20.11.10

എച്ചുച്ചോത്തി

ഡീ…എച്ചുവേ…കഞ്ഞി തിളച്ചെന്ന് നോക്കിക്കേഡീ…നീരേറ്റുപറമ്പിലെ കുഞ്ഞേല വല്യമ്മ മുറിയില്‍ നിന്നും അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിനുള്ള മറുപടി വന്നത് അടുക്കളില്‍ നിന്നായിരുന്നില്ല. മുറ്റത്തു നിന്നായിരുന്നു.
“ഇപ്പൊ തീ കത്തിച്ചിങ്ങിറങ്ങിയതല്ലേ ഉള്ളു. കൊതക്കാറൊന്നുമായിട്ടില്ലെന്റെ വെല്യമ്മേ…” ധൃതിയില്‍ പ്രാകുന്നതിനിടയില് എച്ചുച്ചോത്തി വിളിച്ചു പറഞ്ഞു.
“ഇവളുടെ ഒരു ബാഷ…തെളക്കെണെന്നു പറയാമ്മേലെ..ഒരു കൊതക്കല്..”
കുഞ്ഞേല വെല്യമ്മ പതുക്കെ പറഞ്ഞു.

മുറ്റമടിച്ചു കൊണ്ടിരുന്ന എച്ചു അതു കേട്ടില്ല.അല്ലെങ്കില്‍ തന്നെ പ്രാകുന്നതിന്റെ തിരക്കിലായിരുന്നല്ലോ എച്ചൂച്ചോത്തി. മാമ്പഴക്കാലാമായാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ മുറ്റമടിയുടെ കൂടെ എച്ചൂച്ചോത്തിക്ക് പ്രാക്കിന്റെ സീസണ് കൂടിയാകും. വെറുതെയല്ല എച്ചു പ്രാകുന്നത്. നീരേറ്റുപറമ്പു വീടിന്റെ തൊടി നിറയെ മാവുകളാണ്. ആറു മക്കളുള്ള ആ വീട്ടിലെ ഇളയ സന്താനങ്ങള്‍ മാമ്പഴങ്ങള്‍ ഈമ്പിക്കുടിച്ച് അതിന്റെ തൊലിയും മാങ്ങാണ്ടിയും മുറ്റത്തേക്ക് അഭിഷേകം ചെയ്തിട്ടുണ്ടാകും. മുറ്റത്തെ മാമ്പഴത്തൊലികള്‍ കണ്ട് അരിശം പൂണ്ട് മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും ചൂലില് മാങ്ങാണ്ടി തടയുന്നത്.ചൂലുകൊണ്ട് അടിച്ചാല്‍ നീങ്ങുകയില്ലാത്ത മാങ്ങാണ്ടി മുറ്റത്തിന് ദൂരെ എറിഞ്ഞു കൊണ്ട് അന്നത്തെ പ്രാക്ക് ആരംഭിക്കുകയായി. ഇഷ്,കിഷ്,കുഷ് എന്നിങ്ങനെ സ്വകാര്യം പറയുന്നതു പോലെയാണ് പ്രാക്ക് . കുട്ടികള്‍ അതെന്താ പറയുന്നതെന്നു കേള്ക്കാനായി പലവട്ടം ചെവി വട്ടം പിടിച്ചു നോക്കിയിട്ടുണ്ട്.
“ഒരു രക്ഷയുമില്ല. സ്വകാര്യ്ത്തിലാ പ്രാക്ക്” എന്നു പറഞ്ഞവര്‍ തോറ്റു പിന്വാങ്ങും.
എച്ചു എല്ലാദിവസവും കുട്ടികള്‍ ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം പരിശോധിക്കും. അതില്‍ എത്രമാത്രം അഴുക്കുണ്ട് എന്നെല്ലാം തിട്ടപ്പെടുത്തും. അവധിക്കാലത്ത്‌ അവര്‍ മണ്ണില്‍ കളിച്ചു തിമര്ക്കുന്നതു കാണുമ്പോഴേ എച്ചൂന് കലിയിളകും.
“നെരങ്ങിക്കോ മണ്ണിക്കെടെന്നെല്ലാം….വാക്കിയൊള്ളവന്‍ വേണം അലക്കി നേരെയാക്കാന്‍..” എന്നിട്ടവരുടെ നേരെ കടുപ്പിച്ചു നോക്കും.

കൊച്ചു കുട്ടികളോടു മാത്രമേ എച്ചൂച്ചോത്തിക്ക് ഈ കലിയുള്ളു. നീരേറ്റുപറമ്പിലെ വീട്ടിലെ മറ്റംഗങ്ങളോടെല്ലാം വളരെ ബഹുമാനത്തോടെയേ അവര്‍ പെരുമാറുകയുള്ളു.

എച്ചുവിനെ കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴേ കെട്ടിയവന്‍ ഉപേക്ഷിച്ചതാണ്. മക്കളുമില്ല. ഭര്ത്താവ് കുഞ്ഞുങ്ങള്‍ എന്നീ സങ്കല്പ്പങ്ങള്ക്ക് അന്യയായി ജീവിക്കുന്നതു കൊണ്ടാകാം കുഞ്ഞുങ്ങളുടെ ഒരു കുസൃതിയും എച്ചുവിന് പിടിക്കാതെ പോയത്.
നീരേറ്റുപറമ്പിലെ വീട്, അടുത്തുള്ള ഭഗവതിയുടെ അമ്പലം. തീര്ന്നു എച്ചുവിന്റെ ചെറിയ ലോകം. ജീവിതത്തിലെ പ്രധാന സംഭവം വര്ഷാ വര്ഷം വരുന്ന ഉത്സവവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുമാണ്. ഭഗവതി കഴിഞ്ഞാല്‍ നീരേറ്റുപറമ്പിലെ വീട്ടിലെ ഇത്തമ്മയും ചാക്കോച്ചനും കണ്‍ കണ്ട ദൈവങ്ങള്‍. താമസം മരിച്ചു പോയ ആങ്ങള കേശോച്ചോന്റെ വീടിനോടു ചേര്ന്ന് സ്വന്തം ഭൂമിയായ നാലു സെന്റിലെ ഒരു കൊച്ചു വീട്ടില്‍. കൂട്ടിന് കേശോച്ചോന്റെ മൂത്തമകള്‍ സരോ. കേശോച്ചോന്റെ ഭാര്യ കമലാക്ഷിക്ക് മാനസികത്തകരാറുണ്ട്.അതുകൊണ്ട് പരസ്യമായി നാത്തൂന്‍ പോരെടുക്കും.രണ്ടും കൂടെ നേരില്‍ കണ്ടാല്‍ പിന്നെ നോക്കെണ്ട. തേവാതര യുധം തന്നെ. തലക്കു സ്ഥിരമില്ലാത്ത ആളല്ലേ എന്നൊന്നും എച്ചൂച്ചോത്തി നോക്കുകയില്ല.കട്ടക്കു കട്ടക്കു പിടിച്ചു നില്ക്കും. ഭ്രാന്തിന്റെ സൌകര്യം മുതലെടുത്ത് കമലാക്ഷി അവസരം കിട്ടുമ്പോഴെല്ലാം നാത്തൂനെ ഉപദ്രവിച്ചു കൊണ്ടിരിക്കും. അലക്കിയിട്ട തുണികള്‍ അഴയില്‍ നിന്നും താഴെ മണ്ണിലിടുക, അടുപ്പില്‍ വെള്ളം കോരിയൊഴിക്കുക എന്നിങ്ങനെ കലാ പരിപാടികള്‍ .

വീട്ടില്‍ കിടന്നു പോരടിക്കുന്നത് പോരാതെ കമലാക്ഷി ഇടക്ക് നീരേറ്റുപറമ്പിലെ വീട്ടില്‍ വന്നും എച്ച്ചുവിനോടു വഴക്കിനു വരും. ഒറ്റക്ക് ഒറ്റക്ക് പറഞ്ഞു പോരടിക്കുന്ന എച്ചുവിനോടു കുഞ്ഞേല വലിയമ്മ ചോദിക്കും.
”നിനക്ക് നാണമില്ലേ എച്ചു...? തലയ്ക്കു സ്ഥിരമില്ലാത്തത് നിനക്കോ അതോ അവള്ക്കോ ..?”
“അല്ലാ...വെല്യമ്മേ... വീട്ടിലോ എനിക്ക് സ്വൈര്യം തരില്ല. അപ്പൊ ഇവിടേം കൂടി വന്നു സ്വൈര്യക്കെടുണ്ടാക്കിയാലോ..? അങ്ങനെ വിട്ടു കൊടുക്കുവാന്‍ പറ്റുവോ…? ഓപ്പയുണ്ടായിരുന്ന കാലത്ത്‌ ഇത്രേം വഴക്കിനു വരിയേലായിരുന്നു ഈ അസത്ത്‌.”
“കേശവനെ പേടിയായിരുന്നോ കമലാക്ഷിക്ക്..?”
“പിന്നല്ലാതെ എന്നോടു വഴക്കിനു വന്നാല്‍ ഓപ്പ നല്ല വീക്ക് വെച്ചു കൊടുക്കുമായിരുന്നു.പിന്നെ കുറെ ദിവസത്തേക്ക് സമാധാനമായിട്ടിരിക്കാം ..”

ഒരു ദിവസം ഉച്ചനേരത്ത് നീരേറ്റുപറമ്പിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എച്ചൂചോത്തിയെ തേടി അയല് പക്കത്തെ ഭാസ്കരന്‍ പാഞ്ഞെത്തി
“എച്ചു വെല്യമ്മേ..ദേ നിങ്ങടെ വീടിനു തീപിടിച്ചേ..ഓടിവായോ…”

അരച്ചുകൊണ്ടിരുന്ന തേങ്ങായും മുളകും അരകല്ലില്തന്നെ ഇട്ട് എച്ചൂ വീട്ടിലേക്കോടി. ആ ചെറിയ ഓലവീടു മുഴുവനും അഗ്നിദേവന്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. വീടിരുന്ന സ്ഥലത്ത് വെള്ളമൊഴിച്ചു കെടുത്തിയ ചാരക്കൂമ്പാരവും അതില്‍ നിന്ന് വരുന്ന പുകച്ചുരുളുകളും. പെട്ടിയിലിരുന്ന സരോയുടെ സാരികളും എച്ചുവിന്റെ സെറ്റുമുണ്ടുകളെമെല്ലാം ആ ചാരക്കൂമ്പാരത്തിലൊടുങ്ങി. തന്റെ സമ്പാദ്യങ്ങളെല്ലാം കത്തിയമര്ന്നതു കണ്ട് ആ പാവം ഒന്നും മിണ്ടാനില്ലാതെ അടങ്ങിക്കൊണ്ടിരിക്കുന്ന പുകച്ചുരുളുകളെ നോക്കി നിന്നു.
“ഞാനൊന്നുമല്ല തീവെച്ചത്..ഞാനിവിടെ കെടന്നുറങ്ങുവായിരുന്നു." എന്ന നാത്തൂന്‍ കമലാക്ഷിയുടെ പ്രഖ്യാപനം കേട്ടപ്പോഴേ കിണ്ണം കട്ടതാരെന്ന് എല്ലാര്ക്കും മനസ്സിലായി. പക്ഷേ എന്തു പറയാന്‍…? കമലാക്ഷിയെ ഒന്നു കടുപ്പിച്ചു നോക്കുവാന്‍ പോലും ശക്തിയിലാതെ എച്ചു തളര്ന്നു നിന്നു. ചിത്ത ഭ്രമത്തില് ചെയ്യാവുന്നതേത് പാടില്ലാത്തതേത് എന്നറിയാന്‍ വയ്യാത്ത നാത്തൂനോട് പോരടിച്ചാല് കത്തിപ്പോയ വീട് തിരികെ കിട്ടില്ലെന്ന് മനസ്സിലായിക്കാണും.
‘അമ്മായി ഇനി ഇവിടെ താമസിച്ചോ.ഇനീപ്പ വീടൊന്നും കെട്ടാന്‍ പോകേണ്ട. അമ്മ ഇനീ തീവെക്കില്ലെന്നാരു കണ്ടു..?”
കേശവന്റെ മകന്‍ വിജയന്‍ പറഞ്ഞു
വിജയന് സ്വന്തം അമ്മയെക്കളേറെ അമ്മായിയെ കാര്യമായിരുന്നു. ഓര്മ്മ നഷ്ടപ്പെട്ട അവന്റെ അമ്മ മക്കളോട് പ്രത്യേകിച്ച് ഒരടുപ്പവും കാണിച്ചിരുന്നില്ലല്ലോ.ശരിക്കും അമ്മ തന്നെയായിരുന്നു എച്ചു അവര്ക്ക്.

.അതോടെ എച്ചുവിന്റെ താമസം അവരുടെ കൂടെയായി. സരോ കുറെ നാളേക്കു അവളുടെ കത്തിയെരിഞ്ഞു പോയ സാരികളെക്കുറിച്ചു സങ്കടപ്പെട്ടു എച്ചു കമലാക്ഷിയുമായി പൂര്വ്വാധികം ശക്തിയില് വഴക്കും നടത്തി കൊണ്ടിരുന്നു.

നീരേറ്റുപറമ്പിലെ വീട്ടിലെ മൂത്ത കുട്ടി ഗ്രേസിയെ അവിടത്തെ ഇത്തമ്മ പ്രസവിച്ചു കിടക്കുമ്പോള്‍ പണിക്കു വന്നതാണ് എച്ചു. ഗ്രേസിയും കേശവന്റെ മകള്‍ സരോയും ഒരേ പ്രായക്കാര്‍. സരോ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്കൂളില്ലാത്ത എല്ലാ ദിവസവും എച്ചുവിന്റെ. കൂടെ നീരേറ്റുപറമ്പിലെ വീട്ടിലെത്തും.എന്നിട്ട് എച്ചുവിന്റെ കൂടെ വിസ്തരിച്ചൊരു കഞ്ഞി കുടിയുണ്ട്. അത് കാണുമ്പോള്‍ നീരേറ്റുപറമ്പിലെ വീട്ടിലെ കുട്ടികള്‍ കൂടെ ഊണ് മേശയില്‍ നിന്നും പ്ലേറ്റുമായി വന്ന്‍ അവരുടെ കൂടെയിരുന്നു കഞ്ഞി കുടിക്കും.
കുറച്ചു കഞ്ഞികുടിച്ചു കഴിയുമ്പോ സരോ മടുക്കും.
“ആ പാവാട കുത്തഴിച്ച്ചു തിന്നടീ ..”എന്ന അമ്മായിയുടെ ശാസന കേള്ക്കുമ്പോള്‍ അവള്‍ പാവാട അഴിച്ചിട്ടു ബാക്കി കൂടെ അകത്താക്കും. എന്നിട്ട് വിമ്മിഷ്ടപ്പെട്ടു എഴുന്നേറ്റു പോകും.

എത്ര കൊല്ലമായി എച്ചു നീരേറ്റുപറമ്പിലെ വീട്ടിലെ അംഗത്തെപ്പൊലെയായിട്ട്. സരോക്കും ഗ്രേസിക്കും ഇപ്പോള്‍ കല്യാണ പ്രായമായി പക്ഷേ ഇപ്പോഴും കാര്യമായ അടുക്കള പണികള്‍ എച്ചുവിന് അറിയില്ല. ഒരു കറിവെക്കാനോ മീന്‍ വെട്ടാനോ പോലും.
“ഈ അമ്മയെ കൊള്ളില്ലാഞ്ഞിട്ടാ..എന്റെ കുഞ്ഞു പ്രായത്തില് ഇവിടെ വന്നയാളെ ഒരു കറിവെക്കാനും കൂടെ അമ്മ പഠിപ്പിച്ചില്ലല്ലോ..?” ഗ്രേസി ഇടക്ക് അമ്മയോടു ചോദിക്കും.
“പാവം... അതങ്ങനെയായിപ്പോയി. ഒരു കഴകത്തുമില്ല അടുക്കളക്കാര്യത്തില്. പിന്നെ തുണിയലക്ക്,അടിച്ചുതുടക്കല് അരക്കല് ഇതൊക്കെ ചെയ്യുമല്ലോ.അതുപോരെ..?”
“എച്ചൂച്ചോത്തി കല്യാണം കഴിച്ചു കെട്ട്യോന്റെ വീട്ടില് ചെന്നപ്പോഴും കറിവെക്കാനറിയാതെ എന്തു ചെയ്തു..?” ഒരിക്കല് ഗ്രേസി തമാശക്കു ചോദിച്ചു.
“അതെന്റെ അമ്മായി അച്ഛനാ ചെയ്തിരുന്നത്. മീന്‍ വരെ അമ്മായി അച്ഛന്‍ നന്നാക്കുമായിരുന്നു.” മൂന്നുമാസത്തെ ഭര്തൃവീട്ടിലെ എക്സ്പീരിയന്സ് എച്ചു പറഞ്ഞു.
“ചുമ്മാതല്ല അങ്ങേര് ഉപേക്ഷിച്ചത്. പണ്ടത്തെക്കാലത്ത് ഒരു വീട്ടില്‍ ചെന്നു കയറിയിട്ട് മീന് വെട്ടാന്‍ കൂടെ അറിയില്ലെന്നു പറഞ്ഞാല് പിന്നെന്താ ചെയ്യേണ്ടത്....?" അവള്‍ തമാശയായി പറഞ്ഞു.
“അല്ല ഗ്രേസമ്മെ…അയാക്കു വേറെ പെണ്ണൊണ്ടായിരുന്നു. ഞാനതു കണ്ടു പിടിച്ചു. എന്റെ വീട്ടിലേക്ക് പോരുകേം ചെയ്തു.ഒരു വിജയിയുടെ ഭാവത്തില് എച്ചു പറഞു.ശിവരാത്രിക്ക് ഓപ്പയുടെ കൂടെ മണപ്പുറത്തു പോയപ്പോള്‍ അവിടെ വെച്ച് ഭര്ത്താവിനെയും കാമുകിയെയും കയ്യോടെ പിടികൂടിയ കഥ എച്ചു ഗ്രേസിയെ വിശദമായി പറഞ്ഞു കേള്പ്പിച്ചു.
കേശോച്ചോനും കമലാക്ഷിയും മരിച്ചു വിജയന്‍ പെണ്ണുകെട്ടിയിട്ടും അവന്‍ അമ്മായിയെ സംരക്ഷിച്ചു പോന്നു. സരോയും ഇളയവള്‍ കാഞ്ചനയും വിവാഹിതരായി പോവുകയും ചെയ്തു.

കാലം മുന്നോട്ടു നീങ്ങവെ ഒരു നാള്‍ എച്ചൂച്ചോത്തി നീരേറ്റുപറമ്പിലെ വീട്ടില് നിന്ന് റിട്ടയര് ചെയ്തു. എങ്കിലും എല്ലാ ഓണത്തിനും എച്ചുവിന് സെറ്റുമുണ്ടും ബ്ലൌസിനു തുണിയുമെല്ലാം ഇത്തമ്മ മുടങ്ങാതെ കൊടുത്തു വിടുമായിരുന്നു. കുഞ്ഞേല വെല്യമ്മ എപ്പോഴേ ഇടവക പള്ളിയിലെ കല്ലറക്കുള്ളിലായി. നീരേറ്റുപറമ്പിലെ വീട്ടിലെ സന്താനങ്ങളോരോരുത്തരായി വിവാഹം കഴിച്ചു പോവുകയും വിവാഹം ചെയ്തു കൊണ്ടു വരികയും ചെയ്തു.

ഒരു അവധിക്കാലത്ത് വീട്ടിലെത്തിയ ഗ്രേസിയോടും ഇളയവള്‍ ഷേര്ലിയോടും ഇത്തമ്മ പറഞ്ഞു.
“നമ്മുടെ എച്ചു തീരെ മേലാണ്ടു കിടക്കുവാ.ഒന്നു പോയി കണ്ടേരെ..ഇനി വരുമ്പോ കാണുമോ എന്നാര്ക്കറിയാം..പാവം”
“ആരാ അതിനെ നോക്കാനുള്ളത്…?”
“വിജയന്‍ അല്ലാതാരാ…അവന്റെ മക്കളു വലുതയല്ലോ..അവരു പൊന്നു പോലെ നോക്കുന്നുണ്ട്.അവന്റെ കൂടെയല്ലെ അവളു പണ്ടു തൊട്ടേ.”
ഗ്രേസിയും ഷേര്ലിയും വിജയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വിജയന്റെ സഹോദരിമാര്‍ സരോയും കാഞ്ചനയുമുണ്ട്.
“അമ്മായിക്കു കുറേ നാളായി ബോധമൊന്നുമില്ല..ആരെയും മനസ്സിലാകുകേം ഇല്ല.എഴുന്നേറ്റിരിക്കാനും പ്രയാസം.ഞങ്ങളോടൊക്കെ നിങ്ങളാരാ..? എന്താ..? എന്നൊക്കെ ചോദിക്കും”
“നോക്കട്ടെ ഞങ്ങളുടെ എച്ചൂച്ചോത്തി ഞങ്ങളെ മറന്നോ എന്ന്” ഷേര്ലി കട്ടിലില്‍ കിടക്കുന്ന അസ്ഥിപഞ്ഞരെത്തെ വിഷമത്തോടെ നോക്കി പറഞ്ഞു
“ദേ അമ്മായീ.... ആരാ ഈ വന്നേക്കണതെന്നു നോക്കിക്കേ…?”
സരോയുടെ ശബ്ദം കേട്ട് എച്ചു കണ്ണുതുറന്നു. കട്ടിലിനടുത്തു നില്ക്കുന്ന മുഖങ്ങളെ സൂക്ഷിച്ചു നോക്കി.പെട്ടെന്ന് ആ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി.”
ശുഷ്കിച്ച കൈകള്കൊണ്ട് ഷേര്ലിയെയും ഗ്രേസിയെയും തലോടി.എഴുന്നേറ്റിരിക്കണെമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
“അമ്മായിക്ക് നിങ്ങളെ മനസ്സിലായി എന്നാ തോന്നുനത്..”അല്ഭുതത്തോടെ കാഞ്ചന പറഞ്ഞു.
“പിള്ളേരെ കൊണ്ടുവന്നില്ലേ…? ഷേര്ലിയോട് അവ്യക്ത ശബ്ദത്തില് എച്ചൂച്ചോത്തി ചോദിച്ചു.
“ഇല്ലാ..”അവള്‍ പതുക്കെ പറഞ്ഞു.
കാഞ്ചനയും സരോയും അന്തം വിട്ടു.രണ്ടു മൂന്നു മാസമായി ആരെയും അറിയാതെ കിടന്ന ആളാ..
“കണ്ടോ ..കണ്ടോ...? അമ്മായിയുടെ വേണ്ടപ്പെട്ടവരെക്കണ്ടപ്പോള്‍ തനിയെ ബോധം വന്നതു കണ്ടോ…?” അവള്‍ കളി പറഞ്ഞു.
കാഞ്ചന അവര്ക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി. സരോ അമ്മായിയെ ഓരോന്നു നിര്ബന്ധിച്ചു കഴിപ്പിക്കുന്നു.“ മക്കളില്ലെങ്കിലെന്താ മക്കളേക്കാള്‍ നന്നായി നോക്കുന്നവരുണ്ടല്ലോ കൂടെ.”ഗ്രേസിയും ഷേര്ലിയും ആത്മഗതം ചെയ്തു. കുറച്ചു കഴിഞ്ഞു മുറിയില് ആരുമില്ലെന്ന് ഉറപ്പു വരുത്തിയപ്പോ എച്ചൂച്ചോത്തി ഗ്രേസിയെയും ഷേര്ലിയെയും കട്ടിലിനരികിലേക്ക് മാടി വിളിച്ചു.പതുക്കെ പറഞ്ഞു തുടങ്ങി
‘എനിക്ക് ബോധക്കുറവൊന്നുമില്ല ഗ്രേസമ്മേ,ഷേര്ലിമോളേ….“
എച്ചൂച്ചോത്തി ഇതെന്താ പറയുന്നതെന്ന ഭാവത്തില് അവര് മുഖാമുഖം നോക്കി.
“എന്റെ ആ നാലു സെന്റു സ്ഥലത്തിനു വേണ്ടിയാ ഈ പെണ്ണുങ്ങളീ സ്നേഹം കാണിക്കണേ. അതു വിജയനു തന്നെ കിട്ടിയാല് ശരിയാവൂല്ലന്നും പറഞ്ഞ് അവരു തല്ലുകൂടി…ഇത്രേം കൊല്ലം എന്നെ സ്വന്തം അമ്മയെപ്പൊലെ നോക്കിയ അവനല്ലാതെ ഞാന്‍ പിന്നാര്ക്കു കൊടുക്കണം...? കല്യാണം കഴിഞ്ഞു പോയെപ്പിന്നെ എന്നെ ഒന്നു തിരിഞ്ഞു നോക്കാതിരുന്ന ഇവര് ഇപ്പോ മരിക്കാറായി എന്നു കണ്ടപ്പോ അടുത്തു കൂടി എന്നെ വല്ലാതങ്ങു സ്നേഹിക്കുവാ.”
ചായയുമായി കാഞ്ചന വരുന്നതു കണ്ട് എച്ചൂച്ചോത്തി വീണ്ടും കണ്ണടച്ചു കിടന്നു.
“അമ്മായിക്കു പിന്നേം ബോധം പോയെന്നാ തോന്നുന്നേ”അവള്‍ പറഞ്ഞു.
പോകാന്‍ നേരം വീണ്ടും അവസരം കിട്ടിയപ്പോള്‍ എച്ചുച്ചോത്തി വീണ്ടും അവരോടു രഹസ്യമായി പറഞ്ഞു.
“ഇനി ചാകുന്ന വരേ..ഇനി ഇതേ രക്ഷയുള്ളു ഗ്രേസമ്മേ…” എന്റെ വിജയനു വേണ്ടിയാ ഞാനി കഷ്ടപ്പാടു സഹിക്കണേ. എങ്ങനെങ്കിലും കാലന്‍ വന്നെന്നെ അങ്ങു കൊണ്ടു പോയാല് മതിയായിരുന്നു.“
സരോ കടന്നു വരുന്നതു കണ്ട് കേട്ട് എച്ചുച്ചോത്തി വീണ്ടും കണ്ണുകളടച്ചു കിടന്നു. അഭിനയം അവസാനിപ്പിച്ച് കാലന്‍ വന്നു രക്ഷിക്കുന്ന നിമിഷവും കാത്ത്

7.10.10

ഒരു അമ്മക്കഥ

അതൊരു ജാഥ പോലെ തോന്നിച്ചു. കുഞ്ഞുങ്ങളെ തോളിലേറ്റി വരുന്ന അമ്മമാരുടെ ജാഥ. എല്ലാ കുഞ്ഞുങ്ങളും അമ്മമാരുടെ തോളില്‍ തളര്ന്നു കിടക്കുന്നവരോ ഉറങ്ങുന്നവരോ ആയിരുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഇങ്ങനെ ഏകദേശം ഒരേ പ്രായത്തിലെ കുഞ്ഞുങ്ങളുണ്ടാകുമോ...? അമ്മമാരും എകദേശം സമപ്രായക്കാരെന്നു തോന്നിച്ചു. കുഞ്ഞുങ്ങളെ ഏറ്റിവന്ന അവര്‍ ഓരോരുത്തരായി വരാന്തയിലെ ബെഞ്ചുകളില്‍ സ്ഥാനം പിടിച്ചു. പേരുവിളിക്കായി കാത്തിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച സുന്ദരിയായ നേഴ്സ് ഓരോരുത്തരെയായി പേരു വിളിച്ച് അകത്തു കയറ്റി.
“അഭിരാമി ജയന്‍”
അഭിരാമിയെന്ന ഒന്നര വയസ്സു തോന്നുന്ന കുഞ്ഞിന്റെ അമ്മ ഊഴമായതിന്റെ ആശ്വാസത്തില്‍ തോളിലുറങ്ങുന്ന കുഞ്ഞുമായി ആയാസപ്പെട്ടെഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് കയറി. പത്തു നിമിഷങ്ങള്ക്കു ശേഷം അഭിരാമിയും അമ്മയും പുറത്തു വന്നു. ഉടനെ അടുത്ത പേര്‍ വിളി കേട്ടു.
“അനീറ്റ ജെയിംസ്“
ഉടനെ തന്നെ അനീറ്റയും അമ്മയും അകത്തേക്കു പോയി. അഭിരാമിയും അമ്മയും മരുന്നു വാങ്ങുവാനായി ആശുപത്രിയുടെ തന്നെ ഫാര്‍മസിയിലേക്ക് നീങ്ങി. പിന്നെയും പല പേരുകള് വിളിക്കപ്പെട്ടുകൊണ്ടിരുന്നു.
“തെസ്നി അയൂബ്,ഡൊമിനിക്ക് സേവ്യര്‍ അങ്ങനെ വിവിധ തരത്തിലുള്ള പേരുകളുള്ള കുഞ്ഞുങ്ങള്. കേട്ടിരിക്കാന്‍ നല്ല രസം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരു പെങ്കുട്ടി അടുത്തു വന്ന് ചോദിച്ചു.
“എന്താ അമ്മൂമ്മ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്..? കുറെ നേരമായല്ലോ..? ഇതു കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണുവാനുള്ള സ്ഥലമാണല്ലോ...”
അവര്‍ ഒന്നും മിണ്ടാതെ ചുറ്റും നോക്കി.
“ഷുഗര്‍ പരിശോധനക്കോ മറ്റോ വന്ന് റിസള്റ്റ് കാത്തിരിക്കുകയണോ..?” രണ്ടു മൂന്നു മുറികള്ക്ക് അപ്പുറമുള്ള ലാബിലേക്ക് നോക്കിക്കൊണ്ടവള്‍ ചോദിച്ചു.
“അതിനെനിക്ക് ഷുഗറൊന്നുമില്ലല്ലോ മോളേ..”
“പിന്നെ...ഇവിടെ തനിയെ ഇരിക്കുന്നതു കണ്ട് ചോദിച്ചതാ..”അവള്‍ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അവരെ ഒന്നുകൂടി നോക്കിയിട്ട് അവള്‍ വരാന്തയിലൂടെ നടന്നു പോയി.


അവര്‍ ചുറ്റും നോക്കി. അതെ ഇതു ആശുപത്രി തന്നെ. രാവിലെ അമ്പലത്തില്‍ തൊഴാന്‍ പോയ താനെങ്ങിനെ ഇവിടെയെത്തി...? അമ്പലത്തില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിക്കുള്ള ആശുപത്രി തന്നെയാണോ ഇത്....? അവര്‍ കുറച്ചുനേരം അവിടെത്തന്നെയിരുന്നു ആലോചിച്ചു. രാവിലെ അമ്പലത്തില് നിന്നും പ്രസാദം വാങ്ങി നടന്നു വരുന്ന വഴി ഈ ആശുപത്രിലേക്കു വന്നതെങ്ങിനെ...? ദൈവമേ തനിക്ക് ഓര്മ്മക്കുറവുമായോ..? മായ എപ്പോഴും ദേഷ്യത്തോടെ പറയാറുള്ളതാണ്. തലക്കു ബോധമില്ലാതെ ഓരോന്ന് ചെയ്തു വെക്കും എന്നൊക്കെ. അതിപ്പോള്‍ സത്യമായോ...?


അല്ല...ഓര്മ്മക്കുറവല്ല ഇത്. ആശുപത്രിയുടെ മുന്പില്‍ കുഞ്ഞു നാളിലെ അരവിന്ദന്റെ ഛായയുള്ള ഒരു ചെറിയ കുട്ടിയെ കണ്ട് അവനടുത്തേക്കു പോയതാണ്. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കു മുന്പില്‍ വന്നതും ആ കുട്ടിയെ പിന്തുടര്ന്നു തന്നെ. പിന്നീടെപ്പോഴാണ് സമയം പോയതറിയാതെ ഈ കുഞ്ഞുങ്ങളെയും നോക്കി ഇരുന്നത്..?


ആദ്യം കണ്ട് പെങ്കുട്ടി ഇപ്പോള്‍ കൂടെ ഒരു നേഴ്സിനെ കൂട്ടിക്കൊണ്ടു വന്ന് അവരോട് വിവരം തിരക്കി. തെല്ലൊരു ജാള്യതയോടെ വീട്ടിലെക്കുള്ള വഴി അറിയാമെന്നും ഈ ആശുപത്രിയുടെ അടുത്തു തന്നെയാണ് വീടെന്നും പറഞ്ഞ് അവര്‍ പോകാനെഴുന്നേറ്റു. അരവിന്ദന്റെ മുഖമുള്ള ആ കുട്ടിയെ പിന്നീട് അവിടെങ്ങും കണ്ടതുമില്ല. ഇത്രയും നേരം ഇവിടിരുന്നതറിഞ്ഞാല്‍ മായ എന്തൊക്കെയാണോ പറയുക.എന്തൊരു ദേഷ്യമാണ് എപ്പോഴും അവളുടെ മുഖത്ത്. അരവിന്ദന്റെ കാര്യം പിന്നെ പറയുകയും വേണ്ട. തന്നോട് മിണ്ടാറേ ഇല്ല. എന്തിന് പത്തു വയസ്സുകാരന്‍ ശ്രീജിത്ത് തന്നോട് മിണ്ടുന്നതു പോലും മായക്കിഷ്ടമല്ല.അവന് തന്റടുത്ത് വന്നാല് ഉടനെ മായയുടെ ശബ്ദം കേള്ക്കും
“ശ്രീക്കുട്ടാ...നിനക്കു പഠിക്കാനൊന്നുമില്ലേ...?”
ഉടന് തന്നെ അവന്‍ അവിടെനിന്നും പിന്‍വാങ്ങും.അരവിന്ദന്റെ അച്ഛന്റെ അതേ ഛായയുള്ള തന്റെ പേരക്കുട്ടി. വൈകുന്നേരം ജോലിക്കാരി അംബിക പോയിക്കഴിഞ്ഞാല്‍ ഏകാന്ത തടവറയില് തള്ളി നീക്കുന്ന നിശ്ശബ്ദ സായാഹ്നങ്ങള്. അരവിന്ദനും മായയും ഓഫീസ് വിട്ടുവന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ അങ്ങിങ്ങു നടക്കുന്നതൊതൊന്നും അവര്ക്കിഷ്ടപ്പെടില്ല.
“അമ്മക്കു മുറിയിലെങ്ങാനുമിരുന്ന് ടീ.വി. കണ്ടിരുന്നു കൂടെ..? കിടക്കമുറിയില്‍ പിന്നെ ടി.വി.വെച്ചിരിക്കുന്നതെന്തിനാ..?“ അരവിന്ദന്റെ ഈര്ഷ്യയോടെയുള്ള ചോദ്യം
“കാര്യാന്വേഷണത്തിനു നടക്കുന്നതാ..ഒരു പ്രൈവസിയുമില്ല.മുറിയില്‍ എ.സി.വരെ വച്ചുകൊടുത്താലും ഒരു സ്വൈര്യം തരില്ല” മായയുടെ പിറുപിറുപ്പ്.
മിണ്ടാതെ വന്ന് മുറിയില് വന്നിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. മനസ്സിനു സന്തോഷമുണ്ടെങ്കിലല്ലേ ടീവിയും മറ്റും കാണുവാന്‍ തോന്നൂ.
എല്ലാ സൌഭാഗ്യങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ജീവിതത്തില് ഏറ്റവും കഴിച്ചു കൂട്ടുവാന് പ്രയാസമുള്ളത് വാര്ധക്യത്തിലെ ഈ ഒറ്റപ്പെടല് തന്നെയാണ്. നല്ല പ്രായത്തില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നൊഴിഞ്ഞ അരവിന്ദന്റെ അച്ഛന്‍ എത്ര ഭാഗ്യവാന്‍. ഇന്നിനി അമ്പലത്തില്‍ പോയി വൈകി വന്നതിന് അരവിന്ദന്റെയും വഴക്കു കേള്ക്കും ഉറപ്പ്. അല്ലെങ്കിലും എന്തെങ്കിലും ശാസിക്കാന്‍ മാത്രമേ അവന്‍ തന്നോടു മിണ്ടാറുള്ളു.
“സൌദാമിനിടീച്ചര്ക്കെന്താ ഒരു കുറവ് ആകെയുള്ള മകനു നല്ല ഉദ്യോഗം .പൊന്നു പോലെയല്ലെ അവന്‍ നോക്കുന്നത്“
അയല്ക്കാരുടെ ഈ സ്നേഹാന്വേഷണങ്ങള്ക്ക് മുന്നില്‍ സൌദാമിനിയമ്മയെന്ന അമ്മ മനസ്സില് കരഞ്ഞു കൊണ്ട് ചിരിക്കും. സൌഭാഗ്യങ്ങള്ക്കു നടുവിലെ ഒറ്റപ്പെടലോര്ത്ത്.

വീട്ടിലെത്തിയപ്പോള്‍ അംബിക മാത്രമുണ്ട്. അരവിന്ദനും മായയും ഓഫീസിലേക്കു പോയിക്കഴിഞ്ഞിരുന്നു. ശ്രീക്കുട്ടനും സ്കൂളിലെത്തിക്കാണും.
“എന്തിനാ ടീച്ചറമ്മ ആശുപത്രിയിലേക്കു പോയത്..? ആരെക്കാണാനാ...?”
അടുക്കളയില്‍ കറിക്കരിയുന്നതിനിടെ അംബിക അനേഷിച്ചു.
“ആശുപത്രിയിലോ..? നീയെങ്ങനറിഞ്ഞു ഞാനവിടെ പോയെന്ന്..?” അവര്‍ തെല്ലു പരുങ്ങലോടെ അന്വേഷിച്ചു
“അതൊക്കെ ഞാന്‍ കണ്ടു. രാവിലെ ഞാനിങ്ങോട്ടു വന്നപ്പോ ആശുപത്രി ഗേറ്റു കടന്നു പോകുന്നുണ്ടായിരുന്നല്ലോ. ഇടക്കെപ്പോഴോ മായക്കുഞ്ഞ് ഓഫീസില്നിന്നും ഫോണ്‍ ചെയ്തപ്പോള് ടീച്ചറമ്മ ഇവിടെ എത്തിയില്ലെന്നു പറഞ്ഞു പോയി. അതിന് മായക്കുഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു . പിന്നെ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടെന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു.”
“ഒരു പരിചയക്കാരനെ കാണുവാന്‍ പോയതാ അംബികേ..”അംബികയുടെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് അവര്‍ കിടക്ക മുറിയില് പോയി കിടന്നു. വല്ലാത്ത ക്ഷീണം. എന്നാലും കുറച്ചു സമയത്തേക്കെങ്കിലും പരിസര ബോധമില്ലാതെ അവിടെപ്പോയി ഇരുന്നല്ലോ എന്നത് അവരെ തളര്ത്തിക്കളഞ്ഞു. തനിക്ക് ശരിക്കും ചിത്തഭ്രമം തന്നെയോ..?
വൈകിട്ടു വന്നുകയറിയപ്പോഴേ മുറിയില്‍ കയറി വന്ന മായ ക്രുദ്ധയായി അന്വേഷിച്ചു.
“അമ്മയിതെവിടെ കറങ്ങാന്‍ പോയതാ ഉച്ചവരെ...?”ഒന്നു പറഞ്ഞിട്ടു പോകാന് വയ്യായിരുന്നോ...?”
“അതു ഞാന് മായേ... ആശുപത്രി....”
“ങാ.. ഹോസ്പിറ്റലിലേക്കു പോകുന്നതു കണ്ടു എന്ന് ആംബിക പറഞ്ഞു .ആരെ കാണാനായാലും ഒന്നു പറഞ്ഞിട്ടു പോയാലെന്താ..?”
“അത് പണ്ടു പഠിപ്പിച്ച ഒരു സ്റ്റുഡന്റിനെ കണാന്‍.അവന്‍ കാലൊടിഞ്ഞു കിടക്കുന്നു.”അവര് വിക്കി വിക്കി കള്ളം പറഞ്ഞൊപ്പിച്ചു.
മായ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പോയപ്പോള്‍ അവര്‍ പുറത്തിറങ്ങി വരാന്തയില്‍ വന്നിരുന്നു. കസേരയില്‍ ഇരുന്ന് അവര് ആശ്വസിച്ചു. കുറച്ചു നേരം ഓര്മ്മപ്പിശകു വന്നാലെന്താ...എത്ര സന്തോഷമായി താനവടെ ഇരുന്നു. രാവിലത്തെ മനസ്സിന്റെ വിഷമമെല്ലാം ഇപ്പോള്‍ മാഞ്ഞു പോയിരിക്കുന്നു. ഇന്നു കണ്ട കുഞ്ഞുങ്ങളാണ് മനസ്സു നിറയെ. അഭിരാമി ജയനും അനീറ്റ ജെയിംസുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല. തന്റെ പേരക്കുട്ടിയെ എടുത്തു ലാളിക്കുവാന്‍ അവസരം ലാഭിക്കാത്ത ഈ അമ്മൂമ്മക്ക് അങ്ങനെയെങ്കിലും ഒരു ഭാഗ്യം ഭഗവാന്‍ തന്നല്ലോ.കുഞ്ഞു നാളിലെ അരവിന്ദനെയും ഇന്നു കണ്ടു.
അരവിന്ദന്റെ ബാല്യകാലം ഓര്ക്കുമ്പോള് അവരുടെ കണ്ണുകള്‍ അറിയാതെ നിറയും. ശബ്ദമുണ്ടാക്കാതെ ഒളിച്ചു വന്ന് തന്റെ കണ്ണുപൊത്താറുണ്ടായിരുന്ന ആ കുസൃതിക്കുട്ടി. അവന്‍ എങ്ങനെ ഇതെല്ലാം മറന്നു കളഞ്ഞു. ഓര്മ്മക്കുറവു വന്നത് തനിക്കോ അതോ അവനോ...? മാതാപിതാക്കള്ക്ക് ‌ വയസ്സായാല്‍ ഓര്മ്മക്കുറവു വരുന്നത് മക്കള്ക്കു തന്നെയാണെന്നവര്ക്ക് തോന്നി. അവര് കസേരയിലേക്ക് തല ചായ്ച്ചു .കണ്ണട ഊരി കയ്യില് പിടിച്ച് കണ്ണടച്ചു തല ചായ്ച്ചു കിടന്നു .


ഇന്നു രാവിലെ കണ്ട അരവിന്ദനെപ്പൊലുള്ള ആ കൊച്ചു കുട്ടി പഴയ അരവിന്ദനെ മനസ്സിലേക്ക് ഓടിച്ചു കയറ്റുന്നു. മുറ്റത്തെ തെച്ചിയുടെയും മുല്ലയുടെയും ഇടക്ക് ചെമ്പകത്തിന്റെ തൈ കൊണ്ടു നടുന്ന അഞ്ചാം ക്ലാസ്സുകാരന്‍
“കുട്ടാ..ചെമ്പകം വലിയ മരമാകും മുറ്റത്തു നടാന്‍ പറ്റില്ല. കുറച്ചു മാറ്റി നടൂ”
മുറ്റത്തു നിന്നും കുറച്ചകലെ മാറ്റി നട്ടിട്ട് അവന്‍ പറയുന്നു.
“ഈ ചെമ്പകത്തിന്റെ ആദ്യത്തെ പൂവ് ഞാന്‍ അമ്മയുടെ മുടിയില്‍ വെച്ചു തരും”
“ചെമ്പകം വലിയ മരമായിട്ടല്ലേ കുട്ടാ പൂക്കൂ..അപ്പോഴേക്കും അമ്മ വയസ്സിയാകും. വയസ്സികള്ക്കെന്തിനാ തലയില് പൂവ്...?’
“അതു പറ്റില്ല..വയസ്സിയായാലും എന്റമ്മക്ക് ഞാന്‍ പൂവ് ചൂടിച്ചു തരും” അഞ്ചാം ക്ലാസ്സുകാരന്‍ വാശി പിടിച്ച് പറഞ്ഞു കൊണ്ട് തോളിലേക്കു ചായുന്നു.
സൌദാമിനി ടീച്ചര്‍ മുറ്റത്തിന്റെ അതിരിലേക്ക് നോക്കി.ആ ചെമ്പകം മാത്രം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കാലത്തിനു വിസ്മൃതിയിലാക്കാനാവാത്ത ആ നല്ല ദിനങ്ങളെ ഓര്മ്മിപ്പിച്ചു കൊണ്ട്.
വീടു പൊളിച്ചു പുതിയത് വെച്ചപ്പോള്‍ പഴയ ചെടികളില്‍ ചെമ്പകം മാത്രം രക്ഷപ്പെട്ടു. നിറയെ പൂക്കളുമായി നില്ക്കുന്നു. പക്ഷേ ആ ചെമ്പകം ആദ്യമായി പൂത്തപ്പോള്‍ അരവിന്ദന്‍ അതു ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ‍ചെമ്പകം പൂക്കുന്ന സീസണുകളില്‍ അതിന്റെ രുക്ഷഗന്ധമടിച്ച് തല വേദനിക്കുന്നെന്ന് മായ പറയാറുള്ളതോര്ത്തു. അതുവെട്ടിക്കളയണം എന്ന് പലപ്പോഴും ആവള്‍ പറയാറുണ്ട്.
“അതവിടെ നില്ക്കട്ടെ മായേ...അരവിന്ദന് അവന്റെ കുഞ്ഞിലേ നട്ടതാ..”എന്നവര്‍ പറഞ്ഞപ്പോള്‍ അവള്ക്കതു ദേഷ്യമായി.
‘ഓ...തുടങ്ങി ചീപ്പ് സെന്റിമെന്റ്സ് മക്കള് വിവാഹം കഴിഞ്ഞാലെങ്കിലും അവരെ വഴിക്ക് വിട്ടേക്കണം.എന്ത് പറഞ്ഞാലും പഴയ ഒരു കാര്യം പറഞ്ഞേ അവസാനിപ്പിക്കൂ..” അവള്‍ ദേഷ്യത്തേടെ പ്രതികരിച്ചു.
അരവിന്ദന്‍ അതു കേട്ടിട്ട് ഒന്നും മിണ്ടിയില്ല. അതു വെട്ടിക്കളയണമെന്നോ വേണ്ടന്നോ ഒന്നും.




വീണ്ടും അവരുടെ ചിന്തകള്‍ വിഷാദക്കടലിലേക്ക് ഒഴുകിപ്പോയി. ഈ വിഷാദം എന്നത് ശരിക്കും ഒരു കടലു തന്നെയാണെന്നവര്ക്കു തോന്നി. എത്ര വെള്ളം ഒഴുകിവന്നാലും മതിവരാത്ത കടല്. തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടവരായ നദികള്‍ വെള്ളമൊഴുക്കി വലുതാക്കിയ പെരും കടല്. ഈ ലോകം മുഴുവനും ഇതു പോലുള്ള നദികള്‍ കാണുമോ..?


അടുത്തദിവസം അമ്പത്തില് നിന്നും തിരികെ വരുമ്പോള് കാലുകള് അറിയാതെ ആശുപത്രി ഗേറ്റിലേക്ക് നീങ്ങിപ്പോയി. ഇത്തവണ വൈകിവന്നിട്ടും അംബികയൊന്നും ചോദിച്ചില്ല. അവര്‍ അവളോടൊന്നും പറയാന് നില്ക്കാതെ അന്നു കണ്ട കുഞ്ഞുങ്ങളെയും ഓര്ത്തുകൊണ്ട് കട്ടിലില്‍ പോയിക്കിടന്നു

അവരുടെ പിന്നീടുള്ള ദിനങ്ങള് എങ്ങനെ നീങ്ങുന്നതെന്നറിയുന്നില്ല. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളത്തെ പ്രഭാതം എത്രയും വേഗം ഇങ്ങ് എത്തിയാല്‍ മതിയെന്നായി. ആശുപത്രിയിലെ ചാരു ബെഞ്ചിലെ അമ്മമാരും അവരുടെ തോളിലെ നല്ല നല്ല കുഞ്ഞുങ്ങളും അവരുടെ ജീവിതത്തിനു പുതു താളമേകി. നേഴ്സ് ജാന്സിയും മീനയും അവരുടെ പ്രിയ മക്കളായി. ഉച്ചവരെയുള്ള സമയം അവസാനിക്കല്ലേ എന്നവര്‍ ആശിക്കും. അംബികയും ഇപ്പോള്‍ മായയെയോ അരവിന്ദനെയോ ഒന്നും അറിയിക്കുന്നില്ല. ഇപ്പോഴുള്ള വൈകുന്നേരങ്ങള് മുറിയില്‍ തനിച്ച് വിഷാദിച്ചിരിക്കുവാനുള്ള സമയങ്ങളല്ല എന്നവര്ക്കറിയാം. അവ നാളത്തെ സന്തോഷപൂരിതമായ പുലരികളെ കൊണ്ടുവരും


അന്നു വൈകിട്ടു മേലു കഴുകിയിറങ്ങുമ്പോള്‍ ഓഫീസില് നിന്നെത്തിയ മായയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടു. അടുക്കളയില്‍ മായയുടെ മുന്നില് കുറ്റവാളിയെപ്പോലെ നില്ക്കുന്ന അംബിക. അവള്‍ അവരെ ദയനീയമായി നോക്കി.


“നാളെത്തന്നെ പണി മതിയാക്കി പൊയ്ക്കോളണം. അമ്മയിങ്ങനെ പകല്‍ തെണ്ടിത്തിരിയാന്‍ തുടങ്ങിയിട്ട് മാസമെത്രയായി...? നോട്ടക്കുറവെന്നല്ലേ ആരെങ്കിലും കേട്ടാല്‍ പറയൂ....? അതിനു കൂട്ടു നിന്നിട്ട് നിന്നു ന്യായീകരിക്കുന്നോ..?”


സൌദാമിനിയമ്മ ഒരു ഞെട്ടലോടെ അതു കേട്ടു നിന്നു. മായ അറിഞ്ഞിരിക്കുന്നു. എല്ലാം..
“തലക്കു സ്ഥിരമില്ലാതെ ആശുപത്രിയില് നിരക്കമല്ലെ പണി. അവിടെത്തന്നെ കൊണ്ടുപോയി ചികിത്സിക്കാം മാനസികരോഗികളുടെ ഡോക്ടറുടടുത്ത്. ഓരോരുത്തരു പറഞ്ഞതു കേട്ട് തൊലിയുരിഞ്ഞു പോകുന്നു“. അവള്‍ അവരെ നോക്കി ചീറി.


മായയുടെ കണ്ണുകളെ നേരിടാനാവാതെ അവര് പരിഭ്രമത്തോടെ മുറിയില്‍ പോയിരുന്നു. പണ്ടേ തനിക്കു സ്വബോധം നശിച്ചു എന്നു പറയുന്ന ആവള്ക്ക് ഇനി തെളിവുകളുമായി. ഇനി അരവിന്ദനോട് എന്തെല്ലാം പറയുമോ...? അവര്‍ കട്ടിലില് തളര്ന്നിരുന്നു. അവിടെയിരുന്നു വെന്തു നീറി.


അരവിന്ദന്‍ ഓഫീസില് നിന്നു വന്നയുടനെ മായയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. അവന്‍ ഇപ്പോള് തന്നെ മുറിയില് കയറി വരും എന്നു പ്രതീക്ഷിച്ച് അവര്‍ കട്ടിലില്ത്തന്നെയിരുന്നു. ചോദിക്കട്ടെ. കാര്യം പറയാം.കുറച്ചു സമയം ആശുപത്രി വരാന്തയില് പോയിരിക്കുന്നത് ഇത്ര വലിയ അപരാധമാണെങ്കില് ഇനി പോകുന്നില്ലെന്ന് പറയാം. അവര് അയാളുടെ കാലടികളെ ചെവിയോര്ത്തുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അരവിന്ദന്‍ അതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നപ്പോള് അവര്‍ ആശ്വസിച്ചു. "പാവം എന്റെ കുട്ടി. ഞാനവനെ തെറ്റിധരിച്ചു .അവന് അമ്മയെ അങ്ങനെ കുറ്റപ്പെടുത്താനാവില്ല. മായയെന്തും പറയട്ടെ."


പിറ്റേന്ന് കുളിച്ച് അമ്പലത്തില്‍ പോകാനൊരുങ്ങുന്ന സൌദാമിനിയമ്മയുടെ മുറിയിലേക്ക് അരവിന്ദന്‍ കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി. ദിവങ്ങള്‍ കൂടിയാണ് അവന്‍ ഈ മുറിയിലൊന്നു കയറുന്നത്.


“അമ്മേ, നമുക്ക് ഹോസ്പിറ്റല്‍ വരെയൊന്നു പോകാം. അവരൊന്നു ചെക്കു ചെയ്യട്ടെ.“ അയാള്‍ അവരുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു
പിന്നില് മായയുടെ പിറുപിറുക്കുന്ന മുഖം.“അഡ്മിറ്റു ചെയ്യണമെങ്കില് അതും ആയിക്കൊളാന്‍ പറ. കുറച്ചു മാസങ്ങളായില്ലേ തുടങ്ങിയിട്ട്. നമ്മളേ ഇതറിയാതിരുന്നുള്ളു. നാട്ടിലെല്ലാം പാട്ടായ കാര്യമാ ഇത്. അതിലിപ്പോ നാണക്കേടൊന്നും വിചാരിച്ചിട്ട് കാര്യമില്ല.“


അവര് ഒന്നും മിണ്ടാതെ മകനെ നോക്കി നിന്നു. പെട്ടെന്ന് ആവരുടെ മനസ്സിലേക്ക് ഒരു കുളിര് തെന്നല്‍ വീശി. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കപ്പുറത്ത് മുകള്നിലയിലെ മാനസികരോഗികളുടെ വാര്ഡിലേക്കുള്ള ഗോവണി.... അവിടെനിന്നു നോക്കിയാല് കാണാവുന്ന കുഞ്ഞുങ്ങളെ... സ്നേഹം നിറഞ്ഞ നേഴ്സുമാരായ മീനയും ജാന്സിയും... സ്നേഹത്തിന്റെ ഒരു പുതിയ ലോകം അവര്‍ മനസ്സില് കണ്ടു.


അവര് സന്തോഷപൂര്‍വം മകനെ നോക്കി തലയാട്ടി. പിന്നില്‍ ആശ്വാസത്തോടെ നില്ക്കുന്ന മായയെ നോക്കാതെ മതിഭ്രമത്തിന്റെ ചേഷ്ടകളോടെ അയാള്ക്കൊപ്പം വീടിനു പുറത്തേക്കിറങ്ങി, കാറില്‍ കയറി ഇരുന്നു

--------------------------------------------------------------------------


പിന്‍കുറിപ്പ്‌

ഈ കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. ഈ കഥ വായിച്ച് നമ്മളില്‍ ഒരാള്‍ക്കെങ്കിലും ചെറിയ മനം മാറ്റം വന്നെങ്കില്‍ ഈ എഴുത്തിന്‍റെ ഉദ്ദേശം സഫലമായി. സ്നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. വാര്‍ദ്ധക്യം എന്നത് ജീവിതത്തിന്‍റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ ചെറുതാണ്.ആ ചെറിയ കാലഘട്ടത്തില്‍ അവരെ ഒറ്റപ്പെടുത്തില്ല എന്ന് നമുക്ക്‌ പ്രതിജ്ഞയെടുക്കാം

1.9.10

സമയ ദോഷം

വേലിക്കരികെയുള്ള കുളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കൈതോലകള്‍ അരിവാള് കൊണ്ട് മുറിച്ചെടുക്കുകയാണ് സുര. കുളക്കരയിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കൈതോലയുടെ മുള്ളു ചീകിക്കളഞ്ഞു കൊണ്ട് ഇരിക്കുന്ന കൊച്ചുപെണ്ണ് ഇടക്കിടക്ക് തല ഉയര്‍ത്തി സുരക്ക് ഓരോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. കാറു വെച്ചു കറുത്തിരുണ്ടിരുന്ന ആകാശത്തു നിന്നും പെട്ടെന്ന്‍ മഴ ഇരച്ചു പെയ്യാന്‍ തുടങ്ങി. മഴ വകവെക്കാതെ സുര ജോലി തുടരുകയാണ്. മഴവെള്ളം അവന്റെ കറുകറുത്ത മേനിയില്‍ തട്ടി തൂവി കുളത്തിലേക്കു പതിക്കുന്നു. അവ കുളത്തിലെ ജലോപരിതലത്തില്‍ മഴത്തുള്ളികള്‍ വരച്ചെടുത്ത വൃത്തങ്ങളുടെ കൂടെ ചേര്ന്നു .

പുതു മഴയുടെ ഗന്ധം ആസ്വദിച്ചു കൊണ്ടു വേനല്‍ മഴയെ നോക്കി നീര്പ്പാറ വീടിന്റെ പുറകു വശത്തെ വരാന്തയില്‍ നില്ക്കുകയാണ് തെറുതി വെല്യമ്മ. വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞിട്ടും നല്ല ചുണയും ചേലും. കാതില്‍ വലിയ കുണുക്കുകളും ചുവന്ന കല്ലുവെച്ച തോടയും. തൂവെള്ള ചട്ടയും മുണ്ടും. പണ്ട് നീര്പ്പാറേലെ ഒലോന്നന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന നാളില്‍ പൂക്കൊല പോലെ ഞൊറിഞ്ഞിട്ട മുണ്ടും ചട്ടയും ഉടുത്ത് കശവു കവിണിയും തലയിലിട്ടു അമ്മായിഅമ്മയുടെ കൂടെ പതിനഞ്ചുകാരി തെറുതി പള്ളിയില്‍ പോകുന്നതു കാണുവാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ കാത്തിരിക്കുമായിരുന്നത്രെ. പിന്നീട് നീര്പ്പാറയില്‍ അടുത്ത തലമുറകളിലെ എത്ര ചെറുക്കന്മാര്‍ തങ്ങളുടെ മണവാട്ടികളെ കല്യാണം കഴിച്ചു കൊണ്ടു വന്നു. വലിയ പരിഷ്കാരികളെയും പഠിപ്പുകാരികളെയും. അവസാനം കല്യാണം കഴിച്ച സാജന്റെ പെണ്ണ് ഷെറിനു പോലും തെറുതിയുടെ ചേലുണ്ടോ എന്നു സംശയമാണ്.

“ഏടീ കൊച്ചുപെണ്ണേ…എന്നതാ നീയീ കാണിക്കണേ…ഈ മഴയത്തു തന്നെ വേണോ ആ ചെറുക്കനെക്കൊണ്ട് കൈത മുറിപ്പിക്കാന്..?”
തെറുതി വെല്ല്യമ്മ വീടിനെ വരാന്തയില്‍ നിന്നു കൊണ്ടു വിളിച്ചു ചോദിച്ചു.
കൊച്ചുപെണ്ണ് വായിക്കിടന്ന മുറുക്കാന്‍ വായുടെ വശത്തേ മറ്റി വെച്ചു. പിന്നെ തെറുതി വെല്ല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.
“എന്റെ വല്യമ്പ്രാട്ടീ…മയേ*ന്നും പറഞ്ഞോണ്ട് മൊടക്കം പറഞ്ഞാല്‍ ഇവനെ കിട്ടാന്‍ വെല്യ പാടാ…ഒറ്റ പോക്കു പൊയക്കളയും സൈക്കിള്‍ ചക്രവും ഉരുട്ടി..പിന്നെ കണി കാണാന്‍ കിട്ടില്ല.”
“പത്തുപതിനേഴു വയസ്സല്ലേ അവനൊള്ളു. വലുതാകുമ്പോ അവനെല്ലാം ചെയ്തോളും തേവന്റെയല്ലേ മകന്‍.”
“എവിടെങ്കിലും കേട്ടിട്ടുണ്ടോ തമ്പ്രാട്ടി പതിനേഴു വയസ്സായ ചെക്കനൊരുത്തന്‍ സൈക്കിള്‍ ചക്രോം ഉരുട്ടി നടക്കാണെന്ന്...?” കൊച്ചു പെണ്ണ് അരിശത്തോടെ സുരയെ നോക്കി .
തെറുതി മഴകൊള്ളാതിരിക്കുവാനായി തോളില്‍ കിടന്ന തോര്ത്ത് തലയിട്ടു കൊണ്ടു മാഞ്ചുവട്ടിനടുത്തുള്ള ചായ്പ്പിലേക്ക് ചെന്നു.സുര തെറുതിവെല്യമ്മയെ നോക്കി ഒന്നു ചിരിച്ചശേഷം ജോലി തുടര്‍ന്നു.
കൊച്ചുപെണ്ണ് ജോലി മതിയാക്കി ചായ്പ്പിലേക്ക് വന്നു നിന്നു.
“എന്റെ തമ്പ്രാട്ടീ…ഭവാനിക്കാ*പുള്ള രണ്ടു ദിവസമായി വീട്ടിലൊണ്ട്. അവ‍ക്കവിടെ കൊയ്ത്തു തുടങ്ങി . അവര് രണ്ടു പേരും കൊയ്യാമ്പോണതല്ലേ. .പുള്ളേനെ നോക്കാന്‍ അവിടെ ആരൊണ്ട്ട്...? അമ്മവീട്ടി കൊണ്ടു നിറുത്തിയാല്‍ അതിനെ നന്നായി നോക്കേണ്ടേ..?”
“എത്ര വയസ്സായി അതിന്..?”
“ഈ മകരത്തി രണ്ടു കഴിഞ്ഞു. മാമ്മാന്നും പറഞ്ഞ് ഇവന്റെ പൊറകേന്നു മാറുകേലാ അത്.അതിനു ഒരു കൂടു റക്സ് മേടിക്കാനെങ്കിലും ഇവനെക്കോണ്ടായ്യേലേ..? ഇവനു ദെവസോം രണ്ടു കെട്ട് പുല്ലു പറിച്ചു എവിടെങ്കിലും കൊടുത്തു നാല് കാശുണ്ടാക്കാമ്മേലെ..?
“ഇവന്‍ പള്ളിക്കൂടത്തില് പോണില്ലേ കൊച്ചുപെണ്ണേ..?” തെറുതി വെല്ല്യമ്മ സുരയെ വാത്സല്യത്തോടെ നോക്കി ചോദിച്ചു.
“അവനു കയീല്ല..കയീല്ലേ പോണ്ടാ...എട്ടി മൂന്നു വട്ടമാ തോറ്റേ. എന്നാ വല്ല പണിയെടുത്തു കൂടെ അസത്തിന്.ഇപ്പൊ ബീഡി വലിയും തൊടങ്ങീട്ടൊണ്ടെന്നാ തോന്നണേ..”
“നേരാണോടാ..സുരേ…?”
തെറുതി ശാസനയോടെ സ്വരമുയര്‍ത്തി സുരയോടു വിളിച്ചു ചോദിച്ചു”
“ഇല്ല....വല്യമ്മേ“
“പിന്നെ അമ്മയീ പറേണതോ..?
“അത് ഒരെണ്ണം സൈക്കിള്യജ്ഞക്കാരു തന്നതാ…അമ്മ വഴക്കു പറഞ്ഞേപ്പിന്നെ ഞാം വലിച്ചിട്ടില്ല..”
“ന്റെ തമ്പ്രാട്ടീ…ആ സൈക്കിള്‍ യജ്ഞക്കാര് അമ്പലപ്പറമ്പി വന്നേപ്പിന്നെ അവനവരുടെ അടുക്കേന്ന് മാറ്യേലാ..മഹാ മെനകെട്ടവമ്മാരാ..അതില്‍ രാജപ്പെനെന്നോരുത്തനൊണ്ട് .ആ വേലപ്പന്റെ ചായക്കടേലാ ചുറ്റിത്തിരിയല് .അവിടെ ഒണ്ടല്ലോ ഒരുത്തി...ആ സുമതി.“
“സുമതിച്ചേച്ചിയെ രാജപ്പഞ്ചേട്ടന് രെയിസ്സറ് ചെയ്യാമ്പോകുവാ..എന്നോടു പറഞ്ഞു.“സുര കുളക്കടവില്‍ നിന്നു വിളിച്ചു പറഞ്ഞു
“ച്ചെ..…മിണ്ടാണ്ടിരിയടാ..കേട്ടോ തമ്പ്രാട്ടി അവന്റെ വായീന്ന് വീഴണത്. ഇതാ ഞാമ്പറേണേ…ചെക്കന്‍ ചീത്തയായിപ്പോയീന്ന്.“
“മതീടീ കൊച്ചുപെണ്ണേ...മഴ കനക്കുന്നുണ്ട്.അവനോടീ ചായ്പ്പില്‍ വന്നു നിക്കാമ്പറ. ഇനി മഴ പോയിട്ടു മുറിക്കാം”
ഒടുവില്‍ കൊച്ചുപെണ്ണ് വിളിച്ചു പറഞ്ഞു.”ഇനി മതീടാ..കേറിപ്പോര്”
കുളക്കടവില്‍ വെട്ടിയിട്ടിരുന്ന കൈതോലകളെല്ലാം അവന്‍ മാഞ്ചുവട്ടില്‍ കൊണ്ടു വച്ചു. തോളില്‍ കിടന്ന തോര്‍ത്തെടുത്തു നീട്ടിക്കൊണ്ടു കൊണ്ട് കൊച്ചുപെണ്ണ് പറഞ്ഞു
“ഇന്നാ തോര്‍ത്ത്..പനി പിടിപ്പിക്കേണ്ട.
സുര ചായ്പ്പിലേക്ക് കയറി നിന്ന് തോര്ത്തു കൊണ്ട് ധൃതിയില്‍ ശരീരം തുടക്കുവാന്‍ തുടങ്ങി. അവന്റെ ധൃതി കണ്ട് തെറുതി വെല്ല്യമ്മ പറഞ്ഞു
“ശരിക്കും തോര്‍ത്തടാ… പുതു മഴയാ…പനി പിടിക്കും. ഇതെന്നാ നീയീക്കാണിക്കണേ…”
അവന്റെ കയ്യില്‍ നിന്നും തോര്‍ത്തു വാങ്ങി പുറത്തു പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ തുടച്ചു മാറ്റിക്കൊണ്ടവര്‍ പറഞ്ഞു ”

പുതു മഴ അതിന്റെറ എല്ലാ ആഘോഷങ്ങളൊടും കൂടെ തകര്ത്തു പെയ്യുവാന്‍ തുടങ്ങി. പുതുമണ്ണിന്റെ മയക്കുന്ന ഗന്ധം. തെറുതി പെട്ടെന്ന് വര്ഷങ്ങള്ക്കു മുന്പു മണ്‍മറഞ്ഞ തന്റെ പ്രിയ ഭര്ത്താവിനെ ഓര്ത്തു. കല്യാണം കഴിഞ്ഞ നാളിലെ ഓശാന ഞായറഴ്ച പുതുമഴയുടെ ഗന്ധമാസ്വദിച്ച് മഴനനഞ്ഞ് പള്ളിയില്‍ നിന്നും ഒരു കുടക്കീഴില്‍ അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു മടങ്ങിയത്. വഴിയിലാരും ഇല്ലെന്നുറപ്പുവരുത്തി തന്നെ ചേര്ത്തു പിടിച്ചു നടന്നത്. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോള്‍ അപ്പനെ കണ്ട് പെട്ടെന്ന്‍ കൈ പിന്‍ വലിച്ചത്.. അദ്ദേഹത്തിന്റെള മരണശേഷം ജോണുകുഞ്ഞായിരുന്നു ആകെ ഒരാശ്വാസം. പിന്നെ അവനും പോയി.
സുരയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ടവര്‍ പറഞ്ഞു.
“ഞങ്ങട ജോണുകുഞ്ഞിന്റെ അതേ പ്രായാല്ലേ ഇവന്..ഇപ്പൊ ഒണ്ടായിരുന്നേ ഇത്രേം വളര്‍ന്നേനേ..എട്ടാം വയസ്സില്‍ പോയില്ലേ…”
“അതു തമ്പ്രാട്ടീ..തുലാമാസം മൂന്നിന് ഒണ്ടായതല്ലേ രണ്ടും. ജനന സമയോം ഏകദേശം രണ്ടിന്റെ ഒന്നല്ലേ.ആണ്കൊച്ചുങ്ങള്‍ക്ക് അത്ര നല്ലതല്ല ആ സമയം .ഇവന് ഞങ്ങള് എത്ര വയിപാടു കയിച്ചതാന്നറിയാമോ..? ഞങ്ങട ആകെക്കൂടി ഒള്ള ആന്തരിയല്ലേ. ഇരുപതു വയസ്സ് കഴിഞ്ഞാപ്പിന്നെ പേടിക്കേണ്ടന്നാ കണിയാന്‍ പറഞ്ഞെ ”
കൊച്ചു പെണ്ണിന്റെ വാക്കുകളില്‍ ആധിയും വാത്സല്യവും ഒരേ സമയത്തു പ്രകടമായി.
“ഞങ്ങള്‍ക്ക് സമയത്തിനും നേരത്തിനും ഒന്നും വിശ്വാസമില്ലെന്റെ കൊച്ചുപെണ്ണേ. പോകാനുള്ളതു പോയി. എട്ടു കൊല്ലം കാണിപ്പിച്ച് കൊതിപ്പിച്ചേച്ച്. അന്നേരം നാടു മുഴുവനും പിള്ളേര്ക്ക് ‌ മഞ്ഞപ്പിത്തം വന്നതല്ലേ....?എന്നിട്ടെന്തേ ജോണുകുഞ്ഞു മാത്രം പോയി..? അവനതേ ആയുസ്സൊള്ളാര്‍ന്നു.“
തെറുതി തോര്‍ത്തുകൊണ്ടു കണ്ണീരൊപ്പി
“വല്യമ്പ്രാട്ടി സങ്കടപ്പെടാതെ..“ കൊച്ചുപെണ്ണ് വിഷണ്ണയായി
“എല്ലാം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു…നിന്റമ്മ കുറുമ്പയല്ലേ ജോണുകുഞ്ഞിനെ പെറ്റപ്പോ മേരിപ്പെണ്ണിനെ കുളിപ്പിച്ചത്. ചെന്നിട്ട് അവിടെ ഒരണ്ണത്തിനെ കുളിപ്പിക്കണം എന്നു പറഞ്ഞ് നെന്ന കുളിപ്പിക്കാനായി ഇവിടെനിന്നും ധൃതി പിടിച്ച് ഓടുമായിരുന്നു കുറുമ്പ.
“ഞാം പോണ്…“ മഴ ഒട്ടു ശമിച്ചപ്പോള്‍ മാവില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ ചക്രവും വടിയും എടുത്തു സുര പോകുവാനൊരുങ്ങി.
“അടുക്കള മുറ്റത്തു ചെന്ന് ഒന്നു വിളിച്ചിട്ടു പോ സുരേ…നിന്നെ കണ്ടപ്പ മേരിപ്പെണ്ണ് കൊഴുക്കട്ട ഒണ്ടാക്കണണ്ട്. തിന്നിട്ടു പോയാ മതീട്ടോ..എന്റ ജോണുകുഞ്ഞാ സുര എന്നാ മേരിപ്പെണ്ണ് പറേണത്...
“ങാ..സുര ഉത്സാഹത്തോടെ സൈക്കിള്‍ ചക്രം അടുക്കള വശത്തേക്ക് ഉരുട്ടുന്നതിനിടയില്‍ പറഞ്ഞു.

ഭൂമിയിലേക്കു വര്ഷിച്ച ഓരോ തുള്ളിയെയും ആര്ത്തിയോടെ ഭക്ഷിച്ച ചുടുമണ്ണ് അടങ്ങി തളര്ന്നു കിടന്നു. വീണ്ടും വീണ്ടും പതിച്ചു കൊണ്ടിരുന്ന തുള്ളികളെ ഭക്ഷിക്കാനാവാഞ്ഞപ്പോള്‍ അവ മണ്ണിനു മുകളില്‍ അവിടവിടെയായി തളം കെട്ടി കിടന്നു. ഒടുവില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തൃപ്തി വരാത്തവളെപ്പോലെ ഉണര്ന്ന് തന്റെ മേല്‍ അഭയം തേടിയ വെള്ളത്തെയും വിഴുങ്ങി .

തെറുതിവെല്യമ്മയുടെ മനസ്സ് അപ്പോഴും ജോണുകുഞ്ഞിന്റെ ഓര്മ്മയില്‍ കുരുങ്ങി നിന്നു. വെല്ല്യമ്മച്ചീന്നു പറഞ്ഞു തോളില്‍ തൂങ്ങുമായിരുന്ന ജോണു കുഞ്ഞ്.. മരിച്ചു പോയ ഭര്ത്താവിന്റെച അതേ രൂപമുണ്ടായിരുന്ന പേരക്കുട്ടി. ഒലോന്നന്‍ മാപ്പിള മരിച്ച അതേ വര്ഷമാണ് മേരിപ്പെണ്ണ് അവനെ പ്രസവിച്ചത്. അവന്‍ വളര്ന്നു വരവേ വെല്യപ്പച്ചന്റെ രൂപ സാദൃശ്യം അവരെ ഭര്ത്തൃ വിയോഗം വിസ്മരിപ്പിച്ചു കളഞ്ഞു എന്നതാണ് സത്യം. ആ പ്രായക്കാരന്‍ സുര ഇപ്പോള്‍ വളര്ന്ന് ഒത്ത ഒരു പുരുഷനായിക്കൊണ്ടിരിക്കുന്നു. ജോണു കുഞ്ഞ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എങ്ങനെ ഇരുന്നേനേ...? താന്‍ പുത്തന്‍ പെണ്ണായി വന്ന കാലത്തെ ഭര്ത്താവിന്റെ രൂപം അവര്‍ ഓര്ത്തെടുക്കുവാന്‍ ശ്രമിച്ചു.

“അല്ലടീ... കൊച്ചുപെണ്ണേ ഞാനൊന്നു ചോദിക്കട്ടെ. ഇവിറ്റത്തെ പശു പെറ്റിട്ടിപ്പോ നാലഞ്ചു മാസായി .അതിന്റെ പശുക്ടാവിനെ അങ്ങു തന്നേക്കാം കെട്ടാനായി* .അപ്പോ സുരക്ക് ഒരു പണീമാകും. ഇങ്ങനെ അലഞ്ഞു നടക്കിയേലല്ലോ..”
“പിന്നെ…അതൊക്കെ അവന്‍ പൊന്നു പോലെ നോയിക്കോള്ളും…. ആടിനെ വിറ്റേപ്പിന്നെ പണിയൊന്നുമില്ലാഞ്ഞിട്ടാ ഈ തെണ്ടിത്തിരിയലു തൊടങ്ങിയേ..”കഴിഞ്ഞ ആണ്ടില് ഭവാനിടിളയോള് ശകുന്തളെ പെറ്റേപ്പിച്ച് വിടാനാ അതിനെ വിറ്റത്.
“എങ്കി നീ അടുത്ത മാസം പശുക്കിടാവിനെ കൊണ്ടോക്കോ..അന്നേരത്തേക്ക് ക്ടാവില്ലേലും കറക്കാം”
മുള്ളു കളഞ്ഞ കൈതോലകള്‍ രണ്ടേണ്ണം കൂട്ടിപ്പിടിച്ചെടുത്ത് കൊച്ചുപെണ്ണ് കൊച്ചു ത്രികോണമായി മടക്കിയെടുത്തു.ആദ്യത്തെ ത്രികോണത്തിനു മീതെ കൈതോലകള്‍ ചുറ്റപ്പെടുന്നതനുസരിഒച്ചു അതു വലിയൊരു ഷഡ്ഭുജമായി രൂപാന്തരപ്പെട്ടു.
“ഇനി വെയിലു തെളിഞ്ഞിട്ടു വേണം ഈ തയേല്ലാം ഒണക്കി വെക്കാന്” ഭംഗിയായി അടുക്കിയ തഴകള്‍ തലയിലേറ്റി നടക്കുന്നതിനിടയില്‍ കൊച്ചു പെണ്ണു പറഞ്ഞു.

അമ്മുക്കുട്ടിയെ പാട വരമ്പിനരികിലെ കറുകപ്പുല്ലു തീറ്റുകയായിരുന്നു സുര. കയ്യില്‍ കിട്ടിയ അന്നുതന്നെ അവള്‍ക്ക് അവന്‍ പേരും ഇട്ടിരുന്നു. ഒട്ടു വളര്‍ന്നിരിക്കുന്നു അവള്‍. ആദ്യത്തെ ചവിട്ടീരിനു തന്നെ ചെനപിടിച്ചത് ഐശ്വര്യമാണെന്നാണ് അമ്മ പറയുന്നത്.ചെന പിടിച്ചതോടെ ഇവളങ്ങു മെഴുത്തു എത്ര തീറ്റിയാലും മതിയാകുന്നില്ല ഈ പെരും വയറിക്ക്. ദൂരെ നിന്നും രാജപ്പഞ്ചേട്ടനും സുമതി ചേച്ചിയും വരുന്നു. അടുത്തു വന്നപ്പോഴാണ് അവതു കണ്ടത് സുമതി ചേച്ചിയുടെ വയര്‍ വീര്‍ത്തുന്തിയിരിക്കുന്നു.
“എവിടെപ്പോയതാ രണ്ടുപേരും കൂടേ..?”
“ഞാനിവളെ പഞ്ചായത്താശുപത്രിയില്‍ കാണിക്കാന് കൊണ്ടു പോയതാടാ..”
സുമതി അവനെ നോക്കി ചിരിച്ചു. ആകെ വിളര്‍ത്തു മെലിഞ്ഞിരിക്കുന്നു പാവം.
“രാജപ്പഞ്ചേട്ടന് പിന്നെ സൈക്കിളെഞ്ജക്കാരുടെ കൂടെ പോയില്ലേ..?”
“ഇല്ലടാ…പെണ്ണും പെടക്കോഴിയൊക്കെയായാല്‍ ഊരുചുറ്റി നടക്കാമ്പറ്റുവോ…എനിക്കപ്പ പാറമടേ പണീണ്ട്. സൈക്കിളെഞ്ജത്തിനു നടക്കണേകൂടുതല്‍ കാശും കിട്ടും.
വയറും താങ്ങി വിഷമിച്ചു നടന്നു നീങ്ങുന്ന സുമതിചേച്ചി. എങ്ങനെ കളിച്ചു ചിരിച്ചു നടന്നിരുന്ന ആളായിരുന്നു. തന്നെ കാണുമ്പോള്‍ ഓടിവന്ന് “രാജപ്പഞ്ചേട്ടന് കത്തു തന്നോടാ“ എന്ന് ചെവിയില്‍ ചോദിച്ചിരുന്ന സുമതിചേച്ചിയാണോ ഇത്…?അവന്‍ പുല്ലു തിന്നുകൊണ്ടുരുന്ന അമ്മുക്കുട്ടിയെ നോക്കി. അരുമയോടെ അവളുടെ വീര്‍ത്ത വയറില്‍ തലോടി.
“സുമതിച്ചേച്ചിയേക്കാള്‍ എത്ര വലിയ വയറും താങ്ങിയാ നീയീ നടക്കുന്നത് അല്ലേ…മോളേ…ഞാനത് ഓര്‍ത്തില്ലല്ലോടീ..”
തിരികെ വീട്ടിലേക്ക് നടത്തുമ്പോള്‍ അവന് അമ്മുക്കുട്ടിയൊടു പറഞ്ഞു
“വയ്യെങ്കില്‍ പയ്യെ നടന്നാല്‍ മതിയെടീ…അമ്മുക്കുട്ടി…”
വരമ്പിലൂടെ നടക്കവേ കയ്യില്‍ പുസ്തക അടുക്കുമായി നാലുമണിവിട്ടു വീട്ടിലേക്കു പോകുന്ന പുരുഷമ്മാവന്റെ മകള്‍ ശാന്ത. ദൂരെ നിന്നെ അവനെ കണ്ടിട്ടും കാണാത്ത മട്ടിലാണ് അവളുടെ നടത്തം. ശാന്ത സുരക്കുള്ളതാന്നു തേവി അമ്മായി പറഞ്ഞെപ്പിന്നെ അവള്ക്കു മിണ്ടാട്ടവും തീര്ന്നു. ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചിരുന്ന ഈ പെണ്ണിന് ഇത്ര പെട്ടെന്ന് നാണം കേറി മിണ്ടാട്ടം മുട്ടിച്ചു കളഞ്ഞോ..?
“കൊല്ലപരീക്ഷ എന്നാടീ..?” എന്തെങ്കിലും ചോദിക്കണമല്ലോ എന്നോര്‍ത്ത്‌ അവന്‍ ചോദിച്ചു.
“അടുത്ത മാസം”.പറയലും പുസ്തകക്കെട്ടു നെഞ്ചോടു ചേര്ത്തും ഓടലും ഒന്നിച്ച് .ഈ പെണ്ണിന്റെ ഒരു കാര്യം.
“രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നമ്മുടെ കുടീലേക്ക് വരണ്ടവളാ. ഒരു നാണം കണ്ടില്ലേ...” അവളെ കാണുമ്പോ അമ്മ ഇടക്ക് പറയും .
പത്താംക്ലാസ് പരീക്ഷാഫലം വന്ന ദിവസം ശാന്തയുടെ വീട്ടില്‍ നല്ല പുകിലായിരുന്നു.
“അവള്ക്കു പട്ടണത്തിലെ കോളേജില്‍ പോണോന്ന്‍...” അരിശം പൂണ്ടു നില്ക്കുന്ന പുരുഷമ്മാവാന്‍. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു കല്യാണം നടത്താന്‍ പോണോ പടിപ്പിക്കാം പോണോ ....?എന്റെയീ വണ്ടിയേ കൊടുക്കാനും പുസ്തകം മേടിക്കാനും തരത്തിന് തരത്തിന് ഉടുപ്പു കെട്ടു മേടിക്കാനും കാശില്ല”
“അവള് പോട്ടെ അമ്മാവാ. കാശു ഞാന്‍ കൊടുക്കാം. ഇപ്പൊ അമ്മുക്കുട്ടി പെറ്റേ പിന്നെ കാശിനു പഞ്ഞമില്ല. ഞാനോപ്പോ പണിക്കും പോയിത്തൊടങ്ങി ”
ശാന്ത അത് കേട്ട് അവനെ നോക്കി നന്ദിയോടെ ചിരിച്ചു.

കോളേജിപ്പോകാന്‍ തുടങ്ങിയത്തില്‍ പിന്നെ ശാന്തയെ കാണാന്‍ കൂടെ കിട്ടാറില്ല.
ഒരു ദിവസം സാബൂസിനിമാക്കൊട്ടകയില്‍ സിനിമാ കഴിഞ്ഞിറങ്ങിയപ്പോ രാജപ്പന്ചേട്ടനാണതു പറഞ്ഞത്.
”എടാ...നിന്റെ പെണ്ണിനെ ഒന്ന് സുക്ഷിച്ചോ .അവളു കോളേജിപ്പോണ ബസ്സിലെ കിളിയുമായി ലോഹ്യത്തിലാ..ഇന്നാള് ഞാന്‍ കണ്ടതാ. വണ്ടിയേക്കെറിയാ അവളുടെ ഒരു കളീം ചിരീം. ”
“ചുമ്മാ അനാവശ്യം പറയാതെന്റെ ചേട്ടാ .ഞാനല്ലേ അവളെ പഠിപ്പിക്കണേ..”
“അതൊക്കെ ശരിയാ.നീ അവളോന്നു ചോദിച്ചു നോക്ക് “
തീ പിടിച്ച മനസ്സുമായാണ് ശാന്തയുടെ വീട്ടിലേക്കു ചെന്നത്. ശാന്ത പഠിക്കാന്‍ പോയിരിക്കുകയായിരുന്നു
“എന്റ സുരേ, കണ്ടോര് പറേണ ഏഷണി കേട്ട് നീ എന്തിനാ വെഷമിക്കണേ. സുരേട്ട്ന്‍ന്നു പറഞ്ഞാ അവക്ക് ജീവനാ .ഇനി രണ്ടു കൊല്ലം കൂടെ കാത്തിരുന്നപ്പോരെ .വേണേല്‍ പടിപ്പ് നിര്ത്തി ഇപ്പൊ നടത്താം കല്യാണം”
“വേണ്ടമ്മായി അവളു പഠിക്കട്ടെ. അവളിതറിയണ്ട...പാവം.”

ഒരു തുലാമാസ വൈകുന്നേരത്തെ ഇടിമിന്നലിന്‍റെ സമയത്ത്‌ പരവേശം പൂണ്ട മുഖവും കയ്യിലൊരു കടലാസു കഷണവുമായി തേവിഅമ്മായി സുരയെത്തേടി വന്നു.
“ശാന്തേന കാണാനില്ലെന്റെ മോനേ,കൂട്ടുകാരത്തീട വീട്ടി പോകുവാന്നും പറഞ്ഞു പെലകാലേ പോയതാ. പണി കേറി ഞങ്ങള് വന്നിട്ടും പെണ്ണു വീട്ടിലെത്തീട്ടില്ല. ഒരു കത്താണെന്ന് തോന്നണ് അവള്‍ എയ്തി വെച്ചിട്ടുണ്ട്. ഒന്ന് വായിച്ചു കേപ്പിച്ചേ... എന്റെ പെങ്കൊച്ചിതെവിടപ്പോയോ...?” അവര്‍ രണ്ടു കൈ കൊണ്ടും മാറത്തടിക്കാന്‍ തുടങ്ങി
സുരേട്ടനോടു ക്ഷമാപണത്തോടെയുള്ള കത്ത് വീണ്ടും വീണ്ടും വായിച്ച സുര ഒരു നിമിഷം അമ്മായിയെ നോക്കി. പിന്നെ പറഞ്ഞു
“ഇത് കത്തൊന്നുമാല്ലെന്റ അമ്മായി വേറേതോ കടലാസ്സാ. അവളു വണ്ടി കിട്ടാന്‍ താമസിച്ചതായിരിക്കും. ഞാന്‍ വഴീല്‍ പോയി നോക്കട്ടെ അവളു വരണണ്ടോന്നു.”
തുള്ളിക്കൊരു കുടമുള്ള മഴയിലേക്കിറങ്ങിപ്പോയ സുരയെ അവര്‍ നോക്കി നിന്നു.

പിറ്റേന്ന് രാവിലെ പാട വരമ്പിനടുത്ത കുളത്തില്‍ സുരയുടെ ശരീരം തണുത്തു വിറങ്ങലിച്ചു കിടന്നു. ജനനസമയ ദോഷത്തിന്റെ പൂര്ത്തീ കരണമെന്നോണം
---------------------------------------------------------------------------
കെട്ടാന്‍ കൊടുക്കുക—പശുക്കിടാവിനെ വളര്ത്തി ഒരു പ്രാവശ്യത്തെ കറവക്കു ശേഷം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കുന്ന രീതി
ഭവാനിക്കാ-ഭവാനിയുടെ
മയ-മഴ
തയ-തഴ

24.7.10

നിയോഗം

കണ്ണെത്താദൂരത്തേക്കു നീണ്ടു കിടക്കുന്ന ഗോതമ്പു വയലുകള്…അതും നോക്കി കൌതുകത്തോടെ മോഹന് തീവണ്ടിയുടെ ജനാല ചില്ലിലേക്ക് തല ചായ്ച്ചിരുന്നു. ഏ.സി. കമ്പാര്ട്ടുമെന്റിന്റെ ചില്ലിലൂടെ സുഗമമായ കാഴ്ചകിട്ടാഞ്ഞതിനാല് അയാള് പുറത്തേക്കിറങ്ങി വാതിനടുത്ത് ചെന്നു നിന്ന് കാഴ്ചകള് കണ്ടു കൊണ്ടിരുന്നു.
കതിരുകളെല്ലാം വിളഞ്ഞ് സ്വര്ണ്ണവര്ണ്ണത്തില് വിളവെടുപ്പിന് പാകമായിരിക്കുന്നു.പോക്കു വെയില് ഗോതമ്പു കതിരുകളില് തട്ടുമ്പോള് വയലുകളില് സര്ണ്ണം വിളഞ്ഞു കിടക്കുകയാണെന്നു തോന്നും. സമയം സന്ധ്യയാകാന് തുടങ്ങുന്നു. പഞ്ചാബിന്റെ ജീവനാഡിയായ ഗോതമ്പു വയലുകള്ക്കിടയിലൂടെ അങ്ങിങ്ങു നടക്കുന്ന തലയില് പകിടി ധരിച്ച സര്ദാര്ജിമാര്..അവരില് യുവാക്കളും വൃദ്ധരും കൊച്ചു കുട്ടികളും ഉണ്ട്. ചിലയിടങ്ങളില് ഗോതമ്പു വയലുകള്ക്കിടെ കാബേജും മുള്ളങ്കിയും ഉലുവയും നട്ടിരിക്കുന്നു ചെറു വയലുകള്.

വാതിലിനടുത്തേക്ക് അല്പ്പനേരം മുന്പു പരിചയപ്പെട്ട ജലന്ധറില് നിന്നു കയറിയ പയ്യന് സുഖ്വീര് സിങ്ങ് വന്നു
“എന്റെ ചാച്ചായുടെ(ചിറ്റപ്പന്) വയലുകള് ഇവിടടുത്താണ്. ചിലപ്പോള് അദ്ദേഹം വലയിനടുത്തു കാണും. “അവന് പുറത്തേക്ക് കണ്ണു പായിച്ചുകൊണ്ടു പറഞ്ഞു.”

“ഈ വയലുകള്ക്കിടയില് നിന്നും നീ അതെങ്ങിനെ കണ്ടു പിടിക്കും..?”
അതൊക്കെ എനിക്കറിയാവുന്നതല്ലെ..ഞങ്ങള് അവധിക്കാലം മുഴുവന് ഓടി നടക്കുന്ന വയലുകളല്ലെ ഇത്. ഞങ്ങള് കുട്ടികളെല്ലാവരും ഈ വയലുകളില് ചാച്ചയെയും ചാച്ചിയെയും സഹായിക്കും..”
വണ്ടി കുതിച്ചു നീങ്ങവേ വയലിനടുത്തു നില്ക്കുന്ന ഒരു തലക്കെട്ടു ധാരിയെ നോക്കി അവന് ആവേശത്തോടെ പറഞ്ഞു
“അതാ…നോക്കൂ…എന്റെ ചാച്ചാ നില്ക്കുന്നു…..
ചാച്ചാ ഞാനിവിടെ ഉണ്ട്…ഇങ്ങു നോക്കൂ..“
കണ്ണടച്ചു തുറക്കുമ്പോള് പാഞ്ഞുകുന്ന വേഗതയുള്ള തീവണ്ടിക്കുള്ളില് നിന്നും വിളിച്ചു കൂവുന്ന അവന്റെ ആവേശം കണ്ട് അയാള്ക്കു ചിരിവന്നു.
ഇരുള് പുറത്തെ കാഴ്ചമറക്കാന് തുടങ്ങിയപ്പോള് അയാള് അകത്തേക്ക് തിരികെ വന്നിരുന്നു. പുറത്തു നല്ല ചൂടുണ്ടായിരുന്നുവെന്നു അകത്തെ ശീതളിമയില്നിന്നും മനസ്സിലായി.
ഓര്ക്കാപ്പുറത്ത് കമ്പനി പെട്ടെന്നൊരു ടൂറ് പറഞ്ഞപ്പോള് മടുപ്പോടെയോടെയാണ് അയാള് യാത്ര തിരിച്ചത്. തല്ക്കാലില് ടിക്കറ്റ് കിട്ടിയെങ്കിലും യാത്ര തുടങ്ങുമ്പോഴും ഉത്സാഹമൊന്നും തോന്നിയില്ല. മീനുക്കുട്ടിയോട് എന്തു പറയും. അവളുടെ ഏഴാം പിറന്നാളിന് നാട്ടില് ചെല്ലാമെന്ന് വാക്കു കൊടുത്ത് ഒരു മാസം മുന്പ് നാട്ടിലേക്കുള്ള ടിക്കറ്റും ശരിയാക്കി വച്ചിരുന്നതാണ്. ഈ യത്ര വന്നതോടെ അതു ക്യാന്സല് ചെയ്യേണ്ടി വന്നു.
രാത്രി ഭക്ഷണം കഴിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയ അയാള് ഉണര്ന്നപ്പോള് നന്നേ വൈകിയിരുന്നു. വീട്ടിലെ കട്ടിലില് കിടന്നുറങ്ങുന്നതുപോലെ ഉറങ്ങിയല്ലോ എന്നയാള് അല്ഭുതത്തോടെ ഓര്ത്തു. പഞ്ചാബിന്റെ ഫലപൂയിഷ്ടത കഴിഞ്ഞ് ഉണങ്ങിയ പ്രദേശങ്ങളിലൂടെ തീവണ്ടി അതിവേഗം കുതിക്കുകയാണ്. ചുറ്റും ഉണങ്ങിവരണ്ട പ്രദേശങ്ങള് അയാള് മടുപ്പോടെ പുറത്തെ കാഴ്ചയില് നിന്നും കണ്ണുകള് മാറ്റി കയ്യിലിരുന്ന മാഗസിനിലേക്ക് നോക്കിയിരുന്നു. സുഖ്വീര്സിങ്ങ് കയ്യിലിരുന്ന മൊബൈല് ഫോണില് പാട്ടുകള് കേട്ടുകൊണ്ടിരുന്നു. അയാള്ക്ക് ചെന്നെത്തേണ്ട ശക്തിനഗറില് ചെന്നെത്തുവാന് ഇനിയും വളരെ ദൂരം താണ്ടേണ്ടിയിരിക്കുന്നു. ആദ്യമായി പോകുന്ന സ്ഥലമായതു കൊണ്ട് അവിടെയുള്ള സുഹൃത്ത് ഹമീദില് നിന്നും സ്ഥലത്തെപറ്റി എകദേശരൂപം ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശക്തിനഗറിലേക്കു പോകുവാന് രാത്രി പതിനൊന്നര മണിയോടെ രെണുകുട്ട് സ്റ്റേഷനില് ഇറങ്ങിയാല് മതി കമ്പനി വണ്ടി അയാളെ കാത്തു കിടപ്പുണ്ടാകും.
മീനുക്കുട്ടിയുടെ പരിഭവം നിറഞ്ഞ മുഖം അയാള് വീണ്ടും മനസ്സില് കണ്ടു.ജ്യോതി എന്തു കഷ്ടപ്പെട്ടിട്ടുണ്ടാകും അവളെ സമാധാനിപ്പിക്കുവാന്..എപ്പോഴോ മയങ്ങിത്തുടങ്ങിയ അയാളെ സുഖിവീര്സിങ്ങ് വിളിച്ചുണര്ത്തി.
“അങ്കിള് ട്രെയില് രെണുക്കുട്ട് പോകാതെയാണ് ഓടുവാന് പോകുന്നത്. മാവോയിസ്റ്റുകളുടെ ബന്ദാണത്രേ…ആ ഭാഗത്തേക്കു പോകുന്നവര്ക്ക് മിര്സാപ്പുരില് ഇറങ്ങേണ്ടി വരും.”
“ഈശ്വരാ…ഈ സ്ഥലത്തേക്കുള്ള എന്റെ ആദ്യത്തെ യാത്രയാണല്ലോ…”
“അങ്കിള് വിഷമിക്കേണ്ടാ…നമ്മുടെ കോച്ചില് തന്നെ മിര്സാപ്പുരില് ഇറങ്ങാന് രണ്ടു ഫാമിലിയുണ്ട്.അവിടെ നിന്നും ബസ്സോ വേറെ ഏതെങ്കിലും ട്രെയിനോ കിട്ടും.
മിര്സാപ്പൂരില് ഇറങ്ങി ചുറ്റും നോക്കുമ്പോള് എല്ലാ കോച്ചില് നിന്നും ആളുകള് മുഷിഞ്ഞ മുഖങ്ങളുമായി ഇറങ്ങുന്നു. എല്ലാവരും തന്നെ അങ്ങോട്ടുള്ളവരാണെന്നു മനസ്സിലായി.
ഇറങ്ങിയ നേരത്തെ ശപിച്ചു കൊണ്ട് രാത്രി പതിനൊന്നു മണിക്കുള്ള വണ്ടിയെ കാത്ത് അപ്പോള് പരിചയപ്പെട്ട കുടുംബത്തോടു കൂടി. സ്റ്റേഷനിലെ കൊതുകുകളുമായി മല്ലടിച്ച് സമയം പോക്കിക്കൊണ്ടിരുന്നു. ട്രെയിന് വരേണ്ട സമയം എപ്പോഴേ കഴിഞ്ഞു. കുറച്ചുപേരോടു ചോദിച്ചതാണ് ടാക്സിയില് പോയാലോ എന്ന്.ആരും അത്ര താത്പര്യം കാണിച്ചില്ല. രാത്രി ടാക്സി യാത്ര സുരക്ഷിതമല്ലെന്നു പറഞ്ഞ് അയാളെ നിരുത്സാഹപ്പെടുത്തി. ഈ ട്രെയിനുണ്ടെന്നു വിചാരിച്ച് ബസ്സ് സര് വീസിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത് ബുദ്ധിമോശമായിപ്പോയി. സ്റ്റേഷനില് അവിടവിടെയായി ആളുകള് ബെഡ്ഷീറ്റു വിരിച്ച് സുഖമായി ഉറങ്ങുന്നു. ഇടക്കിടെ കടന്നു പോകുന്ന ഗുഡ്സ് ട്രെയിനുകളും എക്സ്പ്രെസ്സ് ട്രെയിനുകളും എത്ര ശബ്ദത്തില് സൈറണ് മുഴക്കിയാലും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിലുള്ള സുഖ സുഷുപ്തി. അയാള് അസൂയയോടെ അവരെ നോക്കി, വാച്ചിന്റെ സൂചികള് നോക്കി നോക്കി ഒടുവില് നാലര കഴിഞ്ഞപ്പോള് ഉദ്ദേശിച്ച തീവണ്ടിയെത്തി. ഈ നേരം കൊണ്ട് ആരൊക്കെ ശപിച്ചെന്നു അയാള്ക്കു തന്നെ നിശ്ചയമില്ല. ഇന്ത്യന് റെയില് വെയെ, ഇങ്ങോട്ടു പറഞ്ഞു വിട്ട മേലുദ്യോഗസ്ഥനെ, ബന്ദുനടത്തുന്ന മാവോയിസ്റ്റുകളെ. അങ്ങനെ പലരെയും.

ഒരു മല്പ്പിടുത്തം തന്നെ നടത്തേണ്ടി വന്നു ട്രെയിനിലൊന്നു കയറിപ്പറ്റാന്.ആറു മണിക്കൂരിലേറെയുണ്ട് ശക്തി നഗറിലേക്ക്. ഒഴിഞ്ഞുകിടന്ന മുകള്ബെര്ത്തു തേടിയെടുത്ത് കിടക്കുമ്പോള് ഇനിയും ബെര്ത്തു തേടുന്നവരുടെയിടയില് വിജയിയെപ്പോലെ അയാള് ഉറക്കത്തിനായി കാത്തു കിടന്നു.

ചുറ്റും ഡൊലക്കിന്റെ ശബ്ദം…തപ്പുകൊട്ട്…നാട്ടില് എന്തോ ഉത്സവം നടക്കുന്നു. തിരക്കിനിടയില് മീനുക്കുട്ടിയെ പിടിച്ചുകൊണ്ട് നടക്കുന്ന താനും ജ്യോതിയും, മീനുക്കുട്ടി വഴിയിലെ ബലൂണ്കാരനെ നോക്കി ബലൂണിനായി വാശിപിടിക്കുന്നുണ്ട്. ഇപ്പോള് ഡൊലക്കിന്റെ ശബ്ദത്തോടൊപ്പം പാട്ടുമുണ്ട്. ഹിന്ദിയില്. നാട്ടിലെ ഉത്സവത്തിന് ഹിന്ദിയില് കീര്ത്തന് പാടുന്നോ..? അയാള് പെട്ടെന്നു കണ്ണു തുറന്നു. സമയം രാവിലെ ഒന്പതര കഴിഞ്ഞിരിക്കുന്നു താഴെ ഒരു പറ്റം ആള്ക്കാര്.കൂടുതലും താറുടുത്ത, തലിയില് തലപ്പാവുകെട്ടിയ തനി ഗ്രാമീണര്. ഡോലക്കു കൊട്ടി ദേവീസ്തുതികള് പാടുകയാണ്.. സീറ്റില് ഒന്നോ രണ്ടോ പേരേ ഇരിക്കുന്നുള്ളു. ബാക്കിയുള്ളവര് തറയില് ഇടം പിടിച്ചിരിക്കുന്നു. ചിലരുടെ കയ്യില് മുളപ്പിച്ച ഗോതമ്പുഞാറുകളുടെ അടുക്ക് അവ ചട്ടിയിലോ മറ്റോ പാകി മുളപ്പിച്ചതാണെന്ന് കാണുമ്പോഴേ അറിയാം. ചിലര് കയ്യിലെ ശൂലം എങ്ങും തട്ടാതെ ബാലന്സു ചെയ്തു പിടിച്ചിരിക്കുകയാണ്. സ്ത്രീകളുടെ കയ്യില് പൂജാസാമഗ്രികള് അടങ്ങിയ തട്ടുകള്.
പല്ലു തേച്ചു തിരികെ വന്നപ്പോഴും അവരുടെ കീര്ത്തനാലാപനം അവസാനിച്ചിട്ടില്ല. ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കതെ ദേവീസ്തുതിയില് മുഴുകിയിരിക്കുകയണ് എല്ലാവരും.

അടുത്തിരുന്ന ആളോട് അന്വേഷിച്ചപ്പോള് ശക്തിനഗറിലെ ജ്വാലമുഖി ക്ഷേത്രത്തിലേക്കു നവരാത്രി പൂജക്കു പോകുന്നവരാണിവര്.എന്ന മറുപടി കിട്ടി. വീണ്ടും അടുത്ത സ്റ്റേഷനില് നിന്നു വേറൊരു സംഘം ആളുകള്. ആദ്യ സംഘത്തിന്റേതു പോലെതന്നെ സാമഗ്രികള് കയ്യില്. അവരും അവിടവിടെയായി ഇരുപ്പുറപ്പിച്ചു. ഗനാലാപനവും തുടങ്ങി. ഈ സംഘത്തില് ആദ്യ സംഘത്തേക്കാള് കുറച്ചു പരിഷ്കാരികള് ഉണ്ടെന്ന് അവരുടെ കെട്ടിലും മട്ടിലും നിന്നു മനസ്സിലായി. രണ്ടാം സംഘത്തലവനെന്നു തോന്നുന്ന കുറച്ചു പ്രായം ചെന്ന ആള് അടുത്തു വന്നിരുന്ന് പരിചയപ്പെട്ടു. ശക്തി നഗറിലേക്കാണ് പോകുന്നതെന്നു പറഞ്ഞപ്പോള് അവിടത്തെ ജ്വാലാമുഖിയെക്കുറിച്ചു പറഞ്ഞു. ഈ നവരാത്രി പൂജക്കുശേഷം അതിനടുത്ത ദിവസം അയാളുടെ അടുത്ത ആഴ്ച സുമംഗലിയാകുവാന് പോകുന്ന രണ്ടാമത്തെ മകള് കഞ്ചനുവേണ്ടി വിശേഷാല് ഒരു പൂജയുംകൂടെ നടത്തുന്നുണ്ട്. അവളുടെ നെടുമംഗല്യത്തിനു വേണ്ടി. അയാള് പെണ്കുട്ടിയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു. ലഭിച്ചിരിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ചും അയാളെ വര്ണ്ണിച്ചു കേള്പ്പിച്ചു.
“എന്റെ മൂത്ത മകളെ ഒരു സ്കൂള് അധ്യാപകനാണ് കല്യാണം കഴിച്ചിരിക്കുന്നത്. അവളെ വേണം എന്നു പറഞ്ഞ് അയാള് വരികയായിരുന്നു. ഒരു അധ്യാപകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന് മാത്രം ഞാന് അത്ര പണക്കാരനൊന്നുമല്ല. കഴിഞ്ഞു കൂടുവാനുള്ള വയലും രണ്ട് എരുമകളും മാത്രമുള്ള എനിക്ക് പെണ്മക്കളെ നല്ലയിടത്തു പറഞ്ഞു വിടാനാകുമായിരുന്നോ…?
സൈഡ് സീറ്റിലിരിക്കുന്ന വെളുത്ത് പാവയുടെ മുഖമുള്ള പൊക്കം കുറഞ്ഞ പെണ്കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള് പറഞ്ഞു. തൊട്ടടുത്ത് അവളുടെ ഭര്ത്താവ്. നല്ല പൊക്കവുമുള്ള കറുത്തു തടിച്ച ഒരു കുടവയറന്. അവള് അവളുടെ പാവമുഖം അയാളുടെ ചുമലിലെക്ക് ചായ്ച്ച് ഉറക്കം തുടങ്ങിയിരുന്നു.
“ഇവളിലും ഭാഗ്യവതിയാണ് ഇളയവള്. അവളെ കല്യാണം കഴിക്കാന് പോകുന്നത് അയല് ഗ്രാമത്തെ ജമീന്താരാണ് എന്നെപ്പോലെ ഒരാള്ക്ക് ചിന്തിക്കാനാവാത്ത ബന്ധം. എത്ര ട്രാക്ടറുകളാണെന്നോ അവരുടെ ബംഗ്ലാവിനു മുന്നില് കിടക്കുന്നത്….? ഒരു പ്രദേശം മുഴുവന് പരന്നു കിടക്കുന്ന വയലുകള്… തൊഴുത്തില് പത്തിരുപത്തഞ്ച് എരുമകള്. എന്റെ കുടുംബത്തിനു ലക്ഷ്മീ പ്രസാദമാണ് ലഭിച്ചിരിക്കുന്നത്. ഈ ഭാഗ്യത്തിനെല്ലാം ജ്വാലാമുഖിക്കു നന്ദി പറയേണ്ടേ…? “
ചേച്ചിയുടെ അടുത്തിരിക്കുന്ന സുന്ദരിയായ ഇളയ മകളെ നോക്കി അയാള് അഭിമാനത്തോടെ പറഞ്ഞു. ആ പെങ്കുട്ടിയാകട്ടെ ഇതൊന്നും കേള്ക്കാത്ത ഭാവത്തില് വിദൂരത്തേക്കു നോക്കിയിരിക്കുകയാണ്. അച്ഛന്റെ സംസാരം കേട്ട് അവള് ഒരു നിമിഷം അയാളുടെ മുഖത്തെക്കു നോക്കി,വീണ്ടും പഴയതു പോലെ വിദൂരത്തേക്കു തന്നെ കണ്ണയച്ചിരുന്നു. അവളുടെ കണ്പീലികളില് നനവുണ്ടെന്ന് അയാള്ക്കു തോന്നി.

ട്രെയിന് ശക്തിനഗറിലെത്തിയപ്പോള് അയാള് ആശ്വാസത്തോടെ ബാഗുമെടുത്ത് ഇറങ്ങി, കാത്തു നിന്ന കമ്പനി വണ്ടി പെട്ടെന്നു തന്നെ കണ്ടുപിടിച്ചു. കൂടെയുണ്ടായിരുന്ന ഗ്രാമീണര് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു നിരനിരയായി നീങ്ങി.
ഗസ്റ്റു ഹൌസില് ചെന്ന് ക്ഷീണമകറ്റിയ ശേഷം വൈകുന്നേരം ക്ഷേത്രമൊന്നു കാണാം എന്നു വിചാരിച്ച് നടക്കുമ്പോള് എതിരേ ഒരു സുമുഖനായ യുവാവ്. ഇന്നലത്തിലെ സംഘത്തിലുണ്ടായിരുന്നതാണ് എന്നയാള്ക്കു മനസ്സിലായി.അവന് അയാളെ നോക്കി ചിരിച്ചു
“ജ്വാലാമുഖിയുടെ ക്ഷേത്രം എവിടെയാണ്.?” അയാള് അവനോടു ചോദിച്ചു.
“വരൂ..ഞാന് കാണിച്ചു തരാം.”എന്നു പറഞ്ഞവന് കൂടെ നടന്നു.
“എന്താ നിന്റെ പേര്..?”
“രവീന്ദര്”
“നിങ്ങളുടെ സംഘത്തിന്റെ പൂജ കഴിഞ്ഞില്ലേ..?”
“ഇന്നത്തേതു കഴിഞ്ഞു. നാളെ കഞ്ചനുവേണ്ടിയുള്ള പൂജ കൂടെയുണ്ട്. അതു കഴിഞ്ഞേ പോകുന്നുള്ളു.“
“നീ അവരുടെ ബന്ധുവാണോ..?”
“അല്ല…ഞങ്ങള് അയല്പക്കക്കാരനാണ്..ഇന്ന് എന്റെ അച്ഛനാണ് വരേണ്ടിയിരുന്നത്. അദ്ദേഹത്തിന് അസൌകര്യ്നുള്ളതു കൊണ്ട് എന്നെ അയച്ചതാണ്.”
നടക്കുന്നതിനിടയില് ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അവന് പെട്ടെന്നു നിന്നു. അയാളുടെ മുഖത്തെക്കു നോക്കി ചോദിച്ചു
“സാര് ഞങ്ങളെ ഒന്നു സഹായിക്കാമോ..?” ശബ്ദത്തില് എന്തെന്നില്ലാത്ത നിസ്സഹായത.
“ഞാനോ…? നിങ്ങളുടെ സംഘത്തിന് ഞാന് എന്തു സഹായമാണ് ചെയ്യേണ്ടത്….? ഞാന് ഇവിടെ തികച്ചും പുതിയ ഒരാളാണ്. രണ്ടു ദിവസം കഴിയുമ്പോള് എനിക്കു മടങ്ങുകയും വേണം.” അയാള് ആശ്ചര്യത്തോടെ അവനെ നോക്കി.
“ഞങ്ങളുടെ സംഘത്തെയല്ല..“ അവന് പറഞ്ഞു നിര്ത്തി.
“പിന്നെ..?”
“എന്നെയും കഞ്ചനെയും..“
അയാള് ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
ഞങ്ങള് രണ്ടു കുറേ കാലമായി പ്രണയത്തിലാണു സാര്.‘.
“ഇത് നിങ്ങളുടെ വീട്ടുകാര്ക്ക് അറിയില്ലേ..?”
“ആര്ക്കുമറിയില്ല. അറിയിച്ചിട്ടു കാര്യമില്ല. അവളെ എനിക്കു കല്യാണം കഴിക്കാന് പറ്റിയില്ലെങ്കില് വിധി എന്നു പറഞ്ഞു സമാധാനിക്കുമായിരുന്നു. പക്ഷേ അവളെ കല്യാണം കഴിക്കാന് പോകുന്ന ആള് ഒരു ദുഷ്ടനാണ്. ഗ്രാമത്തിലെ ഒരു ഗുണ്ട. അയാളുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണ്. അയാള് കൊന്നതാണെന്നാണ് ഗ്രാമത്തിലുള്ളവര് പറയുന്നത്. പോലീസും അയാളുടെ കയ്യിലാണ്.
‘അവളുടെ അച്ഛന് ഇതറിയില്ലേ…?”
“അയാള്ക്ക് പണം മതി. ഈ കല്യാണം വേണ്ട എന്നവള് കരഞ്ഞു പറഞ്ഞു നോക്കി. എനിക്കവളെ രക്ഷിക്കണം സാര്” അവന് ഇപ്പോള് കരയും എന്നു തോന്നി.
“എനിക്ക് ഇതില് എന്തു ചെയ്യാനാകും..?”
“ഞാന് വന്നപ്പോള് തന്നെ ക്ഷേത്രത്തിലെ പൂജാരിയെ കണ്ടു രഹസ്യമായി ചോദിച്ചു. നാളെ രാവിലെ ആരെങ്കിലും മുതിര്ന്നവര് കൂടെ വന്നാല് ഞങ്ങളെ വിവാഹം കഴിപ്പിച്ചു തരാം എന്നയാള് ഏറ്റു. നാളെ രാവിലെ ക്ഷേത്രത്തില് ഞങ്ങളുടെ കൂടെ ഒന്നു വന്നാല് മതി.” അവന് പ്രതീക്ഷയോടെ പറഞ്ഞു.
“നീ എന്താണീ പറയുന്നത്….? ഒരു ദിവസം മാത്രം കണ്ടിട്ടുള്ള ഞാന് നിനക്കായി വിവാഹത്തിനു സാക്ഷ്യം നില്ക്കണമെന്നോ..? അതും അടുത്തു തന്നെ വിവാഹിതയാകുവാന് പോകുന്ന ഒരു പെണ്കുട്ടിയെ തട്ടിക്കൊണ്ടുവന്നു കല്യാണം കഴിക്കുന്നതിന്..?”അയാള്ക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഞങ്ങളെ കയ്യൊഴിയരുത് സാര്… അവള് മരിച്ചു കളയും എന്നാണ് പറയുന്നത്.
“കല്യാണം കഴിച്ചിട്ട് നീ എന്തു ചെയാന് പോകുന്നു..? നിനക്കു നാട്ടിലേക്കു തിരിച്ചു പോകനാവുമോ..? അവളെ കല്യാണം പറഞ്ഞിരുന്ന ആള് നിങ്ങളെ ഉപദ്രവിക്കില്ലേ..? നിങ്ങള് എങ്ങനെ ജീവിക്കും..? “
“എന്റെ ഒരു സുഹൃത്ത് കല്ക്കട്ടയില് ജോലി ശരിയാക്കിയിട്ടുണ്ട്. നാളത്തെ ട്രെയിനില് രണ്ടു സീറ്റും ഞാന് ബുക്കു ചെയ്തു കഴിഞ്ഞു.പിന്നെ ഈ നാട്ടിലേക്കേ ഞങ്ങള് വരില്ല.“ ആ കണ്ണുകളില് ദൃഡനിശ്ചയത !!!
അയാള് അവനെ സൂക്ഷിച്ചു നോക്കി. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സു മാത്രം തോന്നിക്കുന്ന ഒരു പയ്യന് !!!
“അവളുടെ വീട്ടുകാര് നടത്തുന്ന പൂജ നാളെ ഉച്ചകഴിഞ്ഞാണ് ,അതിനു മുന്പ് ഞങ്ങള്ക്ക് രക്ഷപ്പെടണം നാളെ രാവിലെ ഞങ്ങള് ക്ഷേത്ര നടയില് സാറിനെ കാത്തിരിക്കും.“
തിരിഞ്ഞു നടക്കുന്നതിനിടയില് കണ്ണു തുടച്ചു കൊണ്ട് അവന് വിളിച്ചു പറഞ്ഞു.
“ജ്വാലാമുഖിയാണ് സാര് ഞങ്ങള്ക്കിടയിലേക്ക് സാറിനെ കൊണ്ടു വന്നു തന്നത്.“
അയാള് ആകെ വിഷണ്ണനായി. അമ്പലത്തിനടുത്തേക്കു നടകള് കയറുമ്പോള് കഞ്ചന്റെ അച്ഛനെ കണ്ടു. നാളെ വൈകുന്നേരത്തെ പൂജക്ക് വരണം എന്ന് ക്ഷണിക്കുകയും ചെയ്തു.
നല്ല തിരക്കുണ്ടായിരുന്നിട്ടും അയാള് ജ്വാലാമുഖിയുടെ ദര്ശനത്തനായി ആള്ക്കൂട്ടത്തില് കാത്തു നിന്നു.
ഈ പയ്യന് രവീന്ദര് എന്റെ മനസ്സമാധാനം നശിപ്പിക്കാന് തുടങ്ങുകയാണല്ലോ എന്നു മനസ്സിലോര്ത്തു. വിഷാദം നിറഞ്ഞ കണ്ണുകളുമായുള്ള സുന്ദരിയായ പെങ്കുട്ടി. അയാള് പെട്ടെന്ന് അതെല്ലാം മറന്നു കളയാന് ശ്രമിച്ചു. ഞാനും പെണ്കുട്ടിയുടെ അച്ഛനാണ്. അവള് വളര്ന്നു വലുതായി വിവാഹ നിശ്ചയം കഴിഞ്ഞ് മറ്റൊരുവനോടൊപ്പം ഒളിച്ചോടുന്നത് തനിക്ക് സഹിക്കാനാവുമോ..? ട്രെയിന് മാറിക്കയറിയതു കൊണ്ടു മാത്രം കണ്ടുമുട്ടിയതാണിവരെ. ഞാന് ഇവരെ കണ്ടാലും കണ്ടില്ലെങ്കിലും അവരുടെ കാര്യങ്ങള് അവരായിത്തന്നെ നടത്തും. ഏതോ ഒരു ഗ്രാമത്തിലെ കണ്ടിട്ടില്ലാത്ത മനുഷ്യരാണ് ഇവര് തനിക്ക്. ഞാനെന്തിന് ഇവരുടെ കാര്യങ്ങളില് തലയിടണം..? അതെ…അത് അങ്ങനെതന്നെയിരിക്കട്ടെ.

മണിയടിച്ച് ക്ഷേത്രത്തിനകത്തേക്ക് കയറുമ്പൊള് അറിയാതെ കൈ കൂപ്പിപ്പോകുന്ന തേജസ്വിയായ രൂപം. ദേവീ സന്നിധിയില് നില്ക്കുമ്പോള് വീണ്ടും ആ പെണ്കുട്ടി മനസ്സിലേക്കു വന്നു
“അമ്മേ…എന്നെ എന്തിനാണ് ഇങ്ങനെയൊരു വിഷമവൃത്തത്തിലാക്കിയത്…നീര് ബിന്ദുക്കളുള്ള ആ കണ്പീലികല് മനസ്സില് നിന്നും പോകുന്നില്ലല്ലോ..
ദര്ശനം കഴിഞ്ഞ് പ്രസാദം വാങ്ങി നടകളിറങ്ങുവാന് തുടങ്ങിയപ്പോള് അയാളുടെ ദേഹത്തു തട്ടിക്കൊണ്ട് ഒരു കൊച്ചുപെണ്കുട്ടി പെണ്കുട്ടി ഓടിപ്പോയി.
“പിങ്കീ…രുക്കോ…ദൈഡ്നാ മത്ത്…ഗിര് ജായേഗീ…”
അവളുടെ അമ്മ പിന്നില് നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. പറഞ്ഞു കഴിഞ്ഞതും കുട്ടിയുടെ വീഴ്ചയും ഒരുമിച്ച്. അയാള് അവളെ ചാടി പിടിച്ചതുകൊണ്ട് കുട്ടി താഴെക്ക് നടകളിലേക്ക് ഉരുളാതെ രക്ഷപ്പെട്ടു. കൈമുട്ടില് ചെരിയ ഉരസല് മാത്രം. കാഴ്ചയില് മീനുക്കുട്ടിയുടെ അതേ പ്രായം. കരയാന് തുടങ്ങിയ കുട്ടി അപരിചിതനെ കണ്ട് ഭയപ്പാടോടെ നോക്കി. കണ്ണുകളില് നീര് ഉറഞ്ഞു കൂടി നില്ക്കുന്നു. അവളുടെ അമ്മക്ക് അവളെ കൈമാറുമ്പോഴും താഴേക്കു വീഴാതെ നീര്നിറഞ്ഞു നില്ക്കുന്ന ആ കണ്ണുകള് അയാളെത്തന്നെ ഉറ്റു നോക്കുന്നു. അവളുടെ അമ്മ അവളെ ശാസിച്ചുകൊണ്ട് കൈകാലുകള് ഉഴിഞ്ഞു കൊടുത്ത് കൊണ്ട് നടന്നുപോയി.

പെട്ടെന്നയാളുടെ മനസ്സിലേക്ക് തീര്ത്തുള്ളികള് നനയിച്ച കണ്പീലികള് കടന്നുവന്നു. അയാള് തിരിഞ്ഞു നിന്ന് ക്ഷേത്രത്തിലേക്കു നോക്കി. ആരാണ് പിങ്കിയെന്ന കൊച്ചുകുട്ടിയെ തന്റെ മുന്നിലെത്തിച്ചത്…? താഴേക്ക് ഉരുളാന് പോയ അവളെ എന്തിനാന് തന്നെക്കൊണ്ട് രക്ഷിപ്പിച്ചത്….? അയാള് ഒരു നിമിഷം കണ്ണുകളടച്ചു. മനസ്സില് ജ്വാലാമുഖിയുടെ തേജ്വസ്സാര്ന്ന രൂപം. ചുരുങ്ങിയ നേരം കൊണ്ട് മനസ്സില് ഉരുത്തിരിഞ്ഞ മഞ്ഞു കട്ടകള് അലിയുന്നതായി അയാള്ക്കനുഭവപ്പെട്ടു. ജ്വാലാമുഖിയുടെ സന്നിധിയില് വരുന്നവര് ഒരിക്കലും മനസ്സമാധാനം ലഭിക്കാതെ പോകില്ല എന്ന് ഗ്രാമീണര് പറഞ്ഞത് മനസ്സിലോര്ത്തു. അതെ തന്റെ മനസ്സിപ്പോള് സ്വച്ഛമാണ്.ഓളങ്ങലില്ലാത്ത തടാകം പോലെ ശാന്തം.

അതിരാവിലെയായതുകൊണ്ട് ക്ഷേത്രത്തില് അധികം ആളുകളില്ല. ദേവിയുടെ മുന്നില് കണ്ണുകളടച്ചു നില്ക്കുന്ന കഞ്ചന്റെ സീമന്ത രേഖയില് രവീന്ദര് തിലകമണിയിച്ചു. തിരു നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പ് അവളുടെ കവിളിണകളിലേക്ക് അരിച്ചിറങ്ങുന്നു ദേവിയുടെ തിലകമണിഞ്ഞു നില്ക്കുന്ന രവീന്ദറിന്റെ കണ്ണുകളില് വിജയിയായ ഒരു യോദ്ധാവിന്റെ ഭാവം.. ധൃതിയില് നടകളിറങ്ങി കാത്തു നില്ക്കുന്ന ടാക്സിയിലേക്ക് കയറുന്നതിനു മുന്പ് ഇരുവരും അയാളുടെ കാലില് തൊട്ടു നമസ്കരിച്ചു. അപ്പോഴും കഞ്ചന്റെ നീണ്ട കണ്പീലികള് നനഞ്ഞു തന്നെ ഇരുന്നു. സന്തോഷ കണ്ണീരിന്റെ നനവ്.
അവരെ യാത്രയാക്കി തിരികെ റൂമിലേക്കു നടക്കുന്നതിനു പകരം അറിയാതെ കാലടികള് വീണ്ടും ക്ഷേത്രത്തിലേക്കു പോയി. അവിടെ ഭക്തര് വന്നുകൊണ്ടിരിക്കുന്നു. മണിനാദത്താല് മുഖരിതമായ അന്തരീക്ഷം. ഭൂമിയില് നന്മകള് സംഭവിക്കുവാന് വേണ്ടി ദൈവങ്ങള് മനുഷ്യരെ ഉപകരണങ്ങളാക്കുന്നു. അതിനു വേണ്ടി എന്തെല്ലാം നിമിത്തങ്ങള് ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല് സംഭവിച്ച നിമിത്തങ്ങള്…അതേ ഈ ശക്തിനഗറിലെ തന്റെ പ്രഥമ നിയോഗം കഴിഞ്ഞിരിക്കുന്നു. ആ നിയോഗത്തിന്റെ പൂര്ത്തികരണത്തിനുവേണ്ടി എന്തെല്ലാം സംഭവിച്ചു. കുറച്ചു സമയത്തേക്ക് താന് ജ്വാലാമുഖിയുടെ കയ്യിലെ ഉപകരണമായി മാറിയോ..?
അയാള് പെട്ടെന്നു വാച്ചിലേക്കു നോക്കി മണി എട്ടരയാകുവാന് പോകുന്നു. ഒന്പതു മണിക്ക് ഓഫീസില് പോകുവാനായി വണ്ടി വരും. അതും തന്റെ നിയോഗം തന്നെ അയാള് തിരക്കിട്ട് റൂമിലേക്കു നടന്നു.

29.5.10

മെഹക്ക്

അന്നും അയാള്‍ ആ ചെറിയ മുറിക്കു കാവല്‍ കിടക്കുന്ന മുഷറഫ് അലി എന്ന വൃദ്ധനോട് എന്തൊക്കെയോ ചോദിക്കുവാന്‍ ശ്രമിച്ചു. അയാളുടെ ചോദ്യങ്ങളെല്ലാം മനസ്സിലായെന്ന മട്ടില്‍ വൃദ്ധന്‍ തന്റെ ഭാഷയില്‍ മറുപടി പറയാനും തുടങ്ങി. ഇതിപ്പോള്‍ കുറെ ദിവസമായിട്ടുള്ള ഒരു പതിവായിരിക്കുന്നു.മനസ്സിലാകാത്ത ഭാഷകളിലുള്ള ഈ സൌഹൃദ സംഭാഷണം. ആദ്യമൊക്കെ ഇതു കേള്ക്കുന്ന ഒരാള്ക്ക് ഭാഷയറിയാത്ത രണ്ടു പേര്‍ തമ്മില്‍ എന്തോ ചോദിക്കുന്നു എന്നേ തോന്നുകയുള്ളു. പക്ഷേ നാളുകളായുള്ള പതിവാണ് .അയാളുടെ സംഭാഷണം ഹിന്ദിയില്.വൃദ്ധന്റേത് കാശ്മീരിയില്. എന്നെങ്കിലും കാശ്മീരി പിടികിട്ടും എന്നു കരുതിയാണ് അയാള്‍ ഈ വൃദ്ധനോട് സംസാരിക്കുവാന് ശ്രമിക്കുന്നത്.
ഒരു ചെറിയ ഒറ്റമുറിയിലാണ് വൃദ്ധന്റെ താമസം. സിമിന്റും കുറച്ചു പണിസാധനങ്ങളും വെച്ചിട്ടുള്ള ഒരു ഗോഡൌണില്‍.തൊട്ടപ്പുറത്തു നടക്കുന്ന നിര്മ്മാണ പ്രവര്ത്തനം പെട്ടെന്നു നിറ്ത്തിവെക്കേണ്ടി വന്നതു കൊണ്ട് വൃദ്ധനെ കാവലേല്പ്പിച്ചു പോയിരിക്കുകയാണ് അധികൃതര്‍.ഒരിക്കല്‍ അയാള്‍ ആമുറിയുടെ അകത്തേക്കു കയറി നോക്കി.ഒരു മൂലയില്‍ സിമന്റു ചാക്കും മറ്റു പണിയുപകരണങ്ങളും. മറ്റേമൂലയില്‍ നല്ല കട്ടിയില്‍ കുറേ ഉണക്കപ്പുല്ലുകള്‍ നിരത്തിയിരിക്കുന്നു. ഒരു കിടക്കയുടെ രൂപത്തില്‍. അതിനു മേലെ ഒരു ഷീറ്റ് നിവര്ത്തിയിട്ടിട്ടുണ്ട്. അസ്സല് പുല്മെത്ത.
അയാള് കുറച്ചു സമയം കൂടെ അവിടെ വെറുതെ നിന്നു. അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ ഒരു കൂട്ടം ചെമ്മരിയാടുകള്‍ വളവു തിരിഞ്ഞു വരുന്നതു കണ്ടു. വൃദ്ധന്‍ പെട്ടെന്ന് എഴുന്നേറ്റ് ചുറ്റും നോക്കി. പിന്നീട് ആടുകളുടെ അടുത്തേക്കു ചെന്ന് അവയെ മല മുകളിലേക്കുള്ള വഴിയിലേക്ക് തെളിച്ചു. എന്തോ പിറു പിറുത്തു കൊണ്ട് വീണ്ടും അയാളുടെ അടുത്തേക്കു വന്നു. ആടുകള്‍ അനുസരണയുള്ളവരെപ്പോലെ മലമുകളിലേക്കുള്ള നടവഴിയേ ഓടിയും ചാടിയും നീങ്ങി. താമസിയാതെ തന്നെ കൌമാര പ്രായം കഴിഞ്ഞെന്നു തോന്നിക്കുന്ന ഒരു പെണ്കുട്ടി കയ്യില്‍ വടിയുമായി ആടുകള്‍ വന്ന വഴിയിലൂടെ ഓടി വരുന്നതു കാണായി. അവളുടെ വസ്ത്രമാകെ ചെളിയും മണ്ണും പുരണ്ടിട്ടുണ്ട്. ഇട്ടിരുന്ന ചുവന്ന കമ്മീസിന്റെ കൈമുട്ടിന്റെ ഭാഗം ഉരഞ്ഞു കീറിയിരിക്കുന്നു. കീറിയിടത്ത് രക്തം പനിച്ചു നില്ക്കുന്നു. വൃദ്ധന് അവള് ഓടിവരുന്നത് ദേഷ്യത്തൊടെ നോക്കി നില്ക്കുകയായിരുന്നു.അടുത്തു വന്നപ്പോള്‍ അവളുടെ വസ്ത്രത്തിലെ അഴുക്കും കൈമുട്ടിലെ രക്തവും സൂക്ഷിച്ചു നോക്കിക്കൊണ്ട് ശാന്തനായി എന്തോ ചോദിച്ചു. അവള്‍ കൈമുട്ട് കാണിച്ചികൊണ്ട് വല്ലായ്കയോടെ തിരിച്ചെന്തോ മറുപടി പറഞ്ഞു.
“ക്യാ ഹുവാ..?“ അയാളവളോട് ചോദിച്ചു.
അയാളെ അമ്പരപ്പിച്ചു കൊണ്ട് അവള്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു. ആടുകളുമായി ചരിവ് ഇറങ്ങുമ്പോള് വീണു പോയതാണ്.
“നിനക്കു ഹിന്ദി അറിയാമോ..?” അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു.
“അറിയാം. ഈ നാട്ടില്‍ സ്കൂളില്‍ പഠിച്ചിട്ടുള്ളവര്ക്കെല്ലാം അറിയാം.“ തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട നേരെയാക്കിക്കൊണ്ടവള്‍ പറഞ്ഞു
“നീ എത്രവരെ പഠിച്ചിട്ടുണ്ട്..?”
“ഒന്പത് വരെ..”
“പിന്നീടെന്തേ പഠിച്ചില്ല...?.”
“പിന്നെ പറ്റിയില്ല.” വിഷാദത്തോടവള് പറഞ്ഞു
വൃദ്ധന്‍ വീണ്ടും അയാളെ നോക്കി എന്തോ പറഞ്ഞു. അയാള്ക്ക് അതു മനസ്സിലായില്ലെന്ന് തോന്നിയ അവള് അയാളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാന്‍ അപ്പൂപ്പന്റെ പേരക്കുട്ടിയാണെന്നാണ് പറഞ്ഞത്.”
“ഓ...” അയാള് സന്തോഷത്തോടെ തലയാട്ടി.
“എന്താ നിന്റെ പേര്..?”
“മെഹക്ക്”
“മെഹക്ക്...കുശ്ബൂ...സുഗന്ധം..”അയാള്‍ ആത്മഗതം ചെയ്തു
വീണ്ടു വൃദ്ധനോടെന്തോ പറഞ്ഞിട്ട് അവള്‍ ആടുകള് പോയ വഴിയെ വീട്ടിലോക്കോടൊപ്പോയി. അവളുടെ ചുവന്ന ദുപ്പട്ട മലയുടെ ചരിവിലുള്ള ഷീറ്റു മേഞ്ഞ ചെറിയ വീടിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്നത് അയാള് കണ്ടു. വൃദ്ധന്‍ വീണ്ടും അയാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള് മെഹക്ക് ഒരു മൊന്തയില് വൃദ്ധനു കുടികാനുള്ള ചായയുമായി വന്നു.
ചായ പകരുമ്പോള് വൃദ്ധന് അയാളോടെന്തോ ചോദിച്ചു.
“ചായ കുടിക്കുന്നോ എന്നാണ് അപ്പൂപ്പന് ചോദിക്കുന്നത്“ അവള്‍ അയാളോടു പറഞ്ഞു
“വേണ്ട ഞാന്‍ ചായ കുടി കഴിഞ്ഞാണ് സവാരിക്കിറങ്ങിയത്“
അയാള്‍ ഉപചാരം പറഞ്ഞു. അവള്‍ അതു സമ്മതിക്കാതെ അയാള്ക്ക് ചായ പകര്ന്നു കൊടുത്തു. നല്ല രുചിയുള്ള ഖാവ(കാശ്മീരി കട്ടഞ്ചായ). ചായ കുടിച്ചു കഴിഞ്ഞ് ഒഴിഞ്ഞ പാത്രങ്ങളുമായി അവള് പോകുന്നതു നോക്കി വൃദ്ധന്‍ ദു:ഖത്തോടെന്തോ പറഞ്ഞു. അയാള്ക്ക് ഒന്നും മനസ്സിലായില്ലെന്നു തോന്നിയപ്പോള്‍ നിറഞ്ഞ കണ്ണുകളുമായി വിദൂരത്തിലേക്ക് നോക്കി വെള്ളിപോലെ നരച്ച തന്റെ നീണ്ട താടിരോമങ്ങള്‍ തടവിക്കൊണ്ട് നിന്നു. കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് അയാള്‍ തിരിച്ചു പോയി.
പിറ്റെ ദിവസം ഓഫീസിലേക്ക് പോകുമ്പോള് അയാള് മെഹക്കിനെ വീണ്ടും കണ്ടു പുറത്ത് അടുക്കിയ വിറകു കെട്ടുമായി മലഞ്ചരിവിറങ്ങി വരുന്നു. അവള് അയാളെ നോക്കി പരിചിതയെപ്പോലെ ചിരിച്ചു.
“സാര് ഓഫീസില്‍ പോവുകയാണല്ലേ..?” അവള്‍ ചോദിച്ചു.
“അതേ..നിന്റെ ആടുകള് എവിടെ..?”
“അവ അവിടെ മേയുന്നുണ്ട്..ഞാന് അതിനിടെ വിറകു ശേഖരിക്കുവാന്‍ പോയതാണ്.”
മലയിലേക്കു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. വീട്ടിലേക്കുള്ള പോപ്ലര് മരങ്ങള്‍ തണല്‍ വിരിച്ച വഴിയിലൂടെ അവള്‍ പോകുന്നത് അയാള്‍ കൌതുകത്തോടെ നോക്കി നിന്നു. സ്കൂള്‍ കുട്ടികള്‍ ബാഗ് പിന്നില്‍ തൂക്കിയിട്ടിരിക്കുന്നതു പോലെ മുതുകില്‍ വിറകടുക്കി വെച്ചിരിക്കുകയാണ്. വിറകിന്റെ ഭാരം മൂലം അല്പം കൂനിയാണ് അവള് നടക്കുന്നത്.
പിന്നീടെപ്പോഴെക്കെയോ അയാള്‍ മെഹക്കിനെ കണ്ടു മുട്ടി. മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകള്ക്ക് ഇടയിലുള്ള സായാഹ്ന സവാരിക്കിടയില്‍,ഓഫീസിലേക്കുള്ള വഴിയില്‍ ധൃതിയില്‍ നടന്നു പോകുമ്പോള്‍ അങ്ങനെ പലയിടങ്ങളില്‍ വച്ച്. .ചിലപ്പോള്‍ അവളുടെ കൂടെ ചെമ്മരിയാട്ടിന്‍ പറ്റങ്ങള്‍ കാണും. .മറ്റു ചിലപ്പോള്‍ വിതരണം ചെയ്യാനുള്ള പാല്‍ നിറച്ച പാത്രങ്ങളായിരിക്കും. .അവളെ കാണാതിരുന്ന ദിവസങ്ങള്‍ അയാള്ക്ക് വിരസമായി അനുഭവപ്പെട്ടു. തുടുത്ത ആപ്പിള്‍ പോലുള്ള അവളുടെ മനോഹരമായ മുഖവും നിഷ്കളങ്കത നിറഞ്ഞു നില്ക്കുന്ന വെള്ളാരം കണ്ണുകളും അലസമായി ചീകിയൊതുക്കാതെ, തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ടയുടെ പുറത്തേക്കു ശീതക്കാറ്റില്‍ പറന്നു കളിക്കുന്ന അവളുടെ ഇളം ചെമ്പന്‍ നിറമുള്ള മുടിയിഴകളേയും അയാള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഏതു രീതിയിലുള്ള ഇഷ്ടം എന്ന് അയാള്ക്കു തന്നെ മനസ്സിലായില്ല. അതു വിശകലനം ചെയ്യാന് ശ്രമിച്ചില്ല എന്നു പറയുന്നതാണ് കൂടുതല് ശരി.
“ഈ ഗോഡൌണ് കാവലിനു മുന്പ് അപ്പൂപ്പന് കുങ്കുമപ്പൂ വയലിനു കാവല്‍ പോകുമായിരുന്നു. അതു കുറച്ചു ദൂരെയായിരുന്നു. ഞാന്‍ വീട്ടില്‍ തനിച്ചാകും എന്നു വിചാരിച്ചാണ് ആ പണി ഉപേക്ഷിച്ചത്.” ഒരിക്കല്‍ വിശേഷങ്ങള്ക്കിടെ മെഹക്ക് പറഞ്ഞു.
“കുങ്കുമപ്പൂ വയലോ..? ഇവിടെയോ..?അതിനെന്തിനാ കാവല്..?” അയാള്ക്കതു മനസ്സിലായില്ല.
“അതു വിലയേറിയതല്ലേ...അതു കൊണ്ടു തന്നെ...പക്ഷേ അപ്പൂപ്പന് ഞാനാ അതിലും വിലപ്പെട്ടത്.“മെഹക്ക് ചിരിച്ചു. പിന്നെ ചോദിച്ചു സാറിതുവരെ കുങ്കുമപ്പൂ വയല് കണ്ടിട്ടില്ലേ..?”
“ഇല്ല..ഒന്നു കാണാനെന്താ വഴി..?”
“എന്റെ വീട്ടിലേക്കുള്ള വഴിതന്നെ..“ മെഹക്ക് വീണ്ടും ചിരിച്ചു.”എന്റെ വീട്ടിലുമുണ്ട് ഒരു ചെറിയ തോട്ടം. ഇവിടെ എല്ലാവര്ക്കും തന്നെ കുറച്ചെങ്കിലും അതിന്റെ കൃഷിയുണ്ട്. സാര്‍ വീട്ടിലേക്കു വരൂ ഇപ്പോള്‍ പൂക്കുന്ന സീസണാണ്”
അന്നു വൈകുന്നേരം തന്നെ മെഹക്ക് മലഞ്ചെരിവിലുള്ള അവളുടെ ചെറിയ വീടിന്റെ പിന്ഭാഗത്ത് വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ മരങ്ങള്ക്കും പിന്നിലുള്ള കുങ്കുമപ്പൂക്കളുടെ ചെറിയ വയല് കാണുവാനായി അയാളെ കൂട്ടിക്കൊണ്ടു പോയി. താഴെ വീണുകിടന്ന ആപ്പിളുകളിലൊന്നെടുത്തു കടിക്കാന് തുടങ്ങിയപ്പോള്‍ മെഹക്ക് അടുത്തുതന്നെയുള്ള മറ്റൊരു മരത്തില് നിന്ന് അപ്പിള് പൊട്ടിച്ച് അയാള്ക്കു കൊടുത്തു കൊണ്ടു പറഞ്ഞു
“അതു കഴിക്കേണ്ട...അതിനു പുളിയാണ്.ചട്ണി അരക്കാനുള്ളത്..ദാ..ഇതു തിന്നു നോക്കൂ നല്ല മധുരമില്ലേ..?”
“ഇതോ..ഇതാണോ കുങ്കുമപ്പൂവ്...?“ അപ്പിള് തിന്നു കൊണ്ട് ചെറിയ പുല്ലു പോലെയുള്ള ചെടികളില് വിരിഞ്ഞു നില്ക്കുന്ന ഇളം വയലറ്റു നിറത്തില് ഒരു കനകാമ്പരപ്പൂവിനോളം വലിപ്പമുള്ള പൂക്കള് നോക്കി ആയാള് ആരാഞ്ഞു.
“അതേ ഇതിന്റെ കേസരങ്ങള് നോക്കൂ ..ഈ കേസരങ്ങളാണ് ഉപയോഗിക്കുന്നത്.”അവള് ഒരു പൂവടര്ത്തി മഞ്ഞ നിറത്തില്‍ പൂമ്പൊടികള്‍ നിറഞ്ഞു നില്ക്കുന്ന അതിന്റെ ചുവന്ന കേസരങ്ങള്‍ കാണിച്ചു കൊടുത്തു. കുറച്ചു പൂക്കള് കൂടെ പൊട്ടിച്ചെടുത്ത് അയാള്ക്ക് കൊടുത്തു കൊണ്ടവള്‍ പറഞ്ഞു.
“ഈ കേസരങ്ങള്‍ പാലില് തിളപ്പിച്ചു കുടിച്ചാല് മതി. ഇവിടത്തെ തണുപ്പറിയില്ല”
“എന്റെ നാട്ടില്‍ ഇതു പാലില്‍ തിളപ്പിച്ചു കുടിക്കുന്നത് അമ്മമാരാകുവാന്‍ പോകുന്ന സ്ത്രീകളാണ്. നല്ല വെളുത്ത കുഞ്ഞിനെ ലഭിക്കുവാന്.ഈ നാട്ടില് പിന്നെ അതിന്റെ ആവശ്യമില്ലോ. എല്ലാവരും കുങ്കുമപ്പൂവിനെ തോല്പ്പിക്കുന്ന സുന്ദരികളും സുന്ദരന്മാരുമല്ലേ..”
മെഹക്കിന്റെ വീട്ടില് അവളുടെ അപ്പൂപ്പനോട് കുറച്ചു സമയമയാള് സംസാരിച്ചിരുന്നു.
മെഹക്ക് തടികൊണ്ടുണ്ടാക്കിയ അലങ്കാരപ്പണികള്‍ ചെയ്ത ചെറിയ പാത്രങ്ങളില്‍ ഉണങ്ങിയ ബദാമും വാള്നട്ടും പഞ്ചസാരയില് വിളയിച്ച ഉണക്ക ആപ്പിള് കഷണങ്ങളും കൊണ്ടു വച്ചു.
അവളുടെ വീട്ടില് അപ്പൂപ്പനും അവളും മാത്രമേ ഉള്ളു എന്ന് അയാള്ക്കറിയാമായിരുന്നു.എങ്ങനെയായിരിക്കും ഈ പെണ്കുട്ടിക്ക് അച്ഛനുമമ്മയും നഷ്ടപ്പെട്ടത്..? അറിയാന്‍ ജിജ്ഞാസയുണ്ടെങ്കിലും ചോദിച്ചില്ല.
ഒരിക്കല്‍ വഴിയില്‍ നില്ക്കുന്ന പോപ്ലര്‍ മരങ്ങള്‍ കാണിച്ചു കൊണ്ട് അയാള്‍ അവളോടു പറഞ്ഞു
“ഈ മരങ്ങളുടെ മര്മ്മരം കേള്ക്കുമ്പോള്‍ ഞാന്‍ അങ്ങു ദൂരെയുള്ള എന്റെ നാടിനെക്കുറിച്ചോര്ക്കും. ഇതേ ഇലകള്‍ തന്നെയാണ് എന്റെ നാട്ടിലെ ആലിന്റെ ഇലകള്ക്ക്. മരത്തിന്റെ രൂപത്തിനേ വ്യത്യാസമുള്ളു.”
“അങ്ങു കേരളത്തിലെ കാര്യമാണോ പറയുന്നത്..?”
“അതേ...അവിടെ ഞാന് പഠിച്ച പ്രൈമറി സ്കൂളിനടുത്ത് ഒരു തണ്ണീര്‍ പന്തലുണ്ടായിരുന്നു “
“എന്നു പറഞ്ഞാലെന്താ..?”
“വഴി യാത്രികര്ക്ക് കുടിക്കുവാനുള്ള വെള്ളം കൊടുക്കുന്ന സ്ഥലം. അതിനടുത്ത് ഒരു ആല്‍മരവും ഉണ്ട്. ഞങ്ങള്‍ കുട്ടികള്‍ അതിന്റെ ഉണങ്ങിയ ചെറിയ കായ്കള്‍ പെറുക്കുവാന്‍ അവിടെപോകുമായിരുന്നു. എന്നിട്ടു തണ്ണീര്‍ പന്തലില് നിന്ന് ഉപ്പിട്ട സംഭാരം കുടിക്കും”
“സാറിന്റെ നാട് കാണുവാന്‍ എനിക്ക് കൊതി തോന്നുന്നു.“
“ഇപ്പോള് ആ ഓടിട്ട തണ്ണീര്‍ പന്തല് മാത്രമേ ഉള്ളു.ദാനവെള്ളത്തിന്റെ ഏര്പ്പാടൊക്കേ എന്നേ നിന്നുപോയി. നിന്റെ ഈ കാശ്മീര്‍ ഭൂമിയിലെ സ്വര്ഗ്ഗമാണെങ്കില്‍ എന്റേത് ദൈവത്തിന്റെ സ്വന്തം നാടാണ്“
“സ്വര്ഗ്ഗമല്ലേ ദൈവത്തിന്റെ നാട്..? അപ്പോള്‍ എന്റെയും സാറിന്റെയും നാട് ഒന്നു തന്നെ...”പൊട്ടിച്ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു” ചിരിപ്പോള്‍ അവളുടെ കൈകളില് കിടന്ന ചുവന്ന കുപ്പി വളകള്‍ കിലുങ്ങി.
“അതേ...മനസ്സുകള് തമ്മില്‍ അടുപ്പമുണ്ടെങ്കില് ദൂരം കുറഞ്ഞു വരും“ അയാള്‍ അവളുടെ ചിരിക്കുന്ന വെള്ളാരം കണ്ണുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
പെട്ടെന്ന് സങ്കടത്തോടെ അവള്‍ പറഞ്ഞു.ഈ പോപ്ലര്‍ മരങ്ങള്‍ കാണുമ്പോള് ഞാന്‍ എന്റെ അച്ഛന്റെ മരണമോര്ക്കും”
“എങ്ങനെയാണ് നിന്റെ അച്ഛന് മരിച്ചത്…? എന്തായിരുന്നു അദ്ദേഹത്തിനു ജോലി...?”
അയാള്‍ ആരാഞ്ഞു.
“അച്ഛന്‍...“ അവളൊന്നു നിറുത്തി. പിന്നെ ശാന്തതയോടെ പറഞ്ഞു..”അച്ഛന്‍ മരിക്കുമ്പോള് ഒരു തീവ്രവാദിയായിരുന്നു”
“ങേ...സത്യമോ..”അയാള്‍ ശരിക്കും ഞെട്ടിപ്പോയി.
“അതേ..അദ്ദേഹം മരിക്കുന്നതു വരെ ഞങ്ങള്ക്കിതറിഞ്ഞു കൂടായിരുന്നു. ശ്രീനഗറിലെ ഒരു കമ്പനിയില്‍ ജോലിയായി, മാസത്തിലൊന്നേ വരുവാന്‍ സാധിക്കുകയുള്ളു എന്ന് അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ അവരുടെ കൂടെ ചേര്ന്നു. വല്ലപോഴും വീട്ടില്‍ വരുന്ന അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അപ്പൂപ്പനോ അമ്മക്കോ മനസ്സിലാക്കാനായില്ല. ഒരു ദിവ്സം ഇലപൊഴിച്ചു കൊണ്ടിരുന്ന പോപ്ലര്‍ മരത്തിന്റെ മഞ്ഞ ഇലകളില്‍ കിടന്ന വെടിയേറ്റ അച്ഛന്റെ മൃതദേഹം കണ്ടപ്പോഴാണ് ഞങ്ങള്‍ കഥയെല്ലാമറിഞ്ഞത്“
“ഇതായിരുന്നു അവനെങ്കില്‍ മരിച്ചതു നന്നായി എന്നാണ് കണ്ണീര്‍ പൊഴിച്ചുകൊണ്ട് അപ്പൂപ്പന്‍ പറഞ്ഞത്. അമ്മ ആ സംഭവത്തോടെ മൌനിയായി ,രോഗിണിയുമായി.ഒരു വര്ഷത്തിനുള്ളില്‍ അമ്മയും പോയി. ഇപ്പോള്‍ എനിക്കു അപ്പൂപ്പനും അപ്പൂപ്പന് ഞാനും മാത്രം. ഞാന്‍ ഒന്പതാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്“
അന്നു സായാഹ്ന സവാരി കഴിഞ്ഞു തിരികെ റൂമിലേക്കു നടക്കുമ്പോള്‍ മെഹക്കിനെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത മുഴുവന്‍. ഒരു തീവ്രവാദിയുടെ മകള്. അയാള് ഒരു തീവ്രവാദിയായിരുന്നു എന്ന് മരണശേഷം മാത്രം അറിയുക.!!!
റെയില് വേ സ്റ്റേഷനില് നിന്ന് അയാളുടെ കൂടെ ടാക്സിയില്‍ വീട്ടില്‍ വന്നിറങ്ങുമ്പോഴും മെഹക്കിന്റെ പരിഭ്രമം മാറിയിരുന്നുല്ല. ചുറ്റുമുള്ള പരിസരം അവള്‍ വിസ്മയത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു. സമയം സന്ധ്യയാകുന്നു. തുളസി തറയില്‍ വിളക്കുവെച്ചു കൊണ്ട് അമ്മ മുറ്റത്തു തന്നെയുണ്ട്. അമ്മയെ കണ്ടപ്പോള് മെഹക്ക് തലയിലൂടെ ഇട്ടിരുന്ന അലുക്കുകളുള്ള ദുപ്പട്ട ഒന്നു കൂടെ പിടിച്ചു നേരെയാക്കി.
“രാജീവാ...നീ വരുന്ന കാര്യം എന്തേ അറിയിച്ചില്ലാ..ആരായിത്..?” അമ്മ സംശയത്തോടെ മെഹക്കിനെ നോക്കി.
“അമ്മേ...ഇത്..മെഹക്ക്..ഇവളെ ഞാന്‍ കൂടെ കൊണ്ടുപോന്നു...പാവം കുട്ടിയാണ്..”
മെഹക്ക് തെല്ലു നാണത്തോടെ അയാളുടെ പിന്നിലേക്കു മാറി നിന്നു.
“എന്റെ ദൈവമേ..എന്താ നീയീക്കാണിച്ചത്..കൊച്ചേട്ടനോടും ശ്രീജ മോളോടും ഞാനിനി എന്തു പറയും എന്റീശ്വരാ...”
അമ്മ മെഹക്കിനെ നോക്കി അലമുറയിട്ടു. പിന്നെ ബോധരഹിതയായി പിന്നോട്ടു മറഞ്ഞു.
“അമ്മേ...അയാള്‍ ചെന്ന് അമ്മയെ താങ്ങി..അമ്മ ഉണരുന്നില്ലെന്നു കണ്ടപ്പോള് അയാള്‍ വീണ്ടും ഉച്ചത്തില് വിളിച്ചു...”അമ്മേ..”
അയാളുടെ ശബ്ദം മുറിയാകെ പ്രകമ്പനം കൊണ്ടു. പെട്ടെന്നയാള്‍ കണ്ണു തുറന്നു. മുറിയില്‍ ചുവന്ന നിറത്തില്‍ കത്തുന്ന റൂം ഹീറ്റര്. അമ്മയും മെഹക്കുമെല്ലാം..? അതൊരു സ്വപ്നമായിരുന്നോ...? അയാള്‍ ശരീരത്തില് നിന്നും നീങ്ങിപ്പോയ കമ്പിളി ഒന്നു കൂടെ പുതച്ച് ആ സ്വപ്നത്തെക്കുറിച്ച് ഓര്ത്തു കൊണ്ടിരുന്നു. എന്തൊരു വിചിത്രമായ സ്വപ്നമായിരുന്നു അത്. മെഹക്കിനെ താന് നാട്ടിലേക്ക് കൊണ്ടു പോയെന്നോ..? അതിനവള്‍ തന്റെ ആരാണ്..? കാമുകിയോ..? ആണോ..? വെറും ഒരു സുഹൃത്തു മാത്രമാണോ അവള്‍ തനിക്ക്..? അതോ അതിനപ്പുറം ഒരു അടുപ്പം തങ്ങള്‍ തമ്മില്‍ വളര്ന്നിട്ടുണ്ടോ..?
അയാള്‍ പെട്ടെന്നു രാജനമ്മാവന്റെ മകള്‍ ശ്രീജയെ ഓര്ത്തു. ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും മടിയാണവള്ക്ക്.. തന്നെ കാണുമ്പോള്‍ യാതൊരടുപ്പവും കാണിക്കാറില്ല. കാണുമ്പോഴെല്ലാം വരാനിരിക്കുന്ന പരീക്ഷകളെപ്പറ്റിയും ചെയ്തു തീര്ക്കാനുള്ള പ്രൊജക്റ്റുകളെപ്പറ്റിയും മാത്രമേ അവള്ക്കു സംസാരിക്കാനുള്ളു. ഇനി അവളുടെ മനസ്സില്‍ മറ്റാരെങ്കിലും ഉണ്ടായിരിക്കുമോ..? ഒരിക്കല്‍ സംശയം തോന്നി അയാള്‍ അവളോടെ നേരിട്ട് ചോദിക്കിട്ടുണ്ട്. എന്താണവളുടെ മനസ്സിലെന്ന് .“സമയമാകുമ്പോള്‍ പറയാം “എന്നു പറഞ്ഞ് ഒരു ഒഴിഞ്ഞു മാറലാണ് അന്നു നടത്തിയത്.
പിറ്റേന്ന് ഓഫീസിലേക്ക് പോകുന്ന വഴിയിലും അയാള്‍ മെഹക്കിനെ കണ്ടു. അവളെ നോക്കി ഒരു വിളറിയ ചിരി സമ്മാനിക്കാനേ അയാള്ക്കു കഴിഞ്ഞുള്ളു.
“എന്താ...എന്തു പറ്റി..മുഖം വല്ലാതിരിക്കുന്നല്ലോ..?“ അവള്‍ അന്വേഷിച്ചു.
“ഒന്നുമില്ല മെഹക്ക് നിനക്കു തോന്നുന്നതായിരിക്കും”
“സാറു കള്ളം പറയുന്നു. ഇന്നലെ കണ്ട ആളല്ല ഇത്. ഈ മുഖത്തു വരുന്ന ചെറിയ മാറ്റം പോലും എനിക്കു മനസ്സിലാകും. എന്റെ കഥകള്‍ കേട്ടിട്ടാണോ എന്നോടൊന്നും സംസാരിക്കാത്തത്..?”
“അതല്ല മെഹക്ക്…അമ്മക്ക് സുഖമില്ലാതായി എന്നു ഞാന്‍ സ്വപ്നം കണ്ടു. അടുത്ത ദിവസം തന്നെ നാട്ടില് പോകണമെന്നു തോന്നുന്നു.”
“ഓ..വെറും സ്വപ്നമല്ലേ...പേടിക്കാതിരിക്കു... എന്നാ കേരളത്തിലേക്കു പോകുന്നേ..?”
“തീരുമാനിച്ചില്ല ഇന്നലെ രാത്രിയിലെ മഞ്ഞു വീഴ്ച കാരണമാണെന്നു തോന്നുന്നു ഫോണ്‍ ചെയ്യാന് ശ്രമിച്ചിട്ട് ടവര്‍ കിട്ടുന്നില്ല”. അവളോട് യാത്ര പറഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള് പെട്ടെന്ന് മെഹക്ക് ശാസനയുടെ ശബ്ദത്തില് ചോദിച്ചു.
“എന്താ ഇത്..? ഈ തണുപ്പത്ത് തൊപ്പി ധരിക്കാതെ നടക്കുന്നത്..? ദാ ഇതു വച്ചോളൂ…”
അവള്‍ ധരിച്ചിരുന്ന കമ്പിളി തൊപ്പിയൂരി അയാള്ക്കു കൊടുത്തു കൊണ്ടു നടന്നു നീങ്ങി. സാവധാനം തൊപ്പി തയില്‍ വെക്കുമ്പോള് അതിന് ഇളം ചൂടുണ്ടായിരുന്നു. മെഹക്കിന്റെ സ്നേഹത്തിന്റെ ഊഷ്മളത.
ഓഫീസിലേക്ക് നടക്കുന്ന വഴിയില് അയാളുടെ ഫോണ്‍ ശബ്ദിച്ചു.കണ്ക്ഷന്‍ ശരിയായത് അറിഞ്ഞില്ലല്ലോ എന്നോര്ത്ത് അയാള്‍ ഫോണ് ചെവിയോടു ചേര്ത്തു
“രാജീവേട്ടാ...ഇതു ഞാന് ശ്രീജ...”
“ഓ..നീയോ...എന്താ പതിവില്ലാതെ..?”
“കാരണമുണ്ട്..എന്റെ പരീക്ഷ കഴിഞ്ഞ ദിവസം കഴിഞ്ഞു. എനിക്കു കാമ്പസ്സ് സെലെക്ഷനുമായി.ഞാനിപ്പോ ഫ്രീയാണ് കേട്ടോ..ബാക്കി അമ്മായി പറയും. അവള് ചിരിച്ചുകൊണ്ടവള്‍ ഫോണ്‍ അമ്മക്കു കൈമാറി.
“മോനേ...രാജീവാ..അമ്മയുടെ സന്തോഷത്തോടെയുള്ള ശബ്ദം. കൊച്ചേട്ടനും സൌമിനിയേടത്തിയും ശ്രീജ മോളുമെല്ലാം ഇവിടെയുണ്ട്. നിങ്ങളുടെ കല്യാണക്കാര്യം സംസാരിക്കാണവര്‍ വന്നത്.”
“കല്യാണമോ..?“ അയാള് അത്ഭുതത്തോടെ ചോദിച്ചു.”പക്ഷേ...ശ്രീജ…അവളൊരിക്കലും ഒരു സൂചന പോലുമെനിക്ക് തന്നില്ലല്ലോ അമ്മേ...”
“അവളു പണ്ടേ അങ്ങനെയായിരുന്നില്ലേ മോനേ..നിനക്കറിയില്ലേ അവളെ....? കഴിയുമെങ്കില്‍ നാളെത്തന്നെ നീയിങ്ങു പോരേ..”
അയാള്‍ ഒരു നിനിഷം മിണ്ടാതെ നിന്നെ. മനസ്സിലേക്ക് ചിരിക്കുന്ന വെള്ളാരം കണ്ണുകളും കാറ്റിലുലയുന്ന ചെമ്പന് മുടിയിഴകളും കടന്നു വരുന്നു. അതു കണ്ടില്ലെന്നു നടിക്കാനാവുമോ തനിക്ക്. ഇല്ലാ…അമ്മയോട് മെഹക്കിനെപ്പറ്റി പറഞ്ഞേ പറ്റൂ.
“അമ്മേ…”പെട്ടന്നയാള്‍ ശ്രീജ അവിടെയുണ്ടല്ലോ എന്നോര്ത്തു .”ധൃതി പിടിക്കേണ്ട ലീവാകട്ടെ”
“ധൃതിയില്ല രാജിവാ.. നിശ്ചയമെ നടത്തുള്ളു ഇപ്പോള്”
ആകെ അസ്വസ്ഥനായി ഫോണ് തിരികെ പോക്കറ്റില്‍ വെക്കുമ്പോഴും, പെണ്മനസ്സിന്റെ പിടി കിട്ടാക്കയങ്ങളെക്കുറിച്ച് അയാള്‍ ആലോചിച്ചു കൊണ്ടിരുന്നു. ഒരിക്കലും ഇഷ്ടം പുറത്തു കാണിക്കാതിരുന്ന ശ്രീജ...മെഹ്ക്കോ അവളും ശ്രീജയെപ്പോലെ ഇഷ്ടം തുറന്നു കാണിക്കാത്തതായിരിക്കുമോ...? അവള്ക്കു താന്‍ എന്തെങ്കിലും പ്രതീക്ഷ കൊടുത്തിട്ടുണ്ടോ...? ഇന്ന് അവളുടെ മനസ്സറിഞ്ഞേ പറ്റൂ. കല്യാണക്കാര്യം അറിയിക്കുമ്പോള് അവള്‍ എങ്ങനെ പ്രതികരിക്കും....? അയാള്‍ മെഹക്ക് കൊടുത്ത തൊപ്പിയൂരി കയ്യില്‍ പിടിച്ചു. പതുക്കെ അത് കവിളോട് ചേര്ത്തു. അതിന് ഇപ്പോഴും അവളുടെ സ്നേഹത്തിന്റെ ചൂടുണ്ടോ..? ആത്മസംഘര്ഷത്തിന്റെ ചുഴിലൂടെ നീങ്ങവേ അയാള് ഓഫീസില് പോകാതെ തിരികെ റൂമിലെക്കു നടന്നു. മെഹക്കിനെ ഉടനെ കണ്ടേ പറ്റൂ.. അവള്ക്ക് ഒരു ചെറിയ പ്രതീക്ഷയെങ്കിലും താന്‍ നല്കിയിട്ടുണ്ടെങ്കില് അവളെ തനിക്ക് തള്ളിക്കളയാനാവില്ല. ആരെതിര്ത്താലും. അന്നു വൈകിട്ട് നടക്കാനിറങ്ങപ്പോള്‍ ആടുകളുമായി തിരികെ പോകുന്ന മെഹക്കിനെ കണ്ടു.
“ഞാന്‍ നാളെ രാവിലെയാണ് നാട്ടില്‍ പോകുന്നത്. അമ്മക്ക് കുഴപ്പമൊന്നുമില്ല. അമ്മ ഫോണ്‍ ചെയ്തായിരുന്നു. ഇനി ഒരു മാസം കഴിഞ്ഞേ തിരികെ വരുകയുള്ളു.
“ഒരു മാസം….ഇനി ഒരു മാസം കഴിഞ്ഞേ തമ്മില്‍ കാണുകയുള്ളൂ..?”
“അതേ...”
മെഹക്കിന്റെ വിഷാദം നിറഞ്ഞ മുഖത്തേക്ക് അയാള്‍ വിഷണ്ണനായി നോക്കി നിന്നു. ഇല്ല ഇവളെ ഉപേക്ഷിക്കാന് തനിക്കാവില്ല. അയാള്‍ മനസ്സില്‍ പറഞ്ഞു.
“ഇത്രയും നാള്‍ കാണാതിരിക്കണമല്ലോ...എനിക്കു വല്ലാത്ത വിഷമം തോന്നുന്നു.” അവള്‍ ദു:ഖത്തോടെ പറഞ്ഞു.
അയാള്‍ ആകെ വിഷമവൃത്തത്തിലായി. ഒരു നിമിഷം സന്ദേഹിച്ചു നിന്നിട്ട് പെട്ടെന്നു പറഞ്ഞു.
“മെഹക്ക്,എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്നു.“ .അതു പറഞ്ഞപ്പോള്‍ അയാളുടെ ശബ്ദം കുറച്ചു താണു പോയി.
“ഉവ്വോ..? എന്നിട്ട് ഇക്കാര്യം എന്തേ ആദ്യം പറഞ്ഞില്ല..?” സങ്കടം വെടിഞ്ഞ് അതീവ സന്തോഷത്തിലുള്ള മെഹക്കിന്റെ ചോദ്യം. ആ കണ്ണുകളില്‍ മഴവില്ലു വിരിഞ്ഞ ഉണര്‍വ്.
അയാള്‍ സ്തബ്ദനായി അവളെ നോക്കി നിന്നു. ഒന്നും മനസ്സിലാവാതെ അവളുടെ വെള്ളാരം കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
“കല്യാണക്കാര്യം പറഞ്ഞിട്ട് സാറിന്റെ മുഖത്തെന്താ ഒരു സന്തോഷമില്ലാതെ…? എന്താ ഇങ്ങനെ നോക്കി നില്ക്കുന്നത്..?”
“ഒന്നുമില്ല..മെഹക്ക് ഒന്നുമില്ല ..”അയാള്‍ മന്ത്രിച്ചു
അയാള് പെട്ടെന്ന് അവളുടെ കൈയ്യില് പിടിച്ചുകൊണ്ട് ചോദിച്ചു
“മെഹക്ക് നീ തുറന്നു പറയൂ….നിനക്കെന്തെങ്കിലും വിഷമമുണ്ടോ ഇതു കേട്ടിട്ട്..? നിന്റെ തീരുമനമനുസരിച്ചേ ഞാനെന്തും ചെയുകയുള്ളു.”
അവള്‍ അയാളുടെ കണ്ണുകളിലേക്ക് അല്ഭുതത്തോടെ നോക്കി. പിന്നെ പറഞ്ഞു.
“എന്താ ഇത് സാര്‍….? ഈ ചോദ്യം എനിക്കു മനസ്സിലാകുന്നില്ലല്ലോ..എനിക്കൊരു ഭാഭിജി(ചേട്ടന്റെ ഭാര്യ) വരുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമല്ലേ…?”
അയാള്‍ അവളുടെ മുന്നില്‍ വാക്കുകള്‍ നഷ്ടപ്പെട്ടു നിന്നു.
“ തിരികെ വരുമ്പോള് എന്റെ ഭാഭിജിയെ കൂട്ടിക്കൊണ്ടു വരുമല്ലോ..?”
“കൊണ്ടു വരാം..”
അയാള്ക്ക് അവളുടെ മുന്നില്‍ വളരെ ചെറുതായിപ്പോയതു പോലെ തോന്നി. സംസാരിച്ചു നടന്നു കൊണ്ടിരിക്കേ അവര്‍ അപ്പൂപ്പന്‍ കാവല്‍ കിടക്കുന്ന ഗോഡൌണിനു മുന്നിലെത്തി. അവള്‍ അപ്പൂപ്പനെ നോക്കി സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.“
“അപ്പൂപ്പാ സാര്‍ കല്യാണം കഴിക്കുവാന്‍ നാട്ടില്‍ പോകുന്നു.ഉടനെ തന്നെ ഭാഭീജിയുമായി തിരികെ വരും.”
ആടുകളെ മലയിലേക്കുള്ള നടപ്പാതയിലൂടെ തെളിച്ച് മെഹക്ക് ഉല്ലാസത്തോടെ നടന്നു പോയി

12.4.10

താജ് മഹല്‍

ഇരുളിന്റെ കറുത്ത കരിമ്പടം പുതച്ച് തെരുവുകളെല്ലാം വിജനമായിക്കിടന്നു. പ്രധാന തെരുവുകളിലെ വിളക്കുകാലുകളില്‍ കത്തിച്ചു വെച്ചിരുന്ന തെരുവു വിളക്കുകള്‍ എണ്ണ തീര്‍ന്നു കരിന്തിരി കത്തി അണഞ്ഞു. പ്രഭാതമാകാറായി എന്നറിയിച്ചു കൊണ്ട് ആകാശത്തില്‍ പെരുമീന്‍ പ്രത്യക്ഷപ്പെട്ടു. സുള്‍ഫിക്കരുടെ കൊച്ചു കുടിലിനുള്ളില്‍ മാത്രം വിളക്കെരിയുന്നുണ്ട്.

കണ്ണിലേക്ക് വെളിച്ചം അടിച്ചപ്പോള്‍ ഹസീന പെട്ടെന്നു കണ്ണു തുറന്നു. നേരം പുലര്‍ന്നോ..? സുള്‍ഫിക്കര്‍ ഇന്ന് നേരത്തെ ഉണര്‍ന്നിരിക്കുന്നു. മുറിയുടെ മൂലയില്‍ കത്തിച്ചു വെച്ച മണ്‍ ചിരാതിനു മുന്‍പിലിരുന്ന് മഹാറാണിക്കു വേണ്ടി നെയ്തെടുത്ത പട്ടുവസ്ത്രം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണ്

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പേ അതിന്റെ മിനുക്കു പണിയെല്ലാം തീര്‍ത്ത് ഭംഗിയായി മടക്കി സഞ്ചിയിലാക്കിയിരുന്നതാ ണ് ‍‍‍. ഇന്ന് അതു കൊട്ടാരത്തിലേക്ക് കൊണ്ടു പോകുന്നതിനു
മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ ഭംഗി ഉറപ്പു വരുത്തുവാന്‍ എടുത്തു നോക്കിയതാണെന്ന്
അവള്‍ക്കു മനസ്സിലായി.

കൊട്ടാരം നെയ്ത്തുകാരില്‍ പ്രധാനിയാണ് സുള്‍ഫിക്കര്‍. മഹാറാണി മുംതാസിനു ജന്മദിന സമ്മാനമായി നല്‍കുവാനുള്ള വസ്ത്രം നെയ്യുവാന്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഏല്‍പ്പിച്ചത് അയാളെയാണ് ‍. പറഞ്ഞ ദിവസങ്ങള്‍ക്കും എത്രയോ മുന്‍പ് സുള്‍ഫിക്കറതു നെയ്തു കഴിഞ്ഞു. ഇളം നീല നിറത്തിലുള്ള പട്ടു തുണിയില്‍ സ്വര്‍ണ്ണ ഹംസങ്ങള്‍ ചിറകടിച്ചു പറക്കുന്ന ആ ഉടയാട അതിമനോഹരമായിരുന്നു.

ഹസീന സാവധാനം എഴുന്നേറ്റു സുള്‍ഫിക്കറുടെ അടുത്തു വന്നു ചോദിച്ചു.

“എന്താ..ഇത് കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലേ..?”

“കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതിരുക്കുവാന്‍ ഇത് എന്റെ ബീവില്ലല്ലോ” സുള്‍ഫിക്കര്‍ അവളെ അശ്ലേഷിച്ചു കൊണ്ടു പറഞ്ഞു.

“കൊട്ടാരത്തില്‍ എത്തിയാല്‍ പിന്നെ ഇത് റാണിയുടേതാകും. ഓരോ വസ്ത്രവും സ്വന്തമെന്നോണമാണ് ഞാന്‍ നെയ്യുന്നത്. അതു തീര്‍ത്ത് ഉടമക്കു കൈമാറുമ്പോള്‍ മനസ്സിനുള്ളില്‍ പറയാനാവാത്ത ഒരു നൊമ്പരം ഉണ്ടാകും. എത്ര പ്രതിഫലത്തിനും ആ നൊമ്പരത്തെ മറികടക്കാനാവുകയില്ല.”

“ഇതിന് ചക്രവര്‍ത്തി ധാരാളം പണം തരുമായിരിക്കും അല്ലേ..?”ഹസീന പ്രതീക്ഷയോടെ ആരാഞ്ഞു.

“ആയിരിക്കും. അത്രമേല്‍ ശ്രദ്ധിച്ചാണ് ഇതിന്റെ ഓരോ നൂലും ഞാന്‍ പാകിയിട്ടുള്ളത്. ഇതിനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പറഞ്ഞേനെ ഈ സുള്‍ഫിക്കര്‍ എത്രമേല്‍ അവന്റെ കൈയ്യും മനസ്സും ഇതിനായി അര്‍പ്പിച്ചു എന്ന്. ഇതിനു കിട്ടുന്ന പ്രതിഫലം കൊണ്ടു വേണം എന്റെ ബീവിക്ക് ഒരു സമ്മാനം വാങ്ങുവാന്‍.”

സുള്‍ഫിക്കര്‍ ഹസീനയെ നോക്കി സ്നേഹത്തോടെ പറഞ്ഞു.

“ഒന്നും വേണ്ട എന്റെ പൊന്നേ...കിട്ടുന്ന പണം സൂക്ഷിച്ചു വെച്ചുവേണം നമ്മുടെ ഈ കുടിലിനു പകരം ഒരു കൊച്ചു വീടുണ്ടാക്കുവാന്‍.” ഹസീന അയാളുടെ തോളില്‍ തല ചായ്ച്ചു. .പിന്നെ പതുക്കെ ചെവിയില്‍ മന്ത്രിച്ചു.

“ആ വീട്ടിലുവേണം നമ്മുടെ കുഞ്ഞുങ്ങള്‍ പിറക്കുവാന്‍.

“സംസാരിച്ചു നില്ക്കുവാന് സമയമില്ല. നേരം പുലര്ന്നാലുടന് ഞാന് പുറപ്പെടുകയാണ് . മഹാരാജാവ് ദര്ബാറിന് പോകുന്നതിനു മുന്പ് എനിക്ക് ഇതു കാഴ്ച വെക്കണം. നിനക്കും കൊട്ടാരത്തിലേക്ക് പോകുവാനുള്ളതല്ലേ..?”
“അതേ പുലര്ന്നാലുടന് എനിക്ക് പൂക്കള് ശേഖരിക്കുവാന് പോകണം.പിന്നീടവ കെട്ടിയെടുത്തശേഷം വേണം അന്തപ്പുരത്തില് കൊണ്ടു കൊടുക്കുവാന്.“
അവര് സംസാരിച്ചു കൊണ്ടിരിക്കേ കൊട്ടരത്തില് നിന്നും പ്രഭാത മണി മുഴങ്ങി. ഉടനെ തന്നെ സുള്ഫിക്കര് കൊട്ടാരത്തിലേക്ക് യാത്രയായി.
പൂക്കള് അന്തപ്പുരത്തിലെ ദ്വാരകപാലകനെ ഏല്പ്പിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോള് ഹസീനക്ക് തന്റെ നടത്തത്തിന് വേഗത പോരെന്നു തോന്നി. സുള്ഫി ഇപ്പോള് വീട്ടിലെത്തിക്കാണും. എത്രയും പെട്ടെന്ന് സുള്ഫിക്കറുടെ അടുത്തെത്താനുള്ള വെമ്പലായിരുന്നു അവള്ക്ക്. സുള്ഫി ഇന്നേ വരെ നെയ്തിട്ടുള്ളതില് ഏറ്റവും മനോഹരമായിരുന്നല്ലോ ആരും കൊതിച്ചു പോകുന്ന ആ ഉടയാട. മഹാരാജാവിന്റെ സമ്മാനം കാണുവാനുള്ള ആകാംഷയില് അവള് ഓടിയും നടന്നും വീട്ടിലേക്കു പാഞ്ഞു. വീടിനുള്ളിലേക്കു ഉത്സാഹത്തോടെ കയറവേ ഹസീന വിളിച്ചു ചോദിച്ചു.
“എന്തു പറഞ്ഞു ചക്രവര്ത്തി തിരുമനസ്സ്..? എന്തു സമ്മാനമാണ് കിട്ടിയത്..”?
ഒരു മറുപടിയും അവള്ക്കു ലഭിച്ചില്ല. വീടിനുള്ളില് നിശ്ശബ്ദത. ആ നിശ്ശബ്ദത അവളുടെ ഉത്സാഹമെല്ലാം ചോര്ത്തിക്കളഞ്ഞു. കുടിലിനുള്ളിലെങ്ങും സുള്ഫിയെ കണ്ടില്ല. അവള് വീടിനോടു ചേര്ന്നുള്ള നെയ്ത്തു പുരയിലും അയാളെ തേടി. അയാള് ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് അവള്ക്ക് മനസ്സിലായി. അവള് തിരിച്ചെത്തും മുന്പേ തിരിച്ചെത്തേണ്ട ആളാണ് . രണ്ടു പേരും കൊട്ടാരത്തിലേക്കാണ് പോയതെങ്കിലും അന്തപ്പുരത്തിലേക്കുള്ള കവാടം വേറെയായതു കൊണ്ട് തമ്മില് കാണുവാന് കഴിയുമായിരുന്നില്ല. .ഇനിയിപ്പോള് കൊട്ടാരത്തില് നിന്നും കിട്ടിയ പ്രതിഫലം കൊണ്ട് തനിക്ക് സമ്മാനമെന്തെങ്കിലും വാങ്ങുവാന് പോയിരിക്കുമോ..? വന്ന് വിശേഷങ്ങള് പറയാതെ അങ്ങനെ എങ്ങും പോകാറില്ലല്ലോ..?. ഇന്നിപ്പോള് എന്താണാവോ....? ഹസീന ആകെ വിഷമത്തിലായി.
സുള്ഫിക്കറെ കാത്ത് അവള് കുടിലിനുള്ളില് അക്ഷമയായി സമയം പോക്കി. പകല് സ്ന്ധ്യക്കു വഴിമാറുവാന് തുടങ്ങിയപ്പോള് ഹസീന തെരുവിലെക്കിറങ്ങി. ജോലി കഴിഞ്ഞു വരുന്ന മണ്പാത്രക്കാരന് ഹുസൈനോടും പാല്ക്കാരന് മഹേന്ദ്രനോടും അവള് സുല്ഫിക്കറെക്കുറിച്ച് അന്വേഷിച്ചു. അവരാരും ഇന്ന് അവനെ കണ്ടിട്ടില്ല.

പാണ്ടികശാലയില് നിന്നും വില്പ്പന കഴിഞ്ഞ് പോകുന്ന കച്ചവടക്കാരുടെ ഒട്ടക വണ്ടികള് നിരയായി അവളെ കടന്നു പോയി. തെരുവു വിജനമാകുവാന് തുടങ്ങി. പടിഞ്ഞാറേക്കു ചാഞ്ഞ സൂര്യന് ചക്രവാളത്തില് മറഞ്ഞു കഴിഞ്ഞു. ഇനി എന്തു ചെയ്യണമെന്നറിയാതെ അവള് വഴിയോരത്തെ ഇരുളില് പകച്ചു നിന്നു.

ഇനിയിപ്പോള് കൊട്ടാരത്തില് നിന്നും തിരിച്ചു വന്നില്ലായിരിക്കുമോ...? ചക്രവര്ത്തി വിശേഷാല് എന്തെങ്കിലും ജോലി കൊടുത്തിരിക്കും. ജോലി തീര്ത്ത് നാളെ അദ്ദേഹം എത്തുമായിരിക്കും എന്ന് സ്വയം സമാധാനിച്ച് അവള് വീട്ടിലേക്കു പോയി. എങ്കിലും സുള്ഫിക്കറുടെ അഭാവം അവളെ അതീവ ദുഖിതയാക്കി. രാത്രി ഉറക്കം വരാതെ അവള് കനത്ത ഇരുളിലേക്ക് നോക്കി കിടന്നു.ആദ്യമായിട്ടാണ് സുള്ഫിയില്ലാതെ ആ വീട്ടില് ഒരു രാവ് അവള് തള്ളി നീക്കുന്നത്. എന്തെന്നില്ലാത്ത ഒരു വ്യഥയുടെ ഇരുള് അവളുടെ മനസ്സില് നിറഞ്ഞു നിന്നു.
പിറ്റെ ദിവസം അതിരാവിലെ തന്നെ പൂക്കള് ശേഖരിച്ച് ഹസീന കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പതിവുപോലെ അന്തപ്പുരത്തിലെ ദ്വാരകപാലകനെ പൂക്കള് ഏല്പ്പിച്ചു. പണം കിട്ടിയിട്ടും തിരികെപ്പോകാതെ നിന്ന ഹസീനയോട് അയാള് ആരാഞ്ഞു.

“എന്താ..ഹസീനാ ഇന്നു നിനക്ക് പണം കുറഞ്ഞു പോയോ..?”
“അതല്ല..“അവള് പതുക്കെ പറഞ്ഞു. “എന്റെ ഭര്ത്താവ് ഇന്നലെ മഹാറാണിക്കുള്ള ഉടയാട നെയ്തു കൊണ്ടു വന്നിരുന്നു. ഇതുവരെ അദ്ദേഹം തിരികെ എത്തിയിട്ടില്ല. അദ്ദേഹം എവിടെയുണ്ടെന്ന് എങ്ങനെയാണ് അറിയുവാന് കഴിയുക..?”
“ഓ..ആ നെയ്ത്തുകാരന് സുള്ഫിക്കറിന്റെ ബീവിയാണോ..നീ..?” അയാള് സഹതാപത്തോടെ ചോദിച്ചു
“അതേ...“ അവളുടെ തൊണ്ടയിടറി.
“അപ്പോള് നീ വിവരമൊന്നും അറിഞ്ഞില്ലേ..? അവനെ ചക്രവര്ത്തി തുറുങ്കിലടച്ചു. പറഞ്ഞപോലെയല്ലത്രേ അവനതു നെയ്തത്. വെറുതെ സ്വര്ണ്ന നൂലും പട്ടും പാഴാക്കി കളഞ്ഞില്ലേ. ? അവന്റെ ശിഷ്ട ജീവിതം ഇനി കാരഗ്രഹത്തില്. ജോലി അടിമകള്ക്കൊപ്പം. നീ ഇനി അവനെ കാക്കേണ്ട. ചക്രവര്ത്തി തിരുമനസ്സിന്റെ തീരുമാനമല്ലേ. ഇനി ആര്ക്കും ഒന്നും ചെയ്യാനാവില്ല.”
അയാള് പറഞ്ഞ അവസാന വാക്കുകള് ഹസീന കേട്ടില്ല. പൂക്കൂടയുമായി അവള് ആ കവാടത്തിനു മുന്നില് കുഴഞ്ഞു വീണു.

അന്നും ഹസീന പൂക്കള് നിറച്ച പൂക്കൂടയുമായി വില്പ്പനക്കിറങ്ങി. വര്ഷങ്ങളെത്രയായി അവള് ഏകാന്ത ജീവിതം നയിക്കുന്നു. എന്നും കൊട്ടാരത്തിലേക്ക് പൂക്കളുമായി പോകുമ്പോള് അവനെ അവസാനമായി കണ്ട ദിവസം അവള് ഓര്ക്കും. എങ്കിലും കൊട്ടരത്തിന്റെ പ്രവേശന കവാടം കാണുമ്പോള് അവള് ആശ്വസിക്കും.എന്റെ സുള്ഫി ഇവിടെ ജീവനോടെ ഉണ്ടല്ലോ. അവന്റെ നിശ്വാസങ്ങള് അവിടത്തെ വായുവില് തങ്ങി നില്ക്കുന്നതായി അവള്ക്കു തോന്നും. എന്നെങ്കിലും പരമകാരുണ്യവാനായ ദൈവം സുള്ഫിയെ എന്റെ മുന്പില് കൊണ്ടുവരില്ലേ..? വരും എന്നു തന്നെ അവള് ഉറച്ചു വിശ്വസിച്ചു.അവന്റെ ആളനക്കമില്ലാത്ത നെയ്ത്തു പുര കാണുമ്പോള് അവളുടെ ഹൃദയം നുറുങ്ങും. അവള് എന്നും നെയ്ത്തുപുരയില് പോയി അവന്റെ പ്രിയപ്പെട്ട നെയ്ത്തുതറി തുടച്ചു വൃത്തിയാക്കും. നെയ്ത്തുതറിക്കടുത്ത് നെയ്ത്തു സാമഗ്രികളും നൂലുകളും അവനെയും കാത്ത് അവിടെത്തന്നെയിരുന്നു. സുള്ഫി മടങ്ങിവന്ന് ഈ നെയ്ത്തുപുര സജീവമാകുന്ന നാളുകള് അവള് സ്വപ്നം കണ്ടു.

ഹസീനയുടെ കാത്തിരിപ്പില് കാലം പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ ദേശത്ത് എന്തെല്ലാം സംഭവിച്ചു !!!! മഹാറാണി മുന്താസിന്റെ പെട്ടെന്നുള്ള മരണം. ആ അഘാതത്തില് നിന്നും കൊട്ടാരം ഇപ്പോഴും ഉണര്ന്നിട്ടില്ല. വര്ഷമൊന്നു കഴിഞ്ഞിട്ടും ചക്രവര്ത്തി ഷാജഹാന് അതീവ ദുഖിതനാണ് .

പൂക്കള് വിറ്റ് ഒഴിഞ്ഞ പൂക്കൂടയുമായി രജവീഥിയിലൂടെ സാവധാനം നട്ക്കവേ പെട്ടെന്ന് നിരത്തില് പൊടി പടലങ്ങള് ഉയര്ത്തിക്കൊണ്ട് നിരനിരയായി കുതിര വണ്ടികള് അവളെ കടന്നു പോയി. എല്ലാ വണ്ടികളിലും ആളുകള് തിങ്ങി നിറഞ്ഞിരിക്കുന്നു. ഇവരെല്ലാം ഇതെവിടെപ്പോകുന്നു....? അവള് ഒരു വഴി പോക്കനോട് തിരക്കി.

“അറിഞ്ഞില്ലേ.. ചക്രവര്ത്തി ഷാജഹാന് മുന്താസ് റാണിക്ക് സ്മാരകം നിര്മ്മിക്കുവാന് പോകുന്നു. അതിന്റെ പണിക്കു യമുനാതീരത്തേക്കു പോകുന്ന അടിമകളാണ് ആ വണ്ടികള്ക്കുള്ളില്”
“നേരോ..ഞാനിതറിഞ്ഞതേ ഇല്ല..” പാഞ്ഞു പോകുന്ന വണ്ടികള്ക്കു നേരെ നോക്കിക്കൊണ്ട് അവള് പറഞ്ഞു.

പെട്ടന്ന് ഹസീനയുടെ മനസ്സിലേക്ക് ഒരു കുളിര് കാറ്റു പരന്നു. . സൂള്ഫിക്കറും കാണുമായിരിക്കും ആ പണിക്കാരുടെ കൂടെ. ഓടിപ്പോകുന്ന ഓരോ കുതിര വണ്ടികളിലേക്കും അവള് ആകാംഷയോടെ നോക്കി. അതിവേഗം പായുന്ന വണ്ടിയില് തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകള്ക്കിടിയില് അവള്ക്ക് അവനെ കണ്ടുപിടിക്കാനായില്ല. ഒടുവില് അവളെ നിരാശയാക്കി അവസാനത്തെ വണ്ടിയും കടന്നു പോയി. സുള്ഫിക്കറെ കണ്ടുപിടിക്കാനാവാതെ അവള് ആ വണ്ടികള്ക്കു പിന്നാലെ സമനില തെറ്റിയവളെപ്പോലെ ഓടി. ഒടുവില് കുതിര വണ്ടികളുയര്ത്തിയ ധൂളികള് മാത്രം അവളുടെ ധൃഷ്ടി പഥത്തില് നിന്നു. പിന്നെ അതും മറഞ്ഞു.

കൊട്ടാരത്തിലെ പൂക്കാരി ഹസീന ഇപ്പോള് യമുനാതീരത്തെ പൂക്കാരിയാണ്. എന്നെങ്കിലും സൂഫിക്കറെ കാണ്ടുമുട്ടാം എന്ന പ്രതീക്ഷയില് എന്നും പൂ വില്പ്പന കഴിഞ്ഞ് അവള് പണി നടക്കുന്ന മന്ദിരത്തിന്റെ പരിസരത്ത് പോയി നിലക്കും. അവിടെ പല ദേശത്തുനിന്നുമുള്ള അനേകായിരം ജോലിക്കാര്. അപരിചിതമായ വസ്ത്ര രീതികളും ഭാഷയും ഉള്ളവര്. അവള് ഇന്നേ വരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. പണി നടക്കുനതിനടുത്തേക്ക് അന്യര്ക്കു പ്രവേശനമില്ല. ആയിരങ്ങള് പണിയുന്നിടത്തു സുള്ഫി ഉണ്ടെങ്കില്ത്തന്നെ എങ്ങനെ കണ്ടുപിടിക്കാനാണ്..?

പണിക്കാവശ്യമായ വെള്ളമെടുക്കുവാന് യമുനാ നദിയില് വരുന്ന അടിമകള്ക്കിടയിലും. പ്രതീക്ഷ കൈവെടിയാതെ ലും അവള് എന്നും അവനെ അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷേ അവള് പറഞ്ഞ ലക്ഷണങ്ങളുള്ള സുള്ഫിക്കറെ ആര്ക്കും അറിയില്ല. തന്റെ മുന്നില് സംവത്സരങ്ങള് നീങ്ങുന്നത് അവള് അറിഞ്ഞതേ ഇല്ല .

ഇപ്പോള് സ്മാരക മന്ദിരത്തിന്റെ പണി മിക്കവാറും കഴിയാറായിരിക്കുന്നു. കാലം അവളില് വളരെയേറെ മാറ്റം വരുത്തിയിരിക്കുന്നു നീണ്ട കാത്തിരിപ്പിനിടെ . അവളുടെ യൌവ്വനം വാര്ധക്യത്തിനു വഴി മാറി. നീണ്ടു ചുരുണ്ട സമൃദ്ധമായ മുടി വെള്ളി കെട്ടി ശുഷ്കമായി. കാഴചക്കും മങ്ങലേറ്റിരിക്കുന്നു. എങ്കിലും ആ നയനങ്ങള് പ്രതീക്ഷാ നിര്ഭരമായിരുന്നു.
വളരെ അപ്രതീക്ഷിതമായാണ് യമുനാതീരത്തു കണ്ടുമുട്ടിയ യൂസഫ് എന്ന അടിമ തനിക്ക് ഒരു സുള്ഫിക്കറെ അറിയാം എന്നവളോട് പറഞ്ഞത് . അത് അവളില് വലിയ പ്രതീക്ഷയുണ്ടാക്കി. കോമളനായ തന്റെ സുള്ഫിയെപ്പറ്റി അവള് അവനെ വര്ണ്ണിച്ചു കേള്പ്പിച്ചു.
“അല്ല. നീ പറഞ്ഞതു പോലെയല്ല ഈ സുള്ഫിക്കര്. ഇതു വേറെയാരോ… ”യൂസഫ് പറഞ്ഞു.
“എന്റെ സുള്ഫി നെയ്ത്തുകാരനായിരുന്നു. അലങ്കാര വേലകളിലും കേമനായിരുന്നു.” ഹസീന അഭിമാനത്തോടെ പറഞ്ഞു.
“ഓ….ഇപ്പൊള് എനിക്ക് മനസ്സിലായി. അയാള് തന്നെ നിന്റെ സുള്ഫി..“
“ഉവ്വോ…?”
തന്റെ കാത്തിരിപ്പിന്റെ അവസാനമായതിന്റെ സന്തോഷത്തില് ഹസീനക്ക് ശ്വാസം നിലച്ചുപോകും എന്നു തോന്നി.

“പക്ഷേ നീ വിചാരിക്കുന്നതു പോലല്ല അവനിപ്പോള്. വൃദ്ധനായിരിക്കുന്നു. വര്ഷങ്ങളായി പൊരി വെയിലിലെ പണി അവന്റെ അരോഗ്യമെല്ലാം നശിപ്പിച്ചിരിക്കുന്നു.”
അത് കേട്ട് അവളുടെ മനസ്സു നിശ്ശബ്ദം നിലവിളിച്ചു. പക്ഷേ സുള്ഫി ഇവിടെയുണ്ടെന്ന് ഇപ്പോഴെങ്കിലും അറിയാന് സാധിച്ചല്ലോ. അതവളെ അഹ്ലാദ പുളകിതയാക്കി.
“നിനക്ക് സുള്ഫിക്കറെ കാണണമെന്ന് ആഗ്രഹമുണ്ടോ ..?”
“ഉണ്ടെന്നോ..? ഇത്രയും കാലം ഈ ഹസീന ജീവിച്ചിരുന്നതു സുള്ഫിയെ ഒരു നോക്കു കാണുന്നതിനു വേണ്ടിയാണ് സഹോദരാ..“.
“അലങ്കാരവേലയില് വിദഗ്ദനായതു കൊണ്ട് സുള്ഫിക്കറിനു ഞങ്ങളെപ്പോലെ കല്ലും വെള്ളമൊന്നും ചുമക്കേണ്ട. അവന് എപ്പോഴും രണ്ടു മൂന്നു സഹായികളും കാണും. ഇപ്പോള് യമുനയുടെ വശത്തെ മിനാരത്തിലാണ് പണി ചെയ്യുന്നത്. വെളിയില് നിന്ന് നോക്കിയാല് അവനെ കാണുവാന് സാധിക്കും. അവിടെ ഇപ്പോള് അധികം പണിക്കാരില്ല. “
“ഈ മനുഷ്യരുടെ ഇടയില് നിന്ന് ഞാന് എങ്ങനെ സുള്ഫിയെ കണ്ടുപിടിക്കും….?എത്രയോ വര്ഷങ്ങളായി ഞാന് അതിനു ശ്രമിക്കുന്നു.”
“അതിനെന്താ പ്രയാസം…? അവന് എപ്പോഴും ചുവന്ന തലപ്പാവാണ് ധരിക്കുന്നത്.“
“അതെയോ…? പണ്ടേ ചുവന്ന തലപ്പാവായിരുന്നു സുല്ഫിക്ക് പ്രിയം” അവള് സന്തോഷത്തോടെ പറഞ്ഞു.
“ഇനി കാണുമ്പോള് നിന്നെ കണ്ട കാര്യം അവനോടു പറയാം.”
“ജീവനുണ്ടെങ്കില് ഞാന് കാത്തിരിക്കും എന്ന് അദ്ദേഹത്തിനറിയാം. ഞാന് ഈ യമുനയുടെ തീരത്തു തന്നെ ജീവിച്ചിരിപ്പുണ്ട്. എന്നു പറഞ്ഞാല് മതി.” ഹസീന നന്ദിയോടെ അയാളെ അറിയിച്ചു.“
“പണി തീരുമ്പോള് ഞങ്ങളെയെല്ലാം മോചിപ്പിക്കുമായിരിക്കും. എന്നാണെല്ലാവരും പറയുന്നത്.”

അയാള് പ്രതീക്ഷയോയ്ടെ അവളോടു പറഞ്ഞു. ആ വാര്ത്ത അവളിലും ശുഭ പ്രതീക്ഷ യുണ്ടാക്കി.
അടുത്ത ദിവസം യമുനയുടെ വശത്തെ മിനാരത്തില് പണി ചെയ്യുന്ന ചുവന്ന തലപ്പാവു ധാരിയെ ഹസീന കണ്ടു പിടിച്ചു. അതേ...അതു തന്റെ സുള്ഫി തന്നെ. അവളുടെ ഹൃദയമിടിപ്പ് ശക്തിയായി . നിരന്തരമായ കഠിന ജോലി മൂലം അയാളുടെ ശരീരം കൂനിപ്പോയിരുന്നു. എങ്കിലും ഹസീനക്ക് അവളുടെ സുള്ഫി തിരിച്ചറിയാതിരിക്കാനാവുമോ..? ഇത്രയും വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അദ്ദേഹത്തെ ദൈവം അവളുടെ കണ്മുന്നില് എത്തിച്ചല്ലോ. തന്റെ കാത്തിരിപ്പിന് ഇത്രയും വര്ഷങ്ങള് കഴിഞ്ഞിട്ടാണെങ്കിലും ഫലമുണ്ടായല്ലോ. അവള് മുകളിലേക്കു കണ്ണുകള് ഉയര്ത്തി സൃഷ്ടാവിന് നന്ദി പറഞ്ഞു.

പിന്നീടുള്ള അവളുടെ ജീവിതം ആ ചുവന്ന തലപ്പാവു രൂപത്തെ ചുറ്റിപ്പറ്റിയായി. യമുനയുടെ തീരത്തെ ആ പൂക്കാരി വൃദ്ധ എപ്പോഴും തലയുയര്ത്തി മിനാരത്തെ നോക്കിക്കൊണ്ടിരുന്നു. ആ ചുവന്ന തലപ്പാവ് ചലിക്കുമ്പോള് അവളുടെ നരച്ചു തുടങ്ങിയ മിഴിയിണകള് തുടിക്കും. ഇടക്കിടക്ക് ആ ചുവന്ന തലപ്പാവു രൂപം തല ഉയര്ത്തി ദൂരെക്കു നോക്കുന്നത് അവള് കാണും. താനിവിടെയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരിക്കുമോ..? തന്നെ അദ്ദേഹത്തിന് കാണുവാന് സാധിക്കുന്നുണ്ടാകുമോ..? ശബ്ദവീചികള്ക്ക് എത്താനാവാത്ത ദൂരെ നില്ക്കുന്ന സുള്ഫിയെ നോക്കി ഹസീനയുടെ മനസ്സ് ഉച്ചസ്ഥായിയില് വിളിച്ചു കൂവും. “സുല്ഫീ…ഇവിടെ നോക്കു …ഇവിടെ….ഞാനിവിടെയുണ്ട്….“
തന്റെ വസന്തകാലം തിരിച്ചു വന്നതായി ഹസീനക്ക് അനുഭവപ്പെട്ടു.

നാളുകള് നീങ്ങവേ പെട്ടൊന്നൊരു ദിവസം ആ ചുവന്ന തലപ്പാവ് മിനാരത്തില് മുകളില് കാണാതായി. സുള്ഫിയുടെ ജോലി വേറെയിടത്തേക്ക് മാറിയിരിക്കും. ഹസീന വിചാരിച്ചു. അവനെ കാണാതെ ഒരു നാഴിക പോലും തള്ളി നീക്കാനാവാതെ അവള് വിഷമിച്ചു. ഇത്രയും വര്ഷങ്ങള് അദ്ദേഹത്തെ കാണാതെ താന് എങ്ങനെ ജീവിച്ചു എന്നത് അവളെത്തന്നെ അതിശയിപ്പിച്ചു. അവള് യമുനാതീരത്തേക്കോടി വെള്ളമെടുക്കുവാന് വരുന്ന യൂസഫിനെ കാത്തിരുന്നു.
“എന്റെ സുള്ഫി എങ്ങോട്ടു മാറിപ്പോയി എന്നു പറയൂ….സഹോദരാ…അദ്ദേഹത്തെ കാണാതെ എനിക്കു ജീവിക്കാനാവുന്നില്ല.“

യൂസഫ് അവളെ സഹതാപത്തോടെ നോക്കി.മറുപടി പറയാനാവാതെ കുഴങ്ങി
“എന്താ…നിങ്ങള് ഒന്നും പറയാത്തത്..? എന്റെ സുള്ഫി എവിടെ…? അദ്ദേഹത്തിന്റെ രൂപം ദൂരെ നിന്നു കണുമ്പോഴെല്ലാം എന്റെ കൂടെത്തന്നെയുണ്ടെന്നു കരുതിയാണ് ഞാന് ഇപ്പോള് ജീവിക്കുന്നത്.
യൂസഫ് ദുഖത്തോടെ പറഞ്ഞു.
“അക്കാര്യം നീ അറിഞ്ഞെന്നാണ് ഞാന് കരുതിയത്. കഴിഞ്ഞ ദിവസം മിനാരത്തിനു മുകളില് കയറുമ്പോള് സുള്ഫിക്കര് കാല് വഴുതി വീണു.”
“എന്നിട്ട്..?” ഒരു ഞെട്ടലോടെ ഹസീന ചോദിച്ചു.
യൂസഫിനു മറുപടിയുണ്ടായില്ല. അയാള് ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ഹസീന വര്ഷങ്ങളായി മനസ്സില് മനോഹരമായി കെട്ടിപ്പൊക്കി സൂക്ഷിച്ചിരുന്ന സ്നേഹ സൌധം തകര്ന്നടിഞ്ഞു. അവള് ഒരു തളര്ച്ചയോടെ യമുനാതീരത്തെ പൂഴി മണ്ണിലേക്കിരുന്നു. മുന്നില് ഒന്നുമറിയാതെ ഒഴുകുന്ന യമുന. അതിലെ ഓളങ്ങള്ക്ക് അവളെ ആശ്വസിപ്പിക്കാനാവുമോ..?
സുള്ഫിയുടെ മാന്ത്രിക വിരലുകള് മനോഹരമാക്കിയ സ്മാരക സൌധത്തെ അവള് തല ഉയര്ത്തി നോക്കി. ഇല്ല സുള്ഫി മരിച്ചിട്ടില്ല….എന്റെ മനസ്സില് സുള്ഫിക്കു മരണമില്ല...നമ്മുടെ സ്നേഹത്തിനു മരണമില്ല…. അവള് ഒരു സ്വപ്നാടകയെപ്പോലെ ആ സ്മാരക സൌധത്തിനടുത്തേക്ക് നടന്നു.

പണിപൂര്‍ത്തിയായ താജ്മഹല്‍ എന്ന വെണ്ണക്കല്‍ സൌധം പൌര്‍ണ്ണമി ദിനങ്ങളിലെ ചന്ദ്രികയില്‍ വെട്ടിത്തിളങ്ങി. അത്രയും മനോഹരമായ ഒരു സൌധം ലോകത്തെങ്ങുമുണ്ടായിരുന്നില്ല. അതിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു. വിദൂര ദേശങ്ങളില്‍ നിന്നും സഞ്ചാരികള്‍ ആ മനോഹര സൌധം കാണുവാനെത്തിക്കൊണ്ടിരുന്നു. അതിനുള്ളില്‍ മുംതാസ് മഹാറാണി അന്ത്യ നിദ്രയില്‍ കിടന്നു. അവളെ ജീവനു തുല്യം സ്നേഹിച്ച ഖുറം രാജകുമാരന്‍ എന്ന ഷാജഹാന്‍ യമുനയുടെ മറുതീരത്തെ തന്റെ തടവറയില്‍ കിടന്ന് ആ സ്നേഹ സൌധത്തെ നോക്കി തന്റെ ശിഷ്ട കാലം കഴിച്ചു.

താജ്മഹലിനു മുന്നിലെ തെരുവോരത്ത് ഹസീന എന്ന വൃദ്ധ ആരോരുമില്ലാതെ മൃത പ്രായായി കിടന്നു. മരണം ആസന്നമായിരുന്നിട്ടും അവളുടെ പ്രഞ്ജ മറഞ്ഞിരുന്നില്ല. കാഴ്ച തീരെ മങ്ങിയെങ്കിലും അവള്‍ മനോഹരമായ താജ്മഹലിനെ നോക്കി കിടന്നു. അതു ജീവനുതുല്യം സ്നേഹിച്ചിരുന്ന ഹസീന എന്ന ഭാര്യയുടെയും സൂള്‍ഫിക്കര്‍ എന്ന ഭര്‍ത്താവിന്റെയും സ്നേഹ സ്മാരകമാണെന്ന് മരണ സമയത്തും അവള്‍ വിശ്വസിച്ചു.

17.3.10

നിവേദിതയുടെ സ്വപ്നങ്ങള്‍

അങ്ങു ദൂരെ മീന്‍ പിടുത്തക്കാരുടെ തോണികള്‍ തിരകളിലൂടെ നീങ്ങുന്നതു നോക്കി ഗിരീന്ദ്രന്‍ ഇരുന്നു. തൊട്ടരികില്‍ വാതോരാതെ സംസാരിച്ചു കൊണ്ട് നിവേദിത. ഗിരീന്ദ്രന്‍ മിക്കാവറും അവളുടെ കേള്‍വിക്കാരനാണ്. ശനിയാഴ്ചയായതുകൊണ്ട് കുടുംബത്തോടെ സായാഹ്നം പോക്കാന്‍ ബീച്ചില്‍ വന്നിരിക്കുന്നവര്‍ ധാരാളം. കടലക്കാരന്‍ കാദര്‍ക്കാ പതിവുപോലെ അവരുടെ അടുത്തു വന്ന് കടല കൊടുത്തിട്ടു ധൃതിയില്‍ നടന്നു പോയി. എന്നും ഒരേ സ്ഥലത്തു വന്നിരിക്കാറുള്ള അവരെ നാളുകളായി അയാള്‍ക്കറിയാം. നിവേദിത സംസാരിച്ചു സംസാരിച്ച് പതിവുപോലെ അവള്‍ കണ്ട സ്വപ്നങ്ങളില്‍ എത്തിച്ചേര്‍ന്നു.

“ഞാന്‍ തീരെ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സ്വര്‍ണ്ണ മുടിയുള്ള പാവ എന്നെ പേടിപ്പിക്കുന്ന സ്വപ്നം കണ്ടിട്ടുണ്ട്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു സെക്കന്‍റ് ഹാന്‍ഡ് കാറു വാങ്ങി. അപ്പോള്‍ അതാ ആ കാറില്‍ അതേ പാവ. സ്വര്‍ണ്ണമുടിയും നീല കണ്ണുകളുമായി. ഒരു തിളങ്ങുന്ന ചരടില്‍ തൂക്കിയിട്ടിരിക്കുകയാണതിനെ.”
“എന്നിട്ട് ആ പാവ നിന്നെ പേടിപ്പിച്ചോ“
“ഇല്ല.. എന്നാലും ആ പാവയെ എനിക്കു ഭയങ്കര പേടിയായിരുന്നു. അതിനെ പേടിച്ച് തനിയെ  കാറില്‍ കയറുകയും ഇല്ലായിരുന്നു. ഈ കാറു നമുക്കു വേണ്ട വേറെ വാങ്ങാം എന്നൊക്കെ അച്ഛനോട് വഴക്കു കൂടിയത് ഓര്‍മ്മയുണ്ട്.”
“പേടിപ്പിക്കുമെന്നു വിചാരിച്ചാ…?”
“അതു തന്നെ…. ഞാന്‍ അന്ന് നേഴ്സറിയിലോ മറ്റോ ആയിരുന്നു.” അവള്‍ ആ ഓര്‍മ്മയില്‍ ചിരിച്ചു.
“പിന്നെ എന്തൊക്കെ വിചിത്ര സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട് നിവേദിത ?” ഗിരീന്ദ്രന്റെ ചോദ്യം കേട്ട് നിവേദിത ഒരു നിമിഷം മിണ്ടാതെ ഇരുന്നു. പിന്നെ തിരകളെ നോക്കി പറഞ്ഞു.
“എന്റെ സ്വപ്നങ്ങളെ വിചിത്ര സ്വപ്നങ്ങള്‍ എന്നല്ല വിശേഷിപ്പിക്കേണ്ടത് സംഭവിച്ചിട്ടുള്ള സ്വപ്നങ്ങള്‍ എന്നാണ് , ദാറ്റ് മീന്‍സ് സത്യങ്ങള്‍”
“സ്വപ്നങ്ങള്‍ സംഭവങ്ങളാകുന്നതു വിചിത്രമല്ലേ. അതൊകൊണ്ട് അവ വിചിത്രസ്വപ്നങ്ങള്‍ തന്നെ.”
“ഗിരീന്ദ്രനുകേള്‍ക്കണോ…? ഈ കടല്‍ ഒരിക്കല്‍ എന്റെ വീടിന്റെ പിന്‍ഭാഗത്തു വന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്“
“ഉവ്വോ..?”
ഗിരീന്ദ്രന്‍ കൌതുകത്തോടെ കേട്ടു നിന്നു.
“ഞാനപ്പോള്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണെന്നു തോന്നുന്നു. അപ്പോള്‍ ഒരു സന്ധ്യക്ക് എന്റെ വീട്ടിലെ പറമ്പിന്റെ പടിഞ്ഞാറെ അതിരില്‍ അതാ സൂര്യന്‍ അസ്തമിക്കുന്നു. സത്യം പറഞ്ഞാല്‍ കടലല്ല ഞാന്‍ ആദ്യം കണ്ടത്. അസ്തമിക്കുന്ന ചുവന്ന സൂര്യനെയാണ്. ഞാന്‍ ഓടി വിശാലമായ പുരയിടത്തിന്റെ അതിരില്‍ ചെന്നു നോക്കിയപ്പോഴാണ് കടലിനെ കാണുന്നത്. കടല്‍ അതിരുകള്‍ താണ്ടി എന്റെ മുന്നില്‍ വന്ന് തിരയടിക്കുന്നു.”
“എന്നിട്ട്..?”
“ആകാശം മുഴുവന്‍ ചുവന്ന പട്ടുപുതച്ചിരിക്കുന്നു. ഒരു ചുവന്ന വലിയ തീ ഗോളമയി കടലിലേക്കു താഴുവാന്‍ തുടങ്ങുന്ന സൂര്യന്‍. തീ ഗോളം കടലില്‍ മുങ്ങുമ്പോള്‍ തീക്കട്ട വെള്ളത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കുമെന്നു പ്രതീക്ഷിച്ചു ഞാന്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ അവിടെ നിന്നു. പക്ഷേ ശബ്ദം ഒന്നും കേട്ടില്ല. അസ്തമയം കഴിഞ്ഞ് ഇരുട്ടു വന്നപ്പോള്‍ ഇരുട്ടിലൂടെ നടന്ന്‍ വീട്ടിലേക്ക് തിരികെപ്പോകുവാന്‍ ഭയന്നു കരഞ്ഞ നേരത്ത് ഞാന്‍ കണ്ണുതുറന്നു. കണ്ണു തുറന്നിട്ടും പറമ്പിന്റെ അതിരില്‍ കടല്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിച്ച് നേരം പുലരാന്‍ കാത്തു കിടന്നു. രാവിലെ പല്ലുതേക്കുന്നതുനു മുന്‍പേ ഞാന്‍ പടിഞ്ഞാറെ പറമ്പിലേക്ക് ഓടി. വേലിക്കരുകില്‍ എത്തിയപ്പോള്‍ അവിടെ ഒന്നുമില്ല. തെങ്ങിന്‍ തോപ്പു മാത്രം. നിറഞ്ഞ കണ്ണുകളുമായി വീട്ടിലേക്കു കയറി വന്ന എന്നെ നോക്കി എന്തു പറ്റി നിവേദിതക്കുട്ടി..? എന്ന് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഞാന്‍ മുഖം വീര്‍പ്പിച്ചു നിന്നു.”
ഗിരീന്ദ്രന്‍ കൌതുകത്തൊടെ അവളെ നോക്കി. അവള്‍ അപ്പോഴും ആ സ്വപ്നലോകത്താണെന്നു തോന്നി.
“എന്നിട്ട് അതു സംഭവിച്ചോ..?”
“സംഭവിച്ചു. അതു വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം. എന്റെ വീടിന്റെ പിന്‍ഭാഗത്തുമല്ല സംഭവിച്ചത്”
“പിന്നെവിടെ..?”
“അതറിയില്ലേ..… ട്യൂബ് ലൈറ്റേ !!!!!!! അതല്ലേ നമ്മുടെ സുനാമി !!! സുനാമി വന്നിട്ട് കുറെ നാള്‍ കഴിഞ്ഞാണ് എനിക്കു മനസ്സിലായത് , ഇതെന്റെ കുഞ്ഞു നാളിലെ ഒരു സ്വപ്നമാണല്ലോ എന്ന്. പക്ഷേ ഞാന്‍ കണ്ട ആ സ്വപ്നം സുനാമി പോലെ ദുരന്ത സ്വപ്നമായിരുന്നില്ല. ആരുടെയും കരച്ചില്‍ ഞാന്‍ അതില്‍ കേട്ടതുമില്ല.“
“കടല്‍ നിന്റെ വീടു വരെ സഞ്ചരിക്കുമ്പോള്‍ അതിനിടക്കു തീര്‍ന്നു പോയ ജീവിതങ്ങളെ കുറിച്ചോര്‍ക്കുവാനുള്ള പ്രായം അന്നില്ലായിരുന്നല്ലോ. അതായിരിക്കും.”
“ആയിരിക്കും.”
കുറച്ചകലെയായി കുട്ടികള്‍ പട്ടം പറത്തുന്നു. പലനിറങ്ങളിലുള്ള പട്ടങ്ങള്‍ ആകാശത്തു പറന്നു കളിക്കുന്നു. അതും നോക്കി നിവേദിദ കുറച്ചു നേരം ഇരുന്നു.. പിന്നെ തുടര്‍ന്നു.

“രഘുനാഥിനെ ഞാന്‍ ആദ്യം കണ്ടതും ഒരു സ്വപ്നത്തിലായിരുന്നു. എന്നെ കല്യാണം കഴിക്കുന്നതായിട്ട്. പിന്നീട് കുറേ മാസങ്ങള്‍ക്കു ശേഷം രഘുവിന്റെ പ്രൊപ്പോസല്‍ വന്നപ്പോള്‍ അതു തന്നെ വേണമെന്നു ഞാന്‍ അച്ഛനോടു വാശി പിടിച്ചു.”
“അതിശയമായിരിക്കുന്നു. അതും കണ്ടിട്ടില്ലാത്ത ഒരാളെ..?”
“വാരികകളില്‍ വരാറുണ്ടായിരുന്ന രഘുവിന്റെ കഥകള്‍ പണ്ടേ എനിക്കിഷ്ടമായിരുന്നു. പിന്നെപ്പൊഴോ ഒരിക്കല്‍ ഫോട്ടോ കണ്ടപ്പോഴാണ് ആള്‍ ഒരു ചെറുപ്പക്കാരണെന്നു മനസ്സിലയത്. അന്നു രാത്രിയിലെ സ്വപ്നത്തില്‍ രഘു എന്റെ കൂടെയുണ്ടായിരുന്നു. എന്റെ വരനായി. പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞ് പ്രൊപോസല്‍ വരുമ്പോള്‍ എനിക്കു തന്നെ വിശ്വസിക്കനായില്ല.”
ഗിരീന്ദ്രന്‍ പിന്നിടവളോടൊന്നും ചോദിച്ചില്ല. വീട്ടിലേക്കു നടക്കുമ്പോഴും അവള്‍ വല്ലാതെ മൌനിയായി കാണപ്പെട്ടു.

ഫ്ലാറ്റിനുള്ളിനെ മടുപ്പിക്കുന്ന ഏകാന്തത അവളെ പഴയ നിവേദിതയിലേക്കു കൂട്ടികൊണ്ടു പോയി.
അച്ഛന്റെയും അമ്മയുടെയും നിവേദിതക്കുട്ടി എത്ര മാറിപ്പോയി..?രഘുവുമായുള്ള ആലോചനയാണോ അവളെ മറ്റൊരാളാക്കിയത്..?

“ജോലിയൊന്നുമില്ലാതെ എഴുത്തുകാരന്‍ എന്നൊക്കെ പറയുമ്പോള്‍ എന്തോ ഒരു തൃപ്തിക്കുറവ്. വീട്ടിലോ അമ്മ മാത്രം. ” കല്യാണാലോചനയുമായി വന്നയാള്‍ തിരിച്ചു പോയ ഉടനെ അച്ഛന്റെ പ്രതികരണം അതായിരുന്നു.
“ജോലിയില്ല എന്നു പറയുന്നത് ശരിയല്ല അച്ഛാ..രഘുനാഥിന്റെ രണ്ടു നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്.”
“എന്തോ..എനിക്ക് കേട്ടിട്ട് അത്ര തൃപ്തി വരുന്നില്ല മോളേ…നിനക്കിഷ്ടമാണെങ്കില്‍ വന്നു കണ്ടിട്ടു പോകട്ടെ.”
ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു രഘു വന്നു കണ്ടിട്ടു പോയ ദിവസം. അധികം താമസിയാതെ നടത്താം എന്ന് രഘുവിന്റെ അമ്മ പറഞ്ഞിട്ടു പോയിട്ടും അച്ഛന്റെ മുഖത്തൊരു തൃപ്തി കണ്ടില്ല.
അടുത്ത ദിവസം തന്നെ അച്ഛന് ആ വിവരം കിട്ടി. രഘുനാഥിന് ഒരു സ്ത്രീയുമായി ബന്ധമുണ്ട്. അയാളുടെ അമ്മക്ക് അത് തീരെ ഇഷ്ടമല്ല. അതില് നിന്നും രക്ഷപ്പെടുത്തുവാനാണത്രേ അമ്മ തിരക്കിട്ട് മകന് കല്യാണം അലോചിക്കുന്നത്.

“ആ ആലോചനയില്‍ നിന്നും ഒഴിഞ്ഞതായി ബ്രോക്കറോടു പറഞ്ഞു. നമുക്കു പറ്റിയതല്ല അത്. “
എന്ന് അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടപ്പോള്‍ അവള്‍ ആകെ തകര്‍ന്നു പോയി.
“എനിക്കുതു തന്നെ മതി അച്ഛാ.. ആരെങ്കിലും വെറുതെ പറഞ്ഞതായിരിക്കും “എന്നു കരഞ്ഞു പറഞ്ഞു നോക്കി.
“അങ്ങനെ ആരെങ്കിലുമല്ല മോളേ… പലര്‍ക്കും അറിയാവുന്ന കാര്യമാണ് അത്. നമ്മളിത് ഇപ്പോഴേ അറിഞ്ഞുള്ളു എന്നു മാത്രം. അയാളുടെ ആദ്യത്തെ കഥ സിനിമയാക്കിയില്ലേ അതില്‍ അഭിനയിച്ച ഒരു പ്രശസ്ത നര്‍ത്തകിയുമായിട്ടാണ് അയാള്ക്ക് ബന്ധമുള്ളത്.“
ഉടഞ്ഞു പോയ ഒരു സ്വപ്നത്തിന്റെ ആഘാതത്തില്‍ നിവേദിത എന്ന സ്വപ്നജീവി ഇതെല്ലാം കേട്ടു തരിച്ചു നിന്നു. ഇല്ലാ…എന്റെ സ്വപ്നങ്ങള്‍ എന്നെ ചതിക്കുകയില്ല. ഞാന്‍ ഭാര്യയാകുന്നെങ്കില്‍ അതു രഘുനാഥ് താലികെട്ടുമ്പോള്‍ മാത്രം അവളുടെ മനസ്സു ഉറപ്പിച്ചു പറഞ്ഞു. മരവിച്ച മനസ്സുമായി കോളേജില്‍ പോയിക്കൊണ്ടിരുന്ന നാളുകള്‍‍‍. അപ്രതീക്ഷമായി ഒരു ദിവസം കോളേജില്‍ തന്നെ കാണാനെത്തിയ രഘുനാഥിന കണ്ട് നിവേദിത അമ്പരന്നു.
“അതെല്ലാം പ്രശസ്തയായ അ സ്ത്രീയെ കരിതേക്കുവാനുള്ള ഗോസിപ്പുകളാണ് നിവേദിത…”
നിവേദിത ഒന്നും മിണ്ടാനില്ലാതെ അയാളുടെ മുഖത്തേക്കു നോക്കി നിന്നു.”നോക്കു… വിശ്വാസം വരുന്നില്ലേ..അടുത്ത ആഴ്ച അവരുടെ വിവാഹമാണ്. പത്രത്തില് വാര്‍ത്തയുണ്ട്.”
അവള്‍ ആശ്വാസത്തോടെ അയാളുടെ സംസാരം കേട്ടുകൊണ്ടിരുന്നു. സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയെന്നോണം എപ്പോഴോ അവള്‍ അയാളുടെ കാമുകിയായി മാറി. കേട്ടതെല്ലാം ഗോസിപ്പുകളായിരുന്നു എന്നും മകളെ വിവാഹം കഴിപ്പിച്ചു തരണം എന്ന രഘുവിന്റെ അഭ്യര്‍ഥനയും അച്ഛന്‍ ചെവിക്കൊണ്ടില്ല.
“എന്റെ മകളുടെ ജീവിതം വെച്ചൊരു പരീക്ഷണത്തിന് ഞാനില്ല“ എന്നു പറഞ്ഞ് രഘുവിനെ പറഞ്ഞയക്കുമ്പോള് സ്വപ്നം തന്ന ധൈര്യത്തില്‍ അവള്‍ അച്ഛനോട് രഘുവിനു വേണ്ടി വാദിച്ചു. മകള്‍ രഘുവോടൊപ്പം പോകും എന്നു മനസ്സിലായപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇന്നും മറന്നിട്ടില്ല.
“ജീവിതം എന്നത് അയാള് എഴുതുന്ന കഥകള്‍ പോലെയായിരിക്കും എന്നു നീ ധരിക്കരുത്. അവന്റെ കൂടെപ്പോയാലുള്ള ഭവിഷ്യത്ത് നീ ഒറ്റക്ക് അനുഭവിക്കെണ്ടി വരും.”
രഘുവിനോടൊപ്പം ഈ നഗരത്തില്‍ ജീവിതം ആരംഭിക്കുമ്പോള് സ്വപ്നത്തേക്കാള്‍ എത്രയോ മാധുര്യമുള്ളതാണ് ജീവിതം എന്നവള്‍ക്കു മനസ്സിലായി. എഴുത്തുകാരന്റെ ഭാര്യയാണ് ലോകത്തില്‍ ഏറ്റം ധന്യ എന്നത് അവളെ ഊറ്റം കൊള്ളിച്ചു . അയാളുടെ എഴുത്തിന്റെ തിരക്കിന് പുര്‍ണ്ണ പിന്തുണ നല്‍കുന്ന ഭാര്യയായി അവള്‍ മാറി.
മാസങ്ങള്‍ കഴിയവെ ഞെട്ടിക്കുന്ന ഒരു സത്യം മൂടുപടം നീക്കി അവളുടെ മുന്നില്‍ വന്നു.. ഭര്‍ത്താവുമായി അകന്ന ജീവിക്കുന്ന തന്റെ പഴയ കാമുകിയുടെ അടുത്തേക്ക് രഘു മടങ്ങിപ്പോയിരിക്കുന്നു. എന്തോ തെറ്റിധാരണയുടെ പേരില്‍ അകന്നു മറ്റൊരാളെ വിവാഹം കഴിച്ച കാമുകിയെ തോല്പ്പിക്കാന്‍ വേണ്ടി കരുവാക്കുകയിരുന്നു അയാള്‍ നിവേദിത എന്ന സ്വപ്ന ജീവിയെ. ജീവിതം വലിയ ചോദ്യ ചിഹ്നമായി മുന്പില്‍ നിന്നപ്പോള്‍ ഒരു സ്വപ്നവും അവളെ രക്ഷിക്കാനെത്തിയില്ല. എങ്കിലും തെറ്റു തിരുത്തി രഘു മടങ്ങിവരുന്ന സ്വപ്നം കാണുവാന്‍ കൊതിച്ച് അവള്‍ ഫ്ലാറ്റിനുള്ളില്‍ ഏകാന്ത ജീവിതം തള്ളി നീക്കി.
“ഞങ്ങള്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. കാരണം ഞങ്ങളുടെ രണ്ടു പേരുടെയും വിവാഹ ജീവിതം പരാജയമായിരുന്നു. അതില്ലാതെയും സമൂഹത്തില്‍ ജീവിക്കാം എന്നു കാണിച്ചു കൊടുക്കുകായാണ് ഞങ്ങള്‍”.
എന്ന അയാളുടെ കാമുകിയുടെ അഭിമുഖം കേട്ട നിവേദിദ തളര്‍ന്നു പോയി.
“ഇനിയെങ്കിലും നീ യധാര്‍ത്ഥ്യത്തിലേക്ക് മടങ്ങി പുതിയ ഒരു ജീവിതം തുടങ്ങൂ.” എന്ന ഗിരീന്ദ്രന്റെ ഉപദേശത്തെയും അവള്‍ അവഗണിച്ചു
“രഘു തിരികെ വരാതെ എനിക്കൊരു ജീവിതമില്ല ഗിരീ.രഘു തിരികെ വരുന്നതാണ് എന്റെ യാധാര്ഥ്യം.”
“നിന്നോടെനിക്കു പുച്ഛം തോന്നുന്നു നിവേദിത. നീ ഏതു യുഗത്തിലാ ജീവിക്കുന്നത് …?പണ്ടത്തെ ശീലാവതി ജീവിച്ച യുഗത്തിലോ..? ഭര്ത്താവിനെ വേശ്യാഗൃഹത്തില്‍ ചുമന്നു കൊണ്ടു പോകുവാന്‍ തയ്യാറായി നില്ക്കുന്ന നിന്നെപ്പോലുള്ള സ്ത്രീകള്‍ പെണ് വര്‍ഗ്ഗത്തിനു അപമാനമാണ്. ഈ ജോലിയില്ലായിരുന്നുവെങ്കില്‍ നീ എങ്ങനെ ജീവിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ…?”
പിന്നിടൊരു രാത്രിയില്‍ നിവേദിത അവള്‍ കാത്തിരുന്ന ആ സ്വപ്നം കണ്ടു. രഘു അവളുടെ മുന്നില്‍ വന്നു നില്ക്കുന്നു !!!
“രഘൂ..ഇതു സത്യമോ…അതോ സ്വപ്നമോ..?”അവള്‍ ഉന്മാദിനിയായി അയാളോടു ചോദിച്ചു”
“സത്യം…സംശയമുണ്ടെങ്കില്‍ ദാ…എന്നെ നുള്ളി നോക്കു..”
നിവേദിത അയാളെ നുള്ളി ,പിന്നെ ഒരു നായക്കുട്ടിയെപ്പോലെ കടിച്ചു,പൂച്ചക്കുട്ടിയെപ്പോലെ അയാളുടെ ശരീരം മൃദുവായി മാന്തിപ്പറിച്ചു“
“പതുക്കേ…പെണ്ണേ…ഇങ്ങനെ വിചിത്രമായ രീതിയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന ഒരേ ഒരു പെണ്ണ് ഭൂമിയില്‍ നീ മാത്രമേ കാണൂ..” രഘു അവളോടു മന്ത്രിച്ചു കൊണ്ടിരുന്നു.
“അതേ..എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളു. അല്ലെങ്കില്‍ ഇത്രയും നാള്‍ ഞാന്‍ കാത്തിരിക്കുമായിരുന്നോ.. ? ഈ നാളുകളില്‍ എനിക്കു നഷ്ടപ്പെട്ട സ്നേഹം ഈ ഒറ്റ നിമിഷം കൊണ്ട് എനിക്കു തിരിച്ചു കിട്ടണം.”
അവള്‍ കിതപ്പിനിടെ പറഞ്ഞു
സ്വപ്നം മുറിഞ്ഞ് എപ്പോഴോ ഉണര്ന്ന നിവേദിത വെളിച്ചം തെളിച്ച് കിടക്കയിലും വീട്ടിലും രഘുവിനെ പരതി.
പിറ്റേന്ന് ഗിരീന്ദ്രനെ കാത്തുനിന്ന നിവേദിത തലേ രാത്രിയിലെ സ്വപ്നത്തെ ക്കുറിച്ചു പറയാന്‍ വെമ്പല്‍ കൊണ്ടു
“എനിക്കു കേള്‍ക്കേണ്ട നിന്റെ സ്വപ്നം. നിന്റെ എല്ലാ സ്വപ്നങ്ങളും ദുരന്ത പര്യവസായിയണ്. അതു നീ മനസ്സിലാക്കുന്നില്ല. നീ നിന്റെ സ്വപ്ന ലോകത്തു നിന്നും എന്റെ ജീവിതത്തിലേക്കു വരുമെന്നു കാത്തിരിക്കുന്ന ഞാനാണു വിഡ്ഡി.“ഗിരീന്ദ്രന്‍ ഈര്ഷ്യയോടെ പറഞ്ഞു.
പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിവേദിതക്കു പറയാനുണ്ടായിരുന്നത് സ്വപ്നത്തെക്കുറിച്ചായിരുല്ല. യാധാര്‍ത്ഥ്യത്തെക്കുരിച്ചായിരുന്നു. ക്ഷമാപണം പറഞ്ഞു കൊണ്ട് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന രഘുവിന്റെ ഫോണ്‍ കോളിനെക്കുറിച്ചായിരുന്നു.
“ഇന്നു ബീച്ചില്‍ വന്നു സംസാരിക്കാമെന്നു പറയുന്നു. ഗിരീ..നീയും കൂടെ വരണം എന്റെ കൂടെ .എനിക്കെന്തോ ഇത്രയും നാള്‍ കൂടി കാണുന്നതിന്റെ ഒരു ധൈര്യക്കുറവ്.“
സ്വപ്നം ഫലിക്കുവാന്‍ പോകുന്നതിന്റെ അഹ്ലാദം അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. തീര്ത്തും നിരാശനായാണ് ഗിരീന്ദ്രന്‍ അതു കേട്ടു നിന്നത്.
ഗിരീന്ദ്രന്റെ കൂടെ ബീച്ചില്‍ ചെന്ന നിവേദിത ദൂരെ നിന്നു തന്നെ രഘുവിനെ കണ്ടുപിടിച്ചു.
“ദാ…രഘുവെത്തി. ഞാന് സംസാരിച്ചു വന്നിട്ടു നിന്നെ പരിചയപ്പെടുത്താം“ അവള്‍ ഉത്സാഹത്തോടെ പറഞ്ഞു
“ഞാനിവിടെ നില്‍ക്കാം . നീ ചെന്നു സംസാരിച്ചിട്ടു വരൂ. അല്ലെങ്കിലും ഇനി നിനക്ക് എന്റെ ആവശ്യമെന്താ..? “ഗിരീന്ദ്രന്‍ തന്റെ നിരാശ മറയ്ക്കാനായില്ല.
ആദ്യമായി സ്കൂളില്‍ ചേരുവാന്‍ പോകുന്ന കൊച്ചു കുട്ടിയുടെ സങ്കോചത്തോടെ നടന്നു പോകുന്ന നിവേദിതയെ അയാള്‍ ദുഖത്തോടെ നോക്കി നിന്നു.
യാതൊരു മുഖവുരയും ഇല്ലാതെയാണ് രഘു സംസാരിച്ചു തുടങ്ങിയത്.
“കഴിഞ്ഞതൊന്നും നമുക്കിനി സംസാരിക്കേണ്ട രഘൂ…അതിനല്ല ഞാന്‍ വന്നത്” അവള്‍ അയാള്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിച്ചു.
“അതെ…ഞാന്‍ ആ കുരുക്കില്‍ വീണ്ടും ചെന്നു വീണു. ഇപ്പോള്‍ അതില്‍ നിന്നും വിട്ടു പോരുകയും ചെയ്തു. നീയും ചെന്നു പെട്ടല്ലോ ആ സമയത്ത് മറ്റൊന്നില്”
“മറ്റൊന്നിലോ..ഞാനോ..? രഘൂ എന്താ ഈ പറയുന്നത്..?” അവള്‍ക്ക് അയാള്‍ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലായില്ല.
“നീ ഇത്രയും കാലം ആ ഗിരീന്ദ്രന്റെ കൂടെയായിരുന്നു എന്നെല്ലാം ഞാനറിഞ്ഞു. ഞാന്‍ നിന്നെക്കുറിച്ച് അന്വേഷിച്ചു കൊണ്ടു തന്നെയാണ് ഇരുന്നത്. അതുകൊണ്ട് നമ്മള്‍ തമ്മിലൊരു കുറ്റപ്പെടുത്തലിന്റെ ആവശ്യം ഇനി ഉദിക്കുന്നില്ല”
“എന്താ രഘു ഈ പറയുന്നത്. ഒറ്റക്കായിപ്പോയ എനിക്ക് ഒരു ഫ്രെണ്ട് മാത്രമായിരുന്നു ഗിരി. എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. പക്ഷേ ഈ രണ്ടു വര്‍ഷവും ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ .” അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
“അതൊന്നും നീ പറയേണ്ട. തനിച്ചായ ഒരു പെണ്ണ് എത്രനാള്‍ ഒരു ആണിനെ വെറും സുഹൃത്തായി വെക്കും എന്നൊക്കെ എനിക്കറിയാം. അതും ആണിന്റെ ചൂടറിഞ്ഞ ഒരു പെണ്ണ്. അതു പോകട്ടെ..കൂടുതലൊന്നും ചോദിക്കുന്നില്ല. അയാളില്‍ നിന്നും പിരിയാന്‍ സമ്മതമായതു കൊണ്ടാണല്ലോ നീ ഇപ്പോള്‍ വന്നത്..?“

വാക്കുകള്‍ നഷ്ടപ്പെട്ട നിവേദിത കടലിനെ നോക്കി ഏതാനും നിമിഷം വെറുതെ നിന്നു. അവളുടെ കണ്ണില്‍ രൂപം കൊണ്ട കണ്ണുനീര്‍ താഴേക്കു വീഴാതെ കണ്ണിനുള്ളിലേക്കു ഉള്‍വലിഞ്ഞു. കുഞ്ഞു നാളില്‍ കണ്ട സ്വപ്നം പോലെ ഈ തിരകള്‍ അതിരു വിട്ട് സഞ്ചരിച്ച് തന്റെ മേല്‍ ആഞ്ഞടിച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചു പോയി. തന്റെ അവസാനത്തെ സ്വപ്നവും ദുരന്ത സ്വപ്നമായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അവള്‍ തിരിച്ചു വന്നു. ആ തിരിച്ചറിവില്‍ അടുത്തു നില്ക്കുന്ന രഘു അവളുടെ മുന്നില്‍ നിന്നും മറഞ്ഞു.”എന്താ നീ ഒന്നും മിണ്ടാതെ നില്ക്കുന്നത്” എന്ന അയാളുടെ ചോദ്യവും അവള്‍ കേട്ടില്ല. ബൈക്കില്‍ ചാരി കാത്തു നില്ക്കുന്ന ഗിരീന്ദ്രന്റെ മുന്നില്‍ എങ്ങനെയാണ് അവള്‍ അത്ര പെട്ടെന്ന് എത്തിയത്..? എപ്പോഴാണ് അവള്‍ അയാളിലേക്ക് കുഴഞ്ഞു വീണത്..? അവള്‍ക്കറിയില്ല.

“എന്റെ സ്വപ്നങ്ങളെ ഞാന്‍ ഉപേക്ഷിച്ചു…..എന്നെന്നേക്കുമായി…..എന്നെ ജീവിതത്തിലേക്ക് കൊണ്ടു പോകൂ…..“ഗിരിയുടെ തോളില്‍ ചിറകറ്റ പക്ഷിയായി തളര്‍ന്നു കിടന്ന് നിവേദിത പറഞ്ഞു കൊണ്ടിരുന്നു.

10.2.10

ജെയിനിന്റെ മരണം ഒരു ഫ്ലാഷ് ബാക്ക്

കല്ലറക്കുള്ളില്‍ വല്ലാത്ത തണുപ്പായിരുന്നു.ഇരുട്ടും.അതിനുള്ളില്‍ ജൈനിന്റെ ശരീരം തണുത്തു മരവിച്ചുകിടന്നു.ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു അവളുടെ സംസ്കാരം നടന്നിട്ട്. ദുര്മ്മരണം സംഭവിച്ച അവളുടെ ശരീരത്തിന്റെ അടുത്തു നിന്നും പോകുവാന്‍ കൂട്ടാക്കാതെ ആത്മാവ് അവളുടെ കൂടെ നിന്നു.പണ്ടേ ഇരുട്ട്
പേടിയുള്ള പെണ്കുട്ടിയായിരുന്നു ജെയിന്‍.കല്യാണത്തിനു മുന്പ് കറണ്ടു പോകുന്ന ദിവസങ്ങളില് അവള്‍ മമ്മിയുടെ മുറിയിലേ ഉറങ്ങുമായിരുന്നുള്ളു.കല്യാണം കഴിഞ്ഞ് രണ്ടു ദിവസമായിക്കാണും പെട്ടെന്നു രാത്രി കറണ്ടു പോയപ്പോള്‍ ഭയന്നു കെട്ടിപ്പിടിച്ച ജെയിനിനെ ടോം കുറച്ചൊന്നുമല്ല കളിയാക്കിയത്.ആ ജെയിനാണ് ഇപ്പോള്‍ കൂരിരുട്ടില്‍ തനിയെ....കല്ലറക്കു മുകളില്‍ നല്ല മഴ പെയ്യുന്നുണ്ട്. പെരുമഴ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി അവളുടെ ശരീരത്തെ നനക്കുമോ എന്ന് ആത്മാവ് സന്ദേഹിച്ചു..

ആത്മാവ് അവളില്‍ നിന്നും വേര്പിരിയാനുണ്ടായ സാഹചര്യങ്ങളെല്ലാം ഓര്ത്തുകൊണ്ട് അവളുടെ ശരീരത്തെ ചുറ്റിപ്പറ്റി നിന്നു. അല്ലാതെ പിന്നെ അതെന്തു ചെയ്യും അതിന് ശരീരത്തിലെക്ക് വീണ്ടുമൊരു തിരിച്ചു പോക്ക്
സാധ്യമല്ലല്ലോ. ഇപ്പോള്‍ അവളുടെ ശരീരവും ആത്മാവും രണ്ടും രണ്ടായി പിരിഞ്ഞിരിക്കുന്നു.ശരീരത്തിലായിരിക്കുമ്പോള് താന്‍ അവള്‍ തന്നെയായിരുന്നു.അവളുടെ മനസ്സായിരുന്നു.ഇപ്പോള്‍ നല്ലവളായ ഈ പെണ്കുട്ടിയില്‍ നിന്നും പിരിയേണ്ടി വന്നല്ലോ എന്ന് ആത്മാവ് ഖേദത്തോടെ ഓര്ത്തു.സംഭവങ്ങളിലേക്ക് പിന്നോട്ട് ആത്മാവ് സഞ്ചരിച്ചു തുടങ്ങി.

ഒരു മഴക്കാലത്താണ് അവളുടെ മരണം സംഭവിച്ചത്.ശവമടക്കു സമയത്തും പെരുമഴ.കൂടി നിന്നവര്ക്ക് എങ്ങനെ എങ്കിലും ഇതൊന്നു കഴിഞ്ഞെങ്കില്‍ എന്നായിരുന്നു.അല്ലെങ്കിലും അധികം ആളൊന്നും അവളുടെ ശവ സംസ്കാരത്തിനുണ്ടായിരുന്നില്ല. അവളുടെ അമ്മയും ബന്ധുക്കളെല്ലാം കരഞ്ഞു കൊണ്ട് ആ മഴയത്തു നിന്നു.മറ്റുള്ളവര്‍ സെമിത്തേരിയില്‍ തന്നെ മരിച്ചവര്ക്കു വേണ്ടിയുള്ള പ്രാര്ഥനക്കായി കെട്ടിയുണ്ടാക്കിയിട്ടുള്ള ചെറിയ കപ്പേളയിലേക്ക് നീങ്ങി നിന്നു.തുള്ളിക്കൊരു കുടമുള്ള മഴയില്‍ നിന്നും രക്ഷപ്പെടാമല്ലോ.മഴ ശക്തിയായപ്പോള്‍ പണിക്കാരാരോ കൊണ്ടു കൊടുത്ത കുട ടോമിന്റെ അപ്പന്‍ നിവര്ത്തി അവനെക്കുടെ അതിന്റെ ചുവട്ടില്‍ നിറുത്തി. കുഴി മൂടിക്കഴിഞ്ഞിട്ടും ജെയിനിന്റെ അമ്മ ആലീസ് ആ പെരുമഴയത്തു നിന്നു.പിന്നെ അവളുടെ കുഞ്ഞമ്മ ലിസ്സാമ്മ അവരെ നിര്ബന്ധിച്ചു കൊണ്ടു വന്നു കപ്പേളയിലെ ബെഞ്ചില്‍ ഇരുത്തി.നനഞ്ഞു
കുതിര്ന്ന വസ്ത്രങ്ങളുമായി ആ സ്ത്രീ പതുക്കെ പ്രഞ്ജയറ്റ് ബെഞ്ചിലേക്കു വീണു.

പുരാതന തറവാടായ വലിയകുളത്തില്‍ വീടിന്റെ വിശാലമായ ഹാള്‍. പോസ്റ്റുമാര്ട്ടം കഴിഞ്ഞ ജയിന്റെ മൃതദേഹം പെട്ടിയില്‍ അലങ്കരിച്ചു കിടത്തിയിരിക്കുന്നു. വീടിനുള്ളില്‍ അയല്ക്കാരും ബന്ധുക്കളും..ആരുടെയും മുഖത്ത് യാതൊരു സഹതാപ ഭാവവുമില്ല. ഒരു ഞെട്ടലാണ് എല്ലാ കണ്ണുകളിലും. അവള്‍ എന്തിന് ഇതു ചെയ്തു എന്നൊരു ചോദ്യ ഭാവമാണ് എല്ലാ മുഖത്തും. എല്ലാവരും അവളുടെ ഭര്ത്താവ് ടോമിനെ ഓര്ത്ത് ദു:ഖിച്ചു.അവള്ക്ക് ശവസംസ്കാര ചടങ്ങുകള് ഒന്നും ഉണ്ടായിരുന്നില്ല.എപ്പോഴോ പള്ളിയില് നിന്നും അച്ചന്‍ വന്ന് പ്രാര്ഥിച്ചിട്ടു പോയി.അത്രമാത്രം. അല്ലാതെ തൂങ്ങി മരിച്ച പെണ്ണിന്റെ അടക്കിന് പള്ളിക്കാര്‍ വരുമോ..?. പണ്ടായിരുന്നെങ്കില്‍ തെമ്മാടിക്കുഴിയിലായിരുന്നു അവള്‍ക്ക് സ്ഥാനം.പുതുമ മങ്ങാത്ത റോസ് നിറത്തിലുള്ള മന്ത്രകോടിയാണ് അവളെ ഉടുപ്പിച്ചിരിക്കുന്നത്.തലയില്‍ വെളുത്ത പൂക്കളുടെ കിരീടം.കയ്യില്‍ ചെറിയ ഒരു കുരിശും കൊന്തയും.ആറു മാസം
മുന്പ് ഇതു പോലെ പൂക്കള് കൊണ്ടുള്ള കിരീടവും കൈകളില് ബെക്കെയുമായി വെളുത്ത ഗൌണനിഞ്ഞു വന്ന മണവാട്ടിയെ കാണുവാന്‍ വന്നതിന്റെ പകുതി പോലും ആളുകള്‍ ഇപ്പോഴവിടില്ല.അന്ന് ആ മണവാട്ടിയുടെ ചുണ്ടുകളില്‍ മന്ദസ്മിതമായിരുന്നെങ്കില്‍ ഇന്ന് തണുത്ത മരണത്തിന്റെ നിര്ജ്ജീവത.

“വല്ലാത്ത പിടി വാശിക്കാരി പെണ്ണായിരുന്നു.ഒറ്റ മോളായി വളര്ത്തിയതിന്റെയാ...”
“അതേ..അതേ...അല്ലെങ്കില് കെട്ട്യോന്‍ എന്തോ പറഞ്ഞതിന് പെണ്ണുങ്ങള് ഇതു മാതിരി കടും കൈ ചെയ്യാമോ...?”
“പാവം ടോം.എന്തു നല്ല ചെറുക്കനാ..അവന്റെ ജീവിതം പോയി..”
“അമ്മായിയപ്പന്‍ വര്ഗ്ഗീസിന് പിടിപാടുണ്ടായതു ഭാഗ്യം.അല്ലെങ്കില്‍ ഇത്ര പെട്ടെന്നു പോസ്റ്റുമാര്ട്ടം കഴിഞ്ഞ് ശരീരം കിട്ടുമായിരുന്നോ..?”
ചുറ്റും കൂടിനിന്ന പെണ്ണുങ്ങള്‍ ഓരോരുത്തരായി അടക്കം പറയുന്നുണ്ടായിരുന്നു. ജെയിനിന്റെ ആത്മാവിനു ചിരി വന്നു അതു നിശ്ശബ്ദം ചിരിച്ചു. അതു കുറച്ചു ഉറക്കെ ചിരിച്ചാലും കുഴപ്പമില്ല. അതിനെ കേള്ക്കാന് ജയിനിന്റെ
ശരീരത്തിനല്ലാതെ മറ്റാര്ക്കുമാവില്ലല്ലോ.ടോം അതീവ ദു:ഖിതനായി ശവത്തിനരികെ നിന്നു.അതു ദു:ഖമല്ല, പരിഭ്രമമാണെന്ന് ആത്മാവിനു മാത്രം മനസ്സിലായി.അവളുടെ അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരുന്നു.

ജെയിനിന്റെ മൃതദേഹം ചുറ്റുമുണ്ടായിരുന്ന കുറച്ചാളുകളുടെ സഹായത്തോടെ പോലീസ് താഴെയിറക്കി.“അവളുടെ വീട്ടില് അറിയിക്കണ്ടേടാ… കോണ്ട്രാക്ടര് വര്ഗ്ഗീസ് മകനോടു ചെവിയില്‍ ചോദിച്ചു.ടോം ഒന്നും മിണ്ടാനില്ലാത്തവനെപ്പോലെ അപ്പനെ നോക്കി.
“അല്ലെങ്കില്‍ വേണ്ട കുറച്ചു കഴിയട്ടെ..ഇതൊന്നു കൊണ്ടു പോയിട്ടു മതി.“
അര മണിക്കൂര്‍ യാത്രയേ ഉള്ളു ജെയിനിന്റെ വീട്ടിലേക്ക്.മൃതദേഹം കയറ്റിയ ആംബുലന്സ് ഗേറ്റു കടന്നു പോയപ്പോള് വര്ഗ്ഗീസിന്റെ സുഹൃത്തായ മേടയില്‍ ആണ്ട്രൂസ് ധൃതിയില് ലാന്ഡ് ഫോണിനടുത്തേക്ക് ചെന്ന് ജെയിനിന്റെ വീട്ടിലേക്ക് വിളിച്ചു വിവരമറിയിച്ചു.ആണ്ട്രൂസ് വലിയ കുളത്തില് വീടിന് വേണ്ടപ്പെട്ട ആളാണ്.വര്‍ഗ്ഗീസിന്റെ വലം കൈ. രാഷ്ട്രീയത്തിലും നല്ല പിടിപാട് ഉണ്ട്.

തലേന്നു രാത്രി….ടോം കിടക്ക മുറിയുടെ പുറത്ത് ഡൈനിങ്ങ് ഹാളിലെ കസേരയില്‍ അസ്വസ്ഥനായി ഇരിക്കുന്നു.അകത്തു നിന്നും അപ്പന്‍ ജെയിനിനോട് സംസാരിക്കുന്നത് കേള്ക്കാം.അയാള്‍ അത് ചെവിയോര്ത്തു നില്ക്കുകയാണ്.
“അതു നിനക്കായിട്ടു തന്നതല്ലേ..? പിന്നെന്തിനാ നിന്റെ മമ്മിയുടെ ഒരു സമ്മതം..?”
“മമ്മി എതിരൊന്നും പറയുകയുകയില്ല.പക്ഷേ “മമ്മിയോടു ചോദിക്കാതെങ്ങനെയാ..?” ജെയിന്‍ വിഷമത്തോടെ ചോദിക്കുന്നു
“കല്യാണം കഴിഞ്ഞാല്‍ പിന്നെ കെട്ടിയ വീട്ടുകാരോടാ ചോദ്യവും സമ്മതവുമൊക്കെ.അല്ലാ.... ആ മൂന്നേക്കര്‍ തോട്ടം തന്നില്ലായിരുന്നെങ്കില്‍ നിനക്കീ വീട്ടില്‍ കാലു കുത്തുവാന് പറ്റുമായിരുന്നോ..? ഈ വീടിന്റെ നിലയും വിലയും നിന്റെ വീട്ടുകാര്ക്കും അറിയാവുന്നതല്ലേ..?”
അപ്പന് ദേഷ്യം വരുന്നുണ്ടെന്നു ടോമിനു മനസ്സിലായി.ഇനി എന്തെല്ലാമായിരിക്കും സംഭവിക്കുക എന്നോര്‍ത്തയാള്‍ ആശങ്കാ ഭരിതനായി. തെല്ലു നിശബ്ദതക്കു ശേഷം അപ്പന്റെ ശബ്ദം വീണ്ടും കേട്ടു.
“ഇപ്പോ എനിക്കു കുറച്ചു പൈസക്കാവശ്യം വന്നു. അതിനു വേണ്ടിയല്ലേ ആ തോട്ടമങ്ങു വില്ക്കാമെന്നു പറഞ്ഞത്. നിന്റെ മൊതല് ഈ വീട്ടിലെ മൊതലാ..അല്ലെങ്കില് ജപ്തിയാ വരാന് പോകുന്നേ..ജപ്തി..ഞാന്‍ മാത്രമല്ല നീയും ഇറങ്ങേണ്ടി വരും കെട്ട്യവന്റെ കൂടെ.ഈ കുടുബത്തിന്റെ അന്തസ്സും കൂടെയിറങ്ങും.നാട്ടുകാരിതറിഞ്ഞാല്‍ പിന്നെ എനിക്ക് തലയുയര്ത്തി നടക്കാണോ..വലിയ കുളത്തില്‍ തറവാട് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് നിനക്ക് നിന്റെ വീട്ടുകാരെ അറിയിച്ചേ അടങ്ങൂ..അല്ലേ…?”
“വില്ക്കുന്നതിലൊന്നും എനിക്കു തടസ്സമില്ല.മമ്മിയോടൊന്നു പറയണം എന്നേ പറഞ്ഞുള്ളു.”വീണ്ടും ജെയിനിന്റെ അപേക്ഷാ സ്വരം.
ടോം അസ്വസ്ഥനായി കൈ നഖം കടിച്ചു കൊണ്ട് കസേരയില്‍ നിന്നും എഴുന്നേറ്റു.അയാള്ക്കും വല്ലാതെ അരിശം വരുന്നുണ്ടയിരുന്നു.മുറിക്കു പുറത്തേക്ക് ക്രുദ്ധനായി ഇറങ്ങിയ വര്ഗ്ഗീസ് മകനോടലറി.
“ഒന്നു സമ്മതിപ്പിക്കടാ..ആ അനുസരണകെട്ടവളെ…കെട്ടിയവനാണെന്നും പറഞ്ഞു നടക്കുന്നു..നാണമില്ലാതെ..“
കലി തുള്ളി മുകളിലേക്കു കയറിപ്പോയ അപ്പനെ ടോം ഒരു നിമിഷം നോക്കി നിന്നു.പിന്നീട് കിടക്കമുറിയിലേക്കു പാഞ്ഞു. മുറിക്കുള്ളിലേക്കു വന്ന ടോമിനെ ജെയിന്‍ ഭീതിയോടെ നോക്കി.അവന്റെ ഇങ്ങനെയൊരു ഭാവം അവള്‍
ആദ്യമായിട്ടാണ് കാണുന്നത്.

താഴെനിന്നും ടോമിന്റെ പരിഭ്രാന്തമായ വിളികേട്ട് മുകളിലത്തെ മുറിയിലായിരുന്ന വര്ഗ്ഗീസ് അങ്ങോട്ടു ചെന്നു.ജെയിനിന്റെ ചേതനയറ്റ ശരീരം കണ്ട് അയാള്‍ മിഴിച്ച കണ്ണുകളോടെ മകനെ നോക്കി. അന്നു രാത്രി പന്ത്രണ്ടു മണിയോടെ കോണ്ട്രാക്ടര്‍ വലിയ കുളത്തില് വര്ഗ്ഗീസിന്റെ മകന്റെ ഭാര്യ ജെയിന്‍ തൂങ്ങി മരിച്ചു.അത് ആ കുടുംബത്തിന്റെ സല്പ്പേരിന് കളങ്കമായി.

ഒരു റൌണ്ട് ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോള് ആത്മാവ് ഇഹലോകത്തിന്റെ നാടകങ്ങളോര്ത്ത് ചിരിക്കാന്‍ തുടങ്ങി.കുറച്ച് ഉറക്കെ..അത് കേട്ട് ജെയിന്റെ ശരീരം ചോദിച്ചു.
“എന്താ നീ സാധാരണ ആത്മാവുകളെപ്പോലെ എന്നില്‍ നിന്നും പിരിഞ്ഞ ഉടനെ പരലോകത്തേക്കു പോകാത്തത്..? എന്റടുത്തു നിന്നും പോകാന് ഇത്ര വിഷമമാണോ നിനക്ക്..?”
“എന്താണെന്ന് എനിക്കും വ്യക്തമായി അറിയില്ല.അപ്പോള്‍ എനിക്കു നിന്നെ വിട്ടു പോകാന്‍ തോന്നിയില്ല നിന്നോട് ആര്ക്കും തോന്നാത്ത കരുണ തോന്നിയതു കൊണ്ടായിരിക്കും. ഒരു ആത്മാവും ചെയ്യാത്ത കാര്യമാണ് നിനക്കു ഞാന്‍ നല്കിയത് …എനിക്കു പോകാന് സമയമായി..തിരിച്ചു ഞാന് നിന്റെ ശരീരത്തില് കയറി
ജീവന്‍ ലഭിക്കുമെന്നു നീ വിചാരിക്കുന്നുണ്ടോ..?ഏതെങ്കിലും ആത്മാവിന് സാധിച്ചിട്ടുണ്ടോ അത്..?”
“ആത്മാവിനു പോകണമെങ്കില്‍ ശരീരത്തിന്റെ അനുവാദം വേണോ..?എന്റെ ശരീരത്തില്‍ നിന്നും പിരിഞ്ഞ നിന്റെ മേല്‍ എനിക്ക് എന്തു നീയന്ത്രണമാണ് ഉള്ളത്.പിന്നെ നീ പോകാതെ നില്ക്കുന്നത് എനിക്ക് ഒരു ആശ്വാസമാണെന്നു മാത്രം” ശരീരം മറുപടി പറഞ്ഞു
“നീ ഭൂമിയില്‍ ജീവിച്ചു കൊതി തീരാത്തവളായതു കൊണ്ടായിരിക്കും എനിക്ക് അപ്പോള്‍ പോകാന്‍ തോന്നാതിരുന്നത്”
“ഭൂമിയില്‍ ജീവിച്ചു കൊതി തീരുക അത്ര ഏളുപ്പമുള്ള കാര്യമണോ ഒരു മനുഷ്യ ജന്മത്തിന്..?”
“അതില്ല...പക്ഷേ നിന്റെ ഈ പ്രായത്തില്‍ ഒരു ജന്മം ഒടുങ്ങുക എന്നത് ദു:ഖകരമായ സത്യം തന്നെ”
“അതേ..ഞാന്‍ എത്ര ദു:ഖിക്കൂന്നു..ഇഹലോകം എനിക്കു നഷ്ടപ്പെട്ടതോര്ത്ത്..എന്റെ മമ്മിയെ ഓര്ത്ത്,ബന്ധുക്കളെ ഓര്ത്ത്.അങ്ങനെ പലതും…”
“അപ്പോള് നിന്റെ ടോം..?”
“അവനെയും എനിക്കു സ്നേഹിച്ചു മതിയായില്ല..”
“നിന്നെ കൊന്നവനായിട്ടും..?”
“ടോമിനെ ഞാന്‍ അത്രക്കു സ്നേഹിച്ചിരുന്നതല്ലേ…എന്റെ ആത്മാവായിരുന്നിട്ടും നിനക്ക് എന്റെ മനസ്സു മനസ്സിലാകുന്നില്ലേ…?”
“കഷ്ടം!!!!!!!!!“ആത്മാവ് ശബ്ദമില്ലാതെ പറഞ്ഞു

“കഴിഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും നിനക്ക് ഓര്മ്മയുണ്ടോ…?” ആത്മാവ് വീണ്ടും ചോദിച്ചു
“പൂര്ണ്ണമായും ഇല്ല..ടോം എന്നെ കൊല്ലണം എന്നോര്ത്തായിരിക്കില്ല അടിച്ചത്.ടോം ഏറ്റവും സ്നേഹം തോന്നുമ്പോള്‍ എന്റെ കഴുത്തിലാണ് ചുംബിക്കാറുള്ലത്. അടികൊണ്ട് വീഴാന്‍ പോയ എന്റെ കഴുത്തിലേക്ക് കൈ കൊണ്ടു
വന്നപ്പോള് ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു കണ്ണുകളടച്ചു പോയി. എന്നെ സാന്ത്വനിപ്പിക്കാന്‍ വരുന്നു എന്നാണ് ഞാന്‍ കരുതിയത്. അത്രയേ എനിക്കോര്മ്മയുള്ളു.പിന്നീടെന്താ സംഭവിച്ചതെന്നു എനിക്കറിയില്ല.
എന്റെ ബോധം അപ്പോള്‍ മറഞ്ഞു പോയായിരുന്നല്ലോ..“
ആത്മാവ് അവളെ സഹതാപത്തോടെ നോക്കി..പിന്നെ പറഞ്ഞു.
“അപ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും വേര്പെടാതിരിക്കുവാനുള്ള തത്രപ്പാടിലായിരുന്നല്ലോ. വേര്പെടാതിരിക്കാന്‍
ഞാന്‍ ആവതു ശ്രമിച്ചതാണ്.നീയും ദീര്ഘമായി ശ്വാസം വലിച്ച് എന്നെ പിരിയാതിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നല്ലോ.സാരമില്ല നിന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ നമ്മള്‍ തമ്മില്‍ പിരിയണം എന്നത് വിധിയായിരിക്കും“
“ഓ…നീയോര്പ്പിച്ചതു നന്നായി നാളെ എന്റെ പിറന്നാളാണ്…“
“പിറന്നാളെല്ലാം ഭൂമിയില്‍ ജീവിച്ചിരികുന്നവര്ക്കല്ലേ..നീ ഇപ്പോള്‍ ഭൂമിയില്‍ നിന്ന് മറഞ്ഞവളാണ്..ശരീരവും ആത്മാവും രണ്ടായവള്‍ .അതു നീ മറന്നോ..?”
“മറന്നിട്ടല്ല…എന്റെ കഴിഞ്ഞ പിറന്നാളുകള് ആഘോഷിച്ചത് ഓര്ത്ത് അറിയാതെ പറഞ്ഞു പോയതാണ്..”ശരീരം ദു:ഖത്തോടെ പറഞ്ഞു.
“ഇനിയും നിന്റെ കൂടെ നില്ക്കുവാന്‍ എനിക്ക് സാധിക്കില്ല .ഇപ്പോള് തന്നെ ഞാന്‍ എന്റെ ലോകത്തേക്കു പോകുവാന്‍ എത്ര വൈകി.ഇനിയും വൈകിയാല്‍ എനിക്ക് ഇനി ആ ലോകത്തേക്ക് പ്രവേശനം നിഷേധിച്ചെന്നിരിക്കും.ഗതി ഇട്ടാതെ ഭൂമിയില് അലയുക എന്നത് നമുക്കു രണ്ടുപേര്ക്കും നല്ലതല്ല..”ആത്മാവ് ഓര്മ്മിപ്പിച്ചു
“ശരി എനിക്ക് എന്റെ വിധി നിനക്ക് നിന്റെയും“

ജെയിനിന്റെ ശരീരം മനസ്സില്ലാ മനസ്സോടെ തന്നിന്‍ ഇന്നും പിരിഞ്ഞ ആത്മാവിനെ അതിന്റെ ലോകത്തേക്കു യാത്രയാക്കി. ജെയിനിന്റെ ശരീരത്തെ ഒരു നിശ്വാസത്തോടെ നോക്കിയ ശേഷം അതിനെ ആറടി മണ്ണിനു വിട്ടു കൊടുത്തു കൊണ്ട് അവളുടെ ആത്മാവ് പരലോകത്തേക്കുള്ള യാത്രയായി. പോകുന്ന വഴിയില് അത് ജെയിനിന്റെ കല്ലറയെ ഒന്നു തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

ജെയിന്‍ ടോം
ജനനം: 10-6-1987
മരണം: 9-6-2009