9.11.09

ഊര്‍മ്മിള

           അന്തപ്പുരത്തില്‍ ഊര്‍മ്മിള തനിച്ചാ‍യിരുന്നു. വര്‍ഷങ്ങള്‍ എത്രയായി അവള്‍ ഈ ഉറക്കറയില്‍ തനിച്ചായിട്ട്.. ലക്ഷ്മണനെ പിരിഞ്ഞിട്ട്...പത്തോ അതോ പതിനൊന്നോ...ഇപ്പോള്‍ അവള്‍ ദിവസങ്ങള്‍ കൊഴിയുന്നതോ ആഴ്ചകള്‍ നീങ്ങുന്നതോ ശ്രദ്ധിക്കാറില്ല.എത്രയോ കാലം അവള്‍ കാത്തിരുന്നു വര്‍ഷങ്ങള്‍ കൊഴിയുന്നതും കാത്ത്...ഈ ജന്മത്തില്‍ കാത്തിരിപ്പാണു തന്റെ നിയോഗമെന്ന് അവള്‍ മനസ്സിലാക്കിയിരിക്കുന്നു.

         കൈകേയി അമ്മ ദശരഥ മഹാരാജാവിനോട് വരം ചോദിച്ചപ്പോള്‍ രാമനു ലഭിച്ചത് പതിനാലു വര്‍ഷത്തെ വനവാസമാണെങ്കില്‍ ഈ ഊര്‍മ്മിളക്കു ലഭിച്ചത് പതിനാലു വര്‍ഷത്തെ വൈധവ്യമാണ്.തന്റെ മനസ്സ് ലക്ഷ്മണന്‍ പോലും മനസ്സിലാക്കിയില്ലല്ലോ.. .ജനകന്റെ മക്കള്‍ക്ക് സന്തോഷം എന്നൊന്നു വിധിച്ചിട്ടില്ലെന്നോ...ഈ അന്തപ്പുരത്തിലെ സുഖങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ലക്ഷ്മണന്റെ കൂടെ കാട്ടിലേക്കു പോയിരുന്നെങ്കില്‍. സീത കാണിച്ച ധൈര്യം തനിക്കില്ലാതെ പോയല്ലോ..അദ്ദേഹം എന്തേ തന്നെയും കൂടെ കൂട്ടാതിരുന്നത്..അതേ ഭ്രാതു ഭക്തിയുടെ പാരമ്യം മൂലം തന്നെ മറന്നു കളഞ്ഞതാണോ.....അദ്ദേഹത്തോടൊപ്പം ഞാനും കൂടെ എന്നു പറഞ്ഞ് ധൈര്യപൂര്‍വം ഇറങ്ങേണ്ടിയിരുന്നു..അതായിരുന്നില്ലേ ഒരു ഭാര്യയുടെ ധര്‍മ്മം..? കാട്ടിലെ ദുരിതപൂര്‍ണ്ണമയ ജീവിതം ഇതിലെത്രയോ ഭേദമായിരുന്നു.

             അവള്‍ എഴുന്നേറ്റ് പതിവു പോലെ ചില്ലു ജാലകം തുറന്ന് അതിന്റെ പട്ടു വിരികള്‍ മാറ്റി പുറത്തേക്കു നോക്കി നിന്നു. കൊട്ടാരവും അന്തപ്പുരവുമെല്ലാം ചന്ദ്രികയില്‍ കുളിച്ചു നില്‍ക്കുകയാണ്.അവള്‍  ആകാശത്തിലേക്കു നോക്കി..ഓ..ഇന്നു പൌര്‍ണ്ണമിയാണല്ലോ...ആകാശം നിറയെ താരകങ്ങളും പൂര്‍ണ്ണ ചന്ദ്രനും. ഈ ഊര്‍മ്മിളയുടെ ഉറക്കറയില്‍ എന്നും അമാവാസിയായിരിക്കുമ്പോള്‍ പുറത്തെ പൌര്‍ണ്ണമിക്കെന്തു പ്രസക്തി...അന്തപ്പുരത്തിനടുത്തുള്ള ഉദ്യാനത്തില്‍ നിന്നും നിശാ പുഷ്പങ്ങള്‍ പരത്തുന്ന സൌരഭ്യം ജനാലയിലൂടെ അവളുടെ ഉറക്കറയിലേക്ക് നുഴഞ്ഞു കയറി. നിലാവുള്ള രാത്രികളില്‍ താനുമായി ഉദ്യാനത്തില്‍ ഉലാത്തുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു.ഇപ്പോള്‍ അദ്ദേഹവും ഉറങ്ങിക്കാണുമോ..അതോ കാട്ടിലെ കുടിലിനു വെളിയില്‍ വന്ന് ആകാശത്തേക്ക് നോക്കുന്നുണ്ടാകുമോ.ഈ പൂര്‍ണ്ണചന്ദ്രനെയും ആകാശം നിറഞ്ഞു നില്‍ക്കുന്ന താരങ്ങളെയും കാണുന്നുണ്ടാകുമോ... ഉദ്യാനത്തില്‍ വച്ച് തന്റെ മടിയില്‍ തലചായ്ച്ച് പ്രേമ പരവശനായി അദ്ദേഹം പറഞ്ഞിട്ടുള്ള വാക്കുകള്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ടാകുമോ..

          ആകാശത്തിലേക്ക് നോക്കി നില്‍ക്കവേ മറ്റു നക്ഷത്രകൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കുഞ്ഞു നക്ഷത്രം തന്നെത്തന്നെ നോക്കുന്നതായി അവള്‍ക്കു തോന്നി. ലക്ഷ്മണന്റെ ദൂതാളാ‍യിരിക്കുമോ ആ കുഞ്ഞു നക്ഷത്രം.അതിന്റെ ചിമ്മല്‍ ലക്ഷ്മണന് തന്നോട് പറയാനുള്ള സന്ദേശം കൈമാറലായിരിക്കുമോ...അവള്‍ വീണ്ടും ആ നക്ഷത്രത്തെതന്നെ നോക്കി നിന്നു...അതാ...അതു തുടരെ തുടരെ ചിമ്മുന്നു..അതെ..ഇതു തന്റെ പ്രാണേശ്വരന്റെ ദൂതാളു തന്നെ.അവള് നിശ്ചയിച്ചു.എന്തായിരിക്കും ഈ ചിമ്മലിന്റെ അര്‍ഥം..?

“ഊര്‍മ്മിളാ...വിരഹത്തിലേ നമുക്ക് നമ്മുടെ സ്നേഹത്തിന്റെ ആഴം അളക്കാനൊക്കൂ..” എന്നാണോ..?
“അതേ..ഈ ഊര്‍മ്മിള അതു അളന്നുകഴിഞ്ഞു..ആ ആഴം ഞാന്‍ മനസ്സിലാക്കി.ഈ കാണുന്ന നക്ഷത്രങ്ങളെക്കാളേറെ..ആഴിയിലെ മണല്‍ത്തരികളെകാളേറെ..“ഊര്‍മ്മിള മറുപടി പറഞ്ഞു.
വീണ്ടും നക്ഷത്രം അവളോട് ചോദിക്കുന്നു....
“ഊര്‍മ്മിളാ..നീയെന്നെ വെറുത്തോ ഇത്രയും കാലം ഞാന്‍ നിനക്കു തന്ന വിരഹം കൊണ്ട്..?”
“ഇല്ലാ..എനിക്കങ്ങയെ വെറുക്കാനാകില്ല..ഞാന്‍ വെളിപ്പെടുത്തിയല്ലോ എനിക്ക് അങ്ങയോടുള്ള സ്നേഹം .പിന്നെങ്ങനെ അങ്ങയെ വെറുക്കാനാകും.”

“നമ്മുടെ സ്നേഹം അസ്തമിക്കാത്തോളം കാലം ഈ വിരഹത്തിന് നമ്മെ എന്തു ചെയ്യാന് കഴിയും..? എന്റെ ഈ കാനന വാസത്തിന്റെ കഠിനതകള്‍ക്ക് എന്നെ തപിപ്പിക്കാനാകുമോ..എന്റെ ഓര്‍മ്മകള്‍ മായ്ക്കാനാകുമോ..?”

“ഇല്ലാ..ഒരിക്കലുമില്ലാ..”ഊര്‍മ്മിള സന്തോഷത്തോടെ ഉത്തരമരുളി.

                പെട്ടെന്ന് ഒരു മേഘം വന്ന് ആ നക്ഷത്രത്തെ മറച്ചു ഊര്‍മ്മിള പെട്ടെന്നു പരിഭ്രാന്തയായി..പിന്നീടവള്‍ക്കു മനസ്സിലാ‍യി..പുതിയ സന്ദേശത്തിനായി അത് ലക്ഷ്മണന്റെ അരികില്‍ പോയിരിക്കുകയാണ്.ജനലിനരികിലുള്ള ചിത്രപ്പണിചെയ്ത ഒരു പീഠത്തില്‍ അവള് നക്ഷത്രം വീണ്ടും വരുന്നതും കാത്തിരുന്നു..അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും ഇരിക്കുന്നത്.വെറും നിലത്തോ അതോ കല്ലിലോ പാറയിലോ...എത്രയോ വര്‍ഷങ്ങളായി രാത്രിയുടെ ഓരോരോ യാമങ്ങള്‍ കടന്നുപോകുന്നത് അവള്‍ ഈ പീഠിലിരുന്നു മനസ്സിലാക്കിയിരിക്കുന്നു..ഊര്‍മ്മിള എന്നാല്‍ ഉറക്കം വരാത്തവള്‍ എന്ന് അര്‍ത്ഥമുണ്ടോ..അവള്‍ ഇടക്കു സംശയിച്ചിട്ടുണ്ട്..പെട്ടെന്നവള്‍ തിരുത്തും ഊര്‍മ്മിള എന്നാല്‍ വിരഹിണി എന്നര്ത്ഥം.അതു ഈ ത്രേതാ യുഗത്തിലും വരുവാനിരിക്കുന്ന യുഗങ്ങളിലും അവള്‍ അങ്ങനെ തന്നെ അറിയപ്പെടും.അങ്ങനെയെങ്കിലും ഊര്‍മ്മിളക്ക് ലോകത്തില്‍ ഒരു സ്ഥാനം ഉണ്ടാകട്ടെ..

         നക്ഷത്രം നിന്നിരുന്ന ഭാഗത്തെ മേഘപ്പാളി മെല്ലെ മാഞ്ഞു പോകുന്നത് നോക്കി ഊര്‍മ്മിള പ്രതീക്ഷയോടെ കാത്തിരുന്നു.ഇപ്പോള്‍ അതാ വീണ്ടും ആ കുഞ്ഞു തോഴന്‍ പ്രത്യക്ഷനായി.അവളെ നോക്കി കുസൃതിയോടെ ചിമ്മി..
“എന്തേ..നീ തിരിച്ചു വരാന്‍ അമാന്തിച്ചത്..ഇത്രയേറെ സന്ദേശങ്ങള്‍ കൈമാറാനുണ്ടായിരുന്നോ എന്റെ പ്രിയന്‍..?”
“അതെ...ലക്ഷ്മണന് തന്റെ പ്രാണ പ്രേയസിക്കു കൊടുക്കുവാനുള്ള സന്ദേശങ്ങള്‍ എത്ര പറഞ്ഞിട്ടും തീരുന്നില്ല”
“ഇപ്പോള് അദ്ദേഹവും എന്നെപ്പോലെ ഉറങ്ങാതിരിക്കുകയാണോ അവിടെ..”
“എന്തൊരു വിഡ്ഡിച്ചോദ്യമാണിത് ഊര്‍മ്മിളേ..?”ഇത് “നക്ഷത്രം അവളോടു ചോദിച്ചു..പിന്നെ തുടര്‍ന്നു..“
“ഇതാണ് ഈ ഭൂമിയിലെ മനുഷ്യരുടെ ഒരു കാര്യം.സ്നേഹം മനസ്സിലാക്കുവാന്‍ അവര്‍ക്കു വളരെ പ്രയാസമാണ്.അവര് എപ്പോഴും തെളിവുകള്‍ ആവശ്യപ്പെടും“

ഊര്‍മ്മിള കുറ്റബോധത്തോടെ നക്ഷത്രത്തെ നോക്കി..

“സാരമില്ല..” എന്നു പറഞ്ഞ് നക്ഷത്രം വീണ്ടും കണ്ണു ചിമ്മി
“പിന്നീടെന്തു പറഞ്ഞു എന്റെ പ്രാണേശ്വരന്‍..?”അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു
“അതു പറയാന്‍ എനിക്കു നാണമാകും”നക്ഷത്രം വീണ്ടും കുസൃതിയോടെ കണ്ണു ചിമ്മി
”എന്താ ഇത്..പിന്നെന്തിനാണു നീ എന്റെ ലക്ഷ്മണന്റെ സന്ദേശവാഹകനാകുവാന്‍ സമ്മതിച്ചത്...മടിക്കാതെ പറയൂ”ഊര്‍മ്മിള അക്ഷമയായി
“പറയാം, അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ..“
നക്ഷത്രം തുടര്‍ന്നു...
         “ഊര്‍മ്മിളേ.....നീ ഇത്രയും വര്‍ഷങ്ങള്‍ രാത്രികളില്‍ ജാലകവിരികള്‍ മാറ്റി പുറത്തേക്കു നോക്കിയിരിക്കുന്നത് എന്റെ പ്രിയ ദൂതന്‍ ഈ കുഞ്ഞുനക്ഷത്രം വഴി ഞാന്‍ അറിഞ്ഞിരുന്നു.. എത്രയോ രാത്രികളില്‍ അവന്‍ എന്നോടു വന്നു പറഞ്ഞിരിക്കുന്നു നീ അവിടെ വിരഹിണിയായി എന്നെയും ചിന്തിച്ചിരിക്കുന്ന കാര്യം...ഈ പ്രിയ സ്നേഹിതന്‍ വര്‍ഷങ്ങളയി പരിശ്രമിക്കുന്നു നിന്റെ ഒരു കടാക്ഷം ലഭിക്കുവാന്‍...ഇന്ന് അതു ലഭിച്ചു എന്ന സന്തോഷ വാര്‍ത്തയുമായാണ് അവന്‍ എന്റെ അരികില്‍ തിരികെയെത്തിയത്. എന്റെ സന്ദേശം നിന്നെ അറിയിക്കുവാന്‍ കഴിഞ്ഞു എന്നത് എന്നെ എത്ര ആഹ്ലാദ ഭരിതനാക്കിയെന്നോ...അപ്പോള്‍ എന്റെ ഇത്രയും വര്‍ഷത്തെ കാനന ജീവിതത്തിന്റെ എല്ലാ വൈഷമ്യവും ഞാന് മറന്നു പ്രിയേ..”

ഊര്‍മ്മിളയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി....ആനന്ദാശ്രുക്കളോടെ അവള്‍ നക്ഷത്രത്തെ നോക്കി.എന്നിട്ട് പറഞ്ഞു

“ഇത്രയും വര്‍ഷം നീ എനിക്കായി എന്റെ മുന്നില്‍ വന്നു ചിമ്മിയിട്ടും ഞാനതു കണ്ടില്ലല്ലോ കൂട്ടുകാരാ..”

“സാരമില്ല..ഇപ്പോഴെങ്കിലും നമുക്കു കണ്ടുമുട്ടാറായല്ലോ...എന്റെ പ്രിയ തോഴന്‍ ലക്ഷ്മണന്റെ സന്തോഷം എനിക്കു കാണാനായല്ലോ..”

“നീ വലിയൊരു പുണ്യ പ്രവൃത്തിയാണു കൂട്ടുകാരാ ചെയ്യുന്നത്.പിന്നീടെന്തു പറഞ്ഞൂ ആര്യപുത്രന്‍...“നക്ഷത്രം ലക്ഷ്മണന്റെ വാക്കുകളില്‍ വീണ്ടും പറഞ്ഞു

“ഊര്‍മ്മിളേ...ഞാന്‍ എപ്പോഴും നിന്റെ തൊട്ടരികിലുണ്ട്. നിലാവുള്ള രാത്രികളില് നിന്റെ കോമളമായ മുഖത്തേക്കു വീഴുന്ന ചന്ദ്രിക ഞാന്‍ തന്നെയാണ്.ഏകാന്ത രാവുകളില് ജാലകവിരികള്‍ വകഞ്ഞ് മാറ്റി പുറത്തേക്കു നോക്കുമ്പോള്‍ നിന്നെ തഴുകുന്ന പൂന്തെന്നലിന് എന്റെ ഗന്ധം അനുഭവപ്പെറ്റുന്നില്ലെ..?”
“അതേ...അതേ നാഥാ..”ഊര്‍മ്മിള സന്തോഷത്തോടെ പറഞ്ഞു.

“നിന്റെ ഈ വിരഹദിനങ്ങളിലെ ശീതകാലത്ത് നിന്നെ പുണരുന്ന കുളിര് ഞാന്‍ തന്നെ പ്രിയേ..വര്‍ഷകാലങ്ങളില്‍ നീ കേള്‍ക്കുന്ന മഴയുടെ സംഗീതം ഞാന്‍ നിനക്കായി പാടുന്ന പ്രേമ കാവ്യങ്ങളാണ്..വേനലില്‍ നിന്റെ പൂമേനി വിയര്‍ത്തു കുളിക്കുംന്നുന്നത് എന്റെ ചുടു ചുംബനങ്ങളില്‍ നീ തളരുന്നതിനാലാണ്...”

        ഊര്‍മ്മിള ലക്ഷ്മണന്റെ സന്ദേശങ്ങള്‍ കേട്ട് കോരിത്തരിച്ചു നിന്നു അവളുടെ കണ്ണുകളിലെ ആനന്ദാശ്രുക്കളുടെ അരുവികള്‍ നിറഞ്ഞൊഴുകി.അവള്‍ നന്ദിയോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി..കണ്ണീര്‍പാടയിലൂടെയുള്ള കാഴ്ച ആ നക്ഷത്രത്തിന്റെ ചിമ്മല്‍ വര്‍ദ്ധിപ്പിക്കുന്നതായി അവള്‍ക്കു തോന്നി...അവള്‍ ജാലകത്തൊടു കുറച്ചു കൂടെ ചേര്‍ന്നു നിന്നു.പെട്ടെന്ന് ഒരു മേഘക്കീറു വന്ന് ആ കുഞ്ഞു നക്ഷത്രത്തെ പിന്നെയും മറച്ചു.ഊര്‍മ്മിള പ്രതീക്ഷയോടെ തന്റെ പ്രാണേശ്വരന്റെ അടുത്ത സന്ദേശങ്ങള്‍ക്കായി കാത്തു നിന്നു....

22.10.09

ഒറ്റക്കയ്യന്‍ അറുകൊല

അന്ന് ഏഴു ബി യിലെ പെണ്‍കുട്ടികളാരും ഉച്ചയൂണ് കഴിഞ്ഞ് കൊത്തങ്കല്ലു കളിക്കാന്‍ ക്ലാസു വിട്ടു പോയില്ല. എല്ലാവരും അനിത കുമാരിയുടെ ചുറ്റും കൂടി നിന്നു. ഉച്ചയൂണിനു വീട്ടില്‍ പോയപ്പോഴാണ് അവള്‍ ആ വാര്‍ത്തയറിഞ്ഞത്. തൈപ്പറമ്പിലെ ദാസപ്പന്‍ ചേട്ടന്‍ ചെത്തു കഴിഞ്ഞ് ഷാപ്പില്‍ കള്ളു കൊടുത്തു മടങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു മനക്കപ്പറമ്പിലെ തൊടലിമുള്ളു കാട്ടില്‍ ഒറ്റക്കയ്യന്‍ അറുകൊല !!!!!!
“ആ കള്ളുമാട്ടം ഇങ്ങു താടാ……“ അറുകൊല അലറി.
ദാസപ്പന്‍ ചേട്ടന് അറുകൊലയോട് മാട്ടം കാലിയാണെന്ന് പറയാന്‍ പേടി. പുള്ളി തോളില്‍ നിന്നും മാട്ടം ഊരി അതിലൊന്നുമില്ലെന്ന് കമഴ്ത്തിക്കാണിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ ഒട്ടം. ഏഴു ബി യിലെ പെണ് കൂട്ടം കണ്ടിട്ട് തൊട്ടടുത്ത ഏഴു എ ക്കാരികളും കഥ കേള്‍ക്കാന്‍ അവിടെ കൂടി. അനിതകുമാരിയുടെ വിവരണം തിര്‍ന്നപ്പോള്‍ എല്ലാവരും അവരവര്‍ക്കറിയാവുന്ന പോലെ അറുകൊലയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“ഇന്നളൊരിക്കല്‍ നട്ടുച്ചക്ക് എന്റെ ശേരന്‍കൊച്ചച്ചന്‍ കണ്ടതാ ആ അറുകൊലയെ. നട്ടുച്ചക്ക് ആളില്ലാത്തിടത്താണ് ഇതിന്റെ സഞ്ചാരം. മനക്കപ്പറിമ്പിന്റെ പരിസരത്തെപ്പോഴും കാണും അത്”. രജനി അവളുടെ അറിവു വെളിപ്പെടുത്തിപ്പെടുത്തി.

“ചിലപ്പോള്‍ ഈ അറുകൊല വേഷം മാറി നടക്കും. മനുഷ്യന്റെ വേഷത്തില്‍. ആളു ചത്തുകഴിയുമ്പോഴേ മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലാവൂ. എന്റെ പൂത്തോട്ടയിലെ സുലോക്കുഞ്ഞമ്മ പറഞ്ഞിട്ടുണ്ട്.“
ഏഴു എയിലെ ഷര്‍മ്മിള പറഞ്ഞു.
“അതെന്താടീ..ഈ അറുകൊലക്ക് ഒറ്റ കൈ..?” എനിക്കു സംശയമായി

“ആ..അതങ്ങനെയാ..ഇതുങ്ങളു ചിലതു ഒറ്റക്കണ്ണന്മാരായിരിക്കും. ചിലവ ഞൊണ്ടിക്കാലന്മാര്. നിങ്ങളു മാപ്പളെച്ചികള്‍ക്ക് എന്തറിയാം..?” രാജി എന്നെ കളിയാക്കി.

“നിന്നോടു ചോദിച്ചില്ലല്ലോ..“ഞാന് ദേഷ്യപ്പെട്ടു. രാജിക്കല്ലെങ്കിലും എപ്പോഴും മാപ്ലേച്ചി എന്നു വിളിച്ച് എന്നെ കളിയാക്കണം.

“ശരിയാ…എന്റെ ചോറ്റാനിക്കരയിലുള്ള വസുമതി അമ്മായി പറഞ്ഞിട്ടുണ്ട് അവരുടെ നാട്ടില് ഒരു ഒറ്റക്കണ്ണന്‍ അറുകൊല ഉണ്ടെന്ന്.” സുലേഖ പറഞ്ഞു
“ചോറ്റാനിക്കരയിലാണേങ്കി പിന്നെന്താ പ്രശ്നം..? അങ്ങു തറച്ചാല്‍ പോരെ...?“ രാജി നിസ്സര മട്ടില്‍ ചോദിച്ചു
“അതിന് ആരുടെയെങ്കിലും മേല് കൂടണ്ടേ… എന്നാലല്ലേ തറക്കാന്‍ പറ്റുകയുള്ളു.ചുമ്മാ നടക്കുന്നതുങ്ങളെ പിടിക്കാന്‍ ഇച്ചിരി പടാ എന്റെ മോളേ…..“ സുലേഖ രാജിയെ ഒന്നിരുത്തി.

സ്കൂളില്‍ ഒന്നാം മണിയടിച്ചു. പിന്നെ രണ്ടാം മണിയും. പെണ്‍കുട്ടികള്‍ പിരിഞ്ഞുപോകാതെ അറുകൊലക്കഥകള്‍ പങ്കു വെച്ചുകൊണ്ടിരുന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ദിനേശന്‍ സാറു വരുന്നതു കണ്ടപ്പോള്‍ എ കാര്‍ എല്ലാവരും അവരുടെ ക്ലാസ്സിലോക്കോടി.അവരെ അവരുടെ കണക്കു പഠിപ്പിക്കുന്ന സാവിത്രി ടീച്ചര്‍ പുറത്തു നിര്‍ത്തി ശകാരിക്കുന്നത് ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു.

ദിനേശന്‍ സാര്‍ യൂഫ്രട്ടീസ്- റ്റൈഗ്രീസ് നദീതട സംസ്കാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ “കള്ളുമ്മാട്ടം ഇങ്ങു താടാ” എന്നലറുന്ന ഒറ്റക്കയ്യന്‍ അറുകൊലയായിരുന്നു.

“കള്ളു കൊടുക്കാഞ്ഞതിന് അറുകൊലക്ക് ദാസപ്പന്‍ ചേട്ടനോട് കലികാണുമോ അനിതേ…?“ ഞാന്‍ അനിതകുമാരിയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
“കാണും..“ അവള്‍ ഉറപ്പിച്ചു പറഞ്ഞു.
“അയാളുടെ കയ്യില്‍ കള്ളില്ലെങ്കില്‍ പിന്നെങ്ങനെ കൊടുക്കും..”ഞാന്‍ ദാസപ്പന്‍ ചേട്ടനെ പിന്താങ്ങിക്കൊണ്ടു ചോദിച്ചു.

“അതു വല്ലതു അറുകൊലക്കറിയണോ…ഇതു പോലുള്ള സാധനങ്ങള്‍ എന്തെങ്കിലും മനസ്സില്‍ വിചാരിച്ചാല്‍ അതു നടത്തിയിരിക്കും. ദാസപ്പന്‍ ചേട്ടനോട് അറുകൊലക്ക് വിരോധം തുടങ്ങിയിട്ടുണ്ട്. എപ്പോഴെങ്കിലും അയാളെ അറുകൊല പിടിക്കും.“
അനിത രഹസ്യമായി എന്റെ ചെവിയില്‍ ഒരു പ്രവചനം നടത്തി.

“അതിനു ദാസപ്പന്‍ ചേട്ടന്‍ ഇനി മനക്കപ്പറമ്പ് വഴി പോകാതിരുന്നാല്‍ പോരെ…?” ഞാന് ചോദിച്ചു
“നിന്റെ ഒരു കാര്യം… അറുകൊലക്കാണോ വഴി മാറി നടന്നാലും ഒരാളെ പിടിക്കാന്‍ പ്രയാസം“ അനിത ചോദിച്ചു.

ഞാനും അനിതയും ക്ലാസ്സില്‍ ശ്രധിക്കാതെ സംസാരിച്ചിരിക്കുന്നത് ദിനേശന്‍ സാര്‍ കണ്ടു. ഞങ്ങളെ രണ്ടു പേരെയും സാര്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ക്കതു സൌകര്യമായി. ഞങ്ങള്‍ വെളിയില്‍ നിന്നും അറുകൊലയെപറ്റി അടക്കം പറഞ്ഞു കൊണ്ടിരുന്നു.

രണ്ടു മൂന്നാഴ്ച കഴിഞ്ഞ് അനിത തന്നെയാണ് ആ വാര്‍ത്തയും രാവിലെ ക്ലാസ്സില്‍ കൊണ്ടു വന്നത്.
“ദാസപ്പന്‍ ചേട്ടന്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നു. അറുകൊല കൂടി കൂടെ കൊണ്ടു പോയതാണ്.“
“എന്റെ ദൈവമേ..നീ പറഞ്ഞത് ശരിയായല്ലോ അനിതേ…അറുകൊലക്കിത്ര ശക്തിയോ..” ഞാന്‍ അല്‍ഭുതപ്പെട്ടു.
“പിന്നെന്തു കരുതി നീ..?”
അനിത സ്കൂളിലേക്കു വരുന്ന വഴിയിലാണ് ദാസപ്പന്‍ ചേട്ടന്റെ വീട്.വരുന്ന വഴിയില്‍ അവള്‍ അത് കണ്ടിട്ടാണ് വന്നത്.

“നീ കണ്ടൊ അത്..?”എനിക്കു വിശ്വസിക്കാനായില്ല
“അതേ…സത്യമായിട്ടും കണ്ടു. എല്ലാവരും കയറി നോക്കുന്നുണ്ട്. പോലീസു വന്നലേ താഴെ ഇറക്കുകയുള്ളു. മണിയടിക്കാനിനിയും സമയമുണ്ട് വേണമെങ്കില്‍ എന്റെ കൂടെ വാ..കാണിച്ചു തരാം”

അനിതയുടെ കൂടെ ഞാനും ഞങ്ങളുടെ ക്ലാസ്സിലെ കുറച്ചു കുട്ടികളും ദാസപ്പന്‍ ചേട്ടന്റെ വീട്ടിലേക്കോടി. മുറ്റത്തു ചെറിയ ആള്‍ക്കൂട്ടം.ജനലിലൂടെ മറ്റു കുട്ടികളുടെ പിന്നില്‍ നിന്നും ഞാന്‍ എത്തിവലിഞ്ഞു നോക്കി. മുട്ടോളം നീളമുള്ള വലിയ ഒരു ചുട്ടിക്കരയന്‍ ചെത്തുതോര്‍ത്തുമുടുത്ത് ചുരുട്ടിയ കൈവിരലുകളും പുറത്തേക്കു നീണ്ട നാവുമായി തൂങ്ങി നില്‍ക്കുന്ന ശരീരം ഞാന്‍ ഒന്നേ നോക്കിയുള്ളു….
“ഈ പിള്ളെരെന്താ ഇവിടെ…?.. പോ..പിള്ളേരെ സ്കൂളില്…” വടക്കേടത്തെ അവരാന്‍ ചേട്ടന്‍ ഞങ്ങളെ ഓടിച്ചു.

തിരിച്ച് സ്കൂളിക്കോടുമ്പോഴും ആ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കയ്യുമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍. നാലു മണി വിട്ട് വീട്ടിലെത്തിയിട്ടും എന്റെ ഭയം മാറിയിരുന്നില്ല. നോക്കുന്നിടത്തെല്ലാം തൂങ്ങി നില്‍ക്കുന്ന ആ രൂപം. ഒടുവില്‍ സന്ധ്യയായപ്പോള്‍ പേടിച്ചു പേടിച്ച് ഞാനിക്കാര്യം ചേച്ചിയോട് പറഞ്ഞു. അമ്മയിതറിഞ്ഞപ്പോള്‍ വലിയ ഭൂകമ്പമായി.
“തൂങ്ങി മരിച്ചതു കാണാന്‍ പോയോ... അസത്തേ… പോയിരുന്നു കുരിശു വരക്ക് പേടിയെല്ലം പൊയ്ക്കൊള്ളും” എന്നു പറഞ്ഞ് അമ്മ ഒരു കൊന്ത കഴുത്തിലിട്ടു തന്നു.
“രാത്രി ചോറുണ്ണാനിരിക്കുമ്പോള്‍ വലിയേട്ടനോട് ചാച്ചന്‍ പറയുന്നത് കേട്ടു. ആ ചെത്തുകാരന്‍ ദാസപ്പന്‍ തൂങ്ങി മരിച്ചു. അവനു അക്കരയിലെങ്ങാണ്ടു വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. അതു പുറത്തറിഞ്ഞപ്പോള്‍ അവനങ്ങു തൂങ്ങി. അനാഥ മായതു രണ്ടു കുടുംബമാ… കഷ്ടം..”
“അതൊന്നുമല്ല അറുകൊല കൊണ്ടു പോയതാ…എനിക്കു വിളിച്ചു പറയണം എന്നുണ്ടായിരുന്നു..” ഭയം കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ‍ചോറിലേക്കും നോക്കിയിരുന്നു.
എല്ലാവരും അത്താഴമുണ്ടെഴുന്നേറ്റപ്പോള്‍ ചേച്ചി ചാച്ചന്‍ കേള്‍കാതെ രഹസ്യമായി ചേട്ടനോടു പറഞ്ഞു.
”ഇവളയാളു തൂങ്ങിയതു കാണാന്‍ പോയി.ഇപ്പോ പേടിച്ചിട്ട് കൊന്തയുമിട്ടാണ് നടത്തം”
“എടീ…” ചേട്ടന്‍ എന്റെ നേരെ നോക്കി കണ്ണുരുട്ടി.ഞാന്‍ പേടിച്ച് മുറിയുടെ മൂലയിലേക്കു മാറി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനി..കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വയ്യ
“ആ ദാസപ്പന്‍ തൂങ്ങിയതു കാണാന്‍ പോയതു കണ്ടു പേടിച്ചിട്ടാ. പെണ്ണിന്നു തീ പോലത്തെ പനി. പള്ളിയില്‍ കൊണ്ടു പോയി അച്ചനെക്കൊണ്ട് തലക്കു പിടിപ്പിക്കണം“ അമ്മ ചാച്ചനോടു പറഞ്ഞു.
“ഓ…അതു ചുമ്മാ പനിയായിരിക്കും . വല്ലപ്പോഴുമൊക്കെ .അവള്‍ക്കിങ്ങനെ പനി വരാറുള്ളതല്ലേ. തലക്കു പിടിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല. “ചാച്ചന്‍ നിസ്സാരമായി പറഞ്ഞു.
“എന്റെ മേരമ്മേ…ഇതാ കണിയാന്‍ ചങ്കരനെക്കൊണ്ടൊന്നു ജപിച്ചു കെട്ടിച്ചാല്‍ തീരുന്ന കാര്യമല്ലേ ഉള്ളൂ…“ ജോലിക്കരി ജാനകി ഞാന്‍ കിടക്കുന്ന കട്ടിലിനരികെ നിന്ന് അമ്മയോടു ചേദിച്ചു.
“അതൊന്നും വേണ്ട ജാനകി..പള്ളീലച്ചനെക്കൊണ്ടു തലക്കു പിടിപ്പിക്കാം എന്നു പറഞ്ഞിട്ടു കൂടെ സമ്മതിച്ചില്ല. ഇനിയിപ്പം കണിയാന്റെ കാര്യം കൂടെ കേട്ടാല്‍ മതി.
“എന്നാലും ഈ കൊച്ചിനെ സമ്മതിക്കണം.തൂങ്ങിച്ചത്തതു കാണാന്‍ പോയിക്കളഞ്ഞല്ലോ..”
ഞാന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു പനിമാറി സ്കൂളില്‍ ചെന്നപ്പോള്‍ അനിത ക്ലാസ്സില്‍ വന്നിട്ടില്ല. അവളും രണ്ടു ദിവസമായിട്ട് ക്ലാസ്സില്‍ വരുന്നില്ലെന്ന് രാജി പറഞ്ഞു. അവള്‍ക്കും എന്നെപ്പോലെ പേടിച്ച് പനി പിടിച്ചു കാണുമോ..?

നാലാം ദിവസം അനിത ക്ലാസ്സില്‍ വന്നത് പുതിയ ഉടുപ്പും ചെരുപ്പുമൊക്കെയിട്ടാണ്. കയ്യിലും കഴുത്തിലും പുതിയ സ്വര്‍ണ്ണ വളയും മാലയും.  കവിളാകെ മിനുത്ത് തുടുത്തിരിക്കുന്നു. നാലു ദിവസം കൊണ്ട് ഇവളാകെ സുന്ദരിയായല്ലോ എന്നു ഞാന് മനസ്സിലോര്‍ത്തു.
“എന്താ അനിതേ…നീ ഇത്രയും ദിവസം വരാതിരുന്നത്. പനിയായിട്ടു ഞാനും രണ്ടു ദിവസം വന്നില്ല. ദാസപ്പന്‍ ചേട്ടനെക്കണ്ടു പേടിച്ചതാണെന്നാണ് അമ്മ പറയുന്നത്. നിനക്കും പനിയായിരുന്നോ.?“
അവള്‍ ചിരിച്ചുകൊണ്ട് ബാഗില്‍ നിന്നും ലഡ്ഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും രണ്ടു പൊതികള്‍ എന്റെ ബാഗില്‍ വച്ചു തന്നിട്ടു രഹസ്യമായി പറഞ്ഞു.
“എന്റെ തിരണ്ടു കല്യാണമായിരുന്നു. അതാ വരാതിരുന്നത്. ഇത് അതിന്റെ പലഹാരമാ. നീ ആരോടും പറയണ്ട..“ ഞാന്‍ വീണ്ടും അവളുടെ പുതിയ ഉടുപ്പിലെക്കും ചെരുപ്പിലേക്കും നോക്കി ഒന്നും മനസ്സിലാകാതെ.

മാസങ്ങള്‍ കഴിഞ്ഞു പോയി. അനിതകുമാരിയുടെ അമ്മ ആസ്മ കൂടി പെട്ടെന്നു മരിച്ചു. അമ്മക്ക് വാവടുക്കുമ്പോള്‍ ആസ്മ വരാറുള്ള കാര്യം അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് ടിച്ചറുടെ കൂടെ ഞങ്ങളെല്ലാവരും അവളുടെ വീട്ടില്‍ ശവദാഹ സമയത്ത് പോയിരുന്നു. ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അവള്‍ ഉറക്കെ പതം പറഞ്ഞു കരഞ്ഞു. അവളുടെ വീടിന്റെ തന്നെ തെക്കു ഭാഗത്താണ് അമ്മയെ ദഹിപ്പിച്ചത്.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് അനിത കുമാരി ക്ലസ്സില്‍ വന്നത്. അവളുടെ കണ്‍പോളകളുടെ വീക്കം അപ്പോഴും മാറിയിരുന്നില്ല. ഒന്നു രണ്ടു പിരിയഡ് കഴിയുന്നതു വരെ അവള്‍ അരോടും ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിക്ക് അമ്മ മരിച്ച കാര്യങ്ങള് ഇന്റെര്‍വെല്ല് സമയത്ത് എന്നെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.

“ആ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയെങ്ങനുമാണോ അനിതേ..അത്..” ഞാന്‍ അവളോട് സംശയം ചോദിച്ചു
“ഏയ്..അല്ല…അമ്മ അസുഖം വന്നല്ലേ മരിച്ചത്. അസുഖക്കാരെ അറുകൊലക്കു വേണ്ട. അറുകൊല കൂടുന്നവര് ചാകുന്നത് ദാസപ്പന്‍ ചേട്ടനെപ്പോലെ തൂങ്ങിച്ചത്തോ, വിഷം കുടിച്ചോ ആയിരിക്കും“. അവള്‍ പറഞ്ഞു

അവളുടെ പ്രീഡിഗ്രീ തോറ്റ അനിലേച്ചിയുടെ കല്യാണം പെട്ടെന്നു നടത്താന്‍ പോവുകയാണത്രേ. അമ്മയില്ലാത്തെ പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിറുത്തുന്നതു ശരിയല്ല എന്നെല്ലാവരും അച്ഛനെ ഉപദേശിക്കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്കു ശേഷം അനിലേച്ചിക്ക് കല്യാണമായെന്നുള്ള സന്തോഷ വാര്‍ത്ത അനിത അറിയിച്ചു. അമ്മ മരിച്ചതിന്റെ സങ്കടം അവള്‍ക്കും ചേച്ചിക്കും കുറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞു ചേച്ചിയും സുധാകരന്‍ ചേട്ടനും അവളുടെ വീട്ടില്‍ത്തനെ താമസിക്കും. വീട്ടില്‍ ആളാകുമല്ലോ. അല്ലെങ്കില്‍ പിന്നെ അവളും അച്ഛനും തനിയെ എന്തു ചെയ്യും.

അക്കൊല്ലം നടക്കാവ് ഭഗവതിയുടെ അമ്പലത്തിലെ ഉത്സവവും വെടിക്കെട്ടും പൊടിപൂരമായിരുന്നു. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളഞ്ഞ് ഉത്സവം കാണാന്‍ പോകുന്നവരെ നോക്കി ഞാന്‍ വീടിന്റെ ഗെയിറ്റില്‍ പിടിച്ച് നിന്നു. അമ്പലത്തില്‍ നിന്നും തിരിച്ചു വരുന്നവരുടെ കയ്യില്‍ വിവിധ തരം സാധനങ്ങള്‍. കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങള്‍, ബലൂണുകള്‍...റോഡിലാകെ പീപ്പിയുടെ ശബ്ദം. സന്ധ്യകഴിഞ്ഞപ്പോള്‍ താലം വരവുണ്ടായിരുന്നു. താലപ്പോലിയേന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നടക്കുന്ന അനിതയും അനിലേച്ചിയും എന്നെ നോക്കി ചിരിച്ചു. അവരണിഞ്ഞ പട്ടു പാവാടയും ബ്ലൌസും കയ്യിലേന്തിയ ദീപങ്ങളുടെ വെളിച്ചത്തില് വെട്ടിത്തിളങ്ങി. അനിലേച്ചി കല്യാണമടുത്തതോടെ കൂടുതല്‍ സുന്ദരിയായ പോലെ.

രാത്രിയില്‍ വൈകി അമ്പല പറമ്പില്‍ നിന്നും ഉയര്‍ന്ന “കൃഷ്ണാവതാരം ബാലെ“യുടെ പാട്ടും കേട്ട് ഞാന്‍ ഉറങ്ങാതെ കിടന്നു.
“യശോധാ നന്ദനാ..എന്‍ ചാരേ വാ…വാ…“എന്ന പാട്ടുകേട്ടപ്പോള്‍ അമര്‍ചിത്രകഥയിലെ ഉണ്ണിക്കണ്ണന്‍ മഞ്ഞ പട്ടുചേലയുമുടുത്ത് ഗോപികമാരുടെ ഇടയില്‍ നിന്നു കളിക്കുന്ന സ്റ്റേജ് ഞാന്‍ മനസ്സില്‍ കണ്ടു. അനിത എനിക്ക് ഉത്സവപ്പറമ്പില്‍ നിന്നും ഒരു ഡസന്‍ സ്പ്രിങ്ങ് വളയും ഒരു കല്ലുമാലയും വാങ്ങിത്തന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഇടവക പള്ളിയിലെ പെരുന്നാളായി. പെരുന്നാളിന്റെ പ്രദിക്ഷിണത്തിനു നിരയായി റോഡിലൂടെ നടക്കുന്നതിനിടയില്‍ പുത്തന് പെരുന്നാളു കൂടാന്‍ വന്ന പുതുമണവാട്ടികളുടെ പട്ടു സാരികളും നോക്കി ഞാന്‍ നടന്നു. അവരുടെ മണവാളന്മാരും സ്റ്റൈലന്‍ പാന്റും ഷര്‍ട്ടുമിട്ട് അവരെ മുട്ടിയുരുമ്മി നടന്നു നീങ്ങുന്നുണ്ടായിരുന്നു.



പ്രദിക്ഷണം കഴിഞ്ഞ് പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ അയല്പക്കത്തെ ശാന്തകുമാരിച്ചേച്ചിയും അമ്മ ഊലിച്ചോത്തിയും നല്ല സെറ്റു മുണ്ടൊക്കെ ഉടുത്ത് പള്ളിയില്‍ നില്‍ക്കുന്നു. ശാന്തകുമാരിച്ചേച്ചി നെറ്റിയില് ചാന്ത് തൊട്ടിട്ടുണ്ട്.
“പെരുന്നാളു കാണാന്‍ വന്നതാ…” ഞാന്‍ അവരോട് കുശലം ചോദിച്ചു
“അല്ല കൊച്ചേ…ഞങ്ങള് അമ്പെടുക്കാന്‍ വന്നതാ..” ഊലിച്ചോത്തി മറുപടി പറഞ്ഞു
“നിങ്ങള് അമ്പെടുക്കുകേ….” എനിക്കതിശയം
“പിന്നെന്താ..ഞങ്ങള്‍ എല്ലാക്കൊല്ലവും വന്ന് പുണ്യാളന്റെ അമ്പെടുക്കാറുള്ളതല്ലേ..അല്ലെങ്കില്‍ വസൂരി വിത്തു വാരിയെറിയില്ലേ….” ഊലിച്ചോത്തി ഭയഭക്തിയോടെ പറഞ്ഞു.
പ്രദിക്ഷണം കഴിഞ്ഞ് സെബസ്റ്റിയാനോസ് പുണ്യാളന്റെ രൂപക്കൂടോടെയുള്ള പ്രതിമ പള്ളി മുറ്റത്തെ അലങ്കരിച്ച പന്തലില്‍ കൊണ്ടു വെക്കുന്നുണ്ടായിരുന്നു. മരത്തില്‍ കെട്ടപ്പെട്ട് അമ്പുകളേറ്റു നില്‍ക്കുന്ന കരുണാമയമായ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്കു അവരു പറഞ്ഞത് വിശ്വസിക്കാന് പറ്റിയില്ല.

“പുണ്യാളന്‍ ഇത്ര ദുഷ്ടനോ!!!!! “

അനിതക്കായി ഞാന്‍ ക്യൂട്ടക്സും ഇരട്ട ഡിസൈന്‍ തെളിയുന്ന വളകളും വാങ്ങി. പെരുന്നാളു കൂടാന്‍ വന്ന ത്രുപ്പൂണിത്തുറയിലെ ക്ലാരമ്മക്കുഞ്ഞമ്മയും വൈക്കത്തെ ചിന്നമ്മ അമ്മായിയും തന്ന പൈസയത്രയും ഞാന്‍ പൊടിപൊടിച്ചു.

വീണ്ടും രണ്ടു വട്ടം കൂടി ഉത്സവവും പെരുന്നാളും വന്നു പോയി. ഞങ്ങള് പത്താം ക്ലാസ്സിലാണിപ്പോള്‍ പഠിക്കുന്നത്. എല്ലാ ടീച്ചര്‍മാര്‍ക്കും പരീക്ഷയെക്കുറിച്ചു മാത്രമേ പറയാനുള്ളു. പത്താം ക്ലാസ്സെന്നു പറഞ്ഞാല് കുട്ടികളെ വിഴുങ്ങാന്‍ വരുന്ന ആരോ എന്ന മട്ടിലാണ് എല്ലാവരുടെയും സംസാരം. എനിക്കും അനിതക്കും കണക്കിനു റ്റ്യൂഷനുണ്ട്. എന്റെ ചേട്ടന്റെ കൂട്ടുകാരനായ രാജുച്ചേട്ടനാണ് റ്റ്യൂഷനെടുക്കുന്നത്. രാജുച്ചേട്ടന്‍ ലോ കോളേജില് വക്കീലാകുവാന്‍ പഠിക്കുകയാണ്. കോളേജ് കഴിഞ്ഞു വന്നിട്ട് വൈകുന്നേരമാണ് റ്റ്യൂഷന്‍.

സയന്‍സിന്റെ കുറേ നോട്ട് എഴുതി തീര്‍ക്കാന്‍ ഞാന്‍ ഒരുദിവസം അനിതയുടെ ബുക്കു കടം വാങ്ങി .അവളുടെ എല്ലാ പുസ്തകങ്ങളിലും ചേച്ചിയുടെ മോന്‍ സൂരജ് കുത്തി വരച്ചിട്ടുണ്ടാകും. അവള്‍ക്ക് എപ്പോഴും അവന്റെ കാര്യം പറയാനേ നേരമുള്ളു.

ഞാന്‍ വീട്ടിലിരുന്ന് അനിതയുടെ ബുക്കു നോക്കി നോട്ടു പകര്‍ത്തിയെഴുതുകയായിരുന്നു .പെട്ടെന്നാണ് അതില്‍ നിന്നും ഒരു മടക്കിയ കടലാസ് കഷണം താഴെ വീണത്. ഞാനതെടുത്ത് നിവര്‍ത്തി നോക്കി
.“എന്റെ അനിതക്ക്“ എന്നു തുടങ്ങുന്ന ആ കത്ത് വായിച്ചു അന്തം വിട്ടു പോയി. ഞങ്ങളുടെ റ്റ്യൂഷന്‍ സാറ് രാജുച്ചേട്ടന്റെ കത്തായിരുന്നു അത്. ഞാനാദ്യമായിട്ടാണ് ഒരു പ്രേമ ലേഖനം കാണുന്നത്. കള്ളി… എന്നോടൊന്നും പറയാതെ മറച്ചു വച്ചു. ഒരുമിച്ച് റ്റ്യൂഷന്‍ ക്ലസ്സിലിരുന്നിട്ടും എനിക്കിതൊരിക്കലും കണ്ടു പിടിക്കാന് പറ്റിയില്ലോ എന്നു ഞാന് അതിശയിച്ചു. കത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന എനിക്കു മറ്റൊന്നു കൂടി മനസ്സിലായി. സുധാകരന്‍ ചേട്ടന്‍ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. ഉടനെ തന്നെ ചേച്ചിയോടോ അച്ഛനോടോ തുറന്നു പറയണം എന്ന് രാജുച്ചേട്ടന്‍ എഴുതിയിരിക്കുന്നു.

പിറ്റേ ദിവസം പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് കത്തിനെക്കുറിച്ച് ചോദിച്ചു
“നീ വഴക്കു പറയും എന്നു പേടിച്ചാ നിന്നോട് പറയാതിരുന്നത്“. അവള്‍ ചമ്മലോടെ പറഞ്ഞു…
“പ്രേമിച്ചു നടക്കുമ്പോള്‍ പരീക്ഷ അടുക്കാറായി എന്നോര്‍മ്മ വേണം. നിന്റെ അച്ഛനറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി..? “ ഞാനവളോട് ചോദിച്ചു
“ഇതു തന്നെയാ നിന്നോട് പറയാന് മടിച്ചതിന്റെ കാരണം..” അവള് പറഞ്ഞു
ഞാന്‍ പെട്ടെന്ന് അവളോട് സുധാകരന്‍ ചേട്ടനെക്കുറിച്ച് ചോദിച്ചു.
“നീ ആ കത്തു മുഴുവന്‍ വയിച്ചോ…”അവള്‍ വിഷമത്തോടെ എന്നോട് ചോദിച്ചു
“വായിച്ചു. നിനക്ക് അച്ഛനോടോ ചേച്ചിയോടോ പറഞ്ഞു കൂടെ…”

“എങ്ങനെ ഞാനിതവരോട് പറയും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്കു ചേര്‍ന്നു കഴിഞ്ഞാല് എന്താണെങ്കിലും ഹോസ്റ്റലിലായിരിക്കും. അതോടെ അയാളില്‍ നിന്നും രക്ഷപ്പെടാം. ഏറിയാല്‍ മൂന്നു മാസം .ഇത്രയും നാള് രക്ഷപ്പെട്ടു നിന്നതുപോലെ അങ്ങു പോട്ടെ. എന്റെ പാവം അനിലേച്ചിയെ വിഷമിപ്പിക്കാനെനിക്കു മനസ്സു വരുന്നില്ല.” അവള്‍ നിറ കണ്ണുകളോടെ പറഞ്ഞു
“ചേച്ചിയോട് പറയാന്‍ വിഷമമാണെങ്കില്‍ അച്ഛനോട് പറയ് .”
“എന്തോ…. എങ്ങിനെയാ..അച്ഛനോടിങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. അച്ഛന്റെ മുന്‍പില്‍ സുധാകരന്‍ ചേട്ടന്‍ നല്ല പിള്ളയല്ലേ... അയാളുടെ ഉദ്ദേശമെങ്ങാനും നടന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. ആ നിമിഷം ഞാന്‍ ചത്തു കളയും. മരിച്ചു പോയ എന്റെ അമ്മയാണെ സത്യം..” അവള്‍ പെട്ടെന്നു പറഞ്ഞു.
“നീ…ചുമ്മാ അതുമിതും പറയാതെ അനിതേ..ഒന്നും ഉണ്ടാകില്ല.“ പേടിയോടെയാണെങ്കിലും ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
എസ്സ്.എസ്സ്.എല്‍.സി. പരീക്ഷക്ക് ഇനി ഒരു മാസം പോലുമില്ല. ഞങ്ങളുടെ മോഡല്‍ പരീക്ഷ നടക്കുകയാണ്. രാവിലെ സ്കൂളില്‍ ചെന്ന ഞാന്‍ ഗെയിറ്റില് കരിങ്കൊടി കെട്ടിയിരിക്കുന്നതു കണ്ടു. സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ അവിടവിടെയായി കൂടിനിന്ന് അടക്കം പറയുന്നു.
“എന്താ… എന്തു പറ്റി ..?”ഞാന്‍ ചോദിച്ചു
ഷര്‍മ്മിളായാണു മറുപടി പറഞ്ഞത്
“ഇന്നത്തെ മോഡല്‍ പരീക്ഷ മാറ്റി വെച്ചു. അനിത കുമാരി.കെ.സ്സ്. തൂങ്ങി മരിച്ചു. കാരണമെന്തെന്നാര്‍ക്കുമറിയില്ല.“
“പരീക്ഷപ്പേടിയായിരിക്കും എന്നൊക്കെ ടിച്ചര്‍മാരു പറയുന്നണ്ട്“. സുലേഖ പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടികളെല്ലാം അവളുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ അവരുടെ നിരയിലൊരാളായി.

“ഇല്ലാ.. സുധാകരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും എന്നത്തെയും പോലെ അവള്‍ രക്ഷപെട്ടിട്ടുണ്ടാകും. ആ ഒറ്റക്കയ്യന്‍ അറുകൊലയായിരിക്കും അവളെ കൊണ്ടു പോയത്“. നടക്കുന്നതിടയില്‍ ഞാന്‍ എന്റെ മനസ്സിനെ സ്വാന്തനിപ്പിക്കുവാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ടു തൂങ്ങി മരിച്ച ദാസപ്പന്‍ ചേട്ടന്റെ വീടും മനക്കപ്പറമ്പും താണ്ടി കുട്ടികളും ടിച്ചര്‍മാരും അടങ്ങിയ നീണ്ട നിര അനിതയുടെ വീട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നു. മനക്കപ്പറമ്പിലെ തുടലിമുള്‍ക്കാടിനടുത്തെത്തിയപ്പോള്‍ എന്റെ മനസ്സ് ചോദിച്ചു.

“എന്തിനാ അറുകൊലേ…നീ എന്റെ അനിതയെ കൊണ്ടു പോയത്…? എന്തു ദ്രോഹമാണവള്‍ നിന്നോട് ചെയ്തത്…? നീ സുധാകരന്‍ ചേട്ടന്റെ രൂപത്തില്‍ അവളുടെ വീട്ടില്‍ ചെന്നു കയറിയത് ഇതിനായിരുന്നോ…?”

എല്ലാവരും അവളുടെ വീടിനു മുന്നിലെത്തി. ഞങ്ങളുടെ റ്റ്യൂഷന്‍ സാര്‍ രാജുച്ചേട്ടന്‍ റോഡരികിലെ ആള്‍ക്കൂട്ടത്തില്‍ തളര്‍ന്നു നില്ക്കുന്നുണ്ടായിരുന്നു. എല്ലാ കുട്ടികളും ഗെയിറ്റു കടന്ന് അകത്തേക്കു കയറി. അവളുടെ വീട്ടിലേക്ക് കയറാന്‍ ധൈര്യമില്ലാതെ ഞാന്‍ റോഡരികില്‍ത്തന്നെ നിന്നു. തനിയെ നില്‍ക്കുന്നത് കണ്ട് രാജുച്ചേട്ടന്‍ എന്റെ അരികിലേക്ക് വന്നു കുറ്റബോധത്തോടെ പറഞ്ഞു.

“അവള്‍ക്ക് അച്ഛനോട് പറയാന്‍ ബുധിമുട്ടുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴെങ്കിലും ഞാന്‍ അവളുടെ അച്ഛനെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും നമുക്കവളെ രക്ഷിക്കാമായിരുന്നു. ഞാനാണവളുടെ മരണത്തിനു കാരണക്കാരന്‍.”

“അല്ലാ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയാണിത്. അയാള്‍ക്കവളെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.“ ഞാന്‍ പറയാന്‍ ശ്രമിച്ചു. എന്റെ ശബ്ദം ഒരു വലിയ തേങ്ങല്‍ മാത്രമായി.

വീടിനു മുന്നിലെ ഉയര്‍ത്തിയ കെട്ടിയപന്തലും ആള്‍ക്കൂട്ടവും നോക്കി ഞാന്‍ ആ റോഡരികില്‍ത്തന്നെ നിന്നു….. ഒറ്റക്കയ്യന്‍ അറുകൊലകൊണ്ടുപോയ അനിതയുടെ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ…

11.10.09

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍

ഗുല്‍മോഹറുകള്‍ പൂക്കുന്ന കാലമായിരുന്നു അത്. ആര്‍ട്ട്സ് കോളേജിന്റെ മുന്നിലുള്ള പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ ചുവന്ന തലപാവണിഞ്ഞു നില്‍ക്കുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ നടയിലിരിക്കുന്ന സതീഷും ജയന്തിയും ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയിലാണിരിക്കുന്നതെന്നു തോന്നും.

ഷര്‍ട്ടിലേക്കു വീണ പൂവ് തട്ടി കളഞ്ഞുകൊണ്ട് സതീഷ് ജയന്തിയോടു ചോദിച്ചു.

“ജയന്തിക്കു ബസ്സിനു സമയമായോ…?”
“ഇല്ല …അരമണിക്കൂര്‍ കൂടി കഴിയണം“. ജയന്തി വാച്ചില്‍ നോക്കി പറഞ്ഞു.

സതീഷ് എന്നും അഞ്ചരക്കുള്ള ട്രെയിനിനാണ് പോകുന്നത്. ജയന്തിപോയിക്കഴിഞ്ഞ് പതുക്കെ റെയില്‍ വേസ്റ്റേഷനിലേക്കു നടന്നാല് ട്രെയിനിനുള്ള സമയമാകും. കോളേജ് മിക്കവാറും വിജനമാണ്. കുറച്ചകലെയുള്ള കാന്റ്റീനില്‍ നിന്നും കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നതൊഴിച്ചാല്‍. മരത്തണലുകളില് അങ്ങിങ്ങിരുന്ന പ്രണയ ജോടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു.

“ഈ മരത്തിന്റെ കീഴില്‍ നമ്മളെപ്പോലെ എത്ര പേര്‍ ഇരുന്നു കാണും സതീഷ്..?” ജയന്തി സതീഷിനോട് തമാശയായി ചോദിച്ചു
“അവോ..മരത്തിനറിയാമായിരിക്കും…. മൂന്നു തലമുറകള്‍ക്കായി ഈ വയസ്സന്‍ മരം എത്ര തണലൊരുക്കിയിരിക്കുന്നു”
“അവരൊക്കെ ഇപ്പോള്‍ മക്കളൊക്കെയായി സുഖമായി ജീവിക്കുന്നുണ്ടാകും അല്ലേ…?”
“ഉണ്ടായിരിക്കും“ സതീഷ് കുറച്ചൊരു ഗൌരവത്തോടെ പറഞ്ഞു. പിന്നെയേതോ ചിന്തയില്‍ മുഴുകി ഒന്നും മിണ്ടാതെയിരുന്നു.
“സതീഷ്…. ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നലെ രാത്രിയില് ഒരു സ്വപ്നം കണ്ടു. നമ്മള്‍ രണ്ടു പേരും കൂടി സതീഷിന്റെ വീട്ടില്പോകുന്നതാ‍യിട്ട്…”
“ഓഹോ…എന്നിട്ട്..?“ അവനവളെ അവളെ കളിയാക്കി
“സത്യം…വീടിനടുത്തുള്ള അബ്ദുക്കായുടെ പീടിക പോലും ഞാന്‍ കണ്ടു..അബ്ദുക്ക നമുക്ക് ഐസിട്ട നാരങ്ങാവെള്ളം തന്നു, നമ്മള്‍ അബ്ദുക്കായോട് യാത്രപറഞ്ഞിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു പോയി.”
“അതു വലിയ കഷ്ടമായിപ്പോയി“ അയാള്‍ വീണ്ടുമവളെ കളിയാക്കി.
“കളിയക്കണ്ട…കണ്ണു തുറന്നു പോയില്ലായിരുന്നെങ്കില്‍ നേരെ വീട്ടിലെത്തിയേനെ. എന്നാലും അബ്ദുക്കയുടെ പീടികയെങ്കിലും കാണാന്‍ പറ്റിയല്ലോ”
“പക്ഷേ…അതിനു നീ അബ്ദുക്കായെ കണ്ടിട്ടില്ലല്ലോ…”
“അതിനെന്താ..സതീഷ് എത്ര പ്രാവശ്യം എന്നോട് അബ്ദുക്കയുടെ പീടികയെ പറ്റി പറഞ്ഞിരിക്കുന്നു“
.
ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ജയന്തി പരിഭവത്തോടെ പറഞ്ഞു
“എത്രനാളായി ഞാന്‍ പറയുന്നു എന്നെയൊന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍“
“സമയമാകട്ടെ.. വീട്ടിലിതുവരെ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.“ അയാള്‍ വിഷണ്ണനായി.
“നോക്കിക്കൊളൂ …ഒരിക്കല്‍ ഞാന്‍ തനിയെ അവിടെ വരും. എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട്”
“ശരി..എങ്ങനെ എത്തുമെന്നു പറയൂ..” സതീഷ് ചിരിച്ചുകൊണ്ടവളെ പ്രോത്സാഹിപ്പിച്ചു
“വഴിയെല്ലാം സതീഷ് പലവട്ടം പറഞ്ഞു തന്നിട്ടില്ലേ…താമരക്കുളങ്ങര റെയില്‍ വേസ്റ്റേഷന്,മുന്നില്‍ ചെമ്മണ് പാത ,കുറച്ചു നടന്നാല്‍ പഞ്ചായത്ത് കിണര്‍, കുരിശുമ്മൂട് കവല. അവിടെ നിന്നും വലത്തോട്ട് തിരിയുമ്പോള്‍ ട്രാന്‍സ്ഫോര്‍മറിനടുത്ത് അബ്ദുക്കായുടെ പെട്ടിക്കട. ഞാന്‍ അബ്ദുക്കായോട് ചോദിക്കും ആര്‍ട്ട്സ് കോളേജില്‍ എം.എ.ക്കുപഠിക്കുന്ന സതീഷിന്റെ വീടെവിടെയാണെന്ന്.“
സതീഷിന്റെ വീടിനടുത്തുള്ള റെയില്‍വേസ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അബ്ദുക്കായുടെ പെട്ടിക്കടയും എല്ലാം അവള്‍ക്കു മനപ്പാഠമാണ്.

“അപ്പോള്‍ കാണാം യഥാര്‍ത്ഥ അല്‍ഭുതം.നിന്റെ കാര്‍ഷെഡ്ഡിന്റത്രയുമുള്ള എന്റെ കൊച്ചു വീട്.”
“തുടങ്ങി കോമ്പ്ലക്സ്..” ജയന്തി ദേഷ്യപ്പെട്ടു

വീട്ടില്‍ കൊണ്ടുപോകുന്ന കാര്യം എപ്പോള്‍ പറഞ്ഞാലും സതീഷ് അവസാനിപ്പിക്കുന്നത് ഇതു പറഞ്ഞായിരിക്കും

“ഇനി എന്നു ഇതുപോലെ സ്വപ്നം കാണുന്നുവോ ..അന്നു ഞാന്‍ സതീഷിന്റെ വീട്ടിലെത്തിയിരിക്കും.രാവിലെ ഉണര്‍ന്നെണീക്കുന്ന സതീഷ് ചിലപ്പോള്‍ എന്നെയായിരിക്കും കണി കാണുന്നത്…”

“എങ്കില്‍ എന്റെ അന്നത്തെ ദിവസം പോക്കായിരിക്കും” അവന്‍ അവളെ ചൊടിപ്പിച്ചു.
“ഞാന്‍ പോകുന്നു..എന്റെ ബസ്സിപ്പൊ വരും.. “

ജയന്തി എഴുന്നേറ്റ് കോളേജിനു മുന്നില്‍ത്തനെയുള്ള ബസ്സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നു പോകുന്നതു നോക്കി സതീഷ് ചെറു പുഞ്ചിരിയുമായി അവിടത്തന്നെയിരുന്നു.

ട്രെയിനിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ടിരുന്ന ജയന്തി വിചാരിച്ചു സതീഷ് അല്‍ഭുതപ്പെടും തന്നെ കാണുമ്പോള്‍. പറഞ്ഞത് കളിയായിരുന്നില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ. എത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു ഒന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍.സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും അവള്‍ക്ക് സൈഡില്‍ത്തന്നെ സീറ്റുകിട്ടി. ചുറ്റുമുള്ള ആരെയും അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല.ആരെങ്കിലും പരിചയമുള്ളവരെ കണ്ടാല്‍പ്പിന്നെ എവിടെപ്പോകുന്നു എന്ന് പറയേണ്ടി വരും. അച്ഛന്റെ ചെവിയില് അതെത്താനും മതി. ഏതോ പരിചയമുള്ള മുഖം അവളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ പുറത്തേക്ക് തലതിരിച്ചു കാഴ്ചകള്‍ നോക്കിയിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളും പുഴയും താണ്ടി ട്രെയിന് ഓടിക്കൊണ്ടിരുന്നു. എത്ര പ്രകൃതിഭംഗിലുള്ള നാടാണ് സതീഷിന്റേത്.വയലില്‍ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ ജയന്തി കൌതുകത്തോടെ നോക്കി. താമരക്കുളങ്ങരക്കു മുന്‍പുള്ള സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ജയന്തി തയ്യാറായി നിന്നു. കുറെ ആളുകള്‍ അവളോടൊപ്പം ഇറങ്ങി. അതിലധികം ആളുകള്‍ കയറുകയും ചെയ്തു. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി സതീഷ് പറഞ്ഞ പോലെ അത്രക്കങ്ങു ചെറിയ സ്റ്റേഷന്‍ അല്ല അതെന്ന്. കടകകളും ബുക്ക് സ്റ്റാളും എസ്സ്.സ്റ്റി.ഡി ബൂത്തുമൊക്കെയായി ഒരു ഇടത്തരം സ്റ്റേഷന്. ഓട്ടോകളും ടാക്സികളും അവിടെ യാത്രക്കാരെ കാത്തു നിരയായി കിടക്കുന്നു. ചെമ്മണ്ണിട്ട വഴി കാണുന്നില്ല. ടാറിട്ട ഒരു റോഡാണ് മുന്നില്. റോഡ് ടാറിട്ട കാര്യം സതീഷ് എന്തേ പറയാന്‍ മറന്നത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പഞ്ചായത്ത് കിണര്‍ കണ്ടു. പിന്നെ കവലയും. വഴി തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. വലത്തേക്കു തിരിഞ്ഞപ്പോള്‍ രണ്ടു മൂന്നു കടകള്‍. ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് പെട്ടിക്കട കാണുന്നില്ല .പകരം ഒരു സ്റ്റേഷനറിക്കട. ഈ സതീഷിന്റെ ഒരു കാര്യം എല്ലാം ചെറുതാക്കി പറഞ്ഞിരിക്കുന്നു. അവള്‍ മനസ്സിലോര്‍ത്തു.

ഒരു നിമിഷം അവള്‍ സംശയിച്ചു നിന്നിട്ട് സ്റ്റേഷനറികടയിലേക്ക് കയറി. കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരിക്കുന്നവരോട് സംസാരിച്ചു നിന്ന ചെറുപ്പകാരനോട് ചോദിച്ചു.
“അബ്ദുക്കായുടെ കട ഇതല്ലേ…?“ അവള്‍ സംശയത്തോടെ തന്നെ ചോദിച്ചു
“അതേ…ബാപ്പ ഇപ്പോള്‍ വരാറില്ലല്ലോ..ഇപ്പോള്‍ ഞാനാ കട നോക്കുന്നത്…”.പിന്നെ അയാള്‍ അവളെ ചോദ്യ ഭാവത്തില് നോക്കി.
“ആര്‍ട്സ് കോളേജിലെ സതീഷിന്റെ വീട്…?”
“സതീഷ് സാറ് കുറച്ചു മുന്‍പ് കോളേജിലേക്കു പോയല്ലോ..”
“ഇത്ര നേരത്തേയോ..?”
ജയന്തിക്ക് അതിശയം തോന്നി. എപ്പോഴും ഫസ്റ്റവര്‍ കഴിഞ്ഞ് കോളേജിലെത്താറുള്ള കക്ഷിയാണ്
പെട്ടെന്ന് പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു
“ദാ…സതീഷ് സാറിന്റെ ഭാര്യയും മകനും വരുന്നു. സ്റ്റേഷനിലേക്കാണെന്നു തോന്നുന്നു…..അവരോട് ചോദിച്ചോളൂ.”
മിറര്‍ വര്‍ക്ക് ചെയ്ത വയലറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഒരു യുവാവും നടന്നടുക്കുന്നുണ്ടായിരുന്നു. ഇയാളിതെന്താ പറയുന്നതെന്ന ഭാവത്തില്‍ ചെറുപ്പക്കാരനെ നോക്കിയിട്ട് ജയന്തി കടയുടെ പുറത്തേക്കിറങ്ങി. അവള്‍ക്കു ചിരിവന്നു. ഭാര്യയും മുതിര്‍ന്ന മകനും. അയാള്‍ക്കു തെറ്റിയതായിരിക്കും. വേറെയാരുടെയെങ്കിലും കാര്യമായിരിക്കും അയാള്‍ പറഞ്ഞത്.
പക്ഷേ ആ മകന് സതീഷിന്റെ അതേ ഛായ. ആ താടിയില്ലെന്നു മാത്രം. നടത്തയും അതുതന്നെ. പിന്നില്‍ നിന്നു നോക്കിയപ്പോള് സതീഷ് നടന്നു പോകുകയാണെന്നു തോന്നി. അവള്‍ക്കൊന്നും മനസ്സിലായില്ല. സ്റ്റേഷനിലേക്കുളള വഴിയേ നടന്നു പോകുന്ന അവരെ നോക്കി നിന്ന ജയന്തി കുറച്ചു നേരം അതേ നില്‍പ്പില്‍ത്തന്നെ നിന്നു………………
എത്രസമയം അവള്‍ അങ്ങനെ നിന്നു കാണും…? അരോ അവളുടെ കയ്യില്‍ പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കിയ ജയന്തി കണ്ടത്..വിഷ്ണുവിനെ!! വളരെ പരിഭ്രാന്തനായിരുന്നു അയാള്‍.
വിഷ്ണുവോ……? അപ്പോള് സതീഷിന്റെ വീട്..? ഇന്നലത്തെ രാത്രിയിലെ സ്വപ്നം….? താനിപ്പോഴെവിടെയാണ്...? ഒന്നിനും ഉത്തരമില്ല. മുന്‍പിലുള്ള റോഡും ട്രാന്‍സ്ഫോര്‍മറും കീഴ്മേല് മറിയുന്നു. അവര്‍ മകന്റെ തോളിലേക്കു ചാഞ്ഞു.

“അമ്മേ..അമ്മയെങ്ങനെ തനിയെ ഒരു പരിചയവുമില്ലാത്ത ഈ സ്ഥലത്തു വന്നു ..? അതും ആരോടും പറയാതെ!! രാവിലെ അമ്പലത്തില്‍ പോയതായിരിക്കും എന്നു ഞങ്ങള് വിചാരിച്ചിരിക്കുകയായിരുന്നു. ഷൈലയോടെങ്കിലും പറയാമായിരുന്നില്ലേ…”.വിഷ്ണുവിന്റെ ചോദ്യത്തിനു ജയന്തിക്കു മറുപടിയുണ്ടായിരുന്നില്ല.

അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് വിഷ്ണു കാറിനടുത്തേക്കു നടന്നു. സീറ്റിലിരുത്തി. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചു വരവ് അവരെ വല്ലാതെ ഉലച്ചു കളഞ്ഞു.അതു താങ്ങാനാവാതെ തകര്‍ന്നു പോയ അവര്‍ തല പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു കിടന്നു. ഡ്രൈവു ചെയ്യുന്നതിനിടയില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു
“അമ്മ ട്രെയിന്‍ കയറി പോന്ന കാര്യം സണ്ണിയാണ്
എന്നെ അറിയിച്ചത്. സണ്ണി അതേ ട്രെയിനിലുണ്ടായിരുന്നു. എവിടെപ്പോകുന്നു എന്നു ചോദിച്ചിട്ട് അമ്മ മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നപ്പോള് സംശയം തോന്നി എന്നെ അവന്‍ ഉടനെ വിളിക്കുകയായിരുന്നു. ഉടനെ തന്നെ ഞാന്‍ കാറുമെടുത്തു കൊണ്ട് പായുകയായിരുന്നു. ഭാഗ്യത്തിന് ട്രെയിന്‍ ക്ലിയറന്‍സിനു നിറുത്തിയിരുന്നതുകൊണ്ട് ഒപ്പമെത്തുവാന്‍ പറ്റി“

ജയന്തി ഒന്നും മിണ്ടാതെ വാക്കുകള്‍ നഷ്ടപ്പെട്ടവളായി കിടന്നു. തലക്കുള്ളില്‍ കടന്നലുകള്‍ ഇരമ്പുന്ന ശബ്ദം…ഇന്നലെ രാത്രിയിലെ മനോഹര സ്വപ്നത്തിന്റെ മറക്കാനാവാത്ത ദൃശ്യങ്ങള്‍… …ചെമ്മണ്‍ പാത….. അബ്ദുക്കായുടെ പെട്ടിക്കട…ഐസിട്ട നാരങ്ങാ‍വെള്ളത്തിന്റെ സ്വാദ്…ട്രിം ചെയ്ത മനോഹരമായ താടിയുള്ള സതീഷിന്റെ സുന്ദരമായ മുഖം…അവന്റെ കണ്ണുകളുടെ സ്നേഹാദ്രമായ നോട്ടം…അതില്‍ അലിഞ്ഞില്ലാതാവുന്ന, അവനോടൊപ്പമുള്ള ജീവിതം മോഹിച്ചു നടക്കുന്ന ജയന്തിയെന്ന പെണ്‍കുട്ടി.…സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം സതീഷിന്റെ വീട്ടിലേക്കുള്ള യാത്ര…രാത്രിയും കഴിഞ്ഞ് പകലിലേക്കു നീണ്ട ആ സ്വപ്നം ഇപ്പോള്‍ ഇവിടെ പെട്ടെന്ന് അവസാനിച്ചിരിക്കുന്നു…

തലക്കുള്ളിലെ കടന്നലുകള്‍ മനസ്സിനെ വീണ്ടും അനുഭവിച്ചു തീര്‍ത്ത, ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് പറപ്പിച്ചുകൊണ്ടു പോയി..
“ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടാന്‍ തയ്യാറെടുത്തു നിന്ന പെണ്ണിനെ തലയില്‍ കെട്ടി വെച്ചു തന്ന കിഴവന്‍..” മദ്യത്തിന്റെ ലഹരിയില്‍ കുഴഞ്ഞ ശങ്കറിന്റെ ശബ്ദം…
ചിലപ്പോള്‍ പന്ത്രണ്ടു വസ്സുകാരനായ വിഷ്ണുവിനോടായിരിക്കും കഥ പറച്ചില്‍ മുഴുവനും.
“ചത്തുപോയ നിന്റെ അപ്പൂപ്പനുണ്ടല്ലോ ആ..വലിയ പ്രതാപി..വലിയ കൊമ്പത്തെ തറവാട്ടുകാരനാണത്രേ… അയാള്‍ ഓഫര്‍ ചെയ്ത കാറും ബംഗ്ലാവുമെല്ലാം കണ്ട് ഞാന്‍ ആ കെണിയില്‍ ഞാന്‍ വീണുപോകുകയായിരുന്നു.“
ഒന്നും മിണ്ടാതിരുന്ന വിഷ്ണുവിനോട് വീണ്ടും അയാള്‍ തുടരുന്നു
“ഒരു കാര്യത്തില്‍ മാത്രം ഞാന്‍ രക്ഷപ്പെട്ടു. ഇവള്‍ പ്രസവിച്ചത് കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാ..അല്ലെങ്കില്‍ ഞാന്‍ ആ തെണ്ടിയുടെ മകനെ ചുമക്കേണ്ടി വന്നേനെ…..അയാളിപ്പോ നിന്റമ്മയുമായി പ്രേമിച്ചുനടന്ന അതേ കോളേജിലെ സാറാ…ഇടക്കുപോയി പ്രേമം പുതുക്കാന്‍ പറ..നിന്റമ്മയോട്…“

പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ മുന്നില്‍, അവന്റെ അമ്മയെ ക്രൂരമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഭര്‍ത്താവ്.അപമാന ഭാരം കൊണ്ട് മകന്റെ മുഖത്തു നോക്കുവാന്‍ കഴിയാതെ നിസ്സഹയയായി എരിയുന്ന അമ്മ. ഒരക്ഷരം ഉരിയാടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുന്ന മകന്‍. പെട്ടെന്നൊരു ദിവസം ഡിവോര്‍സ് എന്ന ആവശ്യവുമായി ശങ്കര്‍ വന്നപ്പോള്‍
“അമ്മ രക്ഷപ്പെട്ടു” എന്നു വിഷ്ണുവിനോട് ആശ്വാസത്തോടെ പറഞ്ഞ ജയന്തിക്ക്.
“അമ്മ മാത്രമല്ല ഞാനും“ എന്ന മറുപടിയാണ് ലഭിച്ചത്.

കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഹോണടിച്ചപ്പോള്‍ പുറത്തേക്കു വന്ന ഷൈലയോട് വിഷ്ണു പറഞ്ഞു
“ഷൈലേ..അമ്മക്കു നല്ല സുഖമില്ല…ബെഡ് റൂമില്‍ കൊണ്ടു കിടത്തൂ…”

കാറില്‍നിന്നും ഇറങ്ങി ഒരു പ്രതിമയെപ്പോലെ നിന്ന ജയന്തിയെ താങ്ങിപ്പിടിച്ച് ഷൈല സാവധാനം മുറിയില്‍ കൊണ്ടുപോയിക്കിടത്തി. മുറിയിലേക്കു നടക്കുമ്പോള് ആതിര മോള്‍ “അച്ഛമ്മേ..” എന്നു പറഞ്ഞ് അടുത്തേക്കുവന്നതും അവര്‍ അറിഞ്ഞില്ല.

കട്ടിലില്‍ കിടന്നുകൊണ്ട് അടുത്തമുറിയില്‍ നിന്നും വിഷ്ണുവിന്റെയും ഷൈലയുടെയും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാമായിരുന്നു
“ഇന്നലത്തെ കല്യാണത്തിന് അച്ഛനെയും ഭാര്യയെയും കണ്ടപ്പോള്‍ മുതല്‍ അമ്മക്കുണ്ടായ മൌനം നമ്മള്‍ ശ്രധിക്കണമായിരുന്നു ഷൈലേ….സണ്ണി കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനേ സ്ഥിതി..?”

“കുറച്ചു നാളായി അമ്മ വളരെ നോര്‍മല്‍ ആയിരുന്നല്ലോ…അതുകൊണ്ട് ഞാനും അത്രങ്ങു ശ്രദ്ധിച്ചില്ല.. ഷൈലയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ ധ്വനിയുണ്ടായിരുന്നു.
”അച്ഛനുമായുള്ള ഡിവോര്‍സ് അമ്മക്ക് ആശ്വാസമായിരുന്നു എന്നല്ലേ വിഷ്ണുവേട്ടന്‍ പറഞ്ഞിട്ടുള്ളത് എന്നിട്ടിപ്പോള്‍ എന്തു പറ്റിയാവോ?“
“അതൊക്കെ ശരി തന്നെ..പഴയ അസുഖകരമായ ഓര്‍മ്മകള്‍ വീണ്ടും അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കും. അമ്മയുടെ പഴയ ഡോക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ വിളിച്ച് വൈകുന്നേരത്തേക്ക് ഒരു അപ്പോന്മെന്റ് എടുത്തേക്കാം“
“വിഷ്ണുവേട്ടന്‍ ഇന്നു കുറച്ചു നേരത്തെ ഓഫീസില്‍നിന്നും വന്നാല്‍ മതി.ഞാന്‍ അമ്മയെ തയ്യാറാക്കി നിറുത്തിയേക്കാം“

അവരുടെ സംസാരം കേട്ടു കിടന്ന ജയന്തി ഭൂതകാല യാത്രകളുടെ തളര്‍ച്ചയില്‍ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു പോയി.

ഏന്തോ ശബ്ദം കേട്ട് കണ്ണു തുറന്നപ്പോള്‍ മേശപ്പുറത്ത് കുടിക്കുവാനുള്ള വെള്ളം നിറച്ച ജഗ്ഗു വച്ചിട്ടു ഷൈല പോകുന്നത് കണ്ടു. എനിക്കസുഖമൊന്നുമില്ല ഷൈലേ. എന്നു പറയണം എന്നവര്‍ക്കു തോന്നി. ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം. അവര്‍ വീണ്ടും മയക്കത്തിലേക്കു വഴുതി വീണു…

29.9.09

കൃഷ്ണപ്രിയയുടെ പ്രാക്കള്‍

കൃഷ്ണപ്രിയയുടെ അച്ഛന്‍ വളരെ സന്തോഷവാനായാണ് ഓഫീസില്‍ നിന്നും വന്നത്. വസ്ത്രം മാറുന്നതിനിടയില് ഭാര്യയോട് അയാള്‍ പറഞ്ഞു

“ശാന്തേ…കൃഷ്ണ മോള്‍ക്കൊരു പ്രൊപോസല്‍ വന്നിരിക്കുന്നു.പയ്യന്‍ അവളുടെ കോളേജിനടുത്തുള്ള ബാങ്കിലെ ഓഫീസര്. അയാളുടെ വീടും കോളേജിനടുത്തു തന്നെ. മോളെ ബാങ്കില്‍ വച്ചു കണ്ടിഷ്ടമായതാണത്രേ.”

“അതിനവളുടെ പഠിത്തം തീര്‍ന്നില്ലല്ലോ” അമ്മ വേവലാതിപ്പെട്ടു
“അതിനെന്താ.. അത് അടുത്ത സെമസ്റ്ററോടെ കഴിയുമല്ലോ..പിന്നെ കാമ്പസ്സ് സെലക്ഷ്നും കഴിഞ്ഞു നില്‍ക്കുകയല്ലേ..?“
“എന്നാലും പഠിത്തം കഴിയാതെങ്ങനെ…?”
“ഒരു കുഴപ്പവുമില്ല ശാന്തേ..ഇന്നു പയ്യന്‍ എന്റെ ഓഫീസില്‍ വന്നിരുന്നു. ഈയാഴ്ച മോളു ഹോസ്റ്റലില് നിന്നു വരുമ്പോള്‍ ബന്ധുക്കളുമായി കാണാന്‍ വരാം എന്നാണയാള് പറയുന്നത്”
“എങ്കിലും അവളോടൊന്നു ചോദിക്കാതെ…അവള്‍ക്കിഷ്ടമാകുമോ പെട്ടെന്നിങ്ങനെ പറഞ്ഞാല്‍..?”
“ഒക്കെ അവള്‍ക്കിഷ്ടമാകും.അത്രക്കു സുമുഖനാണ് രമേശ്”

ഫോണ് ചെയ്തു പറഞ്ഞപ്പോള്‍ കാര്യമായ എതിര്‍പ്പൊന്നും കൃഷ്ണപ്രിയ കാട്ടിയില്ല
.” എന്റെ പഠിത്തം ഡിസ്റ്റര്‍ബ്ഡ് ആകില്ലല്ലോ?“ എന്നു മാത്രം ചോദിച്ചു.

“ഡിസ്റ്റര്‍ര്‍ബ്ഡ് ആകില്ലെന്നു മാത്രമല്ല രമേശിന്റെ വീട്ടില് നിന്നും സുഖമായി കോളേജില് പോവുകയും ചെയ്യാം. അവിടെ നിന്നും നടക്കാനുളള ദൂരമല്ലേ ഉളളൂ..” അച്ഛന്‍ അവള്‍ക്ക് ധൈര്യമേകി

അടുത്ത ഞായറാഴ്ച കൃഷ്ണപ്രിയയുടെ ‘‘വസന്ത് വിഹാര് അപ്പാര്‍ട്ടുമെന്റി‘‘ലെ നാലാം നിലയിലുളള വീട് പെണ്ണു കാണലിനായി ഒരുങ്ങി.രമേശിനെ അവള് ഒരുപ്രാവശ്യം ബാങ്കില് വച്ചു കണ്ടിട്ടുണ്ട്. പക്ഷേ അന്നത്ര ശ്രദ്ധിച്ചിരുന്നില്ല. അമ്മയുടെ സാരിയുടുത്താണന്നവള് ഒരുങ്ങി നിന്നത്. ആദ്യമായി സാരിയുടുത്ത കൃഷ്ണപ്രിയ അമ്മ സഹായിച്ചിട്ടും തെല്ലൊന്നു കഷ്ടപ്പെട്ടു.
“ഏതെങ്കിലും ക്യാഷ്വല് ഡ്രെസ്സ് പോരെ അമ്മേ..അയാളെന്നെ ജീന്‍സോ സ്കേര്‍ട്ടോ മറ്റോ ഇട്ടായിരിക്കും കണ്ടിട്ടുള്ളത്. പിന്നെന്തിനാ ഇങ്ങനെയൊരു വേഷംകെട്ടല്..?”അവള്‍ ചോദിച്ചു
“അതു പറ്റില്ല മോളേ…രമേശിന്റെ വീട്ടുകാര് കുറച്ചു പഴയ ആള്‍ക്കാരാണ് .പോരാത്തതിന് നാട്ടിന്‍പുറം കാരും. നിന്റെ കോളേജ് പട്ടിക്കാട്ടിലാണെന്ന് നീ തന്നെ പറയാറുള്ളതല്ലേ. രമേശാണെങ്കിലോ പ്രായമായ അച്ഛന്റെയും അമ്മയുടെയും ഇളയ മകനും”.

സിറ്റിയില്‍ ജനിച്ചു വളര്‍ന്ന അവള്‍ എങ്ങനെ ആ വീടുമായി അഡ്ജസ്റ്റു ചെയ്യും എന്നവര്ക്ക് കുറച്ച് ആശങ്കയുമുണ്ട്.

പെണ്ണുകാണാന്‍ അച്ഛനെയും അമ്മയെയും കൂട്ടിവന്ന രമേശിനെ കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ക്കിഷ്ടമായി.റിട്ടയേഡ് അധ്യാപകരായ അച്ഛനും അമ്മയും മിതഭാഷികളാണ്.

“നാലുകെട്ടും നടുമുറ്റവുമുള്ള പഴയ തറവാടാണ് ഞങ്ങളുടേത്.പുതിയതൊന്ന് അതേ പറമ്പില് പണിയുന്നുന്നുണ്ട്.പക്ഷേ ജാതകപ്രകാരം അവന്റെ കല്യാണം ഈ വര്‍ഷത്തെ പിറന്നാളിനു മുന്‍പ് നടത്തണം അതുകൊണ്ടാണ് വീടു പണി തീരുന്നതിനു മുന്‍പ് കല്യാണത്തിനു ധൃതികൂട്ടുന്നത്” രമേശിന്റെ അമ്മ പറഞ്ഞു.

“മോള്‍ക്ക് പഴയവീട്ടില്‍ അധികകാലം താമസിക്കേണ്ടി വരില്ല. ഏറിയാല്‍ ഒരാറുമാസം. നാട്ടിന്പുറത്തേക്കു വരുന്നെന്ന് ഓര്‍ത്ത് മോള്‍ ഒട്ടും വിഷമിക്കേണ്ട. ഇവിടത്തെപോലെത്തന്നെ അവിടെയും കഴിയാം. ഇഷ്ടമനുസരിച്ചുള്ള വസ്ത്രങ്ങളോക്കെ ആകാം”. ആശങ്കയോടെ കേട്ടു നിന്ന കൃഷ്ണപ്രിയയെ നോക്കി രമേശിന്റെ അച്ഛന് പറഞ്ഞു.

സത്യത്തില്‍ കൃഷ്ണപ്രിയയെക്കാള്‍ ആശങ്ക അവളുടെ അമ്മക്കായിരുന്നു.രമേശുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ കൃഷ്ണപ്രിയക്ക് അയാളെ ഇഷ്ടമായി.അതുകൊണ്ടു തന്നെ അവളുടെ അമ്മയുടെ എതിര്‍പ്പുകള്‍ അലിഞ്ഞു പോയി.

ആദ്യരാത്രിയില് രമേശിന്റെ വീട്ടില്‍ പുലരാറായപ്പോഴെപ്പോഴോ അയാളുടെ നെഞ്ചില് തലചായ്ച്ച് മയങ്ങിയ കൃഷ്ണപ്രിയ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുറിയില്‍ അരണ്ട വെളിച്ചം. തലക്കു മുകളില് ഇരുണ്ട മച്ച്.കിടക്കുമ്പോള്‍ത്തന്നെ ആ ഇരുണ്ട് മച്ച് അവളെ കുറച്ചു അലോസരപ്പെടുത്തിയിരുന്നു.ആദ്യമായിട്ടാണ് മച്ചിട്ട ഒരു മുറിയില്‍ അവള്‍ ഉറങ്ങുന്നത്.മച്ചിലേക്കു തന്നെ നോക്കി കിടന്ന അവള്‍ വീണ്ടും അതേ ശബ്ദം കേട്ടു…അതേ ആരോ മൂളുന്ന ശബ്ദം...അവള് പെട്ടെന്ന് രമേശിനെ വിളിച്ചുണര്‍ത്തി.
“രമേശ്… ആരോ മൂളുന്ന ശബ്ദം കേള്‍ക്കുന്നു….“അവള്‍ ഭയപ്പാടോടെ പറഞ്ഞു
“ഓ…അതു പ്രാക്കളായിരിക്കും“ അയാള്‍ ഉറക്കച്ചടവോടെ പറഞ്ഞു
“പ്രാക്കളോ..? അതെന്താ…” അവള്‍ക്ക് വീണ്ടും ഭയമായി
“അതേ… പ്രാവ്…പീജിയണ്” രമേശ് ഉറക്കം വിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
“നമ്മുടെ മുറിക്കുള്ളിലോ…?” അവള് അല്‍ഭുതത്തോടെ ചോദിച്ചു.
“മുറിയിലല്ലാ മച്ചില്‍. മച്ചിനുള്ളില് നിറയെ പ്രാവുകളാണ്.പ്രാവുകളുടെ കുറുകല്‍ എന്നു കേട്ടിട്ടില്ലേ..ഇണയെ സ്നേഹം കൂടി വിളിക്കുന്നതാണ് അവ. എന്തായാലും ഇനി പുലരാന് അധികം സമയമില്ലാ. കുറച്ചൊന്നുറങ്ങിത്തുടങ്ങിയ എന്നെ നീയും പ്രാവുകളും ചേര്‍ന്നുണര്‍ത്തി. പ്രാവുകളിങ്ങനെ കിടന്നു കുറുകുമ്പോള്‍ നമ്മളുറങ്ങുന്നത് ശരിയാണോ..? ”
അവളെ ചേര്‍ത്തടുപ്പിച്ചുകൊണ്ട് രമേശ് ചോദിച്ചു.

പിറ്റേന്ന് വിശാലമായ പറമ്പിലും പരിസരത്തുമെല്ലാം പ്രാവുകള്‍ അലഞ്ഞു നടക്കുന്നത് അയാളവള്‍ക്ക് കാണിച്ചു കൊടുത്തു.കൂടുതലും ചാരനിറത്തിലുള്ള പ്രാവുകള്. ഇടക്ക് വെളുത്ത സുന്ദരന്മാരും ഉണ്ട്.ചില വെളുമ്പന്മാര്‍ക്ക് കഴുത്തിലും ചിറകിലും ചെറിയ ചെറിയ പൊട്ടുകള്.

“ഇവരങ്ങിനെയാ മച്ചിനുള്ളില്‍ കയറുന്നത്…? “അവള്‍ കൌതുകത്തോടെ ചോദിച്ചു
രമേശ് മച്ചിനു പുറത്തേക്കുളള ചെറിയ ജനാല അവള്‍ക്ക് കാണിച്ചു കൊടുത്തു.
പറമ്പും പരിസരവുമെല്ലാം അവള്‍ക്കു വളരെ ഇഷ്ടമായി.പ്രാവുകളെയും.നഗര മധ്യത്തിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് ചീറിപ്പായുന്ന വാഹനങ്ങള് കണ്ടു ശീലിച്ച അവള്‍ക്ക് അതൊരു പുതിയ ലോകമായിരുന്നു.കോളേജ് ഹോസ്റ്റലും തീരെ ഇടുങ്ങിയ ഒരു സ്ഥലത്തായിരുന്നു
കുളക്കരയില് ചെന്നിരുന്ന രാമേശിന്റെയും കൃഷ്ണപ്രിയയുടെയും അരികിലൂടെയും പ്രാവുകള് ഭയം കൂടാതെ നടന്നു.

“രാത്രി എന്റെ പെണ്ണിനെ പേടിപ്പിക്കരുത് കേട്ടോ“രമേശ് തമാശയായി പ്രാവുകളെ ശാസിച്ചു
അന്നു രാത്രിയിലും അവള്‍ പ്രാക്കളുടെ കുറുകല്‍ കേട്ടു.
“ദേ…പ്രാവുകള്” കൃഷ്ണപ്രിയ ഉത്സാഹത്തോടെ പറഞ്ഞു.
“അവരു കുറുകട്ടെ” അവളുടെ മുടിയിയിഴകളില്‍ തലോടുന്നുതനിടയില്‍ രമേശ് യാന്ത്രികമായി പറഞ്ഞു.
അടുത്ത ദിവസം രമേശ് ഓഫീസില് പോയപ്പോള്‍ കൃഷ്ണപ്രിയ അമ്മയോട്ചോദിച്ചു.“ഈ മച്ചില്‍ കറുന്നതെങ്ങിനെയാണമ്മേ..ഗോവണിയൊന്നും കാണുന്നില്ലല്ലോ…“
പ്രാവുകളുടെ കൂട് കാണവാന്‍ അവള്‍ക്ക് തിടുക്കമായി.
“മച്ചിലാരും ഇപ്പോള് കയറാറില്ല കുട്ടി.അതിന്റെ ഗോവണിയും എടുത്തു മാറ്റി. അതിനുള്ളില് നിറയെ പൊടിയും മാറാലയുമായിരിക്കും. മോള്‍ക്കു അടുത്ത ആഴ്ച ക്ലാസ്സില് പോകാനുള്ളതല്ലേ..പൊടിയടിച്ച് വല്ല തുമ്മലോ ജലദോഷമോ പിടിച്ചാലോ” രമേശിന്റെ അമ്മ അവളെ നിരുത്സാഹപ്പെടുത്തി.
“ഈ മച്ചും പൊടിയുമൊന്നും അധികകാലം കുട്ടിക്ക് സഹിക്കേണ്ടി വരില്ല ഇനി ഫ്ലോറിങ്ങുകൂടെ കഴിഞ്ഞാല് പോരേ…നമുക്കു പുതിയ വീട്ടിലേക്കു മാറാമല്ലോ“

പിറ്റെ ആഴ്ച്ച ക്ലാസ്സില്‍ പോയ കൃഷ്ണപ്രിയക്ക് കൂട്ടുകാരികളോട് രമേശിനെക്കാളേറെ പ്രാവുകളെയും കിടക്കമുറിയില്‍ കേള്‍ക്കുന്ന അവയുടെ കുറുകലിനെക്കുറിച്ചുമാണ് പറയാനുണ്ടായിരുന്നത്.
“ഇവളെന്താ വല്ല പ്രാവിനെയുമാണോ കല്യാണം കഴിച്ചത്..?”കൂട്ടുകാ‍രികളവളെ കളിയാക്കി.
ഇടക്ക് രമേശിനെക്കൂട്ടി സ്വന്തം വീട്ടില്‍ പോയാലും കൃഷ്ണപ്രിയ അന്നുതന്നെ തിരികെപ്പോരും
“ചേച്ചിക്ക് രമേശേട്ടനെ കിട്ടിയപ്പോള് ഞങ്ങളെ വേണ്ടാതായി”അവളുടെ അനുജന്‍ കിഷോര് പരിഭവിച്ചു.
“അല്ലടാ മോനേ…ചേച്ചിക്കു ക്ലാസ്സില്‍ പോകേണ്ടേ…പിന്നെ ധാരാളം പഠിക്കാനുമുണ്ട്..എന്റെ ബുക്കെല്ലാം രമേശേട്ടന്റെ വീട്ടിലല്ലേ” കൃഷ്ണപ്രിയ കിഷോറിനെ ആശ്വസിപ്പിച്ചു.
“ബുക്കിങ്ങോട്ട് കൊണ്ടു വന്നു ചേച്ചിക്ക് രണ്ടു ദിവസം ഇവിടെ നിന്നുകൂടേ..?”
കിഷോറിന്റെ ചോദ്യത്തിന് കൃഷ്ണപ്രിയ മറുപടിയൊന്നും പറഞ്ഞില്ല.

“പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള് ഈ പഴയവീടെന്തു ചെയ്യും..?”
പുതിയ വീടിന്റെ പണി തീരാറായ ഒരു ദിവസം കൃഷ്ണപ്രിയ രമേശിനോട് ചോദിച്ചു.
“എന്തു ചെയ്യാന്‍… വാടകക്കോ മറ്റോ കൊടുക്കാം.വെറുതെ കിടന്നാല്‍ അത് ചിതലരിച്ചു നശിച്ചു പോവുകും. അല്ലെങ്കില് പഴയ വീടല്ലേ വലിയച്ഛന്റെ കാലത്തോ മറ്റോ പണിയിച്ചതാണത്.അതിന്റെ മര ഉരുപ്പിടിക്കൊക്കെ നല്ല ഡിമാന്റായിരിക്കും. പൊളിച്ചു വിറ്റാല്‍ നല്ല വില കിട്ടും.“
“അയ്യോ…അതു വേണ്ട…ആ വീടതുപോലെ കിടന്നോട്ടെ നമുക്കത് അടിച്ചു വൃത്തിയാക്കി വെക്കാമല്ലൊ..അപ്പോള്‍ ചിതലൊന്നും കയറില്ല.” അവള്‍ പറഞ്ഞു.

ഗൃഹപ്രവേശം അടുത്തു വരുമ്പോഴും വീട്ടിലെ മറ്റംഗങ്ങളുടെ ഉത്സാഹം അവള്‍ക്കുണ്ടായില്ല. മച്ചിലിരുന്നു കുറുകുന്ന പ്രാവുകള്‍ അവളുടെ ജീവിതത്തിന്റെ ഭാഗമായി. ഇരുണ്ട മച്ചുള്ള ആ കിടപ്പുമുറിയെ അവള്‍ വല്ലാതെ സ്നേഹിച്ചു. ആ വീടു വിട്ടുപോകുന്നത് അവള്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. കോളേജില്‍ പോക്കും പഠിത്തത്തിന്റെ തിരക്കിനുമിടയില്‍ പകല്‍ അവള്‍ പ്രാവുകളെ വിരളമായേ കാണാറുള്ളു. പക്ഷേ അവയുടെ കുറുകല്‍ രാത്രിയില്‍ അവള്‍ക്ക് താരാട്ടായി. അതില്ലാത്ത രാത്രിയി ലെങ്ങനെ ഉറങ്ങും....അവളാകെ വിഷമത്തിലായി.

ഗൃഹപ്രവേശദിവസം ഉച്ചകഴിഞ്ഞ് അതിഥികളെല്ലാം പിരിഞ്ഞു പോയപ്പോള് കൃഷ്ണപ്രിയ രമേശിനോടു പറഞ്ഞു.
”നമുക്ക് രാത്രിയില്‍ നമ്മുടെ പഴയ വീട്ടില് പോയി കിടക്കാം.പകല്‍ ഇവിടെയും. അപ്പോള് രണ്ടു വീടും നന്നായി ഇരിക്കുകയും ചെയ്യും.“
രമേശ് അതു കേട്ട് ദേഷ്യപ്പെട്ടു
“എന്തു ഭ്രാന്താ നീ ഈ പറയുന്നത് കൃഷ്ണേ…?അവിടെ കിടക്കാനായിരുന്നെങ്കില്‍ പിന്നെന്തിനാ ഈ വീടു പണിതത്..?അച്ഛനുമമ്മയും കേള്‍ക്കണ്ടാ ഇത്” അയാള്‍ ശാസനയുടെ സ്വരത്തിലവളോടു പറഞ്ഞു.
കൃഷ്ണപ്രിയ ഒന്നും പറയാനില്ലാതെ മ്ലാനവദനയായി നിന്നു.

പുതിയവീട്ടില്‍ അവള്‍ക്ക് ഉറക്കമില്ലാതെ രാവുകള്‍ തള്ളിനീക്കി.പ്രാവുകളുടെ കുറുകലില്ലാത്ത നിശബ്ദമായ ഇരുട്ടും തലക്കു മുകളിലെ വെളുത്ത സീലിങ്ങും അവളെ വല്ലാതെ അലട്ടി.
“എന്തുപറ്റി കൃഷ്ണേ നിനക്ക്..? “
അവളുടെ പ്രസരിപ്പു നഷ്ടപ്പെട്ട മുഖത്തെ ചീര്‍ത്ത കണ്‍പോളകള്‍ നോക്കി രമേശ് ചോദിച്ചു.അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അവള്‍ നിശ്ബ്ദയായി.എന്നും കോളേജു വിട്ടുവന്നതിനു ശേഷം വീടു വൃത്തിയാക്കുവാനെന്ന വ്യാജേന അവള് പഴയ വീട്ടില്‍ പോയി. പ്രാക്കളുടെ കുറുകല്‍ കേള്‍ക്കാനായി. രമേശ് ഓഫീസ് വിട്ടു വരുന്ന വരെയും പുസ്തകങ്ങളുമായി അവിടെയിരുന്നു പഠിച്ചു.

പിറ്റെ ആഴ്ച ഒരു മാസത്തേക്ക് അവള്‍ക്ക് പ്രൊജക്റ്റ് വര്‍ക്കിന് ബാംഗ്ലൂരില്‍ പോകണം.
“സാരമില്ല…ഒരു മാസമല്ലേ…നമുക്കെന്നും വിളിക്കാമല്ലോ..പറ്റിയെങ്കില്‍ ഒരു ഓഫീസ് ടൂറൊപ്പിച്ച് ഞാനങ്ങു വരാന് നോക്കാം.റെയില് വെ സ്റ്റേഷനില്‍ കൊണ്ടാക്കുമ്പോള്‍ രമേശ് കൃഷ്ണപ്രിയയെ സമാധാനിപ്പിച്ചു..

ബാംഗ്ലൂരില്‍ നിന്നും വിളിക്കുമ്പോഴെല്ലാം കൃഷ്ണപ്രിയ സന്തോഷവതിയായിരുന്നു.ഒരു റിട്ടയേഡ് ദമ്പതികളുടെ വീട്ടില് പേയിങ്ങ് ഗസ്റ്റായാണ് അവളവിടെ താമസിക്കുന്നത്.ധാരാളം പൂക്കളുള്ള വിശാലമായ പൂന്തോട്ടവും ചുറ്റും മരങ്ങള്‍ തണല് വിരിക്കുന്നതുമായ പഴയൊരു ബംഗ്ലാവ്.
”നമ്മുടെ പഴയ വീട്ടില്‍ താമസിക്കുന്നതുപോലെ തന്നെ തോന്നുന്നു“ കൃഷ്ണപ്രിയ ആഹ്ലാദത്തോടെ രമേശിനോടു പറഞ്ഞു.
പിന്നീടവള് പ്രൊജക്റ്റ് ചെയ്യുന്ന കമ്പനിയെക്കുറിച്ചും കമ്പനിയിലെ മലയാളികളെ പരിചയപ്പെട്ടതിനെക്കുറിച്ചും കൂട്ടുകാരുടെ കൂടെ ബാഗ്ലൂര് സിറ്റി കറങ്ങാന് പോയതിനെക്കുറിച്ചെല്ലാം അയാളോട് നിറുത്താതെ സംസാരിച്ചു.ഇടക്ക് പഴയ വീട് വൃത്തിയാക്കിയിടുവിക്കാന്‍ മറക്കരുതേ എന്ന് അയാളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ബാംഗ്ലൂരില്‍ നിന്നും തിരികെ വരുന്ന കൃഷ്ണപ്രിയയെ കാറുമായി രമേശ് സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു.
“നീയില്ലാതിരുന്നിട്ട് എനിക്കു ശരിക്കും ബോറടിച്ചു” ഡ്രൈവു ചെയ്യുന്നതിനിടെ രമേശ് പറഞ്ഞു.
“രമേശില്ലാതിരുന്നിട്ട് എനിക്കും. പക്ഷേ ബോറടിക്കാന്‍ എവിടെ സമയം.പ്രൊജക്റ്റിന്റെ തിരക്കല്ലായിരുന്നോ” അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

വീടിനു മുന്നിലെത്തിയ കൃഷ്ണപ്രിയക്ക് പരിസരം ആകെ മാറിയിരിക്കുന്നതുപോലെ തോന്നി.
“ഇതെന്താ ഇവിടെയാകെ ഒരു മാറ്റം…?” ചുറ്റും നോക്കിക്കൊണ്ട്അവള് കാറില്‍ നിന്നുമിറങ്ങി..
പെട്ടെന്നവള്‍ക്ക് മനസ്സിലായി പഴയ വീടിരുന്നയിടം ശൂന്യം !!!
“ഇതെന്താ രമേശ്…നമ്മുടെ പഴയ വീടെവിടെ ..? അതു പൊളിച്ചു കളഞ്ഞോ…?എന്നോടൊന്നു പറയുകപോലും ചെയ്തില്ലല്ലോ…?“ അവള്‍ കരച്ചിലിന്റെ വക്കോളമെത്തി.
അവളുടെ ഭാവഭേദം അയാളെ അമ്പരപ്പിച്ചു.
“അതോ…അതു കഴിഞ്ഞയാഴ്ച പൊളിച്ചു വിറ്റു. നല്ല വിലയും കിട്ടി..”അയാള് നിസ്സാര മട്ടില് പറഞ്ഞു
“ഒന്നു ചോദിക്കാമായിരുന്നില്ലേ എന്നോട്…?അവളുടെ ശബ്ദം അസാധാരണമാം വിധം ഉയര്‍ന്നു അവളുടെ സങ്കടം ദേഷ്യത്തിനു വഴിമാറുന്നത് അയാള് അല്‍ഭുതത്തോടെ നോക്കിനിന്നു.
“ശ്ശേ…ശബ്ദമുണ്ടാക്കാതെ ..…അച്ഛനും അമ്മയും കേള്‍ക്കില്ലേ..?”രമേശിനും ദേഷ്യം വന്നു തുടങ്ങിയിരുന്നു..
കൃഷ്ണപ്രിയ പെട്ടെന്നു നിശ്ശബ്ദയായി ഒരു നിമിഷം രമേശിനെ നോക്കി, പിന്നെ കണ്ണീരൊലിപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്കു കയറിപ്പോയി. അന്നു മുഴുവന് അവള് നിശ്ശബ്ദം കരഞ്ഞുകൊണ്ടിരുന്നു.അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. രമേശിന്റെ അച്ഛനുമമ്മയും ചോദിച്ചിട്ടും അവളൊന്നും മിണ്ടാതെ ഇരുന്നു.അവളുടെ ഭാവമാറ്റം രമേശിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. പിന്നീടയാള്‍ അവളോടോന്നും ചോദിച്ചില്ല. പിറ്റേദിവസവും അവള്‍ മൌന വ്രതം പാലിച്ചപ്പോള് അയാള്‍ ക്ഷമകെട്ട് അവളോട് ചോദിച്ചു
“എന്തായിത് കൃഷ്ണേ ..?ഇങ്ങനെ പിണങ്ങാന് മാത്രം എന്തുണ്ടായി ഇവിടെ…? ഒരുമാസം കൂടി കണ്ടിട്ട് ഇങ്ങനെയാണോ നീ എന്നോടു പെരുമാറുന്നത്..? അച്ഛനുമമ്മയും എന്തു വിചാരിക്കും. ഒരു പ്രയോജനവുമില്ലാത്ത ആ പഴയ വീടു പൊളിച്ചതിന് ഇത്ര പ്രശ്നമാക്കാനുണ്ടോ..?”

കൃഷ്ണപ്രിയ അയാളോട് എന്തോ സംസാരിക്കുവാനായി തുനിഞ്ഞു.പക്ഷേ അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല.അവള്‍ക്ക് സംസാരിക്കുവാനെന്തോ പ്രയാസമുണ്ടെന്നു അയാള്‍ക്ക് തോന്നി.

“എന്താ..എന്തുപറ്റി…? നിനക്കു സംസാരിക്കുവാന്‍ സാധിക്കുന്നില്ലേ..?”. കുറച്ചു പരിഭ്രമത്തോടെയാണയാള്‍ ചോദിച്ചത്

വീണ്ടും അവളെന്തോ പറയുവാനായി ശ്രമിച്ചു. ഇത്തവണ അവളുടെ ശബ്ദം പുറത്തേക്കു വന്നു അതൊരു പ്രാവിന്റെ കുറുകലായിരുന്നു. തുടര്‍ന്ന് പ്രാവു കുറുകുന്ന ശബ്ദത്തില്‍ അവള്‍ അയാളോടു സംസാരിച്ചു കൊണ്ടിരുന്നു…

30.5.09

സുകൃതം

നഗരത്തിലെ പുരാതനവും പ്രശസ്ഥവുമായ കലാലയത്തിലെ ഒരു പ്രത്യേക വര്‍ഷം പടിയിറങ്ങിപ്പോയ ജീവശാസ്ത്ര ബിരുദധാരികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമം നടക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഇതേ കലാലയത്തിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളെയും ഒരുമിപ്പിച്ച് ഒരു വിദ്യാത്ഥീ സംഗമം നടന്നിരുന്നു. അന്നു കണ്ടുമുട്ടിയ ജോര്‍ജ്ജ് ജോസഫും ഷംസുവുമാണ് ഇന്ന് ഇങ്ങനെയൊരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.അവരുടെ ക്ലാസ്സുകാരുടെ മാത്രമായൊരു ഒത്തുചേരല്‍..നല്ല ആശയം എന്നു ജോര്‍ജ്ജിനു തോന്നിയെങ്കിലും നടപ്പില്‍ വരുത്തുക അത്ര എളുപ്പമാണോ എന്ന സംശയം വന്നു. കാരണം വര്‍ഷങ്ങളായി ജര്‍മ്മനിയില്‍ ഭാര്യ ഷൈനിയും ഇരട്ടക്കുട്ടികളായ രണ്ടു പെണ്മക്കളുമായി സെറ്റില്‍ഡാണയാള്‍. നാടുമായി ഇപ്പോളത്ര അടുപ്പമില്ല. നാട്ടില്‍ വന്നപ്പോ യാദൃശ്ചികമായി ഈ സംഗമത്തില്‍ പങ്കെടുത്തു എന്നു മാത്രം. ഷംസു നഗരത്തില്‍ ഒരു ഇലക്ടിക് കട നടത്തുന്നു.അയാളുടെ ബീവി വീട്ടമ്മയാണ് ഏക മകള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു

“അതെല്ലാം ഞാനറേഞ്ചു ചെയ്യാം നീ അടുത്തവര്‍ഷം കുടുബസമേതം ഇങ്ങു വന്നാല്‍ മതി.നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന സരിതയില്ലേ. അവള്‍ എന്റെ മോളുടെ ക്ലാസ്സ് ടീച്ചറാണ്.അവളെ കോണ്ടാക്റ്റു ചെയ്താല്‍ കുറച്ചു പേരുടെയെങ്കിലും ഫോണണ്‍ നമ്പര്‍ കണ്ടി പിടിക്കാന് പറ്റും“.ഷംസു ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.

“ആ എല്ലുപോലിരുന്ന മിണ്ടാപ്പൂച്ച സരിതയുടെ കാര്യമാണോ നീയിപ്പറയുന്നത്?”

“ആ …അവളു തന്നെ ..അതിനവളിപ്പോള്‍ മിണ്ടാപ്പൂച്ചയുമല്ല…എല്ലുമല്ല....നല്ല തടിച്ചി…വല്ലപ്പോഴും പി ടി എ മീറ്റിങ്ങിനു കണ്ടാലോ…വാചകമടിച്ചു കൊന്നു കളയും കക്ഷി... പിന്നെ അവളു നിന്റെ പഴയ മൈഥിലിയുടെ ബെസ്റ്റ് ഫ്രെണ്ടായിരുന്നില്ലേ..പക്ഷേ കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്കു പോയ മൈഥിലിയെപ്പറ്റി യാതൊരു വിവരവുമില്ല എന്നാണവള്‍ പറഞ്ഞത്” ജോര്‍ജ്ജിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കികൊണ്ടാണ് ഷംസു അവസാന വാചകങ്ങള്‍ പറഞ്ഞത്

“വിട്ടു കളയടാ….അവളെവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ.ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്” .വിഷാദത്തെ നേര്‍ത്ത ചിരി കൊണ്ട് മറച്ചു കൊണ്ടയാ‍ള്‍ പറഞ്ഞു

ഷസുവിന്റെയും സരിതയുടെയും ശ്രമഫലമായി ഒട്ടു മിക്ക സഹപാഠികളെയും അവര്‍ കണ്ടു പിടിച്ചുകഴിഞ്ഞു. വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമുള്ളവരുമായി ബന്ധപ്പെടുവാന്‍ കുറച്ച് ക്ലേശിക്കേണ്ടിവന്നെങ്കിലും എല്ലാവരും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുനതുപോലെ തോന്നി.എല്ലാവരും ഒന്നു മാത്രമേ ആവശ്യപ്പെട്ടിള്ളൂ. അവധിക്കാലത്തായിരിക്കണം ഈ കൂടിക്കാഴ്ച.

ഫങ്ങ്ഷനു രണ്ടു നാള്‍ മുന്‍പ് നാട്ടിലെത്തിയ ജോര്‍ജ്ജിനെ ഷംസു വിളിച്ച് ഒരു പ്രധാനകാര്യം പറഞു

“നമ്മുടെ മൈഥിലി ഒരു വര്‍ഷമായി നാട്ടിലുണ്ട്..ഏകദേശം രണ്ടു വര്‍ഷം മുന്‍പ് അവളുടെ ഏകമകന്‍ ഒരു അപകടത്തില്‍ മരിച്ചു.പത്താം ക്ലാസ്സില്‍ പഠിക്കുകയാരുന്നു ആ കുട്ടി.അതോടെ സ്ട്രോക്കുവന്ന അവളിപ്പോള്‍ ആയൂര്‍വേദ ചികിത്സാര്‍ഥം നാട്ടിലാണ്.രോഗത്തില്‍നിന്ന് പൂര്‍ണ്ണന്മായും സുഖം പ്രാപിച്ചിട്ടുമില്ല. ഇപ്പോഴും നടക്കുവാന്‍ കുറച്ചു ബുധിമുട്ടുണ്ട്.എങ്കിലും വരാന്‍ ശ്രമിക്കുമെന്നു പറഞ്ഞു.നിന്നെപ്പറ്റിയും അവളന്വേഷിച്ചു.“

““മൈഥിലിയുടെ ഭര്‍ത്താവോ..?”..അയാള്‍ക്ക് ഉദ്വേഗം അടക്കാനായില്ല

“അയാള്‍ ഗള്‍ഫില്‍ത്തന്നെ. അവരു തമ്മിലത്ര ചേര്‍ച്ചയില്ലെന്നു തോന്നി അവളുടെ സംസാരത്തില്‍ നിന്നും..മകന്‍ മരിച്ച ദുഖത്തില്‍നിന്നും ഇനിയും മോചിതയായിട്ടില്ല. ആകെ ഡിപ്രസ്സ്ഡ് ആണവള്‍

“സുഖമില്ലാത്ത ഒരാളെക്കാണുമ്പോളെല്ലാ‍വര്‍ക്കും വിഷമമാകുമല്ലോ ഷംസൂ..? അയാളാകുലപ്പെട്ടു

സാരമില്ല എല്ലാവരോടും അവളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരു സൂചനകൊടുത്തിട്ടുണ്ട്.ആരും അവളോടൊന്നും ചോദിക്കരുതെന്ന് പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട്. ഷംസു ഉറപ്പുകൊടുത്തു

ജോര്‍ജ്ജിന്റെ അടുത്തിരുന്ന ഷൈനിക്ക് കാര്യം പെട്ടുന്നു മനസ്സിലായെങ്കിലും അതിന്റെ ഭവഭേദമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.അവസാനവര്‍ഷം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേ, കാമുകിയുടെ വിവാഹക്ഷണക്കത്തുകണ്ട് നിസ്സഹായനായിനിന്ന പണ്ടത്തെ ഇരുപതുകാരന്റെ കഥ അവളോടയാള് പറഞ്ഞിട്ടുള്ളതാണ്.എല്ലാം കേട്ടിട്ട് “മൈഥിലിക്കു ഭാഗ്യമില്ല ഇത്രയും നല്ല ആളിനെ ഭര്‍ത്താവായി ലഭിക്കുവാന്‍“ എന്നാണവള്‍ പറഞ്ഞത്

“ചയയിടാന്‍ സമയമായി“ എന്നു പറഞ്ഞ് അവള്‍ പെട്ടെന്ന് അടുക്കളയിലേക്ക് പോയത് തന്നെ കുറച്ചുനേരം തനിച്ചുവിടാ‍ന്‍ വേണ്ടിയാണെന്നയാള്‍ക്കു മനസ്സിലായി.അഞ്ചു വര്‍ഷത്തെ പ്രണയം വ്ഴിയിലുപേക്ഷിക്കുവാന്‍ മനസ്സുവരാതെ മുന്നില്‍ നിന്നു കരഞ്ഞ മൈഥിലിയോട് ഒരു ആശ്വാസവാക്കുപോലും പറയാനാവാതെവന്ന അതേ നിസ്സഹായത വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടിയത് അയാളെത്തന്നെ അത്ഭുതപ്പെടുത്തി

അയാളെഴുന്നേറ്റ് ചായകുടിക്കുവാനായി അടുക്കളയിലേക്കു ചെന്നപ്പോ ഷൈനി കപ്പിലേക്കു ചായ പകരുന്നതാണ് കണ്ടത്

“ഒരു കപ്പ് ചായ മൈഥിലിക്കുകൂടെയെടുക്കട്ടേ..അതോ അവളു വന്നിട്ട് പെട്ടെന്നു തിരികെപ്പോയോ..ഇപ്പോള്‍ രണ്ടുപേരും കൂടി അവിടെയിഒരിക്കുന്നതു കണ്ടിട്ടാണല്ലോ ഞാന്‍ ചായയിടാനിങ്ങുപോന്നത്..?”ഷൈനി കുസൃതിയോടെ ചോദിച്ചു

“പതുക്കെ..കുട്ടികളുകേള്‍ക്കും. അവരെന്തെങ്കിലും ചോദിച്ചാല്‍ നീ തന്നെ മറുപടി പറയേണ്ടി വരുമേ..”അവളുടെ ചെവിയില് സ്നേഹപൂര്‍വ്വം മൃദുവായി നുള്ളിക്കൊണ്ടയാള് പറഞ്ഞു.

മറ്റെന്നാള്‍ നടക്കുന്ന ഫങ്ങ്ഷനില് പങ്കെടുക്കുവാന് അവരേക്കാളുത്സാഹം കുട്ടികള്‍ക്കാണ്.

കോളെജ് ഓഡിറ്റോറിയത്തില് പഴയ സൂവോളജി ക്ലാസ്സിലെ എല്ലാവരും തന്നെ തങ്ങളുടെ കുടുംബാഗങ്ങളോടൊത്ത് സന്നിഹിതരായിരുന്നു.പ്രധാനവേദിയില്‍ പഴയ അധ്യാപകരെല്ലാവരും തന്നെയുണ്ട്,പ്രൊഫസര്‍ രാമന്‍കുട്ടിയിലും
നളിനിയിലും പ്രായാധിക്യത്തിന്റെ ബുധിമുട്ടുകള്‍ കാണാനുണ്ടെങ്കിലും അവരുടെ വരാനുള്ള സന്മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.ഷംസുവിന്റെ മകള്‍ സജനയാണെല്ലാവര്‍ക്കും സ്വാഗതമോതിയത്.സജന താന്‍ സരിതയുടെ സ്റ്റുഡന്റാണെന്നറിയിച്ചപ്പോള്‍ എല്ലാവരും ഹര്‍ഷാരവം മുഴക്കി.

തുടര്‍ന്ന് എല്ലാവരും പഴയ പരിചയങ്ങള്‍ പുതുക്കുകയും കുടുംബാഗങ്ങളെ പരിചയപ്പെടുത്തുകകയും ചെയ്തു. രാജന്‍തോമസിനെയും രാജീവ് നായരെയും കഷണ്ടി ആക്രമിച്ചിരുന്നതിനാല്‍ സഹപാഠികള്‍ തിരിച്ചറിയുന്നതിനു കുറച്ചു ക്ലേശിച്ചു.വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം എല്ലാവരും കൌതുകത്തോടെ പരസ്പരം കണ്ടു മനസ്സിലാക്കിക്കൊണ്ടിരിക്കേ ഒരു ടാക്സിയില്‍ മൈഥിലിയെത്തി.കൂടെ സഹായിയായി ഒരു യുവതിയുമുണ്ടായിരുന്നു.യുവതിയുടെ കൈ പിടിച്ച് നന്നേ വിഷമിച്ചാണ് അവള്‍ ഹാളിലേക്കു പ്രവേശിച്ചത്.പെട്ടെന്ന് എല്ലാവരുടേയും ശ്രധ അവളിലേക്കായി..എല്ലാവരെയും നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ച മൈഥിലിക്കു പക്ഷേ തിരിച്ചുകിട്ടികയത് ശോകാദ്രങ്ങളായ നോട്ടങ്ങളായിരുന്നു.ശബ്ദമുഖരിതമായിരുന്ന ഹാള്‍ പെട്ടെന്നു നിശബ്ദമായി

“പരിചയപ്പെടുത്തല്‍ തുടര്‍ന്നോളൂ…”കാലം തന്നിലേല്‍പ്പിച്ച മുറിപ്പാടുകള്‍ പുഞ്ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ചുകൊണ്ടവള്‍ പറഞ്ഞു.നന്നേ ക്ഷീണിച്ചവശയായിരുന്നു .പഴയ മൈഥിലിയുടെ നിഴല്‍ എന്നുപോലും ആ രൂപത്തെപ്പറയാനാവില്ല.തളര്‍ന്നു തൂങ്ങിയ കണ്ണുകള്‍ അവള്‍ക്ക് വാര്‍ദ്ധക്യം നേരത്തെയെത്തിയതുപോലെ തോന്നിച്ചു.അസുഖം കാരണം ശുഷ്കമായ മുടി കഴുത്തൊപ്പം മുറിച്ചിട്ടിരിക്കുകയാണ്. നടക്കാന്‍ ബുധിമുട്ടുള്ളതുകാരണം എല്ലാവരും മൈഥിലിയുടെ അടുത്തേക്കുവന്നു സംസാരിച്ചുകൊണ്ടിരുന്നു

“ചിറ്റക്ക് ഇടക്ക് ബോധക്ഷയം വരും അധികം സംസാരിപ്പിക്കേണ്ട” കൂടെ വന്ന പെണ്‍കുട്ടി ഇടക്ക് എല്ലാ‍വരോടുമായിപ്പറഞ്ഞു

കുറച്ചൊന്നു ജാള്യനായിനിന്ന ജോര്‍ജ്ജിനെ ഷൈനിയാണ് മൈഥിലിയുടെ അടുത്തേക്ക് കൈ പിടിച്ചുകൊണ്ടു വന്നത്
“കുട്ടികളെന്തിയേ ഷൈനീ…?”ചിരപരിചിതയെപ്പോലെ അവള്‍ ഷൈനിയോടന്വേഷിച്ചു.ജോര്‍ജ്ജിന് അവളോടൊന്നും പറയാനുണ്ടായിരുന്നില്ല. വ്യധയോടെ അവളെ നോക്കുകമാത്രം . ചെയ്തു .ഷൈനിയാണ് അവളുടെ സുഹൃത്ത് എന്നേ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്ന ആര്‍ക്കും തോന്നൂ

ഇതിനിടെ കുട്ടികളെല്ലാവരും ചേര്‍ന്ന് അവരുടെ ഒരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു.ആദ്യമായി കാണുന്ന ഭാവമൊന്നും ആര്‍ക്കും തന്നെയില്ല.അവര്‍ക്കിടയില്‍നിന്നും ജോര്‍ജ്ജ് തന്റെ ഇരട്ടകുട്ടികളെ മൈഥിലിയുടെ അടുത്തേക്കു കൊണ്ടുവന്നു.മൈഥിലി അവരെ വിസ്മയത്തോടെ നോക്കി,അരുമയോടെ ചേര്‍ത്തു നിര്‍ത്തി അവരുടെ മുടിയില്‍ തഴുകി.അതു കാണത്തമട്ടിലയാള്‍ അടുത്തുനിന്ന മധുകുമാറിനോടും ഭാര്യയോടും സംസാരിചുകൊണ്ടുനിന്നു.
“രണ്ടു പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കുള്ളതെന്നറിഞ്ഞിരുന്നു.ഇരട്ടകളാണെന്ന് ഇപ്പോഴാണ് മനസ്സിലായത്”അവരെ നോക്കി സന്തോഷത്തോടെ മൈഥിലി ഷൈനിയോടു പറഞ്ഞു
“ചിറ്റക്ക് അധികസമയം ഇങ്ങനെ ഇരിക്കാന്‍ വയ്യ..ഞങ്ങള്‍ പോകുവാന്‍ തുടങ്ങുകയാണ്”.മൈഥിലിയുടെ കൂടെവന്ന പെണ്‍കുട്ടി പറഞ്ഞു
“നീ കാറിനടുത്തേക്കു നടന്നു കൊള്ളൂ…ഞാന്‍ ഷൈനിയുടെ കൂടെ എത്തിക്കൊള്ളാം”മൈഥിലി അവളോടു പറഞ്ഞു

മൈഥിലി ഷൈനിയുടെ കൈ പിടിച്ച് സാവധാനം എഴുന്നേറ്റു.എല്ലാവരോടും യാത്ര പറഞ്ഞു .ഷൈനിയുടെ കൈ പിടിച്ചു തന്നെ ഹാളിനു പുറത്തേക്കിറങ്ങി.ജോര്‍ജ്ജും കാറുവരെ അവളെ അനുഗമിച്ചു.

കാറില്‍ കയറാന് തുടങ്ങിയ മൈഥിലി ജോര്‍ജിനെ നോക്കി പറഞ്ഞു
“പണ്ടു നീയെന്നോട് എത്രപ്രവശ്യം പറഞ്ഞിരിക്കുന്നു എന്നെ ഭാര്യയാക്കുന്നതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന്.അതു വെറും തെറ്റായിരുന്നു…ഈ ഷൈനിയെ ഭാര്യയായി കിട്ടിയതാണ് നിന്റെ വലിയ ഭാഗ്യം.ഞാനായിരുന്നു നിന്റെ ഭാര്യയെങ്കില്‍ ഇവളെപ്പോലെ നിന്നെ ഇത്രക്കു മനസ്സിലാക്കുവാന്‍ എനിക്കു കഴിയുമോ എന്നെനിക്കു സംശയം തോന്നുന്നു.എന്റെ വിവാഹം കഴിഞ്ഞ നാളുകളില്‍ നിന്റെ സങ്കടമോര്‍ത്ത് ഞാനെത്ര ദു:ഖിച്ചു…അതെല്ലാം വെറുതെയായിരുന്നു…ക്ഷണികമായ ദു:ഖങ്ങള്‍...നമ്മെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കുന്നതാണ് ഒരു മനുഷ്യ ജന്മത്തിന്റെ സുകൃതം.ഈ പാഴ് ജന്മത്തിനു ലഭിക്കാതെ പോയതും അതു തന്നെ

അകന്നുപോകുന്ന കാറു നോക്കി നിശ്ചലനായി നിന്ന ജോര്‍ജ്ജിന്റെ കൈ പിടിച്ച് ഷൈനി ഹാളിലേക്കു തിരികെ നടന്നു.നടക്കുന്ന വഴിയില്‍ അവള്‍ അലിവോടെ അയാളുടെ കൈ തലോടിക്കൊണ്ടിരുന്നു..ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലായി..ആ കുളിര്‍ത്തെന്നല്‍ അയാളില്‍നിന്നുണര്‍ന്ന നിശ്വാസത്തെ അലിയിച്ചുകളഞ്ഞു

28.5.09

മരണത്തെ മനോഹരമാക്കുന്ന തിയറികള്‍

കൂടി നിന്ന ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.എല്ലാവരും പിരിഞ്ഞു പോകുവാന്‍ തുടങ്ങി.പള്ളിസെമിത്തേരിയില്‍ അലക്സിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായി.സ്മിതയോട് ഒന്നു പറഞ്ഞിട്ടു പോകണമോ എന്ന് അലക്സിന്റെ കൂട്ടുകാര് ആലോചിച്ചു. സ്മിത അപ്പോഴും സ്വബോധം നശിച്ചവളെപ്പോലെ ബന്ധുക്കളാരുടെയോ തോളില്‍ തലചായ്ച്ച് എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്..കരഞ്ഞു തളര്‍ന്നു നില്‍ക്കുന്ന ഒരാളോട് എന്തു പറയാനാണ്?പിന്നെ വന്നു കാണാം എന്നതീരുമാനത്തില് അവരവിടെ നിന്നും പിരിഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനത്തില് എഞ്ജിനീയറായ അലക്സിന്റെ അപകടമരണം എല്ലാവരെയും തളര്‍ത്തിക്കളഞ്ഞു. .പേരു കേട്ട തറവാട്ടിലെ അംഗം.അഞ്ചു വയസ്സയ ഒരു കുട്ടിയുമുണ്ട്.വലിയ കുടുബത്തിലെ അംഗമായിരുനു എങ്കിലും സമീപകാലത്ത് കുടുംബത്തിന് പേരു മാത്രമേ ഉണ്ടായിരുന്നുള്ളു..ബിസിനസ്സു കാരനായ പപ്പായുടെ ചുവടുകള് പിഴച്ചപ്പോള് സാമ്പത്തിക നില ആകെ തകര്‍ന്നിരുന്നു.അലക്സ് പഠിച്ചുകോണ്ടിരുന്ന കാലത്തുതന്നെ അയാളുടെ പപ്പാ ഹൃദയസ്തംഭനം വന്ന് മരിച്ചു പോയികുകയും ചെയ്തു. പിന്നീട് അലക്സിന് ജോലിയായപ്പോഴാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. സഹോദരിയെ കുടുബ മഹിമക്കു ചേര്‍ന്ന രീതിയില് അയാള്‍ വിവാഹം കഴിച്ചയകുകയും ചെയ്തു.

,അതി സുന്ദരിയാണ് സ്മിത..അവരുടെ വിവാഹം കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും വധുവിന്റെ സൌന്ദര്യത്തെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല.“ഭാഗ്യവാന്‍“ എന്നാണ് ഓഫീസിലെ സുഹൃത്തുക്കള്‍ അലക്സിനെക്കുറിച്ച് ഭാര്യമാര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞത്… അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുനു

എല്ലാവരു തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ സ്മിതയെക്കുറിച്ചു തന്നെയാണ് സംസാരിച്ചത്.”പാവം അവളിനി എന്തുചെയ്യും..?” എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സ്മിത അലക്സിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയങ്കരിയാണ്.എപ്പോഴും കളിയും ചിരിയുമായി കൊച്ചുകുട്ടികളുടെ പ്രകൃതം. അവള്‍ക്ക് കമ്പനി ജോലികൊടുക്കുമായിരിക്കും ബിരുദധാരിരിണിയാണ് അതിനുള്ള കാര്യങ്ങള്‍ സ്മിതയോടും വീട്ടുകാരോടും ആലോചിക്കാം എന്നു പറഞ്ഞാണ് വിനോദും രാജേഷും പിരിഞ്ഞത്.അവരു രണ്ടു പേരുമാണ് അലക്സിന്റെ പ്രിയസുഹൃത്തുക്കള്‍ .വിനോദിന്റെ ഭാര്യ ഗീതയും രാജേഷിന്റെ ഭാര്യ സരിതയും അതേ കമ്പനിയില്‍ത്തന്നെയാണ് ജോലിചെയ്യുന്നത്

പിറ്റെയാഴ്ച വിനോദും രജേഷും കുടുംബസമേതം സ്മിതയെ സന്ദര്‍ശിച്ചു ജോലിക്കാര്യം സംസാരിച്ചു..ബന്ധുക്കളാരും തന്നെവീട്ടിലുണ്ടായിരുന്നില്ല.അലക്സിന്റെ അമ്മയും സ്മിതയും കുട്ടിയും മാത്രം വീട്ടിലുണ്ട്.സ്മിതക്ക് ഒന്നിലും താല്പര്യമില്ലാത്തതുപോലെ കേട്ടു നിന്നു.വേറെയാരുടെയോ കാര്യം കേള്‍ക്കുന്നതുപോലെ.ഒരു മറുപടിപോലും പറയാനുമില്ല....
“ എന്തിങ്കിലുമൊന്നു പറയൂ സ്മിതേ..ഈ വീടിന്റെയും കാറിന്റെയും ലോണെങ്കിലും അടക്കേണ്ടേ….?”
രാജേഷിന്റെ ചോദ്യം കേട്ട് വിദൂരത്തിലെക്ക് കണ്ണയച്ചിരുന്ന സ്മിത പെട്ടെന്ന് ഞെട്ടലിലെന്നപോലെ തളര്‍ന്ന കണ്ണുകളുയര്‍ത്തി അവരെ നോക്കി
“സ്മിത അപ്പോഴാണ് ഇങ്ങനെയൊരു കാര്യം അലോചിച്ചതു തന്നെയെന്നു അവളുടെ നോട്ടത്തില്‍ നിന്നും അവര്‍ക്കു മനസ്സിലായി.വല്ലാത്തൊരു പാരവശ്യം അവളുടെ മുഖത്തു പ്രത്യക്ഷമായി. അലക്സിന്റെ വീടു പുതുതായി പണിയിപ്പിച്ചതാണ്.കാറു വാങ്ങിയിട്ട് ആറു മാസം തികഞ്ഞിട്ടില്ല.

“ സാവധാനം മറുപടി പറയൂ.ഞങ്ങള്‍ കമ്പനി മാനേജ്മെന്റിനോടു സംസാരിക്കാം“എന്ന് ആശ്വസിപ്പിച്ചിട്ട് അവര്‍ പിരിഞ്ഞു.

പിറ്റെ ദിവസം തന്നെ സ്മിത രാജേഷിനെ വിളിച്ച് കാറു വില്‍ക്കാനുള്ള ഏര്‍പ്പാടാക്കി“അമ്മക്ക് കുറച്ച് എതിര്‍പ്പുണ്ട് പക്ഷേ വീടിന്റെയും കാറിന്റെയും ലോണ് തങ്ങാന് വയ്യ“.സ്മിത കാര്യ ഗൌരവമുളളവളെപ്പൊലെ സംസാരിച്ചു
“നമുക്കൊന്നു വെളിയിലിറങ്ങാനെന്തുചെയ്യും സ്മിതേ..അവന് ആശിച്ചു വാങ്ങിയ കാറല്ലേ“ അലക്സിന്റെ അമ്മ അവളോടു ചോദിച്ചു
“ സാരമില്ലമ്മേ… പുറത്തു പോകുവാനിനി ഓട്ടോയിലൊമറ്റോ പോകാം .കാര്‍ വെളിയിലിറക്കണമെങ്കില്‍ ഒരു ഡ്രൈവറെ വെക്കണം.അതൊന്നും നമ്മളെക്കൊണ്ടാകുമെന്നു തോന്നുന്നില്ല”
സ്മിതയുടെ അഭിപ്രായത്തോട് എതിരു പറയാനാവാതെ അമ്മ സമ്മതിച്ചു.ഇടക്കു ചില പ്രാരാബ്ദങ്ങള്‍ ജീവിതത്തില് വന്നിരുന്നു എങ്കിലും നാളിതുവരെ പ്രൌഡിയില്‍ ജീവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് അവര്‍

സ്മിതയിപ്പോള്‍ ആകെ മാറിയിരിക്കുന്നു.അലക്സ് എപ്പോഴും തന്റെ കൂടെയുണ്ടെന്ന് അവള്‍ വിശ്വസിച്ചു.രാത്രിയില് അവന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്നതായി അവള്‍ സങ്കല്‍പ്പിച്ചു.അപ്പോള്‍ ചിരപരിചിതമായ അവന്റെ ഹൃദയതാളം അവള്‍ക്ക് കേള്‍ക്കാറായി..അവന്‍ അവളുടെ മുടിയിഴകളില്‍ തഴുകി .ചെവിയില്‍ സ്നേഹഭാഷണങ്ങള് പറയുന്നതായും അവളെ സ്നേഹപൂര്‍വ്വം പുണരുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു.തിരിച്ചൊന്നു പുണരുവാന്‍ കിടക്കയുടെ പകുതിഭാഗം ശൂന്യമാണെന്ന ക്രൂരസത്യം അവളില്‍ നെടുവീര്‍പ്പുണ്ടാകിയെങ്കിലും കിടക്കക്കരികെ വച്ചിരിക്കുന്ന അവന്റെ ചിരിക്കുന്ന ചിത്രം “നീ സങ്കടപ്പെടുന്നതെനിക്കിഷ്ടമല്ലാ.. അതു മാത്രം ഞാന് സമ്മതിക്കില്ല “എന്നു പറയുഇന്നതായവള്‍ക്കു തോന്നി. മരിച്ചവരുടെ ലോകത്തുനിന്ന് തനിക്കു വേണ്ടി മാത്രമായി അവന്‍ തിരികെ വന്നതായും തങ്ങള്‍ സ്നേഹിക്കുന്നവരുടെ മരണം തങ്ങളോടൊപ്പമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ അവള്‍ സന്തോഷവതിയായി

സ്മിതക്കു ജീവിതം പഴയപോലെ തന്നെയായി..അലക്സിനെ അവള്‍ക്ക് ചിരിക്കുന്ന ഒരു ചിത്രത്തിന്റെ രൂപത്തില് കാണാം..അവള്‍ മോളുടെ കാര്യങ്ങളെല്ലം പഴയതുപോലെ ശ്രധിച്ചു തുടങ്ങി.സ്മിതയുടെ മാറ്റം അലക്സിന്റെ അമ്മക്ക് വളരെ ആശ്വാസമായി “.കുഞ്ഞിനെക്കൂടെ ശ്രധിക്കാതിരുന്നാല് എന്തു ചെയ്യും“ എന്ന് അവര് അവളെ സ്നേഹപൂര്‍വ്വം ശാസിക്കുമായിരുന്നു.മോളുവന്ന് ഡാഡിയെപ്പറ്റി ചോദിക്കുമ്പോള്‍ മാത്രം അവള്‍ക്ക് ഉത്തരമില്ലാതായി.മകനെയോര്‍ത്തു വിലപിക്കുന്ന അമ്മയെ സമാധാനിപ്പിക്കുവാനും അവള്‍ക്ക് വാക്കുകളില്ല.അപ്പോഴെല്ലാം അവളെ അലക്സ് ആശ്വസിപ്പിക്കുമെങ്കിലും അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രം അവള്‍ക്കറിയില്ല.തന്നെപ്പോലെ അലക്സിനോട് സംസാരിക്കുവാന്‍ ഇവര്‍ക്കുകൂടെ കഴിഞ്ഞിരുന്നെങ്കില് എന്നവള് ആശിച്ചുപോയി.

രണ്ടു മാസങള്‍ക്കു ശേഷം സ്മിത ജോലിയില്‍ പ്രവേശിച്ചു
തികഞ്ഞ പ്രസരിപ്പോടെ വന്ന സ്മിതയെ ഗീതയും സരിതയും ശോകഭാവത്തില്‍ സ്വീകരിക്കുവാന്‍ ചെന്നു.അവരുടെ സങ്കടഭാവം കണ്ട് സ്മിത‍ക്കു കുറച്ചു വിഷമം തോന്നിയെങ്കിലും അതു പുറമെ കണിക്കാതെ, വിധവക്കു ഭൂഷണം കരച്ചിലാണെന്നറിയാതെ സ്വതസിദ്ധമായ ചിരികൊണ്ട് അവരെ നേരിട്ടു,

കണ്ണീരിനു പകരം ഭംഗിയുള്ള ആ ചിരി രണ്ടു പേരെയും കുറച്ച് അലോസരപ്പെടുത്തി
“വലിയ കൂസലൊന്നും ഇല്ലല്ലോ സരിതേ ഇവള്‍ക്ക്”
ഗീത സരിതയോട് അടക്കം പറഞ്ഞു
“അതെ കുറച്ചു ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ വലിയ കുഴപ്പമൊന്നും കാണുന്നില്ല. സൌന്ദര്യം കുറച്ചു കൂടെ കൂടിയിട്ടുണ്ടെന്നാ തോന്നുന്നത്..നല്ല ഫിഗറായിരിക്കുന്നു ഇപ്പോള്‍.സരിത കുറച്ച് അസൂയയൊടെ പറഞ്ഞു”

“കഴിഞ്ഞദിവസം അവള് മോളെയും കൂട്ടി മെറ്റില്‍ഡയുടെ ബ്യൂട്ടിപാര്‍ലറില് നിന്നിറങ്ങി വരുന്നുണ്ടായിരുന്നു.മോളുടെ മുടി ശരിയാക്കാനെന്നാണ് പറഞ്ഞത്.ഫേഷ്യലിനു പോയതാണോ എന്നെനിക്കൊരു സംശയം മുഖത്തിനെന്താ ഒരു തിളക്കം”ഗീത കൂട്ടിച്ചേര്‍ത്തു

പണ്ടേ സ്മിതയോട് അവര്‍ക്ക് അവളോട് പുറമെകാണിക്കാനാവാത്ത അസൂയയുണ്ടായിരുന്നു

രജേഷും വിനോദും സ്മിതയെ ഓഫീസ് പരിചയപ്പെടുത്തി.സ്മിതയെ എല്ലാവര്‍ക്കും അറിയാമായിരുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല് വേണ്ടി വന്നില്ല.ഒട്ടു മിക്കവരെയും അവള്‍ക്കു അറിയാം.സ്മിത വളരെ സോഷ്യലായി ഇടപെടുന്ന കണ്ട് ഗീതയും സരിതയും അവളെ അത്ര മൈന്റു ചെയ്യാന് പോയില്ല.ഓഫീസിലെ മറ്റുള്ളവരിലും അവളുടെ പെരുമാറ്റം കുറച്ച് അമ്പരപ്പുണ്ടാക്കി അലക്സിന്റെ സംസ്കാര ദിവസം വാടിയ ചേമ്പിന്തണ്ടുപോലെ തളര്‍ന്നു കിടന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അവര് മനസ്സില് ചോദിച്ചു

വളരെ വേഗം സ്മിത ജോലിയൊട് അഡ്ജസ്റ്റുചെയ്തു.രാജേഷും വിനോദും അവളോട് ഇടക്കിടക്ക് ക്ഷേമാന്വേഷണം നടത്തുന്നത് ഭാര്യമാര്‍ക്കിഷ്ടമാകുന്നില്ലെന്നതൊഴിച്ചാല്‍ വലിയ മാറ്റമില്ലതെ ജീവിതം നീങ്ങി .പക്ഷേ സരിതയും ഗീതയും എന്താ പഴയതുപോലെ സൌഹൃദമില്ലാത്തതെന്തെന്നു മാത്രം അവള്‍ക്കു മനസ്സിലായില്ല.അവരുടെ മനസ്സുകളിലെ അസൂയയും സംശയവും ചേര്‍ന്നുണ്ടായ നെരിപ്പോടുകളില്‍ നിന്നുയരുന്ന പുക മനസ്സിലാകാതെ അവള്‍ വിഷമിച്ചു. . ലഞ്ചു ഹാളില്‍ വച്ചു കണ്ടാലും അവരവളോട് കാര്യമായി സംസാരിക്കാറില്ല. തങ്ങളുടെ ഭര്ത്താക്കന്മാര് ലഞ്ചു ടൈമില്‍ അവളൊട് സംസാരിക്കുന്നത് രണ്ടു പേരെയും അലോസരപ്പെടുത്തുന്നുമുണ്ട്.
“അലക്സുള്ളപ്പോള് എത്ര സൌഹൃദത്തില് കഴിഞ്ഞുന്നവരാണ്....ഇവര്‍ക്കിതെന്തു പറ്റി..?”അതിനും അവള്‍ അലക്സിനോടു പരാതി പറഞ്ഞു.

“സാരമില്ല അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ കാണും.ചിലപ്പോള്‍ നിനക്കു വെറുതെ തോന്നുന്നതാവും“ എന്ന മറുപടി കിട്ടി.

ഒരു ദിവസം ലഞ്ചു ഹാളില്‍ നിന്നുമിറങ്ങിയ സ്മിത മറന്നുവെച്ച ഫോണെടുക്കുവാന് തിരികെ ചെന്നപ്പോള്‍ സരിതയും ഗീതയും അടക്കം പറയുന്നത് കേട്ടു
“ഇവളാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില് ഒരു മനസ്സമാധാനമായേനെ എന്തു കളിയും ചിരിയുമാണ് എല്ലാവരോടും.ഭര്‍ത്താവു മരിച്ച പെണ്ണാണെന്ന ഒരു വിചാരവുമില്ലല്ലോ ഇവള്‍ക്ക്..?“ ഗീത സരിതയോടു പറയുന്നു

“അതെയതേ..ഇതിനൊരു പരിഹാരമില്ലാതെ പറ്റില്ലല്ലോ..എന്റെ വീടിനടുത്ത് ഭാര്യ മരിച്ചൊരു ചെറുപ്പക്കാരനുണ്ട്.അയാള്‍ക്ക് വിവാഹാലോചന നടക്കുന്നുണ്ട് ഞാന്‍ നയത്തില് അവളോട് സംസാരിക്കാം.“

കടന്നു വന്ന സ്മിതയെക്കണ്ട് രണ്ടുപേരും പെട്ടെന്നു നിശബ്ദരായി.രണ്ടുപേരും അവളെക്കണ്ട് കുറച്ചൊന്നു ജാള്യരായി.സ്മിത ഒന്നും സംസാരിക്കാനാവതെ തകര്‍ന്ന മനസ്സുമായി ഫോണുമെടുത്ത് തിരികെപ്പോയി
.ഒരു വിധവയുടെ പരിമിതികള് അവള്‍ക്കു പെട്ടെന്നു മനസ്സിലായി.ഫോണിന്റെ സ്ക്രീനിലുള്ള അലക്സിന്റെ ചിത്രം നോക്കി അവള് അവനോടു കലമ്പി
“.ഒന്നു പറഞ്ഞു തരാമായിരുന്നില്ലേ. അലക്സ്. എനിക്കിതെല്ലാം..എനിക്കുള്ള അരുതുകളെന്തേ എന്നെ ഓര്‍മ്മിപ്പിച്ചില്ല..?വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?“
അലക്സ് അവളെ സ്നേഹപൂര്‍വ്വം ശാസിച്ചു
“ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്നേഹിക്കുന്ന നീ…?പിന്നെന്തിനു നീ വിഷമിക്കണം..?”
അലക്സിന്റെ സ്വാന്തനിപ്പിക്കലില്‍ ഒരു നിമിഷം മതിമറന്നു നിന്ന സ്മിത ഒരു പുഞ്ചിരിയോടെ തന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു…അവന്റെ കൈയ്യില്‍ മുറുകെ പിടിച്ച്..

10.3.09

കിളികളുടെ ഭാഷ

രാവിലെ ബാല്‍ക്കണി കഴുകിവൃത്തിയാക്കിക്കൊണ്ടിരിക്കേ ലതിക വിചാരിച്ചു.ഇന്നെന്തായാലും ഈ മുള്ളുമരത്തിന്റെ കുറച്ചു ശാഖകളെങ്കിലും മുറിപ്പിക്കണം

“ബാലേട്ടാ ഈ മരത്തിന്റെ ചില്ലകള്‍ വല്ലാതെ ബാല്‍ക്കണിയിലേക്കു ചാഞ്ഞിരിക്കുന്നു.സന്ധ്യക്കു ചേക്കേറുന്ന കിളികളുടെ കാഷ്ടം ശല്യം ചെയ്യുന്നു” ലതികയുടെ പരാതി ബാലചന്ദ്രനെ തെല്ലൊന്നമ്പരപ്പിച്ചു .കാരണം ലതികയുടെ ഉറ്റതോഴരാണ് ആ ചെറിയ പക്ഷികള്‍.
“എന്താ നീ നിന്റെ കിളികളുമായി പിണങ്ങിയോ?” ബാലചന്ദ്രന്‍ അവളെ കളിയാക്കി ചോദിച്ചു
“അതല്ലാ ..ബാലേട്ടാ…കുറച്ചു ശാഖകള്‍ മാത്രം മുറിച്ചാല്‍ മതി..ലതിക ചമ്മലോടെ ചിരിച്ചുകൊണ്ടു പറഞ്ഞു”
അതു ഗോപാലനെക്കൊണ്ടു ശരിയാക്കിക്കാം എന്നുപറഞ്ഞാണ് ബാലചന്ദ്രന്‍ ഓഫീസിലേക്കു പോയത്.ഗോപാലനാണ് കോളനിയിലെ അങ്ങനെയുള്ള ചില്ലറ ജോലികള്‍ ചെയ്യുന്നയാള്‍

ലതിക അടുക്കളയില്‍ പച്ചക്കറിയരിഞ്ഞുകോണ്ടിരിക്കുമ്പോള്‍ ഗോപാലന്‍ വന്നു ബെല്ലടിച്ചു
“ഞാന്‍ തൊട്ടടുത്ത ഫ്ലാറ്റിലെ മതിലുപണി നടക്കുന്നടുത്ത് സഹായിയായി നില്‍ക്കുന്നുണ്ട് ,ഉച്ചസമയത്തെ ഇടവേളക്കു വരാം “എന്നേറ്റിട്ടു പോയി

സത്യം പറഞ്ഞാല്‍ കിളികളോട് ഒരു തരം സൌഹൃദമുണ്ടവള്‍ക്ക്.പക്ഷേ ബാല്‍ക്കണി വൃത്തികേടാക്കുന്നത് സഹിക്കാനാവുന്നില്ലാ.ബാല്‍ക്കണിയില്‍ കഴുകിയിടുന്ന തുണികളിലെല്ലാം വന്നിരുന്നു കാഷ്ടിക്കുകയും ചെയ്യും.പകല്‍സമയം മിക്കവാറും കിളികള്‍ ആ പരിസരത്തെല്ലാം ചുറ്റിപ്പറ്റിയുണ്ടാകും.ശാഖകള്‍ മുറിച്ചു കളഞ്ഞാല്‍ അവരെന്നോട് പിണങ്ങുമോ എന്ന് ഒരുവേള അവള്‍ ചിന്തിച്ചു.
“സാരമില്ല.കുറച്ചു ശാഖകളല്ലേ മുറിക്കുന്നുള്ളു.അവരെന്നോട് അങ്ങനെ പിണങ്ങുകയൊന്നും ഇല്ലാ“ലതിക സമാധാനിച്ചു.ഇടക്ക് ചില കുസൃതികള്‍ ബാല്‍ക്കണിയിലെ സ്വാതന്ത്യം മുതലെടുത്ത് മുറിക്കകത്തേക്ക് പറന്നു കയറിക്കളയും
“.നിങ്ങളെക്കൊണ്ട് തോറ്റു”എന്നു ശാസിച്ച് അവളവരെ പുറത്തേക്ക് പറത്തി വിടും.ഒരിക്കല്‍ മുറിയിലേക്ക് കയറിയ കിളികളെ ഓടിച്ചു വിടാനുള്ള ശ്രമത്തിനിടെ അതിലൊരു ഒരു കിളി പുറത്തേക്കുള്ള വഴിയറിയാതെ ,മുറിയില്‍ അങ്ങിങ്ങു പറന്ന്, അലമാരയുടെ മുകളില്‍ ചില്ലിട്ട് വച്ചിരുന്ന അച്ഛന്റെയുംഅമ്മയുടെയും ഫോട്ടോ തട്ടിയുടച്ചപ്പോള്‍ മാത്രം അവളതിനോട് ദേഷ്യപ്പെട്ടു.“നിങ്ങള്‍ക്ക് കളിക്കാനുളളവരല്ലട്ടോ ഇത്..ഇവരാരെന്നു കരുതീ നിങ്ങള്‍..? എന്റച്ഛനുമമ്മയോടുമാണോ കളിക്കുന്നത്..?മൂക്കത്തു ശുണ്ഠിക്കാരാണെന്നോര്‍മ്മവേണം”.കിളിക്ക് അതു മനസ്സിലായെന്നു തോന്നി അത് പെട്ടെന്നു പുറത്തേക്കു പറന്നു പോയി

കിളികളെന്താ ആ ഒരു മരത്തില് മാത്രം ചേക്കേറുന്നതെന്നു അവളെപ്പോഴും ആലോചിക്കാറുണ്ട്.അതാണെങ്കിലൊരു മുള്ളു മരം.പണ്ടെപ്പോഴോ തണലിനു വേണ്ടി ആരോ നട്ടതായിരിക്കണം.തൊട്ടടുത്ത് കോളാമ്പിപ്പൂവിന്റെയും ചുവന്ന അരളിയുടെയും ചെറുമരങ്ങളുണ്ട്.പക്ഷേ അവറ്റകള്‍ക്ക് ആ മുള്ളുമരം തന്നെ മതി. തന്നോടുള്ള സ്നേഹംകൊണ്ടാണ് അവര്‍ വീടിനു നേരെയുള്ള മുള്ളുമരത്തില്‍ വന്നിരിക്കുനതെന്ന് അവള്‍ വിശ്വസിച്ചു
ബാലചന്ദ്രന്‍ വീട്ടിലുള്ളപ്പോള്‍ അവളവരോട് ചങ്ങാത്തതിനു പോകാറില്ലാ.അയാള്‍ ഓഫീസില്‍പ്പോയാല്‍ പിന്നെ അവള്‍ക്ക് കിളികള്‍തന്നെ കൂട്ട്.
കിളികള്‍ എവിടെയെല്ലാം. പറന്നു നടക്കുന്നുണ്ടാകാം പകലല്‍ സമയങ്ങളില്‍ തന്റെ വീടു വരെ പറക്കുന്നുണ്ടാകുമോ..തന്റെ മുറിക്കക്കരികെയുള്ള മാവിന്റെ കൊമ്പില്‍ പോയി ഇരിക്കുന്നുണ്ടാകും..അവിടെയിരുന്ന് ജനലിലൂടെ തന്റെ മുറിയിലേക്ക് നോക്കുമായിരിക്കും…ചുമരില്‍തൂങ്ങുന്ന താന്റെ പഴയ ഫോട്ടോകള്‍- കോളേജില്‍ പെയിന്റിങ്ങ് മത്സരത്തിനു സമ്മാനം നേടിയ ചിത്രം ഫ്രെയിം ചെയ്തത്.. ലാമിനേറ്റ് ചെയ്തു, മേശപ്പുറത്തു സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ചിത്രം…ആദ്യമായി സാരിയുടുത്തപ്പോള്‍ എടുത്തതാണത്.അച്ഛന്റെയും അമ്മയുടെയും തോളില്‍ കൈയ്യിട്ടു ചിരിച്ചുനില്‍ക്കുന്നത്…അങ്ങനെ പലതും..ഇതെല്ലാം അവര്‍ നോക്കുന്നുണ്ടാകുമൊ..ആലോചിച്ചപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു…താന്‍ പോരുമ്പോളിരുന്നതുപോലെ തന്നെയായിരിക്കുമോ ആ മുറി ഇപ്പോഴും. അതോ തന്നോടുള്ള ദേഷ്യത്തിന് അമ്മയും അച്ഛനും അതെല്ലാം മാറ്റിയിട്ടുണ്ടാകുമോ?

തന്റെ അച്ഛനെയും അമ്മയെയും എന്നും കിളികള്‍ കാണുന്നുണ്ടായിരിക്കും.കിളികള്‍ക്ക് സംസാരിക്കാനറിയാമെങ്കില്‍ പറഞ്ഞേനെ അവരുടെ ലതിയിവിടെ തനിച്ചിരിക്കുന്നകാര്യം…അവരെ കാണാന്‍ കൊതിക്കുന്നകാര്യം…തന്നെ അച്ഛനുമമ്മയും അന്വേഷിക്കുന്നുണ്ടാകുമോ എന്ന് കിളികളോട് ചോദിച്ചറിയാമെന്നുവച്ചാല്‍ അവള്‍ക്ക് .അവരുടെ ഭാഷയറിയില്ല.
ചോദിക്കാതെ തന്നെ അറിയാമവള്‍ക്ക്…. അച്ഛനുമമ്മയും മനം നൊന്ത് ശപിച്ചിട്ടുണ്ടാകും.അവര്‍ക്ക് അപമാനം വരുത്തിവെച്ചതിന്…,ബാലേട്ടന്റെകൂടെ ഇറങ്ങിപ്പോന്നതിന്...

“ഇല്ലാ ലതീ അവര്‍ താമസിയാതെ ഇവിടെ വരും.നീ നോക്കിക്കോ…നിന്നെ അധികം നാള്‍ കാണാതിരിക്കാനാകുമോ അവര്‍ക്ക്..എനിക്ക് ആരുണ്ട് വരാന്‍…?അവരുടെ ഒരു ശല്യം ഒഴിവായി എന്നു കരുതുകയല്ലാതെ.ഏതെങ്കിലും രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യ മകനെപ്പറ്റിച്ചിന്തിക്കാറുണ്ടോ...?അച്ഛന്‍ അവരുപറയുന്നതിപ്പുറത്തേക്ക് പണ്ടേ സഞ്ചരിക്കാറുമില്ലല്ലോ ”ബാലേട്ടന്‍ തന്നെ ആശ്വസിപ്പിക്കനായി പറയാറുള്ള വാക്കുകള്‍..ചിരിച്ചു കൊണ്ടാണ് പറയുന്നെങ്കിലും മുഖത്തെ വിഷമം വായിച്ചെടുക്കാവുന്നതേയുള്ളു.

ഉച്ചമയക്കത്തിലായിരുന്ന ലതിക ഗോപാലന്റെ കോളിങ്ങ് ബെല്ലടി കേട്ടാണ് ഉണര്‍ന്നത്. “എന്റെ കാശു തന്നേക്ക് കുഞ്ഞേ.. നല്ല ഭംഗിയായി വെട്ടിയിട്ടുണ്ട്..,ഇനി ബാല്‍ക്കണിയില്‍ തുണിയെല്ലാം ഇടാം നല്ല വെയിലും കിട്ടും.“ലതിക പൈസകൊടുത്തു തിരിഞ്ഞു നടന്നപ്പോള്‍ അയാള് പറഞ്ഞു“ കുഞ്ഞേ, ആ കൊമ്പെല്ലാം മുഴുവനങ്ങു വെട്ടി.അടുത്ത മഴക്കു കിളിര്‍ത്തോളും.“

“എന്ത് മുഴുവനുമോ..?”ലതിക ബാല്‍ക്കണിയിലേക്ക് പാഞ്ഞു..ഞെട്ടലോടെ അവള്‍ കണ്ടു ഒരൊറ്റ ശാഖ പോലുമില്ല.തായ്ത്തടി മാത്രം അവിടെയുണ്ട്..വൈകുന്നേരം കിളികള്‍ വരുമ്പോള്‍ എന്തു ചെയ്യും..? അവര്‍ ക്ഷമിക്കുമോ എന്നോട്…?അവള്‍ക്ക് കരച്ചില് വന്നു.മരത്തിന്റെ വെട്ടിയ ശാഖകളെല്ലാം ഗോപാലന്‍ എടുത്തു കൊണ്ടു പോകുന്നത് കണ്ടു.

ലതിക തളര്‍ന്ന് മുറിക്കുള്ളില്‍ വന്നിരിരുന്നു.അവള്‍ക്ക് ബാലചന്ദ്രനെ ഫോണ്‍ ചെയ്യണമെന്നു തോന്നി..പിന്നെ ചിന്തിച്ചു..വേണ്ട..കിളികളുടെ കാര്യം പറയുമ്പോഴെല്ലാം കുട്ടിത്തം മാറിയിട്ടില്ലെന്നു പറഞ്ഞു കളിയാക്കാറുള്ളതാണ്
അന്നു വൈകുന്നേരത്തെ സായാഹ്ന സവാരിക്കിറങ്ങിയ ലതികയുടെ അടുത്തേക്ക് ഒരു പ്രാപ്പിടിയന്‍ താണു വരുന്നത്കണ്ട് അവള്‍ ഭയന്നു പോയി . കിളികള്‍ ചെന്ന് ആ പ്രാപ്പിടിയനോട് പരാതി പറഞ്ഞുകാണുമോ….
.അതിന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ അവളെ തൊട്ടു തൊട്ടില്ല എന്നപോലെയാണ് താഴേക്ക് പറന്നു വന്നത്.പിന്നീടാണവള് കണ്ടത് ഏതോ ഇര താഴെക്കിടന്നത് അത് കൊത്തിയെടുക്കുന്നത്.. ഇല്ല… കിളികള്‍ക്കങ്ങനെയൊന്നും അവളോട് പ്രതികാരം ചെയ്യാനാവില്ല.പക്ഷേ ഇന്ന് വൈകുന്നേരം അവരെവിടെ ചേക്കേറും? …അവളുടെ ചിന്ത മുഴുവനും അതായിരുന്നു..അവരവിടം വിട്ടു പോകുമോ..?

തിരിച്ചു വീടിനു മുന്നിലെത്തിയ ലതിക സന്തോഷകരമായ ആ കാഴ്ച കണ്ടു കിളികളെല്ലാം കോളാമ്പിച്ചെടിയില്‍ ചേക്കേറിയിരിക്കുന്നു!!അവള്‍ കോളാമ്പിച്ചെടിയുടെ അടുത്തുചെന്നു നോക്കി .പാവങ്ങള്‍… ഒരു പരാതിയുമില്ല. അവള്‍ക്ക് പശ്ചാത്താപം തോന്നി. എത്ര പെട്ടെന്നു അവരെല്ലാം മറന്നു…?.ആശ്വാസത്തോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ ബാലേട്ടന്‍ വന്നിട്ടുണ്ടെന്നു മനസ്സിലായി.ആരുമായോ സംസാരിക്കുന്നതും കേള്‍ക്കാം.ഏതോ അഥിഥികളെത്തിയിരിക്കുന്നു.തിടുക്കത്തില്‍ വീടിനുള്ളിലേക്ക് കയറിയ ലതിക, തടിച്ച കണ്ണാടിക്കകത്തെ അച്ഛന്റെ ചിരിക്കുന്ന കണ്ണുകളും “ലതീ“ എന്ന് കരച്ചിലിന്റെ ശബ്ദത്തില്‍ വിളിച്ചുകൊണ്ടടുത്തേക്കു വരുന്ന അമ്മയുടെ ഇളം നീല സാരിയും മാത്രമേ കണ്ടുള്ളു…..അവള്‍ ഒരു സ്വപ്നാടകയെപ്പോലെ അകത്തേക്കു കടന്നു… കണ്ണീര്‍പ്പാട അവളുടെ കാഴ്ച മറച്ചു..

.അമ്മയുടെ തോളില്‍ കണ്ണടച്ച് തല ചായ്ചുനിന്ന ലതിക കിളികളുടെ ശബ്ദം കേട്ട് കണ്ണു തുറന്നു ജനലിലൂടെ നോക്കി കോളാമ്പിച്ചെടികളുടെ ശാഖകളിലിരുന്ന് സന്തോഷസൂ‍ചകമായുള്ള അവരുടെ സംസാരം അവള്‍കേട്ടു.അന്നാദ്യമായി കിളികളുടെ ഭാഷ അവള്‍ക്ക് മനസ്സിലായി..അവരവളോട് ചോദിക്കുന്നു..“ഞങ്ങള് ചെന്നു പറഞ്ഞാല്‍ വരാതിരിക്കാനാവുമോ നിന്റെ അച്ഛനുമമ്മക്കും…?”

3.3.09

ജീവിക്കാനറിഞ്ഞു കൂടാത്തവള്‍

സൌദാമിനിയും എനിക്കൊരു കഥാപാത്രം തന്നെ. ഞാന്‍ ഹൈസ്കൂലില് പഠിക്കുന്ന സമയത്താണ് സൌദാമിനി ഞങ്ങളുടെ വീട്ടില് ആദ്യമായി വന്നത്.ഞാനും ചേച്ചിയും വീടിനു പുറകു വശത്തെ വരാന്തയില് ഇരുന്നു പഠിക്കുകയായിരുന്നു .അതുകൊണ്ട് സൌദാമിനി പുറകില് വന്നു നിന്നത് ഞങ്ങള് കണ്ടില്ല. “അമ്മയെവിടെ മോളേ“ എന്നചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോള്‍.മുണ്ടും ബ്ലൌസും അണിഞ്ഞ ഒരു യുവതി,.മാറത്ത് ഒരു തോര്ത്തുമിട്ടിട്ടുണ്ട്.ബ്ലൌസിന്റെ കഴുത്ത് ഇറക്കി വെട്ടിയിരിക്കുന്നു. എന്നാല്‍ തോര്ത്ത് ശരിക്ക് ഇട്ടിട്ടുമില്ല.ആളു ചിരിച്ചു കൊണ്ട് നില്ക്കുകയാണ്.നെറ്റിയില് ചുമന്ന നിറത്തിലുള്ള കുങ്കുമപ്പൊട്ട്.കുങ്കുമത്തരികള് മൂക്കിലേക്ക് വീണു കിടക്കുന്നു.തലമുടി നേരെ പകുത്തി ചീകിയിരിക്കുകയാണ്.വകച്ചിലിനിരുവശവും രണ്ടു കുമിളകള്‍ പോലെ മുടി വച്ചിരിക്കുന്നു.പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ നായികമാരുടേതുപോലെ.
“എന്തിനാ വന്നത്”? ചേച്ചി ചോദിച്ചു
“അമ്മിണിച്ചേച്ചിയോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ അമ്മ? “തിരിച്ചൊരു ചോദ്യം
ഈ നേരം കൊണ്ട് അമ്മ എത്തി.”ഓ അമ്മിണി പറഞ്ഞ ആളാണല്ലേ..“
വീട്ടില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ന് തുണിയലക്കാ‍ന്‍ ആളെ വേണമെന്ന് അമ്മ കൂട്ടുകാരി അമ്മിണിച്ചേച്ചിയോട് ചട്ടം കെട്ടിയിരുന്നു. അതനുസരിച്ച് വന്നതാണ് സൌദാമിനി.സൌദാമിനി അമ്മിണിച്ചേച്ചിയുടെ വീട്ടിലും ജോലി ചെയ്യുന്നുണ്ട്.എല്ലാ ശനിയാഴ്ചകളിലും വരാം എന്നു പറഞ്ഞു സൌദാമിനി പോയി.
ഞങ്ങള്‍ക്കെന്തുകൊണ്ടോ സൌദാമിനിയെ അത്ര ഇഷ്ടമായില്ല.ഒരു ആനച്ചന്തവും വല്ലാത്ത അണിഞ്ഞൊരുക്കവും.വീട്ടില്‍ മിക്കവാറും പറമ്പില്‍ ജോലിക്ക് പുരുഷന്മാരായ ജോലിക്കാരുണ്ടാകും.അതു കൊണ്ട് ആകെ ഒരു പന്തികേടു തോന്നി
“ നമുക്കിതിനെ വേണ്ടമ്മേ വേറെ ആരെയെങ്കിലും നോക്കാം” ചേച്ചി പറഞ്ഞു നോക്കി
“ഓ ആഴ്ചയില്‍ ഒരു ദിവസം വന്നു ജോലിചെയ്തിട്ടുപോകുന്ന കാര്യമല്ലേ..അവളവളുടെ പണി ചെയ്തിട്ടു പൊയ്ക്കോളും” അമ്മയുടെ മറുപടി.പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല
പിറ്റെ ശനിയാഴ്ച മുതല്‍ സൌദാമിനി വന്നു തുടങ്ങി.ആളെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതിയതെല്ലാം തെറ്റാണെന്നു മനസ്സിലായി.വേഷ വിധാനം കണ്ടു തെറ്റിധരിച്ചപോല ആളു കുഴപ്പക്കാരിയൊന്നുമല്ല സൌദാമിനി എല്ലാദിവസവും ഓരോരോ വീടുകളില്‍ ജോലിചെയ്യും.മുപ്പതു വയസ്സോളം പ്രായമുണ്ട്.ഇതുവരെ കല്യാണമൊന്നും ആയില്ല.ആളോരു സിനിമാഭ്രാന്തിയാണ്.നസീര്‍,മധു,ഷീല,ജയഭാരതി തുടങ്ങിയവരുടെ കടുത്ത ആരാധിക.ഉമ്മറിനെ കണ്ടുകൂടാ.അവന് പെണ്ണുങ്ങളെ കണ്ടാല്‍ വെറുതെ വിടില്ല എന്നാണ് പറയുന്നത്.എല്ലാ വെള്ളിയാഴ്ചയും സാബൂ ടാക്കീസില് സിനിമ മാറി വരുമ്പോള് മുടങ്ങാതെതെ കാണും. ഞങ്ങള്‍ സൌദാമിനി വരുമ്പോഴേ അടുത്തുകൂടും തലേ ആഴ്ചത്തെ സിനിമാ കഥ കേള്‍ക്കാന്‍.പുതിയ താരങ്ങളെയൊന്നും സൌദാമിനിക്ക് അത്ര പിടുത്തമല്ല.അവര്‍ക്കൊന്നും പഴയ താരങ്ങളെപ്പോലെ സൌന്ദര്യം ഇല്ല എന്നാണ് ഇഷ്ടത്തി പറയുന്നത്.എല്ലാം എല്ലു പോലത്തെ നടികള്....ആയിടെയാണ് റഹ് മാന്‍ ഒരു തരംഗമായി സിനിമയില്‍ വന്നത്.ഒരു വര്‍ഷത്തെ കറങ്ങിതിരിയലിനു ശേഷം “കാണാമറയത്ത്” സാബൂ ടാക്കീസില് വന്നു.പിറ്റെ ആഴ്ച ഞാന് സൌദാമിനിയോടു ചോദിച്ചു.
“എങ്ങനെയുണ്ട് സൌദേ... റഹ് മാന്‍..?”
“ഓ….ഒരു എല്ലുപോലത്തെ ചെറുക്കന് ..ഒരു വികൃത രൂപം. വെറുതെ എന്റെ കാശു കളഞ്ഞു..”
“ അപ്പോ ശോഭനയോ..?”
“ഓ അതും കണക്കാ…ഒരു എലുമ്പി…നമ്മുടെ ഷീലയുടെയും ജയഭരതിയുടെയും അടുത്തു വരുമോ ഇപ്പോഴത്തെ നടിമാര്..”

ഇതാണ് സൌദയുടെ എല്ലാക്കാര്യത്തിലുമുള്ള മനോഭാവം.വീട്ടില്‍ സൌദാമിനിയെക്കുടാതെ അമ്മ, അച്ഛന്‍,അനുജന്‍ ഗോപീകൃഷ്ണന് എന്നിവരുണ്ട്.ചേച്ചിയുടെയും അനുജത്തിയുടെയും കല്യാണം കഴിഞ്ഞു.
“അനുജത്തിയുടെ കല്യാണം നടത്തിയിട്ട് സൌദാമിനിക്കെന്താ കല്യാണം ആവാഞ്ഞേ..?” ഞാന്‍ ചോദിച്ചു
അപ്പോള്‍ സൌദാമിനി വീട്ടിലെ അവസ്ഥ പറഞ്ഞു.ചേച്ചിയെ എങ്ങനെയൊക്കെയോ അച്ഛന്‍ കല്യാണം കഴിപ്പിച്ചു വിട്ടു.മുറച്ചെറുക്കന്‍ കല്യാണം കഴിച്ചതു കൊണ്ട് വലിയ ബുധിമുട്ടില്ലാതെ അതു കഴിഞ്ഞു അനുജന്‍ ജോലിക്കൊന്നും പോകില്ല.അവന്‍ പത്താം ക്ലാസ്സു പഠിച്ചുണ്ടത്രേ.അതു കൊണ്ട് മറ്റു പണിക്കൊന്നും പോകാന്‍ അവനു വയ്യ.കുലത്തൊഴിലായ തെങ്ങുകയറ്റം ചെയ്യാന്‍ അഛനും അമ്മയും സമ്മതിക്കുന്നില്ലത്രേ...ആകെയുള്ള ആണിനെ അങ്ങനെയുള്ള പണികള്‍ക്കൊന്നും അയക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല ഇപ്പോള്‍ വീട്ടില്‍ വരുമാനം ഉള്ള ഏകയാള്‍ സൌദാമിനി മാത്രം.അഛനും അമ്മക്കും ഇപ്പോള്‍ പണിക്കൊന്നും പോകാന്‍ വയ്യ.അനുജത്തി പണിക്കുപോകുമ്പോള്‍ പണിസ്ഥലത്തെ ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.അല്ലാതെ വീട്ടുകാര്‍ നടത്തിക്കൊടുത്തതൊന്നും അല്ല.ഏക വരുമാനമായ സൌദമിനിക്ക് കല്യാണം ആലോചിക്കാനൊന്നും ആരും മിനക്കെടുന്നില്ല.
ഇതെല്ലാം കേട്ട് ഞാന് സൌദാമിനിയോട് ചോദിച്ചു.
“സൌദക്കും ആരെയെങ്കിലും സ്നേഹിച്ച് വിവാഹം കഴിച്ചുകൂടെ.? വീട്ടുകാര് ഇങ്ങനെയൊക്കെയാണെന്നറിയാമല്ലൊ”
“എന്നെ ആരെങ്കിലും സ്നേഹിക്കുകയാണെങ്കില് അയാള് തന്നെ എന്നെ വിവാഹം കഴിക്കണം.ഇനി അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില് ഞാന്‍ ഒരു പേരുദോഷക്കാരിയായി കഴിയേണ്ടി വരില്ലേ…?ഒരാളെ മനസ്സു തുറന്നു സ്നേഹിച്ചിട്ട് പിന്നെ മറ്റൊരാളുടെ ഭാര്യയാകുന്നതെങ്ങിനെ..? ഇനി ചിലര്‍ക്കൊക്കെ എന്റെ സ്നേഹം കുറച്ചു നേരത്തേക്കു മതി..അവരുടെ കാര്യം കാണാന്‍എങ്ങനെ വിശ്വസിച്ച് ഒരാളെ സ്നേഹിക്കും” ഞാന്‍ ഒന്നും പറഞില്ല
കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ചേച്ചിക്ക് കല്യാണമായി. കല്യാണത്തിന് സൌദാമിനി വരികയും ചെയ്തു.

ഒരു ശനിയാഴ്ച്ച സൌദാമിനി വീട്ടില്‍ വന്നപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പറഞ്ഞു.അവളെ പെണ്ണു കാണാന്‍ ഒരാള്‍ വന്നിരുന്നുവത്രേ.അടുത്ത വീട്ടിലെ ചേട്ടന്‍ അയാളുടെ കൂട്ടുകാരനു വേണ്ടി ആലോചിച്ചതാണ്.വലിയ സ്ത്രീധനം ഒന്നും വേണ്ട.അത്യവശ്യം കുറച്ചു സ്വര്‍ണ്ണം മാത്രം കൊടുത്തല് മതി
“ എങ്ങനെയുണ്ട് സൌദാമിനീ ആള്...സുന്ദരനാണോ..?” ഞാന്‍ ചോദിച്ചു
“ഏയ്...ഞാന്‍ മുഖത്തേക്കുനോക്കിയില്ല ....”നാണത്തോടുകൂടെയുള്ള മറുപടി.
“പണിയെടുക്കാനൊക്കെ നല്ല ആരോഗ്യമുള്ളയാളെന്നാണ് എല്ലാവരും പറഞ്ഞത്.എന്നെ അവര്‍ക്കിഷ്ടമായി എന്നും അറിയിച്ചു“
പക്ഷേ അടുത്തയാഴ്ച വന്ന സൌദാമിനി ആകെ ദു:ഖിതയായിരുന്നു
“എന്തു പറ്റി ഇന്ന് കളിയും ചിരിയും ഒന്നും ഇല്ലല്ലോ?” ഞാന്‍ അന്വേഷിച്ചു
“എന്റെ ആ കല്യാണാലോചന വേണ്ടെന്നു വച്ചു. അച്ഛന്റെ കയ്യില്‍ കാശില്ലന്ന്” സൌദാമിനി സങ്കടത്തോടെ പറഞ്ഞു.എനിക്ക് ഇത് കേട്ടപ്പോള്‍ ആകെ വിഷമം തോന്നി.ഞാന്‍ ചോദിച്ചു
“സൌദാമിനി എല്ലാ ദിവസവും ഓരോരോ വീടുകളില്‍ ജോലിയെടുക്കുന്നില്ലേ...ആ പൈസ ഒരുമിച്ചു വെച്ചാന്‍ മതിയായിരുന്നല്ലോ കുറച്ചു സ്വര്‍ണ്ണമെങ്കിലും വാങ്ങാന്‍?”
“അപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടക്കില്ലല്ലോ” നിന്ദയോടെ അവള്‍ പറഞ്ഞു
“ അമ്മക്കിപ്പോള് എങ്ങനെയെങ്കിലും ഗോപീകൃഷ്ണന്റെ കല്യാണം നടതിയാല് മതി എന്നാണ്..എനിക്കു ആലോചന വന്നതേ അവര്‍ക്കാര്‍ക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു.അടുത്ത വീട്ടിലെ ചേട്ടന്റെ നിര്‍ബന്ധത്തില്‍ വന്നു പെണ്ണു കണ്ടു എന്നു മാത്രം” സൌദാമിനി കുറച്ച് രോഷത്തോടെ പറഞ്ഞു

പിന്നെയും വര്‍ഷങ്ങളോളം സൌദാമിനി വീട്ടില്‍ ജോലിക്ക് വന്നു കൊണ്ടിരുന്നു.ഞാന്‍ കൌമാരക്കാരിയായപ്പോള്‍ വന്ന സൌദാമിനി,ഞന്‍ കല്യാണ പ്രായമായിട്ടും ഒരു മാറ്റമില്ലാതെ ജോലിക്കു വന്നു കൊണ്ടിരുന്നു.പഴയ പ്രസരിപ്പൊന്നും ഇല്ല.ഇപ്പോള്‍.

ആയിടക്ക് എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകള്‍ സോഫി കല്യാണം കഴിഞ്ഞ് നവവരനുമായി വീട്ടില്‍ വിരുന്നു വന്നു.സോഫി സൌദാമിനിയുടെ അയലക്കാരിയാണ്.അപ്പോള്‍ സൌദാമിനി വീട്ടില്‍ ജോലിചെയ്തുകൊണ്ട് നില്‍പ്പുണ്ട്.സൌദാമിനിയെ കണ്ടതു സോഫിയുടെ മുഖം പെട്ടെന്നു മാറി.പെട്ടെന്ന് സോഫി മാറിക്കളഞ്ഞു.സൌദാമിനിയോട് ഒന്നും സംസാരിച്ചുമില്ല.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ സൌദാമിനി എന്നോട് ചോദിച്ചു
“ സോഫി എങ്ങനെ? സന്തോഷമായിട്ടിരിക്കുന്നോ?”
“ ഇതെന്തു ചോദ്യം സൌദേ…അവള് പുതുമണവാട്ടിയല്ലേ..കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.സന്തോഷം ഇല്ലാതിരിക്കുമോ..? ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല അവള്‍ക്ക്”
“ എന്റെ ഭഗവാനേ….” സൌദാമിനി മൂക്കത്തു വിരല് വച്ചു
“ എന്താ സൌദേ..?” എനിക്ക് ആകാംഷയായി”
“ഈ സോഫി കല്യാണത്തിനു രണ്ടു ദിവസം മുന്പ് എന്റടുത്ത് വന്നിരുന്നു.ഞാന്‍ എന്റെ വീടിനടുത്ത് ഞാന്‍ ജോലിചെയ്യുന്ന ഒരു വീടുണ്ട് അവിടത്തെ പ്രകാശനുമായി സ്നേഹത്തിലായിരുന്നു സോഫി .കയ്യില് ഒരു കത്ത് തന്നിട്ട് അതു എങ്ങനെയെങ്കിലും പ്രകാശനെ ഏല്പ്പിക്കണം പറഞ്ഞു.ഞാന്‍ ഒഴിവായിക്കളഞ്ഞു.കല്യാണത്തലേന്ന് അവള്‍ക്ക് അവനുമായി ഒളിച്ചോടാനുള്ള പ്ലാനായിരുന്നു.എനിക്കു വയ്യ ഇതിനിടയില് നില്‍ക്കാന്‍.ഒടുവില് സോഫി എന്നോട് പറഞ്ഞത് കേള്‍ക്കണോ , അവളുടെ ശവമേ കല്യാണ ദിവസം പള്ളിയില് കൊണ്ടുപോകുകയുള്ളു എന്ന്..സത്യം പറഞ്ഞാല്‍ ആ പെണ്ണിന്റെ കല്യാണം കഴിയുന്നതു വരെ എന്റെയുള്ളില്‍ തീയായിരുന്നു.വല്ല കടും കയ്യും ചെയ്തുകളയുമോ എന്ന് പേടിച്ചിട്ട്”
ഞാന്‍ ഇത്കേട്ട് അത്ഭുതപ്പെട്ടുപോയി.പിന്നെ പറഞ്ഞു
“എന്തു ചെയ്യാന്‍ പറ്റും പിന്നെ അവള്‍ക്ക്..പാവം എങ്ങനെയെങ്കുലും ജീവിക്കട്ടെ”
“എന്നാലും ഇതു കുറച്ചു കടുപ്പം തന്നെ”.സൌദാമിനി വീണ്ടും പ
റഞ്ഞു
ഞാന്‍ ജീവിതത്തിന്റെ പ്രാക്ടിക്കല് വശം പറഞ്ഞുകൊടുത്തതിനോട് സൌദാമിനിക്ക് യോജിക്കാന്‍ പറ്റിയില്ല

പിന്നെ കുറച്ചുനാള് കഴിഞ്ഞപ്പോള് ഞാന്‍ വിവാഹിതയായി.കല്യാണത്തിന് വിളിച്ചിട്ട് സൌദാമിനി വന്നതും ഇല്ല.എനിക്ക് അവളോട് പരിഭവം ഒന്നും തോന്നിയതും ഇല്ല.പഴയ തുടിപ്പെല്ലാം നഷ്ടപ്പെട്ട്.മധ്യ വയസ്സിലായിക്കഴിന്നിരുന്നു സൌദാമിനി അപ്പോള്.പിന്നെയും കുറച്ചു വര്‍ഷങ്ങള്‍കൂടി സൌദാമിനി എന്റെ വീട്ടില് ജോലിക്ക് വരുമായിരുന്നു.പിന്നെയെപ്പോഴോ വരാതായി…അന്വേഷിച്ചപ്പോള് വയ്യാതായി എന്നു കേട്ടു.എന്നുമുള്ള അധ്വാനം അവളെ രോഗിയാക്കി കഴിഞ്ഞിരുന്നു

ഇപ്പോള് സൌദാമിനി അനുജന്‍ ഗോപീകൃഷ്ണന്റെ മക്കളെയും നോക്കി വീട്ടില് കഴിയുന്നുണ്ടാകാം…ജീവിക്കാനറിഞ്ഞു കൂടാത്തതിന്റെ തെറ്റു കൊണ്ട്…

22.2.09

തകര്‍ന്നുടഞ്ഞ വിഗ്രഹം

ശ്രീലത ഗെയിറ്റു കടന്നു വരുന്നത് കണ്ട് മുത്തശ്ശിയുടെ കൂടെയിരുന്നു ടി.വി കാണുകയായിരുന്ന ദിവ്യ അമ്മക്കു ചായയെടുക്കുവാന്‍ അടുക്കളയിലേക്കു പോയി.അമ്മയിന്നു ചൂടിലായിരിക്കും എന്നവള്‍ക്കറിയാം.ഇന്നലെ വൈകുന്നേരം നിരഞ്ജനുമായി കോഫീ ഹൌസിലിരിക്കുമ്പോള്‍ മാലതിയാന്റിയെ കണ്ടതിന്റെ പ്രതികരണം ഇപ്പോള്‍ പ്രതീക്ഷിക്കാം.
മാലതിയാന്റിയും ഭര്‍ത്താവും അടുത്തു വന്നിരുന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി..വിഷമിച്ചൊന്നു ചിരിച്ചശേഷം വേഗം നിരഞ്ജനുമായി പുറത്തു കടന്നു.
“ എന്തു പറ്റി നിനക്ക്..?” നിരഞ്ജനു കാര്യം മനസ്സിലായില്ല.
“അത് അമ്മയുടെ ഓഫീസിലുള്ള ആന്റിയാണ്..ഉടനെ തന്നെ അമ്മയെ വിളിച്ചു പറയും”
“പറയട്ടെ..“ ...നിരഞ്ജന്‍ ധൈര്യപ്പെടുത്തി.“.എന്നായാലും ഒരു ദിവസം പറയേണ്ടതല്ലേ”
“പക്ഷേ ...നിരഞ്ജന്‍ ആരെങ്കിലും പറഞ്ഞറിയുന്നതിനു മുന്‍പേ ഞാന്‍ തന്നെ പറയുന്നതായിരുന്നു നല്ലത്..അതായിരുന്നു ശരി.അമ്മക്കിതു കേള്‍ക്കുമ്പോഴേ വിഷമമാകും”

“ഇനിയിപ്പൊ പറഞ്ഞിട്ടെന്താ..ധൈര്യമായി ഫെയിസ് ചെയ്യ്…’

മാലതിയാന്റി ഉടനെ അമ്മക്ക് ഫോണ്‍ ചെയ്യുമെന്നാണ് കരുതിയത്..പക്ഷേ അതുണ്ടായില്ല.
ഇന്ന് ഓഫീസില്‍ വച്ചു കണ്ടപ്പോള്‍ പറഞ്ഞു കാണും

“പുകയില വാങ്ങിയോ ശ്രീലതേ, നീയ്..”മുത്തശ്ശി ചോദിക്കുന്നതു കേട്ടു
“ഇല്ല, മറന്നുപോയി” അമ്മയുടെ മറുപടി
“നിന്റെ ഒരു കാര്യം.. മറക്കരുതെന്ന് ഓര്‍പ്പിച്ചലും മറന്നിട്ടേ വരൂ..നീ..?”
അതേ... ഇന്നു മറന്നുപോയി.അതിന് അമ്മക്ക് നാളേക്കുകൂടി പുകയിലയിരിപ്പുണ്ടല്ലോ” കുറച്ചു കുപിതയായിട്ടാണ് അമ്മയുടെ മറുപടി.അമ്മയുടെ ദേഷ്യം കണ്ടപ്പോഴേ ദിവ്യക്കു മനസ്സിലായി ഉറപ്പായും മാലതിയാന്റി അമ്മയോട് കാര്യം പറഞ്ഞിരിക്കുന്നു.പറയാതിരിക്കുമോ..? അമ്മയുടെ പ്രിയ ചങ്ങാതിയല്ലേ.
കഷ്ടം..അമ്മയോട് നേരത്തെ തന്നെ ഇക്കാര്യം നേരിട്ട് പറയേണ്ടതായിരുന്നു.അപ്പോഴെല്ലാം സമയമാകട്ടെ എന്ന് പറഞ്ഞ് നിരഞ്ജനാണ് തടസ്സപ്പെടുത്തിയത്.ഇപ്പോള്‍ ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെ മുന്നില്‍ നില്‍ക്കേണ്ടിവരുമല്ലോ
ചായക്കപ്പ് കൊണ്ടു കയ്യില്‍ കൊടുക്കുമ്പോള്‍ അമ്മ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് മുത്തശ്ശി കേള്‍ക്കാതെ ശബ്ദം താഴ്ത്തിപ്പറഞ്ഞു
“നീ മുറിയിലേക്ക് വാ..ഒരു കാര്യം ചോദിക്കാനുണ്ട്...ഇന്ന് മാലതി എന്നോടൊരു കാര്യം പറഞ്ഞു”
അമ്മയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അമ്മ ആകെ പരവശയായി നില്‍ക്കുന്നതണ് കണ്ടത്.ദിവ്യക്ക് വല്ലാത്ത വിഷമം തോന്നി.ചെറുപ്പത്തിലേ വിധവയായതാണ് അമ്മ. വീട്ടുകാരെ മുഷിപ്പിച്ചു വിവാഹം ചെയ്തതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുമായി ഒരടുപ്പവുമില്ല. അച്ഛന്‍ അപകടത്തില്‍ മരിച്ചശേഷവും ഒരു സഹായവും അവരില്‍ നിന്നുണ്ടായില്ല.അമ്മമ്മ പിന്നെ ആണ്മക്കളെ മുഷിപ്പിച്ചാണ് കൂടെ വന്നിരിക്കുന്നത്.ദിവ്യയുടെ പി.ജി. കഴിഞ്ഞയുടനെ പറ്റിയ കല്യാണം വന്നാല്‍ ഉടനെ നടത്തണം എന്ന് അമ്മ കാണുന്നവരോടെല്ലാം പറയുകയും ചെയ്യും

“അമ്മേ ഞാന്‍ അമ്മയോട് പറയണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു... നിരഞ്ജനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയം ഉണ്ട് സിറ്റിയില്‍ ബിസ്സിനസ്സ് നടത്തുന്നയാളാണ്. പി.ജി.ചെയ്തിട്ടുണ്ട് ഒരിക്കല്‍ നിരഞ്ജന്റെ കടയില്‍ ഡ്രെസ്സെടുക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ടതാണ് .സമയമാകുമ്പോള്‍ അമ്മയെ വന്നു കാണാം എന്ന് എനിക്ക് വാക്കു തന്നിട്ടുണ്ട്”.
അമ്മ എന്തെങ്കിലും പറയുന്നതിനു പുന്‍പേ ദിവ്യ ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു
അമ്മ കുറച്ചൊന്നു ശാന്തയായെന്നു തോന്നി.എങ്കിലും പറഞ്ഞു “അയാളുടെ മറ്റു വിവരങ്ങള്‍ പറയൂ ദിവ്യാ…നമുക്ക് ചേരുന്നവരാണെന്ന് എങ്ങനെ അറിയാം?”
ദിവ്യ ചുരുങ്ങിയ വാക്കുകളില്‍ നിരഞ്ജന്റെ വീട്ടുവിശേഷങ്ങള്‍ പറഞ്ഞു.പക്ഷേ നിരഞ്ജന്റെ വീട്ടിലെ വിവരങ്ങള്‍ കേട്ടിട്ട് ശ്രീലതക്ക് ഇഷ്ടമായില്ല. ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍…എങ്ങനെ ഒത്തുപോകും ഇങ്ങനെ ഒരു കുടുംബവുമായി…ഇവളിതെന്തു ഭാവിച്ചാണ്..?

“നിനക്കറിയില്ലേ ദിവ്യേ നമ്മുടെ അവസ്ഥ ..?നമ്മളുമായി ചേരാത്ത ഒരു ബന്ധത്തില്‍ ചെന്നു ചാടിയതെങ്ങിനെ..?നിനക്കിത്ര വീണ്ടു വിചാരമില്ലാതെ പോയല്ലോ” അമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു

“നമ്മുടെ കാര്യങ്ങളെല്ലാം നിരഞ്ജന് അറിയാം.ഞാന്‍ ഇക്കാരണം കൊണ്ട് ഒഴിവാകാന്‍ ശ്രമിച്ചതുമാണ്.നിരഞ്ജന് അതൊന്നും പ്രശ്നമല്ലമ്മേ...നിരഞ്ജന്‍ അമ്മയെ വന്ന് കാണാനിരുന്നതാണ്”

“ശരി എങ്കില്‍ താമസിയാതെ വന്ന് എന്നെ കാണുന്‍ പറയ് അവനോട്.നിനക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ഞാന്‍ ചെയ്യില്ല.“

അപ്പോള്‍ തന്നെ നിരഞ്ജനെ വിളിച്ചു പറഞ്ഞു
“നിരഞ്ജന്‍, അമ്മ നിന്നെ കാണണമെന്ന് പറയുന്നു..പറ്റിയ ഒരു സമയം പറയൂ..
“നീ പറയൂ..അമ്മക്ക് എപ്പോഴാണ് സൌകര്യം..?”
“നാളെ ക്ലാസുകഴിഞ്ഞായാലോ..അമ്മ ഓഫീസില്‍ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാമെന്നേറ്റിട്ടുണ്ട്“
“ഓ.ക്കേ...ഞാന്‍ നാളെ അഞ്ചു മണിക്ക് സുഭാഷ് പാര്‍ക്കിന്റെ ഗിയിറ്റിനരികില്‍ വെയിറ്റ് ചെയ്യാം..”

നിരഞ്ജനുമായി സംസാരിക്കുമ്പോള്‍ അമ്മയുടെ തെറ്റിധാരണയെല്ലാം നീങ്ങും.നിരഞ്ജന്റെ വീട്ടുകാരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വിഷമിക്കും എന്നാണ് അമ്മ പറയുന്നത്.നിരഞ്ജനെ കാണുമ്പോള്‍ അമ്മക്കിഷ്ടപ്പെടും തീര്‍ച്ച.
പിറ്റെ ദിവസം ക്ലാസ്സുകഴിഞ്ഞ് കോളെജിന്റെ ഗെയിറ്റിനരികില്‍ കാത്തുനില്‍ക്കുന്ന അമ്മയെ കൂട്ടി പാര്‍ക്കിനു മുന്നിലെത്തിയപ്പോള്‍ നിരഞ്ജന്‍ അവിടെയുണ്ട്.
“ഹല്ലോ ആന്റി..”നിരഞ്ജന്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു
ശ്രീലത ചിരിച്ചുകൊണ്ട് തലയാട്ടിയതേ ഉള്ളു.അമ്മയുടെ ചിരി കണ്ടപ്പോഴേ ദിവ്യക്കു സമാധാനമായി.നിരഞ്ജനെ അമ്മക്കിഷ്ടപ്പെട്ട ലക്ഷണമാണ്.
“വരൂ..നമുക്കവിടെ ഇരുന്നു സംസാരിക്കാം” അകത്തേക്കു നടക്കുമ്പോള്‍ നിരഞ്ജന്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ പാര്‍ക്കില്‍ ആളുകള്‍ വന്നും പോയുമിരിക്കുന്നു.നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന മരത്തിനടുത്തുള്ള ചാരുബഞ്ചില്‍ മൂവരും ഇരുന്നു.ബഞ്ചില്‍ പൂക്കള്‍ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ശ്രീലതയാണ് സംസാരം ആരംഭിച്ചത്.ദിവ്യ ഒന്നും മിണ്ടാതെ അമ്മയുടെയും നിരഞ്ജന്റെയും സംസാരം കേട്ടു കൊണ്ട് ബഞ്ചില്‍ കിടന്ന ഒരു പൂവ് കയ്യിലെടുത്ത് മണപ്പിച്ചുകൊണ്ടിരുന്നു. നിരഞ്ജന്‍ സിറ്റിയിലെ പ്രശസ്ഥമായ വ്യാപാരസ്ഥപനം നടത്തുന്ന അച്ഛനെക്കുറിച്ചും സ്റ്റേറ്റ്സില്‍ സെറ്റിലായിരിക്കുന്ന ചേട്ടന്റെ കുടുംബത്തെക്കുറിച്ചും സിറ്റിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ അമ്മയെക്കുറിച്ചും പറഞ്ഞു .
“നിരഞ്ജന്റെ വീട്ടില്‍ പ്രശ്നമുണ്ടാകില്ലേ ഈ ബന്ധം...”
ഇല്ലാ..ആന്റി..ഞാന്‍ അച്ഛനോട് പറയാം..അച്ഛന്‍ സമ്മതിക്കാതിരിക്കില്ല.”
“സമ്മതിച്ചില്ലെങ്കിലോ..?”
“പറഞ്ഞു നോക്കും..ആന്റിയുടെ കയ്യില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചതിന്റെ കോപന്‍സേഷന്‍സ് എല്ലാം കാണില്ലേ..? പിന്നെ ആന്റിക്കു നല്ലൊരു ജോലിയുമില്ലെ…പോരാത്തതിന് ദിവ്യ ഒറ്റമോളും ആന്റിക്കുള്ളതെല്ലാം അവളുടേതല്ലേ..”
നിരഞ്ജന്റെ ഈ മറുപടി ദിവ്യക്കു വിശ്വസിക്കാനായില്ല..നിരഞ്ജന്‍ തന്നെയോ ഈ പറഞ്ഞത്...?
“നിരഞ്ജന്‍…..“ അറിയാതെ ദിവ്യയുടെ ശബ്ദം പുറത്തേക്കുവന്നു. പക്ഷേ ശ്രീലതയും നിരഞ്ജനും അവളെ ശ്രദ്ധിക്കാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ശ്രീലത ഇതു കേട്ട് കുറച്ച് പതറിപ്പോയെങ്കിലും പറഞ്ഞു.
“അതെ...അതെല്ലാം അവള്‍ക്കുള്ളതു തന്നെ നിരഞ്ജന്‍,അതെല്ലാം എപ്പോഴേ ഫിക്സെഡില്‍ കിടക്കുന്നു..”

ദിവ്യ നിരഞ്ജനെ സൂക്ഷിച്ചു നോക്കി.തന്റെ നിരഞ്ജന്‍ തന്നെയോ ഇത്..?അവനു മറ്റേതോ മുഖമാണെന്നു തോന്നി...... തന്നെ കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നിറഞ്ഞ സ്നേഹവുമായി നില്‍ക്കുന്ന മുഖമല്ല ഇത്.ഇതവന്‍ കടയിലെ ക്യാഷ് കൌണ്ടറില്‍ നിന്ന് പണമെണ്ണുമ്പോഴുള്ള മുഖം !!!!.. അതേ ഗൌരവം കണ്ണുകളില്‍ !!!.ഇല്ല ഈ നിരഞ്ജനെയല്ല രണ്ടുവര്‍ഷമായി താന്‍ നെഞ്ചിലേറ്റി നടന്നത്..ഇവന്റെ ഭാര്യയാകാനല്ല താന്‍ സ്വപ്നം കണ്ടു നടന്നത്.. എനിക്കു നിന്റെ സ്നേഹം മാത്രം മതിയെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ള നിരഞ്ജന്‍ എവിടെ പോയി..?

“നമുക്ക് പോകാം അമ്മേ..” ദിവ്യ പെട്ടെന്ന് പോകാനായി എഴുന്നേറ്റു..

“എന്തു പറ്റി..ഞങ്ങള്‍ സംസാരിച്ചു തീര്‍ന്നില്ലല്ലോ മോളേ..നിരഞ്ജന് അവന്റെ അച്ഛനോട് കാര്യങ്ങള്‍ പറയേണ്ടേ..?

“ എന്തു കാര്യങ്ങള്‍...?ഇവനല്ലമ്മേ ഞാന്‍ പറഞ്ഞ നിരഞ്ജന്‍ ...ഇത് വേറെയാരോ ആണ്..ഇവനെയല്ല ഞാന്‍ സ്നേഹിച്ചത്...

എന്തു പറ്റി നിനക്ക്..”ശ്രീലത ദിവ്യയുടെ ഭാവമാറ്റം കണ്ട് അമ്പരന്നു... .പിന്നെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയ മകളെ പിന്തുടര്‍ന്നു...

“ദിവ്യാ നില്‍ക്ക്...”നിരഞ്ജന്‍ പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു
ദിവ്യ അതു ശ്രദ്ധിക്കാതെ അമ്മയെകൂട്ടി തിരക്കിട്ടു പുറത്തേക്കു നടന്നു

16.2.09

തിരശ്ശീല മാറുമ്പോള്‍

തോമസ് കാര്‍ റോഡരികില് പാര്‍ക്ക് ചെയ്തിട്ട് സീറ്റില്‍ കിടന്നുറങ്ങുന്ന ആല്‍ബര്‍ട്ടിനെ വിളിച്ചുണര്‍ത്തി.അവന് ഉറ്ക്കച്ചടവ് വിടാതെ കണ്ണുതുറന്നു നോക്കി.പാവം ഉറക്കം തീര്‍ന്നിട്ടില്ല.നേഴ്സറിയില് നിന്നും അവനെ കൂടെകൂട്ടുകയയിരുന്നു.ഉറക്കം തീരാത്തതിനാല്‍ കുറച്ചു ബുദ്ധിമുട്ടിയാണ് അവനെ കാറില്‍ നിന്നും ഇറക്കിയത് .സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളു.കാര്‍ പാര്‍ക്കു ചെയ്തിടത്ത് ചെറുതായി പോക്കു വെയിലുണ്ട്.നടക്കാന്‍ തുടങ്ങിയപ്പോഴേ ആല്‍ബര്‍ട്ട് ഉറക്കം മാറാത്തതു കൊണ്ട് എടുക്കുവാനായി ശാഠ്യം കാണിച്ചു അവനെയുമെടുത്തു തോളിലിട്ട് കൊണ്ട് സിമിത്തേരിയിലേക്ക് നടന്നു.ടീനയുടെ കല്ലറ ഏകദേശം അങ്ങേയറ്റത്താണ്.കല്ലറകള്‍ക്കിടയിലൂട നടന്നപ്പോള്‍ മോന്റെ ഭാരം കാരണം തോള് വേദനിച്ചു.
“ഇനി മോന് നടക്ക് പപ്പാക്ക് തോള് വേദനിക്കുന്നടാ………..“എന്നു പറഞ്ഞ് അവനെ താഴെയിറക്കി
അവനെയും കൈ പിടിച്ച് നടക്കുമ്പോഴേ പെട്ടെന്നു സന്ധ്യയായി.അന്തരീക്ഷം ഇരുളുകയും ചെയ്തു…...നല്ല ഇരുട്ട്.ഇത്ര പെട്ടെന്ന്..ചുറ്റും ഒന്നും കാണാന് വയ്യാ.. എപ്പോഴോ മോന്റെ കൈയ്യിലുള്ള പിടുത്തം നഷ്ടപ്പെട്ടു പോയി..
“ആല്‍ബീ..” അവനെ ഉറക്കെ വിളിച്ചു
“പപ്പാ”..ദൂരെയെവിടെ നിന്നോ അവന്റെ ശബ്ദം കേട്ടു
അവന് വീണ്ടും വിളിക്കുന്നുണ്ട്, വളരെ ദൂരെ നിന്ന്...അവന് എങ്ങനെ ഇത്ര ദൂരെയായിപ്പോയി…..?ഇപ്പോള്‍ തന്റെ കൈ പിടിച്ചു നടന്നിരുന്നതല്ലേ..പരിഭ്രാന്തിയൊടെ വീണ്ടും വീണ്ടും തോമസ് അവനെ വിളിച്ചു കൊണ്ട് കല്ലറകള്‍ക്കിടയിലൂടെ പാഞ്ഞു…..എവിടെയൊക്കെയോ തട്ടി വീഴുകയും ചെയ്തു.
“ആല്‍ബീ” അയാള് സര്‍വ ശക്തിയുമെടുത്ത് വിളിച്ചു.. പക്ഷേ ശബ്ദം പുറത്തു വരാത്തപോലെ..അതോ ഏതോ വികൃതമായ ശബ്ദമായി പുറത്തു വന്നോ..?

പെട്ടെന്ന് തോമസ് ഞെട്ടി കണ്ണുതുറന്നു………..താന് കിടക്കയിലാണ്. .ആല്‍ബര്‍ട്ടിന്റെ മുറിയില്‍ വെളിച്ചമുണ്ട് സ്വപ്നമായിരുന്നോ അത്..?
ശബ്ദം കേട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുകയായിരുന്ന ആല്‍ബര്‍ട്ട് വന്നു നോക്കി യാതൊരു ഭാവഭേദവും കൂടാതെ തിരിച്ചു പോയി.
സ്വപ്നത്തില്‍ അവന്‍ ഒരു കൊച്ചു കുഞ്ഞായിരുന്നല്ലോ..തന്റെ തോളില്‍ തലചായ്ച്ചു കിടന്നിരുന്ന നേഴ്സറിക്കാരന്‍.പ്ലസ്- റ്റുവിന് പഠിക്കുന്ന അവന് കൊച്ചു കുട്ടിയായതെങ്ങിനെ…?തങ്ങള് പോയത് ടീനയുടെ കല്ലറക്കരികിലേക്കു തന്നെയാണ്.ടീന മരിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല.ബെഡ് ലൈറ്റിട്ട് സമയം എത്രയാണെന്നു നോക്കി .മണി പതിനൊന്നര കഴിഞ്ഞിട്ടേ ഉള്ളു.വല്ലാത്ത ദാഹം മേശപ്പുറത്തിരുന്ന ജഗ്ഗില് നിന്ന് വെള്ളം എടുത്ത് കുടിച്ച് ലൈറ്റ് അണച്ച് വീണ്ടും വന്നു കിടന്നു… സീലിങ്ങിലേക്ക് നോക്കി കിടക്കുമ്പോള് ഓര്‍ത്തു ആല്‍ബര്‍ട്ട് എത്ര മാറിപ്പോയി.ടീന മരിച്ചതില്‍പ്പിന്നെ അവന് തന്നോട് ശരിക്കു സംസാരിച്ചിട്ടുപോലുമില്ല ..സംസ്കാരം കഴിഞ്ഞ് തന്റെ മുറിയില് വന്ന് പരസ്പര ബന്ധമില്ലാതെന്തോ പുലമ്പിയതൊഴിച്ചാല്‍..
എന്തൊക്കെയാണ് അന്നവന്‍ പറഞ്ഞത്..താനാണ് മമ്മിയുടെ ആത്മഹത്യക്കു കാരണക്കാരന്‍ എന്നാണവന് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല.
പിന്നെ രണ്ടുദിവസം കഴിഞ്ഞ് ലീവ് ശരിയാക്കാന് വന്ന സഹപ്രവര്‍ത്തകന്‍ നൌഷാദിനോട് ആല്‍ബര്‍ട്ടിന്റെ പ്രശ്നം അവതരിപ്പിച്ചു.നൌഷാദ് സഹപ്രവര്‍ത്തകന്‍ എന്നതിലുപരി കുടുംബ സുഹൃത്തു കൂടിയാണ്.അടുത്ത ദിവസം ജാസ്മിനെക്കൂട്ടി വന്ന നൌഷാദ് ആല്‍ബര്‍ട്ടുമായി സംസാരിച്ചപ്പോഴാണ് അവന്റെ മനസ്സില് ചിലര്‍ വിതച്ച വിഷവിത്തിന്റെ കാഠിന്യം മനസ്സിലായത്.ടീനയുട സംസ്കാരദിവസം തന്റെ ഓഫീസിലെ രമണിയും സുമയും തമ്മില്‍ അടക്കം പറയുന്നത് അവന്‍ കേള്‍ക്കാന് ഇടയായത്രേ..
“തോമസിന്റെ കയ്യില്‍ നിന്നെന്തെങ്കിലും കുഴപ്പം വന്നു കാണും.അല്ലാതെ ടീനയെപ്പോലൊരു പെണ്ണിന് ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ“ എന്ന്..നാവിന് എല്ലില്ലാത്ത സഹ പ്രവര്‍ത്തകമാരുടെ ഉപകാരം ഒരു കൌമാര മനസ്സിനെ എത്ര തകര്‍ത്തു കളഞ്ഞു..നൌഷാദ് എത്ര മനസ്സിലാക്കുവാന് ശ്രമിച്ചിട്ടും ആല്‍ബര്‍ട്ട് അംഗീകരിക്കുവാന് കൂട്ടാക്കിയില്ല.അവന് തന്റെ ധാരണയില് നിന്നും അണുവിടപോലും മാറിയില്ല.

“പപ്പയുടെ കൂട്ടുകാരന്‍ പിന്നെ പപ്പയെ ന്യായീകരിക്കുവാനല്ലേശ്രമിക്കൂ…ഇനി വേണമെങ്കില്‍ വേറെ കല്യാണവും കഴിക്കാന്‍ പറ കൂട്ടുകാരനോട് ” അതായിരുന്നു അവന്റെ മറുപടി

ആല്‍ബിക്ക് എത്ര സ്നേഹമായിരുന്നു നൌഷാദിനോട്.ഇങ്ങനെ കയര്‍ത്തു സംസാരിക്കുന്നത് കേട്ട് നൌഷാദും വല്ലാതായി..

“സാരമില്ല തോമസ് എല്ലാം കലങ്ങിത്തെളിയും “എന്നു പറഞ്ഞാണ് അവര് യാത്രയായത്…
മൂന്നാഴ്ചത്തെ ലീവ് കഴിഞ്ഞു ജോലിക്കു പോകുമ്പോഴും ആല്‍ബര്‍ട്ടിന് വലിയ മാറ്റമില്ലായിരുന്നു.പഠിത്തത്തില്‍ അലംഭാവം കാണിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു ആശ്വാസം..

പിറ്റെ ദിവസം ഓഫീസില് വച്ച് കണ്ടപ്പോഴും നൌഷാദ് ആല്‍ബര്‍ട്ടിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു.എന്തു പറയാന്‍.? ദിവസം ചെല്ലുംതോരും അകല്‍ച്ച കൂടിവരുമ്പോള്..ടീന ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതു വരെയൊന്നും കണ്ടുപിടിക്കാനും പറ്റിയിട്ടും ഇല്ല.അവളുടെ ഓഫീസിലും അന്വേഷിച്ചിരുന്നു.ആര്‍ക്കും ഒന്നും പറയാനില്ല

ഒടുവില് നൌഷാദ് ചോദിച്ചു.
“തോമസ് ഞാന്‍ ആല്‍ബര്‍ട്ടിന്റെ സംശയം തീര്‍ത്തുകൊടുക്കട്ടെ.ടീനക്കെന്തു സംഭവിച്ചതെന്താണെന്നറിഞ്ഞാല്‍ ആല്‍ബിയുടെ തെറ്റിധരണ മാറുമല്ലോ.എനിക്കറിയാം ടീന മരിക്കാനുണ്ടായ കാരണം“

“എന്താ നൌഷാദ് നീയിപ്പറയുന്നത്..നിനക്കെങ്ങനെയറിയാം..?” അമ്പരപ്പോടയാണ് ചോദിച്ചത്
“ഇത്രയും ദിവസം എന്നെ മറച്ചു വെക്കാന് നിനക്കെങ്ങിനെ സാധിച്ചു..?

നൌഷാദ് പറഞ്ഞകേട്ട് തകര്‍ന്നു പോയി.

ടീന മരിക്കുന്ന അന്ന് ഒരു അവധി ദിവസമായിരുന്നു.തോമസും ആല്‍ബിയും പുറത്തെവിടെയോ പോയിരിക്കുകയക്കയായിരുന്നു.അന്ന് ഉച്ചകഴിഞ്ഞ് നൌഷാദും ജാസ്മിനും വീട്ടില് വന്നപ്പോഴ്.ടീന തനിച്ചായിരുന്നില്ല .വീട്ടില് കിടക്കമുറിയില് അവളുടെ ബോസ്സും ഉണ്ടായിരുന്നു.

“രക്ഷപ്പെടാനാവാത്ത കുരുക്കില് പെട്ടുപോയി…അയാള് എന്നെ ഒരു ട്രാപ്പില് പെടുത്തുകയായിരുന്നു” എന്നു പറഞ്ഞ് ടീന കരഞ്ഞു
“പരിഹാരം ഉണ്ടാക്കാം “എന്നു പറഞ്ഞാണ് നൌഷാദും ജാസ്മിനും പോയത്.പക്ഷേ അന്നു തന്നെ ടീന അതിനൊരു പരിഹാരം കണ്ടു.ജീവിതത്തില് നിന്ന് ഒളിച്ചോടിക്കൊണ്ട്…തരിച്ചിരുന്നു പോയി.കുറച്ചു നാളുകളായി അവള്‍ക്കെന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു…ഓഫീസില് കുറച്ച് ടെന്‍ഷന് ഉണ്ട് എന്നയിരുന്നു മറുപടി..പക്ഷേ..ഇത്…

“ഇതു സത്യമോ നൌഷാദ്..?” അറിയാതെ ചോദിച്ചുപോയി

.”തോമസ് നിന്നോട് ഇതൊരിക്കലും പറയണ്ട എന്നു വിചാരിച്ചിരിക്കുകയായിരുന്നു.പക്ഷേ ആല്‍ബര്‍ട്ട്…അവനെ നമുക്ക് വീണ്ടെടുക്കണ്ടേ..?”മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.എങ്കിലും പറഞ്ഞു

“വേണ്ട നൌഷാദ്..അവന്റെ മമ്മിയെപ്പറ്റി നല്ലൊരു ചിത്രം അവന്റെ മനസ്സിലുണ്ട് .അതിന് ഇനി മങ്ങലേല്‍പ്പിക്കണ്ട്”

“ഇല്ല തോമസ് ഇത് പറയാതിരുന്നാല് ശരിയാവില്ല” നൌഷാദ് സമ്മതിച്ചില്ല

തകര്‍ന്ന മസസ്സുമായാണ് വീട്ടിലേക്ക് പോയത്.
ടീനയുടെ മരണമണോ അതോ ഈ പുതിയ വാര്‍ത്തയണോ തന്നെ കൂടുതല് തര്‍ത്തത്..?

വീട്ടില് ചെന്നു കയറിയപ്പോള് ആല്‍ബി വീട്ടില് ഉണ്ട്.ടീനയുടെ പെട്ടി വലിച്ചു വാരിയിട്ട് പരിശോധിക്കുകയാണ് അവന്.നൌഷാദ് അവനെ വിളിച്ച്, കാര്യങ്ങള്‍ അറിയിച്ചെന്നു പെട്ടെന്ന് മനസ്സിലായി.അങ്ങോട്ടു നോക്കാനേ പോയില്ല.അല്ലെങ്കിലും ഈയിടെ താന്‍ ഓഫീസില് നിന്നു വരുന്നതൊന്നും അവന് ശ്രധിക്കാറെ ഇല്ല.

ഡ്രെസ്സ് മാറിക്കൊണ്ടിരിക്കുമ്പോള്“പപ്പാ” എന്ന അവന്റെ വിളികേട്ടാണ് അവനടുത്തേക്ക് ചെന്നത്..എത്ര നാള്‍കൂടിയാണ് അവനങ്ങനെയൊന്നു വിളിക്കുന്നത്…ടീനയുടെ ഒരു ഡയറി കയ്യില് പിടിച്ച് ചോദ്യഭാവത്തില് നോക്കുന്നുണ്ട്..ചുണ്ടുകള് വിതുമ്പുന്നു…

ഒന്നും പറയാതെ തന്റെ തോളിലേക്ക് ചാഞ്ഞ് അവന്‍ തേങ്ങിക്കൊണ്ടിരുന്നു..കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലെ മൂന്നു വയസ്സുകാരനെപ്പോലെ…

30.1.09

മഞ്ഞുരുകുമ്പോള്‍....

നിങ്ങള് വിചാരിക്കുന്നത്ര പ്രശ്നമൊന്നും ഉണ്ടാകുവാനേ പോകുന്നില്ല ധൈര്യമായിരിക്ക്..മോഹന്‍ സൂസനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു.പക്ഷേ സൂസന്‍ സന്ദേഹത്തോടെ മോഹനെ നോക്കിക്കൊണ്ടിരുന്നു. മോഹന്‍ ജോര്ജിന്റെ പ്രിയ സുഹൃത്താണ്. നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റും.

ഏകദേശം പതിമൂന്നു വര്ഷങ്ങള്ക്കു മുന്പ് മോഹന്റെ അടുത്ത് ജോര്ജിന് സൂസനെ ചികിത്സക്കു കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്..കടുത്ത വിഷാദ രോഗിയായിരുന്നു..സൂസന്‍ അപ്പോള്…കുറച്ചു നാള് കൌണ്സിലിങ്ങും മറ്റുമായി കഴിഞ്ഞു.പക്ഷേ കാര്യമായ ഫലം കണ്ടില്ല.ഒടുവില് മോഹന്‍ തന്നെയാണ് പ്രതിവിധി പറഞ്ഞു തന്നത്.
“എങ്കില്‍പ്പിന്നെ ദത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടെ ജോര്ജ്..?”
“ചിന്തിക്കാതിരുന്നിട്ടല്ല..സൂസനോട് എങ്ങനെ പറയും എന്നോര്ത്തിട്ടാണഎന്തു സജ്ജഷന് പറഞ്ഞാലും എന്റെ കുഴപ്പമല്ലെ എന്നു പറഞ്ഞു രണ്ടു മൂന്നു ദിവസം കരഞ്ഞു കൊണ്ടു നടക്കും.പിന്നെ വല്ലാത്ത മ്ലാനതയായിരിക്കും കുറച്ചു ദിവസത്തേക്ക്”

ഒടുവില് മോഹന്‍ തന്നെ കാര്യം അവളുടെ മുന്നില്‍ അവതരിപ്പിച്ചു.

ആദ്യമായി മണിക്കുട്ടിയെ കാണാന്‍ പോയദിവസം ഇന്നും മനസ്സിലുണ്ട്..നാലു മാസം പ്രായംആയിരുന്നു അവള്‍ക്കപ്പോള്‍ .സൂസന്‍ ചുമ്മാ ഒന്നു കൈ നീട്ടിയതേയുള്ളു,മണിക്കുട്ടി കുതിച്ചു ചാടി അവളുടെ ഒക്കത്തേക്കു ചെന്നു.അന്ന് അവിടെ നിന്നു തിരിച്ചു പോരുവാന്‍ പോലും മനസ്സുണ്ടായിരുന്നില്ല സൂസന്. നിയമ നടപടികള്‍ ശരിയാക്കി മോളെ കയ്യില് കിട്ടുമ്പോഴെക്കും സ്ഥലം മാറ്റവും ശരിപ്പെടുത്തിയെടുത്തിരുന്നു.

വര്ഷങ്ങളെത്ര കഴിഞ്ഞു .ഒരു കുഴപ്പവും ഇല്ലാതിരുന്ന സൂസന്‍ ദാ ഇപ്പോള് വീണ്ടും മോഹന്റെ രോഗിയായി വന്നിരിക്കുന്നു.എന്തെല്ലാം നുണ പറഞ്ഞിട്ടാണ് മണിക്കുട്ടിയെ ഈ യാത്രയില് നിന്നും ഒഴിവാക്കിയത്.മോഹനങ്കിളിന്റെ വീട്ടിലേക്കാണെന്നറിഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല.കൂടെ പോരണം എന്ന് പറഞ്ഞ് വാശിപിടിക്കും.അമ്മക്ക് എന്തൊ സുഖമില്ലായ്കയുണ്ടെന്നു അവള്ക്കും തോന്നിയിരുന്നു.
ഒരു ദിവസം മണിക്കുട്ടി വന്നു ചോദിച്ചു
“പപ്പാ ഈ അമ്മക്ക് എന്താ പറ്റിയത്..എന്നോട് ചോദികുവാ…നീ എന്നെ വിട്ടു പോകുമോ എന്ന്…? നല്ല തമാശ അല്ലേ എന്നെ പന്ത്രണ്ട് വയസ്സില് കല്യാണം കഴിപ്പിച്ചു വിടാന്‍ പോകുകയാണോ പപ്പാ..?”
അവളങ്ങനെയാണ് ഒരു പതിനെട്ടുകാരിയുടെ പക്വതയാണ് വാക്കിലും പ്രവൃത്തിയിലും

നെഞ്ചില് ഒരു വെള്ളിടി വെട്ടിയതാണ് തോന്നിയത്.ഭാവഭേദം കാണിക്കാതെ പറഞ്ഞു.
“മോളെ ,അമ്മ നിന്നെ കളിപ്പിക്കാന്‍ പറഞ്ഞതായിരിക്കും“

മണിക്കുട്ടിയെ കയ്യില്‍ തരുമ്പോഴുള്ള നിബന്ധനകളില് ഒന്നായിരുന്നു,കുട്ടിയെ അഞ്ചു വയസ്സിനുള്ളില്‍ സാവധാനം അറിയിച്ചിരിക്കണം തങ്ങളല്ലാ അവളുടെ അച്ഛനും അമ്മയും എന്ന്.

അവള്‍ നാലുവയസ്സും അഞ്ചു വയസ്സും എല്ലാം കടക്കുമ്പോഴും സൂസനെ അതോര്‍പ്പിച്ചു കൊണ്ടിരുന്നതുമാണ്.

“എനിക്കു വയ്യ ……എങ്ങനെ എന്റെ മോളോട് ഇതു പറയും“ എന്നു പറഞ്ഞ് സൂസന്‍ വിലപിക്കാന്‍ തുടങ്ങും.അങ്ങനെ മണിക്കുട്ടിയുടെ പിറന്നാളുകള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.പന്ത്രണ്ടാം പിറന്നാള് കഴിഞതിന്റെ പിറ്റേദിവസം താന്‍ കര്‍ശന നിലപാടെടുത്തതാണ് സൂസനെ പെട്ടെന്നു താളം തെറ്റിച്ചത്.

മോഹനെ കണ്ടതിനു ശേഷം അവള്ക്ക് കുറച്ചൊരു ആശ്വാസം ഉണ്ടെന്നു തോന്നി.തിരിച്ചു വീട്ടില് വന്നു കയറിയപ്പോള് മണിക്കുട്ടി റ്റ്യൂഷന്‍ കഴിഞ്ഞു വന്ന് പപ്പയേയും അമ്മയെയും കാത്ത് ബാല്ക്കണിയിലെ കസേരയിലിരിപ്പുണ്ട്
“എന്തു പറഞ്ഞു..ഡോക്ടറെ കണ്ടോ…?”

മണിക്കുട്ടിയുടെ ചോദ്യം കേട്ടപ്പോഴേ സൂസന്റെ ഭാവം വീണ്ടും മാറി കണ്ണുനീര്‍ തുടച്ചു കൊണ്ട് മുറിയിലേക്കു പോകുന്ന സൂസനെ അവളാദ്യം കാണുന്ന പോലെ നോക്കി..

“പപ്പാ…?”മണിക്കുട്ടി ചോദ്യ ഭാവത്തില് വിളിച്ചു..അമ്മക്കെന്താ കുഴപ്പം..? ഒരു ഡിപ്രഷന്‍ പോലെ…?”

“പറയാം, മോളു വാ…”

അവളെയും കൊണ്ട് പതുക്കെ തൊടിയിലേക്കു നടന്നു.“.നമുക്കിവിടെ കുറച്ചു നേരം ഇരുന്നാലോ മോളേ…?”
ചാമ്പ മരത്തിന്റെ അടുത്തെത്തിയപ്പോള് ചോദിച്ചു

“വാ ..പപ്പാ “അവളവിടെ ഇരുന്നു കഴിഞ്ഞു

അവിടെ വച്ച് അവളോട് മനസ്സു തുറന്നു…പതിമൂന്നു വര്‍ഷം മുന്പ് അമ്മ വിഷാദ രോഗിയായ കഥ..അതിന് മോഹനങ്കിളിന്റെ അടുത്ത് അമ്മയെ ചികിത്സിച്ച കഥ…പന്ത്രണ്ട് കൊല്ലം മുന്പ് കയ്യിലേക്കുവന്ന നാലു മാസം പ്രായമായ നിധിയുടെ കഥ…

മണിക്കുട്ടി ആദ്യം എല്ലാം ഒരു കഥ കേല്ക്കുന്ന കൌതുകത്തോടെ കേട്ടു കൊണ്ടിരുന...പിന്നെപ്പിന്നെ ഒരു പകപ്പ് അവളുടെ മുഖത്തു കാണായി . അവസാനമുണ്ടാകാന്‍ പോകുന്ന പ്രതികരണം ഓര്‍ത്ത് കഥ മുഴുമിപ്പിക്കുവാന്‍ നന്നേ ബുധിമുട്ടി…

കഴിഞ്ഞു..എല്ലാം പറഞ്ഞു കഴിഞ്ഞു …ഇനി എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കാന്‍ ധൈര്യം ഇല്ലാ…
ഒരു നിമിഷം..മണിക്കുട്ടി മൌനമായി നിന്നു…പെട്ടെന്ന് ഒന്നും പറയാതെ വീട്ടിലേക്കോടി…
ഇനിയെങ്ങനെ അവളെ അഭിമുഖീകരിക്കും….അവളുടെ പ്രതികരണം എന്തായിരിക്കും…?

കനത്ത കാല്‍ വെയ്പ്പുകളോടെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ സൂസന്‍ കിടക്കുന്ന മുറിയില്‍ നിന്നും മണിക്കുട്ടിയുടെ തേങ്ങല് കേട്ടു…

“ എന്തിനാ അമ്മേ എന്നോടിക്കാര്യം പറയാന് എന്റെ അമ്മ ഇത്രയും വിഷമിച്ചത്….മണിക്കുട്ടി കുട്ടിയായിരിക്കുംപ്പോഴേ അങ്ങു പറയായിരുന്നില്ലേ…ഒരിക്കല് തനിച്ചിരുന്നു വിഷമിച്ച അമ്മക്ക് ഒരു മാലാഖ കൊണ്ടുത്തന്നതാണ് എന്നെ എന്ന്....എന്റെ അമ്മക്കുട്ടി ഇത്രയും വര്ഷം ഇതും മനസ്സില് വെച്ച് വിഷമിച്ചു നടക്കുകയായിരുന്നല്ലോ…”

സാവധാനം നടന്നടുക്കുമ്പോള് കണ്ടു........ പന്ത്രണ്ടു വര്ഷത്തെ മഞ്ഞുരുകുന്ന കാഴ്ച….മണിക്കുട്ടിയുടെ മടിയില്‍ കൊച്ചു കുട്ടിയെപ്പോലെ കിടക്കുന്ന സൂസന്‍…അവളെ ആശ്വസിപ്പിക്കുന്ന മണിക്കുട്ടി…പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള തങ്ങളുടെ…സ്വന്തം മണിക്കുട്ടി…

17.1.09

വനജക്ക്


വനജ എന്റെ പ്രൈമറി സ്കൂള്‍ കാലത്തെ പ്രിയകൂട്ടുകാരിയായിരുന്നു.എന്തുകൊണ്ടൊ ഈയിടെ അവള് മനസ്സിലേക്കുവരുന്നു.ഒരിക്കല്‍ .അവളുടെ കൂടെ കായലു കാണാന്‍ പോയ കാര്യം ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും.കായല്‍ക്കരയിലാണ്‍ അവളുടെ വീട്..

വനജ അവളുടെ അച്ചന്‍ മീന്‍ പിടിക്കാന്‍ പോകുന്ന കാര്യമൊക്കെ എന്നോട് പറയും.മണ്ണെണ്ണ വിളക്കുമായി വലക്കു പോകുന്ന വീശേഷങ്ങള്‍,മീന്‍ പിടിച്ചുവരുന്ന അച്ചനെ കാത്ത് കരയില്‍ അവരു നില്‍ക്കുന്നത്…ഞാന്‍ ആരാധനയോടെ ഈ കഥകളെല്ലാം ‍ കേട്ടിരിക്കും.കായല്‍ കരയിലുള്ള അവളുടെ വീടുകാണുവാ‍ന്‍ എനിക്ക് കൊതിയായി.പക്ഷേ എങ്ങനെ പോകും.വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ല എന്നുറപ്പാണ്‍.പക്ഷേ എനിക്ക് പോയേ പറ്റൂ.അവളുതന്നെ അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു. ഓണപരീക്ഷ അടുത്ത സമയം.ഉച്ച കഴിഞ്ഞാണ്‍ ഞങ്ങള്‍ക്കു പരീക്ഷ..പരീക്ഷ വേഗം എഴുതിയിട്ട് കായലു കാണാന്‍ പോകാം

വനജയുടെ വീട്ടിലേക്കുള്ള വഴി എന്റെ വീടിന്റെ ഒരു വശത്തുള്ള ഒരു ഊടുവഴിയിലൂടെ പടിഞ്ഞറന്‍ ദിശയില്‍ ‍.ഒരു മുക്കാല്‍ മണിക്കൂറ് നടക്കണം വീടിന്റെ വശത്ത് മതിലുണ്ട് .പക്ഷേ പൊക്കമില്ല‍.അവിടെക്കൂടെ പോ കുമ്പോള്‍ ഞാന്‍ പിടിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.

അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞ് ഞാനും വനജയും കൂട്ടുകാരികളും കൂടി പതുങ്ങി പതുങ്ങി എന്റെ വീടും കടന്ന് വനജയുടെ വീട്ടിലേക്ക് യാത്രയായി.വനജ മാത്രമല്ല വേറെയും കുട്ടികളുണ്ട് കായലിനടുത്തു താമസിക്കുന്നവര്‍.കുറെ നടന്നാപ്പോള്‍ കായലു കാണാറായി.വിസ്തൃതമായ കായല്‍…അങ്ങു ദൂരെ തെങ്ങിന്‍ കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറുകര..കായലില്‍ അങ്ങിങ്ങു ചീനവലകള്‍..കായല്‍ക്കരയില്‍ കൊച്ചു കൊച്ച് വീടുകള്‍.കരയില്‍ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങള്‍..ഞാന്‍ ആ അത്ഭുതലോകം കണ്ട്കൊണ്ടിരുന്നു..അവിടെയുള്ള കുറെ വീടുകളിലേക്കു ചൂണ്ടി വനജ പറഞ്ഞു

‘ ഈ കാണുന്നത് എന്റെ വീട്,അതു കുമാരിയുടേത്,അതിനപ്പുറത്ത് വത്സയുടേത്”

അപ്പോഴാണ്‍ അവളുടെ അമ്മ വരുന്നത്.എന്നെ കണ്ടപ്പോഴേക്കും അവര്‍ അന്തം വിട്ടു,,

“,ഈ കൊച്ച് എങ്ങനെ ഇവിടെ വന്നടീ വനജേ” എന്നായി

എന്റെ കൂടെ വന്നതാമ്മേ കായലു കാണാന്‍”

മോളു വീട്ടില്‍ പറഞ്ഞിട്ടാണോ വന്നത്” അവരെന്നോടു ചോദിച്ചു

“അ….ല്ല” ഞാന്‍ വിക്കിവിക്കി പറഞ്ഞു

‘വേഗം ഇതിനെ വീട്ടില്‍ കൊണ്ടുവിടടീ..ഇത്രയും ദൂരെ വീട്ടില്‍ പറയാതെ കൊണ്ടുവന്നിരിക്കുന്നോ..അതിന്റെ വീട്ടുകാരറിഞ്ഞാല്‍ ഞാന്‍ പഴികേള്‍ക്കേണ്ടിവരും.“

“വേഗം പൊക്കോ മോളേ” അവര്‍എന്നെ നോക്കി പറഞ്ഞു

.അങ്ങനെ ഞങ്ങള്‍ തിരികെ പോകുവാന്‍ തുടങ്ങി.പോരാന്‍ നേരം ഞാന്‍ വനജയോടു പറഞ്ഞു “അമ്മയോടു ഒന്നു പറ വനജേ വീട്ടില്‍ വരുമ്പോള്‍ ഇക്കാര്യം പറയരുതെന്ന്”(അവളുടെ അമ്മ എന്റെ വീട്ടിലെ സ്ഥിരമ്മായി വരുന്ന മീന്‍ കച്ചവടക്കാരിയാണ്‍)

അതെല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം നീ പേടിക്കേണ്ട എന്ന വനജ.

പക്ഷേതിരിച്ചു പോരുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു. ഞാന്‍ വനജയുടെ കൂടെ പടിഞ്ഞറുനിന്ന് വരുന്നത് എന്റെ ചേച്ചി കണ്ടു പിടിച്ചു

“എവിടെപ്പോയതാടി അവള്‍ടെ കൂടെ?” ചേച്ചിയുടെ ചോദ്യം..

ഇതു കേട്ടതോടെ വനജ ഒരു ഒറ്റ ഓട്ടം

.ഞാന്‍ പതുക്കെ പറഞ്ഞു

“വനജയുടെ വീട്ടില്‍”

“ആ..ഹാ..അത്രക്കയോ ആരോടുചോദിച്ചിട്ടാ നീപോയത്?“

ഞാന്‍ ഉടനെ എന്റെ സാധാരണ അടവെടുത്തു…ഒറ്റക്കരച്ചില്‍.അതോടെ ചേച്ചി അലിഞ്ഞു.

നാലാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഹൈസ്കൂളിലീക്കു മാറി .വനജയു ഞാനും വേറെ,വേറെ ക്ലാസ്സുകളിലായി…എങ്കിലും ഞങ്ങള്‍ ഇടക്കൊക്കെ കാണുമായിരുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ്‍ ആ സംഭവം കുട്ടികള്‍ പറഞ്ഞ് അറിഞ്ഞത്.വനജ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി..സാമാന്യം പഠിക്കുമായിരുന്ന വനജയുടെ പഠിത്തം അതോടെ തീര്‍ന്നു

പിന്നെ ഞാന്‍ കുറച്ചു വര്‍ഷങ്ങളോളം ശേഷം അവളെ കണ്ടതേയില്ലാ.

ഞാന്‍ പ്രീ-ഡിഗ്രിക്കു മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയം.ഒരുച്ചകഴിഞ്ഞ് രണ്ടര മണികഴിഞ്ഞു കാണും .ഞാന്‍ ഉച്ച ഭക്ഷണം ഒന്നും കഴിക്കാതെ വെയിലത്ത് ദാഹിച്ച്,വിശന്ന് ബസ്സിറങ്ങി വീട്ടിലേക്കു വരികയാണ്‍.വീടിന്റെ ഉമ്മറത്ത് അമ്മ ഏതോ മീന്‍കാരിയോടെ മീന്‍ വാങ്ങി പൈസ കൊടുക്കുന്നു.ഞാന്‍ നടന്നു നടന്നു വീടിന്റെ നടവരെ എത്തി. മീന്‍ കാരി തിരിഞ്ഞു നടന്നപ്പോഴാണ്‍ ഞാന്‍ ആ മുഖം കണ്ടത്…വനജ…

“വനജേ…നീ“…

അവള്‍ എന്നെ ദയനീയമായി നോക്കി.

.

ഞാന്‍ അവളെ അടിമുടി നോക്കി ഒരു പട്ടിണിക്കോലം.മുണ്ടും ബ്ലൌസുമാണ്‍ വേഷം...ആ ഭംഗിയുള്ള വലിയ രണ്ടു കണ്ണുകള്‍ തളര്‍ന്ന് തൂങ്ങിയിരിക്കുന്നു.

‘ജീവിക്കണ്ടെ റോസിലി” …രണ്ടു വയസ്സുള്ള ഒരു മകനുണ്ടെനിക്ക് “അവള്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു

എന്റെ വിശപ്പും ദാഹവും എല്ലാം ഞാന്‍ മറന്നു..എനിക്ക് എന്തു പറയണം എന്നറിഞ്ഞു കൂടാ…

ഒരു നിമിഷം ഞാന്‍ അങ്ങനെ നിന്നു,,, പെട്ടെന്ന്‍ ബാഗ് നിലത്തു വെച്ചിട്ട് ഞാന്‍ പറഞ്ഞു.

വനജേ നീ നില്‍ക്ക്.നിനക്കു ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കാം

“വേണ്ടാ റോസിലി ഇനിയും കുറച്ചു കൂടി മീന്‍ ബാക്കിയുയുണ്ട് സമയം വൈകിയാല്‍ അത് മോശമാകും”എന്നു പറഞ്ഞ് അവള്‍ തിളക്കുന്ന വെയിലേക്ക് ഇറങ്ങി… പോകുമ്പോള്‍ അവളു ചോദിച്ചു

“റോസിലി ഇപ്പോള്‍ എവിടെയാ പഠിക്കുന്നത്”

“മഹാരാജാസില്‍” ഞാന്‍ മറുപടി പറഞ്ഞു.അവള്‍ അത് ശ്രധിച്ചില്ലെന്നു തോന്നി

എന്റെ ഭാവഭേദം മനസ്സിലാക്കാതെ അമ്മ പറഞ്ഞു. അവളാ എന്നും ഇവിടെ മീന്‍ കൊണ്ടു വരുന്നത്..നീ കോളേജില്‍ പോകുന്ന സമയത്തു വരുന്നകൊണ്ടല്ലേ നീ കാണാത്തേ...ഇന്നു കുറച്ചു വൈകി അതാ നീ കണ്ടത്.“

വനജ ഗേറ്റു കടന്നു പോയപ്പോള് ഒന്നു തിരിഞ്ഞു നോക്കി.ഞാന്‍ നടയില്‍ തന്നെ നില്‍ക്കുകയാണ്‍

പിന്നെ ഞാന്‍ അവള്‍ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍.

പ്രവാസ ജീവിതിതത്തിനിടയില്‍ ഇടക്കെപ്പോഴോ നാട്ടില്‍ വന്നപ്പോഴ് ,ഒരിക്കല്‍ ഞാന്‍ എന്റെ മക്കളുമായി എര്‍ണാകുളത്ത് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.. അപ്പോള്‍ കലപില്‍ സംസാരിക്കുന്ന കുറേ സ്ത്രീളുടെ കൂട്ടത്തില്‍ ഒരു പരിചയമുള്ള ശബ്ദം.ഞാന്‍ പെട്ടെന്നു തിരിഞ്ഞു നോക്കി..അത് അവളുതന്നെ…വനജ.

പണ്ടു കണ്ട ദയനീയ ഭാവം ഒന്നും ഇല്ല…കുറെ അരയത്തികളുടെ കൂടെ സംസാരിച്ചു നില്‍ക്കയാണ്‍.

ഞാന്‍ പതുക്കെ അവളുടെ തോളില്‍ പിടിച്ചിട്ട് വിളിച്ചു..വനജേ….

ആദ്യം അവള്‍ക്കെന്നെ മനസ്സിലായില്ല.പെട്ടെന്ന്..അയ്യോ…റോസിലിയോ എന്ന് അതിശയത്തോടെ ചോദിച്ചു

ഞാന്‍ അവളോട് വിശേഷങ്ങളാരാഞ്ഞു

“നിന്റെ മോന്‍ എന്തു ചെയ്യുന്നു?“

“ഡിഗ്രിക്ക്…മഹരാജാസില്‍ പഠിക്കുന്നു..” അവള്‍ അഭിമാനത്തോടെ പറഞ്ഞു.“ഡിഗ്രിക്കോ….”? ഞാന്‍ അതിശയിച്ചു. എന്റെ മക്കള്‍ അപ്പോള്‍ പ്രൈമറി ക്ലാസ്സുകളിലാണ്‍.‍….പിന്നെയാണ്‍ ഓര്‍ത്തത് അവള്‍ പതിനഞ്ചു വയസ്സില്‍ അമ്മയായതാണല്ലോ എന്ന്

“എന്താ മെയിന്‍”? ഞാ ന്‍ ചോദിച്ചു

‘ഫിസിക്ക്സ്”

ഞാനും വനജയും തമ്മിലുള്ള സംസാരം ശ്രധിച്ചിരുന്ന എന്റെ മോന്‍ എന്നോട് ചോദിച്ചു

“ആരാ, അമ്മേ ഇത്?”

“ഇത് എന്റെ കൂട്ടുകാരി”

“അമ്മയുടെ ഫ്രെണ്ടോ..?” അവന്‍ അതിശയം

അതു കേട്ട് വനജ ചിരിച്ചു കൊണ്ടു പറഞ്ഞു

“കണ്ടൊ റോസിലി നമ്മള്‍ കൂട്ടുകാരായിരുന്നെന്ന് മോനു വിശ്വസിക്കാന്‍ പറ്റുന്നില്ല”

അവള്‍ മീന്‍ ഹോള്‍ സെയിലുകാരുടെ കയ്യില്‍ നിന്നും വാങ്ങി എറണാകുളത്ത്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ പോകുകയാണ്‍.

എനിക്കിറങ്ങാറായി റോസിലീ എന്നു പറഞ്ഞ് കലൂരായപ്പോള്‍, എന്റെ മകന്റെ കവിളില്‍ തോണ്ടിയിട്ട്,വനജ എന്ന അരയത്തി ധൃതിയില്‍ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി