28.11.15

ജ്ഞാന പുസ്തകത്തിലെ പുതിയ താളുകൾ

വെള്ള വിരിപ്പിട്ട നീളന്‍ മേശയുടെ അരികിലൂടെ പൂവിതളുകള്‍ വീണു കിടന്നു. അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്ന ചന്ദന തിരിയുടെയും കുന്തിരിക്കത്തിന്റെയും ശേഷിക്കുന്ന ഗന്ധത്തിന് തീഷ്ണത ഒട്ടും കുറഞ്ഞിട്ടില്ല. കൂടി നിന്നവരിലെ അവസാന ആളും വിലാപയാത്രയുടെ വാലറ്റക്കാരനായി ഗേറ്റ് കടന്നു കഴിഞ്ഞു. മുറ്റത്തെ പന്തലില്‍ നിരത്തിയിട്ട പ്ലാസ്റ്റിക്‌ കസേരകളില്‍ ഒന്നില്‍ ഇപ്പോള്‍ നിമ്മി മാത്രം. വീടിന്റെ വാതിലടച്ചു ധൃതിയില്‍ പുറത്തിറങ്ങിയ ത്രേസ്യാ ചേടത്തി നിമ്മിയെ കണ്ട് ഒന്നമ്പരന്നു. അവളെ ഇവിടെ പ്രതീക്ഷിച്ചതേയില്ല എന്നവരുടെ മുഖത്തെ അമ്പരപ്പ്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്ത് ചോദിക്കണം എന്ന പകപ്പോടെ അവരവളുടെ അടുത്തു വന്നു നിന്നു. ഗേറ്റ് കടന്നു പോയവരുടെ കൂടെ ഒടിയെത്തണം എന്നത് കാര്യം മറന്നപോലെ.
“മോളിതെപ്പോ വന്നു...? ആരാ അറീച്ചത്..? വേറാരും മോളെ കണ്ടില്ലേ...?”
നിമ്മി ഒന്നും മിണ്ടാതെ അവരെത്തന്നെ നോക്കിയിരുന്നപ്പോള്‍ ചോദിച്ചത് അബദ്ധമായോ എന്ന ഭാവത്തില്‍ അവര്‍ പരുങ്ങി.
“വാ...പള്ളീലേക്ക് വരുന്നില്ലേ...?”
അതിനും മറുപടി കിട്ടില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ പഴയ ധൃതി വീണ്ടെടുത്തു മുറ്റത്ത് നിരത്തിയിട്ട കസേരകളില്‍ തട്ടാതെ ഗേറ്റ് കടന്നോടി.
നിമ്മി അപ്പോഴും പന്തലിന്റെ ഏറ്റവും പിന്നിലെ ആ കസേരയില്‍ അനങ്ങാതെയിരുന്നു.

എന്തൊരു ജനക്കൂട്ടമായിരുന്നു തൊട്ടു മുമ്പവിടെ ഉണ്ടായിരുന്നത്. മൈക്കിളിന്റെ ജനസമ്മതിക്കും തറവാടിന്റെ നിലക്കും ചേര്‍ന്ന ശവമടക്ക്. വില കൂടിയ ലേയ്സുകള്‍ കൊണ്ടലങ്കരിച്ച ഭംഗിയുള്ള സ്വര്‍ഗ്ഗപ്പെട്ടിയില്‍ തനിക്ക് ചേര്‍ന്ന പ്രൌഡിയില്‍ മൈക്കിള്‍ കണ്ണടച്ചു നിവര്‍ന്നു കിടന്നു. ചരമ പ്രസംഗത്തില്‍ മൈക്കിള്‍ ഫ്രാന്‍സി‍സ്‌ പഞ്ചായത്തിനും വിശിഷ്യാ ഇടവകക്കും ചെയ്തിട്ടുള്ള സേവനങ്ങള്‍ ഒന്നൊന്നായി എടുത്തു പറയപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ആളുകള്‍ ദു:ഖത്തോടെ നെടുവീര്‍പ്പിട്ടു. ആരുടെയും കണ്ണില്‍ പെടാതെ ഇരുന്ന നിമ്മിയെ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ന്ന ആള്‍ക്കൂട്ട ഗന്ധം ശ്വാസം മുട്ടിച്ചു.
തിരിച്ചു പോകാനുള്ള തീവണ്ടി,പ്ലാറ്റ് ഫോം നമ്പര്‍ ഇവ സൂക്ഷ്മമായി നോക്കി പഠിച്ച ശേഷം നിമ്മി പ്ലാറ്റ് ഫോമിലേക്ക് നടന്നു. നാല് അമ്പതിന് ട്രെയിനുണ്ട്. ഇപ്പോള്‍ നാല് മണി.  പ്ലാറ്റ് ഫോമില്‍ ഇരുന്നു പരിചയക്കാര്‍ക്ക് മുഖം കൊടുക്കാന്‍ മടിച്ച് അവര്‍ സമയം കാത്തു കിടക്കുന്ന ട്രെയിനില്‍ കയറിയിരുന്നു. അതില്‍ ആരും എത്തിയിട്ടില്ല എന്നത് അവര്‍ക്ക് ‌ വല്ലാത്തൊരു സമാധാനം കൊടുത്തു. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം, വിടാനുള്ള സമയം, ഇപ്പോഴത്തെ സമയം ഇതെല്ലാം ഒരിക്കല്‍ കൂടി ആലോചിച്ച് ശ്രദ്ധിച്ച് നിമ്മി സൈഡ് സീറ്റില്‍ വന്നിരുന്നു.

നിമ്മി പണ്ടെ അങ്ങനെയാണ് തെറ്റുമോ തെറ്റുമോ എന്ന് സന്ദേഹിച്ചു ഒരു കാര്യം പലവട്ടം നോക്കും. പറയും. ചെയ്യും. അതായിരുന്നു മൈക്കിളിനെ ഏറ്റവും ചൊടിപ്പിച്ചിരുന്നതും “കാശിനു കൊള്ളില്ലാത്ത സാധനം “എന്നയാളെക്കൊണ്ട് പറയിപ്പിക്കുന്നതും.

ഒരുമിച്ചു ജീവിച്ചകാലത്ത് നിമ്മി ആദര്‍ശവതിയായ ഭാര്യയിരുന്നു. അത് കൊണ്ടു മൈക്കിളിനോടു ഒരു ഏറ്റുമുട്ടല്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. ഒരു ഭാര്യ എങ്ങനെയാകണം എന്ന് വിവാഹത്തിനു മുന്നേ പല ഇടത്തു നിന്നും അവള്‍ക്ക് നിര്‍ലോഭം ഉപദേശങ്ങള്‍ ലഭിച്ചിരുന്നു. എല്ലാ ഉപദേശങ്ങളുടെയും കാതല്‍ ഒന്ന് തന്നെയായിരുന്നു. മൈക്കിള്‍ പറയുന്നതിനപ്പുറം നിനക്കൊരു വാക്കുണ്ടാകരുത്. മൈക്കിളിന്റെ ഇഷ്ടമാണ് നിന്റെ ഇഷ്ടം, മൈക്കിളിന്റെ മക്കളെ നോക്കിയാണിനി നിന്റെ ശിഷ്ട ജീവിതം. പല മുഖങ്ങളില്‍ നിന്നും ഒരേ ഉപദേശം കേട്ട് കാത് തഴമ്പിച്ചപ്പോള്‍ ആദ്യ ഉപദേശത്തില്‍ തന്നെ മനസ്സില്‍ കിടന്നു എരിപൊരി കൊണ്ട ആ ചോദ്യം അറിയാതെ പുറത്തേക്ക് വീണു. അവളുടെ കല്യാണത്തലേന്നായിരുന്നു അന്ന്.

“അപ്പോള്‍ മൈക്കിള്‍ എന്തെങ്കിലും തെറ്റ് പറഞ്ഞാലോ...?”
അവളുടെ പൊട്ട് സംശയത്തിനു മേല്‍ അന്നക്കുട്ടി അമ്മായി അവളുടെ വായ പൊത്തി.
“ഇതെന്നതാ ഈ പെങ്കൊച്ച് പറയണത്...?” അതിശയം കൊണ്ടവരുടെ കണ്ണ് മിഴിഞ്ഞു.
“കല്യാണം കഴിഞ്ഞു ഒരു കുടുംബത്തീ പാര്‍ക്കാന്‍ പോണ കൊച്ചാ ഇമ്മാതിരി ചോദിക്കണേ...?”
അപ്പോള്‍ ഇപ്പൊ വരെ താന്‍ ജനിച്ചു വളര്‍ന്ന വീട് കുടുംബമല്ലേ എന്ന് കൂടി ചോദിക്കാന്‍ നിമ്മി ആഞ്ഞു. അന്നക്കുട്ടിയമ്മായിയുടെ കണ്ണാടക്കുള്ളിലെ മിഴിച്ച കണ്ണുകള്‍ അവളുടെ ചോദ്യത്തെ തൊണ്ടയില്‍ തടഞ്ഞു നിര്‍ത്തി . ആ ചോദ്യം അവളുടെ തൊണ്ടയില്‍ കിടന്നു കുറുകി ഒരു മുള്ള് പോലെ അവിടം ചൊറിഞ്ഞു. അവള്‍ക്കു വല്ലാത്ത ചുമ അനുഭവപ്പെട്ടു. നിമ്മി നിര്‍ത്താതെ ചുമച്ചു തുടങ്ങി.
“നീ ഇവിടെ ഇരി, ഞാനിത്തിരി ചൂടു വെള്ളം കൊണ്ടത്തരാം. ഇനി നാളെ പള്ളീച്ചെന്ന് നിന്ന് ചൊമയ്ക്കണ്ടല്ലോ”.
ചൂടു വെള്ളം തൊണ്ടക്കുള്ളിലൂടെ അരിച്ചിറരങ്ങുമ്പോള്‍ തന്റെ സംശയം പൊള്ളിച്ചുളുങ്ങുന്നത് നിമ്മി അറിയുന്നുണ്ടായിരുന്നു.
മൈക്കിളിന്റെ വീടെന്ന കുടുംബത്തില്‍ നിമ്മി അവള്‍ക്ക് ലഭിച്ച ഉപദേശങ്ങളെ പ്രയോഗത്തില്‍ വരുത്തി. മിക്കവാറും തെറ്റുകള്‍ മാത്രം പറയുന്ന മൈക്കിളിന് മുന്നില്‍ അന്നക്കുട്ടിയമ്മായിയുടെ തുറിച്ച കണ്ണുകള്‍ അവളെ പല ചോദ്യങ്ങളും വിഴുങ്ങുവാന്‍ പഠിപ്പിച്ചു. മനസ്സിലെ ചോദ്യങ്ങള്‍ തൊണ്ടക്കുള്ളില്‍ മുള്ളുകളായി വളര്‍ന്ന് അവള്‍ ചുമച്ചു കൊണ്ടിരുന്നു.
“നാശം...എപ്പോഴും ഈ ചൊമ...ഇതെന്നാടീ..ക്ഷയാ....? “
 കിടക്കയില്‍ ഉരുണ്ടു പിരണ്ട് അയാളവളുടെ മേൽ പരാക്രമം തീര്‍ക്കുമ്പോഴും നിമ്മി ചുമച്ചു.
“നിന്റെ ചൊമ ഇന്ന് ഞാന്‍ തീര്‍ത്ത് ‌ തരണണ്ട്.”
മുരണ്ടു കൊണ്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ നോക്കുന്തോറും അവളുടെ തൊണ്ടയില്‍ മുള്ളുകള്‍ വീണ്ടും കൊളുത്തി വലിച്ചു.
സ്നേഹമെന്ന താമരയല്ലിയെ ചതച്ചരക്കുന്ന കിതപ്പുകളെ  അറപ്പോടെ കേട്ട്  കിടന്ന നിമ്മി ചുമയടക്കാൻ പാടു പെട്ടു.
ഒന്ന് മറഞ്ഞു നോക്കാന്‍ മാത്രമായി മണിക്കൂറുകളുടെ കാത്തുനില്‍പ്പുകള്‍. അതില്‍ നിന്ന് കിട്ടുന്ന ഏതാനും നിമിഷങ്ങളുടെ നെഞ്ചിടിപ്പിന്റെ അകമ്പടി തീര്‍ക്കു ന്ന നോട്ടങ്ങള്‍. ഓര്‍ത്തോര്‍ത്തു മനസ്സില്‍ ഉരുവിടുന്ന പ്രണയവരികള്‍. അതായിരുന്നു നിമ്മി അതുവരെ അനുഭവിച്ചിട്ടുള്ള സ്നേഹം. ആ നിമിഷങ്ങളുടെ തരികള്‍ക്ക് ഒരിക്കലും മായാത്ത മധുരവും ഉണ്ടെന്നുമാണ് അവള്‍ അതുവരെ മനസ്സിലാക്കിയിരുന്നതും.
സ്നേഹം എന്നത് ജീവിതവുമായി തീരെ ബന്ധമില്ലാത്ത ഒന്നാണെന്നും വീട്, മതം, ജാതി, സമ്പത്ത്, സമൂഹം ഇവയൊക്കെ കൂട്ടിയരച്ച് ചവര്‍പ്പുള്ള ഒരു കഷായമാണെന്നും നിമ്മി പിന്നീട് പഠിച്ചു. തൊണ്ടയില്‍ മുള്ളുകള്‍ കുരുങ്ങിയുള്ള ചുമ നിമ്മിക്കു ശീലമായി. മുള്ളുകള്‍ വര്‍ഷങ്ങളെടുത്തു അവളുടെ തൊണ്ടക്കുള്ളില്‍ കനമുള്ള തഴമ്പുകള്‍ തീര്‍ത്തു. പിന്നീട് തഴമ്പുകളില്‍ കുരുങ്ങുന്ന മുള്ളുകള്‍ കൊണ്ടു നിമ്മി ചുമച്ചില്ല. കട്ടിയുള്ള തഴമ്പുകളില്‍ അവ കോര്‍ത്തു വലിക്കുന്നത് അവള്‍ അറിയാതായി!!!!!!

പഞ്ചായത്ത് പ്രസിഡന്റും പള്ളി കൈക്കാരനുമായ മൈക്കിളിന്റെ ഭാര്യ അയാളില്‍ നിന്ന് പിരിഞ്ഞു പോയതായിരുന്നു അടുത്ത കാലത്ത് നാട്ടില്‍ കേട്ട പ്രമാദമായ വാര്‍ത്ത. അതും നിയമ പ്രകാരം.
“നിങ്ങളുടെ മകളെ കെട്ടിച്ച് വിട്ടു, രണ്ടു പേര്‍ക്കും പ്രായമായി വരുന്നു, ഒരു കൂട്ട് വേണ്ടപ്പോ നീയിങ്ങനെ തുടങ്ങുന്നത് ശരിയാണോ നിര്‍മ്മലേ..?”
ഇടവക വികാരിയുടെ മുറിയിലെ മേശപ്പുറത്തെ കൊച്ചു കുരിശു രൂപത്തെ നോക്കിയിരിക്കുകയായിരുന്നു നിമ്മി അപ്പോള്‍. തൊട്ടടുത്ത കസേരയില്‍ ഗര്‍വോടെ തല ഉയര്‍ത്തി പിടിച്ച് മൈക്കിള്‍.
“ശരികള്‍ എനിക്കൊന്നും തന്നില്ലച്ചാ...”
എന്ന മറുപടി കേട്ട് അച്ചന്‍ ഞെട്ടി. നാലാളുടെ മുന്നില്‍ നിന്ന് ഒരു വാചകം പറയാനറിയാതെ പരിഭ്രമിച്ചു ചുരുണ്ടു കൂടുന്ന നിമ്മി അച്ചന്‍ പറഞ്ഞാല്‍ അനുസരിച്ചു കൊള്ളും എന്ന കണക്ക് കൂട്ടല്‍ തെറ്റിയതില്‍ മൈക്കിള്‍ അതിലേറെ ഞെട്ടി.
“ഒന്നും തന്നില്ലെ..? നല്ലൊരു കുടുംബത്തില്‍ നല്ലൊരാളുടെ ഭാര്യയായി ജീവിച്ചില്ലേ...? എത്ര മിടുക്കിയാണ് നിങ്ങളുടെ മകള്..? അവളറിഞ്ഞില്ലേ ഇത്..? “
നിമ്മി പിന്നീടൊന്നും ശബ്ദിച്ചില്ല. ചോദ്യം തന്നോടല്ല എന്ന ഭാവത്തില്‍ നിര്‍വികാരയായിരുന്നു. അതോടെ മൈക്കിളിന്റെ നീയന്ത്രണം വിട്ടു. കസേരയില്‍ നിന്നെഴുന്നേറ്റ് കലി തുള്ളിയലറിയ അയാളെ അച്ചന്‍ ഒരു തരത്തിലാണ് സമാധാനിപ്പിച്ചിരുത്തിയത്.
“നീയിവളെ നല്ലൊരു ധ്യാനത്തിന് കൂടിക്കൊണ്ട് പോ... മൈക്കിളെ..”.
എന്ന അനുമാനത്തില്‍ അച്ചന്‍ ഈ കുഴഞ്ഞു മറിഞ്ഞ പ്രശ്നത്തിനൊരു പോം വഴി നിര്‍ദ്ദേശിച്ചു.
“ഈ പെണ്ണുംപിള്ളക്കിതെന്തിന്റെ കേടാ...? മകള്‍ കെട്ടി ക്കഴിഞ്ഞപ്പോള്‍ ഒരു പ്രാന്ത്. ആ മൈക്കിളിനെപ്പോലെ ഒരാളുടെ പേര് നശിപ്പിക്കാന്‍...ഇട്ടിട്ടു പോകാനായിരുന്നേല്‍ അങ്ങ് നേരത്തെ ആകാമായിരുന്നില്ലേ ഇതിപ്പോ പ്രായം കഴിഞ്ഞപ്പോഴാ ഒരു പൂതി.”
നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പ്രതികരിച്ചു.
മൈക്കിള്‍ ഫ്രാൻസിസ്‌ എന്ന അലക്കി പശ മുക്കിത്തേച്ച മുണ്ടിനും ഷര്‍ട്ടിനുമുള്ളിലെ ഉടയാത്ത രൂപം നാട്ടുകാര്‍ കല്‍പ്പിച്ചു കൂട്ടിയ പൌരുഷ അടയാളമായിരുന്നു. ആ രൂപത്തിന്റെ ഷര്‍ട്ടൊന്നുലഞ്ഞാല്‍, മുണ്ടൊന്നു ചുളുങ്ങിയാല്‍ അവര്‍ക്ക് സഹിക്കില്ല പിന്നല്ലേ അയാളുടെ ഈ മധ്യവയസ്സ് കഴിഞ്ഞ ഒന്നിനും കൊള്ളില്ലാത്ത ഭാര്യ അയാളുടെ പ്രതിച്ഛായ കറ പിടിപ്പിക്കാന്‍ നോക്കുന്നത്.
അവരോടു പോകാമ്പറ. എന്തിന്റെ കുറവാ അയാള്‍ക്ക് ...? കള്ള് കുടിയോ,പെണ്ണ് പിടിയോ..അങ്ങനെ എന്തിങ്കിലും പേര് ദോഷം ഉണ്ടോ...? അവര്‍ക്കേ സൂക്കേട് വേറെയാ, മകള്‍ട കല്യാണം കഴിയണ വരെ പിടിച്ചു നിന്നതാ. പണ്ടു കോളേജീ പടിച്ചോണ്ടിരുന്നപ്പോ ആര്‍ക്കാണ്ടും കത്ത് കൊടുത്തതിനു പഠിപ്പ് നിര്‍ത്തി കെട്ടിച്ചു വിട്ട കക്ഷിയല്ലേ ആള്....

കണ്ണുകളിലൂടെ പ്രണയം തിരിച്ചറിഞ്ഞ നാളുകളായി നിമ്മിയുടെ കോളേജ്‌ കാലം. സദാ പിടക്കുന്ന അവളുടെ കണ്ണുകളെ തിളക്കമുള്ള ഒരു ജോടി കണ്ണുകള്‍ തേടുന്നത് നിമ്മി കണ്ടു പിടിച്ചിട്ടു അധിക കാലമായിരുന്നില്ല. ഓണാവധിക്കു ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ വന്ന നിമ്മി എഴുതി വെച്ച കത്ത് കുടുബംഗങ്ങളുടെ സമക്ഷത്തില്‍ വിചാരണ ചെയ്യപ്പെട്ടു. പെഴക്കാന്‍ നടക്കുന്നവളെ ഇനി കോളേജിലേക്കിനി വിടേണ്ട എന്ന അന്ത്യ തീരുമാനം ഒന്നടങ്കം നടപ്പാക്കപ്പെട്ടു.
ദു:ഖിതായി മുറിയില്‍ ചടഞ്ഞിരുന്ന നിമ്മിയുടെ അടുത്തു വന്ന വല്യമ്മ വേദപുസ്തകത്തിന്റെ തൊണ്ണൂറ്റി ഒന്നാം സങ്കീര്‍ത്തനത്തിന്റെ പേജു തുറന്നു കൊടുത്തു.
“എന്റെ കൊച്ചിനിനി ഒരു മനോവിചാരോം വാരിയേല. മോളിത് വായിച്ചോ.”

രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നിഷ്പ്രഭമാക്കുന്ന, ശത്രുക്കളെ എരിയുന്ന തീയില്‍ ഇടുന്ന ബൈബിള്‍ സങ്കീര്‍ത്തന വചനങ്ങള്‍ അവളെ ചകിതയാക്കി. എന്തിനാണ് ഇങ്ങനെ ഭയപ്പെടുത്തുന്ന വരികള്‍ വായിപ്പിച്ചു പേടിപ്പെടുത്തുന്നതെന്ന് ചോദിക്കാന്‍ കൂടി അവള്‍ ഭയപ്പെട്ടു. പ്രണയക്കേസില്‍ വിചാരണ നേരിട്ട പെണ്കുട്ടിയായത് കൊണ്ട് അവള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അര്‍ഹതയില്ലായിരുന്നു
വിരസതയോടെ വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ മറിക്കവേ ഉത്തമ ഗീതങ്ങളില്‍ ചെന്നവളുടെ കണ്ണുകള്‍ തറച്ചു. ഉണങ്ങി നശിച്ച അവളുടെ പ്രണയത്തിന്റെ തോട്ടത്തിലേക്ക് സോളമന്‍ പ്രതീക്ഷയുടെ വിത്തെറിഞ്ഞു. ആശയുടെ മഴ പെയ്യിച്ചു. മോഹത്തിന്റെ വളം വിതറി. നിമ്മിയില്‍ പ്രണയത്തിന്റെ മുള പൊട്ടി. നനഞ്ഞ മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് തല നീട്ടുന്ന ഇളം നാമ്പെന്നപോലെ നിമ്മി തരളയായി
സോളമനോടു ചേര്ന്ന് അവള്‍ ജയകൃഷ്ണന് വീണ്ടും കത്തുകളെഴുതാനാരംഭിച്ചു.

“നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാര്‍ എന്നെ കണ്ടു. അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു. മതില്‍ കാവൽക്കാര്‍ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
യെരൂശലേം പുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.”
അവള്‍ അവന് കണ്ണീരോടെ കത്തെഴുതി പോസ്റ്റ് ചെയ്തു.

നിമ്മിയുടെ തറവാടിന്റെ ഭീഷണിയില്‍ നാട് വിട്ട ജയകൃഷ്ണന്റെ ഓലവീട്ടിലെ കാലാടുന്ന മേശപ്പുറത്ത്, അവന്റെ അക്ഷരാഭ്യാസമില്ലാത്ത അമ്മക്ക് വായിക്കാനറിയാതെ, നിര്‍മ്മല ജോസഫ്‌ സ്നേഹപൂര്‍വം എഴുതിയ ആ കത്തുകള്‍ അനാഥമായി കിടന്നു.
ചൊല്ലിക്കൊടുത്ത പ്രേമ ഗീതങ്ങള്‍ക്ക് ജയകൃഷ്ണന്‍ മറുപടി തരുന്നില്ലല്ലോ എന്നവള്‍ സോളമനോടു പരാതി പറഞ്ഞു.
“ഇതിലും ഉത്തമമായത് വല്ലതും ഉണ്ടോ....? ജയന്‍ എന്നെ മറന്നു കളഞ്ഞോ...?” അവള്‍ കണ്ണീരോടെ കാത്തിരുന്നു.
"നിരാശപ്പെടാതിരിക്കൂ...."
 സോളമന്‍ അവളെ തന്റെ പ്രേമ ഗീതങ്ങളുടെ ആദ്യ വരികള്‍ ഓര്‍മ്മിപ്പിച്ചു.
“അവന്‍ തന്റെ അധരങ്ങളാല്‍ എന്നെ ചുംബിക്കട്ടെ. നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൌരഭ്യമായത്. നിന്റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു.”
നിര്‍മ്മല ജോസഫ്‌, ജയ കൃഷ്ണന് എഴുതിയ അവസാന കത്തായിരുന്നു അത്. ആ കത്തിനു ജയകൃഷ്ണന്റെ കൂനാച്ചി വീടിന്റെ മേശപ്പുറത്തെത്തുവാന്‍ ഭാഗ്യമുണ്ടായില്ല. എന്തിനു തുപ്പല്‍ ചേര്‍ത്തു പതിവ് ചുംബനത്തോടെ ചുവന്ന പോസ്റ്റ് പെട്ടിയില്‍ ചെന്ന് വീഴുവാന്‍ പോലും ആ ഇന്‍ലഡിന് യോഗമുണ്ടായില്ല. നുള്ള് നുള്ളായി കീറി എറിയപ്പെട്ട ആ കത്ത് അടുപ്പില്‍ കിടന്നെരിഞ്ഞു. പൊതിരെ തല്ലു കൊണ്ട നിമ്മിയുടെ കണ്ണിന്റെ ചോപ്പും മുഖത്തിന്റെ നീരും മാറിയ ഉടനെ അവള്‍ മൈക്കിളിന്റെയും വീട്ടുകാരുടെയും മുന്നില്‍ കാഴ്ച വസ്തുവായി നിന്ന് കൊടുത്തു.
അടങ്ങിയൊതുങ്ങി കെടന്നാ നിനക്ക് കൊള്ളാം എന്ന അന്ത്യ ശാസന നിമ്മിയെ വിറപ്പിച്ചു.
അടങ്ങിയൊതുങ്ങി കിടന്ന അനുസരണയുള്ള ഭാര്യ വര്‍ഷങ്ങള്‍ക്ക് ശേഷം മറിച്ചൊന്നു ചിന്തിച്ചത് ട്രീസയുടെ വിവാഹപ്പിറ്റേന്നായിരുന്നു.
ട്രീസയുടെ വിവാഹം വല്ലാത്ത കോളിളക്കമാണ് വീട്ടില്‍ സൃഷ്ടിച്ചത്. തള്ളയുടെ സ്വഭാവ ദൂഷ്യം കൊണ്ടാണെന്നും വിത്തു ഗുണം തലമുറകളോളം നില്‍ക്കുമെന്നും ഒക്കെ മൈക്കിള്‍ ഉറക്കെ ചീറിയെങ്കിലും ട്രീസ കല്ല്‌ പോലെ അനങ്ങാതെ നിന്നു.
“തനിയെ പോയി കെട്ടു നടത്താന്‍ അറിയാഞ്ഞിട്ടല്ല” എന്ന അവളുടെ ഭീഷണിയില്‍ അയാള്‍ തോറ്റ് പോയിരുന്നു. ഒരു ജാതിയെന്നു പറഞ്ഞിട്ടും കാര്യമില്ല തറവാടാണ് നോക്കേണ്ടത്, ഇന്നലെ കാശുണ്ടായവര്‍ തനി നിറം എപ്പോഴെങ്കിലും കാണിക്കും എന്നൊക്കെ മനസ്സ് ചോദ്യത്തിന്റെ തലേ നാള്‍ വരെ അയാള്‍ ഒച്ച വെച്ചു. കല്യാണ പിറ്റേന്ന് അലക്സിന്റെ വീട്ടിലേക്കു പോകാന്‍ തുടങ്ങുമ്പോഴാണ് ട്രീസ രഹസ്യമായി അടുത്ത് വന്നങ്ങനെ ചോദിച്ചത്..
“എന്തിനാ മമ്മാ...ഇങ്ങനെ സഹിച്ച്...വെറുതെ ഇത്രേം നാള്‍ .... ഇട്ടിട്ടു പോകായിരുന്നില്ലേ..?”
“എങ്ങോട്ട്...?”
“മമ്മയെ ഇഷ്ടപ്പെട്ട ആളിന്റടുത്തേക്ക്..”
നിമ്മി ഒരു നിമിഷം കുളിര്‍ന്നുലഞ്ഞു. അവളുടെ ചൈതന്യം നഷ്ടപ്പെട്ട കണ്ണുകള്‍ എന്തിനോ വേണ്ടി ദ്രുതഗതിയില്‍ പിടച്ചു. എപ്പോഴോ തുടിപ്പ് നഷ്ടപ്പെട്ട കവിളിണകള്‍ ഒരു തിരിച്ചു വരവിനു ശ്രമിച്ചു. ഇഷ്ടപ്പെടുക!!! സ്നേഹിക്കപ്പെടുക !!! കാലങ്ങളായി മറന്നു പോയ വാക്കുകള്‍ !!!
വിദൂര കാലത്തെവിടെയോ അവള്‍ മറന്നു കളഞ്ഞ പഴയൊരു സ്വപ്നം എല്ലാ ആരവങ്ങളോടു കൂടിയും അവള്‍ക്കു മുന്നില്‍ ചിറകു വിരിച്ചു നിന്നു.
ഒരു നിമിഷ നേരത്തിനു ശേഷം വിഡ്ഡിത്തം  പറഞ്ഞപോലെ ട്രീസ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഓ....അയാള് ഭാര്യേം മക്കളുമൊക്കെയായി ജീവിക്കുകയായിരിക്കും ആല്ലേ..?”
“അതിനയാള്‍ എവിടെ എന്ന് പോലും പിന്നീടറിഞ്ഞു കൂട മോളേ...”
അത് പറയുമ്പോള്‍ അവരില്‍ വല്ലാത്തൊരു നഷ്ട ബോധമുണ്ടായിരുന്നു എന്ന് ട്രീസ തിരിച്ചറിഞ്ഞു.
“എങ്കില്‍ മമ്മ ഒരു നിമിഷം ഈ നരകത്തില്‍ കഴിയാതെ പോയി രക്ഷപ്പെട്. മമ്മക്ക് കഴിയാനുള്ളത് വല്യപ്പച്ചന്‍ തന്നത് കിടപ്പില്ലേ..? അങ്കിള്‍മാരോട് ഞാന്‍ പറഞ്ഞോളാം. ഇവിടെ ഡാഡിക്ക് മമ്മയുടെ ആവശ്യമൊന്നും കാണില്ല മെക്കിട്ടു കേറാന്‍ ഒരാള് .അതിപ്പോ മമ്മ വേണമെന്നില്ല ഏതെങ്കിലും വേലക്കാരായാലും പോരെ..?”
മനസ്സില്‍ ഒരു തീപ്പൊരി വിതറിയാണ് ട്രീസ ഇറങ്ങിപ്പോയത്‌. ആ തീപ്പൊരി ഒന്നല്ല രണ്ടല്ല പല പെരുക്കങ്ങളായി തലയില്‍ പൊട്ടിത്തെറിച്ച ഒരു ദിവസമാണ് മൈക്കിളിന്റെ കെട്ടിയവള്‍ എന്ന പേരില്‍ ഇത്രയും കൊല്ലം ജീവിച്ചു തീര്‍ത്ത ജീവിതത്തില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ധൈര്യത്തിലേക്ക് നിമ്മി എത്തിച്ചേര്‍ന്നത്. ഇത്രയും കാലം താന്‍ ആരായിരുന്നു എന്നോര്‍ത്തപ്പോള്‍ നിമ്മിക്കു എന്തോ വായിലേക്ക് തികട്ടി വന്നു. അവര്‍ വാഷ്‌ബേസിനില്‍ മുന്നില്‍ പോയി മതി വരുവോളം ശര്‍ദിച്ചു. നിമ്മിയുടെ തൊണ്ടപൊട്ടി രക്തം കിനിഞ്ഞു. വര്‍ഷങ്ങളായി തൊണ്ടക്കുള്ളില്‍ കട്ടിയില്‍ ഇരുന്ന തഴമ്പുകള്‍ രക്തക്കട്ടകളായി വെള്ളത്തിലൂടെ ഒഴുകിപ്പോയി.
കാലങ്ങളോളം ഉറങ്ങി കിടന്ന ഒരാള്‍ എന്നവണ്ണം നിമ്മി കുലുക്കി ഉണര്‍ത്തപ്പെട്ടു. അതൊരു ഞെട്ടി ഉണരല്‍ തന്നെയായിരുന്നു. ആ ഉണരല്‍ ഒരു പുതിയൊരു ലോകത്തിലേക്കായിരുന്നു. ചുറ്റും പൂക്കളുടെ സുഗന്ധം. കണ്ണുകള്‍ സാവധാനം തുറക്കവേ നിമ്മി ആ ശബ്ദം കേട്ടു.
“അത്തിക്കായ്കള്‍ പഴുക്കുന്നു. മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു. എന്റെ പ്രിയേ, എഴുന്നേല്ക്ക . എന്റെ സുന്ദരീ, വരിക.”
നിമ്മി അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ചു. അരികില്‍ ഉത്തമഗീതങ്ങളുടെടെ പുസ്തകവുമായി നില്ക്കു ന്ന സോളമനെ വിശ്വസിക്കാനാവാതെ നോക്കി.
സോളമന്‍ അവളോട് ചോദിച്ചു.
“എന്തിനാണിങ്ങനെ നിന്റെ പ്രണയത്തെ കുഴിച്ചു മൂടിയത്...? ഒരു പ്രണയിനിക്ക് ഇങ്ങനെ കാലങ്ങളോളം മറഞ്ഞിരിക്കാനാകുമോ...?”.
“പ്രണയിനി മറഞ്ഞിരുന്നേ ഉള്ളു, അവളുടെ പ്രണയം മരിച്ചില്ലായിരുന്നു. അത് കൊണ്ടല്ലേ അങ്ങേക്കെന്നെ ഉണര്‍ത്താനായത്. ജ്ഞാനത്തിനു കേള്‍വികേട്ട അങ്ങേക്ക് ഇത് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ...?”
എങ്ങോ കൈവിട്ടു പോയി എന്നവള്‍ വിചാരിച്ചിരുന്ന മനസ്സ് വീണ്ടും ഒരു തുമ്പിയെപ്പോലെ പാറിപ്പറക്കുന്നത് നിമ്മി അത്ഭുതത്തോടെ നോക്കി നിന്നു. അത് ജയകൃഷ്ണനടുത്തെക്കാണോ...? മനസ്സിലാകുന്നില്ല. പക്ഷേ, ഒന്നവള്‍ക്ക് മനസ്സിലായി. പ്രണയം തുളുമ്പുന്ന മനസ്സവള്‍ക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. അവളുടെ വരണ്ടുണങ്ങിയ കവിളുകള്‍ തുടുത്തു തുടങ്ങി, കണ്ണുകള്‍ പ്രേമത്തിന്റെ ഉറവള്‍ കുരുത്ത് തിളങ്ങി.
മൈക്കിളും അയാളുടെ പേടിപ്പെടുത്തലും നിമ്മിയുടെ പ്രേമത്തിന് മുന്നില്‍ ഒന്നുമല്ലാതായി. അവളുടെ കൂസലില്ലായ്മയില്‍ അയാള്‍ അമ്പരന്നു. അവള്‍ സോളമനോടു ചേര്‍ന്ന് നിന്ന് വീണ്ടും പ്രേമഗീതങ്ങള്‍ മൂളിത്തുടങ്ങി.
“എന്നെ ചുംബനങ്ങള്‍ കൊണ്ടു മൂടൂ.
കാരണം നിന്‍െറ സ്നേഹം വീഞ്ഞിനേക്കാള്‍ മെച്ചമാണ്.”

“ഒക്കെക്കഴിഞ്ഞിതിനിപ്പോ പ്രാന്തായെന്നാ തോന്നണെ... “ മൈക്കിളിന്റെ പുച്ഛം നിറഞ്ഞ ശബ്ദം.

എഴുന്നേല്ക്കൂ , എന്റൊ പ്രിയേ, എന്റെ സുന്ദരീ.
നമുക്ക് അകലങ്ങളിലേക്കു പോകാം”.

സോളമന്റെ ശബ്ദം നിമ്മിയുടെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അങ്ങനെയാണ് എല്ലാം ഉപേക്ഷിച്ച നിമ്മിയില്‍ പഴയ നിമ്മിയുണ്ടായത്.
“അപ്പന്റെ വീതോം തറവാടും കിടക്കുന്നത് കൊണ്ടു നിനക്ക് പ്രയാസമില്ലാതെ കഴിയാം. കുടുംബത്തിലേക്ക് കയറി വന്നു ഞങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കരുത്.”
 ചേട്ടന്മാരുടെ കല്‍പ്പനയും നിമ്മിക്ക് നിസ്സാരമായിരുന്നു. പതിനെട്ടു വയസ്സ് മാത്രമുണ്ടായിരുന്ന പണ്ടത്തെ നിമ്മിയെ ഭയപ്പെടുത്തിയ പോലെ ഇപ്പോഴവര്‍ നടത്തിയ ശ്രമങ്ങള്‍ വെറുതെയായി എന്ന് നിമ്മിയുടെ മുഖം വിളിച്ചു പറഞ്ഞു.

“ഒക്കെ അവളുടെ പണിയാ ആ ട്രീസേടെ. അവള്‍ക്ക് അപ്പനെന്നു പറഞ്ഞാ പണ്ടേ ഒരു വേലേം ഇല്ലായിരുന്നല്ലോ. തന്നിഷ്ടത്തിനു കല്യാണം നടത്തിയതോടെ ആ അസത്തിനാരേം പേടീം ഇല്ലാണ്ടായി. അവളുടെ ബെലത്തിലാ ഇവളുടെ കളി. ഇതെത്ര കാലം പോകുമെന്ന് കാണാമല്ലോ. അവള്‍ക്ക് ഇംഗ്ലണ്ടീരുന്നു അമ്മേനെ പിരിയിളക്കിയാ മതീല്ലോ...”

നിമ്മിയുടെ വീട്ടില്‍ പ്രണയ ഗീതങ്ങള്‍ മുറികളില്‍ നിന്നും മുറികളിലേക്ക് ഒഴുകി നടന്നു. ആ വീടിനുള്ളില്‍ കയറിയിറങ്ങുന്ന കാറ്റിനു ഒരു പ്രത്യേക സുഗന്ധമുണ്ടായിരുന്നു. അവളുടെ വീടിനു മുകളില്‍ സൂര്യന്‍ പ്രണയത്തിന്റെ വെളിച്ചം വിതറി, രാത്രികളില്‍ ചന്ദ്രനും നക്ഷത്രങ്ങളും ജാലക വിരികളിലൂടെ നിമ്മിയെന്ന പ്രണയിനിയെ ഒളിഞ്ഞു നോക്കാന്‍ മല്‍സരിച്ചു.

ആരെയും പേടിക്കാതെ ഒളിക്കാതെ പ്രണയത്തിന്റെ എല്ലാ സ്വാതന്ത്ര്യവും ആഘോഷിച്ചവളെഴുതിയ കത്തുകള്‍ വിലാസമില്ലാതെ ഒട്ടിച്ച കവറുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി മേശ മേല്‍ നിറഞ്ഞു കിടന്നു.
പ്രണയത്തിന്റെ സുന്ദര ലോകത്തില്‍ നിമ്മിയങ്ങനെ തീര്‍ത്തും സംതൃപ്തയായി ജീവിക്കുന്ന കാലത്താണ് മൈക്കിളിന്റെ മരണമുണ്ടായത്. രാവിലെ വീട്ടില്‍ വന്ന വേലക്കാര്‍ കോളിംഗ് ബെല്ലടിച്ചും വാതില്‍ മുട്ടിയും മടുത്ത് ഒടുവില്‍ വാതില്‍ പൊളിച്ചകത്ത് കയറിയപ്പോഴാണ് ലോകം അതറിഞ്ഞത്. നല്ലവനായ ആ മനുഷ്യനെ ഇങ്ങനെ ഒരു മരണത്തിനു കാരണക്കാരിയായ നിമ്മി കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും വിചാരണ ചെയ്യപ്പെട്ടു.

”ഒന്ന് പോയി കണ്ടേരേ..മമ്മാ...പഴയ വൈരാഗ്യം ഒന്നും മനസ്സില്‍ വെക്കണ്ട. ഒന്നുമില്ലേലും പത്തിരുപത്തഞ്ച് കൊല്ലം കൂടെ കഴിഞ്ഞതല്ലേ.”
ട്രീസ തന്നെയാണ് മമ്മയെ ഉപദേശിച്ചത്. ഇംഗ്ലണ്ടിലുള്ള ട്രീസയുടെ വരവും കാത്ത് മൈക്കിള്‍ ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ മരവിച്ചു കിടക്കുകയായിരുന്നു അപ്പോള്‍.

ആളുകയറി നിറഞ്ഞു കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ഒരറ്റത്ത് കണ്ണടച്ചിരിക്കുന്ന നിമ്മിക്കരികില്‍ പതിവ് പോലെ സോളമന്‍ എത്തി.
“നിര്‍മ്മലേ....”
ഇമ്പമാര്‍ന്ന സ്വരത്തില്‍ അദ്ദേഹമവളെ വിളിച്ചു. അവളെ തട്ടിയുണര്‍ത്താന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തെയോ സ്പര്‍ശനത്തെയോ തിരിച്ചറിയാനാവാതെ ഇന്ദ്രിയങ്ങള്‍ മരവിച്ച നിമ്മി അതെ ഇരിപ്പ് തുടര്‍ന്നു .
സമയം നാല് അമ്പത്. നിറയെ ആള്‍ നിറഞ്ഞു വിടാറായ ട്രെയിനില്‍ നിന്നും നിമ്മി പെട്ടെന്ന് ഇറങ്ങി നടന്നു. ശവമടക്ക് കഴിഞ്ഞു ആളൊഴിഞ്ഞ സിമിത്തേരില്‍ അവര്‍ എന്തിനെന്നറിയാതെ നിന്നു. സമയം പോകുന്നതറിയാതെ.... സന്ധ്യ രാത്രിക്ക് വഴി മാറിയതറിയാതെ.....
തന്റെ എല്ലാ അറിവിനെയും തോല്‍പ്പിച്ചു സിമിത്തേരിയില്‍ നില്ക്കു ന്ന നിമ്മിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച സോളമന്‍ ജ്ഞാനത്തിന്റെ പുസ്തകം തുറന്നു, അതില്‍ പുതിയ താളുകള്‍ എഴുതി ചേര്‍ത്തു.
----------------------------------------------------------------------------------------------------------

സോളമൻ.-പുരാതന യഹൂദരാജ്യത്തിലെ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്ന വിജ്ഞാനിയായ രാജാവ്‌. ബൈബിള്‍ പഴയ നിയമത്തിലെ ഉത്തമഗീതങ്ങള്‍, ജ്ഞാനത്തിന്റെ പുസ്തകങ്ങളും കൂടാതെ പഴയ നിയമത്തില്‍ വേറെയും സംഭാവനകള്‍ സോളമന്റെതായുണ്ട് എന്ന് കരുതപ്പെടുന്നു.
(ചിത്രം ഗൂഗിളിൽ നിന്നും  )

33 comments:

 1. വളരെ നന്നായി .ബൈബിൾ ഭാഷ ചന്തം ചാർത്തിയ ഒരു മനോഹര കഥ

  ReplyDelete
 2. വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ...ആഖ്യാനം മനോഹരം...നന്നായി ജി

  ReplyDelete
 3. അനുഭവങ്ങള്‍ മനസ്സിനെ പ്രായമുള്ളതാക്കുമ്പോഴും, പ്രായമുള്ള മനസ്സാക്കാന്‍ സമ്മതിക്കാത്ത ജീവിതങ്ങള്‍.

  ReplyDelete
 4. എത്ര വയസ്സായാലും മനസ്സ് എന്നും നിത്യ യൌവ്വനത്തിലായിരിക്കും ജീവിക്കുക... അതിന്‍റെ സ്വപ്നങ്ങള്‍ക്ക് ..ഒരിയ്ക്കലും ജരാനരകള്‍ ഉണ്ടായിരിക്കില്ല... മനോഹരമായ ഈ കഥ അത് സമര്‍ഥിക്കുന്നു..

  ReplyDelete
 5. സിയാഫിന്റെ ഭാഷ കടമെടുക്കുന്നു. കഥയുടെ ബൈബിൾ ചന്തമാണ് ഏറെ ആകർഷകം

  ReplyDelete
 6. റോസിലീ മാഡം,
  കുറച്ചു ഇടവേളക്കു ശേഷമാണല്ലേ ബ്ലോഗിൽ കഥ ഇടുന്നത്. സത്യത്തിൽ ഈ കഥക്ക് എന്തെഴുതണമെന്ന് എനിക്കറിയില്ല. ഈ കഥയിലൂടെ ഒരുപാട് സ്ത്രീകളുടെ ജീവിതമാണ് മാഡം തുറന്നു കാട്ടിയത്. ഇങ്ങനെ ഒരുപാട് നിമ്മിമാരും, സോളമന്മാരും നമുക്ക് ചുറ്റും ഉണ്ട്. ചിലരെ നമ്മൾ അറിയുന്നു... ചിലരെ അറിയാതെ പോകുന്നു. നിമ്മി ചെയ്തത് ശരിയോ, തെറ്റോ ? അവരുടെ ഭാഗത്ത്‌ എന്തൊക്കെ ന്യായങ്ങളുണ്ടായാലും സമൂഹം അവരെ ന്യായീകരിക്കില്ല. അതവർക്കറിയുകയും ചെയ്യാം എങ്കിലും അവസാനം അവർ അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നു. കഥ വായിച്ചു പോയത് അറിഞ്ഞതേയില്ല അതീ എഴുത്തിന്റെ ശൈലി കൊണ്ടു തന്നെയാണെന്ന് പറയാതെ വയ്യ. ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ ഒപ്പം എല്ലാ നന്മകളും നേരുന്നു. റോസാപ്പൂക്കളിൽ ഇനിയും ഒരുപാട് നല്ല നല്ല റോസാപുഷ്പങ്ങൾ വിരിയട്ടെ.

  ReplyDelete
 7. ചില വചനങ്ങൾ പലയാവർത്തി വായിക്കാൻ തോന്നും.അതുപോലുള്ള വചനങ്ങളാണ് ഈ കഥയിലെ കേന്ദ്ര ബിന്ദു . രചനയയിലെ വ്യത്യസ്തമായ ശൈലിയിലേക്കുള്ള മാറ്റം ഇഷ്ടമായി. പുരുഷ മേധാവിതത്വോടുള്ള പ്രതികരണമാണ് ഞാൻ ഇതിൽ നിന്നും വായിച്ചെടുക്കുന്നത്. നല്ലൊരു കഥ വായിച്ചു... ആശംസകൾ

  ReplyDelete
 8. നല്ല കഥ... ഇഷ്ടമായി.. ആശംസകൾ

  ReplyDelete
 9. ഒരു നിമിഷം പോലും ഉള്ളൂ തുറന്നു പ്രണയിക്കാന്‍ കഴിയാതെ, സ്നേഹിക്കാന്‍ കഴിയാതെ എത്രയോ പേരാണ് ഒന്നിച്ചു ജീവിക്കുന്നത്? അവരുടെ ബൈബിള്‍ ,ഇഷ്ടപ്പെട്ടു.

  ReplyDelete
 10. കുറേ കാലമായി ചേച്ചിയെ വായിച്ചിട്ട്, കഥ ഇഷ്ടമായി, മനസ്സിനെ നമ്മുടെ വഴിയില്‍ തിരിച്ചു വിടുന്നതില്‍ തന്നെയാണ് മനുഷ്യന്‍റെ മിടുക്കും, വിജയവും എന്ന്‍ ആവര്‍ത്തിച്ചാണയിടുന്ന കഥ!. നമ്മളില്‍ ഓരോരുത്തരിലും, ഉണ്ട് ഒരു നിമ്മി, സാഹചര്യങ്ങളാല്‍ ബന്ധിതരാക്കപ്പെട്ട്, അതില്‍ വ്യസനിച്ചു ജീവിതം കഴിച്ചുകൂട്ടുന്നവര്‍, എന്നാല്‍ ആ ബന്ധനത്തില്‍ നിന്നും മോചിതരായവര്‍ ആകട്ടെ, പിറന്നു വീഴുന്നത് വലിയൊരു തിരിച്ച്റിവിലേക്കാണ്. ആശംസകള്‍!

  ReplyDelete
 11. പൂവേ.. കഥ ഉഷാറായി... അഭിനന്ദനങ്ങള്‍

  ReplyDelete
 12. മനോഹരം .
  touching.
  റോസാപ്പുക്കള്‍

  ReplyDelete
 13. പഴയ വചനങ്ങൾ എന്നും പഴയപടിയാണെങ്കിലും
  പുതിiയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ഇത്തരം പുത്തൻ
  വചനങ്ങളാൽ മനസ്സിനെ മാറ്റുമ്പോഴാണല്ലോ അല്ലേ

  കഥയുടെ തമ്പുരാട്ടി ഇത്തവണയും
  സൂപ്പറയി തന്നെ ഒരു കഥയെ അഴിച്ചിട്ടിരിക്കുന്നു

  അഭിനന്ദനങ്ങൾ കേട്ടൊ റോസ്

  ReplyDelete
 14. നല്ല അവതരണം......ഇഷ്ട്മായി

  ReplyDelete
 15. http://anninos50.blogspot.com.cy/2015/11/second-coming-of-jesus-man-will-become.html

  ReplyDelete
 16. വായിച്ചു. നല്ല കഥ.

  ReplyDelete
 17. സോളമഗീതത്തിൽ ഉയിർത്ത എത്ര ഉണര്ച്ഛകളെ പുല്കിയാലും വഴിയറിയാത്ത മോഹഭംഗയാത്രകൾ തന്നിലേക്ക് മാത്രമായ ഒറ്റയടിപാതയിൽ ഒടുങ്ങുന്നു.
  കഥ ഇഷ്ടമായി. ഭംഗിയോടെ പറഞ്ഞ മറ്റൊരു രചന ആശംസകൾ ..

  ReplyDelete
 18. അസ്സലായിരിക്കുന്നു..
  നല്ല കഥ..
  ആശംസകളോടെ

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. സത്യം! നിമ്മിയോടൊപ്പം നടക്കുകയായിരുന്നു ഞാനും!!
  വേര്‍പ്പിരിയുമ്പോള്‍ വല്ലാത്തൊരു വേദനയും................
  ആശംസകള്‍

  ReplyDelete
 21. കൂട്ടം സോഷ്യൽ നെറ്റ് വർക്കിൽ 2009 ഇൽ കണ്ടിട്ടുണ്ടെങ്കിലും ബ്ലൊഗിൽ എത്തിപ്പെട്ടത് ഇപ്പോളാണ്.

  ബാക്കി വായിച്ചിട്ട് എഴുതാം.

  ReplyDelete
 22. പരസ്പരം മനസ്സിലാക്കതെ ഒന്നിച്ച്‌ ജീവിച്ചിട്ട്‌ അവസാനം ഇങ്ങനെ തന്നെ..നല്ലൊരു വായന.

  ReplyDelete
 23. good story.Nimmi seems to be the younger sister of NORA (Dolls house)The harmonic blending of the lines from Song Of Songs Decorates this story as"Eratty Maduram.Some husbands also suffering from the life partners rude behavour.Not feminist view but human view.Congratulations.Lazr Manalur

  ReplyDelete

 24. സോളമന്റെ പ്രണയ ഗീതങ്ങൾക്കിടയിൽ പറഞ്ഞു പോയ നിമ്മിയുടെ കഥ അതി മനോഹരമായി ... റോസാപ്പൂക്കൾക്ക് എന്റെ ആശംസകൾ

  ReplyDelete
 25. നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവിതം എരിഞ്ഞടങ്ങുന്നത് തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി ഒഴകി നടക്കുന്നവർ...
  എന്തിനു വേണ്ടി ജീവിക്കുന്നുവെന്ന് പോലും തിരിച്ചറിയാത്തവർ ...

  ReplyDelete
 26. നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവിതം എരിഞ്ഞടങ്ങുന്നത് തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി ഒഴകി നടക്കുന്നവർ...
  എന്തിനു വേണ്ടി ജീവിക്കുന്നുവെന്ന് പോലും തിരിച്ചറിയാത്തവർ ...

  ReplyDelete
 27. മനോഹരമായ കഥ. നല്ല പ്രമേയം അതിനു അനുയോജ്യമായ എഴുത്ത്. ഒരിക്കലും മോചനമില്ലാത്ത നിമ്മി സോളമനെയും തോൽപ്പിച്ചു.

  ReplyDelete
 28. വായനക്ക് നന്ദി
  സിയാഫ്,ജോയ്അബ്രാഹം,രാംജി,മുഹമ്മദ്‌കുട്ടി,പ്രദീപ്‌മാഷ്,ഗീത,ശിഹാബുദീന്‍,തഥാഗതന്‍,വെട്ടത്താന്‍ ചേട്ടന്‍,പ്രവീണ്‍ കൊരോത്ത്,എച്ചുമുക്കുട്ടി,അബുതായ്,മുരളീ മുകുന്തന്‍,റീത്ത,മനോജ്‌ വെങ്ങോല,നാസു,അബൂതി,തങ്കപ്പന്‍ ചേട്ടന്‍,ശാഹിദ് ഇബ്രാഹിം,സുധി,ലാസര്‍ ചേട്ടന്‍,ഷഹീം,വി.കെ. ,ബിപിന്‍.

  ReplyDelete
 29. സ്നേഹം വേറേ, ജീവിതം വേറേ അല്ലേ. ആ പാഠം മനസ്സിലാക്കി അത് അക്സപ്റ്റ് ചെയ്ത് വരുമ്പോഴേയ്ക്കും ജീവിതം പാതി കഴിഞ്ഞിട്ടുണ്ടാവും.പിന്നെ ഇനിയെന്ത് എന്നു ചിന്തിക്കും. ഏതാണ്ട് ഇതേപോലൊരു തീം മനസ്സിലുണ്ടായിരുന്നു, ഒരിക്കലും കഥയായി പിറന്നില്ല, ട്രീസയുടെ സ്ഥാനത്ത് മരുമകളായിരുന്നുവെന്നു മാത്രം.

  ReplyDelete
 30. ബൈബിൾ വാക്യങ്ങൾ കഥയോട് ചേർത്തുള്ള ആഖ്യാനം നന്നായിരിക്കുന്നു

  ReplyDelete
 31. വായിച്ചു വായിച്ചു നിമ്മിക്കൊപ്പം സോളമന്റെ സെമിത്തേരി വരെ.....ഒഴുക്കോടെ വായിച്ചു പോകാവുന്ന ശൈലി ....വായന നിരാശയാക്കിയില്ല ....

  ReplyDelete
 32. So beautiful, I read it again and again. the way you said the story is beautiful. i love it.

  ReplyDelete
 33. ഏറെക്കാലത്തിനു ശേഷം എഴുതിയ കഥ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ വന്ന ബ്ലോക്ക് മാറ്റാൻ വഴി ആലോചിച്ചപ്പോളാണ് റോസിലിചേച്ചിയെ വായിക്കാമെന്ന് കരുതിയത്. അത് വെറുതെയായില്ല. നിർമലയോടൊപ്പം നടന്നു. Coincidence പോലെ എന്റെ കഥയിലും ബൈബിൾ ഒരു കഥാപാത്രമാവുന്നു. ഇപ്പോ ഒരു ഉന്മേഷമൊക്കെ തോന്നുന്നുണ്ട്. അപ്പോ കാണാം ല്ലേ
  😊

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍