7.7.11

ചില കുഞ്ഞു വിചാരങ്ങള്‍

“മണിക്കുട്ടീ....നിനക്ക് ഒരു കാര്യമറിയാമോ...? ഈ പേനുകളുണ്ടല്ലോ നമ്മള്‍ ഞെക്കി കൊന്നാലേ ചാവുകയുള്ളു. ഇന്നാളു ഞാന്‍ ഒരു പേനിനെ മണ്ണിനടിയില്‍ ഇട്ടു നോക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അത് മണ്ണ് നീക്കി പുറത്തു വന്നു “

കുളക്കടവില്‍ നിന്നിരുന്ന മഷിത്തണ്ട് പൊട്ടിച്ചെടുക്കുന്നതിനിടെ തല ചൊറിഞ്ഞുകൊണ്ട് ആനി പറഞ്ഞു കൊണ്ടിരുന്നു, പറമ്പിലെ മഷിത്തണ്ടെല്ലാം അറ്റുപോയതിന്റെ സങ്കടം പറഞ്ഞപ്പോള്‍ ജോലിക്കാരി തുളസി ചേച്ചി കൊണ്ടു തന്നതായിരുന്നു മഷിത്തണ്ടിന്റെ ഒന്ന് രണ്ടു ചെടികള്‍. ഇപ്പൊ അത് കുളക്കടവില്‍ കുറേശ്ശെ പടര്‍ന്നിട്ടുണ്ട്
ട്യൂഷന്‍ ക്ലാസ്സിനിടെ കുറുപ്പുസാറിനോടു ചോദിച്ചു മഷിത്തണ്ട് ഒടിക്കാന്‍ കുളക്കടവിലെത്തിയതായിരുന്നു ഞങ്ങള്‍. എന്നും നാല് മണി വിട്ടു കുറച്ചു സമയം കഴിയുമ്പോള്‍ കുറുപ്പ് സാര്‍ എന്റെ വീട്ടില്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ വരും. കൂടെ അയലത്തുള്ള ഒന്നാം ക്ലാസ്സുകാരും ഉണ്ടാകും .

“മതി സാറ് വിളിക്കുന്നുണ്ട് വാ..” ഞാന്‍ വീട്ടിലേക്കു തിരിഞ്ഞോടി. വരാന്തയിലിരുന്ന് കൂടെ പഠിക്കുന്നവര്‍ക്കും ഞങ്ങള്‍ കുറച്ചു മഷിത്തണ്ട് കൊടുത്തു. ഞാന്‍ ആനിയുടെ അടുത്താണ് ഇരിക്കുന്നതെങ്കിലും കുറച്ചു നീങ്ങിയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

 "പേന്‍പുഴുപ്പി ആനി"എന്നാണവളെ എല്ലാരും വിളിക്കുന്നത്‌.  ആനിയുടെ തലയിലൂടെ എപ്പോഴും പേനുകള്‍ ഇഴഞ്ഞു കൊണ്ടിരിക്കും. തലമുടി ഇഴകളിലാകെ അടുങ്ങിയിരിക്കുന്ന ഈരുകള്‍. എഴുതാനില്ലാത്ത സമയം മുഴുവന്‍ അവളുടെ കൈ തല ചൊറിഞ്ഞു കൊണ്ടിരിക്കും. പേന്‍പുഴുപ്പി എന്നൊക്കെ അവളെ എല്ലാവരും പറയുമെങ്കിലും തലയില്‍ പേനുള്ളതാണ് എനിക്കിഷ്ടം. എന്റെ തലയില്‍ പേന്‍ നിറയുമ്പോള്‍ വൈകുന്നേരം പശുവിന് പുല്ലു കെട്ടുമായി വരുന്ന കുറുമ്പയെ കൊണ്ടു അമ്മ പേന്‍ നോക്കിക്കും. അരിവാളിന്റെ വളഞ്ഞ തുമ്പു കൊണ്ടു കുറുമ്പ ശ്....ശ്..എന്ന് ശബ്ദമുണ്ടാക്കി ഈരുകളെയും പേനുകളെയും ഞെരിച്ചു കൊല്ലും. കൂടെ അടുത്തിരിക്കുന്ന അമ്മയോട് കുറുമ്പ പറയുന്ന നാട്ടു വിശേഷങ്ങളും കേള്ക്കാം . കുറച്ചു കഴിയുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു പോകും.
“മതി കൊച്ചെ പേനെല്ലാം തീര്‍ന്നു ” എന്ന് പറഞ്ഞു കുറച്ചു സമയം കഴിയുമ്പോള്‍ കുറുമ്പ എന്നെ എഴുന്നേല്‍പ്പിച്ചു വിടും. ഒന്നോ രണ്ടോ ദിവസം കുറുമ്പ തലമുടിയിലൂടെ അരിവാള്‍ ഓടിച്ചാല്‍ മതി പിന്നെ ഒറ്റ പേന്‍ കാണില്ല തലയില്‍.

എന്റെ തലയില്‍ പേന്‍ നോക്കുന്നത് കാണുമ്പോള്‍ വെല്യമ്മച്ചിക്കും പേന്‍ കടി തുടങ്ങും. ഒറ്റ പേനില്ലാത്ത തലയുമായി ഒന്ന് “നോക്കിക്കേ കുറുമ്പേ"ന്നും പറഞ്ഞ് മുടി അഴിച്ചു വല്യമ്മച്ചി ഇരിക്കും. കുറച്ചു നേരം കഴിയുമ്പോള്‍ “പേനൊന്നുമില്ല എന്റെ വെല്യമ്പ്രാട്ടീ”ന്നും പറഞ്ഞ് കുറുമ്പ എഴുന്നേറ്റു പൊയ്ക്കളയും. അപ്പോഴാണ്‌ തുളസി ചേച്ചിയുടെ സൂത്രം. കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ മൊട്ടു കയ്യില്‍ പിടിച്ച് തുളസി ചേച്ചി വെല്യമ്മച്ചിയുടെ തലയില്‍ പേന്‍ നോക്കും. ഇടക്കിടക്ക്‌ കയ്യിലിരിക്കുന്ന മൊട്ടുകള്‍ തലയില്‍ വെച്ചു ഞെരിച്ചു കൊണ്ടിരിക്കും. അത് കേള്‍ക്കുമ്പോള്‍ വലിയമ്മച്ചി സന്തോഷത്തോടെ പറയും
”ആ കുറുമ്പയെ എന്തിനു കൊള്ളാം..എത്ര പേനാ നീ കൊന്നത് എന്‍റെ തൊളസീ...”
അത് കേട്ട് തുളസി ചേച്ചി എന്നെ നോക്കി കണ്ണിറുക്കും.
കുറുമ്പ പേനെല്ലാം കൊന്നു തീര്‍ത്താലും ഇടക്കിടക്ക് ആനി എന്റെ തലയിലേക്ക്‌ പേന്‍ പകര്‍ത്തിക്കൊണ്ടിരിക്കും. ഞാനാണെങ്കില്‍ അവളുടെ അടുത്ത് മാത്രമേ ഇരിക്കൂ. കാരണം അവളുടെ വീടിന്‍റെ പറമ്പില്‍ നിറയെ പൂച്ചപ്പഴങ്ങളുടെ കാടുണ്ട്. അതവളെനിക്ക് കൊണ്ടത്തരും. നല്ല വെളുത്ത പഞ്ഞി മുത്തു പോലത്തെ പൂച്ചപ്പഴങ്ങള്‍ എത്ര തിന്നാലും എനിക്ക് മതിയാവില്ല. പിന്നെ തലയില്‍ കുറച്ചു പേന്‍ കയറിയാലെന്താ..?
തുളസി ചേച്ചിയോട് ഇനി കുറച്ചു കൂടെ മഷിത്തണ്ട് കൊണ്ടു വരാന്‍ പറഞ്ഞിട്ടുണ്ട്. കുറച്ചു ആനിക്ക് വീട്ടില്‍ കൊണ്ടു പോയി നടാമല്ലോ. ഞാന്‍ എന്ത് പറഞ്ഞാലും തുളസിചേച്ചി ചെയ്തു തരും. എന്നെ വലിയ ഇഷ്ടമാണ് ചേച്ചിക്ക്. തുളസി ചേച്ചി എന്നും എനിക്ക് പ്യാരീസ്‌ മുട്ടായി തരുന്ന ആളല്ലേ. അതില്‍ നിന്നും ഇന്നാള് ഒരെണ്ണം ആനിക്ക് കൊടുത്തപ്പോള്‍ അവള്‍ ചോദിക്കുവാ, “നീ വീട്ടീന്നു കാശ് കക്കുന്നുണ്ടല്ലേ”ന്നു.. പിന്നെ ഞാനവള്‍ക്ക് കൊടുത്തിട്ടേ ഇല്ല. തുളസിചേച്ചി തന്നതാണെന്നു പറഞ്ഞാല്‍ എന്തിനു തന്നൂന്നു പറയേണ്ടി വരും. തുളസിചേച്ചി ആളു സൂത്രക്കാരിയാനെന്നു എനിക്കുമാത്രമല്ലേ അറിയൂ. അല്ലെങ്കില്‍ സ്കൂള് വിട്ടു വന്ന എന്നെക്കണ്ട് “കൊച്ചിന് പാലെടുത്ത് കൊടുത്തേരെ തുളസീന്ന്” അമ്മ പറയേണ്ട താമസം ഓടി വന്നു പാത്രത്തില്‍ നിന്ന് പാല് പകര്‍ന്നെടുത്തു തന്ന ശേഷം ആരും കാണാതെ കുഞ്ഞു ഗ്ലാസ്സില്‍ എടുത്തു കട്ടു കുടിക്കുമായിരുന്നോ. അക്കാര്യം കൂടെ അമ്മയോട് പറയാന്‍ കൂടെ എനിക്ക് മടിയാ. അപ്പോഴല്ലേ ഞാന്‍ കാശ് കട്ടെടുക്കണത്.

ഇപ്പോള്‍ ആ പ്യാരീസു മുട്ടായിയുടെ പച്ച കടലാസെല്ലാം ഞാന്‍ കൂട്ടി വെച്ച് ഒരു മാലയുണ്ടാക്കി വെച്ചിട്ടുണ്ട്. എന്ന് തൊട്ടാണെന്നോ എനിക്ക് മുട്ടായി കിട്ടുവാന്‍ തുടങ്ങിയത്‌..? ഒരു ദിവസം രാവിലെ പശൂനെ കറക്കാന്‍ രാജന്‍ചേട്ടന്‍ വന്നോന്നു നോക്ക് എന്ന അമ്മ പറഞ്ഞിട്ട് തൊഴുത്തിനടുത്തേക്ക് പോയതായിരുന്നു ഞാന്‍. അപ്പോള്‍ തുളസിചേച്ചി തൊഴുത്തിനുള്ളില്‍ രാജന്‍ ചേട്ടന്റടുത്തുനിന്ന് ചിണുങ്ങുന്നു. “കരയാതെ എന്റെ പെണ്ണേ..”ന്നു പറഞ്ഞു രാജന്‍ ചേട്ടന്‍.. താഴെ ചേച്ചിയുടെ കുപ്പിവളകള്‍ പൊട്ടിക്കിടപ്പുണ്ട്.
“എന്തിനാ ചേച്ചിയെ കരയിപ്പിച്ചെന്നു ചോദിച്ചപ്പോള്‍ രാജചേട്ടന്‍ പറയുവാ ചേച്ചീടെ കുപ്പി വള പൊട്ടിപ്പോയിട്ടാണെന്ന്‍. “ആരോടും പറയണ്ട മുട്ടായി മേടിച്ചു തരാം" എന്ന് പറഞ്ഞു ചേച്ചി എന്നെ വീടിലേക്ക് കൂട്ടി കൊണ്ട് വന്നു. കുപ്പി വള പോയതിനു എനിക്ക് മുട്ടായി തരുന്നത് എന്തിനാണെന്ന് മാത്രം എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇക്കാര്യം അമ്മയോടൊന്നു ചോദിക്കാമെന്ന് വെച്ചാലും രക്ഷയില്ല. എന്തെങ്കിലും ചോദിക്കാന്‍ ചെല്ലുമ്പോഴേ “ചെറിയ വായില്‍ വലിയ വര്‍ത്താനം വേണ്ടാ”ന്നു പറഞ്ഞു അമ്മ ഓടിക്കും. അല്ലാ..ഇതിപ്പോ അറിഞ്ഞില്ലെങ്കില്‍ എന്താ കുഴപ്പം. എന്നും പ്യാരീസ്‌ കിട്ടിയാപ്പോരെ..?

പിന്നെയും എന്റെ തലയില്‍ നിറയെ പേന്‍ നിറഞ്ഞിരിക്കുകയാനെന്നു തോന്നുന്നു. വൈകുന്നേരം കുറുമ്പ പുല്ലു കൊണ്ടുവരാന്‍ നോക്കിയിരിക്കുകയാണ് അമ്മ.
“കൊച്ചിന്റെ തലയൊന്നു നോക്കിക്കേ കുറുമ്പേ. രണ്ടു കൈ കൊണ്ടും കൊണ്ടു മാന്താ എപ്പോഴും.”
“വാ...കൊച്ചെ” കുറുമ്പ ഉത്സാഹത്തോടെ എന്നെ പടിയില്‍ പിടിച്ചിരുത്തി. ചേറു മണമുള്ള മടിയിലിരുന്ന്‍ ഞാന്‍ കുറുമ്പ പറയുന്ന വിശേഷങ്ങള്‍ കേട്ട് കൊണ്ടിരുന്നു.
“തെക്കെതിലെ ആനിക്കൊച്ചിനെ ആസ്പത്രീലാക്കിയിരിക്കുയാ”
“അയ്യോ...എന്നാ പറ്റീ അവള്‍ക്ക് ...? ആരും പറഞ്ഞു കേട്ടില്ലല്ലോ..?”
’മഞ്ഞപ്പിത്തം..”
“അവളിപ്പോ സ്കൂളിലും ട്യൂഷനും ഒന്നും വരുന്നില്ല കുറുമ്പേ..”ഞാന്‍ പറഞ്ഞു.
“ഇപ്പൊ എല്ലായിടത്തും ഉണ്ടീ ദീനം. തമ്പ്രാട്ടീ. കൊച്ചുങ്ങളെ സൂക്ഷിച്ചോ..”
ശ്....ശ്..എന്ന് ശബ്ദം കേട്ട് കൊണ്ടു ഞാന്‍ കുറുമ്പയുടെ മടിയിലിരുന്നു ഉറക്കം തൂങ്ങാന്‍ തുടങ്ങി .
പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാവരും ആനിയുടെ വീട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു. അവള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു പോയത്രേ.
“കഷ്ടം മഞ്ഞപ്പിത്തം കൂടിപ്പോയത്‌ ആരും അറിഞ്ഞില്ല. കഴിഞ്ഞ ആഴ്ച കൂടെ മണിക്കുട്ടിയുടെ കൂടെ ട്യൂഷന്‍ പഠിക്കാന്‍ ഇവിടെ വന്ന കൊച്ചാ.”വലിയമ്മച്ചി നെടുവീര്‍പ്പിട്ടു. ഞാന്‍ മുറ്റത്തിറങ്ങി രണ്ടു വീടുകള്‍ക്ക് അപ്പുറമുള്ള ആനിയുടെ വീട്ടിലേക്ക്‌ നോക്കി. എന്തൊക്കെയോ ശബ്ദം അവിടെ നിന്ന് കേള്‍ക്കുന്നുണ്ട്.
തുളസിചേച്ചി എന്റെ ഉടുപ്പ് മാറിച്ചു വെറൊന്ന്‍ ഇടുവിപ്പിച്ചു .പൌഡര്‍ ഇട്ടു പൊട്ടു തൊടാന്‍ പറഞ്ഞപ്പോള്‍ ചേച്ചി പറയുവാ മരിച്ച വീട്ടില്‍ ആരും അണിഞ്ഞൊരുങ്ങി പോകാറില്ലന്ന്. "വാ..നമുക്ക്‌ വേഗം പോകാം.” ചേച്ചിയും വിതുമ്പുന്നുണ്ട്.
മുടി ചീകിയൊതുക്കി ചേച്ചിയും ഞങ്ങളുടെ കൂടെ അവളുടെ വീട്ടിലെത്തി.

എന്തൊരാളാണ് ഇവിടെ. എല്ലാവരും അവളെ കാണാന്‍ വന്നവരായിരിക്കുമോ..? ചാച്ചനും വെലിയമ്മച്ചിയും എല്ലാം നേരത്തെ അവിടെ എത്തിയിട്ടുണ്ട്. അവള്‍ എന്നെപ്പോലെ ഒന്നാം ക്ലാസിലല്ലേ പഠിക്കുന്നത്. വലിയവരെ കാണാനല്ലേ വീടുകളില്‍ ആളുകള്‍ വരിക..?പിന്നെങ്ങനെയാണ് അവളെകാണാന്‍ ഇത്ര അധികം ആളുകള്‍...?എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ. വലിയ കരച്ചിലും കേള്‍ക്കുന്നുണ്ട്. ഞാന്‍ അമ്മയുടെ പിടി വിട്ട് വീടിനുള്ളിലേക്ക് ഓടി. ആളുകളെ തിക്കിത്തിരക്കി അവളുടെ അടുത്തെത്തി.

ഒരു പെട്ടിയില്‍ മുടി രണ്ടായി മെടഞ്ഞിട്ട് ലേസ് തുന്നിച്ചേര്ത്ത വെള്ള ഉടുപ്പുമിട്ടു കണ്ണടച്ചു കിടക്കുകയാണവള്‍. തലയില്‍ പൂക്കളുടെ കിരീടവും. ഇവള്‍ക്കെന്നാ ഈ വെള്ള ഉടുപ്പ് വാങ്ങിയത്‌...? പുതിയതാണെന്നു തോന്നുന്നു. ഇവളെന്താ ആദ്യ കുര്‍ബാന കൊള്ളാന്‍ പോകുന്നോ..? വെള്ള ഉടുപ്പും കിരീടവുമൊക്കെയായി. കയ്യില്‍ പക്ഷെ പൂച്ചെണ്ടില്ല. കുരിശും കൊന്തയുമാണ്. അതുകൊണ്ടു ആദ്യ കുര്‍ബാനകുട്ടിയാണെന്നു അത്രക്കങ്ങു തോന്നുന്നുമില്ല. പോരാത്തതിന് കണ്ണും അടച്ചു കിടക്കുന്നു. അവളുടെ അടുത്തിരുന്നു ഒതുക്കി വെക്കാത്ത മുടിയും കരഞ്ഞു വീര്‍ത്ത മുഖവുമായി വലിയ ശബ്ദത്തില്‍ കരയുന്നത് അവളുടെ അമ്മയാണെന്ന് ആദ്യം എനിക്ക് മനസ്സിലായാതേ ഇല്ല. ആന്റിക്ക് ഇപ്പോള്‍ വേറൊരു മുഖമാണ്. ചുളുങ്ങിയ സാരിയും ഒക്കെ ഉടുത്ത്. അടുത്തിരുന്നു കരയുന്ന അവളുടെ പാലായിലെ എല്‍സമ്മാന്റിയും അതുപോലെ തന്നെ. അവളുടെ ചിറ്റപ്പന്റെ‍ കല്യാണത്തിനു കഴിഞ്ഞ കൊല്ലം എല്‍സമ്മാന്റി വന്നപ്പോള്‍ എന്ത് ഭംഗിയായിരുന്നു കാണാന്‍. കഴുത്തില്‍ കല്ല്‌ നെക്ലെസും ചുണ്ടില്‍ ചായവുമൊക്കെ തേച്ച്. കുറച്ചു നേരം നോക്കി കഴിഞ്ഞപ്പോഴാണ് ആ ആന്റിയെയും എനിക്ക് മനസ്സിലായത്‌. അന്ന് എന്നോടു എന്ത് മാതിരി വര്‍ത്താനം പറഞ്ഞ ആളാ. ഇപ്പൊ ഒന്ന് നോക്ക് കൂടി ചെയ്യുന്നില്ല.

ഞാന്‍ വീണ്ടും അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പൂക്കള്‍ കൊണ്ടുള്ള കിരീടത്തിനും ഇടക്ക്‌ മുടിയിലെ ഈരുകള്‍ തെളിഞ്ഞു കാണാം. തലമുടി ഇഴകള്‍ക്കിടെ പേനുകള്‍ നുരക്കുന്നു. അവ പതുക്കെ പതുക്കെ അവളുടെ മുഖത്തേക്ക് നീങ്ങുന്നുണ്ട്. ഈ ആനിയുടെ ഒരു കാര്യം മുഖത്തൂടെ പേന്‍ നുരച്ചാലും അറിയാത്ത പെണ്ണ്. ചുമ്മാതല്ല എല്ലാവരും പേന്‍ പുഴുപ്പീന്നു വെളിക്കുന്നെ. ഒന്ന് രണ്ടു പേനുകള്‍ ഇപ്പൊ കവിളിലേക്കിറങ്ങി വരുന്നുണ്ട്.”ദേ...പേന്‍..”എന്ന് പറഞ്ഞു ഞാന്‍ കൈ നീട്ടി അതിനെ പിടിച്ചു കൊല്ലാന്‍ തുടങ്ങിയതായിരുന്നു.
ഏതോ പരിചയമില്ലാത്ത ഒരാള്‍ “വേണ്ട മോളെ ....”എന്ന് പറഞ്ഞെന്നെ മാറ്റി നിറുത്തി. അവളുടെ കുഞ്ഞമ്മ കരഞ്ഞു കൊണ്ടു തൂവാല കൊണ്ടു അത് തട്ടി മാറ്റി. പിന്നെയും വലുതും ചെറുതുമായി നിറയെ പേനുകള്‍. അപ്പോഴെല്ലാം അവളുടെ കുഞ്ഞമ്മ തൂവാലകൊണ്ട് തട്ടി മാറ്റിക്കൊണ്ടിരുന്നു .

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്നും അച്ചന്‍ വന്നു പ്രാര്‍ത്ഥന തുടങ്ങി. ഇപ്പോള്‍ എല്ലാവരുടെയും കരച്ചില്‍ ഉച്ചത്തിലായി. അവള്‍ ഇതൊന്നും അറിയാതെ അപ്പോഴും കണ്ണടച്ചു കിടപ്പാണ്. ഒടുവില്‍ കുറെ ആളുകള്‍ അവളെ ആ പെട്ടിയോടെ എടുത്തുകൊണ്ടു പള്ളിയിലേക്ക് പോയി. അപ്പോഴും കവിളില്‍ ഒന്ന് രണ്ടു പേന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാനൊഴിച്ചു എല്ലാവരും ഭയങ്കര കരച്ചില്‍ എന്റെ അമ്മയും തുളസിചേച്ചിയും വെല്ലുമ്മച്ചിയും എല്ലാവരും. അത് കണ്ടപ്പോള്‍ എനിക്കെന്തോ പേടിയായി. ഞാനും ഉച്ചത്തില്‍ കരഞ്ഞു.

എല്ലാവരുടെ കൂടെ ഞാനും പള്ളിയിലേക്ക് പോയി. പക്ഷെ തിരിച്ചു പോരുമ്പോള്‍ ആനി മാത്രം കൂടെയില്ല. അവളെ അവിടെ സിമിത്തേരിയില്‍ അടക്കിയിരിക്കുന്നത്രേ. ഈ അടക്ക്‌ എന്ന് പറഞ്ഞാല്‍ എന്താണാവോ..? തിരക്ക് കാരണം സിമിത്തേരിയിലേക്ക് കയറുവാന്‍ കൂടെ പറ്റിയില്ല. നിറയെ ആളും കരച്ചിലും. "മോളിവിടെ നിന്നോ തിരക്കില്‍ തട്ടി വീഴും" എന്ന്‍ തുളസിചേച്ചി പറഞ്ഞപ്പോള്‍ ഞാന്‍ തുളസിചേച്ചിയുടെ കൈ പിടിച്ചു പുറത്തു നില്ക്കുകയായിരുന്നു. കരഞ്ഞു കൊണ്ടു സിമിത്തേരിയില്‍ നിന്നും തിരികെ പോരുന്ന മുഖങ്ങളിലേക്ക് ഞാന്‍ മാറി മാറി നോക്കി. എവിടെ ആനിയും അവള്‍ കിടന്നിരുന്ന പെട്ടിയും..? ആരോടാ ഒന്ന് ചോദിക്കുക..? എല്ലാവരും കരച്ചിലല്ലേ..? ഓ...ഇനി അവളെ കാണണമെങ്കില്‍ പള്ളിസിമിത്തേരിയില്‍ പോയാലേ ഒക്കുകയുള്ളൂ എന്ന് തോന്നുന്നു.

“ഇനി അവള്‍ക്കു വീട്ടില്‍ നടാന്‍ മഷിത്തണ്ട് ഒന്നും കൊണ്ടു വരണ്ടാ..തുളസിചേച്ചി..അവള് മരിച്ചു പോയി....മരിച്ചാല്‍ പിന്നെ സ്കൂളില്‍ വരാന്‍ പറ്റില്ലല്ലോ. ഇനി അവള്‍ പള്ളിയില്‍ തന്നെയാണെന്നാ തോന്നുന്നത്.”
അത് കേട്ട് തുളസി ചേച്ചി കരഞ്ഞു കൊണ്ടു എന്റെ കൈ പിടിച്ചു വീട്ടിലേക്ക്‌ നടന്നു.

പിറ്റെ ദിവസം പള്ളിയില്‍ കഴിഞ്ഞു ഞാന്‍ സിമിത്തേരിയില്‍ പോയി. ആനി അവിടെ എന്തെടുക്കുന്നു എന്ന് നോക്കണമല്ലോ. അവളുടെ അമ്മ ഇന്നും കരഞ്ഞു കൊണ്ടു പൂക്കള്‍ കൊണ്ടു അലങ്കരിച്ച കുഴിമാടത്തിനരികെ നില്‍ക്കുന്നു. ഹാവൂ..എന്ത് മാത്രം പൂക്കളാ....റോസയും ജമന്തിയും ഒക്കെയുണ്ട്. ഞാന്‍ കുഴി മാടത്തിനരികിലേക്ക് ചെന്നു. അവള്‍ ആ മണ്ണിനടിയിലാണെന്നു ഇപ്പോഴാണെനിക്ക് മനസ്സിലായത്‌. അവള്‍ ഇനി എന്നും ആ കുഴിക്കുള്ളിള്‍ കിടന്നു ഉറക്കമായിരിക്കുമോ....? ഇനി അവളുടെ വിശേഷങ്ങള്‍ അറിയാനെന്താ വഴി..? ഈ കുഴിമാടത്തിനുള്ളില്‍ നിന്നും അവളുടെ തലയിലെ പേനുകള്‍ പൊങ്ങി വരുമോ...? പേനുകള്‍ മണ്ണിനടിയിലായാലും ചാകില്ലല്ലോ..മണ്ണിനിടയില്‍ നിന്നും അവ പൊങ്ങി വരുന്നുണ്ടോ...? ഞാന്‍ കുഴി മാടത്തിലെ പൂക്കള്‍ക്കിടയിലേക്ക് സൂക്ഷിച്ചു നോക്കി. ചിലപ്പോള്‍ ഈ പൂക്കള്‍ മുകളില്‍ ഇരിക്കുന്നത് കൊണ്ടായിരിക്കുമോ പേനുകള്‍ മുകളിലേക്ക് വരാത്തത്. ഞാന്‍ നിലത്തിരുന്നു പൂക്കള്‍ ഓരോന്നായി നീക്കാന്‍ തുടങ്ങി. കൂടെ കുറച്ചു മണ്ണും. പേനുകള്‍ക്ക് എളുപ്പം പുറത്തേക്ക് വരാമല്ലോ..

“എന്റെ പൊന്നു മോളേ...മണിക്കുട്ടീ..എന്താ...നീയീ കാണിക്കുന്നേ..നമ്മുടെ ആനിമോള് ഇതിനടിയിലായി. അവളിനി വരില്ല മോളേ.....”
പൊട്ടിക്കരഞ്ഞു കൊണ്ടു അവളുടെ അമ്മ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ആന്റിയുടെ നെഞ്ചിലെ പ്രാവ് കുറുകുന്ന പോലുള്ള ശബ്ദത്തോടൊപ്പം പുറത്തേക്ക് വന്ന ശക്തിയുള്ള തേങ്ങലുകള്‍ എന്റെ ശരീരത്തെ ചെറുതായി വിറപ്പിച്ചു കൊണ്ടിരുന്നു. ചുവന്നു വീര്‍ത്ത ആ കണ്ണുകളില്‍ നിന്ന് വീണ കണ്ണുനീര്‍ എന്റെ കവിളുകള്‍ നനക്കുന്നുണ്ടായിരുന്നു. അത് തുടച്ചു കളഞ്ഞു ഞാനപ്പോഴും കുഴിമാടത്തിലെ മണ്ണിലേക്ക്‌ സൂക്ഷിച്ചു നോക്കിക്കൊണ്ട് നിന്നു.