29.9.09

കൃഷ്ണപ്രിയയുടെ പ്രാക്കള്‍

കൃഷ്ണപ്രിയയുടെ അച്ഛന്‍ വളരെ സന്തോഷവാനായാണ് ഓഫീസില്‍ നിന്നും വന്നത്. വസ്ത്രം മാറുന്നതിനിടയില് ഭാര്യയോട് അയാള്‍ പറഞ്ഞു

“ശാന്തേ…കൃഷ്ണ മോള്‍ക്കൊരു പ്രൊപോസല്‍ വന്നിരിക്കുന്നു.പയ്യന്‍ അവളുടെ കോളേജിനടുത്തുള്ള ബാങ്കിലെ ഓഫീസര്. അയാളുടെ വീടും കോളേജിനടുത്തു തന്നെ. മോളെ ബാങ്കില്‍ വച്ചു കണ്ടിഷ്ടമായതാണത്രേ.”

“അതിനവളുടെ പഠിത്തം തീര്‍ന്നില്ലല്ലോ” അമ്മ വേവലാതിപ്പെട്ടു
“അതിനെന്താ.. അത് അടുത്ത സെമസ്റ്ററോടെ കഴിയുമല്ലോ..പിന്നെ കാമ്പസ്സ് സെലക്ഷ്നും കഴിഞ്ഞു നില്‍ക്കുകയല്ലേ..?“
“എന്നാലും പഠിത്തം കഴിയാതെങ്ങനെ…?”
“ഒരു കുഴപ്പവുമില്ല ശാന്തേ..ഇന്നു പയ്യന്‍ എന്റെ ഓഫീസില്‍ വന്നിരുന്നു. ഈയാഴ്ച മോളു ഹോസ്റ്റലില് നിന്നു വരുമ്പോള്‍ ബന്ധുക്കളുമായി കാണാന്‍ വരാം എന്നാണയാള് പറയുന്നത്”
“എങ്കിലും അവളോടൊന്നു ചോദിക്കാതെ…അവള്‍ക്കിഷ്ടമാകുമോ പെട്ടെന്നിങ്ങനെ പറഞ്ഞാല്‍..?”
“ഒക്കെ അവള്‍ക്കിഷ്ടമാകും.അത്രക്കു സുമുഖനാണ് രമേശ്”

ഫോണ് ചെയ്തു പറഞ്ഞപ്പോള്‍ കാര്യമായ എതിര്‍പ്പൊന്നും കൃഷ്ണപ്രിയ കാട്ടിയില്ല
.” എന്റെ പഠിത്തം ഡിസ്റ്റര്‍ബ്ഡ് ആകില്ലല്ലോ?“ എന്നു മാത്രം ചോദിച്ചു.

“ഡിസ്റ്റര്‍ര്‍ബ്ഡ് ആകില്ലെന്നു മാത്രമല്ല രമേശിന്റെ വീട്ടില് നിന്നും സുഖമായി കോളേജില് പോവുകയും ചെയ്യാം. അവിടെ നിന്നും നടക്കാനുളള ദൂരമല്ലേ ഉളളൂ..” അച്ഛന്‍ അവള്‍ക്ക് ധൈര്യമേകി

അടുത്ത ഞായറാഴ്ച കൃഷ്ണപ്രിയയുടെ ‘‘വസന്ത് വിഹാര് അപ്പാര്‍ട്ടുമെന്റി‘‘ലെ നാലാം നിലയിലുളള വീട് പെണ്ണു കാണലിനായി ഒരുങ്ങി.രമേശിനെ അവള് ഒരുപ്രാവശ്യം ബാങ്കില് വച്ചു കണ്ടിട്ടുണ്ട്. പക്ഷേ അന്നത്ര ശ്രദ്ധിച്ചിരുന്നില്ല. അമ്മയുടെ സാരിയുടുത്താണന്നവള് ഒരുങ്ങി നിന്നത്. ആദ്യമായി സാരിയുടുത്ത കൃഷ്ണപ്രിയ അമ്മ സഹായിച്ചിട്ടും തെല്ലൊന്നു കഷ്ടപ്പെട്ടു.
“ഏതെങ്കിലും ക്യാഷ്വല് ഡ്രെസ്സ് പോരെ അമ്മേ..അയാളെന്നെ ജീന്‍സോ സ്കേര്‍ട്ടോ മറ്റോ ഇട്ടായിരിക്കും കണ്ടിട്ടുള്ളത്. പിന്നെന്തിനാ ഇങ്ങനെയൊരു വേഷംകെട്ടല്..?”അവള്‍ ചോദിച്ചു
“അതു പറ്റില്ല മോളേ…രമേശിന്റെ വീട്ടുകാര് കുറച്ചു പഴയ ആള്‍ക്കാരാണ് .പോരാത്തതിന് നാട്ടിന്‍പുറം കാരും. നിന്റെ കോളേജ് പട്ടിക്കാട്ടിലാണെന്ന് നീ തന്നെ പറയാറുള്ളതല്ലേ. രമേശാണെങ്കിലോ പ്രായമായ അച്ഛന്റെയും അമ്മയുടെയും ഇളയ മകനും”.

സിറ്റിയില്‍ ജനിച്ചു വളര്‍ന്ന അവള്‍ എങ്ങനെ ആ വീടുമായി അഡ്ജസ്റ്റു ചെയ്യും എന്നവര്ക്ക് കുറച്ച് ആശങ്കയുമുണ്ട്.

പെണ്ണുകാണാന്‍ അച്ഛനെയും അമ്മയെയും കൂട്ടിവന്ന രമേശിനെ കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ക്കിഷ്ടമായി.റിട്ടയേഡ് അധ്യാപകരായ അച്ഛനും അമ്മയും മിതഭാഷികളാണ്.

“നാലുകെട്ടും നടുമുറ്റവുമുള്ള പഴയ തറവാടാണ് ഞങ്ങളുടേത്.പുതിയതൊന്ന് അതേ പറമ്പില് പണിയുന്നുന്നുണ്ട്.പക്ഷേ ജാതകപ്രകാരം അവന്റെ കല്യാണം ഈ വര്‍ഷത്തെ പിറന്നാളിനു മുന്‍പ് നടത്തണം അതുകൊണ്ടാണ് വീടു പണി തീരുന്നതിനു മുന്‍പ് കല്യാണത്തിനു ധൃതികൂട്ടുന്നത്” രമേശിന്റെ അമ്മ പറഞ്ഞു.

“മോള്‍ക്ക് പഴയവീട്ടില്‍ അധികകാലം താമസിക്കേണ്ടി വരില്ല. ഏറിയാല്‍ ഒരാറുമാസം. നാട്ടിന്പുറത്തേക്കു വരുന്നെന്ന് ഓര്‍ത്ത് മോള്‍ ഒട്ടും വിഷമിക്കേണ്ട. ഇവിടത്തെപോലെത്തന്നെ അവിടെയും കഴിയാം. ഇഷ്ടമനുസരിച്ചുള്ള വസ്ത്രങ്ങളോക്കെ ആകാം”. ആശങ്കയോടെ കേട്ടു നിന്ന കൃഷ്ണപ്രിയയെ നോക്കി രമേശിന്റെ അച്ഛന് പറഞ്ഞു.

സത്യത്തില്‍ കൃഷ്ണപ്രിയയെക്കാള്‍ ആശങ്ക അവളുടെ അമ്മക്കായിരുന്നു.രമേശുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ കൃഷ്ണപ്രിയക്ക് അയാളെ ഇഷ്ടമായി.അതുകൊണ്ടു തന്നെ അവളുടെ അമ്മയുടെ എതിര്‍പ്പുകള്‍ അലിഞ്ഞു പോയി.

ആദ്യരാത്രിയില് രമേശിന്റെ വീട്ടില്‍ പുലരാറായപ്പോഴെപ്പോഴോ അയാളുടെ നെഞ്ചില് തലചായ്ച്ച് മയങ്ങിയ കൃഷ്ണപ്രിയ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുറിയില്‍ അരണ്ട വെളിച്ചം. തലക്കു മുകളില് ഇരുണ്ട മച്ച്.കിടക്കുമ്പോള്‍ത്തന്നെ ആ ഇരുണ്ട് മച്ച് അവളെ കുറച്ചു അലോസരപ്പെടുത്തിയിരുന്നു.ആദ്യമായിട്ടാണ് മച്ചിട്ട ഒരു മുറിയില്‍ അവള്‍ ഉറങ്ങുന്നത്.മച്ചിലേക്കു തന്നെ നോക്കി കിടന്ന അവള്‍ വീണ്ടും അതേ ശബ്ദം കേട്ടു…അതേ ആരോ മൂളുന്ന ശബ്ദം...അവള് പെട്ടെന്ന് രമേശിനെ വിളിച്ചുണര്‍ത്തി.
“രമേശ്… ആരോ മൂളുന്ന ശബ്ദം കേള്‍ക്കുന്നു….“അവള്‍ ഭയപ്പാടോടെ പറഞ്ഞു
“ഓ…അതു പ്രാക്കളായിരിക്കും“ അയാള്‍ ഉറക്കച്ചടവോടെ പറഞ്ഞു
“പ്രാക്കളോ..? അതെന്താ…” അവള്‍ക്ക് വീണ്ടും ഭയമായി
“അതേ… പ്രാവ്…പീജിയണ്” രമേശ് ഉറക്കം വിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
“നമ്മുടെ മുറിക്കുള്ളിലോ…?” അവള് അല്‍ഭുതത്തോടെ ചോദിച്ചു.
“മുറിയിലല്ലാ മച്ചില്‍. മച്ചിനുള്ളില് നിറയെ പ്രാവുകളാണ്.പ്രാവുകളുടെ കുറുകല്‍ എന്നു കേട്ടിട്ടില്ലേ..ഇണയെ സ്നേഹം കൂടി വിളിക്കുന്നതാണ് അവ. എന്തായാലും ഇനി പുലരാന് അധികം സമയമില്ലാ. കുറച്ചൊന്നുറങ്ങിത്തുടങ്ങിയ എന്നെ നീയും പ്രാവുകളും ചേര്‍ന്നുണര്‍ത്തി. പ്രാവുകളിങ്ങനെ കിടന്നു കുറുകുമ്പോള്‍ നമ്മളുറങ്ങുന്നത് ശരിയാണോ..? ”
അവളെ ചേര്‍ത്തടുപ്പിച്ചുകൊണ്ട് രമേശ് ചോദിച്ചു.

പിറ്റേന്ന് വിശാലമായ പറമ്പിലും പരിസരത്തുമെല്ലാം പ്രാവുകള്‍ അലഞ്ഞു നടക്കുന്നത് അയാളവള്‍ക്ക് കാണിച്ചു കൊടുത്തു.കൂടുതലും ചാരനിറത്തിലുള്ള പ്രാവുകള്. ഇടക്ക് വെളുത്ത സുന്ദരന്മാരും ഉണ്ട്.ചില വെളുമ്പന്മാര്‍ക്ക് കഴുത്തിലും ചിറകിലും ചെറിയ ചെറിയ പൊട്ടുകള്.

“ഇവരങ്ങിനെയാ മച്ചിനുള്ളില്‍ കയറുന്നത്…? “അവള്‍ കൌതുകത്തോടെ ചോദിച്ചു
രമേശ് മച്ചിനു പുറത്തേക്കുളള ചെറിയ ജനാല അവള്‍ക്ക് കാണിച്ചു കൊടുത്തു.
പറമ്പും പരിസരവുമെല്ലാം അവള്‍ക്കു വളരെ ഇഷ്ടമായി.പ്രാവുകളെയും.നഗര മധ്യത്തിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് ചീറിപ്പായുന്ന വാഹനങ്ങള് കണ്ടു ശീലിച്ച അവള്‍ക്ക് അതൊരു പുതിയ ലോകമായിരുന്നു.കോളേജ് ഹോസ്റ്റലും തീരെ ഇടുങ്ങിയ ഒരു സ്ഥലത്തായിരുന്നു
കുളക്കരയില് ചെന്നിരുന്ന രാമേശിന്റെയും കൃഷ്ണപ്രിയയുടെയും അരികിലൂടെയും പ്രാവുകള് ഭയം കൂടാതെ നടന്നു.

“രാത്രി എന്റെ പെണ്ണിനെ പേടിപ്പിക്കരുത് കേട്ടോ“രമേശ് തമാശയായി പ്രാവുകളെ ശാസിച്ചു
അന്നു രാത്രിയിലും അവള്‍ പ്രാക്കളുടെ കുറുകല്‍ കേട്ടു.
“ദേ…പ്രാവുകള്” കൃഷ്ണപ്രിയ ഉത്സാഹത്തോടെ പറഞ്ഞു.
“അവരു കുറുകട്ടെ” അവളുടെ മുടിയിയിഴകളില്‍ തലോടുന്നുതനിടയില്‍ രമേശ് യാന്ത്രികമായി പറഞ്ഞു.
അടുത്ത ദിവസം രമേശ് ഓഫീസില് പോയപ്പോള്‍ കൃഷ്ണപ്രിയ അമ്മയോട്ചോദിച്ചു.“ഈ മച്ചില്‍ കറുന്നതെങ്ങിനെയാണമ്മേ..ഗോവണിയൊന്നും കാണുന്നില്ലല്ലോ…“
പ്രാവുകളുടെ കൂട് കാണവാന്‍ അവള്‍ക്ക് തിടുക്കമായി.
“മച്ചിലാരും ഇപ്പോള് കയറാറില്ല കുട്ടി.അതിന്റെ ഗോവണിയും എടുത്തു മാറ്റി. അതിനുള്ളില് നിറയെ പൊടിയും മാറാലയുമായിരിക്കും. മോള്‍ക്കു അടുത്ത ആഴ്ച ക്ലാസ്സില് പോകാനുള്ളതല്ലേ..പൊടിയടിച്ച് വല്ല തുമ്മലോ ജലദോഷമോ പിടിച്ചാലോ” രമേശിന്റെ അമ്മ അവളെ നിരുത്സാഹപ്പെടുത്തി.
“ഈ മച്ചും പൊടിയുമൊന്നും അധികകാലം കുട്ടിക്ക് സഹിക്കേണ്ടി വരില്ല ഇനി ഫ്ലോറിങ്ങുകൂടെ കഴിഞ്ഞാല് പോരേ…നമുക്കു പുതിയ വീട്ടിലേക്കു മാറാമല്ലോ“

പിറ്റെ ആഴ്ച്ച ക്ലാസ്സില്‍ പോയ കൃഷ്ണപ്രിയക്ക് കൂട്ടുകാരികളോട് രമേശിനെക്കാളേറെ പ്രാവുകളെയും കിടക്കമുറിയില്‍ കേള്‍ക്കുന്ന അവയുടെ കുറുകലിനെക്കുറിച്ചുമാണ് പറയാനുണ്ടായിരുന്നത്.
“ഇവളെന്താ വല്ല പ്രാവിനെയുമാണോ കല്യാണം കഴിച്ചത്..?”കൂട്ടുകാ‍രികളവളെ കളിയാക്കി.
ഇടക്ക് രമേശിനെക്കൂട്ടി സ്വന്തം വീട്ടില്‍ പോയാലും കൃഷ്ണപ്രിയ അന്നുതന്നെ തിരികെപ്പോരും
“ചേച്ചിക്ക് രമേശേട്ടനെ കിട്ടിയപ്പോള് ഞങ്ങളെ വേണ്ടാതായി”അവളുടെ അനുജന്‍ കിഷോര് പരിഭവിച്ചു.
“അല്ലടാ മോനേ…ചേച്ചിക്കു ക്ലാസ്സില്‍ പോകേണ്ടേ…പിന്നെ ധാരാളം പഠിക്കാനുമുണ്ട്..എന്റെ ബുക്കെല്ലാം രമേശേട്ടന്റെ വീട്ടിലല്ലേ” കൃഷ്ണപ്രിയ കിഷോറിനെ ആശ്വസിപ്പിച്ചു.
“ബുക്കിങ്ങോട്ട് കൊണ്ടു വന്നു ചേച്ചിക്ക് രണ്ടു ദിവസം ഇവിടെ നിന്നുകൂടേ..?”
കിഷോറിന്റെ ചോദ്യത്തിന് കൃഷ്ണപ്രിയ മറുപടിയൊന്നും പറഞ്ഞില്ല.

“പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള് ഈ പഴയവീടെന്തു ചെയ്യും..?”
പുതിയ വീടിന്റെ പണി തീരാറായ ഒരു ദിവസം കൃഷ്ണപ്രിയ രമേശിനോട് ചോദിച്ചു.
“എന്തു ചെയ്യാന്‍… വാടകക്കോ മറ്റോ കൊടുക്കാം.വെറുതെ കിടന്നാല്‍ അത് ചിതലരിച്ചു നശിച്ചു പോവുകും. അല്ലെങ്കില് പഴയ വീടല്ലേ വലിയച്ഛന്റെ കാലത്തോ മറ്റോ പണിയിച്ചതാണത്.അതിന്റെ മര ഉരുപ്പിടിക്കൊക്കെ നല്ല ഡിമാന്റായിരിക്കും. പൊളിച്ചു വിറ്റാല്‍ നല്ല വില കിട്ടും.“
“അയ്യോ…അതു വേണ്ട…ആ വീടതുപോലെ കിടന്നോട്ടെ നമുക്കത് അടിച്ചു വൃത്തിയാക്കി വെക്കാമല്ലൊ..അപ്പോള്‍ ചിതലൊന്നും കയറില്ല.” അവള്‍ പറഞ്ഞു.

ഗൃഹപ്രവേശം അടുത്തു വരുമ്പോഴും വീട്ടിലെ മറ്റംഗങ്ങളുടെ ഉത്സാഹം അവള്‍ക്കുണ്ടായില്ല. മച്ചിലിരുന്നു കുറുകുന്ന പ്രാവുകള്‍ അവളുടെ ജീവിതത്തിന്റെ ഭാഗമായി. ഇരുണ്ട മച്ചുള്ള ആ കിടപ്പുമുറിയെ അവള്‍ വല്ലാതെ സ്നേഹിച്ചു. ആ വീടു വിട്ടുപോകുന്നത് അവള്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. കോളേജില്‍ പോക്കും പഠിത്തത്തിന്റെ തിരക്കിനുമിടയില്‍ പകല്‍ അവള്‍ പ്രാവുകളെ വിരളമായേ കാണാറുള്ളു. പക്ഷേ അവയുടെ കുറുകല്‍ രാത്രിയില്‍ അവള്‍ക്ക് താരാട്ടായി. അതില്ലാത്ത രാത്രിയി ലെങ്ങനെ ഉറങ്ങും....അവളാകെ വിഷമത്തിലായി.

ഗൃഹപ്രവേശദിവസം ഉച്ചകഴിഞ്ഞ് അതിഥികളെല്ലാം പിരിഞ്ഞു പോയപ്പോള് കൃഷ്ണപ്രിയ രമേശിനോടു പറഞ്ഞു.
”നമുക്ക് രാത്രിയില്‍ നമ്മുടെ പഴയ വീട്ടില് പോയി കിടക്കാം.പകല്‍ ഇവിടെയും. അപ്പോള് രണ്ടു വീടും നന്നായി ഇരിക്കുകയും ചെയ്യും.“
രമേശ് അതു കേട്ട് ദേഷ്യപ്പെട്ടു
“എന്തു ഭ്രാന്താ നീ ഈ പറയുന്നത് കൃഷ്ണേ…?അവിടെ കിടക്കാനായിരുന്നെങ്കില്‍ പിന്നെന്തിനാ ഈ വീടു പണിതത്..?അച്ഛനുമമ്മയും കേള്‍ക്കണ്ടാ ഇത്” അയാള്‍ ശാസനയുടെ സ്വരത്തിലവളോടു പറഞ്ഞു.
കൃഷ്ണപ്രിയ ഒന്നും പറയാനില്ലാതെ മ്ലാനവദനയായി നിന്നു.

പുതിയവീട്ടില്‍ അവള്‍ക്ക് ഉറക്കമില്ലാതെ രാവുകള്‍ തള്ളിനീക്കി.പ്രാവുകളുടെ കുറുകലില്ലാത്ത നിശബ്ദമായ ഇരുട്ടും തലക്കു മുകളിലെ വെളുത്ത സീലിങ്ങും അവളെ വല്ലാതെ അലട്ടി.
“എന്തുപറ്റി കൃഷ്ണേ നിനക്ക്..? “
അവളുടെ പ്രസരിപ്പു നഷ്ടപ്പെട്ട മുഖത്തെ ചീര്‍ത്ത കണ്‍പോളകള്‍ നോക്കി രമേശ് ചോദിച്ചു.അയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അവള്‍ നിശ്ബ്ദയായി.എന്നും കോളേജു വിട്ടുവന്നതിനു ശേഷം വീടു വൃത്തിയാക്കുവാനെന്ന വ്യാജേന അവള് പഴയ വീട്ടില്‍ പോയി. പ്രാക്കളുടെ കുറുകല്‍ കേള്‍ക്കാനായി. രമേശ് ഓഫീസ് വിട്ടു വരുന്ന വരെയും പുസ്തകങ്ങളുമായി അവിടെയിരുന്നു പഠിച്ചു.

പിറ്റെ ആഴ്ച ഒരു മാസത്തേക്ക് അവള്‍ക്ക് പ്രൊജക്റ്റ് വര്‍ക്കിന് ബാംഗ്ലൂരില്‍ പോകണം.
“സാരമില്ല…ഒരു മാസമല്ലേ…നമുക്കെന്നും വിളിക്കാമല്ലോ..പറ്റിയെങ്കില്‍ ഒരു ഓഫീസ് ടൂറൊപ്പിച്ച് ഞാനങ്ങു വരാന് നോക്കാം.റെയില് വെ സ്റ്റേഷനില്‍ കൊണ്ടാക്കുമ്പോള്‍ രമേശ് കൃഷ്ണപ്രിയയെ സമാധാനിപ്പിച്ചു..

ബാംഗ്ലൂരില്‍ നിന്നും വിളിക്കുമ്പോഴെല്ലാം കൃഷ്ണപ്രിയ സന്തോഷവതിയായിരുന്നു.ഒരു റിട്ടയേഡ് ദമ്പതികളുടെ വീട്ടില് പേയിങ്ങ് ഗസ്റ്റായാണ് അവളവിടെ താമസിക്കുന്നത്.ധാരാളം പൂക്കളുള്ള വിശാലമായ പൂന്തോട്ടവും ചുറ്റും മരങ്ങള്‍ തണല് വിരിക്കുന്നതുമായ പഴയൊരു ബംഗ്ലാവ്.
”നമ്മുടെ പഴയ വീട്ടില്‍ താമസിക്കുന്നതുപോലെ തന്നെ തോന്നുന്നു“ കൃഷ്ണപ്രിയ ആഹ്ലാദത്തോടെ രമേശിനോടു പറഞ്ഞു.
പിന്നീടവള് പ്രൊജക്റ്റ് ചെയ്യുന്ന കമ്പനിയെക്കുറിച്ചും കമ്പനിയിലെ മലയാളികളെ പരിചയപ്പെട്ടതിനെക്കുറിച്ചും കൂട്ടുകാരുടെ കൂടെ ബാഗ്ലൂര് സിറ്റി കറങ്ങാന് പോയതിനെക്കുറിച്ചെല്ലാം അയാളോട് നിറുത്താതെ സംസാരിച്ചു.ഇടക്ക് പഴയ വീട് വൃത്തിയാക്കിയിടുവിക്കാന്‍ മറക്കരുതേ എന്ന് അയാളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ബാംഗ്ലൂരില്‍ നിന്നും തിരികെ വരുന്ന കൃഷ്ണപ്രിയയെ കാറുമായി രമേശ് സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു.
“നീയില്ലാതിരുന്നിട്ട് എനിക്കു ശരിക്കും ബോറടിച്ചു” ഡ്രൈവു ചെയ്യുന്നതിനിടെ രമേശ് പറഞ്ഞു.
“രമേശില്ലാതിരുന്നിട്ട് എനിക്കും. പക്ഷേ ബോറടിക്കാന്‍ എവിടെ സമയം.പ്രൊജക്റ്റിന്റെ തിരക്കല്ലായിരുന്നോ” അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

വീടിനു മുന്നിലെത്തിയ കൃഷ്ണപ്രിയക്ക് പരിസരം ആകെ മാറിയിരിക്കുന്നതുപോലെ തോന്നി.
“ഇതെന്താ ഇവിടെയാകെ ഒരു മാറ്റം…?” ചുറ്റും നോക്കിക്കൊണ്ട്അവള് കാറില്‍ നിന്നുമിറങ്ങി..
പെട്ടെന്നവള്‍ക്ക് മനസ്സിലായി പഴയ വീടിരുന്നയിടം ശൂന്യം !!!
“ഇതെന്താ രമേശ്…നമ്മുടെ പഴയ വീടെവിടെ ..? അതു പൊളിച്ചു കളഞ്ഞോ…?എന്നോടൊന്നു പറയുകപോലും ചെയ്തില്ലല്ലോ…?“ അവള്‍ കരച്ചിലിന്റെ വക്കോളമെത്തി.
അവളുടെ ഭാവഭേദം അയാളെ അമ്പരപ്പിച്ചു.
“അതോ…അതു കഴിഞ്ഞയാഴ്ച പൊളിച്ചു വിറ്റു. നല്ല വിലയും കിട്ടി..”അയാള് നിസ്സാര മട്ടില് പറഞ്ഞു
“ഒന്നു ചോദിക്കാമായിരുന്നില്ലേ എന്നോട്…?അവളുടെ ശബ്ദം അസാധാരണമാം വിധം ഉയര്‍ന്നു അവളുടെ സങ്കടം ദേഷ്യത്തിനു വഴിമാറുന്നത് അയാള് അല്‍ഭുതത്തോടെ നോക്കിനിന്നു.
“ശ്ശേ…ശബ്ദമുണ്ടാക്കാതെ ..…അച്ഛനും അമ്മയും കേള്‍ക്കില്ലേ..?”രമേശിനും ദേഷ്യം വന്നു തുടങ്ങിയിരുന്നു..
കൃഷ്ണപ്രിയ പെട്ടെന്നു നിശ്ശബ്ദയായി ഒരു നിമിഷം രമേശിനെ നോക്കി, പിന്നെ കണ്ണീരൊലിപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്കു കയറിപ്പോയി. അന്നു മുഴുവന് അവള് നിശ്ശബ്ദം കരഞ്ഞുകൊണ്ടിരുന്നു.അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. രമേശിന്റെ അച്ഛനുമമ്മയും ചോദിച്ചിട്ടും അവളൊന്നും മിണ്ടാതെ ഇരുന്നു.അവളുടെ ഭാവമാറ്റം രമേശിനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. പിന്നീടയാള്‍ അവളോടോന്നും ചോദിച്ചില്ല. പിറ്റേദിവസവും അവള്‍ മൌന വ്രതം പാലിച്ചപ്പോള് അയാള്‍ ക്ഷമകെട്ട് അവളോട് ചോദിച്ചു
“എന്തായിത് കൃഷ്ണേ ..?ഇങ്ങനെ പിണങ്ങാന് മാത്രം എന്തുണ്ടായി ഇവിടെ…? ഒരുമാസം കൂടി കണ്ടിട്ട് ഇങ്ങനെയാണോ നീ എന്നോടു പെരുമാറുന്നത്..? അച്ഛനുമമ്മയും എന്തു വിചാരിക്കും. ഒരു പ്രയോജനവുമില്ലാത്ത ആ പഴയ വീടു പൊളിച്ചതിന് ഇത്ര പ്രശ്നമാക്കാനുണ്ടോ..?”

കൃഷ്ണപ്രിയ അയാളോട് എന്തോ സംസാരിക്കുവാനായി തുനിഞ്ഞു.പക്ഷേ അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല.അവള്‍ക്ക് സംസാരിക്കുവാനെന്തോ പ്രയാസമുണ്ടെന്നു അയാള്‍ക്ക് തോന്നി.

“എന്താ..എന്തുപറ്റി…? നിനക്കു സംസാരിക്കുവാന്‍ സാധിക്കുന്നില്ലേ..?”. കുറച്ചു പരിഭ്രമത്തോടെയാണയാള്‍ ചോദിച്ചത്

വീണ്ടും അവളെന്തോ പറയുവാനായി ശ്രമിച്ചു. ഇത്തവണ അവളുടെ ശബ്ദം പുറത്തേക്കു വന്നു അതൊരു പ്രാവിന്റെ കുറുകലായിരുന്നു. തുടര്‍ന്ന് പ്രാവു കുറുകുന്ന ശബ്ദത്തില്‍ അവള്‍ അയാളോടു സംസാരിച്ചു കൊണ്ടിരുന്നു…