22.10.09

ഒറ്റക്കയ്യന്‍ അറുകൊല

അന്ന് ഏഴു ബി യിലെ പെണ്‍കുട്ടികളാരും ഉച്ചയൂണ് കഴിഞ്ഞ് കൊത്തങ്കല്ലു കളിക്കാന്‍ ക്ലാസു വിട്ടു പോയില്ല. എല്ലാവരും അനിത കുമാരിയുടെ ചുറ്റും കൂടി നിന്നു. ഉച്ചയൂണിനു വീട്ടില്‍ പോയപ്പോഴാണ് അവള്‍ ആ വാര്‍ത്തയറിഞ്ഞത്. തൈപ്പറമ്പിലെ ദാസപ്പന്‍ ചേട്ടന്‍ ചെത്തു കഴിഞ്ഞ് ഷാപ്പില്‍ കള്ളു കൊടുത്തു മടങ്ങുമ്പോള്‍ അതാ നില്‍ക്കുന്നു മനക്കപ്പറമ്പിലെ തൊടലിമുള്ളു കാട്ടില്‍ ഒറ്റക്കയ്യന്‍ അറുകൊല !!!!!!
“ആ കള്ളുമാട്ടം ഇങ്ങു താടാ……“ അറുകൊല അലറി.
ദാസപ്പന്‍ ചേട്ടന് അറുകൊലയോട് മാട്ടം കാലിയാണെന്ന് പറയാന്‍ പേടി. പുള്ളി തോളില്‍ നിന്നും മാട്ടം ഊരി അതിലൊന്നുമില്ലെന്ന് കമഴ്ത്തിക്കാണിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഒറ്റ ഒട്ടം. ഏഴു ബി യിലെ പെണ് കൂട്ടം കണ്ടിട്ട് തൊട്ടടുത്ത ഏഴു എ ക്കാരികളും കഥ കേള്‍ക്കാന്‍ അവിടെ കൂടി. അനിതകുമാരിയുടെ വിവരണം തിര്‍ന്നപ്പോള്‍ എല്ലാവരും അവരവര്‍ക്കറിയാവുന്ന പോലെ അറുകൊലയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.

“ഇന്നളൊരിക്കല്‍ നട്ടുച്ചക്ക് എന്റെ ശേരന്‍കൊച്ചച്ചന്‍ കണ്ടതാ ആ അറുകൊലയെ. നട്ടുച്ചക്ക് ആളില്ലാത്തിടത്താണ് ഇതിന്റെ സഞ്ചാരം. മനക്കപ്പറിമ്പിന്റെ പരിസരത്തെപ്പോഴും കാണും അത്”. രജനി അവളുടെ അറിവു വെളിപ്പെടുത്തിപ്പെടുത്തി.

“ചിലപ്പോള്‍ ഈ അറുകൊല വേഷം മാറി നടക്കും. മനുഷ്യന്റെ വേഷത്തില്‍. ആളു ചത്തുകഴിയുമ്പോഴേ മറ്റുള്ളവര്‍ക്കു കാര്യം മനസ്സിലാവൂ. എന്റെ പൂത്തോട്ടയിലെ സുലോക്കുഞ്ഞമ്മ പറഞ്ഞിട്ടുണ്ട്.“
ഏഴു എയിലെ ഷര്‍മ്മിള പറഞ്ഞു.
“അതെന്താടീ..ഈ അറുകൊലക്ക് ഒറ്റ കൈ..?” എനിക്കു സംശയമായി

“ആ..അതങ്ങനെയാ..ഇതുങ്ങളു ചിലതു ഒറ്റക്കണ്ണന്മാരായിരിക്കും. ചിലവ ഞൊണ്ടിക്കാലന്മാര്. നിങ്ങളു മാപ്പളെച്ചികള്‍ക്ക് എന്തറിയാം..?” രാജി എന്നെ കളിയാക്കി.

“നിന്നോടു ചോദിച്ചില്ലല്ലോ..“ഞാന് ദേഷ്യപ്പെട്ടു. രാജിക്കല്ലെങ്കിലും എപ്പോഴും മാപ്ലേച്ചി എന്നു വിളിച്ച് എന്നെ കളിയാക്കണം.

“ശരിയാ…എന്റെ ചോറ്റാനിക്കരയിലുള്ള വസുമതി അമ്മായി പറഞ്ഞിട്ടുണ്ട് അവരുടെ നാട്ടില് ഒരു ഒറ്റക്കണ്ണന്‍ അറുകൊല ഉണ്ടെന്ന്.” സുലേഖ പറഞ്ഞു
“ചോറ്റാനിക്കരയിലാണേങ്കി പിന്നെന്താ പ്രശ്നം..? അങ്ങു തറച്ചാല്‍ പോരെ...?“ രാജി നിസ്സര മട്ടില്‍ ചോദിച്ചു
“അതിന് ആരുടെയെങ്കിലും മേല് കൂടണ്ടേ… എന്നാലല്ലേ തറക്കാന്‍ പറ്റുകയുള്ളു.ചുമ്മാ നടക്കുന്നതുങ്ങളെ പിടിക്കാന്‍ ഇച്ചിരി പടാ എന്റെ മോളേ…..“ സുലേഖ രാജിയെ ഒന്നിരുത്തി.

സ്കൂളില്‍ ഒന്നാം മണിയടിച്ചു. പിന്നെ രണ്ടാം മണിയും. പെണ്‍കുട്ടികള്‍ പിരിഞ്ഞുപോകാതെ അറുകൊലക്കഥകള്‍ പങ്കു വെച്ചുകൊണ്ടിരുന്നു. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ദിനേശന്‍ സാറു വരുന്നതു കണ്ടപ്പോള്‍ എ കാര്‍ എല്ലാവരും അവരുടെ ക്ലാസ്സിലോക്കോടി.അവരെ അവരുടെ കണക്കു പഠിപ്പിക്കുന്ന സാവിത്രി ടീച്ചര്‍ പുറത്തു നിര്‍ത്തി ശകാരിക്കുന്നത് ഞങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു.

ദിനേശന്‍ സാര്‍ യൂഫ്രട്ടീസ്- റ്റൈഗ്രീസ് നദീതട സംസ്കാരത്തെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ “കള്ളുമ്മാട്ടം ഇങ്ങു താടാ” എന്നലറുന്ന ഒറ്റക്കയ്യന്‍ അറുകൊലയായിരുന്നു.

“കള്ളു കൊടുക്കാഞ്ഞതിന് അറുകൊലക്ക് ദാസപ്പന്‍ ചേട്ടനോട് കലികാണുമോ അനിതേ…?“ ഞാന്‍ അനിതകുമാരിയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
“കാണും..“ അവള്‍ ഉറപ്പിച്ചു പറഞ്ഞു.
“അയാളുടെ കയ്യില്‍ കള്ളില്ലെങ്കില്‍ പിന്നെങ്ങനെ കൊടുക്കും..”ഞാന്‍ ദാസപ്പന്‍ ചേട്ടനെ പിന്താങ്ങിക്കൊണ്ടു ചോദിച്ചു.

“അതു വല്ലതു അറുകൊലക്കറിയണോ…ഇതു പോലുള്ള സാധനങ്ങള്‍ എന്തെങ്കിലും മനസ്സില്‍ വിചാരിച്ചാല്‍ അതു നടത്തിയിരിക്കും. ദാസപ്പന്‍ ചേട്ടനോട് അറുകൊലക്ക് വിരോധം തുടങ്ങിയിട്ടുണ്ട്. എപ്പോഴെങ്കിലും അയാളെ അറുകൊല പിടിക്കും.“
അനിത രഹസ്യമായി എന്റെ ചെവിയില്‍ ഒരു പ്രവചനം നടത്തി.

“അതിനു ദാസപ്പന്‍ ചേട്ടന്‍ ഇനി മനക്കപ്പറമ്പ് വഴി പോകാതിരുന്നാല്‍ പോരെ…?” ഞാന് ചോദിച്ചു
“നിന്റെ ഒരു കാര്യം… അറുകൊലക്കാണോ വഴി മാറി നടന്നാലും ഒരാളെ പിടിക്കാന്‍ പ്രയാസം“ അനിത ചോദിച്ചു.

ഞാനും അനിതയും ക്ലാസ്സില്‍ ശ്രധിക്കാതെ സംസാരിച്ചിരിക്കുന്നത് ദിനേശന്‍ സാര്‍ കണ്ടു. ഞങ്ങളെ രണ്ടു പേരെയും സാര്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഞങ്ങള്‍ക്കതു സൌകര്യമായി. ഞങ്ങള്‍ വെളിയില്‍ നിന്നും അറുകൊലയെപറ്റി അടക്കം പറഞ്ഞു കൊണ്ടിരുന്നു.

രണ്ടു മൂന്നാഴ്ച കഴിഞ്ഞ് അനിത തന്നെയാണ് ആ വാര്‍ത്തയും രാവിലെ ക്ലാസ്സില്‍ കൊണ്ടു വന്നത്.
“ദാസപ്പന്‍ ചേട്ടന്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നു. അറുകൊല കൂടി കൂടെ കൊണ്ടു പോയതാണ്.“
“എന്റെ ദൈവമേ..നീ പറഞ്ഞത് ശരിയായല്ലോ അനിതേ…അറുകൊലക്കിത്ര ശക്തിയോ..” ഞാന്‍ അല്‍ഭുതപ്പെട്ടു.
“പിന്നെന്തു കരുതി നീ..?”
അനിത സ്കൂളിലേക്കു വരുന്ന വഴിയിലാണ് ദാസപ്പന്‍ ചേട്ടന്റെ വീട്.വരുന്ന വഴിയില്‍ അവള്‍ അത് കണ്ടിട്ടാണ് വന്നത്.

“നീ കണ്ടൊ അത്..?”എനിക്കു വിശ്വസിക്കാനായില്ല
“അതേ…സത്യമായിട്ടും കണ്ടു. എല്ലാവരും കയറി നോക്കുന്നുണ്ട്. പോലീസു വന്നലേ താഴെ ഇറക്കുകയുള്ളു. മണിയടിക്കാനിനിയും സമയമുണ്ട് വേണമെങ്കില്‍ എന്റെ കൂടെ വാ..കാണിച്ചു തരാം”

അനിതയുടെ കൂടെ ഞാനും ഞങ്ങളുടെ ക്ലാസ്സിലെ കുറച്ചു കുട്ടികളും ദാസപ്പന്‍ ചേട്ടന്റെ വീട്ടിലേക്കോടി. മുറ്റത്തു ചെറിയ ആള്‍ക്കൂട്ടം.ജനലിലൂടെ മറ്റു കുട്ടികളുടെ പിന്നില്‍ നിന്നും ഞാന്‍ എത്തിവലിഞ്ഞു നോക്കി. മുട്ടോളം നീളമുള്ള വലിയ ഒരു ചുട്ടിക്കരയന്‍ ചെത്തുതോര്‍ത്തുമുടുത്ത് ചുരുട്ടിയ കൈവിരലുകളും പുറത്തേക്കു നീണ്ട നാവുമായി തൂങ്ങി നില്‍ക്കുന്ന ശരീരം ഞാന്‍ ഒന്നേ നോക്കിയുള്ളു….
“ഈ പിള്ളെരെന്താ ഇവിടെ…?.. പോ..പിള്ളേരെ സ്കൂളില്…” വടക്കേടത്തെ അവരാന്‍ ചേട്ടന്‍ ഞങ്ങളെ ഓടിച്ചു.

തിരിച്ച് സ്കൂളിക്കോടുമ്പോഴും ആ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കയ്യുമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍. നാലു മണി വിട്ട് വീട്ടിലെത്തിയിട്ടും എന്റെ ഭയം മാറിയിരുന്നില്ല. നോക്കുന്നിടത്തെല്ലാം തൂങ്ങി നില്‍ക്കുന്ന ആ രൂപം. ഒടുവില്‍ സന്ധ്യയായപ്പോള്‍ പേടിച്ചു പേടിച്ച് ഞാനിക്കാര്യം ചേച്ചിയോട് പറഞ്ഞു. അമ്മയിതറിഞ്ഞപ്പോള്‍ വലിയ ഭൂകമ്പമായി.
“തൂങ്ങി മരിച്ചതു കാണാന്‍ പോയോ... അസത്തേ… പോയിരുന്നു കുരിശു വരക്ക് പേടിയെല്ലം പൊയ്ക്കൊള്ളും” എന്നു പറഞ്ഞ് അമ്മ ഒരു കൊന്ത കഴുത്തിലിട്ടു തന്നു.
“രാത്രി ചോറുണ്ണാനിരിക്കുമ്പോള്‍ വലിയേട്ടനോട് ചാച്ചന്‍ പറയുന്നത് കേട്ടു. ആ ചെത്തുകാരന്‍ ദാസപ്പന്‍ തൂങ്ങി മരിച്ചു. അവനു അക്കരയിലെങ്ങാണ്ടു വേറെ ഭാര്യയും മക്കളുമുണ്ടായിരുന്നു. അതു പുറത്തറിഞ്ഞപ്പോള്‍ അവനങ്ങു തൂങ്ങി. അനാഥ മായതു രണ്ടു കുടുംബമാ… കഷ്ടം..”
“അതൊന്നുമല്ല അറുകൊല കൊണ്ടു പോയതാ…എനിക്കു വിളിച്ചു പറയണം എന്നുണ്ടായിരുന്നു..” ഭയം കൊണ്ട് ഞാന്‍ ഒന്നും മിണ്ടാതെ ‍ചോറിലേക്കും നോക്കിയിരുന്നു.
എല്ലാവരും അത്താഴമുണ്ടെഴുന്നേറ്റപ്പോള്‍ ചേച്ചി ചാച്ചന്‍ കേള്‍കാതെ രഹസ്യമായി ചേട്ടനോടു പറഞ്ഞു.
”ഇവളയാളു തൂങ്ങിയതു കാണാന്‍ പോയി.ഇപ്പോ പേടിച്ചിട്ട് കൊന്തയുമിട്ടാണ് നടത്തം”
“എടീ…” ചേട്ടന്‍ എന്റെ നേരെ നോക്കി കണ്ണുരുട്ടി.ഞാന്‍ പേടിച്ച് മുറിയുടെ മൂലയിലേക്കു മാറി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനി..കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ വയ്യ
“ആ ദാസപ്പന്‍ തൂങ്ങിയതു കാണാന്‍ പോയതു കണ്ടു പേടിച്ചിട്ടാ. പെണ്ണിന്നു തീ പോലത്തെ പനി. പള്ളിയില്‍ കൊണ്ടു പോയി അച്ചനെക്കൊണ്ട് തലക്കു പിടിപ്പിക്കണം“ അമ്മ ചാച്ചനോടു പറഞ്ഞു.
“ഓ…അതു ചുമ്മാ പനിയായിരിക്കും . വല്ലപ്പോഴുമൊക്കെ .അവള്‍ക്കിങ്ങനെ പനി വരാറുള്ളതല്ലേ. തലക്കു പിടിപ്പിക്കേണ്ട കാര്യമൊന്നും ഇല്ല. “ചാച്ചന്‍ നിസ്സാരമായി പറഞ്ഞു.
“എന്റെ മേരമ്മേ…ഇതാ കണിയാന്‍ ചങ്കരനെക്കൊണ്ടൊന്നു ജപിച്ചു കെട്ടിച്ചാല്‍ തീരുന്ന കാര്യമല്ലേ ഉള്ളൂ…“ ജോലിക്കരി ജാനകി ഞാന്‍ കിടക്കുന്ന കട്ടിലിനരികെ നിന്ന് അമ്മയോടു ചേദിച്ചു.
“അതൊന്നും വേണ്ട ജാനകി..പള്ളീലച്ചനെക്കൊണ്ടു തലക്കു പിടിപ്പിക്കാം എന്നു പറഞ്ഞിട്ടു കൂടെ സമ്മതിച്ചില്ല. ഇനിയിപ്പം കണിയാന്റെ കാര്യം കൂടെ കേട്ടാല്‍ മതി.
“എന്നാലും ഈ കൊച്ചിനെ സമ്മതിക്കണം.തൂങ്ങിച്ചത്തതു കാണാന്‍ പോയിക്കളഞ്ഞല്ലോ..”
ഞാന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.

രണ്ടു ദിവസം കഴിഞ്ഞു പനിമാറി സ്കൂളില്‍ ചെന്നപ്പോള്‍ അനിത ക്ലാസ്സില്‍ വന്നിട്ടില്ല. അവളും രണ്ടു ദിവസമായിട്ട് ക്ലാസ്സില്‍ വരുന്നില്ലെന്ന് രാജി പറഞ്ഞു. അവള്‍ക്കും എന്നെപ്പോലെ പേടിച്ച് പനി പിടിച്ചു കാണുമോ..?

നാലാം ദിവസം അനിത ക്ലാസ്സില്‍ വന്നത് പുതിയ ഉടുപ്പും ചെരുപ്പുമൊക്കെയിട്ടാണ്. കയ്യിലും കഴുത്തിലും പുതിയ സ്വര്‍ണ്ണ വളയും മാലയും.  കവിളാകെ മിനുത്ത് തുടുത്തിരിക്കുന്നു. നാലു ദിവസം കൊണ്ട് ഇവളാകെ സുന്ദരിയായല്ലോ എന്നു ഞാന് മനസ്സിലോര്‍ത്തു.
“എന്താ അനിതേ…നീ ഇത്രയും ദിവസം വരാതിരുന്നത്. പനിയായിട്ടു ഞാനും രണ്ടു ദിവസം വന്നില്ല. ദാസപ്പന്‍ ചേട്ടനെക്കണ്ടു പേടിച്ചതാണെന്നാണ് അമ്മ പറയുന്നത്. നിനക്കും പനിയായിരുന്നോ.?“
അവള്‍ ചിരിച്ചുകൊണ്ട് ബാഗില്‍ നിന്നും ലഡ്ഡുവിന്റെയും ഉണ്ണിയപ്പത്തിന്റെയും രണ്ടു പൊതികള്‍ എന്റെ ബാഗില്‍ വച്ചു തന്നിട്ടു രഹസ്യമായി പറഞ്ഞു.
“എന്റെ തിരണ്ടു കല്യാണമായിരുന്നു. അതാ വരാതിരുന്നത്. ഇത് അതിന്റെ പലഹാരമാ. നീ ആരോടും പറയണ്ട..“ ഞാന്‍ വീണ്ടും അവളുടെ പുതിയ ഉടുപ്പിലെക്കും ചെരുപ്പിലേക്കും നോക്കി ഒന്നും മനസ്സിലാകാതെ.

മാസങ്ങള്‍ കഴിഞ്ഞു പോയി. അനിതകുമാരിയുടെ അമ്മ ആസ്മ കൂടി പെട്ടെന്നു മരിച്ചു. അമ്മക്ക് വാവടുക്കുമ്പോള്‍ ആസ്മ വരാറുള്ള കാര്യം അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് ടിച്ചറുടെ കൂടെ ഞങ്ങളെല്ലാവരും അവളുടെ വീട്ടില്‍ ശവദാഹ സമയത്ത് പോയിരുന്നു. ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അവള്‍ ഉറക്കെ പതം പറഞ്ഞു കരഞ്ഞു. അവളുടെ വീടിന്റെ തന്നെ തെക്കു ഭാഗത്താണ് അമ്മയെ ദഹിപ്പിച്ചത്.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് അനിത കുമാരി ക്ലസ്സില്‍ വന്നത്. അവളുടെ കണ്‍പോളകളുടെ വീക്കം അപ്പോഴും മാറിയിരുന്നില്ല. ഒന്നു രണ്ടു പിരിയഡ് കഴിയുന്നതു വരെ അവള്‍ അരോടും ഒന്നും സംസാരിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിക്ക് അമ്മ മരിച്ച കാര്യങ്ങള് ഇന്റെര്‍വെല്ല് സമയത്ത് എന്നെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.

“ആ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയെങ്ങനുമാണോ അനിതേ..അത്..” ഞാന്‍ അവളോട് സംശയം ചോദിച്ചു
“ഏയ്..അല്ല…അമ്മ അസുഖം വന്നല്ലേ മരിച്ചത്. അസുഖക്കാരെ അറുകൊലക്കു വേണ്ട. അറുകൊല കൂടുന്നവര് ചാകുന്നത് ദാസപ്പന്‍ ചേട്ടനെപ്പോലെ തൂങ്ങിച്ചത്തോ, വിഷം കുടിച്ചോ ആയിരിക്കും“. അവള്‍ പറഞ്ഞു

അവളുടെ പ്രീഡിഗ്രീ തോറ്റ അനിലേച്ചിയുടെ കല്യാണം പെട്ടെന്നു നടത്താന്‍ പോവുകയാണത്രേ. അമ്മയില്ലാത്തെ പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിറുത്തുന്നതു ശരിയല്ല എന്നെല്ലാവരും അച്ഛനെ ഉപദേശിക്കുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്കു ശേഷം അനിലേച്ചിക്ക് കല്യാണമായെന്നുള്ള സന്തോഷ വാര്‍ത്ത അനിത അറിയിച്ചു. അമ്മ മരിച്ചതിന്റെ സങ്കടം അവള്‍ക്കും ചേച്ചിക്കും കുറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞു ചേച്ചിയും സുധാകരന്‍ ചേട്ടനും അവളുടെ വീട്ടില്‍ത്തനെ താമസിക്കും. വീട്ടില്‍ ആളാകുമല്ലോ. അല്ലെങ്കില്‍ പിന്നെ അവളും അച്ഛനും തനിയെ എന്തു ചെയ്യും.

അക്കൊല്ലം നടക്കാവ് ഭഗവതിയുടെ അമ്പലത്തിലെ ഉത്സവവും വെടിക്കെട്ടും പൊടിപൂരമായിരുന്നു. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളഞ്ഞ് ഉത്സവം കാണാന്‍ പോകുന്നവരെ നോക്കി ഞാന്‍ വീടിന്റെ ഗെയിറ്റില്‍ പിടിച്ച് നിന്നു. അമ്പലത്തില്‍ നിന്നും തിരിച്ചു വരുന്നവരുടെ കയ്യില്‍ വിവിധ തരം സാധനങ്ങള്‍. കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടങ്ങള്‍, ബലൂണുകള്‍...റോഡിലാകെ പീപ്പിയുടെ ശബ്ദം. സന്ധ്യകഴിഞ്ഞപ്പോള്‍ താലം വരവുണ്ടായിരുന്നു. താലപ്പോലിയേന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നടക്കുന്ന അനിതയും അനിലേച്ചിയും എന്നെ നോക്കി ചിരിച്ചു. അവരണിഞ്ഞ പട്ടു പാവാടയും ബ്ലൌസും കയ്യിലേന്തിയ ദീപങ്ങളുടെ വെളിച്ചത്തില് വെട്ടിത്തിളങ്ങി. അനിലേച്ചി കല്യാണമടുത്തതോടെ കൂടുതല്‍ സുന്ദരിയായ പോലെ.

രാത്രിയില്‍ വൈകി അമ്പല പറമ്പില്‍ നിന്നും ഉയര്‍ന്ന “കൃഷ്ണാവതാരം ബാലെ“യുടെ പാട്ടും കേട്ട് ഞാന്‍ ഉറങ്ങാതെ കിടന്നു.
“യശോധാ നന്ദനാ..എന്‍ ചാരേ വാ…വാ…“എന്ന പാട്ടുകേട്ടപ്പോള്‍ അമര്‍ചിത്രകഥയിലെ ഉണ്ണിക്കണ്ണന്‍ മഞ്ഞ പട്ടുചേലയുമുടുത്ത് ഗോപികമാരുടെ ഇടയില്‍ നിന്നു കളിക്കുന്ന സ്റ്റേജ് ഞാന്‍ മനസ്സില്‍ കണ്ടു. അനിത എനിക്ക് ഉത്സവപ്പറമ്പില്‍ നിന്നും ഒരു ഡസന്‍ സ്പ്രിങ്ങ് വളയും ഒരു കല്ലുമാലയും വാങ്ങിത്തന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഇടവക പള്ളിയിലെ പെരുന്നാളായി. പെരുന്നാളിന്റെ പ്രദിക്ഷിണത്തിനു നിരയായി റോഡിലൂടെ നടക്കുന്നതിനിടയില്‍ പുത്തന് പെരുന്നാളു കൂടാന്‍ വന്ന പുതുമണവാട്ടികളുടെ പട്ടു സാരികളും നോക്കി ഞാന്‍ നടന്നു. അവരുടെ മണവാളന്മാരും സ്റ്റൈലന്‍ പാന്റും ഷര്‍ട്ടുമിട്ട് അവരെ മുട്ടിയുരുമ്മി നടന്നു നീങ്ങുന്നുണ്ടായിരുന്നു.പ്രദിക്ഷണം കഴിഞ്ഞ് പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ അയല്പക്കത്തെ ശാന്തകുമാരിച്ചേച്ചിയും അമ്മ ഊലിച്ചോത്തിയും നല്ല സെറ്റു മുണ്ടൊക്കെ ഉടുത്ത് പള്ളിയില്‍ നില്‍ക്കുന്നു. ശാന്തകുമാരിച്ചേച്ചി നെറ്റിയില് ചാന്ത് തൊട്ടിട്ടുണ്ട്.
“പെരുന്നാളു കാണാന്‍ വന്നതാ…” ഞാന്‍ അവരോട് കുശലം ചോദിച്ചു
“അല്ല കൊച്ചേ…ഞങ്ങള് അമ്പെടുക്കാന്‍ വന്നതാ..” ഊലിച്ചോത്തി മറുപടി പറഞ്ഞു
“നിങ്ങള് അമ്പെടുക്കുകേ….” എനിക്കതിശയം
“പിന്നെന്താ..ഞങ്ങള്‍ എല്ലാക്കൊല്ലവും വന്ന് പുണ്യാളന്റെ അമ്പെടുക്കാറുള്ളതല്ലേ..അല്ലെങ്കില്‍ വസൂരി വിത്തു വാരിയെറിയില്ലേ….” ഊലിച്ചോത്തി ഭയഭക്തിയോടെ പറഞ്ഞു.
പ്രദിക്ഷണം കഴിഞ്ഞ് സെബസ്റ്റിയാനോസ് പുണ്യാളന്റെ രൂപക്കൂടോടെയുള്ള പ്രതിമ പള്ളി മുറ്റത്തെ അലങ്കരിച്ച പന്തലില്‍ കൊണ്ടു വെക്കുന്നുണ്ടായിരുന്നു. മരത്തില്‍ കെട്ടപ്പെട്ട് അമ്പുകളേറ്റു നില്‍ക്കുന്ന കരുണാമയമായ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്കു അവരു പറഞ്ഞത് വിശ്വസിക്കാന് പറ്റിയില്ല.

“പുണ്യാളന്‍ ഇത്ര ദുഷ്ടനോ!!!!! “

അനിതക്കായി ഞാന്‍ ക്യൂട്ടക്സും ഇരട്ട ഡിസൈന്‍ തെളിയുന്ന വളകളും വാങ്ങി. പെരുന്നാളു കൂടാന്‍ വന്ന ത്രുപ്പൂണിത്തുറയിലെ ക്ലാരമ്മക്കുഞ്ഞമ്മയും വൈക്കത്തെ ചിന്നമ്മ അമ്മായിയും തന്ന പൈസയത്രയും ഞാന്‍ പൊടിപൊടിച്ചു.

വീണ്ടും രണ്ടു വട്ടം കൂടി ഉത്സവവും പെരുന്നാളും വന്നു പോയി. ഞങ്ങള് പത്താം ക്ലാസ്സിലാണിപ്പോള്‍ പഠിക്കുന്നത്. എല്ലാ ടീച്ചര്‍മാര്‍ക്കും പരീക്ഷയെക്കുറിച്ചു മാത്രമേ പറയാനുള്ളു. പത്താം ക്ലാസ്സെന്നു പറഞ്ഞാല് കുട്ടികളെ വിഴുങ്ങാന്‍ വരുന്ന ആരോ എന്ന മട്ടിലാണ് എല്ലാവരുടെയും സംസാരം. എനിക്കും അനിതക്കും കണക്കിനു റ്റ്യൂഷനുണ്ട്. എന്റെ ചേട്ടന്റെ കൂട്ടുകാരനായ രാജുച്ചേട്ടനാണ് റ്റ്യൂഷനെടുക്കുന്നത്. രാജുച്ചേട്ടന്‍ ലോ കോളേജില് വക്കീലാകുവാന്‍ പഠിക്കുകയാണ്. കോളേജ് കഴിഞ്ഞു വന്നിട്ട് വൈകുന്നേരമാണ് റ്റ്യൂഷന്‍.

സയന്‍സിന്റെ കുറേ നോട്ട് എഴുതി തീര്‍ക്കാന്‍ ഞാന്‍ ഒരുദിവസം അനിതയുടെ ബുക്കു കടം വാങ്ങി .അവളുടെ എല്ലാ പുസ്തകങ്ങളിലും ചേച്ചിയുടെ മോന്‍ സൂരജ് കുത്തി വരച്ചിട്ടുണ്ടാകും. അവള്‍ക്ക് എപ്പോഴും അവന്റെ കാര്യം പറയാനേ നേരമുള്ളു.

ഞാന്‍ വീട്ടിലിരുന്ന് അനിതയുടെ ബുക്കു നോക്കി നോട്ടു പകര്‍ത്തിയെഴുതുകയായിരുന്നു .പെട്ടെന്നാണ് അതില്‍ നിന്നും ഒരു മടക്കിയ കടലാസ് കഷണം താഴെ വീണത്. ഞാനതെടുത്ത് നിവര്‍ത്തി നോക്കി
.“എന്റെ അനിതക്ക്“ എന്നു തുടങ്ങുന്ന ആ കത്ത് വായിച്ചു അന്തം വിട്ടു പോയി. ഞങ്ങളുടെ റ്റ്യൂഷന്‍ സാറ് രാജുച്ചേട്ടന്റെ കത്തായിരുന്നു അത്. ഞാനാദ്യമായിട്ടാണ് ഒരു പ്രേമ ലേഖനം കാണുന്നത്. കള്ളി… എന്നോടൊന്നും പറയാതെ മറച്ചു വച്ചു. ഒരുമിച്ച് റ്റ്യൂഷന്‍ ക്ലസ്സിലിരുന്നിട്ടും എനിക്കിതൊരിക്കലും കണ്ടു പിടിക്കാന് പറ്റിയില്ലോ എന്നു ഞാന് അതിശയിച്ചു. കത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന എനിക്കു മറ്റൊന്നു കൂടി മനസ്സിലായി. സുധാകരന്‍ ചേട്ടന്‍ അവളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്. ഉടനെ തന്നെ ചേച്ചിയോടോ അച്ഛനോടോ തുറന്നു പറയണം എന്ന് രാജുച്ചേട്ടന്‍ എഴുതിയിരിക്കുന്നു.

പിറ്റേ ദിവസം പുസ്തകം തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് കത്തിനെക്കുറിച്ച് ചോദിച്ചു
“നീ വഴക്കു പറയും എന്നു പേടിച്ചാ നിന്നോട് പറയാതിരുന്നത്“. അവള്‍ ചമ്മലോടെ പറഞ്ഞു…
“പ്രേമിച്ചു നടക്കുമ്പോള്‍ പരീക്ഷ അടുക്കാറായി എന്നോര്‍മ്മ വേണം. നിന്റെ അച്ഛനറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി..? “ ഞാനവളോട് ചോദിച്ചു
“ഇതു തന്നെയാ നിന്നോട് പറയാന് മടിച്ചതിന്റെ കാരണം..” അവള് പറഞ്ഞു
ഞാന്‍ പെട്ടെന്ന് അവളോട് സുധാകരന്‍ ചേട്ടനെക്കുറിച്ച് ചോദിച്ചു.
“നീ ആ കത്തു മുഴുവന്‍ വയിച്ചോ…”അവള്‍ വിഷമത്തോടെ എന്നോട് ചോദിച്ചു
“വായിച്ചു. നിനക്ക് അച്ഛനോടോ ചേച്ചിയോടോ പറഞ്ഞു കൂടെ…”

“എങ്ങനെ ഞാനിതവരോട് പറയും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്കു ചേര്‍ന്നു കഴിഞ്ഞാല് എന്താണെങ്കിലും ഹോസ്റ്റലിലായിരിക്കും. അതോടെ അയാളില്‍ നിന്നും രക്ഷപ്പെടാം. ഏറിയാല്‍ മൂന്നു മാസം .ഇത്രയും നാള് രക്ഷപ്പെട്ടു നിന്നതുപോലെ അങ്ങു പോട്ടെ. എന്റെ പാവം അനിലേച്ചിയെ വിഷമിപ്പിക്കാനെനിക്കു മനസ്സു വരുന്നില്ല.” അവള്‍ നിറ കണ്ണുകളോടെ പറഞ്ഞു
“ചേച്ചിയോട് പറയാന്‍ വിഷമമാണെങ്കില്‍ അച്ഛനോട് പറയ് .”
“എന്തോ…. എങ്ങിനെയാ..അച്ഛനോടിങ്ങനത്തെ കാര്യങ്ങള്‍ പറയുന്നത്. അച്ഛന്റെ മുന്‍പില്‍ സുധാകരന്‍ ചേട്ടന്‍ നല്ല പിള്ളയല്ലേ... അയാളുടെ ഉദ്ദേശമെങ്ങാനും നടന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. ആ നിമിഷം ഞാന്‍ ചത്തു കളയും. മരിച്ചു പോയ എന്റെ അമ്മയാണെ സത്യം..” അവള്‍ പെട്ടെന്നു പറഞ്ഞു.
“നീ…ചുമ്മാ അതുമിതും പറയാതെ അനിതേ..ഒന്നും ഉണ്ടാകില്ല.“ പേടിയോടെയാണെങ്കിലും ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
എസ്സ്.എസ്സ്.എല്‍.സി. പരീക്ഷക്ക് ഇനി ഒരു മാസം പോലുമില്ല. ഞങ്ങളുടെ മോഡല്‍ പരീക്ഷ നടക്കുകയാണ്. രാവിലെ സ്കൂളില്‍ ചെന്ന ഞാന്‍ ഗെയിറ്റില് കരിങ്കൊടി കെട്ടിയിരിക്കുന്നതു കണ്ടു. സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ അവിടവിടെയായി കൂടിനിന്ന് അടക്കം പറയുന്നു.
“എന്താ… എന്തു പറ്റി ..?”ഞാന്‍ ചോദിച്ചു
ഷര്‍മ്മിളായാണു മറുപടി പറഞ്ഞത്
“ഇന്നത്തെ മോഡല്‍ പരീക്ഷ മാറ്റി വെച്ചു. അനിത കുമാരി.കെ.സ്സ്. തൂങ്ങി മരിച്ചു. കാരണമെന്തെന്നാര്‍ക്കുമറിയില്ല.“
“പരീക്ഷപ്പേടിയായിരിക്കും എന്നൊക്കെ ടിച്ചര്‍മാരു പറയുന്നണ്ട്“. സുലേഖ പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടികളെല്ലാം അവളുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ അവരുടെ നിരയിലൊരാളായി.

“ഇല്ലാ.. സുധാകരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും എന്നത്തെയും പോലെ അവള്‍ രക്ഷപെട്ടിട്ടുണ്ടാകും. ആ ഒറ്റക്കയ്യന്‍ അറുകൊലയായിരിക്കും അവളെ കൊണ്ടു പോയത്“. നടക്കുന്നതിടയില്‍ ഞാന്‍ എന്റെ മനസ്സിനെ സ്വാന്തനിപ്പിക്കുവാന്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. പണ്ടു തൂങ്ങി മരിച്ച ദാസപ്പന്‍ ചേട്ടന്റെ വീടും മനക്കപ്പറമ്പും താണ്ടി കുട്ടികളും ടിച്ചര്‍മാരും അടങ്ങിയ നീണ്ട നിര അനിതയുടെ വീട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നു. മനക്കപ്പറമ്പിലെ തുടലിമുള്‍ക്കാടിനടുത്തെത്തിയപ്പോള്‍ എന്റെ മനസ്സ് ചോദിച്ചു.

“എന്തിനാ അറുകൊലേ…നീ എന്റെ അനിതയെ കൊണ്ടു പോയത്…? എന്തു ദ്രോഹമാണവള്‍ നിന്നോട് ചെയ്തത്…? നീ സുധാകരന്‍ ചേട്ടന്റെ രൂപത്തില്‍ അവളുടെ വീട്ടില്‍ ചെന്നു കയറിയത് ഇതിനായിരുന്നോ…?”

എല്ലാവരും അവളുടെ വീടിനു മുന്നിലെത്തി. ഞങ്ങളുടെ റ്റ്യൂഷന്‍ സാര്‍ രാജുച്ചേട്ടന്‍ റോഡരികിലെ ആള്‍ക്കൂട്ടത്തില്‍ തളര്‍ന്നു നില്ക്കുന്നുണ്ടായിരുന്നു. എല്ലാ കുട്ടികളും ഗെയിറ്റു കടന്ന് അകത്തേക്കു കയറി. അവളുടെ വീട്ടിലേക്ക് കയറാന്‍ ധൈര്യമില്ലാതെ ഞാന്‍ റോഡരികില്‍ത്തന്നെ നിന്നു. തനിയെ നില്‍ക്കുന്നത് കണ്ട് രാജുച്ചേട്ടന്‍ എന്റെ അരികിലേക്ക് വന്നു കുറ്റബോധത്തോടെ പറഞ്ഞു.

“അവള്‍ക്ക് അച്ഛനോട് പറയാന്‍ ബുധിമുട്ടുണ്ടായിരുന്നു എന്നറിഞ്ഞപ്പോഴെങ്കിലും ഞാന്‍ അവളുടെ അച്ഛനെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും നമുക്കവളെ രക്ഷിക്കാമായിരുന്നു. ഞാനാണവളുടെ മരണത്തിനു കാരണക്കാരന്‍.”

“അല്ലാ ഒറ്റക്കയ്യന്‍ അറുകൊലയുടെ പണിയാണിത്. അയാള്‍ക്കവളെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.“ ഞാന്‍ പറയാന്‍ ശ്രമിച്ചു. എന്റെ ശബ്ദം ഒരു വലിയ തേങ്ങല്‍ മാത്രമായി.

വീടിനു മുന്നിലെ ഉയര്‍ത്തിയ കെട്ടിയപന്തലും ആള്‍ക്കൂട്ടവും നോക്കി ഞാന്‍ ആ റോഡരികില്‍ത്തന്നെ നിന്നു….. ഒറ്റക്കയ്യന്‍ അറുകൊലകൊണ്ടുപോയ അനിതയുടെ തുറിച്ച നാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ…

36 comments:

 1. Writing Fantastic...

  Long post aanenkiloum (njaanum aththarakkaaran aayathukonde) vaayichchu.

  Subjetc sathyamaanenkil dukhikkunnu.
  :-(

  Sunil || Upasana

  Off : Varikalude kramiikaranam kurachu koode nannaakkaam.

  ഞാന്‍ ദാസപ്പന്‍ ചേട്ടനെ പിന്താങ്ങിക്കൊണ്ടു ചോദിച്ചു.

  "pinthaangngi" ennu mathram mathi. chodichchu ennathe athyaavazyamalla.
  :-)

  ReplyDelete
 2. നിഷ്കളങ്കമായ സ്കൂള്‍കാലഘട്ടത്തിലേയ്ക്ക്‌ പിടിച്ചുകൊണ്ടുപോയ ഒരു പോസ്റ്റ്‌...

  ആലേഖനത്തില്‍ ശരിക്കും സ്കൂള്‍പ്രായത്തിന്റെ തികവ്‌!!!

  അഭിനന്ദനങ്ങള്‍!!!.

  ഇനിയും ഒരുപാട്‌ എഴുതുക..

  ReplyDelete
 3. ഒറ്റക്കയ്യൻ അറുകൊല ഇന്നും വിലസിക്കൊണ്ടേയിരിയ്ക്കുന്നു.
  പാവം അനിത.
  റോസാപ്പൂക്കൾ, എന്നെ ഒരുപാട് ഓർമ്മകളിലേയ്ക്കു കൊണ്ടുപോയി.
  ക്ലാസ് മുറി, ഉത്സവം, പെരുന്നാൾ, സ്പ്രിങ്ങുവള.... അങ്ങനെ പലതും.
  നല്ല എഴുത്ത്.

  ReplyDelete
 4. നടന്ന സംഭവം ആണോ കഥയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല.
  പക്ഷെ രണ്ടായാലും ഇത്ര നീണ്ട പോസ്റ്റ്‌ മുഷിയാതെ ഇരുന്നു വായിക്കുവാന്‍ തോന്നുന്ന അത്ര നല്ല എഴുത്ത്.....
  വളരെ നന്നായി റോസ്

  ReplyDelete
 5. മരണങള്‍ക്ക് ഒരു കാരണമായിട്ട് അറുകൊലമാര്‍ ഇപ്പോഴും പല വേഷത്തിലും രൂപത്തിലും ഭാവത്തിലും ഉണ്ട് അല്ലേ...?

  വായിക്കാന്‍ താമസിച്ചുപോയി...
  മനോഹരമായ ആഖ്യാന ശൈലി.വീണ്ടും എഴുതുക

  ആശംസകള്‍!!

  ReplyDelete
 6. nannayitundu.ninganepole ullavarkkanu ezhuthaan dharaalam undavuka..porattee anubhava sambathukal..all d best

  ReplyDelete
 7. കഷ്ടം!! :-(
  എഴുത്ത് ശൈലി ഇഷ്ടപ്പെട്ടുട്ടോ,..

  ReplyDelete
 8. നന്ദി
  ജോയ്,ലതി,കണ്ണനുണ്ണി,ഭായി,നേഹ,തൃശ്ശൂര്‍ക്കാരന്‍

  ReplyDelete
 9. വളരെ നന്നായി എഴുതിയിരിയ്ക്കുന്നു.

  സ്കൂള്‍ കാലഘട്ടത്തിലെ കുട്ടികളുടെ മനസ്സിലൂടെ, ആ ചിന്തകളിലൂടെ കടന്നു പോകുന്ന രചന.

  ReplyDelete
 10. Kurachu koodi purakilotu...!

  Manoharam, Ashamsakal...!!!

  ReplyDelete
 11. നീളം കൂടിയ പോസ്റ്റ്‌ ആണെങ്കില്‍ എന്താ, മനോഹരം, സ്കൂള്‍ കാലഘട്ടം ശരിക്കും വരച്ചു കാട്ടി, നിഷ്കളങ്കമായ കുറെ മനസുകള്‍ കണ്ടു ആര്‍ത്തുല്ലസിച്ചു വരുമ്പോള്‍ ദാണ്ടെ ഒരു നൊമ്പരം സമ്മാനിച്ച്‌ അനിതയുടെ ആകസ്മികമായ വിടപറയല്‍. ഇനിയും എഴുതുക, ആശംസകള്‍ പ്രിയ കൂട്ടുകാരി.

  മുട്ടോളം നീളമുള്ള വലിയ ഒരു ചുട്ടിക്കരയന്‍ ചെത്തുതോര്‍ത്തുമുടുത്ത് ചുരുട്ടിയ കൈവിരലുകളും പുറത്തേക്കു നീണ്ട നാവുമായി തൂങ്ങി നില്‍ക്കുന്ന ശരീരം ഞാന്‍ ഒന്നേ നോക്കിയുള്ളു….

  ഇത് പോലെ ഒന്ന് രണ്ടു സംഭവങ്ങള്‍ കണ്ടത് ഞാനും ഓര്‍ത്തു

  ReplyDelete
 12. ......നീളം വളരെ കൂടിപോയി എന്ന് പറയാതെ വയ്യ ഒന്നുകൂടി കാച്ചിക്കുറുക്കിയാല്‍ എളുപ്പം വായിച്ചുപോകാം ഒരുപാട്‌ ബ്ലോഗ്‌ വായിക്കനുണ്ട്...... ......എങ്കിലും നന്നായിരിക്കുന്നു..
  വീണ്ടുമൊരു സ്കൂള്‍ കുട്ടിയാവാന്‍ ........മോഹിക്കത്തവര്‍ വളരെ വിരളം
  നന്‍മകള്‍ നേരുന്നു
  നന്ദന

  ReplyDelete
 13. ഈ എഴ്ത്ത്‌ മനസ്സിൽ തൊട്ടു പാവം അനിത...വളരെ നന്നായിരിക്കുന്നു ...ആശംസകൾ

  ReplyDelete
 14. ഈ റോസാപൂക്കള്‍, അനിതയ്ക്കായ് അര്‍‍പ്പിക്കാം...കുറെ ഏറെ ഓര്‍‍മകള്‍ അടുക്കിവച്ചിരിക്കുന്ന ബ്ലോഗ്..Nice one!!!

  ReplyDelete
 15. റോസ് : നല്ല കഥ , ഇതൊരു കഥ മാത്രമായിരിക്കണേ എന്നൊരു പ്രാര്‍ഥനയോടെ.....

  ReplyDelete
 16. ഇത് ഒരു കഥ മാത്രം..
  പിന്നെ പണ്ടത്തെ സ്കൂള്‍ കാലഘട്ടത്തിലെ ചില കാര്യങ്ങളും

  ReplyDelete
 17. ഓർമ്മകൾ മനോഹരമായിട്ടുണ്ട് ട്ടാ..
  ഈ സത്യ സന്ധമായ കഥപറച്ചിൽ ഇഷ്ടമായി..
  ഇനിയും എഴുതുക ആശംസകൾ !!

  ReplyDelete
 18. റീഡബിള്‍ ആയ പോസ്റ്റ്. നന്നായിട്ടുണ്ട്.
  (എന്റെ പോസ്റ്റ് ‘കൂട്ട’ത്തില്‍ ആരൊക്കെയോ അടിച്ചു മാറ്റിയിട്ടുണ്ട് എന്നു പറഞ്ഞല്ലോ. ഞാന്‍ കണ്ടില്ല. ഒന്ന് ലിങ്ക് തരുമോ..?)

  ReplyDelete
 19. ഇന്നും അറുകൊലകള്‍ പല രൂപത്തിലും ഭാവത്തിലും കറങ്ങി നടക്കുകയല്ലേ!

  ReplyDelete
 20. ഓരോ രംഗവും മനസ്സില്‍ കാണിച്ചു തരുന്ന ശൈലി. സ്കൂള്‍ കാലഘട്ടത്തിലെ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ പോസ്റ്റ്..

  ReplyDelete
 21. പോസ്റ്റ്‌ നന്നായി കെട്ടൊ...കുറച്ച്‌ പരത്തിപ്പറഞ്ഞൊ എന്നൊരു സംശയം ഇല്ലാതില്ല.. :)

  ReplyDelete
 22. നീളം കൂടിപ്പോയെങ്കിലും ആസ്വാദ്യകരം.... നന്നായിരിക്കുന്നു ചേച്ചി....

  ReplyDelete
 23. കൊള്ളാം..മുഴുവനും വായിച്ചു.. ഒരു സ്കൂള്‍ കുട്ടിയുടെ നിഷ്കളങ്കമായ കഥന ശൈലി.
  പാവം അനിത, അറും കൊലകള്‍ പല പല രൂപങ്ങളില്‍ സമൂഹത്തില്‍ ജീവിക്കുന്നു, നമ്മുടെ സഹോദരിമാര്ക് ഇവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കറുത്ത് നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 24. മിഥിനും തൃശ്ശൂര്‍ക്കാരനും നന്ദി

  ReplyDelete
 25. എല്ലാ കളങ്കവും ആ പാവം അറുകൊലക്ക് അല്ലേ ...? ആ കൌമാര കാലഘട്ടം മുഴുവൻ ഈ രചനയിൽ തുടിച്ചു നിന്നിരുന്നു കേട്ടൊ...

  ReplyDelete
 26. കഥാകഥനത്തില്‍ ഒരു പ്രൊഫഷണല്‍ ടച്ച് വന്നിരിക്കുന്നു. നന്നായിട്ടുണ്ട്

  ReplyDelete
 27. വളരെ നന്നായി എഴുതിയിരിയ്ക്കുന്നു.

  ഒറ്റക്കയ്യൻ അറുകൊല ഇന്നും വിലസിക്കൊണ്ടേയിരിയ്ക്കുന്നു.

  ReplyDelete
 28. ചില കഥകൾ കാലികപ്രസക്തം എന്ന ഗണത്തിലേക്ക് സ്വയം നീങ്ങി നിൽക്കാറുണ്ട്. ഈ കഥ കാലങ്ങളോളം ആ ബാനറും താങ്ങി നിൽക്കുമെന്ന് തന്നെയാ തോന്നുന്നത്. അങ്ങിനെയാവാതിരിക്കട്ടെയെന്നാണ് മനസ്സ് മന്ത്രിക്കുന്നതെങ്കിലും.

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. ഏതൊക്കെയോ ഒന്ന രണ്ട് സിനിമകളിൽ പറഞ്ഞു കേട്ട മാതിരി,ആളുകളുടെയും കുട്ടികളുടേയും വിവരണങ്ങളാൽ എല്ലാവരാലും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം' അതായിരുന്നു ഇത് വായിക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ. പിന്നീട് അവസാനഭാഗമായപ്പോഴേക്കും ഒറ്റക്കണ്ണൻ ഒരു ക്രൂരകഥാപാത്രം തന്നെയാണെന്ന് തിരിച്ചറിഞ്ഞു. നല്ല അവതരണം.
  ആശംസകൾ റോസില്യേച്ചീ.

  ReplyDelete
 31. “ഇസ്ക്കൂളും” പെരുനാളും ഉത്സവും ഒക്കെ ആഘോഷിച്ച് ഒറ്റക്കണ്ണന്റെ നാക്കുകടിയില്‍ വരെയെത്തുമ്പോഴേയ്ക്കും ഒന്നു കിതച്ചുനിന്നു. ദൂരം കുറെ താണ്ടിയതല്ലേ! അന്നൊക്കെ വെറിപൂണ്ട രണ്ടുകണ്ണന്മാരുടെ ഇരയായ എത്രയോ പാവങ്ങളുടെ ദുര്‍മരണങ്ങള്‍ ഒറ്റക്കണ്ണന്‍ അറുകൊലയില്‍ ആരോപിക്കുകവഴിയാണ് ആ പാവത്തിന് ഇങ്ങനെ പേടിപ്പെടുത്തുന്ന പേരുദോഷമുണ്ടായതുതന്നെ..!

  ഈ നല്ലെഴുത്തിന് ആശംസകള്‍ പൂവേ.!

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍