3.3.15

മയൂര നടനം


 ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി ഏഴ് കൊല്ലം തികയാറായപ്പോഴാണ് പെട്ടെന്നൊരു ദിവസം “നമുക്ക് പിരിയണം റഷീ....” എന്ന് പറഞ്ഞ് യമുനയെന്നെ ഞെട്ടിച്ചത്. ഒരു ഞായറാഴ്ച ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍  മടിച്ചങ്ങനെ കിടക്കുമ്പോഴാണ് യാതൊരു പ്രകോപനവും ഇല്ലാതെ അവളങ്ങനെ പറഞ്ഞത്. ഉറക്കപ്പിച്ച് പറയുന്നുവെന്നാണ് എനിക്കാദ്യം തോന്നിയത്. പതിവ് പോലെ നെഞ്ചില്‍ തല ചായ്ച്ചു കിടന്നിരുന്ന അവളെ ഞാനപ്പോഴും ചേര്‍ത്തു  പിടിച്ചിരുന്നു.
പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ള പിരിയല്‍ എന്ന ദുരന്തം ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വരുമെന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ വിചാരിച്ചിട്ടില്ലായിരുന്നു. സാധാരണ ഉണ്ടാകുന്ന സ്നേഹ കലഹങ്ങളോ ദമ്പതികള്‍ക്കിടയിലെ ‘സെവന്‍ത്ത് ഇയര്‍ ഇച്ചിംഗ്’ എന്ന ഇംഗ്ലീഷ് അസ്വാരസ്യമോ ‘ലിവിംഗ് ടുഗതര്‍’ എന്ന വിപ്ളവകരമായ ദാമ്പത്യം നയിക്കുന്ന ഞങ്ങള്‍ക്കിടയില്‍ തീരെ ഇല്ലായിരുന്നു.  
എന്റെ വെളുത്ത കാലില്‍ പിണഞ്ഞു കിടന്ന അവളുടെ ഇരുണ്ട കണങ്കാല്‍ കാണിച്ചു കൊണ്ടവള്‍ തുടര്ന്നു
“കണ്ടില്ലേ, രാവും പകലും പോലെ കിടക്കുന്നത്...? യോജിക്കാന്‍ പറ്റാത്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  ഏതെങ്കിലും ചിത്രകാരന്‍ ചിത്രം വരക്കുമോ..? തമ്മില്‍ ചേരാനാവാത്തത് ചേര്‍ക്കാന്‍  ശ്രമിച്ച വിഡ്ഢികളാണ് നമ്മള്‍.”
കാണാതെ പഠിച്ചു വെച്ച എന്തൊക്കെയോ യാന്ത്രികമായി പുലമ്പുന്നത് പോലെയായിരുന്നു അവളുടെ സംസാരം.
ഉറക്കം വിട്ട് ചാടി എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു. സഹതാപത്തോടെ അണച്ച് പിടിച്ചപ്പോള്‍ അവള്‍ കുതറി മാറി എഴുന്നേറ്റു പോകുകയാണുണ്ടായത്. കുറച്ചു നാളുകളായി അവളുടെ മൂഡ്‌ ശരിയല്ല എന്നെനിക്ക് തോന്നിയിരുന്നു.

അവള്‍ക്കെന്തുപറ്റിയെന്ന സന്ദേഹത്തില്‍ പുറത്തെ വരാന്തയില്‍ ചെന്നിരിക്കുമ്പോള്‍ കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി ഒരു കപ്പു കാപ്പി കൊണ്ടു തന്നിട്ടവള്‍ മിണ്ടാതെ തിരിച്ചു പോയി. കാപ്പി മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അന്‍പഴകനും അവനു തൊട്ടു പിന്നാലെ കറുപ്പായിയും അടുക്കള ഭാഗത്തേക്ക് മെല്ലെ നടന്നു പോകുന്നത് കണ്ടു.

തീരെ അയല്പക്കമില്ലാത്ത ഈ വീട്ടിലെ ഞങ്ങളുടെ നിത്യ സന്ദര്‍ശകരാണവര്‍. മിച്ചം വരുന്ന ഭക്ഷണം എല്ലാ വൈകുന്നേരങ്ങളിലും ഒരവകാശം പോലെ വാങ്ങാന്‍ അവര്‍ വരും. അതിസുന്ദരനായ അന്‍പഴകനും ചന്തം തീരെയില്ലാത്ത കറുപ്പായിയും. അന്‍പഴകന്‍, പീലികള്‍  തഴച്ച് വളര്‍ന്ന്   വര്‍ണ്ണുങ്ങള്‍ വാരി വിതറിയ മേനിയഴകുള്ള യുവാവ്. മിന്നിത്തിളങ്ങുന്ന നീല രോമങ്ങള്‍ തിങ്ങി നിറഞ്ഞ മനോഹരമായ കഴുത്തുയര്‍ത്തി തല മെല്ലെ വെട്ടിച്ച് നടക്കുമ്പോള്‍ അവന്റെ തലയിലെ ഭംഗിയുള്ള പൂവുകള്‍ ഇളം വെയിലില്‍ തിളങ്ങും. പാവം കറുപ്പായിക്ക് അന്‍പഴകന്റെ കൂട്ടുകാരി എന്ന ലേബല്‍ മാത്രം. അവളുടെ തലയിലെ പൂവ് പോലും അന്‍പപഴകന്റെ ഏഴയലത്ത് വരില്ല. വെറും ചാര നിറത്തിലെ തൂവലുകള്‍ കൊണ്ടു മാത്രം ജീവിക്കാന്‍ വിധിക്കപെട്ടവള്‍ എന്ന് പറഞ്ഞ് യമുന ഇടക്കിടെ അവളോടു സഹതപിക്കുന്നത് കേള്‍ക്കാം . പക്ഷെ ഞാന്‍ സുന്ദരനായ അന്‍പഴകന്റെ പ്രണയിനിയാണ് എന്ന ഗര്‍വില്‍ അവനോടു ചേര്‍ന്നല്ലാതെ അവളെ ഒരിക്കലും കണ്ടിട്ടില്ല.
  
കാറ്റാടി യന്ത്രങ്ങളുടെയും ഉപ്പ് പാടങ്ങളുടെയും നാട്ടിലേക്ക് സ്ഥലം മാറി വന്ന ആദ്യ ദിവസങ്ങളില്‍ കാടിനടുത്ത് ഒറ്റപ്പെട്ടു നില്ക്കുന്ന ഈ വീട് വേണ്ട എന്നു പറഞ്ഞ യമുനക്ക് പിന്നീട് വീട് മാറേണ്ട എന്നായി. ചുറ്റും കാടിന്റെ സ്വച്ഛതയും ശാന്തതയും. ദൂരെ ഉപ്പുപാടങ്ങളുടെ അതിരുകളില്‍ ഉദിച്ചസ്തമിക്കുന്ന സൂര്യന്‍. വീട്ടു ജോലിക്കാരി തേന്മൊഴിയും അവളുടെ കണവന്‍ പാല്ക്കാരന്‍ ബാലമുരുകനും കാടു താണ്ടി ഇത്രയും ദൂരം വരുന്നതിന്റെ ആവലാതികള്‍ ഇടക്ക് പറഞ്ഞു കൊണ്ടിരുന്നു..
“അക്കാ...എങ്ക വീട്ടുക്ക്‌ പക്കത്തില്‍ നല്ല വസതിയാന വീടിരിക്ക്. വാടകൈ കമ്മി. ഉങ്കള്‍ മാതിരി പെരിയ ആള്‍കള്‍ ഏന്‍ ഇന്ത കാട്ടില്‍ വന്ത് വസിക്കണം ...?”
അവരുടെ പ്രലോഭനങ്ങള്‍ എന്നെ ചെറുതായി ഉലച്ചുവെങ്കിലും അതിനൊന്നും വഴങ്ങാതെ വീട് മാറുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ യമുന ഉറച്ചു നിന്നു. ഞാന്‍ പിന്നീടവളെ നിര്‍ബന്ധിച്ചുമില്ല. 
തൊട്ടടുത്തുള്ള ഉപ്പ് പാടത്തിന്റെ ഉടമ ചെല്ലപ്പ മുതലിയാരുടെ പഴയ രീതിയില്‍ പണി കഴിപ്പിച്ച ഇരു നില വീട്.
“അന്ത മുതലിയാര്‍ അവരുടെ ചിന്ന വയസ്സില്‍ ഒരു പെമ്പിള പിത്തനാക ഇരുന്താന്‍. അവര്‍ ആസൈക്കാക കട്ടിയ ഇടം ഇത്.”
തേന്മൊാഴി യമുനയുടെ ചെവിയില്‍ അടക്കം പറഞ്ഞു.
“അങ്ങനെയെങ്കില്‍ അയാള്‍ ഞങ്ങള്‍ക്ക് വാടകക്ക് തന്നതോ..?”
“അയ്യയ്യോ...അത് അവരല്ല. മകന്‍ സെല്‍വന്‍. നല്ല തങ്കമാന പയ്യന്‍. അന്ത ചെല്ലപ്പാവുക്ക് എണ്‍പതു വയസ്സ് മേലെ ആച്ച്. മുത്തയ്യാപുരത്തെ വീട്ടെയ് വിട്ട് എങ്കെയും പോകമാട്ടാര്‍. ഇപ്പൊ കണ്ണ് കൂടെ തെരിയാത്”.
ചെല്ലപ്പ മുതലിയാര്‍ കാമുകിമാരുമായി രമിച്ച ആ വീട്ടില്‍ ഞങ്ങള്‍ പാര്‍പ്പു  തുടങ്ങിയിപ്പോള്‍ ഒരു വര്‍ഷമാകുന്നു.
വന്ന നാളില്‍ത്തന്നെ അന്‍പ‍ഴകന്‍ കറുപ്പായി ജോഡി ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  മറ്റ് ആണ്‍ മയിലുകളുടെ കൂടെ ഒന്നിലധികം പെണ്മയിലുകളെ കാണുമ്പോള്‍ അന്‍പ‍ഴകന്റെ കൂടെ എന്നും കറുപ്പായി മാത്രം. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി അവര്‍ കാണിച്ച അസാധാരണ ഇണക്കമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. യമുന പുതിയ പേര്‍ നല്കി  അവരെ വിളിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ പേരറിഞ്ഞു എന്ന ഭാവത്തിലാണ് രണ്ടു പേരും ഞങ്ങളെ നോക്കിയത്. ആദ്യമൊക്കെ മുറ്റത്തിടുന്ന ഭക്ഷണ സാധനങ്ങള്‍ കൊത്തിത്തിന്നാനെത്തുന്ന കക്ഷികള്‍ ഞങ്ങളെക്കണ്ടാലുടന്‍ സ്ഥലം വിടുമായിരുന്നു. പിന്നെപ്പിന്നെ രാവിലെയും വൈകിട്ടും അവര്‍ മുറ്റത്തെ സ്ഥിരം സന്ദര്‍ശകരായി, ഞങ്ങളെ കണ്ടാലും കൂസലില്ലാതെ മുറ്റത്ത് കൂടെ നടക്കുമെന്നായി. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കില്‍ “ദാ...തിന്നോ... കറുപ്പായീ... അന്‍പഴകാ...” എന്നൊക്കെ പറഞ്ഞു യമുന ധൃതിയില്‍ തലേന്നത്തെ ചപ്പാത്തിക്കഷണമോ കടലക്കറിയോ മുറ്റത്തിട്ട് കൊടുക്കും. വൈകിട്ട് അവള്‍ ഓഫീസില്‍ നിന്നും വരുന്ന സമയം കൃത്യമായി അറിയാവുന്ന രണ്ടു പേരും മുറ്റത്തങ്ങനെ ചികഞ്ഞു നടക്കും.
“എന്റെ അന്‍പഴകാ നീ എന്തിനാ ഈ ചൂല് പോലെയുള്ള പീലിയും ഫിറ്റ് ചെയ്തിങ്ങനെ നടക്കുന്നത്...? വല്ലപ്പോഴുമൊന്ന് വിരിച്ചാടി കാണിച്ചു കൂടെ...?” എന്നവള്‍ പലപ്പോഴും അവനോടു ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
“അവന്റെ പീലികള്‍ നിന്നെ ആടിക്കാണിക്കാനുള്ളതല്ല. അതവന്റെ കറുപ്പായിക്കുള്ളതാ.”
എന്ന് ഞാന്‍ മുറിയില്‍ നിന്നും വിളിച്ച് പറഞ്ഞപ്പോള്‍
“ഒക്കെ നിന്റെ കറുപ്പായി എടുത്തോട്ടെ.. ഞാനൊന്ന് കാണുന്നതില്‍ നിനക്കെന്താ വിരോധം..? എന്നവള്‍ ചോദിച്ചത് അവനു മനസ്സിലായി കാണുമോ എന്തോ...?
യമുനയുടെ കുശലം കേട്ട് ഓരോന്ന് കൊത്തി തിന്ന് സന്ധ്യയോടെ അവര്‍  മഴമുള്ള്‍ കാട്ടിലേക്ക് ചേക്കേറും.
ഓഫീസ്‌ വിട്ടു മഴ നനഞ്ഞു കുളിച്ച് വന്ന ഒരു സന്ധ്യക്ക് യമുന എന്നോട് ഒരു സ്വകാര്യം പറഞ്ഞു.
“റഷീ.... അറിഞ്ഞോ...? നമ്മുടെ അന്‍പഴകന്‍ ഇന്ന് റൊമാന്റിക്ക് ആയി. സന്ധ്യക്ക് കാറ്റും മഴയും കണ്ടപ്പോള്‍ അവന്‍  പീലി വിരിച്ചു. കറുപ്പായിയുടെ മുന്നില്‍ എന്തൊരു നൃത്തമായിരുന്നു. കാലുകള്‍ മെല്ലെ മെല്ലെ ചവിട്ടിച്ചവിട്ടി....
“എന്നിട്ടോ..?”
ഞാനവരെ ശല്യപ്പെടുത്താന്‍ പോയില്ല. പക്ഷെ ജനലിലൂടെ ഒളിച്ചിരുന്ന് കണ്ടു.
“അത് ശരിയായില്ല യമുനേ.. നീ അവരുടെ റൊമാന്റിക് രംഗങ്ങള്‍ ഒളിഞ്ഞു നോക്കിയത്. അവര്‍ക്കും  അവരുടേതായ പ്രൈവസി വേണ്ടേ..?”
“ഒന്നുമില്ല റഷീ... അവന്‍ കുറച്ചു നേരം പീലി വിടര്‍ത്തി ചുവടു വെച്ചു, കറുപ്പായിയുടെ ഭാവം എനിക്ക് കാണാനായില്ല. അവള്‍ പുറം തിരിഞ്ഞു നില്ക്കയായിരുന്നു. അവളുടെ മുഖത്ത് സന്തോഷമായിരിക്കും.  എനിക്കുറപ്പുണ്ട്. മഴ കനത്തപ്പോള്‍ രണ്ടു പേരും എന്നെത്തയും പോലെ കാട്ടിലേക്ക് പോകുകയും ചെയ്തു.
“എന്നെത്തെയും പോലെയല്ല ഇന്നവരുടെ കിടക്ക പൂത്തുലഞ്ഞു കാണും. “
“അതെ.. തീര്‍ച്ചയായും. അന്‍പഴകന്റെയും കറുപ്പായിയുടെയും കാടിനുള്ളിലെ കിടക്ക എങ്ങനെയായിരിക്കും...?” മഴ നനഞ്ഞു കുതിര്‍ന്ന എന്നോട് ചേര്‍ന്ന്  യമുന സ്വപ്നത്തിലെന്നവണ്ണം മന്ത്രിച്ചു. എന്റെ തലയില്‍ നിന്നും ഇറ്റിറ്റു വീണ വെള്ളത്തുള്ളികളില്‍ അവള്‍ കുളിര്‍ന്നുലഞ്ഞു.

അന്‍പഴകന്‍, കറുപ്പായി, തേന്മൊഴി, ബാലമുരുകന്‍ എന്നിവര്‍ മാത്രം വരുന്ന കാടിനടുത്തുള്ള ഈ വീട്ടില്‍ സന്തോഷവതിയായിരുന്ന യമുനയ്ക്ക് പിന്നീടെങ്ങനെയാണ് ഈ മാറ്റം സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എന്തെന്നില്ലാത്ത വിഷാദം, കാരണമില്ലാത്ത പൊട്ടിത്തെറിക്കലുകള്‍...
യമുനയെ ഞാന്‍ പ്രൊപോസ്‌ ചെയ്ത നാളില്‍ത്തചന്നെ അവളുടെ സൌന്ദര്യം കുറഞ്ഞ മുഖവും ഞങ്ങള്‍ തമ്മിലുള്ള നിറ വ്യത്യസവും ചൂണ്ടിക്കാണിച്ച് അവള്‍ ആദ്യം പിന്‍വാങ്ങിയതായിരുന്നു. വീണ്ടും ഒരു കൊല്ലം കാത്തിരുന്നതിന് ശേഷമാണ് പുറം കാഴ്ചയല്ല സ്നേഹം എന്നവളെ ബോധ്യപ്പെടുത്തി എനിക്കവളെ സ്വന്തമാക്കുവാന്‍ കഴിഞ്ഞത്. ആദ്യകാലത്ത് ആ അപകര്‍ഷത ബോധത്തില്‍ നിന്നും അവളെ മോചിപ്പിക്കുവാന്‍ എനിക്ക് നന്നേ പാടു പെടേണ്ടി വന്നു. ഇപ്പോള്‍ കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും.....

മുറ്റത്തൂടെ നടക്കുന്ന അന്‍പഴകനെ അവള്‍ ദേഷ്യത്തോടെ നോക്കി.
“വേണേല്‍ വേറെ എവിടെയെങ്കിലും പോയി കൊത്തിത്തിന്ന്. ഒരു സുന്ദരന്‍ വന്നിരിക്കുന്നു.”
അരിമണികള്‍ കറുപ്പായിക്ക് മാത്രമായി ഇട്ടു കൊടുത്ത്, എന്നോടുള്ള ദേഷ്യം അവള്‍ അന്‍പകഴകനോടു തീര്ത്തു .
“നിനക്കിതെന്തു പറ്റി യമുനേ...? എന്തിനാ ഈ മിണ്ടാപ്രാണികളോട് കയര്‍ക്കുന്നത്..?”
“അന്‍പ‍ഴകന് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എല്ലാ പെണ്മയിലുകളും കറുപ്പായിമാര്‍. എന്നാല്‍ റഷി, നിങ്ങള്‍ക്കോ...?  എന്ത് കണ്ടിട്ടാണ് നിങ്ങളെന്നെ സ്നേഹിച്ചത്....? എന്റെ കറുത്ത തൊലിയും ചന്തമില്ലാത്ത ശരീരവും എങ്ങനെയാണ് നിങ്ങളെ ആകര്‍ഷിച്ചത്..? ഭൂമിയില്‍ വേറെ പെണ്ണുങ്ങളില്ലാത്ത പോലെ.”
എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. കുറച്ചു നാളുകളായുള്ള അവളുടെ അകല്‍ച്ചയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു പോയി. ഞാനവളോട് വല്ലാതെ ദേഷ്യപ്പെട്ടു.
“നിങ്ങള്‍ക്കിപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ട് റഷീ. നിങ്ങളുടെ ദേഷ്യം അതാണ്‌ വെളിവാക്കുന്നത്.”
പിന്നീട് കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കറുപ്പായിയെ കാണുന്നില്ല. അന്‍പഴന്‍ തനിയെ മുറ്റത്തു കൂടെ കൊത്തിപ്പെറുക്കി നടക്കുന്നു.  
“കണ്ടോ പാവം കറുപ്പായിയെ ഇപ്പോഴവനു വേണ്ട. ദുഷ്ടന്‍. ഒന്നും തരില്ല ഞാന്‍.”
യമുന അടുക്കളയിരുന്ന് അന്‍പപഴകനെ നോക്കി പിറുപിറുത്തു.
ഒന്നും തിന്നാന്‍ കിട്ടാതെ അന്‍പഴകന്‍ നിരാശനായി തിരിച്ചു പോയി. യമുനയുടെ ദേഷ്യം മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആ പാവം എന്നും രാവിലെയും വൈകിട്ടും അടുക്കള പരിസരത്തുകൂടെ തനിയെ അങ്ങിങ്ങ് നടന്നു.

സൈക്കൊളജിസ്റ്റിന്റെ കൌണ്‍സിലിംഗിന്റെി അവസാന സിറ്റിങ്ങും കഴിഞ്ഞു മടങ്ങി വന്ന ദിവസം സന്ധ്യക്കാണ് കാട്ടില്‍ നിന്നും മയിലുകളുടെ അതി ഭയങ്കരമായ കരച്ചില്‍ കേട്ടത്. കാടിനുള്ളില്‍ നിന്നും ഉയരുന്ന ഇരുണ്ട പുകക്കൂമ്പാരം. വീശിയടിച്ച കാറ്റില്‍ തീജ്വാലകള്‍ ആകാശത്തേക്കുയര്‍ന്നു പൊങ്ങുന്നു. 
“എനിക്ക് പിരിയണം. ഉടനെ തന്നെ നാട്ടിലേക്ക്‌ പോകുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷിച്ചു കഴിഞ്ഞു.” എന്ന് സൈക്കൊളജിസ്റ്റിനോടും അന്തിമ തീരുമാനം  പറഞ്ഞ യമുനയോട് പിന്നീട് സംസാരിക്കാന്‍ കൂട്ടാക്കാതെ വരാന്തയിലിരിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കളുടെ സന്ധി  സംഭാഷണങ്ങളും വൃഥാവിലായ എന്റെ അവസാനത്തെ അത്താണിയാണ് അന്ന് നഷ്ടമായത്.
 
മനസ്സ് തളര്‍ന്ന് ഉദാസീനനായി ഇരുന്ന എന്നെ മയിലുകളുടെ കരച്ചില്‍ വല്ലാതെ അസ്വസ്ഥനാക്കി. ഓടി ടെറസ്സില്‍ കയറി നോക്കിയപ്പോള്‍ സൈറണ്‍ മുഴക്കി ഫയര്‍ എന്‍ജിനുകള്‍ ഇരച്ച് വരുന്നത് കണ്ടു. അതി ശക്തിയോടെ ചീറ്റിച്ചിതറിയ വെള്ളത്തില്‍ ചുവന്ന തീജ്വാലകള്‍ ഇരുണ്ട പുകയായി അമര്‍ന്നു.അവ  കാടിനു മേലെ ആകാശത്തില്‍ കറുത്ത കൂടു കെട്ടി. മയിലുകള്‍ അപ്പോഴും ഉച്ചത്തില്‍ ഭയന്നു കരയുന്നുണ്ടായിരുന്നു. പിന്നില്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടടുത്ത് യമുന. 
“അവര്‍ക്കെന്തെങ്കിലും പറ്റിക്കാണുമോ എന്തോ..?”
കുറെ നാള്‍ കൂടിയാണ് അവള്‍ എന്നോട് അടുപ്പത്തോടെ സംസാരിക്കുന്നത്. നാളുകളായി ഒരു വീട്ടില്‍ രണ്ടു ദ്വീപുകളായി കഴിയുകയാരുന്നു ഞങ്ങള്‍.
“ആര്‍ക്ക്...?”.
“അന്‍പഴകനും കറുപ്പായിക്കും.”
“അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ നിനക്കെന്താ..? നിന്റെ ആരാ അവര്‍..? നീ ഇവടെ നിന്ന് പോയ്‌ക്കഴിഞ്ഞ് കാട്ടു തീ വന്നാലും അവര്‍ ചാകില്ലേ..?”
എനിക്കെന്റെ ദേഷ്യവും നിരാശയും മറയ്ക്കാനായില്ല.
തീയണച്ചു കഴിഞ്ഞിട്ടും ടെറസിലെ ഇരുട്ടില്‍ കാട്ടിലേക്ക് നോക്കി നില്ക്കുന്ന യമുനയെ അവഗണിച്ചു ഞാന്‍ താഴേക്കു പോന്നു.
അന്ന് രാത്രി പതിവിനു വിപരീതമായി യമുന എന്റെ മുറിയിലാണ് കിടന്നത്. മാസങ്ങള്‍ കൂടിയാണ് അവള്‍ എന്റെ മുറിയില്‍ കയറിയത്. ഉറക്കം വരാതെ ഇടക്കെഴുന്നേറ്റ് അവള്‍ വെള്ളം കുടിക്കുന്നതും  ജനാല വിരി മാറ്റി കാട്ടിലേക്ക് നോക്കി നില്ക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ  മടിച്ച് മടിച്ച് അവള്‍ എന്റെ അരുകില്‍ വന്നു.
“”എനിക്കൊന്ന് കാട്ടിലേക്ക് പോകണം. എന്റെ കൂടെ വരുമോ...? ഇന്നലെ തീയുണ്ടായത് എവിടെയാണെന്ന് നോക്കാമല്ലോ. കാടിനുള്ളിലൂടെ ഒരു നടവഴി ഉണ്ടെന്ന് തേന്മൊഴി പറഞ്ഞ് കേട്ടിട്ടുണ്ട്.”
തീരെ താത്പര്യമില്ലാതിരുന്നിട്ടും ഞാന്‍ ഒന്നും മിണ്ടാതെ അവള്‍ക്കൊപ്പം പോയി.

ബാലമുരുകന്റെ സൈക്കിള്‍ ചക്രത്തിന്റെ പാട് നോക്കി കരിഞ്ഞുണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ നിശ്ശബ്ദരായി ഞങ്ങള്‍ നടന്നു. വലിയ തീ പിടുത്തം തന്നെയാണുണ്ടായത്. കത്താത്ത ഒരു മരം പോലുമില്ല. വീശിയടിക്കുന്ന കാറ്റില്‍ വഴിയിലെല്ലാം ചാരം പറക്കുന്നു.
“തിരിച്ചു പോകാം. എനിക്ക് വയ്യ ഈ കരിക്കിടയിലൂടെ നടക്കാന്‍.“ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങി.
”റഷീ... പ്ലീസ്‌....” എന്ന് പറഞ്ഞ് യമുന യാചിച്ചപ്പോള്‍ എനിക്കവളുടെ കൂടെ നടക്കേണ്ടി വന്നു.
വഴിയില്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങളും ഒരു കീരിയും ചത്തു കരിഞ്ഞു കിടക്കുന്നത് കണ്ട അവള്‍ എന്നെ ആശങ്കയോടെ നോക്കി. കരിഞ്ഞ കമ്പുകള്‍ മാറ്റി മുന്നോട്ട് നടക്കുമ്പോള്‍ കണ്ടു, കത്തിക്കരിഞ്ഞ മരത്തിന്‍ ചുവട്ടില്‍ കറുത്ത് കരിക്കഷണങ്ങളായി കിടക്കുന്ന ഏതാനും മുട്ടകള്‍... അതിനടുത്തു കരിഞ്ഞ തൂവലുമായി ഒരു പെണ് മയില്‍.. അതെ... അത് കറുപ്പായി തന്നെ.. തൂവല്‍ കരിഞ്ഞതല്ലാതെ ദേഹം പൊള്ളിയിട്ടില്ല. പക്ഷെ ഒരു കാലിനു പൊള്ളലേറ്റ് നഖങ്ങള്‍ കരിഞ്ഞു പോയിരിക്കുന്നു. അനങ്ങാനാവാതെ പാതിയടഞ്ഞ കണ്ണുകള്‍ ഉയര്‍ത്തി  കറുപ്പായി ഞങ്ങളെ ദയനീയമായി നോക്കി. 
“ഈശ്വരാ... ഇവളിവിടെ അടയിരിക്കുകയായിരുന്നോ...? കണ്ടോ റഷീ... മുട്ടകളെല്ലാം കത്തിക്കരിഞ്ഞു പോയി. പാവം  അന്‍പഴകന്‍. ഞാനെന്തെല്ലാം പറഞ്ഞു അവനെ.”
യമുന വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണീരോടെ അവളുടെ അടുത്തിരുന്ന യമുന അവിടെയെല്ലാം അന്‍പകഴകനെ തേടി. എന്തോ ഭക്ഷണ സാധനം കൊക്കിലൊതുക്കി എത്തിയ അന്‍പനഴകന്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു മാറി നില്ക്കുയാണ്. അവന്‍ കുഴപ്പമൊന്നും പറ്റിയിട്ടില്ല.
തിരിച്ചു പോരുമ്പോള്‍ വഴിയിലുടനീളം യമുന നിശ്ശബ്ദം കരഞ്ഞു കൊണ്ടിരുന്നു. അവളുടെ സങ്കടം കണ്ട് വല്ലായ്മ തോന്നിയെങ്കിലും ഞാനവളെ ആശ്വസിപ്പിക്കാന്‍ പോയില്ല. അപകര്‍ഷതാ ബോധം ഒന്ന് കൊണ്ടു മാത്രം എന്നെ പിരിയാനായി ഒരുങ്ങുന്നവളെ വെറുക്കാന്‍ ശീലിക്കുകയായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍.
പിന്നീടുള്ള ദിവസങ്ങളില്‍ അന്‍പഴകനെ അടുക്കള വരാന്തയില്‍ കാത്തു നിന്ന്‍ അവള്‍ ഭക്ഷണം കൊടുക്കുന്നു, തേന്മൊഴിയെ കൂട്ടി കാട്ടില്‍ പോയി കറുപ്പായിയെ നോക്കുന്നു എന്നൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഞാനവളോട് ഒന്നും ചോദിച്ചില്ല. ജീവിതം  നരകമായിക്കഴിഞ്ഞിരുന്ന  ഞങ്ങള്‍ക്കിടയില്‍ സ്നേഹ ഭാഷണങ്ങളും കളിചിരികളും എന്നേ  അന്യമായിക്കഴിഞ്ഞിരുന്നു.  

 എന്നെന്നേക്കുമായി ഇവിടം വിട്ടുപോകുന്നതിന്റെ ഒരുക്കങ്ങള്‍ അവള്‍  പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അത്യാവശ്യത്തിനു മാത്രം സംസാരിച്ച് മൌനത്തിന്റെ പഴുക്ക ഗന്ധമുള്ള ഈ ദിനങ്ങള്‍ എത്രയും വേഗം അവസാനിച്ചെങ്കില്‍ എന്ന് ഞാനും നാളുകളായി ആഗ്രഹിച്ചു തുടങ്ങിയിട്ട്. എല്ലാ തരത്തിലും എനിക്ക് ജീവിതം മടുത്തു കഴിഞ്ഞിരുന്നു. കുറച്ചു കാലം മുമ്പ്‌ വരെ ജീവന് തുല്യം സ്നേഹിച്ചിരുന്നവള്‍, ജീവിതത്തിന്റെ പെരുവഴിയില്‍ എന്നെ തനിച്ചാക്കി പോകുന്നു. എല്ലാം പാഴായിരുന്നു. വെറും പാഴായിരുന്നു.

 ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇവള്‍ക്കിത്ര നിസ്സാരമായി ഈ ബന്ധം ഉപേക്ഷിച്ചു പോകുവാനാകുമായിരുന്നോ...? ഞാന്‍ വെറുപ്പിച്ച എന്റെ ഉമ്മയും ഉപ്പയും, എന്റെ സഹോദരങ്ങള്‍.... രേഖകളില്ലാതെ സാക്ഷികളില്ലാതെ തുടങ്ങിയ ജീവിതം ബന്ധങ്ങളുടെ കെട്ടുപാടുകളുടെ അഭാവത്തില്‍ എത്ര പെട്ടെന്നാണ് ഒരു കാരണം പോലും പറയാനില്ലാതെ അവസാനിക്കുന്നത്.
.മഴക്കാര്‍ മൂടി മാനം കറുത്തിരുണ്ട് മഴ പെയ്യും എന്ന് തോന്നിച്ച്  കൊണ്ട് അന്തരീക്ഷത്തില്‍ ചെറുതായി കാറ്റ് വീശി തുടങ്ങിയപ്പോഴാണ് അടുക്കളയില്‍ നിന്നും യമുനയുടെ വിളി കേട്ടത്.
“റഷീ...” എന്ന അവളുടെ കരച്ചിലിനൊപ്പമെത്തിയ ആ വിളി ദേഷ്യമെല്ലാം  മറന്ന എന്നെ  അവള്‍ക്കളരികിലെത്തിച്ചു. ജനാലയിലൂടെ യമുന ആ കാഴ്ച എന്നെ കാണിച്ചു തന്നു. 
ഒരു കാല്‍ നിലത്ത് കുത്താതെ ഞൊണ്ടി ഞൊണ്ടി ചിറകുകള്‍ മുക്കാലും കരിഞ്ഞു വികൃതയായ കറുപ്പായി. അവള്‍ക്കു  മുന്നില്‍ പീലി വിടര്‍ത്തി  അന്‍പഴകന്‍. അവന്‍ ചുവടുകള്‍ വെച്ച് അവള്‍ക്കു  ചുറ്റും ആടിത്തുടങ്ങി. ആ കാഴ്ച കാണാനാവാതെ യമുന മുഖം തിരിച്ച് നിറ കണ്ണുകളോടെ എന്നെ നോക്കി. ഒരു വലിയ നിലവിളിയോടെ എന്നെ അമര്‍ത്തിപ്പിടിച്ച അവളെ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി.  ഒടുവില്‍  ഞാനറിയാതെ അവളെ എന്നിലേക്ക് ചേര്‍ത്തു . ആലംബമറ്റ പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ എന്റെ തോളില്‍ തളര്‍ന്നു  കിടന്നു. ചന്നം പിന്നം പെയ്തു തുടങ്ങി ശക്തിയാര്‍ജ്ജിച്ച ആ മഴയില്‍ അപ്പോഴും അന്‍പഴകന്‍ നടനം തുടരുന്നുണ്ടായിരുന്നു. അവന്റെ കറുപ്പായി ആ സ്നേഹ മഴയില്‍ നനഞ്ഞു കുതിര്‍ന്നു .

(ഗൃഹലക്ഷ്മി ഏപ്രിൽ ലക്കം )
( കഥ ഗ്രൂപ്പ്‌ നടത്തിയ മനോരാജ് സ്മാരക കഥാ മല്‍സരത്തില്‍ മൂന്നാം സമ്മാനാര്‍ഹമായ കഥ)

42 comments:

  1. പീലിച്ചന്തങ്ങളില്ലാത്ത ജീവിതത്തിന്റെ സങ്കടാരവങ്ങളോടെ മനസ്സുകളുടെ ഒരു മയിലാട്ടം എന്നൊക്കെ പറയാന്‍ തോന്നുന്നു. ലളിതമനോഹരമായ അവതരണം...ഹൃദമായ ഭാഷ.. നല്ലൊരു കഥ.

    ReplyDelete
  2. നന്നായി വെട്ടിയോരുക്കിയ കഥ.
    കാടും ആ വീടും മയിലുകളും ഒക്കെ വായനക്കാര്‍ക്ക് മനോഹരമായി വിഷ്വലൈസ് ചെയ്യാനാകുന്നു. അത് എഴുത്തിന്റെ മേന്മതന്നെ. ഇത് സമ്മാനാര്‍ഹമായത്തില്‍ വലിയ സന്തോഷം.

    ReplyDelete
  3. പക്ഷികൾ വരെ മനുഷ്യനേക്കാളും എത്രയോ ഉയരത്തിൽ ചിന്തിക്കുന്നു.
    അൻപഴകനെ വളരെ ഇഷ്ടപ്പെട്ടു.
    കഥാന്ത്യം നേരത്തെ തന്നെ മനസിലാക്കാൻ കഴിഞ്ഞെങ്കിലും,കഥാചുറ്റുപാടുകളേക്കൂടി മനസിലേക്ക്‌ സന്നിവേശിപ്പിക്കുന്ന രീതിയിൽ വിവരിച്ചിരിക്കുന്നതിനാൽ ആസ്വാദ്യമായി.

    ഭാവുകങ്ങൾ.ഇനിയും വരും.!!!!!!!

    ReplyDelete
  4. പക്ഷികൾ വരെ മനുഷ്യനേക്കാളും എത്രയോ ഉയരത്തിൽ ചിന്തിക്കുന്നു.
    അൻപഴകനെ വളരെ ഇഷ്ടപ്പെട്ടു.
    കഥാന്ത്യം നേരത്തെ തന്നെ മനസിലാക്കാൻ കഴിഞ്ഞെങ്കിലും,കഥാചുറ്റുപാടുകളേക്കൂടി മനസിലേക്ക്‌ സന്നിവേശിപ്പിക്കുന്ന രീതിയിൽ വിവരിച്ചിരിക്കുന്നതിനാൽ ആസ്വാദ്യമായി.

    ഭാവുകങ്ങൾ.ഇനിയും വരും.!!!!!!!

    ReplyDelete
  5. റോസിലിച്ചേച്ചി.., ഇന്നിതിവിടെ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഇന്നലെ മെയിൽ അയയ്ക്കില്ലായിരുന്നു...
    ഹൃദ്യമായ രചന.!! മനോഹരം.!!

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു, ആശംസകൾ.

    ReplyDelete
  7. കഥ നേരത്തെ വായിച്ചിരുന്നു. ലളിതമായ ശൈലിയിലുള്ള കഥ മനോഹരമായിരിക്കുന്നു. ആശംസകൾ റോസാപ്പൂവേ

    ReplyDelete
  8. കഥ പറഞ്ഞ രീതി,അതീവ ഹൃദ്യമായി

    ReplyDelete
  9. യമുനയുടെ മനസ്സില്‍ ഉയിര്‍കൊണ്ടിരുന്ന അപകര്‍ഷതാബോധത്തിന്‍റെ ഭാവഹാവങ്ങള്‍ അതീവ ചാരുതയോടെ ലളിതസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  10. റോസിലി കഥയെഴുതുമ്പോള്‍ മിനിമം പ്രതീക്ഷകള്‍ ഉണ്ടാവും. ഇക്കഥ മിനിമം പ്രതീക്ഷകളെയും കവിഞ്ഞ് അതിസുന്ദരമായിരിക്കുന്നു

    ReplyDelete
  11. ലളിതമായ രചന ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ലളിതസുന്ദരമായ കഥ.. നല്ല വിഷ്വല്‍ എഫ്ക്റ്റ്‌ ഉണ്ട് എഴുത്തിന്..

    സമ്മാനം ലഭിച്ചതിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  13. കഥ എന്ന് പറഞ്ഞാൽ ഇതാണ്.വെട്ടിയൊതുക്കിയ വാക്കുകളും ബിംബങ്ങളും കൊണ്ട് മനോഹരമായ അവതരണം.ഒഴുക്കുള്ള ഈ വായനയിൽ ഇഷ്ടം അറിയിക്കുന്നു.
    ആശംസകൾ.

    ReplyDelete
  14. വലിയൊരു മത്സരത്തിൽ പ്രഗത്ഭരായ വിധികർത്താക്കളാൽ അംഗീകരം നേടി എന്നതുതന്നെ ഈ കഥയുടെ മികവിനുള്ള തെളിവ്.....

    ReplyDelete
  15. നല്ല ഒതുക്കത്തിൽ പറഞ്ഞവസാനിപ്പിച്ച ഒരു സുന്ദരമായ കഥ

    ReplyDelete
  16. Read already
    of course a brilliant story (Y)

    ReplyDelete
  17. കഥ മുൻപ് പിഡീ എഫ് കിട്ടി വായിച്ചിരുന്നു. മനോഹരമായി കാച്ചിക്കുറുക്കിയ കഥ,അൻപഴകൻ മനസിൽ കയറിപ്പറ്റി.. ആശംസകൾ...

    ReplyDelete
  18. കഥയ്ക്ക് സമ്മാനം കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല . റോസിലി ചേച്ചിയുടെ കഥകള്‍ക്കെല്ലാം ഒരു പ്രത്യകതയുണ്ട് . കഥപോലെ തന്നെ കഥയുടെ പശ്ചാത്തലവും വായനക്കാരന്‍റെ മനസ്സില്‍ വരച്ചിടുക എന്നതാണ് അത് . ഈ കഥയിലും അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .. ആശംസകള്‍ .

    ReplyDelete
  19. സുന്ദരം
    അഭിനന്ദനം

    ReplyDelete
  20. അഭിനന്ദനങ്ങള്‍.... ലളിതം മനോഹരം!

    ReplyDelete
  21. വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക്കും കണ്മുന്നില്‍ തെളിയുന്നു ശരിക്കും ആസ്വദിച്ചു വായിച്ചു അഭിനന്ദനങ്ങള്‍

    ReplyDelete
  22. വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക്കും കണ്മുന്നില്‍ തെളിയുന്നു ശരിക്കും ആസ്വദിച്ചു വായിച്ചു അഭിനന്ദനങ്ങള്‍

    ReplyDelete
  23. നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷം പറയാവതല്ല.നന്ദി.

    ReplyDelete
  24. ഹൃദ്യമായിരിക്കുന്നു റോസിലി

    ReplyDelete
  25. ലളിതമായ ആഖ്യാനം ചേച്ചി. കണ്‍മുന്നിലുണ്ട് കഥയിലെ ഓരോ ഭാഗങ്ങളും.

    ReplyDelete
  26. അഭിനന്ദനങ്ങൾ...നന്നായിട്ടുണ്ട് ...നല്ല അവതരണം

    ReplyDelete
  27. മയൂരനടനം പോലെ സുന്ദരം!

    ReplyDelete
  28. സുന്ദരമായി ഒഴുകുന്ന ഒരു കഥ....അവാർഡിന് അഭിനന്ദനങ്ങൾ

    ReplyDelete
  29. മഴവില്ലുപോലെ മനോഹരമായി..... വാക്കുകളുടെ ചാരുത....കഥയെ കെട്ടുറപ്പുള്ളതാക്കി ....അവാർഡിന് അഭിനന്ദനങ്ങൾ...... ഒരു പാടു പറയാന്‍ തോന്നുന്നു ....പക്ഷേ എന്‍റെ വിവരണം കൊണ്ട് വൃത്തികേടാവണ്ടാ.....ഭാവുകങ്ങള്‍

    ReplyDelete
  30. നന്നായിണ്ട്.

    ReplyDelete
  31. മനോഹരമായിരിക്കുന്നു.....

    ReplyDelete
  32. ഹൃദ്യം..മനോഹരം .....!

    ReplyDelete
  33. അന്പഴകനും കറുപ്പായിലൂടെയും മനോഹരമായി കഥ പറഞ്ഞു .
    ജീവിതത്തില്‍ നിറത്തിന് ഒരു സ്ഥാനമില്ല ,
    മനസിലെ നിറത്തിന് മാത്രമേ സ്ഥാനമുള്ളൂ . മോനോഹരം ഈ എഴുത്ത്

    ReplyDelete
  34. വരാൻ വൈകി ഇവിടെ.. മനോഹരമായ കഥ ..അഭിനന്ദനങ്ങൾ

    ReplyDelete
  35. പ്രിയപ്പെട്ട മനോരാജ്യത്തിന്റെ (മനോരാജ്) പേരിൽ ഏർപ്പെടുത്തിയ കഥാമത്സരത്തിൽ സമ്മാനർഹമായ കഥ എന്ന് കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു.മനോരാജ് ഞങ്ങളെ വിട്ട് പോയി എന്ന് ഇന്നും വിശ്വസിക്കാൻ ആവുന്നില്ല ...
    നന്നായി എഴുതിയിരിക്കുന്നു ആശംസകൾ .

    ReplyDelete
  36. വായിക്കുവാൻ വൈകി. മനോഹരമായ കഥ. ഹൃദ്യമായ ഭാഷ വായനയെ നല്ലൊരു അനുഭവമാക്കുന്നു.

    ReplyDelete
  37. മനോഹരം ...എന്തിലും ഉണ്ട് ആത്മാർത്ഥ സ്നേഹം അത് മയിലിന്റെ ഉദാഹരണത്തിലും ........

    ReplyDelete
  38. മനോഹരം.. വായിച്ചു തീർന്നിട്ടും മനസിൽ നിറഞ്ഞു നിൽക്കുന്നു. ഇതേ തീവ്രതയോടെ ഇതിനുമുൻപ് വായിച്ചു തീർത്തത് ചതുർഭുജം ആണ്.

    ReplyDelete
  39. മനസ്സിന് കുളിർമ നൽകുന്ന കഥാഖ്യാനം. ഒരു കുറവും പറയാനില്ല.
    ആശംസകൾ ....

    ReplyDelete
  40. എനിക്കറിയാം ആ മയിലിണകളെ..ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ❤️❤️

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍