27.5.13

പുനരുത്ഥാനത്തിനുള്ള തയ്യാറെടുപ്പുകള്‍


“എന്നാലും ആ കുഴിവെട്ടി ആഗസ്തി നമുക്കിട്ടീപ്പണി തരുമെന്നു ഓര്‍ത്തില്ല.”

ആറടി താഴ്ചയില്‍ നിന്നും  മണ്ണ് നിറച്ച കുട്ട മുകളിലേക്ക് കൊടുക്കുന്നതിനിടെ ജോബിച്ചന്‍ കിതച്ചു കൊണ്ടു പറഞ്ഞു.

“അതെ...അതെ...ഇത് വല്ലാത്തൊരു ചെയ്തതായിപ്പോയി.”

മണ്ണ് കുട്ട വാങ്ങുന്നതിനിടെ സാമുവല്‍ അത് ശരി വെച്ചു.

“അവന്‍ എന്നും ആ സിമന്റു പാലത്തിമ്മേക്കൂടെ സൈക്കിളോടിക്കുന്നതല്ലേ. എന്നിട്ടും എങ്ങനെ ആ ചാക്കീരി തോട്ടിലേക്ക്‌ വീണു..?  മഴക്കാലത്ത് തോട്ടില്‍ വെള്ളം നിറഞ്ഞു കിടക്കും എന്നറിയാമ്മേലാഞ്ഞോ..?”

“ആര്‍ക്കറിയാം അവന്‍റെ കാര്യം. ചെലപ്പോ എല്ലാരോടും വെല്യ കാര്യം. ചെലപ്പോ ഒന്നും മിണ്ടാതെ അങ്ങനെ ഒരിരുപ്പ്‌. നമ്മെളെന്തോ ചെയ്ത പോലെ. ചെല നേരത്തെ അവന്‍റെ സ്വഭാവം കണ്ടാല്‍ മിണ്ടാന്‍ കൂടെ തോന്നുകേല.”

 “ഇനീപ്പം വയലിന്‍ വായിക്കാന്‍ അച്ചന്‍ ആരെ കണ്ടു പിടിക്കും..?”

ആഗസ്തി ഇത്ര പെട്ടെന്നു മരിച്ചു പോകുമെന്ന്  ആര് കണ്ടു...?. അല്ലെങ്കിലും മരണം വരുന്നത് ആരാണ് കൃത്യമായി മുന്‍ കൂട്ടി അറിഞ്ഞിട്ടുള്ളത്. അതിന്റെ വരവനുസരിച്ച് മനുഷ്യര്‍ കാര്യങ്ങള്‍ നീക്കുന്നു എന്നല്ലാതെ.

“ഓ...അതിനൊക്കെ ആളു കിട്ടും. ഇപ്പോഴത്തെ കൊച്ചു പിള്ളാര് സ്കൂളില്‍ അതൊക്കെ പഠിക്കുന്നുണ്ടന്നേ. അവരെ ആരെങ്കിലും വിളിച്ചാ പോരെ..?. അവന്റേം അച്ചന്റേം വിചാരം  അവന്‍ തന്നെ വയലിന്‍ വായിച്ചില്ലേല്‍ ആകാശം ഇടിഞ്ഞു വീഴൂന്നല്ലേ.”

ആഗസ്തി പത്താം ക്ലാസ്സിനു മുന്നേ പഠിത്തം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അവന്‍ പല മത്സരങ്ങളിലും സമ്മാനം നേടിയേനെ എന്നാണ് അച്ചന്‍ ഇടക്കിടക്ക് പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍  അവന്‍ തല കുനിച്ചുള്ള അവന്റെ പിശുക്ക്‌ ചിരി പുറത്തെടുക്കും.

മരിച്ച ആഗസ്തി പള്ളി ഗായക സംഘത്തിലെ അംഗമായിരുന്നു. ഇടവകക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഗായക സംഘത്തിലെ വയലിനിസ്റ്റിനെ മാത്രമല്ല ആകെ ഉണ്ടായിരുന്ന കുഴി വെട്ടുകാരനെ കൂടെയാണ്. കുഴി വെട്ടുകാരന്‍ പിന്ഗാമി ഇല്ലാതെ മരിച്ചതായിരുന്നു ഇടവകയെ കുഴക്കി കളഞ്ഞത്. വികാരി അച്ചന്‍ പറഞ്ഞപ്പോള്‍ ആരുമില്ലാത്ത അവനു വേണ്ടി കുഴി എടുക്കുവാന്‍  ഗായക സംഘത്തിലെ മറ്റംഗങ്ങള്‍  തയ്യാറായി. അവന്‍ മരിച്ചു എന്ന കേട്ട ഞെട്ടലും ദു:ഖവും കുഴി വെട്ടിന്റെ ആയാസത്തില്‍ അവര്‍ മറന്നു. ഏറെ ക്ലേശിച്ചാണ് അവര്‍ അതൊരു കുഴിയുടെ രൂപത്തിലാക്കിയത്. ആരുമില്ലാത്തവനെങ്കിലും അവനും ആ ആറടി മണ്ണിന്റെ അവകാശിയാണല്ലോ.

 ആഗസ്തിയുടെ തണുത്തു മരച്ച മൃതദേഹം ഈ സമയം കൊണ്ടു  സംസ്കാര ശുശ്രൂഷക്കായി പോസ്റ്റ് മാര്‍ട്ടം  കഴിഞ്ഞു വീട്ടില്‍ എത്തിച്ചിരുന്നു. അപ്പനും അമ്മയും മരിച്ചു പോയ അവന്റെ പെട്ടിക്കു ചുറ്റും മരണമറിഞ്ഞു  അന്യനാട്ടില്‍ നിന്നു വന്ന ബന്ധുക്കള്‍ക്കൊപ്പം അയല്ക്കാരും കൂടി നിന്നു.

കുഴിവെട്ടുകാരന്‍ തോമ്മയുടെ മകന്‍  ആഗസ്തി. തോമയുടെ കാല ശേഷം അവന്‍ കുഴിവെട്ടി ആഗസ്തിയായി. തോമക്ക് ആഗസ്തി മാത്രമല്ല മകന്‍. കുറെ കൊല്ലം മുമ്പ് പതിനേഴു വയസ്സില്‍ നാടുവിട്ടു പോയ ജോണപ്പന്‍ കൂടിയുണ്ട്. അവന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും ആര്‍ക്കും  അറിഞ്ഞു കൂടാ. ഒരു പെരുന്നാള്‍ കഴിഞ്ഞതിന്റെ  മൂന്നാം പക്കം പള്ളി ഭാണ്ടാരം കുത്തി തുറന്നായിരുന്നു മഹാ പോക്കിരിയായ ജോണപ്പന്റെ തിരോധാനം. ഇടവക പൊതുയോഗം കൂടി കേസ്സ് കൊടുക്കുകയും വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും  ജോണപ്പന്റെ പൊടി പോലും ആര്‍ക്കും  കണ്ടു പിടിക്കാനായില്ല.

“ആ എരണം കെട്ടവന്‍ ഒരിക്കലും ഗതി പിടിക്കാതെ പോട്ടെ...” എന്ന് കൂടെ കൂടെ തോമയും അവന്റെ അമ്മ ത്രേസ്യായും പ്രാകി കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ നീങ്ങവേ ജോണപ്പന്‍ എന്നൊരാള്‍ ആ ഇടവകയില്‍ ഉണ്ടായിരുന്നു എന്ന് പോലും നാട്ടുകാര്‍ മറന്നു. ചേട്ടന്‍ പോകുമ്പോള്‍ നാലോ അഞ്ചോ  വയസ്സ് മാത്രം ഉണ്ടായിരുന്ന ആഗസ്തിക്കും അവനേപ്പറ്റി കാര്യമായ ഓര്‍മ്മകളില്ല.

എന്നാല്‍ അഗസ്റ്റിന്‍ എന്ന ആഗസ്തി ഇടവകയുടെ കണ്ണിലുണ്ണിയായിരുന്നു. കുശിനിക്കാരന്‍ വറീത് അവധിക്കു പോകുന്ന ദിവസങ്ങളില്‍ വികാരി അച്ചന് ഹോട്ടലില്‍ നിന്ന് ചായയും ചോറും വാങ്ങി കൊടുത്തും കപ്യാര്‍ അവറാച്ചനെ സഹായിച്ചും അവന്‍ പള്ളി പരിസരത്തു തന്നെ വളര്‍ന്നു.  പക്ഷെ പഠിപ്പില്‍ തീരെ മോശം. ഒന്പതാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയതോടെ  കുഴിവെട്ടിലും അപ്പനോടൊപ്പം കൂടി. പഠിത്തം തീര്‍ന്നതോടെ അവനെ അഗസ്റ്റിന്‍ എന്ന് വിളിക്കുന്നത്‌ അലോഷ്യസ്‌ അച്ചനും ഒന്നാം ക്ലാസു മുതല്‍ കൂടെ  പഠിച്ചിരുന്ന ഗള്ഫുകാരന്‍ ജേക്കബിന്റെ‌ മകള്‍ മെറീനയും മാത്രം.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ആരും കൂട്ടില്ലാതെ മെറീന കണ്ണുനീരും ഒലിപ്പിച്ചു ബെഞ്ചിന്റെ ഒരരുകില്‍ പുറത്തേക്ക് നോക്കി ഇരുന്ന സമയത്താണ് അപ്പന്റെ കയ്യില്‍ പിടിച്ചു ആഗസ്തി സ്കൂളിലേക്ക് കയറി ചെന്നത്. തോമായെ കണ്ടതോടെ അടുക്കളകാരി സലോമി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറഞ്ഞു കൊടുത്തിട്ടുള്ള കഥകള്‍ ഓര്‍ത്ത് ‌ മെറീന കരയാന്‍ മറന്നു ഭയന്നു വിറച്ചിരുന്നു. തോമാ കുഴി എടുക്കുമ്പോള്‍ നേരത്തെ ആ കുഴിയില്‍ കിടന്നിരുന്നവര്‍ മണ്ണോടലിഞ്ഞു പ്രേതങ്ങളായി മാറി കഴിഞ്ഞിരിക്കും. “എന്റെ് സ്ഥലത്ത് ആരെയാടാ കിടത്താന്‍ പോകുന്നേ..” എന്നലറിക്കൊണ്ട് പ്രേതങ്ങള്‍ കുഴിയില്‍ നിന്ന് പൊങ്ങി വരുമ്പോള്‍ തോമാ അവരെ നിഷ്പ്രയാസം തൂമ്പാ കൊണ്ടു കുഴീലേക്ക് തട്ടി ഇടുമത്രേ

അങ്ങനെയുള്ള തോമായുടെ കൈയും പിടിച്ചു കൊണ്ടു ഒരു ചെറുക്കന്‍ ബട്ടന്‍ പൊട്ടി തുറന്നു കിടക്കുന്ന ഷര്‍ട്ടും  കുറ്റി തലമുടിയും കൈയ്യില്‍ സ്ലേറ്റുമായി ഒന്നാം ക്ലാസിലേക്ക് കയറി വരുന്നു. അവന്റെ കഴുത്തിലെ കറുത്ത ചരടില്‍ വെള്ളി നിറത്തിലെ കാശുരൂപം. തോമാ അവനെ ക്ലാസ്സില്‍ കൊണ്ടിരുത്തി പോകുന്നത് വരെ മെറീന കണ്ണുകള്‍ ഇറുക്കി അടച്ചിരുന്നു. പോയി എന്ന് ഉറപ്പായപ്പോള്‍ കണ്ണു തുറന്നു അടുത്തിരിക്കുന്ന ചെറുക്കനെ പേടിച്ചു പേടിച്ചു നോക്കി. അവന്‍ അവളെ നോക്കി പതുക്കെ ചിരിച്ചു. തോമയുടെ കൈ പിടിച്ചു വന്ന ചെറുക്കനായത് കൊണ്ടു മെറീനക്ക് അവനെയും  പേടിയായിരുന്നു. പിന്നെയും  കുറെ നാള്‍ കഴിഞ്ഞാണ് ചിരിച്ചിട്ട് എപ്പോഴും നിലത്തേക്ക് നോക്കുന്ന അഗസ്റ്റിന്‍ എന്ന ചെറുക്കനെ നോക്കവാനുള്ള ധൈര്യം കിട്ടിയത്. ഒരിക്കല്‍ ക്ലാസ്സിലെ മറ്റു കുട്ടികള്‍  കളിക്കാന്‍ പോയ നേരം അവള്‍ ധൈര്യം സംഭരിച്ചു അടുത്തു ചെന്നു ചോദിച്ചു.

 “നീ കണ്ടട്ടണ്ടോ പ്രേതത്തിനെ തൂമ്പാ കൊണ്ടു തട്ടി കുഴീല്‍ ഇടണത്...?”

“ആര്...?”

“നിന്റപ്പന്‍. കുഴി എടുക്കുമ്പോ. ”

“ആരാ ഇത് പറഞ്ഞെ...?”

“അത് എന്റെ വീട്ടിലെ സലോമിചേച്ചി.”

“മരിച്ചവര്‍ പ്രേതമാകില്ല, സ്വര്‍ഗത്തിലോ നരകത്തിലോ ആയിരിക്കും എന്ന് സണ്ടേ ക്ലാസ്സിലെ സോഫിയാ സിസ്റ്റര്‍ പറഞ്ഞതോ..?”

മെറീന ഉത്തരമില്ലാതെ അവനെ പകച്ചു നോക്കി. ആഗസ്തി അവളെ നോക്കി പതുക്കെ ചിരിച്ചു. അത് കണ്ട മെറീനക്കും ചിരി വന്നു.

വര്‍ഷങ്ങള്‍ നീങ്ങി മുതിര്‍ന്നവരായിട്ടും അഗസ്തിയുടെ ആ പതിഞ്ഞ ചിരി മാത്രം അവന്റെ മുഖത്തു നിന്നും പോയില്ല. ഒന്പതില്‍ തോറ്റു പഠിപ്പ് നിര്‍ത്തിയ ആഗസ്തി പള്ളിക്കവലയില്‍ ഉണ്ടോ എന്ന്  കോളേജില്‍ പോകുന്ന മെറീനയുടെ കണ്ണുകള്‍ പരതി. അവനെ അന്വേഷിക്കുന്ന മെറീനയെ അവനും കാണുന്നുണ്ടായിരുന്നു.

ഇടവകയിലെ തന്നെ പ്രമാണിയായ കോണ്ട്രാക്ടര്‍ പൌലോസിന്റെ മകന്‍  ജോമോനുമായി അവളുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ നാളുകള്‍ കൂടി മെറീന അവനോടു സംസാരിച്ചു.

“അപ്പനും അമ്മയും മരിച്ചു പോയ ഒരു കുഴി വെട്ടിയുടെ മകന് ഒരിക്കലും പപ്പാ എന്നെ കെട്ടിച്ചു തരില്ല. പിന്നെ ഒളിച്ചോടി പോകാം എന്ന് വെച്ചാലും നമ്മള്‍ എങ്ങിനെ ജീവിക്കും....? അത് കൊണ്ടു നമ്മളുടെ മനസ്സില്‍ എന്തെങ്കിലും  ആഗ്രഹം ഉണ്ടെങ്കില്‍ അങ്ങ് മറന്നു കളയാം അഗസ്റ്റിന്‍ .”

മുഖവുരയില്ലാത്ത അവളുടെ സംസാരം കേട്ട ആഗസ്തി പകച്ചു പോയി.

”അതിനു ഞാന്‍ നിന്നോടൊന്നും...”

അവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ തുടര്ന്നു

“വെറുതെ കള്ളം പറയേണ്ട അഗസ്റ്റിന്‍ . എങ്കില്‍ എന്റെ മുഖത്ത് നോക്കി പറ എന്നെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന്...?”

മെറീനയുടെ മുന്നില്‍ കുറ്റവാളിയെപ്പോലെ ഒന്നും ഉരിയാടാനാവാതെ  ആഗസ്തി നിന്നു.

“സങ്കടപ്പെടരുത്.” എന്ന് പറഞ്ഞു അവള്‍ നടന്നകന്നപ്പോള്‍

“അമ്മയ്ക്കും അപ്പനും സ്വന്തം കൈ കൊണ്ടു കുഴി വെട്ടിയ ഈ ആഗസ്തിക്ക് സങ്കടമോ...? എന്ന് ആത്മഗതം ചെയ്ത അവന്‍ ആ പതിഞ്ഞ ചിരി തന്നത്താന്‍ ചിരിച്ചു.


കോട്ടും സ്യൂട്ടും ഇട്ട മണവാളന്‍ ജോമോന്റെ ഇടത് വശത്തു നെറ്റും മുടിയും അണിഞ്ഞു മണവാട്ടിയായി മെറീന അള്‍ത്താരക്ക് മുന്നില്‍ നിന്നു. ഗായക സംഘത്തോടൊപ്പം വയലിനും പിടിച്ചു നിസ്സംഗനായി നിന്ന ആഗസ്തി നോക്കുമ്പോള്‍ അവള്‍ പള്ളിയുടെ ഒത്ത നടുക്കു ശവപ്പെട്ടിയില്‍ കണ്ണും പൂട്ടി കിടക്കുകയായിരുന്നു, ഒരു മണവാട്ടിയുടെ അലങ്കാരത്തോടെ. ആരുടെയും സഹായമില്ലാതെ അഗസ്തി തന്നെ അവളെ ചുമന്നു സിമിത്തേരിയിലേക്ക് നടന്നു. അവളുടെ ഭാരത്തില്‍ വഴിയില്‍ ഉടനീളം അവന്‍ ആയാസപ്പെട്ടു, വിയര്‍ത്തൊലിച്ചു കിതച്ചു. സിമിത്തേരിയില്‍ അവള്‍ക്കായി അവന്‍ തന്നെ സജ്ജമാക്കിയ കുഴിയിലേക്ക്  അരുമയോടെ ഇറക്കി. അത് ആറടി ആഴമുള്ള ഒരു സാധാരണ കുഴിയായിരുന്നില്ല. അതിന്റെ ആഴം അവന്‍ തിട്ടപ്പെടുത്തിയതും ഇല്ല. അത് അത്യഗാധമായ ഒരു ഗര്‍ത്തമായിരുന്നു. ഇനി അവള്‍ക്കൊരു പുനരുത്ഥാനം* ഇല്ല എന്ന തിരിച്ചറിവില്‍ അവന്‍ കുഴി മണ്ണിട്ട്‌ മൂടി സിമിത്തേരിയുടെ വാതില്‍ കൊട്ടിയടച്ചു തിരിഞ്ഞു നോക്കാതെ ധൃതിയില്‍ നടന്നു പോയി.


കുറെ കൊല്ലങ്ങള്‍ക്ക് ശേഷം ഒരു പെരുന്നാള്‍ ദിവസമാണ് പണ്ടത്തെ ഒന്നാം ക്ലാസ്സില്‍ കണ്ണിറുക്കി അടച്ചിരുന്ന മെറീനയുടെ രൂപ സാദൃശ്യമുള്ള ഒരു കൊച്ചു പെണ്കുട്ടി അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ബലൂണ്‍ വാങ്ങുന്നതിന് വേണ്ടി അമ്മയോട് വാശി പിടിക്കുന്ന കുഞ്ഞിനെ  കൌതുകത്തോടെ നോക്കി നിന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് കല്യാണ ദിവസം സംസ്കരിക്കപ്പെട്ട മെറീന അവനു മുന്നില്‍ അത്ഭുതകരമായി പുനരുത്ഥാനം ചെയ്തു. ഒരേ ഇടവകയില്‍ ആയിരുന്നിട്ടും പുനരുത്ഥാനം ഇല്ലാതെ സംസ്കരിക്കപ്പെട്ടവള്‍ ആയിരുന്നതിനാല്‍  ആഗസ്തി അവളെ ഇക്കാലമത്രയും കണ്ടതേ ഇല്ല. അത്രയും കാലം കല്ലറയില്‍ കഴിഞ്ഞതിന്റെ നിസ്സംഗത അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു. കുഴിയില്‍ നിന്നും ഇറങ്ങി വന്ന പ്രേതത്തെ പോലെ അവള്‍ അവനോടു സംസാരിച്ചു. ഇത്രയും കാലം കാണാതെ ഒഴിഞ്ഞു പോയതെന്തെന്നു പരിഭവിച്ചു.


“അന്ന് എങ്ങോട്ടെങ്കിലും നമുക്ക്‌ ഒളിച്ചോടാമായിരുന്നു അഗസ്റ്റിന്‍ . എങ്കില്‍ ഇന്നീ നരക ജീവിതം എനിക്കനുഭവിക്കേണ്ടി വരില്ലായിരുന്നു.” എന്ന് പറഞ്ഞു  കുഞ്ഞിനെ എടുത്തു ആള്‍ക്കൂട്ടത്തില്‍  മറഞ്ഞ അവളുടെ പുനര്‍സംസ്കാരം ചെയ്യാന്‍ പിന്നീടൊരിക്കലും ആഗസ്തിക്കായില്ല. അവള്‍ക്കായി പല പ്രാവശ്യം അവന്‍ ആദ്യത്തേതിലും ആഴമുള്ള കുഴികള്‍ ഒരുക്കി. എങ്കിലും ഗതി കിട്ടാ പ്രേതമായി കരയുന്ന കണ്ണുമായി അവള്‍ പള്ളിപ്പരിസരത്ത് പല പ്രാവശ്യം അവനു മുന്നില്‍ പ്രത്യക്ഷയായി. ജീവിച്ചിരിക്കുന്നവരെ പുനരുത്ഥാനം ഇല്ലാതെ സംസ്കരിച്ചാലും അനിവാര്യമായ പുനരുത്ഥാനം എപ്പോഴെങ്കിലും സംഭവിക്കും എന്നും വീണ്ടുമൊരു  സംസ്കാരം സാധ്യമല്ല എന്നും അവന്‍ വേദനയോടെ മനസ്സിലാക്കി.

 ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോഴാണ് ഇടവകയില്‍ ആ വാര്‍ത്ത പരന്നത്. കോണ്ട്രാക്ടര്‍ ജോമോന്റെ ഭാര്യ മെറീന വിഷം കഴിച്ചു മരിച്ചത്രേ. ശവമടക്ക് അവളുടെ അപ്പന്‍ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം. ശവം മോര്‍ച്ചറിയില്‍ വെച്ചിരിക്കുന്നു. പള്ളിക്കവലയില്‍ നിന്നും വാര്‍ത്ത കേട്ട ആഗസ്തി സൈക്കിളില്‍ കയറി വീട്ടിലേക്കു ഒരു പാച്ചിലായിരുന്നു.


മെറീനക്കായി അപ്പോള്‍ തന്നെ ആഗസ്തി ആറടി താഴ്ച്ചയില്‍ ഒരു കുഴി എടുക്കാന്‍ ആരംഭിച്ചു. വിജനമായ പള്ളി  സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ അവളുടെ അമ്മയുടെ പേരെഴുതി വെച്ച മാര്‍ബിളില്‍ തീര്‍ത്ത മൂടി അവന്‍ ശ്രദ്ധാ പൂര്‍വം എടുത്തു മാറ്റി ധൃതിയില്‍ മണ്ണ് നീക്കി തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കുഴി എടുത്തു തീര്‍ന്ന അവന്‍ കുഴിയുടെ  താഴെ ഏറ്റം മനോഹരമായി ചെത്തി മിനുക്കി. ഈ കുഴിക്കുള്ളിലെങ്കിലും അവള്‍ സ്വസ്ഥമായി ഉറങ്ങട്ടെ. എത്ര ആനായാസമാണ് അവന്‍ അവളെ ചുമന്നു സെമിത്തേരിയിലേക്കെടുത്തത്. ഇവള്‍ പണ്ടത്തെ ഒന്നാം ക്ലാസ്സിലെ ബെഞ്ചില്‍  കണ്ണിറുക്കി അടച്ചിരുന്ന കൊച്ചു കുട്ടിയായി മാറിയോ..? ഇത്ര ഭാരക്കുറവ്. പെട്ടിക്കെങ്കിലും കുറച്ചു ഭാരം കാണേണ്ടതല്ലേ...? ഇതിപ്പോള്‍ ഒരു പക്ഷി തൂവലിന്റെ ഭാരം പോലുമില്ല. പരിമള പുഷ്പങ്ങളും കുന്തിരിക്ക പുകയും ഇല്ലാതിരുന്നിട്ടും എന്ത് സുഗന്ധമാണ് ഇവളില്‍ നിന്ന് വമിക്കുന്നത്. അവളുടെ  സംസ്കാരത്തിന് കാഴ്ചക്കാരാരും ഇല്ലായിരുന്നു. മെറീനയോടുള്ള അവന്റെ സ്നേഹത്തിനും കാഴ്ചക്കാരായി ഭൂമിയില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. മെറീന എന്നൊരു കാഴ്ചക്കാരിയെയും അവന്‍ അറിഞ്ഞത്  അവളുടെ കല്യാണ ദിവസങ്ങളിലായിരുന്നില്ലേ. അവള്‍ക്ക്  അന്ത്യ ചുംബനം നല്കുവാന്‍ ആഗസ്തി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആകാശത്തെ പൂര്‍ണ്ണ ചന്ദ്രന്റെ  നിലാവില്‍ വെള്ള വസ്ത്രമണിഞ്ഞ മെറീന അതി മനോഹരിയായി കാണപ്പെട്ടു. കല്യാണ ദിവസമണിഞ്ഞ അതേ ഗൌണായിരുന്നു അവള്‍ ധരിച്ചിരുന്നത്. അവളുടെ തലയിലെ കിരീടത്തില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ പ്രതിബിബിച്ചു തിളങ്ങി. ആഗസ്തി കുനിഞ്ഞു അവളെ അടി മുടി ചുംബിച്ചു. പെട്ടി അടച്ചു ശ്രദ്ധാപൂര്‍വം കുഴിക്കുള്ളില്‍ ഇറക്കി. വളരെ പെട്ടെന്ന്  മണ്ണിട്ട്‌ മൂടി, മാര്‍ബിള്‍ ഫലകം കുഴിക്കു മീതെ എടുത്തു വെച്ചു. അവളുടെ അമ്മയുടെ പേരിനു താഴെ ‘മെറീന’ എന്ന  പേര്‍ മനോഹരമായി കൊത്തി വെച്ചു. ഇപ്രാവശ്യം അവളെ സംസ്കരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും അവന്റെ‌ കണ്ണില്‍ നിന്ന് വീണില്ല. അപ്പോള്‍ മുതല്‍ അവനും അവള്‍ക്കൊപ്പം അന്ത്യ ദിനത്തിലെ പുനരുത്ഥാനം കാത്തിരിക്കുന്നവനാണല്ലോ.


സൈക്കിള്‍ ചവിട്ടിയിട്ടും ചവിട്ടിയിട്ടും നീങ്ങാത്തതില്‍ ആഗസ്തി അത്ഭുതപ്പെട്ടു ചാക്കീരി തോടിന്റെ പാലത്തിനു ഇത്ര നീളമോ..? അവന്റെ മനസ്സില്‍ മനോഹരിയായി മരിച്ചു കിടക്കുന്ന മെറീനയുടെ രൂപം തെളിഞ്ഞു നിന്നു. ഇന്ന് തൊട്ടു അവനൊരു കാമുകനാണ്. പൂര്‍ണ്ണത നേടിയ കാമുകന്‍ . സ്വന്തം കാമുകിയെ അവന്റെ  എല്ലാ അവകാശത്തോടെയും ചുംബിച്ചവന്‍ . അവന്‍ ആവേശത്തോടെ മെറീനക്കരികിലേക്ക്  സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു.

“കഷ്ടം.... ഒരേ ദിവസം ഇടവകയില്‍ രണ്ടു മരണം. ആ ജോമോന്റെ പെണ്ണിന്റെ ശവമടക്ക് എന്നത്തേനാ...?”

സിമിത്തെരി ഗെയിറ്റ് കടന്നു വന്ന കപ്യാര്‍ അവറാച്ചന്‍ കുഴി വെട്ടുന്നവരോടന്വേഷിച്ചു.

“ആ വെഷം കഴിച്ച പെണ്ണിന്റെയയോ ...?..അത് അവടപ്പന്‍ വന്നിട്ടല്ലേ ...അതിനിപ്പ കുഴി എടുക്കുന്നത് ആരാണോ...?”

“ഓ..അവര് പണക്കാര്‍ക്ക്  കുഴി വെട്ടിക്കാനാ പാട്...? അവരെന്നച്ചാ ചെയ്യട്ടെ. എന്നാലും അത് കൊറച്ചു കടുപ്പമായിപ്പോയി. ഒരു പെണ്കുഞ്ഞിന്റെ തള്ളയല്ലാഞ്ഞോ...?”. ഇവന്‍ ആഗസ്തി ആരോരും ഇല്ലാത്തോനല്ലേ. പാവം .നിങ്ങളിങ്ങനെ ഒരു സല്ക്കര്‍മ്മം  ചെയ്യ്. പുണ്യം കിട്ടും. ”


( * ലോകാവസാന ദിവസം മരിച്ചവരെല്ലാം ഉയിര്‍ത്തെഴുന്നേല്ക്കും  എന്ന ക്രൈസ്തവ സങ്കല്പം)

  (കേരള കൌമുദി  ആഴ്ചപ്പതിപ്പ്‌ -ലക്കം ഏപ്രില്‍-24,2013)