29.2.24

മാർജ്ജാര റിപ്പബ്ലിക്

 

മീഞ്ചട്ടിയിലെ ചോര കലര്‍ന്ന വെള്ളത്തില്‍ നിന്നും  അവസാനത്തെ മത്തിയുമെടുത്തു ചെതുമ്പലും ചിറകും കളയുകയായിരുന്നു കൊച്ച്രേസ്യ. ചുറ്റും പൂച്ചകളുടെ വലയം. അവൾ വാഴച്ചുവട്ടിലെ  പാത്രം തേക്കാനിരിക്കുന്ന കല്ലിൽ കത്തി മൂര്‍ച്ച വെക്കാന്‍ തുടങ്ങുമ്പോഴേ പൂച്ചകൾ  കുടുംബസമേതം  പാഞ്ഞെത്തും. പിന്നെയങ്ങോട്ട് മീന്‍ ചെകിളക്കും കുടലിനും വേണ്ടി വാഴച്ചുവട്ടില്‍ വലിയ മല്‍പ്പിടുത്തമാണ്. സൂക്ഷിച്ചില്ലേല്‍ ചട്ടിയില്‍ കിടക്കുന്നതും റാഞ്ചിയോടുന്ന പൂച്ചപ്പട്ടാളം.


കണ്ണക്കാലിനു മുകളില്‍ എടുത്തു കുത്തിയ  നൈറ്റി സ്ഥാനം മാറിക്കിടന്നത് നേരെയിട്ട്‌ നിവര്‍ന്നപ്പോഴാണവള്‍ കണ്ടത്, വേലിക്കിടയിലൂടെ നോക്കി നില്‍ക്കുന്ന ഷാപ്പുപങ്കന്‍ എന്ന കറി വെപ്പുകാരന്‍ പങ്കജാക്ഷന്‍.  


“എന്ത് കാണാനാടാ…. തെണ്ടീ..

ദേ..ഈ മീമ്പെള്ളം അങ്ങ് തലേക്കമത്തിയാലൊണ്ടല്ലോ….”


ചെകിളയും കുടലും തിന്ന്‍ കൊതിയടങ്ങിയെങ്കിലും അവസാനത്തെ മീന്‍ വെള്ളത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചുറ്റിത്തിരിഞ്ഞ പൂച്ചകൾ അത് കേട്ട് വിഷമിച്ചു. മീന്‍ ചട്ടിയെ ദയനീയമായി നോക്കിക്കൊണ്ട്‌ അവരെല്ലാം  അരുതേയെന്ന്‍ ഒരേ സ്വരത്തിൽ ങ്യാവൂ...  ങ്യാവൂ... എന്നപേക്ഷിച്ചു. 

അത് മനസ്സിലായിട്ടോ എന്തോ, മീന്‍ വെള്ളം വാഴച്ചുവട്ടില്‍ ഒഴിച്ച് കൊച്ച്രേസ്യ കലിതുള്ളി അടുക്കളയിലേക്ക് പോയി. 


മീൻ വെള്ളത്തിൽ നിന്ന് കിട്ടിയത് തിന്നുന്നതിനിടെ പൂച്ചകള്‍ അവരുടെ  ആകുലതകള്‍ പങ്കുവെച്ചു.


“കൊച്ച്രേസ്യേച്ചിയുടെ ഒച്ച കേട്ടപ്പോഴാ പങ്കനെ  കണ്ടത്. ഞാനങ്ങു കിലുകിലാ വിറച്ചു പോയി…"


പടിഞ്ഞാറേതിലെ താരക്കൊച്ചിന്റെ കുഞ്ഞിപ്പൂച്ച മണിക്കുട്ടി അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.


“പാവം ചേച്ചി. അതിനെന്തറിയാം. പങ്കന്‍ വായിനോക്കി നിന്നെന്നും പറഞ്ഞാ ഈ ചാട്ടം."


വെള്ളവാലൻ ഗൗരവം കൊണ്ടു.


“ദൈവമേ...അവനെത്ര കണക്കെടുത്തു കാണും...?”


മണിക്കുട്ടിയുടെ തള്ളപ്പൂച്ച ചക്കി ചകിതയായി. ഭീതി നിറഞ്ഞ അന്തരീക്ഷം അവര്‍ക്കിടയില്‍ കനപ്പെട്ടു. വളഞ്ഞങ്ങാനത്തെ അനേകം പൂച്ചകള്‍ക്കു സംഭവിച്ചത് ഇപ്പോള്‍ തങ്ങളുടെ നേരെ തിരിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന ദുരന്തം തിരിച്ചറിഞ്ഞ്  'ഇനി എത്ര നാള്‍…' എന്നാത്മഗതം ചെയ്ത് അവർ മുഖവും മീശയും വൃത്തിയാക്കി 

തളര്‍ന്നിരുന്നു.


ഷാപ്പുപങ്കന്‍ മുഖത്തടി കിട്ടിയത് പോലെ വേഗം ഷാപ്പിലേക്ക് നടന്നു.


വഴിയില്‍ മീനും വാങ്ങിപ്പോകുന്ന ഭൈമി,  ഷാപ്പില്‍ പങ്കന്റെ വെപ്പ് സഹായി.


ഇന്നെന്താ പങ്കഞ്ചേട്ടാ പെഷല്...?”


“ഉടുമ്പ്...”


“ങാ...ഈ ആഴ്ച കലക്കിയല്ലോ പങ്കഞ്ചേട്ടന്‍...”


“ഉം... എല്ലാ കഷണങ്ങളും ബുക്കിങ്ങും ആയടീ...”


അതാണ്‌ പങ്കന്‍. എല്ലാ ശനിയാഴ്ചയും വളഞ്ഞങ്ങാനം പത്താം മൈല്‍ ഷാപ്പില്‍ പങ്കന്റെ വക സ്‌പെഷ്യല്‍ ഉണ്ടാകും. അന്ന് ഷാപ്പില്‍ സ്‌പെഷ്യൽ മേശയുമുണ്ട്. സ്പെഷ്യലിനായുള്ള വറത്തരയും വിശേഷമാണ്. മുഴുമല്ലിയും ഉണക്ക മുളകും ഇറച്ചി മസാലകളും വിളഞ്ഞ തേങ്ങാപ്പീരയും വെളിച്ചെണ്ണയില്‍  ഇളം തീയില്‍ വറുക്കും. ഒരു പോലെ വറുക്കപ്പെട്ട മുളകും മല്ലിയും മസാലയും ചൂടോടെ തന്നെ ഭൈമി അരകല്ലില്‍ വെണ്ണ പോലെ അരച്ചെടുക്കും. ഒഴിക്കുന്ന എണ്ണയുടെ അളവും കത്തിക്കുന്ന ചെറു തീയും കറിയുടെ മാഹാത്മ്യം നിശ്ചയിക്കും. ഒരിക്കലും കൈമാറപ്പെടാത്ത സ്‌പെഷ്യലിന്റെ കൂട്ട് ആരും അറിയരുത് എന്ന്‍ പങ്കന്‍ കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. പാകം ചെയ്യപ്പെട്ട കറിയുടെ  ഇരുണ്ട ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞു കിടക്കും. വറുത്തരച്ച ഇറച്ചിക്കറിയുടെ സുഗന്ധമുള്ള ഷാപ്പിലേക്ക് കുടിയന്മാർ ഉത്സാഹത്തോടെ കയറി വന്ന് സ്‌പെഷ്യൽ മേശയിലിരിക്കും.


മിക്കവാറും പൂച്ചയാണ് സ്പെഷ്യൽ. അതാണ്  പങ്കന് പിടിക്കാന്‍ എളുപ്പവും. വല്ലപ്പോഴും ആമയോ കാട്ടുമുയലോ ഉടുമ്പോ തടഞ്ഞാല്‍ കുടിയന്മാരുടെ ഭാഗ്യം. കിട്ടുന്നതിനെ രഹസ്യമായി ഭക്ഷണം കൊടുത്ത് പോഷിപ്പിച്ച് ശനിയാഴ്ചയാകാന്‍ കാത്തിരിക്കും. പൂച്ചയല്ലാത്ത സ്‌പെഷ്യലെങ്കില്‍ വെള്ളിയാഴ്ച കുടിയന്മാര്‍ക്ക് വിവരം ലഭിക്കും. ബുക്കിങ്ങും അപ്പോള്‍ത്തന്നെ കഴിയും.


കുടിയന്മാര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഇടക്ക് കാട്ടുപന്നിയുണ്ടാകും. അതിനും ബുക്കിങ്ങിന്റെ ആവശ്യമില്ല. ഇഷ്ടം പോലെ കഷണങ്ങള്‍. ഷാപ്പിലെ വിളമ്പ് കഴിഞ്ഞ് പങ്കനും ഭൈമിക്കും ഉടമ പാക്കരേട്ടനും വീട്ടില്‍ കൊണ്ടുപോകാന്‍ മിച്ചം കഷണങ്ങൾ ചട്ടിയില്‍ കാണും. 


കാട്ടുമൃഗങ്ങളെയൊക്കെ  കറിവെക്കുമെങ്കിലും ഷാപ്പുപങ്കന്‍ പൂച്ചപ്പങ്കനാണ്. ഒരിക്കൽ ഷാപ്പിലെ അടുക്കളയില്‍ കയറി പന്നിയിറച്ചി കട്ടു തിന്ന പൂച്ചയെ കൊന്ന് കറി വെച്ചാണ് പത്താം മൈൽ  ഷാപ്പിലെ പൂച്ചയിറച്ചി സ്‌പെഷ്യലിന്റെ ഉത്ഭവം.   



കാട്ടുമൃഗങ്ങളെ കിട്ടാത്ത ആഴ്ചയില്‍ നാട്ടിലെ ഏതെങ്കിലും പൂച്ചക്ക് ശനിയാഴ്ച ഉച്ചയോടെ കൊല നറുക്ക് വീഴും. അതിന് മുമ്പേ പങ്കന്‍ പൂച്ചകളെ  കണ്ടു വെച്ചിട്ടുണ്ടാകും. പങ്കനെ എവിടെ കണ്ടാലും വളഞ്ഞങ്ങാനത്തെ പൂച്ചകള്‍ തിരിച്ചറിയും. കാലനെ കണ്ട പോലെ അവർ പ്രാണരക്ഷാർത്ഥം വിരണ്ടോടും. അത് കൊണ്ട് വളഞ്ഞങ്ങാനം ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ ചായുമ്പോള്‍ പൂച്ചകളെ തന്ത്രത്തില്‍ ചാക്കിലാക്കുകയാണ് അയാളുടെ പതിവ്. 


വേറെ ഏത് ജന്തുവിനെ ഒളിപ്പിക്കുന്നത് പോലെയല്ല നിര്‍ത്താതെ കരയുന്ന ആ ജീവിയെ ഒളിപ്പിക്കുന്നത്. 

തോളിലെ ചാക്കിനുള്ളില്‍ കിടന്ന് "എന്നെ കൊന്ന്‍ തിന്നാന്‍ കൊണ്ടു പോകുന്നേ..നാട്ടുകാരെ.."എന്ന്‍ ദയനീയമായി പൂച്ച മോങ്ങും. പൂച്ചഭാഷ അറിയാത്ത നാട്ടുകാര്‍ അത് വെറും 'ങ്യാവൂ' ആയി കേള്‍ക്കുന്നത് കൊണ്ട് ശ്രദ്ധിക്കാറില്ല. കുടിയന്മാര്‍ ആരെങ്കിലും കേട്ടാല്‍ “ങാ...ഈ ഈയാഴ്ച പെഷല് പൂച്ചയാണല്ലോ….” എന്നാത്മാഗതം ചെയ്യും. വീട്ടിലെത്തിയാലുടൻ  പങ്കന്‍ അതിനെ കൊന്ന് തൊലിയുരിഞ്ഞു  കഷണങ്ങളാക്കി ഷാപ്പിലേക്ക് കൊണ്ടു പോകും.


കൊച്ച്രേസ്യയുടെ വേലിക്കരികിൽ നിന്നും പങ്കൻ തടിതപ്പിയെങ്കിലും പൂച്ചകളും കൊച്ച്രേസ്യയും സംഗതി ഗൌരവമായി എടുത്തു. തങ്ങളിലൊരാള്‍ താമസിയാതെ ഷാപ്പിലെ ചട്ടിയില്‍ കിടന്ന് മസാല ചേര്‍ത്ത് തിളക്കപ്പെടും എന്ന് പൂച്ചകളും, മീന്‍ വെട്ടാനിരിക്കുമ്പോള്‍ പൂച്ചകളുടെ മേൽ മാത്രമല്ല  വേലിക്കരികിലെ വായ് നോക്കികളുടെ മേലും നൈറ്റിയുടെ മേലും ഒരു കണ്ണ് വേണമെന്ന് കൊച്ച്രേസ്യയും തിരിച്ചറിഞ്ഞു. 


"വരട്ടെ ഇനിയവൻ….മീന്‍ മുറിക്കുന്ന മുട്ടിപ്പലക വെച്ചൊന്നു കൊടുക്കും ഞാന്‍."


കൊച്ച്രേസ്യ അരിശപ്പെട്ട് ഉറക്കെ പറഞ്ഞു. 


“ന്റെ കൊച്ച്രേസ്യേച്ചീ, അതൊന്നുവല്ല. ആ കാലന്‍ ഞങ്ങളെ കൊല്ലാനുള്ള കണക്കെടുത്തതാ...”


പൂച്ചകൾ അത്യധികം ഗൗരവത്തോടെ വീടിന് ചുറ്റും നടന്ന്‍ കൊച്ച്രേസ്യയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ങ്യാവൂ.. ങ്യാവൂ….ശബ്ദം വല്ലതായപ്പോള്‍ കൊച്ച്രേസ്യക്ക് കലി കയറി.


 "ഒന്ന്‍ പോണൊണ്ടോ പൂച്ചോളെ….” 


അവൾ മുറ്റത്തിറങ്ങി എല്ലാത്തിനെയും വിരട്ടി ഓടിച്ചു.


വളഞ്ഞങ്ങാനത്തെ പൂച്ചകള്‍ക്ക് ഒരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ ഒരേയൊരു ശത്രു പങ്കനാണ്. പത്താം മൈല്‍ ഷാപ്പിന്‍റെ അടുക്കളയിൽ നിന്ന്‍ എത്ര കൊതിപ്പിക്കുന്ന മണം വന്നാലും ഒരു കാരണവശാലും അങ്ങോട്ട്‌ പോകരുതെന്നും  ഒരു കഷണം ഇറച്ചിയോ മീനോ ‌സ്വന്തം ജീവനേക്കാൾ വലുതല്ല എന്നുമുള്ള രക്ഷാ പാഠം ശിരസ്സിലേറ്റിയാണ് വളഞ്ഞങ്ങാനം ഗ്രാമത്തിലെ ഓരോ പൂച്ചയും ജീവിക്കുന്നത്. വളഞ്ഞങ്ങാനത്തെ കുട്ടികള്‍ ഉറങ്ങാതെ വാശി പിടിക്കുമ്പോള്‍ “ദേ...കോക്കാച്ചി വര്ണ്…” എന്ന്‍ തള്ളമാര്‍ പറയുമ്പോള്‍ ഉറങ്ങാതെ കിടന്ന് മുല ഞെട്ട് തപ്പി തല്ലു കൂടുന്ന പൂച്ചക്കുഞ്ഞുങ്ങളെ “ദേ..പങ്കന്‍…” എന്ന്‍ പേടിപ്പിച്ച് തള്ളപ്പൂച്ചമാര്‍ സുഖമായുറങ്ങി. അങ്ങനെ മുല കുടിക്കുന്ന കാലം തൊട്ടേ പങ്കന്‍ എന്ന പേരിനെ പേടിച്ചു കഴിഞ്ഞ പൂച്ചകള്‍ അയാൾ അവരെ നോട്ടമിട്ടു എന്ന നഗ്‌നസത്യത്തിന് മുന്നിൽ തളര്‍ന്നു പോയി.


പൂച്ചകള്‍ എത്ര മുന്‍ കരുതല്‍ എടുത്തിട്ടും പിറ്റേ ശനിയാഴ്ച അവരില്‍ ഒരു തടിയന്‍ പൂച്ചയെ കൂട്ടത്തില്‍ നിന്നും കാണാതായി. അത് കൊച്ച്രേസ്യയുടെ തെക്കേതിലെ വെള്ളവാലന്‍ പൂച്ചയായിരുന്നു. മറ്റുള്ളവരെ തട്ടിമാറ്റി തീറ്റമിടുക്ക് കാണിച്ചിരുന്ന ആ പൂച്ച സുന്ദരന്റെ അപ്രത്യക്ഷമാകലില്‍ പൂച്ച സംഘം ഉലഞ്ഞു പോയി.  


അന്ന് വൈകിട്ട് കൊച്ച്രേസ്യ വാഴച്ചുവട്ടിലിരുന്ന് ചെമ്മീൻ നുള്ളിയപ്പോഴും തലയും വാലും അവർക്കിട്ടു കൊടുത്തപ്പോഴും പൂച്ചകള്‍ ദു:ഖിതരായി തെല്ലു ദൂരെ കരഞ്ഞു കൊണ്ട് നിന്നതേയുള്ളൂ. അവൾ അന്തം വിട്ടുപോയി.


“വെള്ളവാലന്‍ ഷാപ്പില്‍ കറിയായി ചേച്ചീ....”


പൂച്ചകള്‍ ഒരേ സ്വരത്തില്‍ ഉറക്കെ കരഞ്ഞു. എന്നിട്ടും ഒന്നും പിടികിട്ടാത്ത കൊച്ച്രേസ്യ അടുക്കളയില്‍ പോയി കുടംപുളിയും തേങ്ങാക്കൊത്തുമിട്ട് ലോറൻസിനിഷ്ടപ്പെട്ട ചെമ്മീൻ  ഉലര്‍ത്തുന്നതില്‍ വ്യാപൃതയായി. എവിടെ നിന്നോ തെണ്ടിത്തിരിഞ്ഞു വന്ന ഒരു എല്ലന്‍ പട്ടി  വാഴച്ചുവട്ടിലെ ചെമ്മീന്‍ തല കാലിയാക്കുന്നത് കണ്ടിട്ടും ദൂരെ മാറി നിന്ന പൂച്ചക്കൂട്ടം അനങ്ങിയതേയില്ല. പണ്ടായിരുന്നേല്‍ അവരെല്ലാം കൂടെ പാഞ്ഞോടിച്ചെന്ന്‍ ആ ചാവാലിപ്പട്ടിയെ ഒരു വഴിക്കാക്കിയേനെ. 


“ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. മുഴുപ്പില്‍ ചെറുതായി പോയെന്നേയുള്ളൂ. പുലിയുടെ പരമ്പരയില്‍പ്പെട്ടവര്‍ തന്നെ നമ്മള്‍. ഊതിയാല്‍ പറന്ന് പോകുന്ന ആ എലുമ്പന്‍ പങ്കനെ ഒരു പാഠം പഠിപ്പിക്കണം.”


വെള്ളവാലന്റെ കൂടപ്പിറപ്പ് പാണ്ടൻ രോഷാകുലനായി


“എത്ര എലുമ്പനാണെങ്കിലും അയാളൊരു മനുഷ്യനാണെന്ന ഓര്‍മ്മ വേണം. പുലിയുടെ വര്‍ഗ്ഗം എന്ന്‍ പറഞ്ഞു ഞെളിയാന്‍ മാത്രമേ നമുക്കു പറ്റൂ.  ധൈര്യപൂര്‍വ്വം നമുക്ക് നേരിടാവുന്നത് പാറ്റയോ എലിയോ കൂടിപ്പോയാൽ വല്ല ചാവാലിപ്പട്ടിയെയോ മാത്രം.”  


കൂട്ടത്തിൽ പ്രായമുള്ള ചാരവരയൻ താക്കീത് ചെയ്തു. 


“നമുക്ക് മാന്താന്‍ നഖവും കടിക്കാന്‍ പല്ലുമില്ലേ...? എന്ത് കൊണ്ടത് ഉപയോഗിച്ചു കൂടാ..? പല്ലുകൾ തിന്നാൻ മാത്രമുള്ളതല്ല എന്ന് നമ്മൾ തെളിയിക്കേണ്ടിയിരിക്കുന്നു. ചെറുത്തു നില്‍ക്കാന്‍ തുടങ്ങിയാല്‍ത്തന്നെ മനുഷ്യന് നമ്മളോടുള്ള ബഹുമാനക്കുറവ് ഇല്ലാതാകും.”  


യുവാക്കളായ ചില പൂച്ചകള്‍ വിട്ടു കൊടുത്തില്ല.


കൊച്ച്രേസ്യ അടക്കമുള്ളവരുടെ  മുണ്ടൻ വടിയുടെ വേദനയോർത്താണ് അവർ അത് പറഞ്ഞത്. ഒരു ചെറിയ കഷണം മീനിലോ ഇറച്ചിയിലോ സൗഹൃദം മറക്കുന്നവരാണ് മനുഷ്യനെന്ന വർഗ്ഗം.


പക്ഷേ, എങ്ങനെ..? അതവര്‍ക്കറിയില്ല. ഇനിയുള്ള ശനിയഴ്ച്ചകളില്‍ അവരവര്‍ താമസിക്കുന്ന വീടിന്റെ വിറകു പുരയിലോ തട്ടിൻ പുറത്തു നിന്നോ ഇറങ്ങരുത് എന്ന പ്രതിജ്ഞയുമായാണ് അന്നവര്‍ പിരിഞ്ഞത്. അവരില്‍ വീടില്ലാതെ അലയുന്നവരെ വീടുള്ളവര്‍ കാത്തു കൊള്ളാമെന്ന സഹായ വാഗ്ദാനവും ഉണ്ടായി.


 വെള്ളവാലന്‍ ഒരു തക്കിടിമുണ്ടനായിരുന്നു. അവന്‍റെ തീറ്റ വൈഭവം പ്രയോജനപ്പെട്ടത് കുടിയന്മാര്‍ക്കാണ്. അധികം മൂക്കാത്ത  കൊഴുത്ത ഇറച്ചി കൂട്ടി അവര്‍ മടമടാന്ന്‍ കള്ള് കുടിച്ചിറക്കി. 

“ പഷ്ട് പങ്കാ...പഷ്ട്...” എന്നു പറഞ്ഞു കൊണ്ടവര്‍ കുപ്പിയിൽ ബാക്കിയായ കള്ള്  വായിലേക്ക് കമിഴ്ത്തി. പ്ലേറ്റിലെ  അരപ്പുചാറ് വിരല് കൊണ്ട് വടിച്ച് ഞൊട്ടി നുണഞ്ഞു.


പിറ്റേ ശനിയാഴ്ച പൂച്ചകള്‍ ജാഗരൂപരായത് കൊണ്ട് ഷാപ്പില്‍ സ്‌പെഷ്യലുണ്ടായില്ല. പങ്കന്‍ ടൗണിലെ കോള്‍ഡ് സ്റ്റോറേജിലെ  പന്നിയിറച്ചി കൊണ്ട് കുടിയന്മാരെ തീറ്റി. 


പിറ്റേ തിങ്കളാഴ്ച മുതല്‍ പങ്കൻ പൂച്ച നായാട്ട് ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂച്ചകൾ ജാഗ്രത കൊടുക്കാതിരുന്ന ഒരു ദിവസം.  വടക്കേ വീട്ടിലെ ചായ്പ്പിൽ നിന്ന വെള്ളപ്പാണ്ടനെ പങ്കന്‍ പതുങ്ങിപ്പതുങ്ങി

പിടിക്കാന്‍ ആഞ്ഞപ്പോൾ അവൻ ദ്രുതഗതിയില്‍ തിരിഞ്ഞൊരു മാന്ത് മാന്തി.  രക്ഷപെട്ടോടിയ വെള്ളപ്പാണ്ടൻ ഒളിഞ്ഞു നോക്കിയപ്പോൾ കൈത്തണ്ടയിലെ ചോരപ്പാടുകള്‍ നോക്കി പങ്കനതാ നിലത്തവശനായിരിക്കുന്നു.


“ഹുറേ...”


എന്നുറക്കെ ങ്യാവൂ വിളിച്ചു കൊണ്ട് വെള്ളപ്പാണ്ടന്‍ ആ വിജയ ഗാഥ പരസ്യപ്പെടുത്തുവാന്‍ പാഞ്ഞു.


കടുത്ത തലകറക്കത്തില്‍ പങ്കന്‍ നിലത്തിരുന്നു പോയി. കുറച്ചു നേരം ഇരുന്ന ശേഷം നടക്കാന്‍ തുടങ്ങിയ അയാള്‍ പിത്തവെള്ളം ഓക്കാനിച്ചു. ഓക്കാനവും തളർച്ചയുമായി എങ്ങനെയോ വീടുപറ്റിയ അയാള്‍ പായയില്‍ ചുരുണ്ടു കൂടി. ഇടക്കെപ്പോഴോ ഉണര്‍ന്ന്‍ മൂത്രമൊഴിച്ചപ്പോൾ പഞ്ചസാരമണ്ണില്‍ കടും മഞ്ഞ നിറം പടരുന്നത് കണ്ട് ഞെട്ടി.


“മഞ്ഞപ്പിത്തം തന്നാ പങ്കാ..കുറച്ചു നാള്‍ വിശ്രമിച്ചു മരുന്ന് കുടി..”


“ക്ഷീണമാ..വല്ലാത്ത ക്ഷീണം..എപ്പോഴും ഒറങ്ങണം എന്നൊരു വിചാരോള്ള്.”


“പകലുറക്കം ഇളവെയിലിലായിക്കോട്ടേ...അതുമൊരു മരുന്നാ...മൂത്രം വേഗം തെളിയും”


 മോരിലരച്ചു കഴിക്കാനുള്ള ഒറ്റ മൂലിയുമായി വേലപ്പൻ വൈദ്യരുടെ വൈദ്യശാലയിൽ നിന്നിറങ്ങി നടന്ന പങ്കന്‍ കൊച്ച്രേസ്യയുടെ തൊണ്ടിലൂടെ വേച്ചു വേച്ചു നടന്നു. ലോറൻസ് പണിക്ക് പോകാതിരുന്ന ദിവസമായിരുന്നു അത്. അയാളെക്കൊണ്ട് അവനെ ഒന്ന് തല്ലിക്കണം എന്ന് വിചാരിച്ചിരുന്ന കൊച്ച്രേസ്യക്ക് പോലും ആ നടപ്പ് കണ്ട് പാവം തോന്നി.


  പൂച്ചകള്‍ അത്ഭുതം കൂറി. ഒരൊറ്റ മാന്തിന്  ഇത്ര മാറ്റമോ..? ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. ഷാപ്പിലെ സ്‌പെഷ്യല്‍ മേശയില്‍ കഷണങ്ങളായി മാറിയ പ്രിയരെ ഓര്‍ത്തവര്‍ കണ്ണീര്‍ പൊഴിച്ചു. തങ്ങളും പുലിയുടെ വര്‍ഗ്ഗമാണെന്നത് ലോകത്തില്‍ ഒരാളെങ്കിലും അംഗീകരിച്ചു എന്നതില്‍ അവര്‍ ഒന്നാകെ ഊറ്റം കൊണ്ടു. 


“തുടക്കം എപ്പോഴും ചെറുതായിരിക്കും ആദ്യം ഒരു മനുഷ്യന്‍, പിന്നെ പലര്‍, മറ്റു ജന്തുക്കള്‍ നമുക്ക് കീഴടക്കാനുള്ളവര്‍ ഏറെയാണ്‌."


കലിംഗിന് ചുവട്ടില്‍ കൂടിയ പൂച്ചക്കൂട്ടം പുതിയ തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. 


രാവിലത്തെ കഞ്ഞി കുടിയും മരുന്നു സേവയും കഴിഞ്ഞു ഇളവെയിലിൽ തളർന്നു കിടക്കുകയാണ് പങ്കൻ. കലുങ്കിന് താഴെ പതിവ് പൂച്ച സമ്മേളനം കഴിഞ്ഞു വന്ന നേതാക്കൾ അത്ഭുതപ്പെട്ടു. പങ്കനതാ കൺ മുന്നിൽ. 


“കണ്ടോ എന്റെ  മാന്തിന്റെ ഗുണം.“


വെള്ളപ്പാണ്ടൻ ഞെളിഞ്ഞു നിന്നു. 


പൂച്ചകൾ ഒന്നൊന്നായി പങ്കനടുത്തു കൂടെ നടന്നു, ചിലർ പങ്കന് മേൽ കയറി നടന്നു, ഒടുവിൽ ഒരാൾ മാന്തു പരീക്ഷിച്ചപ്പോൾ അയാൾ ഉറക്കമുണർന്നു “ പോ...പൂച്ചെ…” യെന്ന് പ്രതിഷേധിച്ച് തിരിഞ്ഞു കിടന്നു. മഞ്ഞപ്പിത്തത്തിന്റെ തളർച്ചയിൽ പാതിയടഞ്ഞ കണ്ണുകളിലൂടെ പൂച്ചകളുടെ വീറു കണ്ട പങ്കൻ മിണ്ടാതെ കിടന്നു. 


“മതി...ഇത് മതി...ഒന്നാം ഘട്ടം നമ്മൾ തരണം ചെയ്തു കഴിഞ്ഞു.”


പൂച്ചകൾ അടുത്ത ജനറൽ ബോഡി മീറ്റിങ്ങിനും മറ്റു കാര്യപരിപാടികൾക്കുമായി കലിംഗിന് താഴേക്ക് വച്ചു പിടിച്ചു. പോകുന്ന വഴി  തോട്ടിലെ വെള്ളത്തിൽ തങ്ങളുടെ രൂപം നോക്കി പുലിയെപ്പോലെ വായ തുറന്നും മീശ വിറപ്പിച്ചും ഊറ്റം കൊണ്ടു.

 തുടർന്ന് ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത് അവർ അവരുടെ വിസ്മയ ലോകത്ത് അഭിരമിച്ചു. 


മഞ്ഞപ്പിത്തം മാറി പങ്കൻ വീണ്ടും ഷാപ്പിൽ പോകാൻ തുടങ്ങിയപ്പോൾ കൂട്ടത്തിലുള്ള കരിക്കറുപ്പനെ കാണാതായതിനെ വ്യാഖ്യാനിക്കാൻ വളഞ്ഞങ്ങാനത്തെ പൂച്ചകൾക്കായില്ല.


കരിക്കറുപ്പന്റെ തിരോധാനം ഒരു സമസ്യയായി നിൽക്കുമ്പോഴാണ് കൊച്ച്രേസ്യയുടെ വാഴച്ചുവട്ടിൽ മീൻ തല തിന്നു കൊണ്ടിരുന്ന പൂച്ചക്കൂട്ടത്തിനടുത്തേക്ക് വേലി ചാടി പങ്കനെത്തിയത്. പൂച്ചസൈന്യം കൂട്ടത്തോടെ കടിച്ചും മാന്തിയും പങ്കനെ ആക്രമിക്കുന്നതിനിടെ കൂട്ടത്തിൽ വലിപ്പമുള്ള ചക്കിയെ അയാൾ  ചാക്കിലാക്കി. കൊച്ച്രേസ്യയുടെ ചെവി പൊട്ടുന്ന ചീത്ത വിളിക്കിടെ ചാക്ക് തോളിലിട്ട്  നടന്ന അയാളുടെ പിന്നാലെ പാഞ്ഞ ധീരയോദ്ധാക്കളെ വാഴച്ചോട്ടിലേക്ക് തൊഴിച്ചെറിഞ്ഞു. 


എന്താ സംഭവിച്ചത് എന്ന് പൂച്ചക്കൂട്ടം മനസ്സിലാക്കുന്നതിന് മുമ്പേ പങ്കനും  ചാക്കിനുള്ളിൽ നിന്നുള്ള ചക്കിയുടെ ദയനീയമായ കരച്ചിലും അവർക്ക് മുന്നിൽ നിന്നും മറഞ്ഞു.


ഭയന്ന് ഹതാശരായി കലുങ്കിൻ മയങ്ങി കിടന്ന പൂച്ച സൈന്യം എപ്പോഴോ  മുകളിൽ റോഡിലൂടെയുള്ള ജാഥയുടെ മുദ്രാവാക്യം കേട്ടു ഞെട്ടിയുണർന്നു.


"തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉണരുന്നു…."


പൂച്ചകൾ ഓരോരുത്തരും  ഉണർന്ന് കിടന്ന കിടപ്പിൽ തലയുയർത്തി പരസ്പരം നോക്കി. പുത്തനുണർവ് കിട്ടിയ അവർ ഒപ്പമെഴുന്നേറ്റ് കലിംഗിന് പുറത്തേക്ക്‌നടന്നു









No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍