18.3.24

സസ്നേഹം അംബിക

 


ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ചിരിയോടെ ഇരിക്കുകയാണ് ജോസ്, പ്രായത്തിന്റെ ചെറിയ മാറ്റങ്ങളോടെ. സത്യത്തിൽ ഞാൻ ജെബിജംഗ്ഷൻ കാണാൻവേണ്ടി ടിവി ഓൺ ചെയ്തതൊന്നുമല്ല. ചാനൽ മാറ്റുന്നതിനിടെ അംബികയുടെ ജോസിന്റെ മുന്നിൽ ചെന്നു പെട്ടതാണ്. പണ്ടത്തെ സിനിമാനടൻ, റൊമാന്റിക്ഹീറോ. അംബികയെപ്പോലെ 

ജോസിനെ എനിക്കും നല്ലയിഷ്ടമായിരുന്നു. ഞാനതു  പറയുന്നതിനുമുമ്പേ അവൾ കേറിയങ്ങ് ഗോളടിച്ചു. പിന്നെയെനിക്കു വിട്ടുകൊടുക്കാതെ തരമില്ലായിരുന്നു. അങ്ങനെ അവൾ ജോസിനെ അസ്ഥിയിൽ പിടിച്ചപോലെ പ്രേമിച്ചു തുടങ്ങി. ഞാൻ അരികിലേക്കു മാറിനിന്ന കാഴ്ചക്കാരിയും. 


"ജോസിന്റെ എഴുത്തും ഫോട്ടോയും വന്നു."


ലോവറിൽനിന്നു ഹൈയറിലേക്കുള്ള കയറ്റം പടപടേന്നു ടൈപ്പറൈറ്ററിൽ അടിച്ചു മുന്നേറുന്ന എന്റെ ചെവിയിൽ അംബിക പതുക്കെപ്പറഞ്ഞിട്ടു സ്വന്തം സീറ്റിൽ പോയിരുന്നു. അക്ഷരങ്ങൾ വാക്കുകളായി പേപ്പറിലേക്കുള്ള  ആരോഹണം സഡൺബ്രേക്കിട്ടതുപോലെ നിന്നു. മുറിയുടെ ഒരറ്റത്തു മനോരാജ്യത്തിലെ കാനത്തിന്റെ നോവൽ വായിച്ചുകൊണ്ടിരുന്നു സരളടീച്ചർ വാരികയിൽനിന്നു പെട്ടെന്നു തല ഉയർത്തി നോക്കി. ഉച്ചത്തിൽ പ്രവർത്തനംതുടർന്ന ഒരു യന്ത്രം പെട്ടെന്നു കറണ്ടു പോയപ്പോൾ നിന്ന്, ഒരു ഭാവത്തിൽ സരളടീച്ചറുടെ ഗൗരവനോട്ടം കണ്ടില്ല എന്ന വ്യാജേന, ധൃതിയിൽ അടുത്ത വാക്യം ടൈപ്പുചെയ്യാൻ തുടങ്ങി. പക്ഷേ, എന്തു ഫലം… പിന്നീടെന്റെ വിരലിലൂടെ അടിച്ചുതള്ളിയ വാക്കുകളും വാക്യങ്ങളും ജാഗ്രതക്കുറവിന്റെ അസ്കിത കാണിച്ചു തുടങ്ങി. അവിടവിടെ തെറ്റുകൾ, സ്പേസ് ഇടേണ്ടിടത്തു സ്പേസ് ഇല്ല, ചിലയിടത്ത് ഡബിൾ സ്‌പേസ്. ആകെ കശപിശ. 


സീറ്റിൽ വന്നിരുന്ന അംബിക ഈ ആഴ്ച പഠിച്ച പുതിയ വാക്കുകൾ ടൈപ്പുചെയ്യാതെ തുടക്കത്തിൽ പഠിച്ച അക്ഷരങ്ങൾ ചുമ്മാ അടിച്ചു കൊണ്ടിരുന്നു. എ എസ് ഡി എഫ് ജി എഫ്; എൽ കെ ജെ എഛ് ജെ.

അന്നു മനോരാജ്യം വരുന്ന ചൊവ്വാഴ്ചയായതുകൊണ്ട്, ഇൻസ്റ്റിറ്റൂട്ടിന്റെ മുന്നിലെ രാജണ്ണന്റെ കടയിലെ സീമയുടെ ചിരിക്കുന്ന  ചിത്രമുള്ള പുതിയ മനോരാജ്യങ്ങളിലൊന്നാണ് സരളടീച്ചറിന്റെ കൈയിലിരിക്കുന്നത് എന്ന ധൈര്യത്തിൽ പതിനൊന്നര ആകുന്നതും നോക്കി അവൾ സാവധാനം അടിച്ചു. കൃത്യം പതിനൊന്നരക്ക് പതിവുപോലെ എനിക്ക് ഇടവേളയിലെ വെള്ളദാഹമുണ്ടായി. ഞാൻ പിന്നോട്ടു നോക്കിയപ്പോൾ അംബികയ്ക്കും. പുറത്തു വരാന്തയിലെ കൂജക്കരികിലേക്കു നടന്നതും കൈയിലെ നോട്ടുപുസ്തകവുമായി അവൾ പിന്നാലെ പാഞ്ഞു വന്നു.


"സിനിമേല് കാണണപോലെ തന്നെയല്ലേ…"


പുസ്തകത്താളുകൾക്കിടയിൽ ഇരുന്നു പുഞ്ചിരിക്കുകയാണ് ജോസ്. എന്താ ഒരു ഭംഗി. സുന്ദരൻമീശയും കവിളുകളും. മുഖം ലേശം ചരിച്ച് എന്തോ ആലോചിച്ചിരിക്കുംപോലെ. കൊച്ചുപൂക്കളുടെ പ്രിൻ്റുള്ള ഷർട്ടിന്റെ അറ്റം കൂർത്ത വലിയ കോളർ ചീകിയൊതുക്കിയ ഹിപ്പിമുടിയിൽ മുട്ടുന്നു.

 

"ഇനി പൊറോശ്ശം നോക്കിക്കേ…" 


നല്ല വടിവൊത്ത ഉരുണ്ട അക്ഷരം. 


"പ്രിയ അംബികയ്ക്ക്, സസ്നേഹം ജോസ്."


അങ്ങനെയല്ല വായിക്കേണ്ടത്.

പ്രിയ അംബികയ്ക്ക് കോമ സസ്നേഹം ജോസ് കുത്ത്.

ജോസ് പറയുന്ന സിനിമാഡയലോഗിനേക്കാൾ വികാരതീവ്രതയോടെ അംബിക അതു വായിച്ചു.


"സസ്നേഹം എന്നു പറഞ്ഞാൽ സാധാരണ സ്നേഹത്തെക്കാൾ ഇച്ചിരീങ്കൂടെ കൂടുതലില്ലേ…"


അംബിക വിജയഭാവത്തിലാണ്.


"ങാ…"


ഞാനൊന്നു മൂളി. 


"അതിനു ഞാനല്ലേ നിനക്കു നാനയിലെ അഡ്രസ്സ് നോക്കി ജോസിന് എഴുത്തെഴുതിത്തന്നത്."


ആ സസ്നേഹത്തെ പകുത്തെടുത്തു മാറ്റി വെറുംസ്‌നേഹമാക്കാൻ ഞാനൊരു ചെറുശ്രമം നടത്തി.


"അതേ… ന്നാലും അംബിക എന്ന എന്റെ പേര് കണ്ടിട്ടായിരിക്കൂല്ലേ ജോസിനു സസ്നേഹത്തോടെ ഫോട്ടോ അയയ്ക്കാൻ തോന്നിയത്? ചെലപ്പോ ഈ ഫോട്ടോ അയച്ച ദെവസം സിനിമാനടി അംബികേനെ കെട്ടിപ്പിടിച്ചബിനയിച്ച ദെവസായിരിക്കും… യ്യോ… നിക്ക്… വയ്യ… അംബിക ആ ഫോട്ടോ നെഞ്ചിൽ ചേർത്തുവെച്ചു കൂമ്പിനിന്നു.”


ഒവ്വ… വൃത്തിയായി എഴുതാൻപോലുമറിയാത്തവൾക്കു കത്തും ഫോട്ടോയും! ചെറിയൊരസൂയയുടെ അകമ്പടിയോടെ നല്ല കലി ഇരച്ചുവന്നു. എന്നാലും ഒന്നും പറയാൻ പോയില്ല.


കുറെനാളായി അവള് ജോസിന്റെ അഡ്രസ്സും തപ്പി നടക്കാൻ തുടങ്ങിയിട്ട്. സിനിമയും ജോസും. ഇതല്ലാതെ വേറൊരു വിഷയം സംസാരിക്കാനില്ലാത്തൊരു സിനിമാജീവി. സിനിമാംബിക. സ്‌കൂൾക്കാലംതൊട്ട് സിനിമ എനിക്കു പരിചയപ്പെടുത്തിത്തന്നവൾ. അച്ഛനു ബാബുടാക്കീസിൽ ജോലിയുള്ളതുകൊണ്ട് അവൾ വളർന്നത് അതിലെ സിനിമക്കുള്ളിലാണ്. എല്ലാ  ഓണത്തിനും വിഷുവിനുംമാത്രം കുടുംബസമേതം സിനിമ കാണുന്ന എനിക്ക് അവളൊരു സിനിമാകൊട്ടകതന്നെയായിരുന്നു. എന്റെ തിങ്കളാഴ്ചകൾ ആ ശനിയാഴ്ച അവൾ കണ്ട  മാറ്റിനിക്കുള്ളിലായിരിക്കും. വെള്ളിത്തിരയിൽ മാറി മാറി വരുന്ന സീനുകൾ തുടക്കംമുതൽ അടുക്കോടെ അംബിക കഥ പറഞ്ഞു തുടങ്ങും. ഇടയിലെ പാട്ടുകൾ പാടിക്കേൾപ്പിക്കും. വെള്ളിയാഴ്ച രാവിലെ സ്‌കൂളിൽ വരുന്നത് അന്നു മാറുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളുമായാണ്. അതറിയാനായിത്തന്നെ കുട്ടികൾ സിനിമാംബികയെ കാത്തിരിക്കും. സ്‌കൂൾ വിട്ടുപോകുന്ന വഴി കവലയിലെ സുന്ദരേശന്റെ ചായക്കടയ്‌ക്കു മുന്നിലെ പുതിയ സിനിമാപോസ്റ്റർ നോക്കിനിന്ന് ഓരോ താരത്തെയും എനിക്കു  പരിചയപ്പെടുത്തും. നസീറും മധുവും  ശരിക്കും ഭയങ്കര കൂട്ടുകാരാണെന്നും ഉമ്മറിനോടു സിനിമയിൽ മിണ്ടുന്നത്രപോലും അവർ മിണ്ടില്ല എന്നും അവൾ പറഞ്ഞു. ഷീലയ്ക്കും ശാരദയ്ക്കും സീമ അനുജത്തിയെപ്പോലെയാണ്. ഷീലയുടെ മകനും സീമയും ഒരുമിച്ച് ഒരു സ്‌കൂളിൽ പഠിച്ചിട്ടുമുണ്ട്. ജയഭാരതിക്കു കൂട്ട് ശ്രീവിദ്യയോടാണ്.


വെള്ളിയാഴ്ച സ്‌കൂൾ വിട്ടു കഴിഞ്ഞുള്ള അംബികയുടെകൂടെയുള്ള എന്റെ കറക്കം പലവട്ടം എന്നെ കുടുക്കിലാക്കിയിട്ടുണ്ട്. ഒരിക്കൽ സുന്ദരേശന്റെ ചായക്കടയിൽ ചായ കുടിച്ചിരുന്ന എന്റെ കുഞ്ഞമ്മാവന്റെ റിപ്പോർട്ടിങ്ങിന്റെ ഫലമായുണ്ടായ  വിചാരണയിൽ അവിടത്തെ പുതിയ സിനിമാപ്പടം നോക്കിനിന്നതാണ് എന്ന എന്റെ മൊഴി ആരും കണക്കിലെടുത്തില്ല. അമ്മ അന്നു തുടയിൽ മുറുക്കെ നുള്ളിയത് ഇരുണ്ട പാടായി കുറെ നാൾ കിടന്നു. അംബികയെ അതു കാണിച്ചപ്പോൾ

"നിന്റെ കാലിന് ഉണ്ണിമേരീടപോലെ എന്ത് നെറാ…" എന്നായിരുന്നു അവളുടെ പ്രതികരണം. പഠിക്കുന്ന നേരം സിനിമാപ്പാട്ടു പുസ്തകം കൈയിൽ കണ്ടപ്പോഴും ചെറുശിക്ഷകൾക്കു ഞാൻ വിധേയയായി. ഏതെങ്കിലും വിഷയത്തിനു പരീക്ഷയിൽ മാർക്ക് കുറയുമ്പോഴൊക്കെ സിനിമാംബികയുമായുള്ള എന്റെ കൂട്ട്  പരാമർശിക്കപ്പെട്ടു. "അപ്പോൾ നല്ല മാർക്ക് കിട്ടുമ്പോഴോ...?"എന്ന് എന്നിലെ നിശ്ശബ്ദ വിപ്ലവകാരി എന്നോടുതന്നെ ചോദിച്ചു. മിക്കവാറും വിഷയങ്ങളിൽ തോറ്റിട്ടും ഒരു വഴക്കുപോലും കേൾക്കാതെ ആ ശനിയാഴ്ചയും മാറ്റിനിക്കു പോകാൻ സ്വാതന്ത്ര്യമുള്ള അംബിക എന്ന മഹാഭാഗ്യവതി. 


"ദ്വീപ്" സിനിമ അവൾ കണ്ടതു ഞങ്ങൾ എട്ടിൽ പഠിക്കുമ്പോഴായിരുന്നു. ആ തിങ്കളാഴ്ച കഥ പറയുന്നതിനുമുമ്പേ അവൾ നായകനെപ്പറ്റി പറയാൻ തുടങ്ങി.


"എടീ… പുതിയൊരു നടൻ. ജോസ്… ഹോ… എന്തൊരു ബങ്ങിയാ!”


പത്തു കഴിഞ്ഞ് അംബിക ട്യൂട്ടോറിയലിലും ഞാൻ കോളേജിലുമായതോടെ എന്റെ സിനിമാക്കഥകേൾക്കൽ നിന്നു. 


ഞങ്ങളുടെ ബാബുടാക്കീസിൽ ഒരു പുതിയ സിനിമ  കറങ്ങിത്തിരിഞ്ഞെത്തണമെങ്കിൽ ഒന്നൊന്നൊര കൊല്ലം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് ജോസിന്റെ ഹിറ്റ്സിനിമകൾ അംബിക രണ്ടു പ്രാവശ്യം കാണും. ആദ്യം റിലീസിങ് കഴിയുന്ന ആഴ്ചതന്നെ വീട്ടിലെന്തെങ്കിലും നുണ പറഞ്ഞ് അവൾ എന്റെ കോളേജിലെത്തും.  എന്നിട്ട് ഞങ്ങൾ ടൗണിലെ തീയേറ്ററിൽ പോകും. രണ്ടു പെൺകുട്ടികൾ ചേർന്നുള്ള ടൗണിലെ സിനിമകാണലിനൊന്നും ധൈര്യമുള്ളവളല്ല ഞാൻ. അംബികയാണെന്റെ ധൈര്യം. വീട്ടിലറിയിക്കാതെ നുണകളുടെ കൊട്ടാരംമേഞ്ഞു ഞാൻ അവൾക്കൊപ്പം കൂടും. പിന്നെ, അതേ സിനിമ ബാബുവിൽ വരുമ്പോൾ അവൾ വീണ്ടും കാണും.


മീനിൽനിന്നും അസ്തമിക്കാത്ത പകലുകളിൽനിന്നും അങ്ങാടിയിൽനിന്നുമെല്ലാം ജോസിനെ കൈപിടിച്ചിറക്കിയ അംബിക അയാൾക്കൊപ്പം ആടിപ്പാടി ജീവിച്ചു. സീമയും അംബികയുമൊക്കെ അവൾക്കായി വഴി മാറിക്കൊടുത്തു എന്നാണവളുടെ ഭാവം. ഈ പ്രാന്ത് കുറയ്ക്കാനായി സിനിമ ഒരു വ്യവസായമാണെന്നും; നടീനടന്മാർ അതിലെ ജോലിക്കാരാണെന്നും പലവട്ടം ഞാൻ ആ സ്വപ്നജീവിയെ ഓർമ്മിപ്പിക്കും. 


ടൈപ്പറൈറ്റിങ്ങ്ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിലെ രാജണ്ണന്റെ കടയിൽനിന്ന് എന്നും പേപ്പർ വാങ്ങുന്ന പരിചയത്തിൽ എല്ലാ ആഴ്ചയിലും വരുന്ന നാന മറിച്ചുനോക്കാനുള്ള അനുവാദം ഞങ്ങൾ നേടിയെടുത്തിട്ടുണ്ട്. നാന സ്ഥിരംവാങ്ങാൻ അവൾക്കു പേടിയാണ്. അമ്മ അച്ഛനോടു പറഞ്ഞു പ്രശ്നമുണ്ടാക്കും. ആകെ അഞ്ചു നാനയേ അവിടെ വരൂ. ആ പതിവുവരിക്കാർ എത്തുന്നതിനുമുമ്പുവേണം ഞങ്ങൾക്കു നാന നോക്കാൻ. ജോസിന്റെ മുഖചിത്രമുള്ള നാന കണ്ടദിവസം ചിത്രങ്ങൾ കണ്ടശേഷം അംബികയതു തിരിച്ചുകൊടുത്തില്ല. അതിലുണ്ടായിരുന്നു അംബിക തേടിയ വള്ളി. ആ മോഹവള്ളിയിൽ ചുറ്റിപ്പിണഞ്ഞു പോയ അംബികയോട്: 


"വെച്ചിട്ട് പോ.. അംബികേ. പതിവുകാരോടു ഞാനെന്തു പറയും..."


എന്ന രാജണ്ണന്റെ കെഞ്ചൽ കേൾക്കാതെ. കടയുടെ മുന്നിൽ നിരത്തിവെച്ചിരുന്ന മിഠായിഭരണിമേലൊന്നിൽ നാനയുടെ പൈസ വെച്ചിട്ട് എന്നെപ്പോലും തിരിഞ്ഞു നോക്കാതെ അവളൊരോട്ടം. 


"ഈ പെണ്ണിന്റെ ഒരു കാര്യം. സാരല്യ, ഇനി ഞാൻ ടൗണിൽപ്പോയി ഒന്നു വാങ്ങേണ്ടി വരും"


അംബികയുടെ മുന്നിൽ തോറ്റെങ്കിലും ആ തോൽവിയുടെ സുഖത്തിൽ രാജണ്ണൻ എന്നെ നോക്കി ചിരിച്ചു. രാജണ്ണന് അവളോട് ഒരിത്തിരി ഇതുണ്ട്. അതൊരിക്കൽ ഞാനവളോടു സൂചിപ്പിച്ചപ്പോൾ, “ഓ… പിന്നേ…." എന്നൊരു മറുപടി. 


 അടുത്തദിവസം അവൾ കുറച്ചേറെ ഷീറ്റ്പേപ്പർ വാങ്ങി. പിന്നെ എഴുത്തോടെഴുത്ത്. ഒടുവിൽ അതിൽ ഏതയയ്ക്കണം എന്നായി സംശയം. ഓരോന്നും മൂന്നും നാലുംപേജുണ്ടായിരുന്നു. 


പ്രഭാതസന്ധ്യയിലും ആനപ്പാച്ചനിലും സീമന്തിനിയിലുമൊക്കെയുള്ള ജോസിന്റെ കഥാപാത്രങ്ങൾ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന ഭാവത്തിലാണ് അവളുടെ എഴുത്ത്. ഏതു സിനിമാനടനെക്കാളും ജോസിനോടുള്ള ഇഷ്ടം ഒരു നാണവുമില്ലാതെ അവളുടെ കാക്കചിക്കിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു. അകമ്പടിയായി ഇടയ്ക്കുള്ള അക്ഷരത്തെറ്റുകളും.


"എടീ… എന്തൊക്കെയാ ഈ എഴുതിവെച്ചേക്കണത്? ആർക്കാ കത്തെഴുതെണന്ന വിചാരോണ്ടാ? ഈ മൂന്നാലുപേജൊള്ള കത്തു കിട്ടിയാലുടൻ അയാളതു ചുരുട്ടിക്കൂട്ടി ദൂരെ എറിയും. പിന്നെ, ഈ കൈയ്യക്ഷരോം. ഈ മഷിയൊഴിച്ച പേനകൊണ്ടെഴുതിയ എഴുത്തൊന്നും അവരൊന്നും തിരിഞ്ഞു നോക്കൂങ്കൂടയില്ല."


"അപ്പോപ്പിന്നെ…?"


"വല്യ ആൾക്കാർക്കൊക്കെ ഇപ്പൊ ഡോട്ട്പേനയാ. നല്ലൊരു ഡോട്ട്പേന വേണം."


"അയ്യോ… ഡോൾപ്പേനയോ…. എന്റേയിലില്ല."


"ഡോൾ അല്ല, ഡോട്ട്. അതൊരെണ്ണം വാങ്ങ്. കാര്യം നടക്കേണ്ടേ…?"


പിറ്റേന്ന് ടൈപ്പറൈറ്റിങ് ക്ലാസ്സിൽവന്ന അംബികയുടെ കൈയിൽ ഇളംനീല നിറത്തിൽ പെൻസിൽ വണ്ണമുള്ള ഒരു ഡോട്ട്പേനയുണ്ടായിരുന്നു. സരളടീച്ചർ അന്നു വരാതിരുന്നതുകൊണ്ട് ഞങ്ങൾക്കു സൗകര്യമായി. 


"ഇനി ഞാനെഴുതണില്ല. നീ കോളേജിൽ പഠിച്ചതുകൊണ്ട്, തെറ്റുവരില്ല. നിന്റെ കൈയക്ഷരവും നല്ലതാ… ഒന്നെഴുതിത്താടീ…"


പ്രിയ ജോസേട്ടന്, എന്നു തുടങ്ങി അധികം വലിച്ചുനീട്ടാതെ എഴുതിയ എഴുത്ത്. അങ്ങാടിയിൽ എനിക്കു ജയനെക്കാൾ ഇഷ്ടം ജോസിനെയാണെന്നവൾ പ്രത്യേകം  പറഞ്ഞെഴുതിപ്പിച്ചു. ഫോട്ടോ അയയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു, സ്നേഹപൂർവ്വം അംബികാകുമാരി കെ. എസ്സ് എന്നെഴുതിയതേ അംബിക ഒച്ചയിട്ടു.


"വേണ്ട, വേണ്ട… ആ കുമാരി വേണ്ടാ; കെ എസ്സും. അംബികമതി. വായിക്കുമ്പോഴേ ജോസിനു സിനിമയിൽ അംബികയെ സ്നേഹിക്കുന്നത് ഓർമ്മ വരണം. എന്റെ ഈ കത്തു കിട്ടിക്കഴിഞ്ഞാൽ അംബികേം സീമേം ഒക്കെ ഞാനായി ജോസിനു തോന്നണം."


"എന്റംബികേ… അതൊക്കെ അഭിനയമല്ലേ… സംവിധായകൻ പറയുന്നതിനനുസരിച്ചു ചെയ്യുന്ന ജോലിയാ ഈ അഭിനയം. അതിനവർക്കു നല്ല പൈസേം കിട്ടും. ഇതെത്രവട്ടം നിന്നോടിതു പറയണം…?"


" ഓ.. എന്തഭിനയമാണേലും ഇങ്ങനെ കെട്ടിപ്പിച്ചക്ക അഭിനയവുമ്പോ ഉള്ളിൽ ഇത്തിരി സ്നേഹം തോന്നാതിരിക്കുമോ…?"


"ആ…ആർക്കറിയാം…"


വീണ്ടും പുതിയ പേപ്പറിൽ 

യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്ന ശ്രദ്ധയോടെ സ്നേഹപൂർവ്വം അംബിക എന്നെഴുതി തീർക്കുമ്പോൾ അന്നത്തെ ഞങ്ങളുടെ ടൈപ്പറൈറ്റിങ്ങ് സമയം തീർന്നിരുന്നു. ഫ്രംഅഡ്രസ്സുവെച്ചത് വിദ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിന്റേതാണ്. 


കത്തുവന്നു ദിവസങ്ങൾകഴിഞ്ഞ് അംബിക എന്റെ പിന്നാലെ കൂടി.


"ജോസിനൊരു മറുപടി അയച്ചാലോ… കത്തും ഫോട്ടോയും കിട്ടീന്നും പറഞ്ഞ്…."


"കത്തോ… ഫോട്ടോയല്ലേ… കിട്ടിയത്..?"


"ഉം… പിന്നെ അതിന്റെ പൊറകിലെന്തായിര്ന്ന്? കത്തല്ലായിര്ന്നോ..? സിനിമേട തെരക്കൊക്കെ ഒള്ളോർക്ക് നീട്ടി എഴുതാനൊന്നും നേരോണ്ടായീന്ന് വരൂല്ല. മറുപടി എഴുതാതിരുന്നാ ശരിയാവോ. ഒരു മര്യാദ വേണ്ടേ…? "


"ഇനി വേണ്ടടീ… നിനക്കു ഫോട്ടോ കിട്ടിയില്ലേ, അതുപോരേ…?"


"പറ്റില്ല… ഇനി എന്റെ ഒരു ഫോട്ടോയും ചേർത്താണ് മറുപടി എഴുതാമ്പോണത്."


"ഇനി ഞാനില്ല. നീ എഴുതിക്കോ ഫോട്ടോയുംവെച്ച്‌."


"അതെങ്ങനെ ശരിയാകും? രണ്ടും രണ്ട് കൈയക്ഷരമായിപ്പോകില്ലേ. ജോസിന് ഞാൻ പറ്റിച്ചു എന്നു തോന്നിയാലോ?"


പെണ്ണാകെ ഇളകിനിൽപ്പാണ്. നോട്ടുപുസ്തകത്തിനുള്ളിൽ ഗീതാ സ്റ്റുഡിയോയുടെ കവറിനുള്ളിൽ അവളുടെ ചിരിക്കുന്ന ഫോട്ടോ. ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്തോറും അംബികയ്ക്ക് ദേഷ്യം വരാൻ തുടങ്ങി.


"ഇന്നുകൂടെ മതി. ഇത് ലാസ്റ്റ്. കൈയക്ഷരത്തിന്റെ കാര്യം ഞാൻ പിന്നെ ജോസിനോട് തുറന്ന് പറഞ്ഞോളാം. അതിന്റെ പേരിൽ ഒരിഷ്ടവും ഇല്ലാതാകില്ല"


ഇത്തവണത്തെ ഒരു വാക്കുപോലും എന്റേതായി ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞ വാകുങ്ങൾ അതേപടി എഴുതിയ കത്ത് അവൾ സന്തോഷത്തോടെ ഫോട്ടോയെ പൊതിയുന്നതു ഞാൻ നിസ്സംഗതയോടെ നോക്കിനിന്നു.


"ഇനി ഇക്കാര്യം പറഞ്ഞു നിന്റെ പൊറകെ വരൂല്ല ട്ടാ…"


അംബിക വീണ്ടും കാത്തിരിപ്പിന്റെ നാളുകളിലേക്കു വീണു. ലെറ്റർബോർഡ് നോക്കി കണ്ണു കഴച്ച്, ഉത്സാഹംനശിച്ച അവൾ കുറച്ചു ദിവസംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു, ടൈപ്പുസമയം കഴിഞ്ഞും പോസ്റ്റ്മാനെ കാത്ത് അവിടെത്തന്നെയിരുന്നു. പിന്നെപ്പിന്നെ അങ്ങോട്ട് വരാതുമായി. അന്വേഷിച്ചു ചെന്ന എന്നോട് അവളുടെ അമ്മ അവളെക്കുറിച്ചുള്ള പരാതിയുടെ ഭാണ്ഡമഴിച്ചു. പത്തിൽ ജയിക്കാൻ പലപ്രാവശ്യം എഴുതേണ്ടിവന്നതും രണ്ടുകൊല്ലം തയ്യൽക്ലാസ്സിൽ പോയിട്ടും വൃത്തിയാക്കി തൈയ്ക്കാനാറിഞ്ഞു കൂടാത്തതും ഞാൻ കഴിഞ്ഞ കൊല്ലം ടൈപ്പറൈറ്റിങ്ങ് പഠിക്കാൻ തുടങ്ങിയപ്പോൾ വിളിച്ചിട്ട് പോകാതിരുന്നതും ഒടുവിൽ ഇപ്പോൾ രണ്ടുമാസംകൊണ്ട് ടൈപ്പുപഠിത്തം നിർത്തിക്കളഞ്ഞതുമൊക്കെ അവർ എന്റെ മുന്നിൽ നിരത്തി. 


"ഇനി വരുന്നില്ല."


അംബിക മുഖത്തുനോക്കാതെ പറഞ്ഞു.


"ജോസിന്റെ മറുപടി വന്നാൽ എന്നെ ഏൽപ്പിച്ചേക്കണം. തുറന്നു വായിച്ചേക്കരുത്."


അമ്മ കേൾക്കാതെ രഹസ്യംപറഞ്ഞ അവളുടെ മുഖത്തെ ഗൗരവം  കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും അവളുടെ തലയിൽ കയറില്ല


"അംബിക എവിടെ..?" രാജണ്ണൻ കാണുമ്പോഴൊക്കെ ചോദിക്കും.


"അവള് ടൈപ്പ് നിർത്തി. എന്തേ രാജണ്ണാ..?"


"ഒന്നുമില്ല…ഞാൻ ചുമ്മാ… "


അതിനുശേഷമായിരുന്നു അംബികയുടെ വീട്ടിൽ യഥാർത്ഥ ഭൂകമ്പം നടന്നത്. അതിന്റെ തുടർചലനം രാജണ്ണന്റെ കടയിലെ വാക്കേറ്റമായി സംഭവിച്ചു. സർക്കാർ ജോലിയുള്ള ഒരു പയ്യൻ അവളെ പെണ്ണുകാണാൻ വന്നതായിരുന്നു അതിന്റെ തുടക്കം. പെണ്ണിനെ ഇഷ്ടപ്പെട്ടു കല്യാണതീയതിവരെ ചെന്നെത്തിയ നടപടികൾ അംബികതന്നെ ഇടപെട്ടു തടഞ്ഞു. ചെറുക്കൻ ജോലിചെയ്യുന്നിടത്തു  ചെന്നു തനിക്കൊരു പ്രണയമുള്ള വിവരം അവൾ  നേരിട്ടു പറഞ്ഞു കളഞ്ഞു. 


ഇവിടെനിന്നു പേപ്പർ വാങ്ങുന്നതല്ലാതെ തനിക്കു യാതൊരു ബന്ധവുമില്ല എന്നു രാജണ്ണൻ ആണയിട്ടിട്ടും അയാളെ തല്ലാൻചെന്ന അംബികയുടെ അച്ഛനെ നാട്ടുകാർ പിടിച്ചു മാറ്റി. അതിന്റെ അലകൾ മെഷീൻ ശബ്ദങ്ങളെ ഭേദിച്ചു വിദ്യാ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിലേക്കു വന്നു. 


"ഇഷ്ടമുണ്ടായിരുന്നു. അവളോടു പറയുനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇനി എന്താണെങ്കിലും നേരിൽ കണ്ടു ഞാൻ ചോദിക്കുന്നുണ്ട്. അവൾ കാണിച്ച ധൈര്യത്തിന്റെ പകുതിയെങ്കിലും കാണിക്കേണ്ടേ…? ആ തന്തയെ എനിക്കൊരു ഒരു പാഠം പഠിപ്പിക്കണം."


അന്ന് പേപ്പർ വാങ്ങാൻചെന്ന എന്നോടു വീറോടെയാണ് രാജണ്ണൻ പറഞ്ഞത്.


"വേണ്ട രാജണ്ണാ... ഒന്നിനും പോകണ്ട. അതു നിങ്ങളല്ല."


രാജണ്ണന്റെ മുഖം എന്റെ കൈയിരുന്ന പേപ്പർപോലെ വെളുത്തുവിളറി. 


"ഞാൻ പല പ്രാവശ്യം കത്തെഴുതി നോക്കിയടീ…. കൈയക്ഷരം മാറിയതാണ് പ്രശ്നമായത്. നീ ഒന്നൂടെ എനിക്കുവേണ്ടി എഴുതുവോ… ഒരേയൊരു പ്രാവശ്യം."


അംബിക എന്റെ മുന്നിൽ തേങ്ങിക്കരഞ്ഞു. അവളെ സ്വപ്നലോകത്തുനിന്നു തിരികെ കൊണ്ടുവരാനുള്ള എന്റെ ശ്രമങ്ങൾ ആ കരച്ചിലിലൂടെ ഒഴുകിപ്പോയി. വീണ്ടും കത്തെഴുതി കൊടുക്കാത്തതുകൊണ്ട് പിണങ്ങി മുറിക്കുള്ളിലേക്കുപോയ അംബികയെ തിരികെ പോരാൻ നേരം കണ്ടതുപോലുമില്ല. 


"ഒന്നു പറഞ്ഞുകൊടുക്ക് മോളേ… ആ പെട്ടിക്കടക്കാരനെ കെട്ടാൻ അച്ഛൻ സമ്മതിക്കൂല്ലാന്ന്… അയാളോളോടുള്ള ഇവക്കട കളീം ചിരീം ആരാണ്ടുവന്ന് അച്ഛനോടു പറഞ്ഞു കൊടുത്തായിരുന്നു… ന്നാലും നല്ലൊരാലോചന ഈ പെണ്ണ്  ഇങ്ങനെയാക്കിക്കളഞ്ഞല്ലോ. ഇനി ഇവളെ എങ്ങനെ ഞങ്ങള്  കെട്ടിക്കും…?"


അവളുടെ അമ്മയുടെ സങ്കടത്തിനും എനിക്കുത്തരമില്ലാതായി. അംബിക വൺവേപ്രേമത്തിന്റെ ദുഃഖപുത്രിയായി കഴിഞ്ഞ നാളുകളിലായിരുന്നു എന്റെ വിവാഹം.


കല്യാണം പറയാൻ ചെന്നപ്പോഴും അവളുടെ അമ്മ ആവലാതിപ്പെട്ടു. അവൾക്കു കല്യാണമലോചിക്കുന്നതേ അച്ഛൻ നിർത്തിയിരുന്നു. രാജണ്ണന്റെ കല്യാണം കഴിഞ്ഞും അവൾ കല്യാണം സമ്മതിക്കാതെ വന്നപ്പോഴാണ് അവർ കുഴങ്ങിപ്പോയത്. സിനിമ സ്‌ക്രീനിൽ കാണുന്ന ഒരാളെ അയാളറിയാതെ പ്രേമിക്കുന്ന പൊട്ടത്തരത്തിൽ ജീവിക്കുന്നവൾ എന്തു സമ്മതിക്കാനാണ്…?


"നീ ദുബായിൽനിന്ന് അവധിക്കു വരുമ്പോൾ എന്നെ കാണാൻ വരാൻ മറക്കരുത്."


ചിരി മറഞ്ഞ മുഖത്തോടെ പോരാൻനേരം അംബിക ഓർമ്മിപ്പിച്ചു. 


പിന്നീട് അവധിക്കാലങ്ങളിൽ കാണുമ്പോഴും ബാബുവിലെ ശനിയാഴ്ച മാറ്റിനിക്കൊപ്പം ജീവിക്കുന്ന  

അംബികയ്ക്കു കാര്യമായ മാറ്റമുണ്ടായിരുന്നില്ല. 


ഒരു പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ ബാബുടാക്കീസ് അവിടെ ഇല്ലായിരുന്നു; അംബികയും. ഓലമേഞ്ഞ സിനിമകൊട്ടക ഇരുന്ന സ്ഥലം വെറുംപറമ്പായ കാഴ്ച!

എവിടെയായിരുന്നു ആ വെളുത്ത സ്‌ക്രീൻ...? ബെഞ്ചും കസേരയും ഇട്ടിരുന്നതെവിടെ? പ്രൊജക്റ്റർമുറിയിൽനിന്ന് ഇരുട്ടിലൂടെ സ്ക്രീനിലേക്ക് ഒഴുകിയിരുന്ന വെളിച്ചത്തിന്റെ ആ വഴി ഏതായിരുന്നു? ബ്ലാക്ക് ആൻഡ് വൈറ്റിലും പല വർണ്ണങ്ങളിലും ഞങ്ങൾക്കിടയിലേക്കിറങ്ങി ജീവിച്ച എത്രയോ കഥാപാത്രങ്ങൾ. അവരുടെ പ്രേമവും പ്രേമഭംഗവും ചിരിയും കരച്ചിലും സംഘട്ടനങ്ങളും തങ്ങിനിന്ന ഇടം. എത്രയോ ഗാനങ്ങൾ അലയടിച്ച ഇടം. അതെല്ലാം വളമായി ഏറ്റെടുത്ത പറമ്പ് ഒരൊറ്റ കൊല്ലംകൊണ്ട് കമ്യുണിസ്റ്റു പച്ചക്കാടായി തഴച്ചുനിൽക്കുന്നതു കണ്ടു ഞാൻ അന്തംവിട്ടുനിന്നു. അംബികയുടെ  അച്ഛൻ ടിക്കറ്റും പാട്ടുപുസ്തകവും വിറ്റിരുന്ന ഇടം ഓടുമേഞ്ഞതായിരുന്നതുകൊണ്ട് പൊളിക്കാതെ പറമ്പിന്റെ മൂലയ്ക്ക് അങ്ങനെതന്നെയുണ്ട്, ആൾപൊക്കത്തിൽനിൽക്കുന്ന കമ്യുണിസ്റ്റുപച്ചകൾക്കു കൂട്ടായി.


അക്കൊല്ലംതന്നെ അംബിക ബോംബെയിൽനിന്നു വന്ന കസിനെ കല്യാണം കഴിച്ചുപോയിരുന്നു.


"കൊട്ടക പൊളിച്ചതോടെ സിനിമപ്രാന്തും നിന്ന് പെണ്ണു വഴിക്കു വന്നു മോളേ… ആ നേരത്താ എന്റാങ്ങളേടെ ചെക്കൻ ബോംബേന്നു വന്നത്. പെണ്ണിനെ പിടിച്ചു കൊടുക്കുവേം ചെയ്തു. ഇങ്ങേരുടെ ജോലി പോയാലെന്താ ഇപ്പൊ മനസ്സമാധാനോണ്ട്." 


അവളുടെ അമ്മ ആശ്വസിച്ചു.


 ടിവിയിലെ ജെബിജങ്ഷൻ ഇപ്പോഴും തീർന്നിട്ടില്ല. വോളിയം കുറച്ച് അംബികയെ വിളിക്കാനായി ഞാൻ ഫോണെടുത്തു. രണ്ടു കൊല്ലംമുമ്പ് ഞങ്ങളുടെ സ്കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് അവളുടെ നമ്പർ കിട്ടിയതിനുശേഷം ഇടക്ക് ഞങ്ങൾ വിളിയുണ്ട്. സംസാരത്തിന്റെ പക്വതയിൽനിന്നു മുംബൈജീവിതം അവളെയാകെ മാറ്റിയതുപോലുണ്ട്. 


"ഹലോ… " എന്ന അംബികയുടെ  ശബ്ദത്തോടൊപ്പം എന്റെ ടിവി യിലെ അതേ ശബ്ദം അവളുടെ മുംബൈയിലെ ഫ്ലാറ്റിൽനിന്നു കേട്ടു.


"നീയും ഇപ്പോൾ ജെബിജങ്ഷനാണല്ലേ കാണുന്നത്. ഇപ്പോ വിളിക്കാൻ കാരണം ഇതു തന്നെയാ.. ജോസിപ്പോഴും അതേ സുന്ദരനായിരിക്കുന്നല്ലേ."


"ഉം…” അംബിക ചെറിയൊരു “നിശ്വാസത്തോടെ മൂളി."

.

"നീ ഇപ്പോഴെന്താ ഓർക്കുന്നതെന്ന് ഞാൻ പറയട്ടേ?"


പെട്ടെന്ന് സംയമനംവീണ്ടെടുത്തവൾ ചോദിച്ചു.


"പറയ്."


"ഞാൻ ഇനിയും ആ പൊട്ടത്തരം ഓർത്തിരിപ്പാണോ എന്ന്. ശരിയല്ലേ..?"


ഞാനൊന്നും മിണ്ടിയില്ല. 


"അതുപൊട്ടത്തരമൊന്നുമല്ലടീ. അത് ശരിക്കും വല്ലാത്തൊരിഷ്ടം തന്നെയായിരുന്നു. ജീവിതത്തിൽ ആദ്യമായുണ്ടായ പ്രേമം. അതിന് മേൽ ഏത് പ്രേമം വന്നാലും പുതിയ ജീവിതം വന്ന് മറച്ചാലും ഇടക്കിടെ എപ്പോഴെങ്കിലും മനസ്സിലേക്ക് വരാതിരിക്കുവോ..?"


സുഷുപ്താവസ്ഥയിൽനിന്നു പഴയ സ്വപ്നജീവി ഉണർന്ന് സിനിമാംബിക ആയപോലെ.


"എന്റേത് ജോസായതുകൊണ്ട് എപ്പോൾ കാണണമെന്ന് ഓർത്താലും യു ട്യൂബ് ഒന്നു നോക്കിയാൽ പോരേ? ആദ്യപ്രണയം ഓർക്കാനിഷ്ടപ്പെടാത്ത ആരുണ്ടീ ലോകത്ത്...? നിനക്കങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നു പറയാനാകുവോ? നമ്മുടെ സ്നേഹം അറിയാതെ, നമ്മൾ കൊതിച്ച ഒരാൾ…"


പെട്ടെന്നെന്റെ മുന്നിൽ പഴയൊരു ഇരുപതുകാരി മിന്നിമറഞ്ഞു. ആ പെൺകുട്ടി രാജണ്ണന്റെ തമാശ കേട്ടു ചിരിക്കുന്ന അംബികയെ അസൂയയോടെ നോക്കുന്നു, അവളുടെ കാമുകൻ നിങ്ങളല്ല എന്നറിയിക്കുമ്പോൾ  മുഖം വിളറുന്നതു കണ്ട്  അവളുടെ ഉള്ളിലെന്തായിരുന്നു…?  പ്രതികാരത്തിന്റെ നേർത്തൊരു സന്തോഷമോ... സ്നേഹം തിരിച്ചറിയാത്ത ദുഃഖമോ…


"ഹലോ.. ഹലോ…

എന്താ നീ മിണ്ടാത്തത്..?"

അംബികയും ജോസും ബ്രിട്ടാസും  ശബ്ദമായി ഇപ്പോഴും ചെവിക്കുള്ളിൽത്തന്നെയുണ്ട്.

No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍