ന ചാര്യാ നഗറുകാർ.
“വിഷമിക്കാതെ താത്ത. ഇവിടെ പാട്ടത്തിനെടുക്കാൻ വയലിനാണോ ക്ഷാമം..? നിങ്ങൾക്കിഷ്ടപ്പെട്ടയിടത്ത് കൃഷി ചെയ്തു കൂടെ..?”
“വിഷമമോ...? എന്തിന്..? മണ്ണിൽ പണിയെടുത്ത് എല്ലാവർക്കും തിന്നാനുണ്ടാക്കുന്നവനെ തോൽപ്പിക്കുന്നത് ഇതാദ്യമല്ലല്ലോ? തോൽവി ഞങ്ങൾക്ക് ശീലമാണ്.”
എനിക്കൊന്നും മിണ്ടാനില്ലാതായി.
“ ഞാനൊരിക്കൽ സത്യമായ കള്ളക്കഥകളെക്കുറിച്ച് പറഞ്ഞിട്ടില്ലേ. അങ്ങനെ വലിയൊരു കള്ളക്കഥയാണ് നിന്റെ മുന്നിൽ നിൽക്കുന്ന ഈ രംഗനാഥ.”
അയാളുടെ ശബ്ദം വിറ കൊണ്ടു. പരസ്പര ബന്ധമില്ലാത്ത സംസാരത്തിൽ എന്തോ പന്തികേട്.
അഭിമുഖമായി എഴുന്നേറ്റ് നിന്ന് അയാൾ പറഞ്ഞു തുടങ്ങി.
“ ആ വലിയ കള്ളം ഈ ലോകത്തിൽ അറിയാൻ പോകുന്ന ഒരേ ഒരാളാണ് നീ.. എന്റെ ഭാര്യയോ മക്കളോ അറിയാത്ത സത്യം. ”
വൃദ്ധന് സമനില തെറ്റിയോ..? ഇമ ചിമ്മാതെയുള്ള നോട്ടവും മുമ്പ് കണ്ടിട്ടില്ലാത്ത ഭാവവും.
“ഒരിക്കൽ ഞാനെന്റെ പ്രായം അറിയില്ലെന്ന് ഞാൻ പറഞ്ഞതോർമ്മയുണ്ടോ…? അത് ഞാൻ മരിച്ചു പോയത് കൊണ്ടാണ്.. മരിച്ചു പോയവർക്ക് എന്ത് പ്രായം..?”
എനിക്ക് പെട്ടെന്ന് പേടി തോന്നി. എന്റെ സർവ യുക്തി ചിന്തകളെയും തോൽപ്പിക്കുന്ന ഭയം. ഇരു വശവും തോട്ടങ്ങൾ പരന്നു കിടക്കുന്ന വിജനമായ വഴി. അവിടെ മരിച്ചു എന്ന് പറയുന്ന താത്തയും ഞാനും മാത്രം. എത്ര ഒളിപ്പിച്ചിട്ടും എന്റെ ഭയം അയാൾ കണ്ടുപിടിച്ചു.
“പേടിക്കണ്ട.. എന്റെ മരണം അമ്പതിലേറെ കൊല്ലങ്ങൾക്ക് മുമ്പെഴുതിയ സർക്കാരിന്റെ കടലാസിൽ മാത്രമാണ്. അന്ന് വാറങ്കലിൽ കൊന്നൊടുക്കിയവരുടെ കൂട്ടത്തിൽ ഇല്ലാതായതാണ് മുപ്പത്തിയഞ്ചു വയസ്സുള്ള ഈ അപ്പറാവു. എന്റെ ഭാര്യ നാഗമ്മ, മൂന്നു മക്കൾ,അച്ഛൻ, അമ്മ....അന്ന് പോലീസ് തീയിട്ട നാഗപ്പള്ളി ഗ്രാമം രേഖകളിൽ നിന്നു പോലുമില്ലാതായി. തലമുറകളായി വിത്തിന്റെയും ഭൂമിയുടെയും ആത്മാവ് തിരിച്ചറിഞ്ഞവരാണ് ഞങ്ങൾ. തെലങ്കാനയുടെ മണ്ണിൽ സ്വന്തമായി കൃഷിചെയ്യാൻ അവകാശം ചോദിച്ചതായിരുന്നു ഞങ്ങളുടെ കുറ്റം. ഞങ്ങൾ കൃഷി ചെയ്യുന്ന മണ്ണ് അതിനെ അറിയുന്ന ഞങ്ങളുടെതല്ലാതെ പിന്നാരുടേതാണ്?”
അപ്പോൾ ഇയാൾക്ക് കൊല്ലവും കാലവുമെല്ലാം കൃത്യമായി അറിയാം.
“പാഴായ ആ സമരങ്ങൾ ഞങ്ങൾക്ക് നഷ്ടങ്ങൾ മാത്രമേ തന്നുള്ളൂ. സമരങ്ങൾ പാഴായിപ്പോയി എന്നതിലല്ല, എന്തിന് വേണ്ടിയാണ് എന്നതിലാണ് കാര്യം. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ, ഞാൻ കണ്ടതിൽ ഏറ്റവും വിശേഷപ്പെട്ട കാഴ്ച്ച മൽസ്യകുമാരനെ കണ്ടതാണെന്ന്, പക്ഷേ ഞാൻ ഏറ്റവും വിലമതിക്കുന്ന കാഴ്ച്ച സിലിഗുഡിയിൽ നിന്നും കാനു സന്യാൽ ഞങ്ങളുടെ ഗ്രാമത്തിൽ വന്നതാണ്. കാനുദാ പറഞ്ഞു തന്ന വരാൻ പോകുന്ന വസന്തം, ഞങ്ങളുടെ ആ സ്വപ്നലോകം ഒരു രാത്രിയിലെ തീയിൽ എരിഞ്ഞടങ്ങിപ്പോയി.”
“അപ്പോൾ പണ്ടുരംഗയോ..?”
“രംഗനാഥ എന്ന പേര് രക്ഷപ്പെട്ട് ഇവിടെ വന്ന ശേഷമുള്ള എന്റെ പുതിയ പേരാണ്. പണ്ടുരംഗയുടെ അമ്മ എന്റെ രണ്ടാം ഭാര്യയാണ്.”
“ഭൂമി വലിയൊരു ഗർഭപാത്രമാണ്. വിതക്കപ്പെടാൻ യോഗമില്ലാതെ പോകുന്ന ഓരോ മണി വിത്തും ഭൂമിയോട് പരിഭവം പറഞ്ഞു കൊണ്ടിരിക്കും. കൃഷിയിടങ്ങൾക്ക് മേൽ കെട്ടിപ്പൊക്കുന്ന എന്തും ജനിക്കാതെ പോകുന്ന തൈകളെ ഓർത്തു കരയുന്ന ഭൂമിയുടെ ശാപമേറ്റ് നശിച്ചു പോവുകയേയുള്ളു.”
കോപം ദുഃഖമായി മാറി താത്ത ഉറക്കെ കരഞ്ഞു. പെട്ടെന്ന് കരച്ചിൽ നിർത്തി സംയമനം വീണ്ടെടുത്ത് വളരെ ഗൗരവത്തോടെ അയാൾ പറഞ്ഞു.
“അഞ്ചു നിലകളുള്ള കുറെ ഫ്ലാറ്റുകൾ. അതാണ് ഇവിടെ വരാൻ പോകുന്നത്.,ഇടക്ക് കടകൾ, നഴ്‌സറി സ്‌കൂൾ, കുട്ടികൾക്ക് കളിസ്ഥലങ്ങൾ നീന്തൽ കുളം ഒക്കെയുണ്ട്. മൊത്തം പണിത് തീരാൻ അഞ്ചു കൊല്ലമെങ്കിലും എടുക്കും എന്നാണ് സുകന്യ പറയുന്നത്. അത് വരെ ഞാനിരിക്കുമോ..?”
"ഇരിക്കും താത്ത."
ഞാൻ വെറുതെ സമാധാനിപ്പിച്ചു.
“എനിക്കിപ്പോൾ പുതിയൊരു സ്വപ്നമുണ്ട്. ഒരിക്കൽ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്റെ പുതുലോകം സൃഷ്ടിച്ചവനാണ് ഞാൻ. അങ്ങനെയുള്ള ഒരുവന്റെ സ്വപ്നങ്ങൾ വീണ്ടും തല്ലികൊഴിക്കപ്പെടുമ്പോൾ കാണുന്ന മനോഹരമായ സ്വപ്നമണത്".
“നന്നായി. നിങ്ങൾ ദുഃഖിച്ചിരിക്കുന്നില്ല എന്നറിയുമ്പോൾ ആശ്വാസം. എന്താണ് തത്താ നിങ്ങളുടെ പുതിയ സ്വപ്നം…? ഞാനെന്ത് സഹായമാണ് ചെയ്തു തരേണ്ടത്...?”
പെട്ടെന്ന് എന്നോട് ചേർന്നു നിന്ന താത്ത ശബ്ദം താഴ്ത്തി പറഞ്ഞു. ഒരു രഹസ്യം പങ്കിടും പോലെ...
“ആ കെട്ടിടങ്ങൾ പണിതീരുന്ന കാലം വരെ ജീവിച്ചിരുന്നിട്ട് അതൊന്നാകെ തകർക്കണം. അതിന് വേണ്ടിയാണ് ഇനിയുള്ള എന്റെ ജീവിതം. ആ കാഴ്ച്ച ഹൃദയത്തിൽ ചേർത്ത് വെച്ചിട്ട് വേണം എനിക്ക് മരിക്കാൻ. ഞങ്ങൾക്ക് സ്വപ്നങ്ങളെകുറിച്ച് പറഞ്ഞു തന്ന് കൊതിപ്പിച്ചിട്ട് കാലങ്ങൾ കഴിഞ്ഞപ്പോൾ നിരാശനായി ആത്മഹത്യ ചെയ്തു കളഞ്ഞ കനുദായെപ്പോലെ തോറ്റ് കളയുന്നവനല്ല ഞാൻ. തോല്‍വികള്‍ ഞങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര.”
ഗോദാവരി കരയിലെ ഗ്രാമത്തിലെ വെന്തു വെണ്ണീറായ ചാരത്തിൽ വർഷങ്ങളായി മറഞ്ഞു കിടന്ന അടങ്ങാത്ത കനലിന്റെ തിളക്കം താത്തയുടെ കണ്ണുകളിൽ.
എന്റെ മറുപടിക്ക് കാക്കാതെ രംഗനാഥ താത്ത തിരിഞ്ഞു നടന്നു. ഇനിയും അഞ്ചു കൊല്ലം കഴിഞ്ഞു തീർക്കേണ്ട സ്വപ്നത്തെ പുണർന്ന് ദുർബലമായ കാലുകൾ പതുക്കെ എടുത്ത് വേച്ച്...വേച്ച്…
അഞ്ചു കൊല്ലമോ,അഞ്ചു മാസമോ എന്തിന് അഞ്ചു ദിവസം പോലും താണ്ടുവാനുള്ള ശക്തി ആ ശരീരത്തിനുണ്ടോ…?
ഇനി അയാളെ കാണുമോ എന്ന സന്ദേഹത്തോടെ...ഞാനാ കാഴ്ച കണ്ണിമ വെക്കാതെ നോക്കി നിന്നു. താത്ത പോകുന്നതിന് മുമ്പ് ഒരു ഫോട്ടോ എടുക്കാമായിരുന്നു. സാരമില്ല പഴയത് കാണാതിരിക്കുമോ..? ഞാനവിടെയിരുന്നു ക്യാമറയിലെ എല്ലാ ഫോട്ടോകളും തിരഞ്ഞു. പാണ്ടുരംഗൻ എരുമകളുമായി കനാലിൽ നിൽക്കുന്നത്, ഗ്ലൗസിട്ടു കള പറിക്കുന്ന സുകന്യയും നാഗജ്യോതിയും, തലയിൽ ചാണകക്കുട്ട ഏറ്റി വരുന്ന അവരുടെ അമ്മ..അങ്ങനെ എല്ലാവരും എന്റെ ക്യാമറയിലുണ്ട്. പക്ഷേ, എവിടെ രംഗനാഥ താത്ത…? അയാൾ മാത്രമില്ല. ഞാനിത് വരെ താത്തയുടെ ഒരു ചിത്രം പോലും ക്യാമറയിൽ പകർത്തിയിട്ടില്ലെന്നോ…? ഫോട്ടോ ചികഞ്ഞു കണ്ണു കഴച്ച ഞാൻ ചാര്യാ നഗറിലെ ഗ്രാമത്തിലേക്ക് മറഞ്ഞു തുടങ്ങുന്ന പൊട്ടിലേക്ക് ലെൻസ് സൂം ചെയ്തു ക്യാമറ ഫോക്കസ് ചെയ്തു.
(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്, ഡിസംബർ 7,. 2023)
No comments:
Post a Comment
ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍