29.11.21

അതിരുകളില്ലാക്കരയുണ്ടോ...


 തീമഞ്ഞ, മഞ്ഞ, ഇളം മഞ്ഞ, മങ്ങിയ വെള്ള. മഞ്ഞൾ ചേർത്തരയ്ക്കുന്ന തേങ്ങയരപ്പ്  മഞ്ഞ നിറത്തിന്റെ മഴവില്ല് സൃഷ്ടിക്കും. രാവിലെ പങ്കിയമ്മ, ഉണക്ക മഞ്ഞള്‍ അമ്മിയില്‍ ടം..ടം..എന്ന്‍ ചതക്കുമ്പോഴേ അരപ്പിന്റെ നിറപ്പകർച്ച കാണാൻ ഞാനവിടെ ഹാജര്‍. നല്ല വെണ്ണപോലെ അരപ്പ്. അതാണ് പങ്കിയമ്മയുടെ കണക്ക്. ഇതിനിടെ ആരെങ്കിലും വന്ന് പങ്കിയമ്മക്ക് ഓല മെടച്ചിലിന്റെ ഓര്‍ഡര്‍ കൊടുക്കും. 'എന്നാ ഓല വെള്ളത്തില്‍ ഇടേണ്ടത്, എത്രയുണ്ട്' എന്നൊക്കെ തേങ്ങാപ്പീര തട്ടിയിട്ടു കൊണ്ട് പങ്കിയമ്മ അന്വേഷിക്കും.


ഓരോ നാടിനും ഓരോ മുടിവെട്ടുകാരൻ, കറവക്കാരന്‍, അലക്കുകാരി, പേറ്റിച്ചി എന്നപോലെ ഞങ്ങളുടെ നാടിന്റെ ആസ്ഥാന ഓലമെടച്ചിലുകാരിയാണ് പങ്കിയമ്മ.  


 ഓലക്കുളം എന്ന് പേരിട്ടിരുന്ന കുളത്തില്‍ ഞങ്ങളുടെ ഓലകൾക്കൊപ്പം,  അയല്‍ക്കാരുടെയും ഓലകള്‍ മുങ്ങിക്കിടക്കും. ഓലകള്‍ക്കിടെ ഒരിക്കലും വലുതാകാത്ത പൊടിപ്പള്ളത്തികൾ കൂട്ടമായി നീന്തും. ചൂണ്ടയിടുമ്പോള്‍ സൂക്ഷിച്ചു നിന്നില്ലെങ്കില്‍ ചൂണ്ട കൊത്തി ഓലകള്‍ക്കിടയില്‍ മറയുന്ന ധിക്കാരികള്‍. 

ഓലവെള്ളത്തില്‍ക്കിടന്ന്‍, രുചി പോയ മുള്ളൻപള്ളത്തിക്കുഞ്ഞുങ്ങൾ കൈസറിനാണ്.   


മെടയോലകള്‍  ചീയാനിടുന്ന  കുളമായതിനാല്‍ വര്‍ഷാവര്‍ഷമുള്ള ‘കുളം വെട്ടല്‍’  ഓലക്കുളത്തിനുണ്ടായിരുന്നില്ല. പറമ്പിന്റെ അങ്ങേയറ്റത്തുള്ള  പ്രതാപിയായ താമരക്കുളത്തിന്റേതുപോലെ, വെള്ളം വറ്റിച്ചു ചെളി വാരിക്കളയാൻ ഓലക്കുളത്തിന് മോട്ടോർപ്പുരയുമില്ല. പാവം ഓലക്കുളം കരയിടിഞ്ഞും, കറുകമ്പുല്ല് വളർന്നും കെട്ടു കിടന്നു.  


 കട്ടന്‍ ചായയുടെ നിറമുള്ള ഓലക്കുളത്തില്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ അച്ഛന്‍ മുങ്ങിപ്പോയിട്ടുണ്ടത്രേ. 


"നല്ല പൂ പോലിരുന്ന കൊച്ച്, ഓലവെള്ളത്തില്‍ വീണിട്ടാ ഇങ്ങനെ കറുത്തു പോയത്."


അമ്മൂമ്മ ഇടക്കിടെ പതം പറയും. 

 

"പിന്നെ  ഞാനെങ്ങനെ കറുമ്പനായി അമ്മൂമ്മേ…?"


എന്റെ  ചോദ്യം കേള്‍ക്കാത്ത മട്ടില്‍ നില്‍ക്കാന്‍ അമ്മൂമ്മക്ക്  പ്രത്യേക വിരുതാണ്.


 എല്ലാക്കൊല്ലവും സ്‌കൂൾ പൂട്ടു കാലത്ത്, ഓലക്കുളത്തിന്റെ  കരയിൽ മൾഗോവ മാവിന്റെ ചുവട്ടിലിരുന്ന് അയൽപ്പക്കത്തെ, അമ്മക്കൂട്ടം  ഓല മെടയും. ഉണക്കിയ മെടയോലകൾ കൊണ്ട് ഇടവപ്പാതിക്ക് മുമ്പേ പുരമേച്ചിലും കഴിഞ്ഞിരിക്കും.


 വീടുകളുടെ മേല്‍ക്കൂരയിൽ ഓടുകള്‍ പ്രൌഡിയോടെ മഴയും, വെയിലും ചെറുത്ത കാലത്ത് മെടയോലകൾ കൊന്നപ്പത്തൽ വേലികളുടെ സ്ഥാനം ഏറ്റെടുത്തു. ഓലക്കുളത്തിന്റെ കരയിൽ അമ്മക്കൂട്ടത്തിന്റെ ഓലമെടച്ചിൽ അപ്പോഴും തുടർന്നു. കുട്ടികള്‍ അവരുടെ വെടി വട്ടം കേട്ട് പള്ളത്തികളെ ചൂണ്ടയിട്ടു.  


കുളക്കരയിലിരുന്ന്‍ ഓലമെടയാന്‍ ഇപ്പോൾ പങ്കിയമ്മ മാത്രം. സമയം കളയാതെ വാർധക്യം ചുള്ളി പോലാക്കിയ കൈകള്‍, ദ്രുതഗതിയില്‍ ചലിപ്പിച്ച് പങ്കിയമ്മ പഴയ ഉശിരിൽ ഓല മെടഞ്ഞു കൂട്ടി. 


ഹോസ്റ്റലില്‍ നിന്ന്‍ സ്റ്റഡിലീവിന് വന്ന ഞാന്‍, വേനല്‍ച്ചൂടില്‍ നിന്നും രക്ഷപെടാനായി മൾഗോവയുടെ ചുവട്ടിൽ ചെന്നിരുന്നപ്പോള്‍ പങ്കിയമ്മക്ക് സന്തോഷമായി.


“പങ്കിയമ്മ തനിച്ചേയുള്ളോ..?“


"ഒന്നും മിണ്ടാതേം, പറയാതേം വേലേടുക്കുന്നതാ ഏറ്റോം വെല്യ കഷ്ടം. ഇപ്പൊ മെടയോല ആർക്ക് വേണം…? എല്ലാടത്തും മതിലല്ലേ..”


“അത്  നന്നായില്ലേ, പങ്കിയമ്മേ....?  കൊല്ലാകൊല്ലം വേലി കെട്ടണ്ടല്ലോ.”


“ഓ...എന്ത് നന്നായീന്ന്…?  പണ്ടത്തെ കൊന്നപ്പത്തല്  വേലിക്കാലത്ത്, അയലോക്ക വിശേഷം അടുക്കളപ്പുറത്ത് നിന്ന് വിളിച്ചു ചോദിച്ചാ മതിയാര്ന്നു." 


"അതിപ്പോ കാലത്തിനനുസരിച്ച് കാര്യങ്ങൾ മാറൂല്ലേ പങ്കിയമ്മേ…”


"മെടയോല  വേലി കെട്ടിയ സമേത്തും, അയലോക്ക സമ്പർക്കോണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പടി കെട്ടുമായിരുന്നല്ലോ. ഇപ്പൊ എല്ലാം  മതില് കെട്ടിയടച്ചു. അതും നല്ല പൊക്കത്തില്. തമ്മിത്തമ്മി  കാണ്വോം വേണ്ട, മിണ്ട്വോം വേണ്ട,  ഒച്ചയനക്കം അറിയോം  വേണ്ട.”


ഓലവേലി മതിലായി മാറിയ, വിശാലമായ അതിരിലേക്ക് നോക്കി ഒന്നും മിണ്ടാനില്ലാതെ ഞാനിരുന്നു.  


“ഒന്നും ഒന്നിന് പകരോല്ല മോനേ…..കൊന്നപ്പത്തലിന് വേലിയോ, വേലിക്ക്  മതിലോ പകരാവില്ല. ഓരോന്ന് വന്നപ്പോഴും മനുഷേർക്കെടേൽ, അതിരിന് കട്ടി കൂടി.  അതിര് ചുമ്മാ  ഒരടയാളോല്ലേ. അതടയാളപ്പെടുത്തണതിന് എന്തിനാ ഇത്രേം പെടാപ്പാട്. നമ്മുടെ കരക്ക് പടിഞ്ഞാറെ കായലീന്ന് പോലും അതിരില്ല. പിന്നാ..”


“ഇതൊക്കെ ആര് പറഞ്ഞു തന്നു....?”


എന്റെ ശബ്ദത്തിലെ പരിഹാസം തിരിച്ചറിഞ്ഞ പങ്കിയമ്മ ഓലയിൽ നിന്ന് തലയുയർത്തി.


“അതേയ്...കെണറ്റില് വെള്ളയില്ലാന്നുംമ്പറഞ്ഞ് ഇവിടെ  കഴിഞ്ഞാണ്ടി, കൊഴക്കെണറ് കുത്തീപ്പോ അടീന്ന് വന്നതെന്താന്നറിയാമോ…? കായലിലെ കക്കേം ചങ്കും. ഞാനല്ലേ അതെല്ലാം വാരി തെങ്ങുഞ്ചോട്ടിക്കൊണ്ടിട്ടത്. അങ്ങു കെഴക്കൻ മലേലാരാണ്ടക്ക, കൊഴക്കെണറ് കുത്തീന്നുമ്പറഞ്ഞ് ഈ പടിഞ്ഞാറെ കായലിന്റെ  കരേലെന്തിനാ കൊഴക്കെണറ്…?" 


"കിണറ്റില് വെള്ളം കുറഞ്ഞാൽ പിന്നെന്ത് ചെയ്യാനാ..?"


"അതിന് കെണറ്റിലെ ഒറവ തെളിച്ചാപ്പോരെ…? നമ്മളീ മതില് കെട്ടി  തിരിച്ചു വെച്ചേക്കണ പറമ്പൊക്കെ പണ്ട് കായലായിര്ന്ന് മോനേ.. പടിഞ്ഞാറെ കായല് നമ്മള് പാർത്തോട്ടെന്നുമ്പറഞ്ഞു, നീങ്ങിത്തന്ന പറമ്പിന് മതില് കെട്ടി വീറു കാണിക്കണതെന്തിനാ....?”


“എന്റെ പങ്കിയമ്മേ ഇതെന്താ ഈ പറേണ….? പണ്ടിവിടെ താഴ്ത്തി മണ്ണെടുത്തപ്പോൾ വലിയ മൺപാത്രങ്ങൾ കിട്ടിയത് മറന്നുപോയോ? ഇവിടെ പണ്ടും മനുഷ്യര് തന്നെയാ താമസിച്ചിരുന്നെ, കായലും കടലും ഒന്നും അല്ല.”


ഞാൻ കുട്ടിയായിരുന്നപ്പോൾ പറമ്പിൽ നിന്നും വലിയ മൺചാറകൾ കിട്ടിയത് ഓർമ്മയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പേ  മനുഷ്യനെ അടക്കിയ നന്നങ്ങാടികൾ. എടുത്തപ്പോഴേ കഷണങ്ങളായ ചാറകൾക്കുള്ളിൽ എന്നോ അടക്കം ചെയ്യപ്പെട്ട ശരീരങ്ങൾ, യാതൊന്നും അവശേഷിക്കാതെ  വെറും മണ്ണായി മാറിയിരുന്നു.  


“ആ മനുഷേർക്ക് മുമ്പും ഈ പൂമിയൊണ്ടാര്ന്നില്ലേ..? പണ്ട് ഒന്നാം ക്ലാസ്സിലെ പൈലി സാറു പറഞ്ഞു തന്നിട്ടൊണ്ട്, പൂമി കാലം മാറുമ്പോ മാറൂന്ന്. നമ്മുടെ പടിഞ്ഞാറെ കായലിന്റെ ഒരു ബാഗം ഈ മണ്ണിന്റടീലൊണ്ട് മോനേ…അതിന്റെ മോളിലാ നമ്മള് വീട് കെട്ടി പാർക്കണതും മതില് കെട്ടിത്തിരിച്ച് തല്ലൊണ്ടാക്കണതും..”


പങ്കിയമ്മ സ്‌കൂളിൽ പോയിട്ടുണ്ടെന്ന്  അപ്പോഴാണ് അറിയുന്നത്. ഓർമ്മവെച്ച കാലം മുതൽ അടുക്കളപ്പുറത്തെ ചട്ടിയും കലവുമായി കാണുന്നതാണവരെ. 


“പങ്കിയമ്മേ.. പങ്കിയമ്മ എത്ര വരെ പഠിച്ചു…,?”


“ഞാൻ നമ്മട പള്ളിക്കൂടത്തില് നാല് വരെ പടിച്ചതല്ലേ. അന്ന് പൈലി സാറ് പറഞ്ഞത് അക്ഷരം പടിക്കണേതിന് മുമ്പ്, ജീവിക്കണ പൂമിയെ പടിക്കണോന്നാ. പാർക്കണ എടം മനസ്സിലാക്കാൻ കോളേജ് പടിത്തോന്നും വേണ്ട. പടിപ്പ് കൂടീട്ടാ മനുഷേരിതൊക്ക  മറന്ന് പോയത്.”


പ്രായം തുരുമ്പിപ്പിക്കാത്ത അറിവിന്റെ മുന്നിൽ ഞാൻ നിശ്ശബ്ദനായി. ഭൂമി തന്റെ  ഗർഭപാത്രത്തിൽ കാലങ്ങൾ കൊണ്ട് സംഭരിച്ച  ജലം, പാഴാക്കുന്ന ബുദ്ധി കെട്ട തലമുറയുടെ പിടിപ്പുകേടിന്റെ വേവലാതിയിൽ എന്റെ തൊണ്ട വരണ്ടു. പങ്കിയമ്മ മെടഞ്ഞു വെച്ച ഓലക്കെട്ടിലേക്ക് വീണ ഭൂമിശാസ്ത്രത്തിന്റെ പുസ്തകവുമെടുത്തു ഞാൻ വീട്ടിലേക്ക് നടന്നു. 


ഓഗസ്റ്റ്‌ എനിക്ക് ഓഫീസിൽ, തിരക്കിന്റെ മാസമാണ്. നാട്ടിൽ  കൂട്ടുകാരിയുടെ മകളുടെ കല്യാണത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് സീമ. 


“രാജിയുടെ മോളുടെ കല്യാണം മഴയിൽ കുതിരുമെന്നാ തോന്നുന്നത്. നാട്ടിൽ ഇക്കൊല്ലം എങ്ങുമില്ലാത്ത മഴ.”


 ടിവി വാർത്ത നോക്കി സീമ പറഞ്ഞു.


കല്യാണത്തിന് ഉടുക്കാനുള്ള സാരി ബാഗിൽ വെക്കുമ്പോഴും, സീമ മഴയെപ്പറ്റി ആകുലപ്പെട്ടു കൊണ്ടിരുന്നു. നാളെ ഉച്ചകഴിഞ്ഞാണ് അവൾക്ക് ഫ്ലൈറ്റ്. ഡാമുകൾ തുറക്കണോ വേണ്ടയോ എന്ന ചർച്ചകൾ ചാനലുകളിൽ പൊടി പൊടിക്കുന്നു.  ഇക്കൊല്ലത്തെ ഓണം അവൾ അച്ഛനമ്മമാരുടെ കൂടെ.


സീമയെ എയർപോർട്ടിൽ എത്തിക്കാനായി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവളുടെ ഫോൺ.


 “കൊച്ചി എയർ പോർട്ട് അടച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കൂ."

 

ഫോണിന്റെ സ്‌ക്രീനിൽ  വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞ നാട്. അണക്കെട്ടിന്റെ വെള്ളപ്പാച്ചിലിൽ തകർന്നടിയുന്ന വീടുകൾ, റോഡുകൾ. നഗരമധ്യത്തിൽ നിന്നും തോണിയിൽ രക്ഷപ്പെടുന്ന മനുഷ്യർ. 


രണ്ടു മൂന്ന് ദിവസമായി വാർത്താ ചാനലുകളല്ലാതെ വേറൊന്നും കാണുന്നില്ല. അച്ഛനുമമ്മയുമെല്ലാം കാഞ്ഞിരപ്പള്ളിയിലെ സീമയുടെ വീട്ടിലേക്ക് മാറിക്കഴിഞ്ഞു. നാട്ടിലെ വീടിന്റെ ഒന്നാം നിലയും കഴിഞ്ഞു, രണ്ടാം  നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി.


വാർത്തകൾക്കിടയിൽ മുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വീടും. വെള്ളമൊഴുകിപ്പോകാൻ വഴിയില്ലാതെ വിശാലമായ പറമ്പ് കായലായി കിടക്കുന്നു. ആരാലും ശ്രദ്ധിക്കാനില്ലാതെ കുറച്ച് കൊല്ലങ്ങളായി നികന്നു തുടങ്ങിയ താമരക്കുളവും, എന്നോ ഇല്ലാതായ  ഓലക്കുളവും പ്രളയ വെള്ളത്തിനടിയിൽ. കൊല്ലങ്ങളായി മണ്ണിനടിയിൽ കിടന്ന് തിക്കുമുട്ടിയ ഓലക്കുളത്തിന്റെ നീരുറവകൾ മുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ തലോടലിൽ കുളിർന്നുണർന്നു കാണുമോ..?


നാട് മുഴുവനും മതിലതിരുകളിൽ കുടുങ്ങിക്കിടക്കുന്ന വെള്ളം. വെള്ളം….. സർവത്ര വെള്ളം. തൊട്ടടുത്തു നിന്നും വേമ്പനാട്ട് കായൽ ഉറക്കെ അലച്ചാർത്തു വിളിച്ചിട്ടും പോകാൻ വഴിയില്ലാതെ പറമ്പുകളിൽ വൃഥാ ഓളം തല്ലിക്കരയുന്ന പ്രളയ ജലം. തങ്ങളെ നോക്കി അവസരം മുതലാക്കി അലറുന്ന ചാനലുകാരെ നിസ്സഹായതയോടെ നോക്കുന്ന കലക്കവെള്ളം. ആ വെള്ളമെല്ലാം വേലികൾക്കിടയിലൂടെ ഒഴുകി എന്നോ നികന്നു പോയ, മൂഴിക്കൽ തോടു വഴി  കായലിൽ പതിക്കുന്ന ദൃശ്യം ഞാൻ മനക്കണ്ണിൽ കണ്ടു. മതിലതിരുകൾക്കൊപ്പം മൂഴിക്കൽ തോട് വർഷങ്ങൾക്ക് മുമ്പേ  റോഡായി വേഷം മാറി, ടാറുടുപ്പിട്ടത് ആ ദൃശ്യത്തിൽ നിന്നും ഞാൻ വെട്ടി  മാറ്റി.


രണ്ട് ദിവസം കഴിഞ്ഞാണ് അച്ഛനോടും അമ്മയോടും സംസാരിക്കാൻ പോലും സാധിച്ചത്.  മുറിഞ്ഞു പോകുന്ന സംഭാഷണങ്ങൾക്കിടെ നശിച്ചു പോയ വീട്ടുസാധാനങ്ങളെയോർത്തു വിലപിക്കുന്ന അമ്മ. 


“നമ്മുടെ പങ്കിയമ്മ മരിച്ചടാ...പാവം അവരൊക്കെ നമ്മുടെ സ്‌കൂൾ ക്യാമ്പിലായിരുന്നു…. “


ടീവിയിൽ വാർത്ത കേൾക്കുന്ന ശബ്ദം.


“എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ വൃദ്ധ മരിച്ചു. എൺപത്തിയെട്ട് വയസ്സുള്ള പങ്കജാക്ഷിയമ്മയാണ് ഇന്നലെ രാത്രി മരിച്ചത്.  ക്യാമ്പിൽ വരുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.”


 വേമ്പനാട്ടു കായൽ “ഇങ്ങൊഴുകി വാ…” എന്ന് പ്രളയ ജലത്തെ അലച്ചു വിളിച്ചത് മരിക്കുന്നതിന് മുമ്പ് പങ്കിയമ്മ കേട്ടുകാണുമോ..?  മണ്ണും വെള്ളവും ഭൂമിയുടെ ആത്മാവും പൈലി സാറിൽ നിന്ന് കേട്ട ഒന്നാം ക്ലാസ്സിൽ കിടന്നായിരിക്കുമോ പങ്കിയമ്മ അവസാന ശ്വാസമെടുത്തത്….?

No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍