6.9.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (അവസാന ഭാഗം)


ധുള്‍ ഗ്രാമത്തിലെ മനുഷ്യര്‍

എനിക്ക് കാശ്മീരില്‍ നിന്നും തിരിച്ചു പോരാറായ സമയം. അപ്പോഴാണ്‌ വെള്ളത്തിന്റെ ഒഴുക്ക് കൊണ്ടു പ്രവര്‍ത്തിക്കുന്ന അവിടത്തെ ഗ്രാമങ്ങളിലെ ‘അട്ടാ-ചക്കി’ (ധാന്യം പൊടിക്കുന്ന യന്ത്രം) യെപ്പറ്റി ഓര്‍മ്മ വന്നത്. ഉയരമേറിയ മലമുകളില്‍ പണ്ട് കാലത്ത് വൈദ്യുതി വരുന്നതിന് മുമ്പേ   അവരുടെ പരമ്പരാഗതമായ പൊടി യന്ത്രമാണത്. കുറെ നാളായി ഞാനതിനെക്കുറിച്ച് കേട്ടിട്ട്. അത് കാണാന്‍ ഇന്ന് പോകാം നാളെ പോകാം എന്ന് വിചാരിച്ച് നീണ്ടു പോയി. പോരുന്നതിന്റെ തലേ ദിവസം അത് കാണുവാന്‍ വേണ്ടി ഞാന്‍ ഡ്രൈവര്‍ റാണെയെയും കൂട്ടി ദുള്‍ ഗ്രാമത്തിലേക്ക് പോയി. കുറച്ചകലെ റോഡരികില്‍ തന്നെയുണ്ട് അട്ടാ-ചക്കി. ഒരു മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ അവിടെ എത്തി. പുല്ലു മേഞ്ഞ ഒരു ചെറിയ കെട്ടിടം. അതിനടുത്തു കൂടെ ഒഴുകുന്ന ചെറിയൊരു തോട്. അതിനരികിലാണ് ആ കൊച്ചു കെട്ടിടം. എന്റെ കഷ്ടകാലത്തിന് അന്നതടഞ്ഞു കിടന്നു. പിറ്റേന്ന് നാട് വിടുന്ന ഞാന്‍ അത്രയും യാത്ര ചെയ്തു ചെന്നിട്ട് അങ്ങനെയായല്ലോ എന്ന വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഗ്രാമീണന്‍ അത് വഴി വന്നത്. “എന്റെ കൂടെ വരൂ കുറച്ചങ്ങു നടന്നാല്‍ വേറെ ഒരെണ്ണം ഉണ്ട് അത് കാണാം” എന്നായി അയാള്‍. “എത്ര ദൂരം...?” എന്ന് ചോദിച്ചപ്പോള്‍ “കുറച്ചേ ഉള്ളു” എന്ന മറുപടി. കാശ്മീരിലെ ഗ്രാമങ്ങള്‍ തീരെ സുരക്ഷിതമല്ല എന്നറിയാവുന്ന റാണെ പോകണമോ എന്ന് സംശയിച്ചു നില്‍ക്കെ പോകാം എന്നായി ഞാന്‍.
                                     വഴിയരികിലെ കൈതോടുകളില്‍ ഒന്ന്

അരമണിക്കൂറിലധികം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് അവിടെ എത്താന്‍. ഗോതമ്പും ചോളവും നട്ടിരിക്കുന്നു മലഞ്ചരിവിലൂടെ ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു. വഴി എന്ന് പറയുവാന്‍ ഒരു നടവഴി പോലും ഇല്ല. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ ഏതു സമയവും കാല്‍ വഴുതി വീഴും.ചരിവുകളില്‍ വീണും വീഴാതെയും ചിലയിടങ്ങളില്‍ കൂടെയുള്ളവരുടെ കയ്യില്‍ പിടിച്ച് ഇപ്പോള്‍ വീഴും എന്ന പേടിയോടു കൂടെയും  നാലോ അഞ്ചോ കൈത്തോടുകളും മറികടന്ന് വലിയ കയറ്റം കയറി ഞങ്ങള്‍ ലകഷ്യ സ്ഥലത്തെത്തി. ആദ്യത്തേത് പോലെതന്നെ കൈത്തോടിനടുത്ത് ഒരു ചെറിയ കെട്ടിടം. കുറച്ചു മാറി കല്ലും കളിമണ്ണും കുഴച്ചുണ്ടാക്കിയ ഒരു ചെറിയ വീടും. ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ ആള്‍ പറമ്പില്‍ പണിയുന്ന അബ്ദുള്ള എന്ന വീട്ടുകാരനെ വിളിച്ചു കൊണ്ടു വന്നു. അട്ടാ ചക്കി കാണുവാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഉത്സാഹമായി. ഉഴുതു കൊണ്ടിരുന്ന യാക്കുകളെ നുകത്തില്‍ നിന്നും മാറ്റി മരത്തില്‍ കെട്ടിയിട്ട് അയാള്‍ വേഗം വന്നു. അട്ടാച്ചക്കി കാണാന്‍ വന്നിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അയാളുടെ കൂടെ ജോലിയില്‍ സഹായിച്ചിരുന്ന  അയല്‍വാസികളായ രണ്ടു യുവാക്കളും ഞങ്ങളുടെ അടുത്തേക്ക് വന്നു. 

                                                യാക്കുകള്‍ നിലം ഉഴുന്നു.
 ജോലിക്കിടയില്‍ ശല്യപ്പെടുത്തിയതിന് ഞാന്‍ ക്ഷമ പറഞ്ഞു. “ഇത്രയും ദൂരം നടന്നു ചക്കി കാണുവാന്‍ വന്ന എന്നെ അത് കാണിക്കേണ്ടത് തന്റെ ചുമതലയല്ലേ” എന്ന് പറഞ്ഞ് ചക്കിയുടെ മുറി തുറന്നിട്ടിട്ട് അയാള്‍ വീട്ടിലേക്ക് ഓടിപ്പോയി ഒരു ചെറിയ ചാക്ക് ഉണങ്ങിയ ചോളവുമായി വന്നു. അര്‍ത്ഥ ഗോളാകൃതിയിലുള്ള രണ്ടു കല്ലുകള്‍ ചേര്‍ത്തു വെച്ച് അതിനടിയില്‍ വെള്ളത്തിന്റെ ഒഴുക്കില്‍ കറങ്ങുന്ന തടി കൊണ്ടുള്ള പല്‍ച്ചക്രം ഘടിപ്പിച്ചതാണ് അട്ടാ ചക്കി. 

                                      അട്ടച്ചക്കിയിലേക്ക് ചോളം ഇട്ടുകൊടുക്കുന്നു.

അതിലുള്ള വലിയ ദ്വാരത്തിലേക്കു ഇട്ടുകൊടുക്കുന്ന ഉണക്ക ധാന്യം കറങ്ങുന്ന കല്ലുകള്‍ക്കിടയില്‍ ഉരഞ്ഞ് പൊടിയുന്നു.  കാശ്മീരില്‍ ചെന്ന ശേഷം കല്ലില്‍ ഉരഞ്ഞു പൊടിയുന്ന ചോളമാവ് കൊണ്ടുള്ള രുചികരമായ ചപ്പാത്തി ഞാന്‍ കഴിച്ചിട്ടുണ്ട്. അബ്ദുള്ളയുടെ അട്ടാ-ചക്കിയില്‍ നിന്നും പൊടിഞ്ഞു താഴെ വീഴുന്ന ചോളമാവ് ഭസ്മം പോലെ നനുത്തതായിരുന്നു.
                                    അബ്ദുള്ള അട്ടാ ചക്കിക്കരികെ

അതിനുശേഷം അബ്ദുള്ള ഞങ്ങളെ വീട്ടിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചു. ഒരു മുറി മാത്രമുള്ള ആ കൊച്ചു വീടിന്റെ അടുക്കളയും കിടപ്പു മുറിയും ഒന്നുതന്നെ. വീടിനോട് ചേര്‍ന്ന് തന്നെ ചെമ്മരിയാട്ടിന്‍ കൂടും കോഴിക്കൂടും. വൃത്തി തീരെയില്ലാത്ത ആ വീടിന്റെ വരാന്തയില്‍  അവരുടെ അഥിതിയായി ഞാന്‍ അവിടെ കുറച്ചു നേരം ഇരുന്നു. ചുറ്റും ഈച്ചകള്‍ പറക്കുന്നു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു അവിടെ. വളരെ ദൂരെയായതിനാല്‍ ആ കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. ഗൃഹനാഥന്‍ മലഞ്ചാരിവുകളില്‍ കാലാവസ്ഥ അനുസരിച്ച് എന്തെങ്കിലും കൃഷി ചെയ്യും. സമീപത്തെങ്ങും വീടുകളില്ല. അടുത്ത് താമസക്കാരില്ലേ എന്ന  എന്റെ ചോദ്യത്തിന് ഉണ്ടല്ലോ,ദാ...ഇവിടെ അവിടെ..എന്നൊക്കെ ഓരോ ദിക്കുകളിലേക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു. 


ഗൃഹനാഥ വളരെ സ്നേഹത്തോടെ രണ്ടു സ്റ്റീല്‍ ഗ്ലാസ്സില്‍ ആട്ടിന്‍ പാലിന്റെ ലസ്സി (പഞ്ചസാരയിട്ട തൈര്) കൊണ്ടു വന്നു തന്നു. ആ ഗ്ലാസ്സിനും തീരെ വൃത്തിയുണ്ടായിരുന്നില്ല. റാണെ ചുളിഞ്ഞ മുഖത്തോടെ അത് കുടിക്കണോ എന്ന മട്ടില്‍ എന്നെ നോക്കി. സാരമില്ല കുടിക്കാം എന്ന് ആഗ്യം കാണിച്ച് ഞാനത് കുടിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ റാണെയും കുടിച്ചു.അതിനു മുമ്പ് ആട്ടിന്‍ പാലിന്റെ തൈര് കണ്ടിട്ട് പോലും ഇല്ലാതിരുന്ന ഞാന്‍ പഞ്ചസാരക്കൊപ്പം ആവോളം സ്നേഹം ചേര്‍ത്തു കലക്കിയ തൈര് യാതൊരു ഭാവഭേദവും കാണിക്കാതെ കുടിച്ചു തീര്‍ത്തു.

                                             വഴിയരികില്‍ കണ്ട വൃദ്ധന്‍
അവരോടു യാത്ര പറഞ്ഞു തിരികെ നടക്കുമ്പോള്‍ വഴിയരികില്‍ ഒരു വൃദ്ധന്‍. ഞങ്ങള്‍ ആരാ..? എന്താ...? എന്നൊക്കെ തിരക്കി. ആട്ടാ-ചക്കി കാണുവാന്‍ ചെന്നതാണെന്ന് കേട്ടപ്പോള്‍ ദൂരെ ഉയരത്തില്‍ നില്‍ക്കുന്ന വീട് കാണിച്ച് അങ്ങോട്ട്‌ ചെല്ലുവാന്‍ നിര്‍ബന്ധിക്കുവാന്‍ തുടങ്ങി. ഇത്രയും ദൂരം നടന്ന് വന്നതല്ലേ കുറച്ചു തൈരെങ്കിലും കഴിച്ചിട്ട് പോകാം എന്നദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞു. “സമയം പോയി, ഇനി വരുമ്പോഴാകട്ടെ...” എന്നദ്ദേഹത്തോടു ഒഴിവു പറഞ്ഞു. ഞങ്ങള്‍ കൂടെചെല്ലാത്തതിന്റെ പരിഭവംപറയുന്നതിനിടക്കും  പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തു. തിരികെ മടങ്ങുമ്പോള്‍ ഇനി വരുമ്പോള്‍ വരാതിരിക്കരുത് എന്നോര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല. 

പിറ്റേന്ന് പുലര്‍ച്ചെ, എന്റെ  പ്രവാസ ജീവിതത്തിലെ മൂന്ന്‍ വര്‍ഷങ്ങള്‍ ജമ്മു-കാശ്മീരിലെ കിസ്തവാര്‍ഡ്  എന്ന സ്വര്‍ഗ്ഗ ഭൂമിക്ക് കൊടുത്ത് തീര്‍ത്ത് ഞങ്ങള്‍ ജമ്മുവിലേക്ക് യാത്രയായി. വീണ്ടും ആ മടുപിക്കുന്ന എട്ടു മണിക്കൂര്‍ മലയിറക്കം.പതിവ് പോലെ  ചര്‍ദ്ദിക്കുള്ള ഗുളികകള്‍  കഴിച്ച്  തയ്യാറെങ്കിലും കൃത്യം 'പട്ണി ടോപ്‌ 'ഇറങ്ങുമ്പോള്‍ ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ചെയ്യുന്ന പോലെ വാഹനം നിര്‍ത്തിച്ച് എന്റെ പതിവ് ചര്‍ദ്ദി.  എങ്കിലും മൂന്ന് വര്‍ഷം മുമ്പ് ആദ്യമായി ഹിമാലയം കയറിയപ്പോഴത്തെ ഒരു പ്രയാസവും മനസ്സില്‍ തോന്നിയില്ല.മറിച്ച്, ഇനി ഒരു യാത്ര ഇനി ഇങ്ങോട്ടില്ലല്ലോ എന്ന ദു:ഖം മാത്രമായിരുന്നു മനസ്സില്‍. ജമ്മുവിലെത്തി,  പറന്നുയര്‍ന്ന വിമാനത്തില്‍ ഇരിക്കുമ്പോള്‍ ആ വൃദ്ധന്‍ എന്നെ കാത്തിരിക്കുമോ എന്ന് ഞാന്‍ വേവലാതിപ്പെട്ടു. നന്മനിറഞ്ഞ മനുഷ്യരുടെ ആ ലോകത്തെപ്പറ്റിയുള്ള ഓര്‍മ്മ എന്റെ കണ്ണുകളെ ഈറനാക്കിക്കൊണ്ടിരുന്നു. സുന്ദരമായ ലോകം, എത്ര സ്നേഹമുള്ള മനുഷ്യര്‍. അവരില്‍ ചിലരിലാണല്ലോ തിന്മയുടെ ശക്തികള്‍ തങ്ങളുടെ വിഷവിത്ത്‌ വിതച്ച് വളര്‍ത്തുന്നത്...? ഏതു വിഷത്തെയും അതിജീവിക്കുവാന്‍ ഷായെപ്പോലെ, ധുള്‍ ഗ്രാമത്തിലെ മനുഷ്യരെപ്പോലെയുള്ള ആളുകളെക്കൊണ്ട് കാശ്മീര്‍ നിറയട്ടെ എന്ന് മാത്രമേ നമുക്ക് പ്രാര്‍ഥിക്കാനാവൂ... 

(അവസാനിച്ചു)




9.8.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-3)

റുബീന
ചിത്രശലഭങ്ങളും പൂക്കളും നിറഞ്ഞു നിന്ന ഒരു വേനല്‍ക്കാലത്താണ് ഞാന്‍ റുബീനയെ കാണുന്നത്. അവളെ കാണാതായതും റോസാപുഷ്പങ്ങള്‍ നിറഞ്ഞു നിന്ന മറ്റൊരു വേനല്‍ കാലത്തായിരുന്നു. ഭംഗിയുള്ള സല്‍വാറും ഷൂസും ധരിച്ചു റോഡിലൂടെ നടക്കുന്ന വെളുത്തു ചുവന്ന കവിളുള്ള മെഹ്നാജിനെ കണ്ടപ്പോള്‍ ക്വാട്ടെര്‍സില്‍ താമസിക്കുന്ന ഏതോ കുട്ടിയാണെന്നാണ് ഞാന്‍ കരുതിയത്‌. പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞാണെനിക്ക് മനസ്സിലായത്‌ അവള്‍ പല വീടുകളില്‍ ജോലി ചെയ്യുന്ന വീട്ടു വേലക്കാരിയാണെന്ന്. 
സമയം തീരെ ഇല്ലാതിരുന്നിട്ടും റുബീന എന്‍റെ വീട്ടിലും ജോലിക്ക് വരാന്‍ തുടങ്ങി. ഏഴു മക്കളുള്ള വീട്ടിലെ മൂത്ത പെണ്‍കുട്ടി. ഏറ്റവും ഇളയതിന് രണ്ടു വയസ്സ് പ്രായം. അമ്മിക്ക് പ്രസവവും കുഞ്ഞുങ്ങളെ നോക്കലുമൊഴിഞ്ഞ് മറ്റു ജോലിയൊന്നും ചെയ്യുവാന്‍ സമയമില്ല. പകല്‍ മുഴുവന്‍ മാര്‍ക്കറ്റില്‍ കറങ്ങി നടക്കുന്ന അവളുടെ അബ്ബക്ക് തീവ്രവാദികളുമായി രഹസ്യ ബന്ധം ഉണ്ടത്രേ. അവര്‍ക്ക് ചില്ലറ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നത് കൊണ്ടു ഇടക്കിടക്ക് നല്ല കാശും കിട്ടും. 
“എന്നെങ്കിലും പോലിസിന്‍റെ പിടിലായിരിക്കും അബ്ബയുടെ അവസാനം. ഇക്കാര്യം എനിക്ക് മാത്രമേ അറിയൂ മാഡം”

“.ഈ രാജ്യ ദ്രോഹികള്‍ക്ക് കൂട്ട് നിലക്കുന്നതില്‍ നിന്നും നിനക്ക് അബ്ബയെ പിന്തിരിപ്പിച്ചു കൂടെ ..?”
ഞാന്‍ അവളോടു ചോദിച്ചു.
“ഇതിന്‍റെ ദോഷമൊക്കെ ഞാന്‍ അബ്ബക്ക് പറഞ്ഞു കൊടുക്കണോ..?. ഈ നാട്ടില്‍ എത്ര ആള്‍ക്കാര്‍ പോലിസിന്‍റെ പിടിയിലായിരിക്കുന്നു...? എത്ര പേര്‍ മരിച്ചിരിക്കുന്നു...? അമ്മിയുടെ ചെവയില്‍ വിവരം കൊടുത്താല്‍ എന്നെ കൊന്നു കളയും എന്നാണു അബ്ബ പറഞ്ഞിരിക്കുന്നത്.”
ഞാന്‍ അവളുടെ വാക്കുകള്‍ കേട്ട് അന്തം വിട്ടു നിന്നു.
“പക്ഷെ എന്നെ കൊന്നുകളയാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളൊന്നുമല്ല അബ്ബ. പിന്നെ വീട്ടിലേക്കുള്ള വരുമാനം എങ്ങനെ ഉണ്ടാകും ...? എത്ര കാശു കിട്ടിയാലും ഒരു പൈസ അബ്ബ വീട്ടില്‍ തരില്ല. അല്ലെങ്കിലും ആ കാശു വാങ്ങാതിരിക്കുകയാണ് നല്ലത് അല്ലെ മാഡം. .ജീവിക്കുന്ന മണ്ണിനെ ചതിച്ചിട്ടു കിട്ടുന്ന കാശിനു റൊട്ടി തിന്നാല്‍ അത് തൊണ്ടയിലൂടെ ഇറങ്ങുമോ..?”
റുബീന ജോലിയെടുക്കുന്ന പൈസ മുഴുവനും അവളുടെ അമ്മി വന്നു മാസം തികയുന്നതിനു മുന്നേ കൈപ്പറ്റിയിരിക്കും. ഇളയ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്‍റെ പ്രാരാബ്ദവും ജോലിയെടുക്കുവാന്‍ കൂട്ടാക്കാത്ത ഭര്‍ത്താവും എല്ലാം അവരുടെ പതിവ് സംസാര വിഷയങ്ങളായിരിക്കും. തണുപ്പില്‍ തീ കായാനുള്ള വിറകു പോലും കാട്ടില്‍ പോയി ശേഖരിക്കുവാന്‍ അയാള്‍ക്ക്‌ വയ്യ. അതെല്ലാം അമ്മയും മക്കളും ചെയ്തു കൊള്ളണം എന്നാണയാളുടെ കല്‍പ്പന. അവള്‍ക്കിളയവര്‍ അതെല്ലാം ചെയ്തു കൊള്ളും. ഇളയ കുട്ടികള്‍ ആണ്‍കുട്ടികള്‍ ആയത് അയാളെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടികളായിരുന്നെങ്കില്‍ വീട്ട് വേലക്ക് വിടാമായിരുന്നത്രെ.
“ഇരുപതു വയസ്സ് കഴിഞ്ഞ എന്‍റെ മോളെ വിവാഹം ചെയ്തു തരണം എന്ന് പറഞ്ഞു എത്ര പേരാണെന്നോ വീട്ടില്‍ വരുന്നത്..? അവരെയെല്ലാം അയാള്‍ അപമാനിച്ച് പറഞ്ഞു വിടും. ഇതിലും ഭേദം അവളെ അങ്ങ് കൊന്നു കളയുന്നതാണ് നല്ലതെന്നു തോന്നിപ്പോകും. പാവം എന്‍റെ മകള്‍ ഇതോന്നും അറിഞ്ഞതായി ഭാവിക്കാറേ ഇല്ല. “ അവര്‍ കണ്ണീരോടെ പറഞ്ഞു. 
ആയിടെ ആണ് റുബീനക്ക് ഒരു കാമുകന്‍ ഉണ്ടാകുന്നത്. അവളെ വിവാഹം ചെയ്തു കൊടുക്കണം എന്ന അപേക്ഷയുമായി അവളുടെ അബ്ബയുടെ മുന്നില്‍ ചെന്ന ഹുസൈനെ അയാളെ ദേഹോപദ്രവം ചെയ്തില്ലന്നെയുള്ളു.
“ഞാന്‍ എന്ത് ചെയ്യണം മാഡം. അബ്ബയെ അനുസരിച്ച് ജീവിക്കണോ..? അതോ അമ്മി പറയുന്നത് പോലെ ഹുസൈനോടോപ്പം പോയി രക്ഷപ്പെടണോ?”
“നീ നിന്‍റെ അമ്മി പറയുന്നത് പോലെ ചെയ്യ്‌. നിന്റെ അബ്ബക്ക് നിന്നെക്കുറിച്ച് ചിന്തയില്ലെങ്കില്‍ പിന്നെന്താ..?’
അന്ന് കരഞ്ഞു കൊണ്ടു ജോലി കഴിഞ്ഞു പോയ റുബീനയെ കാണാനില്ല എന്ന വാര്‍ത്തയാണ് പിന്നീട്‌ കേട്ടത്. അവള്‍ ജോലി ചെയ്യാറുള്ള എല്ലാ വീടുകളിലും അവളുടെ അബ്ബ അവളെ അന്വേഷിച്ചു നടന്നു. കൂടെ അമ്മിയും ഉണ്ടായിരുന്നു.
“എന്നോടു പറഞ്ഞിട്ടാണ് അവള്‍ പോയത്. ഹുസൈന്‍ നല്ല പയ്യനാണ്. അവന്‍ നോക്കിക്കൊള്ളും എന്‍റെ മോളെ. എന്‍റെ മോള് രക്ഷപ്പെട്ടു”
അവര്‍ രഹസ്യമായി എന്നോടു പറഞ്ഞു.
കുറെ നാള്‍ കഴിഞ്ഞ് ശ്രീനഗറില്‍ നിന്നും അവള്‍ എന്നെ വിളിച്ചു.
“മാഡം ..ഞാന്‍ ഇവിടെ ഉണ്ട്. പറയാതെ പോന്നതില്‍ എനിക്ക് വിഷമമുണ്ട്. ഹുസൈന്‍റെ ഒരു ബന്ധു ഇവിടെ ഉണ്ട്. അയാള്‍ ഹുസൈന് ഇവിടെ ദള്‍ തടാകത്തില്‍ ഷിക്കാര തുഴയുന്ന ജോലി വാങ്ങി കൊടുത്തു..”
ഞാന്‍ ആശ്വാസത്തോടെ ഓര്‍ത്തു പാവം എവിടെ എങ്കിലും പോയി ജീവിക്കട്ടെ. അതെ അവള്‍ ഇപ്പോഴും ശ്രീനഗറില്‍ സമാധാനമായി ജീവിക്കുന്നുണ്ടാകും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി.
ഷാ

റുബീനയും  അമീനും രാകേഷ്‌കുമാറും മനസ്സില്‍ ദു:ഖത്തിന്റെ പോറലുകലാണ് ഉണ്ടാക്കിയതെങ്കില്‍ ഷാ തന്നത് വലിയൊരു തിരിച്ചറിവാണ്. ആരാണ് യഥാര്‍ത്ഥ മനുഷ്യന്‍ എന്ന് മനസ്സിലാക്കിത്തന്ന വലിയൊരു തിരിച്ചറിവ്. ഷായെപ്പറ്റി ഇതിനു മുമ്പ് ഒരു പോസ്റ്റായി ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. പക്ഷെ എന്‍റെ കാശ്മീര്‍ ഓര്‍മ്മകളുടെ ഈ കുറിപ്പില്‍ ഷാ ഇല്ലാതെ എങ്ങനെ അതിന് പൂര്‍ണ്ണതയുണ്ടാകും...?
കോളനിയിലെ വീടുകളില്‍ ചെറിയ ചെറിയ ഇലക്ട്രിക് റിപ്പയറിംഗ് ഷാ ആണ് ചെയ്തു കൊടുക്കാറുള്ളത്. ഒരു നവരാത്രി കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത്. ദസറ ദിനങ്ങളില്‍ അവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് ദീപാവലിയുടെ അലങ്കാരത്തിന്‍റെ ചുമതലയും അയാള്‍ക്ക് തന്നെ. അതെല്ലാം യാതൊരു പ്രതിഫലവും വാങ്ങാതെ അയാള്‍ ഭംഗിയായി ചെയ്യും.
ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്. ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ്‌ പെരുന്നാളായി. അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍, തൂവെള്ള കുര്‍ത്ത പൈജാമയും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ്‌ കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.
“ഈദ്‌ മുബാരക്ക്‌ മാഡം”
കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.
“മുബാരക്ക്‌” അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.
കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത അയാള്‍..? വേറെ വല്ല സംസ്ഥാനക്കാരനായിരിക്കുമോ..?
ഞാന്‍ ഭര്‍ത്താവിനോട് സംശയം ചോദിച്ചു.
“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ. ബാരാമുള്ളയ്ക്കടുത്തുള്ള ഉറിയിലാണ് അയാളുടെ ഗ്രാമം.”
കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്‍ണ്ണിമ വന്നു. പോയ വര്‍ഷത്തെപ്പോലെ സുഹൃത്തുക്കളായ സര്‍ദാര്‍ജിമാര്‍ ഞങ്ങളെ ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ) നും ക്ഷണിച്ചു. ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും ഇല്ലാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഇടമാണ് ഗുരുദ്വാര. ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതും പാത്രം കഴുകുന്നതുമെല്ലാം എല്ലാവരും ചേര്‍ന്ന് ചെയ്യുന്നു. മിക്ക പുരുഷന്മാരും കുറച്ചു നേരമെങ്കിലും ഈ “സേവ” ചെയ്തിട്ടേ മടങ്ങാറുള്ളു.
ആ വര്ഷത്തെ ഗുരു ഗുരുപൂര്‍ണ്ണിമയും കിസ്തവാഡിന്റെ ആഘോഷമായ, മുസ്ലിം ദര്‍ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബില്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്‌-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനാചരണവും ഒരേ ദിവസമായിരുന്നു. അന്ന് അവിടെയും ആഘോഷമായ നേര്‍ച്ച സദ്യയുണ്ട്. ഷാ ക്ഷണിച്ചതനുസരിച്ച് ഞങ്ങള്‍ അന്ന് ദര്‍ഗയിലും പോയി. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാര്‍ കശ്മീരി ഭാഷയില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്കൊന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. അവിടെയുള്ളവര്‍ ദര്‍ഗയിലെ നേര്‍ച്ച സദ്യയായ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ ലങ്കറിനു എത്താം എന്ന് ഏറ്റിരുന്നതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു.
ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. കാരണം അതിനു പള്ളിയുടെ അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഇരു വശങ്ങളിലായി ഇരിക്കും. നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍. ഒരറ്റത്ത്‌ ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം. നേര്‍ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്‍ന്നുള്ള ഹാളിലായിരിക്കും. അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം. തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാല്‍ അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും. “മേഡം ജി..ദുപ്പട്ട ഠിക്ക്‌ കര്‍ ദോ..”
ഗുരുദ്വാരയിലെ പ്രാര്‍ത്ഥന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും ഇല്ല. ചപ്പാത്തി പരിപ്പ് കറി, ഒരു സബ്ജി, സാലഡ്‌. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്‌. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്‌...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്‌..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.
“നീ.. ദര്‍ഗയില്‍ പോയില്ലേ ഷാ...? ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്‍ത്താവിന്റെ ചോദ്യത്തിന്,
“നേര്‍ച്ച കഴിച്ചിട്ട് ഞാന്‍ അവിടെ നിന്നും വേഗം പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ.” എന്നയാള്‍ മറുപടി പറഞ്ഞു.
ആ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക!!!! മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ചിടത്തു നിന്നും ഉള്ള ഒരാള്‍. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്‍ത്തുകള്‍ നടത്തുന്നത്...? തീര്‍ത്ഥാടനങ്ങള്‍ നടത്തുന്നത്..? അതിലെല്ലാം എത്രയോ മൂല്യമുള്ള പ്രവൃത്തിയാണ് ഷായില്‍ ഞാന്‍ കണ്ടത്.
തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദു:ഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. പഴയ കാലത്തെപപോലെ ടൂറിസം പുനരാരംഭിക്കുന്നത് സ്വപനം കാണുന്നവര്‍. എന്നാല്‍ സ്വന്തം നാടിനെ പഴി പറഞ്ഞു ശത്രു രാജ്യത്തിന്റെ പക്ഷം പിടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.
ഒരു ദിവസം ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു.
“എന്താ..നീ ചോദിച്ചത്..?”
ഞാന്‍ പെട്ടെന്ന് പറഞ്ഞു
“ഇല്ല...ഒന്നുമല്ല.”
വേണ്ട, എനിക്കറിയേണ്ട. ഷായുടെ മുഴുവന്‍ പേര്‍ ചിലപ്പോള്‍ അഹമ്മദ്‌ ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും. എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു പ്രിയപ്പെട്ടവന്‍. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. കാണുമ്പോഴൊക്കെ നമസ്തേ എന്നയാള്‍ പറയുമ്പോള്‍ ഞാന്‍ തിരിച്ചു നമസ്തേ പറയുന്നത് മനസ്സ് കൊണ്ടു ആ കാലില്‍ തൊട്ടു നമസ്കരിച്ചു കൊണ്ടാണ്. ഇവരെപ്പോലെയുള്ള ആളുകളല്ലേ ശരിക്കും  കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കുന്നത്.

16.7.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-2)


അമീന്‍

അവിടെ എത്തിയ ആദ്യ ആഴ്ചയില്‍ തന്നെ അമീനെ പരിചയപ്പെട്ടിരുന്നു. സാക്ഷിയാണ് എനിക്ക് പാല് തരാന്‍ അവനെ ഏര്‍പ്പാടാക്കിയത്. ചെമ്പന്‍ മുടിയും പൂച്ചക്കണ്ണും ചുവന്ന കവിളുമുള്ള കൊച്ചു സുന്ദരന്‍. ദിവസവും രാവിലെ എന്നെ വിളിച്ചുണര്‍ത്തുന്നത് അമീനാണ്. അവിടത്തെ കൊടും തണുപ്പില്‍ രാവിലെ ഉണരുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അവനെന്നും കോളിംഗ് ബെല്‍ അടിക്കാതെ ആന്റീ ..ജീ... എന്നൊരു നീട്ടി വിളി വിളിക്കും. ദൂരെ മലഞ്ചരിവിലെ വീട്ടില്‍ നിന്ന് പാലുമായി വരുന്ന ആ കുട്ടിയെ എന്നും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. സ്കൂളില്‍ പോകാനുള്ളത് കൊണ്ടായിരിക്കും അവന്‍ ഇത്ര രാവിലെ പാലുമായി വരുന്നതെന്നാണ് ഞാന്‍ കരുതിയത്. നാല് പശുക്കളെ കറക്കുന്നുണ്ടെന്നവന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവനെ എന്നും പൊട്ടിപ്പൊളിഞ്ഞ ഷൂസിലും നിറം മങ്ങി തയ്യല്‍ അഴിഞ്ഞ സ്വറ്ററിലുമേ കണ്ടിട്ടുള്ളു. ഒരു ദിവസം രാവിലെ വൈകി പത്തുമണി കഴിഞ്ഞാണ് അവന്‍ വന്നത്.

“എന്താ അമീന്‍ ഇന്ന് വൈകിയല്ലോ. നീ ഇന്ന് സ്കൂളില്‍ പോയില്ലേ ..?” എന്ന എന്റെ ചോദ്യത്തിന്

“ഞാന്‍ സ്കൂളില്‍ പോയിട്ടേ ഇല്ല ആന്റീ...ജീ ...” എന്നാണവന്‍ മറുപടി പറഞ്ഞത്.ഞാന്‍ അമ്പരന്നു. സ്കൂളില്‍ പോയിട്ടില്ലാത്ത ഒരു കുട്ടിയാണ് അവന്‍ എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പാലിന്റെ കണക്കെല്ലാം കൃത്യമായി പറയുന്ന ആളാണ്‌.

“അപ്പോള്‍ നിനക്ക് എഴുതാനും വായിക്കാനും അറിയില്ലേ..?”

“ഇല്ല. കണക്ക്‌ കൂട്ടുവാന്‍ മാത്രം അറിയാം. അമ്മി പഠിപ്പിച്ചിട്ടുണ്ട്”.

കൂടുതല്‍ വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവന്‍ ആ വീട്ടിലെ കൂലിക്കാരന്‍ മാത്രം. പശുക്കളെ നോക്കി അവിടെ തന്നെയാണ് താമസവും. പാല് കൊടുത്ത് കഴിഞ്ഞുള്ള നേരങ്ങളില്‍ അവന്‍ പശുക്കളെ മാറി മാറി മലഞ്ചരിവുകളില്‍ മേയ്ക്കാന്‍ കൊണ്ടുപോകും. അവക്ക് പുല്ലരിയും. അവന്റെ വീട് ദൂരെ നാഗസേനി മലമുകളില്‍ ആണത്രേ. അമ്മിയും ദാദിയും മാത്രമുള്ള അവന്റെ അബ്ബ അവന്‍ കുഞ്ഞായിരുന്നപ്പോഴെ മരിച്ചു പോയിരുന്നു. അമ്മിയും ദാദിയും ആകെയുള്ള കുറച്ചു ഭൂമിയില്‍ കൃഷി ചെയ്യും. കുറച്ചു നാള്‍ കഴിക്കാനുള്ള ഗോതമ്പും ചോളവും അങ്ങനെ കിട്ടും. കൂടാതെ മറ്റ് കൃഷിക്കാരുടെ വയലുകളിലും പണിയെടുക്കും. “കിട്ടുന്ന പൈസയെല്ലാം സൂക്ഷിച്ചു വെച്ചു ഞാന്‍ വലുതാകുമ്പോള്‍ രണ്ടു പശുക്കളെ വാങ്ങും. പിന്നെ അമ്മിയും, ദാദിയും സ്വന്തം പറമ്പില്‍ പണിയെടുത്താല്‍ മതിയല്ലോ...” അവന്റെ വെള്ളാരം കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. എത്ര മഞ്ഞു വീണു വഴി അടഞ്ഞാലും  എന്നും അമീന്‍ കൃത്യ സമയത്ത് തന്നെ പാലുമായെത്തും. തുടര്‍ച്ചായി മൂന്ന് ദിവസം മഞ്ഞു വീണു മുട്ടിനു മേല്‍ മഞ്ഞു പാളികള്‍ ഉറച്ചു കിടന്ന ദിവസവും അമീന്‍ എത്തി.

“നീ എങ്ങനെ ഈ മഞ്ഞിലൂടെ നടന്നെത്തി അമീന്‍..? ഇന്ന് നീ വരില്ല എന്നാണു ഞാന്‍ വിചാരിച്ചത്..”

“ഓ..ഇത് മഞ്ഞാണോ ആന്റി ജീ.....ഇനിയും മഞ്ഞു വീഴട്ടെ. എന്നാലേ അമ്മി വിതച്ചിരിക്കുന്ന ഗോതമ്പും ഉള്ളിയും നന്നായി മുളച്ചു വളരൂ. ആപ്പിള്‍ മരങ്ങള്‍ നന്നായി പൂക്കണമെങ്കില്‍ നല്ല മഞ്ഞു വേണം. അവന്റെ കണ്ണുകളില്‍ മുതിര്‍ന്ന ഒരു കാരണവരുടെ ഭാവം.  ഗോതമ്പ് വിതച്ച് കഴിഞ്ഞ് മഞ്ഞു വീണാല്‍ ഇവിടുള്ളവര്‍ക്ക് വലിയ സന്തോഷമാണ്. ആ വര്‍ഷം നല്ല വിളവായിരിക്കുമത്രേ.
 
ഒരു ക്രിസ്തുമസ് കാലത്ത് എന്റെ വീട്ടിലെ പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും കണ്ട അവന് അത്ഭുതം. 
"ഇതെന്താ ആന്റീ ..ജീ.."?
അവന്‍ പുല്‍ക്കൂടിനുള്ളിലെ രൂപങ്ങളിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട്‌ ചോദിച്ചു. ഞാന്‍ ഇസാ നബി, ക്രിസ്തുമസ് എന്നൊക്കെ പറഞ്ഞ് പലവട്ടം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും അവന് ഒന്നും മനസ്സിലായില്ല. ഒടുവില്‍
”ഓ..ഞങ്ങളുടെ ഈദ് പോലെ അല്ലെ...” എന്നവന്‍ മറുപടി പറഞ്ഞു. സ്കൂളില്‍ പോയിട്ടില്ലാത്ത ഒരു കുട്ടിക്ക്‌ വീട്ടില്‍ ആഘോഷിക്കുന്ന ഈദല്ലാതെ മറ്റെന്തറിയാം...? ആ മലഞ്ചരിവും അതിനെ മൂടുന്ന മഞ്ഞും അതിന് ചുറ്റുമുള്ള ലോകവും മാത്രം അറിവുള്ള ഒരു പാവം കുട്ടി.


രാകേഷ്‌ കുമാര്‍


(വൈഷ്ണോ ദേവി ക്ഷേത്രത്തിലെ കുതിരക്കാര്‍)
അമീനെപ്പോലെ തന്നെ എന്നെ ദു:ഖിപ്പിച്ച ഒരു കുട്ടിയാണ് രാകേഷ്‌ കുമാര്‍ എന്ന കുതിരക്കാരന്‍ പയ്യന്‍. പതിനേഴോ പതിനെട്ടോ വയസ്സില്‍ കൂടുതലില്ല രാകേഷിന്. ജമ്മുവിലെ ത്രികുട മല മുകളിലുള്ള വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ് അവനെ പരിചയപ്പെട്ടത്. നടന്നു കയറാം എന്ന തീരുമാനത്തില്‍ രാത്രിയില്‍ ആറു മണിക്കൂറോളം മല കയറിയ ഞങ്ങളുടെ സംഘം ക്ഷീണിച്ച് അവശരായാണ് ക്ഷേത്ര മുകളിലെത്തിയത്. പുലര്‍ച്ചെ തിരികെ പോരാന്‍ സമയം നടക്കാനാവാതെ എല്ലാവരും തളര്‍ന്നു കഴിഞ്ഞിരുന്നു. എങ്കില്‍ തിരികെ യാത്ര കുതിരപ്പുറത്താകാം എന്നായി എല്ലാരും. ഞാന്‍ കയറിയ കുതിര രാകേഷിന്റെ ശബ്നം ആയിരുന്നു. ശബ്നത്തെ കടും നിറത്തിലുള്ള കമ്പിളി നൂലിന്റെ തൊങ്ങലുകൊണ്ടലങ്കരിച്ചു മനോഹരിയാക്കിയിട്ടുണ്ട് രാകേഷ്‌. നെറ്റിയിലും ചെവിയിലും ഭംഗിയുള്ള തോരണങ്ങള്‍ ഞാന്നു കിടക്കുന്നു. ശബ്നം എന്ന വിളിയില്‍ സ്നേഹമുള്ള ഒരു കാമുകന്റെ ഭാവം. ശബ്നത്തിന്റെ പുറത്തു ഞാന്‍, അവളെ വഴി തെളിച്ചു കൊണ്ടു  ജീനിയില്‍ പിടിച്ച് രാകേഷ്‌ കൂടെ ഓടും. 

        (നടന്ന്‍ മലകയറുന്ന യാത്രക്കാര്‍)

കുതിരപ്പുറത്തെങ്കിലും രണ്ടു മണിക്കൂര്‍ യാത്രയുണ്ട്. വേനല്‍ക്കാലമെങ്കിലും രാത്രിയായത്‌ കൊണ്ട് നല്ല കുളിരും. സ്വെറ്ററും തൊപ്പിയും ധരിച്ചിട്ടും നല്ല തണുപ്പ്. കയ്യും കാലുമൊക്കെ മഞ്ഞു പോലെ മരവിച്ചിരിക്കുന്നു. മലയിറങ്ങി ഓരോ സ്ഥലത്തെത്തുമ്പോഴും അവന്‍ അവിടത്തെ പ്രത്യേകതകള്‍ എനിക്ക് പറഞ്ഞു തന്നു കൊണ്ടിരുന്നു. യാത്ര അവസാനിക്കാറായപ്പോള്‍ ഏകദേശം നേരം വെളുത്തു. കുതിരക്കൊപ്പം ഓടി മലയിറങ്ങിക്കൊണ്ടിരുന്ന രാകേഷ്‌ ഒരു വളവെത്തിയപ്പോള്‍
 
"ഏക്‌  മിനിറ്റ്.."
എന്ന് പറഞ്ഞ് പെട്ടെന്ന് കുതിരയുടെ ഓട്ടം  നിര്‍ത്തി, വഴിയരുകില്‍ നടപ്പാത കെട്ടിയിട്ടിരിക്കുന്ന ഒരിടത്ത് മൂടിപ്പുതപ്പിച്ച ഒരു കൊച്ചു തുണിക്കെട്ടിനു നേര്‍ക്ക് ഓടിച്ചെന്നു. ധൃതിയില്‍ അതിന്റെ കമ്പിളി മാറ്റി നോക്കി. പെട്ടെന്ന് തന്നെ  പഴയത് പോലെ പുതപ്പിച്ച് “കുഴപ്പമില്ല” എന്ന് പറഞ്ഞ് കുതിരക്കൊപ്പം ഓടിത്തുടങ്ങി. ഒരു കൊച്ചു കുട്ടിയായിരുന്നു ആ തുണിക്കെട്ടിനുള്ളില്‍ കിടന്നിരുന്നതെന്നെനിക്ക് മനസ്സിലായി. അതിന്റെ അമ്മ തൊട്ടടുത്തെവിടെ എങ്കിലും കാണുമായിരിക്കും. അവന്റെ ആധൃതിയിലുള്ള ആ പെരുമാറ്റം എനിക്കെന്തോ അസ്വാഭാവികമായിത്തോന്നി.

“നീ എന്ത് നോക്കാനാണ് പോയത്...?”

“കുഞ്ഞായിരുന്ന എന്നെയും അനുജത്തിയെയും കൊടും തണുപ്പില്‍ ഇങ്ങനെ ഈ വഴിയരുകില്‍ ഉറക്കിക്കിടത്തി കിടത്തി ക്ഷേത്രത്തില്‍ ഭിക്ഷ യാചിക്കാന്‍ പോയ അമ്മ മടങ്ങി വന്ന ഒരു പുലര്‍ച്ചേ അവള്‍ മരിച്ചു പോയിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ടാണ് അവളെ കെട്ടിപ്പിടിച്ച് ഉറങ്ങിക്കിടന്ന ഞാന്‍ കണ്ണ് തുറന്നത്. കിലുങ്ങുന്ന പാദസ്വരം കാലില്‍ അണിഞ്ഞു കിടന്ന അവളുടെ ദേഹം ഐസ്കട്ട പോലെ തണുത്തു മരവിച്ചിരുന്നത് കുട്ടിയായ എനിക്കന്ന് മനസ്സിലായില്ല. ആ കിടക്കുന്ന കുഞ്ഞിന് ശ്വാസമുണ്ടോ എന്ന് നോക്കിയതായിരുന്നു ഞാന്‍.”

മുഖത്തെ ഭാവഭേദം ഞാന്‍ കാണാതിരിക്കാനായി അവന്‍ ഉറക്കെ പറഞ്ഞു ”ചലോ...ശബ്നം...ജല്ദി...ചലോ ..”
കുതിരക്കൊപ്പം വേഗത്തില്‍ അവന്‍ വീണ്ടും ഓടിത്തുടങ്ങി.  വീണ്ടും എന്നോട് കളി ചിരികള്‍ പറഞ്ഞു. 


(തുടരും)

29.6.16

നനുത്ത പഞ്ഞിത്തുണ്ടുകളായ് കുളിരോര്‍മ്മകള്‍ (ഭാഗം-1)

കഴിഞ്ഞ ദിവസം കാശ്മീരിലെ കിസ്തവാഡിലുള്ള കൂട്ടുകാരി സാക്ഷി ചാരക് വിളിച്ചിരുന്നു. ഈ വര്ഷം ഡിസംബര്‍ ആദ്യവാരം തുടങ്ങിയ മഞ്ഞു വീഴ്ച മാര്‍ച്ചായിട്ടും കുറഞ്ഞിട്ടില്ലത്രേ. “ഹൌ...ഇത്തനീ ഠംണ്ട് ഭാഭിജീ.. ഹീറ്ററിനടുത്തു നിന്ന് മാറുവാന്‍ പറ്റുന്നില്ല.” അവളുടെ ശബ്ദത്തില്‍ കാശ്മീരിന്റെ കുളിര് കിടുകിടുത്തു.

മൂന്നു വര്‍ഷത്തെ എന്റെ കുളിരോര്‍മ്മകള്‍ ഒരിക്കല്‍ കൂടി നനുനനുത്ത പഞ്ഞി തുണ്ടുകളായി മനസ്സിലേക്ക് പാറി വീണു. തണുത്തു മരവിച്ച ഒരു ഡിസംബര്‍ മാസത്തില്‍ മൂന്നു ദിവസം തുടര്‍ച്ചയായി പെയ്ത മഴ, ഒടുവില്‍ മഞ്ഞിന്‍ കണങ്ങളായി പതിച്ചിട്ടും അത് മഞ്ഞാണെന്നു മനസ്സിലാക്കാതെ ഇത്രയും വലിയ മഴത്തുള്ളികളോ എന്ന് അത്ഭുതം കൂറിയ എന്റെ ആദ്യത്തെ മഞ്ഞനുഭവം!!!! അത് മഴയല്ല മഞ്ഞാണെന്നു തിരിച്ചറിഞ്ഞ നിമിഷം ഒരു തൊപ്പി പോലും വെക്കാതെ പുറത്തേക്ക് ഓടിയിറങ്ങി മഞ്ഞു കണങ്ങള്‍ തട്ടിത്തെറിപ്പിച്ച് ആവേശഭരിതയായത്.... തണുപ്പില്‍ കൊട്ടിയടച്ച ജനാലയുടെ വിരികള്‍ മാറ്റി, കനത്തില്‍ പഞ്ഞി നിറച്ച ‘രാജായി’ എന്ന പുതപ്പിനടിയില്‍ നിന്നും തലപൊക്കി നിര്‍ത്താതെ പതിച്ചു കൊണ്ടിരുന്ന മഞ്ഞു കണങ്ങളെ നോക്കി ഉറങ്ങാതെ കിടന്ന ആ രാത്രി.. പിറ്റേന്ന് രാവിലെ കണ്ടത് അത്രയും നാള്‍ ഞാന്‍ കണ്ട സ്ഥലമാണെന്ന് വിശ്വസിക്കാനേ ആയില്ല. മുറ്റമാകെ കനത്തില്‍ മഞ്ഞു വീണു കിടക്കുന്നു. എന്റെ ചെടികളെല്ലാം മഞ്ഞിനടിയില്‍. വീടിനു പുറകിലെ അടുക്കള തോട്ടത്തിലെ ക്യാരറ്റും ബീന്‍സും ശല്‍ഗവും ഒന്നും കാണാനേ ഇല്ല. എല്ലായിടവും വെളുപ്പ്‌... വെളുപ്പ്‌ മാത്രം. ക്വാര്‍ട്ടെഴ്സിന്റെ ചെരിഞ്ഞ മേല്‍ക്കൂര, ഇല പൊഴിച്ചു നിന്നിരുന്ന മരകൊമ്പുകള്‍, മുറ്റത്ത് തുണി വിരിച്ചിടാന്‍ കെട്ടിയിരുന്ന അയ, ഇലക്ട്രിക്ക് കമ്പികള്‍ എല്ലാം മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നു. സൂര്യ കിരണങ്ങള്‍ മഞ്ഞില്‍ തട്ടി പ്രതിഫലിച്ച് പകലിന് ഇരട്ടി വെളിച്ചം. ആ സുന്ദര കാഴ്ച കണ്ടു നില്‍ക്കെ എന്റെ പല്ലുകള്‍ കൂട്ടിയടിച്ചു. മുഖവും ചെവിയും ഐസ് പോലെ മരവിച്ചിരിക്കുന്നു. കമ്പിളി ഉടുപ്പുകള്‍ മേലെ മേലെ ധരിച്ചിട്ടും തണുപ്പില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ല. തണുത്തു വിറച്ചു നിന്ന എന്നെ കണ്ടിട്ട് അയല്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നിരുന്ന സാക്ഷി ഒരു കപ്പു ചൂടു ഖാവ കൊണ്ടു തന്നു.
“പീജിയെ ഭാഭീജീ.... ആദ്യത്തെ മഞ്ഞല്ലേ അധിക നേരം വെളിയില്‍ നിലക്കെണ്ട...”
“എന്തൊരു തണുപ്പ്...” എന്ന് പിറുപിറുത്തുകൊണ്ട് ഷൂസിട്ട കാലുകള്‍ മഞ്ഞിലൂടെ ഉയത്തിച്ചവിട്ടി അവള്‍ തിരിച്ചോടിപ്പോയി. ഖാവ ഊതിക്കുടിച്ച്, അതിന്റെ സുഗന്ധം ആസ്വദിച്ച് വീടിനുള്ളില്‍ കയറാതെ ഞാനവിടെത്തന്നെ നിന്നു.


ഏതാനും മാസങ്ങള്‍ക്ക് മുമ്പ്‌ ആ സ്വര്‍ഗ്ഗ ഭൂമിയിലേക്കുള്ള ഭര്‍ത്താവിന്റെ സ്ഥലം മാറ്റം ഞാന്‍ അങ്ങേയറ്റം നിരാശയോടും ആധിയോടും കൂടെയാണല്ലോ കണ്ടത് എന്നോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരിയാണ് മനസ്സില്‍ വന്നത്.
 (മലകൾക്കിടയിൽ ഞെങ്ങിയൊഴുകുന്ന ഛനാബ് എന്ന സുന്ദരി )

കിസ്തവാഡിലേക്കുള്ള എന്റെ ആദ്യ യാത്ര. ജമ്മുവില്‍ നിന്നും എട്ടുമണിക്കൂര്‍ റോഡുമാര്‍ഗം ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ മലനിരകളുടെ ഉയരങ്ങളിലേക്ക്. ഹെയര്‍ പിന്‍ വളവുകള്‍ക്ക് പിന്നാലെ ഹെയര്‍ പിന്‍ വളവുകള്‍. ഒരു വശത്ത് ആകാശം ഭേദിച്ച് നില്‍ക്കുന്ന മല... മറു വശത്ത് പേടിപ്പെടുത്തുന്ന ആഗാധ ഗര്‍ധം. ചിലയിടങ്ങളില്‍ മലയിടിഞ്ഞു കിടക്കുന്നതു കൊണ്ടു വഴി കാണാനേ ഇല്ല. ഉയരം കൂടുന്നതനുസരിച്ച് കൂടി വരുന്ന തണുപ്പും. വളവുകള്‍ താണ്ടി ഉയരത്തിലേക്കുള്ള കയറ്റം താങ്ങാനാകാതെ എന്റെ ശരീരം തളര്‍ന്നു. അത് തല കറക്കത്തിലേക്കും കഠിനമായ ചര്‍ദ്ദിയിലേക്കും മാറി. പന്തീരായിരം അടി ഉയരത്തിലുള്ള പട്നി ടോപ്പ്‌ എന്ന സുഖവാസ സ്ഥലത്തെത്തിയപ്പോള്‍ എന്റെ കുടല്‍ വായില്‍ വന്നു ചര്‍ദിക്കും എന്ന് തോന്നി.. പട്നി ടോപ്പിലെ മല നിരകളില്‍ ഉടനീളം ദേവദാരു വൃക്ഷങ്ങളും പൈന്‍ മരങ്ങളും. അവയ്ക്കിടയില്‍ പുല്‍മേടുകളുടെ മെത്ത. പിന്നീട് ആ ഉയരത്തില്‍ നിന്നും കുത്തനെ ഇറക്കം. പാതി വഴിയില്‍ യാത്രക്ക് കൂട്ടായി ചെനാബ് നദി. ഹിമാലയത്തിന്‍റെ അഗാധ ഗര്‍ത്തത്തിലൂടെ ഞെരുങ്ങി, വളഞ്ഞു പുളഞ്ഞു ഒഴുകുകയാണവള്‍.


‘ഡോഡ’യില്‍ അവള്‍ വഴി നിരപ്പെത്തിയതും ‘പ്രേം നഗറില്‍’ തുള്ളിയോടുന്ന അശ്വക്കൂട്ടങ്ങളെപ്പോലെ വലിയ ഉരുളന്‍ കല്ലുകളില്‍ തട്ടിച്ചിതറിയൊഴുകുന്നതും ശ്രദ്ധിക്കാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ആ യാത്ര അവസാനിക്കുന്ന നിമിഷവും കാത്തു തളര്‍ന്നു കിടന്നു. ഇനി ഓരോ തവണയും നാട്ടില്‍ പോകുമ്പോള്‍ ഈ യാതന അനുഭവിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് എന്റെ കണ്‍കളില്‍ നീര്‍ പൊടിഞ്ഞു. സന്ധ്യക്ക് ക്വാര്‍ട്ടെഴ്സില്‍ എത്തിയ ഞാന്‍ നിരാശയായി കിടന്നുറങ്ങി. 


പിറ്റേന്ന് രാവിലെ ബാല്‍ക്കണിയില്‍ ചെന്നു നിന്നപ്പോഴാണ് ഞാന്‍ പരിസരം ശ്രദ്ധിക്കുന്നത്. ചുറ്റും കോട്ട പോലെ മേഘങ്ങള്‍ക്കും മുകളിലേക്ക് ഉയര്‍ന്ന് ഹിമാലയ മലനിരകള്‍. അവയില്‍ പതിക്കുന്ന സൂര്യ കിരണങ്ങള്‍ക്കും ഉണ്ട് എന്തെന്നില്ലാത്ത ശോഭ. ഒരു മലയില്‍ നല്ല വെയിലെങ്കില്‍ മറ്റൊന്നില്‍ തണല്‍, അടുത്തതില്‍ പാതി വെയിലും തണലും. മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഈ അത്ഭുത കാഴ്ച കണ്ടു വീടിന്റെ പുറത്തേക്കിറങ്ങിയ ഞാന്‍ പിന്നാംപുറത്തെ മരത്തില്‍ മച്ചിങ്ങ വലിപ്പത്തില്‍ക്കണ്ട ഇളം പച്ച കായ്കളെ തൊട്ടു നോക്കി. അതെ അത് തന്നെ. ആപ്പിളുകള്‍. വളര്‍ന്നു വരുന്നതേയുള്ളൂ.
അത്ഭുതം കൊണ്ടു ചുറ്റും നോക്കിയപ്പോള്‍ മുറ്റമാകെ പടര്‍ന്നു കിടക്കുന്ന സ്ട്രോബെറി ചെടികള്‍ക്കിടെ ചുവന്നു തുടുത്ത പഴങ്ങള്‍. പറമ്പിന്റെ മൂലയില്‍ നില്‍ക്കുന്ന ആപ്രിക്കോട്ട് മരത്തില്‍ കണ്ടിട്ടില്ലാത്ത തരം പക്ഷികള്‍ കല പില കൂട്ടുന്നു. ഓരോ പുല്‍പ്പടര്‍പ്പും പൂത്തുലഞ്ഞു നില്‍ക്കയാണ്. പൂക്കളില്ലാത്ത ഒരിടവും ഇല്ല. വേലിപ്പടര്‍പ്പുകളിലെ റോസാപ്പൂക്കള്‍ കണ്ടാല്‍ പൂക്കള്‍ കൊണ്ടാണോ വേലി തീര്‍ത്തിരിക്കുന്നതെന്നു തോന്നും.
 (ഒരു സാധാരണ വസന്തകാല കാഴ്ച. വേലി പടർപ്പിലെ കാട്ടുറോസാപ്പൂക്കൾ)

എന്റെ കണ്ണ് മിഴിഞ്ഞു. ഇങ്ങനെയും ഒരു ലോകമോ...? ലോകത്തിലെ സൌന്ദര്യക്കൂട്ടുകള്‍ എല്ലാം ഒരുമിച്ചു ചാലിച്ച് ഈ സുന്ദര സ്ഥലത്തേക്ക് ഒഴിച്ചിരിക്കുന്നോ...? ഇങ്ങോട്ടുള്ള ദുര്‍ഘട യാത്രയെ ആ നിമിഷം ഞാന്‍ മറന്നു. ആ വേനലിലും എനിക്ക് ചെറുതായി കുളിരുന്നുണ്ടായിരുന്നു.

വഴിയിലെ ചൂളം വിളി ശബ്ദം കേട്ട ഞാന്‍ ഗെയിറ്റിനരുകില്‍ ചെന്ന് നോക്കി. വലിയൊരു കൂട്ടം ആട്ടിന്‍ പറ്റത്തെയും തെളിച്ചു കൊണ്ടു റോഡിലൂടെ ഒരു സംഘം. ആട്ടിന്‍ കൂട്ടത്തില്‍ ചെമ്മരിയാടുകളും കോലാടുകളും. ചെമ്മരിയാടുകള്‍ അനുസരണയോടെ നടന്നു നീങ്ങുമ്പോള്‍ അനുസരണ കെട്ട കോലാടുകളെ ഇടയന്മാര്‍ ചൂളം കുത്തി വിളിച്ചു കൂടെ നടത്തുന്നു. അവര്‍ “ബെക്കര്‍ വാളുകളാണ്” സാക്ഷി എനിക്ക് വിവരിച്ചു തന്നു. ഓരോ സംഘത്തിലും അവരുടെ കുടുംബവും അഞ്ഞൂറിനടുത്ത ആടുകളും കാവല്‍ നായ്ക്കളും വീട്ടു സാധനങ്ങള്‍ ചുമക്കുന്ന കോവര്‍ കഴുതകളും കാണും. വേനല്‍ക്കാലമായാല്‍ അവര്‍ തങ്ങളുടെ ആട്ടിന്‍ പറ്റത്തെത്തെളിച്ചു മല കയറുകയായി. ഉയരെ മലമുകളില്‍ മഞ്ഞു വീഴുന്നത് വരെ ആടുകളുമായി അവിടെ തമ്പടിക്കും. മല മുകളില്‍ല്‍ മഞ്ഞു വീണു തുടങ്ങുമ്പോള്‍ അവര്‍ താഴെക്കിറങ്ങും. കൂടെ അവര്‍ മല മുകളില്‍ നിന്ന് ശേഖരിച്ച കന്മദവും അപൂര്‍വ ഔഷധ സസ്യങ്ങളും കാണും. നൂറു കണക്കിന് സംഘങ്ങളാണ് എല്ലാ വര്‍ഷവും ഇങ്ങനെ ഹിമാലയം കയറുന്നത്. ജീവിത കാലം മുഴുവനും ഇങ്ങനെ മല കയറ്റവും ഇറക്കവുമായി കഴിയുന്ന ഒരു ജനത!!! അവരുടെ ലോകം ഈ ആട്ടിന്‍ പറ്റവും ഹിമാലയവും മാത്രം. ചുറ്റുമുള്ള ലോകം, ഝടുതില്‍ അതിന് സംഭവിക്കുന്ന മാറ്റങ്ങള്‍, അതിന്റെ വര്‍ണ്ണാഭ ഒന്നും അവര്‍ അറിയുന്നില്ലേ...?
 (മഞ്ഞിന്റെ മേൽക്കൂരയിട്ട  ഞങ്ങളുടെ ക്വർട്ടേഴ്‌സ്-ഒരു മഞ്ഞുകാലം)  

അങ്ങനെ അവിടത്തെ ഓരോ പ്രഭാതവും എനിക്ക് പുതുമയായി. ഹിമാലയത്തില്‍ ഉദിച്ചു ഹിമാലയത്തില്‍ അസ്തമിക്കുന്ന സൂര്യന്‍. വേനലൊഴികെയുള്ള ഋതുക്കള്‍ അതിന്റെ എല്ലാ തീവ്രതയോടും സൌന്ദര്യത്തോടും കൂടെ അവിടെ കണ്‍ തുറന്നു. കുങ്കുമപ്പൂ വിളയുന്ന വയലുകളുള്ള മനോഹരമായ ഭൂമി....ഇന്ദ്ര നീലത്തിന്റെ ഖനികളുള്ള അത്ഭുത ലോകം.....പ്രകൃതി പോലെ തന്നെ സൌന്ദര്യമുള്ള മനുഷ്യരുടെ നാട്. അതെ. ഇത് തന്നെയാണ് സ്വര്‍ഗം. ആ സ്വര്‍ഗത്തെ ഞാന്‍ സ്നേഹിച്ചു തുടങ്ങി. 


(കിസ്തവാര്‍ഡിലെ ശിശിര കാഴ്ചകള്‍)
 
എത്രയെത്ര മറക്കാനാവാത്ത മുഖങ്ങള്‍. മനസ്സിനെ സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തവര്‍. അന്യ നാട്ടുകാരോട് സ്നേഹാദരവോടെ മാത്രം പെരുമാറുന്ന കാശ്മീരി ജനത. ഏതാനും മനുഷ്യര്‍ ചെയ്യുന്ന ദ്രോഹത്തിനു രാജ്യ ദ്രോഹികളായി മുദ്ര കുത്തപ്പെട്ട പാവം ജനങ്ങള്‍. പാലുകാരന്‍ കുട്ടി അമീന്‍, വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കുതിരക്കാരന്‍ രാകേഷ്‌ കുമാര്‍ എന്ന കൌമാരക്കാരന്‍, വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടിയ റുബീന, മനുഷ്യസ്നേഹിയായ ഷാ, ദുള്‍ ഗ്രാമത്തിനുള്ളില്‍ കണ്ട പേരറിയാത്ത വൃദ്ധന്‍, അങ്ങനെ എത്രയെത്ര പേര്‍...
(തുടരും)

26.2.16

ഉറുമ്പുകള്‍


നാള് കുറച്ചായി രമേശന്‍ ഉറുമ്പുകളെപ്പറ്റി പരാതി പറഞ്ഞു തുടങ്ങിയിട്ട്. ഉറുമ്പുകളെന്നാൽ നിസാര ഉറുമ്പുകളല്ല. നല്ല മുഴുത്ത ചുവന്ന ഉറുമ്പുകള്‍. അവ വല്ലാതെ രമേശനെ ഉപദ്രവിക്കുന്നു.

അന്ന് സന്ധ്യക്ക് കടയടച്ചു വന്ന രമേശന്റെ കയ്യില്‍ പച്ചക്കറി പലചരക്ക് സാധങ്ങളുടെ കൂടെ പത്രക്കടലാസില്‍ പൊതിഞ്ഞു പിടിച്ച ഒരു ചെറിയ പൊതിയുണ്ടായിരുന്നു.

“ഉറുമ്പ് പൊടിയാ...മോള്‍ടെ കൈയ്യെത്താത്തിടത്തു എവിടെയെങ്കിലും വെച്ചെരെ”
“ഉറുമ്പോ...? അതിനിവടെവിടാ ഉറുമ്പ്‌…?” എന്ന് ചോദിച്ച് സതി അത് വര്‍ക്ക് ഏരിയയിലെ ഷെല്‍ഫിന്റെ മൂലക്ക് നീക്കി വെച്ചു.
“നിനക്കറിയാഞ്ഞിട്ടാ. ചില ദിവസം കിടക്കുമ്പോ എന്തൊരു കടിയാനെന്നറിയാമോ...? നിന്റെ ഉറക്കം ശല്യപ്പെടുത്തെണ്ടാന്ന് വിചാരിച്ചു ഞാന്‍ പറയാതിരുന്നെന്നെയുള്ളു. നാളെ നീയാ കിടക്കയൊക്കെ ഒന്ന് ടെറസ്സിന്റെ മോളില്‍ കൊണ്ടിട്ടൊന്നൊണക്കിക്കെ”
“അതെന്തൊരുറുമ്പാ...എന്നേം മോളേം കടിക്കാതെ ചേട്ടനെ മാത്രം കടിക്കുന്നെ...?”
“നിങ്ങളെ രണ്ടിനേം കടിക്കുന്നുണ്ടാകും ഉറക്കത്തില്‍ അറിയാത്തതായിരിക്കും”.രമേശന്‍ തര്‍ക്കിച്ചു.
ഒരു നിമിഷം ആലോചിച്ച ശേഷം സതി വീണ്ടും ചോദിച്ചു.
“ഇനിയിപ്പോ വല്ല മൂട്ടയെങ്ങാനാണോ ചേട്ടാ...”
മൂട്ടയാണേല്‍ കട്ടിലേല്‍ കിടക്കുമ്പോള്‍ മാത്രമല്ലേ കടിക്കുകയുള്ളു. ഇതല്ലാത്തപ്പോഴും എന്നെ കടിക്കുന്നുണ്ട്.”
“ഓ...എന്തെങ്കിലും ആകട്ടെ. നാളെ ഞാന്‍ കിടക്കയും തലയിണയും ടെറസ്സില്‍ കൊണ്ടു പോയി ഒണക്കിയെക്കാം.പോരെ....?”
സതി വീടിന്റെ മുക്കും മൂലയിലും ഉറുമ്പുണ്ടോ എന്ന് പരതി.

രമേശന്‍ ഭേദപ്പെട്ട ഒരു പലചരക്കു കടയുടമസ്ഥനാണ്. അഞ്ചു കൊല്ലം മുമ്പാണ് ജംഗ്ഷനില്‍ അയാൾ ആ കടയാരംഭിച്ചത്. അതിനു മുമ്പ് അയാള്‍ക്ക് അവിടെത്തന്നെ ചെറിയൊരു പെട്ടിക്കടയായിരുന്നു. പല തരം കൂള്‍ ഡ്രിങ്ക്സും മിഠായികളും ബിസ്കറ്റ് പഴം ഒക്കെ വില്‍ക്കുന്ന നല്ല വിറ്റ് വരവുള്ള ഒരു പെട്ടിക്കട. തൊട്ടടുത്ത പലചരക്ക് കടക്കാരന് റഫീക്ക് അത് നിര്‍ത്തി ഗള്‍ഫില്‍ പോകുന്നു എന്ന് കേട്ടയുടനെ കടയുടമസ്ഥന്‍ ഗീവറീസ് ചേട്ടനോട് ഓടിപ്പോയി ബുക്ക് ചെയ്തത് കൊണ്ട് ആ കട അവനു തന്നെ കിട്ടി. ഒരു പലചരക്കു കട എന്ന സ്വപ്നം അയാള്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായിരുന്നു. മുമ്പത്തെക്കാളും നല്ലൊരു പലചരക്കുകടയായി അതവിടെ തുടരുകയും ചെയ്തു. അങ്ങനെ പത്തില്‍ പല വട്ടം തോറ്റ് പഠിത്തം അവസാനിപ്പിച്ച്,അങ്ങാടിയിലെ പലചരക്ക് കടയില്‍ എടുത്തു കൊടുപ്പുകാരനായിരുന്ന രമേശന്‍ പലചരക്ക് മുതലാളിയായി. സതിയെ കല്യാണം ആലോചിക്കുന്നത് വരെ വീട് കുടുംബം എന്നൊരു ചിന്തയെ അയാൾക്കില്ലാതിരുന്നു.

“വീടൊക്കെ പിന്നെയുണ്ടാകും. അവനെപ്പോലെ ഒരധ്വാനിപ്പയ്യനെ വേറെവിടെ കിട്ടാന്‍” എന്ന് പറഞ്ഞു കല്യാണം ഉറപ്പിച്ച പെണ്ണും വീട്ടുകാര്‍ കല്യണം കഴിഞ്ഞു അടുക്കള കാണാന്‍ വന്നപ്പോള്‍ രമേശന്റെ വീട് കണ്ട് അന്തം വിട്ടു. സതിക്കും ടൈല്‍സിട്ടു തിളങ്ങുന്ന തറയുള്ള പുതുക്കിയ വീടും അടുക്കളയിലെ ഗ്രാനെറ്റ് മേശയും ഇഷ്ടപ്പെട്ടു.പക്ഷേ അച്ഛനുമമ്മയും നേരത്തെ മരിച്ച, സഹോദങ്ങളും ഇല്ലാതിരുന്ന രമേശന് വീടിന്നാവവശ്യമായ വീട്ടു സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് വലിയ തിട്ടമില്ലാതിരുന്നു. ഒരു  ടി വി മാത്രമായിരുന്നു അവിടെയാകെയുണ്ടായിരുന്നത്. സതിയാണ് ഗ്യാസ് കണക്ഷന്‍ എടുപ്പിച്ചു മൈക്രോ വേവ് ഓവന്‍ വരെയുള്ള സാധനങ്ങള്‍ പിന്നീട് വാങ്ങി വീടിനെ ആധുനീവല്ക്കരിച്ചത്. വീടിന്റെ മാറ്റം പോലെ തന്നെ രമേശനും കല്യാണം കഴിഞ്ഞതോടെ ആളാകെ മാറി. സൈക്കിളില്‍ കടയില്‍ പോയിരുന്ന രമേശന്‍ ബൈക്കില്‍ പോകുന്നു, കുടുംബമായിട്ടു എവിടെയെങ്കിലും പോകുമ്പോള്‍ പുതിയ കാറില്‍ പോകുന്നു. എല്ലാം സതിയുടെ ഐശ്വര്യം എന്നാണ് നാട്ടുകാര്‍ പറയുന്നത്. അവള്‍ വന്നതോടെ അയാള്‍ വെച്ചടി വെച്ചു കേറ്റം തന്നെയാണെന്ന് അവര്‍ക്കറിയാവുന്ന കാര്യമല്ലേ. മൂന്ന് വയസ്സ് കഴിഞ്ഞ മാളവിക പഠിക്കുന്നത് നാട്ടിലെ മുന്തിയ സ്കൂളില്‍. എത്ര ഡൊനേഷന്‍ കൊടുത്തു എന്ന് അയല്‍ക്കാര്‍ ചോദിച്ചപ്പോള്‍ സതി ഒന്ന് ചിരിക്കുകമാത്രമാണ് ചെയ്തത്. “ഒക്കെ അസൂയക്കാരാ.. അങ്ങനിപ്പ അറിയണ്ട.” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.
വ്യാപാരി വ്യവസായി യൂണിയന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയും ആണ്  രമേശന്‍. സംഘടനാ പ്രവര്‍ത്തനങ്ങള്‍,ജില്ലാ സമ്മേളനം, സംസ്ഥാന സമ്മേളനം അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ തിരക്കുകള്‍.
വൈകുന്നേരങ്ങളില്‍ കടയടച്ചു വരുന്ന രമേശന്‍ കടയുടെ വിറ്റുവരവ് കണക്കുമായി മല്ലടിക്കുമ്പോള്‍ സതി മകളുടെ ഹോം വര്‍ക്കുകള്‍ തീര്‍ത്ത് സീരിയല്‍ നായിക മാര്‍ക്കൊപ്പം കണ്ണീരൊഴുക്കി. ഭീകരികളായ അമ്മായിയമ്മമാര്‍ സ്ക്രീനില്‍ തെളിയുമ്പോള്‍, “ഈശ്വരാ...ചേട്ടന്റെ അച്ചനുമമ്മയും നേരത്തെ പോയതെത്ര നന്നായി” എന്നാത്മാഗതം ചെയ്തു.കല്യാണം കഴിഞ്ഞ നാളുകളില്‍ അച്ഛനുമമ്മയും ഇല്ലാതെ അനാഥനായി സ്കൂള്‍ കാലം കഴിച്ച പയ്യന്റെ കഥ കേട്ടത് മുമ്പെങ്ങോ കണ്ട സീരിയല്‍ കഥ പോലെ അവള്‍ മറന്നു.
അങ്ങനെ കണക്ക് നോക്കിയിരിക്കുന്ന ഒരു രാത്രിയിലാണ് രമേശന് ആദ്യത്തെ ഉറുമ്പുകടി കിട്ടിയത്. പിന്‍ കഴുത്തിനു താഴെ. അയാള്‍ എഴുതി കൊണ്ടിരുന്ന പേനയുടെ മറുവശം കൊണ്ടു കുറെ നേരം ചൊറിഞ്ഞു. ഉറുമ്പോ കൊതുകോ എന്നാദ്യം മനസ്സിലായില്ല. കുറച്ചു മാന്തി തിണര്‍ത്ത പാടു കണ്ടപ്പോഴാണ് അത് ഉറുമ്പാണെന്നു തോന്നിയത്. കഴുത്തില്‍ താഴെ അത് നല്ല ചുവന്ന് തടിച്ച പാടായി അത് കിടന്നു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ രമേശനെ തേടി ചെന്ന സതിയുടെ കൈ ഉടനെ തടഞ്ഞത് കഴുത്തിലെ ആ തിണര്‍പ്പിലേക്കാണ്.
“എന്തായിത് ചേട്ടാ ഇവിടെ...? തടിച്ചു കിടക്കുന്നല്ലോ.”
എന്ന് പറഞ്ഞവള്‍ അലമാരയില്‍ ഇരുന്ന ഏതോ കോള്‍ഡ് ക്രീം കൊണ്ടു അവിടെ തടവുകയും ചെയ്തു. കോള്‍ഡ് ക്രീമിന്റെ തണുപ്പുള്ള സുഗന്ധത്തില്‍ അതെ സുഗന്ധം വമിക്കുന്ന സതിയുടെ സുഗന്ധത്തില്‍ അയാള്‍ സുഖമായുറങ്ങി.

അടുത്ത ദിവസം ഉച്ചയൂണ് കഴിഞ്ഞ് കടയിലിരുന്നു കണക്ക് നോക്കുമ്പോഴായിരുന്നു ഉറുമ്പിന്റെ അടുത്ത ആക്രമണം.അത് വയറിലായിരുന്നു. ഉറുമ്പിനെ കണ്ടില്ല എങ്കിലും വല്ലാത്ത കടി. കുറച്ചു നേരം ചൊറിഞ്ഞു അവിടം ചുവന്നു. വിയര്‍ത്തപ്പോള്‍ വല്ലാതെ നീറി. ചൊറിഞ്ഞിടം തൊലി പൊട്ടിയിരിക്കുന്നു. അന്നും കണക്ക് നോക്കാനാവാതെ അയാള്‍ പുസ്തകമടച്ചു വെച്ചു.
രണ്ടു ദിവസം കഴിഞ്ഞ് കണക്ക് പുസ്തകം കയ്യിലെടുക്കുമ്പോഴേ തുടങ്ങി കടി. അന്ന് ഷര്‍ട്ടിന് മീതെ പോകുന്ന ഒരു ഉറുമ്പിനെ കാണുകയും ചെയ്തു. ഒരൊറ്റ ഉറുമ്പിന് ഇങ്ങനെ ഒരാളെ ഇങ്ങനെ ചൊറിയിക്കാനാവുമോ എന്ന് ദേഷ്യപ്പെട്ടയാള്‍ അതിനെ വിരലുകള്‍ക്കിടയില്‍ വെച്ചു ഞെരിച്ചു.
“നാശമേ...”
എന്ന് തെല്ലുറക്കെ പറയുകയും ചെയ്തു.എന്നിട്ട് ചൊറിഞ്ഞു കൊണ്ടു കണക്ക് നോക്കുവാന്‍ തുടങ്ങി.
ഉറുമ്പുകള്‍ രമേശനെ വിടാതെ കടിച്ചു കൊണ്ടിരുന്നു. രാത്രി ഉറങ്ങുമ്പോഴും പകല്‍ കടയിലിരിക്കുമ്പോഴും എല്ലാം. തറയിലൂടെങ്ങാനും ഇഴയുന്ന ഒരു ഉറുമ്പിനെ കണ്ടാല്‍ മതി അയാള്‍ക്ക് ചൊറിച്ചില്‍ ആരംഭിച്ചിരിക്കും.
”ഞങ്ങളെ ആരെയും കടിക്കുന്നില്ലല്ലോ. ഈ കടേല്‍ ഉറുമ്പൊണ്ടേല്‍ ഈ അരീലും പരിപ്പിലും കേറൂല്ലേ ചേട്ടാ..? ദെന്താ ചേട്ടനീ പറേണേ...”
കടയില്‍ സാധനം എടുത്തു കൊടുക്കുന്ന ഗംഗന്‍ അയാളെ കളിയാക്കിപ്പറയാന്‍ തുടങ്ങി .
“എന്റെ ചേട്ടന് നല്ല മധുരമല്ലേ അത് ഉറുമ്പിനും അറിയാം.”
ഉറുമ്പിനെപ്പറ്റി പറയുമ്പോഴെല്ലാം സതി പ്രേമ പൂര്‍വം അയാളെ മൃദുവായി കടിക്കും.
“അല്ലല്ല....ഇവിടുറുമ്പുണ്ട്. എന്നെ കടിക്കുന്നുണ്ട്. ഇടക്കൊക്കെ ഞാന്‍ കാണുന്നും ഉണ്ട്. എവിടെയെങ്കിലും ഒരു ഉറുമ്പുണ്ടെങ്കിലുംഉണ്ടെങ്കിൽഅതെന്നെത്തന്നെ തിരഞ്ഞു കടിക്കും.” അയാള്‍ പിറുപിറുത്തു.
സതി മിക്ക ദിവസവും കിടക്കയും തലയിണയും ചുമന്നു ടെറസ്സിന്റെ മുകളിക്ക് കൊണ്ടു പോയി. വീട് തുടക്കാന്‍ വരുന്ന വേലക്കാരിയോടു തറ തുറക്കുന്ന വെള്ളത്തില്‍ കുറച്ചു മണ്ണെണ്ണ ചേര്‍ത്തു തുടക്കുവാന്‍ പറഞ്ഞു. കട്ടിലിന്റെ നാല് കാലിലും ‘ലക്ഷ്മണ രേഖ’ ചോക്ക് വരച്ചു. രമേശന്‍ കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പിലയും ചേര്‍ത്തു തിളപ്പിച്ചു. എന്നിട്ടും പതിവ് പോലെ രമേശന്റെ ദേഹമാസകലം ചുവന്നു തിണര്‍ത്തു കൊണ്ടിരുന്നു.
“വല്ല അലര്‍ജിയും ആയിരിക്കും ചേട്ടാ. നമുക്കൊരു ഒരു സ്കിന്‍ സ്പെഷിലിസ്റ്റിനെ പോയി കണ്ടാലോ”
“ദേഹത്ത് ഉറുമ്പ് കടിക്കുന്നതിനു സ്കിന്‍ സ്പെഷിലിസ്റ്റ് എന്ത് ചെയ്യാനാ സതീ. അതിനിത് ചൊറിയോ ചുണങ്ങോ ഒന്നും അല്ലലോ.”
കണക്ക് പുസ്തകം എടുത്തു വിറ്റുവരവ് എഴുതുന്നതിനിടെ അയാള്‍ തലയുയര്‍ത്തി പറഞ്ഞു.
കണക്കുകള്‍… എങ്ങും ചേരാത്ത കണക്കുകള്‍...പഴയ എടുത്തു കൊടുപ്പുകാരന്‍ പയ്യനില്‍ നിന്ന് പെട്ടിക്കടക്കാരനായപ്പോൾ തൊട്ട് അയാള്‍ക്ക് കണക്കെഴുതി സൂക്ഷിക്കുന്നത് ശീലമായിരുന്നു. അതെടുത്ത് വായിച്ചാനന്ദം കൊള്ളുന്നത് ലഹരിയായിരുന്നു. അപ്പോഴൊക്കെ ചിലവും വരവും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ഭീമ സംഖ്യയായ വരവില്‍ നിന്നും നിസ്സാര സംഖ്യയായ ചിലവിനെ കുറച്ചാല്‍ കിട്ടിയിരുന്ന തുക അയാളുടെ കണക്ക് പുസ്തകങ്ങളില്‍ തിളങ്ങി നിന്നു. അവ പെട്ടിയിലെ നോട്ടു കെട്ടുകളായി അടുങ്ങി ഇരുന്നു. പുതിയ പലചരക്കുകടക്കാരന്‍ രമേശന്റെ കണക്ക് പുസ്തകത്തിലും ചിലവെന്ന നിസ്സാര തുക വരവെന്ന വന്‍തുകയുടെ അടുത്തടുക്കുവാന്‍ പേടിച്ചു മാറി നിന്നു. വരവെന്ന വന്‍തുക കടയുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുന്ന മാന്ത്രിക വടികളായി മാറി. നോക്കി നില്‍ക്കെ വര്‍ധിച്ച് വരുന്ന സ്റ്റോക്കുകള്‍ വിസ്തൃതമാകുന്ന രമേശന്റെ പലരക്ക് കട..
പക്ഷേ, ഇപ്പോള്‍ ചിലവേത്..? വരവേത്...? കണക്ക് പുസ്തകത്തില്‍ പരതിക്കൊണ്ടിരുന്ന അയാളാകെ പരവശനായി. ഒന്നിനും ഒരു എത്തും പിടിയും ഇല്ലാത്തെ പോലെ. സമാധാനമായിരുന്നു കണ്ടുപിടിക്കാംഎന്നു വെച്ചാല്‍ ഈ നശിച്ച ഉറുമ്പുകള്‍ അതിനു സമ്മതിക്കുന്നുമില്ലല്ലോ. അയാള്‍ ശരീരമാകെ മാന്തിക്കൊണ്ടിരുന്നു

എന്ന് തൊട്ടാണ് ഈ ഉറുമ്പുകള്‍ അയാളെ ഇങ്ങനെ ആക്രമിക്കാന്‍ തുടങ്ങിയത്...? കൃത്യമായി പറഞ്ഞാല്‍ 'രമേശന്‍സ്സ്റ്റോര്‍സി'ന്റെ എതിര്‍വശത്തു പണിത കെട്ടിടത്തില്‍ പുതിയ ‘സിന്‍സിയര്‍ സൂപ്പര്‍ മാര്‍ക്കറ്റി’ന്റെ ഉദ്ഘാടനം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച. അന്ന് വൈകുന്നേരം കുറഞ്ഞ വരവില്‍ നിന്നും  കൂടിയ ചിലവിനെ എങ്ങനെ കുറയ്ക്കും എന്നറിയാതെ അയാള്‍ വല്ലാതെ വിഷമിച്ചു. രാത്രി ആലോചിച്ചിരുന്ന് നേരം വെളുപ്പിച്ചു.
സ്കൂളില്‍ പഠിക്കുന്ന കാലത്തേ വലിയ സംഖ്യയില്‍ നിന്നും ചെറിയ സംഖ്യ കുറക്കാനേ രമേശനറിയാമായിരുന്നുള്ളു. ചെറിയ സംഖ്യയില്‍ നിന്നും വലിയ സംഖ്യ കുറക്കേണ്ട കണക്കുകള്‍ക്ക് എന്നും മൊട്ട പൂജ്യമായിരുന്നയാളുടെ മാര്‍ക്ക്.

“ചെറുതില്‍ നിന്നും വലുതിനെ കുറക്കാന്‍ വലുതില്‍ നിന്നും ചെറുതിനെക്കുറച്ച് മൈനസ് ചിഹ്നമിടടാ...”എന്ന ലോഹിതാക്ഷന്‍ മാഷിന്റെ അലര്‍ച്ച.
മാഷിന്റെ കയ്യില്‍ പി.എ.രമേശന്റെ ചെവി കിടന്നു തിരിഞ്ഞു പൊന്നാകുന്നു.
“പ്ലസ് ചിഹ്നം സമം ലാഭം. മൈനസ് ചിഹ്നം സമം നഷ്ടം. അതായത് ചെറുതില്‍ നിന്നും വലുത് കുറയ്ക്കുമ്പോള്‍ നഷ്ടം.മനസ്സിലായോടാ കഴുതേ....?”
രമേശന്റെ ചെവിക്കുള്ളില്‍ മാഷിന്റെ ശബ്ദം കിടന്നു പ്രകമ്പനം കൊണ്ടു. അതെ,മൈനസ് ചിഹ്നം സമം നഷ്ടം. രമേശന്‍സ് സ്റ്റോര്‍സിന്റെ കണക്ക് പുസ്തകത്തില്‍ ആദ്യമായി അയാള്‍ ഒരു പുതിയ കോളം എഴുതിയുണ്ടാക്കി.’നഷ്ടം’. ആ പുതിയ കോളത്തില്‍ ഒരു സംഖ്യ എഴുതിയപ്പോള്‍ അയാള്‍ക്ക് കടി കിട്ടി. കഴുത്തിന്റെ പുറകില്‍. എന്തെന്നില്ലാത്ത പരിഭ്രാന്തിയോടെ അയാള്‍ കണക്കുകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു.

“ഹൌ...എന്തൊരു കടി...."

ഉറുമ്പുകള്‍ അയാളെ പൊതിയുകയാണ്. ചൊറിയും തോറും ഏറുന്ന കടി. അയാള്‍ ചൊറിഞ്ഞു കൊണ്ടു തന്നെ ബാങ്ക് ലോണുകളുടെ രേഖകള്‍ എടുത്തു നോക്കി. ജങ്ങ്ഷനിലെപുതിയ വില്ല വാങ്ങാന്‍ വേണ്ടി താമസിക്കുന്ന വീട് ഈടു വെച്ചു ലോണ്‍ വാങ്ങിയ കടലാസ്,പഴയ കാര്‍ മാറി പുതിയത് വാങ്ങിയതിന്റെ ലോണ്‍, കടയില്‍ ഞെരുക്കം വന്നപ്പോള്‍ ബ്ലേഡ് പലിശക്കാരന്‍ കുര്യച്ചനോടു വാങ്ങിയ രേഖകള്‍.

സ്ഥിരം ഇടപാടുകാര്‍ പോലും രമേശന്റെ കടയിലേക്ക് പാളി നോക്കിയ ശേഷം പുതിയ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറുമ്പോള്‍ അയാള്‍ക്ക് ചൊറിഞ്ഞു. സതിയും നാട്ടുകാരും ഒന്നും അറിയാതിരിക്കാനുള്ള തത്രപ്പാടുകള്‍. ഒരു കള്ളം മറക്കാന്‍ പത്തു കള്ളം എന്ന പോലെ ഒരു കടം മറയ്ക്കാന്‍ പത്തു കടങ്ങള്‍.

എതിര്‍ വശത്തെ സിന്‍സിയര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ കണ്ണാടി കൂടിനകത്ത് മനോഹരമായ റാക്കുകളില്‍ അടുക്കി വെച്ചിരിക്കുന്ന പലചരക്കിനങ്ങള്‍. എടുത്തു കൊടുപ്പുകാര്‍ എന്നൊരു കാര്യമേ അവിടില്ല.എന്നിട്ടും യൂണിഫോം അണിഞ്ഞ പെണ്‍കുട്ടികൾ അതിനുള്ളിലൂടെ ആവശ്യക്കാരെ ഓരോ റാക്കിലെക്കും നയിച്ചു. ഉന്തിക്കൊണ്ട് നടക്കുന്ന ചെറുവണ്ടിയില്‍ ആവശ്യക്കാര്‍ റാക്കുകളില്‍ നിന്നും സാധനങ്ങള്‍ എടുത്തിടുന്നു. ബില്‍ സെക്ഷനില്‍ ഇരിക്കുന്ന ജോലിക്കാര്‍ കമ്പ്യൂട്ടറില്‍ ബില്ലടിക്കുന്നു.

ഇപ്പോഴിപ്പോള്‍ അയാളുടെ പഴയ പതിവ് കാര്‍ ‘രമേശന്‍സ് സ്റ്റൊര്‍സിലേക്ക് നോക്കാറു പോലും ഇല്ല. ഗംഗന്‍ സമയം പോകാനായി മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. കണക്ക് പുസ്തകം തുറന്ന രമേശനെ വീണ്ടും ഉറുമ്പുകള്‍ ആക്രമിച്ചു തുടങ്ങി.
വൈകുന്നേരങ്ങളില്‍ രമേശന്‍ നേരത്തെ കടയടച്ചു തുടങ്ങി. കച്ചവടമില്ലാതെ എന്തിനു വെറുതെ തുറന്നു വെക്കണം..?

“ഹായ്...ചേട്ടനിന്ന് നേരത്തെ വന്നല്ലോ..”

സതി സന്തോഷത്തോടെ കുളിച്ചൊരുങ്ങി നിന്ന് അയാളെ കൂടി നഗര സഞ്ചാരം നടത്തി. മാളവിക കുട്ടികളുടെ പാര്‍ക്കില്‍ വിവിധ തരത്തിലെ ഊഞ്ഞാലുകളിൽ കളിച്ചു.

രമേശനെ വീണ്ടും വീണ്ടും ഉറുമ്പുകള്‍ കടിച്ചു കൊണ്ടിരുന്നു. ഇപ്പോഴയാള്‍ ഉറുമ്പുകളെപ്പറ്റി സതിയോട് പരാതി പറയാറില്ല. അവളോടു പറഞ്ഞിട്ടും അവള്‍ ചെയ്ത പ്രതിക്രീയകള്‍ക്കൊന്നും ഉറുമ്പിനെ ഒന്നും ചെയ്യാനാവില്ല എന്നയാള്‍ക്ക് മനസ്സിലായി. 
“ഒക്കത്തിനേം തീര്‍ത്ത് തരുന്നുണ്ട് ഞാന്‍. നിങ്ങളുടെ ഈ കടിക്ക് ഒരവസാനം ഉണ്ടാക്കും നോക്കിക്കോ..”
ഉറക്കമില്ലാതെ കിടന്ന് മാന്തുന്ന രമേശന്‍ ഉറുമ്പുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സതി ഇതൊന്നുമറിയാതെഅപ്പോഴുംകൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.

ഒരു ദിവസം പുലര്‍ച്ചെയെപ്പോഴോ സതി ഉറക്കം വിട്ടത് ദേഹമാകെ ചൊറിഞ്ഞു കൊണ്ടാണ്. ഉറുമ്പു കടിച്ചവളുടെ ദേഹമാകെ തിണര്‍ത്തു കഴിഞ്ഞിരുന്നു.
“ദെന്താത്.... എന്നെ എന്തോ കടിക്കുന്നുണ്ടല്ലോ ചേട്ടാ...”
കണ്ണ് തുറക്കാതെ തന്നെ സതി അടുത്തു കിടന്നുറങ്ങുന്ന രമേശനെ തട്ടിയുണര്‍ത്തുവാന്‍ ശ്രമിച്ചു. ഒരു വലിയ ഉറുമ്പു കെട്ടിലേക്കാണവളുടെ കൈകള്‍ പോയി തൊട്ടത്. രമേശന്റെ രൂപത്തിലുള്ളചുവന്ന ഉറുമ്പുകളുടെ ഒരു വലിയ കൂട്ടം. കടും ചുവപ്പ്. അവ അയാളെ മൊത്തം പൊതിഞ്ഞ് ഇറുക്കെ കടിച്ചു കൊണ്ടിരിക്കുന്നു. ഭയന്നു കണ്ണുതുറന്ന സതിയുടെ നിലവിളി കേട്ട മാളവിക ഉറക്കമുണര്‍ന്നുകഴിഞ്ഞു.
ഉറക്കമുണരാതെ കിടക്കുന്ന അച്ഛനെ നോക്കി കുഞ്ഞും അമ്മയ്ക്കൊപ്പം കരഞ്ഞു തുടങ്ങി. കുട്ടിയുടെ ദേഹവും ഉറുമ്പു കടിച്ചു തിണര്‍ത്തിരിക്കുന്നത് സതി കരച്ചിലിനിടെ കണ്ടു. 

( ചിത്രം ഗൂഗിളിൽ നിന്നും)