18.3.24

ഷഡ്പദം


ഭാസിച്ചേട്ടൻ റോഡരുകിൽ സ്‌കൂട്ടർ നിർത്തി പറമ്പിലേക്ക് പാഞ്ഞു പോകുന്നത്  ജെനി വീടിനുള്ളിലിരുന്ന് കണ്ടിരുന്നു. ഉടനെ  തുടങ്ങി പറമ്പിൽ നിന്നുള്ള  വിളിച്ചു പറച്ചിൽ.

 

"നിങ്ങള് പറമ്പിന് മതില് കെട്ടാതെ ഓരോരോ വിചിത്രപ്പണി കാണിച്ചു മറ്റുള്ളോർക്ക് സമാധാനം കൊടുക്കരുത്. കേട്ടാ…"


ജെനി കേൾക്കാൻ വേണ്ടി സാമാന്യം ഉച്ചത്തിലാണ് പറയുന്നത്. അതവൾ കേട്ടുകാണില്ലേ എന്ന സന്ദേഹത്തിൽ അയാൾ വീണ്ടും വിളച്ചു കൂവാൻ തുടങ്ങിയപ്പോൾ  അവൾ വരാന്തയിലേക്ക് ചെന്നു.


"എന്താ ഭാസി ചേട്ടാ..?"


താൻ സൃഷ്ടിച്ച ശബ്ദകോലാഹലത്തിന് തീരെ ചേരാത്ത ജെനിയുടെ ശാന്തത ഭാസിച്ചേട്ടനെ ഒന്നുകൂടി പ്രകോപിച്ചു. അയാൾ വീണ്ടും ഉച്ചസ്ഥായിയിൽ കത്തിക്കേറി. 


"ഒന്നും അറിയില്ല അല്ലേ..? ഇന്നലെ എന്റെ കെട്ട്യോളെ വിളിച്ചു നിങ്ങട പറമ്പിലേക്ക് പുല്ലും കാടും കയറീന്ന് പരാതി പറഞ്ഞതോ..?"


"അതുള്ളതല്ലേ.. ചേട്ടനോട് ഇവിടെ വരെ  വന്ന് നോക്കാനല്ലേ പറഞ്ഞുള്ളു."


"അതാ പറഞ്ഞത്, പറമ്പിന് മതില് കെട്ടണോന്ന്. അതിരേൽ കമ്പി വേലി കെട്ടി, അതിലേക്ക് കൊറേ ചെടി കേറ്റി വിട്ടേച്ച്  അയലോക്കപ്പറമ്പീന്ന് കാട് വന്നേ,പുല്ല് വന്നേന്നും പറഞ്ഞു മറ്റുള്ളോരെ മെനക്കെടുത്താനായിട്ടു…"


ഇടക്കിടെ പറമ്പ് സന്ദർശനം നടത്തുമ്പോൾ

"എന്തെടുക്കുവാ കൊച്ചേന്ന്"   ലോഹ്യം പറയാറുള്ള ഭാസിച്ചേട്ടന് ഇതുവരെ കണ്ടിട്ടില്ലാത്ത  ഭാവം. കൂടെയുള്ളത്  സ്ഥിരം ജോലിക്കാരൻ രമേശനല്ല. പുതിയൊരു പയ്യൻ.


"ചേട്ടൻ ഒച്ചവെക്കാതെ പുല്ല് വെട്ടിച്ചിട്ട് പോ...മുറ്റത്ത് പല പ്രാവശ്യം പാമ്പിനെ കണ്ടത് കൊണ്ടല്ലേ. മിനിങ്ങാന്ന്  സന്ധ്യയ്ക്ക് ഈ നടയിലായിരുന്നു മൂർഖന്റെ കിടപ്പ്. ചവിട്ടാതിരുന്നത്  ഭാഗ്യം."


ജെനിയുടെ സൂക്ഷിച്ചടക്കിപ്പിടിച്ച ദേഷ്യം കുറേശ്ശേയായി പുറത്തേക്ക് വന്നു.


 "പുല്ലു വെട്ടാനോ..? ഏയ്‌...അതൊന്നും നടപ്പില്ല കൊച്ചേ... ഈ മഴേത്ത് പുല്ലു വെട്ടിയങ്ങ് നീങ്ങണേന്റെ പിറ്റേയാഴ്ച്ച കാടായിരിക്കും.  നിങ്ങക്ക് പുല്ലും വെട്ടി തന്നോണ്ടിരിക്കാൻ ഇവിടാർക്കാ നേരം..? 

ദേ.. ഇവൻ മരുന്നടിക്കാരനാ. ഒരൊറ്റ ആഴ്ച്ച, എല്ലാം കരിഞ്ഞു സൂപ്പറാകും. പിന്നെ ഉടനേങ്ങും  പുല്ല് കേറുകേല."


"അയ്യോ..മരുന്നോ…? അത് വിഷമല്ലേ ചേട്ടാ...അപ്പോ ഈ കമ്പി അതിരിലെ  എന്റെ ചെടികളോ..?"


"ഓ.. അതാണോ...അതിന് ചെടിയേൽ വീഴാതെ നോക്കിയെപ്പോരെ..? ഇപ്പോ എല്ലാടത്തും മരുന്നടിയല്ലേ…"


ജനിക്ക് മറുപടി അവസരം കൊണ്ടുക്കാതെ, ഉള്ളിലെ നീരസത്തിന് ചേർന്ന വിധം സ്‌കൂട്ടർ രണ്ടു മൂന്ന് പ്രാവശ്യം ഉച്ചത്തിൽ ഇരപ്പിച്ച ഭാസിച്ചേട്ടൻ ഒറ്റപ്പോക്ക്. മരുന്നടിക്കാരൻ പയ്യൻ അവളെ ദയനീയമായി  നോക്കി.


"ഞാനെന്ത് ചെയ്യാനാ ചേച്ചി…ഇങ്ങനൊരു പൊല്ലാപ്പായിരുന്നേൽ വരൂല്ലായിര്ന്ന്. കഴിഞ്ഞ കൊല്ലോം ഞാനാ  ഇവിടെ വന്ന് മരുന്നടിച്ചത്. അപ്പൊ ഈ വീട് പണിതോണ്ടിരിക്കുവായിര്ന്ന്. ചേച്ചി തടസ്സം പറഞ്ഞ് എന്റെ ഒരു ദിവസത്തെ പണി കളയല്ലേ."


 ആ നേരം വരെ പെയ്ത പെരുമഴക്കു ശേഷമുള്ള തോർച്ചയിൽ വലിയൊരു അത്യാഹിതം മുൻകൂട്ടി കണ്ടപോലെ കമ്പി വേലിയിലെ വള്ളിച്ചെടികൾ പരസ്പരം നോക്കി. പുറത്തു ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന വേലക്കാരികളുടെ പതിവില്ലാത്ത  സംസാരം കേട്ട്  റാണി പുറത്തേക്ക് തല നീട്ടി. 


"എന്റെ റാണിയേ… നീയിതൊന്നും അറിയാത്തപോലെ ഇരുന്നോ.."


 മറുപടിയായി കൂട്ടിൽ നിന്നും ഒരു നീണ്ട മൂളൽ കേട്ടു.


ചാമ്പച്ചുവട്ടിൽ  തേനീച്ചപ്പെട്ടി വെച്ചിട്ട് അധികം നാളായിട്ടില്ല. റാണിയുടെ നേതൃത്വത്തിൽ ആ സമാന്തര രാജ്യം രൂപപ്പെടുന്നതേയുള്ളൂ. അധ്വാനിക്കുന്നവർ ഭരണം കയ്യാളുന്ന സുന്ദരരാജ്യം. 

കഠിനാധ്വാനികളായ വേലക്കാരികളും  തീറ്റ മാത്രം ശരണമായ  കുറെ മടിയന്മാരും നിറഞ്ഞൊരു ലോകം. രാജ്യത്തിന്റെ വളർച്ച നിയന്ത്രിക്കുന്നത് കുറെ മിടുക്കിപ്പെണ്ണുങ്ങളാണ്. തടിമിടുക്കുള്ള സുന്ദരി റാണിയെ വല്ലപ്പോഴുമേ പുറത്തു കാണാൻ കിട്ടാറുള്ളൂ. വേലക്കാരികൾ  രാവിലേ തന്നെ പണിക്കിറങ്ങും. മുറ്റത്തെ പൂക്കൾ മുഴുവൻ അവരുടേതാണ്.  മൂളക്കവുമായി ഒന്നിൽ നിന്നൊന്നിലേക്ക്  പറന്നു കൊണ്ടിരിക്കും. 


ജെനി വരാന്തയിലിരുന്ന് പയ്യൻ 

വിഷമടിക്കാൻ  കോപ്പു കൂട്ടുന്നത് നോക്കി. 'പറ്റില്ല' എന്ന ഒരൊറ്റ വാക്ക് ഭാസിച്ചേട്ടന് നേരെ നോക്കിപ്പറയാൻ കഴിയാത്ത ബുദ്ധിശൂന്യതയെ അവൾ പഴിച്ചു. ഓഫീസിൽ പോയ അലക്സിനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്നാലോചിച്ചു നിൽക്കുമ്പോൾ പയ്യന്റെ പ്രതിവിധി.


"ചേച്ചി വിഷമിക്കാതെ. മരുന്നടിച്ചു പോകുന്ന പുറകെ ഹോസെടുത്ത്  വെളളം ചീറ്റിച്ചാ മതി. ചെടികൾക്കൊന്നും പറ്റൂല്ലന്നേ..."


മൂക്കിനുള്ളിലേക്ക് കുത്തിക്കയറുന്ന രൂക്ഷ വിഷഗന്ധം. ഓരോ ഇലക്കും വള്ളിക്കും കുറെയേറെ നേരം ഹോസിലൂടെ  വെള്ളം ഒഴുക്കികൊടുത്തു.  ഈ മഴക്കാലത്ത് എന്തിനാ ഞങ്ങളെ കുളിപ്പിക്കുന്നത് എന്ന് ചോദിച്ചു നിൽപ്പാണെല്ലാം. ഇതുങ്ങളടെ മൂക്കടഞ്ഞിരുപ്പാണോ…? അവരുടെ സുഗന്ധം കൂടാതെ ലോകത്തിൽ ഇങ്ങനെ നാശത്തിന്റെ ഗന്ധവും ഉണ്ടെന്നറിയില്ലേ..?


പയ്യൻ പോകാൻ നേരം വന്ന് ബെല്ലടിച്ചു.


"ചേച്ചീ.. ഒരിത്തിരി വെളിച്ചെണ്ണ തന്നേ. ആ അതിരേൽ കടന്നാലോ തേനീച്ചയോ... ഒരു   കുത്തു കിട്ടി."


അവന്റെ വലത് തള്ളവിരൽ തിണർത്തു നീര് വെച്ചിരിക്കുന്നു. 


"മുള്ളപ്പഴേ എടുത്തു മാറ്റിട്ടും നല്ല കടച്ചില്. ആശൂത്രീ പോണോന്നാ തോന്നണത്."


അവൻ പോയിക്കഴിഞ്ഞ് ഒന്നൂടെ ചെടികളിൽ വെള്ളം ചീറ്റിച്ചു കൊണ്ട് ജെനി തേനീച്ചപ്പെട്ടിയിലേക്ക് നോക്കി. 


"അത് കടന്നലൊന്നുമല്ല, ഞങ്ങളാ..ഞങ്ങക്ക് ശ്വാസം മുട്ടീട്ടാ കുത്തിയത്. കുത്തിയവർ അവരുടെ ജീവൻ തന്നെ കളഞ്ഞാ കുത്തുന്നത്. കൂട്ടക്കാരെ രക്ഷിക്കാൻ പോകുന്ന ചാവേറുകൾക്ക് ജീവനും ജീവിതത്തിനും കൊതിയില്ലാഞ്ഞിട്ടല്ല."


പെട്ടിക്കുള്ളിൽ  നിന്നും കടുത്ത ദേഷ്യത്തിലാണ് മൂളക്കം. 


"ങാ..അതപ്പഴേ തോന്നി. ഒന്ന് പേടിപ്പിച്ചാ പോരായിരുന്നോ..? ഇതിപ്പോ അവന് കുത്തും കുത്തിയവർക്ക് മരണവും. "


"ഹും.. ഈ ഭൂമിയുണ്ടല്ലോ..അത് നിങ്ങടെ മാത്രമല്ല എന്ന് മനസ്സിലാകാത്തവരാ  കൂടുതലും.  അങ്ങനേള്ളോരെ ജീവൻ കളഞ്ഞും കുത്തണം. ഈ തീമഴയിൽ എത്ര പേര് വിഷമിച്ചെന്ന് വല്ല തിട്ടോമുണ്ടോ..? ചിറകുള്ളോര് പറന്നു രക്ഷപ്പെട്ടു. അതില്ലാത്തോരോ…? മണ്ണിനടീൽ കിടന്നു ശ്വാസം മുട്ടിയ പാവങ്ങളെപ്പറ്റി ആരെങ്കിലും ഓർക്കുന്നുണ്ടോ..? ഇപ്പോഴും ഞങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ട്. പണിക്കിറങ്ങിയ എന്റെ വേലക്കാരികളിൽ  കുറേപ്പേരെ കാണാനുമില്ല."


 റാണി തീരെ സൗഹൃദമില്ലാതെ കൂടിനുള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.


"അതിന് ഞാനയാളോട് പറഞ്ഞിട്ട് കേൾക്കേണ്ടേ റാണീ....നീ കേട്ടതല്ലേ എല്ലാം..?"


"എതിർക്കേണ്ട സമയത്ത് എതിർക്കുക തന്നെ വേണം. പിന്നീട്‌ പശ്ചാത്തപിച്ചിട്ടെന്ത് കാര്യം…? ഞങ്ങൾ എതിർക്കേണ്ടയിടത്ത്, അതാരായാലും  ജീവൻ വെടിഞ്ഞും  എതിർക്കുക തന്നെ ചെയ്യും. ഇവിടെ സമയത്തിനാണ് വില. നിങ്ങളുടെ  മൗനത്തിന്റെ ധൈര്യത്തിലാണ് ഈ പാതകം നടന്നത്. ചിലനേരങ്ങളിലെ നിശ്ശബ്ദത വലിയ കുറ്റമാകുന്നത് ഇങ്ങനെയാണ്. "


"അതായാളുടെ പറമ്പല്ലേ..?എന്റെ എതിർപ്പിന്  പരിധിയില്ലേ..?"


"അതിരും അധികാരവും കയ്യിലുണ്ടെങ്കിൽ നിങ്ങൾ മനുഷ്യർക്ക് എന്തുമാകാമല്ലേ..?"


അവളുടെ മൂളക്കം ഒന്നുകൂടെ പരുക്കനായി.


റാണിയുടെ ചോദ്യം ചെയ്യലിൽ  ജെനിയുടെ നാവിറങ്ങിപ്പോയി. ഭാസിച്ചേട്ടന്റെ പറമ്പിലെ മണ്ണിലും കാടുപടലങ്ങൾക്കിടയിലുമുള്ള അനേകം ചെറു ലോകങ്ങൾ എളുപ്പവഴിയുടെ ബുദ്ധി ശൂന്യതയിൽ നിമിഷങ്ങൾ കൊണ്ട്  നിശ്ചലമായിക്കഴിഞ്ഞു. 


പിറ്റേന്ന് രാവിലെ ചാമ്പക്കരികിലൂടെ നടന്നപ്പോഴാണ് ജെനിയെ ഞെട്ടിച്ച ആ കാഴ്ച്ച. ഒരു മധുരസാമ്രാജ്യത്തിന്റെ മഹാറാണി അവളുടെ കൊട്ടാരത്തിനു മുന്നിൽ കൊല്ലപ്പെട്ടു കിടക്കുന്നു. ചിറകുകൾ കൊണ്ട് മറയാത്ത കൊഴുത്തു ഭംഗിയുള്ള ശരീരം  രാത്രിയിൽ പെയ്ത മഴയിൽ മണലിൽ പുരണ്ടിട്ടുണ്ട്.  കൂടിനരികിൽ ആകെ താളപ്പിഴ. ദുഃഖിച്ചു മുരളുന്ന കാമുകന്മാരും  പണി മുഴുവനാക്കാതെ മടങ്ങി വരുന്ന ദാസിമാരും. ഇതിങ്ങനെ എത്ര നേരം തുടരുമെന്നറിഞ്ഞു കൂടാ. അരാജകത്വം  പൊറുക്കാത്ത കൂട്ടരാണ്. ഭരിക്കാൻ  റാണിയില്ലാതെ, പ്രേമിക്കുവാൻ കാമുകിയില്ലാതെ നിർദ്ദേശിക്കാൻ  യജമാനത്തിയില്ലാതെ  നിലനിൽക്കാനാവാത്ത സാമ്രാജ്യം. 


ജെനി ഓടിപ്പോയി തേനീച്ചപ്പെട്ടിക്കാരൻ സോമനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു.


"അയ്യയ്യോ...ഒരു രക്ഷേമില്ല മാഡം. ഞങ്ങൾ വീട്ടിലെല്ലാവരും കോവിഡ് പോസിറ്റീവാ. പെട്ടെന്നൊരു റാണിയെ കൊണ്ടു വന്നു വെച്ചാൽ തീരുന്ന പ്രശ്നേയുള്ളു. പക്ഷേ ഇവിടെ നിന്ന് അനങ്ങാൻ പറ്റണ്ടേ….? ഇനീപ്പ പുതിയ സെറ്റ് വെക്കാം. ഒന്ന് സുഖാവട്ടെ."


ആ സാമ്രാജ്യത്തിന്റെ തകർച്ച പൂർണ്ണമാകാൻ പോകുന്നു. ശത്രുവിന്റെ  ആക്രമണത്തിൽ ദുരന്തമേറ്റു വാങ്ങിയ  റാണിയും കൂട്ടരും  ജീവനുമായി പലായനം ചെയ്യാനൊരുങ്ങുന്ന അവശേഷിച്ച   പ്രജകളും. നിങ്ങൾക്ക് ഞാനുണ്ട് എന്നൊരുറച്ച ശബ്ദമില്ലാത്ത രാജ്യം എങ്ങനെ പുലരാനാണ്..?


രണ്ടാം ദിവസം  തേനീച്ചപ്പെട്ടി ശൂന്യമായി. ചാമ്പച്ചുവട്ടിൽ മരണവീടിന്റെ  നിശ്ശബ്ദത. കൂടിനു മുന്നിൽ മരണപ്പെട്ടു കിടന്ന റാണിയുടെ ശവഘോഷയാത്ര  ഉറുമ്പുകൾ ഏറ്റെടുത്തു.  ഒഴിഞ്ഞ കൂടിന്റെ ആധിപത്യവും. പൂമ്പൊടിയും തേനും മൂക്കറ്റം കുടിച്ച അവർ അതിനുള്ളിൽ മത്തരായി മദിച്ചു നടന്നു. 


 പക്ഷേ, പിറ്റേന്ന് നേരം വെളുത്തപ്പോൾ  പൂക്കൾക്കിടയിൽ തേനുണ്ണാൻ ഈച്ചകൾ ഹാജർ. കാലിയായ  പഴയ കൂട്ടിലേക്കൊന്ന് നോക്കു പോലും ചെയ്യാതെ എങ്ങോട്ടോ അവർ പറന്നു മറഞ്ഞു. 


"ഇവിടെവിടെയോ അവരുണ്ട്. നമുക്ക് പറമ്പ് മൊത്തമൊന്നു നോക്കാം. ഏതെങ്കിലും മരക്കൊമ്പിൽ കൂട് കൂട്ടുന്നുണ്ടാകും. പുതിയ റാണിയേയും കിട്ടിക്കാണും". 


പറമ്പ് മുഴുവൻ അരിച്ചു പെറുക്കി നോക്കാൻ അലക്‌സും കുടെക്കൂടി.     

ക്ഷമയോടെ പൂച്ചെടികൾക്കരികിലിരുന്ന് അവരുടെ പറക്കൽ നിരീക്ഷിച്ചു. പൂക്കൾക്കിടയിൽ നിന്ന് തേനുമായി ഇവർ എങ്ങോട്ടാണ് പാഞ്ഞൊളിക്കുന്നത്..? 


 വെള്ളം എത്ര ചീറ്റിയൊഴിച്ചിട്ടും വിഷബാധയുടെ ഇരുണ്ട പുള്ളിക്കുത്തുകൾ കമ്പിവേലിയിലെ ചെടികളിലും പൂക്കളിലും  പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാസിച്ചേട്ടന്റെ പറമ്പിലെ കാടും പടലും കരിഞ്ഞുണങ്ങി,  നിലം പൊത്തി, മണ്ണടിഞ്ഞ ജീവലോകത്തിന് മേലെ ഉണങ്ങിയ പുഷ്പചക്രങ്ങളായി.  

പെരുമഴക്കാലത്തെ വിചിത്രമായ ഒരു കരിഞ്ഞുണങ്ങൽ


 ഒരു മാസം കഴിഞ്ഞപ്പോൾ  പതിവ് ജോലിക്കാരൻ രമേശനുമായി ഭാസിച്ചേട്ടൻ പറമ്പിൽ പ്രത്യക്ഷപ്പെട്ടു. 


"ഇപ്പോ എങ്ങനെയുണ്ട്..? എല്ലാം ക്ലീനായില്ലേ കൊച്ചേ...പുല്ലു വെട്ടിക്കുവായിരുന്നേൽ  പഴയ പടിയായേനെ. ആ പ്ലാവേല് രണ്ട് ചക്ക മൂത്ത് കിടക്കുന്നു. ഈ മഴേത്ത് മധുരം കുറവാണ്. എന്നാലും പുഴുക്കിന് ബെസ്റ്റാ."


കഴിഞ്ഞ തവണ വഴക്കുണ്ടാക്കിയ ആളുടെ ഒരു കുശലം. ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും കരിഞ്ഞുണങ്ങിയ ചെടികൾ പൂർവ്വ സ്ഥിതിയിലാകുമോ…? മണ്ണു പുരണ്ടു നിലത്തു കിടന്ന റാണി ജീവൻ വെച്ച് പ്രജകളെ കൂട്ടിലേക്ക് തിരികെ കൊണ്ടു വരുമോ..? ഒന്നുറപ്പിച്ചു. അടുത്ത കൊല്ലം ഇതാവർത്തിക്കില്ല. അതിന് മുമ്പ് കാര്യങ്ങൾ പറഞ്ഞു തീർപ്പാക്കണം. 


ജെനി മുറ്റത്തു നിൽക്കെത്തന്നെ പ്ലാവിൽ നിന്നും രമേശന്റെ വിളി.


"ഭാസിച്ചേട്ടാ.. പ്ലാവിന്റെ പൊത്തിലൊരു തേനീച്ചക്കൂട്. ആ മൂലേൽ നിക്കണ പാണലില കൊറച്ചിങ്ങു പറിച്ചു താ…"


"ആഹാ....അത് കൊള്ളാല്ലോടാ.. തേനെടുക്കാൻ മാത്രോണ്ടോ..?"


"അതിനീ മഴക്കാലത്ത് എവിടെയാ ചേട്ടാ തേൻ..? "


"ഈ മഴയങ്ങു കഴിയട്ടെ. അപ്പൊ തേൻ റെഡിയാകും. ഇപ്പൊ നല്ല തേനെങ്ങും കിട്ടാനില്ല."


റോഡരികിൽ  സംസാരിച്ചു നിന്ന ഭാസിച്ചേട്ടൻ വിളച്ചു പറഞ്ഞു. 


ജെനി പ്ലാവിലേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചുയരത്തിലായി  പൊത്തിലുണ്ട് തേനീച്ചക്കൂട്ടം. പൂക്കൾക്കിടയിലെ വേലക്കാരികൾക്ക് കള്ളി വെളിച്ചത്തായതിന്റെ പരുങ്ങൽ.


 പാണലില കയ്യിൽ തിരുമ്മി, അത് കടിച്ചു പിടിച്ചു  മുകളിലേക്ക് കയറുകയാണ് രമേശൻ. തേനീച്ചകൾ കൂട്ടത്തോടെ  പ്ലാവിൽ നിന്നും പറന്ന് പുറത്തേക്കു പറന്ന്  പൂത്തു നിൽക്കുന്ന മഴലില്ലികളെ ചുറ്റിപ്പറക്കാൻ തുടങ്ങി. 


"കള്ളക്കൂട്ടങ്ങളെ... എന്റെ പൂക്കളിൽ നിന്ന് തേനും കട്ടോണ്ടു ഭാസിച്ചേട്ടന്റെ പ്ലാവിൽപ്പോയി ഒളിച്ചിരുപ്പാ..ല്ലേ…?"


"പിന്നല്ലാതെ..പുതിയ റാണി പറഞ്ഞാൽപ്പിന്നെ ഞങ്ങള് കേൾക്കണ്ടേ…?"


 കോറസ്സായി മൂളിയ അവർ ലില്ലിപ്പൂക്കൾ കയറിയിറങ്ങി.


വീടിനുള്ളിലേക്ക് പോയ ജെനി, 

നിമിഷനേരം കൊണ്ട് റോഡരുകിൽ പെട്ടെന്ന് രൂപപ്പെട്ട  ആൾക്കൂട്ടവും  ശബ്ദവും  അറിഞ്ഞതേയില്ല. പരിഭ്രമശബ്ദം വീടിനുള്ളിൽ  തേടിയെത്തിയ നേരം അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി, അന്തം വിട്ടു. അവശനായ ഭാസിച്ചേട്ടനെ രമേശനും വേറൊരാളും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി പാഞ്ഞു പോകുന്നു. 


"എന്താ..ഭാസിച്ചേട്ടനിതെന്തുപറ്റി…?  ഇപ്പൊ ഇവിടെ നിൽക്കുന്നത് കണ്ടതാണല്ലോ..?"


"തേനീച്ച കുത്തിയതാ ചേച്ചീ. ആ ചേട്ടന്റെ കരച്ചില് കേട്ടാ ഞങ്ങളോടി വന്നത്. പ്ലാവിൽ ചക്കയിട്ടപ്പോൾ കൂടനങ്ങിയതായിരിക്കും."


ജെനി പെട്ടെന്ന് ലില്ലിക്കൂട്ടത്തിലേക്ക് നോക്കി. അവിടാരുമില്ല. ഭാസിച്ചേട്ടനരുകിലേക്ക് എപ്പോഴാണ് ഈ കൂട്ടം പറന്നത്...?


അന്ന് വൈകുന്നേരം ഭാസിച്ചേട്ടന്റെ പറമ്പിൽ നിന്നും ചക്കയേറ്റി വരുന്ന രമേശൻ. 


ഭാസിച്ചേട്ടന് എങ്ങനെയുണ്ട് രമേശാ..?


"ഏയ്‌..കൊഴപ്പോന്നൂല്ല. ആളിപ്പോഴും സെന്റ് ജോസപ്പിലാ."


"കുത്തു കുറെയുണ്ടായിരുന്നോ..?"


"ങാ... നല്ല കുത്തു കിട്ടി. മൊഖോക്കെ അങ്ങു ചീർത്തു. ആർക്കും അങ്ങോട്ടടുക്കാൻ പറ്റിയില്ല. ഓടിച്ചിട്ട് കുത്തുവല്ലാര്ന്നോ. എന്റെ ചേച്ചീ, ഭാസിച്ചേട്ടന്റെ ഭാഗ്യത്തിനാ കൃത്യ നേരത്ത് ആ ഓട്ടോ കിട്ടിയത്."


"ചക്കയിട്ടപ്പോൾ കൂട്ടിലെങ്ങാനും തട്ടിയോ..?"


"അതിന് കൂട് പൊക്കത്തിലല്ലേ… ചക്കയിട്ടു തിരിഞ്ഞപ്പോഴേ റോഡരികിൽ നിന്നും ചേട്ടന്റെ കരച്ചിൽ കേട്ട്.  ഇതെങ്ങനെ കുത്തു കിട്ടീന്നാ എനിക്ക്  മനസ്സിലാകാത്തത്."


"അതേ, എനിക്ക് മനസ്സിലാകുന്നുണ്ട് ആ ചാവേറുകളെ."


സ്‌കൂട്ടറിൽ പോകുന്ന  രമേശനെ നോക്കി ജെനി മന്ത്രിച്ചു. അപ്പോഴാണ് ചാമ്പച്ചുവട്ടിലെ തേനീച്ച കൂട്ടിലെ  ഇരമ്പം ജെനി ശ്രദ്ധിച്ചത്.  അവിടെ പുതിയ റാണിയുടെ നേതൃത്വത്തിൽ നഷ്ട സ്വർഗ്ഗം  പുനഃസ്ഥാപിക്കുന്നതിന്റെ ആരവം..


പിറ്റേന്ന് തേനീച്ചപ്പെട്ടിക്കാരൻ സോമന്റെ വിളി.

 

"നാളെ ഞാൻ അതിലേ വരുന്നുണ്ട് മാഡം. നമുക്ക് പുതിയ സെറ്റ് ഈച്ചകളെ വെക്കേണ്ടെ..?"


"വേണ്ട സോമൻ ചേട്ടാ... ഈച്ചകളെല്ലാം കൂട്ടിലുണ്ട്. എങ്ങും പോയിട്ടില്ല."


"അപ്പോ റാണി ചത്തു, എല്ലാം പറന്ന് പോയീന്ന് കഴിഞ്ഞ മാസം പറഞ്ഞതോ..?"


"ഓ..അതോ….അവൾ കൂട്ടിൽ തന്നെയുണ്ട്. ചത്തത് വേറ ഈച്ച.".


അവൾ നോക്കിനിൽക്കേ തേനീച്ചക്കൂട്ടം ഒരിരമ്പലോടെ കൂടിനു വെളിയിലിറങ്ങി,  പലതായി ചിതറി.  കുറെപ്പേർ റോസാപ്പൂക്കളിൽ,കുറേപ്പേർ ലില്ലിപ്പൂകളിൽ, ഇനിയും കുറേപ്പേർ ജമന്തിപ്പൂക്കളിൽ, പിന്നെ കുറേപ്പേർ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിത്തിരിഞ്ഞങ്ങനങ്ങനെ….


(mediaoneonline.com,1stJanuary 2023)







No comments:

Post a Comment

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍