28.5.09

മരണത്തെ മനോഹരമാക്കുന്ന തിയറികള്‍

കൂടി നിന്ന ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.എല്ലാവരും പിരിഞ്ഞു പോകുവാന്‍ തുടങ്ങി.പള്ളിസെമിത്തേരിയില്‍ അലക്സിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായി.സ്മിതയോട് ഒന്നു പറഞ്ഞിട്ടു പോകണമോ എന്ന് അലക്സിന്റെ കൂട്ടുകാര് ആലോചിച്ചു. സ്മിത അപ്പോഴും സ്വബോധം നശിച്ചവളെപ്പോലെ ബന്ധുക്കളാരുടെയോ തോളില്‍ തലചായ്ച്ച് എന്തൊക്കെയോ പുലമ്പിക്കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്..കരഞ്ഞു തളര്‍ന്നു നില്‍ക്കുന്ന ഒരാളോട് എന്തു പറയാനാണ്?പിന്നെ വന്നു കാണാം എന്നതീരുമാനത്തില് അവരവിടെ നിന്നും പിരിഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനത്തില് എഞ്ജിനീയറായ അലക്സിന്റെ അപകടമരണം എല്ലാവരെയും തളര്‍ത്തിക്കളഞ്ഞു. .പേരു കേട്ട തറവാട്ടിലെ അംഗം.അഞ്ചു വയസ്സയ ഒരു കുട്ടിയുമുണ്ട്.വലിയ കുടുബത്തിലെ അംഗമായിരുനു എങ്കിലും സമീപകാലത്ത് കുടുംബത്തിന് പേരു മാത്രമേ ഉണ്ടായിരുന്നുള്ളു..ബിസിനസ്സു കാരനായ പപ്പായുടെ ചുവടുകള് പിഴച്ചപ്പോള് സാമ്പത്തിക നില ആകെ തകര്‍ന്നിരുന്നു.അലക്സ് പഠിച്ചുകോണ്ടിരുന്ന കാലത്തുതന്നെ അയാളുടെ പപ്പാ ഹൃദയസ്തംഭനം വന്ന് മരിച്ചു പോയികുകയും ചെയ്തു. പിന്നീട് അലക്സിന് ജോലിയായപ്പോഴാണ് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. സഹോദരിയെ കുടുബ മഹിമക്കു ചേര്‍ന്ന രീതിയില് അയാള്‍ വിവാഹം കഴിച്ചയകുകയും ചെയ്തു.

,അതി സുന്ദരിയാണ് സ്മിത..അവരുടെ വിവാഹം കഴിഞ്ഞുള്ള പാര്‍ട്ടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും വധുവിന്റെ സൌന്ദര്യത്തെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല.“ഭാഗ്യവാന്‍“ എന്നാണ് ഓഫീസിലെ സുഹൃത്തുക്കള്‍ അലക്സിനെക്കുറിച്ച് ഭാര്യമാര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞത്… അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുനു

എല്ലാവരു തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ സ്മിതയെക്കുറിച്ചു തന്നെയാണ് സംസാരിച്ചത്.”പാവം അവളിനി എന്തുചെയ്യും..?” എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സ്മിത അലക്സിന്റെ സുഹൃത്തുക്കള്‍ക്കും പ്രിയങ്കരിയാണ്.എപ്പോഴും കളിയും ചിരിയുമായി കൊച്ചുകുട്ടികളുടെ പ്രകൃതം. അവള്‍ക്ക് കമ്പനി ജോലികൊടുക്കുമായിരിക്കും ബിരുദധാരിരിണിയാണ് അതിനുള്ള കാര്യങ്ങള്‍ സ്മിതയോടും വീട്ടുകാരോടും ആലോചിക്കാം എന്നു പറഞ്ഞാണ് വിനോദും രാജേഷും പിരിഞ്ഞത്.അവരു രണ്ടു പേരുമാണ് അലക്സിന്റെ പ്രിയസുഹൃത്തുക്കള്‍ .വിനോദിന്റെ ഭാര്യ ഗീതയും രാജേഷിന്റെ ഭാര്യ സരിതയും അതേ കമ്പനിയില്‍ത്തന്നെയാണ് ജോലിചെയ്യുന്നത്

പിറ്റെയാഴ്ച വിനോദും രജേഷും കുടുംബസമേതം സ്മിതയെ സന്ദര്‍ശിച്ചു ജോലിക്കാര്യം സംസാരിച്ചു..ബന്ധുക്കളാരും തന്നെവീട്ടിലുണ്ടായിരുന്നില്ല.അലക്സിന്റെ അമ്മയും സ്മിതയും കുട്ടിയും മാത്രം വീട്ടിലുണ്ട്.സ്മിതക്ക് ഒന്നിലും താല്പര്യമില്ലാത്തതുപോലെ കേട്ടു നിന്നു.വേറെയാരുടെയോ കാര്യം കേള്‍ക്കുന്നതുപോലെ.ഒരു മറുപടിപോലും പറയാനുമില്ല....
“ എന്തിങ്കിലുമൊന്നു പറയൂ സ്മിതേ..ഈ വീടിന്റെയും കാറിന്റെയും ലോണെങ്കിലും അടക്കേണ്ടേ….?”
രാജേഷിന്റെ ചോദ്യം കേട്ട് വിദൂരത്തിലെക്ക് കണ്ണയച്ചിരുന്ന സ്മിത പെട്ടെന്ന് ഞെട്ടലിലെന്നപോലെ തളര്‍ന്ന കണ്ണുകളുയര്‍ത്തി അവരെ നോക്കി
“സ്മിത അപ്പോഴാണ് ഇങ്ങനെയൊരു കാര്യം അലോചിച്ചതു തന്നെയെന്നു അവളുടെ നോട്ടത്തില്‍ നിന്നും അവര്‍ക്കു മനസ്സിലായി.വല്ലാത്തൊരു പാരവശ്യം അവളുടെ മുഖത്തു പ്രത്യക്ഷമായി. അലക്സിന്റെ വീടു പുതുതായി പണിയിപ്പിച്ചതാണ്.കാറു വാങ്ങിയിട്ട് ആറു മാസം തികഞ്ഞിട്ടില്ല.

“ സാവധാനം മറുപടി പറയൂ.ഞങ്ങള്‍ കമ്പനി മാനേജ്മെന്റിനോടു സംസാരിക്കാം“എന്ന് ആശ്വസിപ്പിച്ചിട്ട് അവര്‍ പിരിഞ്ഞു.

പിറ്റെ ദിവസം തന്നെ സ്മിത രാജേഷിനെ വിളിച്ച് കാറു വില്‍ക്കാനുള്ള ഏര്‍പ്പാടാക്കി“അമ്മക്ക് കുറച്ച് എതിര്‍പ്പുണ്ട് പക്ഷേ വീടിന്റെയും കാറിന്റെയും ലോണ് തങ്ങാന് വയ്യ“.സ്മിത കാര്യ ഗൌരവമുളളവളെപ്പൊലെ സംസാരിച്ചു
“നമുക്കൊന്നു വെളിയിലിറങ്ങാനെന്തുചെയ്യും സ്മിതേ..അവന് ആശിച്ചു വാങ്ങിയ കാറല്ലേ“ അലക്സിന്റെ അമ്മ അവളോടു ചോദിച്ചു
“ സാരമില്ലമ്മേ… പുറത്തു പോകുവാനിനി ഓട്ടോയിലൊമറ്റോ പോകാം .കാര്‍ വെളിയിലിറക്കണമെങ്കില്‍ ഒരു ഡ്രൈവറെ വെക്കണം.അതൊന്നും നമ്മളെക്കൊണ്ടാകുമെന്നു തോന്നുന്നില്ല”
സ്മിതയുടെ അഭിപ്രായത്തോട് എതിരു പറയാനാവാതെ അമ്മ സമ്മതിച്ചു.ഇടക്കു ചില പ്രാരാബ്ദങ്ങള്‍ ജീവിതത്തില് വന്നിരുന്നു എങ്കിലും നാളിതുവരെ പ്രൌഡിയില്‍ ജീവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് അവര്‍

സ്മിതയിപ്പോള്‍ ആകെ മാറിയിരിക്കുന്നു.അലക്സ് എപ്പോഴും തന്റെ കൂടെയുണ്ടെന്ന് അവള്‍ വിശ്വസിച്ചു.രാത്രിയില് അവന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്നതായി അവള്‍ സങ്കല്‍പ്പിച്ചു.അപ്പോള്‍ ചിരപരിചിതമായ അവന്റെ ഹൃദയതാളം അവള്‍ക്ക് കേള്‍ക്കാറായി..അവന്‍ അവളുടെ മുടിയിഴകളില്‍ തഴുകി .ചെവിയില്‍ സ്നേഹഭാഷണങ്ങള് പറയുന്നതായും അവളെ സ്നേഹപൂര്‍വ്വം പുണരുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു.തിരിച്ചൊന്നു പുണരുവാന്‍ കിടക്കയുടെ പകുതിഭാഗം ശൂന്യമാണെന്ന ക്രൂരസത്യം അവളില്‍ നെടുവീര്‍പ്പുണ്ടാകിയെങ്കിലും കിടക്കക്കരികെ വച്ചിരിക്കുന്ന അവന്റെ ചിരിക്കുന്ന ചിത്രം “നീ സങ്കടപ്പെടുന്നതെനിക്കിഷ്ടമല്ലാ.. അതു മാത്രം ഞാന് സമ്മതിക്കില്ല “എന്നു പറയുഇന്നതായവള്‍ക്കു തോന്നി. മരിച്ചവരുടെ ലോകത്തുനിന്ന് തനിക്കു വേണ്ടി മാത്രമായി അവന്‍ തിരികെ വന്നതായും തങ്ങള്‍ സ്നേഹിക്കുന്നവരുടെ മരണം തങ്ങളോടൊപ്പമാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവില്‍ അവള്‍ സന്തോഷവതിയായി

സ്മിതക്കു ജീവിതം പഴയപോലെ തന്നെയായി..അലക്സിനെ അവള്‍ക്ക് ചിരിക്കുന്ന ഒരു ചിത്രത്തിന്റെ രൂപത്തില് കാണാം..അവള്‍ മോളുടെ കാര്യങ്ങളെല്ലം പഴയതുപോലെ ശ്രധിച്ചു തുടങ്ങി.സ്മിതയുടെ മാറ്റം അലക്സിന്റെ അമ്മക്ക് വളരെ ആശ്വാസമായി “.കുഞ്ഞിനെക്കൂടെ ശ്രധിക്കാതിരുന്നാല് എന്തു ചെയ്യും“ എന്ന് അവര് അവളെ സ്നേഹപൂര്‍വ്വം ശാസിക്കുമായിരുന്നു.മോളുവന്ന് ഡാഡിയെപ്പറ്റി ചോദിക്കുമ്പോള്‍ മാത്രം അവള്‍ക്ക് ഉത്തരമില്ലാതായി.മകനെയോര്‍ത്തു വിലപിക്കുന്ന അമ്മയെ സമാധാനിപ്പിക്കുവാനും അവള്‍ക്ക് വാക്കുകളില്ല.അപ്പോഴെല്ലാം അവളെ അലക്സ് ആശ്വസിപ്പിക്കുമെങ്കിലും അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രം അവള്‍ക്കറിയില്ല.തന്നെപ്പോലെ അലക്സിനോട് സംസാരിക്കുവാന്‍ ഇവര്‍ക്കുകൂടെ കഴിഞ്ഞിരുന്നെങ്കില് എന്നവള് ആശിച്ചുപോയി.

രണ്ടു മാസങള്‍ക്കു ശേഷം സ്മിത ജോലിയില്‍ പ്രവേശിച്ചു
തികഞ്ഞ പ്രസരിപ്പോടെ വന്ന സ്മിതയെ ഗീതയും സരിതയും ശോകഭാവത്തില്‍ സ്വീകരിക്കുവാന്‍ ചെന്നു.അവരുടെ സങ്കടഭാവം കണ്ട് സ്മിത‍ക്കു കുറച്ചു വിഷമം തോന്നിയെങ്കിലും അതു പുറമെ കണിക്കാതെ, വിധവക്കു ഭൂഷണം കരച്ചിലാണെന്നറിയാതെ സ്വതസിദ്ധമായ ചിരികൊണ്ട് അവരെ നേരിട്ടു,

കണ്ണീരിനു പകരം ഭംഗിയുള്ള ആ ചിരി രണ്ടു പേരെയും കുറച്ച് അലോസരപ്പെടുത്തി
“വലിയ കൂസലൊന്നും ഇല്ലല്ലോ സരിതേ ഇവള്‍ക്ക്”
ഗീത സരിതയോട് അടക്കം പറഞ്ഞു
“അതെ കുറച്ചു ക്ഷീണിച്ചിട്ടുണ്ടെന്നല്ലാതെ വലിയ കുഴപ്പമൊന്നും കാണുന്നില്ല. സൌന്ദര്യം കുറച്ചു കൂടെ കൂടിയിട്ടുണ്ടെന്നാ തോന്നുന്നത്..നല്ല ഫിഗറായിരിക്കുന്നു ഇപ്പോള്‍.സരിത കുറച്ച് അസൂയയൊടെ പറഞ്ഞു”

“കഴിഞ്ഞദിവസം അവള് മോളെയും കൂട്ടി മെറ്റില്‍ഡയുടെ ബ്യൂട്ടിപാര്‍ലറില് നിന്നിറങ്ങി വരുന്നുണ്ടായിരുന്നു.മോളുടെ മുടി ശരിയാക്കാനെന്നാണ് പറഞ്ഞത്.ഫേഷ്യലിനു പോയതാണോ എന്നെനിക്കൊരു സംശയം മുഖത്തിനെന്താ ഒരു തിളക്കം”ഗീത കൂട്ടിച്ചേര്‍ത്തു

പണ്ടേ സ്മിതയോട് അവര്‍ക്ക് അവളോട് പുറമെകാണിക്കാനാവാത്ത അസൂയയുണ്ടായിരുന്നു

രജേഷും വിനോദും സ്മിതയെ ഓഫീസ് പരിചയപ്പെടുത്തി.സ്മിതയെ എല്ലാവര്‍ക്കും അറിയാമായിരുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല് വേണ്ടി വന്നില്ല.ഒട്ടു മിക്കവരെയും അവള്‍ക്കു അറിയാം.സ്മിത വളരെ സോഷ്യലായി ഇടപെടുന്ന കണ്ട് ഗീതയും സരിതയും അവളെ അത്ര മൈന്റു ചെയ്യാന് പോയില്ല.ഓഫീസിലെ മറ്റുള്ളവരിലും അവളുടെ പെരുമാറ്റം കുറച്ച് അമ്പരപ്പുണ്ടാക്കി അലക്സിന്റെ സംസ്കാര ദിവസം വാടിയ ചേമ്പിന്തണ്ടുപോലെ തളര്‍ന്നു കിടന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അവര് മനസ്സില് ചോദിച്ചു

വളരെ വേഗം സ്മിത ജോലിയൊട് അഡ്ജസ്റ്റുചെയ്തു.രാജേഷും വിനോദും അവളോട് ഇടക്കിടക്ക് ക്ഷേമാന്വേഷണം നടത്തുന്നത് ഭാര്യമാര്‍ക്കിഷ്ടമാകുന്നില്ലെന്നതൊഴിച്ചാല്‍ വലിയ മാറ്റമില്ലതെ ജീവിതം നീങ്ങി .പക്ഷേ സരിതയും ഗീതയും എന്താ പഴയതുപോലെ സൌഹൃദമില്ലാത്തതെന്തെന്നു മാത്രം അവള്‍ക്കു മനസ്സിലായില്ല.അവരുടെ മനസ്സുകളിലെ അസൂയയും സംശയവും ചേര്‍ന്നുണ്ടായ നെരിപ്പോടുകളില്‍ നിന്നുയരുന്ന പുക മനസ്സിലാകാതെ അവള്‍ വിഷമിച്ചു. . ലഞ്ചു ഹാളില്‍ വച്ചു കണ്ടാലും അവരവളോട് കാര്യമായി സംസാരിക്കാറില്ല. തങ്ങളുടെ ഭര്ത്താക്കന്മാര് ലഞ്ചു ടൈമില്‍ അവളൊട് സംസാരിക്കുന്നത് രണ്ടു പേരെയും അലോസരപ്പെടുത്തുന്നുമുണ്ട്.
“അലക്സുള്ളപ്പോള് എത്ര സൌഹൃദത്തില് കഴിഞ്ഞുന്നവരാണ്....ഇവര്‍ക്കിതെന്തു പറ്റി..?”അതിനും അവള്‍ അലക്സിനോടു പരാതി പറഞ്ഞു.

“സാരമില്ല അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ കാണും.ചിലപ്പോള്‍ നിനക്കു വെറുതെ തോന്നുന്നതാവും“ എന്ന മറുപടി കിട്ടി.

ഒരു ദിവസം ലഞ്ചു ഹാളില്‍ നിന്നുമിറങ്ങിയ സ്മിത മറന്നുവെച്ച ഫോണെടുക്കുവാന് തിരികെ ചെന്നപ്പോള്‍ സരിതയും ഗീതയും അടക്കം പറയുന്നത് കേട്ടു
“ഇവളാരെയെങ്കിലും വിവാഹം കഴിച്ചിരുന്നെങ്കില് ഒരു മനസ്സമാധാനമായേനെ എന്തു കളിയും ചിരിയുമാണ് എല്ലാവരോടും.ഭര്‍ത്താവു മരിച്ച പെണ്ണാണെന്ന ഒരു വിചാരവുമില്ലല്ലോ ഇവള്‍ക്ക്..?“ ഗീത സരിതയോടു പറയുന്നു

“അതെയതേ..ഇതിനൊരു പരിഹാരമില്ലാതെ പറ്റില്ലല്ലോ..എന്റെ വീടിനടുത്ത് ഭാര്യ മരിച്ചൊരു ചെറുപ്പക്കാരനുണ്ട്.അയാള്‍ക്ക് വിവാഹാലോചന നടക്കുന്നുണ്ട് ഞാന്‍ നയത്തില് അവളോട് സംസാരിക്കാം.“

കടന്നു വന്ന സ്മിതയെക്കണ്ട് രണ്ടുപേരും പെട്ടെന്നു നിശബ്ദരായി.രണ്ടുപേരും അവളെക്കണ്ട് കുറച്ചൊന്നു ജാള്യരായി.സ്മിത ഒന്നും സംസാരിക്കാനാവതെ തകര്‍ന്ന മനസ്സുമായി ഫോണുമെടുത്ത് തിരികെപ്പോയി
.ഒരു വിധവയുടെ പരിമിതികള് അവള്‍ക്കു പെട്ടെന്നു മനസ്സിലായി.ഫോണിന്റെ സ്ക്രീനിലുള്ള അലക്സിന്റെ ചിത്രം നോക്കി അവള് അവനോടു കലമ്പി
“.ഒന്നു പറഞ്ഞു തരാമായിരുന്നില്ലേ. അലക്സ്. എനിക്കിതെല്ലാം..എനിക്കുള്ള അരുതുകളെന്തേ എന്നെ ഓര്‍മ്മിപ്പിച്ചില്ല..?വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് എന്നു എന്തേ എനിക്കു പറഞ്ഞു തരാതിരുന്നേ..?“
അലക്സ് അവളെ സ്നേഹപൂര്‍വ്വം ശാസിച്ചു
“ജീവിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ സ്നേഹം പങ്കു വെക്കപ്പെടുമോ എന്നോര്‍ത്തു മനസ്സു നീറിനടക്കുന്ന അവരെക്കാളേറെ സന്തോഷവതിയല്ലേ മരിച്ചുപോയ എന്നെ കറയില്ലാതെ സ്നേഹിക്കുന്ന നീ…?പിന്നെന്തിനു നീ വിഷമിക്കണം..?”
അലക്സിന്റെ സ്വാന്തനിപ്പിക്കലില്‍ ഒരു നിമിഷം മതിമറന്നു നിന്ന സ്മിത ഒരു പുഞ്ചിരിയോടെ തന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു…അവന്റെ കൈയ്യില്‍ മുറുകെ പിടിച്ച്..

11 comments:

  1. “വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്”

    നന്നായിരിയ്ക്കുന്നു, എഴുത്ത്...

    ReplyDelete
  2. "വിധവയുടെ ചിരിയല്ല കണ്ണുനീരാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് "
    കണ്ണുനീരോടെ ഒരു സ്മിത എന്നോടും പറഞ്ഞിട്ടുണ്ട്... ഈ വാചകം.. കഥ വായിക്കുമ്പോള്‍ ഒടുവില്‍ ഒരു ആത്മഹത്യ വരരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി.... !! ഒടുക്കം ഇഷ്ടമായി... അഭിനന്ദനങ്ങള്‍..!

    ReplyDelete
  3. വളരെ വളരെ നന്നായി..എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ..ക്ലൈമാക്സ്‌ വിഷമിപ്പിക്കല്ലേ എന്ന്
    പ്രാര്‍ത്ഥിച്ചാണ് ഞാനും വായിച്ചതു ...മനോഹരമായിരിക്കുന്നു :)

    ReplyDelete
  4. ഇനിയും എഴുതണം ,ഞാന്‍ പിന്തുടരുന്നുണ്ട് ..

    ReplyDelete
  5. നല്ല കഥ .

    ആദ്യം ഒന്നു ഓടിച്ചു വായിച്ചു. കഥയില്‍ രസം തോനിയപ്പോള്‍ ആദ്യം മുതല്‍ സാവധാനം വായിച്ചു .

    ഇഷ്ടമായി.

    ആശംസകള്‍

    ReplyDelete
  6. പത്രങ്ങളും ,എഴുത്തുകാരുടെ നോവലുകളും മാത്രം വായിച്ചു ,ഇതുമാത്രമാണ് എഴുത്തിന്റെയും, വായനയുടെയും ലോകം എന്നുകരുതി ,നാം മറ്റൊരു മാധ്യമാങ്ങളിലെക്കും നമ്മുടെ വായന വിപുലപ്പെടുത്താതിരുന്നലുള്ള നഷ്ടത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് "റോസാപ്പൂക്കള്‍' വാ യിക്കനിടവന്നപ്പോഴുണ്ടായ അനുഭവം. നന്നായിരിക്കുന്നു . അഭിനന്ദനങ്ങള്‍

    ReplyDelete
  7. വെള്ളസാരി, വള ഇടരുത്, പൊട്ട് തൊടരുത്........അങ്ങനെയൊക്കെ വേണം. എന്നാലെ കാണുന്നോര്‍ക്ക് സമാധാനമാവൂ.

    ReplyDelete
  8. ഒരു മനോഹര ദാബത്യത്തിന്റെ കറയിലാത്ത പ്രണയം മനോഹരമായി വരച്ചിരിക്കുന്നു.

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍