11.10.09

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍

ഗുല്‍മോഹറുകള്‍ പൂക്കുന്ന കാലമായിരുന്നു അത്. ആര്‍ട്ട്സ് കോളേജിന്റെ മുന്നിലുള്ള പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ ചുവന്ന തലപാവണിഞ്ഞു നില്‍ക്കുന്നു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നിലെ നടയിലിരിക്കുന്ന സതീഷും ജയന്തിയും ചുവന്ന പൂക്കള്‍ വിരിച്ച പരവതാനിയിലാണിരിക്കുന്നതെന്നു തോന്നും.

ഷര്‍ട്ടിലേക്കു വീണ പൂവ് തട്ടി കളഞ്ഞുകൊണ്ട് സതീഷ് ജയന്തിയോടു ചോദിച്ചു.

“ജയന്തിക്കു ബസ്സിനു സമയമായോ…?”
“ഇല്ല …അരമണിക്കൂര്‍ കൂടി കഴിയണം“. ജയന്തി വാച്ചില്‍ നോക്കി പറഞ്ഞു.

സതീഷ് എന്നും അഞ്ചരക്കുള്ള ട്രെയിനിനാണ് പോകുന്നത്. ജയന്തിപോയിക്കഴിഞ്ഞ് പതുക്കെ റെയില്‍ വേസ്റ്റേഷനിലേക്കു നടന്നാല് ട്രെയിനിനുള്ള സമയമാകും. കോളേജ് മിക്കവാറും വിജനമാണ്. കുറച്ചകലെയുള്ള കാന്റ്റീനില്‍ നിന്നും കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നതൊഴിച്ചാല്‍. മരത്തണലുകളില് അങ്ങിങ്ങിരുന്ന പ്രണയ ജോടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു.

“ഈ മരത്തിന്റെ കീഴില്‍ നമ്മളെപ്പോലെ എത്ര പേര്‍ ഇരുന്നു കാണും സതീഷ്..?” ജയന്തി സതീഷിനോട് തമാശയായി ചോദിച്ചു
“അവോ..മരത്തിനറിയാമായിരിക്കും…. മൂന്നു തലമുറകള്‍ക്കായി ഈ വയസ്സന്‍ മരം എത്ര തണലൊരുക്കിയിരിക്കുന്നു”
“അവരൊക്കെ ഇപ്പോള്‍ മക്കളൊക്കെയായി സുഖമായി ജീവിക്കുന്നുണ്ടാകും അല്ലേ…?”
“ഉണ്ടായിരിക്കും“ സതീഷ് കുറച്ചൊരു ഗൌരവത്തോടെ പറഞ്ഞു. പിന്നെയേതോ ചിന്തയില്‍ മുഴുകി ഒന്നും മിണ്ടാതെയിരുന്നു.
“സതീഷ്…. ഞാനൊരു കാര്യം പറയാന്‍ മറന്നു പോയി. ഇന്നലെ രാത്രിയില് ഒരു സ്വപ്നം കണ്ടു. നമ്മള്‍ രണ്ടു പേരും കൂടി സതീഷിന്റെ വീട്ടില്പോകുന്നതാ‍യിട്ട്…”
“ഓഹോ…എന്നിട്ട്..?“ അവനവളെ അവളെ കളിയാക്കി
“സത്യം…വീടിനടുത്തുള്ള അബ്ദുക്കായുടെ പീടിക പോലും ഞാന്‍ കണ്ടു..അബ്ദുക്ക നമുക്ക് ഐസിട്ട നാരങ്ങാവെള്ളം തന്നു, നമ്മള്‍ അബ്ദുക്കായോട് യാത്രപറഞ്ഞിറങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണു തുറന്നു പോയി.”
“അതു വലിയ കഷ്ടമായിപ്പോയി“ അയാള്‍ വീണ്ടുമവളെ കളിയാക്കി.
“കളിയക്കണ്ട…കണ്ണു തുറന്നു പോയില്ലായിരുന്നെങ്കില്‍ നേരെ വീട്ടിലെത്തിയേനെ. എന്നാലും അബ്ദുക്കയുടെ പീടികയെങ്കിലും കാണാന്‍ പറ്റിയല്ലോ”
“പക്ഷേ…അതിനു നീ അബ്ദുക്കായെ കണ്ടിട്ടില്ലല്ലോ…”
“അതിനെന്താ..സതീഷ് എത്ര പ്രാവശ്യം എന്നോട് അബ്ദുക്കയുടെ പീടികയെ പറ്റി പറഞ്ഞിരിക്കുന്നു“
.
ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ജയന്തി പരിഭവത്തോടെ പറഞ്ഞു
“എത്രനാളായി ഞാന്‍ പറയുന്നു എന്നെയൊന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍“
“സമയമാകട്ടെ.. വീട്ടിലിതുവരെ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല.“ അയാള്‍ വിഷണ്ണനായി.
“നോക്കിക്കൊളൂ …ഒരിക്കല്‍ ഞാന്‍ തനിയെ അവിടെ വരും. എല്ലാവരെയും അല്‍ഭുതപ്പെടുത്തിക്കൊണ്ട്”
“ശരി..എങ്ങനെ എത്തുമെന്നു പറയൂ..” സതീഷ് ചിരിച്ചുകൊണ്ടവളെ പ്രോത്സാഹിപ്പിച്ചു
“വഴിയെല്ലാം സതീഷ് പലവട്ടം പറഞ്ഞു തന്നിട്ടില്ലേ…താമരക്കുളങ്ങര റെയില്‍ വേസ്റ്റേഷന്,മുന്നില്‍ ചെമ്മണ് പാത ,കുറച്ചു നടന്നാല്‍ പഞ്ചായത്ത് കിണര്‍, കുരിശുമ്മൂട് കവല. അവിടെ നിന്നും വലത്തോട്ട് തിരിയുമ്പോള്‍ ട്രാന്‍സ്ഫോര്‍മറിനടുത്ത് അബ്ദുക്കായുടെ പെട്ടിക്കട. ഞാന്‍ അബ്ദുക്കായോട് ചോദിക്കും ആര്‍ട്ട്സ് കോളേജില്‍ എം.എ.ക്കുപഠിക്കുന്ന സതീഷിന്റെ വീടെവിടെയാണെന്ന്.“
സതീഷിന്റെ വീടിനടുത്തുള്ള റെയില്‍വേസ്റ്റേഷനും വീട്ടിലേക്കുള്ള വഴിയും അബ്ദുക്കായുടെ പെട്ടിക്കടയും എല്ലാം അവള്‍ക്കു മനപ്പാഠമാണ്.

“അപ്പോള്‍ കാണാം യഥാര്‍ത്ഥ അല്‍ഭുതം.നിന്റെ കാര്‍ഷെഡ്ഡിന്റത്രയുമുള്ള എന്റെ കൊച്ചു വീട്.”
“തുടങ്ങി കോമ്പ്ലക്സ്..” ജയന്തി ദേഷ്യപ്പെട്ടു

വീട്ടില്‍ കൊണ്ടുപോകുന്ന കാര്യം എപ്പോള്‍ പറഞ്ഞാലും സതീഷ് അവസാനിപ്പിക്കുന്നത് ഇതു പറഞ്ഞായിരിക്കും

“ഇനി എന്നു ഇതുപോലെ സ്വപ്നം കാണുന്നുവോ ..അന്നു ഞാന്‍ സതീഷിന്റെ വീട്ടിലെത്തിയിരിക്കും.രാവിലെ ഉണര്‍ന്നെണീക്കുന്ന സതീഷ് ചിലപ്പോള്‍ എന്നെയായിരിക്കും കണി കാണുന്നത്…”

“എങ്കില്‍ എന്റെ അന്നത്തെ ദിവസം പോക്കായിരിക്കും” അവന്‍ അവളെ ചൊടിപ്പിച്ചു.
“ഞാന്‍ പോകുന്നു..എന്റെ ബസ്സിപ്പൊ വരും.. “

ജയന്തി എഴുന്നേറ്റ് കോളേജിനു മുന്നില്‍ത്തനെയുള്ള ബസ്സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നു പോകുന്നതു നോക്കി സതീഷ് ചെറു പുഞ്ചിരിയുമായി അവിടത്തന്നെയിരുന്നു.

ട്രെയിനിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ടിരുന്ന ജയന്തി വിചാരിച്ചു സതീഷ് അല്‍ഭുതപ്പെടും തന്നെ കാണുമ്പോള്‍. പറഞ്ഞത് കളിയായിരുന്നില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ. എത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു ഒന്നു വീട്ടില്‍ കൊണ്ടു പോകുവാന്‍.സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും അവള്‍ക്ക് സൈഡില്‍ത്തന്നെ സീറ്റുകിട്ടി. ചുറ്റുമുള്ള ആരെയും അവള്‍ ശ്രദ്ധിക്കാന്‍ പോയില്ല.ആരെങ്കിലും പരിചയമുള്ളവരെ കണ്ടാല്‍പ്പിന്നെ എവിടെപ്പോകുന്നു എന്ന് പറയേണ്ടി വരും. അച്ഛന്റെ ചെവിയില് അതെത്താനും മതി. ഏതോ പരിചയമുള്ള മുഖം അവളെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അവള്‍ പുറത്തേക്ക് തലതിരിച്ചു കാഴ്ചകള്‍ നോക്കിയിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളും പുഴയും താണ്ടി ട്രെയിന് ഓടിക്കൊണ്ടിരുന്നു. എത്ര പ്രകൃതിഭംഗിലുള്ള നാടാണ് സതീഷിന്റേത്.വയലില്‍ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെ ജയന്തി കൌതുകത്തോടെ നോക്കി. താമരക്കുളങ്ങരക്കു മുന്‍പുള്ള സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ജയന്തി തയ്യാറായി നിന്നു. കുറെ ആളുകള്‍ അവളോടൊപ്പം ഇറങ്ങി. അതിലധികം ആളുകള്‍ കയറുകയും ചെയ്തു. ചുറ്റും നോക്കിയപ്പോള്‍ മനസ്സിലായി സതീഷ് പറഞ്ഞ പോലെ അത്രക്കങ്ങു ചെറിയ സ്റ്റേഷന്‍ അല്ല അതെന്ന്. കടകകളും ബുക്ക് സ്റ്റാളും എസ്സ്.സ്റ്റി.ഡി ബൂത്തുമൊക്കെയായി ഒരു ഇടത്തരം സ്റ്റേഷന്. ഓട്ടോകളും ടാക്സികളും അവിടെ യാത്രക്കാരെ കാത്തു നിരയായി കിടക്കുന്നു. ചെമ്മണ്ണിട്ട വഴി കാണുന്നില്ല. ടാറിട്ട ഒരു റോഡാണ് മുന്നില്. റോഡ് ടാറിട്ട കാര്യം സതീഷ് എന്തേ പറയാന്‍ മറന്നത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പഞ്ചായത്ത് കിണര്‍ കണ്ടു. പിന്നെ കവലയും. വഴി തെറ്റിയിട്ടില്ലെന്ന് ഉറപ്പായി. വലത്തേക്കു തിരിഞ്ഞപ്പോള്‍ രണ്ടു മൂന്നു കടകള്‍. ട്രാന്‍സ്ഫോര്‍മറിന്റെ അടുത്ത് പെട്ടിക്കട കാണുന്നില്ല .പകരം ഒരു സ്റ്റേഷനറിക്കട. ഈ സതീഷിന്റെ ഒരു കാര്യം എല്ലാം ചെറുതാക്കി പറഞ്ഞിരിക്കുന്നു. അവള്‍ മനസ്സിലോര്‍ത്തു.

ഒരു നിമിഷം അവള്‍ സംശയിച്ചു നിന്നിട്ട് സ്റ്റേഷനറികടയിലേക്ക് കയറി. കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരിക്കുന്നവരോട് സംസാരിച്ചു നിന്ന ചെറുപ്പകാരനോട് ചോദിച്ചു.
“അബ്ദുക്കായുടെ കട ഇതല്ലേ…?“ അവള്‍ സംശയത്തോടെ തന്നെ ചോദിച്ചു
“അതേ…ബാപ്പ ഇപ്പോള്‍ വരാറില്ലല്ലോ..ഇപ്പോള്‍ ഞാനാ കട നോക്കുന്നത്…”.പിന്നെ അയാള്‍ അവളെ ചോദ്യ ഭാവത്തില് നോക്കി.
“ആര്‍ട്സ് കോളേജിലെ സതീഷിന്റെ വീട്…?”
“സതീഷ് സാറ് കുറച്ചു മുന്‍പ് കോളേജിലേക്കു പോയല്ലോ..”
“ഇത്ര നേരത്തേയോ..?”
ജയന്തിക്ക് അതിശയം തോന്നി. എപ്പോഴും ഫസ്റ്റവര്‍ കഴിഞ്ഞ് കോളേജിലെത്താറുള്ള കക്ഷിയാണ്
പെട്ടെന്ന് പുറത്തേക്ക് നോക്കി അവന്‍ പറഞ്ഞു
“ദാ…സതീഷ് സാറിന്റെ ഭാര്യയും മകനും വരുന്നു. സ്റ്റേഷനിലേക്കാണെന്നു തോന്നുന്നു…..അവരോട് ചോദിച്ചോളൂ.”
മിറര്‍ വര്‍ക്ക് ചെയ്ത വയലറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഒരു യുവാവും നടന്നടുക്കുന്നുണ്ടായിരുന്നു. ഇയാളിതെന്താ പറയുന്നതെന്ന ഭാവത്തില്‍ ചെറുപ്പക്കാരനെ നോക്കിയിട്ട് ജയന്തി കടയുടെ പുറത്തേക്കിറങ്ങി. അവള്‍ക്കു ചിരിവന്നു. ഭാര്യയും മുതിര്‍ന്ന മകനും. അയാള്‍ക്കു തെറ്റിയതായിരിക്കും. വേറെയാരുടെയെങ്കിലും കാര്യമായിരിക്കും അയാള്‍ പറഞ്ഞത്.
പക്ഷേ ആ മകന് സതീഷിന്റെ അതേ ഛായ. ആ താടിയില്ലെന്നു മാത്രം. നടത്തയും അതുതന്നെ. പിന്നില്‍ നിന്നു നോക്കിയപ്പോള് സതീഷ് നടന്നു പോകുകയാണെന്നു തോന്നി. അവള്‍ക്കൊന്നും മനസ്സിലായില്ല. സ്റ്റേഷനിലേക്കുളള വഴിയേ നടന്നു പോകുന്ന അവരെ നോക്കി നിന്ന ജയന്തി കുറച്ചു നേരം അതേ നില്‍പ്പില്‍ത്തന്നെ നിന്നു………………
എത്രസമയം അവള്‍ അങ്ങനെ നിന്നു കാണും…? അരോ അവളുടെ കയ്യില്‍ പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കിയ ജയന്തി കണ്ടത്..വിഷ്ണുവിനെ!! വളരെ പരിഭ്രാന്തനായിരുന്നു അയാള്‍.
വിഷ്ണുവോ……? അപ്പോള് സതീഷിന്റെ വീട്..? ഇന്നലത്തെ രാത്രിയിലെ സ്വപ്നം….? താനിപ്പോഴെവിടെയാണ്...? ഒന്നിനും ഉത്തരമില്ല. മുന്‍പിലുള്ള റോഡും ട്രാന്‍സ്ഫോര്‍മറും കീഴ്മേല് മറിയുന്നു. അവര്‍ മകന്റെ തോളിലേക്കു ചാഞ്ഞു.

“അമ്മേ..അമ്മയെങ്ങനെ തനിയെ ഒരു പരിചയവുമില്ലാത്ത ഈ സ്ഥലത്തു വന്നു ..? അതും ആരോടും പറയാതെ!! രാവിലെ അമ്പലത്തില്‍ പോയതായിരിക്കും എന്നു ഞങ്ങള് വിചാരിച്ചിരിക്കുകയായിരുന്നു. ഷൈലയോടെങ്കിലും പറയാമായിരുന്നില്ലേ…”.വിഷ്ണുവിന്റെ ചോദ്യത്തിനു ജയന്തിക്കു മറുപടിയുണ്ടായിരുന്നില്ല.

അമ്മയെ താങ്ങിപ്പിടിച്ചു കൊണ്ട് വിഷ്ണു കാറിനടുത്തേക്കു നടന്നു. സീറ്റിലിരുത്തി. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചു വരവ് അവരെ വല്ലാതെ ഉലച്ചു കളഞ്ഞു.അതു താങ്ങാനാവാതെ തകര്‍ന്നു പോയ അവര്‍ തല പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു കിടന്നു. ഡ്രൈവു ചെയ്യുന്നതിനിടയില്‍ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു
“അമ്മ ട്രെയിന്‍ കയറി പോന്ന കാര്യം സണ്ണിയാണ്
എന്നെ അറിയിച്ചത്. സണ്ണി അതേ ട്രെയിനിലുണ്ടായിരുന്നു. എവിടെപ്പോകുന്നു എന്നു ചോദിച്ചിട്ട് അമ്മ മറുപടിയൊന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നപ്പോള് സംശയം തോന്നി എന്നെ അവന്‍ ഉടനെ വിളിക്കുകയായിരുന്നു. ഉടനെ തന്നെ ഞാന്‍ കാറുമെടുത്തു കൊണ്ട് പായുകയായിരുന്നു. ഭാഗ്യത്തിന് ട്രെയിന്‍ ക്ലിയറന്‍സിനു നിറുത്തിയിരുന്നതുകൊണ്ട് ഒപ്പമെത്തുവാന്‍ പറ്റി“

ജയന്തി ഒന്നും മിണ്ടാതെ വാക്കുകള്‍ നഷ്ടപ്പെട്ടവളായി കിടന്നു. തലക്കുള്ളില്‍ കടന്നലുകള്‍ ഇരമ്പുന്ന ശബ്ദം…ഇന്നലെ രാത്രിയിലെ മനോഹര സ്വപ്നത്തിന്റെ മറക്കാനാവാത്ത ദൃശ്യങ്ങള്‍… …ചെമ്മണ്‍ പാത….. അബ്ദുക്കായുടെ പെട്ടിക്കട…ഐസിട്ട നാരങ്ങാ‍വെള്ളത്തിന്റെ സ്വാദ്…ട്രിം ചെയ്ത മനോഹരമായ താടിയുള്ള സതീഷിന്റെ സുന്ദരമായ മുഖം…അവന്റെ കണ്ണുകളുടെ സ്നേഹാദ്രമായ നോട്ടം…അതില്‍ അലിഞ്ഞില്ലാതാവുന്ന, അവനോടൊപ്പമുള്ള ജീവിതം മോഹിച്ചു നടക്കുന്ന ജയന്തിയെന്ന പെണ്‍കുട്ടി.…സ്വപ്നത്തിന്റെ തുടര്‍ച്ചയെന്നോണം സതീഷിന്റെ വീട്ടിലേക്കുള്ള യാത്ര…രാത്രിയും കഴിഞ്ഞ് പകലിലേക്കു നീണ്ട ആ സ്വപ്നം ഇപ്പോള്‍ ഇവിടെ പെട്ടെന്ന് അവസാനിച്ചിരിക്കുന്നു…

തലക്കുള്ളിലെ കടന്നലുകള്‍ മനസ്സിനെ വീണ്ടും അനുഭവിച്ചു തീര്‍ത്ത, ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് പറപ്പിച്ചുകൊണ്ടു പോയി..
“ഏതോ ദരിദ്രവാസിയുടെ കൂടെ ഒളിച്ചോടാന്‍ തയ്യാറെടുത്തു നിന്ന പെണ്ണിനെ തലയില്‍ കെട്ടി വെച്ചു തന്ന കിഴവന്‍..” മദ്യത്തിന്റെ ലഹരിയില്‍ കുഴഞ്ഞ ശങ്കറിന്റെ ശബ്ദം…
ചിലപ്പോള്‍ പന്ത്രണ്ടു വസ്സുകാരനായ വിഷ്ണുവിനോടായിരിക്കും കഥ പറച്ചില്‍ മുഴുവനും.
“ചത്തുപോയ നിന്റെ അപ്പൂപ്പനുണ്ടല്ലോ ആ..വലിയ പ്രതാപി..വലിയ കൊമ്പത്തെ തറവാട്ടുകാരനാണത്രേ… അയാള്‍ ഓഫര്‍ ചെയ്ത കാറും ബംഗ്ലാവുമെല്ലാം കണ്ട് ഞാന്‍ ആ കെണിയില്‍ ഞാന്‍ വീണുപോകുകയായിരുന്നു.“
ഒന്നും മിണ്ടാതിരുന്ന വിഷ്ണുവിനോട് വീണ്ടും അയാള്‍ തുടരുന്നു
“ഒരു കാര്യത്തില്‍ മാത്രം ഞാന്‍ രക്ഷപ്പെട്ടു. ഇവള്‍ പ്രസവിച്ചത് കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാ..അല്ലെങ്കില്‍ ഞാന്‍ ആ തെണ്ടിയുടെ മകനെ ചുമക്കേണ്ടി വന്നേനെ…..അയാളിപ്പോ നിന്റമ്മയുമായി പ്രേമിച്ചുനടന്ന അതേ കോളേജിലെ സാറാ…ഇടക്കുപോയി പ്രേമം പുതുക്കാന്‍ പറ..നിന്റമ്മയോട്…“

പന്ത്രണ്ടു വയസ്സുകാരന്‍ മകന്റെ മുന്നില്‍, അവന്റെ അമ്മയെ ക്രൂരമായി അപമാനിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ഭര്‍ത്താവ്.അപമാന ഭാരം കൊണ്ട് മകന്റെ മുഖത്തു നോക്കുവാന്‍ കഴിയാതെ നിസ്സഹയയായി എരിയുന്ന അമ്മ. ഒരക്ഷരം ഉരിയാടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുന്ന മകന്‍. പെട്ടെന്നൊരു ദിവസം ഡിവോര്‍സ് എന്ന ആവശ്യവുമായി ശങ്കര്‍ വന്നപ്പോള്‍
“അമ്മ രക്ഷപ്പെട്ടു” എന്നു വിഷ്ണുവിനോട് ആശ്വാസത്തോടെ പറഞ്ഞ ജയന്തിക്ക്.
“അമ്മ മാത്രമല്ല ഞാനും“ എന്ന മറുപടിയാണ് ലഭിച്ചത്.

കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി ഹോണടിച്ചപ്പോള്‍ പുറത്തേക്കു വന്ന ഷൈലയോട് വിഷ്ണു പറഞ്ഞു
“ഷൈലേ..അമ്മക്കു നല്ല സുഖമില്ല…ബെഡ് റൂമില്‍ കൊണ്ടു കിടത്തൂ…”

കാറില്‍നിന്നും ഇറങ്ങി ഒരു പ്രതിമയെപ്പോലെ നിന്ന ജയന്തിയെ താങ്ങിപ്പിടിച്ച് ഷൈല സാവധാനം മുറിയില്‍ കൊണ്ടുപോയിക്കിടത്തി. മുറിയിലേക്കു നടക്കുമ്പോള് ആതിര മോള്‍ “അച്ഛമ്മേ..” എന്നു പറഞ്ഞ് അടുത്തേക്കുവന്നതും അവര്‍ അറിഞ്ഞില്ല.

കട്ടിലില്‍ കിടന്നുകൊണ്ട് അടുത്തമുറിയില്‍ നിന്നും വിഷ്ണുവിന്റെയും ഷൈലയുടെയും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാമായിരുന്നു
“ഇന്നലത്തെ കല്യാണത്തിന് അച്ഛനെയും ഭാര്യയെയും കണ്ടപ്പോള്‍ മുതല്‍ അമ്മക്കുണ്ടായ മൌനം നമ്മള്‍ ശ്രധിക്കണമായിരുന്നു ഷൈലേ….സണ്ണി കണ്ടില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തായേനേ സ്ഥിതി..?”

“കുറച്ചു നാളായി അമ്മ വളരെ നോര്‍മല്‍ ആയിരുന്നല്ലോ…അതുകൊണ്ട് ഞാനും അത്രങ്ങു ശ്രദ്ധിച്ചില്ല.. ഷൈലയുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ ധ്വനിയുണ്ടായിരുന്നു.
”അച്ഛനുമായുള്ള ഡിവോര്‍സ് അമ്മക്ക് ആശ്വാസമായിരുന്നു എന്നല്ലേ വിഷ്ണുവേട്ടന്‍ പറഞ്ഞിട്ടുള്ളത് എന്നിട്ടിപ്പോള്‍ എന്തു പറ്റിയാവോ?“
“അതൊക്കെ ശരി തന്നെ..പഴയ അസുഖകരമായ ഓര്‍മ്മകള്‍ വീണ്ടും അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കും. അമ്മയുടെ പഴയ ഡോക്ടര്‍ക്ക് ഇപ്പോള്‍ത്തന്നെ വിളിച്ച് വൈകുന്നേരത്തേക്ക് ഒരു അപ്പോന്മെന്റ് എടുത്തേക്കാം“
“വിഷ്ണുവേട്ടന്‍ ഇന്നു കുറച്ചു നേരത്തെ ഓഫീസില്‍നിന്നും വന്നാല്‍ മതി.ഞാന്‍ അമ്മയെ തയ്യാറാക്കി നിറുത്തിയേക്കാം“

അവരുടെ സംസാരം കേട്ടു കിടന്ന ജയന്തി ഭൂതകാല യാത്രകളുടെ തളര്‍ച്ചയില്‍ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു പോയി.

ഏന്തോ ശബ്ദം കേട്ട് കണ്ണു തുറന്നപ്പോള്‍ മേശപ്പുറത്ത് കുടിക്കുവാനുള്ള വെള്ളം നിറച്ച ജഗ്ഗു വച്ചിട്ടു ഷൈല പോകുന്നത് കണ്ടു. എനിക്കസുഖമൊന്നുമില്ല ഷൈലേ. എന്നു പറയണം എന്നവര്‍ക്കു തോന്നി. ജീവിതത്തില്‍ ഒരിക്കല് മാത്രം അനുഭവിച്ച സ്നേഹലോകത്തേക്ക് കുറച്ചു സമയത്തേക്ക് എന്നെ സ്നേഹിക്കുന്ന ഏതോ ശക്തി ഒന്നു കൂട്ടിക്കൊണ്ടു പോയി. അതിനായി ലോകം പോലും എനിക്കായി എന്റൊപ്പം പിന്നോട്ടു സഞ്ചരിച്ചു. എനിക്കായി മാത്രം. അവര്‍ വീണ്ടും മയക്കത്തിലേക്കു വഴുതി വീണു…

16 comments:

 1. കഥ മനോഹരമായിരിയ്ക്കുന്നു. വ്യത്യസ്തതയുണ്ട്.

  ഇനിയും എഴുതുക, ആശംസകള്‍!

  ReplyDelete
 2. നല്ല വായനാ സുഖം തരുന്ന രചന.
  കുറച്ചുകൂടി ഒന്ന് കുറുക്കി എഴുതിയാല്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നത് എന്റെ തോന്നല്‍.

  ReplyDelete
 3. ജയന്തിയുടെ വേദനയും വിഭ്രമവും മനസ്സില്‍ തട്ടി... നല്ല കഥ... തുടരുക, ആശംസകള്‍...

  ReplyDelete
 4. ezhuthiyathil eettavum nallathu ee kathayaanu.. reality, fantasy um ude valare nalla mixture..

  All tbe best!

  ReplyDelete
 5. Valare manoharamaaya kadha...

  Sinu

  ReplyDelete
 6. സത്യത്തിൽ ബ്ലൊഗ്ഗർ പണി തുടങ്ങിയ കാലത്ത് ഈ കഥ ഓടിച്ചു കുറച്ചു ഭാഗം വായിച്ചിരുന്നു പക്ഷെ ബ്ലൊഗ്ഗ് ഏതാ നോക്കിയിരുന്നില്ല പിന്നെ ഞാനീ‍ കഥ തേടി നടക്കൂകയായിരുന്നു .ശെരിക്കും വളരെ വളരെ നാല്ലൊരു ത്രെഡ് ആണ് ഈ കഥയൂടെ.ലക്ഷണമൊത്ത ഒന്ന്. കുറുക്കി എഴുതാൻ ശ്രദ്ധിക്കാതീരുന്നത് ക്രൂരതയായിപ്പോയി എന്നു പറഞ്ഞാൽ ദേഷ്യം തോന്നരുത്

  ReplyDelete
 7. njan nerathe vayichu ..
  coment idanjath enthanennu albhutham!!
  nandi .. ennatheyum pole

  ReplyDelete
 8. കഥ വായനക്കാരന്‍ ഉദ്ദേശിക്കാത്ത വഴിയിലൂടെ കൊണ്ട് പോകാന്‍ പറ്റുമ്പോള്‍ ആണ് പൂര്‍ണമായി വിജയമാകുന്നത് , തുടങ്ങിയപ്പോള്‍ പതിവ് കഥ ആകുമെന്ന് കരുതി എവിടെയോ വച്ച് പതുക്കെ അത് ഒരു പതിഞ്ഞ താളമായി ...മനസില്‍ പടര്‍ന്നു

  ReplyDelete
 9. കഥ വായനക്കാരന്‍ ഉദ്ദേശിക്കാത്ത വഴിയിലൂടെ കൊണ്ട് പോകാന്‍ പറ്റുമ്പോള്‍ ആണ് പൂര്‍ണമായി വിജയമാകുന്നത് , തുടങ്ങിയപ്പോള്‍ പതിവ് കഥ ആകുമെന്ന് കരുതി എവിടെയോ വച്ച് പതുക്കെ അത് ഒരു പതിഞ്ഞ താളമായി ...മനസില്‍ പടര്‍ന്നു

  ReplyDelete
 10. കഥ വായനക്കാരന്‍ ഉദ്ദേശിക്കാത്ത വഴിയിലൂടെ കൊണ്ട് പോകാന്‍ പറ്റുമ്പോള്‍ ആണ് പൂര്‍ണമായി വിജയമാകുന്നത് , തുടങ്ങിയപ്പോള്‍ പതിവ് കഥ ആകുമെന്ന് കരുതി എവിടെയോ വച്ച് പതുക്കെ അത് ഒരു പതിഞ്ഞ താളമായി ...മനസില്‍ പടര്‍ന്നു

  ReplyDelete
 11. ക്ഷണക്കത്ത് വഴിയാണ് ഇവിടെയെത്തിയത്. വായിച്ചിരുന്നില്ല നേരത്തെ ഈ കഥ. പലവട്ടം ഉദ്ദേശിച്ച ട്രാക്കില്‍ നിന്നും വ്യതിചലിപ്പിച്ചു റോസിലി ഈ കഥയെ. അഭിനന്ദനങ്ങള്‍

  ReplyDelete
 12. നല്ല വായനാ സുഖം തരുന്ന രചന മനസ്സില്‍ തങ്ങി നില്‍ക്കുന്നു .....ജയന്തി മനസ്സില്‍ മായാതെ നില്‍ക്കുന്നു ....ആശംസകള്‍


  http://pradeep-ak.blogspot.com/2011/11/blog-post.html
  പ്രിയരെ നീണ്ട ഒരു ഇടവേളക്കു ശേഷം എന്റെ ഒരു കവിത ശ്രദ്ദിക്കുമല്ലോ ,,,,,,

  ReplyDelete
 13. വിഭ്രാന്തിയിലൂടെ യാത്ര ചെയ്യുന്ന മൂന്ന് നായികമാരെ കണ്ടു റോസിലിക്കഥകളില്‍ ഇതുവരെ. ഇനിയും കാണുമായിരിക്കാം. വായന തുടരട്ടെ

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍