8.2.11

ബെക്കര്‍വാളുകള്‍


പശുക്കളെ പുല്മേട്ടില്‍ മേയാന്‍ വിട്ടിട്ട് നയീം തലയുയര്‍ത്തി ആകാശത്തേക്ക് നോക്കി. അങ്ങ് ഏറ്റവും ഉയരത്തിലുള്ള മലനിരകളില്‍ ഇനിയും മഞ്ഞു വീണിട്ടില്ല. സാഹ്നയും കുടുംബവും ഇപ്പോഴും അവിടെത്തന്നെയായിരിക്കും. ഏറ്റവും മുകളില്‍ മുകളറ്റം പരന്നിരിക്കുന്ന ആ ചതുര മലമുകളിലാണ് ആദ്യം മഞ്ഞു വീഴുക. മലക്കുകള്‍* താമസിക്കുന്ന സ്ഥലം എന്നാണ് കുഞ്ഞു നാളില്‍ ആ മലയെപ്പറ്റി പറഞ്ഞിരുന്നത്. ചതുര മലയില്‍ മഞ്ഞു നിറയുമ്പോള്‍ മലക്കുകള്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ച ചിറകുകളുമായി മലയില്‍ നിന്നിറങ്ങി അന്തരിക്ഷത്തില്‍ പറന്നു നടക്കുമത്രേ. എന്നിട്ട് ഇടക്കിടക്ക് ചിറകള്‍ കുടയും. അപ്പോള്‍ അവന്റെ വീടും കൃഷിയിടങ്ങളും എല്ലാം മഞ്ഞു വീണു മലക്കുകളുടെ ഉടുപ്പുപോലെ തൂവെള്ള നിറത്തിലിരിക്കും. ആ സമയത്ത്‌ അവര്‍ വേനല്‍ക്കാലത്ത് കാട്ടില്‍ പോയി ശേഖരിച്ചു വെച്ച വിറകുകള്‍ എടുത്ത്‌ തീ കൂട്ടി അതിനു മുന്നില്‍ തീ കാഞ്ഞിരിക്കും. മഞ്ഞില്‍ പുറം ജോലികളൊന്നും ചെയ്യാനില്ലാത്ത അവന്റെ അമ്മിയുടെ വിരലുകള്‍ കമ്പിളി നൂലുകളില്‍ ചലിച്ചു കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അവന്റെ കുഞ്ഞു സഹോദരന്‍ അമീറിനുള്ള കമ്പിളി ഉടുപ്പായിരിക്കും അല്ലെങ്കില്‍ അവന്റെ തൊട്ടു ഇളയ സഹോദരി മേഹ്നാജിനുള്ളത്.
മലക്കുകളെ കാണുവാനായി കുട്ടികള്‍ ഉത്സാഹത്തോടെ മഞ്ഞു വീഴുന്ന സമയത്ത് വീടിന് പുറത്തിറങ്ങി നോക്കും. അതുവരെ മഞ്ഞില്‍ പറന്നു നടക്കുന്ന മലക്കുകള്‍ കുട്ടികള്‍ വീടിനു വെളിയില്‍ വരുമ്പോള്‍ പെട്ടെന്ന്‍ അദൃശ്യരായി കളയുമത്രേ. ഇനി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാമെന്നു വെച്ചാലോ അങ്ങനെ കുട്ടികള്‍ മനസ്സില്‍ വിചാരിക്കുമ്പോഴേ മലക്കുകള്‍ അതറിയും. അപ്പോള്‍ തന്നെ അവര്‍ മറയും .
പിന്നിലെ ഉണക്ക ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട നയീം തിരഞ്ഞു നോക്കി. മരങ്ങളെല്ലാം ഇല പൊഴിച്ചു തുടങ്ങിയിരിക്കുന്നു. ജെരീഫ കയ്യില്‍ പാത്രങ്ങളുമായി വരുന്നുണ്ട്. പശുക്കളെ കറക്കുവാനുള്ള സമയമായിരിക്കുന്നു.
“എന്താ നയീം നീ മുകളിലേക്ക് നോക്കിയിരിക്കുന്നത്? അവര്‍ വാരാറായിട്ടില്ല ഇനിയും. രണ്ടാഴ്ചയെങ്കിലും എടുക്കും മുകളില്‍ മഞ്ഞു വീഴാന്‍. അത് വരെ അവര്‍ അവിടെത്തന്നെ ആടു മേയ്ക്കുകയായിരികും.”
നയീം ചേച്ചിയെ നോക്കി സാവധാനം തലയാട്ടി.
കറവ പാത്രങ്ങള്‍ താഴെ വെച്ച് ജെരീഫ പശുക്കളിലൊന്നിനെ അരികില്‍ നിര്‍ത്തി പാല്‍ കറന്നു തുടങ്ങി. പാത്രത്തില്‍ പാലു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ നയീം എഴുന്നേറ്റു ചെന്നു മറ്റൊരു പശുവിനെ കറക്കാനാരംഭിച്ചു.
“നയീം കുറെ നാളായി നിന്നോടു ചോദിക്കണമെന്ന് വിചാരിക്കുന്നു. എന്തിനാണ് നീ അവര്‍ വരുന്നതും കാത്തിങ്ങനെ ഇരിക്കുന്നത്. നാടോടികളായ ആ ഗുജര്‍ പെണ്ണ് എങ്ങനെ നിനക്ക് ചേരും? അബ്ബ അറിഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല അത്. ഞാന്‍ പറഞ്ഞു തന്നില്ലെന്നു വേണ്ട.”
“ഇല്ലാ അങ്ങനെ ഒന്നും ഇല്ല. ഞാന്‍ അവരെ കാത്തിരുന്നതൊന്നുമല്ല. എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം തമ്മില്‍ കാണുന്നവരല്ലേ അവര്‍. അത് കൊണ്ടുള്ള ഒരു പരിചയം മാത്രം. അല്ലാതൊന്നുമില്ല.” അവന്‍ തപ്പിത്തടഞ്ഞു കള്ളം പറയാന്‍ ശ്രമിച്ചു.
”എങ്കില്‍ നല്ലത്. പക്ഷെ അവള്‍ എന്നോടു പറഞ്ഞത്‌ അങ്ങനെയല്ല.” തലയുയര്‍ത്താതെ പറഞ്ഞു ജെരീഫ കറവ തുടര്‍ന്നു.
നയീം കറവ നിറുത്തി പെട്ടെന്ന് തല തിരിച്ചു സഹോദരിയെ നോക്കി. ജെരീഫ ചെറുചിരിയോടെ കറവ തുടരുകയാണ്.
പാല്‍ പാത്രങ്ങളുമായി ജെരീഫ പോയിട്ടും നയീം ചിന്തകളില്‍ ഉഴറി നടന്നു.
എന്നാണ് അവന്‍ ആദ്യമായി സഹ്നയെ കാണുന്നത്...? അത്ര ഓര്‍മ്മ കിട്ടുന്നില്ല. ശൈത്യ കാലം കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ താഴ്വരയിലെ പുല്ലുകള്‍ തീരാറാകും. ആടുകള്‍ക്ക് പുല്ലു തികയാതെ വരുമ്പോള്‍ ബെക്കര്‍വാള്കള്‍ കൂട്ടത്തോടെ നൂറു കണക്കിനു ആടുകളുമായി മല കയറിത്തുടങ്ങും. വായ കൊണ്ടു ചൂളം കുത്തി പുരുഷന്മാര്‍ ആടുകളെ മുകളിലേക്ക് തെളിക്കും. നല്ല വലിപ്പമുള്ള കാവല്‍ നായകള്‍ ആടുകളുടെ മുന്നേ നടക്കുന്നുണ്ടാകും. വീട്ടുസാധനങ്ങളും കമ്പിളിയുടുപ്പുകളും പുറത്തു കെട്ടിവച്ച കോവര്‍ കഴുതകളെ തെളിച്ച് സ്ത്രീകളും കുട്ടികളും പിന്നാലെ ഉണ്ടാകും. തീരെ ചെറിയ കുട്ടികള്‍ മിക്കവാറും കോവര്‍ കഴുതപ്പുറത്തു തന്നെയായിരിക്കും.
സഹ്നയും അവളുടെ ഇളയ സഹോദരന്മാരും അബ്ബയും അമ്മിയും അടങ്ങിയ കൂട്ടം എല്ലാ വര്‍ഷവും മല കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും അവന്റെ് വീടിനടുത്തുള്ള ചരിവില്‍ കുറച്ചു ദിവസം തമ്പടിക്കാറുണ്ട്. ചരിവിനടുത്തുള്ള പുല്മേടുകളില്‍ ആടുകള്‍ മേഞ്ഞു നടക്കുമ്പോള്‍ കുട്ടികള്‍ നയീമിനും സഹോദരങ്ങള്ക്കു്മൊപ്പം കളിക്കും. ഗുജറുകളുടെ രാജസ്ഥാനി നാടോടി ഭാഷ അവര്‍ക്ക് ആദ്യമൊന്നും മനസ്സിലാകാറില്ലായിരുന്നു. പക്ഷെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല. സാഹ്നയുടെ അബ്ബ ഗുലാം അഹമ്മദ്‌ ആ നേരത്ത്‌ ചന്തയില്‍ പോയി അടുത്ത ഇടത്താവളത്തിലെത്തുന്നത് വരെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിവരും.
ഒരിക്കല്‍ ചന്തയിലേക്ക് പോകുവാന്‍ തുടങ്ങിയ നയീമിന്റെ കൂടെ “എനിക്കും വരണം “ എന്ന് സാഹ്ന ചിണുങ്ങിയപ്പോള്‍ അവളുടെ എണ്ണ തേക്കാത്ത പിന്നിക്കെട്ടിയ ചെമ്പന്‍ മുടിയിലേക്കും വൃത്തിയില്ലാത്ത ലഹങ്കയിലേക്കും നോക്കി അവന്‍ ജരീഫയോടു പറഞ്ഞു
“അയ്യേ..എനിക്കു നാണക്കേടാ ഇവളെ കൂടെ കൊണ്ടു നടക്കാന്‍.. കണ്ടില്ലേ ഇരിക്കുന്നത്..?
അതു കേട്ട സാഹ്ന കരയാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ജെരീഫ അവളുടെ മുഖം കഴുകി മുടി ചീകിയൊതുക്കി കൂടെ വിട്ടപ്പോള്‍ അവന്റെട നാട്ടിലെ കുട്ടികളെപ്പോലെ വെളുത്ത നിറവും ചുവന്ന കവിളുകളും മുന്തിരി കണ്ണുകളും ഇല്ലെകിലും അവളൊരു മിടുക്കിയാണെന്ന്‍ ആദ്യമായി അവനു തോന്നി. ചന്തയില്‍ നിന്നും അവന്‍ വാങ്ങിക്കൊടുത്ത അക്ക്രൂട്ട്* നെഞ്ചിലടുക്കി അവള്‍ അവന്റെ കയ്യും പിടിച്ചു നടന്നു. പിറ്റേ ദിവസം അവരുടെ കൂട്ടം മലനിരകളിലേക്ക് കയറുമ്പോഴും അവളുടെ കയ്യില്‍ ആ പൊതിയുണ്ടായിരുന്നു.
ആ വര്‍ഷം മലയിറങ്ങി വരുന്ന വഴി അവളുടെ കുടുംബവും ആടുകളും വീടിനടുത്ത് തങ്ങിയപ്പോഴും അവര്‍ കുട്ടികള്‍ അവരവരുടെ ഭാഷകളില്‍ സംസാരിച്ചു കളിച്ചു നടന്നു. അവളുടെ അബ്ബ അങ്ങു മലമുകളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ ഗുച്ചിയും* മരുന്ന് ചെടികളും ഗ്രാമത്തിലെ ചന്തയില്‍ കൊണ്ടു വിറ്റ് കാശാക്കുന്നതും താഴ്വരയില്‍ ചെല്ലുമ്പോള്‍ ആടുകളുടെ രോമം അറുത്തു വില്‍ക്കുന്നതിനെപ്പറ്റിയും അവന്റെ അബ്ബയോടു അയാളുടെ പരുപരുത്ത സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു.
അവളുടെ അബ്ബ ഗുലാം മുഹമ്മദിനെ കാണുന്നതേ കുട്ടികള്ക്ക് പേടിയായിരുന്നു. അയാളുടെ കര കര ശബ്ദവും ദേഷ്യപ്പെടുമ്പോള്‍ ചുവന്നു വരുന്ന കണ്ണുകളും അവന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അയാളുടെ ശബ്ദം കേള്ക്കുമ്പോഴേ കളിച്ചുകൊണ്ടിരിക്കുകയാണെകിലും സാഹ്നയും അനുജന്മാരും അവരുടെ അമ്മിയുടെ പിന്നിലൊളിക്കുമായിരുന്നു. അയാള്‍ സംസാരിക്കുകയല്ല ആക്രോശിക്കുകയാണ് എന്നാണു അവനു പലപ്പോഴും തോന്നിയിരുന്നത്. അവന്റെ അബ്ബയോടു സംസാരിക്കുമ്പോള്‍ അവിടവിടെ നരച്ചു തുടങ്ങിയ നീണ്ട താടിരോമങ്ങള്‍ കുലുക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കറപിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിക്കും. കുട്ടികള്‍ ആ ചിരി കാണുമ്പോള്‍ പോലും അയാളെ ഭയപ്പാടോടെ നോക്കും.
കുട്ടികളുടെ സംഘം ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന്‍ വിശേഷങ്ങള്‍ പറഞ്ഞു കളിച്ചു കൊണ്ടിരിക്കും. ജെരീഫ ആപ്പിള്‍ മരത്തിന്റെ ചില്ലയിലൂടെ സാവധാനം മുകളില്‍ കയറി ആപ്പിളുകള്‍ സാഹ്നക്കും അനുജന്മാര്ക്കും പറിച്ചു കൊടുക്കും. സഹ്നയുടെ സഹോദന്മാര്‍ മല മുകളില്‍ വരയാടുകളെയും കസ്തൂരി മാനിനെയും കണ്ട കാര്യം പറഞ്ഞപ്പോള്‍ അമീറിനും മേഹ്നാജിനും അറിയേണ്ടി ഇരുന്നത് മലക്കുകളെ കുറിച്ചായിരുന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അബ്ബയോടു ചോദിച്ചു.
”ഈ ബെക്കര്‍വാളുകള്‍ എന്തിനാ ഇങ്ങനെ എല്ലാ വര്‍ഷവും മലമുകളില്‍ അലഞ്ഞു നടന്നു ആടു മേയ്ക്കുന്നത്..?”
“അവര്‍ ശരിക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഗുജറുകളാണ്. പണ്ടെങ്ങോ അവരുടെ നാട്ടില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ അവര്‍ ആടുകളുമായി നമ്മുടെ മലകളുടെ താഴ്വരയിലെത്തി. ഈ മലകളിലെ പുല്‍മേടുകള്‍ വിട്ട് പിന്നിടവര്‍ സ്വന്ത നാട്ടിലേക്ക് തിരിച്ചു പോയില്ല. വേറൊരു തൊഴിലും അവര്‍ക്ക്‌ അറിയില്ല.”
“നൂറുകണക്കിന് ആടുകളുമായി നടക്കുന്ന അവര്‍ക്ക്‌ ആ കാശുപയോഗിച്ച് സമാധാനമായി എവിടെയെങ്കിലും സ്ഥിരമായി താമസിച്ചു കൂടെ?”
“ശീലിച്ചതേ പാലിക്കു. മനുഷ്യന്റെ ഒരു പ്രത്യേകതയാണത്. നമ്മളെപ്പറ്റി താഴ്വരയിലുള്ളവര്‍ പറയുന്നത് ഈ മലയില്‍ താമസിക്കുന്നത് എന്തിനെന്നായിരിക്കും. എന്ന് വച്ച് ഈ മലനിരകള്‍ വിട്ട് നമുക്ക്‌ മറ്റൊരിടത്ത് പോകുവാനാകുമോ..? തലമുറകളായി ജീവിച്ച രീതികളില്‍ നിന്ന് മാറുവാന്‍ ഒട്ടു മിക്ക മനുഷ്യര്‍ക്കും കഴിയുകയില്ല. അത് പോലെ ആടുകളും ഈ ദേശാടനവും. അതല്ലാതെ അവര്‍ക്ക് മറ്റൊരു ജീവിതമില്ല.”
വര്‍ഷങ്ങള്‍ നീങ്ങവേ ബാര്‍ക്കര്‍വാളി നാടോടി ഭാഷ നയീമും സഹോദരങ്ങളും അവരുടെ കിസ്തവാഡി ഭാഷ സാഹ്നയും അനുജന്മാരും പഠിച്ചെടുത്തു. സാഹ്നയും കുടുംബവും തങ്ങുന്ന ദിവസങ്ങളില്‍ നയീമിനും സഹോദരങ്ങള്‍ക്കും സ്കൂളില്‍ പോകുവാന്‍ കൂടെ മടിയായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന നയീമിനെ കാത്ത് സാഹ്ന വഴിയില്‍ നില്‍ക്കും. അവന്റെ സഞ്ചിയിലെ പുസ്തകങ്ങള്‍ അവള്‍ കൌതുകത്തോടെ തുറന്നു നോക്കും. അതിലെ ചിത്രങ്ങള്‍ കണ്ട് എന്താ എഴുതിയിരിക്കുന്നത് എന്ന് ആകാംഷയോടെ ആരായുമ്പോള്‍ അവന്‍ സ്കൂളിനെക്കുറിച്ചും അവിടത്തെ ചങ്ങാതിമാരെയും കുറിച്ച് അവളോടു പറഞ്ഞു. അവള്‍ അത് കൊതിയോടെ കേട്ടിരുന്നു.
വര്‍ഷങ്ങള്‍ നീങ്ങവേ തമ്മില്‍ കാണുമ്പോള്‍ ഒന്നും മിണ്ടാനില്ലാത്ത ഒരു അവസ്ഥയിലേക്ക് കാലം അവരെ കൊണ്ടു ചെന്നെത്തിച്ചു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കാണുമ്പോള്‍ ഒന്നും പറയാനില്ലാത്തത് രണ്ടു പേരെയും ഒരു പോലെ അതിശയപ്പെടുത്തി. ഹൃദയം നിറഞ്ഞു നിലക്കുമ്പോള്‍ വാക്കുകള്‍ അന്യമാകുന്നു എന്ന്‍ ഇരുവര്ക്കും മനസ്സിലായി. മറ്റു സഹോദരങ്ങള്‍ തമ്മില്‍ വിശേഷങ്ങള്‍ കൈ മാറുമ്പോള്‍ സാഹ്നയും നയീമും കണ്ണുകള്‍ കൊണ്ടു മാത്രം സംസാരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത്‌ ജെരീഫയാണ്. നയീമിനെ ഇഷ്ടമാണ് എന്ന് സാഹ്ന ജെരീഫയോടു സമ്മതിച്ചത്‌ ആരും അറിയാത്ത രഹസ്യമായി ജെരീഫ മനസ്സില്‍ സൂക്ഷിച്ചു. ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തമ്മിലുള്ള ഇഷ്ടം ജെരീഫ അറിഞ്ഞു എന്നവനു മനസ്സിലായത്‌.
അടുത്ത ദിവസം ആകാശത്തു മഴക്കാര് കണ്ടപ്പോള്‍ ഒരു ആണ്മിയിലെന്നപോലെ നയീമിന്റെ് മനസ്സ് കുതിച്ചു ചാടി. ഈ മഴ ഉയര്‍ന്ന മല നിരകളില്‍ മഞ്ഞു പെയ്യിക്കും എന്ന്‍ ഉറപ്പ്‌. മഴപെയ്തു ഭൂമി തണുത്ത പിറ്റേ ദിവസം വെളുത്ത മേഘങ്ങള്‍ വെള്ളാട്ടിന്‍ കുട്ടികളെപ്പോലെ താഴേക്ക് ഇറങ്ങി മലക്കുകളുടെ മലയെ മറച്ചത് അവന്‍ ആഹ്ലാദത്തോടെ നോക്കി നിന്നു. ഈ മഴമേഘങ്ങള്‍ തെളിയുമ്പോള്‍ മലക്കുകളുടെ മലയില്‍ മഞ്ഞു വീണുകിടക്കുന്ന കാഴ്ചയായിരിക്കും എന്നവന്‍ ഉറപ്പിച്ചു. പിറ്റെ ദിവസം ഉയര്‍ന്ന മല നിരകളിലെ മഞ്ഞു പാളികളില്‍ സൂര്യ രശ്മികള്‍ തട്ടി സ്പടികം പോലെ വെട്ടി തിളങ്ങുന്നത് കണ്ട നയീം മല മുകളിലെ മലക്കുകളോട് സാഹ്നയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് താഴെ എത്തിക്കുവാന്‍ പ്രാര്ത്ഥിച്ചു.
ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ബെക്കര്‍വാളുകളുകടെ ചൂളം വിളികള്‍ കേട്ടുതുടങ്ങി. ഗുലാം മുഹമ്മദിന്റെ് ആട്ടിന്‍ കൂട്ടത്തിന്റെ മുന്‍പിലായി വരുന്ന നായ്ക്കളെ പ്രതീക്ഷിച്ച നയീമിന്റെ കണ്ണുകള്‍ എപ്പോഴും വഴിയില്‍ തന്നെയായിരുന്നു. എല്ലാ പ്രാവശ്യവും അവരാണ് ആദ്യം അവന്റെ വീടിനു മുന്നിലെത്തുക. തൊട്ടു പിറകെ തന്നെ കാണും ആടുകളുടെ കൂട്ടം.
വഴിയരികിലെ മക്ക* തോട്ടത്തില്‍ ജെരീഫയോടോപ്പം വിളവെടുത്തു കൊണ്ടിരിക്കുകയായിരുന്ന നയീം പെട്ടെന്നൊരു ദിവസം ഓടിവരുന്ന നായ്ക്കളെ കണ്ട് ഉത്സാഹത്തോടെ അവളോട് പറഞ്ഞു.
“ദാ...നായ്ക്കള്‍ എത്തി.. ആടുകള്‍ വളവു തിരിയുന്നതിന്റെ ചൂളം വിളി കേള്ക്കു ന്നുണ്ട്.”
ആടുകള്ക്ക്ക മുന്പിലായി നടന്നിരുന്ന ഗുലാം മുഹമ്മദ്‌ നടത്തം നിര്ത്തിയ നായ്ക്കളോട് “നടന്നു കൊള്ളൂ..” എന്ന്‍ കടുത്ത സ്വരത്തില്‍ ആഞ്ജാപിച്ചിട്ട് വലിഞ്ഞു മുറുകിയ മുഖവുമായി നയീമിന്റെ മുന്നില്‍ വന്നു നിന്നു.
“മല മുകളില്‍ കണ്ടു മുട്ടിയ മറ്റൊരു സംഘത്തിലെ നല്ലൊരു യുവാവുമായി എന്റെ മകളുടെ വിവാഹമുറപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അറിയുന്നത്, അവള്‍ക്ക് വീടും കൂടുമായി കഴിയുന്ന നിന്നെ മതിയത്രേ..നേരോ അത്..?”
“ഞാന്‍....ഞാനിവളെ നോക്കിക്കൊള്ളാം ..അവള്‍ പറഞ്ഞത് സത്യമാണ്.” അവന്‍ വിക്കി വിക്കി പറഞ്ഞു.
“എന്താ...? എന്താ നീ ഈ പറയുന്നത്...? ഒരു ബെക്കര്‍വാളിക്ക് തന്റെ മക്കളോളം വലുതാണ് അവന്റെര ആട്ടിന്‍ പറ്റങ്ങള്‍. അവയെ സംരക്ഷിക്കുവാന്‍ കഴിവുള്ളവന്‍ മാത്രമേ അവന്റെ മകളെ വിവാഹം കഴിക്കൂ..” അയാള്‍ തന്റെ പരുപരുത്ത സ്വരം ഉയര്ത്തി അക്രോശിച്ചു.
“ഞാന്‍...ഞാന്‍ മേയ്ക്കാം നിങ്ങളുടെ ആടുകളെ.”
“നീയോ..? രണ്ടു ചാല്‍ നടന്നാല്‍ തളരുന്ന നീയാണോ ജീവിതം മുഴുവന്‍ ഈ ഹിമാലയം കയറി ഇറങ്ങി എന്റെ ആടുകളെ മേയ്ക്കാന്‍ പോകുന്നവന്‍..? നീ ഈ ഗ്രാമം വിട്ടു എവിടെ എങ്കിലും പോയിട്ടുണ്ടോ..? നിന്റെ ഈ ബലമില്ലാത്ത കാലുകള്‍ക്ക് നിന്റെ വീടിനു ചുറ്റും നടക്കുവാനുള്ള പ്രാപ്തിയേ ഉള്ളു. എന്റെോ കുടുംബത്തെ ചതിക്കാന്‍ നോക്കുന്നോ..?”
ഉച്ചത്തില്‍ ചൂളം വിളിച്ചു കൊണ്ട് അയാള്‍ ആടുകളെ ധൃതിയില്‍ താഴേക്കു തെളിക്കാന്‍ തുടങ്ങി.
”അരുത് ..പോകരുത്...ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി ഒന്ന് കേള്‍ക്കൂ.” ജെരീഫ ഓടിച്ചെന്നു അയാളോട് താണു പറഞ്ഞു.
“ഇല്ല....ഞങ്ങള്‍ക്ക്‌ ഇപ്രാവശ്യം എത്രയും വേഗം താഴ്വരയില്‍ എത്തണം. ചെന്നിട്ട് ധാരാളം കാര്യങ്ങളുണ്ട്..”
ഒടുവിലായി നടന്നിരുന്ന സാഹ്ന തലകുനിച്ചു ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടു നീങ്ങുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം അവന്‍ കണ്ടു. വാക്കുകള്‍ നഷ്ടപ്പെട്ടവനായി നിറകണ്ണുകള് ഉയര്‍ത്തി ജെരീഫയെ നോക്കിയ അവനെ അവള്‍ ആശ്വസിപ്പിച്ചു.
“അവര്‍ തിരിച്ചു വരുമ്പോള്‍ അബ്ബയെക്കൊണ്ട് അയാളോട് സംസാരിപ്പിക്കാം. ഞാന്‍ പറഞ്ഞു കൊള്ളാം അബ്ബയോട്.. നയീം, നീ സമാധാനിക്ക്‌.”
ജെരീഫയുടെ ആശ്വാസവക്കുകളില്‍ സമാധാനിച്ച് അവന്‍ താഴ്വരയില്‍ നിന്നും അവര്‍ തിരികെ എത്തുന്നതും കാത്തിരുന്നു. വീണ്ടും മഞ്ഞു ചിറകുകളുമായി മലക്കുകള്‍ എല്ലായിടത്തും പാറി നടന്നു മലനിരകളെ പൂര്ണ്ണുമായും മഞ്ഞു പുതപ്പിച്ചു. ഏതാനും മാസങ്ങള്ക്കകം മഞ്ഞുരുകി ഇളം നാമ്പുകള്‍ ഭൂമിക്കു പുറത്തേക്ക് തല നീട്ടി. ഇല പൊഴിച്ച വൃക്ഷങ്ങള്‍ തളിരിട്ടു പൂത്തു മലനിരയാകെ പൂത്തുലഞ്ഞു നിന്നു. നയീമിന്റെ ഹൃദയത്തിലും പുത്തന്‍ പ്രതീക്ഷകള്‍ മുള പൊട്ടി തളിര്ത്തു .
താമസിയാതെ വഴികള്‍ പിന്നെയും ആട്ടിന്‍ ചൂരും ചൂളം വിളികളാലും മുഖരിതമായി. ഒരു ദിവസം കാത്തിരുന്നത് പോലെ ഗുലാം മുഹമ്മദിന്റെ നായ്ക്കള്‍ അവനു മുന്നില്‍ ചിരപരിചിതരെ പോലെ ഓടി വന്നു. കാലുകളില്‍ നക്കിത്തുടച്ചു നിന്നു. തുടര്‍ന്നു വളവു തിരിഞ്ഞു വരുന്ന ആട്ടിന്‍ പറ്റങ്ങള്‍. പക്ഷെ അവയെ മുന്നില്‍ നിന്ന് ചൂളം വിളിച്ചു തെളിക്കുന്നത് ദൃഡഗാത്രനായ ഒരു യുവാവ്‌. നടന്നു നീങ്ങുന്ന അയാളെ അവന്‍ തെല്ലു സന്ദേഹത്തോടെ നോക്കി നിന്നു. ആടുകള്ക്കും പിന്നാലെ നടന്നിരുന്ന ഗുലാം മുഹമ്മദ്‌ അവന്റെ അരികില്‍ വന്ന്‍ ചെവിയില്‍ മന്ത്രിച്ചു.
“ഇനിയും നീ കാത്തിരിക്കേണ്ട എന്നറിയിക്കുവാനാണ് ഒരു പ്രാവശ്യം കൂടെ ഞങ്ങള്‍ ഈ വഴി വന്നത്. നോക്കൂ എന്റെ മരുമകന്‍ എത്ര സമര്‍ഥനാണെന്ന്‍. എത്ര വേഗതയുണ്ടെന്നോ അവന്റെ കാലുകള്ക്ക്..? മേലില്‍ ഈ വഴി വരില്ല ഞങ്ങള്‍. ഈ ഹിമാലയത്തിലേക്ക് കയറുവാന്‍ എത്രയോ വഴികളുണ്ട്. അതറിയാമോ നിനക്ക്..?” കടുത്ത സ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ ധൃതിയില്‍ നടന്നു.
താഴ്വരയില്‍ ചെന്ന്‍ ആടുകളുടെ രോമം അറുത്തു വില്ക്കുന്നത് പോലെ മകളുടെ ഹൃദയവും അറുത്ത ആ മനുഷ്യനോട് ഒന്നും പറയാനാവാതെ നയീം തരിച്ചു നിന്നു . അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ നടന്നിരുന്ന സാഹ്ന അയാളുടെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു, പ്രകാശം വറ്റിയ കണ്ണുകള്‍ ഉയര്ത്തി അയാളെ നോക്കി. തന്റെ സംഘത്തിനോടോപ്പം നടന്നു നീങ്ങി. വളവു തിരിഞ്ഞു കാഴ്ച മറയുന്നതിനു മുന്പ് അവള്‍ തിരിഞ്ഞ് ഒരിക്കല്‍ കൂടി നോക്കി.
---------------------------------------------------------------------------------------------
മലക്കുകള്‍-മാലാഖമാര്‍
അക്ക്രൂട്ട്‌-വോള്നട്ട്
ഗുച്ചി-കൂണ്‍
മക്ക-മെയ്സ്,കമ്പം

(ഇതിനു വേണ്ട ചിത്രം വരച്ചു തന്നത് നമ്മുടെയെല്ലാവരുടെയും പ്രിയ സുഹൃത്ത് പട്ടേപ്പാടം റാംജി)