വേലിക്കരികെയുള്ള കുളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കൈതോലകള്‍ അരിവാള് കൊണ്ട് മുറിച്ചെടുക്കുകയാണ് സുര. കുളക്കരയിലെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കൈതോലയുടെ മുള്ളു ചീകിക്കളഞ്ഞു കൊണ്ട് ഇരിക്കുന്ന കൊച്ചുപെണ്ണ് ഇടക്കിടക്ക് തല ഉയര്‍ത്തി സുരക്ക് ഓരോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. കാറു വെച്ചു കറുത്തിരുണ്ടിരുന്ന ആകാശത്തു നിന്നും പെട്ടെന്ന്‍ മഴ ഇരച്ചു പെയ്യാന്‍ തുടങ്ങി. മഴ വകവെക്കാതെ സുര ജോലി തുടരുകയാണ്. മഴവെള്ളം അവന്റെ കറുകറുത്ത മേനിയില്‍ തട്ടി തൂവി കുളത്തിലേക്കു പതിക്കുന്നു. അവ കുളത്തിലെ ജലോപരിതലത്തില്‍ മഴത്തുള്ളികള്‍ വരച്ചെടുത്ത വൃത്തങ്ങളുടെ കൂടെ ചേര്ന്നു .
പുതു മഴയുടെ ഗന്ധം ആസ്വദിച്ചു കൊണ്ടു വേനല്‍ മഴയെ നോക്കി നീര്പ്പാറ വീടിന്റെ പുറകു വശത്തെ വരാന്തയില്‍ നില്ക്കുകയാണ് തെറുതി വെല്യമ്മ. വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞിട്ടും നല്ല ചുണയും ചേലും. കാതില്‍ വലിയ കുണുക്കുകളും ചുവന്ന കല്ലുവെച്ച തോടയും. തൂവെള്ള ചട്ടയും മുണ്ടും. പണ്ട് നീര്പ്പാറേലെ ഒലോന്നന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന നാളില്‍ പൂക്കൊല പോലെ ഞൊറിഞ്ഞിട്ട മുണ്ടും ചട്ടയും ഉടുത്ത് കശവു കവിണിയും തലയിലിട്ടു അമ്മായിഅമ്മയുടെ കൂടെ പതിനഞ്ചുകാരി തെറുതി പള്ളിയില്‍ പോകുന്നതു കാണുവാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ കാത്തിരിക്കുമായിരുന്നത്രെ. പിന്നീട് നീര്പ്പാറയില്‍ അടുത്ത തലമുറകളിലെ എത്ര ചെറുക്കന്മാര്‍ തങ്ങളുടെ മണവാട്ടികളെ കല്യാണം കഴിച്ചു കൊണ്ടു വന്നു. വലിയ പരിഷ്കാരികളെയും പഠിപ്പുകാരികളെയും. അവസാനം കല്യാണം കഴിച്ച സാജന്റെ പെണ്ണ് ഷെറിനു പോലും തെറുതിയുടെ ചേലുണ്ടോ എന്നു സംശയമാണ്.
“ഏടീ കൊച്ചുപെണ്ണേ…എന്നതാ നീയീ കാണിക്കണേ…ഈ മഴയത്തു തന്നെ വേണോ ആ ചെറുക്കനെക്കൊണ്ട് കൈത മുറിപ്പിക്കാന്..?”
തെറുതി വെല്ല്യമ്മ വീടിനെ വരാന്തയില്‍ നിന്നു കൊണ്ടു വിളിച്ചു ചോദിച്ചു.
കൊച്ചുപെണ്ണ് വായിക്കിടന്ന മുറുക്കാന്‍ വായുടെ വശത്തേ മറ്റി വെച്ചു. പിന്നെ തെറുതി വെല്ല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.
“എന്റെ വല്യമ്പ്രാട്ടീ…മയേ*ന്നും പറഞ്ഞോണ്ട് മൊടക്കം പറഞ്ഞാല്‍ ഇവനെ കിട്ടാന്‍ വെല്യ പാടാ…ഒറ്റ പോക്കു പൊയക്കളയും സൈക്കിള്‍ ചക്രവും ഉരുട്ടി..പിന്നെ കണി കാണാന്‍ കിട്ടില്ല.”
“പത്തുപതിനേഴു വയസ്സല്ലേ അവനൊള്ളു. വലുതാകുമ്പോ അവനെല്ലാം ചെയ്തോളും തേവന്റെയല്ലേ മകന്‍.”
“എവിടെങ്കിലും കേട്ടിട്ടുണ്ടോ തമ്പ്രാട്ടി പതിനേഴു വയസ്സായ ചെക്കനൊരുത്തന്‍ സൈക്കിള്‍ ചക്രോം ഉരുട്ടി നടക്കാണെന്ന്...?” കൊച്ചു പെണ്ണ് അരിശത്തോടെ സുരയെ നോക്കി .
തെറുതി മഴകൊള്ളാതിരിക്കുവാനായി തോളില്‍ കിടന്ന തോര്ത്ത് തലയിട്ടു കൊണ്ടു മാഞ്ചുവട്ടിനടുത്തുള്ള ചായ്പ്പിലേക്ക് ചെന്നു.സുര തെറുതിവെല്യമ്മയെ നോക്കി ഒന്നു ചിരിച്ചശേഷം ജോലി തുടര്‍ന്നു.
കൊച്ചുപെണ്ണ് ജോലി മതിയാക്കി ചായ്പ്പിലേക്ക് വന്നു നിന്നു.
“എന്റെ തമ്പ്രാട്ടീ…ഭവാനിക്കാ*പുള്ള രണ്ടു ദിവസമായി വീട്ടിലൊണ്ട്. അവക്കവിടെ കൊയ്ത്തു തുടങ്ങി . അവര് രണ്ടു പേരും കൊയ്യാമ്പോണതല്ലേ. .പുള്ളേനെ നോക്കാന്‍ അവിടെ ആരൊണ്ട്ട്...? അമ്മവീട്ടി കൊണ്ടു നിറുത്തിയാല്‍ അതിനെ നന്നായി നോക്കേണ്ടേ..?”
“എത്ര വയസ്സായി അതിന്..?”
“ഈ മകരത്തി രണ്ടു കഴിഞ്ഞു. മാമ്മാന്നും പറഞ്ഞ് ഇവന്റെ പൊറകേന്നു മാറുകേലാ അത്.അതിനു ഒരു കൂടു റക്സ് മേടിക്കാനെങ്കിലും ഇവനെക്കോണ്ടായ്യേലേ..? ഇവനു ദെവസോം രണ്ടു കെട്ട് പുല്ലു പറിച്ചു എവിടെങ്കിലും കൊടുത്തു നാല് കാശുണ്ടാക്കാമ്മേലെ..?
“ഇവന്‍ പള്ളിക്കൂടത്തില് പോണില്ലേ കൊച്ചുപെണ്ണേ..?” തെറുതി വെല്ല്യമ്മ സുരയെ വാത്സല്യത്തോടെ നോക്കി ചോദിച്ചു.
“അവനു കയീല്ല..കയീല്ലേ പോണ്ടാ...എട്ടി മൂന്നു വട്ടമാ തോറ്റേ. എന്നാ വല്ല പണിയെടുത്തു കൂടെ അസത്തിന്.ഇപ്പൊ ബീഡി വലിയും തൊടങ്ങീട്ടൊണ്ടെന്നാ തോന്നണേ..”
“നേരാണോടാ..സുരേ…?”
തെറുതി ശാസനയോടെ സ്വരമുയര്‍ത്തി സുരയോടു വിളിച്ചു ചോദിച്ചു”
“ഇല്ല....വല്യമ്മേ“
“പിന്നെ അമ്മയീ പറേണതോ..?
“അത് ഒരെണ്ണം സൈക്കിള്യജ്ഞക്കാരു തന്നതാ…അമ്മ വഴക്കു പറഞ്ഞേപ്പിന്നെ ഞാം വലിച്ചിട്ടില്ല..”
“ന്റെ തമ്പ്രാട്ടീ…ആ സൈക്കിള്‍ യജ്ഞക്കാര് അമ്പലപ്പറമ്പി വന്നേപ്പിന്നെ അവനവരുടെ അടുക്കേന്ന് മാറ്യേലാ..മഹാ മെനകെട്ടവമ്മാരാ..അതില്‍ രാജപ്പെനെന്നോരുത്തനൊണ്ട് .ആ വേലപ്പന്റെ ചായക്കടേലാ ചുറ്റിത്തിരിയല് .അവിടെ ഒണ്ടല്ലോ ഒരുത്തി...ആ സുമതി.“
“സുമതിച്ചേച്ചിയെ രാജപ്പഞ്ചേട്ടന് രെയിസ്സറ് ചെയ്യാമ്പോകുവാ..എന്നോടു പറഞ്ഞു.“സുര കുളക്കടവില്‍ നിന്നു വിളിച്ചു പറഞ്ഞു
“ച്ചെ..…മിണ്ടാണ്ടിരിയടാ..കേട്ടോ തമ്പ്രാട്ടി അവന്റെ വായീന്ന് വീഴണത്. ഇതാ ഞാമ്പറേണേ…ചെക്കന്‍ ചീത്തയായിപ്പോയീന്ന്.“
“മതീടീ കൊച്ചുപെണ്ണേ...മഴ കനക്കുന്നുണ്ട്.അവനോടീ ചായ്പ്പില്‍ വന്നു നിക്കാമ്പറ. ഇനി മഴ പോയിട്ടു മുറിക്കാം”
ഒടുവില്‍ കൊച്ചുപെണ്ണ് വിളിച്ചു പറഞ്ഞു.”ഇനി മതീടാ..കേറിപ്പോര്”
കുളക്കടവില്‍ വെട്ടിയിട്ടിരുന്ന കൈതോലകളെല്ലാം അവന്‍ മാഞ്ചുവട്ടില്‍ കൊണ്ടു വച്ചു. തോളില്‍ കിടന്ന തോര്‍ത്തെടുത്തു നീട്ടിക്കൊണ്ടു കൊണ്ട് കൊച്ചുപെണ്ണ് പറഞ്ഞു
“ഇന്നാ തോര്‍ത്ത്..പനി പിടിപ്പിക്കേണ്ട.
സുര ചായ്പ്പിലേക്ക് കയറി നിന്ന് തോര്ത്തു കൊണ്ട് ധൃതിയില്‍ ശരീരം തുടക്കുവാന്‍ തുടങ്ങി. അവന്റെ ധൃതി കണ്ട് തെറുതി വെല്ല്യമ്മ പറഞ്ഞു
“ശരിക്കും തോര്‍ത്തടാ… പുതു മഴയാ…പനി പിടിക്കും. ഇതെന്നാ നീയീക്കാണിക്കണേ…”
അവന്റെ കയ്യില്‍ നിന്നും തോര്‍ത്തു വാങ്ങി പുറത്തു പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ തുടച്ചു മാറ്റിക്കൊണ്ടവര്‍ പറഞ്ഞു ”
പുതു മഴ അതിന്റെറ എല്ലാ ആഘോഷങ്ങളൊടും കൂടെ തകര്ത്തു പെയ്യുവാന്‍ തുടങ്ങി. പുതുമണ്ണിന്റെ മയക്കുന്ന ഗന്ധം. തെറുതി പെട്ടെന്ന് വര്ഷങ്ങള്ക്കു മുന്പു മണ്‍മറഞ്ഞ തന്റെ പ്രിയ ഭര്ത്താവിനെ ഓര്ത്തു. കല്യാണം കഴിഞ്ഞ നാളിലെ ഓശാന ഞായറഴ്ച പുതുമഴയുടെ ഗന്ധമാസ്വദിച്ച് മഴനനഞ്ഞ് പള്ളിയില്‍ നിന്നും ഒരു കുടക്കീഴില്‍ അദ്ദേഹത്തോടൊപ്പം വീട്ടിലേക്കു മടങ്ങിയത്. വഴിയിലാരും ഇല്ലെന്നുറപ്പുവരുത്തി തന്നെ ചേര്ത്തു പിടിച്ചു നടന്നത്. വീട്ടിലേക്കുള്ള വഴിയിലെത്തിയപ്പോള്‍ അപ്പനെ കണ്ട് പെട്ടെന്ന്‍ കൈ പിന്‍ വലിച്ചത്.. അദ്ദേഹത്തിന്റെള മരണശേഷം ജോണുകുഞ്ഞായിരുന്നു ആകെ ഒരാശ്വാസം. പിന്നെ അവനും പോയി.
സുരയെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ടവര്‍ പറഞ്ഞു.
“ഞങ്ങട ജോണുകുഞ്ഞിന്റെ അതേ പ്രായാല്ലേ ഇവന്..ഇപ്പൊ ഒണ്ടായിരുന്നേ ഇത്രേം വളര്‍ന്നേനേ..എട്ടാം വയസ്സില്‍ പോയില്ലേ…”
“അതു തമ്പ്രാട്ടീ..തുലാമാസം മൂന്നിന് ഒണ്ടായതല്ലേ രണ്ടും. ജനന സമയോം ഏകദേശം രണ്ടിന്റെ ഒന്നല്ലേ.ആണ്കൊച്ചുങ്ങള്‍ക്ക് അത്ര നല്ലതല്ല ആ സമയം .ഇവന് ഞങ്ങള് എത്ര വയിപാടു കയിച്ചതാന്നറിയാമോ..? ഞങ്ങട ആകെക്കൂടി ഒള്ള ആന്തരിയല്ലേ. ഇരുപതു വയസ്സ് കഴിഞ്ഞാപ്പിന്നെ പേടിക്കേണ്ടന്നാ കണിയാന്‍ പറഞ്ഞെ ”
കൊച്ചു പെണ്ണിന്റെ വാക്കുകളില്‍ ആധിയും വാത്സല്യവും ഒരേ സമയത്തു പ്രകടമായി.
“ഞങ്ങള്‍ക്ക് സമയത്തിനും നേരത്തിനും ഒന്നും വിശ്വാസമില്ലെന്റെ കൊച്ചുപെണ്ണേ. പോകാനുള്ളതു പോയി. എട്ടു കൊല്ലം കാണിപ്പിച്ച് കൊതിപ്പിച്ചേച്ച്. അന്നേരം നാടു മുഴുവനും പിള്ളേര്ക്ക് മഞ്ഞപ്പിത്തം വന്നതല്ലേ....?എന്നിട്ടെന്തേ ജോണുകുഞ്ഞു മാത്രം പോയി..? അവനതേ ആയുസ്സൊള്ളാര്‍ന്നു.“
തെറുതി തോര്‍ത്തുകൊണ്ടു കണ്ണീരൊപ്പി
“വല്യമ്പ്രാട്ടി സങ്കടപ്പെടാതെ..“ കൊച്ചുപെണ്ണ് വിഷണ്ണയായി
“എല്ലാം ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു…നിന്റമ്മ കുറുമ്പയല്ലേ ജോണുകുഞ്ഞിനെ പെറ്റപ്പോ മേരിപ്പെണ്ണിനെ കുളിപ്പിച്ചത്. ചെന്നിട്ട് അവിടെ ഒരണ്ണത്തിനെ കുളിപ്പിക്കണം എന്നു പറഞ്ഞ് നെന്ന കുളിപ്പിക്കാനായി ഇവിടെനിന്നും ധൃതി പിടിച്ച് ഓടുമായിരുന്നു കുറുമ്പ.
“ഞാം പോണ്…“ മഴ ഒട്ടു ശമിച്ചപ്പോള്‍ മാവില്‍ ചാരിവെച്ചിരുന്ന സൈക്കിള്‍ ചക്രവും വടിയും എടുത്തു സുര പോകുവാനൊരുങ്ങി.
“അടുക്കള മുറ്റത്തു ചെന്ന് ഒന്നു വിളിച്ചിട്ടു പോ സുരേ…നിന്നെ കണ്ടപ്പ മേരിപ്പെണ്ണ് കൊഴുക്കട്ട ഒണ്ടാക്കണണ്ട്. തിന്നിട്ടു പോയാ മതീട്ടോ..എന്റ ജോണുകുഞ്ഞാ സുര എന്നാ മേരിപ്പെണ്ണ് പറേണത്...
“ങാ..സുര ഉത്സാഹത്തോടെ സൈക്കിള്‍ ചക്രം അടുക്കള വശത്തേക്ക് ഉരുട്ടുന്നതിനിടയില്‍ പറഞ്ഞു.
ഭൂമിയിലേക്കു വര്ഷിച്ച ഓരോ തുള്ളിയെയും ആര്ത്തിയോടെ ഭക്ഷിച്ച ചുടുമണ്ണ് അടങ്ങി തളര്ന്നു കിടന്നു. വീണ്ടും വീണ്ടും പതിച്ചു കൊണ്ടിരുന്ന തുള്ളികളെ ഭക്ഷിക്കാനാവാഞ്ഞപ്പോള്‍ അവ മണ്ണിനു മുകളില്‍ അവിടവിടെയായി തളം കെട്ടി കിടന്നു. ഒടുവില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തൃപ്തി വരാത്തവളെപ്പോലെ ഉണര്ന്ന് തന്റെ മേല്‍ അഭയം തേടിയ വെള്ളത്തെയും വിഴുങ്ങി .
തെറുതിവെല്യമ്മയുടെ മനസ്സ് അപ്പോഴും ജോണുകുഞ്ഞിന്റെ ഓര്മ്മയില്‍ കുരുങ്ങി നിന്നു. വെല്ല്യമ്മച്ചീന്നു പറഞ്ഞു തോളില്‍ തൂങ്ങുമായിരുന്ന ജോണു കുഞ്ഞ്.. മരിച്ചു പോയ ഭര്ത്താവിന്റെച അതേ രൂപമുണ്ടായിരുന്ന പേരക്കുട്ടി. ഒലോന്നന്‍ മാപ്പിള മരിച്ച അതേ വര്ഷമാണ് മേരിപ്പെണ്ണ് അവനെ പ്രസവിച്ചത്. അവന്‍ വളര്ന്നു വരവേ വെല്യപ്പച്ചന്റെ രൂപ സാദൃശ്യം അവരെ ഭര്ത്തൃ വിയോഗം വിസ്മരിപ്പിച്ചു കളഞ്ഞു എന്നതാണ് സത്യം. ആ പ്രായക്കാരന്‍ സുര ഇപ്പോള്‍ വളര്ന്ന് ഒത്ത ഒരു പുരുഷനായിക്കൊണ്ടിരിക്കുന്നു. ജോണു കുഞ്ഞ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എങ്ങനെ ഇരുന്നേനേ...? താന്‍ പുത്തന്‍ പെണ്ണായി വന്ന കാലത്തെ ഭര്ത്താവിന്റെ രൂപം അവര്‍ ഓര്ത്തെടുക്കുവാന്‍ ശ്രമിച്ചു.
“അല്ലടീ... കൊച്ചുപെണ്ണേ ഞാനൊന്നു ചോദിക്കട്ടെ. ഇവിറ്റത്തെ പശു പെറ്റിട്ടിപ്പോ നാലഞ്ചു മാസായി .അതിന്റെ പശുക്ടാവിനെ അങ്ങു തന്നേക്കാം കെട്ടാനായി* .അപ്പോ സുരക്ക് ഒരു പണീമാകും. ഇങ്ങനെ അലഞ്ഞു നടക്കിയേലല്ലോ..”
“പിന്നെ…അതൊക്കെ അവന്‍ പൊന്നു പോലെ നോയിക്കോള്ളും…. ആടിനെ വിറ്റേപ്പിന്നെ പണിയൊന്നുമില്ലാഞ്ഞിട്ടാ ഈ തെണ്ടിത്തിരിയലു തൊടങ്ങിയേ..”കഴിഞ്ഞ ആണ്ടില് ഭവാനിടിളയോള് ശകുന്തളെ പെറ്റേപ്പിച്ച് വിടാനാ അതിനെ വിറ്റത്.
“എങ്കി നീ അടുത്ത മാസം പശുക്കിടാവിനെ കൊണ്ടോക്കോ..അന്നേരത്തേക്ക് ക്ടാവില്ലേലും കറക്കാം”
മുള്ളു കളഞ്ഞ കൈതോലകള്‍ രണ്ടേണ്ണം കൂട്ടിപ്പിടിച്ചെടുത്ത് കൊച്ചുപെണ്ണ് കൊച്ചു ത്രികോണമായി മടക്കിയെടുത്തു.ആദ്യത്തെ ത്രികോണത്തിനു മീതെ കൈതോലകള്‍ ചുറ്റപ്പെടുന്നതനുസരിഒച്ചു അതു വലിയൊരു ഷഡ്ഭുജമായി രൂപാന്തരപ്പെട്ടു.
“ഇനി വെയിലു തെളിഞ്ഞിട്ടു വേണം ഈ തയേല്ലാം ഒണക്കി വെക്കാന്” ഭംഗിയായി അടുക്കിയ തഴകള്‍ തലയിലേറ്റി നടക്കുന്നതിനിടയില്‍ കൊച്ചു പെണ്ണു പറഞ്ഞു.
അമ്മുക്കുട്ടിയെ പാട വരമ്പിനരികിലെ കറുകപ്പുല്ലു തീറ്റുകയായിരുന്നു സുര. കയ്യില്‍ കിട്ടിയ അന്നുതന്നെ അവള്‍ക്ക് അവന്‍ പേരും ഇട്ടിരുന്നു. ഒട്ടു വളര്‍ന്നിരിക്കുന്നു അവള്‍. ആദ്യത്തെ ചവിട്ടീരിനു തന്നെ ചെനപിടിച്ചത് ഐശ്വര്യമാണെന്നാണ് അമ്മ പറയുന്നത്.ചെന പിടിച്ചതോടെ ഇവളങ്ങു മെഴുത്തു എത്ര തീറ്റിയാലും മതിയാകുന്നില്ല ഈ പെരും വയറിക്ക്. ദൂരെ നിന്നും രാജപ്പഞ്ചേട്ടനും സുമതി ചേച്ചിയും വരുന്നു. അടുത്തു വന്നപ്പോഴാണ് അവതു കണ്ടത് സുമതി ചേച്ചിയുടെ വയര്‍ വീര്‍ത്തുന്തിയിരിക്കുന്നു.
“എവിടെപ്പോയതാ രണ്ടുപേരും കൂടേ..?”
“ഞാനിവളെ പഞ്ചായത്താശുപത്രിയില്‍ കാണിക്കാന് കൊണ്ടു പോയതാടാ..”
സുമതി അവനെ നോക്കി ചിരിച്ചു. ആകെ വിളര്‍ത്തു മെലിഞ്ഞിരിക്കുന്നു പാവം.
“രാജപ്പഞ്ചേട്ടന് പിന്നെ സൈക്കിളെഞ്ജക്കാരുടെ കൂടെ പോയില്ലേ..?”
“ഇല്ലടാ…പെണ്ണും പെടക്കോഴിയൊക്കെയായാല്‍ ഊരുചുറ്റി നടക്കാമ്പറ്റുവോ…എനിക്കപ്പ പാറമടേ പണീണ്ട്. സൈക്കിളെഞ്ജത്തിനു നടക്കണേകൂടുതല്‍ കാശും കിട്ടും.
വയറും താങ്ങി വിഷമിച്ചു നടന്നു നീങ്ങുന്ന സുമതിചേച്ചി. എങ്ങനെ കളിച്ചു ചിരിച്ചു നടന്നിരുന്ന ആളായിരുന്നു. തന്നെ കാണുമ്പോള്‍ ഓടിവന്ന് “രാജപ്പഞ്ചേട്ടന് കത്തു തന്നോടാ“ എന്ന് ചെവിയില്‍ ചോദിച്ചിരുന്ന സുമതിചേച്ചിയാണോ ഇത്…?അവന്‍ പുല്ലു തിന്നുകൊണ്ടുരുന്ന അമ്മുക്കുട്ടിയെ നോക്കി. അരുമയോടെ അവളുടെ വീര്‍ത്ത വയറില്‍ തലോടി.
“സുമതിച്ചേച്ചിയേക്കാള്‍ എത്ര വലിയ വയറും താങ്ങിയാ നീയീ നടക്കുന്നത് അല്ലേ…മോളേ…ഞാനത് ഓര്‍ത്തില്ലല്ലോടീ..”
തിരികെ വീട്ടിലേക്ക് നടത്തുമ്പോള്‍ അവന് അമ്മുക്കുട്ടിയൊടു പറഞ്ഞു
“വയ്യെങ്കില്‍ പയ്യെ നടന്നാല്‍ മതിയെടീ…അമ്മുക്കുട്ടി…”
വരമ്പിലൂടെ നടക്കവേ കയ്യില്‍ പുസ്തക അടുക്കുമായി നാലുമണിവിട്ടു വീട്ടിലേക്കു പോകുന്ന പുരുഷമ്മാവന്റെ മകള്‍ ശാന്ത. ദൂരെ നിന്നെ അവനെ കണ്ടിട്ടും കാണാത്ത മട്ടിലാണ് അവളുടെ നടത്തം. ശാന്ത സുരക്കുള്ളതാന്നു തേവി അമ്മായി പറഞ്ഞെപ്പിന്നെ അവള്ക്കു മിണ്ടാട്ടവും തീര്ന്നു. ഒരു കുഴപ്പവുമില്ലാതെ സംസാരിച്ചിരുന്ന ഈ പെണ്ണിന് ഇത്ര പെട്ടെന്ന് നാണം കേറി മിണ്ടാട്ടം മുട്ടിച്ചു കളഞ്ഞോ..?
“കൊല്ലപരീക്ഷ എന്നാടീ..?” എന്തെങ്കിലും ചോദിക്കണമല്ലോ എന്നോര്‍ത്ത് അവന്‍ ചോദിച്ചു.
“അടുത്ത മാസം”.പറയലും പുസ്തകക്കെട്ടു നെഞ്ചോടു ചേര്ത്തും ഓടലും ഒന്നിച്ച് .ഈ പെണ്ണിന്റെ ഒരു കാര്യം.
“രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നമ്മുടെ കുടീലേക്ക് വരണ്ടവളാ. ഒരു നാണം കണ്ടില്ലേ...” അവളെ കാണുമ്പോ അമ്മ ഇടക്ക് പറയും .
പത്താംക്ലാസ് പരീക്ഷാഫലം വന്ന ദിവസം ശാന്തയുടെ വീട്ടില്‍ നല്ല പുകിലായിരുന്നു.
“അവള്ക്കു പട്ടണത്തിലെ കോളേജില്‍ പോണോന്ന്‍...” അരിശം പൂണ്ടു നില്ക്കുന്ന പുരുഷമ്മാവാന്‍. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു കല്യാണം നടത്താന്‍ പോണോ പടിപ്പിക്കാം പോണോ ....?എന്റെയീ വണ്ടിയേ കൊടുക്കാനും പുസ്തകം മേടിക്കാനും തരത്തിന് തരത്തിന് ഉടുപ്പു കെട്ടു മേടിക്കാനും കാശില്ല”
“അവള് പോട്ടെ അമ്മാവാ. കാശു ഞാന്‍ കൊടുക്കാം. ഇപ്പൊ അമ്മുക്കുട്ടി പെറ്റേ പിന്നെ കാശിനു പഞ്ഞമില്ല. ഞാനോപ്പോ പണിക്കും പോയിത്തൊടങ്ങി ”
ശാന്ത അത് കേട്ട് അവനെ നോക്കി നന്ദിയോടെ ചിരിച്ചു.
കോളേജിപ്പോകാന്‍ തുടങ്ങിയത്തില്‍ പിന്നെ ശാന്തയെ കാണാന്‍ കൂടെ കിട്ടാറില്ല.
ഒരു ദിവസം സാബൂസിനിമാക്കൊട്ടകയില്‍ സിനിമാ കഴിഞ്ഞിറങ്ങിയപ്പോ രാജപ്പന്ചേട്ടനാണതു പറഞ്ഞത്.
”എടാ...നിന്റെ പെണ്ണിനെ ഒന്ന് സുക്ഷിച്ചോ .അവളു കോളേജിപ്പോണ ബസ്സിലെ കിളിയുമായി ലോഹ്യത്തിലാ..ഇന്നാള് ഞാന്‍ കണ്ടതാ. വണ്ടിയേക്കെറിയാ അവളുടെ ഒരു കളീം ചിരീം. ”
“ചുമ്മാ അനാവശ്യം പറയാതെന്റെ ചേട്ടാ .ഞാനല്ലേ അവളെ പഠിപ്പിക്കണേ..”
“അതൊക്കെ ശരിയാ.നീ അവളോന്നു ചോദിച്ചു നോക്ക് “
തീ പിടിച്ച മനസ്സുമായാണ് ശാന്തയുടെ വീട്ടിലേക്കു ചെന്നത്. ശാന്ത പഠിക്കാന്‍ പോയിരിക്കുകയായിരുന്നു
“എന്റ സുരേ, കണ്ടോര് പറേണ ഏഷണി കേട്ട് നീ എന്തിനാ വെഷമിക്കണേ. സുരേട്ട്ന്‍ന്നു പറഞ്ഞാ അവക്ക് ജീവനാ .ഇനി രണ്ടു കൊല്ലം കൂടെ കാത്തിരുന്നപ്പോരെ .വേണേല്‍ പടിപ്പ് നിര്ത്തി ഇപ്പൊ നടത്താം കല്യാണം”
“വേണ്ടമ്മായി അവളു പഠിക്കട്ടെ. അവളിതറിയണ്ട...പാവം.”
ഒരു തുലാമാസ വൈകുന്നേരത്തെ ഇടിമിന്നലിന്‍റെ സമയത്ത് പരവേശം പൂണ്ട മുഖവും കയ്യിലൊരു കടലാസു കഷണവുമായി തേവിഅമ്മായി സുരയെത്തേടി വന്നു.
“ശാന്തേന കാണാനില്ലെന്റെ മോനേ,കൂട്ടുകാരത്തീട വീട്ടി പോകുവാന്നും പറഞ്ഞു പെലകാലേ പോയതാ. പണി കേറി ഞങ്ങള് വന്നിട്ടും പെണ്ണു വീട്ടിലെത്തീട്ടില്ല. ഒരു കത്താണെന്ന് തോന്നണ് അവള്‍ എയ്തി വെച്ചിട്ടുണ്ട്. ഒന്ന് വായിച്ചു കേപ്പിച്ചേ... എന്റെ പെങ്കൊച്ചിതെവിടപ്പോയോ...?” അവര്‍ രണ്ടു കൈ കൊണ്ടും മാറത്തടിക്കാന്‍ തുടങ്ങി
സുരേട്ടനോടു ക്ഷമാപണത്തോടെയുള്ള കത്ത് വീണ്ടും വീണ്ടും വായിച്ച സുര ഒരു നിമിഷം അമ്മായിയെ നോക്കി. പിന്നെ പറഞ്ഞു
“ഇത് കത്തൊന്നുമാല്ലെന്റ അമ്മായി വേറേതോ കടലാസ്സാ. അവളു വണ്ടി കിട്ടാന്‍ താമസിച്ചതായിരിക്കും. ഞാന്‍ വഴീല്‍ പോയി നോക്കട്ടെ അവളു വരണണ്ടോന്നു.”
തുള്ളിക്കൊരു കുടമുള്ള മഴയിലേക്കിറങ്ങിപ്പോയ സുരയെ അവര്‍ നോക്കി നിന്നു.
പിറ്റേന്ന് രാവിലെ പാട വരമ്പിനടുത്ത കുളത്തില്‍ സുരയുടെ ശരീരം തണുത്തു വിറങ്ങലിച്ചു കിടന്നു. ജനനസമയ ദോഷത്തിന്റെ പൂര്ത്തീ കരണമെന്നോണം
---------------------------------------------------------------------------
കെട്ടാന്‍ കൊടുക്കുക—പശുക്കിടാവിനെ വളര്ത്തി ഒരു പ്രാവശ്യത്തെ കറവക്കു ശേഷം ഉടമസ്ഥനെ തിരിച്ചേല്പ്പിക്കുന്ന രീതി
ഭവാനിക്കാ-ഭവാനിയുടെ
മയ-മഴ
തയ-തഴ
വല്ലാത്ത ഒരു സങ്കടത്തിലാണല്ലോ റോസാപ്പൂക്കളേ കഥ അവസാനിപ്പിച്ചത്? ഒക്കെ സമയദോഷമെന്നു വരുന്നത് അത്ര ശരിയോ? കാഷ്മീരിലെങ്കിലും ഈ നാടിന്റെ മഴയും, കൈതോലകളും, പാടവരമ്പുകളും, വാമൊഴിവഴക്കങ്ങളുമൊക്കെ നല്ല തിട്ടമുണ്ടല്ലോ, അഭിനന്ദനങ്ങൾ!ആശംസകൾ!
ReplyDeleteനാട്ടുഭാഷ നന്നായി വഴങ്ങിയിട്ടുണ്ട്. കൊള്ളാം
ReplyDeleteനിയോഗത്തില്‍ നിന്ന് നാടിന്റെ പഴയ ഓര്‍മ്മകളിലെ ചട്ടയും മുണ്ടും തഴയും കൈതയും ഒക്കെ കെട്ടിമാറിയുന്ന പഴയകാലത്തെക്ക് കൂട്ടികൊണ്ടുപോയി. സമയദോഷവും പഴിയും ഒക്കെ നിരത്തി നാട്ടുവര്ത്തമാനത്തിലൂടെ പറഞ്ഞത് നന്നായി.
ReplyDeleteചേച്ചി ... എന്താ ഞാന്‍ പറയേണ്ടത് ??? എഴുത്തിന്‍റെ നിലവാരം എന്നൊക്കെ പറയുന്നത് ഇതിനാ .... ഇ കഥ കേട്ടപ്പോള്‍ എന്‍റെ വീടും അമ്മച്ചിയേയും ഓര്‍മ്മ വന്നു . പലതവണ ഞാന്‍ എന്‍റെ അമ്മച്ചിയേ പറ്റി എഴുതണം എന്ന് കരുതിയതാ പക്ഷെ പറ്റുന്നില്ല . എന്‍റെ അമ്മച്ചിയേ പറ്റി ഞാന്‍ എഴുതുന്നതായിരിക്കണം എന്‍റെ പോസ്റ്റുകളില്‍ ഏറ്റവും നിലവാരമുണ്ടാകേണ്ടത് എന്നൊരു ആഗ്രഹം എന്‍റെ മനസ്സില്‍ കയറി പോയി അത് കൊണ്ട് എഴുതാന്‍ പറ്റുന്നില്ല .
ReplyDeleteപിന്നെ ഈ കഥയെ പറ്റി പറഞ്ഞാല്‍ വളരെ നിലവാരമുള്ള കഥ . എന്‍റെ കുഞ്ഞു നാളില്‍ ( കൃഷി കൂടുതല്‍ ഉണ്ടായിരുന്ന കാലം - ഇന്ന് പലവക കൃഷി നിര്‍ത്തി മൊത്തം "റവറായി") ഇത് പോലെയുള്ള കഥാപാത്രങ്ങള്‍ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു . പാട വരമ്പത്ത് നിന്ന് തഴ വെട്ടുന്നതും , പശുവിനെ കെട്ടാന്‍ കൊടുക്കുന്നതും ഒക്കെ എന്നെ പഴമയിലേക്കു കൂട്ടിക്കൊണ്ടു പോയി ....
നല്ല ഫ്രയിമിലാണ് കഥയെഴുതിയത് . വല്യമ്മച്ചി പുതു മഴ നോക്കി നില്‍ക്കുന്നതും മരിച്ചു പോയ ഭര്‍ത്താവിനെ ഓര്‍ക്കുന്നതും , ഓശാന ഞായറാഴ്ച ആരും കാണാതെ ഒരു കുടക്കീഴില്‍ ചേര്‍ത്തു പിടിച്ചു നടന്നതും ( ഇവിടം വായിച്ചപ്പോള്‍ ജീവിതത്തോടു വല്ലാത്ത കൊതി തോന്നിപ്പോയി ), ജോണ് കുട്ടി മരിച്ചതും ഒരു നിയോഗം പോലെ സുര മരിക്കുന്നതും ............കഥ കിടിലമാക്കി കളഞ്ഞു .........................................................................................
നന്ദി ശ്രീനാഥന്‍,മനോരാജ്,റാംജി,പ്രദീപ്
ReplyDeleteശ്രീനാഥന്‍,എവിടെ താമസിച്ചാലും നമ്മുടെ നാടും അവിടത്തെ ഓര്‍മ്മകളും പോകില്ലല്ലോ .പറമ്പില്‍ കിളക്കുന്ന അയ്യപ്പനും ,കുളക്കടവിലിരുന്നു കൈതോല മുള്ളുകുചീകുന്ന കുഞ്ഞു പെണ്ണും,അവരുടെ വയല്‍ വരമ്പത്തെ വീടും ,മഞ്ഞപ്പിത്തം വന്നു മരിച്ചു പോയ സുരയേയും എങ്ങനെ മറക്കാനാവും
പ്രദീപ്, ഈ കഥയിലെ വല്യമ്മച്ചി എന്റെ വല്യമ്മച്ചി തന്നെ നല്ല ചുണയായിരുന്നു ആള്‍ക്ക്. എന്റെ വലിയപ്പച്ച്ചന്‍(ഞാന്‍ കണ്ടിട്ടില്ല) പന്ത്രണ്ടു വയസ്സില്‍ കല്യാണം കഴിച്ചു കൊണ്ടുന്നതാണ്
വളരെ മനോഹരമായിടുണ്ട്...
ReplyDeleteകൂടുതല്‍ പറയുവാനുള്ള കഴിവൊന്നും ഇല്ല. എങ്കിലും മനസ്സില്‍ തോന്നിയ ആശയങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു.
കഥാപാത്രങ്ങളെയും ചുറ്റുപാടുകളെയും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും, "പിറ്റേന്ന് രാവിലെ പാട വരമ്പിനടുത്ത കുളത്തില്‍ സുരയുടെ ശരീരം തണുത്തു വിറങ്ങലിച്ചു കിടന്നു. ജനനസമയ ദോഷത്തിന്റെ പൂര്ത്തീ കരണമെന്നോണം" ഇതു കഥയില്‍ നിന്നും വേറിട്ട് നില്‍ക്കുനതു പോലെ...തിരക്കിട്ട് പൂര്‍ത്തിയാക്കിയത് പോലെ.. ഒരു പക്ഷെ വെറും തോന്നല്‍ മാത്രമായിരിക്കാം.
കഥാപാത്രങ്ങളെയും ചുറ്റുപാടും സൃഷ്ടിക്കുന്നതില്‍ താങ്കള്‍ക്കുള്ള കഴിവ് അഭിനന്ദനീയം തന്നെ.
ആശംസകള്‍.
അവസാനം ദുഖത്തിലായല്ലോ?
ReplyDelete"സമയദോഷം" എപോഴോക്കെയോ നാട്ടിലേക്ക് കൂട്ടികൊണ്ട് പോയി.
നല്ല എഴുത്ത്.
"അവ കുളത്തിലെ ജലോപരിതലത്തില്‍ മഴത്തുള്ളികള്‍ വരച്ചെടുത്ത വൃത്തങ്ങളുടെ കൂടെ ചേര്ന്നു".
ReplyDeleteഒന്ന് നാട്ടിലും വീട്ടിലും പാടത്തും വരമ്പത്തും ഒക്കെ പോയി..കുറച്ചു നേരം പശുവിനെയും തീറ്റിച്ചു ...വല്ല്യ്മചിയോടു കുറച്ചു വര്‍ത്തമാനവും പറഞ്ഞു .താങ്ക്സ്.
റോസിന്റെ ഈ പരിമലളത്തിനഭിനന്ദനങ്ങൾ...കേട്ടൊ...
ReplyDeleteപഴയ നാട്ടുപറച്ചിലൂടെ അന്നത്തെ നാട്ടുമ്പുറംകാരെ നന്നായി അവതരിപ്പിച്ചു...
ദു:ഖത്തിൽ അലിയിപ്പിച്ച് കഥ അവസാനിപ്പിക്കുകയും ചെയ്തു...
ഹൃദ്യമായ അവതരണം. ഭാവുകങ്ങള്‍.
ReplyDeleteആശയങ്ങള്‍ വളരെ മനോഹരമായിടുണ്ട്...
ReplyDeleteആശംസകള്‍.
ഒരു നാട്ടിന്‍പുറദൃശ്യം വാക്കുകളാല്‍ കോറിയിട്ടിരിക്കുന്നു. കഥാപാത്രങ്ങള്‍ക്കെല്ലാം ജീവനുണ്ട്. ഒരു നിര്‍ദേശം. കഥ ഒരു കാലഘട്ടത്തില്‍ നിന്ന് മറ്റൊരു കാലത്തിലേക്ക് മാറുമ്പോള്‍ ഒരു ഗ്യാപ്പ് (സ്പേസ്) ഇട്ട് എഴുതിയാല്‍ നന്നായിരുന്നു.
ReplyDeleteവായനക്കാരന്‍റെ മനസ്സില്‍ ദൃശ്യങ്ങള്‍ ഒരുക്കി കഥ പറയാനുള്ള കഴിവിനെ, ചേച്ചിയുടെ ഓരോ കഥ വായിക്കുമ്പോഴു,നാമറിയാതെ അഭിനന്ദിച്ചുപോകും. പുഴയിലേക്ക് ചാഞ്ഞു നില്‍കുന്ന കൈതമരകൂട്ടങ്ങള്‍,പുഴയിലൂടെ ചകിരിയും,തേങ്ങയും മറ്റും നിറച്ചു മുള കൊണ്ട് പുഴയില്‍ കുത്തി നീക്കുന്ന തോണികളും,കുട്ടിക്കാലത്ത് കണ്ട മനോഹരമായ ഗ്രാമീണ സൌന്ദര്യം. നിഷ്കളങ്കരായ മനുഷ്യരുടെ പോലിമയില്ലാത്ത സംഭാഷണവും,മനസ്സില്‍ മങ്ങിക്കിടക്കുന്ന ഓര്‍മകളായി നില്‍കുമ്പോള്‍,
ReplyDelete"സമയ ദോഷം'ത്തിലൂടെ ഇറങ്ങിക്കയരിയപ്പോള്‍,
ആ കാഴ്ചകളെല്ലാം തന്നെ മനസ്സില്‍ പുതിയൊരു ഫ്രെമിലൂടെ ഒരിക്കല്‍ കൂടെ ആ മനോഹര ദൃശ്യങ്ങള്‍ മനസ്സില്‍ വരച്ചു തന്നിരിക്കുന്നു.
വലിയൊരു കാന്‍വാസാണെങ്കിലും, ഒരു വിരസതയുമില്ലാതെ കഥാ പശ്ചാതലതിലെക്കും,കഥാ പാത്രങ്ങളിലെക്കും നമ്മെ ലയിപ്പിച്ചുകൊണ്ട് കഥ പറയാനുള്ള പ്രാവീണ്യം ചേച്ചിയുടെ സിദ്ധിയായി വേണം കരുതാന്‍. ഓരോ കഥയും അത്തരത്തിലാണ് ചേച്ചി അവതരിപ്പിക്കാറ്.
കഥ നീണ്ടുപോയി എന്ന് തോന്നലില്‍ അവസാനം അല്പം വെപ്രാളം കാണിച്ചുവോ? കഥയുടെ മികവില്‍ അതോരപാകതയായി തോന്നിയില്ല.
ചേച്ചിക്കെന്റെ ഹൃദ്യമായ ആശംസകള്‍
---ഫാരിസ്
വിശ്വാസങ്ങളും ആയി കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു കഥ. നന്നായിരിക്കുന്നു. സമയം കിട്ടുമ്പോള്‍ ഇതിലെ ഒന്ന് വരുമല്ലോ.
ReplyDeletehttp://pularveela.blogspot.com
http://niracharthu-jayaraj.blogspot.com
ജയരാജ്
നന്ദി
ReplyDeleteതമന്ന,മൈ ഡ്രീംസ്,താന്തോന്നി,പൊന്മാന്‍,ബിലാത്തി പട്ടണം,കണ്ണൂരാന്‍,നിയ, ഗീത,ഫാരിസ്,ജയരാജ്
Valare nannayirikkunnu ennu paranjal mathiyakilla, I think I should use super superlative degree of appreciation for this work
ReplyDeletewell done
ajay
പണ്ടത്തെ കൈതക്കാട് നിന്നിരുന്നിടത് ഇപ്പോള്‍ വാഴയായി. തഴപ്പായ ഇപ്പോഴും അമ്മൂമ്മക്ക് എവിടുന്നോ ഒപ്പിച്ചു കൊടുക്കുന്നുണ്ട് വലിയമ്മ... അപ്പൊ എവിടെയൊക്കെയോ കൈത വളരുന്നുണ്ടാല്ലേ...
ReplyDeleteപണ്ടത്തെ ആ നല്ല കാലത്തെ ഓര്‍മിപ്പിച്ച നല്ല പോസ്റ്റ്...
പാവം സുര. നാടൻ ഭാഷയിൽ നന്നായി പറഞ്ഞിരിക്കുന്നു.
ReplyDeleteകഥ പ്രമേയം കൊണ്ടും ആഖ്യാന മികവു കൊണ്ടും മനോഹരാമാക്കി. വായനയിലൂടെ ഒരു നാടിന്റെ പൈതൃകം, ഭാഷ, വിശ്വാസങ്ങള്‍ എല്ലാം തൊട്ടറിഞ്ഞു അനുവാചകരെ കഥാപാത്രങ്ങള്‍ക്കൊപ്പം നടത്താന്‍ കഥാകാരിക്ക് കഴിഞ്ഞു. നല്ല എഴുത്ത് തുടരുക.
ReplyDeleteപാടവരമ്പും, പുതുമഴേം, കുളവുമൊക്കെ എന്‍റെ ഇഷ്ട ബിംബങ്ങളാ... അറിയാല്ലോ...
ReplyDeleteഅതോണ്ട് തന്നെ കഥയെ ശരിക്കന്ഗഡ് ഇഷ്ടപ്പെട്ടു
കഥാപാത്രങ്ങളെല്ലാം വളരെ പരിചിതര്‍ പോലെ.... വളരെ നാന്നായിരിക്കുന്നു...
ReplyDeleteനന്ദി അജയ്,ബിജിത്,ടൈപ്പിസ്റ്ചേച്ചി,കണ്ണനുണ്ണി,അക്ബര്‍,ഗോപകുമാര്‍
ReplyDeleteകഥ കൊള്ളാമെന്ന് നേരത്തെ തന്നെ പറഞ്ഞതു പോലെ ഒരു ഓർമ്മ. പക്ഷെ, കമന്റ് ഒന്നും എന്റേതായിട്ട് കണ്ടതുമില്ല.
ReplyDeleteവളരെ നല്ലതാണ്. നാട്ടു മണ്ണിന്റെ മണമുള്ള രചന
ReplyDeleteനല്ല എഴുത്ത്...
ReplyDeletenice to read.
ReplyDeleteall the best. keep writing
www.ilanjipookkal.blogspot.com
ഒരു നിശ്ചോം ഒരു സംശോം..
ReplyDeleteവളരെ നന്നായി എഴുതി എന്നത് നിശ്ചയം.
അല്പം നീളം കൂടിയില്ലേ എന്നൊരു സംശയം.
നന്ദി
ReplyDeleteഎച്ചുമുകുട്ടി,അരവിന്ദ്,ജിഷാദ്,ഉമ്ഫിദ,ഇസ്മയില്‍