7.10.10

ഒരു അമ്മക്കഥ

അതൊരു ജാഥ പോലെ തോന്നിച്ചു. കുഞ്ഞുങ്ങളെ തോളിലേറ്റി വരുന്ന അമ്മമാരുടെ ജാഥ. എല്ലാ കുഞ്ഞുങ്ങളും അമ്മമാരുടെ തോളില്‍ തളര്ന്നു കിടക്കുന്നവരോ ഉറങ്ങുന്നവരോ ആയിരുന്നു. എല്ലാ പെണ്കുട്ടികള്ക്കും ഇങ്ങനെ ഏകദേശം ഒരേ പ്രായത്തിലെ കുഞ്ഞുങ്ങളുണ്ടാകുമോ...? അമ്മമാരും എകദേശം സമപ്രായക്കാരെന്നു തോന്നിച്ചു. കുഞ്ഞുങ്ങളെ ഏറ്റിവന്ന അവര്‍ ഓരോരുത്തരായി വരാന്തയിലെ ബെഞ്ചുകളില്‍ സ്ഥാനം പിടിച്ചു. പേരുവിളിക്കായി കാത്തിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച സുന്ദരിയായ നേഴ്സ് ഓരോരുത്തരെയായി പേരു വിളിച്ച് അകത്തു കയറ്റി.
“അഭിരാമി ജയന്‍”
അഭിരാമിയെന്ന ഒന്നര വയസ്സു തോന്നുന്ന കുഞ്ഞിന്റെ അമ്മ ഊഴമായതിന്റെ ആശ്വാസത്തില്‍ തോളിലുറങ്ങുന്ന കുഞ്ഞുമായി ആയാസപ്പെട്ടെഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് കയറി. പത്തു നിമിഷങ്ങള്ക്കു ശേഷം അഭിരാമിയും അമ്മയും പുറത്തു വന്നു. ഉടനെ അടുത്ത പേര്‍ വിളി കേട്ടു.
“അനീറ്റ ജെയിംസ്“
ഉടനെ തന്നെ അനീറ്റയും അമ്മയും അകത്തേക്കു പോയി. അഭിരാമിയും അമ്മയും മരുന്നു വാങ്ങുവാനായി ആശുപത്രിയുടെ തന്നെ ഫാര്‍മസിയിലേക്ക് നീങ്ങി. പിന്നെയും പല പേരുകള് വിളിക്കപ്പെട്ടുകൊണ്ടിരുന്നു.
“തെസ്നി അയൂബ്,ഡൊമിനിക്ക് സേവ്യര്‍ അങ്ങനെ വിവിധ തരത്തിലുള്ള പേരുകളുള്ള കുഞ്ഞുങ്ങള്. കേട്ടിരിക്കാന്‍ നല്ല രസം. പെട്ടെന്ന് വെള്ള വസ്ത്രം ധരിച്ച ഒരു പെങ്കുട്ടി അടുത്തു വന്ന് ചോദിച്ചു.
“എന്താ അമ്മൂമ്മ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്..? കുറെ നേരമായല്ലോ..? ഇതു കുഞ്ഞുങ്ങളുടെ ഡോക്ടറെ കാണുവാനുള്ള സ്ഥലമാണല്ലോ...”
അവര്‍ ഒന്നും മിണ്ടാതെ ചുറ്റും നോക്കി.
“ഷുഗര്‍ പരിശോധനക്കോ മറ്റോ വന്ന് റിസള്റ്റ് കാത്തിരിക്കുകയണോ..?” രണ്ടു മൂന്നു മുറികള്ക്ക് അപ്പുറമുള്ള ലാബിലേക്ക് നോക്കിക്കൊണ്ടവള്‍ ചോദിച്ചു.
“അതിനെനിക്ക് ഷുഗറൊന്നുമില്ലല്ലോ മോളേ..”
“പിന്നെ...ഇവിടെ തനിയെ ഇരിക്കുന്നതു കണ്ട് ചോദിച്ചതാ..”അവള്‍ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അവരെ ഒന്നുകൂടി നോക്കിയിട്ട് അവള്‍ വരാന്തയിലൂടെ നടന്നു പോയി.


അവര്‍ ചുറ്റും നോക്കി. അതെ ഇതു ആശുപത്രി തന്നെ. രാവിലെ അമ്പലത്തില്‍ തൊഴാന്‍ പോയ താനെങ്ങിനെ ഇവിടെയെത്തി...? അമ്പലത്തില്‍ നിന്നും വീട്ടിലേക്കു പോകുന്ന വഴിക്കുള്ള ആശുപത്രി തന്നെയാണോ ഇത്....? അവര്‍ കുറച്ചുനേരം അവിടെത്തന്നെയിരുന്നു ആലോചിച്ചു. രാവിലെ അമ്പലത്തില് നിന്നും പ്രസാദം വാങ്ങി നടന്നു വരുന്ന വഴി ഈ ആശുപത്രിലേക്കു വന്നതെങ്ങിനെ...? ദൈവമേ തനിക്ക് ഓര്മ്മക്കുറവുമായോ..? മായ എപ്പോഴും ദേഷ്യത്തോടെ പറയാറുള്ളതാണ്. തലക്കു ബോധമില്ലാതെ ഓരോന്ന് ചെയ്തു വെക്കും എന്നൊക്കെ. അതിപ്പോള്‍ സത്യമായോ...?


അല്ല...ഓര്മ്മക്കുറവല്ല ഇത്. ആശുപത്രിയുടെ മുന്പില്‍ കുഞ്ഞു നാളിലെ അരവിന്ദന്റെ ഛായയുള്ള ഒരു ചെറിയ കുട്ടിയെ കണ്ട് അവനടുത്തേക്കു പോയതാണ്. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കു മുന്പില്‍ വന്നതും ആ കുട്ടിയെ പിന്തുടര്ന്നു തന്നെ. പിന്നീടെപ്പോഴാണ് സമയം പോയതറിയാതെ ഈ കുഞ്ഞുങ്ങളെയും നോക്കി ഇരുന്നത്..?


ആദ്യം കണ്ട് പെങ്കുട്ടി ഇപ്പോള്‍ കൂടെ ഒരു നേഴ്സിനെ കൂട്ടിക്കൊണ്ടു വന്ന് അവരോട് വിവരം തിരക്കി. തെല്ലൊരു ജാള്യതയോടെ വീട്ടിലെക്കുള്ള വഴി അറിയാമെന്നും ഈ ആശുപത്രിയുടെ അടുത്തു തന്നെയാണ് വീടെന്നും പറഞ്ഞ് അവര്‍ പോകാനെഴുന്നേറ്റു. അരവിന്ദന്റെ മുഖമുള്ള ആ കുട്ടിയെ പിന്നീട് അവിടെങ്ങും കണ്ടതുമില്ല. ഇത്രയും നേരം ഇവിടിരുന്നതറിഞ്ഞാല്‍ മായ എന്തൊക്കെയാണോ പറയുക.എന്തൊരു ദേഷ്യമാണ് എപ്പോഴും അവളുടെ മുഖത്ത്. അരവിന്ദന്റെ കാര്യം പിന്നെ പറയുകയും വേണ്ട. തന്നോട് മിണ്ടാറേ ഇല്ല. എന്തിന് പത്തു വയസ്സുകാരന്‍ ശ്രീജിത്ത് തന്നോട് മിണ്ടുന്നതു പോലും മായക്കിഷ്ടമല്ല.അവന് തന്റടുത്ത് വന്നാല് ഉടനെ മായയുടെ ശബ്ദം കേള്ക്കും
“ശ്രീക്കുട്ടാ...നിനക്കു പഠിക്കാനൊന്നുമില്ലേ...?”
ഉടന് തന്നെ അവന്‍ അവിടെനിന്നും പിന്‍വാങ്ങും.അരവിന്ദന്റെ അച്ഛന്റെ അതേ ഛായയുള്ള തന്റെ പേരക്കുട്ടി. വൈകുന്നേരം ജോലിക്കാരി അംബിക പോയിക്കഴിഞ്ഞാല്‍ ഏകാന്ത തടവറയില് തള്ളി നീക്കുന്ന നിശ്ശബ്ദ സായാഹ്നങ്ങള്. അരവിന്ദനും മായയും ഓഫീസ് വിട്ടുവന്നു കഴിഞ്ഞാല്‍ വീടിനുള്ളില്‍ അങ്ങിങ്ങു നടക്കുന്നതൊതൊന്നും അവര്ക്കിഷ്ടപ്പെടില്ല.
“അമ്മക്കു മുറിയിലെങ്ങാനുമിരുന്ന് ടീ.വി. കണ്ടിരുന്നു കൂടെ..? കിടക്കമുറിയില്‍ പിന്നെ ടി.വി.വെച്ചിരിക്കുന്നതെന്തിനാ..?“ അരവിന്ദന്റെ ഈര്ഷ്യയോടെയുള്ള ചോദ്യം
“കാര്യാന്വേഷണത്തിനു നടക്കുന്നതാ..ഒരു പ്രൈവസിയുമില്ല.മുറിയില്‍ എ.സി.വരെ വച്ചുകൊടുത്താലും ഒരു സ്വൈര്യം തരില്ല” മായയുടെ പിറുപിറുപ്പ്.
മിണ്ടാതെ വന്ന് മുറിയില് വന്നിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. മനസ്സിനു സന്തോഷമുണ്ടെങ്കിലല്ലേ ടീവിയും മറ്റും കാണുവാന്‍ തോന്നൂ.
എല്ലാ സൌഭാഗ്യങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്ത അവസ്ഥ. ജീവിതത്തില് ഏറ്റവും കഴിച്ചു കൂട്ടുവാന് പ്രയാസമുള്ളത് വാര്ധക്യത്തിലെ ഈ ഒറ്റപ്പെടല് തന്നെയാണ്. നല്ല പ്രായത്തില്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നൊഴിഞ്ഞ അരവിന്ദന്റെ അച്ഛന്‍ എത്ര ഭാഗ്യവാന്‍. ഇന്നിനി അമ്പലത്തില്‍ പോയി വൈകി വന്നതിന് അരവിന്ദന്റെയും വഴക്കു കേള്ക്കും ഉറപ്പ്. അല്ലെങ്കിലും എന്തെങ്കിലും ശാസിക്കാന്‍ മാത്രമേ അവന്‍ തന്നോടു മിണ്ടാറുള്ളു.
“സൌദാമിനിടീച്ചര്ക്കെന്താ ഒരു കുറവ് ആകെയുള്ള മകനു നല്ല ഉദ്യോഗം .പൊന്നു പോലെയല്ലെ അവന്‍ നോക്കുന്നത്“
അയല്ക്കാരുടെ ഈ സ്നേഹാന്വേഷണങ്ങള്ക്ക് മുന്നില്‍ സൌദാമിനിയമ്മയെന്ന അമ്മ മനസ്സില് കരഞ്ഞു കൊണ്ട് ചിരിക്കും. സൌഭാഗ്യങ്ങള്ക്കു നടുവിലെ ഒറ്റപ്പെടലോര്ത്ത്.

വീട്ടിലെത്തിയപ്പോള്‍ അംബിക മാത്രമുണ്ട്. അരവിന്ദനും മായയും ഓഫീസിലേക്കു പോയിക്കഴിഞ്ഞിരുന്നു. ശ്രീക്കുട്ടനും സ്കൂളിലെത്തിക്കാണും.
“എന്തിനാ ടീച്ചറമ്മ ആശുപത്രിയിലേക്കു പോയത്..? ആരെക്കാണാനാ...?”
അടുക്കളയില്‍ കറിക്കരിയുന്നതിനിടെ അംബിക അനേഷിച്ചു.
“ആശുപത്രിയിലോ..? നീയെങ്ങനറിഞ്ഞു ഞാനവിടെ പോയെന്ന്..?” അവര്‍ തെല്ലു പരുങ്ങലോടെ അന്വേഷിച്ചു
“അതൊക്കെ ഞാന്‍ കണ്ടു. രാവിലെ ഞാനിങ്ങോട്ടു വന്നപ്പോ ആശുപത്രി ഗേറ്റു കടന്നു പോകുന്നുണ്ടായിരുന്നല്ലോ. ഇടക്കെപ്പോഴോ മായക്കുഞ്ഞ് ഓഫീസില്നിന്നും ഫോണ്‍ ചെയ്തപ്പോള് ടീച്ചറമ്മ ഇവിടെ എത്തിയില്ലെന്നു പറഞ്ഞു പോയി. അതിന് മായക്കുഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു . പിന്നെ ആശുപത്രിയിലേക്ക് പോകുന്നതു കണ്ടെന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു.”
“ഒരു പരിചയക്കാരനെ കാണുവാന്‍ പോയതാ അംബികേ..”അംബികയുടെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് അവര്‍ കിടക്ക മുറിയില് പോയി കിടന്നു. വല്ലാത്ത ക്ഷീണം. എന്നാലും കുറച്ചു സമയത്തേക്കെങ്കിലും പരിസര ബോധമില്ലാതെ അവിടെപ്പോയി ഇരുന്നല്ലോ എന്നത് അവരെ തളര്ത്തിക്കളഞ്ഞു. തനിക്ക് ശരിക്കും ചിത്തഭ്രമം തന്നെയോ..?
വൈകിട്ടു വന്നുകയറിയപ്പോഴേ മുറിയില്‍ കയറി വന്ന മായ ക്രുദ്ധയായി അന്വേഷിച്ചു.
“അമ്മയിതെവിടെ കറങ്ങാന്‍ പോയതാ ഉച്ചവരെ...?”ഒന്നു പറഞ്ഞിട്ടു പോകാന് വയ്യായിരുന്നോ...?”
“അതു ഞാന് മായേ... ആശുപത്രി....”
“ങാ.. ഹോസ്പിറ്റലിലേക്കു പോകുന്നതു കണ്ടു എന്ന് ആംബിക പറഞ്ഞു .ആരെ കാണാനായാലും ഒന്നു പറഞ്ഞിട്ടു പോയാലെന്താ..?”
“അത് പണ്ടു പഠിപ്പിച്ച ഒരു സ്റ്റുഡന്റിനെ കണാന്‍.അവന്‍ കാലൊടിഞ്ഞു കിടക്കുന്നു.”അവര് വിക്കി വിക്കി കള്ളം പറഞ്ഞൊപ്പിച്ചു.
മായ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പോയപ്പോള്‍ അവര്‍ പുറത്തിറങ്ങി വരാന്തയില്‍ വന്നിരുന്നു. കസേരയില്‍ ഇരുന്ന് അവര് ആശ്വസിച്ചു. കുറച്ചു നേരം ഓര്മ്മപ്പിശകു വന്നാലെന്താ...എത്ര സന്തോഷമായി താനവടെ ഇരുന്നു. രാവിലത്തെ മനസ്സിന്റെ വിഷമമെല്ലാം ഇപ്പോള്‍ മാഞ്ഞു പോയിരിക്കുന്നു. ഇന്നു കണ്ട കുഞ്ഞുങ്ങളാണ് മനസ്സു നിറയെ. അഭിരാമി ജയനും അനീറ്റ ജെയിംസുമൊന്നും മനസ്സില്‍ നിന്നും മായുന്നില്ല. തന്റെ പേരക്കുട്ടിയെ എടുത്തു ലാളിക്കുവാന്‍ അവസരം ലാഭിക്കാത്ത ഈ അമ്മൂമ്മക്ക് അങ്ങനെയെങ്കിലും ഒരു ഭാഗ്യം ഭഗവാന്‍ തന്നല്ലോ.കുഞ്ഞു നാളിലെ അരവിന്ദനെയും ഇന്നു കണ്ടു.
അരവിന്ദന്റെ ബാല്യകാലം ഓര്ക്കുമ്പോള് അവരുടെ കണ്ണുകള്‍ അറിയാതെ നിറയും. ശബ്ദമുണ്ടാക്കാതെ ഒളിച്ചു വന്ന് തന്റെ കണ്ണുപൊത്താറുണ്ടായിരുന്ന ആ കുസൃതിക്കുട്ടി. അവന്‍ എങ്ങനെ ഇതെല്ലാം മറന്നു കളഞ്ഞു. ഓര്മ്മക്കുറവു വന്നത് തനിക്കോ അതോ അവനോ...? മാതാപിതാക്കള്ക്ക് ‌ വയസ്സായാല്‍ ഓര്മ്മക്കുറവു വരുന്നത് മക്കള്ക്കു തന്നെയാണെന്നവര്ക്ക് തോന്നി. അവര് കസേരയിലേക്ക് തല ചായ്ച്ചു .കണ്ണട ഊരി കയ്യില് പിടിച്ച് കണ്ണടച്ചു തല ചായ്ച്ചു കിടന്നു .


ഇന്നു രാവിലെ കണ്ട അരവിന്ദനെപ്പൊലുള്ള ആ കൊച്ചു കുട്ടി പഴയ അരവിന്ദനെ മനസ്സിലേക്ക് ഓടിച്ചു കയറ്റുന്നു. മുറ്റത്തെ തെച്ചിയുടെയും മുല്ലയുടെയും ഇടക്ക് ചെമ്പകത്തിന്റെ തൈ കൊണ്ടു നടുന്ന അഞ്ചാം ക്ലാസ്സുകാരന്‍
“കുട്ടാ..ചെമ്പകം വലിയ മരമാകും മുറ്റത്തു നടാന്‍ പറ്റില്ല. കുറച്ചു മാറ്റി നടൂ”
മുറ്റത്തു നിന്നും കുറച്ചകലെ മാറ്റി നട്ടിട്ട് അവന്‍ പറയുന്നു.
“ഈ ചെമ്പകത്തിന്റെ ആദ്യത്തെ പൂവ് ഞാന്‍ അമ്മയുടെ മുടിയില്‍ വെച്ചു തരും”
“ചെമ്പകം വലിയ മരമായിട്ടല്ലേ കുട്ടാ പൂക്കൂ..അപ്പോഴേക്കും അമ്മ വയസ്സിയാകും. വയസ്സികള്ക്കെന്തിനാ തലയില് പൂവ്...?’
“അതു പറ്റില്ല..വയസ്സിയായാലും എന്റമ്മക്ക് ഞാന്‍ പൂവ് ചൂടിച്ചു തരും” അഞ്ചാം ക്ലാസ്സുകാരന്‍ വാശി പിടിച്ച് പറഞ്ഞു കൊണ്ട് തോളിലേക്കു ചായുന്നു.
സൌദാമിനി ടീച്ചര്‍ മുറ്റത്തിന്റെ അതിരിലേക്ക് നോക്കി.ആ ചെമ്പകം മാത്രം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കാലത്തിനു വിസ്മൃതിയിലാക്കാനാവാത്ത ആ നല്ല ദിനങ്ങളെ ഓര്മ്മിപ്പിച്ചു കൊണ്ട്.
വീടു പൊളിച്ചു പുതിയത് വെച്ചപ്പോള്‍ പഴയ ചെടികളില്‍ ചെമ്പകം മാത്രം രക്ഷപ്പെട്ടു. നിറയെ പൂക്കളുമായി നില്ക്കുന്നു. പക്ഷേ ആ ചെമ്പകം ആദ്യമായി പൂത്തപ്പോള്‍ അരവിന്ദന്‍ അതു ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. ‍ചെമ്പകം പൂക്കുന്ന സീസണുകളില്‍ അതിന്റെ രുക്ഷഗന്ധമടിച്ച് തല വേദനിക്കുന്നെന്ന് മായ പറയാറുള്ളതോര്ത്തു. അതുവെട്ടിക്കളയണം എന്ന് പലപ്പോഴും ആവള്‍ പറയാറുണ്ട്.
“അതവിടെ നില്ക്കട്ടെ മായേ...അരവിന്ദന് അവന്റെ കുഞ്ഞിലേ നട്ടതാ..”എന്നവര്‍ പറഞ്ഞപ്പോള്‍ അവള്ക്കതു ദേഷ്യമായി.
‘ഓ...തുടങ്ങി ചീപ്പ് സെന്റിമെന്റ്സ് മക്കള് വിവാഹം കഴിഞ്ഞാലെങ്കിലും അവരെ വഴിക്ക് വിട്ടേക്കണം.എന്ത് പറഞ്ഞാലും പഴയ ഒരു കാര്യം പറഞ്ഞേ അവസാനിപ്പിക്കൂ..” അവള്‍ ദേഷ്യത്തേടെ പ്രതികരിച്ചു.
അരവിന്ദന്‍ അതു കേട്ടിട്ട് ഒന്നും മിണ്ടിയില്ല. അതു വെട്ടിക്കളയണമെന്നോ വേണ്ടന്നോ ഒന്നും.




വീണ്ടും അവരുടെ ചിന്തകള്‍ വിഷാദക്കടലിലേക്ക് ഒഴുകിപ്പോയി. ഈ വിഷാദം എന്നത് ശരിക്കും ഒരു കടലു തന്നെയാണെന്നവര്ക്കു തോന്നി. എത്ര വെള്ളം ഒഴുകിവന്നാലും മതിവരാത്ത കടല്. തന്നെപ്പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ടവരായ നദികള്‍ വെള്ളമൊഴുക്കി വലുതാക്കിയ പെരും കടല്. ഈ ലോകം മുഴുവനും ഇതു പോലുള്ള നദികള്‍ കാണുമോ..?


അടുത്തദിവസം അമ്പത്തില് നിന്നും തിരികെ വരുമ്പോള് കാലുകള് അറിയാതെ ആശുപത്രി ഗേറ്റിലേക്ക് നീങ്ങിപ്പോയി. ഇത്തവണ വൈകിവന്നിട്ടും അംബികയൊന്നും ചോദിച്ചില്ല. അവര്‍ അവളോടൊന്നും പറയാന് നില്ക്കാതെ അന്നു കണ്ട കുഞ്ഞുങ്ങളെയും ഓര്ത്തുകൊണ്ട് കട്ടിലില്‍ പോയിക്കിടന്നു

അവരുടെ പിന്നീടുള്ള ദിനങ്ങള് എങ്ങനെ നീങ്ങുന്നതെന്നറിയുന്നില്ല. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളത്തെ പ്രഭാതം എത്രയും വേഗം ഇങ്ങ് എത്തിയാല്‍ മതിയെന്നായി. ആശുപത്രിയിലെ ചാരു ബെഞ്ചിലെ അമ്മമാരും അവരുടെ തോളിലെ നല്ല നല്ല കുഞ്ഞുങ്ങളും അവരുടെ ജീവിതത്തിനു പുതു താളമേകി. നേഴ്സ് ജാന്സിയും മീനയും അവരുടെ പ്രിയ മക്കളായി. ഉച്ചവരെയുള്ള സമയം അവസാനിക്കല്ലേ എന്നവര്‍ ആശിക്കും. അംബികയും ഇപ്പോള്‍ മായയെയോ അരവിന്ദനെയോ ഒന്നും അറിയിക്കുന്നില്ല. ഇപ്പോഴുള്ള വൈകുന്നേരങ്ങള് മുറിയില്‍ തനിച്ച് വിഷാദിച്ചിരിക്കുവാനുള്ള സമയങ്ങളല്ല എന്നവര്ക്കറിയാം. അവ നാളത്തെ സന്തോഷപൂരിതമായ പുലരികളെ കൊണ്ടുവരും


അന്നു വൈകിട്ടു മേലു കഴുകിയിറങ്ങുമ്പോള്‍ ഓഫീസില് നിന്നെത്തിയ മായയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടു. അടുക്കളയില്‍ മായയുടെ മുന്നില് കുറ്റവാളിയെപ്പോലെ നില്ക്കുന്ന അംബിക. അവള്‍ അവരെ ദയനീയമായി നോക്കി.


“നാളെത്തന്നെ പണി മതിയാക്കി പൊയ്ക്കോളണം. അമ്മയിങ്ങനെ പകല്‍ തെണ്ടിത്തിരിയാന്‍ തുടങ്ങിയിട്ട് മാസമെത്രയായി...? നോട്ടക്കുറവെന്നല്ലേ ആരെങ്കിലും കേട്ടാല്‍ പറയൂ....? അതിനു കൂട്ടു നിന്നിട്ട് നിന്നു ന്യായീകരിക്കുന്നോ..?”


സൌദാമിനിയമ്മ ഒരു ഞെട്ടലോടെ അതു കേട്ടു നിന്നു. മായ അറിഞ്ഞിരിക്കുന്നു. എല്ലാം..
“തലക്കു സ്ഥിരമില്ലാതെ ആശുപത്രിയില് നിരക്കമല്ലെ പണി. അവിടെത്തന്നെ കൊണ്ടുപോയി ചികിത്സിക്കാം മാനസികരോഗികളുടെ ഡോക്ടറുടടുത്ത്. ഓരോരുത്തരു പറഞ്ഞതു കേട്ട് തൊലിയുരിഞ്ഞു പോകുന്നു“. അവള്‍ അവരെ നോക്കി ചീറി.


മായയുടെ കണ്ണുകളെ നേരിടാനാവാതെ അവര് പരിഭ്രമത്തോടെ മുറിയില്‍ പോയിരുന്നു. പണ്ടേ തനിക്കു സ്വബോധം നശിച്ചു എന്നു പറയുന്ന ആവള്ക്ക് ഇനി തെളിവുകളുമായി. ഇനി അരവിന്ദനോട് എന്തെല്ലാം പറയുമോ...? അവര്‍ കട്ടിലില് തളര്ന്നിരുന്നു. അവിടെയിരുന്നു വെന്തു നീറി.


അരവിന്ദന്‍ ഓഫീസില് നിന്നു വന്നയുടനെ മായയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. അവന്‍ ഇപ്പോള് തന്നെ മുറിയില് കയറി വരും എന്നു പ്രതീക്ഷിച്ച് അവര്‍ കട്ടിലില്ത്തന്നെയിരുന്നു. ചോദിക്കട്ടെ. കാര്യം പറയാം.കുറച്ചു സമയം ആശുപത്രി വരാന്തയില് പോയിരിക്കുന്നത് ഇത്ര വലിയ അപരാധമാണെങ്കില് ഇനി പോകുന്നില്ലെന്ന് പറയാം. അവര് അയാളുടെ കാലടികളെ ചെവിയോര്ത്തുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അരവിന്ദന്‍ അതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നപ്പോള് അവര്‍ ആശ്വസിച്ചു. "പാവം എന്റെ കുട്ടി. ഞാനവനെ തെറ്റിധരിച്ചു .അവന് അമ്മയെ അങ്ങനെ കുറ്റപ്പെടുത്താനാവില്ല. മായയെന്തും പറയട്ടെ."


പിറ്റേന്ന് കുളിച്ച് അമ്പലത്തില്‍ പോകാനൊരുങ്ങുന്ന സൌദാമിനിയമ്മയുടെ മുറിയിലേക്ക് അരവിന്ദന്‍ കടന്നു വന്നത് അവരെ അത്ഭുതപ്പെടുത്തി. ദിവങ്ങള്‍ കൂടിയാണ് അവന്‍ ഈ മുറിയിലൊന്നു കയറുന്നത്.


“അമ്മേ, നമുക്ക് ഹോസ്പിറ്റല്‍ വരെയൊന്നു പോകാം. അവരൊന്നു ചെക്കു ചെയ്യട്ടെ.“ അയാള്‍ അവരുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു
പിന്നില് മായയുടെ പിറുപിറുക്കുന്ന മുഖം.“അഡ്മിറ്റു ചെയ്യണമെങ്കില് അതും ആയിക്കൊളാന്‍ പറ. കുറച്ചു മാസങ്ങളായില്ലേ തുടങ്ങിയിട്ട്. നമ്മളേ ഇതറിയാതിരുന്നുള്ളു. നാട്ടിലെല്ലാം പാട്ടായ കാര്യമാ ഇത്. അതിലിപ്പോ നാണക്കേടൊന്നും വിചാരിച്ചിട്ട് കാര്യമില്ല.“


അവര് ഒന്നും മിണ്ടാതെ മകനെ നോക്കി നിന്നു. പെട്ടെന്ന് ആവരുടെ മനസ്സിലേക്ക് ഒരു കുളിര് തെന്നല്‍ വീശി. കുഞ്ഞുങ്ങളുടെ ഡോക്ടറുടെ മുറിക്കപ്പുറത്ത് മുകള്നിലയിലെ മാനസികരോഗികളുടെ വാര്ഡിലേക്കുള്ള ഗോവണി.... അവിടെനിന്നു നോക്കിയാല് കാണാവുന്ന കുഞ്ഞുങ്ങളെ... സ്നേഹം നിറഞ്ഞ നേഴ്സുമാരായ മീനയും ജാന്സിയും... സ്നേഹത്തിന്റെ ഒരു പുതിയ ലോകം അവര്‍ മനസ്സില് കണ്ടു.


അവര് സന്തോഷപൂര്‍വം മകനെ നോക്കി തലയാട്ടി. പിന്നില്‍ ആശ്വാസത്തോടെ നില്ക്കുന്ന മായയെ നോക്കാതെ മതിഭ്രമത്തിന്റെ ചേഷ്ടകളോടെ അയാള്ക്കൊപ്പം വീടിനു പുറത്തേക്കിറങ്ങി, കാറില്‍ കയറി ഇരുന്നു

--------------------------------------------------------------------------


പിന്‍കുറിപ്പ്‌

ഈ കഥയുടെ വിഷയം വളരെയധികം എഴുതപ്പെട്ട ഒന്നാണെങ്കിലും വിഷയത്തിന്റെ ഗൌരവം കൊണ്ട് മാത്രം ഇതെഴുതുവാന്‍ കാരണമായി. ഈ കഥ വായിച്ച് നമ്മളില്‍ ഒരാള്‍ക്കെങ്കിലും ചെറിയ മനം മാറ്റം വന്നെങ്കില്‍ ഈ എഴുത്തിന്‍റെ ഉദ്ദേശം സഫലമായി. സ്നേഹം, കരുതല്‍ ഇവ മനുഷ്യന്‍ ഏതു പ്രായത്തിലും ആഗ്രഹിക്കുന്നതാണ്. വാര്‍ദ്ധക്യം എന്നത് ജീവിതത്തിന്‍റെ അസ്തമന കാലമാണ്. അസ്തമനത്തില്‍ നിന്നും ഇരുട്ടിലേക്കുള്ള ദൂരം വളരെ ചെറുതാണ്.ആ ചെറിയ കാലഘട്ടത്തില്‍ അവരെ ഒറ്റപ്പെടുത്തില്ല എന്ന് നമുക്ക്‌ പ്രതിജ്ഞയെടുക്കാം