നാള് കുറച്ചായി രമേശന്‍ ഉറുമ്പുകളെപ്പറ്റി പരാതി പറഞ്ഞു തുടങ്ങിയിട്ട്. ഉറുമ്പുകളെന്നാൽ നിസാര ഉറുമ്പുകളല്ല. നല്ല മുഴുത്ത ചുവന്ന ഉറുമ്പുകള്‍. അവ വല്ലാതെ രമേശനെ ഉപദ്രവിക്കുന്നു.
അന്ന് സന്ധ്യക്ക് കടയടച്ചു വന്ന രമേശന്റെ കയ്യില്‍ പച്ചക്കറി പലചരക്ക് സാധങ്ങളുടെ കൂടെ പത്രക്കടലാസില്‍ പൊതിഞ്ഞു പിടിച്ച ഒരു ചെറിയ പൊതിയുണ്ടായിരുന്നു.
അന്ന് സന്ധ്യക്ക് കടയടച്ചു വന്ന രമേശന്റെ കയ്യില്‍ പച്ചക്കറി പലചരക്ക് സാധങ്ങളുടെ കൂടെ പത്രക്കടലാസില്‍ പൊതിഞ്ഞു പിടിച്ച ഒരു ചെറിയ പൊതിയുണ്ടായിരുന്നു.
“ഉറുമ്പ് പൊടിയാ...മോള്‍ടെ കൈയ്യെത്താത്തിടത്തു എവിടെയെങ്കിലും വെച്ചെരെ”
“ഉറുമ്പോ...? അതിനിവടെവിടാ ഉറുമ്പ്…?” എന്ന് ചോദിച്ച് സതി അത് വര്‍ക്ക് ഏരിയയിലെ ഷെല്‍ഫിന്റെ മൂലക്ക് നീക്കി വെച്ചു.
“നിനക്കറിയാഞ്ഞിട്ടാ. ചില ദിവസം കിടക്കുമ്പോ എന്തൊരു കടിയാനെന്നറിയാമോ...? നിന്റെ ഉറക്കം ശല്യപ്പെടുത്തെണ്ടാന്ന് വിചാരിച്ചു ഞാന്‍ പറയാതിരുന്നെന്നെയുള്ളു. നാളെ നീയാ കിടക്കയൊക്കെ ഒന്ന് ടെറസ്സിന്റെ മോളില്‍ കൊണ്ടിട്ടൊന്നൊണക്കിക്കെ”
“അതെന്തൊരുറുമ്പാ...എന്നേം മോളേം കടിക്കാതെ ചേട്ടനെ മാത്രം കടിക്കുന്നെ...?”
“നിങ്ങളെ രണ്ടിനേം കടിക്കുന്നുണ്ടാകും ഉറക്കത്തില്‍ അറിയാത്തതായിരിക്കും”.രമേശന്‍ തര്‍ക്കിച്ചു.
ഒരു നിമിഷം ആലോചിച്ച ശേഷം സതി വീണ്ടും ചോദിച്ചു.
“ഇനിയിപ്പോ വല്ല മൂട്ടയെങ്ങാനാണോ ചേട്ടാ...”
മൂട്ടയാണേല്‍ കട്ടിലേല്‍ കിടക്കുമ്പോള്‍ മാത്രമല്ലേ കടിക്കുകയുള്ളു. ഇതല്ലാത്തപ്പോഴും എന്നെ കടിക്കുന്നുണ്ട്.”
“ഓ...എന്തെങ്കിലും ആകട്ടെ. നാളെ ഞാന്‍ കിടക്കയും തലയിണയും ടെറസ്സില്‍ കൊണ്ടു പോയി ഒണക്കിയെക്കാം.പോരെ....?”
സതി വീടിന്റെ മുക്കും മൂലയിലും ഉറുമ്പുണ്ടോ എന്ന് പരതി.
രമേശന്‍ ഭേദപ്പെട്ട ഒരു പലചരക്കു കടയുടമസ്ഥനാണ്. അഞ്ചു കൊല്ലം മുമ്പാണ് ജംഗ്ഷനില്‍ അയാൾ ആ കടയാരംഭിച്ചത്. അതിനു മുമ്പ് അയാള്‍ക്ക് അവിടെത്തന്നെ ചെറിയൊരു പെട്ടിക്കടയായിരുന്നു. പല തരം കൂള്‍ ഡ്രിങ്ക്സും മിഠായികളും ബിസ്കറ്റ് പഴം ഒക്കെ വില്‍ക്കുന്ന നല്ല വിറ്റ് വരവുള്ള ഒരു പെട്ടിക്കട. തൊട്ടടുത്ത പലചരക്ക് കടക്കാരന് റഫീക്ക് അത് നിര്‍ത്തി ഗള്‍ഫില്‍ പോകുന്നു എന്ന് കേട്ടയുടനെ കടയുടമസ്ഥന്‍ ഗീവറീസ് ചേട്ടനോട് ഓടിപ്പോയി ബുക്ക് ചെയ്തത് കൊണ്ട് ആ കട അവനു തന്നെ കിട്ടി. ഒരു പലചരക്കു കട എന്ന സ്വപ്നം അയാള്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായിരുന്നു. മുമ്പത്തെക്കാളും നല്ലൊരു പലചരക്കുകടയായി അതവിടെ തുടരുകയും ചെയ്തു. അങ്ങനെ പത്തില്‍ പല വട്ടം തോറ്റ് പഠിത്തം അവസാനിപ്പിച്ച്,അങ്ങാടിയിലെ പലചരക്ക് കടയില്‍ എടുത്തു കൊടുപ്പുകാരനായിരുന്ന രമേശന്‍ പലചരക്ക് മുതലാളിയായി. സതിയെ കല്യാണം ആലോചിക്കുന്നത് വരെ വീട് കുടുംബം എന്നൊരു ചിന്തയെ അയാൾക്കില്ലാതിരുന്നു.
“വീടൊക്കെ പിന്നെയുണ്ടാകും. അവനെപ്പോലെ ഒരധ്വാനിപ്പയ്യനെ വേറെവിടെ കിട്ടാന്‍” എന്ന് പറഞ്ഞു കല്യാണം ഉറപ്പിച്ച പെണ്ണും വീട്ടുകാര്‍ കല്യണം കഴിഞ്ഞു അടുക്കള കാണാന്‍ വന്നപ്പോള്‍ രമേശന്റെ വീട് കണ്ട് അന്തം വിട്ടു. സതിക്കും ടൈല്‍സിട്ടു തിളങ്ങുന്ന തറയുള്ള പുതുക്കിയ വീടും അടുക്കളയിലെ ഗ്രാനെറ്റ് മേശയും ഇഷ്ടപ്പെട്ടു.പക്ഷേ അച്ഛനുമമ്മയും നേരത്തെ മരിച്ച, സഹോദങ്ങളും ഇല്ലാതിരുന്ന രമേശന് വീടിന്നാവവശ്യമായ വീട്ടു സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് വലിയ തിട്ടമില്ലാതിരുന്നു. ഒരു ടി വി മാത്രമായിരുന്നു അവിടെയാകെയുണ്ടായിരുന്നത്. സതിയാണ് ഗ്യാസ് കണക്ഷന്‍ എടുപ്പിച്ചു മൈക്രോ വേവ് ഓവന്‍ വരെയുള്ള സാധനങ്ങള്‍ പിന്നീട് വാങ്ങി വീടിനെ ആധുനീവല്ക്കരിച്ചത്. വീടിന്റെ മാറ്റം പോലെ തന്നെ രമേശനും കല്യാണം കഴിഞ്ഞതോടെ ആളാകെ മാറി. സൈക്കിളില്‍ കടയില്‍ പോയിരുന്ന രമേശന്‍ ബൈക്കില്‍ പോകുന്നു, കുടുംബമായിട്ടു എവിടെയെങ്കിലും പോകുമ്പോള്‍ പുതിയ കാറില്‍ പോകുന്നു. എല്ലാം സതിയുടെ ഐശ്വര്യം എന്നാണ് നാട്ടുകാര്‍ പറയുന്നത്. അവള്‍ വന്നതോടെ അയാള്‍ വെച്ചടി വെച്ചു കേറ്റം തന്നെയാണെന്ന് അവര്‍ക്കറിയാവുന്ന കാര്യമല്ലേ. മൂന്ന് വയസ്സ് കഴിഞ്ഞ മാളവിക പഠിക്കുന്നത് നാട്ടിലെ മുന്തിയ സ്കൂളില്‍. എത്ര ഡൊനേഷന്‍ കൊടുത്തു എന്ന് അയല്‍ക്കാര്‍ ചോദിച്ചപ്പോള്‍ സതി ഒന്ന് ചിരിക്കുകമാത്രമാണ് ചെയ്തത്. “ഒക്കെ അസൂയക്കാരാ.. അങ്ങനിപ്പ അറിയണ്ട.” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.
വ്യാപാരി വ്യവസായി യൂണിയന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയും ആണ് രമേശന്‍. സംഘടനാ പ്രവര്‍ത്തനങ്ങള്‍,ജില്ലാ സമ്മേളനം, സംസ്ഥാന സമ്മേളനം അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ തിരക്കുകള്‍.
വൈകുന്നേരങ്ങളില്‍ കടയടച്ചു വരുന്ന രമേശന്‍ കടയുടെ വിറ്റുവരവ് കണക്കുമായി മല്ലടിക്കുമ്പോള്‍ സതി മകളുടെ ഹോം വര്‍ക്കുകള്‍ തീര്‍ത്ത് സീരിയല്‍ നായിക മാര്‍ക്കൊപ്പം കണ്ണീരൊഴുക്കി. ഭീകരികളായ അമ്മായിയമ്മമാര്‍ സ്ക്രീനില്‍ തെളിയുമ്പോള്‍, “ഈശ്വരാ...ചേട്ടന്റെ അച്ചനുമമ്മയും നേരത്തെ പോയതെത്ര നന്നായി” എന്നാത്മാഗതം ചെയ്തു.കല്യാണം കഴിഞ്ഞ നാളുകളില്‍ അച്ഛനുമമ്മയും ഇല്ലാതെ അനാഥനായി സ്കൂള്‍ കാലം കഴിച്ച പയ്യന്റെ കഥ കേട്ടത് മുമ്പെങ്ങോ കണ്ട സീരിയല്‍ കഥ പോലെ അവള്‍ മറന്നു.
അങ്ങനെ കണക്ക് നോക്കിയിരിക്കുന്ന ഒരു രാത്രിയിലാണ് രമേശന് ആദ്യത്തെ ഉറുമ്പുകടി കിട്ടിയത്. പിന്‍ കഴുത്തിനു താഴെ. അയാള്‍ എഴുതി കൊണ്ടിരുന്ന പേനയുടെ മറുവശം കൊണ്ടു കുറെ നേരം ചൊറിഞ്ഞു. ഉറുമ്പോ കൊതുകോ എന്നാദ്യം മനസ്സിലായില്ല. കുറച്ചു മാന്തി തിണര്‍ത്ത പാടു കണ്ടപ്പോഴാണ് അത് ഉറുമ്പാണെന്നു തോന്നിയത്. കഴുത്തില്‍ താഴെ അത് നല്ല ചുവന്ന് തടിച്ച പാടായി അത് കിടന്നു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ രമേശനെ തേടി ചെന്ന സതിയുടെ കൈ ഉടനെ തടഞ്ഞത് കഴുത്തിലെ ആ തിണര്‍പ്പിലേക്കാണ്.
“എന്തായിത് ചേട്ടാ ഇവിടെ...? തടിച്ചു കിടക്കുന്നല്ലോ.”
എന്ന് പറഞ്ഞവള്‍ അലമാരയില്‍ ഇരുന്ന ഏതോ കോള്‍ഡ് ക്രീം കൊണ്ടു അവിടെ തടവുകയും ചെയ്തു. കോള്‍ഡ് ക്രീമിന്റെ തണുപ്പുള്ള സുഗന്ധത്തില്‍ അതെ സുഗന്ധം വമിക്കുന്ന സതിയുടെ സുഗന്ധത്തില്‍ അയാള്‍ സുഖമായുറങ്ങി.
അടുത്ത ദിവസം ഉച്ചയൂണ് കഴിഞ്ഞ് കടയിലിരുന്നു കണക്ക് നോക്കുമ്പോഴായിരുന്നു ഉറുമ്പിന്റെ അടുത്ത ആക്രമണം.അത് വയറിലായിരുന്നു. ഉറുമ്പിനെ കണ്ടില്ല എങ്കിലും വല്ലാത്ത കടി. കുറച്ചു നേരം ചൊറിഞ്ഞു അവിടം ചുവന്നു. വിയര്‍ത്തപ്പോള്‍ വല്ലാതെ നീറി. ചൊറിഞ്ഞിടം തൊലി പൊട്ടിയിരിക്കുന്നു. അന്നും കണക്ക് നോക്കാനാവാതെ അയാള്‍ പുസ്തകമടച്ചു വെച്ചു.
രണ്ടു ദിവസം കഴിഞ്ഞ് കണക്ക് പുസ്തകം കയ്യിലെടുക്കുമ്പോഴേ തുടങ്ങി കടി. അന്ന് ഷര്‍ട്ടിന് മീതെ പോകുന്ന ഒരു ഉറുമ്പിനെ കാണുകയും ചെയ്തു. ഒരൊറ്റ ഉറുമ്പിന് ഇങ്ങനെ ഒരാളെ ഇങ്ങനെ ചൊറിയിക്കാനാവുമോ എന്ന് ദേഷ്യപ്പെട്ടയാള്‍ അതിനെ വിരലുകള്‍ക്കിടയില്‍ വെച്ചു ഞെരിച്ചു.
“നാശമേ...”
എന്ന് തെല്ലുറക്കെ പറയുകയും ചെയ്തു.എന്നിട്ട് ചൊറിഞ്ഞു കൊണ്ടു കണക്ക് നോക്കുവാന്‍ തുടങ്ങി.
ഉറുമ്പുകള്‍ രമേശനെ വിടാതെ കടിച്ചു കൊണ്ടിരുന്നു. രാത്രി ഉറങ്ങുമ്പോഴും പകല്‍ കടയിലിരിക്കുമ്പോഴും എല്ലാം. തറയിലൂടെങ്ങാനും ഇഴയുന്ന ഒരു ഉറുമ്പിനെ കണ്ടാല്‍ മതി അയാള്‍ക്ക് ചൊറിച്ചില്‍ ആരംഭിച്ചിരിക്കും.
”ഞങ്ങളെ ആരെയും കടിക്കുന്നില്ലല്ലോ. ഈ കടേല്‍ ഉറുമ്പൊണ്ടേല്‍ ഈ അരീലും പരിപ്പിലും കേറൂല്ലേ ചേട്ടാ..? ദെന്താ ചേട്ടനീ പറേണേ...”
കടയില്‍ സാധനം എടുത്തു കൊടുക്കുന്ന ഗംഗന്‍ അയാളെ കളിയാക്കിപ്പറയാന്‍ തുടങ്ങി .
“എന്റെ ചേട്ടന് നല്ല മധുരമല്ലേ അത് ഉറുമ്പിനും അറിയാം.”
ഉറുമ്പിനെപ്പറ്റി പറയുമ്പോഴെല്ലാം സതി പ്രേമ പൂര്‍വം അയാളെ മൃദുവായി കടിക്കും.
“അല്ലല്ല....ഇവിടുറുമ്പുണ്ട്. എന്നെ കടിക്കുന്നുണ്ട്. ഇടക്കൊക്കെ ഞാന്‍ കാണുന്നും ഉണ്ട്. എവിടെയെങ്കിലും ഒരു ഉറുമ്പുണ്ടെങ്കിലുംഉണ്ടെങ്കിൽഅതെന്നെത്തന്നെ തിരഞ്ഞു കടിക്കും.” അയാള്‍ പിറുപിറുത്തു.
സതി മിക്ക ദിവസവും കിടക്കയും തലയിണയും ചുമന്നു ടെറസ്സിന്റെ മുകളിക്ക് കൊണ്ടു പോയി. വീട് തുടക്കാന്‍ വരുന്ന വേലക്കാരിയോടു തറ തുറക്കുന്ന വെള്ളത്തില്‍ കുറച്ചു മണ്ണെണ്ണ ചേര്‍ത്തു തുടക്കുവാന്‍ പറഞ്ഞു. കട്ടിലിന്റെ നാല് കാലിലും ‘ലക്ഷ്മണ രേഖ’ ചോക്ക് വരച്ചു. രമേശന്‍ കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പിലയും ചേര്‍ത്തു തിളപ്പിച്ചു. എന്നിട്ടും പതിവ് പോലെ രമേശന്റെ ദേഹമാസകലം ചുവന്നു തിണര്‍ത്തു കൊണ്ടിരുന്നു.
“വല്ല അലര്‍ജിയും ആയിരിക്കും ചേട്ടാ. നമുക്കൊരു ഒരു സ്കിന്‍ സ്പെഷിലിസ്റ്റിനെ പോയി കണ്ടാലോ”
“ദേഹത്ത് ഉറുമ്പ് കടിക്കുന്നതിനു സ്കിന്‍ സ്പെഷിലിസ്റ്റ് എന്ത് ചെയ്യാനാ സതീ. അതിനിത് ചൊറിയോ ചുണങ്ങോ ഒന്നും അല്ലലോ.”
കണക്ക് പുസ്തകം എടുത്തു വിറ്റുവരവ് എഴുതുന്നതിനിടെ അയാള്‍ തലയുയര്‍ത്തി പറഞ്ഞു.
കണക്കുകള്‍… എങ്ങും ചേരാത്ത കണക്കുകള്‍...പഴയ എടുത്തു കൊടുപ്പുകാരന്‍ പയ്യനില്‍ നിന്ന് പെട്ടിക്കടക്കാരനായപ്പോൾ തൊട്ട് അയാള്‍ക്ക് കണക്കെഴുതി സൂക്ഷിക്കുന്നത് ശീലമായിരുന്നു. അതെടുത്ത് വായിച്ചാനന്ദം കൊള്ളുന്നത് ലഹരിയായിരുന്നു. അപ്പോഴൊക്കെ ചിലവും വരവും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ഭീമ സംഖ്യയായ വരവില്‍ നിന്നും നിസ്സാര സംഖ്യയായ ചിലവിനെ കുറച്ചാല്‍ കിട്ടിയിരുന്ന തുക അയാളുടെ കണക്ക് പുസ്തകങ്ങളില്‍ തിളങ്ങി നിന്നു. അവ പെട്ടിയിലെ നോട്ടു കെട്ടുകളായി അടുങ്ങി ഇരുന്നു. പുതിയ പലചരക്കുകടക്കാരന്‍ രമേശന്റെ കണക്ക് പുസ്തകത്തിലും ചിലവെന്ന നിസ്സാര തുക വരവെന്ന വന്‍തുകയുടെ അടുത്തടുക്കുവാന്‍ പേടിച്ചു മാറി നിന്നു. വരവെന്ന വന്‍തുക കടയുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുന്ന മാന്ത്രിക വടികളായി മാറി. നോക്കി നില്‍ക്കെ വര്‍ധിച്ച് വരുന്ന സ്റ്റോക്കുകള്‍ വിസ്തൃതമാകുന്ന രമേശന്റെ പലരക്ക് കട..
പക്ഷേ, ഇപ്പോള്‍ ചിലവേത്..? വരവേത്...? കണക്ക് പുസ്തകത്തില്‍ പരതിക്കൊണ്ടിരുന്ന അയാളാകെ പരവശനായി. ഒന്നിനും ഒരു എത്തും പിടിയും ഇല്ലാത്തെ പോലെ. സമാധാനമായിരുന്നു കണ്ടുപിടിക്കാംഎന്നു വെച്ചാല്‍ ഈ നശിച്ച ഉറുമ്പുകള്‍ അതിനു സമ്മതിക്കുന്നുമില്ലല്ലോ. അയാള്‍ ശരീരമാകെ മാന്തിക്കൊണ്ടിരുന്നു
എന്ന് തൊട്ടാണ് ഈ ഉറുമ്പുകള്‍ അയാളെ ഇങ്ങനെ ആക്രമിക്കാന്‍ തുടങ്ങിയത്...? കൃത്യമായി പറഞ്ഞാല്‍ 'രമേശന്‍സ്സ്റ്റോര്‍സി'ന്റെ എതിര്‍വശത്തു പണിത കെട്ടിടത്തില്‍ പുതിയ ‘സിന്‍സിയര്‍ സൂപ്പര്‍ മാര്‍ക്കറ്റി’ന്റെ ഉദ്ഘാടനം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച. അന്ന് വൈകുന്നേരം കുറഞ്ഞ വരവില്‍ നിന്നും കൂടിയ ചിലവിനെ എങ്ങനെ കുറയ്ക്കും എന്നറിയാതെ അയാള്‍ വല്ലാതെ വിഷമിച്ചു. രാത്രി ആലോചിച്ചിരുന്ന് നേരം വെളുപ്പിച്ചു.
സ്കൂളില്‍ പഠിക്കുന്ന കാലത്തേ വലിയ സംഖ്യയില്‍ നിന്നും ചെറിയ സംഖ്യ കുറക്കാനേ രമേശനറിയാമായിരുന്നുള്ളു. ചെറിയ സംഖ്യയില്‍ നിന്നും വലിയ സംഖ്യ കുറക്കേണ്ട കണക്കുകള്‍ക്ക് എന്നും മൊട്ട പൂജ്യമായിരുന്നയാളുടെ മാര്‍ക്ക്.
“ചെറുതില്‍ നിന്നും വലുതിനെ കുറക്കാന്‍ വലുതില്‍ നിന്നും ചെറുതിനെക്കുറച്ച് മൈനസ് ചിഹ്നമിടടാ...”എന്ന ലോഹിതാക്ഷന്‍ മാഷിന്റെ അലര്‍ച്ച.
മാഷിന്റെ കയ്യില്‍ പി.എ.രമേശന്റെ ചെവി കിടന്നു തിരിഞ്ഞു പൊന്നാകുന്നു.
“പ്ലസ് ചിഹ്നം സമം ലാഭം. മൈനസ് ചിഹ്നം സമം നഷ്ടം. അതായത് ചെറുതില്‍ നിന്നും വലുത് കുറയ്ക്കുമ്പോള്‍ നഷ്ടം.മനസ്സിലായോടാ കഴുതേ....?”
രമേശന്റെ ചെവിക്കുള്ളില്‍ മാഷിന്റെ ശബ്ദം കിടന്നു പ്രകമ്പനം കൊണ്ടു. അതെ,മൈനസ് ചിഹ്നം സമം നഷ്ടം. രമേശന്‍സ് സ്റ്റോര്‍സിന്റെ കണക്ക് പുസ്തകത്തില്‍ ആദ്യമായി അയാള്‍ ഒരു പുതിയ കോളം എഴുതിയുണ്ടാക്കി.’നഷ്ടം’. ആ പുതിയ കോളത്തില്‍ ഒരു സംഖ്യ എഴുതിയപ്പോള്‍ അയാള്‍ക്ക് കടി കിട്ടി. കഴുത്തിന്റെ പുറകില്‍. എന്തെന്നില്ലാത്ത പരിഭ്രാന്തിയോടെ അയാള്‍ കണക്കുകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു.
“ഹൌ...എന്തൊരു കടി...."
ഉറുമ്പുകള്‍ അയാളെ പൊതിയുകയാണ്. ചൊറിയും തോറും ഏറുന്ന കടി. അയാള്‍ ചൊറിഞ്ഞു കൊണ്ടു തന്നെ ബാങ്ക് ലോണുകളുടെ രേഖകള്‍ എടുത്തു നോക്കി. ജങ്ങ്ഷനിലെപുതിയ വില്ല വാങ്ങാന്‍ വേണ്ടി താമസിക്കുന്ന വീട് ഈടു വെച്ചു ലോണ്‍ വാങ്ങിയ കടലാസ്,പഴയ കാര്‍ മാറി പുതിയത് വാങ്ങിയതിന്റെ ലോണ്‍, കടയില്‍ ഞെരുക്കം വന്നപ്പോള്‍ ബ്ലേഡ് പലിശക്കാരന്‍ കുര്യച്ചനോടു വാങ്ങിയ രേഖകള്‍.
സ്ഥിരം ഇടപാടുകാര്‍ പോലും രമേശന്റെ കടയിലേക്ക് പാളി നോക്കിയ ശേഷം പുതിയ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറുമ്പോള്‍ അയാള്‍ക്ക് ചൊറിഞ്ഞു. സതിയും നാട്ടുകാരും ഒന്നും അറിയാതിരിക്കാനുള്ള തത്രപ്പാടുകള്‍. ഒരു കള്ളം മറക്കാന്‍ പത്തു കള്ളം എന്ന പോലെ ഒരു കടം മറയ്ക്കാന്‍ പത്തു കടങ്ങള്‍.
എതിര്‍ വശത്തെ സിന്‍സിയര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ കണ്ണാടി കൂടിനകത്ത് മനോഹരമായ റാക്കുകളില്‍ അടുക്കി വെച്ചിരിക്കുന്ന പലചരക്കിനങ്ങള്‍. എടുത്തു കൊടുപ്പുകാര്‍ എന്നൊരു കാര്യമേ അവിടില്ല.എന്നിട്ടും യൂണിഫോം അണിഞ്ഞ പെണ്‍കുട്ടികൾ അതിനുള്ളിലൂടെ ആവശ്യക്കാരെ ഓരോ റാക്കിലെക്കും നയിച്ചു. ഉന്തിക്കൊണ്ട് നടക്കുന്ന ചെറുവണ്ടിയില്‍ ആവശ്യക്കാര്‍ റാക്കുകളില്‍ നിന്നും സാധനങ്ങള്‍ എടുത്തിടുന്നു. ബില്‍ സെക്ഷനില്‍ ഇരിക്കുന്ന ജോലിക്കാര്‍ കമ്പ്യൂട്ടറില്‍ ബില്ലടിക്കുന്നു.
ഇപ്പോഴിപ്പോള്‍ അയാളുടെ പഴയ പതിവ് കാര്‍ ‘രമേശന്‍സ് സ്റ്റൊര്‍സിലേക്ക് നോക്കാറു പോലും ഇല്ല. ഗംഗന്‍ സമയം പോകാനായി മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരുന്നു. കണക്ക് പുസ്തകം തുറന്ന രമേശനെ വീണ്ടും ഉറുമ്പുകള്‍ ആക്രമിച്ചു തുടങ്ങി.
വൈകുന്നേരങ്ങളില്‍ രമേശന്‍ നേരത്തെ കടയടച്ചു തുടങ്ങി. കച്ചവടമില്ലാതെ എന്തിനു വെറുതെ തുറന്നു വെക്കണം..?
“ഹായ്...ചേട്ടനിന്ന് നേരത്തെ വന്നല്ലോ..”
സതി സന്തോഷത്തോടെ കുളിച്ചൊരുങ്ങി നിന്ന് അയാളെ കൂടി നഗര സഞ്ചാരം നടത്തി. മാളവിക കുട്ടികളുടെ പാര്‍ക്കില്‍ വിവിധ തരത്തിലെ ഊഞ്ഞാലുകളിൽ കളിച്ചു.
രമേശനെ വീണ്ടും വീണ്ടും ഉറുമ്പുകള്‍ കടിച്ചു കൊണ്ടിരുന്നു. ഇപ്പോഴയാള്‍ ഉറുമ്പുകളെപ്പറ്റി സതിയോട് പരാതി പറയാറില്ല. അവളോടു പറഞ്ഞിട്ടും അവള്‍ ചെയ്ത പ്രതിക്രീയകള്‍ക്കൊന്നും ഉറുമ്പിനെ ഒന്നും ചെയ്യാനാവില്ല എന്നയാള്‍ക്ക് മനസ്സിലായി.
“ഒക്കത്തിനേം തീര്‍ത്ത് തരുന്നുണ്ട് ഞാന്‍. നിങ്ങളുടെ ഈ കടിക്ക് ഒരവസാനം ഉണ്ടാക്കും നോക്കിക്കോ..”
ഉറക്കമില്ലാതെ കിടന്ന് മാന്തുന്ന രമേശന്‍ ഉറുമ്പുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സതി ഇതൊന്നുമറിയാതെഅപ്പോഴുംകൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.
ഉറക്കമില്ലാതെ കിടന്ന് മാന്തുന്ന രമേശന്‍ ഉറുമ്പുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സതി ഇതൊന്നുമറിയാതെഅപ്പോഴുംകൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.
ഒരു ദിവസം പുലര്‍ച്ചെയെപ്പോഴോ സതി ഉറക്കം വിട്ടത് ദേഹമാകെ ചൊറിഞ്ഞു കൊണ്ടാണ്. ഉറുമ്പു കടിച്ചവളുടെ ദേഹമാകെ തിണര്‍ത്തു കഴിഞ്ഞിരുന്നു.
“ദെന്താത്.... എന്നെ എന്തോ കടിക്കുന്നുണ്ടല്ലോ ചേട്ടാ...”
കണ്ണ് തുറക്കാതെ തന്നെ സതി അടുത്തു കിടന്നുറങ്ങുന്ന രമേശനെ തട്ടിയുണര്‍ത്തുവാന്‍ ശ്രമിച്ചു. ഒരു വലിയ ഉറുമ്പു കെട്ടിലേക്കാണവളുടെ കൈകള്‍ പോയി തൊട്ടത്. രമേശന്റെ രൂപത്തിലുള്ളചുവന്ന ഉറുമ്പുകളുടെ ഒരു വലിയ കൂട്ടം. കടും ചുവപ്പ്. അവ അയാളെ മൊത്തം പൊതിഞ്ഞ് ഇറുക്കെ കടിച്ചു കൊണ്ടിരിക്കുന്നു. ഭയന്നു കണ്ണുതുറന്ന സതിയുടെ നിലവിളി കേട്ട മാളവിക ഉറക്കമുണര്‍ന്നുകഴിഞ്ഞു.
ഉറക്കമുണരാതെ കിടക്കുന്ന അച്ഛനെ നോക്കി കുഞ്ഞും അമ്മയ്ക്കൊപ്പം കരഞ്ഞു തുടങ്ങി. കുട്ടിയുടെ ദേഹവും ഉറുമ്പു കടിച്ചു തിണര്‍ത്തിരിക്കുന്നത് സതി കരച്ചിലിനിടെ കണ്ടു.
( ചിത്രം ഗൂഗിളിൽ നിന്നും)
( ചിത്രം ഗൂഗിളിൽ നിന്നും)
നല്ല കഥ.
ReplyDeleteനല്ല അവതരണം
ReplyDeleteമനുഷ്യന്റെ ആഗ്രഹങ്ങള്‍ എപ്പോഴും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതാണ്. വലിയവനൊപ്പം എത്താന്‍ പെടുന്ന പരാക്രമത്തില്‍ നഷ്ടങ്ങള്‍ തുടങ്ങുന്നത് ചെറിയ ഉറുമ്പുകടി പോലെ നിസ്സാരമാക്കി തുടച്ച് സമാധാനിക്കും. അവസാനം ഉറുമ്പും കൂട്ടില്‍ അകപ്പെട്ടു പരാക്രമം എടുക്കുമ്പോഴാണ് എല്ലാരും അറിയുക തന്നെ. ഇത്തരം ഉറുമ്പ് കടിയേറ്റു മരിച്ചവരും കുറെയാണ്.
ReplyDeleteനന്നായി.
ഒരു നൊമ്പരമായി രമേശും കുടുംബവും.......
ReplyDeleteഉറുമ്പുകൾ ഉറങ്ങാറില്ല...!
ReplyDeleteകഥ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ തോന്നിയത് അതായിരുന്നു. എന്നാൽ ഇവിടെ ഉറങ്ങാത്ത ഉറുമ്പുകൾ കഥാ തന്തുവിനെ തന്നെ മാറ്റി. ഒരു നല്ല പ്രതീകം... നല്ല കഥ എന്നതിലുപരി നല്ല ശൈലി ലളിതമായ വിവരണം... എല്ലാം കൊണ്ടും ഇഷ്ടം..!
ആശംസകൾ..
വരവറിയാതെ ചെലവ് ചെയ്യുന്നവനെ ഒരിക്കല്‍ നഷ്ടത്തിന്‍റെ ഉറുമ്പു തിന്നു തീര്‍ക്കുക തന്നെ ചെയ്യും. കഥ നന്നായിട്ടുണ്ട്.
ReplyDeletekollaam .. kadha kollaam
ReplyDeleteThis comment has been removed by the author.
ReplyDeleteരമേശന്റെ രൂപത്തിലുള്ള ചുവന്ന ഉറുമ്പുകളുടെ വലിയ കൂട്ടം.. കഥാന്ത്യത്തില്‍ മനസ്സില്‍ പതിഞ്ഞുപോയ ഒരു രംഗം..കണക്കിനും കാലത്തിനും ഒപ്പമെത്താന്‍ കഴിയാത്ത രമേശന്റെ നിസ്സഹായത കഥയിലുടനീളം വായനക്കാരെയും അസ്വസ്ഥരാക്കുന്ന പ്രതിപാദ്യം..
ReplyDeleteകഥ നന്നായിരിയ്ക്കുന്നു.
ReplyDeleteസൂപ്പർ മാർക്കറ്റ് വന്നതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാളെ കണ്ടിട്ടുണ്ട്. അവസാനം ചിലവുകൾ താങ്ങാൻ കഴിയാതെ സൂപ്പർ മാർക്കറ്റ് പൂട്ടിപ്പോയതും കണ്ടിട്ടുണ്ട്.
എന്നോട് കളിച്ചാൽ ഇങ്ങനിരിയ്ക്കുമെന്ന് വീമ്പിളക്കി ഉറക്കം നഷ്ടപ്പെട്ട കച്ചവടക്കാരൻ ഞെളിഞ്ഞു നടന്നതും കണ്ടിട്ടുണ്ട്.
ആശംസകൾ ....
കഥ നന്നായിരിയ്ക്കുന്നു.
ReplyDeleteസൂപ്പർ മാർക്കറ്റ് വന്നതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാളെ കണ്ടിട്ടുണ്ട്. അവസാനം ചിലവുകൾ താങ്ങാൻ കഴിയാതെ സൂപ്പർ മാർക്കറ്റ് പൂട്ടിപ്പോയതും കണ്ടിട്ടുണ്ട്.
എന്നോട് കളിച്ചാൽ ഇങ്ങനിരിയ്ക്കുമെന്ന് വീമ്പിളക്കി ഉറക്കം നഷ്ടപ്പെട്ട കച്ചവടക്കാരൻ ഞെളിഞ്ഞു നടന്നതും കണ്ടിട്ടുണ്ട്.
ആശംസകൾ ....
നമ്മുട ചെറുകിട കച്ചവചക്കാരുചെ ഇപ്പോഴത്തെ അവസ്ഥ. നല്ല കഥ. ആശംസകള്
ReplyDeleteസമൂഹത്തില്‍ ഉറുമ്പുകള്‍ അരിച്ചുനടക്കുന്നുണ്ട്. പലരേയും കടിക്കുന്നുണ്ട്. റോസിലിയുടെ കഥ ഒരു ഓര്‍മപ്പെടുത്തല്‍. നന്നായി. ആശംസകള്‍
ReplyDeleteഇത് മ്മടെ കഥയല്ലേ... അഭിനന്ദനങ്ങള്‍ പൂവേ...
ReplyDeleteനാട്ടിലെ സാധാരണ കടകളിലെ കച്ചവടക്കാരുടെ അവസ്ഥ ഇതു തന്നെ. സൂപ്പർ മാർക്കറ്റുകളുടെ വരവോടെ കടകൾ അടച്ചു പൂട്ടേണ്ടി വരുന്ന അവസ്ഥ .
ReplyDeleteപ്രമേയം നന്നായിരുന്നു റോസാപ്പൂവേ... ആശംസകൾ.
ഈ ഒരിക്കലും ഉറങ്ങാത്ത ഉറുമ്പുകൾ
ReplyDeleteഒന്നാന്തരമൊരു സിംബോളിക് ആണ്...
കോടികളുടെ കോഴപ്പണവും വമ്പൻ നികുതി വെട്ടിപ്പും
കാണാതെ , നികുതിയടക്കാൻ പറ്റാതെ വന്ന ഒരു ചെറിയ
കച്ചോടക്കാരനെ വേട്ടയാാടിയവർ , അവനെ സ്വയം ഹത്യയിലേക്ക്
നയിച്ചത് ഇതോടൊപ്പം കൂട്ടി വായിക്കാം ...
അന്നാന്നത്തെ അന്നം തേടുന്ന ചെറുകിടക്കരുടെ
വയറ്റത്തടിക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ വാഴുന്ന ഇന്നത്തെ
കാലഘട്ടത്തിന്റെ കഥ കൂടിയാണിത്...!
കഥ കൊള്ളാം. പ്രതീകാൽമകമായി ഉള്ള കഥ. പക്ഷേ അത് വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞോ എന്ന് സംശയം. ആദ്യം രമേശന്റെ കഥ ഒരുപാട് പറഞ്ഞു. അത് കൊണ്ട് ഉറുമ്പ് കടി അത്ര ഫല പ്രദമായി എന്ന് തോന്നിയില്ല.
ReplyDeleteഉറുമ്പുകളെ കാണാന്‍ താമസിച്ചുപോയി.
ReplyDeleteനല്ല മുഴുത്ത ചുവന്ന ഉറുമ്പുകള്‍...
മുഴുപ്പും,അഹന്തയും,ചൂടും,ചുവപ്പും കൈമുതലാക്കി ഇത്തിരിക്കുഞ്ഞന്മാരെ വിരട്ടിയോടിക്കുന്ന-മഹാബലിയെ പാതാളത്തിലാഴ്ത്താന്‍ വാമനനായി വന്ന് പിന്നെ........
നെയ്യുറുമ്പുകളുടെ വംശം കുറ്റിയറ്റുപോയ്കൊണ്ടിരിക്കുയാണ്!
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍
beautiful story..
ReplyDeleteആശയം, അവതരണം എല്ലാം ബഹുകേമം.!!
ReplyDeleteഉറുമ്പുകൾ ഒരുപാടുണ്ടല്ലോ എല്ലാ മേഖലയിലും. വളരെ മനോഹരമായി വായനക്കാരെ ഞെട്ടിച്ചു.
ReplyDeleteകഥ വായിച്ചപ്പോൾ പെട്ടന്ന് വീട്ടുകാരി ഇന്നലെ പറഞ്ഞ കാര്യം ഓര്മ്മ വന്നു. ഇന്നലെ അവർ വീട്ടിൽ ഉറുമ്പ് ശല്യം കാരണം ഹാളിലാണ് രാത്രി കഴിച്ചു കൂട്ടിയത്.
ReplyDeleteചിലരെ ചില ജീവികൾ അകാരണമായി ആക്രമിക്കും. എന്റെ അറിവിലുള്ള ഒരു പയ്യനെ മൂട്ട ഓടിച്ചിട്ട് കടിക്കും. മൂട്ടയുള്ള കട്ടിലിൽ കിടന്നാൽ എന്നെ അവ അക്രമിക്കുന്നത് ഞാൻ അറിയാറില്ല. ആ കട്ടിലിൽ നിന്നും അവൻ മൂട്ട കടിയേറ്റ് ഓടുന്നത് കാണാം.
കഥയിലേക്ക് വരാം:- കഥയിൽ ഉറുമ്പു പൊടി കൊണ്ടുവന്നതായി പറഞ്ഞു; ശേഷം ആ വിഷയത്തിൽ ഒന്നും പറഞ്ഞില്ല. തന്നെ ഉറുമ്പ് കടിക്കുന്നു എന്ന രമേശന്റെ തോന്നൽ അയാളുടെ മരണത്തിൽ കലാശിച്ചതിൽ ദുരൂഹത നിലനില്ക്കുന്നു. ഇവിടെ രമേശൻ ആത്മഹത്യ ചെയ്തതാവാം. എങ്കിൽ ശവ ശരീരത്തിൽ ഉറുമ്പ് തടിച്ച് കൂടിയതെന്തിന്? വിമർശനം വളർച്ചയ്ക്കുള്ള വഴിയാകയാൽ പോസിറ്റിവായി ചിന്തിക്കും എന്ന് കരുതുന്നു.
കഥ മനോഹരമായിരിക്കുന്നു.
ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കുന്ന ആകുലതകള്‍ ഉറുമ്പുകളായി ഉപദ്രവിക്കുകയാണോ... ഒടുവില്‍ ഉറുമ്പുകള്‍ മാത്രം അവശേഷിക്കുന്നു. രമേശന്റെ മരണശേഷം മാത്രമാണ് സതിക്കും കുഞ്ഞിനും ആകുലതയുടെ ഉറക്കം കെടുത്തുന്ന ഉറുമ്പുകള്‍ അശാന്തി നല്‍കുന്നത്. നല്ല കഥ... അഭിനന്ദനങ്ങള്‍.
ReplyDeleteനല്ലത് ...
ReplyDelete