സൌദാമിനിയും എനിക്കൊരു കഥാപാത്രം തന്നെ. ഞാന്‍ ഹൈസ്കൂലില് പഠിക്കുന്ന സമയത്താണ് സൌദാമിനി ഞങ്ങളുടെ വീട്ടില് ആദ്യമായി വന്നത്.ഞാനും ചേച്ചിയും വീടിനു പുറകു വശത്തെ വരാന്തയില് ഇരുന്നു പഠിക്കുകയായിരുന്നു .അതുകൊണ്ട് സൌദാമിനി പുറകില് വന്നു നിന്നത് ഞങ്ങള് കണ്ടില്ല. “അമ്മയെവിടെ മോളേ“ എന്നചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോള്‍.മുണ്ടും ബ്ലൌസും അണിഞ്ഞ ഒരു യുവതി,.മാറത്ത് ഒരു തോര്ത്തുമിട്ടിട്ടുണ്ട്.ബ്ലൌസിന്റെ കഴുത്ത് ഇറക്കി വെട്ടിയിരിക്കുന്നു. എന്നാല്‍ തോര്ത്ത് ശരിക്ക് ഇട്ടിട്ടുമില്ല.ആളു ചിരിച്ചു കൊണ്ട് നില്ക്കുകയാണ്.നെറ്റിയില് ചുമന്ന നിറത്തിലുള്ള കുങ്കുമപ്പൊട്ട്.കുങ്കുമത്തരികള് മൂക്കിലേക്ക് വീണു കിടക്കുന്നു.തലമുടി നേരെ പകുത്തി ചീകിയിരിക്കുകയാണ്.വകച്ചിലിനിരുവശവും രണ്ടു കുമിളകള്‍ പോലെ മുടി വച്ചിരിക്കുന്നു.പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ നായികമാരുടേതുപോലെ.
“എന്തിനാ വന്നത്”? ചേച്ചി ചോദിച്ചു
“അമ്മിണിച്ചേച്ചിയോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ അമ്മ? “തിരിച്ചൊരു ചോദ്യം
ഈ നേരം കൊണ്ട് അമ്മ എത്തി.”ഓ അമ്മിണി പറഞ്ഞ ആളാണല്ലേ..“
വീട്ടില്‍ ആഴ്ചയില്‍ ഒരു ദിവസം വന്ന് തുണിയലക്കാന്‍ ആളെ വേണമെന്ന് അമ്മ കൂട്ടുകാരി അമ്മിണിച്ചേച്ചിയോട് ചട്ടം കെട്ടിയിരുന്നു. അതനുസരിച്ച് വന്നതാണ് സൌദാമിനി.സൌദാമിനി അമ്മിണിച്ചേച്ചിയുടെ വീട്ടിലും ജോലി ചെയ്യുന്നുണ്ട്.എല്ലാ ശനിയാഴ്ചകളിലും വരാം എന്നു പറഞ്ഞു സൌദാമിനി പോയി.
ഞങ്ങള്‍ക്കെന്തുകൊണ്ടോ സൌദാമിനിയെ അത്ര ഇഷ്ടമായില്ല.ഒരു ആനച്ചന്തവും വല്ലാത്ത അണിഞ്ഞൊരുക്കവും.വീട്ടില്‍ മിക്കവാറും പറമ്പില്‍ ജോലിക്ക് പുരുഷന്മാരായ ജോലിക്കാരുണ്ടാകും.അതു കൊണ്ട് ആകെ ഒരു പന്തികേടു തോന്നി
“ നമുക്കിതിനെ വേണ്ടമ്മേ വേറെ ആരെയെങ്കിലും നോക്കാം” ചേച്ചി പറഞ്ഞു നോക്കി
“ഓ ആഴ്ചയില്‍ ഒരു ദിവസം വന്നു ജോലിചെയ്തിട്ടുപോകുന്ന കാര്യമല്ലേ..അവളവളുടെ പണി ചെയ്തിട്ടു പൊയ്ക്കോളും” അമ്മയുടെ മറുപടി.പിന്നെ ഞങ്ങളൊന്നും പറഞ്ഞില്ല
പിറ്റെ ശനിയാഴ്ച മുതല്‍ സൌദാമിനി വന്നു തുടങ്ങി.ആളെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ കരുതിയതെല്ലാം തെറ്റാണെന്നു മനസ്സിലായി.വേഷ വിധാനം കണ്ടു തെറ്റിധരിച്ചപോല ആളു കുഴപ്പക്കാരിയൊന്നുമല്ല സൌദാമിനി എല്ലാദിവസവും ഓരോരോ വീടുകളില്‍ ജോലിചെയ്യും.മുപ്പതു വയസ്സോളം പ്രായമുണ്ട്.ഇതുവരെ കല്യാണമൊന്നും ആയില്ല.ആളോരു സിനിമാഭ്രാന്തിയാണ്.നസീര്‍,മധു,ഷീല,ജയഭാരതി തുടങ്ങിയവരുടെ കടുത്ത ആരാധിക.ഉമ്മറിനെ കണ്ടുകൂടാ.അവന് പെണ്ണുങ്ങളെ കണ്ടാല്‍ വെറുതെ വിടില്ല എന്നാണ് പറയുന്നത്.എല്ലാ വെള്ളിയാഴ്ചയും സാബൂ ടാക്കീസില് സിനിമ മാറി വരുമ്പോള് മുടങ്ങാതെതെ കാണും. ഞങ്ങള്‍ സൌദാമിനി വരുമ്പോഴേ അടുത്തുകൂടും തലേ ആഴ്ചത്തെ സിനിമാ കഥ കേള്‍ക്കാന്‍.പുതിയ താരങ്ങളെയൊന്നും സൌദാമിനിക്ക് അത്ര പിടുത്തമല്ല.അവര്‍ക്കൊന്നും പഴയ താരങ്ങളെപ്പോലെ സൌന്ദര്യം ഇല്ല എന്നാണ് ഇഷ്ടത്തി പറയുന്നത്.എല്ലാം എല്ലു പോലത്തെ നടികള്....ആയിടെയാണ് റഹ് മാന്‍ ഒരു തരംഗമായി സിനിമയില്‍ വന്നത്.ഒരു വര്‍ഷത്തെ കറങ്ങിതിരിയലിനു ശേഷം “കാണാമറയത്ത്” സാബൂ ടാക്കീസില് വന്നു.പിറ്റെ ആഴ്ച ഞാന് സൌദാമിനിയോടു ചോദിച്ചു.
“എങ്ങനെയുണ്ട് സൌദേ... റഹ് മാന്‍..?”
“ഓ….ഒരു എല്ലുപോലത്തെ ചെറുക്കന് ..ഒരു വികൃത രൂപം. വെറുതെ എന്റെ കാശു കളഞ്ഞു..”
“ അപ്പോ ശോഭനയോ..?”
“ഓ അതും കണക്കാ…ഒരു എലുമ്പി…നമ്മുടെ ഷീലയുടെയും ജയഭരതിയുടെയും അടുത്തു വരുമോ ഇപ്പോഴത്തെ നടിമാര്..”
ഇതാണ് സൌദയുടെ എല്ലാക്കാര്യത്തിലുമുള്ള മനോഭാവം.വീട്ടില്‍ സൌദാമിനിയെക്കുടാതെ അമ്മ, അച്ഛന്‍,അനുജന്‍ ഗോപീകൃഷ്ണന് എന്നിവരുണ്ട്.ചേച്ചിയുടെയും അനുജത്തിയുടെയും കല്യാണം കഴിഞ്ഞു.
“അനുജത്തിയുടെ കല്യാണം നടത്തിയിട്ട് സൌദാമിനിക്കെന്താ കല്യാണം ആവാഞ്ഞേ..?” ഞാന്‍ ചോദിച്ചു
അപ്പോള്‍ സൌദാമിനി വീട്ടിലെ അവസ്ഥ പറഞ്ഞു.ചേച്ചിയെ എങ്ങനെയൊക്കെയോ അച്ഛന്‍ കല്യാണം കഴിപ്പിച്ചു വിട്ടു.മുറച്ചെറുക്കന്‍ കല്യാണം കഴിച്ചതു കൊണ്ട് വലിയ ബുധിമുട്ടില്ലാതെ അതു കഴിഞ്ഞു അനുജന്‍ ജോലിക്കൊന്നും പോകില്ല.അവന്‍ പത്താം ക്ലാസ്സു പഠിച്ചുണ്ടത്രേ.അതു കൊണ്ട് മറ്റു പണിക്കൊന്നും പോകാന്‍ അവനു വയ്യ.കുലത്തൊഴിലായ തെങ്ങുകയറ്റം ചെയ്യാന്‍ അഛനും അമ്മയും സമ്മതിക്കുന്നില്ലത്രേ...ആകെയുള്ള ആണിനെ അങ്ങനെയുള്ള പണികള്‍ക്കൊന്നും അയക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല ഇപ്പോള്‍ വീട്ടില്‍ വരുമാനം ഉള്ള ഏകയാള്‍ സൌദാമിനി മാത്രം.അഛനും അമ്മക്കും ഇപ്പോള്‍ പണിക്കൊന്നും പോകാന്‍ വയ്യ.അനുജത്തി പണിക്കുപോകുമ്പോള്‍ പണിസ്ഥലത്തെ ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ്.അല്ലാതെ വീട്ടുകാര്‍ നടത്തിക്കൊടുത്തതൊന്നും അല്ല.ഏക വരുമാനമായ സൌദമിനിക്ക് കല്യാണം ആലോചിക്കാനൊന്നും ആരും മിനക്കെടുന്നില്ല.
ഇതെല്ലാം കേട്ട് ഞാന് സൌദാമിനിയോട് ചോദിച്ചു.
“സൌദക്കും ആരെയെങ്കിലും സ്നേഹിച്ച് വിവാഹം കഴിച്ചുകൂടെ.? വീട്ടുകാര് ഇങ്ങനെയൊക്കെയാണെന്നറിയാമല്ലൊ”
“എന്നെ ആരെങ്കിലും സ്നേഹിക്കുകയാണെങ്കില് അയാള് തന്നെ എന്നെ വിവാഹം കഴിക്കണം.ഇനി അയാള്‍ക്ക് എന്നെ വിവാഹം കഴിക്കാന്‍ പറ്റിയില്ലെങ്കില് ഞാന്‍ ഒരു പേരുദോഷക്കാരിയായി കഴിയേണ്ടി വരില്ലേ…?ഒരാളെ മനസ്സു തുറന്നു സ്നേഹിച്ചിട്ട് പിന്നെ മറ്റൊരാളുടെ ഭാര്യയാകുന്നതെങ്ങിനെ..? ഇനി ചിലര്‍ക്കൊക്കെ എന്റെ സ്നേഹം കുറച്ചു നേരത്തേക്കു മതി..അവരുടെ കാര്യം കാണാന്‍എങ്ങനെ വിശ്വസിച്ച് ഒരാളെ സ്നേഹിക്കും” ഞാന്‍ ഒന്നും പറഞില്ല
കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ചേച്ചിക്ക് കല്യാണമായി. കല്യാണത്തിന് സൌദാമിനി വരികയും ചെയ്തു.
ഒരു ശനിയാഴ്ച്ച സൌദാമിനി വീട്ടില്‍ വന്നപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പറഞ്ഞു.അവളെ പെണ്ണു കാണാന്‍ ഒരാള്‍ വന്നിരുന്നുവത്രേ.അടുത്ത വീട്ടിലെ ചേട്ടന്‍ അയാളുടെ കൂട്ടുകാരനു വേണ്ടി ആലോചിച്ചതാണ്.വലിയ സ്ത്രീധനം ഒന്നും വേണ്ട.അത്യവശ്യം കുറച്ചു സ്വര്‍ണ്ണം മാത്രം കൊടുത്തല് മതി
“ എങ്ങനെയുണ്ട് സൌദാമിനീ ആള്...സുന്ദരനാണോ..?” ഞാന്‍ ചോദിച്ചു
“ഏയ്...ഞാന്‍ മുഖത്തേക്കുനോക്കിയില്ല ....”നാണത്തോടുകൂടെയുള്ള മറുപടി.
“പണിയെടുക്കാനൊക്കെ നല്ല ആരോഗ്യമുള്ളയാളെന്നാണ് എല്ലാവരും പറഞ്ഞത്.എന്നെ അവര്‍ക്കിഷ്ടമായി എന്നും അറിയിച്ചു“
പക്ഷേ അടുത്തയാഴ്ച വന്ന സൌദാമിനി ആകെ ദു:ഖിതയായിരുന്നു
“എന്തു പറ്റി ഇന്ന് കളിയും ചിരിയും ഒന്നും ഇല്ലല്ലോ?” ഞാന്‍ അന്വേഷിച്ചു
“എന്റെ ആ കല്യാണാലോചന വേണ്ടെന്നു വച്ചു. അച്ഛന്റെ കയ്യില്‍ കാശില്ലന്ന്” സൌദാമിനി സങ്കടത്തോടെ പറഞ്ഞു.എനിക്ക് ഇത് കേട്ടപ്പോള്‍ ആകെ വിഷമം തോന്നി.ഞാന്‍ ചോദിച്ചു
“സൌദാമിനി എല്ലാ ദിവസവും ഓരോരോ വീടുകളില്‍ ജോലിയെടുക്കുന്നില്ലേ...ആ പൈസ ഒരുമിച്ചു വെച്ചാന്‍ മതിയായിരുന്നല്ലോ കുറച്ചു സ്വര്‍ണ്ണമെങ്കിലും വാങ്ങാന്‍?”
“അപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടക്കില്ലല്ലോ” നിന്ദയോടെ അവള്‍ പറഞ്ഞു
“ അമ്മക്കിപ്പോള് എങ്ങനെയെങ്കിലും ഗോപീകൃഷ്ണന്റെ കല്യാണം നടതിയാല് മതി എന്നാണ്..എനിക്കു ആലോചന വന്നതേ അവര്‍ക്കാര്‍ക്കും അത്ര പിടിച്ചിട്ടില്ലായിരുന്നു.അടുത്ത വീട്ടിലെ ചേട്ടന്റെ നിര്‍ബന്ധത്തില്‍ വന്നു പെണ്ണു കണ്ടു എന്നു മാത്രം” സൌദാമിനി കുറച്ച് രോഷത്തോടെ പറഞ്ഞു
പിന്നെയും വര്‍ഷങ്ങളോളം സൌദാമിനി വീട്ടില്‍ ജോലിക്ക് വന്നു കൊണ്ടിരുന്നു.ഞാന്‍ കൌമാരക്കാരിയായപ്പോള്‍ വന്ന സൌദാമിനി,ഞന്‍ കല്യാണ പ്രായമായിട്ടും ഒരു മാറ്റമില്ലാതെ ജോലിക്കു വന്നു കൊണ്ടിരുന്നു.പഴയ പ്രസരിപ്പൊന്നും ഇല്ല.ഇപ്പോള്‍.
ആയിടക്ക് എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകള്‍ സോഫി കല്യാണം കഴിഞ്ഞ് നവവരനുമായി വീട്ടില്‍ വിരുന്നു വന്നു.സോഫി സൌദാമിനിയുടെ അയലക്കാരിയാണ്.അപ്പോള്‍ സൌദാമിനി വീട്ടില്‍ ജോലിചെയ്തുകൊണ്ട് നില്‍പ്പുണ്ട്.സൌദാമിനിയെ കണ്ടതു സോഫിയുടെ മുഖം പെട്ടെന്നു മാറി.പെട്ടെന്ന് സോഫി മാറിക്കളഞ്ഞു.സൌദാമിനിയോട് ഒന്നും സംസാരിച്ചുമില്ല.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ സൌദാമിനി എന്നോട് ചോദിച്ചു
“ സോഫി എങ്ങനെ? സന്തോഷമായിട്ടിരിക്കുന്നോ?”
“ ഇതെന്തു ചോദ്യം സൌദേ…അവള് പുതുമണവാട്ടിയല്ലേ..കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.സന്തോഷം ഇല്ലാതിരിക്കുമോ..? ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട് തീരുന്നില്ല അവള്‍ക്ക്”
“ എന്റെ ഭഗവാനേ….” സൌദാമിനി മൂക്കത്തു വിരല് വച്ചു
“ എന്താ സൌദേ..?” എനിക്ക് ആകാംഷയായി”
“ഈ സോഫി കല്യാണത്തിനു രണ്ടു ദിവസം മുന്പ് എന്റടുത്ത് വന്നിരുന്നു.ഞാന്‍ എന്റെ വീടിനടുത്ത് ഞാന്‍ ജോലിചെയ്യുന്ന ഒരു വീടുണ്ട് അവിടത്തെ പ്രകാശനുമായി സ്നേഹത്തിലായിരുന്നു സോഫി .കയ്യില് ഒരു കത്ത് തന്നിട്ട് അതു എങ്ങനെയെങ്കിലും പ്രകാശനെ ഏല്പ്പിക്കണം പറഞ്ഞു.ഞാന്‍ ഒഴിവായിക്കളഞ്ഞു.കല്യാണത്തലേന്ന് അവള്‍ക്ക് അവനുമായി ഒളിച്ചോടാനുള്ള പ്ലാനായിരുന്നു.എനിക്കു വയ്യ ഇതിനിടയില് നില്‍ക്കാന്‍.ഒടുവില് സോഫി എന്നോട് പറഞ്ഞത് കേള്‍ക്കണോ , അവളുടെ ശവമേ കല്യാണ ദിവസം പള്ളിയില് കൊണ്ടുപോകുകയുള്ളു എന്ന്..സത്യം പറഞ്ഞാല്‍ ആ പെണ്ണിന്റെ കല്യാണം കഴിയുന്നതു വരെ എന്റെയുള്ളില്‍ തീയായിരുന്നു.വല്ല കടും കയ്യും ചെയ്തുകളയുമോ എന്ന് പേടിച്ചിട്ട്”
ഞാന്‍ ഇത്കേട്ട് അത്ഭുതപ്പെട്ടുപോയി.പിന്നെ പറഞ്ഞു
“എന്തു ചെയ്യാന്‍ പറ്റും പിന്നെ അവള്‍ക്ക്..പാവം എങ്ങനെയെങ്കുലും ജീവിക്കട്ടെ”
“എന്നാലും ഇതു കുറച്ചു കടുപ്പം തന്നെ”.സൌദാമിനി വീണ്ടും പ
റഞ്ഞു
ഞാന്‍ ജീവിതത്തിന്റെ പ്രാക്ടിക്കല് വശം പറഞ്ഞുകൊടുത്തതിനോട് സൌദാമിനിക്ക് യോജിക്കാന്‍ പറ്റിയില്ല
പിന്നെ കുറച്ചുനാള് കഴിഞ്ഞപ്പോള് ഞാന്‍ വിവാഹിതയായി.കല്യാണത്തിന് വിളിച്ചിട്ട് സൌദാമിനി വന്നതും ഇല്ല.എനിക്ക് അവളോട് പരിഭവം ഒന്നും തോന്നിയതും ഇല്ല.പഴയ തുടിപ്പെല്ലാം നഷ്ടപ്പെട്ട്.മധ്യ വയസ്സിലായിക്കഴിന്നിരുന്നു സൌദാമിനി അപ്പോള്.പിന്നെയും കുറച്ചു വര്‍ഷങ്ങള്‍കൂടി സൌദാമിനി എന്റെ വീട്ടില് ജോലിക്ക് വരുമായിരുന്നു.പിന്നെയെപ്പോഴോ വരാതായി…അന്വേഷിച്ചപ്പോള് വയ്യാതായി എന്നു കേട്ടു.എന്നുമുള്ള അധ്വാനം അവളെ രോഗിയാക്കി കഴിഞ്ഞിരുന്നു
ഇപ്പോള് സൌദാമിനി അനുജന്‍ ഗോപീകൃഷ്ണന്റെ മക്കളെയും നോക്കി വീട്ടില് കഴിയുന്നുണ്ടാകാം…ജീവിക്കാനറിഞ്ഞു കൂടാത്തതിന്റെ തെറ്റു കൊണ്ട്…
gud
ReplyDeletenigalude blog arum kanunillannu thonunnu/ ??/
ബീ പ്രാക്റ്റിക്കല്‍...അല്ലേ
ReplyDelete