26.12.13

മൂന്ന് കത്തുകള്‍

 (ഈ മൂന്ന് കത്തുകളും ഫേസ്‌ബുക്കിലെ 'സ്നേഹതീരം' എന്ന ഗ്രൂപ്പിലെ മല്‍സരത്തിനയച്ചതാണ്.ഇതില്‍ ആദ്യത്തെ കത്ത് ഒന്നാം സമ്മാനം നേടുകയുണ്ടായി ) 

എത്രയും പ്രിയപ്പെട്ട മോന്‍ അറിയാന്‍  അമ്മ എഴുതുന്നത്‌,
എത്ര കാലം കൂടിയാണെന്നോ അമ്മ മോന് ഒരു കത്തെഴുതുന്നത്. ഇവിടെ കൊണ്ടാക്കിയ ശേഷം എല്ലാം മാസവും മുടങ്ങാതെ നമ്മള്‍ എഴുത്തെഴുതുമായിരുന്നു. പിന്നെപ്പൊഴോ അതില്ലാതായി. മോന് തിരക്ക് കൊണ്ടായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്. ഇനി കുറച്ചു കാലം കൂടെ ദുബായില്‍ ജോലി ചെയ്യുന്നുള്ളൂ, നാട്ടിലേക്ക് സ്ഥിരമാക്കിക്കഴിഞ്ഞാല്‍ അമ്മയെ ഇവിടെ നിന്നും കൊണ്ടു പൊയ്ക്കൊള്ളാം എന്നാണല്ലോ അന്ന് നീ പറഞ്ഞിരുന്നത്. രാജിക്ക് അമ്മയെ അഡ്ജസ്റ്റ് ചെയ്യാന്‍ പാട്, എന്താമ്മേ ഞാന്‍ ചെയ്യേണ്ടത്. എന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് ഏതെങ്കിലും വൃദ്ധ സദനത്തിലേക്ക് മാറാം എന്ന് പറഞ്ഞത്. നീ വേണ്ടെന്നു പറയും എന്നു ഞാന്‍ കരുതി. ആശ്വാസത്തോടെയുള്ള നിന്റെ മുഖം അന്നന്നെ തെല്ല് വേദനിപ്പിച്ചിരുന്നു. പിന്നെ ഓര്‍ത്തു സാരമില്ല. നിന്റെ കുടുംബം തകരാതിരിക്കണമല്ലോ. മക്കളുടെ ജിവിതം സ്വസ്ഥമാക്കിക്കൊടുക്കേണ്ടതല്ലേ ഒരമ്മയുടെ കടമ. 

 
പക്ഷെ നീ ആറുമാസമായി നാട്ടില്‍ സ്ഥിര താമസമാക്കി എന്നും നമ്മുടെ ശ്രീ മോളുടെ കല്യാണം കഴിഞ്ഞു എന്നും കഴിഞ്ഞ ദിവസമാണ് ഞാന്‍ അറിഞ്ഞത്. അമ്മ ശരിക്കും തകര്‍ന്നു പോയി മോനേ. എന്നാലും എന്നെ ഒന്നറിയിക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്..? ശ്രീമോള്‍ ഭൂമിയിലേക്ക്‌ പിറന്നു വീണപ്പോള്‍ പ്രസവ മുറിയുടെ മുന്നില്‍ വെച്ച് ആശുപത്രിക്കാര്‍ ആദ്യം കൈമാറിയത് എന്റെയീ കൈകളിലേക്കായിരുന്നു. “അമ്മൂമ്മേടെ ചക്കര മോളുറങ്ങിക്കോ” എന്ന താരാട്ട് കേട്ട് എത്ര വേഗമാണ് അവളന്നുറങ്ങിയത്!!! ഞാന്‍ ജീവിച്ചിരിപ്പില്ല എന്നായിരിക്കും പുതിയ ബന്ധുക്കാരോടു പറഞ്ഞിരിക്കുന്നതല്ലേ..? സാരമില്ല. എങ്കിലും ശ്രീമോളും വാശി പിടിച്ചില്ലേ മോനേ കല്യാണത്തിന് അച്ഛമ്മയെ കൊണ്ടു വരണമെന്ന് ..? ചിലപ്പോള്‍ അവളും അച്ഛമ്മയെ മറന്നു കാണുമായിരിക്കും. ‘കണ്ണകന്നാല്‍ മനസ്സകന്നു’ എന്നല്ലേ.
 

ഇത്രയുമെഴുതിയിട്ടും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇനിയും പറഞ്ഞില്ലല്ലോ. നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും  ഞാനെങ്ങനെ  ശ്രീമോളുടെ കല്യാണക്കാര്യമറിഞ്ഞെന്ന്. ഇവിടത്തെ എന്റെ കൂട്ടുകാരി കല്യാണിയമ്മയുടെ അടുത്ത ബന്ധുവാണ് നമ്മുടെ മോളുടെ വരന്‍ . അവര്‍ക്ക് ഭര്‍ത്താവും മക്കളും ഇല്ല. വീട്ടിലെ എകാന്തയെക്കാള്‍ അവര്‍ക്കിഷ്ടം ഇവിടമാണത്രേ.  അവര്‍ കല്യാണത്തിനു നാട്ടില്‍ പോയി  മടങ്ങി വന്ന് കല്യാണത്തിന്റെ ഫോട്ടോ  കാണിച്ചപ്പോഴാണ് നമ്മുടെ ശ്രീ മോളാണ് വധു എന്നറിഞ്ഞത്. മോനും രാജിയും ഫോട്ടോയില്‍ ക്ഷീണിച്ചിരിക്കുന്നല്ലോ. കല്യാണത്തിരക്ക് കൊണ്ടായിരിക്കുമോ...? എന്റെ ശ്രീമോള്‍ സുന്ദരിയായിരിക്കുന്നു. അവളുടെ ഭര്‍ത്താവിനെയും എനിക്കിഷ്ടമായി. നമ്മുടെ  മോള്‍ക്ക്‌ ചേര്‍ന്ന പയ്യന്‍. എന്‍റെ കുട്ടി സാരിയുടുത്ത് കണ്ടപ്പോള്‍  പണ്ടത്തെ എന്നെപ്പോലെ  തോന്നി.  അവള്‍ക്ക് എന്‍റെ ച്ഛായ തന്നെയാണെന്നല്ലേ എല്ലാരും പറയാറുള്ളത്. കല്യാണക്കാര്യം അറിഞ്ഞ ഉടനെ അമ്മക്ക്  തോന്നിയ സങ്കടമെല്ലാം ഇപ്പോള്‍ കുറഞ്ഞുട്ടോ.  സമയം കൊണ്ടു കുറയാത്ത സങ്കടമില്ലല്ലോ ലോകത്ത്. മോനിനി ഇക്കാര്യം ഓര്‍ത്ത്‌ വിഷമിക്കേണ്ട. എങ്കിലും മോന്‍ അമ്മക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. ശ്രീമോളോടും ഭര്‍ത്താവിനോടും കല്യാണിയമ്മയെ ഒന്ന് വന്നു കാണാന്‍ പറയണം. ഞാന്‍ ഒളിഞ്ഞു നിന്ന് അവളെ ഒന്ന് നോക്കിക്കോട്ടേ മോനേ.  കല്യാണിയമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ല  ശ്രീമോള്‍ എന്റെ കൊച്ചു മോളാണെന്ന കാര്യം.  ഞാനിവിടെയാണെന്ന് മോള്‍ക്കുമറിയില്ലല്ലോ. എനിക്ക് അത്രക്കാഗ്രഹം അവളെയും ഭര്‍ത്താവിനെയും ഒന്ന് കാണുവാന്‍.കത്ത് ചുരുക്കുന്നു.
സസ്നേഹം
അമ്മ
സ്നേഹാലയം
കൊച്ചി

--------------------------------------------------------------------------------------------------------------

അച്ഛന്,
ഇങ്ങനെയല്ലാതെ എനിക്ക് നിങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. കാരണം നിങ്ങള്‍ തന്നെയാണ് എന്റെ അച്ഛന്‍. ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്നതിനു കാരണക്കാരനായവന്‍. പക്ഷെ നിങ്ങള്‍ എന്നെ ഒരിക്കലും മകളായി കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. ഭൂമിയില്‍ ഒരു പെണ്കുട്ടിക്കും ഇങ്ങനെ ഒരവസ്ഥ വരല്ലേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഒരു പെണ്കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ അവളുടെ ചാരിത്ര്യം നശിപ്പിക്കുക, അതിനു ശേഷം അവളെ പലര്‍ക്കും കൂട്ടിക്കൊടുക്കുക. അമ്മ അതിനു കൂട്ട് നില്ക്കുക!!!! ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജന്മം എന്റെതാണെന്ന്‍ ഞാന്‍ കരുതുന്നു. നിങ്ങളുടെ മകളായല്ല ഞാന്‍ ജനിച്ചതെങ്കില്‍ വേറെ ഏതെങ്കിലും വീട്ടില്‍ ഏതെങ്കിലും അച്ഛന്റെയും അമ്മയുടെയും സുരക്ഷയിലും വാല്സല്യത്തിലും  ഞാന്‍ കഴിയുകയില്ലായിരുന്നോ..?

എന്നെ വിറ്റ് കിട്ടുന്ന പൈസ സന്തോഷപൂര്‍വ്വം കൈപ്പറ്റുമ്പോള്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് പശ്ചാത്താപം തോന്നിയില്ലെന്നോ..? ഓരോ പ്രാവശ്യവും വിളിക്കുന്നിടത്തു കൂടെ വന്നില്ലെങ്കില്‍ അനുജനെയും അനുജത്തിയെയും കഴുത്തു ഞെരിച്ചു കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ നിങ്ങളെ കണ്ണീരോടെ അനുസരിച്ചു. ഒരിക്കല്‍ ഒരു റിസോര്‍ട്ടില്‍ വെച്ച് എന്നെ അച്ഛനാണ് കൊണ്ടു വന്നിരിക്കുനതെന്നറിഞ്ഞ ഒരാള്‍ അത് വിശ്വസിക്കാനാവാതെ എന്നെ നോക്കി. “ക്ഷമിക്കൂ കുട്ടീ..”എന്ന് പറഞ്ഞു ആ നിമിഷം പുറത്തിറങ്ങിയ അയാള്‍ മുറിക്കു പുറത്തു കാത്തു നില്‍ക്കുന്ന നിങ്ങളുടെ മുഖത്തടിച്ചു പോകുന്നത് കണ്ടപ്പോള്‍ മനസ്സാക്ഷിയുള്ള മനുഷ്യരും ലോകത്തുണ്ടന്നെനിക്ക് മനസ്സിലായി.

ഒടുവില്‍ പോലീസ്‌ റെയിഡ് തന്നെ വേണ്ടിവന്നു എന്നെ രക്ഷപ്പെടുത്തുവാന്‍. അതോടെ ഞാന്‍ പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തയും ചാനലുകളിലെ ആവേശം ജനിപ്പിക്കുന്ന ചര്‍ച്ചാ വിഷയവുമായി. നമ്മുടെ നാടിന്റെ പേരില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങി. ഞാന്‍ പേര് നഷ്ടപ്പെട്ടവളായി. തിരിച്ചറിയലുകള്‍, കോടതി മുറി, വക്കീലന്മാര്‍, വാദം ,വിധി ഇവയൊക്കെ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളായി.  രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സ്ഥാനമുറപ്പിക്കുന്നതിനുള്ള ഒരു ഇരയുമായി ഞാന്‍. ആരും എന്റെ കരഞ്ഞു കുതിര്‍ന്ന മനസ്സിനെയോ കീറി പിഞ്ഞിയ ശരീരത്തെയോ കുറിച്ച് സംസാരിക്കുന്നത് കേട്ടില്ല. ഭൂമിയില്‍ ഇനി ഞാന്‍ ജീവിച്ചു തീര്‍ക്കേണ്ട ജീവിതത്തെക്കുറിച്ച്  ആകുലപ്പെടാന്‍ അവര്‍ക്കെവിടെ നേരം..?

ഇന്നെനിക്ക് സന്തോഷമുള്ള ദിവസമാണ്. കാരണം ഇന്നത്തെ പത്രത്തില്‍ നിങ്ങളെ രണ്ടു പേരെയും കോടതി ശിക്ഷിച്ച വാര്‍ത്തയുണ്ട്. ഒടുവില്‍ എനിക്ക് നീതി കിട്ടിയല്ലോ. പക്ഷേ...ഒരു ജീവപര്യന്തം കൊണ്ടു തീരുന്നതാണോ നിങ്ങള്‍ ചെയ്ത പാതകങ്ങള്‍..? ദൈവത്തിന്റെ കോടതിയില്‍ കാലത്തിന്റെ തീര്‍പ്പില്‍ നിങ്ങള്‍ക്കായി ഇനിയും ശിക്ഷകള്‍ കാത്തിരിപ്പുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇതേ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ അമ്മയ്ക്കും അയക്കുന്നുണ്ട്. കാരണം എന്നെ വിറ്റ് കിട്ടിയ സൌഭാഗ്യങ്ങളുടെ പങ്ക് അമ്മയും സസന്തോഷം അനുഭവിച്ചതാണല്ലോ.കത്ത് ചുരുക്കുന്നു.
എന്ന്

മകള്‍  ആശ
------------------------------------------------------------------------------------------------------------

എന്റെ കണ്ണാ,
എത്ര കാലമായി നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട്…? ഈ രാധക്ക് കണ്ണനില്ലാതെ ഒരു ദിവസം സാധ്യമോ..? ഇല്ല, കണ്ണനില്ലാത്ത അമ്പാടിയില്‍ രാധയില്ല. അവള്‍ എന്നേ അങ്ങേക്കൊപ്പം ദ്വാരകയില്‍ എത്തിയിരിക്കുന്നു. ഇവിടെ ഉള്ളത് അവളുടെ ഒരു രൂപം മാത്രം. മനസ്സ് നഷ്ടപ്പെട്ട് ചലിക്കുന്ന ഒരു രൂപം. ഓര്‍ക്കുന്നോ യമുനാ തീരത്ത് ഗോപികമാര്‍ക്കൊപ്പം നാം കളിച്ചു തിമിര്‍ത്തത്..ഒടുവില്‍ നമ്മള്‍ കൂട്ടത്തോടെ കടമ്പ് മരത്തണലില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ അവര്‍ നമ്മെപ്പറ്റി കളി വര്‍ത്തമാനങ്ങള്‍ ചൊല്ലിയത് ... നിന്റെ ഓടക്കുഴല്‍ വിളിയില്‍ മതി മറന്നു നിന്ന ആ ദിനങ്ങള്‍... ആ മനോഹര നാദം ഇനി ഒരിക്കല്‍ കൂടെ ഈ അമ്പാടിയില്‍ തിരികെ വരുമോ..? ഈ ഗോകുലം രാവും പകലും അതിനായി കാതോര്‍ക്കുന്നു. 

 
അങ്ങ് ദ്വാരകയിലേക്ക് പോകുന്നു എന്ന വാര്‍ത്ത എത്ര വലിയ ഞെട്ടലാണെന്നോ ഗോകുലത്തിനുണ്ടാക്കിയത്. മധുരയുടെ ചെങ്കോല്‍ എന്തിയ കൃഷണനേക്കാള്‍ ഞങ്ങള്‍ അമ്പാടി നിവാസികള്‍ക്കിഷ്ടം ഗോക്കളെ മേച്ചു നടന്നിരുന്ന ആ പഴയ കാലി ചെറുക്കനെത്തന്നെയാണ്. പക്ഷേ ആ പഴയ കണ്ണന്‍ മധുരാധിപതിയായ കൃഷ്ണനായി മാറി എന്ന സത്യം ഞങ്ങള്‍ അറിയുന്നു. എങ്കിലും ഒരിക്കല്‍ കൂടി അങ്ങ് ഈ അമ്പാടിയില്‍ വരുമോ...?അങ്ങയുടെ പ്രിയ രാധക്ക് ഒരു ദര്‍ശനം തരുമോ..?. അക്രൂരന്റെ തേരിലേറി അങ്ങ് പോയപ്പോള്‍ പാതയില്‍ ഉയര്‍ന്ന ധൂളികളെങ്കിലും കണ്ണില്‍ നിന്നും മറയല്ലേ എന്ന് പറഞ്ഞു കരഞ്ഞ അമ്പാടിയെ നീ മറന്നോ..? ഇപ്പോള്‍ ഈ യമുനാ നദീതടം വിജനമാണ് കണ്ണാ. കാലികള്‍ നാഥരില്ലാതെ അവിടവിടെ അലയുന്നു. കണ്ണീരൊഴുക്കുന്ന ഗോപികമാരാണെങ്ങും. കണ്ണന്‍ എന്നും അമ്പാടിയുടെത് തന്നെ എന്ന് കരുതിയിരുന്ന ആ സുവര്‍ണ്ണ ദിനങ്ങള്‍...എല്ലാം ഇപ്പോള്‍ വെറും ഓര്‍മ്മകള്‍ മാത്രം. അങ്ങിവിടെ നിന്ന് വിട ചൊല്ലിയ ശേഷം എത്രയോ രാവുകളില്‍ എനിക്ക് സ്വപ്ന ദര്‍ശനം നല്കിയിരിക്കുന്നു. ഒരു നാളിലെങ്കിലും അതൊന്നു സത്യമാക്കിത്തരൂ കണ്ണാ... ഇനിയും എത്ര കാലം ഈ രാധ വിരഹ ദുഃഖം പേറി ജീവിക്കണം..? യുഗങ്ങളോളം ഈയുള്ളവളുടെ ദുഃഖം കവികള്‍ക്കും കലാകാരന്മാര്‍ക്കും പ്രിയ വിഷയമായി. വിരഹിണി രാധയെക്കുറിച്ച് പലരും പാടി നടന്നു, ശില്പങ്ങള്‍ സൃഷ്ടിച്ചു, പല നിറങ്ങളിലെ ചായക്കൂട്ടുകളില്‍ വരച്ചു. അപ്പോഴും ആരും ഈ രാധ നിശബ്ദയായി തേങ്ങികൊണ്ടിരുന്നു. എല്ലാത്തിനും യമുന സാക്ഷി..ഈ വൃന്ദാവനം സാക്ഷി....എല്ലാം അറിയുന്ന കണ്ണാ നീ എത്രയും വേഗം എന്നിലേക്ക് വരൂ
അങ്ങയുടെ മാത്രം
രാധ.

8.10.13

അജ്ഞാതമാകുന്ന സ്ഥലങ്ങള്‍

“അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

കയ്യിലിരുന്ന പുസ്തകം ഞെട്ടലോടെയടച്ചു മാളിയേക്കല്‍ വര്‍ക്കിക്കുഞ്ഞ് കട്ടിലിലേക്കിരുന്നു.  നെഞ്ചിനുള്ളില്‍ എന്തോ ഒരു പിടപ്പ്‌ പോലെ. ശ്വാസത്തിന് വേഗത കൂടിയോ..? കട്ടിലിലിരുന്നെടുക്കാവുന്ന പാകത്തില്‍ സ്റ്റാന്‍ഡിലെ കൂജയില്‍ വെള്ളമിരിപ്പുണ്ട്. അതെടുത്തു കുടിച്ചിട്ടും മനസ്സില്‍ ആ വരികള്‍ കിടന്നു തിളക്കുന്നു.

”മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യമാകുന്നു

വയലിലെ പുഷ്പം പോലെ അത് വിരിയുന്നു

 ചുടു കാറ്റടിക്കുമ്പോള്‍ അത് വാടിപ്പോകുന്നു

 അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

അജ്ഞാതമാകുകയോ...? എങ്ങനെയാണ് ഒരു സ്ഥലം അജ്ഞാതമാകുന്നത്..? കിളച്ചു മറിച്ചു പുതിയ വിത്തിടുമ്പോഴോ..? അതോ  പുതു നാമ്പുകള്‍ വളര്‍ന്നു കഴിഞ്ഞോ..? അയാള്‍ ചുറ്റുമുള്ള വസ്തുക്കളെ ആദ്യം കാണുന്നയെന്നവണ്ണം നോക്കി. ചാരുകസേര,  കണ്ണാടി പിടിപ്പിച്ച പഴയ തടിയലമാര, മൂലയ്ക്ക് കിടക്കുന്ന കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മേശ, അതിനു പുറത്ത് പേന ഉള്ളില്‍ തിരുകി വെച്ചിരിക്കുന്ന കണക്ക്‌ പുസ്തകം. ഇതെല്ലാം ഇവിടെ നിന്ന് ഇല്ലാതാകുമോ..? നിലം കിളച്ചു മറിച്ചു കഴിയുമ്പോള്‍ മേല്‍മണ്ണ് അടിയില്‍ പോകും, അടി മണ്ണ് മേല്‍മണ്ണാകും. കൃഷിയിടത്തെ മണ്ണിന് സ്വസ്ഥമായി ഒരിടം ഉണ്ടോ..? പുതു ചെടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ അതിനുമുമ്പവിടെ  എന്തുണ്ടായിരുന്നു എന്നാരന്വേഷിക്കും...?

വല്ലാത്തൊരു ഭീതി മനസ്സിലേക്ക് ചേക്കേറി. ഈ വയസ്സിലും ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു പേടി. എന്തിനാണ് ഈ രാത്രി നേരത്ത് അലമാര അടുക്കിയൊതുക്കി വെയ്‌ക്കാന്‍ പോയത്. അല്ലെങ്കില്‍ത്തന്നെ ഇമ്മാതിരി പണിക്കല്ലേ അപ്പുറത്തെ മുറിക്കുള്ളില്‍ കിടന്നുറങ്ങുന്ന ചെറുക്കന്‍ ജോസൂട്ടി. ജിമ്മിച്ചന്‍  അപ്പന് കൂട്ടായി നിര്‍ത്തിയിട്ടു പോയ ജോലിക്കാരന്‍ പയ്യന്‍ . വേണ്ടായിരുന്നു. ഒരലമാര അടുക്കലും അതിലിരുന്ന പ്രാര്‍ത്ഥന പുസ്തകത്തിലെ ഒപ്പീസ്* വായനയും ഒന്നും വേണ്ടായിരുന്നു.

എന്തിനെയാണ് താന്‍ ഭയക്കുന്നത്...? മരണത്തെയോ..? അതോ മറഞ്ഞു പോകുന്ന അവശേഷിപ്പുകളെയോ..? മരണത്തെ ഒരിക്കലും  ഭയന്നിട്ടില്ല. എപ്പോ വിളിച്ചാലും ആ വിളി കേട്ട് പോകാന്‍ ഒരുങ്ങിയിരിക്കുന്നവനാണ് ഈ വര്‍ക്കിക്കുഞ്ഞ്. മറഞ്ഞു പോകുന്ന അവശേഷിപ്പുകള്‍ . ഒന്നും ഇവിടെ കാണില്ല. എല്ലായിടത്തും പുതിയ വസ്തുക്കള്‍ , അതിനു പുതിയ അവകാശികള്‍ . ഈ മുറിയിലെ ബൈബിള്‍ സ്റ്റാന്‍ഡും ബൈബിളും ഇവിടെത്തന്നെ കാണില്ലേ..?ചാരുകസേരക്കരികില്‍ വെച്ചിരിക്കുന്ന  ഗ്രാമഫോണ്‍ പെട്ടി... എല്ലാം ഒന്നൊന്നായി മാറിപ്പോകുമോ..? കൊല്ലങ്ങള്‍ക്ക് ശേഷം റിട്ടയര്‍ ചെയ്തു ഇവിടെ താമസിക്കാന്‍  വരുന്ന ജിമ്മിച്ചനും കുടുംബത്തിനും വേണ്ടേ..? ഇത്രേം ഭംഗിയുള്ള ഈ പഴയ ഇരുനില മാളിക ഒരിക്കലും പൊളിക്കില്ല എന്നവന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അവധിക്കു വരുമ്പോഴൊക്കെ എന്തെങ്കിലും അറ്റകുറ്റപ്പണിയുണ്ടങ്കില്‍ നോക്കിക്കണ്ട് ചെയ്യിപ്പിക്കാറുമുണ്ട്.

എത്രയോ പേരുടെ മരണം കണ്ട മാളിയേക്കല്‍ത്തറവാട്. കുഞ്ഞേലമ്മായി മുതല്‍ ഒടുവില്‍ പത്തു കൊല്ലം മുമ്പ് മരിച്ച പ്രിയ മേരിപ്പെണ്ണ് വരെ. കുഞ്ഞേലമ്മായി ഒഴികെ ബാക്കി എല്ലാവരുടെയും സുഗന്ധലേപനങ്ങള്‍ പുരട്ടി  പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂക്കള്‍ കൊണ്ടു മനോഹരമായി അലങ്കരിച്ച പെട്ടിയില്‍ കിടത്തി ആര്‍ഭാട പൂര്‍വമായ ശവാടക്കായിരുന്നു.  തേങ്ങാപ്പുരയില്‍ തൂങ്ങി നിന്ന കുഞ്ഞേലമ്മായിയെ ഒരു പെട്ടി കൊണ്ടുവന്നു തൂങ്ങിക്കിടന്ന അതേ മുഷിഞ്ഞ സാരിയില്‍ അതിനുള്ളിലാക്കി.  കണ്ണോക്കോ കണ്ണുനീരോ ഇല്ലാതെ അപ്പോള്‍ കൂടിയ കുറച്ചു പേര്‍ ചേര്‍ന്ന് ആ അപമാനത്തെ പള്ളിയിലേക്ക് വേഗം ചുമന്നു കൊണ്ടുപോയി. പള്ളീലച്ചന്റെ കാലു പിടിച്ചത്‌ കൊണ്ടു തെമ്മാടിക്കുഴിയിലേക്ക് പോകാതെ സിമിത്തെരിയുടെ  മൂലക്ക് ഒരു സ്ഥലവും കിട്ടി കുഞ്ഞേലമ്മായിക്ക്. ആരും കരയാത്ത ആ വീട്ടില്‍ പേടിച്ച്  വിറച്ച്  വര്‍ക്കിക്കുഞ്ഞ് എന്ന പത്തു വയസ്സുകാരന്‍ അമ്മയുടെ അരുകില്‍  നിന്നു.

 രാത്രിയില്‍ കൂടെക്കിടന്നു  കഥ പറഞ്ഞു തന്നിരുന്ന കുഞ്ഞേലമ്മായി. എന്നും സന്ധ്യാ പ്രാര്‍ത്ഥനക്ക്‌ “കുഞ്ഞേലേ ഒരു പാട്ട് പാടടീ....” എന്ന് വല്യപ്പന്‍ പറയുമ്പോള്‍ കൂമ്പിയടഞ്ഞ കണ്ണുകളുമായി നല്ല ഈണത്തില്‍ നീട്ടിപ്പാടുന്ന കുഞ്ഞേലമ്മായി.  എന്തോ കുഴപ്പമുണ്ടെന്ന് ചേര്‍ത്തലയിലെ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പ്‌ ഉണ്ടായ ബഹളത്തില്‍ നിന്ന് മനസ്സിലായിരുന്നു. “വയറു  വീര്‍ക്കുന്നതിനു മുമ്പ്‌ അസത്തിനെ വടക്കെങ്ങാണ്ടൊരു സ്ഥലത്ത് കൊണ്ടാക്കി നാണക്കേട് ഒഴിവാക്കാം. പേറും പെറപ്പുമെല്ലാം അവര് നോക്കും. പിന്നെ ഒന്നും അന്വേഷിക്കയേ വേണ്ട. ഒരു വീതം അങ്ങ് കൊടുത്താ മതി.” എന്ന അടക്കം പറച്ചിലുകള്‍ ...  കുഞ്ഞേലമ്മായി കളി ചിരി നിര്‍ത്തി അടികൊണ്ടു തളര്‍ന്ന ശരീരവും കരഞ്ഞു വീര്‍ത്ത മുഖവുമായി പടിഞ്ഞാറെ  മുറിയിലെ ഇരുട്ടില്‍ കിടന്നു. ആരും അങ്ങോട്ട്‌ പോയതും ഇല്ല. കുഞ്ഞേലമ്മായിക്കിതെന്തു പറ്റി എന്നറിയാന്‍ ആ  മുറിയുടെ വാതില്‍  തുറക്കാന്‍ ശ്രമിച്ച വര്‍ക്കിക്കുഞ്ഞിനെ   “പോടാ അപ്രത്ത്...” എന്ന് പറഞ്ഞു അപ്പന്‍ വിരട്ടിയോടിച്ചു

മരണം കഴിഞ്ഞ പിറ്റേദിവസം അപ്പനും വെല്യപ്പനും ചേര്‍ന്ന് കുഞ്ഞേലമ്മായിയുടെ പെട്ടിയില്‍ കിടന്ന സാധനങ്ങള്‍ ഒന്നൊന്നായി പുറത്തേക്കിട്ടു. ആമ്പല്‍ വള്ളികള്‍ക്കിടെ പൂക്കള്‍ കൊത്തിയ മേലടപ്പുള്ള തടിപ്പെട്ടിയില്‍ നിന്നും വോയില്‍ സാരികള്‍ക്കും ടെര്‍ലീന്‍ സാരികള്‍ക്കും ഒപ്പം ഉണങ്ങിയ കൈതപ്പൂക്കളും ചിതറി നിലത്ത് കിടന്നു. ആര്‍ക്കും ഒന്നും കിട്ടിയില്ല. കുഞ്ഞേലമ്മായിയുടെ രഹസ്യം സിമിത്തേരിയുടെ മൂലയിലെ ആറടി മണ്ണില്‍ ഒരു കുരിശു പോലും സ്ഥാപിക്കപ്പെടാത്ത കുഴിമാടത്തിനുള്ളില്‍ മറഞ്ഞുകിടന്നു. കുര്‍ബാന ഇല്ലാത്ത സമയം നോക്കി ആരും കാണാതെ സിമിത്തേരിയില്‍ പോയി കണ്ണീരൊഴുക്കുന്ന വല്യമ്മ ഒഴികെ എല്ലാരും കുഞ്ഞേലമ്മായിയെ മറന്നതായി ഭാവിച്ചു. ആ പേര് പോലും പിന്നീടാരും ഉച്ചരിച്ചില്ല.

മേരിപ്പെണ്ണിനെ കെട്ടി ജിമ്മിച്ചനും ആലീസും ബാബുക്കുട്ടനും ഉണ്ടായതിനു ശേഷമാണ് വല്യപ്പനും വല്യയമ്മയും മരിക്കുന്നത്. എട്ടാം വയസ്സില്‍ മഞ്ഞപ്പിത്തം വന്നു മരിച്ചു പോയ ബാബുക്കുട്ടന്‍ . അവന്‍ മരിച്ച ദിവസമാണ് “കനിവില്ലാത്തവനെ...” എന്ന് ദൈവത്തെ വിളിച്ചു ദൈവനിഷേധം പറഞ്ഞ് ഉറക്കെക്കരഞ്ഞത്‌. മേരിപ്പെണ്ണ് മരിക്കുന്ന നാളുവരെ ബാബുക്കുട്ടന്റെ കാര്യം പറഞ്ഞു കരഞ്ഞു. അവനു പരീക്ഷക്ക്‌ കിട്ടിയ മാര്‍ക്കെഴുതിയ കടലാസ്‌, അവന്റെ പുസ്തകങ്ങള്‍ എല്ലാം അവള്‍ നിധി പോലെ സാരിക്കിടയില്‍ പൊതിഞ്ഞു അലമാരയില്‍ സൂക്ഷിച്ചു. അപ്പനും അമ്മയും പ്രായം ചെന്ന് മരിക്കുമ്പോള്‍ ജിമ്മിച്ചന്‍റെയും ആലീസിന്റെയും കല്യാണം കഴിഞ്ഞിരുന്നു. മേരിപ്പെണ്ണ് മരിക്കാറായപ്പോള്‍ “എന്റെ ബാബുക്കുട്ടന്റടുത്തു പോകുവാ...” എന്ന് പറഞ്ഞാണ് കണ്ണടച്ചത്.

കുഞ്ഞേലമ്മായി, വല്യപ്പന്‍ , വല്യമ്മ, ബാബുക്കുട്ടന്‍ , അപ്പന്‍ , അമ്മ, മേരിപ്പെണ്ണ്. എല്ലാവരും മാളിക വീടിന്റെ താഴത്തെ നിലയിലെ വിശാലമായ നടു മുറിയില്‍ ശവപ്പെട്ടികളില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ബാബുക്കുട്ടന്റെത് മാത്രം ഒരു കൊച്ചു പെട്ടി. ചെറിയ പെട്ടി കിട്ടാനില്ലാത്തത് കൊണ്ടു വലിയ പെട്ടി വാങ്ങി ആശാരിയെ വരുത്തി അത് ചെറുതാക്കിക്കുകയായിരുന്നു. എല്ലാവരും ചിത്രങ്ങളായി ഇപ്പോള്‍ നടു മുറിയിലെ ഭിത്തിയില്‍ . കുഞ്ഞേലമ്മായിക്ക് അവിടെയും ഇടം നിഷേധിക്കപ്പെട്ടു. ആരോ ഹൃദയത്തില്‍ നിന്ന് പറിച്ചെറിഞ്ഞു മരണത്തിലേക്ക് തള്ളി അപമാനത്തിന്‍റെ കുഴിയില്‍ അവസാനിച്ചവള്‍ക്ക് ഭിത്തിയിലെ ഒരിടം കൊണ്ട് എന്ത് നേടാന്‍..?.

നിന്നിരുന്ന സ്ഥലം വേഗം അജ്ഞാതമായത് കുഞ്ഞേലമ്മായിയുടെത് തന്നെ. മക്കളെത്ര എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരാളുടെ എണ്ണം കുറച്ചേ വല്യപ്പന്‍ പറയുമായിരുന്നുള്ളൂ. ആമ്പല്‍പ്പൂ കൊത്തി വെച്ച ആ പെട്ടി കുറെ നാള്‍ അറയിലെവിടെയോ കിടപ്പുണ്ടായിരുന്നു. വലിയ കടലാസ്‌ അതിനു മീതെ വെച്ച് പെന്‍സില്‍ കൊണ്ടു അമ്മായി അതിന്റെ ട്രെയിസ്‌ എടുത്ത്‌ വര്‍ക്കിക്കുഞ്ഞിനു കൊടുക്കുമായിരുന്നു. പിന്നീടത്  ഇളകിപ്പറിഞ്ഞു  തേങ്ങാപ്പുരയില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെയെവിടെപ്പോയി..? അതിനുള്ളിലെ കൈതപ്പൂ മണക്കുന്ന സാരികളും..? വല്യപ്പന്റെ വെള്ളികെട്ടിയ വടിയും ടക്ക്..ടക്ക് എന്നടിച്ചു നടന്നിരുന്ന മെതിയടിയും...? പറ്റാ കയറാതെ കുരുമുളക് മണികള്‍ വിതറിയിട്ടു വെച്ചിരുന്ന വല്യമ്മയുടെ കാല്‍പ്പെട്ടിയും ഇത് പോലെ തന്നെ കാണാതെ പോയോ ...? വല്യമ്മ കല്യാണം കഴിഞ്ഞു വന്ന കാലത്ത് കൊണ്ടുവന്ന ആ പെട്ടിയില്‍ സ്വര്‍ണ്ണവും തുണിയും ഇട്ടുവെക്കാന്‍ പ്രത്യേകം അറകള്‍ ഉണ്ടായിരുന്നു. അമ്മയുടെ ‘ത്രേസ്യാ’ എന്ന് കൊത്തിവെച്ച പൊക്കം കുറഞ്ഞ പെട്ടി. അമ്മാവന്‍ ഗിവര്‍ഗീസച്ചന്‍ കപ്പല്‍ കയറി റോമിലെ മാര്‍പ്പാപ്പയെ  കാണാന്‍ പോയപ്പോള്‍ കൊണ്ടുക്കൊടുത്ത  വലിയ കുരിശുള്ള ഒരു കൊന്ത അമ്മ ഭംഗിയുള്ള  ചെപ്പിനുള്ളില്‍  ആ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചു. അപ്പന്റെ മേശപ്പുറത്തെ ചുണ്ണാമ്പ് നിറച്ചു വെച്ചിരുന്ന  നൂറ്റുകുടം. മേരിപ്പെണ്ണ് അവള്‍ക്കു താന്‍ അള്‍ത്താരയില്‍ വെച്ച് തലയില്‍ ചാര്‍ത്തിയ മന്ത്രകോടി മടക്കി വെച്ചിരുന്നത് ഇപ്പോഴും ഈ കണ്ണാടി പിടിപ്പിച്ച അലമാരയില്‍ ഉണ്ടോ..?  ഇല്ല. അത് രണ്ടു കൊല്ലം മുമ്പ്‌ പാറ്റാ കരണ്ടു നശിച്ചപ്പോള്‍ എടുത്തു കളഞ്ഞിരുന്നു. പത്തു കൊല്ലം കൊണ്ട് അവളുടെ യാതൊന്നും ഈ മുറിയിലില്ലാതായോ...? അവളുടെ പഴയ സാരികള്‍ മരിച്ചു മന്ത്ര* വീടുന്ന ദിവസം ജിമ്മിച്ചന്‍റെ ഭാര്യ ഷേര്‍ളിയും ആലീസും ചേര്‍ന്ന് പണിക്കാര്‍ക്കോ മറ്റോ കൊടുത്തെന്നു തോന്നുന്നു. അതിനിടയില്‍ അവള്‍ സൂക്ഷിച്ചിരുന്ന ബാബുക്കുട്ടന്റെ മാര്‍ക്കെഴുതിയ കടലാസും പുസ്തകങ്ങളും...?

ഒന്നും ഓര്‍മ്മ കിട്ടുന്നില്ല. എല്ലാം കാണാതായോ...? പുല്‍ക്കൊടി നിന്നിരുന്ന സ്ഥലത്തെ ഓരോ അടയാളവും മാഞ്ഞു പോയിരിക്കുന്നു. അപ്പോഴാണ്‌ യഥാര്‍ത്ഥ മരണം സംഭവിക്കുന്നത്. അവസാന ശ്വാസമോ അത് വലിക്കുമ്പോഴുള്ള കഠിന വേദനയോ ഒന്നുമല്ല ദുസ്സഹം. നിന്നിരുന്ന സ്ഥലം കാണാതാവുന്നതാണ്. അന്വേഷിച്ചിട്ടും അത് കണ്ടു പിടിക്കാന്‍ വല്ലാതെ വിഷമിക്കുന്നു. ഈ ജന്മം ഒരു ചെറിയ പുല്‍ക്കൊടിയുടെതോ...? അതോ ഒരു   ചൂടു കാറ്റില്‍ കരിഞ്ഞു തീരാനുള്ള ദുര്‍ബലമായ ഒരു വയല്‍പൂവോ...?

അയാള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുറിക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വ്യാകുലപ്പെട്ടു നടന്നു. ഒടുവില്‍ അടുത്ത മുറിയില്‍ ചെന്ന് ജോസൂട്ടിയെ വിളിച്ചുണര്‍ത്തി.

“എന്താ...? അപ്പച്ചാ..? എന്തെ..? പാതിരാ കഴിഞ്ഞല്ലോ ഇനീം ഒറങ്ങീല്ലേ..?”

കണ്ണ് തിരുമ്മി നില്‍ക്കുന്ന ജോസൂട്ടി.

“നീ മുറിയിലെക്കൊന്നു വാ...എനിക്ക് കുറച്ചു പറയാനുണ്ട്.”

“എന്ത് പറ്റിയപ്പച്ചാ..സുഖമില്ലാതായോ...?” മുറിയില്‍ എത്തിയ ചെറുക്കന് പരിഭ്രമം

“നീ നാളെ രാവിലെ തന്നെ ഒരെടത്തു പോകണം..”

“എവിടെ..?’

‘ആശാരി ഗോപാലന്റെ വീട്ടില്‍ . നീ ചെന്നയാളെ കൂട്ടിക്കൊണ്ടുവരണം..”

‘അത് നാളെ പറഞ്ഞാലും പോരാഞ്ഞോ..? ഇപ്പൊ പറഞ്ഞിട്ടെന്തിനാ..?”

“അത് മാത്രം പോരാ..നീ ഒരു കടലാസും പേനേം എടുത്തേ. ഉണ്ടാക്കണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എഴുതണം”

“അപ്പച്ചാ..അത് ആശാരി നാളെ വരുമ്പോ പറഞ്ഞാപ്പോരെ പോരെ..?” ജോസൂട്ടിയുടെ ശബ്ദം ഉറക്കം കൊണ്ടു കുഴഞ്ഞു.

“പോരാ...നീ എഴുത്.” അയാളുടെ ശബ്ദം കടുത്തു. ജോസൂട്ടി ഓരോന്നായി എഴുതിത്തുടങ്ങി.

ഒരു പൊക്കമുള്ള തുണിപ്പെട്ടി, മേലടപ്പില്‍ ആമ്പല്‍ പൂക്കളും ഇലകളും കൊത്തിയത്, വെള്ളി കെട്ടിയ ഒരു വടി, ഒരു ജോടി മെതിയടി, നിറയെ അറകളുള്ള ഒരു  കാല്‍പ്പെട്ടി, ത്രേസ്യാ എന്ന് കൊത്തി വെച്ച  പൊക്കം കുറഞ്ഞ ഒരു പെട്ടി.പിന്നെ കുറച്ചു പോളീഷ്. ഈ തടിയലമാരേം ഒന്ന് പുതുക്കണം”

‘എന്തിനാ അപ്പച്ചാ ഇതെല്ലാം...?  ഇപ്പൊ ആര്‍ക്കാ ഇതെല്ലാം വേണ്ടത്...?” ഉറക്കം വിട്ട ജോസൂട്ടിക്ക് അത്ഭുതം.

‘എനിക്ക്.....എനിക്ക് വേണമടാ...ഇതെല്ലാം ഈ മാളിയേക്കല്‍ വീട്ടില്‍ ജീവിച്ചിരുന്നവരുടെതാ...ഓരോരോ കാലത്ത് മരിച്ചു പോയവര്‍ . ഈ വീട്ടിലെ വായൂ ശ്വസിച്ച്, ഈ മുറ്റത്ത് നടന്നവര്‍ . അവരുടെ ശേഷിപ്പുകളും അവരോടൊപ്പം പോയി. എല്ലാം ഒന്ന് കൂടി ഒണ്ടാക്കി ഈ വീട്ടില്‍ വെക്കണം. അവര് മറഞ്ഞു പോയതു പോലെ മറയേണ്ടതല്ല അവരുടെ ശേഷിപ്പുകള്‍.. എന്റെ കാലം കഴീയണ വരേങ്കിലും ആ ശേഷിപ്പുകള്‍ ഇവിടെത്തന്നെ വേണം.

“അത് കഴിഞ്ഞാലോ..അപ്പച്ചാ..?’

ജോസൂട്ടിയുടെ നിഷ്കളങ്കമായ ചോദ്യം.

“അത് കഴിഞ്ഞ്...അത് കഴിഞ്ഞാരെങ്കിലും  സൂക്ഷിച്ചു വെക്കുമായിരിക്കും. അപ്പോ എന്റെം കൂടെ കാണും അവര്‍ക്ക് സൂക്ഷിക്കാന്‍ .” അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

‘എത്ര നാള്‍...?” അവന് സംശയം തീരുന്നില്ല...

‘അത് ..അതിനങ്ങനെ നാളില്ല...അതങ്ങനെ ഇവിടെ ഇരുന്നോളൂല്ലേ....”

“ആരിരുത്തും അപ്പച്ചാ..? ഈ പറഞ്ഞവരുടെ എന്തെങ്കിലും ആരെങ്കിലും സൂക്ഷിച്ചോ..?”

വര്‍ക്കിക്കുഞ്ഞ് കുറച്ചു നേരം ആലോചിച്ചു നിന്നു. പിന്നെ ഉത്തരം നഷ്ടപ്പെട്ട് ജോസൂട്ടിയെ ദയനീയമായി നോക്കി. ഒടുവില്‍ തളര്‍ന്നു ചാരു കസേരയിലേക്കിരുന്നു.

“ഈ അപ്പച്ചന്റെ ഒരു കിറുക്ക്. എന്‍റെ ഒറക്കോം പോയി.” അവന്‍ പിറുപിറുത്ത് കൊണ്ടു മുറിയിലേക്ക്‌ പോയി.

പിറ്റേന്ന് തറവാട് മുറ്റത്ത്‌ അലങ്കരിച്ച ശവപ്പെട്ടിയില്‍ വര്‍ക്കിക്കുഞ്ഞിന്റെ മൃതശരീരം നീണ്ടു നിവര്‍ന്നു കിടന്നു. മരണ പ്രാര്‍ഥനയുടെ അകമ്പടിയോടെ പള്ളി സിമിത്തെരിയിലേക്കുള്ള യാത്ര...

“മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യമാകുന്നു

വയലിലെ പുഷ്പം പോലെ അത് വിരിയുന്നു

 ചുടു കാറ്റടിക്കുമ്പോള്‍ അത് വാടിപ്പോകുന്നു

 അത് നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും.”

അഞ്ചാം ദിവസത്തെ മന്ത്ര* കഴിഞ്ഞു മടങ്ങിപ്പോകുന്ന ജിമ്മിച്ചന്‍ വീടിന്റെ താക്കോല്‍ ജോസൂട്ടിയെ ഏല്‍പ്പിച്ചു പറഞ്ഞു.
“ജോസൂട്ടി... ഞാന്‍ പഴയ ഫര്‍ണീച്ചര്‍ വാങ്ങുന്ന ആള്‍ക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവര്‍ അടുത്താഴ്ച വരും.  നീ പഴയ മരയുരുപ്പടിയെല്ലാം  എടുത്തവര്‍ക്ക് കൊടുത്തേക്കണം. നമുക്ക്‌ ഈ  വീടൊന്നു പുതുതായി ഫര്‍ണീഷ് ചെയ്യണം.”


----------------------------------------------------------------------------------------------------------

ഒപ്പീസ്--മരിച്ചവര്‍ക്ക് വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന.
മന്ത്ര--മരണം കഴിഞ്ഞ് വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥന



27.5.13

പുനരുത്ഥാനത്തിനുള്ള തയ്യാറെടുപ്പുകള്‍


“എന്നാലും ആ കുഴിവെട്ടി ആഗസ്തി നമുക്കിട്ടീപ്പണി തരുമെന്നു ഓര്‍ത്തില്ല.”

ആറടി താഴ്ചയില്‍ നിന്നും  മണ്ണ് നിറച്ച കുട്ട മുകളിലേക്ക് കൊടുക്കുന്നതിനിടെ ജോബിച്ചന്‍ കിതച്ചു കൊണ്ടു പറഞ്ഞു.

“അതെ...അതെ...ഇത് വല്ലാത്തൊരു ചെയ്തതായിപ്പോയി.”

മണ്ണ് കുട്ട വാങ്ങുന്നതിനിടെ സാമുവല്‍ അത് ശരി വെച്ചു.

“അവന്‍ എന്നും ആ സിമന്റു പാലത്തിമ്മേക്കൂടെ സൈക്കിളോടിക്കുന്നതല്ലേ. എന്നിട്ടും എങ്ങനെ ആ ചാക്കീരി തോട്ടിലേക്ക്‌ വീണു..?  മഴക്കാലത്ത് തോട്ടില്‍ വെള്ളം നിറഞ്ഞു കിടക്കും എന്നറിയാമ്മേലാഞ്ഞോ..?”

“ആര്‍ക്കറിയാം അവന്‍റെ കാര്യം. ചെലപ്പോ എല്ലാരോടും വെല്യ കാര്യം. ചെലപ്പോ ഒന്നും മിണ്ടാതെ അങ്ങനെ ഒരിരുപ്പ്‌. നമ്മെളെന്തോ ചെയ്ത പോലെ. ചെല നേരത്തെ അവന്‍റെ സ്വഭാവം കണ്ടാല്‍ മിണ്ടാന്‍ കൂടെ തോന്നുകേല.”

 “ഇനീപ്പം വയലിന്‍ വായിക്കാന്‍ അച്ചന്‍ ആരെ കണ്ടു പിടിക്കും..?”

ആഗസ്തി ഇത്ര പെട്ടെന്നു മരിച്ചു പോകുമെന്ന്  ആര് കണ്ടു...?. അല്ലെങ്കിലും മരണം വരുന്നത് ആരാണ് കൃത്യമായി മുന്‍ കൂട്ടി അറിഞ്ഞിട്ടുള്ളത്. അതിന്റെ വരവനുസരിച്ച് മനുഷ്യര്‍ കാര്യങ്ങള്‍ നീക്കുന്നു എന്നല്ലാതെ.

“ഓ...അതിനൊക്കെ ആളു കിട്ടും. ഇപ്പോഴത്തെ കൊച്ചു പിള്ളാര് സ്കൂളില്‍ അതൊക്കെ പഠിക്കുന്നുണ്ടന്നേ. അവരെ ആരെങ്കിലും വിളിച്ചാ പോരെ..?. അവന്റേം അച്ചന്റേം വിചാരം  അവന്‍ തന്നെ വയലിന്‍ വായിച്ചില്ലേല്‍ ആകാശം ഇടിഞ്ഞു വീഴൂന്നല്ലേ.”

ആഗസ്തി പത്താം ക്ലാസ്സിനു മുന്നേ പഠിത്തം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അവന്‍ പല മത്സരങ്ങളിലും സമ്മാനം നേടിയേനെ എന്നാണ് അച്ചന്‍ ഇടക്കിടക്ക് പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍  അവന്‍ തല കുനിച്ചുള്ള അവന്റെ പിശുക്ക്‌ ചിരി പുറത്തെടുക്കും.

മരിച്ച ആഗസ്തി പള്ളി ഗായക സംഘത്തിലെ അംഗമായിരുന്നു. ഇടവകക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഗായക സംഘത്തിലെ വയലിനിസ്റ്റിനെ മാത്രമല്ല ആകെ ഉണ്ടായിരുന്ന കുഴി വെട്ടുകാരനെ കൂടെയാണ്. കുഴി വെട്ടുകാരന്‍ പിന്ഗാമി ഇല്ലാതെ മരിച്ചതായിരുന്നു ഇടവകയെ കുഴക്കി കളഞ്ഞത്. വികാരി അച്ചന്‍ പറഞ്ഞപ്പോള്‍ ആരുമില്ലാത്ത അവനു വേണ്ടി കുഴി എടുക്കുവാന്‍  ഗായക സംഘത്തിലെ മറ്റംഗങ്ങള്‍  തയ്യാറായി. അവന്‍ മരിച്ചു എന്ന കേട്ട ഞെട്ടലും ദു:ഖവും കുഴി വെട്ടിന്റെ ആയാസത്തില്‍ അവര്‍ മറന്നു. ഏറെ ക്ലേശിച്ചാണ് അവര്‍ അതൊരു കുഴിയുടെ രൂപത്തിലാക്കിയത്. ആരുമില്ലാത്തവനെങ്കിലും അവനും ആ ആറടി മണ്ണിന്റെ അവകാശിയാണല്ലോ.

 ആഗസ്തിയുടെ തണുത്തു മരച്ച മൃതദേഹം ഈ സമയം കൊണ്ടു  സംസ്കാര ശുശ്രൂഷക്കായി പോസ്റ്റ് മാര്‍ട്ടം  കഴിഞ്ഞു വീട്ടില്‍ എത്തിച്ചിരുന്നു. അപ്പനും അമ്മയും മരിച്ചു പോയ അവന്റെ പെട്ടിക്കു ചുറ്റും മരണമറിഞ്ഞു  അന്യനാട്ടില്‍ നിന്നു വന്ന ബന്ധുക്കള്‍ക്കൊപ്പം അയല്ക്കാരും കൂടി നിന്നു.

കുഴിവെട്ടുകാരന്‍ തോമ്മയുടെ മകന്‍  ആഗസ്തി. തോമയുടെ കാല ശേഷം അവന്‍ കുഴിവെട്ടി ആഗസ്തിയായി. തോമക്ക് ആഗസ്തി മാത്രമല്ല മകന്‍. കുറെ കൊല്ലം മുമ്പ് പതിനേഴു വയസ്സില്‍ നാടുവിട്ടു പോയ ജോണപ്പന്‍ കൂടിയുണ്ട്. അവന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും ആര്‍ക്കും  അറിഞ്ഞു കൂടാ. ഒരു പെരുന്നാള്‍ കഴിഞ്ഞതിന്റെ  മൂന്നാം പക്കം പള്ളി ഭാണ്ടാരം കുത്തി തുറന്നായിരുന്നു മഹാ പോക്കിരിയായ ജോണപ്പന്റെ തിരോധാനം. ഇടവക പൊതുയോഗം കൂടി കേസ്സ് കൊടുക്കുകയും വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും  ജോണപ്പന്റെ പൊടി പോലും ആര്‍ക്കും  കണ്ടു പിടിക്കാനായില്ല.

“ആ എരണം കെട്ടവന്‍ ഒരിക്കലും ഗതി പിടിക്കാതെ പോട്ടെ...” എന്ന് കൂടെ കൂടെ തോമയും അവന്റെ അമ്മ ത്രേസ്യായും പ്രാകി കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ നീങ്ങവേ ജോണപ്പന്‍ എന്നൊരാള്‍ ആ ഇടവകയില്‍ ഉണ്ടായിരുന്നു എന്ന് പോലും നാട്ടുകാര്‍ മറന്നു. ചേട്ടന്‍ പോകുമ്പോള്‍ നാലോ അഞ്ചോ  വയസ്സ് മാത്രം ഉണ്ടായിരുന്ന ആഗസ്തിക്കും അവനേപ്പറ്റി കാര്യമായ ഓര്‍മ്മകളില്ല.

എന്നാല്‍ അഗസ്റ്റിന്‍ എന്ന ആഗസ്തി ഇടവകയുടെ കണ്ണിലുണ്ണിയായിരുന്നു. കുശിനിക്കാരന്‍ വറീത് അവധിക്കു പോകുന്ന ദിവസങ്ങളില്‍ വികാരി അച്ചന് ഹോട്ടലില്‍ നിന്ന് ചായയും ചോറും വാങ്ങി കൊടുത്തും കപ്യാര്‍ അവറാച്ചനെ സഹായിച്ചും അവന്‍ പള്ളി പരിസരത്തു തന്നെ വളര്‍ന്നു.  പക്ഷെ പഠിപ്പില്‍ തീരെ മോശം. ഒന്പതാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയതോടെ  കുഴിവെട്ടിലും അപ്പനോടൊപ്പം കൂടി. പഠിത്തം തീര്‍ന്നതോടെ അവനെ അഗസ്റ്റിന്‍ എന്ന് വിളിക്കുന്നത്‌ അലോഷ്യസ്‌ അച്ചനും ഒന്നാം ക്ലാസു മുതല്‍ കൂടെ  പഠിച്ചിരുന്ന ഗള്ഫുകാരന്‍ ജേക്കബിന്റെ‌ മകള്‍ മെറീനയും മാത്രം.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ആരും കൂട്ടില്ലാതെ മെറീന കണ്ണുനീരും ഒലിപ്പിച്ചു ബെഞ്ചിന്റെ ഒരരുകില്‍ പുറത്തേക്ക് നോക്കി ഇരുന്ന സമയത്താണ് അപ്പന്റെ കയ്യില്‍ പിടിച്ചു ആഗസ്തി സ്കൂളിലേക്ക് കയറി ചെന്നത്. തോമായെ കണ്ടതോടെ അടുക്കളകാരി സലോമി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞു കൊടുത്തിട്ടുള്ള കഥകള്‍ ഓര്‍ത്ത് ‌ മെറീന കരയാന്‍ മറന്നു ഭയന്നു വിറച്ചിരുന്നു. തോമാ കുഴി എടുക്കുമ്പോള്‍ നേരത്തെ ആ കുഴിയില്‍ കിടന്നിരുന്നവര്‍ മണ്ണോടലിഞ്ഞു പ്രേതങ്ങളായി മാറി കഴിഞ്ഞിരിക്കും. “എന്റെ് സ്ഥലത്ത് ആരെയാടാ കിടത്താന്‍ പോകുന്നേ..” എന്നലറിക്കൊണ്ട് പ്രേതങ്ങള്‍ കുഴിയില്‍ നിന്ന് പൊങ്ങി വരുമ്പോള്‍ തോമാ അവരെ നിഷ്പ്രയാസം തൂമ്പാ കൊണ്ടു കുഴീലേക്ക് തട്ടി ഇടുമത്രേ

അങ്ങനെയുള്ള തോമായുടെ കൈയും പിടിച്ചു കൊണ്ടു ഒരു ചെറുക്കന്‍ ബട്ടന്‍ പൊട്ടി തുറന്നു കിടക്കുന്ന ഷര്‍ട്ടും  കുറ്റി തലമുടിയും കൈയ്യില്‍ സ്ലേറ്റുമായി ഒന്നാം ക്ലാസിലേക്ക് കയറി വരുന്നു. അവന്റെ കഴുത്തിലെ കറുത്ത ചരടില്‍ വെള്ളി നിറത്തിലെ കാശുരൂപം. തോമാ അവനെ ക്ലാസ്സില്‍ കൊണ്ടിരുത്തി പോകുന്നത് വരെ മെറീന കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പോയി എന്ന് ഉറപ്പായപ്പോള്‍ കണ്ണു തുറന്നു അടുത്തിരിക്കുന്ന ചെറുക്കനെ പേടിച്ചു പേടിച്ചു നോക്കി. അവന്‍ അവളെ നോക്കി പതുക്കെ ചിരിച്ചു. തോമയുടെ കൈ പിടിച്ചു വന്ന ചെറുക്കനായത് കൊണ്ടു മെറീനക്ക് അവനെയും  പേടിയായിരുന്നു. പിന്നെയും  കുറെ നാള്‍ കഴിഞ്ഞാണ് ചിരിച്ചിട്ട് എപ്പോഴും നിലത്തേക്ക് നോക്കുന്ന അഗസ്റ്റിന്‍ എന്ന ചെറുക്കനെ നോക്കവാനുള്ള ധൈര്യം കിട്ടിയത്. ഒരിക്കല്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍  കളിക്കാന്‍ പോയ നേരം അവള്‍ ധൈര്യം സംഭരിച്ചു അടുത്തു ചെന്നു ചോദിച്ചു.

 “നീ കണ്ടട്ടണ്ടോ പ്രേതത്തിനെ തൂമ്പാ കൊണ്ടു തട്ടി കുഴീല്‍ ഇടണത്...?”

“ആര്...?”

“നിന്റപ്പന്‍. കുഴി എടുക്കുമ്പോ. ”

“ആരാ ഇത് പറഞ്ഞെ...?”

“അത് എന്റെ വീട്ടിലെ സലോമിചേച്ചി.”

“മരിച്ചവര്‍ പ്രേതമാകില്ല, സ്വര്‍ഗത്തിലോ നരകത്തിലോ ആയിരിക്കും എന്ന് സണ്ടേ ക്ലാസ്സിലെ സോഫിയാ സിസ്റ്റര്‍ പറഞ്ഞതോ..?”

മെറീന ഉത്തരമില്ലാതെ അവനെ പകച്ചു നോക്കി. ആഗസ്തി അവളെ നോക്കി പതുക്കെ ചിരിച്ചു. അത് കണ്ട മെറീനക്കും ചിരി വന്നു.

വര്‍ഷങ്ങള്‍ നീങ്ങി മുതിര്‍ന്നവരായിട്ടും അഗസ്തിയുടെ ആ പതിഞ്ഞ ചിരി മാത്രം അവന്റെ മുഖത്തു നിന്നും പോയില്ല. ഒന്പതില്‍ തോറ്റു പഠിപ്പ് നിര്‍ത്തിയ ആഗസ്തി പള്ളിക്കവലയില്‍ ഉണ്ടോ എന്ന്  കോളേജില്‍ പോകുന്ന മെറീനയുടെ കണ്ണുകള്‍ പരതി. അവനെ അന്വേഷിക്കുന്ന മെറീനയെ അവനും കാണുന്നുണ്ടായിരുന്നു.

ഇടവകയിലെ തന്നെ പ്രമാണിയായ കോണ്ട്രാക്ടര്‍ പൌലോസിന്റെ മകന്‍  ജോമോനുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ നാളുകള്‍ കൂടി മെറീന അവനോടു സംസാരിച്ചു.

“അപ്പനും അമ്മയും മരിച്ചു പോയ ഒരു കുഴി വെട്ടിയുടെ മകന് ഒരിക്കലും പപ്പാ എന്നെ കെട്ടിച്ചു തരില്ല. പിന്നെ ഒളിച്ചോടി പോകാം എന്ന് വെച്ചാലും നമ്മള്‍ എങ്ങിനെ ജീവിക്കും....? അത് കൊണ്ടു നമ്മളുടെ മനസ്സില്‍ എന്തെങ്കിലും  ആഗ്രഹം ഉണ്ടെങ്കില്‍ അങ്ങ് മറന്നു കളയാം അഗസ്റ്റിന്‍ .”

മുഖവുരയില്ലാത്ത അവളുടെ സംസാരം കേട്ട ആഗസ്തി പകച്ചു പോയി.

”അതിനു ഞാന്‍ നിന്നോടൊന്നും...”

അവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ തുടര്ന്നു

“വെറുതെ കള്ളം പറയേണ്ട അഗസ്റ്റിന്‍ . എങ്കില്‍ എന്റെ മുഖത്ത് നോക്കി പറ എന്നെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന്...?”

മെറീനയുടെ മുന്നില്‍ കുറ്റവാളിയെപ്പോലെ ഒന്നും ഉരിയാടാനാവാതെ  ആഗസ്തി നിന്നു.

“സങ്കടപ്പെടരുത്.” എന്ന് പറഞ്ഞു അവള്‍ നടന്നകന്നപ്പോള്‍

“അമ്മയ്ക്കും അപ്പനും സ്വന്തം കൈ കൊണ്ടു കുഴി വെട്ടിയ ഈ ആഗസ്തിക്ക് സങ്കടമോ...? എന്ന് ആത്മഗതം ചെയ്ത അവന്‍ ആ പതിഞ്ഞ ചിരി തന്നത്താന്‍ ചിരിച്ചു.


കോട്ടും സ്യൂട്ടും ഇട്ട മണവാളന്‍ ജോമോന്റെ ഇടത് വശത്തു നെറ്റും മുടിയും അണിഞ്ഞു മണവാട്ടിയായി മെറീന അള്‍ത്താരക്ക് മുന്നില്‍ നിന്നു. ഗായക സംഘത്തോടൊപ്പം വയലിനും പിടിച്ചു നിസ്സംഗനായി നിന്ന ആഗസ്തി നോക്കുമ്പോള്‍ അവള്‍ പള്ളിയുടെ ഒത്ത നടുക്കു ശവപ്പെട്ടിയില്‍ കണ്ണും പൂട്ടി കിടക്കുകയായിരുന്നു, ഒരു മണവാട്ടിയുടെ അലങ്കാരത്തോടെ. ആരുടെയും സഹായമില്ലാതെ അഗസ്തി തന്നെ അവളെ ചുമന്നു സിമിത്തേരിയിലേക്ക് നടന്നു. അവളുടെ ഭാരത്തില്‍ വഴിയില്‍ ഉടനീളം അവന്‍ ആയാസപ്പെട്ടു, വിയര്‍ത്തൊലിച്ചു കിതച്ചു. സിമിത്തേരിയില്‍ അവള്‍ക്കായി അവന്‍ തന്നെ സജ്ജമാക്കിയ കുഴിയിലേക്ക്  അരുമയോടെ ഇറക്കി. അത് ആറടി ആഴമുള്ള ഒരു സാധാരണ കുഴിയായിരുന്നില്ല. അതിന്റെ ആഴം അവന്‍ തിട്ടപ്പെടുത്തിയതും ഇല്ല. അത് അത്യഗാധമായ ഒരു ഗര്‍ത്തമായിരുന്നു. ഇനി അവള്‍ക്കൊരു പുനരുത്ഥാനം* ഇല്ല എന്ന തിരിച്ചറിവില്‍ അവന്‍ കുഴി മണ്ണിട്ട്‌ മൂടി സിമിത്തേരിയുടെ വാതില്‍ കൊട്ടിയടച്ചു തിരിഞ്ഞു നോക്കാതെ ധൃതിയില്‍ നടന്നു പോയി.


കുറെ കൊല്ലങ്ങള്‍ക്ക് ശേഷം ഒരു പെരുന്നാള്‍ ദിവസമാണ് പണ്ടത്തെ ഒന്നാം ക്ലാസ്സില്‍ കണ്ണിറുക്കി അടച്ചിരുന്ന മെറീനയുടെ രൂപ സാദൃശ്യമുള്ള ഒരു കൊച്ചു പെണ്കുട്ടി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബലൂണ്‍ വാങ്ങുന്നതിന് വേണ്ടി അമ്മയോട് വാശി പിടിക്കുന്ന കുഞ്ഞിനെ  കൌതുകത്തോടെ നോക്കി നിന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കല്യാണ ദിവസം സംസ്കരിക്കപ്പെട്ട മെറീന അവനു മുന്നില്‍ അത്ഭുതകരമായി പുനരുത്ഥാനം ചെയ്തു. ഒരേ ഇടവകയില്‍ ആയിരുന്നിട്ടും പുനരുത്ഥാനം ഇല്ലാതെ സംസ്കരിക്കപ്പെട്ടവള്‍ ആയിരുന്നതിനാല്‍  ആഗസ്തി അവളെ ഇക്കാലമത്രയും കണ്ടതേ ഇല്ല. അത്രയും കാലം കല്ലറയില്‍ കഴിഞ്ഞതിന്റെ നിസ്സംഗത അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു. കുഴിയില്‍ നിന്നും ഇറങ്ങി വന്ന പ്രേതത്തെ പോലെ അവള്‍ അവനോടു സംസാരിച്ചു. ഇത്രയും കാലം കാണാതെ ഒഴിഞ്ഞു പോയതെന്തെന്നു പരിഭവിച്ചു.


“അന്ന് എങ്ങോട്ടെങ്കിലും നമുക്ക്‌ ഒളിച്ചോടാമായിരുന്നു അഗസ്റ്റിന്‍ . എങ്കില്‍ ഇന്നീ നരക ജീവിതം എനിക്കനുഭവിക്കേണ്ടി വരില്ലായിരുന്നു.” എന്ന് പറഞ്ഞു  കുഞ്ഞിനെ എടുത്തു ആള്‍ക്കൂട്ടത്തില്‍  മറഞ്ഞ അവളുടെ പുനര്‍സംസ്കാരം ചെയ്യാന്‍ പിന്നീടൊരിക്കലും ആഗസ്തിക്കായില്ല. അവള്‍ക്കായി പല പ്രാവശ്യം അവന്‍ ആദ്യത്തേതിലും ആഴമുള്ള കുഴികള്‍ ഒരുക്കി. എങ്കിലും ഗതി കിട്ടാ പ്രേതമായി കരയുന്ന കണ്ണുമായി അവള്‍ പള്ളിപ്പരിസരത്ത് പല പ്രാവശ്യം അവനു മുന്നില്‍ പ്രത്യക്ഷയായി. ജീവിച്ചിരിക്കുന്നവരെ പുനരുത്ഥാനം ഇല്ലാതെ സംസ്കരിച്ചാലും അനിവാര്യമായ പുനരുത്ഥാനം എപ്പോഴെങ്കിലും സംഭവിക്കും എന്നും വീണ്ടുമൊരു  സംസ്കാരം സാധ്യമല്ല എന്നും അവന്‍ വേദനയോടെ മനസ്സിലാക്കി.

 ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോഴാണ് ഇടവകയില്‍ ആ വാര്‍ത്ത പരന്നത്. കോണ്ട്രാക്ടര്‍ ജോമോന്റെ ഭാര്യ മെറീന വിഷം കഴിച്ചു മരിച്ചത്രേ. ശവമടക്ക് അവളുടെ അപ്പന്‍ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം. ശവം മോര്‍ച്ചറിയില്‍ വെച്ചിരിക്കുന്നു. പള്ളിക്കവലയില്‍ നിന്നും വാര്‍ത്ത കേട്ട ആഗസ്തി സൈക്കിളില്‍ കയറി വീട്ടിലേക്കു ഒരു പാച്ചിലായിരുന്നു.


മെറീനക്കായി അപ്പോള്‍ തന്നെ ആഗസ്തി ആറടി താഴ്ച്ചയില്‍ ഒരു കുഴി എടുക്കാന്‍ ആരംഭിച്ചു. വിജനമായ പള്ളി  സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ അവളുടെ അമ്മയുടെ പേരെഴുതി വെച്ച മാര്‍ബിളില്‍ തീര്‍ത്ത മൂടി അവന്‍ ശ്രദ്ധാ പൂര്‍വം എടുത്തു മാറ്റി ധൃതിയില്‍ മണ്ണ് നീക്കി തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കുഴി എടുത്തു തീര്‍ന്ന അവന്‍ കുഴിയുടെ  താഴെ ഏറ്റം മനോഹരമായി ചെത്തി മിനുക്കി. ഈ കുഴിക്കുള്ളിലെങ്കിലും അവള്‍ സ്വസ്ഥമായി ഉറങ്ങട്ടെ. എത്ര ആനായാസമാണ് അവന്‍ അവളെ ചുമന്നു സെമിത്തേരിയിലേക്കെടുത്തത്. ഇവള്‍ പണ്ടത്തെ ഒന്നാം ക്ലാസ്സിലെ ബെഞ്ചില്‍  കണ്ണിറുക്കി അടച്ചിരുന്ന കൊച്ചു കുട്ടിയായി മാറിയോ..? ഇത്ര ഭാരക്കുറവ്. പെട്ടിക്കെങ്കിലും കുറച്ചു ഭാരം കാണേണ്ടതല്ലേ...? ഇതിപ്പോള്‍ ഒരു പക്ഷി തൂവലിന്റെ ഭാരം പോലുമില്ല. പരിമള പുഷ്പങ്ങളും കുന്തിരിക്ക പുകയും ഇല്ലാതിരുന്നിട്ടും എന്ത് സുഗന്ധമാണ് ഇവളില്‍ നിന്ന് വമിക്കുന്നത്. അവളുടെ  സംസ്കാരത്തിന് കാഴ്ചക്കാരാരും ഇല്ലായിരുന്നു. മെറീനയോടുള്ള അവന്റെ സ്നേഹത്തിനും കാഴ്ചക്കാരായി ഭൂമിയില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. മെറീന എന്നൊരു കാഴ്ചക്കാരിയെയും അവന്‍ അറിഞ്ഞത്  അവളുടെ കല്യാണ ദിവസങ്ങളിലായിരുന്നില്ലേ. അവള്‍ക്ക്  അന്ത്യ ചുംബനം നല്കുവാന്‍ ആഗസ്തി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആകാശത്തെ പൂര്‍ണ്ണ ചന്ദ്രന്റെ  നിലാവില്‍ വെള്ള വസ്ത്രമണിഞ്ഞ മെറീന അതി മനോഹരിയായി കാണപ്പെട്ടു. കല്യാണ ദിവസമണിഞ്ഞ അതേ ഗൌണായിരുന്നു അവള്‍ ധരിച്ചിരുന്നത്. അവളുടെ തലയിലെ കിരീടത്തില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ പ്രതിബിബിച്ചു തിളങ്ങി. ആഗസ്തി കുനിഞ്ഞു അവളെ അടി മുടി ചുംബിച്ചു. പെട്ടി അടച്ചു ശ്രദ്ധാപൂര്‍വം കുഴിക്കുള്ളില്‍ ഇറക്കി. വളരെ പെട്ടെന്ന്  മണ്ണിട്ട്‌ മൂടി, മാര്‍ബിള്‍ ഫലകം കുഴിക്കു മീതെ എടുത്തു വെച്ചു. അവളുടെ അമ്മയുടെ പേരിനു താഴെ ‘മെറീന’ എന്ന  പേര്‍ മനോഹരമായി കൊത്തി വെച്ചു. ഇപ്രാവശ്യം അവളെ സംസ്കരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും അവന്റെ‌ കണ്ണില്‍ നിന്ന് വീണില്ല. അപ്പോള്‍ മുതല്‍ അവനും അവള്‍ക്കൊപ്പം അന്ത്യ ദിനത്തിലെ പുനരുത്ഥാനം കാത്തിരിക്കുന്നവനാണല്ലോ.


സൈക്കിള്‍ ചവിട്ടിയിട്ടും ചവിട്ടിയിട്ടും നീങ്ങാത്തതില്‍ ആഗസ്തി അത്ഭുതപ്പെട്ടു ചാക്കീരി തോടിന്റെ പാലത്തിനു ഇത്ര നീളമോ..? അവന്റെ മനസ്സില്‍ മനോഹരിയായി മരിച്ചു കിടക്കുന്ന മെറീനയുടെ രൂപം തെളിഞ്ഞു നിന്നു. ഇന്ന് തൊട്ടു അവനൊരു കാമുകനാണ്. പൂര്‍ണ്ണത നേടിയ കാമുകന്‍ . സ്വന്തം കാമുകിയെ അവന്റെ  എല്ലാ അവകാശത്തോടെയും ചുംബിച്ചവന്‍ . അവന്‍ ആവേശത്തോടെ മെറീനക്കരികിലേക്ക്  സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു.

“കഷ്ടം.... ഒരേ ദിവസം ഇടവകയില്‍ രണ്ടു മരണം. ആ ജോമോന്റെ പെണ്ണിന്റെ ശവമടക്ക് എന്നത്തേനാ...?”

സിമിത്തെരി ഗെയിറ്റ് കടന്നു വന്ന കപ്യാര്‍ അവറാച്ചന്‍ കുഴി വെട്ടുന്നവരോടന്വേഷിച്ചു.

“ആ വെഷം കഴിച്ച പെണ്ണിന്റെയയോ ...?..അത് അവടപ്പന്‍ വന്നിട്ടല്ലേ ...അതിനിപ്പ കുഴി എടുക്കുന്നത് ആരാണോ...?”

“ഓ..അവര് പണക്കാര്‍ക്ക്  കുഴി വെട്ടിക്കാനാ പാട്...? അവരെന്നച്ചാ ചെയ്യട്ടെ. എന്നാലും അത് കൊറച്ചു കടുപ്പമായിപ്പോയി. ഒരു പെണ്കുഞ്ഞിന്റെ തള്ളയല്ലാഞ്ഞോ...?”. ഇവന്‍ ആഗസ്തി ആരോരും ഇല്ലാത്തോനല്ലേ. പാവം .നിങ്ങളിങ്ങനെ ഒരു സല്ക്കര്‍മ്മം  ചെയ്യ്. പുണ്യം കിട്ടും. ”


( * ലോകാവസാന ദിവസം മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്ക്കും  എന്ന ക്രൈസ്തവ സങ്കല്പം)

  (കേരള കൌമുദി  ആഴ്ചപ്പതിപ്പ്‌ -ലക്കം ഏപ്രില്‍-24,2013) 

8.4.13

കഴുകന്‍



തല ചെറുതായി വിയര്‍ക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കുറക്കാതെ തന്നെ തൊപ്പി ഊരി മടക്കി ട്രാക്ക്‌ സ്യൂട്ടിന്റെ പോക്കറ്റില്‍ വെച്ചു. രാവിലെ ഇറങ്ങുമ്പോള്‍ നല്ല തണുപ്പായിരുന്നു. മുംബൈ ശൈത്യ കാലത്ത് തണുത്തു വിറയ്ക്കാറില്ല. രാവിലെ  മൂടല്‍ മഞ്ഞില്‍ ഒന്ന് കുളിര്‍ന്നു നില്‍ക്കും. എങ്കിലും നടപ്പ് പകുതിയാകുമ്പോള്‍  വിയര്‍ക്കാന്‍ തുടങ്ങും.

ഉത്സവ് ചൌക്ക് എത്തിയപ്പോള്‍  സാന്ദ്രയുടെ ഫോണ്‍ വന്നു. മോര്‍ണിംഗ് വാക്ക്‌ കഴിയാറായോ...? ഇപ്പോള്‍ എവിടെ എത്തി...? ‘ഹീരാ നന്ദിനി ബ്രിഡ്ജ്’ കഴിഞ്ഞോ...? എന്നൊക്കെ അവള്‍ ചോദിച്ചു കൊണ്ടിരിക്കും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന അവള്‍ക്ക് ഇവിടത്തെ ഓരോ മുക്കും മൂലയും അറിയാം.  എന്നാല്‍ എനിക്കോ ഇവിടവുമായി കഷ്ടി ഒരു മാസത്തെ പരിചയം മാത്രം. ഇവിടത്തെ വിവരങ്ങള്‍  ലൈവായി എന്നും അവള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഈ നടത്തത്തിനിടെ ആണ്. തിരച്ചു റൂമില്‍ ചെന്നാല്‍ ഓഫീസില്‍ പോക്കിന്റെ ബഹളം, ഥാനെക്കുള്ള ട്രെയിനില്‍ കയറാനുള്ള ഉന്തും തള്ളും. ഓഫീസില്‍ ചെന്നാലത്തെ പിടിപ്പതു ജോലിയും. ഒരു മാസം കൊണ്ടു പ്രോജക്റ്റ് തീരുമോ എന്ന ടെന്‍ഷന്‍ വേറെ.

സംസാരം കഴിഞ്ഞു  ഫോണ്‍ പോക്കറ്റില്‍ വെക്കുമ്പോഴാണ് കുറച്ചു പ്രായം ചെന്ന ഒരാള്‍ പിന്നില്‍ നിന്നും മറികടന്ന് വന്ന് അഭിവാദ്യം  ചെയ്തത്.

“ഹലോ....ഗുഡ്‌ മോര്‍ണിംഗ് ..’

“ഗുഡ് മോര്‍ണിംഗ്. അങ്കിള്‍. അറിയുമോ എന്നെ..?”

“പിന്നെ... ഒരു മാസത്തോളമായി എന്നും ഈ വഴിയില്‍ കാണുന്നവരല്ലേ നമ്മള്‍.”

“പക്ഷേ...ഞാന്‍ ഇതുവരെ അങ്കിളിനെ കണ്ടിട്ടില്ലലോ ...?”

ഒരു നിമിഷം കുനിഞ്ഞു നിന്ന് അയഞ്ഞു പോയ ഷൂ ലേസ്‌ മുറുക്കി കെട്ടിയശേഷം അയാള്‍ കൂടെ നടന്നെത്തിക്കൊണ്ടു പറഞ്ഞു.

“അത് താങ്കള്‍ മിക്കവാറും വുഡ്‌ ബി യോട് സംസാരിച്ചു കൊണ്ടല്ലേ നടക്കാറുള്ളത്. പിന്നെങ്ങനെ എന്നെ കാണും..?”

“ഞാന്‍ എന്റെ വുഡ്‌ ബി യോടാണ് സംസാരിക്കുന്നത് എന്ന് അങ്കിളിനു എങ്ങനെ മനസ്സിലായി..?”

“അത് കേള്‍ക്കേണ്ട. കണ്ടാല്‍ മതി. നിന്റെ കണ്ണുകളിലെ ആ സ്നേഹം, അടുത്തുണ്ടായിരുന്നു എങ്കില്‍  അവളെ ചേര്‍ത്തു പിടിക്കാമായിരുന്നു എന്ന രീതിയിലെ നിന്റെ ഭാവങ്ങള്‍. അങ്ങനെ പലതും കണ്ടാല്‍ മനസ്സിലാകും അത്  കാമുകിയോ ഭാര്യയോ അതോ മറ്റു വല്ലവരുമോ എന്ന്. ഭാര്യയാണെങ്കില്‍ അത് മറ്റൊരു തരം സ്നേഹമായിരിക്കും. അതില്‍ ഔപചാരികത തീരെ കാണില്ല.”

അയാള്‍ ചിരിയോടെ  പറഞ്ഞു.

“ഉം ..അങ്കിള്‍ ആള്‍ റൊമാന്റിക്ക് തന്നെ. നല്ല സൂക്ഷ്മ നിരീക്ഷണവും. നമ്മള്‍ ഇത് വരെ പരിചയപ്പെട്ടില്ലല്ലോ. എന്നാല്‍ അതിനു മുന്‍പേ പലതും പറഞ്ഞു കഴിഞ്ഞു താനും.“

“ഞാന്‍ റിട്ടയേര്‍ഡ്‌ കേണല്‍ ജോര്‍ജ്‌ കുരിയാക്കോസ്.  ഇവിടെ മകളുടെ വീട്ടിലാണ്. നാട്ടില്‍ ഞാനും ഭാര്യയും തനിയെ ആയിരുന്നു താമസം. അവള്‍ മരിച്ചിട്ട് നാല് മാസമായി. അതിനു ശേഷവും രണ്ടു മാസം ഞാന്‍ നാട്ടില്‍ തനിയെ കഴിഞ്ഞു. ഒടുവില്‍ മകളുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഇങ്ങു പോരേണ്ടി വന്നു. നമ്മള്‍ പറഞ്ഞനുസരിപ്പിച്ചു വളര്‍ത്തിയ മക്കളെ പ്രായമാകുമ്പോള്‍ നമ്മള്‍ അനുസരിക്കണമല്ലോ. അതല്ലേ അതിന്റെ ശരി.”

കണ്ടാല്‍ അരോഗ ദൃഡഗാത്രനായ വൃദ്ധന്‍. വ്യായാമത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നു. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും പുറമേ കാണാത്ത  ശരീരം. മുടിയിലും അധികം നരയില്ല. അതോ ഇനി കുറച്ചു നര നിലനിര്‍ത്തിക്കൊണ്ടുള്ള ഡൈ ആണോ... ?

“ഞാനും ഇവിടെ പുതിയതാണ്. വിനോദ്. ബാംഗ്ലൂര്‍ ആണ് ജോലി. കമ്പനിയുടെ ഒരു പ്രൊജക്റ്റിനായി  ഇവിടെ വന്നതാണ്. ഒരു മാസത്തെ ജോലി കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകും. അടുത്ത മാസം എന്റെ കല്യാണമാണ്. എന്‍ഗേജ്മെന്‍റ് കഴിഞ്ഞിട്ട് രണ്ടു മാസമായി.”

“വുഡ്‌ ബി ബാംഗ്ലൂരിലായിരിക്കും. അല്ലെ..?”

‘അതെ ഞങ്ങള്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.”

“ഗുഡ്.”

“അങ്കിളിനെ കണ്ടപ്പോഴേ എനിക്ക് തോന്നി അങ്കിള്‍ സര്‍വീസില്‍ ആയിരുന്നുവെന്ന്.”

“അതെ. ഞങ്ങള്‍ സര്‍വീസില്‍ ഉണ്ടായിരുന്നവരെ ബോഡി ലാങ്ഗ്വേജില്‍ നിന്ന് ആളുകള്‍ തിരിച്ചറിയും. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും ഞാന്‍ പതിവ് വ്യായാമം മുടക്കാറില്ല. സാറ ഉണ്ടായിരുന്നപ്പോള്‍ അവളും രാവിലെ നടക്കാന്‍ കൂടുമായിരുന്നു. സോറി, സാറാ  ആരെന്നു ഞാന്‍ പറഞ്ഞില്ലല്ലോ എന്റെ ഭാര്യ. ഞങ്ങള്‍ പ്രേമ വിവാഹം കഴിച്ചവരാണ്. അതാണ്‌ ഒരു കാമുകന്റെ ചേഷ്ടകള്‍ കൃത്യമായി ഞാന്‍ പറഞ്ഞത്.”

ഇയാള്‍ ആളു കൊള്ളാം. സമയം പോകുന്നത് അറിയുകയേ ഇല്ല. നല്ല സ്പീഡിലാണ് നടത്തം. തല ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് ചെയ്യുന്നത് പോലെ.

“അങ്കിളിനു തണുക്കില്ലേ ഈ ഷോര്‍ടിസില്‍ ..?”

അദ്ദേഹം ധരിച്ചിരിക്കുന്ന ചെറിയ ഷോര്‍ട്സ് നോക്കി ഞാന്‍ ചോദിച്ചു.

“ഇല്ല. എനിക്ക് ജോഗ്ഗിങ്ങില്‍ ഇതാണ് ശീലം. നാട്ടിലും ഞാന്‍ ഇത് ധരിച്ചു തന്നെയാണ് നടക്കാറ്. നല്ല നീളമുള്ള സോക്സുണ്ടല്ലോ അത് മതി. അത്ര തണുപ്പാണെങ്കികില്‍ കമ്പിളി സോക്സ് ഇടും. നല്ല സ്പീഡില്‍ നടക്കുമ്പോള്‍ തണുപ്പെങ്ങനെ അറിയാന്‍. നടക്കുമ്പോള്‍ സ്പീഡില്‍ തന്നെ നടക്കണം .അല്ലാതെ നടന്നിട്ട് വലിയ പ്രയോജനം ഇല്ല.”

‘അഭിലാഷ്‌ ഹെറിറ്റേജ്‌ ’എന്നു വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്ന  ഫ്ലാറ്റിനു മുന്നില്‍ എത്തിയപ്പോള്‍  അദ്ദേഹം പറഞ്ഞു.

“ഇതിന്റെ ആറാം നിലയിലാണ് എന്റെ മകളുടെ വീട്. നമ്പര്‍ അറുനൂറ്റി ഒന്ന്. വരണം ഒരിക്കല്‍. “

“തീര്‍ച്ചയായും അങ്കിള്‍. അറുന്നൂറ്റി ഒന്ന് ഓര്‍ത്തിരിക്കാന്‍ എളുപ്പമല്ലേ. അവധി ദിവസം നോക്കി ഞാന്‍ വരാം. ഇതിന്റെ അടുത്ത റോഡില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്നത്.“

“ശരി നാളെ കാണാം..”

കൈ ഉയര്‍ത്തി ടാറ്റ പറഞ്ഞു അദ്ദേഹം ധൃതിയില്‍ അകത്തേക്ക് നടന്നു.

വൈകുന്നേരം സാന്ദ്രയോടു പറയാന്‍ ഒരു വിഷയം ആയി. അപ്പാര്‍ട്ടുമെന്റിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.

പിറ്റേന്ന് സാന്ദ്രയുമായി വിശേഷങ്ങള്‍ പറഞ്ഞു നടക്കുന്നതിനിടെ പിന്നിലേക്ക് നോക്കിയപ്പോള്‍ ധൃതിയില്‍ മാര്‍ച്ച് ചെയ്തു നടക്കുന്ന ജോര്‍ജ്‌  അങ്കിളിനെ കണ്ടു. സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് കൂടെ തിരിഞ്ഞു നോക്കി. അത് കണ്ടു അദ്ദേഹം വേഗം നടന്നു എനിക്കൊപ്പമെത്തി.

“നീ സംസാരിക്കുന്നതിനിടയില്‍ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി കുറച്ചു ദൂരമിട്ടു നടക്കുകയായിരുന്നു.”

അങ്കിള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അങ്കിളിനു നാട്ടില്‍ ആരെല്ലാമുണ്ട്...?.”

“നാട്ടിലെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല മോനെ. തനിച്ചു നില്‍ക്കുന്നതില്‍ എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ മകള്‍ സമ്മതിക്കണ്ടേ..? റിട്ടയര്‍മെന്റിനുശേഷം ഞാനും സാറയും അവിടെ പൂക്കളുടെ ബിസിനസ് നടത്തുകയായിരുന്ന. സാറാ ഉണ്ടാക്കിയിരുന്ന ബോക്കെകള്‍ക്കും പുഷ്പാലങ്കാരങ്ങള്‍ക്കും നല്ല ഡിമാണ്ടായിരുന്നു. വീട്ടില്‍ തന്നെ ഓര്‍ക്കിഡിന്റെയും അന്തൂറിയത്തിന്റെയും നല്ലൊരു തോട്ടമുണ്ടായിരുന്നു. ചെടികളുടെ പുതിയ തളിരിലകള്‍, മൊട്ടുകള്‍, പൂക്കള്‍ ഇവയൊക്കെ മനസ്സിനെ എങ്ങനെ ചെറുപ്പമായി സംരക്ഷിമെന്നോ...? ഒരു പുതിയ തൈ പാകി നട്ടു വളര്‍ത്തുക എന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിനു തുല്യമാണ്. ഇങ്ങോട്ട് പോന്നപ്പോള്‍ ആ ചെടികളും നോക്കി നടത്തിയിരുന്ന ബിസിനസ്സും ഒക്കെ ഓരോരുത്തരെ ഏല്‍പ്പിച്ചു പോരേണ്ടി വന്നു. മകളെ കൂടാതെ ഒരു മകനും ഉണ്ട് എനിക്ക്. അവര്‍ കുടുംബത്തോടെ  അമേരിക്കയില്‍. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും.”

“ഇവിടം ഇഷ്ടമായോ അങ്കിളിന്..?”

“എനിക്ക്  ഇവിടം തീരെ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുറേശ്ശെ ഇഷ്ടപ്പെട്ടു വരുന്നു.”

“അതെന്താ..?”

“നിന്നെ പരിചയപ്പെട്ടില്ലേ..? എനിക്കെപ്പോഴും ചെറുപ്പക്കാരുമായുള്ള സൌഹൃദമാണ് ഇഷ്ടം. എന്റെ പ്രായക്കാര്‍ക്കു എപ്പോഴും പ്രഷറിന്റെ അസ്ക്യത, ഷുഗറിന്റെ അളവ്, മുട്ട് വേദന ഇവയൊക്കെ സംസാരിക്കാനേ നേരമുള്ളൂ. അതു നമ്മുടെ വാര്‍ധക്യം പെട്ടെന്ന് കൂട്ടും. ഈ ചെറുപ്പം എന്ന പ്രതിഭാസത്തിനു ഒരു പ്രത്യേകത ഉണ്ട്. അതൊരിക്കലും മറ്റൊരാള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് കൊണ്ടു കുറഞ്ഞു പോകുകയില്ല. വിദ്യപോലെ കൊടുക്കുമ്പോള്‍ കുറയാത്ത ഒരു പ്രതിഭാസമാണിത്. ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ നമുക്ക്‌ ചെറുപ്പം തരും.”

“അപ്പോള്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറയുന്നപോലെ ചെറുപ്പ ധനം എന്നോ മറ്റോ...” ഞാന്‍ താമശക്ക് ഉരുവിട്ടു.

“രണ്ടാമത് കിട്ടുന്ന ചെറുപ്പം ധനമല്ല അത് ശരിക്കും ഒരു വരമാണ്. ചെറുപ്പ വരം സര്‍വ വരത്തെക്കാള്‍ പ്രധാനം..” അദ്ദേഹം തെല്ലുറക്കെ ചിരിച്ചു കൊണ്ടു പൂരിപ്പിച്ചു. ഇത് പുതുമയുള്ള ഒരു കാര്യമേ അല്ല. ച്യവന മഹര്‍ഷിയെപ്പോലുള്ളവര്‍ പുരാതന കാലം തൊട്ടേ തേടി നടക്കുന്നതല്ലേ  ഈ നിത്യയൌവനത്തെ.“

“അങ്കിളിനു ഈഗിളിന്റെ ജന്മമായിരുന്നു വേണ്ടിയിരുന്നത്.”

“എന്ത്.... ? ഞാനോ...? ശവശരീരം ഭക്ഷിക്കുന്ന കഴുകനോ..? അതെന്താ നീ അങ്ങനെ പറഞ്ഞത്..?.”

തെല്ല് നീരസത്തോടെയാണദ്ദേഹം ചോദിച്ചത്.

“അയ്യോ...ഞാന്‍ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഈ കഴുകനെക്കുറിച്ചു ഒരു കഥയുണ്ട്. ഒരു കഴുകന്റെ ശരാശരി ആയുസ്സ്‌ നാല്‍പ്പതു കൊല്ലമാണ്. നാല്പ്പതിനോടടുക്കുമ്പോള്‍ അതിനു വാര്‍ധക്യം വരും. അതിന്റെ ചിറകുകള്‍ക്ക് ഭാരം വെക്കും കൊക്കും നഖങ്ങളും വല്ലാതെ വളഞ്ഞു ചുരുളും. പറക്കാനാവാതെ, ഇരപിടിക്കാനാവാതെ അത് ചത്തു പോകും.

“അതിന്...? അതും ഞാനും തമ്മില്‍ എന്താ ..?”

“അങ്കിള്‍ ക്ഷമയോടെ കേള്‍ക്കൂ...ഇതില്‍ ചില കഴുകന്മാര്‍ക്ക് അസാമാന്യ ബുദ്ധിയായിരിക്കും. അവര്‍ സാവധാനം വന്നടുക്കുന്ന വാര്‍ധക്യത്തെ പടിവാതിലില്‍ വെച്ചേ കാണും.  അവ മല മുകളിലേക്ക് പറന്നു പോയി തന്‍റെ ഭാരമേറി വരുന്ന ചിറകുകള്‍ ഒന്നൊന്നായി കൊത്തിപ്പറിച്ചു കളയും. കൂര്‍ത്തു വളയാന്‍ തുടങ്ങുന്ന നഖങ്ങളും കൊക്കു കൊണ്ടു പറിച്ചെറിയും. ഒടുവില്‍ തന്റെ വളഞ്ഞു പിരിയാന്‍ തുടങ്ങുന്ന കൊക്കുകള്‍  പാറയില്‍ ഉരച്ചു തീര്‍ക്കും. അങ്ങനെ അത് കുറച്ചു മാസങ്ങളോളം ആ മലയില്‍ തന്നെ കിടക്കും. അപ്പോള്‍ അതിന് ഭാരം കുറഞ്ഞ പുതു ചിറകുകള്‍ മുളക്കും, പുതിയ നഖങ്ങളും കൊക്കുകളും. അങ്ങനെ അതൊരു ആരോഗ്യമുള്ള യുവ കഴുകനായി മാറും. പിന്നീടത് വീണ്ടും നാല്‍പ്പതു കൊല്ലത്തോളം ജീവിക്കും. ”

ഓരോ വാചകത്തിനും മൂളിക്കൊണ്ടിരുന്ന അങ്കിളിന്റെ മൂളല്‍ കേള്‍ക്കാതിരുന്നപ്പോള്‍ ഞാന്‍ ആ മുഖത്തേക്ക് നോക്കി.

“എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..? ശ്രദ്ധിക്കുന്നില്ലേ ഞാന്‍ പറയുന്നത്...?”

“അതെ, ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്നു. എനിക്ക് ഒരു കഴുകനാകുനാകുവാന്‍ തോന്നുന്നു വിനോദ്‌. എന്നെ നോക്ക്. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സില്‍ നില്‍ക്കുകയാണ് ഞാന്‍ എഴുപത്തഞ്ചു വയസ്സ്. ഈ കഴുകനെപ്പോലെ ശ്രമിച്ചാല്‍ എനിക്ക് ഉടനെ മരിക്കാതെ ഒരു പുനര്‍ജ്ജന്മം എടുക്കാനാകുമല്ലോ..’

“അങ്കിള്‍ ഇത് കാര്യമായി എടുത്തോ....? ഇതൊരു കെട്ടുകഥയാണ്. ചിറകും   കൊക്കും നഖവും നഷ്ടപ്പെട്ട ആ കഴുകന്‍ മലമുകളില്‍ എങ്ങനെ ഇര തേടും..? പുതിയവ മുളച്ചു വരുന്നതിനു  മാസങ്ങളെടുക്കും. ആ കാലം കൊണ്ടു അത് മരിച്ചു പോകില്ലേ..?. ഇനി അതിന് എങ്ങനെ എങ്കിലും ഭക്ഷണവും വെള്ളവും ലഭിച്ചു എന്ന് കരുതുക. അതിന്റെ ആന്തരാവയവങ്ങള്‍ ഒരു വൃദ്ധകഴുകന്റെത് തന്നെയല്ലെ..? അതിനെങ്ങനെ ഒരു ചെറുകഴുകന്റെ ശക്തിയും ചുറുചുറുക്കും ലഭിക്കും..?.”

പെട്ടെന്ന് നടത്തം നിര്‍ത്തിയ അങ്കിള്‍ നടപ്പാതയിലെ ബെഞ്ചിലിരുന്നു തര്‍ക്കിക്കാന്‍ തുടങ്ങി.

“അതൊക്കെ അത് അതിജീവിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്യാനറിയാവുന്ന ബുദ്ധിയുള്ള കഴുകന്‍ അതിജീവനത്തിന്റെ മാര്‍ഗവും കണ്ടിരിക്കും”

“ഇല്ല. അങ്കിള്‍ ഇത് വെറുമൊരു ഹോക്സ്. സാങ്കല്‍പ്പിക കഥ. ശാസ്ത്രം എന്നേ തള്ളിക്കളഞ്ഞ കാര്യമാണിത്‌.”

“ശാസ്ത്രം..ആര്‍ക്കു വേണം ശാസ്ത്രത്തിന്റെ ശരിയും തെറ്റും. ഞാന്‍ പ്രകൃതിയില്‍ വിശ്വസിക്കുന്നവനാണ്. ഭൂമിയില്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത കാര്യം ശാസ്ത്രമാണ്. ഈ പ്രകൃതിയില്‍ തന്നെ ഉള്ള ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തി ഉപയോഗിക്കുന്നതല്ലേ ഈ ശാസ്ത്രം....? ഇന്നത്തെ ശരി അത് നാളെ തെറ്റെന്നു സ്ഥാപിക്കും. ഇത്രയും നാള്‍ വിശ്വസിച്ചവരെ വിഡ്ഢികളാക്കി, അതിനു ചേര്‍ന്ന കണ്ടു പിടുത്തങ്ങളും നടത്തിയിരിക്കും. പ്രകൃതി....അത് മാത്രമാണ് ഈ ഭൂമിയിലെ സത്യം.”

“അങ്കിള്‍ വരൂ..നമുക്ക്‌ നടക്കാം...”

ഞാന്‍ അങ്കിളിനെ നിര്‍ബന്ധിച്ചു നടത്തി. ഒരക്ഷരം മിണ്ടാതെ നടക്കുകയാണദ്ദേഹം. എന്തോ കടുത്ത ആലോചനയില്‍. കൈകള്‍ ഇപ്പോള്‍ ആവശ്യത്തിലധികം നീട്ടിയാണ് നടക്കുന്നത്. കണ്ണുകള്‍ ദൂരെ എങ്ങോ കേന്ദ്രീകരിച്ച പോലെ. എനിക്ക് ചെറുതായി പരിഭ്രമം തോന്നി.

‘എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..?”

“നീ പറഞ്ഞതു ശരി തന്നെയാണ്. എന്റേത് ഒരു കഴുകജന്മം തന്നെയാണ്. ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലാകുന്നു. ഞാന്‍ പണ്ടു സര്‍വീസിലായിരിക്കുമ്പോള്‍ ഒരു പഞ്ചാബി സുഹൃത്ത്, അമര്‍ജീത്‌ സിംഗ് അയാളുടെ മകന്റെ കല്യാണം കഴിഞ്ഞു വന്നപ്പോള്‍ എനിക്ക് ഒരു കുപ്പി  കെന്റക്കി വിസ്കി സമ്മാനിച്ചു.  കഴുകന്റെ ആകൃതിയായിരുന്നു ആ കുപ്പിക്ക്. പത്തുവര്‍ഷം ഓക്കില്‍ സൂക്ഷിച്ചത് എന്നൊരു ലേബല്‍ അതില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുള്ള ഒരു ബന്ധു അയാള്‍ക്ക്‌ കൊണ്ടു കൊടുത്തതാണത്. ഓക്ക്‌ മരത്തിനു എങ്ങനെ വിസ്കിയും വൈനിനെയും രുചികരമാക്കുവാന്‍ കഴിയും എന്ന് അത് കുടിച്ചാല്‍ മാത്രമേ നമുക്കത് മനസ്സിലാകുകയുള്ളു. കുറെ ദിവസങ്ങള്‍ കൊണ്ട് സാവധാനമാണ് ഞാന്‍ ആ വിസ്കി തീര്‍ത്തത്. അത് കുടിക്കുന്ന ദിവസങ്ങളില്ലെല്ലാം എനിക്ക് പുതു യൌവ്വനമായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ആ ദിവസങ്ങളിലെ രാത്രികളില്‍ ഞാന്‍ സാറായെ പുതു കരുത്തോടെ പുണര്‍ന്നു. രാവെളുക്കുവോളം.

ആ കുപ്പി ഞാന്‍ ഒരു കൌതുകത്തിന് സൂക്ഷിച്ചു വെച്ചു. പിന്നീടെപ്പോഴോ  സാറ ഉണ്ടാക്കിയ വീഞ്ഞ്  ഞങ്ങള്‍ അതില്‍ പകര്‍ന്നു സൂക്ഷിച്ചുവെച്ചു. പിന്നെ ആ കഴുകന്‍ എനിക്ക് ഹരമായി മാറി. ഞാന്‍ മദ്യശ്യാലകള്‍ തോറും കഴുകന്‍ കുപ്പികളിലെ മദ്യം തേടി നടന്നു. പല വര്‍ണ്ണങ്ങളില്‍...പല ബ്രാണ്ടുകളില്‍.  നീലയും പച്ചയും തവിട്ടും നിറത്തിലെ കഴുകന്മാര്‍ എന്റെ അലമാരകള്‍ അലങ്കരിച്ചു. പിന്നീട് അതിലെല്ലാം ഞങ്ങള്‍ വീഞ്ഞു  ശേഖരിച്ചു. അത് കുടിച്ച ഞങ്ങള്‍ യുവാക്കളെപ്പോലെ പ്രണയിച്ചു. ഇപ്പോഴും നാട്ടിലെ ഞങ്ങളുടെ വീട്ടിലെ അലമാരനിറയെ ഉണ്ട് വീഞ്ഞ് നിറച്ച കഴുകന്മാര്‍. സാറ മരിച്ച്  ഇങ്ങു പോരുന്ന വരെ ഞാനെന്തോ ആ അലമാരിയിലേക്ക് നോക്കിയിട്ടില്ല.  അവള്‍, സാറാ നാല് മാസം മുന്‍പ്‌ അവളുടെ അറുപത്തഞ്ചാം വയസ്സില്‍ ഒരു അപകടത്തില്‍ മരിക്കുന്നത് വരെ ഒരു യുവതി ആയിരുന്നു. അതെ കഴുകന്‍...കഴുകന്റെ കുപ്പിയിലെ വീഞ്ഞ് അതായിരുന്നു അവളുടെയും എന്റെയും യൌവ്വന രഹസ്യം. ഇപ്പോള്‍ എനിക്കത് വെളിവായി വിനോദ്. അത് തന്നെ. ഏതു മനുഷ്യനും അത് സാധിക്കും. അവന്‍ ബുദ്ധിയുള്ള ഒരു കഴുകനായാല്‍ മതി. കഴുകന്‍ തൂവലുകളാണ് ആദ്യം നീക്കുമെങ്കില്‍ മനുഷ്യന്‍ ആദ്യം അവന്റെ ചര്‍മ്മമാണ് ട്രാന്‍സ്‌പ്ലാന്റേഷന്‍ നടത്തേണ്ടത്.” അദ്ദേഹം ഒരു ഉന്മാദിയെപ്പോലെ പറഞ്ഞു.

“എന്റെ അങ്കിള്‍... എന്തൊരു വിഡ്ഢിത്തമാണിത്...? ചര്‍മം മാറ്റിയത് കൊണ്ടു എന്ത് കാര്യം..? അവയവങ്ങള്‍ പഴക്കം ചെന്നത് തന്നെ അല്ലെ..? അതിന്റെ പ്രവര്‍ത്തനം എങ്ങനെ പുതുക്കാം..? അതോ അതെല്ലാം മാറ്റണമോ..?”

“അതിന്റെ ആവശ്യമില്ല. ചര്‍മം പുതുതായാല്‍ അവയവങ്ങളും തനിയെ ചെറുപ്പം കൈവരിക്കും. ശരീരത്തിന്റെ ‘സെല്‍ഫ്‌ ക്യുയരിംഗ് മെക്കാനിസം’ എന്ന് കേട്ടിട്ടില്ലേ..? ചില അസുഖങ്ങള്‍ താനേ സുഖപ്പെടുന്ന പ്രതിഭാസം...? അത് ശരീരം സ്വയം ചെയ്യുന്ന ചികിത്സയാണ്. അതിലൂടെ പുതു ചര്‍മം ലഭിച്ച ശരീരത്തിന്റെ അവയവങ്ങള്‍ താനേ ചെറുപ്പം നേടിയെടുക്കും. മനുഷ്യ ശരീരം ഒരു കഴുകന്റെ ശരീരത്തെക്കാള്‍ വലുതാണല്ലോ. അത് കൊണ്ടു ഈ ചര്‍മം പുതുക്കല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും തുടങ്ങുന്നതായിരിക്കും നല്ലത്. കയ്യോ കാലോ അങ്ങനെ ഏതു ഭാഗവും ആകാം ”

‘എന്നിട്ടെന്തിനാ അങ്കിളിനു വീണ്ടും കല്യാണം കഴിക്കാനാണോ...?”

എനിക്കിത് കേട്ടിട്ടിട്ടു പരിഹസിക്കാനാണ് തോന്നിയത്.

“ഇതാണ് നിങ്ങള്‍ യുവാക്കളുടെ കുഴപ്പം നിങ്ങള്‍ക്ക് യുവത്വം എന്നാല്‍ ഇണ, ലൈംഗികത എന്നൊക്കെയാണ്. അത് നിങ്ങളുടെ പ്രായത്തിന്റെ കുഴപ്പമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം അതല്ല എന്ന് നിങ്ങള്‍  കാലത്തിന്റെ പക്വതയില്‍ പഠിക്കും.  മരിക്കുമ്പോള്‍ നമ്മള്‍ എങ്ങനെ വേണെങ്കിലും മരിക്കട്ടെ. പക്ഷേ മരണം നമ്മെ കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ചുക്കി ചുളിഞ്ഞ ഒരു ശരീരമല്ല മണ്ണിനു അലിയാന്‍ കൊടുക്കേണ്ടത്.”

‘അഭിലാഷ് ഹെറിറ്റേജ്’  എത്തിയിട്ടും അങ്കിള്‍ സംസാരം നിര്‍ത്താതെ എന്റെ കൂടെ നടക്കുകയാണ്.

“അങ്കിള്‍... അങ്കിളിന്റെ വീട് എത്തിയത് അറിഞ്ഞില്ലേ....?”

“ഓ...എന്റെ ഉള്ളില്‍ ചിറകടിച്ചുയരുന്ന കഴുകന്‍ നല്‍കിയ  ഊര്‍ജം കാരണം വീടെത്തിയത് ഞാന്‍ അറിഞ്ഞതെ ഇല്ല. എങ്കില്‍ നമുക്ക് ഒരു റൌണ്ട് കൂടെ നടക്കാം...?.”

“അയ്യോ..ഇല്ല അങ്കിള്‍ എനിക്ക് ഓഫീസില്‍ പോകാന്‍ വൈകും. നമുക്ക് നാളെ കാണാം.”

“ദെന്‍..ഓക്കേ...”

അങ്കിള്‍ ചുറുചുറുക്കോടെ ഫ്ലാറ്റിലേക്ക് പോയി.

ഇതെന്തോക്കെയാണ് ഈ അപ്പൂപ്പന്‍ പറയുന്നത്. എന്തെങ്കിലും കാര്യം കാണുമോ..? അതോ വട്ടായോ..? കഴുകന്റെ കുപ്പിയിലെ വീഞ്ഞ്. പുതു യൌവനം  കൊടുക്കുന്ന കഴുകന്‍. ഒരാള്‍ മരിച്ചു ശവമായിട്ടു വേണം കഴുകന് അത് ഭക്ഷിക്കുവാന്‍. ആ കഴുകന്‍ തന്നെ പുനര്‍ജീവനും നല്‍കുന്നു എന്ന് പറഞ്ഞാല്‍...?

പിറ്റെന്നത്തെ പ്രഭാത സവാരിക്കിടെ സാന്ദ്രയോടു പറഞ്ഞത് മുഴുവനും ജോര്‍ജ്‌ അങ്കിളിനെയും കഴുകനെയും കുറിച്ചു  മാത്രമായിരുന്നു.

“ഇത് ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതല്ലേ വിനോദ്. വേറെന്തെങ്കിലും പറ.  വിനോദിന് വേറെ ആരേം കിട്ടീല്ലേ...? ഒരു കൂട്ട് പിടിക്കാന്‍ പറ്റിയ പ്രായം...” സാന്ദ്രക്ക് ചിരി.

“ഇന്ന് പക്ഷേ അങ്കിളിനെ കാണുന്നില്ല സാന്ദ്ര. എന്ത് പറ്റിയോ..ആവോ..?”

“വിനോദ്...നീ ആകാശത്ത് അന്വേഷിക്കു. നിന്റെ ജോര്‍ജ്‌ അങ്കിള്‍ ഒരു കഴുകനായി ആകാശത്തു പറന്നു നടക്കുകയായിരിക്കും.”

നടന്നു നടന്ന് അഭിലാഷ്‌ ഹെറിറ്റേജിനു മുന്നിലെത്തിയപ്പോള്‍ ഒന്ന് കയറിയാലോ എന്ന് തോന്നി. രണ്ടു ദിവസം തുടര്‍ച്ചയായി കണ്ട ആളല്ലേ. എന്ത് പറ്റി എന്ന് നോക്കാം. ആറാം നിലയിലെ അറുന്നൂറ്റി ഒന്നാം നമ്പര്‍ വീട് അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറക്കുന്നില്ല. മകളുടെ കുടുംബം ആണെന്നല്ലേ പറഞ്ഞത്. ആരോടു ചോദിക്കും..? മകളുടെയോ  ഭര്‍ത്താവിന്റെയോ പേരറിയില്ല. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും അറിയില്ല.

“പെട്ടെന്ന് ലിഫ്റ്റ് ഇറങ്ങി വന്ന ഒരു കുട്ടി അവന്‍ അറുന്നൂറാം നമ്പര്‍ വീട്ടിലേക്കു കയറിപ്പോകുന്നതിനിടെ പറഞ്ഞു.

“വോ ലോഗ് ഇധര്‍ നഹി...കല്‍  സെ ഹോസ്പിറ്റല്‍ മേം. .വോ..നാനാജി കാ തബിയത്  ഠിക് നഹി..”

“കോന്‍സീ...ഹോസ്പിറ്റല്‍...?”

“രാംജി ഹോസ്പിറ്റല്‍. ഇധര്‍ നസ്ദിക്ക് മേം...”

അവന്‍ തിടുക്കത്തില്‍ അകത്തേക്ക് പോയി...

റിസപ്ഷനില്‍ ചെന്ന് റൂം മനസ്സിലാക്കി മുകള്‍ നിലയില്‍ ചെന്നപ്പോള്‍ ജോര്‍ജ്‌ കുരിയാക്കോസ്, എഴുപത്തഞ്ചു വയസ്സ് എന്നെഴുതി വെച്ച റൂമിന്റെ മുന്നില്‍ നില്‍ക്കുന്ന യുവതിയും യുവാവും,  മകളും ഭര്‍ത്താവും ആയിരിക്കണം ആരാ..എന്താ എന്നൊക്കെ തിരക്കി..

വിവരങ്ങള്‍ പറഞ്ഞു പരിചയപ്പെട്ട ഉടനെ മകള്‍ പൊട്ടിക്കരഞ്ഞു തുടങ്ങി

“എന്റെ വീട്ടില്‍ പപ്പാക്ക് ഒരു കുറവും ഇല്ലായിരുന്നു. ആത്മഹത്യ ശ്രമം എന്നാണു ആശുപത്രിക്കാര്‍ പറയുന്നത്.  ഇടത് കയ്യിലെ തൊലി മുഴുവനും ചെത്തി മുറിച്ചു ചോര വാര്‍ന്നു കിടക്കുകയായിരുന്നു. ഇപ്പോഴും ഐ സി യു വില്‍ തന്നെ. കൂടെ വരൂ. കാണിച്ചു തരാം.”

ആശുപത്രി വരാന്തയിലൂടെ അവരുടെ പിന്നാലെ നടന്ന എന്റെ മുന്നിലൂടെ  അനേകം കഴുകന്മാര്‍ തലങ്ങും വിലങ്ങും ചിറകടിച്ചു പറന്നു. പഴയ കൊക്കുകളും ചിറകുകളും മല മുകളില്‍ ഉപേക്ഷിച്ചു പുതു യൌവ്വനം നേടിയ കഴുകന്മാര്‍. അവരുടെ കാലുകളിലെ കൂര്‍ത്ത പുതു നഖങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ ഒന്നും മിണ്ടാനാവാതെ ഐ സി യുവിന്റെ ചില്ല് ജാലകത്തിലൂടെ നോക്കി. അവിടെ ഭാരമേറിയ ചിറകുകളും ചുരുണ്ടു വളഞ്ഞ കൊക്കും നഖങ്ങളുമായി കട്ടിലില്‍ മരണാസന്നനായ ഒരു കിഴവന്‍ കഴുകന്‍ തളര്‍ന്നു കിടന്നു. നോക്കി നില്‍ക്കേ നവ യൌവനം നേടിയ ആ കഴുകന്മാര്‍ ഐ സി യു വിന്‍റെ ചില്ല് ജനാല തകര്‍ത്ത് അകത്തു കടന്നു,  മരണവും കാത്തുകിടന്ന കിഴവന്‍ കഴുകന്റെ കിടക്കക്ക് ചുറ്റും അക്ഷമരായി ചിറകടിച്ചു.

(തര്‍ജിനി മാര്‍ച്ച്‌ ലക്കം,2013)


20.2.13

ഗോപാലകൃഷ്ണന്‍, പത്ത് ബി

അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ‍ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയത്രേ. അപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണനെന്ന്.

പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് കുട്ടികൾ വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ   ട്രൌസറും ഇട്ടു നടന്നിരുന്ന ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെയെങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?

ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്ത് എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു   അവന്‍.

ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍.  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്‍ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീടെപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.

പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയെ  ഉച്ചയൂണിനു ശേഷമുള്ള ഇടവേളക്കാണ് ഞാന്‍  വിളിക്കാറ്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നു സുഖമില്ലാതായതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും.  അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്  വാക്കര്‍ എന്ന  ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്‍സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ  വര്‍ഷം മുതല്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.

അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. അസുഖം തളർത്തിയെങ്കിലും അമ്മക്ക് ആരോടും പരിഭവം ഇല്ല.

“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.

 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ഒരു ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.

പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.

‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു. വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”

“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."

എനിക്ക് ദേഷ്യമാണ് വന്നത്.

“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെ കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി .  ഇപ്പോ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”

“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”

“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. ചെറുതായി കഷണ്ടിയുമുണ്ട്.”

ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അതേതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ എന്തോ..?

“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”

“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”

“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ പണ്ടതയാള്‍ക്ക്‌  വായിക്കാന്‍ കൊടുത്തപ്പോള്‍ അത് കയ്യില്‍ വെച്ചോളാന്‍ പറഞ്ഞിട്ടുണ്ടെന്ന്. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”

“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."

ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്‍സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും  ചെറിയ നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്‍ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.

“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍.”

“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”

“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."

ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന് തന്നെ. അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.

“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”

പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.

“ഇന്ന് വന്നോമ്മേ അയാള്‍...?”

”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍..?. എന്തായാലും അമ്മുവിനോടു പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.

പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.

“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ഛമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”

എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍...അത് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?

അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ല. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”

എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെത്തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.

ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്.. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?

നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.

“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. അയാള്‍ക്ക്  മര്യാദ എന്നൊന്നുണ്ടെങ്കില്‍  ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”

“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”

“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”

അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..

തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍  ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നിന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല.

വളരെ ശ്രദ്ധിച്ച് ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പം  മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌. അതിനും നേര്‍ത്ത  ചുവപ്പ് നിറം . പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. പുറകില്‍ ബോള്‍ പേന കൊണ്ട്  എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും ഉഷാദേവി എന്ന്  അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ പെരുംകള്ളന്‍. ഒരു ഗോപാലകൃഷ്ണന്‍.. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍.  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.

താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.

“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"

ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ നടന്നു. ഉച്ച വെയിലിന്‍റെ  ചൂടും വല്ലാത്ത ദേഷ്യവും  കൊണ്ട് വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്നു കയറിയത്. താഴിട്ടു പൂട്ടിക്കിടന്ന വായനശാലയുടെ മുന്നില്‍ ഞാന്‍ സ്തബ്ദനായിനിന്നു.

തൊട്ടടുത്ത കരയോഗം ഓഫീസില്‍ ആളുണ്ട്.  ഞാന്‍ അവിടെയുണ്ടായിരുന്ന ആളോട് കാര്യം തിരക്കി.
“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”

“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”

“ഗോപാലകൃഷ്ണനോ..? അതാരാ..? ഇവിടെ ജോലി ചെയ്തിരുന്നത് സാവിത്രി എന്നൊരു കുട്ടിയായിരുന്നല്ലോ. അവള്‍ വേറെ ജോലി കിട്ടി പോവേം ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”

“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”

“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”

“ആ.... അറിയില്ല.”

 തിരികെ റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? അയാള്‍ ഇവിടെവിടെങ്ങാനും നില്‍പ്പുണ്ടോ..? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...?   ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.

ബെല്ലടി കേട്ട്  ധൃതിയില്‍ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്ന അമ്മ ചോദ്യഭാവത്തില്‍ നിന്നു. അമ്മയുടെ നിശ്ശബ്ദതയുടെ നൂറായിരം ചോദ്യങ്ങള്‍ക്ക്   മറുപടി തേടി വലഞ്ഞു.

ഒടുവില്‍ ഞാനെഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്.

“അമ്മേ, അത്  എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്."

ആശ്വാസത്തോടെ കണ്ണു തുടച്ച അമ്മയോട്  ഞാന്‍ ഒന്ന് കൂടി ചേര്‍ന്നിരുന്നു .