22.10.09

ഒറ്റക്കയ്യന്‍ അറുകൊല

അന്ന് ഏഴു ബി യിലെ പെണ്‍കുട്ടികളാരും ഉച്ചയൂണ് കഴിഞ്ഞ് കൊത്തങ്കല്ലു കളിക്കാന്‍ ക്ലാസു വിട്ടു പോയില്ല. എല്ലാവരും അനിത കുമാരിയുടെ ചുറ്റും കൂടി നിന്നു. ഉച്ചയൂണിനു വീട്ടില്‍ പോയപ്പോഴാണ് അവള്‍ ആ വാര്‍ത്തയറിഞ്ഞത്. തൈപ്പറമ്പിലെ ദാസപ്പന്‍ ചേട്ടന്‍ ചെത്തു കഴിഞ്ഞ് ഷാപ്പില്‍ കള്ളു കൊടുത്തു മടങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു മനക്കപ്പറമ്പിലെ തൊടലിമുള്ളു കാട്ടില്‍ ഒറ്റക്കയ്യന്‍ അറുകൊല !!!!!!
“ആ കള്ളുമാട്ടം ഇങ്ങു താടാ……“ അറുകൊല അലറി.
ദാസപ്പന്‍ ചേട്ടന് അറുകൊലയോട് മാട്ടം കാലിയാണെന്ന് പറയാന്‍ പേടി. പുള്ളി തോളില്‍ നിന്നും മാട്ടം ഊരി അതിലൊന്നുമില്ലെന്ന് കമഴ്ത്തിക്കാണിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ ഒട്ടം. ഏഴു ബി യിലെ പെണ് കൂട്ടം കണ്ടിട്ട് തൊട്ടടുത്ത ഏഴു എ ക്കാരികളും കഥ കേള്‍ക്കാന്‍ അവിടെ കൂടി. അനിതകുമാരിയുടെ വിവരണം തിര്‍ന്നപ്പോള്‍ എല്ലാവരും അവരവര്‍ക്കറിയാവുന്ന പോലെ അറുകൊലയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“ഇന്നളൊരിക്കല്‍ നട്ടുച്ചക്ക് എന്റെ ശേരന്‍കൊച്ചച്ചന്‍ കണ്ടതാ ആ അറുകൊലയെ. നട്ടുച്ചക്ക് ആളില്ലാത്തിടത്താണ് ഇതിന്റെ സഞ്ചാരം. മനക്കപ്പറിമ്പിന്റെ പരിസരത്തെപ്പോഴും കാണും അത്”. രജനി അവളുടെ അറിവു വെളിപ്പെടുത്തിപ്പെടുത്തി.

“ചിലപ്പോള്‍ ഈ അറുകൊല വേഷം മാറി നടക്കും. മനുഷ്യന്റെ വേഷത്തില്‍. ആളു ചത്തുകഴിയുമ്പോഴേ മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലാവൂ. എന്റെ പൂത്തോട്ടയിലെ സുലോക്കുഞ്ഞമ്മ പറഞ്ഞിട്ടുണ്ട്.“
ഏഴു എയിലെ ഷര്‍മ്മിള പറഞ്ഞു.
“അതെന്താടീ..ഈ അറുകൊലക്ക് ഒറ്റ കൈ..?” എനിക്കു സംശയമായി

“ആ..അതങ്ങനെയാ..ഇതുങ്ങളു ചിലതു ഒറ്റക്കണ്ണന്മാരായിരിക്കും. ചിലവ ഞൊണ്ടിക്കാലന്മാര്. നിങ്ങളു മാപ്പളെച്ചികള്‍ക്ക് എന്തറിയാം..?” രാജി എന്നെ കളിയാക്കി.

“നിന്നോടു ചോദിച്ചില്ലല്ലോ..“ഞാന് ദേഷ്യപ്പെട്ടു. രാജിക്കല്ലെങ്കിലും എപ്പോഴും മാപ്ലേച്ചി എന്നു വിളിച്ച് എന്നെ കളിയാക്കണം.

“ശരിയാ…എന്റെ ചോറ്റാനിക്കരയിലുള്ള വസുമതി അമ്മായി പറഞ്ഞിട്ടുണ്ട് അവരുടെ നാട്ടില് ഒരു ഒറ്റക്കണ്ണന്‍ അറുകൊല ഉണ്ടെന്ന്.” സുലേഖ പറഞ്ഞു
“ചോറ്റാനിക്കരയിലാണേങ്കി പിന്നെന്താ പ്രശ്നം..? അങ്ങു തറച്ചാല്‍ പോരെ...?“ രാജി നിസ്സര മട്ടില്‍ ചോദിച്ചു
“അതിന് ആരുടെയെങ്കിലും മേല് കൂടണ്ടേ… എന്നാലല്ലേ തറക്കാന്‍ പറ്റുകയുള്ളു.ചുമ്മാ നടക്കുന്നതുങ്ങളെ പിടിക്കാന്‍ ഇച്ചിരി പടാ എന്റെ മോളേ…..“ സുലേഖ രാജിയെ ഒന്നിരുത്തി.

സ്കൂളില്‍ ഒന്നാം മണിയടിച്ചു. പിന്നെ രണ്ടാം മണിയും. പെണ്‍കുട്ടികള്‍ പിരിഞ്ഞുപോകാതെ അറുകൊലക്കഥകള്‍ പങ്കു വെച്ചുകൊണ്ടിരുന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ദിനേശന്‍ സാറു വരുന്നതു കണ്ടപ്പോള്‍ എ കാര്‍ എല്ലാവരും അവരുടെ ക്ലാസ്സിലോക്കോടി.അവരെ അവരുടെ കണക്കു പഠിപ്പിക്കുന്ന സാവിത്രി ടീച്ചര്‍ പുറത്തു നിര്‍ത്തി ശകാരിക്കുന്നത് ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു.

ദിനേശന്‍ സാര്‍ യൂഫ്രട്ടീസ്- റ്റൈഗ്രീസ് നദീതട സംസ്കാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ “കള്ളുമ്മാട്ടം ഇങ്ങു താടാ” എന്നലറുന്ന ഒറ്റക്കയ്യന്‍ അറുകൊലയായിരുന്നു.

“കള്ളു കൊടുക്കാഞ്ഞതിന് അറുകൊലക്ക് ദാസപ്പന്‍ ചേട്ടനോട് കലികാണുമോ അനിതേ…?“ ഞാന്‍ അനിതകുമാരിയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
“കാണും..“ അവള്‍ ഉറപ്പിച്ചു പറഞ്ഞു.
“അയാളുടെ കയ്യില്‍ കള്ളില്ലെങ്കില്‍ പിന്നെങ്ങനെ കൊടുക്കും..”ഞാന്‍ ദാസപ്പന്‍ ചേട്ടനെ പിന്താങ്ങിക്കൊണ്ടു ചോദിച്ചു.

“അതു വല്ലതു അറുകൊലക്കറിയണോ…ഇതു പോലുള്ള സാധനങ്ങള്‍ എന്തെങ്കിലും മനസ്സില്‍ വിചാരിച്ചാല്‍ അതു നടത്തിയിരിക്കും. ദാസപ്പന്‍ ചേട്ടനോട് അറുകൊലക്ക് വിരോധം തുടങ്ങിയിട്ടുണ്ട്. എപ്പോഴെങ്കിലും അയാളെ അറുകൊല പിടിക്കും.“
അനിത രഹസ്യമായി എന്റെ ചെവിയില്‍ ഒരു പ്രവചനം നടത്തി.

“അതിനു ദാസപ്പന്‍ ചേട്ടന്‍ ഇനി മനക്കപ്പറമ്പ് വഴി പോകാതിരുന്നാല്‍ പോരെ…?” ഞാന് ചോദിച്ചു
“നിന്റെ ഒരു കാര്യം… അറുകൊലക്കാണോ വഴി മാറി നടന്നാലും ഒരാളെ പിടിക്കാന്‍ പ്രയാസം“ അനിത ചോദിച്ചു.

ഞാനും അനിതയും ക്ലാസ്സില്‍ ശ്രധിക്കാതെ സംസാരിച്ചിരിക്കുന്നത് ദിനേശന്‍ സാര്‍ കണ്ടു. ഞങ്ങളെ രണ്ടു പേരെയും സാര്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ക്കതു സൌകര്യമായി. ഞങ്ങള്‍ വെളിയില്‍ നിന്നും അറുകൊലയെപറ്റി അടക്കം പറഞ്ഞു കൊണ്ടിരുന്നു.

രണ്ടു മൂന്നാഴ്ച കഴിഞ്ഞ് അനിത തന്നെയാണ് ആ വാര്‍ത്തയും രാവിലെ ക്ലാസ്സില്‍ കൊണ്ടു വന്നത്.
“ദാസപ്പന്‍ ചേട്ടന്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നു. അറുകൊല കൂടി കൂടെ കൊണ്ടു പോയതാണ്.“
“എന്റെ ദൈവമേ..നീ പറഞ്ഞത് ശരിയായല്ലോ അനിതേ…അറുകൊലക്കിത്ര ശക്തിയോ..” ഞാന്‍ അല്‍ഭുതപ്പെട്ടു.
“പിന്നെന്തു കരുതി നീ..?”
അനിത സ്കൂളിലേക്കു വരുന്ന വഴിയിലാണ് ദാസപ്പന്‍ ചേട്ടന്റെ വീട്.വരുന്ന വഴിയില്‍ അവള്‍ അത് കണ്ടിട്ടാണ് വന്നത്.

“നീ കണ്ടൊ അത്..?”എനിക്കു വിശ്വസിക്കാനായില്ല
“അതേ…സത്യമായിട്ടും കണ്ടു. എല്ലാവരും കയറി നോക്കുന്നുണ്ട്. പോലീസു വന്നലേ താഴെ ഇറക്കുകയുള്ളു. മണിയടിക്കാനിനിയും സമയമുണ്ട് വേണമെങ്കില്‍ എന്റെ കൂടെ വാ..കാണിച്ചു തരാം”

അനിതയുടെ കൂടെ ഞാനും ഞങ്ങളുടെ ക്ലാസ്സിലെ കുറച്ചു കുട്ടികളും ദാസപ്പന്‍ ചേട്ടന്റെ വീട്ടിലേക്കോടി. മുറ്റത്തു ചെറിയ ആള്‍ക്കൂട്ടം.ജനലിലൂടെ മറ്റു കുട്ടികളുടെ പിന്നില്‍ നിന്നും ഞാന്‍ എത്തിവലിഞ്ഞു നോക്കി. മുട്ടോളം നീളമുള്ള വലിയ ഒരു ചുട്ടിക്കരയന്‍ ചെത്തുതോര്‍ത്തുമുടുത്ത് ചുരുട്ടിയ കൈവിരലുകളും പുറത്തേക്കു നീണ്ട നാവുമായി തൂങ്ങി നില്‍ക്കുന്ന ശരീരം ഞാന്‍ ഒന്നേ നോക്കിയുള്ളു….
“ഈ പിള്ളെരെന്താ ഇവിടെ…?.. പോ..പിള്ളേരെ സ്കൂളില്…” വടക്കേടത്തെ അവരാന്‍ ചേട്ടന്‍ ഞങ്ങളെ ഓടിച്ചു.

തിരിച്ച് സ്കൂളിക്കോടുമ്പോഴും ആ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കയ്യുമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍. നാലു മണി വിട്ട് വീട്ടിലെത്തിയിട്ടും എന്റെ ഭയം മാറിയിരുന്നില്ല. നോക്കുന്നിടത്തെല്ലാം തൂങ്ങി നില്‍ക്കുന്ന ആ രൂപം. ഒടുവില്‍ സന്ധ്യയായപ്പോള്‍ പേടിച്ചു പേടിച്ച് ഞാനിക്കാര്യം ചേച്ചിയോട് പറഞ്ഞു. അമ്മയിതറിഞ്ഞപ്പോള്‍ വലിയ ഭൂകമ്പമായി.
“തൂങ്ങി മരിച്ചതു കാണാന്‍ പോയോ... അസത്തേ… പോയിരുന്നു കുരിശു വരക്ക് പേടിയെല്ലം പൊയ്ക്കൊള്ളും” എന്നു പറഞ്ഞ് അമ്മ ഒരു കൊന്ത കഴുത്തിലിട്ടു തന്നു.
“രാത്രി ചോറുണ്ണാനിരിക്കുമ്പോള്‍ വലിയേട്ടനോട് ചാച്ചന്‍ പറയുന്നത് കേട്ടു. ആ ചെത്തുകാരന്‍ ദാസപ്പന്‍ തൂങ്ങി മരിച്ചു. അവനു അക്കരയിലെങ്ങാണ്ടു വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. അതു പുറത്തറിഞ്ഞപ്പോള്‍ അവനങ്ങു തൂങ്ങി. അനാഥ മായതു രണ്ടു കുടുംബമാ… കഷ്ടം..”
“അതൊന്നുമല്ല അറുകൊല കൊണ്ടു പോയതാ…എനിക്കു വിളിച്ചു പറയണം എന്നുണ്ടായിരുന്നു..” ഭയം കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ‍ചോറിലേക്കും നോക്കിയിരുന്നു.
എല്ലാവരും അത്താഴമുണ്ടെഴുന്നേറ്റപ്പോള്‍ ചേച്ചി ചാച്ചന്‍ കേള്‍കാതെ രഹസ്യമായി ചേട്ടനോടു പറഞ്ഞു.
”ഇവളയാളു തൂങ്ങിയതു കാണാന്‍ പോയി.ഇപ്പോ പേടിച്ചിട്ട് കൊന്തയുമിട്ടാണ് നടത്തം”
“എടീ…” ചേട്ടന്‍ എന്റെ നേരെ നോക്കി കണ്ണുരുട്ടി.ഞാന്‍ പേടിച്ച് മുറിയുടെ മൂലയിലേക്കു മാറി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനി..കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വയ്യ
“ആ ദാസപ്പന്‍ തൂങ്ങിയതു കാണാന്‍ പോയതു കണ്ടു പേടിച്ചിട്ടാ. പെണ്ണിന്നു തീ പോലത്തെ പനി. പള്ളിയില്‍ കൊണ്ടു പോയി അച്ചനെക്കൊണ്ട് തലക്കു പിടിപ്പിക്കണം“ അമ്മ ചാച്ചനോടു പറഞ്ഞു.
“ഓ…അതു ചുമ്മാ പനിയായിരിക്കും . വല്ലപ്പോഴുമൊക്കെ .അവള്‍ക്കിങ്ങനെ പനി വരാറുള്ളതല്ലേ. തലക്കു പിടിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല. “ചാച്ചന്‍ നിസ്സാരമായി പറഞ്ഞു.
“എന്റെ മേരമ്മേ…ഇതാ കണിയാന്‍ ചങ്കരനെക്കൊണ്ടൊന്നു ജപിച്ചു കെട്ടിച്ചാല്‍ തീരുന്ന കാര്യമല്ലേ ഉള്ളൂ…“ ജോലിക്കരി ജാനകി ഞാന്‍ കിടക്കുന്ന കട്ടിലിനരികെ നിന്ന് അമ്മയോടു ചേദിച്ചു.
“അതൊന്നും വേണ്ട ജാനകി..പള്ളീലച്ചനെക്കൊണ്ടു തലക്കു പിടിപ്പിക്കാം എന്നു പറഞ്ഞിട്ടു കൂടെ സമ്മതിച്ചില്ല. ഇനിയിപ്പം കണിയാന്റെ കാര്യം കൂടെ കേട്ടാല്‍ മതി.
“എന്നാലും ഈ കൊച്ചിനെ സമ്മതിക്കണം.തൂങ്ങിച്ചത്തതു കാണാന്‍ പോയിക്കളഞ്ഞല്ലോ..”
ഞാന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു പനിമാറി സ്കൂളില്‍ ചെന്നപ്പോള്‍ അനിത ക്ലാസ്സില്‍ വന്നിട്ടില്ല. അവളും രണ്ടു ദിവസമായിട്ട് ക്ലാസ്സില്‍ വരുന്നില്ലെന്ന് രാജി പറഞ്ഞു. അവള്‍ക്കും എന്നെപ്പോലെ പേടിച്ച് പനി പിടിച്ചു കാണുമോ..?

നാലാം ദിവസം അനിത ക്ലാസ്സില്‍ വന്നത് പുതിയ ഉടുപ്പും ചെരുപ്പുമൊക്കെയിട്ടാണ്. കയ്യിലും കഴുത്തിലും പുതിയ സ്വര്‍ണ്ണ വളയും മാലയും.  കവിളാകെ മിനുത്ത് തുടുത്തിരിക്കുന്നു. നാലു ദിവസം കൊണ്ട് ഇവളാകെ സുന്ദരിയായല്ലോ എന്നു ഞാന് മനസ്സിലോര്‍ത്തു.
“എന്താ അനിതേ…നീ ഇത്രയും ദിവസം വരാതിരുന്നത്. പനിയായിട്ടു ഞാനും രണ്ടു ദിവസം വന്നില്ല. ദാസപ്പന്‍ ചേട്ടനെക്കണ്ടു പേടിച്ചതാണെന്നാണ് അമ്മ പറയുന്നത്. നിനക്കും പനിയായിരുന്നോ.?“
അവള്‍ ചിരിച്ചുകൊണ്ട് ബാഗില്‍ നിന്നും ലഡ്ഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും രണ്ടു പൊതികള്‍ എന്റെ ബാഗില്‍ വച്ചു തന്നിട്ടു രഹസ്യമായി പറഞ്ഞു.
“എന്റെ തിരണ്ടു കല്യാണമായിരുന്നു. അതാ വരാതിരുന്നത്. ഇത് അതിന്റെ പലഹാരമാ. നീ ആരോടും പറയണ്ട..“ ഞാന്‍ വീണ്ടും അവളുടെ പുതിയ ഉടുപ്പിലെക്കും ചെരുപ്പിലേക്കും നോക്കി ഒന്നും മനസ്സിലാകാതെ.

മാസങ്ങള്‍ കഴിഞ്ഞു പോയി. അനിതകുമാരിയുടെ അമ്മ ആസ്മ കൂടി പെട്ടെന്നു മരിച്ചു. അമ്മക്ക് വാവടുക്കുമ്പോള്‍ ആസ്മ വരാറുള്ള കാര്യം അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് ടിച്ചറുടെ കൂടെ ഞങ്ങളെല്ലാവരും അവളുടെ വീട്ടില്‍ ശവദാഹ സമയത്ത് പോയിരുന്നു. ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അവള്‍ ഉറക്കെ പതം പറഞ്ഞു കരഞ്ഞു. അവളുടെ വീടിന്റെ തന്നെ തെക്കു ഭാഗത്താണ് അമ്മയെ ദഹിപ്പിച്ചത്.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് അനിത കുമാരി ക്ലസ്സില്‍ വന്നത്. അവളുടെ കണ്‍പോളകളുടെ വീക്കം അപ്പോഴും മാറിയിരുന്നില്ല. ഒന്നു രണ്ടു പിരിയഡ് കഴിയുന്നതു വരെ അവള്‍ അരോടും ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിക്ക് അമ്മ മരിച്ച കാര്യങ്ങള് ഇന്റെര്‍വെല്ല് സമയത്ത് എന്നെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.

“ആ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയെങ്ങനുമാണോ അനിതേ..അത്..” ഞാന്‍ അവളോട് സംശയം ചോദിച്ചു
“ഏയ്..അല്ല…അമ്മ അസുഖം വന്നല്ലേ മരിച്ചത്. അസുഖക്കാരെ അറുകൊലക്കു വേണ്ട. അറുകൊല കൂടുന്നവര് ചാകുന്നത് ദാസപ്പന്‍ ചേട്ടനെപ്പോലെ തൂങ്ങിച്ചത്തോ, വിഷം കുടിച്ചോ ആയിരിക്കും“. അവള്‍ പറഞ്ഞു

അവളുടെ പ്രീഡിഗ്രീ തോറ്റ അനിലേച്ചിയുടെ കല്യാണം പെട്ടെന്നു നടത്താന്‍ പോവുകയാണത്രേ. അമ്മയില്ലാത്തെ പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിറുത്തുന്നതു ശരിയല്ല എന്നെല്ലാവരും അച്ഛനെ ഉപദേശിക്കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്കു ശേഷം അനിലേച്ചിക്ക് കല്യാണമായെന്നുള്ള സന്തോഷ വാര്‍ത്ത അനിത അറിയിച്ചു. അമ്മ മരിച്ചതിന്റെ സങ്കടം അവള്‍ക്കും ചേച്ചിക്കും കുറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞു ചേച്ചിയും സുധാകരന്‍ ചേട്ടനും അവളുടെ വീട്ടില്‍ത്തനെ താമസിക്കും. വീട്ടില്‍ ആളാകുമല്ലോ. അല്ലെങ്കില്‍ പിന്നെ അവളും അച്ഛനും തനിയെ എന്തു ചെയ്യും.

അക്കൊല്ലം നടക്കാവ് ഭഗവതിയുടെ അമ്പലത്തിലെ ഉത്സവവും വെടിക്കെട്ടും പൊടിപൂരമായിരുന്നു. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളഞ്ഞ് ഉത്സവം കാണാന്‍ പോകുന്നവരെ നോക്കി ഞാന്‍ വീടിന്റെ ഗെയിറ്റില്‍ പിടിച്ച് നിന്നു. അമ്പലത്തില്‍ നിന്നും തിരിച്ചു വരുന്നവരുടെ കയ്യില്‍ വിവിധ തരം സാധനങ്ങള്‍. കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങള്‍, ബലൂണുകള്‍...റോഡിലാകെ പീപ്പിയുടെ ശബ്ദം. സന്ധ്യകഴിഞ്ഞപ്പോള്‍ താലം വരവുണ്ടായിരുന്നു. താലപ്പോലിയേന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നടക്കുന്ന അനിതയും അനിലേച്ചിയും എന്നെ നോക്കി ചിരിച്ചു. അവരണിഞ്ഞ പട്ടു പാവാടയും ബ്ലൌസും കയ്യിലേന്തിയ ദീപങ്ങളുടെ വെളിച്ചത്തില് വെട്ടിത്തിളങ്ങി. അനിലേച്ചി കല്യാണമടുത്തതോടെ കൂടുതല്‍ സുന്ദരിയായ പോലെ.

രാത്രിയില്‍ വൈകി അമ്പല പറമ്പില്‍ നിന്നും ഉയര്‍ന്ന “കൃഷ്ണാവതാരം ബാലെ“യുടെ പാട്ടും കേട്ട് ഞാന്‍ ഉറങ്ങാതെ കിടന്നു.
“യശോധാ നന്ദനാ..എന്‍ ചാരേ വാ…വാ…“എന്ന പാട്ടുകേട്ടപ്പോള്‍ അമര്‍ചിത്രകഥയിലെ ഉണ്ണിക്കണ്ണന്‍ മഞ്ഞ പട്ടുചേലയുമുടുത്ത് ഗോപികമാരുടെ ഇടയില്‍ നിന്നു കളിക്കുന്ന സ്റ്റേജ് ഞാന്‍ മനസ്സില്‍ കണ്ടു. അനിത എനിക്ക് ഉത്സവപ്പറമ്പില്‍ നിന്നും ഒരു ഡസന്‍ സ്പ്രിങ്ങ് വളയും ഒരു കല്ലുമാലയും വാങ്ങിത്തന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഇടവക പള്ളിയിലെ പെരുന്നാളായി. പെരുന്നാളിന്റെ പ്രദിക്ഷിണത്തിനു നിരയായി റോഡിലൂടെ നടക്കുന്നതിനിടയില്‍ പുത്തന് പെരുന്നാളു കൂടാന്‍ വന്ന പുതുമണവാട്ടികളുടെ പട്ടു സാരികളും നോക്കി ഞാന്‍ നടന്നു. അവരുടെ മണവാളന്മാരും സ്റ്റൈലന്‍ പാന്റും ഷര്‍ട്ടുമിട്ട് അവരെ മുട്ടിയുരുമ്മി നടന്നു നീങ്ങുന്നുണ്ടായിരുന്നു.



പ്രദിക്ഷണം കഴിഞ്ഞ് പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ അയല്പക്കത്തെ ശാന്തകുമാരിച്ചേച്ചിയും അമ്മ ഊലിച്ചോത്തിയും നല്ല സെറ്റു മുണ്ടൊക്കെ ഉടുത്ത് പള്ളിയില്‍ നില്‍ക്കുന്നു. ശാന്തകുമാരിച്ചേച്ചി നെറ്റിയില് ചാന്ത് തൊട്ടിട്ടുണ്ട്.
“പെരുന്നാളു കാണാന്‍ വന്നതാ…” ഞാന്‍ അവരോട് കുശലം ചോദിച്ചു
“അല്ല കൊച്ചേ…ഞങ്ങള് അമ്പെടുക്കാന്‍ വന്നതാ..” ഊലിച്ചോത്തി മറുപടി പറഞ്ഞു
“നിങ്ങള് അമ്പെടുക്കുകേ….” എനിക്കതിശയം
“പിന്നെന്താ..ഞങ്ങള്‍ എല്ലാക്കൊല്ലവും വന്ന് പുണ്യാളന്റെ അമ്പെടുക്കാറുള്ളതല്ലേ..അല്ലെങ്കില്‍ വസൂരി വിത്തു വാരിയെറിയില്ലേ….” ഊലിച്ചോത്തി ഭയഭക്തിയോടെ പറഞ്ഞു.
പ്രദിക്ഷണം കഴിഞ്ഞ് സെബസ്റ്റിയാനോസ് പുണ്യാളന്റെ രൂപക്കൂടോടെയുള്ള പ്രതിമ പള്ളി മുറ്റത്തെ അലങ്കരിച്ച പന്തലില്‍ കൊണ്ടു വെക്കുന്നുണ്ടായിരുന്നു. മരത്തില്‍ കെട്ടപ്പെട്ട് അമ്പുകളേറ്റു നില്‍ക്കുന്ന കരുണാമയമായ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്കു അവരു പറഞ്ഞത് വിശ്വസിക്കാന് പറ്റിയില്ല.

“പുണ്യാളന്‍ ഇത്ര ദുഷ്ടനോ!!!!! “

അനിതക്കായി ഞാന്‍ ക്യൂട്ടക്സും ഇരട്ട ഡിസൈന്‍ തെളിയുന്ന വളകളും വാങ്ങി. പെരുന്നാളു കൂടാന്‍ വന്ന ത്രുപ്പൂണിത്തുറയിലെ ക്ലാരമ്മക്കുഞ്ഞമ്മയും വൈക്കത്തെ ചിന്നമ്മ അമ്മായിയും തന്ന പൈസയത്രയും ഞാന്‍ പൊടിപൊടിച്ചു.

വീണ്ടും രണ്ടു വട്ടം കൂടി ഉത്സവവും പെരുന്നാളും വന്നു പോയി. ഞങ്ങള് പത്താം ക്ലാസ്സിലാണിപ്പോള്‍ പഠിക്കുന്നത്. എല്ലാ ടീച്ചര്‍മാര്‍ക്കും പരീക്ഷയെക്കുറിച്ചു മാത്രമേ പറയാനുള്ളു. പത്താം ക്ലാസ്സെന്നു പറഞ്ഞാല് കുട്ടികളെ വിഴുങ്ങാന്‍ വരുന്ന ആരോ എന്ന മട്ടിലാണ് എല്ലാവരുടെയും സംസാരം. എനിക്കും അനിതക്കും കണക്കിനു റ്റ്യൂഷനുണ്ട്. എന്റെ ചേട്ടന്റെ കൂട്ടുകാരനായ രാജുച്ചേട്ടനാണ് റ്റ്യൂഷനെടുക്കുന്നത്. രാജുച്ചേട്ടന്‍ ലോ കോളേജില് വക്കീലാകുവാന്‍ പഠിക്കുകയാണ്. കോളേജ് കഴിഞ്ഞു വന്നിട്ട് വൈകുന്നേരമാണ് റ്റ്യൂഷന്‍.

സയന്‍സിന്റെ കുറേ നോട്ട് എഴുതി തീര്‍ക്കാന്‍ ഞാന്‍ ഒരുദിവസം അനിതയുടെ ബുക്കു കടം വാങ്ങി .അവളുടെ എല്ലാ പുസ്തകങ്ങളിലും ചേച്ചിയുടെ മോന്‍ സൂരജ് കുത്തി വരച്ചിട്ടുണ്ടാകും. അവള്‍ക്ക് എപ്പോഴും അവന്റെ കാര്യം പറയാനേ നേരമുള്ളു.

ഞാന്‍ വീട്ടിലിരുന്ന് അനിതയുടെ ബുക്കു നോക്കി നോട്ടു പകര്‍ത്തിയെഴുതുകയായിരുന്നു .പെട്ടെന്നാണ് അതില്‍ നിന്നും ഒരു മടക്കിയ കടലാസ് കഷണം താഴെ വീണത്. ഞാനതെടുത്ത് നിവര്‍ത്തി നോക്കി
.“എന്റെ അനിതക്ക്“ എന്നു തുടങ്ങുന്ന ആ കത്ത് വായിച്ചു അന്തം വിട്ടു പോയി. ഞങ്ങളുടെ റ്റ്യൂഷന്‍ സാറ് രാജുച്ചേട്ടന്റെ കത്തായിരുന്നു അത്. ഞാനാദ്യമായിട്ടാണ് ഒരു പ്രേമ ലേഖനം കാണുന്നത്. കള്ളി… എന്നോടൊന്നും പറയാതെ മറച്ചു വച്ചു. ഒരുമിച്ച് റ്റ്യൂഷന്‍ ക്ലസ്സിലിരുന്നിട്ടും എനിക്കിതൊരിക്കലും കണ്ടു പിടിക്കാന് പറ്റിയില്ലോ എന്നു ഞാന് അതിശയിച്ചു. കത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന എനിക്കു മറ്റൊന്നു കൂടി മനസ്സിലായി. സുധാകരന്‍ ചേട്ടന്‍ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. ഉടനെ തന്നെ ചേച്ചിയോടോ അച്ഛനോടോ തുറന്നു പറയണം എന്ന് രാജുച്ചേട്ടന്‍ എഴുതിയിരിക്കുന്നു.

പിറ്റേ ദിവസം പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് കത്തിനെക്കുറിച്ച് ചോദിച്ചു
“നീ വഴക്കു പറയും എന്നു പേടിച്ചാ നിന്നോട് പറയാതിരുന്നത്“. അവള്‍ ചമ്മലോടെ പറഞ്ഞു…
“പ്രേമിച്ചു നടക്കുമ്പോള്‍ പരീക്ഷ അടുക്കാറായി എന്നോര്‍മ്മ വേണം. നിന്റെ അച്ഛനറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി..? “ ഞാനവളോട് ചോദിച്ചു
“ഇതു തന്നെയാ നിന്നോട് പറയാന് മടിച്ചതിന്റെ കാരണം..” അവള് പറഞ്ഞു
ഞാന്‍ പെട്ടെന്ന് അവളോട് സുധാകരന്‍ ചേട്ടനെക്കുറിച്ച് ചോദിച്ചു.
“നീ ആ കത്തു മുഴുവന്‍ വയിച്ചോ…”അവള്‍ വിഷമത്തോടെ എന്നോട് ചോദിച്ചു
“വായിച്ചു. നിനക്ക് അച്ഛനോടോ ചേച്ചിയോടോ പറഞ്ഞു കൂടെ…”

“എങ്ങനെ ഞാനിതവരോട് പറയും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്കു ചേര്‍ന്നു കഴിഞ്ഞാല് എന്താണെങ്കിലും ഹോസ്റ്റലിലായിരിക്കും. അതോടെ അയാളില്‍ നിന്നും രക്ഷപ്പെടാം. ഏറിയാല്‍ മൂന്നു മാസം .ഇത്രയും നാള് രക്ഷപ്പെട്ടു നിന്നതുപോലെ അങ്ങു പോട്ടെ. എന്റെ പാവം അനിലേച്ചിയെ വിഷമിപ്പിക്കാനെനിക്കു മനസ്സു വരുന്നില്ല.” അവള്‍ നിറ കണ്ണുകളോടെ പറഞ്ഞു
“ചേച്ചിയോട് പറയാന്‍ വിഷമമാണെങ്കില്‍ അച്ഛനോട് പറയ് .”
“എന്തോ…. എങ്ങിനെയാ..അച്ഛനോടിങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. അച്ഛന്റെ മുന്‍പില്‍ സുധാകരന്‍ ചേട്ടന്‍ നല്ല പിള്ളയല്ലേ... അയാളുടെ ഉദ്ദേശമെങ്ങാനും നടന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. ആ നിമിഷം ഞാന്‍ ചത്തു കളയും. മരിച്ചു പോയ എന്റെ അമ്മയാണെ സത്യം..” അവള്‍ പെട്ടെന്നു പറഞ്ഞു.
“നീ…ചുമ്മാ അതുമിതും പറയാതെ അനിതേ..ഒന്നും ഉണ്ടാകില്ല.“ പേടിയോടെയാണെങ്കിലും ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
എസ്സ്.എസ്സ്.എല്‍.സി. പരീക്ഷക്ക് ഇനി ഒരു മാസം പോലുമില്ല. ഞങ്ങളുടെ മോഡല്‍ പരീക്ഷ നടക്കുകയാണ്. രാവിലെ സ്കൂളില്‍ ചെന്ന ഞാന്‍ ഗെയിറ്റില് കരിങ്കൊടി കെട്ടിയിരിക്കുന്നതു കണ്ടു. സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ അവിടവിടെയായി കൂടിനിന്ന് അടക്കം പറയുന്നു.
“എന്താ… എന്തു പറ്റി ..?”ഞാന്‍ ചോദിച്ചു
ഷര്‍മ്മിളായാണു മറുപടി പറഞ്ഞത്
“ഇന്നത്തെ മോഡല്‍ പരീക്ഷ മാറ്റി വെച്ചു. അനിത കുമാരി.കെ.സ്സ്. തൂങ്ങി മരിച്ചു. കാരണമെന്തെന്നാര്‍ക്കുമറിയില്ല.“
“പരീക്ഷപ്പേടിയായിരിക്കും എന്നൊക്കെ ടിച്ചര്‍മാരു പറയുന്നണ്ട്“. സുലേഖ പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടികളെല്ലാം അവളുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ അവരുടെ നിരയിലൊരാളായി.

“ഇല്ലാ.. സുധാകരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും എന്നത്തെയും പോലെ അവള്‍ രക്ഷപെട്ടിട്ടുണ്ടാകും. ആ ഒറ്റക്കയ്യന്‍ അറുകൊലയായിരിക്കും അവളെ കൊണ്ടു പോയത്“. നടക്കുന്നതിടയില്‍ ഞാന്‍ എന്റെ മനസ്സിനെ സ്വാന്തനിപ്പിക്കുവാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ടു തൂങ്ങി മരിച്ച ദാസപ്പന്‍ ചേട്ടന്റെ വീടും മനക്കപ്പറമ്പും താണ്ടി കുട്ടികളും ടിച്ചര്‍മാരും അടങ്ങിയ നീണ്ട നിര അനിതയുടെ വീട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നു. മനക്കപ്പറമ്പിലെ തുടലിമുള്‍ക്കാടിനടുത്തെത്തിയപ്പോള്‍ എന്റെ മനസ്സ് ചോദിച്ചു.

“എന്തിനാ അറുകൊലേ…നീ എന്റെ അനിതയെ കൊണ്ടു പോയത്…? എന്തു ദ്രോഹമാണവള്‍ നിന്നോട് ചെയ്തത്…? നീ സുധാകരന്‍ ചേട്ടന്റെ രൂപത്തില്‍ അവളുടെ വീട്ടില്‍ ചെന്നു കയറിയത് ഇതിനായിരുന്നോ…?”

എല്ലാവരും അവളുടെ വീടിനു മുന്നിലെത്തി. ഞങ്ങളുടെ റ്റ്യൂഷന്‍ സാര്‍ രാജുച്ചേട്ടന്‍ റോഡരികിലെ ആള്‍ക്കൂട്ടത്തില്‍ തളര്‍ന്നു നില്ക്കുന്നുണ്ടായിരുന്നു. എല്ലാ കുട്ടികളും ഗെയിറ്റു കടന്ന് അകത്തേക്കു കയറി. അവളുടെ വീട്ടിലേക്ക് കയറാന്‍ ധൈര്യമില്ലാതെ ഞാന്‍ റോഡരികില്‍ത്തന്നെ നിന്നു. തനിയെ നില്‍ക്കുന്നത് കണ്ട് രാജുച്ചേട്ടന്‍ എന്റെ അരികിലേക്ക് വന്നു കുറ്റബോധത്തോടെ പറഞ്ഞു.

“അവള്‍ക്ക് അച്ഛനോട് പറയാന്‍ ബുധിമുട്ടുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴെങ്കിലും ഞാന്‍ അവളുടെ അച്ഛനെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും നമുക്കവളെ രക്ഷിക്കാമായിരുന്നു. ഞാനാണവളുടെ മരണത്തിനു കാരണക്കാരന്‍.”

“അല്ലാ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയാണിത്. അയാള്‍ക്കവളെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.“ ഞാന്‍ പറയാന്‍ ശ്രമിച്ചു. എന്റെ ശബ്ദം ഒരു വലിയ തേങ്ങല്‍ മാത്രമായി.

വീടിനു മുന്നിലെ ഉയര്‍ത്തിയ കെട്ടിയപന്തലും ആള്‍ക്കൂട്ടവും നോക്കി ഞാന്‍ ആ റോഡരികില്‍ത്തന്നെ നിന്നു….. ഒറ്റക്കയ്യന്‍ അറുകൊലകൊണ്ടുപോയ അനിതയുടെ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ…

11.10.09

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍

ഗുല്‍മോഹറുകള്‍ പൂക്കുന്ന കാലമായിരുന്നു അത്. ആര്‍ട്ട്സ് കോളേജിന്റെ മുന്നിലുള്ള പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ ചുവന്ന തലപാവണിഞ്ഞു നില്‍ക്കുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ നടയിലിരിക്കുന്ന സതീഷും ജയന്തിയും ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയിലാണിരിക്കുന്നതെന്നു തോന്നും.

ഷര്‍ട്ടിലേക്കു വീണ പൂവ് തട്ടി കളഞ്ഞുകൊണ്ട് സതീഷ് ജയന്തിയോടു ചോദിച്ചു.

“ജയന്തിക്കു ബസ്സിനു സമയമായോ…?”
“ഇല്ല …അരമണിക്കൂര്‍ കൂടി കഴിയണം“. ജയന്തി വാച്ചില്‍ നോക്കി പറഞ്ഞു.

സതീഷ് എന്നും അഞ്ചരക്കുള്ള ട്രെയിനിനാണ് പോകുന്നത്. ജയന്തിപോയിക്കഴിഞ്ഞ് പതുക്കെ റെയില്‍ വേസ്റ്റേഷനിലേക്കു നടന്നാല് ട്രെയിനിനുള്ള സമയമാകും. കോളേജ് മിക്കവാറും വിജനമാണ്. കുറച്ചകലെയുള്ള കാന്റ്റീനില്‍ നിന്നും കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നതൊഴിച്ചാല്‍. മരത്തണലുകളില് അങ്ങിങ്ങിരുന്ന പ്രണയ ജോടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു.

“ഈ മരത്തിന്റെ കീഴില്‍ നമ്മളെപ്പോലെ എത്ര പേര്‍ ഇരുന്നു കാണും സതീഷ്..?” ജയന്തി സതീഷിനോട് തമാശയായി ചോദിച്ചു
“അവോ..മരത്തിനറിയാമായിരിക്കും…. മൂന്നു തലമുറകള്‍ക്കായി ഈ വയസ്സന്‍ മരം എത്ര തണലൊരുക്കിയിരിക്കുന്നു”
“അവരൊക്കെ ഇപ്പോള്‍ മക്കളൊക്കെയായി സുഖമായി ജീവിക്കുന്നുണ്ടാകും അല്ലേ…?”
“ഉണ്ടായിരിക്കും“ സതീഷ് കുറച്ചൊരു ഗൌരവത്തോടെ പറഞ്ഞു. പിന്നെയേതോ ചിന്തയില്‍ മുഴുകി ഒന്നും മിണ്ടാതെയിരുന്നു.
“സതീഷ്…. ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നലെ രാത്രിയില് ഒരു സ്വപ്നം കണ്ടു. നമ്മള്‍ രണ്ടു പേരും കൂടി സതീഷിന്റെ വീട്ടില്പോകുന്നതാ‍യിട്ട്…”
“ഓഹോ…എന്നിട്ട്..?“ അവനവളെ അവളെ കളിയാക്കി
“സത്യം…വീടിനടുത്തുള്ള അബ്ദുക്കായുടെ പീടിക പോലും ഞാന്‍ കണ്ടു..അബ്ദുക്ക നമുക്ക് ഐസിട്ട നാരങ്ങാവെള്ളം തന്നു, നമ്മള്‍ അബ്ദുക്കായോട് യാത്രപറഞ്ഞിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു പോയി.”
“അതു വലിയ കഷ്ടമായിപ്പോയി“ അയാള്‍ വീണ്ടുമവളെ കളിയാക്കി.
“കളിയക്കണ്ട…കണ്ണു തുറന്നു പോയില്ലായിരുന്നെങ്കില്‍ നേരെ വീട്ടിലെത്തിയേനെ. എന്നാലും അബ്ദുക്കയുടെ പീടികയെങ്കിലും കാണാന്‍ പറ്റിയല്ലോ”
“പക്ഷേ…അതിനു നീ അബ്ദുക്കായെ കണ്ടിട്ടില്ലല്ലോ…”
“അതിനെന്താ..സതീഷ് എത്ര പ്രാവശ്യം എന്നോട് അബ്ദുക്കയുടെ പീടികയെ പറ്റി പറഞ്ഞിരിക്കുന്നു“
.
ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ജയന്തി പരിഭവത്തോടെ പറഞ്ഞു
“എത്രനാളായി ഞാന്‍ പറയുന്നു എന്നെയൊന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍“
“സമയമാകട്ടെ.. വീട്ടിലിതുവരെ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.“ അയാള്‍ വിഷണ്ണനായി.
“നോക്കിക്കൊളൂ …ഒരിക്കല്‍ ഞാന്‍ തനിയെ അവിടെ വരും. എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട്”
“ശരി..എങ്ങനെ എത്തുമെന്നു പറയൂ..” സതീഷ് ചിരിച്ചുകൊണ്ടവളെ പ്രോത്സാഹിപ്പിച്ചു
“വഴിയെല്ലാം സതീഷ് പലവട്ടം പറഞ്ഞു തന്നിട്ടില്ലേ…താമരക്കുളങ്ങര റെയില്‍ വേസ്റ്റേഷന്,മുന്നില്‍ ചെമ്മണ് പാത ,കുറച്ചു നടന്നാല്‍ പഞ്ചായത്ത് കിണര്‍, കുരിശുമ്മൂട് കവല. അവിടെ നിന്നും വലത്തോട്ട് തിരിയുമ്പോള്‍ ട്രാന്‍സ്ഫോര്‍മറിനടുത്ത് അബ്ദുക്കായുടെ പെട്ടിക്കട. ഞാന്‍ അബ്ദുക്കായോട് ചോദിക്കും ആര്‍ട്ട്സ് കോളേജില്‍ എം.എ.ക്കുപഠിക്കുന്ന സതീഷിന്റെ വീടെവിടെയാണെന്ന്.“
സതീഷിന്റെ വീടിനടുത്തുള്ള റെയില്‍വേസ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അബ്ദുക്കായുടെ പെട്ടിക്കടയും എല്ലാം അവള്‍ക്കു മനപ്പാഠമാണ്.

“അപ്പോള്‍ കാണാം യഥാര്‍ത്ഥ അല്‍ഭുതം.നിന്റെ കാര്‍ഷെഡ്ഡിന്റത്രയുമുള്ള എന്റെ കൊച്ചു വീട്.”
“തുടങ്ങി കോമ്പ്ലക്സ്..” ജയന്തി ദേഷ്യപ്പെട്ടു

വീട്ടില്‍ കൊണ്ടുപോകുന്ന കാര്യം എപ്പോള്‍ പറഞ്ഞാലും സതീഷ് അവസാനിപ്പിക്കുന്നത് ഇതു പറഞ്ഞായിരിക്കും

“ഇനി എന്നു ഇതുപോലെ സ്വപ്നം കാണുന്നുവോ ..അന്നു ഞാന്‍ സതീഷിന്റെ വീട്ടിലെത്തിയിരിക്കും.രാവിലെ ഉണര്‍ന്നെണീക്കുന്ന സതീഷ് ചിലപ്പോള്‍ എന്നെയായിരിക്കും കണി കാണുന്നത്…”

“എങ്കില്‍ എന്റെ അന്നത്തെ ദിവസം പോക്കായിരിക്കും” അവന്‍ അവളെ ചൊടിപ്പിച്ചു.
“ഞാന്‍ പോകുന്നു..എന്റെ ബസ്സിപ്പൊ വരും.. “

ജയന്തി എഴുന്നേറ്റ് കോളേജിനു മുന്നില്‍ത്തനെയുള്ള ബസ്സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നു പോകുന്നതു നോക്കി സതീഷ് ചെറു പുഞ്ചിരിയുമായി അവിടത്തന്നെയിരുന്നു.

ട്രെയിനിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ടിരുന്ന ജയന്തി വിചാരിച്ചു സതീഷ് അല്‍ഭുതപ്പെടും തന്നെ കാണുമ്പോള്‍. പറഞ്ഞത് കളിയായിരുന്നില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ. എത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു ഒന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍.സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും അവള്‍ക്ക് സൈഡില്‍ത്തന്നെ സീറ്റുകിട്ടി. ചുറ്റുമുള്ള ആരെയും അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല.ആരെങ്കിലും പരിചയമുള്ളവരെ കണ്ടാല്‍പ്പിന്നെ എവിടെപ്പോകുന്നു എന്ന് പറയേണ്ടി വരും. അച്ഛന്റെ ചെവിയില് അതെത്താനും മതി. ഏതോ പരിചയമുള്ള മുഖം അവളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ പുറത്തേക്ക് തലതിരിച്ചു കാഴ്ചകള്‍ നോക്കിയിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളും പുഴയും താണ്ടി ട്രെയിന് ഓടിക്കൊണ്ടിരുന്നു. എത്ര പ്രകൃതിഭംഗിലുള്ള നാടാണ് സതീഷിന്റേത്.വയലില്‍ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ ജയന്തി കൌതുകത്തോടെ നോക്കി. താമരക്കുളങ്ങരക്കു മുന്‍പുള്ള സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ജയന്തി തയ്യാറായി നിന്നു. കുറെ ആളുകള്‍ അവളോടൊപ്പം ഇറങ്ങി. അതിലധികം ആളുകള്‍ കയറുകയും ചെയ്തു. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി സതീഷ് പറഞ്ഞ പോലെ അത്രക്കങ്ങു ചെറിയ സ്റ്റേഷന്‍ അല്ല അതെന്ന്. കടകകളും ബുക്ക് സ്റ്റാളും എസ്സ്.സ്റ്റി.ഡി ബൂത്തുമൊക്കെയായി ഒരു ഇടത്തരം സ്റ്റേഷന്. ഓട്ടോകളും ടാക്സികളും അവിടെ യാത്രക്കാരെ കാത്തു നിരയായി കിടക്കുന്നു. ചെമ്മണ്ണിട്ട വഴി കാണുന്നില്ല. ടാറിട്ട ഒരു റോഡാണ് മുന്നില്. റോഡ് ടാറിട്ട കാര്യം സതീഷ് എന്തേ പറയാന്‍ മറന്നത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പഞ്ചായത്ത് കിണര്‍ കണ്ടു. പിന്നെ കവലയും. വഴി തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. വലത്തേക്കു തിരിഞ്ഞപ്പോള്‍ രണ്ടു മൂന്നു കടകള്‍. ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് പെട്ടിക്കട കാണുന്നില്ല .പകരം ഒരു സ്റ്റേഷനറിക്കട. ഈ സതീഷിന്റെ ഒരു കാര്യം എല്ലാം ചെറുതാക്കി പറഞ്ഞിരിക്കുന്നു. അവള്‍ മനസ്സിലോര്‍ത്തു.

ഒരു നിമിഷം അവള്‍ സംശയിച്ചു നിന്നിട്ട് സ്റ്റേഷനറികടയിലേക്ക് കയറി. കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരിക്കുന്നവരോട് സംസാരിച്ചു നിന്ന ചെറുപ്പകാരനോട് ചോദിച്ചു.
“അബ്ദുക്കായുടെ കട ഇതല്ലേ…?“ അവള്‍ സംശയത്തോടെ തന്നെ ചോദിച്ചു
“അതേ…ബാപ്പ ഇപ്പോള്‍ വരാറില്ലല്ലോ..ഇപ്പോള്‍ ഞാനാ കട നോക്കുന്നത്…”.പിന്നെ അയാള്‍ അവളെ ചോദ്യ ഭാവത്തില് നോക്കി.
“ആര്‍ട്സ് കോളേജിലെ സതീഷിന്റെ വീട്…?”
“സതീഷ് സാറ് കുറച്ചു മുന്‍പ് കോളേജിലേക്കു പോയല്ലോ..”
“ഇത്ര നേരത്തേയോ..?”
ജയന്തിക്ക് അതിശയം തോന്നി. എപ്പോഴും ഫസ്റ്റവര്‍ കഴിഞ്ഞ് കോളേജിലെത്താറുള്ള കക്ഷിയാണ്
പെട്ടെന്ന് പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു
“ദാ…സതീഷ് സാറിന്റെ ഭാര്യയും മകനും വരുന്നു. സ്റ്റേഷനിലേക്കാണെന്നു തോന്നുന്നു…..അവരോട് ചോദിച്ചോളൂ.”
മിറര്‍ വര്‍ക്ക് ചെയ്ത വയലറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഒരു യുവാവും നടന്നടുക്കുന്നുണ്ടായിരുന്നു. ഇയാളിതെന്താ പറയുന്നതെന്ന ഭാവത്തില്‍ ചെറുപ്പക്കാരനെ നോക്കിയിട്ട് ജയന്തി കടയുടെ പുറത്തേക്കിറങ്ങി. അവള്‍ക്കു ചിരിവന്നു. ഭാര്യയും മുതിര്‍ന്ന മകനും. അയാള്‍ക്കു തെറ്റിയതായിരിക്കും. വേറെയാരുടെയെങ്കിലും കാര്യമായിരിക്കും അയാള്‍ പറഞ്ഞത്.
പക്ഷേ ആ മകന് സതീഷിന്റെ അതേ ഛായ. ആ താടിയില്ലെന്നു മാത്രം. നടത്തയും അതുതന്നെ. പിന്നില്‍ നിന്നു നോക്കിയപ്പോള് സതീഷ് നടന്നു പോകുകയാണെന്നു തോന്നി. അവള്‍ക്കൊന്നും മനസ്സിലായില്ല. സ്റ്റേഷനിലേക്കുളള വഴിയേ നടന്നു പോകുന്ന അവരെ നോക്കി നിന്ന ജയന്തി കുറച്ചു നേരം അതേ നില്‍പ്പില്‍ത്തന്നെ നിന്നു………………
എത്രസമയം അവള്‍ അങ്ങനെ നിന്നു കാണും…? അരോ അവളുടെ കയ്യില്‍ പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കിയ ജയന്തി കണ്ടത്..വിഷ്ണുവിനെ!! വളരെ പരിഭ്രാന്തനായിരുന്നു അയാള്‍.
വിഷ്ണുവോ……? അപ്പോള് സതീഷിന്റെ വീട്..? ഇന്നലത്തെ രാത്രിയിലെ സ്വപ്നം….? താനിപ്പോഴെവിടെയാണ്...? ഒന്നിനും ഉത്തരമില്ല. മുന്‍പിലുള്ള റോഡും ട്രാന്‍സ്ഫോര്‍മറും കീഴ്മേല് മറിയുന്നു. അവര്‍ മകന്റെ തോളിലേക്കു ചാഞ്ഞു.

“അമ്മേ..അമ്മയെങ്ങനെ തനിയെ ഒരു പരിചയവുമില്ലാത്ത ഈ സ്ഥലത്തു വന്നു ..? അതും ആരോടും പറയാതെ!! രാവിലെ അമ്പലത്തില്‍ പോയതായിരിക്കും എന്നു ഞങ്ങള് വിചാരിച്ചിരിക്കുകയായിരുന്നു. ഷൈലയോടെങ്കിലും പറയാമായിരുന്നില്ലേ…”.വിഷ്ണുവിന്റെ ചോദ്യത്തിനു ജയന്തിക്കു മറുപടിയുണ്ടായിരുന്നില്ല.

അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് വിഷ്ണു കാറിനടുത്തേക്കു നടന്നു. സീറ്റിലിരുത്തി. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചു വരവ് അവരെ വല്ലാതെ ഉലച്ചു കളഞ്ഞു.അതു താങ്ങാനാവാതെ തകര്‍ന്നു പോയ അവര്‍ തല പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു കിടന്നു. ഡ്രൈവു ചെയ്യുന്നതിനിടയില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു
“അമ്മ ട്രെയിന്‍ കയറി പോന്ന കാര്യം സണ്ണിയാണ്
എന്നെ അറിയിച്ചത്. സണ്ണി അതേ ട്രെയിനിലുണ്ടായിരുന്നു. എവിടെപ്പോകുന്നു എന്നു ചോദിച്ചിട്ട് അമ്മ മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നപ്പോള് സംശയം തോന്നി എന്നെ അവന്‍ ഉടനെ വിളിക്കുകയായിരുന്നു. ഉടനെ തന്നെ ഞാന്‍ കാറുമെടുത്തു കൊണ്ട് പായുകയായിരുന്നു. ഭാഗ്യത്തിന് ട്രെയിന്‍ ക്ലിയറന്‍സിനു നിറുത്തിയിരുന്നതുകൊണ്ട് ഒപ്പമെത്തുവാന്‍ പറ്റി“

ജയന്തി ഒന്നും മിണ്ടാതെ വാക്കുകള്‍ നഷ്ടപ്പെട്ടവളായി കിടന്നു. തലക്കുള്ളില്‍ കടന്നലുകള്‍ ഇരമ്പുന്ന ശബ്ദം…ഇന്നലെ രാത്രിയിലെ മനോഹര സ്വപ്നത്തിന്റെ മറക്കാനാവാത്ത ദൃശ്യങ്ങള്‍… …ചെമ്മണ്‍ പാത….. അബ്ദുക്കായുടെ പെട്ടിക്കട…ഐസിട്ട നാരങ്ങാ‍വെള്ളത്തിന്റെ സ്വാദ്…ട്രിം ചെയ്ത മനോഹരമായ താടിയുള്ള സതീഷിന്റെ സുന്ദരമായ മുഖം…അവന്റെ കണ്ണുകളുടെ സ്നേഹാദ്രമായ നോട്ടം…അതില്‍ അലിഞ്ഞില്ലാതാവുന്ന, അവനോടൊപ്പമുള്ള ജീവിതം മോഹിച്ചു നടക്കുന്ന ജയന്തിയെന്ന പെണ്‍കുട്ടി.…സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം സതീഷിന്റെ വീട്ടിലേക്കുള്ള യാത്ര…രാത്രിയും കഴിഞ്ഞ് പകലിലേക്കു നീണ്ട ആ സ്വപ്നം ഇപ്പോള്‍ ഇവിടെ പെട്ടെന്ന് അവസാനിച്ചിരിക്കുന്നു…

തലക്കുള്ളിലെ കടന്നലുകള്‍ മനസ്സിനെ വീണ്ടും അനുഭവിച്ചു തീര്‍ത്ത, ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് പറപ്പിച്ചുകൊണ്ടു പോയി..
“ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടാന്‍ തയ്യാറെടുത്തു നിന്ന പെണ്ണിനെ തലയില്‍ കെട്ടി വെച്ചു തന്ന കിഴവന്‍..” മദ്യത്തിന്റെ ലഹരിയില്‍ കുഴഞ്ഞ ശങ്കറിന്റെ ശബ്ദം…
ചിലപ്പോള്‍ പന്ത്രണ്ടു വസ്സുകാരനായ വിഷ്ണുവിനോടായിരിക്കും കഥ പറച്ചില്‍ മുഴുവനും.
“ചത്തുപോയ നിന്റെ അപ്പൂപ്പനുണ്ടല്ലോ ആ..വലിയ പ്രതാപി..വലിയ കൊമ്പത്തെ തറവാട്ടുകാരനാണത്രേ… അയാള്‍ ഓഫര്‍ ചെയ്ത കാറും ബംഗ്ലാവുമെല്ലാം കണ്ട് ഞാന്‍ ആ കെണിയില്‍ ഞാന്‍ വീണുപോകുകയായിരുന്നു.“
ഒന്നും മിണ്ടാതിരുന്ന വിഷ്ണുവിനോട് വീണ്ടും അയാള്‍ തുടരുന്നു
“ഒരു കാര്യത്തില്‍ മാത്രം ഞാന്‍ രക്ഷപ്പെട്ടു. ഇവള്‍ പ്രസവിച്ചത് കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാ..അല്ലെങ്കില്‍ ഞാന്‍ ആ തെണ്ടിയുടെ മകനെ ചുമക്കേണ്ടി വന്നേനെ…..അയാളിപ്പോ നിന്റമ്മയുമായി പ്രേമിച്ചുനടന്ന അതേ കോളേജിലെ സാറാ…ഇടക്കുപോയി പ്രേമം പുതുക്കാന്‍ പറ..നിന്റമ്മയോട്…“

പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ മുന്നില്‍, അവന്റെ അമ്മയെ ക്രൂരമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഭര്‍ത്താവ്.അപമാന ഭാരം കൊണ്ട് മകന്റെ മുഖത്തു നോക്കുവാന്‍ കഴിയാതെ നിസ്സഹയയായി എരിയുന്ന അമ്മ. ഒരക്ഷരം ഉരിയാടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുന്ന മകന്‍. പെട്ടെന്നൊരു ദിവസം ഡിവോര്‍സ് എന്ന ആവശ്യവുമായി ശങ്കര്‍ വന്നപ്പോള്‍
“അമ്മ രക്ഷപ്പെട്ടു” എന്നു വിഷ്ണുവിനോട് ആശ്വാസത്തോടെ പറഞ്ഞ ജയന്തിക്ക്.
“അമ്മ മാത്രമല്ല ഞാനും“ എന്ന മറുപടിയാണ് ലഭിച്ചത്.

കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഹോണടിച്ചപ്പോള്‍ പുറത്തേക്കു വന്ന ഷൈലയോട് വിഷ്ണു പറഞ്ഞു
“ഷൈലേ..അമ്മക്കു നല്ല സുഖമില്ല…ബെഡ് റൂമില്‍ കൊണ്ടു കിടത്തൂ…”

കാറില്‍നിന്നും ഇറങ്ങി ഒരു പ്രതിമയെപ്പോലെ നിന്ന ജയന്തിയെ താങ്ങിപ്പിടിച്ച് ഷൈല സാവധാനം മുറിയില്‍ കൊണ്ടുപോയിക്കിടത്തി. മുറിയിലേക്കു നടക്കുമ്പോള് ആതിര മോള്‍ “അച്ഛമ്മേ..” എന്നു പറഞ്ഞ് അടുത്തേക്കുവന്നതും അവര്‍ അറിഞ്ഞില്ല.

കട്ടിലില്‍ കിടന്നുകൊണ്ട് അടുത്തമുറിയില്‍ നിന്നും വിഷ്ണുവിന്റെയും ഷൈലയുടെയും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാമായിരുന്നു
“ഇന്നലത്തെ കല്യാണത്തിന് അച്ഛനെയും ഭാര്യയെയും കണ്ടപ്പോള്‍ മുതല്‍ അമ്മക്കുണ്ടായ മൌനം നമ്മള്‍ ശ്രധിക്കണമായിരുന്നു ഷൈലേ….സണ്ണി കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനേ സ്ഥിതി..?”

“കുറച്ചു നാളായി അമ്മ വളരെ നോര്‍മല്‍ ആയിരുന്നല്ലോ…അതുകൊണ്ട് ഞാനും അത്രങ്ങു ശ്രദ്ധിച്ചില്ല.. ഷൈലയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ ധ്വനിയുണ്ടായിരുന്നു.
”അച്ഛനുമായുള്ള ഡിവോര്‍സ് അമ്മക്ക് ആശ്വാസമായിരുന്നു എന്നല്ലേ വിഷ്ണുവേട്ടന്‍ പറഞ്ഞിട്ടുള്ളത് എന്നിട്ടിപ്പോള്‍ എന്തു പറ്റിയാവോ?“
“അതൊക്കെ ശരി തന്നെ..പഴയ അസുഖകരമായ ഓര്‍മ്മകള്‍ വീണ്ടും അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കും. അമ്മയുടെ പഴയ ഡോക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ വിളിച്ച് വൈകുന്നേരത്തേക്ക് ഒരു അപ്പോന്മെന്റ് എടുത്തേക്കാം“
“വിഷ്ണുവേട്ടന്‍ ഇന്നു കുറച്ചു നേരത്തെ ഓഫീസില്‍നിന്നും വന്നാല്‍ മതി.ഞാന്‍ അമ്മയെ തയ്യാറാക്കി നിറുത്തിയേക്കാം“

അവരുടെ സംസാരം കേട്ടു കിടന്ന ജയന്തി ഭൂതകാല യാത്രകളുടെ തളര്‍ച്ചയില്‍ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു പോയി.

ഏന്തോ ശബ്ദം കേട്ട് കണ്ണു തുറന്നപ്പോള്‍ മേശപ്പുറത്ത് കുടിക്കുവാനുള്ള വെള്ളം നിറച്ച ജഗ്ഗു വച്ചിട്ടു ഷൈല പോകുന്നത് കണ്ടു. എനിക്കസുഖമൊന്നുമില്ല ഷൈലേ. എന്നു പറയണം എന്നവര്‍ക്കു തോന്നി. ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം. അവര്‍ വീണ്ടും മയക്കത്തിലേക്കു വഴുതി വീണു…