10.11.18

നമ്പര്‍ 12, റോസ് വില്ലാസ്


“ഇപ്പോള്‍ ഒറ്റ നില വില്ലകള്‍ക്കാണ് ഡിമാന്റ്. ഇതില്‍ നമ്മള്‍ കണ്ടുവെച്ചിരിക്കുന്ന വീടൊഴികെ മറ്റെല്ലാ വീടുകളും പണിതീരും മുമ്പേ വിറ്റ് പോയി.”

ഊണ് മേശമേല്‍ റോസ് വില്ലാസിന്റെ കളര്‍ പ്രിന്റ്‌ നിവര്‍ത്തി വെച്ച് ഹര്‍ഷന്‍ വിശദമായി തീര്‍ത്ഥയെ പറഞ്ഞു കേള്‍പ്പിച്ചു.

“എങ്കില്‍ നമുക്കത് വേണ്ട ഹര്‍ഷന്‍. ആ വീടിനെന്തെങ്കിലും കുഴപ്പം കാണും. ഈ സിറ്റിയിലാണോ പുതിയ വില്ലകള്‍ക്ക് ക്ഷാമം. നെറ്റില്‍ ഒന്ന് സെര്‍ച്ച് ചെയ്‌താല്‍ പോരെ..?

“കുഴപ്പമുണ്ട് തീര്‍ത്ഥ. അത് കൊണ്ട് തന്നെയാണ് നമ്മളിത് വാങ്ങുന്നത്”.

ഹര്‍ഷന്‍ വലത്തെ മൂലയിലെ പ്ലോട്ടിനെ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.

“നോക്കൂ..ഈ നമ്പര്‍ പന്ത്രണ്ടാണ് നമ്മുടെ വില്ല. പന്ത്രണ്ടര സെന്റ്‌. മൂവായിരം സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില. ഇതിനോട് ചേര്‍ന്ന് ഒരു കോളനിയുണ്ട്. കോളനി എന്ന് പറഞ്ഞാല്‍ ഒരു പക്കാ ദരിദ്രവാസിക്കോളനി. ഏറിയാല്‍ മൂന്നു മാസം. അതിനുള്ളില്‍ ഒഴിഞ്ഞു പൊയ്ക്കോളും. അതിന്റെ കേസും കാര്യങ്ങളും നടക്കുന്നുണ്ട്.

“ഓ..അതാണോ കാര്യം.. ഞാനോര്‍ത്തു വേറെന്തെങ്കിലും സീരിയസ് പ്രശ്നമാണെന്ന്.”

“അത് സീരിയസ് പ്രോബ്ലം തന്നെയല്ലേ...?. അതല്ലേ പണി കഴിഞ്ഞ്  കൊല്ലമൊന്നായിട്ടും ആ വീട് മാത്രം പോകാതങ്ങനെ കിടന്നത്.”

തീര്‍ത്ഥ ശ്രദ്ധയോടെ വീടിന്റെ എലിവേഷന്‍ നോക്കിക്കൊണ്ടിരുന്നു. നീളന്‍ വരാന്തയും ഉരുളന്‍ തൂണുകളും ഓട് പാകിയ മേല്‍ക്കൂരയുമായി  കേരളത്തനിമയില്‍ പണിത മനോഹരമായ വീട്.

“നീ കേള്‍ക്ക് തീര്‍ത്ഥ, ഹര്‍ഷന്‍ ആവേശത്തോടെ തുടര്‍ന്നു ഇതിന്റെ ബില്‍ഡര്‍ ഈ ഒരൊറ്റ വീട് കൊണ്ട് വല്ലാതെ വലഞ്ഞു. കോടികളല്ലേ ഇത് കാരണം ബ്ലോക്കായി കിടക്കുന്നത്. അയാള്‍ പറഞ്ഞ വിലയില്‍ നിന്നും ഇരുപത് ലക്ഷം കുറവില്‍ ഞാനതിന് അഡ്വാന്‍സ് കൊടുത്തു.”

“ങേ...? എന്നിട്ടതിപ്പോഴാണോ പറയുന്നത്..?”  

“ഇടക്ക് നിനക്കൊരു സര്‍പ്രൈസ് വേണ്ടെ.. ഈ വീട് രജിസ്റ്റര്‍ ചെയ്യുന്നതും നിന്റെ പേരിലാണ്.”

“അതൊന്നും വേണ്ട ഹര്‍ഷന്‍. ആരുടെ പേരിലായാലും അത് നമ്മുടെ വീട് തന്നല്ലേ.”

കണക്കിലധികം സ്വത്തുക്കള്‍ സ്വന്തം  പേരില്‍ വരാതിരിക്കാനുള്ള ബുദ്ധി സ്നേഹമായി മാറ്റാനുള്ള ഹര്‍ഷന്റെ ശ്രമം തീര്‍ത്ഥക്ക് മനസ്സിലായി. എങ്കിലും നാളുകള്‍ കൂടി അവര്‍ക്കിടയില്‍ ഒരു സന്തോഷക്കാറ്റ് വീശി. വീട് വാങ്ങുന്നതിലേറെ തീര്‍ത്ഥയെ സന്തോഷിപ്പിച്ചത് അപൂര്‍വമായി മാത്രം കാണാറുള്ള ഹര്‍ഷന്റെ സൌഹൃദ ഭാവമാണ്.

എന്നും രാവിലെ ഓഫീസില്‍ പോകുന്ന ഹര്‍ഷന്‍, അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന അവളുടെ പകലുകള്‍. അവളുടെ ജീവിത ചക്രത്തിലെ ഓരോ  ആരക്കാലുകളും ഹര്‍ഷന്‍ ചിട്ടപ്പെടുത്തി വെച്ചിരിക്കുകയാണ്. അവള്‍ എന്ത് ചെയ്യണം, എവിടെ പോകണം, എന്നൊക്കെ ഹര്‍ഷന്‍ തീരുമാനിക്കും. ഹര്‍ഷന് അതിക്രമിച്ചു കടക്കാന്‍ പറ്റാത്ത ഒരേ ഒരു ഇടം അവളുടെ ചിന്താലോകം മാത്രമാണ്. അവിടെ അവള്‍ ഇഷ്ടങ്ങളുടെ രാജകുമാരിയായി സ്വയം അഭിഷിക്തയാകുന്നു. അവിടത്തെ പ്രജകളും പരിചാരകരും എല്ലാം അവളുടെ ഇഷ്ടങ്ങളാണ്. കല്‍പ്പനകളില്ലാത്ത, കാല്‍പ്പനികതയുടെ ആ ലോകത്തെ അവള്‍ ഏറെ സ്നേഹിക്കുന്നു. ആ ലോകത്തിരിക്കുമ്പോള്‍ അവള്‍ താമസിക്കുന്ന അപ്പര്‍ ക്ലാസ്സ് ഫ്ലാറ്റിന്റെ നിലവാരം മറക്കും. അപ്പോള്‍ വീട്ടു വേലക്കാരി വേണ്ട എന്നും, ക്ലബ്ബിലെ പൊങ്ങച്ചങ്ങള്‍ ബോറടിക്കുന്നു എന്നും പറഞ്ഞ്  ഒരിക്കലും തോറ്റ് തരാത്ത ഹര്‍ഷനോടു തര്‍ക്കിക്കുക വരെ ചെയ്യും.

“തീര്‍ത്ഥ, നോക്ക് നമുക്ക് കുഞ്ഞുങ്ങളില്ലാത്തത് കൊണ്ട് ഉള്‍വലിഞ്ഞു ജീവിക്കുകയാന്നെന്നേ ഇവിടുള്ളവര്‍ പറയൂ. എനിക്കങ്ങനെ എവിടെയും തോറ്റ് കൊടുക്കുന്നതിഷ്ടമില്ല എന്ന് നിനക്കറിഞ്ഞു കൂടെ..?”

ഹര്‍ഷന്റെ ഗൗരവമുള്ള ഓര്‍മ്മപ്പെടുത്തലുകളില്‍ അവള്‍ വേഗം ശാന്തയാകും. കാരണം അവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമങ്ങനെ അനാവശ്യ ശബ്ദങ്ങള്‍ ഉയരാറില്ല. അത് കൊണ്ട് തീര്‍ത്ഥ ചുണ്ടുകള്‍ ഇറുക്കെ ചേര്‍ത്ത് വെച്ച് ഏതെങ്കിലും പുസ്തകം എടുത്ത് വായിക്കുന്നതായി ഭാവിക്കും. എങ്കിലും  കോളനിയിലെ എല്ലാ കാര്യങ്ങളിലും അവള്‍ സജീവ പങ്കാളിയാകും. ലേഡീസ് ക്ലബ്ബിലെ കിറ്റി പാര്‍ട്ടിയില്‍ നടക്കുന്ന ‘തംബോല’ കളിയില്‍ ധാരാളം പ്രൈസ് അടിച്ചെടുക്കും

പിറ്റേന്ന് വൈകുന്നേരം ഹര്‍ഷനോടൊപ്പം റോസ് വില്ലാസില്‍ ചെന്നിറങ്ങുമ്പോള്‍ ബില്‍ഡര്‍ ഡേവീസ് അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു.

“കോളനിക്കാരുടെ ശല്യം അധികം നാള്‍ കാണില്ല മാഡം. കേസില്‍ അവര്‍ തോല്‍ക്കും, ഉറപ്പല്ലേ.”

കോളനിയോടു ചേര്‍ന്നുള്ള ഭാഗത്തെ മതിലിന് എന്തെന്നില്ലാത്ത പൊക്കം. അതിനു മുകളിലെ ചുവന്ന ചായം തേച്ച കൂര്‍ത്ത കമ്പികള്‍ അതിനപ്പുറത്ത് ഒരു ലോകമില്ല എന്ന് തോന്നിപ്പിച്ചു.

“കോളനിക്കാരുമായുള്ള കേസ് ജയിക്കുമോ എന്ന് സംശയം ഉള്ള സമയത്താണ് ഈ വില്ലകളുടെ പണി തുടങ്ങിയത്.  അതാ ഈ മതിലിന് ഇത്ര പൊക്കവും ഇരുമ്പ് കമ്പിയും. കേസിന്‍റെ വിധി വന്നുകഴിഞ്ഞാല്‍ മതില്‍ ഞാന്‍ തന്നെ മോഡിഫൈ ചെയ്തു തരാം.”അതിരോ വേലിയോ ഇല്ലാതെ കാടു പിടിച്ചു കിടന്നിരുന്ന ‘ദുബായ്ക്കാരന്റെ പറമ്പും’ ആ കോളനിയും കാലങ്ങളോളം ഒന്നായി ചേര്‍ന്നു കിടന്നു. ദുബായ്ക്കാരന്‍റെ പറമ്പെന്ന് പറഞ്ഞാല്‍ മരിച്ച് പോയ പെരുമറ്റത്തില്‍ സക്കറിയാച്ചന്‍ ഇളയ മകന്‍ ജോമോന് വീതം കൊടുത്ത സ്ഥലം. അതിന് വേലിയോ കോലമോ ഇല്ലാത്തതിന്‍റെ ഗുണം കോളനിക്കാര്‍ക്ക് തന്നെയായിരുന്നു. വറ്റാത്ത കുളം, വെളിക്കിരിക്കാന്‍ പൊന്ത മറകള്‍, ഇടക്ക് വീഴുന്ന തേങ്ങ, ഓലമടലുകള്‍, വര്‍ഷാവര്‍ഷം ഉണ്ണി പിടിക്കുന്ന മാവുകള്‍. എല്ലാം അവര്‍ക്ക് സ്വന്തം.

ആ പറമ്പിന്റെ പുറകിലെ താമസക്കാരനായ സഹദേവന്‍ മാഷാണ്  ശരിക്കും പൊറുതി മുട്ടിയിരുന്നത്. ഒന്നാമതു കോളനിക്കാരുടെ  അപ്പി നാറ്റം മുഴുവനും സഹിക്കണം. പിന്നെ ചക്ക, തേങ്ങ, മാങ്ങ എന്നിവയുടെ അവകാശ തര്‍ക്കങ്ങള്‍ക്കിടയിലെ തെറി വിളികള്‍. തെറി എന്ന് പറഞ്ഞാല്‍ പച്ചത്തെറി. ഇടക്ക് കാടും പടലവും കടന്ന്‍ മാഷിന്റെ പറമ്പില്‍ വിരുന്നു വരുന്ന വിവിധയിനം പാമ്പുകളും.

ജോമോന് വീതം കിട്ടിയ ശേഷമാണ് ആ പറമ്പിനീ ദുര്‍ഗതി വന്നത്. കോളനിയിരിക്കുന്ന സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമറ്റത്തില്‍ സക്കറിയാച്ചന്‍ അവര്‍ക്ക് കുടികിടപ്പവകാശം കൊടുത്തതാണ്. അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി ഇപ്പോള്‍ താമസിക്കുന്നവരും പെരുമറ്റത്തില്‍ കുടുംബവുമായി യാതൊരു സമ്പര്‍ക്കവുമില്ല. സക്കറിയാച്ചന്‍ മരിച്ച് പറമ്പ് ജോമോന്റെ കയ്യില്‍ വന്നതോടെ അത് കാടു കേറി നാശമായി. അപ്പന്റെ ഇഷ്ടത്തിനെതിരായി നായരിച്ചി പെണ്ണിനെ കെട്ടിയതിന്റെ ദേഷ്യത്തിനാണ് വേറെ മക്കള്‍ക്കാര്‍ക്കും വേണ്ടാത്ത ആ സ്ഥലം ജോമോന്  കൊടുത്തതെന്നും ആ വാശി തീര്‍ക്കാനാണ് അയാള്‍ അത് തിരിഞ്ഞു നോക്കാത്തതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പക്ഷേ, പെട്ടെന്ന് നാട്ടില്‍ ഇത്ര പുരോഗമനം വരുമെന്നും ആ പറമ്പിനടുത്ത്  വന്‍ പദ്ധതികള്‍ വരുമെന്നുമൊക്കെ ആരറിഞ്ഞിരുന്നു....? നോക്കി നിന്ന സമയത്താണ് അവിടം കേറിയങ്ങ് തെളിഞ്ഞത്. അപ്പന്‍റെ പത്താം ചരമ വാര്‍ഷികത്തിന് നാട്ടില്‍ വന്ന ജോമോന് വാശിയും ദേഷ്യവും ഒട്ടൊന്നടങ്ങിയിരുന്നു. പറമ്പൊന്ന്‍ വെട്ടിത്തെളിച്ചിടാമെന്ന് വിചാരിച്ച് അവിടെയെത്തിയ ആയാള്‍ ചുറ്റുമുള്ള മാറ്റം കണ്ടമ്പരന്നു പോയി. മനോഹരമായ കെട്ടിടങ്ങള്‍, ഫ്ലാറ്റുകള്‍. അതിനിടക്ക് തലയ്ക്കൊപ്പം കാടുപിടിച്ചു കിടക്കുന്ന അയാളുടെ ഒരേക്കര്‍ പറമ്പും തൊട്ടടുത്ത് അപശകുനമായി  ആ കോളനിയും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ബന്ധു കൂടിയായ ബില്‍ഡര്‍ ഡേവീസിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് സന്തോഷത്തോടെയാണ് അയാള്‍ തിരിച്ച് പോയത്.

അതോടെ സഹദേവന്‍ മാഷുടെ ഉള്ള സമാധാനം കൂടി പോവുകയാണുണ്ടായത്. ഒരു സുപ്രഭാതത്തില്‍ ജെ സി ബിയുടെ അലര്‍ച്ച കേട്ട്  പുറത്തിറങ്ങിയ മാഷും ഭാര്യയും അന്തം വിട്ടു. കാടുകേറി കിടന്ന പറമ്പില്‍ നിറയെ പണിക്കാരും അതിനൊത്ത ആരവങ്ങളും!!! ഒരു ദിവസത്തെ പണി കഴിഞ്ഞപ്പോള്‍ത്തന്നെ അവിടം മുഴുവന്‍ പൊടിയില്‍ കുളിച്ചു. വൈറ്റ് വാഷ് ചെയ്ത് നല്ല തൂവെള്ള നിറത്തിലിരുന്ന മാഷിന്റെ വീടിന് ഇഷ്ടിക നിറമായി. കുറച്ചു പൈസ നഷ്ടപരിഹാരം കൊടുത്ത് സഹദേവൻ മാഷിനെ ഡേവീസ് സമാധാനിപ്പിച്ചു നിർത്തി.

പക്ഷെ പടിഞ്ഞാറെ അതിരിലെ കോളനിക്കാരാണ് നട്ടം തിരിഞ്ഞത്. അവരുടെ കുളിയും വെളിക്കിരിക്കലും തടസ്സപ്പെട്ടു. അവര്‍ ആരോടും പരാതിക്ക് പോയില്ല. ആരോടു പറയാന്‍....? അവര്‍ കിടക്കുന്ന ആ പറമ്പ് പോലും സക്കറിയാച്ചന്‍റെതല്ലേ.

കുറച്ചധികം ദിവസം വേണ്ടി വന്നു അതൊന്ന് നിരപ്പാക്കിയെടുക്കാന്‍. പിന്നീടത് പല അളവുകളിലെ പ്ലോട്ടുകളായി തിരിച്ചു. പ്ലോട്ടുകളുടെ  ഇടയിലൂടെയുള്ള വഴിയും ടാറിട്ട് മനോഹരമാക്കി. ഓരോ പ്ലോട്ടിലും മനോഹരമായ വില്ലകളും ഒരു കൊല്ലം കൊണ്ട് ഉയര്‍ന്നു കഴിഞ്ഞു. ഒരു ഭാഗത്ത് ഇരു നില വില്ലകളും ഒരു ഭാഗത്ത് ഒറ്റനില വില്ലകളും. ചൂടപ്പം പോലെയാണ് വീടുകള്‍ വിറ്റ് പോയത്. ഒടുവില്‍ കോളനിയോട് ചേര്‍ന്നു കിടന്ന രണ്ടു വീടുകള്‍ മാത്രം അവശേഷിച്ചു. ഇനിയിപ്പോ ഒരേ ഒരു വീടുമാത്രം. പന്ത്രണ്ടാം നമ്പര്‍ വില്ല. മറ്റു വീടുകളില്‍ ആളുകള്‍ എപ്പോഴേ താമസം തുടങ്ങിക്കഴിഞ്ഞു.

പക്ഷെ ആ കോളനി.... പൊട്ടിപ്പൊളിഞ്ഞ തകര ഷീറ്റും പല നിറത്തിലെ പ്ലാസ്റ്റിക് മേല്‍ക്കൂരയുമായി റോസ് വില്ലാസിന്‍റെ സര്‍വ പ്രൌഡിയും നശിപ്പിക്കുന്ന കീറാമുട്ടികള്‍.... അതെങ്ങനേയും ഒഴിപ്പിക്കാനുള്ള നിയമ നടപടിയുടെ പുറകെയാണ് ഡേവീസിപ്പോള്‍. മൂന്ന്‍ കുടുംബങ്ങള്‍ക്ക് പത്ത് സെന്റ്‌ വീതമാണ് സക്കറിയാച്ചന്‍ കൊടുത്തതെങ്കില്‍ അതിപ്പോള്‍ പത്തുപന്ത്രണ്ട് കുടുംബങ്ങളായി കഴിഞ്ഞിരിക്കുന്നു. ഇത്രയും കൊല്ലം അവിടെ കഴിഞ്ഞെങ്കിലും ഗതി പിടിക്കാതെ, അന്നന്നത്തെ അപ്പവുമായി അവര്‍ ഉണ്ടുറങ്ങി.  

ശരിയായ രേഖയൊന്നും ഇല്ലാതെയാണത്രേ അതുങ്ങള്‍ അവിടെക്കേറി താമസമാക്കിയത്. സക്കറിയാച്ചന്‍ കൊടുത്തു എന്ന് പറയുന്നതല്ലാതെ സ്ഥലത്തിന്റെ  രേഖയെപ്പറ്റി ഇപ്പോഴത്തെ തലമുറക്ക് ഒരു പിടിയുമില്ല. ആരോട് ചോദിക്കാന്‍...? മരിച്ച് ചാരമായിപ്പോയ പൂര്‍വികരോടോ...? അതോ പള്ളിക്കല്ലറയില്‍ മണ്ണടിഞ്ഞ സക്കറിയാച്ചനോടോ..?

“ഒന്നും അറിയാത്ത പോലെ ഇരുന്നോ അവടെ...വടീം കുത്തിപ്പിടിച്ച്. കൂടും കുടുക്കയുമായി എറങ്ങുമ്പോ അറിഞ്ഞോളും..”

കോളനിയിലെ വീടിന്റെ പൊട്ടിപ്പൊളിഞ്ഞ വരാന്തയിൽ ഇരുന്നു പുകല തിന്നുന്ന ചീരാനെ നോക്കി പേരക്കുട്ടി സുര പിറുപിറുത്തു.

“ഫാ...”

ദുര്‍ബലമായ ശബ്ദത്തില്‍ ചീരാന്‍ ഒന്നാട്ടി.

“പത്തറുപത് കൊല്ലം മുമ്പ് പെരുമറ്റത്ത് സക്കറിയാച്ചന്‍ തന്ന പറമ്പീന്ന്‍ എറക്കണത് ഒന്ന്‍ കണ്ടിട്ടേ ഒള്ളൂ”.

കേസും കൂട്ടവുമായി പോകാന്‍ കാശില്ലാത്ത കോളനിക്കാര്‍ ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ആ ‘അപശകുനം’ അവിടെ നിന്ന്‍ പോകേണ്ടത് നാട്ടുകാരുടെയും ആവശ്യമായിരുന്നത് കൊണ്ട് ചാനല്‍കാരോ പത്രക്കാരോ  അത് ഏറ്റുപിടിച്ചില്ല. ഇനിയെന്ത്...? എന്ന ഉത്തരമില്ലാത്ത ചോദ്യവുമായി കോളനിയില്‍ ദിവസങ്ങള്‍ ഇരുണ്ടു വെളുത്തു.

കുറഞ്ഞ ദിവസം കൊണ്ട് തീര്‍ത്ഥ വീട് സെറ്റ് ചെയ്തു കഴിഞ്ഞു. പുതിയ അയല്‍ക്കാര്‍, പുതിയ പരിസരം പുതിയ നാട്. എന്തിന് ഹര്‍ഷന്‍ പോലും പുതുതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു ദിവസം വൈകിട്ട് അവള്‍ ലോണില്‍ നില്‍ക്കുമ്പോഴാണ് കോളനിയില്‍ നിന്നും പതിവ് പോലെ തെറിയഭിഷേകം. ഇടക്ക് കുട്ടികളുടെ അലറിക്കരച്ചിലും. ഉയര്‍ത്തിക്കെട്ടിയ മതിലിനെയും അതിന്റെ മുകളിലെ കൂര്‍ത്ത കമ്പികളെയും തെല്ലും വക വെക്കാതെ അശ്ലീലങ്ങളുടെ അരോഹണവരോഹണങ്ങള്‍ റോസ് വില്ലയുടെ കോമ്പൌണ്ടു കറങ്ങിയിറങ്ങി.

“കേറിപ്പോ അകത്ത് ...നാണമില്ലേ ഈ ഭരണിപ്പാട്ട് കേട്ടു നില്‍ക്കാന്‍...”

ജോലി കഴിഞ്ഞെത്തിയ ഹര്‍ഷന്റെ ദേഷ്യം തീര്‍ത്ഥയോടായി. അയല്‍പക്കത്തെ തെറിയഭഷേകത്തിന്റെ കാരണം അവളാണെന്ന ഭാവമായിരുന്നു അയാള്‍ക്കപ്പോള്‍.

ഇരുപത് ലക്ഷം ലാഭത്തിന് വില്ല വാങ്ങാന്‍ തോന്നിയ ബുദ്ധിയെ അയാള്‍ സ്വയം പഴിച്ചു. അന്നവരുടെ വീട്ടില്‍ ആകെ ഒരു താളം തെറ്റാലായിരുന്നു. കോളനിക്കാരുടെ ശല്യം ഓര്‍ക്കുമ്പോഴൊക്കെ ഹര്‍ഷന് കലി കയറി.

“എങ്ങനെയെങ്കിലും ആ കോടതി നടപടികള്‍ ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു. ഈ നാശങ്ങളെക്കൊണ്ടു തോറ്റു.”

കോളനിക്കാര്‍ ഒഴിഞ്ഞു പോകുമ്പോള്‍ മതിലിനപ്പുറം വരാന്‍ പോകുന്ന മൂകത തീര്‍ത്ഥയെ വല്ലാതെ തളര്‍ത്തി. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുന്ന കുട്ടികളുടെ കളിചിരികള്‍, ചിണുങ്ങലുകള്‍, കലമ്പലുകള്‍.....ആ കുഞ്ഞു ശബ്ദങ്ങള്‍  അവളെ കുറച്ചു ദിവസങ്ങളായി മതിലിനപ്പുറത്തേക്ക് ആകര്‍ഷിക്കുന്നുണ്ടായിരുന്നു.

ഒരു വൈകുന്നേരം മടിച്ചു മടിച്ചാണ് തീര്‍ത്ഥ കോളനിയിലേക്ക് ചെന്നത്. പേന്‍ നോക്കി അലസരായി വീടിനു മുന്നിലിരുന്ന പെണ്‍കൂട്ടം മുന്നില്‍ നില്‍ക്കുന്ന  വിരുന്നുകാരിയെ കണ്ടമ്പരന്നു. മതിലപ്പുറത്ത് അവള്‍ കേട്ട് പരിചയിച്ച കുഞ്ഞു ശബ്ദങ്ങളുടെ ചെളിപിടിച്ച രൂപങ്ങള്‍ അവര്‍ക്ക് കിട്ടിയ തിളങ്ങുന്ന കടലാസിനുള്ളിലെ വിലയേറിയ ചോക്ലേറ്റ് കണ്ട് കണ്ണ് മിഴിച്ചു. കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളും മധുരങ്ങളുമായി തീര്‍ത്ഥ അവര്‍ക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്ന ദിവസങ്ങളിലൊരുനാള്‍ കോളനിക്കാരും റോസ് വില്ലാസും തമ്മിലുള്ള കേസ് വിഷയം അവള്‍ അവര്‍ക്ക് മുന്നില്‍ എടുത്തിട്ടു. അവരെ ഒഴിപ്പിക്കാതിരിക്കാന്‍ വഴി കണ്ടുപിടിക്കാം എന്ന വാഗ്ദാനം തുറിപ്പിച്ച കണ്ണുകളോടെയാണവര്‍ കേട്ടു നിന്നത്. മതിലിന് ചേര്‍ന്ന് നില്‍ക്കുന്ന വീട്ടുകാരിയാണെന്ന തീര്‍ത്ഥയുടെ വെളിപ്പെടുത്തലില്‍ കോളനി പെണ്ണുങ്ങള്‍ രാക്ഷസികളായി. അവരുടെ സൗഹൃദം നിമിഷങ്ങള്‍ കൊണ്ട് മാഞ്ഞു കഴിഞ്ഞു.

“അതേയ്..കോടതി പറയുമ്പോ ഞങ്ങള് പൊക്കോളാം...അതിനും മുമ്പേ ഓടിക്കാനുള്ള ഈ അടവ് ഇവിടെ വേണ്ടാ...ട്ടാ.... കൊച്ചുങ്ങള്‍ക്ക് മൊട്ടായീം കളിപ്പാട്ടോം തന്ന് മയക്കണ വേല അങ്ങ് കയ്യീ വെച്ചോ...”

നേരമേറെ കഴിഞ്ഞിട്ടും മതിലിനപ്പുറത്തു നിന്നുള്ള അടങ്ങാത്ത പ്രതിഷേധങ്ങള്‍ തീര്‍ത്ഥ നിരാശയോടെ കേട്ടു നിന്നു.

റോസ് വില്ലാസിലെ ചില്ലറ ജോലികളും ബാക്കിയുള്ള സമയം സൈക്കിളില്‍ ചുറ്റിയടിക്കലുമായി നടക്കുന്ന സുരേഷ് എന്ന സുരയെയാണ് തീര്‍ത്ഥ പിന്നീട് കയ്യിലെടുത്തത്. അവനെയും കൂട്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ ഹര്‍ഷനറിയാതെ അവള്‍ കയറിയിറങ്ങി. അറുപത്തഞ്ചു കൊല്ലം മുമ്പുള്ള കടലാസുകള്‍ തരപ്പെടുത്തുക എന്ന് കേട്ടപ്പോഴേ സുര പിന്‍വലിയാന്‍ നോക്കി.

“പോണേല്‍ അങ്ങ് പോട്ടെ മാഡം..”ഇവര്‍ക്ക് കാശു കൊടുക്കാനൊന്നും എന്റെയിലില്ല”

അവനെ അനുനയിപ്പിച്ച് നിര്‍ത്താല്‍ കുറച്ചു കഷ്ടപ്പെടെണ്ടി വന്നു.

അങ്ങനെ നീണ്ട പരിശ്രമത്തിനൊടുവില്‍ കടലാസുകള്‍ കയ്യില്‍ കിട്ടിയപ്പോഴാണ് തീര്‍ത്ഥയെയും കോളനിക്കാരെയും ഒരു പോലെ ഞെട്ടിച്ച ആ വിവരം പുറത്ത് വന്നത്. കോളനിയിലെ സ്ഥലം കൂടാതെ റോസ് വില്ലാസിലെ കുറച്ചു സ്ഥലം കൂടി കോളനിക്കാരുടെയാണത്രേ. ഹര്‍ഷന്റെയും അതിനടുത്ത വീടിന്റെയും പുത്തകിടിയെയും പൂച്ചെടികളെയും വിഴുങ്ങി, കിടക്ക മുറികളുടെ ഭിത്തിയെ തൊട്ടു തൊട്ടില്ലെന്ന നേര്‍ രേഖയിലൂടെ പുതിയ അതിര് നിര്‍ണ്ണയിക്കപ്പെട്ടു!!!!! എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്.

“ആ കുഞ്ഞിന്റെ കെട്ട്യോന്‍ കാശു കൊടുത്ത് വാങ്ങിയ സ്ഥലം നമുക്ക് വേണ്ട. ഇപ്പൊ ഒള്ളത് കയ്യീ കിട്ടിയല്ലോ അത് മതി.”

മതിലിനപ്പുറത്ത് നിന്നുമുള്ള ഉറച്ച ശബ്ദങ്ങള്‍ കേട്ട് അതിലെ ചുവന്ന കൂര്‍ത്ത കമ്പികള്‍ക്ക്‌ ലജ്ജ തോന്നി. തല താഴ്ത്താനാവാത്ത വിധം തങ്ങളെ ഉറപ്പിച്ചു പിടിപ്പിച്ചതിലെ നിസ്സഹായതയില്‍ അവ വിഷണ്ണരായി.

കള്ളരേഖ കാണിച്ച് വീട് തന്ന ഡേവീസിനെതിരെയായിരുന്നു ഹര്‍ഷന്റെ രോഷം.

“നിങ്ങളുടെ കാശു ഞാന്‍ തിരികെ തരാം ഹര്‍ഷാ.... പക്ഷെ അതിന് മുമ്പ്  അറുപത്തഅഞ്ചു കൊല്ലത്തെ കടലാസ് തപ്പിക്കൊണ്ടുവരാന്‍ അവരെ സഹായിച്ച നിങ്ങളുടെ ഭാര്യയെ നിലക്ക് നിര്‍ത്ത്. അവരുടെ പേരിലാണ് ആ വീടെന്ന ബോധം പോലും അവര്‍ക്കില്ലായിരുന്നോ...? ഇത്രക്ക് വിവരക്കേട് ലോകത്തിലാരെങ്കിലും കാണിക്കുമോ...? ”

ഹര്‍ഷന്റെ കണ്ണ് മിഴിഞ്ഞു. ഒരു കൊടുങ്കാറ്റ് പോലെയാണ് അയാള്‍ ഡേവീസിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും ഇറങ്ങിപ്പോയത്.

ധൃതിയില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത വൈകുന്നേരം കാറിരപ്പിച്ച് ഇറങ്ങിപ്പോയ ഹര്‍ഷനെ നോക്കി തീര്‍ത്ഥ ബാല്‍ക്കണിയില്‍ അനങ്ങാതെ നിന്നു. അയാള്‍  അവള്‍ക്ക് നേരെ വലിച്ചെറിഞ്ഞ വീടിന്റെ രേഖകളടങ്ങിയ കടലാസുകള്‍ അപ്പോഴും അവളുടെ കാല്‍ച്ചുവട്ടില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു.

തീര്‍ത്ഥ സാവധാനം ആ കടലാസുകള്‍ ഒന്നൊന്നായി എടുത്തു നോക്കി. വീടിന്റെ പ്രമാണം, ഡേവീസിനു കൊടുത്ത കാശിന്റെ രേഖകള്‍, വീടിന്റെ പ്ലാന്‍, എലിവേഷന്‍. അങ്ങനെ എല്ലാം. സമയമെടുത്ത് ക്രമമായി അടുക്കി അവള്‍ പന്ത്രണ്ടാം നമ്പര്‍ വീടിനെ ഭദ്രമായി പിന്‍ ചെയ്തു വെച്ചു.

എന്നിട്ടും ഒടുവില്‍ ഒരു കടലാസ് മാത്രം ബാക്കിയായി. വെള്ളക്കടലാസില്‍ നിറയെ നിറങ്ങള്‍ കോരിയൊഴിച്ച് സ്കെച്ച് പെന്‍ കൊണ്ട് വരച്ച ഒരു ചിത്രം. അത് ഹര്‍ഷന്‍ അവള്‍ക്ക് നേരെ കടലാസ് കെട്ട് വലിച്ചെറിയുന്നതിനും മുമ്പേ ആ ബാല്‍ക്കണിയില്‍ കിടപ്പുണ്ടായിരുന്നു. കോളനിയിലെ കുട്ടികള്‍ അന്നവളുടെ മുറ്റത്ത് കളിക്കാന്‍ വന്നപ്പോള്‍ വരച്ചു വെച്ചു പോയതാണത്. അവളുടെ പന്ത്രണ്ടാം നമ്പര്‍ വില്ലയുടെ ചിത്രം. അതില്‍ ചെടികള്‍ക്കിടയില്‍ പിങ്ക് ചുരിദാറിട്ട തീര്‍ത്ഥയും.  അത് കൈയ്യിലെടുത്തപ്പോള്‍ ചിത്രത്തിലെ കൂര്‍ത്ത ഇരുമ്പ് കമ്പികളിലുടക്കി അവളുടെ കണ്ണ് പുളിച്ചു.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് സ്കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ സെക്യൂരിറ്റിയുടെ കണ്ണ് തുറിച്ചുള്ള പേടിപ്പിക്കലിനെയും മറികടന്നു പന്ത്രണ്ടാം നമ്പര്‍ വീട്ടിലേക്ക് വരാനുള്ള ധൈര്യം അവൾ അവര്‍ക്കുണ്ടാക്കി കൊടുത്തിരിക്കുന്നു. മതിലിനപ്പുറത്തെ കലപില ശബ്ദങ്ങള്‍ തീര്‍ത്ഥയുടെ മുറ്റത്ത് പൂത്തിരികളായി പൊട്ടിച്ചിതറി. സ്കെച്ച് പേനയുടെ കവര്‍ കയ്യില്‍ കൊടുത്തപ്പോഴുള്ള അവരുടെ അമ്പരപ്പ്,  പതുപതുത്ത കേക്ക് കഷണങ്ങള്‍ കണ്ടപ്പോഴുള്ള അത്ഭുതം കലര്‍ന്ന കൊതി നോട്ടങ്ങള്‍ ഒക്കെ അവളുടെ വൈകുന്നേരങ്ങള്‍ക്ക് കൂട്ടായി.

പിന്‍ ചെയ്തു വെച്ച കടലാസ് കൂട്ടത്തില്‍ നിന്നും വീടിന്റെ എലിവേഷന്‍ ചിത്രം അടര്‍ത്തിയെടുത്ത് തീര്‍ത്ഥ  മുറ്റത്തേക്കിറങ്ങി. വീടിന് നേരെ തിരിഞ്ഞ് കുട്ടികള്‍ വരച്ച ചിത്രവും എലിവേഷന്‍ ചിത്രവും താരതമ്യം ചെയ്തു നോക്കി. ഇതില്‍ ഏതാണ് യഥാര്‍ത്ഥ പന്ത്രണ്ടാം നമ്പര്‍ വീട്...? അവൾക്ക് മുകളിൽ കൊടും വേനലിന്റെ ആകാശം കാറ് കൊണ്ടു കറുത്തിരുണ്ടു കൂടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചുട്ടുപൊള്ളുന്ന പുഴുക്കത്തിലേക്ക് വീശിയടിച്ച ചെറുകാറ്റിനൊപ്പം വേനല്‍ മഴയുടെ ആദ്യ തുള്ളി ഭൂമിയിലേക്ക് പതിച്ചത്. സ്കെച്ച് പേനയുടെ കളറുകള്‍ വാരിത്തേച്ച  കടലാസിലെ ചുവന്ന ഇരുമ്പ് കമ്പിയിലാണ് ആ തുള്ളി വീണു ചിതറിയത്. പിന്നാലെ വീണ്ടും വീണ്ടും വലിയ വലിയ തുള്ളികള്‍, കാറ്റിന്റെ സുഖമുള്ള തണുപ്പ്, പുതുമഴയുടെ കുളിര്. തീര്‍ത്ഥയും എലിവേഷന്‍ ചിത്രവും കളര്‍ കടലാസും പതുക്കെ നനഞ്ഞു തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കൂര്‍ത്ത കമ്പികളുള്ള മതില്‍ ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായി അലിഞ്ഞു പോകുന്നത് അവള്‍ ആഹ്ലാദത്തോടെ നോക്കി നിന്നു. ആ സന്തോഷത്തില്‍ ചിത്രത്തിലെ മറ്റു ഭാഗങ്ങളോ നനഞ്ഞു കുതിര്‍ന്ന എലിവേഷന്‍ ചിത്രമോ ചുറ്റും ആര്‍ത്തലച്ച പെരുമഴയോ അവള്‍ കണ്ടില്ല.

---------------------------------

9.12.17

മാനസിവീട്ടിലെ ഒഴിഞ്ഞ ഇടങ്ങളിലൂടെയാണ് ലോപയുടെ വേര്‍പിരിയല്‍ എനിക്കനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന അലമാര,  പൂട്ടാതെ കിടക്കുന്ന ആഭരണപ്പെട്ടി വെക്കുന്ന അറ, ഒരുക്കമേശയിലെ ചമയ കൂട്ടുകള്‍, അവിടവിടെ ചിതറിക്കിടക്കാറുള്ള മുടിപിന്നുകള്‍, എല്ലാം എനിക്ക് നഷ്ടപ്പെട്ടപ്പെട്ടത് പോലെ.

ഭൂമിയില്‍ ഏറ്റവും സ്നേഹിക്കുന്ന ഭാര്യയായിരുന്നു എനിക്കവള്‍. ലോപയെ ഞാന്‍ ലോപയായിത്തന്നെയാണ് മനസ്സിലാക്കിയിരുന്നത്. അപക്വമായ പിടിവാശികള്‍, പിണക്കങ്ങള്‍, പിണക്കത്തിന് ശേഷം അവളുടെ  കൊല്ലുന്ന സ്നേഹം. എല്ലാം ഞാന്‍ ഏറ്റവും ആസ്വദിച്ചിരുന്നു. പക്ഷെ, എന്‍റെ കുറവുകളുമായി അവള്‍ ഒരിക്കലും പെരുത്തപ്പെട്ടതുമില്ല. ഒരു കുഞ്ഞു പോലുമില്ല എന്നായിരുന്നു അവളുടെ ഒടുവിലത്തെ പരാതി.

“ഒരു കുഞ്ഞിനെ കിട്ടിയാല്‍ നീ പോകാതിരിക്കുമോ”. എന്ന് വരെ ഞാന്‍ അവളോടു ചോദിച്ചിട്ടുണ്ട്.

“നിങ്ങളെക്കൊണ്ടാകുമോ..?”

എന്റെ കണ്ണുകളില്‍ നോക്കി അവള്‍ പരമ പുച്ഛത്തില്‍ ചോദിച്ച അന്നാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.

അതെ, പിറക്കാതെ പോകുന്ന എന്റെ കുഞ്ഞുങ്ങള്‍. ആ കുഞ്ഞുങ്ങളായിരുന്നു  ഞങ്ങള്‍ക്കിടയിലെ ശത്രുക്കള്‍ എന്നെനിക്ക് മനസ്സിലായി. ഓരോ തവണയും ലോപയുടെ ഉള്ളില്‍ രൂപപ്പെടുന്ന ജീവ കണികയോട് കൂടിച്ചേരാതെ അനക്കമറ്റ്‌ കിടന്ന എന്റെ ജീവാണുക്കളെ ഞാന്‍ വെറുത്തു, ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവയുടെ ചലന ശേഷിക്കുറവിനെയും എന്റെ പുരുഷത്വത്തെയും ഈ ജീവിതത്തെയും. അങ്ങനെ വിരസമായ ദിവസങ്ങളിലാണ് പുതിയൊരു കഥ എഴുതണമെന്നെനിക്ക് തോന്നിയത്.

പുതിയൊരു ജീവിതം എന്ന ഉദ്ദേശത്തോടെയാണ് ഞാനാകഥയെ സമീപിച്ചത്. അത് വരെ ഒരു പണിപ്പുര മാത്രമായിരുന്നു എഴുത്തുമുറി. എന്റെ ഉപജീവനത്തിന്‍റെ അത്താണി.

പക്ഷെ, അന്നെന്തോ എനിക്ക് എഴുത്തിനോട് സ്നേഹം തോന്നി. വാരാവാരം എഴുതിക്കൂട്ടുന്ന വിഷയങ്ങള്‍, എന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എല്ലാത്തിനോടും കലശലായ ഒരിഷ്ടം. പുത്തനുണര്‍വോടെ ഞാന്‍ പേനയും കടലാസുമെടുത്തു.

എന്തോ... കുഞ്ഞുങ്ങളെക്കുറിച്ചെഴുതാനാണ് ആദ്യം തോന്നിയത്. എന്റെ ജീവന്‍റെ അംശമായി പിറക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞുങ്ങളോടുള്ള വെറുപ്പ്‌  വെറും കൃത്രിമാമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സില്‍ എന്നും കുഞ്ഞുങ്ങളുണ്ടായിരുന്നു. അവര്‍ ഇടക്കിടെ അനക്കമറ്റു കിടന്നിരുന്ന വീടിനെ തട്ടിയുണര്‍ത്തും. സ്വീകരണ മുറിയിലൂടെ കളിച്ചു തിമര്‍ത്തോടി സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന പൂപ്പാത്രം തട്ടിയുടച്ച് പൂക്കള്‍ മുറിയിലാകെ ചിതറിക്കും. അടുക്കിയൊതുക്കി വെച്ചിരിക്കുന്ന പത്ര മാസികകള്‍ മുറിയില്‍ വാരിവലിച്ചിടും. എന്നെ കാണുമ്പോള്‍ അവര്‍ തുറന്നിട്ട വാതിലിലൂടെ തിരിഞ്ഞ് നോക്കിയിട്ട് പുറത്തേക്ക് ഓടും.

അവരിലൊരാളെ  ജനിപ്പിക്കാന്‍ എനിക്ക് പിണങ്ങിപ്പോയ ലോപയുടെ ആവശ്യമില്ല, ചലന ശേഷിയില്ലാത്ത ജീവാണുക്കളെയും. ശാന്തമായ മനസ്സ്, അതിലെ ചിന്തകള്‍, ഈ കടലാസും തടസ്സമില്ലാതെ എഴുതുന്ന പേനയും. അത്ര മാത്രം.

ചിന്തകളുടെ അണ്ഡവും അക്ഷരങ്ങളുടെ ബീജവും ചേര്‍ന്ന് എന്റെ മനസ്സിലെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു കഥാപാത്രം രൂപപ്പെട്ടു. മേശപ്പുറത്തെ എഴുത്ത് താളിലേക്ക് അവള്‍ പിറന്നു വീണു. ഇളം ചെമ്പു നിറത്തില്‍ വടിവുള്ള മുടിയിഴകള്‍ അവളുടെ നെറ്റിയിലേക്ക് വീണു കിടന്നു. അവളുടെ നക്ഷത്രക്കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

‘ഇവള്‍ എന്റെ മകള്‍, എന്റെ മാനസി’.

എഴുത്ത് താളില്‍ നിന്നും അവള്‍ മെല്ലെ മേശപ്പുറത്തേക്ക് നിരങ്ങിയിറങ്ങി. ഇനി എന്താ അവളുടെ ഭാവം...? അതാ അവള്‍ അവിടമെല്ലാം മൂത്രം കൊണ്ട് അഭിഷേകം നടത്തുന്നു. എനിക്കിത് വല്ലതും ശീലമുണ്ടോ...? ഞാന്‍ അവളെ മാറ്റിക്കിടത്തി, പഴയ  മുണ്ടിന്റെ കഷണം കൊണ്ട് തുടച്ച് വൃത്തിയാക്കി. ഉടനെ തുടങ്ങി അവളുടെ ചിണുങ്ങി കരച്ചില്‍. വിശന്നിട്ടകുമോ..?.ഞാനുടനെ പാല്‍ തിളപ്പിച്ച്, അവളെ മടിയില്‍ കിടത്തി ഇളം ചൂടോടെ കൊടുത്തു. ഈണത്തില്‍ താരാട്ട് പാടിയുറക്കി. ശബ്ദമുണ്ടാക്കാതെ പൂച്ച നടത്തവുമായി മുറിക്ക് പുറത്തിറങ്ങി. ശിശു പരിപാലനത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ അറിയാതെ തന്നെ പഠിച്ചു തുടങ്ങിയിരുന്നു.  എന്തിനാണ് ഇത്രയും നാള്‍ ആ വിരസ ജീവിതം തിരഞ്ഞെടുത്തത്...? അത് നേരത്തെ ആകാമായിരുന്നില്ലേ..? പക്ഷെ...ലോപ..? അവള്‍ക്കെങ്ങനെ എന്റെ മാനസിയെ ഉള്‍ക്കൊള്ളാനാവും...? ഞാന്‍ ചിന്തിക്കുന്നതും എഴുതുന്നതും വിഡ്ഢിത്വമാണെന്നും, സാധാരാണ എഴുത്തുകാരേക്കാള്‍  ഒരു പടി കൂടിയ സ്വപ്ന ജീവിയുമെന്നും ആണല്ലോ അവളുടെ കണ്ടെത്തല്‍. എന്റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാത്ത അവള്‍ക്കെങ്ങനെ എന്റെ മാനസപുത്രിയുടെ അമ്മയാകാനാകും..?  

ഞാനും എന്റെ വീടും പരിസരവും എനിക്ക് ചുറ്റുമുള്ള ലോകവും എല്ലാം മാറുകയായി. അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. വാക്കുകള്‍ക്ക് അതീതമായ അനുഭവങ്ങളിലൂടെ കടന്ന് പോവുകയാണ് ഞാന്‍.

ശിശു പരിപാലനം വളരെ എളുപ്പം എന്ന്‍ തോന്നിയാലും ഒന്നിനും സമയം കിട്ടുന്നില്ല. ഒച്ചിനെപ്പോലെ നീങ്ങിയിരുന്ന സമയം ഇപ്പോള്‍ എത്ര വേഗത്തിലാണ് ഓടി തോല്‍പ്പിക്കുന്നത്‌. മാനസി ഉറങ്ങുന്ന നേരം ധൃതിയില്‍ അത്യാവശ്യ ജോലി തീര്‍ത്ത്‌ എന്തെങ്കിലും എഴുതാം എന്ന് വിചാരിക്കുമ്പോഴേ അവളുണരും. ക്ഷണ നേരം കൊണ്ട് നീന്തി എന്റെ കാല്‍ച്ചുവട്ടില്‍ എത്തിക്കഴിഞ്ഞിരിക്കും. പേന പിടിച്ചു വാങ്ങി കുത്തിവരയ്ക്കാന്‍ തുടങ്ങും. അത് കൊണ്ട് എഴുത്തിപ്പോള്‍ രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അല്ലെങ്കില്‍ വാരാവാരം കൊടുക്കാനുള്ളവ എങ്ങനെ എഴുതി തീര്‍ക്കും...?

പുതിയ പുതിയ  അനുഭങ്ങള്‍ സമ്മാനിച്ച് മാനസി വളരുകയാണ്. ഞാനാ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. പുസ്തകം വായിച്ചു കൊണ്ട് കസേരയിലിരുന്ന എന്റെ കാലില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തില്‍ മാനസി ആദ്യമായി എന്നെ “അച്ഛാ...” എന്ന് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന പുസ്തകം താഴെയിട്ട് ഞാനവളെ വാരിയെടുത്തു. ഒരു കുഞ്ഞിനു വേണ്ടി ദാഹിച്ചിരുന്ന ലോപയോട് അന്നാണെനിക്ക് ക്ഷമിക്കാന്‍ കഴിഞ്ഞത്.  എനിക്ക് അന്നൊന്നും എഴുതാനോ വായിക്കാനോ സാധിച്ചില്ല, മറ്റെല്ലാം മറന്ന് പോയിരുന്നു ഞാന്‍. ഭാഗ്യവാനാണ് ഞാന്‍. ഒരു ഓമനക്കുടത്തിന്റെ അച്ഛന്‍ എന്ന പദവി എത്ര മനോഹരം.  ഇപ്പോളവള്‍ പണ്ടത്തെ കൈക്കുഞ്ഞല്ല. അച്ഛന്‍ എഴുതുമ്പോള്‍ എഴുത്ത് മേശയില്‍ കയറി ഇരിക്കരുതെന്നും എഴുതുമ്പോള്‍ മിണ്ടാതിരിക്കണം എന്നൊക്കെ അവള്‍ക്കറിയാം.. എന്തെങ്കിലും പാവക്കുട്ടികളുമായി തനിയെ സംസാരിച്ചവള്‍ സമയം പോക്കും. അവള്‍ക്കെപ്പോഴും പാവക്കുട്ടികളാണിഷ്ടം. അതെത്ര കിട്ടിയാലും മതിവരില്ല.

മൂന്ന്‍ വയസ്സായപ്പോഴാണ് കൂടെ കളിക്കാന്‍ കൂട്ടുകാരില്ലാത്തത് അവള്‍ക്കൊരു പ്രശ്നമാന്നെന്നെനിക്ക് മനസ്സിലായത്. ടിവിയില്‍ കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള ആ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി. എന്റെ സന്തോഷത്തിനു മാത്രമായി ഞാന്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ഒന്നുമല്ലല്ലോ അവള്‍....? അവള്‍ക്ക് കളിക്കാന്‍ കൂട്ടുകാരെ കൂടിയേ തീരൂ. അങ്ങനെയാണ് വീടിന് തൊട്ടടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അവളെ കളിക്കാന്‍ കൊണ്ടു പോയി തുടങ്ങിയത്. വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം. പാവം കളിക്കൂട്ടുകാരെ കിട്ടിയപ്പോള്‍ ആ സന്തോഷം ഒന്ന്‍ കാണേണ്ടത് തന്നെ. കളി കഴിഞ്ഞു സന്ധ്യയാകുന്നതിന് മുമ്പ് ഞാനവളെ ചെന്ന് വിളിക്കും. അടുത്ത വര്‍ഷം നേഴ്സറിയില്‍ വിടണം. എത്ര പെട്ടെന്നാണ് കാലം നീങ്ങിയത്. പൊടിക്കുഞ്ഞായി എന്റെ കയ്യില്‍ കിട്ടിയ കുഞ്ഞിതാ സ്കൂളില്‍ പോകാറായി.

വൈകുന്നേരം പിറ്റേന്ന് തന്നെ അയക്കാനുള്ളത് ധൃതിയില്‍ എഴുതുകയായിരുന്നു ഞാന്‍. മാനസി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് വരാന്തിയില്‍ പോയി നോക്കിയ ശേഷമാണ് എഴുതാനിരുന്നത്‌. പുറത്ത് കളിക്കാന്‍ പോയാലും എപ്പോഴും എന്റെ കണ്‍വെട്ടത്തു തന്നെയായിരിക്കും അവള്‍.

എഴുതി മുഴുവിപ്പിക്കുന്നതിന് മുമ്പ് പുറത്തു നിന്നും മാനസിയുടെ വിളി കേട്ടു.

“അച്ഛാ...”

ഒരു തേങ്ങല്‍ ആ ശബ്ദത്തിനുള്ള പോലെ. ഞാനുടനെ വരാന്തയിലേക്ക് ചെന്നു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഈശ്വരാ..എഴുത്തിനിടെ മോളെ വിളിക്കാന്‍  മറന്നോ.

“മോള് വാ...സമയം പോയത് അച്ഛനിറിഞ്ഞില്ലല്ലോ. അച്ഛന്റെ ചക്കരക്കുട്ടി പിണങ്ങിയോ..?

എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവള്‍ കൂനിപ്പിടിച്ചു നിന്നതേയുള്ളൂ. ആ നില്‍പ്പില്‍ ഒരു പന്തി കേട്...കണ്ണുകള്‍ പേടിച്ചു   കരഞ്ഞ പോലെ. കയ്യില്‍ കടലാസ് ഉരിഞ്ഞ ഇനിയും തിന്നു തീരാത്ത ചോക്ലേറ്റ് കഷണം.

“പോട്ടെ മോളെ...സമയം പോയത് അച്ഛനറിയാതെ പോയതല്ലേ...:

മുറിയിലേക്ക് കൊണ്ടു പോയി അവളുടെ കണ്ണീരുണങ്ങിയ മുഖം തലോടി.

മാനസി എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ മടിച്ച് കൂനി നില്‍ക്കുകയാണ്..

“എന്ത് പറ്റി എന്റെ കാന്താരിക്കുട്ടിക്ക്...?” ഞാനവളെ വാരിയെടുക്കാന്‍ ശ്രമിച്ചു.

“അച്ഛാ..പതുക്കെ..മോള്‍ക്ക് നോവും.”

അവള്‍ കരഞ്ഞു കുതറാന്‍ ശ്രമിക്കുകയാണ്...?”

“എന്ത് പറ്റി മോളെ..?

“ഇത് കണ്ടോ..? വെള്ളയില്‍ ചുവന്ന പൂക്കളുള്ള കുഞ്ഞു ടോപ്പ് ഉയര്‍ത്തിക്കാണിച്ചവള്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഒരു മഞ്ചാടിക്കുരുവിന്റെ വലിപ്പം പോലുമില്ലാത്ത എന്റെ കുഞ്ഞിന്റെ രണ്ടു മുലക്കണ്ണ്‍കളും ചുവന്നു തടിച്ചു വീര്‍ത്തിരിക്കുന്നു. ചുവന്ന പൂക്കള്‍ക്കിടെ രക്തച്ചുവപ്പു പടര്‍ന്ന  അവളുടെ ടോപ്പിലേക്ക് അപ്പോഴാണ്‌ ഞാന്‍ നോക്കിയത്.

“മോള്‍ക്ക് വേദനിക്കുന്നച്ചാ...”അവളെന്നെ കെട്ടിപ്പിടിച്ചു ഉറക്കെക്കരഞ്ഞു.

എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കൊള്ളിയാന്‍ മിന്നി.

“നീം ഉണ്ടച്ചാ..”

അവള്‍ കുഞ്ഞു പാവാട മേല്‍പ്പോട്ടുയര്‍ത്തി. പൂപോലെ മൃദുലമായ ആ കുഞ്ഞു തുടയില്‍ നിറയെ കടിച്ച പാടുകള്‍. അത് കാലുകളുടെ തുടക്കത്തിലേക്കും നീണ്ടു പോയിരിക്കുന്നു. അവിടെയെല്ലാം ചുവന്ന നിറത്തിലെ വികൃതമായ പൂക്കള്‍.

.അവള്‍ക്കെന്താണ് സംഭവിച്ചത് എന്ന പൂര്‍ണ്ണ ബോധ്യത്തിലേക്ക് ആ ഒരു നിമിഷത്തില്‍  ഞാനെത്തിക്കഴിഞ്ഞു. ഒരു വിറയല്‍, ഒരു കിതപ്പ്  ബാധിക്കുന്നത് ഞാനറിയുന്നുണ്ട്.

“ഇവിടേം ഉണ്ടച്ചാ...”

മാനസി രക്തത്തില്‍ കുതിര്‍ന്ന ഷഡ്ഢി വിഷമിച്ചൂരുവാന്‍ ശ്രമിച്ചു.

“വേണ്ട മോളെ...”

വല്ലാത്തൊരു ശബ്ദത്തോടെ ഞാനവളെ തടഞ്ഞു.

ആ ശബ്ദം ഒരു നിലവിളിയുടെതായിരുന്നില്ല, ലോകത്തിലെ എല്ലാ ദു:ഖങ്ങളും എല്ലാ വേദനകളും എല്ലാ രോഷങ്ങളും ചേര്‍ന്ന ഒരു വിചിത്ര സ്വരം. മാനസി അത് കേട്ട് പേടിച്ചു.

“മോള്‍ക്ക് വേദനിക്കുന്നില്ലച്ചാ...അച്ഛന്‍ കരയാതെ...”

അവള്‍ എന്റെ തോളിലേക്ക് ചാഞ്ഞു.

“ഇല്ലച്ചാ...ഒട്ടും വേദനയില്ല ഒട്ടും...”

അവള്‍ എന്റെ തോളില്‍ കിടന്നു കൊണ്ടു പുലമ്പി. മുറിവേറ്റ ഭാഗങ്ങള്‍ വേദനിപ്പിക്കാതെ അവളെ സൂക്ഷിച്ച് ചേര്‍ത്തു പിടിച്ചു. അവളുടെ ശരീരത്തിനപ്പോള്‍ ഇതുവരെയില്ലാത്ത ഗന്ധമായിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ ഞാനാകെ പകച്ചു പോയ നിമിഷങ്ങള്‍. പോലീസില്‍ പരാതി കൊടുത്താലോ എന്നാണ് ആദ്യം ചിന്തിച്ചത്.  ഇല്ല, ഇവള്‍ക്കായി ഈ ലോകത്തില്‍ നിയമമോ നിയമപാലകാരോ ഇല്ല, ബാലാവകാശമോ നീതിന്യായ കോടതികളോ ഇല്ല. എന്റെ മോള്‍ക്കൊപ്പം ഞാന്‍ തീര്‍ത്തും നിസ്സഹായനായി.

മാനസിയെ തോളില്‍ കിടത്തി കുളിമുറിയില്‍ കയറി അവള്‍ക്ക് വേദനിക്കാതെ സാവധാനം രക്തം ഒട്ടിച്ചേര്‍ന്ന വസ്ത്രങ്ങള്‍ മാറ്റി. ഇളം ചൂട് വെള്ളത്തില്‍ ടൌവ്വല്‍ മുക്കി തുടച്ചു വൃത്തിയാക്കി. മുലഞ്ഞെട്ടിലും അവളുടെ കുഞ്ഞു പെണ്ണടയാളത്തിലും ഉണങ്ങിപ്പിടിച്ചിരുന്ന രക്തം തുടച്ചപ്പോള്‍  മാനസി വേദനിച്ച് ഉറക്കെ കരഞ്ഞു.

“മോള് കരയാതെ...ഇപ്പൊ കഴിയും...”

ഞാനവളെ സ്വാന്തനിപ്പിച്ചു കൊണ്ടിരുന്നു.  അടുക്കളയില്‍ പോയി പാല്‍ ചൂടാക്കുമ്പോഴും അവളെന്റെ തോളില്‍ കിടപ്പുണ്ടായിരുന്നു. കണ്ണുകള്‍ ഇറുക്കി, ഇടക്കിടക്ക് ഞെട്ടി...

മടിയിലിരുത്തി അവള്‍ക്ക് പാല്‍ കൊടുത്തു.

“തനിയെ കുടിക്കാം അച്ഛാ...”

അവള്‍ എന്‍റെ കയ്യില്‍ നിന്നും ഗ്ലാസ്സ് വാങ്ങാന്‍ ശ്രമിച്ചു.”

“വേണ്ട.. ഇന്നെന്‍റെ മോള്‍ക്ക് അച്ഛന്‍ തരാം...”

പാല്‍ കുടിച്ചു മാനസി വീണ്ടും തോളിലേക്ക് ചാഞ്ഞു. അവള്‍ ഉറക്കത്തിലേക്ക് വീഴുന്നു എന്നെനിക്ക് മനസ്സിലായി. കിടക്ക മുറിയിലേക്ക് പോകുന്നതിന് പകരം ഞാനവളെ എഴുത്ത് മുറിയിലേക്കാണ് കൊണ്ടു പോയത്. നന്നായി ഉറങ്ങിയ അവളെ എഴുത്ത് മേശയിലേക്ക് കിടത്തി. അവിടെ കിടന്നും മാനസി ഉറക്കത്തില്‍ ഒന്നുരണ്ടു തവണ ഞെട്ടി.

മേശ വലിപ്പ് തുറന്ന് മൂന്ന് കൊല്ലം മുമ്പ് എഴുതിയ താളുകള്‍ തുറന്നു വെച്ചു. പതുക്കെ അവളെ ആ താളുകളിലേക്ക് നീക്കിക്കിടത്തി. ആ എഴുത്ത് താളുകള്‍ അടുക്കി ഫയലിലാക്കി, കിടക്ക മുറിയിലെ അലമാരയില്‍ ലോപയുടെ ആഭരണപ്പെട്ടി വെക്കുന്ന അറയില്‍ എന്നെന്നേക്കുമായി പൂട്ടി വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി 

(ഗൃഹലക്ഷ്മി, ലക്കം:നവംബർ 1-15)

1.8.17

കേശോച്ചോന്‍റെ രഹസ്യങ്ങള്‍, എന്റെയും സത്യാര്‍ത്ഥിയുടെയും


കേശോച്ചോനെ ദഹിപ്പിച്ചപ്പോള്‍ കൂടെ ജീവിച്ചിരുന്ന രഹസ്യങ്ങളും ദഹിച്ചില്ലാതായി. അവ കേശോച്ചോനൊപ്പം വര്‍ഷങ്ങളോളം ഉണ്ടുറങ്ങി, തെങ്ങ് ചെത്തി, കിടപ്പിലായപ്പോള്‍ കൂടെ കിടന്നു, മരിച്ചപ്പോള്‍ കൂടെ മരിച്ചു. ദഹനം തുടങ്ങിയപ്പോള്‍ ആ രഹസ്യങ്ങളാണ് ആദ്യം ദഹിച്ചത്. ചിതയില്‍ നിന്നും ആദ്യമുയര്‍ന്ന പുകക്ക് ശവദാഹത്തിന്റെ മണമായിരുന്നില്ല. കാലങ്ങള്‍ കൂടി തട്ടിന്‍ പുറം വൃത്തിയാക്കി പഴയതെല്ലാം തീയിടുമ്പോള്‍ വരുന്ന ഗന്ധമാണുയര്‍ന്നത്‌.

ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയതേയുള്ളായിരുന്നു ഞാന്‍. ഓടി വീടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ രഹസ്യങ്ങള്‍ കത്തിത്തീര്‍ന്നു ശരീരം കരിയുന്നതിന്റെ ഗന്ധം തുടങ്ങിയിരുന്നു. രഹസ്യങ്ങളുടെ പുക ആകാശത്തിലെത്തി മേഘങ്ങള്‍ക്കിടയില്‍ ലയിച്ചു തീര്‍ന്നു. അങ്ങനെ കേശോച്ചോന്‍ മനസ്സില്‍ കൊല്ലങ്ങളോളം താഴിട്ടു പൂട്ടി ഭൂമിക്ക് കൊടുക്കാതെ വെച്ചിരുന്ന രഹസ്യങ്ങള്‍ ആകാശത്തിനു സ്വന്തമായി.

എന്റെ കൂട്ടുകാരന്‍ സത്യാര്‍ത്ഥിയുടെ അച്ഛനാണ് കേശോച്ചോന്‍. ഞങ്ങളുടെ വീട് തൊട്ടു തൊട്ട്. രണ്ടു വീടിന്റെയും അതിരില്‍ നിറയെ താമരകള്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരക്കുളവും. സത്യാര്‍ത്ഥി എന്ന പേര് എന്റെ നാട്ടില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. മൂന്നാം ക്ലാസ്സില്‍ വെച്ച് ഇതാരാടാ നിനക്കീ പേരിട്ടതെന്ന് ഗോമതി ടീച്ചര്‍ ചോദിച്ചപ്പോള്‍

“എന്‍റച്ഛന്‍.” എന്ന് സത്യാര്‍ത്ഥി അഭിമാനത്തോടെ പറഞ്ഞത് ഞാനോര്‍ക്കുന്നു.

ടീച്ചറിനത് കേട്ടപ്പോള്‍ അത്ഭുതമായി. ചെരുപ്പിടാതെ, മുടി ചീകാതെ, ഷര്‍ട്ടിന്റെ ബട്ടന്‍ പോലും ശരിയായി ഇടാതെ നടക്കുന്ന ചെറുക്കന് ഇത്രേം കൂടിയ പേരോ...?

“നിന്റച്ഛനെന്താ ജോലി..?”

“തെങ്ങുചെത്ത്.”

“ഓ.....ഈ പേരൊക്കെ കേട്ടപ്പോള്‍ ഞാനോര്‍ത്തു ഏതാണ്ട് വെല്യ ആളാണന്ന്...”

ടീച്ചര്‍ പിറുപിറുക്കുന്നത് പിന്‍ ബെഞ്ചിലിരുന്ന സത്യാര്‍ത്ഥി കേട്ടില്ല. ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരുന്ന എന്റെ ചെവിയില്‍ ആ വാക്കുകള്‍ വന്നു വീണപ്പോള്‍ നല്ല ദേഷ്യമാണ് തോന്നിയത്. കേശോച്ചോന്‍ വലിയ ആളല്ല എന്നാരാണ് ടീച്ചറിനോട് പറഞ്ഞത്...? നല്ല വീതിയുള്ള ചുട്ടിക്കരയന്‍ ചെത്ത് തോര്‍ത്തുടുത്ത്‌ എല്ലും ചെത്തുകത്തിയും പുറകില്‍ വെച്ചുകെട്ടി നടക്കുന്ന നല്ല തണ്ടും തടിയുമുള്ള കേശോച്ചോനെങ്ങനെ ചെറിയാളാകും..? അതോ ചെത്തുകാര്‍ വലിയവരല്ല എന്നുണ്ടോ ..?

സത്യാര്‍ത്ഥിയോടത് പറയണോ എന്ന് ഞാന്‍ കുറെ ആലോചിച്ചു. ദേഷ്യമുള്ളവരെ പട്ടിത്തെണ്ടി എന്നവന്‍ വിളിക്കുമെന്നെനിക്കറിയാം. കേട്ട പാതി ‘പട്ടിത്തെണ്ടി ഗോമതി’ എന്നവന്‍ ഉറക്കെ ക്ലാസ്സിലിരുന്നു വിളിക്കും. മോണിട്ടര്‍ രാജു അതു ടീച്ചറിനോടു പറഞ്ഞു തല്ലു വാങ്ങി കൊടുക്കും. പക്ഷെ മനസ്സില്‍ കിടന്നു പുകഞ്ഞ സംശയം അവസാനം കേശോച്ചോനോടു തന്നെ ചോദിച്ചു.

“എന്താ അപ്പൂനിപ്പോ ഇങ്ങനൊരു ഒരു സംശയം...?”

കേശോച്ചോന്‍ ചിരിക്കുന്നുണ്ടായിരുന്നു.

“ഞങ്ങള്‍ വെലിയവരല്ലേല്‍ ഇത്രേം പൊക്കോള്ള തേങ്ങീക്കേറി കള്ളു ചെത്തുവോ...?. തെങ്ങും മോളീരിക്കണ ഞങ്ങട കണ്ണുംവെട്ടത്ത് വരാത്ത കാര്യങ്ങളെന്താ ഒള്ളത്...? ഇക്കണ്ട ഭൂമി മലയാളത്തില്‍ ഞങ്ങക്കറിയാമ്മേലാത്തതെന്താ ഒള്ളത്..? അതെല്ലാം സൂക്ഷിച്ച് വെച്ച് വീഴാതെ ചെത്തിയെറങ്ങിപ്പോരണേല്‍ അതിലൂണ്ടൊരു രഹസ്യം.”

കള്ളുമാട്ടം തുളുമ്പാതെ സൂക്ഷിച്ചു നടക്കുന്നതിനിടെല്‍ കേശോച്ചോന്‍ പറഞ്ഞു.

‘എന്ത് രഹസ്യം...? അതെന്താ എന്നോടു പറഞ്ഞാല്....പറ..കേശോച്ചോനെ...പറ....”

കേശോച്ചോന്‍ നടത്തം നിര്‍ത്തി തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു.

“അപ്പുക്കുട്ടാ...രഹസ്യങ്ങള്‍ സൂക്ഷിക്കണേലല്ലേ ഒരാക്കട കഴിവ്. അതല്ലേ അയാളെ വലിയനാക്കണത്.”

കേശോച്ചോന്‍ പറഞ്ഞത് എനിക്ക് ശരിക്കും പിടി കിട്ടിയില്ല.

“പോട്ടെ.. അപ്പുക്കുട്ടാ. ഇനീം താമസിച്ചാല്‍ ഇന്നത്തെ കള്ളളവ് കഴീം...കേശോച്ചോന്റെ കാശു പോവില്ലേ...”

കേശോച്ചോന്‍ എന്റെ കവിളില്‍ കള്ളുമണമുള്ള വിരലുകള്‍ കൊണ്ട് പതുക്കെ തലോടി.

ഇക്കാര്യം സത്യാര്‍ത്ഥിയോടു പറഞ്ഞാലോ എന്നെന്നിക്കു തോന്നി. ഹോ...അപ്പൊ ഗോമതി ടീച്ചര്‍ ഇടയില്‍ വരും, സത്യാര്‍ത്ഥി അടി കൊള്ളും. എനിക്കും ഒന്ന് കിട്ടാന്‍ വകയുണ്ട്.

“പോട്ടെ... ഗോമതി ടീച്ചറിന് യാതൊരു വിവരവും ഇല്ല. കേശോച്ചോന്റെ പകുതി വിവരം പോലും ഇല്ല. സത്യാര്‍ത്ഥിയുടെ പേരില്‍ അവര്‍ക്ക് വല്ലാത്ത അസൂയ കാണും. ഞങ്ങളുടെ സ്കൂളില്‍ പഠിക്കുന്ന ടീച്ചറിന്റെ മക്കള്‍ രവിയുടെയും സുമയുടെയും പേര് വെച്ചു നോക്കുമ്പോള്‍ അത് അസൂയ തന്നെ. എന്റെ അനുമാനങ്ങളെ മനസ്സിലിട്ടു പെരുക്കി, ഒടുവില്‍ അതെല്ലാം അടുക്കിയൊതുക്കി. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ വലിയവരാണെന്ന് എനിക്ക് കുറേശ്ശെ തോന്നിത്തുടങ്ങി.

അങ്ങനെ കേശോച്ചോന്‍ കൊല്ലങ്ങളായി സൂക്ഷിച്ചിരുന്ന എത്രയെത്ര രഹസ്യങ്ങളാണ് ഇന്നാ ചിതയില്‍ കത്തിയമാര്‍ന്നു പോയത്. മരിക്കാറായപ്പോഴെങ്കിലും കേശോച്ചോന്‍ അതെല്ലാം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ. ഇല്ല തീരെ സാധ്യതയില്ല. ഞാന്‍ കഴിഞ്ഞ അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ കേശോച്ചോന്‍ അവശനായിരുന്നു. പക്ഷേ, ഓര്‍മ്മക്കോ ബുദ്ധിക്കോ യാതൊരു കുഴപ്പവും തോന്നിയില്ല. ഗള്‍ഫില്‍ ജോലിയുമായി സത്യാര്‍ത്ഥി അവിടെ. മംഗളന്‍ പട്ടാളത്തില്‍. പെങ്ങന്മാര്‍ കല്യാണം കഴിഞ്ഞ് ഓരോരോ ദിക്കിലും. തറവാട്ടില്‍ നില്‍ക്കുന്ന സത്യാര്‍ത്ഥിയുടെ ഭാര്യക്ക് അച്ഛനെ തീരെ കണ്ട് കൂടാ.

“ഒക്കെ അയാക്കടെ കയ്യീരിപ്പിന്‍റെല്ലേ. കള്ളുകുടി കാരണല്ലേ അവളാ കുഞ്ഞുകൊച്ചിനേം കൊണ്ട് ആ കടും കൈ ചെയ്തത്..? അവളോണ്ടായിരുന്നേല്‍ മുഖം കറുപ്പിക്കാതെ ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും അനത്തിക്കൊടുവില്ലായിരുന്നോ...?

സത്യാര്‍ത്ഥിയുടെ പെണ്ണ് അവക്കടമ്മായിയെ കൊലക്ക് കൊടുത്തയാളെ തിരിഞ്ഞു നോക്കീല്ലേല്‍ അതാരുടേം കുറ്റോമല്ല. ഇതിപ്പോ നാട്ടിപ്പട്ടി വീട്ടിക്കൊള്ളില്ലാ എന്ന് പറഞ്ഞപോലായി.”

ഞാനും സത്യാര്‍ത്ഥിയും ആറില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ വീടിന്റെ അതിരിലെ കുളത്തില്‍ സരോജിനിചേച്ചിയും മൂന്ന്‍ വയസ്സ് മാത്രമുള്ള സ്വര്‍ണ്ണലതയും പൊങ്ങിക്കിടന്നു. സ്വര്‍ണ്ണലത ഒരു ഷഡ്ഢി മാത്രമേ ഇട്ടിരുന്നുള്ളൂ. വാടിയ താമരപ്പൂപോലെ അവള്‍ താമരവള്ളിയില്‍ പിണഞ്ഞു കിടക്കുകയായിരുന്നു. കഴുത്തിനൊപ്പം നീണ്ട് കിടന്നിരുന്ന ചുരുളന്‍ തമുടിയില്‍ നിന്നും ഇറ്റു വീണ വെള്ളം അവളെ എടുത്തു പൊക്കിയ വാസു കൊച്ചച്ചന്റെ തോളിലേക്ക് വീണു കൊണ്ടിരുന്നു. വാസുക്കൊച്ഛച്ചന്‍ ധൃതിയില്‍ കരയിലേക്ക് കയറിയപ്പോള്‍ നിറയെ മണികളുള്ള അവളുടെ പാദസ്വരം വല്ലാതെ ശബ്ദമുണ്ടാക്കി. സരോജിനിചേച്ചിയെ പൊക്കി എടുത്തത്‌ മൂന്നാല് പേര്‍ ചേര്‍ന്നാണ്. അവരെ കരയില്‍ കിടത്തിയപ്പോള്‍ എല്ലാവരും ഉറക്കെ കരഞ്ഞു. സത്യാര്‍ത്ഥിയും കേശോച്ചോനും വീടിന്റെ തിണ്ണയില്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നപ്പോള്‍ അവന്‍ അച്ഛന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

എന്തിനാണ് സരോജിനി ആ കടുംകൈ ചെയ്തതെന്ന് ആര്‍ക്കും മനസ്സിലായില്ല. ആ വീട്ടില്‍ ഒരു വഴക്ക് പോലും ആരും കണ്ടിട്ടില്ല. കേശോച്ചോനു കുടി കുറച്ചു കൂടുതലായിരുന്നുനെന്നു എല്ലാര്‍ക്കുമറിയാം. കള്ളു വിറ്റ് കിട്ടുന്ന കാശു മുഴുവനും ചിതംബരന്റെ പട്ട ഷാപ്പില്‍ കൊണ്ട് കൊടുക്കുവാന്ന് ഒരിക്കല്‍ മാത്രം സരോജിനി അമ്മയോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാലും ഇളയ കൊച്ചുമായി വെള്ളത്തില്‍ ചാടാന്‍ മാത്രം... സരോജിനി ചേച്ചിയുടെ മരണത്തെപ്പറ്റി കേശോച്ചോന്‍ ആരോടും മനസ്സ് തുറന്നില്ല. കേശോച്ചോന്‍ അത് രഹസ്യപ്പെട്ടിയില്‍ താഴിട്ടു പൂട്ടി വെച്ചു.

ഇപ്പോള്‍ ആളുകള്‍ വലിയ പുരോഗമനമായിപ്പറയുന്ന “ലിവിംഗ് ടു ഗെതര്‍” ഞങ്ങളുടെ നാട്ടില്‍ പ്രയോഗത്തില്‍ വരുത്തിയ ദമ്പതികളായിരുന്നു കേശോച്ചോനും സരോജിനി ചേച്ചിയും. സരോജിനിചേച്ചിയുടെ കഴുത്തില്‍ താലിയുണ്ടായിരുന്നില്ല. പകരം ഗുരുവായൂരപ്പന്റെ ഒരു ലോക്കറ്റായിരുന്നു. നേര്‍ത്ത ചെയിനിന്റെ അറ്റത്ത്‌ സ്വര്‍ണ്ണം ചുറ്റിയ ചുവന്ന ആ ലോക്കറ്റ് സരോജിനിചേച്ചിയുടെ വെളുത്ത കഴുത്തില്‍ മുലകള്‍ക്ക് മുകളിലായി കിടന്നു. താലിയും രേജിസ്ട്രാഫീസും ഇല്ലെങ്കിലും കുടുംബം ഉണ്ടാകും എന്നെനിക്ക് മനസ്സിലായത്‌ അവരില്‍ നിന്നാണ്. ഇരുപതു വയസ്സിന് മൂത്ത കേശോച്ചോനെ പ്രേമിച്ച് എങ്ങനെയാണ് സരോജിനിചേച്ചി “ഓടിക്കൂടി”യത് എന്ന് മാത്രം എനിക്ക് മനസ്സിലായിട്ടില്ല. കേശോച്ചോകോന്‍ സുന്ദരനായിരുന്നു, വയസ്സ് കൂടുതല്‍ ഉണ്ടെങ്കിലും എന്റെ അച്ഛനേക്കാളും ചെറുപ്പമായിരുന്നു. കേശോച്ചോനെപ്പോലെ സരോജിനി ചേച്ചിയെ ചോത്തി ചേര്‍ത്തു വിളിക്കുന്നത് അവര്‍ക്കിഷ്ടമല്ല. എന്നാല്‍ ചേട്ടാന്നു വിളിച്ചാല്‍ അത് കേശോച്ചോനും ഇഷ്ടമല്ല. വയസ്സ് വ്യത്യാസം കൊണ്ടായിരിക്കും എന്നാണമ്മ പറഞ്ഞത്.

എനിക്ക് സത്യാര്‍ത്ഥിയോട് ഒരേയൊരു കാര്യത്തിലെ അസൂയ തോന്നിയിരുന്നുള്ളൂ. അതവന്റെ അച്ഛന്റെ കാര്യത്തില്‍. എപ്പോഴും മക്കളോടും സരോജിനിചേച്ചിയോടും കളിയും ചിരിയുമാണ് കേശോച്ചോന്. അവരുടെ വീട്ടില്‍ ചിരി ഒഴിഞ്ഞ നേരമില്ല. എന്റെ വീട്ടിലാണെങ്കില്‍ നേരെ മറിച്ചും. ഞങ്ങളുടെ അച്ഛന്‍ ജോലിക്ക് പോയിക്കഴിഞ്ഞാലെ ഞാനും അനിയനും ചേച്ചിയും ഒന്ന് ഉറക്കെ ചിരിക്കുക പോലും ചെയ്യുകയുള്ളൂ. സ്കൂള്‍ വിട്ടുവന്ന് എന്നും സന്ധ്യ വരെ ഞങ്ങളെല്ലാവരും കൂടി സത്യാര്‍ത്ഥിയുടെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കും. പാവക്കുട്ടിയേപ്പോലിരിക്കുന്ന സ്വര്‍ണ്ണലതയും ഞങ്ങള്‍ക്കിടയില്‍ കാണും. അവള്‍ കളിക്കിടയില്‍ ഇടക്കോടിപ്പോയി സരിജിനി ചേച്ചിയുടെ ബ്ലൌസ് പൊക്കി മുല കുടിക്കും. അതേ വേഗത്തില്‍ തിരിച്ചോടി കളിക്കാര്‍ക്കിടയില്‍ വന്നിരിക്കും. അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ കുളിച്ച് പുസ്തകത്തിന്റെ മുന്നില്‍ കണ്ട് കൊള്ളണം എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് കളി നിര്‍ത്തി സന്ധ്യക്ക് മുമ്പേ ഞങ്ങള്‍ താമരക്കുളത്തിലേക്ക് ചാടും.

ഇതെന്തൊരച്ഛനാണ് എന്ന് ഞാന്‍ പലവട്ടം ഓര്‍ത്തിട്ടുണ്ട്. ആരോടും ഒരു സംസര്‍ഗവും ഇല്ല. എന്നും ജോലിക്ക് പോകുന്നു, തിരിച്ചു വരുന്നു. അമ്മയോട് എന്തെങ്കിലും സീരിയസ്സായി സംസാരിക്കുന്നു, ബാക്കിയുള്ള സമയം പത്രം വായിക്കുന്നു. എന്നാല്‍ സത്യാര്‍ത്ഥിയുടെ വീട്ടിലോ ”അച്ഛാ സിനിമ കാണണം” എന്ന് കുട്ടികളാരെങ്കിലും ഒന്ന് പറഞ്ഞാല്‍ മതി പിറ്റേ ദിവസം അവരെല്ലാം ബാബൂ ടാക്കീസില്‍ ഉണ്ടായിരിക്കും. ഒരിക്കല്‍ ഞങ്ങള്‍ അച്ഛനോട് എത്ര കെഞ്ചിയിട്ടാണ് ഒന്ന് ബാബുവില്‍ സിനിമക്ക് പോയത്. അച്ഛന്‍ കൂടെ വന്നില്ല. കേശോച്ചോന്റെ കൂടെ പോകുവാനുള്ള അനുവാദം കിട്ടി. അത് തന്നെ വലിയ കാര്യം.

മാറ്റിനി കഴിഞ്ഞു തിരികെ പോരുമ്പോള്‍ കേശോച്ചോന്‍ സത്യാര്‍ത്ഥിയെ തോളിലിരുത്തി നടന്നു. അവന്‍ അച്ഛന്റെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എനിക്കു ശരിക്കും അസൂയ തോന്നി. പിന്നെ അവന്റെനിയന്‍ മംഗളാനന്ദന്റെ ഊഴമായി, അതിനിളയവള്‍ പുഷ്പവല്ലി ചിണുങ്ങിയപ്പോള്‍ മംഗളനെ താഴെ ഇറക്കി അവളെ തോളിലിരുത്തി. ഒടുവില്‍ സ്വര്‍ണ്ണയെ തോലിളിരുത്താന്‍ തുനിഞ്ഞപ്പോള്‍ മാത്രം

“വേണ്ട... വേണ്ട... എന്റെ കൊച്ചിനെ വീഴിക്കാന്‍...”

എന്ന് പറഞ്ഞു സരോജിനിച്ചേച്ചി അവളെയെടുത്തു എളിയില്‍ വെച്ചു.

“എന്നാ കൊച്ചിനേം എടുത്ത് നീ ഇങ്ങിരുന്നോടീ..” എന്നായി കേശോച്ചോന്‍. ഞങ്ങള്‍ കേള്‍ക്കുന്നത് കൊണ്ട് സരോജിനിചേച്ചിക്ക് നാണം വരുന്നുണ്ടായിരുന്നു.

“ഒന്ന് പോ..എന്റെ മനുഷ്യാ...”എന്ന് പറഞ്ഞ് അവര്‍ കേശോച്ചോന്റെ കൈ തട്ടിമാറ്റി. സ്വര്‍ണ്ണ പക്ഷെ കേശോച്ചോന്റെ തോലിളിരിക്കാന്‍ വീട് വരെ കരഞ്ഞു.

അവധി ദിവസം അവരുടെ വീട്ടില്‍ ഒച്ചയും ബഹളവുമാണ്. ചെത്തും കഴിഞ്ഞു ഉച്ചയോടെ എത്തുന്ന കേശോച്ചോന്‍ കുടിച്ചുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആ വീടും കൂടെ അവരോടൊപ്പം ചിരിക്കും. വായ തുറന്നു ചിരിക്കുന്ന വാതില്‍പ്പടിയും തുറന്ന് കിടക്കുന്ന ജനാല കണ്ണുകളും അവധി ദിവസങ്ങളില്‍ ആ വീടിനെ ചിരിയില്‍ കുലുക്കിക്കൊണ്ടിരിക്കും.

അമ്മ മരിച്ച കുറെ ദിവസത്തേക്ക് സത്യാര്‍ത്ഥി സ്കൂളില്‍ വന്നില്ല. ഒടുവില്‍ ഞാനവനെ വീട്ടില്‍ ചെന്ന് വിളിച്ചു. അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് അവന്റെ വീട് കുലുങ്ങി വിറക്കുന്നു. അത് ശബ്ദമില്ലാതെ വിതുമ്പുന്നു. പടിവാതിലിന്റെ ചിരിയില്ലാത്ത ആ രൂപമാറ്റം എനിക്ക് ഉള്‍ക്കൊള്ളാനായില്ല. വലിയൊരു കരച്ചില്‍ ജനാലകണ്ണുകള്‍ അടക്കി പിടിച്ചിരിക്കുന്നു. ഇനി സ്കൂളിലേക്കില്ല എന്ന് സത്യാര്‍ത്ഥി തീര്‍ത്തു പറഞ്ഞു. ഒടുവില്‍ കേശോച്ചോന്‍ വടിയെടുത്തപ്പോഴാണ് അവന്‍ എന്റെ കൂടെ വന്നത്. കേശോച്ചോന്‍റെ ദേഷ്യം ആദ്യമായി ഞാന്‍ കണ്ടു.

അവന് എല്ലാവരോടും കുറെ നാളത്തേക്ക് ദേഷ്യമായിരുന്നു. ഒരു ദിവസം ഇംഗ്ലീഷ് കോമ്പോസിഷന്‍ ബുക്കില്‍ ജോസഫ് സാര്‍ “മൈ ഫാമിലി” എഴുതി തന്നപ്പോള്‍ സത്യാര്‍ത്ഥി അവന്റെ ബുക്കില്‍ നിറയെ മഷി കുടഞ്ഞ് കുത്തി വരച്ചു. അന്നവന് സാറിന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലു കിട്ടി. തല്ലു കൊണ്ടിട്ടും സത്യാര്‍ത്ഥി കരഞ്ഞില്ല. കരിങ്കല്ല്‌ പോലെ നിന്നു. സാറിനെ പട്ടിത്തെണ്ടീന്ന് ചീത്തയും പറഞ്ഞില്ല.

സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി ആരുമില്ലാത്ത താഴത്ത് പാടത്തെത്തിയപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി എന്നോടത് പറഞ്ഞു.

“എടാ അപ്പൂ.... നിന്റച്ഛന്‍ കാരണാ അമ്മേം സ്വര്‍ണ്ണേം മരിച്ചത്”.

എനിക്കൊന്നും മനസ്സിലായില്ലെന്ന് അവന് തോന്നി.

“ഞാന്‍ തന്നെയാ അച്ഛനെ വിളിച്ചത് കാണിച്ചു കൊടുത്തത്. കുറച്ച് നാളായി ഞാനിത് കാണുന്നു. പക്ഷെ അമ്മ അങ്ങനെ ചെയ്യുമെന്നൊരിക്കലും ഓര്‍ത്തില്ല”.

പട പടാ മിടിക്കുന്ന നെഞ്ചുമായി കേട്ടു നിന്ന എന്നോടു അവനൊന്നു കൂടെ പറഞ്ഞു.

“അവള് നിനക്കും അനുജത്തിയായിരുന്നെടാ. അമ്മ എല്ലാം അച്ഛനോട് സമ്മതിച്ചു. മൂന്നു വയസ്സ് വരെ സ്വന്തമെന്നോര്‍ത്ത് വളര്‍ത്തിയ അവള് പോയത് സഹിക്കാന്‍ മേല എന്ന് ഇന്നലേം അച്ഛനെന്നോട് പറഞ്ഞടാ...”

രഹസ്യങ്ങള്‍ക്ക് ഒരു വലിയ കൂടത്തെക്കാള്‍ ഭാരമുണ്ടെന്നു അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌.

“ആരും അറിയണ്ടന്നാ അച്ഛന്‍ പറഞ്ഞേക്കണത്. വീട്ടിലും വേറാര്‍ക്കും അറിഞ്ഞു കൂടാ. നിന്റമ്മയോട് ഒരിക്കലും പറേല്ലേ..... അമ്മയില്ലാണ്ട് ജീവിക്കാന്‍ ഒരു സുഖോം ഇല്ലപ്പൂ....”

അമ്മ മരിച്ചതിന് ശേഷം സത്യാര്‍ത്ഥി കരയുന്നത് അപ്പോഴാണ്‌. അവന്റെ വലിയ വായിലെ കരച്ചിലിനെക്കാള്‍ വലിയൊരു കരച്ചില്‍ ശബ്ദമില്ലാതെ എന്റെ നെഞ്ചില്‍ കുടുങ്ങി.

ആണ്‍ പെണ്‍ ബന്ധങ്ങള്‍ പതിയെ മനസ്സിലാക്കി വരുന്ന പതിനൊന്ന് വയസ്സിന്റെ പ്രായത്തില്‍ അറിഞ്ഞ കൈയ്ക്കുന്ന അറിവുകള്‍. “ഇറങ്ങിപ്പോടോ...പട്ടി” എന്നലറുന്ന കേശോച്ചോന്റെ കത്തുന്ന കണ്ണുകള്‍. അവരുടെ വീട്ടിലെ ചായ്പ്പ് മുറിയില്‍ നിന്നും തലയും താഴ്ത്തി ഇറങ്ങി ഓടിയ എന്‍റെ അച്ഛന്‍... ഭയന്ന് വിളറിയ സരോജിനിച്ചേച്ചി....

ഒരടി പോലും നടക്കാനാവാതെ ഞാന്‍ പാട വരമ്പത്തിരുന്നു.

ദുര്‍മരണം കഴിഞ്ഞ വീടിനടുത്ത് താമസിക്കാന്‍ കൊള്ളില്ല, താമരക്കൊളത്തിനരികത്ത് കൂടെ പോയാ മക്കള് പേടിക്കും എന്നൊക്കെ പറഞ്ഞു വീട് വില്‍ക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍. ചിത്രങ്ങള്‍ എല്ലാം വ്യക്തമാകുകയാണ്.

“ഞങ്ങക്കാര്‍ക്കും ഒരു പേടീം ഇല്ല...അവള് സരോജിനി എനിക്ക് കൂടപ്പിറപ്പിനെപ്പോലാ. പാവം അതിനൊരു പൊട്ട ബുദ്ധി തോന്നി അവളെന്നാ ചെയ്യുമെന്നാ നിങ്ങളീ പറയുന്നത്..? നിങ്ങക്കെന്നാ പറ്റി..?.”

അമ്മ. പാവം...വിഡ്ഢി...പരമ വിഡ്ഢി...

അച്ഛന്‍ കേശോച്ചോന്‍റെ കണ്ണില്‍ പെടാതെ മാറി നടക്കുന്നത് അറിയാവുന്ന രണ്ടേ രണ്ടു പേര്‍ മാത്രം. അച്ഛന്‍ മരിച്ചിട്ടും കേശോച്ചോന്‍ കാണാന്‍ വന്നില്ല. മരണ ദിവസം വീടിന് മുന്നില്‍ കൂടിയ ആള്‍കൂട്ടത്തില്‍ കണ്ടതോര്‍മ്മയുണ്ട്.

രഹസ്യങ്ങള്‍ക്ക് അങ്ങനെയും ചില ഗുണങ്ങളുണ്ട്. അത് പലരുടെയും രക്ഷകനാകും. അച്ഛന്‍റെ പൊയ്മുഖത്തിന്റെ, അമ്മയുടെ ജീവന്റെ. ഞങ്ങളുടെ ജീവിതത്തിന്റെ. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് കൊണ്ട് വലിയവനാകാം എന്ന് പറഞ്ഞു നടന്ന കേശോച്ചോന് രഹസ്യങ്ങളെന്താണ് കൊടുത്തത്...?

താമരക്കുളത്തിനപ്പുറത്തെ പുക അടങ്ങിയിരിക്കുന്നു. ആ കുളം ഇപ്പോള്‍ ഏതാണ്ട് നികന്ന മട്ടാണ്. പുല്ലും പൊന്തയും കയറി കുളമേത് കരയേത് എന്ന് തിരിച്ചറിയാന്‍ പ്രയാസം. സ്വര്‍ണ്ണയും സരോജിനിച്ചേച്ചിയും മരിച്ച ശേഷം ഞങ്ങളാരും അതിലിറങ്ങിയിട്ടില്ല.

സത്യാര്‍ത്ഥി ചിതക്കരികില്‍ നില്‍ക്കുന്നത് കണ്ട് ഞാനങ്ങോട്ട് ചെന്നു.

“അച്ഛനിന്നലേ വരെയും നല്ല ബോധമുണ്ടായിരുന്നു. സ്വര്‍ണ്ണയുടേം അമ്മേടേം കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. അന്നു രാത്രിയും സ്വര്‍ണ്ണയെ നെഞ്ചില്‍ കിടത്തി ഉറക്കിയ കാര്യം പറഞ്ഞു. ക്ഷമിച്ചേനെ......ഒക്കെ ക്ഷമിച്ചേനേ... എന്ന് പറഞ്ഞ് കുറെ നേരം കരഞ്ഞു.

ഞാന്‍ മറുപടി ഒന്നും പറയാതെ തീയും പുകയും അടങ്ങിയ ചിതയിലേക്ക് നോക്കിയിരുന്നു. ഒരു ശരീരം കത്തിത്തീരാന്‍ ഇത്ര കുറഞ്ഞ സമയം മതിയെന്നോ...? എത്ര പെട്ടെന്നാണ് കേശോച്ചോനെ അഗ്നി വിഴുങ്ങി തീര്‍ത്തത്.. കൊല്ലങ്ങളോളം ഹൃദയത്തില്‍ അഗ്നി വഹിച്ചു നടന്ന പാവം വൃദ്ധനെ ഭൌതികമായ ഒരു ജ്വാലക്ക് എന്താണ് കാര്യമായി ചെയ്യാനുണ്ടാവുക...?.