14.10.23

കരുണെയ് അനുപ്പ്


റാക്കിന്‍റെ  അവസാന തുള്ളിയും ഊറ്റി വലിച്ചു കുടിച്ച് ദൊരൈക്കണ്ണ് ചായ്പ്പിലെ കയര്‍ കട്ടിലിലേക്കൊരു വീഴ്ച. ഉടനെ കേട്ടു ഉച്ചത്തില്‍ കൂര്‍ക്കം വലി. 

അടുക്കളയില്‍ വത്തല്‍ കുളമ്പിന് വറവിട്ടുകൊണ്ടിരുന്ന മുത്തുലച്ച്മി അയാൾ  വീട്ടില്‍ വന്നു കേറിയതോ  ഒരു  കുപ്പി ചാരായം മുഴുവനും അകത്താക്കിയതോ അറിഞ്ഞില്ല.  അവള്‍ കരുവാടു കറിവച്ചു, വെളുത്തുള്ളിയും കുരുമുളകും ചതച്ചിട്ട് രസമുണ്ടാക്കി, വത്തല്‍ കുളമ്പും വച്ചു തീര്‍ത്തു. പച്ചരിക്കഞ്ഞിയുടെയും ഉണക്ക മുളകിന്റെയും പഴകിയ അച്ചാറിന്റെയും മാത്രം മണമുണ്ടായിരുന്ന അവളുടെ അടുക്കളയില്‍ വാളന്‍ പുളിയും ഉണക്കമീനും ചേര്‍ന്ന് തിളച്ചപ്പോള്‍ ഒരു തട്ട് ചോറ് അപ്പൊത്തന്നെ തിന്നണമെന്നവള്‍ക്ക് തോന്നി. അത്താഴത്തിനു കോഴി വേണം എന്ന്‍ പറഞ്ഞിട്ടാണ് രാവിലെ  ദൊരൈക്കണ്ണ്‍  പളനിത്താത്തയുടെ വീട്ടിലേക്ക്  പോയത്.

 എന്നും സാപ്പടുക്ക് ഇരിക്കുമ്പോഴേ ദൊരൈക്കണ്ണ് പിറുപിറുക്കും.

കഞ്ചി ഊറുകായ്....ഉറുകായ് കഞ്ചി.”

അത് കേള്‍ക്കുമ്പോഴേ മുത്തുലച്ച്മിക്ക് കലിയിളകും.

കൊണ്ടു വാങ്ക... എങ്കെയാവത് പോയി ദുട്ട്‌ കൊണ്ടു വാങ്ക..നല്ല ആട്ടുക്കറി പോടലാം...

ഉപ്പുപാടത്തു പണിയെടുത്ത് നീറിയിരിക്കുന്ന കാലുകളുടെ നീറ്റല്‍ അവള്‍ക്ക് ശരീരം മുഴുവനും കയറി വരും.  വേലക്ക് എന്ന് പറഞ്ഞ് ചെന്നെയ്ക്ക് വണ്ടി കയറിയിട്ട് ഒരു രൂപ പോലും അയയ്ക്കത്ത  മകന്‍ വടിവേലിനെയും തിരുമണം കഴിപ്പിച്ചയച്ചതോടെ വീട്ടിൽ കടം കയറ്റിയ മകള്‍ ചെമ്പകത്തെയും അവള്‍ തലയുറഞ്ഞു പ്രാകും. അതോടെ ദൊരൈക്കണ്ണ് കഞ്ഞിപ്പാത്രം തട്ടിയിട്ട് എഴുന്നേറ്റ് പോകും. ചാണകം മെഴുകിയ തറയില്‍ അച്ചാറിനൊപ്പം പച്ചരിക്കഞ്ഞി കുഴഞ്ഞു കിടക്കും.

ഇതിനെല്ലാം കാരണം  ദൊരൈക്കണ്ണ് വേലക്ക് പോകാത്തതാണെന്ന് അയാള്‍ക്കും മുത്തുലച്ച്മിക്കും നാട്ടുകാര്‍ക്കും നന്നായറിയാം. അത് ചോദിച്ചാല്‍ കിട്ടുന്ന അടിയെ പേടിച്ചാണ് മുത്തുലച്ച്മിയുടെ പ്രാക്ക്. 

അയാൾക്ക് ചെയ്യാനിഷ്ടമുള്ള ഓരോയൊരു വേല തലൈകൂത്തലാണ്. അതയാള്‍ സ്വന്ത നാട്ടിലും അയല്‍ നാട്ടിലും ഭംഗിയായി നടത്തും. ദൊരൈക്കണ്ണിനെ വിളിച്ചാല്‍ ചിലവാക്കിയ കാശു പോവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഏറിയാല്‍ ഒരാഴ്ച. കുളി തുടങ്ങുന്ന ദിവസം കിട്ടുന്ന അഡ്വാന്‍സ് തുക കൈയ്യിലെത്തുമ്പോഴേ അയാള്‍ ആഘോഷം തുടങ്ങും. പിന്നെ കുറച്ചു നാളേക്ക്  മുത്തുലച്ച്മിയുടെ അടുക്കളയില്‍  മീന്‍ കുഴമ്പിനൊപ്പം കോഴിക്കറിയും ആട്ടുക്കറിയും തിളക്കും. പക്ഷെ, കാശെത്ര കിട്ടിയാലും അങ്ങ് തീരില്ലേ...?

മുത്തുലച്ച്മി അടുക്കള വാതില്‍ ചാരിയിറങ്ങിയപ്പോഴാണ് ചായ്പ്പില്‍ നിന്നും കൂര്‍ക്കം വലി കേട്ടത്.

അകത്തു കയറി നോക്കിയപ്പോള്‍ ദാ..കിടക്കുന്നു ദൊരൈക്കണ്ണ്.  ഉടുമുണ്ടും ബോധവും ഇല്ലാതെ. അവള്‍ക്ക് കലി ഇരച്ചു കയറി.

പിസാസ്..

അവള്‍ ചാരായകുപ്പി എടുത്തു നോക്കി. ഒരു തുള്ളി പോലുമില്ല. അവളതു പുറത്തേക്ക് വലിച്ചെറിഞ്ഞു. കുപ്പിച്ചില്ല് പൊട്ടുന്ന ഒച്ചകേട്ട്  പാതി കണ്ണ് തുറന്ന അയാള്‍ അവളെ നോക്കി ഉറക്കപ്പിച്ചില്‍ പറഞ്ഞു.

വാ... വാ..രാസാത്തി...

എന്നിട്ട്  ആദ്യത്തേതിലും ശക്തിയില്‍ കൂര്‍ക്കം വലി തുടര്‍ന്നു.

മുത്തുലച്ച്മി അലക്കാനുള്ള തുണികളുമെടുത്ത് കുളിക്കടവിലേക്ക് നടന്നു. തലക്ക് മുകളില്‍ സൂര്യന്‍ കടുപ്പമേറി വരുന്നു.

ഇന്ന് വൈകുന്നേരം പളനിതാത്താവുടെ ദഹനം നടക്കും. പളനിതാത്താ ഏറന്താച്ച് എന്ന് പേരന്‍ കറുപ്പ്സാമി അതിരാവിലെ വന്ന് അറിയിച്ചപ്പോഴേ പോയതാണ് ദൊരൈക്കണ്ണ്. കഴിഞ്ഞ ആഴ്ച അഡ്വാന്‍സ് ആയിരം രൂപയാണ് കിട്ടിയത്. ബാക്കി നാലായിരം ഇന്ന്. മൊത്തം അഞ്ചാ....യിരം എന്ന് ദൊരൈക്കണ്ണ് ആര്‍ത്തപ്പോള്‍ മുത്തുലച്ച്മി കൂടെ തുള്ളിച്ചാടി.

അഡ്വാന്‍സ് വാങ്ങി അഞ്ചു  ദിവസമായിട്ടും ഒന്നും നടക്കാതെ  വന്നപ്പോള്‍ കറുപ്പ്സാമി ദേഷ്യത്തിലായിരുന്നു.

എന്നാ മാമാ...കാശ് തൊലഞ്ചാച്ചാ ....?

താത്താ എപ്പടി..? ജ്വരം ഇരുക്കാ..?”

അതെല്ലാം ഇരുക്ക്...ആനാ...

കാവലയ്പ്പെടാതെ തമ്പീ... ഇന്നേക്ക് നിജമാ...

ദൊരൈക്കണ്ണിന്‍റെ പ്രവചനം സത്യമായി. രാത്രി വൈകി പനിയും ശ്വാസതടസ്സവും മൂര്‍ച്ചിച്ച് പളനി താത്ത മരിച്ചു.  

പളനി, ഒന്നാന്തരം കൃഷിക്കാരന്‍. വടിവൊത്ത കറുത്തു തിളങ്ങുന്ന മസിലുകളുള്ള പളനിയെപ്പോലെ തടിച്ചിരുണ്ട മധുരക്കരിമ്പുകള്‍ അയാളുടെ വയലില്‍ വിളഞ്ഞു കിടന്നു. എന്നും   പുലര്‍ച്ചേ നാലുമണിക്ക്  പണിക്കിറങ്ങുന്ന പളനി. ഗ്രാമം ഉറക്കമുണരുമ്പോള്‍  അയാള്‍ പാതി വേല തീര്‍ത്തിരിക്കും. ചുട്ടുപഴുക്കുന്ന തമിഴക മണ്ണില്‍ വെയിലിനെ തോല്‍പ്പിച്ച് പളനി പണിയെടുത്തു. താമരഭരണി നദിയിയില്‍ നിന്നും വെള്ളം ചുമന്ന് കരിമ്പ് നനച്ചു. ‘പളനി വേല സെയ്‌വത് പോല' എന്നൊരു ചൊല്ല് തന്നെ അന്നാട്ടില്‍ ഉണ്ട്.

ഇതിപ്പോഴത്തെ കഥയല്ല. പണ്ട്, കുറെ കൊല്ലം മുമ്പത്തെ കഥ. അന്ന് പളനിക്ക് ജീവിതം പൊണ്ടാട്ടിയും മക്കളും ചേര്‍ന്ന വിളഞ്ഞ കരിമ്പിന്റെ മധുരമായിരുന്നു. ഇപ്പോള്‍ അതൊന്നും പളനിക്ക് ഓര്‍മ്മയേയില്ല. എപ്പോഴോ മരിച്ച ഭാര്യയെയോ മക്കളെയോ പേരക്കിടാങ്ങളെയോ എന്തിന്..പളനിക്ക് പളനിയെപ്പോലും അറിയില്ല. ചികിത്സിച്ചു മടുത്ത മകന്‍ വേലാണ്ടി തന്നെയാണ് കഴിഞ്ഞ ദിവസം ദൊരൈക്കണ്ണിനെക്കണ്ട് കാര്യം  പറഞ്ഞത്. വയസ്സ് കാലത്തെ കഷ്ടപ്പാടിനെക്കാള്‍ എത്ര ഭേദം.  

 ഓര്‍മ്മക്കുറവെങ്കിലും എണ്ണക്കന്നാസുമായി അടുത്തു നില്‍ക്കുന്ന ദൊരൈക്കണ്ണിനെ കണ്ട പളനി “സാവടിക്കാതടാ*..”എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു. ദൊരൈക്കണ്ണ്‍ കൊച്ചു പയ്യനായി ചുറ്റി നടക്കുന്ന പ്രായത്തില്‍ പളനിയുടെ കരിമ്പിന്‍ തോട്ടത്തില്‍ വേലക്ക് കൂടിയിട്ടുണ്ട്. 

പക്ഷേ, ഇതയാളുടെ തൊഴിലാണ്. ചിട്ടവട്ടങ്ങളോടെ ചെയ്യുന്ന തൊഴില്‍. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ നല്ലെണ്ണ അതാണ് കണക്ക് പളനിയുടെ  വെപ്രാളം ശ്രദ്ധിക്കാതെ അയാള്‍ കൈവെള്ള നിറച്ച് എണ്ണ വൃദ്ധന്റെ തലയില്‍ പൊത്തി. പിന്നെ ശരീരമാസകലം ഒഴുകെ. എല്ലാം കഴിഞ്ഞപ്പോള്‍ ആ ചുക്കി ചുളിഞ്ഞ ശരീരം എണ്ണയില്‍ മുക്കിപ്പൊക്കിയ പോലിരുന്നു. പിടിച്ചാല്‍ കൈയ്യില്‍ നിന്നും തെന്നിപ്പോകുന്ന പരുവം. നല്ല പൊരി വെയിലില്‍ നികക്കെ എണ്ണയും തേച്ചിരുന്ന പളനി അവിടിരുന്നുറങ്ങിപ്പോയി. ഒടുവില്‍ നല്ല തണുത്ത വെള്ളത്തിലെ കുളി.

 “കൊഞ്ചം വെന്നി* ഊത്തടാ..”

വൃദ്ധൻ കിടുകിടുത്തു കൊണ്ട് ദയനീയമായി കേണു.

കുളിപ്പിച്ച് കഴിഞ്ഞ് വയറു നിറയെ കരിക്കിന്‍ വെള്ളവും കൊടുത്തു. രണ്ടാം ദിവസത്തെ കുളിക്ക് മുമ്പ് പളനിക്ക് പനിയും കഫക്കെട്ടും ആരംഭിച്ചിരുന്നു. മൂന്ന്‍ ദിവസത്തെ കുളിയില്‍ അയാള്‍ മരണത്തിലേക്ക് വേച്ചു വേച്ചു നടക്കാന്‍ തുടങ്ങി. പക്ഷെ പ്രകൃതിയെയും മണ്ണിനെയും തോല്‍പ്പിച്ച് പണിയെടുത്ത ആ ശരീരത്തെ തൊടാൻ മരണം ഒന്നറച്ചു നിന്നു. 

 കുളി കഴിഞ്ഞ് മുത്തുലച്ച്മി വന്നപ്പോള്‍ ദൊരൈക്കകണ്ണ് ഉറക്കമുണര്‍ന്നിരുന്നു. അവളുടെ ദേഹത്ത് നിന്നും വാസന സോപ്പിന്റെ  സുഗന്ധം പരന്നപ്പോഴേ അയാള്‍ക്ക് കലിയിളകി. അതങ്ങനെയാണ്. മുത്തുലച്ച്മി കുളിച്ച് പൂ ചൂടി അടുത്തു വരുമ്പോഴേ അയാള്‍ തെറി വിളിതുടങ്ങും.  അവള്‍ കുളിച്ചൊരുങ്ങി പൂ ചൂടുന്ന ദിവസം അയാളുടെ സര്‍വ ഉത്സാഹവും പോകും. കേള്‍ക്കനറയ്ക്കുന്ന അശ്ലീലം കൊണ്ടയാള്‍ അവളെ മൂടും.

പണ്ട്, ഉപ്പുപാടത്ത് വേല ചെയ്തിരുന്ന കാലത്ത് ദാവണിയില്‍ ഉപ്പു കുതിർന്ന മുത്തുലച്ച്മി അയാളുടെ ഉണർച്ചയായിരുന്നു. പുലര്‍ച്ചെ മുതല്‍ ഉച്ചവരെയുള്ള മടുപ്പിക്കുന്ന ജോലിയുടെ തളർച്ച മുത്തുലച്ച്മിക്കൊപ്പം ഉപ്പു ചാക്കുകളുടെ ചായ്പ്പില്‍ കിടന്നു തീര്‍ത്തു.  അവളുടെ ശരീരത്തിലെ ഉപ്പിൽ അയാള്‍ അലിഞ്ഞു. ശരീരമാസകലം ഉപ്പു രുചിക്കുന്ന പെണ്ണ്. അവളുടെ  ചുണ്ടിൽ, നാവിൽ,  നാഭിയില്‍, മുലകളിൽ  ഉപ്പിന്റെ കൊതിപ്പിക്കുന്ന സ്വാദ്. ദൊരൈക്കണ്ണിന് ലോകത്തിലേറ്റവും പ്രിയ സ്വാദ് ഉപ്പിന്‍റെത് മാത്രം.

തരി പൊന്നും ഏറെ പൂവും ചൂടി കല്യാണ പന്തലിൽ പട്ടു ചേലയിൽ പൊതിഞ്ഞു  നിൽക്കുന്ന മുത്തുലച്ച്മിയെ കണ്ടതെ ദൊരൈകണ്ണിനു വല്ലാതെ വന്നു. നാവില്‍ മധുരത്തിന്റെ മടുപ്പിക്കുന്ന ചൊടിപ്പ്. ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടുന്ന വരന്റെ മ്ലാനത ആ മുഖത്തുണ്ടായിരുന്നു. രാത്രി മുല്ലപ്പൂ സുഗന്ധത്തിൽ പട്ടുചേലയിൽ നിൽക്കുന്ന നവവധുവിനെ അയാൾ വെറുപ്പോടെ നോക്കി.

“എന്നാച്ച്..”?

മുത്തുലച്ച്മിക്ക് കരച്ചിൽ പൊട്ടുന്നുണ്ടായിരുന്നു.

അയാൾ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ഉപ്പു ഭരണി കൊണ്ടുവന്ന് അവളുടെ  തലവഴി  കമിഴ്ത്തി. മുത്തുലച്ച്മി ഭയന്ന്‍ നിലവിളിച്ചു.

“അമ്മാ…”

“അളാതെ കണ്ണേ.. അളാതെ..”

ദൊരൈക്കണ്ണ് അവളെ അടങ്കം പിടിച്ചു നിർത്തി ആര്‍ത്തിയോടെ അവളുടെ ഉപ്പു രുചിച്ചു.

പിന്നീടോരിക്കലും കിടക്കയിൽ വരുമ്പോൾ മുത്തുലച്ച്മി കുളിച്ചില്ല, പൂ ചൂടിയില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുമ്പ് അവൾ കുളിച്ചു പൂ ചൂടി. മഞ്ഞള്‍ തേച്ച് കുളിച്ചു പൂ ചൂടി പട്ടുചേല കെട്ടുന്ന  തിരുവിഴാ* നാളുകളില്‍ അവള്‍ അയാളുടെ അടുത്തു പോകാതെ മക്കള്‍ക്കൊപ്പം പോയി കിടക്കും. കെട്ടപേച്ച് കേള്‍ക്കണ്ടല്ലോ.

വേലക്ക് പോകാതെ മുഴുസമയവും ചാരായം കുടിച്ചു പാതി മയക്കത്തിൽ നടക്കുന്ന ദൊരൈക്കണ്ണിനെ ശപിച്ച്  ഉപ്പു കുറുകി കിടക്കുന്ന  പാടത്ത് പൊരിവെയിലില്‍ ഉപ്പു വാരി മുത്തുലച്ച്മി അയാളെയും മക്കളെയും പോറ്റി. ചെമ്പകത്തിന്‍റെ  തിരുമണം കഴിഞ്ഞതോടെ വടിവേലുവും നാട് വിട്ടു. വല്ലപ്പോഴുമുള്ള തലൈകൂത്തല്‍ ചെയ്തു കിട്ടുന്ന പണം   ദൊരൈക്കണ്ണ് ആഘോഷിച്ചു തകര്‍ത്തു. അടുത്ത തലൈകൂത്തല്‍ വരെ സണ്ഠ. കെട്ടപേച്ച്...

മുത്തയ്യാപുരത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വടിവേലിന്റെ ആഡംബര കാര്‍ സൂക്ഷിച്ചു  നീങ്ങി. ടാര്‍ മിക്കവാറും ഇല്ലാതായ റോഡില്‍ കാര്‍ പോയ വഴിയെ പൊടി പൊങ്ങിപ്പറന്നു. റോഡിനരികിലെ കടക്കാർ വടിവേൽ മുതലാളിയുടെ കാറിനെ ആദരവോടെ നോക്കി. വടിവേലിന് നാട്ടില്‍ ഏക്കര്‍ കണക്കിന് ഉപ്പു പാടമുണ്ട്. പണ്ടു അപ്പാവും അമ്മാവും വേലയെടുത്ത ഉപ്പുപാടവും ഇപ്പോള്‍ അവന് സ്വന്തം. ചെന്നെയില്‍ പോയി പണക്കാരനായ വടിവേല്‍ മുതലാളി. ചെന്നെയിലും അയാള്‍ക്ക് നിറയെ കച്ചവട സ്ഥാപനങ്ങള്‍. അത് നോക്കി നടത്തുന്നത് മകന്‍ കാര്‍ത്തിക്. മുത്തായ്യാപുരത്തെ ആ പഴയ വീട്ടില്‍ ഇപ്പൊ അപ്പാ മാത്രം..

“എന്നാ വടിവേല്‍ സാര്‍.. അന്ത പളെ വീട് വിക്ക പോറിങ്കലാ..?”

വടിവേല്‍ നാട്ടില്‍ വരുമ്പോഴൊക്കെ  സ്ഥലം ബ്രോക്കര്‍ മാരിയപ്പന്‍ അടുത്ത് കൂടും.

“യോശിക്കറേന്‍..യോശിക്കറേൻ....”

വടിവേൽ മാരിയപ്പനെ സമാധാനിപ്പിച്ചു നിർത്തും. 

 മുത്തുലച്ച്മി മരിച്ചതിനു ശേഷം വര്‍ഷങ്ങളായി ദൊരൈക്കണ്ണ് ആ വീട്ടിൽ തനിച്ചാണ്. അയാള്‍ക്ക് ചെന്നെയ്ക്കും പോകണ്ട മകന്റെ സൗഭാഗ്യങ്ങളും വേണ്ട. ചാരായം മോന്തി വടിയും കുത്തിപ്പിടിച്ച് ആ മഹാ നഗരത്തിലൂടെ നടന്ന് വടിവേല്‍ മുതലാളിക്കും കാര്‍ത്തിക് സാറിനും നാണക്കേട് വരുത്താനും അയാളില്ല. വയസ്സായി എന്നേയുള്ളു. ഓര്‍മ്മയ്ക്കും ബുദ്ധിക്കും ഇത് വരെ ഒരു ക്ഷതവും സംഭവിച്ചിട്ടില്ല.

വടിവേല്‍ വീടിനുള്ളില്‍ കയറിയപ്പോള്‍ ദൊരൈക്കണ്ണ്‍ കിടക്കുകയായിരുന്നു. 

 “അപ്പാ, സാരായം വേണമാ..?

അയാളുടെ നരച്ച കണ്‍പോളകള്‍ക്കുള്ളില്‍ നിറം മങ്ങിയ കൃഷ്ണമണികള്‍ തിളങ്ങി.

വടിവേല്‍ ഗ്ലാസ്‌ നിറയെ ചാരായം ഒഴിച്ചു കൊടുത്തു. അത് പോരുന്ന വഴിയില്‍ അയാള്‍ സംഘടിപ്പിച്ചതാണ്. പല്ലില്ലെങ്കിലും ആട്ടിറച്ചി കൂട്ടി ദൊരൈക്കണ്ണ് തൃപ്തിയോടെ വയറു നിറയെ ചാരായം കുടിച്ചു.

“വാ...അപ്പാ… കൊഞ്ചം നേരം വെളിയിലെ ഉക്കാറലാം.”

ചാരായം കുടിച്ചു നില തെറ്റിയ അപ്പാവെ വടിവേല്‍ കസേരയില്‍ എടുത്താണ് പുറത്തേക്കിരുത്തിയത്.

പുറത്തെ വെയിലില്‍ ഇരുന്ന് ദൊരൈക്കണ്ണ് ചോദ്യ ഭാവത്തില്‍ മകനെ നോക്കി.

വടിവേല്‍ കാറിന്റെ ഡിക്കി തുറന്ന് എണ്ണക്കന്നാസെടുത്ത്  അപ്പാവുടെ തലയില്‍ എണ്ണ തേച്ചു തുടങ്ങി. നരച്ച് പൊഴിഞ്ഞു തീരാറായ മുടിയിഴകളില്‍, എല്ലുകള്‍ തടയുന്ന നെഞ്ചില്‍, ഇരുണ്ടുണങ്ങിയ കൈകാലുകളില്‍, എല്ലായിടത്തും എണ്ണ ലോഭമില്ലാതെ ഒഴുകി. ഉണങ്ങി വരണ്ട കത്തിരിക്കാലത്തിൽ ഓർക്കാപ്പുറത്ത് പെയ്യുന്ന  മഴത്തുള്ളികളെ ഭൂമി വലിച്ചെടുക്കുന്ന  പോലെ അയാളുടെ ഉണങ്ങി ചുളുങ്ങിയ തൊലിയിലേക്ക് എണ്ണ വലിഞ്ഞു, പിന്നെ   ശരീരത്തെ വഴുവഴുപ്പിച്ച് ഒഴുകാൻ തുടങ്ങി. ചെറുപ്പത്തിൽ അപ്പാവുടെ കൂടെ നിന്ന് പഠിച്ച ജോലിയുടെ ചിട്ടവട്ടങ്ങള്‍ മുറ തെറ്റാതെ വടിവേല്‍ ചെയ്തു തുടങ്ങി..

ചാരായത്തിന്റെ ലഹരിയില്‍ അടഞ്ഞു പോകുന്ന കണ്ണുകള്‍ ഉയര്‍ത്തി  മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി ദൊരൈക്കണ്ണ് ദയനീയമായി കരഞ്ഞു.

“കടവുളേ… കാപ്പാത്തുങ്കോ...”


(റോസിലി ജോയ് )

******************************************************************************

തലൈകൂത്തല്‍= തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന ദയാവധം. ഇപ്പോഴും ചിലയിടങ്ങളില്‍ അത് രഹസ്യമായി നടത്തുന്നു.

അനുപ്പ്=അയപ്പ്

സാവടിക്കുക=കൊല്ലുക

തിരുമണം= വിവാഹം

പേരന്‍= പേരക്കുട്ടി 

വെന്നി= ചൂട് വെള്ളം

തിരുവിഴാ=ഉത്സവം




 

 


No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍