18.3.24

ആത്മാക്കളുടെ അടക്ക്



പെട്ടെന്നില്ലാതായ അപ്പനെയോർത്തു വല്ലാതെ സങ്കടപ്പെട്ടിരുന്ന നാളുകളിലാണ് മരിച്ചു പോയവരെ തിരിച്ചു വിളിക്കാനുള്ള വിദ്യ അലോഷ്യസ്കണ്ടുപിടിച്ചത്. അതവന് കുറച്ചൊന്നുമല്ല സമാധാനം കൊടുത്തത്. 


അലോഷി മൂന്നിൽ പഠിക്കുമ്പോഴാണ് വള്ളമിറക്കാൻ പേടിക്കുന്ന ഒരു കർക്കിടക വറുതിക്കാലത്ത് കൂലിപ്പണികഴിഞ്ഞു മടങ്ങിയ ഗോമസിന് പാമ്പ് കടിയേറ്റത്. കറുത്ത ആകാശത്തെ കൂട്ടു പിടിച്ച് കടലും കറുത്തിരുണ്ട്, തിരയടിച്ച്  തീരത്തെ ഭയപ്പെടുത്തിയ ആ മഴ നേരത്ത്, ഇരുട്ടിനെ കൂട്ടുപിടിച്ചാണ് ആ ദുഷ്ടജന്തു അയാളുടെ കാലിൽ കൊത്തിയത്. ചെരിപ്പിടുന്ന ശീലം പണ്ടേയില്ലാതിരുന്ന ഗോമസിന് ചവിട്ടി എന്ന് മനസ്സിലാക്കിയപ്പോഴേ പാമ്പിന്റെ കടിയും കഴിഞ്ഞിരുന്നു. തീപ്പെട്ടി ഉരച്ചു നോക്കിയ അയാൾക്ക് മുന്നിൽ  അത്  പാഞ്ഞിഴഞ്ഞു മറഞ്ഞു.


 "ഡീ… മർഗ്ഗലിയെ...ന്നെ ഏതാണ്ട് കടിച്ചടീ…."


 അപ്പന്റെ ശബ്ദം കേട്ട് കഞ്ഞിക്കൊരണ്ടിപ്പലകയിൽ  നിന്നും  ഓടിച്ചെന്ന് ചമ്മന്തിക്കൈ 

കൊണ്ട് താങ്ങിയ അലോഷിയുടെ തോളിൽ  അപ്പൻ തളർന്നു കിടന്നു. കടൽത്തിര മടങ്ങുമ്പോൾ തീരത്തവശേഷിക്കുന്ന നുര പോലുള്ള വെള്ളം അപ്പന്റെ വായിൽ നിന്നും ഒഴുകിയിറങ്ങി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലെ അമ്മയുടെ എട്ടു മാസം നിറഞ്ഞ വയറിനുള്ളിൽ ബെറ്റിമോൾ വെപ്രാളത്തോടെ കാലിട്ട് തുഴഞ്ഞു. 


 ബെറ്റിമോൾ പിറന്ന ദിവസം അപ്പന്റെ പോലെയുള്ള അവളുടെ പിരുപിരാ ചുരുണ്ട മുടി കോതി കൊണ്ട് അമ്മ വലിയ വായിൽ കരഞ്ഞപ്പോൾ അവൻ അസ്വസ്ഥതയോടെ കടൽക്കരയിലേക്ക് നടന്നു. പെരുമഴക്കാലത്തെ വിജനമായ കടപ്പുറം അവന്റെ സമാധാനമായിരുന്നു.  കരച്ചിലൊഴിയാത്ത വീട്ടിൽ പെരുംകരച്ചിലുകാരി ബെറ്റിമോളുടെ കൂടെ  മിക്കപ്പോഴും അമ്മയും  കരഞ്ഞു. കരച്ചിലും കടലിരമ്പവും കേട്ട് ഉറക്കമില്ലാതെ കിടക്കപ്പായയിൽ 

തിരിഞ്ഞു മറിയുമ്പോഴാണ് അപ്പനെ മരിച്ചവനായി വിടാതെ തിരിച്ചു കൊണ്ടു വരാൻ അവൻ തീരുമാനിച്ചത്. 


അങ്ങനെ  അലോഷി അപ്പനെ വീട്ടിലാക്കി. അപ്പനെയോർത്ത്  അമ്മ കരയുമ്പോൾ 

അപ്പനെങ്ങോട്ടും പോയിട്ടില്ലെന്നു പറഞ്ഞവൻ അമ്മയെ ആശ്വസിപ്പിച്ചു. 


അലോഷി ഒമ്പതിലേക്ക് ജയിച്ച വർഷമാണ് ബെറ്റിമോളെ ഒന്നാം ക്ലാസ്സിൽ ചേർത്തത്.


"നോക്കണേടാ... അപ്പനില്ലാതെ നമ്മള് വളർത്തിയ കൊച്ചാ...  "

 സ്‌കൂൾബാഗും  വാട്ടർ ബോട്ടിലുമായി അവളെ ഏൽപ്പിക്കുമ്പോൾ കണ്ണീരും ചിരിയുമായി അമ്മ ഓർമ്മിപ്പിച്ചു.


 അപ്പനിവളെ എപ്പോഴും  കാണുന്ന കാര്യം  ഈ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നാലോചിച്ച് അലോഷി ബെറ്റിമോളുടെ കൈ പിടിച്ച് സ്‌കൂളിലേക്ക് നടന്നു.


  സ്‌കൂൾ വിട്ടു കഴിഞ്ഞുള്ള അലോഷിയുടെ കടപ്പുറത്തെ ഫുട്‌ബോൾ കളിയും കൂട്ടുകാർക്കൊപ്പമുള്ള കറക്കവും മുടങ്ങിയത് അക്കൊല്ലം മുതലാണ്. കടപ്പുറത്തെ പൊരി വെയിലിൽ  മീനുണക്കിയും പള്ളിയിൽ നിന്ന് കിട്ടുന്ന ചെറിയ സഹായവും കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന അമ്മക്ക് വലിയ ആശ്വാസമായിരുന്നു ബെറ്റിമോളുടെ സ്‌കൂളിൽപ്പോക്ക്.  വൈകിട്ട് ഐസുകമ്പനിപ്പണി കഴിഞ്ഞ് അമ്മ വരുമ്പോഴേ ബെറ്റിമോളിൽ നിന്ന് അവനൊരു മോചനം കിട്ടിയുള്ളു.  അവളുടെ കൂടെ അക്കുത്തിക്കുത്തും ഉറുമ്പുറുമ്പു കാതു കുത്താൻ പോയതും കളിച്ച് അവന് ബോറടിച്ചു.


" ഇവിടെ കുത്തിയിരിക്കണ നേരത്തു കൊച്ചിനെ നോക്കാമ്മേലെ..?"

അലോഷി അപ്പനോട് പിണങ്ങി.


" കാണലും നോക്കലും ഒന്നാണോടാ….? എന്നാപ്പിന്ന ഞാനങ്ങു പോയേക്കാം. ചുമ്മാ ഇവട നിക്കണ കൊണ്ടെന്താ പ്രയോജനം…?"


"അപ്പൻ പോയാപ്പിന്നെ എനിക്ക് സങ്കടാവില്ലേ..?"


"ഓ…  ആതൊക്കെ എത്ര നാളത്തേക്ക്…. മർഗ്ഗലി പോലും ആണ്ടിന്റന്നു മാത്രേ  ഇപ്പൊ കരയാറുള്ളൂ. ഭൂമിയിൽ കൊറയാത്ത ഏത് സങ്കടാ ഒള്ളത്. നിന്റേം വെഷമം  അങ്ങു മാറിക്കോളും."


"എന്താണേലും അപ്പനിങ്ങ വന്നതല്ലേ..എനിക്ക് മേല ഒരാക്ക് വേണ്ടി രണ്ട് പ്രാവശ്യം കരയാൻ."


ഗോമസ് പിന്നെയും അവിടെ കഴിഞ്ഞു. ആരുമില്ലാത്ത നേരത്ത് അവനുമായി കളി പറഞ്ഞു നേരം കളഞ്ഞു.


പള്ളിപ്പെരുന്നാൾ നാടകങ്ങളിൽ അപ്പനെ  പല പ്രായത്തിലെ വേഷപ്പകർച്ചകളിൽ കണ്ടിട്ടുള്ള അലോഷി കൊല്ലങ്ങൾ പോകുന്നതിനൊപ്പം അപ്പനെയും പ്രായത്തിനൊത്തു കൂടെക്കൂട്ടി.


"അപ്പന്റെ മുടിയൊക്കെ നരച്ചു കഷണ്ടീം കേറി. എന്താ...അങ്ങേ ലോകത്തേക്ക് പോകാറായാ..?" 


"ദേ.. എന്നെ കൊണ്ടെന്നും പറയിപ്പിക്കല്ലേ  ചെക്കാ….അങ്ങോട്ട്  പോയിട്ടും  പിടിച്ചോണ്ട് വന്ന്  ഇരുത്തിയെക്കുവല്ലേ.  വേറാർക്ക് കാണും ഈ ഗതികേട്..?"


"ഞാനിവിടെ പിടിച്ചു വെച്ചേക്കണ കൊണ്ട് അപ്പന് ബെറ്റിമോളെ  കാണാൻ പറ്റണില്ലേ. അങ്ങേ ലോകത്ത് പോയിരുന്നാ  ഇത് വല്ലോം നടക്കുവോ..?"



"അതിലപ്പന് നന്ദിയൊണ്ടടാ … അവളുടെ കൊഞ്ചല് കേട്ടാന്നാപ്പിന്ന മരിച്ചത് പോലും മറന്ന് പോകും. അവളെ എടുത്തൊന്ന്  ഉമ്മ വെക്കാൻ   പറ്റുവേത്തതാ ഒരു വെഷമം."


"അപ്പൻ കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്ക്. "


 "ദേ.. ഇവൻ പിന്നേം…"


മരിച്ചവനോട് ജീവിക്കാൻ ഉപദേശിക്കുന്ന മകനെ നോക്കി ഗോമസ് അടക്കിച്ചിരിച്ചു.. 


പ്ലസ് ടു  പരീക്ഷ കഴിഞ്ഞ് അലോഷി കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ച് നേരം വൈകി വീട്ടിൽ വന്ന് കയറിയത്  ബെറ്റിമോളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു കൊണ്ടാണ്. പണി കഴിഞ്ഞു വീട്ടിൽ വന്നയുടനെ കുഴഞ്ഞു വീണ അമ്മയെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു അവൾ.  


സർക്കാർ  മെഡിക്കൽ കോളേജിൽ  തളർന്നു കിടന്ന മർഗ്ഗലി അനാഥരാകാൻ പോകുന്ന മക്കളെ നോക്കി വിങ്ങിപ്പൊട്ടി. 


"ഞാനെങ്ങാനും അപ്പന്റടുത്തേക്ക് പോയാൽ ബെറ്റിമോളെ നോക്കിക്കൊള്ളണേ അലോഷി...."


"അതിനമ്മേനെ മരിക്കാൻ ഞങ്ങള് വിട്ടിട്ടു വേണ്ടേ .."


അലോഷി മർഗ്ഗലിയെ സമാധാനിപ്പിച്ചു



"അമ്മ മരിക്യോന്നും ഇല്ലമ്മേ"

ബെറ്റിമോൾ അമ്മയുടെ കട്ടിലിനോട് ചേർന്നു  നിന്നു. 


മർഗ്ഗലിയുടെ ഓപ്പറേഷൻ തീയതിയുടെ തലേന്ന്  ലോകത്തിന്റെ മുന്നിൽ അലോഷിയും ബെറ്റിമോളും ഒറ്റയ്ക്കായി.


അമ്മ മരിച്ചു കിടക്കുന്നത് കണ്ടിട്ട് അലോഷിക്ക് വലിയ സങ്കടമൊന്നും  തോന്നിയില്ല.  അപ്പനൊരു കൂട്ടാകുമല്ലോ എന്നോർത്തു സമാധാനിച്ചു. 


അമ്മയുടെ പെട്ടിക്കരുകിൽ വലിയ വായിൽ  കരയുന്ന ബെറ്റിമോളെ സമാധാനിപ്പിക്കാൻ അവൻ വല്ലാതെ വിഷമിച്ചു. 


" പാവം...അലോഷി ചെക്കന്റെ ഒരു പാട്"


മരിച്ചടക്കിന് വന്നവർ കണ്ണീർ തുടച്ചു.


അമ്മയുടെ അടക്കം കഴിഞ്ഞു വീട്ടിലെത്തിയ അലോഷി അപ്പനടുത്തേക്ക് ചെന്നു.


 "എന്ത് ചെയ്യാനാപ്പാ..ഓപ്പറേഷന് കാശുണ്ടാക്കി ഇന്നലെ വൈന്നേരം ആസ്പത്രീല് ചെന്നതാ..."


"എന്നാപ്പിന്നെ അവളേം കൂടി ഇങ്ങു വിളി. ഞങ്ങക്കിവിടെ മിണ്ടീം പറഞ്ഞുമിരിക്കാല്ലോ."


അങ്ങനെ  അപ്പനൊരു  കൂട്ടായി.  


ബെറ്റിമോളേയും അലോഷിയെയും വിട്ടു പോന്ന ദുഃഖത്തിൽ ഗോമസിനെ കണ്ടിട്ടും മർഗ്ഗലിക്ക് സന്തോഷമൊന്നും തോന്നിയില്ല.


"ഒക്കെ മരിപ്പിന്റെ പുതുമോടിയാ മർഗ്ഗലിയേ.. കൊറച്ചങ്ങ് കഴീമ്പം മാറിക്കോളും."


"എന്റെ മക്കള്...."


മർഗ്ഗലി വിങ്ങിപ്പൊട്ടി


"മരിച്ചയുടനെ ഓരോ ആത്മാവും ഭൂമീലൊള്ളോരോർത്ത് കരയും. സത്യം പറഞ്ഞാ  സ്നേഹിക്കുന്നോര് ഭൂമീലൊള്ള കാലത്തോളം മരിച്ചോര് മരിക്കുകേല.  അതല്ലേ നമ്മക്കിവിടെ തിരിച്ചു വരാമ്പറ്റിയത്. നമ്മളെ സ്നേഹിക്കുന്നോര് ഇല്ലാതാകുമ്പോളാ  നമ്മള് ശരിക്കും മരിക്കണത്. അപ്പോ നമ്മള് ആത്മാക്കളുടെ ലോകത്ത് സ്ഥിര വാസികളാകും. തമ്മിത്തമ്മീ ആരാന്നും ഏതാന്നും അറിയാണ്ട്."


"എനിക്ക് നിങ്ങള് പറയണതൊന്നും പിടി കിട്ടണില്ല മനുഷ്യാ.."


മർഗ്ഗലിയുടെ സങ്കടത്തിന് ദേഷ്യം കൂട്ടായെത്തി.


"ഒക്കെ വഴിയേ പിടികിട്ടിക്കോളും.  നീ ചുമ്മാ വെഷമിക്കാതെ.അലോഷി നോക്കിക്കോളും കൊച്ചിനെ."


"നിങ്ങക്ക് അതൊക്കെ പറയാം. എന്റെ കൊച്ചു കെടന്നു സങ്കടപ്പെടണത് കാണാമ്മേല."


"അതും കൊറഞ്ഞോളും. ഞാമ്മരിച്ചിട്ട് ആണ്ട് കഴിഞ്ഞതോടെ നിന്റെ സങ്കടം കൊറഞ്ഞില്ലേ"


"അത് പിന്നെ സങ്കടപ്പെട്ടിരിക്കാൻ നേരമില്ലാഞ്ഞിട്ടാ. സങ്കടപ്പെട്ടോണ്ടിരുന്നാൽ കൊച്ചുങ്ങൾക്കെന്തെടുത്ത്  തിന്നാങ്കൊടുക്കും..? "


"ങാ...അത് പോലെ ബെറ്റിമോൾക്കും നേരമില്ലാണ്ടാകണ കാലം വരും അവൾക്ക് പഠിക്കണം, വളർന്ന് വലുതായി ആണൊരുത്തന്റെ കൂടെ പൊറുക്കണം, മക്കളെ പോറ്റണം. അപ്പോ  അമ്മേടെ മരിപ്പൊക്കെ  ഓർമ്മയായി മാറും. പിന്നെപ്പിന്നെ  മരിച്ച ദിവസം കുർബാനക്കും കുഴിക്കലൊപ്പീസിനും പള്ളീ കാശു കൊടുക്കുന്ന ചടങ്ങായി മാറും."


മർഗ്ഗലി അതൊന്നും  ഉൾക്കൊള്ളാനാവാതെ ബെറ്റിമോൾക്കരികിൽ പോയിരുന്നു. അവളുടെ കണ്ണീർ തുടയ്ക്കാനാവാത്ത  നിസ്സഹായതയിൽ അവർ വീണ്ടും കരഞ്ഞു.


 ജീവിച്ചിരിക്കുന്ന രണ്ടു പേരും അല്ലാത്ത രണ്ടു പേരുമായി നാലു പേരുള്ള  ആ വീട്. പണ്ട് ഗോമസിന്റെ വീടെന്നും പിന്നീട് മർഗ്ഗലിയുടെ വീടെന്നും ഒടുവിൽ  അലോഷിയുടെയും ബെറ്റിമോളുടെയും വീടെന്നും എന്ന പേര് മാറ്റം മാത്രമാണ്  അതിന് സംഭവിച്ചത്. മരിച്ചവരെ  സിമിത്തേരിയിൽ കൊണ്ടടക്കിയാലും തീരാത്ത കെട്ടുപാടുകളെ അലോഷി വല്ലാതിഷ്ടപ്പെട്ടു. അപ്പന്റെയും അമ്മയുടെയും ഓർമ്മ ദിനങ്ങളായിരുന്നു അവനെ കുഴക്കിയത്. അവരുടെ കുഴിക്കൽ പോയി നിന്ന് ആത്മാവിന്റെ മോക്ഷ പ്രാപ്തിക്കുള്ള പ്രാർത്ഥനകളിൽ അവൻ നിശ്ശബ്ദനായി.



"ഈ ചേട്ടനെന്താ ഇങ്ങനെ..? എന്നും രാത്രി കടലീപ്പോക്കും കാശുണ്ടാക്കലും ഉച്ചവരെ ഉറക്കോം. എല്ലാക്കൊല്ലോം അപ്പന്റെമമ്മേടെം ആണ്ടോർമ്മിപ്പിക്കാൻ ഞാൻ വേണം."


"കാശില്ലാതെ നിന്റെ കല്യാണമെങ്ങനെ നടത്തുമടീ… നിന്റെ ശല്യം തീർത്തിട്ട് വേണം എനിക്കൊന്നു കെട്ടാൻ."


"ഓ… പിന്നേ… ജോലിയാവാതെ എന്നെ കെട്ടിച്ചാലൊണ്ടല്ലോ…"


കെറുവിച്ചു പോകുന്ന അവളെ നോക്കി അവൻ ചുണ്ട് കൊണ്ടോരു വാത്സല്യഗോഷ്ടി കാണിച്ചു.


"ദേഷ്യക്കാരിയാ…"


അങ്ങേ മുറിയിൽ കേട്ടു നിന്ന അപ്പനോടും അമ്മയോടും പറഞ്ഞപ്പോൾ അവന് ചിരി.


"നീ കൊഞ്ചിച്ചു വഷളാക്കീട്ട്...."


അമ്മക്കവളുടെ തർക്കുത്തരം അത്ര പിടിച്ചില്ല.


"അവള് പറഞ്ഞത് നേരല്ലേ...അവള്  പഠിക്കട്ടെ. ഉദ്യോഗസ്ഥയാകട്ടെ."


"ന്നാലും നോക്കിയന്വേഷിക്കണവനോട് തർക്കുത്തരം പറഞ്ഞിട്ടുള്ള പഠിപ്പൊന്നും വേണ്ടാന്നവളോട് പറഞ്ഞേര്"



"പഠിപ്പും ജോലീം കാത്തിരുന്ന് പെങ്കൊച്ചു വല്ലോന്റേം കൂടെ പോകാതെ നോക്കണേ  അലോഷി.."


അമ്മക്ക് ആധി.


"ഒന്ന് മിണ്ടാതിരി മർഗ്ഗലീ...ഇത്രേം നോക്കിയവന് ബാക്കീം നോക്കാനറിയാം"

അപ്പൻ ശുണ്ഠിയെടുത്തു.


" അവള് നല്ലോണം പഠിക്കുന്ന കൊച്ചല്ലേ.ഡിഗ്രി ഒന്ന് കഴിഞ്ഞോട്ടമ്മേ."

 

 "അത് കഴിഞ്ഞു നിന്റേം താമസിപ്പിക്കണ്ട അലോഷി.''


പിന്നെയും പിന്നെയും മക്കളെക്കുറിച്ചുള്ള ആധിയിൽ ആ ആത്മാവ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയിൽ ജീവിച്ചിരിന്ന കാലത്ത് 'മരിച്ചാൽ മതി' എന്ന് പറയുന്നവരെ മർഗ്ഗലി ഓർത്തു. തീരാത്ത സ്നേഹവും തീർക്കാത്ത കടമകളും ബാക്കിയുള്ളപ്പോൾ മരണം പോലും  ഒരാൾക്ക് സമാധാനം കൊടുക്കുമോ..?


അലോഷി കടലിൽ പോയ ഒരു വെളുപ്പിനാണ് അയാളുടെയും കൂടെ പാർക്കുന്ന രണ്ടാത്മാക്കളുടെയും സ്വപ്നങ്ങൾ തകർത്ത് ഒരു സൂചന പോലും നൽകാതെ ബെറ്റിമോൾ മരിച്ചവരുടെ ലോകത്തേക്ക്  സ്വയം നടന്ന് പോയത്. 


ബെറ്റിമോളുടെ തകർന്ന പ്രണയകഥ അവളുടെ കോളേജിൽ നിന്നും വന്ന കൂട്ടുകാരിൽ നിന്നും അലോഷി ആദ്യമായി കേട്ടു. അന്നയാളുടെ കല്യാണമായിരുന്നു എന്ന് പറഞ്ഞവർ കണ്ണീരൊഴുക്കി.


അടക്കം  കഴിഞ്ഞെത്തിയ അലോഷി അപ്പന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് വീട്ടിനുള്ളിൽ കയറിയത്. ഒന്നും മിണ്ടാതെ അനങ്ങാതെ  അമ്മ തൊട്ടടുത്തും.



"മതി, ഒന്ന് മിണ്ടാതിരിക്കാമോ..."


അലോഷി കയർത്തു.


"നീ….പോടാ...ആത്മാക്കൾക്കും  ഉണ്ട് സങ്കടങ്ങൾ. ഭൂമിയിലെ കെട്ടുപാടുകൾ തീരാതെ മരിച്ചവർ  ഇടക്കിങ്ങനെ ഉറക്കെ കരയുന്നുണ്ട്.  അതാര് കേൾക്കാൻ…? അറിയാൻ…? "



ബെറ്റിമോളോട്  ക്ഷമിക്കാൻ അലോഷി ഒരുക്കമല്ലായിരുന്നു. അവളുടെ മരണാനന്തര നിയമക്രമങ്ങൾ എന്തെന്നവൻ തിരക്കിയില്ല. അവളെ മൂടിയ മണ്ണ്  കള വളർന്ന്  മാഞ്ഞു പോകാൻ അവൻ ആഗ്രഹിച്ചു. ഒന്നും സംഭവിക്കാത്ത പോലെ പിറ്റേന്നവൻ കടലിൽ പോയി. സഹതാപം പറഞ്ഞു വന്നവരെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞോടിച്ചു. ഓർമ്മകളിൽ നിന്നും  ബെറ്റിമോളെ അടർത്തി മാറ്റി ഭൂത കാലത്തെ അവൻ പൊളിച്ചെഴുതി. ഗോമസ്, മർഗ്ഗലി, അവരുടെ  മകൻ അലോഷ്യസ്, അവരുടെ വീട്, അവരുടെ ലോകം എന്ന പുതിയൊരു കിളച്ചുമറി മനസ്സിൽ നടത്തി. 


വീട്ടിലോ പരിസരത്തോ അവളുടെ യാതൊരു ശേഷിപ്പും ഇല്ലാതെ, പുതിയൊരു വർത്തമാനത്തിൽ  ജീവിക്കാൻ തുടങ്ങിയപ്പോഴാണ് അപ്പന്റെയും അമ്മയുടെയും കണ്ണീർ തോരാത്ത മുഖങ്ങൾ അയാളെ ശല്യം ചെയ്തു തുടങ്ങിയത്. സങ്കടമൊതുക്കാൻ മരിച്ചവരെ വീട്ടിൽ കൊണ്ടിരുത്തിയ അലോഷിക്ക് അവരെക്കൊണ്ടിപ്പോൾ  സമാധാനമില്ലാതായി. കടലിൽ പോയി വന്ന് ക്ഷീണിച്ചുറങ്ങുമ്പോൾ കേൾക്കുന്ന തേങ്ങലുകൾ അവന്റെ  ഉറക്കം മുറിച്ചു


"രണ്ടെണ്ണത്തിനേം വന്നേടത്തേക്ക് പറഞ്ഞു വിടും ഞാൻ"


 അവന്റെ ഭീഷണി  തെല്ലും ഫലിച്ചില്ല. 


അവരുടെ നിർബന്ധത്തിനൊടുവിൽ ബെറ്റിമോളെ   തിരിച്ചു വിളിച്ചപ്പോഴാണ്  മുഖമില്ലാത്ത ഒരു കുഞ്ഞിനെ  അടക്കിപ്പിടിച്ചവൾ കടന്ന്  വന്നത്. 


"ഇതിനെ ഉപേക്ഷിച്ചുകളയാൻ മനസ്സില്ലാതിരുന്നത് കൊണ്ടല്ലേ ചേട്ടാ... ഞാൻ…" 


  അലോഷി വാക്കുകൾ നഷ്ടപ്പെട്ടവനായി  ആ കുഞ്ഞാത്മാവിനെ നോക്കി. ജീവിതത്തിൽ നിന്നും തനിയെ  പിൻവാങ്ങിയവർ  തിരികെ വന്നാൽ  വെളിവാക്കുന്ന കയ്ക്കുന്ന യാഥാർഥ്യങ്ങൾ  ജീവിച്ചിരിക്കുന്നവരെ തകർത്തു കളയും  എന്നവനറിഞ്ഞു. ഒടുവിൽ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകത്തിന്റെ  അതിരിന്റെ  തിരിച്ചറിവിൽ,  ആ നാലാത്മാക്കളെയും ഒരുമിച്ചടക്കം ചെയ്തത് ഭൂമിയിൽ ഒറ്റപ്പെട്ടവാനായി തന്റെ സങ്കടങ്ങൾക്കവൻ പരിഹാരം കണ്ടു. 


അന്ന് മുതൽ ആ നാലുപേർ ആത്മാക്കളുടെ ലോകത്ത് ആരെന്നും ഏതെന്നും  അറിയാതെ... പരസ്പരം അറിയാതെ...ദുഃഖങ്ങൾ അറിയാതെ….



റോസിലി ജോയ്‌

(മൂല്യശ്രുതി, ഡിസംബർ ലക്കം,2023)







No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍