14.10.23

എസ്തേർ

 



“യൂദാസേ, ചുംബനം കൊണ്ടാണോ നീ  മനുഷ്യപുത്രനെ  ഒറ്റിക്കൊടുക്കുന്നത്..?”

വേദപാഠ പുസ്തകത്തിലെ ആ വാചകം വായിച്ചു തീരുന്നതിന് മുമ്പേ   എഴുന്നേറ്റു നിന്ന് കതനവെടിയുടെ ഉച്ചത്തിൽ  എസ്തേര്‍ വിളിച്ചു പറഞ്ഞു. 

“അതാണ്‌  ചതി. കൊടും ചതി.. ചുംബനം കൊണ്ട് ചതിച്ചത്.”

ഞായറാഴ്ചകളില്‍ വേദപാഠത്തിന് മാത്രമായി പാരീഷ് ഹാളില്‍ കര്‍ട്ടനിട്ട്  വേര്‍തിരിച്ചുണ്ടാക്കിയ താല്‍ക്കാലിക ക്ലാസ്സ് മുറികള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിപ്പിക്കുന്നത് അക്കൊല്ലം ഉടുപ്പ് മാറ്റം കഴിഞ്ഞ സിസ്റ്റര്‍ മേരിലോറിന. അവരുടെ കയ്യിലിരുന്ന വേദപാഠ പുസ്തകം താഴെ വീണില്ലെന്നേയുള്ളൂ. അരുതാത്തത് കേട്ട പകപ്പില്‍ സിസ്റ്ററിന്റെ മുഖം മഞ്ഞളിച്ചു. അവര്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി. സിസ്റ്റര്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.  പത്താം ക്ലാസ്സുകാരെ പഠിപ്പിക്കുന്ന സിസ്റ്റര്‍ ജോസിയ ഒന്‍പതാം ക്ലാസ്സിലേക്ക് തല നീട്ടിക്കഴിഞ്ഞു. 

“കുട്ടി അവിടെ ഇരിക്ക്…”

സിസ്റ്റര്‍ മേരിലോറിന ദേഷ്യപ്പെട്ട് പറഞ്ഞു. ഇടത്തെ ക്ലാസ്സില്‍ നിന്ന് നീണ്ട തലയെ കണ്ടതിലുള്ള ചമ്മലും പേടിയും  ചേര്‍ന്ന് ആ ശബ്ദം തെല്ലുറക്കെയായി.

“ക്ലാസ്സിലിരുന്ന്‍ ഉറക്കം തൂങ്ങി ഓരോ പിച്ചും പേയും വിളിച്ചു കൂവിക്കൊള്ളും.”

എസ്തേര്‍ ഇരുന്നില്ല പകരം ഒച്ച താഴ്ത്തി പറഞ്ഞു.

“ഞാനുറക്കം തൂങ്ങിയില്ല സിസ്റ്റര്‍. യൂദാസ് ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍ അവര്‍ എങ്ങനെ ഈശോയെ പിടിച്ചു കുരിശില്‍ തറച്ചേനെ...? കുരിശിൽ മരിച്ചു ലോകത്തെ രക്ഷിക്കാനായി വന്നവനെ അതിന് സഹായിച്ചവനല്ലേ യൂദാസ്..?  അത് കൊണ്ട് ആ ചുംബനം, അത് മാത്രമാണ് തെറ്റ്.”

“മതി. അവിടിരിക്ക് പിരിലൂസ്..”

സിസ്റ്റര്‍ മേരിലോറിനയുടെ  വെളുത്തു തുടുത്ത കവിളുകള്‍ രക്തം ഇരച്ചു കയറി ഇപ്പോള്‍ പൊട്ടുമെന്ന നിലയിലായി.

  ‘പിരിലൂസ്’ എന്ന ഇരട്ടപ്പേരുള്ള  എസ്തേറിനെ അങ്ങനെ വിളിക്കരുതെന്നും പഠിപ്പില്‍ പുറകോട്ടെങ്കിലും അവള്‍ പറയുന്ന പല കാര്യങ്ങള്‍ക്കും പ്രത്യേക ഉള്ളര്‍ത്ഥം ഉണ്ടെന്നും കുട്ടികളെ ഉപദേശിക്കാറുള്ള സിസ്റ്റര്‍ മേരിലോറിന തന്നെ പിരിലൂസ് എന്ന് വിളിച്ചപ്പോള്‍ ക്ലാസ്സ് ആര്‍ത്തു ചിരിച്ചു. എസ്തേര്‍ ക്ലാസ്സിനേയും സിസ്റ്ററിനെയും സഹതാപത്തോടെ നോക്കി തല ഉയര്‍ത്തി ഇരുന്നു. 

വൃത്തിയായി മുടി ചീകാത്തതിനും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നതിനും മാത്രമാണ് അവള്‍ സിസ്റ്റര്‍ മേരിലോറീനയില്‍ നിന്നും ഇതിനു മുമ്പ് വഴക്ക് കേട്ടിട്ടുള്ളത്. അമ്മയില്ലാത്ത പാവം കുട്ടി എന്ന്‍ മറ്റു കുട്ടികളോട് പറഞ്ഞ് അവളെക്കുറിച്ച് സഹതപിക്കാന്‍ ആ കന്യാസ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അവളുടെ അമ്മ കൊച്ചുത്രേസ്യാ അവള്‍ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ക്യാന്‍സര്‍ വന്നു മരിച്ചതോ പിരിലൂസ് എന്ന്‍ ഇരട്ടപ്പേരുള്ള എസ്തേര്‍ അമ്മ പോയതോടെ  രാവിലെ കഞ്ഞിയും കറിയും കാലാക്കി   സമയം തെറ്റി സ്കൂളിലേക്ക്  ഓടുന്നതോ ആ ഇടവകയിലെ പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നില്ല. പള്ളിപ്പെരുന്നാളിന് കതന നിരത്തി ചെവി പൊട്ടുന്ന വെടി വെക്കുന്ന അവളുടെ അപ്പന്‍ ഗര്‍വാസീസിനെ  ഇടവക ഓര്‍ക്കുന്നത് പെരുന്നാള്‍ കാലത്ത് മാത്രം. കുട്ടികളെല്ലാം കോടിയണിഞ്ഞ്  കളിച്ച് തിമിര്‍ത്ത്  നടക്കുന്ന  പള്ളിപ്പെരുന്നാളിന് അവള്‍ കരിയില്‍ പുരണ്ട്‌  പള്ളിപ്പറമ്പിൽ അപ്പനോടൊപ്പം   ഓടി നടന്നു കതിനക്കുറ്റികൾ   പെറുക്കി കൂട്ടുന്നുണ്ടാകും. പെരുന്നാള്‍ പ്രദിക്ഷണം പള്ളിയില്‍ തിരിച്ചു കയറി പള്ളിപ്പറമ്പ് കാലിയാകുന്നവരെ അവള്‍ക്ക് വിശ്രമമുണ്ടാവില്ല. ഒടുവില്‍ കുപ്പിവളയും കണ്മഷിയും വാങ്ങാനായി അവള്‍ വെച്ചുവാണിഭക്കാരുടെ അടുത്തെക്കോടുമ്പോള്‍ അവര്‍ അക്കൊല്ലത്തെ കച്ചവടം കഴിഞ്ഞ് എല്ലാം കെട്ടിപ്പെറുക്കാന്‍ തുടങ്ങിയിരിക്കും. 

യൂദാസിന്റെ ഒറ്റിനെപ്പറ്റിയുള്ള ക്ലാസിന്‍റെ തലേ ആഴ്ചയായിരുന്നു അവളുടെ അമ്മയുടെ രണ്ടാം ഓര്‍മ്മ ദിനം. സ്കൂള് വിട്ട് സിമിത്തേരിയിലെത്തിയ എസ്തേറിന് മുറ്റമടിക്കുന്നതിനിടെ ഒരു പുല്‍ നാമ്പ് കണ്ടാല്‍ അത് പറിച്ചു കളയുന്ന അമ്മയുടെ കുഴിമാടം നിറയെ പുല്ലു വളര്‍ന്നു നില്‍ക്കുന്നത് കണ്ട് സങ്കടം വന്നു. ഇത്രേം നാള്‍ ഈ പുല്ല് കണ്ണില്‍ പെടാഞ്ഞതെന്തെന്നവള്‍ അത്ഭുതപ്പെട്ടു. 

“സാരല്ലടീ മോളെ.... കുറച്ചു പുല്ലല്ലേ. അതങ്ങു പറിച്ചു കളഞ്ഞാ പോകൂല്ലേ...വേഗം പറിച്ചു കളഞ്ഞിട്ടെന്‍റെ മോള് വീട്ടീപ്പോ...”

അമ്മയുടെ ചെറു ചിരിയോടുള്ള ശബ്ദം. ചിരിക്കുമ്പോൾ ചെറുതായി പോകുന്ന അമ്മയുടെ കണ്ണുകൾ അവളപ്പോൾ കണ്ടു. 

എന്നും കുര്‍ബാന കഴിഞ്ഞോടി വന്ന്  സ്കൂളില്‍ പോകുന്നതിനു മുമ്പ്  കഞ്ഞിയും കറിയും വെക്കാനുള്ള  വേവലാതിയോടെ ‘മരിച്ച വിശ്വാസി’  ധൃതിയില്‍ ചൊല്ലുന്ന മകളുടെ സ്വരം മുകളിലെ മണ്ണ് ഭേദിച്ച് എത്തുമ്പോഴേ അവര്‍ സങ്കടം കൊണ്ട് നീറും. ഈ ‘മരിച്ച വിശ്വാസീടെ പ്രാര്‍ത്ഥന’ ഒരാവശ്യമില്ലെന്നും ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ ഉടനെ സ്വര്‍ഗം തന്നാലും ഭൂമിയില്‍ ആരും തുണയില്ലാത്ത  മകളെ തനിയെ ഇട്ട് ഒരമ്മയുടെ ആത്മാവും പോകില്ല എന്ന് കൊച്ചുത്രേസ്യാ പല പ്രാവശ്യം മോളോട് പറയാന്‍ ഒരുമ്പെട്ടിട്ടുള്ളതാണ്. അമ്മ മരിച്ചതില്‍ പിന്നെ എല്ലാ രാത്രികളിലും സങ്കടത്തിന്റെ ഒരു വലിയ കൂമ്പാരത്തില്‍ കിടന്നുറങ്ങി മുടങ്ങാതെ രാവിലെ പള്ളിയിലും സിമിത്തേരിയിലും  വന്നു പ്രാര്‍ത്ഥിക്കുന്ന മോളെ പിന്നെയും സങ്കടപ്പെടുത്താന്‍ അവര്‍ക്കാവില്ലായിരുന്നു. 

അത് പിറവി നോമ്പ് കാലമാണെന്നും ആറുമണി കഴിഞ്ഞാല്‍ സന്ധ്യായാകും എന്നും കൊച്ചുത്രേസ്യ വീണ്ടും വീണ്ടും അവളോടു പറഞ്ഞ് കൊണ്ടിരുന്നു. താന്‍ സിമിത്തേരിയിലേക്ക് പോരുന്നതിന്റെ തലേ മാസം തിരണ്ട തന്റെ മോള്‍ രണ്ടു കൊല്ലം കൊണ്ടു എത്ര വളര്‍ന്നു കാണും എന്നും അതൊന്നും വെടിക്കെട്ട് പുരയിലെ ജോലികഴിഞ്ഞ് ചാരായം കുടിച്ചു അന്തോം കുന്തോമില്ലാതെ വീട്ടില്‍ വന്നു വീഴുന്ന  ഗര്‍വാസീസിനെ ബാധിക്കുന്ന കാര്യമല്ല എന്നും കുഴിക്കുള്ളില്‍ കിടന്നും കൊച്ചുത്രേസ്യക്ക് നല്ല തിട്ടമുണ്ടായിരുന്നു.

“ദേ... തീര്‍ന്നു... ഇതൂടെ... എന്ന് പറഞ്ഞവള്‍ അവസാന കുഞ്ഞു പുല്ലിന്‍റെ വേരും പറിച്ചു കളഞ്ഞ്  പുല്ലെല്ലാം പെറുക്കിക്കൂട്ടി. അപ്പോഴും കൊച്ചുത്രേസ്യ അവളോടു പറഞ്ഞു.

“മോള് വെക്കം പൊക്കോ കാവല്‍ മാലാഖ ചിറകിനടീ മോളെ കാക്കും. ഉറങ്ങുമ്പോ മാലാഖേട ജപം മറക്കണ്ടാ..ട്ടാ..”

“ഞാമ്പോവ്വാമ്മേ.....നാളെ കുര്‍ബാന കഴിഞ്ഞ്  കുഴിക്കലൊപ്പീസ് പറഞ്ഞിട്ടൊണ്ട്”

അവള്‍  സിമിത്തേരിക്ക് പുറത്തു കടന്നപ്പോഴാണ്  ഗബ്രിയേല്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷനായത്.

“ന്താടീ..എസ്തെറെ ഈ  നേരത്ത്..?”

“അമ്മേടടുത്തു പോയതാ. നാളെ ഓര്‍മ്മക്കുര്‍ബാനയാ ..അപ്പൊ അവിടെ നെറേ പുല്ല്. അമ്മക്ക് പുല്ലു വളര്‍ന്നു നിക്കണ കണ്ടാ കലിയാ ഗബ്രീ...അത് പറിച്ചു നേരമ്പോയ്. ഞാമ്പോട്ടെ......”

“നില്ലെസ്തേറെ...”

ഗബ്രി എന്ന ഗബ്രിയേല്‍ പറഞ്ഞാല്‍ പിന്നെ എസ്തേറിന് പോകാന്‍ പറ്റില്ല. കുഞ്ഞിലെ തൊട്ട് ഇതിലെ നട, അതിലെ നട എസ്തെറെ എന്ന് പറഞ്ഞവന്‍ അവളെ കൈപിടിച്ച് ഒത്തിരി നടത്തിയിട്ടുള്ളതാണ്. ഞായറാഴ്ച വേദപാഠം കഴിഞ്ഞു കുട്ടികള്‍ തനിയെ പോരുമ്പോള്‍   “കൊച്ചു വണ്ടിക്കെടവെക്കാതെ നോക്കണേ ഗബ്രിയെ..” എന്ന് കൊച്ചു ത്രേസ്യ കൂടെക്കൂടെ അവനോടു പറയുമായിരുന്നു.    ചിറകുകളില്ലാത്ത ഗബ്രിയേല്‍ മാലാഖയാണ് അവനെന്നും ചിറകിനു പകരം കൈകളാണ് ദൈവം അവന് കൊടുത്തിട്ടുള്ളതെന്നും പണ്ടവള്‍ അവനോടു പറഞ്ഞിട്ടുണ്ട്. 

കൊച്ചുത്രേസ്യയും  ഗബ്രിയുടെ അമ്മ കത്രീനയും കൂട്ടുകൂടി പള്ളിയില്‍ പോയിരുന്ന കാലം.  എസ്തേറിന് എട്ട് വയസ്സും ഗബ്രിയേലിനു പതിനാലും. ഗബ്രിയേല്‍ ഒരു   മാലാഖയുടെ പേരാണെന്ന് വല്യമ്മച്ചി പറഞ്ഞറിഞ്ഞ ദിവസമാണ് ഗബ്രിക്ക് ചിറകിനു പകരം സൂക്ഷിച്ചു പിടിക്കുന്ന കൈകളുണ്ട് എന്ന കണ്ടുപിടുത്തം അവള്‍ നടത്തിയത്..

കുഴിമാടത്തിലെ മണ്ണ് പറ്റിയ പാവാടയും പുല്ലു പറിച്ചു വിയര്‍ത്തൊലിച്ച ദേഹവുമായി എസ്തേര്‍ ഗബ്രിയേലിന്റെ മുന്നില്‍ അനങ്ങാതെ നിന്നു. മാലാഖയുടെ ചിറകുകള്‍ എസ്തെറിനെ പൊതിഞ്ഞു. അതിന് ശേഷമുള്ള വേദപാഠ ക്ലാസ്സിലാണ് യൂദാസ് ചതിക്കാനായി ചുംബനം ഉപയോഗിച്ചതറിഞ്ഞു എസ്തേര്‍ പൊട്ടിത്തെറിച്ചത്.

വേദപാഠ ക്ലാസ്സ് കഴിഞ്ഞു വന്ന് അപ്പന് ചോറ് വിളമ്പിക്കൊടുത്ത് ഉണ്ണാനിരുന്നപ്പോഴും അവള്‍ക്ക് ആകെ സംശയം,  വിഷമം. എന്നാലും സിസ്റ്റര്‍ മേരിലോറിന പിരിലൂസ് എന്ന് വിളിച്ചല്ലോ... താന്‍ പറഞ്ഞത് തെറ്റെന്നല്ല,  മിണ്ടാതിരി എന്നാണ് സിസ്റ്റര്‍ പറഞ്ഞത് എന്നവള്‍ ഓര്‍ത്തെടുത്തു. മിണ്ടാതിരുന്നാൽ സംശയം തീരുമോ..? സംശയം തീര്‍ത്തു തരാന്‍ കഴിയാത്തവര്‍ എന്ത് പഠിപ്പിക്കാനാണ്..?

പിന്നീട് ഗബ്രിയേലിനെ കണ്ടപ്പോള്‍ അവള്‍ക്ക് സംശയങ്ങളുടെ ഒരു കെട്ടാണ് അഴിച്ചു വിടാനുണ്ടായിരുന്നത്.

യൂദാസിന്റെ ചതി, ചുംബനത്തിന്റെ അടയാളം,  ലോകരക്ഷകന്റെ കുരിശു മരണത്തിന് യൂദാസ് വഴിയായത് ഒക്കെ എസ്തേറിന് സംശയങ്ങളായി.

“ന്‍റെ... എസ്തേറെ നീ വല്ല കന്യാസ്ത്രീ മഠത്തിലും പോയി ചേര്. അവിടെ അവരിതെല്ലാം പഠിപ്പിക്കും. അല്ലാതെ ഞാനെന്നാ പറയാനാ...? മൈക്കാട്ടു പണി ചെയ്ത് നടക്കണ എന്നോട് സിമിന്റിന്റെ കൂട്ടിന്റെ വല്ല കാര്യോം ചോദിക്കടീ...”

“ഞാന്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നാല്‍ പിന്നെങ്ങന്നെ എന്നെ കെട്ടും ഗബ്രീ..? “

ഗബ്രിയേലിന്റെ കണ്ണുകള്‍ മിഴിഞ്ഞു.

“ഞാന്‍ കന്യാസ്ത്രീയായാലും നിന്‍റെയാ. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവല്‍ എന്നവന്‍ വിളിക്കപ്പെടും.”

അന്തം വിട്ടു നില്‍ക്കുന്ന ഗബ്രിയേലിന്റെ ചെവിയില്‍ മന്ത്രിച്ചിട്ട് എസ്തേര്‍ ഓടിക്കളഞ്ഞു.

“കര്‍ത്താവേ...കുരിശ് തലേലാകുമോ..? പിരിലൂസ്….”

ഗബ്രിയേല്‍ തലക്ക് കൈവെച്ചു പോയി.

“തന്തേടെ കയ്യീ കാൽ കാശില്ല പെണ്ണിനാണേല്‍ ലൂസും. അമ്മയല്ലേ അവളെ ഇതൊക്കെപ്പറഞ്ഞ് ഇളക്കി വെച്ചിരിരിക്കുന്നത്..?”

അത്താഴക്കഞ്ഞിക്ക് മുന്നില്‍ ഇരുന്ന ഗബ്രിയേല്‍ കത്രീനയോടു കയര്‍ത്തു.

“പാവോല്ലേടാ അത്...തള്ളയില്ലാത്തതല്ലെ..? നിന്നെ അവള്‍ക്ക് ജീവനല്ലേ.. അവളെ നിനക്കിഷ്ടമില്ലേടാ..?”

അമ്മയുടെ അവസാന വാക്കില്‍ ഗബ്രിയേല്‍ അടങ്ങി. അവന്‍ തല താഴ്ത്തി എരിവുള്ള മാങ്ങാ അച്ചാര്‍ കഞ്ഞിയില്‍ ഇട്ടിളക്കി. 

ഇഷ്ടമില്ലേ....? ഒന്ന്‍ ആംഗ്യം കാണിച്ചാല്‍ അനുസരണയോടെ ഓടി വരുന്നവള്‍. അറിയാതൊന്ന്‍ നോക്കിപ്പോയാല്‍  “എങ്ങോട്ടാടാ നിന്റെയൊക്കെ നോട്ടം..” എന്ന് ചീറുന്ന പണിസ്ഥലത്തെ പെണ്ണുങ്ങളെ കണ്ടു ശീലിച്ച ഗബ്രിയേലിന് മുന്നില്‍ ഒന്നിനും എതിര്‍ക്കാതെ ഒതുങ്ങുന്ന പാവം എസ്തേര്‍.

“ഏയ്‌ …. അതിന് ഞാന്‍ ഇപ്പോഴേ കെട്ടാറായോമ്മേ ...? ഗള്‍ഫിലൊക്കെ പോയി നാലു കാശുണ്ടാക്കീട്ടു പോരെ..?..അവള് പിരിലൂസല്ലേ...? എന്തെങ്കിലും ബുദ്ധിയൊണ്ടേല്‍ ഒമ്പതില്‍ തോല്‍ക്കുവോ..? അതിനെയൊക്കെ കെട്ടി കൊണ്ടോന്നു വീട്ടിക്കേറ്റിയാ അമ്മക്ക് പണിയാകും. ഇപ്പോഴും സിമിത്തേരീ ചെന്ന് തള്ളയോട് വര്‍ത്താനം പറയൂന്നാ ആളുകള് പറേന്നെ.”

കത്രീന ഉത്തരം മുട്ടി നിന്നു.

എസ് ഐ യുടെ മുറിയിലെ മേശപ്പുറത്തെ ഫ്ലവര്‍വേസിനെയും അതിലെ പൂക്കളുടെ ഭംഗിയും കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു എസ്തേര്‍.  തുണിയിൽ അത്തരം പൂക്കളുണ്ടാക്കാൻ സിസ്റ്റർ മേരിലോറിന അവളെ പഠിപ്പിച്ചിട്ടുണ്ട്.  ചോദ്യഭാവത്തില്‍ നോക്കുന്ന എസ് ഐ യെ ശ്രദ്ധിക്കാതെ എസ്തേര്‍ ആ പൂവിന്റെ മൊട്ട് എങ്ങനെ ഉണ്ടാക്കി എന്നാലോചിച്ചു കൊണ്ടിരുന്നു. 



“ഈ കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയതാണ്. അച്ഛനു വലിയ ഉത്തരവാദിത്വമൊന്നുമില്ല. കുറച്ചു നാളുകളായി കുട്ടി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയും. എന്നാല്‍ ആരെന്നു ചോദിച്ചിട്ട് പറയുന്നുമില്ല. ബുദ്ധിക്ക്  ചെറിയൊരു കുറവുള്ളത് പോലെ.”

ശിശുക്ഷേമ പ്രവര്‍ത്തകര്‍ക്ക്  തന്നെക്കുറിച്ചു പുതുതായി ഒന്നും പോലീസ് സ്റ്റേഷനില്‍ പറയാനില്ല എന്നറിഞ്ഞ എസ്തേര്‍  അവർക്ക് ചെവി കൊടുക്കാതിരുന്നു.

“ആരാ ഉപദ്രവിച്ചതെന്ന് പറയു കുട്ടീ..”

“എസ് ഐ യുടെ അനുഭാവം നിറഞ്ഞ ചോദ്യവും അടിവയറ്റില്‍ അവള്‍ ആദ്യമായി അറിഞ്ഞ അനക്കവും ഒരേ സമയമായിരുന്നു. ആദ്യത്തെ അനുഭവമായത് കൊണ്ടു എസ്തേര്‍ ഞെട്ടിപ്പോയി. വിളറി തളര്‍ന്ന ആ ശരീരം ഒന്നുലഞ്ഞു.  അവള്‍ വിയര്‍പ്പില്‍ കുളിച്ചു.

“പേടിക്കണ്ട. കുട്ടിക്ക് എന്താണ് പറയാനുള്ളത്….? തുറന്ന് പറഞ്ഞോളൂ.”  അവനെ നമുക്കുടനെ അകത്താക്കാം.”

“എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. പീഡിപ്പിച്ചിട്ടും ഇല്ല.”

സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിച്ചത് കുറച്ചു ദിവസമായി അവളെ ചൊടിപ്പിക്കുന്നു.

“പിന്നെ...കുട്ടിയെങ്ങനെയാ... ഇങ്ങനെ ആയത്..?                 നിറം മങ്ങിയചുരിദാറിന്റെ അളവുകളെ ഭേദിച്ച് വീര്‍ത്തുന്തിയ വയറില്‍ ചെറുതായി കണ്ണയച്ച് എസ് ഐ യുടെ ചോദ്യം.

“ഈ കന്യക ഗര്‍ഭം ധരിച്ചപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു നീതിമാന്‍ ഇല്ലാതെ പോയി.”

“അതിന് കുട്ടിക്ക് വിവാഹം കഴിക്കാന്‍ പ്രയമായില്ലെന്നറിയാമോ..? ഇനിയിപ്പോ ആളുടെ പേര് പറഞ്ഞാലും അയാള്‍ക്ക്  കുട്ടിയെ വിവാഹം കഴിക്കാനൊന്നും പറ്റില്ല. അതിന് കുട്ടി ഒന്നു രണ്ടു കൊല്ലം കൂടി കാക്കേണ്ടി വരും.”

. കുറച്ചു ദിവസങ്ങളായി അവളുടെ  ചെവിയില്‍ ചോദ്യങ്ങള്‍ക്ക് പിറകെ ചോദ്യങ്ങള്‍ വന്നലയ്കാന്‍ തുടങ്ങിയിട്ട്. അപ്പൻ പെരുന്നാളിന് നിരത്തി വെച്ച് പൊട്ടിക്കുന്ന കതിന കുറ്റികളായി  അവ അവളുടെ ചെവിയിൽ വന്നലച്ചു.  കതിന പൊട്ടി ചെവി മരവിയ്ക്കുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ അലറി ശീലമുള്ള എസ്തേർ ഉറക്കെ അലറി.

“എന്നെ ആരും പീഡിപ്പിച്ചിട്ടില്ല. രണ്ടു പേര്‍ സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിക്കുന്ന നിങ്ങളുടെ ഒരു സഹായവും എനിക്ക് വേണ്ട.”

ഇത് ബുദ്ധിക്കുറവുള്ള കുട്ടിയല്ല. ഇവള്‍ക്ക് കാര്യങ്ങളറിയാം. എന്തോ മാനസിക പ്രശ്നം ഉള്ളപോലെ…”

കൂടെ നിന്നവർ പിറുപിറുത്തു.

“അതിന് ഞങ്ങൾ സഹായിക്കാമെന്ന് വെച്ചാൽ അതിനുള്ള സമയമൊക്കെ കഴിഞ്ഞു കുട്ടീ. അഞ്ചു മാസം കഴിഞ്ഞ സ്ഥിതിക്ക് ഇനി അത് അപകടമാണ്.”

“പിറക്കാനുള്ളവരെല്ലാം സമയത്തിന് പിറക്കുക തന്നെ ചെയ്യും.  കന്യാഗര്‍ഭം എക്കാലത്തും എല്ലാവരെയും അസ്വസ്തരാക്കിയിട്ടെയുള്ളൂ.”

എസ്തേർ ഒരു പ്രവാചകയെപ്പോലെ വിദൂരങ്ങളിലേക്ക് കണ്ണയച്ചു.

“പാവം, ഇതിന്‍റെ   മനസ്സിന്‍റെ താളം തെറ്റിക്കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം അഡ്മിറ്റാക്ക്. പ്രസവ സമയമാകുമ്പോഴെങ്കിലും  ഒന്ന് നോർമലാകട്ടെ.”

എസ് ഐ സ്വകാര്യമായി പറഞ്ഞു.



കൊച്ചുത്രേസ്യായുടെ കുഴി മാടത്തിൽ അന്നും നിറയെ പുല്ലുകൾ തഴച്ചു വളർന്നു നിന്നിരുന്നു. എസ്തേർ കുറ്റബോധത്തോടെ ധൃതിയിൽ കുനിഞ്ഞു നിന്ന് പുല്ല് പറിക്കാൻ തുടങ്ങി. വീർത്തു തുടങ്ങിയ വയറുമായി കുനിഞ്ഞു നിന്നത് അവളെ പെട്ടെന്ന് ക്ഷീണിപ്പിച്ചു, അവള്‍ തല കറങ്ങി നിലത്തിരുന്നു. പുല്ലത്രയും വളര്‍ന്നു കൂടി നിന്നതില്‍ അമ്മ ദേഷ്യപ്പെട്ടിരിക്കുകയാണെന്ന് അമ്മയുടെ മൗനത്തിൽ നിന്നവൾക്ക് തോന്നി. അതവളെ സങ്കടപ്പെടുത്തി.

“മാലാഖമാർ ചതിക്കുമെന്ന് അമ്മക്കറിയില്ലായിരുന്നല്ലേ....? ആയിരുന്നെങ്കിൽ എനിക്കമ്മ പറഞ്ഞു തന്നേനെ.....ല്ലേ..മ്മേ”

എസ്തേറിന്റെ വിതുമ്പുന്ന ശബ്ദം മൺപാളികൾ കടന്ന് ആറടി താഴ്ചയിൽ പോയി  പ്രകമ്പനം കൊണ്ടു. ആ ശബ്ദം കേൾക്കാൻ കൊച്ചുത്രേസ്യ അവിടെ ഉണ്ടായിരുന്നില്ല. ശരീരം മണ്ണോടലിഞ്ഞിട്ടും ഈ ലോകം വിടാന്‍ മടിച്ച ആ പാവം ആത്മാവ് ആരോരുമില്ലാത്ത മകളെക്കുറിച്ചുള്ള ആശകള്‍ വെടിഞ്ഞ് കഴിഞ്ഞിരുന്നു. അത് തിരിച്ചറിയാതെ എസ്തേർ ആ മൺകൂനയോട് പരിഭവം പറഞ്ഞു കൊണ്ടിരുന്നു.



രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പറന്നിറങ്ങി കന്യകയോട്‌ രക്ഷകന്റെ വരവിന്‍റെ മംഗലവാർത്ത അറിയിച്ച ഗബ്രിയേൽ മാലാഖ   അമ്മയുടെ കുഴിമാടത്തില്‍ നിന്ന്‍ കരയുന്ന പെണ്കുട്ടിയെ കണ്ട് വീണ്ടും മണ്ണിലേക്ക് പറന്നിറങ്ങി. വാഗ്ദാനം ലഭിച്ചു കാത്തിരുന്ന ജനതയ്ക്ക് മാത്രമേ കന്യാഗർഭത്തിലെ പിറവിയെ സ്വീകരിക്കാനാവൂ എന്ന  സന്ദേശം പോലും കൊടുക്കാനാവാത്ത നിസ്സഹായതയില്‍ മാലാഖ ദു:ഖിതനായി.  


(ഗൃഹലക്ഷ്മി:ലക്കം ജൂൺ15-30,2018)



              ****************************




No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍