14.10.23

എസ്തേർ

 



“യൂദാസേ, ചുംബനം കൊണ്ടാണോ നീ  മനുഷ്യപുത്രനെ  ഒറ്റിക്കൊടുക്കുന്നത്..?”

വേദപാഠ പുസ്തകത്തിലെ ആ വാചകം വായിച്ചു തീരുന്നതിന് മുമ്പേ   എഴുന്നേറ്റു നിന്ന് കതനവെടിയുടെ ഉച്ചത്തിൽ  എസ്തേര്‍ വിളിച്ചു പറഞ്ഞു. 

“അതാണ്‌  ചതി. കൊടും ചതി.. ചുംബനം കൊണ്ട് ചതിച്ചത്.”

ഞായറാഴ്ചകളില്‍ വേദപാഠത്തിന് മാത്രമായി പാരീഷ് ഹാളില്‍ കര്‍ട്ടനിട്ട്  വേര്‍തിരിച്ചുണ്ടാക്കിയ താല്‍ക്കാലിക ക്ലാസ്സ് മുറികള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിപ്പിക്കുന്നത് അക്കൊല്ലം ഉടുപ്പ് മാറ്റം കഴിഞ്ഞ സിസ്റ്റര്‍ മേരിലോറിന. അവരുടെ കയ്യിലിരുന്ന വേദപാഠ പുസ്തകം താഴെ വീണില്ലെന്നേയുള്ളൂ. അരുതാത്തത് കേട്ട പകപ്പില്‍ സിസ്റ്ററിന്റെ മുഖം മഞ്ഞളിച്ചു. അവര്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി. സിസ്റ്റര്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു.  പത്താം ക്ലാസ്സുകാരെ പഠിപ്പിക്കുന്ന സിസ്റ്റര്‍ ജോസിയ ഒന്‍പതാം ക്ലാസ്സിലേക്ക് തല നീട്ടിക്കഴിഞ്ഞു. 

“കുട്ടി അവിടെ ഇരിക്ക്…”

സിസ്റ്റര്‍ മേരിലോറിന ദേഷ്യപ്പെട്ട് പറഞ്ഞു. ഇടത്തെ ക്ലാസ്സില്‍ നിന്ന് നീണ്ട തലയെ കണ്ടതിലുള്ള ചമ്മലും പേടിയും  ചേര്‍ന്ന് ആ ശബ്ദം തെല്ലുറക്കെയായി.

“ക്ലാസ്സിലിരുന്ന്‍ ഉറക്കം തൂങ്ങി ഓരോ പിച്ചും പേയും വിളിച്ചു കൂവിക്കൊള്ളും.”

എസ്തേര്‍ ഇരുന്നില്ല പകരം ഒച്ച താഴ്ത്തി പറഞ്ഞു.

“ഞാനുറക്കം തൂങ്ങിയില്ല സിസ്റ്റര്‍. യൂദാസ് ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കില്‍ അവര്‍ എങ്ങനെ ഈശോയെ പിടിച്ചു കുരിശില്‍ തറച്ചേനെ...? കുരിശിൽ മരിച്ചു ലോകത്തെ രക്ഷിക്കാനായി വന്നവനെ അതിന് സഹായിച്ചവനല്ലേ യൂദാസ്..?  അത് കൊണ്ട് ആ ചുംബനം, അത് മാത്രമാണ് തെറ്റ്.”

“മതി. അവിടിരിക്ക് പിരിലൂസ്..”

സിസ്റ്റര്‍ മേരിലോറിനയുടെ  വെളുത്തു തുടുത്ത കവിളുകള്‍ രക്തം ഇരച്ചു കയറി ഇപ്പോള്‍ പൊട്ടുമെന്ന നിലയിലായി.

  ‘പിരിലൂസ്’ എന്ന ഇരട്ടപ്പേരുള്ള  എസ്തേറിനെ അങ്ങനെ വിളിക്കരുതെന്നും പഠിപ്പില്‍ പുറകോട്ടെങ്കിലും അവള്‍ പറയുന്ന പല കാര്യങ്ങള്‍ക്കും പ്രത്യേക ഉള്ളര്‍ത്ഥം ഉണ്ടെന്നും കുട്ടികളെ ഉപദേശിക്കാറുള്ള സിസ്റ്റര്‍ മേരിലോറിന തന്നെ പിരിലൂസ് എന്ന് വിളിച്ചപ്പോള്‍ ക്ലാസ്സ് ആര്‍ത്തു ചിരിച്ചു. എസ്തേര്‍ ക്ലാസ്സിനേയും സിസ്റ്ററിനെയും സഹതാപത്തോടെ നോക്കി തല ഉയര്‍ത്തി ഇരുന്നു. 

വൃത്തിയായി മുടി ചീകാത്തതിനും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നതിനും മാത്രമാണ് അവള്‍ സിസ്റ്റര്‍ മേരിലോറീനയില്‍ നിന്നും ഇതിനു മുമ്പ് വഴക്ക് കേട്ടിട്ടുള്ളത്. അമ്മയില്ലാത്ത പാവം കുട്ടി എന്ന്‍ മറ്റു കുട്ടികളോട് പറഞ്ഞ് അവളെക്കുറിച്ച് സഹതപിക്കാന്‍ ആ കന്യാസ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അവളുടെ അമ്മ കൊച്ചുത്രേസ്യാ അവള്‍ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ക്യാന്‍സര്‍ വന്നു മരിച്ചതോ പിരിലൂസ് എന്ന്‍ ഇരട്ടപ്പേരുള്ള എസ്തേര്‍ അമ്മ പോയതോടെ  രാവിലെ കഞ്ഞിയും കറിയും കാലാക്കി   സമയം തെറ്റി സ്കൂളിലേക്ക്  ഓടുന്നതോ ആ ഇടവകയിലെ പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നില്ല. പള്ളിപ്പെരുന്നാളിന് കതന നിരത്തി ചെവി പൊട്ടുന്ന വെടി വെക്കുന്ന അവളുടെ അപ്പന്‍ ഗര്‍വാസീസിനെ  ഇടവക ഓര്‍ക്കുന്നത് പെരുന്നാള്‍ കാലത്ത് മാത്രം. കുട്ടികളെല്ലാം കോടിയണിഞ്ഞ്  കളിച്ച് തിമിര്‍ത്ത്  നടക്കുന്ന  പള്ളിപ്പെരുന്നാളിന് അവള്‍ കരിയില്‍ പുരണ്ട്‌  പള്ളിപ്പറമ്പിൽ അപ്പനോടൊപ്പം   ഓടി നടന്നു കതിനക്കുറ്റികൾ   പെറുക്കി കൂട്ടുന്നുണ്ടാകും. പെരുന്നാള്‍ പ്രദിക്ഷണം പള്ളിയില്‍ തിരിച്ചു കയറി പള്ളിപ്പറമ്പ് കാലിയാകുന്നവരെ അവള്‍ക്ക് വിശ്രമമുണ്ടാവില്ല. ഒടുവില്‍ കുപ്പിവളയും കണ്മഷിയും വാങ്ങാനായി അവള്‍ വെച്ചുവാണിഭക്കാരുടെ അടുത്തെക്കോടുമ്പോള്‍ അവര്‍ അക്കൊല്ലത്തെ കച്ചവടം കഴിഞ്ഞ് എല്ലാം കെട്ടിപ്പെറുക്കാന്‍ തുടങ്ങിയിരിക്കും. 

യൂദാസിന്റെ ഒറ്റിനെപ്പറ്റിയുള്ള ക്ലാസിന്‍റെ തലേ ആഴ്ചയായിരുന്നു അവളുടെ അമ്മയുടെ രണ്ടാം ഓര്‍മ്മ ദിനം. സ്കൂള് വിട്ട് സിമിത്തേരിയിലെത്തിയ എസ്തേറിന് മുറ്റമടിക്കുന്നതിനിടെ ഒരു പുല്‍ നാമ്പ് കണ്ടാല്‍ അത് പറിച്ചു കളയുന്ന അമ്മയുടെ കുഴിമാടം നിറയെ പുല്ലു വളര്‍ന്നു നില്‍ക്കുന്നത് കണ്ട് സങ്കടം വന്നു. ഇത്രേം നാള്‍ ഈ പുല്ല് കണ്ണില്‍ പെടാഞ്ഞതെന്തെന്നവള്‍ അത്ഭുതപ്പെട്ടു. 

“സാരല്ലടീ മോളെ.... കുറച്ചു പുല്ലല്ലേ. അതങ്ങു പറിച്ചു കളഞ്ഞാ പോകൂല്ലേ...വേഗം പറിച്ചു കളഞ്ഞിട്ടെന്‍റെ മോള് വീട്ടീപ്പോ...”

അമ്മയുടെ ചെറു ചിരിയോടുള്ള ശബ്ദം. ചിരിക്കുമ്പോൾ ചെറുതായി പോകുന്ന അമ്മയുടെ കണ്ണുകൾ അവളപ്പോൾ കണ്ടു. 

എന്നും കുര്‍ബാന കഴിഞ്ഞോടി വന്ന്  സ്കൂളില്‍ പോകുന്നതിനു മുമ്പ്  കഞ്ഞിയും കറിയും വെക്കാനുള്ള  വേവലാതിയോടെ ‘മരിച്ച വിശ്വാസി’  ധൃതിയില്‍ ചൊല്ലുന്ന മകളുടെ സ്വരം മുകളിലെ മണ്ണ് ഭേദിച്ച് എത്തുമ്പോഴേ അവര്‍ സങ്കടം കൊണ്ട് നീറും. ഈ ‘മരിച്ച വിശ്വാസീടെ പ്രാര്‍ത്ഥന’ ഒരാവശ്യമില്ലെന്നും ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ ഉടനെ സ്വര്‍ഗം തന്നാലും ഭൂമിയില്‍ ആരും തുണയില്ലാത്ത  മകളെ തനിയെ ഇട്ട് ഒരമ്മയുടെ ആത്മാവും പോകില്ല എന്ന് കൊച്ചുത്രേസ്യാ പല പ്രാവശ്യം മോളോട് പറയാന്‍ ഒരുമ്പെട്ടിട്ടുള്ളതാണ്. അമ്മ മരിച്ചതില്‍ പിന്നെ എല്ലാ രാത്രികളിലും സങ്കടത്തിന്റെ ഒരു വലിയ കൂമ്പാരത്തില്‍ കിടന്നുറങ്ങി മുടങ്ങാതെ രാവിലെ പള്ളിയിലും സിമിത്തേരിയിലും  വന്നു പ്രാര്‍ത്ഥിക്കുന്ന മോളെ പിന്നെയും സങ്കടപ്പെടുത്താന്‍ അവര്‍ക്കാവില്ലായിരുന്നു. 

അത് പിറവി നോമ്പ് കാലമാണെന്നും ആറുമണി കഴിഞ്ഞാല്‍ സന്ധ്യായാകും എന്നും കൊച്ചുത്രേസ്യ വീണ്ടും വീണ്ടും അവളോടു പറഞ്ഞ് കൊണ്ടിരുന്നു. താന്‍ സിമിത്തേരിയിലേക്ക് പോരുന്നതിന്റെ തലേ മാസം തിരണ്ട തന്റെ മോള്‍ രണ്ടു കൊല്ലം കൊണ്ടു എത്ര വളര്‍ന്നു കാണും എന്നും അതൊന്നും വെടിക്കെട്ട് പുരയിലെ ജോലികഴിഞ്ഞ് ചാരായം കുടിച്ചു അന്തോം കുന്തോമില്ലാതെ വീട്ടില്‍ വന്നു വീഴുന്ന  ഗര്‍വാസീസിനെ ബാധിക്കുന്ന കാര്യമല്ല എന്നും കുഴിക്കുള്ളില്‍ കിടന്നും കൊച്ചുത്രേസ്യക്ക് നല്ല തിട്ടമുണ്ടായിരുന്നു.

“ദേ... തീര്‍ന്നു... ഇതൂടെ... എന്ന് പറഞ്ഞവള്‍ അവസാന കുഞ്ഞു പുല്ലിന്‍റെ വേരും പറിച്ചു കളഞ്ഞ്  പുല്ലെല്ലാം പെറുക്കിക്കൂട്ടി. അപ്പോഴും കൊച്ചുത്രേസ്യ അവളോടു പറഞ്ഞു.

“മോള് വെക്കം പൊക്കോ കാവല്‍ മാലാഖ ചിറകിനടീ മോളെ കാക്കും. ഉറങ്ങുമ്പോ മാലാഖേട ജപം മറക്കണ്ടാ..ട്ടാ..”

“ഞാമ്പോവ്വാമ്മേ.....നാളെ കുര്‍ബാന കഴിഞ്ഞ്  കുഴിക്കലൊപ്പീസ് പറഞ്ഞിട്ടൊണ്ട്”

അവള്‍  സിമിത്തേരിക്ക് പുറത്തു കടന്നപ്പോഴാണ്  ഗബ്രിയേല്‍ അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷനായത്.

“ന്താടീ..എസ്തെറെ ഈ  നേരത്ത്..?”

“അമ്മേടടുത്തു പോയതാ. നാളെ ഓര്‍മ്മക്കുര്‍ബാനയാ ..അപ്പൊ അവിടെ നെറേ പുല്ല്. അമ്മക്ക് പുല്ലു വളര്‍ന്നു നിക്കണ കണ്ടാ കലിയാ ഗബ്രീ...അത് പറിച്ചു നേരമ്പോയ്. ഞാമ്പോട്ടെ......”

“നില്ലെസ്തേറെ...”

ഗബ്രി എന്ന ഗബ്രിയേല്‍ പറഞ്ഞാല്‍ പിന്നെ എസ്തേറിന് പോകാന്‍ പറ്റില്ല. കുഞ്ഞിലെ തൊട്ട് ഇതിലെ നട, അതിലെ നട എസ്തെറെ എന്ന് പറഞ്ഞവന്‍ അവളെ കൈപിടിച്ച് ഒത്തിരി നടത്തിയിട്ടുള്ളതാണ്. ഞായറാഴ്ച വേദപാഠം കഴിഞ്ഞു കുട്ടികള്‍ തനിയെ പോരുമ്പോള്‍   “കൊച്ചു വണ്ടിക്കെടവെക്കാതെ നോക്കണേ ഗബ്രിയെ..” എന്ന് കൊച്ചു ത്രേസ്യ കൂടെക്കൂടെ അവനോടു പറയുമായിരുന്നു.    ചിറകുകളില്ലാത്ത ഗബ്രിയേല്‍ മാലാഖയാണ് അവനെന്നും ചിറകിനു പകരം കൈകളാണ് ദൈവം അവന് കൊടുത്തിട്ടുള്ളതെന്നും പണ്ടവള്‍ അവനോടു പറഞ്ഞിട്ടുണ്ട്. 

കൊച്ചുത്രേസ്യയും  ഗബ്രിയുടെ അമ്മ കത്രീനയും കൂട്ടുകൂടി പള്ളിയില്‍ പോയിരുന്ന കാലം.  എസ്തേറിന് എട്ട് വയസ്സും ഗബ്രിയേലിനു പതിനാലും. ഗബ്രിയേല്‍ ഒരു   മാലാഖയുടെ പേരാണെന്ന് വല്യമ്മച്ചി പറഞ്ഞറിഞ്ഞ ദിവസമാണ് ഗബ്രിക്ക് ചിറകിനു പകരം സൂക്ഷിച്ചു പിടിക്കുന്ന കൈകളുണ്ട് എന്ന കണ്ടുപിടുത്തം അവള്‍ നടത്തിയത്..

കുഴിമാടത്തിലെ മണ്ണ് പറ്റിയ പാവാടയും പുല്ലു പറിച്ചു വിയര്‍ത്തൊലിച്ച ദേഹവുമായി എസ്തേര്‍ ഗബ്രിയേലിന്റെ മുന്നില്‍ അനങ്ങാതെ നിന്നു. മാലാഖയുടെ ചിറകുകള്‍ എസ്തെറിനെ പൊതിഞ്ഞു. അതിന് ശേഷമുള്ള വേദപാഠ ക്ലാസ്സിലാണ് യൂദാസ് ചതിക്കാനായി ചുംബനം ഉപയോഗിച്ചതറിഞ്ഞു എസ്തേര്‍ പൊട്ടിത്തെറിച്ചത്.

വേദപാഠ ക്ലാസ്സ് കഴിഞ്ഞു വന്ന് അപ്പന് ചോറ് വിളമ്പിക്കൊടുത്ത് ഉണ്ണാനിരുന്നപ്പോഴും അവള്‍ക്ക് ആകെ സംശയം,  വിഷമം. എന്നാലും സിസ്റ്റര്‍ മേരിലോറിന പിരിലൂസ് എന്ന് വിളിച്ചല്ലോ... താന്‍ പറഞ്ഞത് തെറ്റെന്നല്ല,  മിണ്ടാതിരി എന്നാണ് സിസ്റ്റര്‍ പറഞ്ഞത് എന്നവള്‍ ഓര്‍ത്തെടുത്തു. മിണ്ടാതിരുന്നാൽ സംശയം തീരുമോ..? സംശയം തീര്‍ത്തു തരാന്‍ കഴിയാത്തവര്‍ എന്ത് പഠിപ്പിക്കാനാണ്..?

പിന്നീട് ഗബ്രിയേലിനെ കണ്ടപ്പോള്‍ അവള്‍ക്ക് സംശയങ്ങളുടെ ഒരു കെട്ടാണ് അഴിച്ചു വിടാനുണ്ടായിരുന്നത്.

യൂദാസിന്റെ ചതി, ചുംബനത്തിന്റെ അടയാളം,  ലോകരക്ഷകന്റെ കുരിശു മരണത്തിന് യൂദാസ് വഴിയായത് ഒക്കെ എസ്തേറിന് സംശയങ്ങളായി.

“ന്‍റെ... എസ്തേറെ നീ വല്ല കന്യാസ്ത്രീ മഠത്തിലും പോയി ചേര്. അവിടെ അവരിതെല്ലാം പഠിപ്പിക്കും. അല്ലാതെ ഞാനെന്നാ പറയാനാ...? മൈക്കാട്ടു പണി ചെയ്ത് നടക്കണ എന്നോട് സിമിന്റിന്റെ കൂട്ടിന്റെ വല്ല കാര്യോം ചോദിക്കടീ...”

“ഞാന്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നാല്‍ പിന്നെങ്ങന്നെ എന്നെ കെട്ടും ഗബ്രീ..? “

ഗബ്രിയേലിന്റെ കണ്ണുകള്‍ മിഴിഞ്ഞു.

“ഞാന്‍ കന്യാസ്ത്രീയായാലും നിന്‍റെയാ. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവല്‍ എന്നവന്‍ വിളിക്കപ്പെടും.”

അന്തം വിട്ടു നില്‍ക്കുന്ന ഗബ്രിയേലിന്റെ ചെവിയില്‍ മന്ത്രിച്ചിട്ട് എസ്തേര്‍ ഓടിക്കളഞ്ഞു.

“കര്‍ത്താവേ...കുരിശ് തലേലാകുമോ..? പിരിലൂസ്….”

ഗബ്രിയേല്‍ തലക്ക് കൈവെച്ചു പോയി.

“തന്തേടെ കയ്യീ കാൽ കാശില്ല പെണ്ണിനാണേല്‍ ലൂസും. അമ്മയല്ലേ അവളെ ഇതൊക്കെപ്പറഞ്ഞ് ഇളക്കി വെച്ചിരിരിക്കുന്നത്..?”

അത്താഴക്കഞ്ഞിക്ക് മുന്നില്‍ ഇരുന്ന ഗബ്രിയേല്‍ കത്രീനയോടു കയര്‍ത്തു.

“പാവോല്ലേടാ അത്...തള്ളയില്ലാത്തതല്ലെ..? നിന്നെ അവള്‍ക്ക് ജീവനല്ലേ.. അവളെ നിനക്കിഷ്ടമില്ലേടാ..?”

അമ്മയുടെ അവസാന വാക്കില്‍ ഗബ്രിയേല്‍ അടങ്ങി. അവന്‍ തല താഴ്ത്തി എരിവുള്ള മാങ്ങാ അച്ചാര്‍ കഞ്ഞിയില്‍ ഇട്ടിളക്കി. 

ഇഷ്ടമില്ലേ....? ഒന്ന്‍ ആംഗ്യം കാണിച്ചാല്‍ അനുസരണയോടെ ഓടി വരുന്നവള്‍. അറിയാതൊന്ന്‍ നോക്കിപ്പോയാല്‍  “എങ്ങോട്ടാടാ നിന്റെയൊക്കെ നോട്ടം..” എന്ന് ചീറുന്ന പണിസ്ഥലത്തെ പെണ്ണുങ്ങളെ കണ്ടു ശീലിച്ച ഗബ്രിയേലിന് മുന്നില്‍ ഒന്നിനും എതിര്‍ക്കാതെ ഒതുങ്ങുന്ന പാവം എസ്തേര്‍.

“ഏയ്‌ …. അതിന് ഞാന്‍ ഇപ്പോഴേ കെട്ടാറായോമ്മേ ...? ഗള്‍ഫിലൊക്കെ പോയി നാലു കാശുണ്ടാക്കീട്ടു പോരെ..?..അവള് പിരിലൂസല്ലേ...? എന്തെങ്കിലും ബുദ്ധിയൊണ്ടേല്‍ ഒമ്പതില്‍ തോല്‍ക്കുവോ..? അതിനെയൊക്കെ കെട്ടി കൊണ്ടോന്നു വീട്ടിക്കേറ്റിയാ അമ്മക്ക് പണിയാകും. ഇപ്പോഴും സിമിത്തേരീ ചെന്ന് തള്ളയോട് വര്‍ത്താനം പറയൂന്നാ ആളുകള് പറേന്നെ.”

കത്രീന ഉത്തരം മുട്ടി നിന്നു.

എസ് ഐ യുടെ മുറിയിലെ മേശപ്പുറത്തെ ഫ്ലവര്‍വേസിനെയും അതിലെ പൂക്കളുടെ ഭംഗിയും കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു എസ്തേര്‍.  തുണിയിൽ അത്തരം പൂക്കളുണ്ടാക്കാൻ സിസ്റ്റർ മേരിലോറിന അവളെ പഠിപ്പിച്ചിട്ടുണ്ട്.  ചോദ്യഭാവത്തില്‍ നോക്കുന്ന എസ് ഐ യെ ശ്രദ്ധിക്കാതെ എസ്തേര്‍ ആ പൂവിന്റെ മൊട്ട് എങ്ങനെ ഉണ്ടാക്കി എന്നാലോചിച്ചു കൊണ്ടിരുന്നു. 



“ഈ കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയതാണ്. അച്ഛനു വലിയ ഉത്തരവാദിത്വമൊന്നുമില്ല. കുറച്ചു നാളുകളായി കുട്ടി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയും. എന്നാല്‍ ആരെന്നു ചോദിച്ചിട്ട് പറയുന്നുമില്ല. ബുദ്ധിക്ക്  ചെറിയൊരു കുറവുള്ളത് പോലെ.”

ശിശുക്ഷേമ പ്രവര്‍ത്തകര്‍ക്ക്  തന്നെക്കുറിച്ചു പുതുതായി ഒന്നും പോലീസ് സ്റ്റേഷനില്‍ പറയാനില്ല എന്നറിഞ്ഞ എസ്തേര്‍  അവർക്ക് ചെവി കൊടുക്കാതിരുന്നു.

“ആരാ ഉപദ്രവിച്ചതെന്ന് പറയു കുട്ടീ..”

“എസ് ഐ യുടെ അനുഭാവം നിറഞ്ഞ ചോദ്യവും അടിവയറ്റില്‍ അവള്‍ ആദ്യമായി അറിഞ്ഞ അനക്കവും ഒരേ സമയമായിരുന്നു. ആദ്യത്തെ അനുഭവമായത് കൊണ്ടു എസ്തേര്‍ ഞെട്ടിപ്പോയി. വിളറി തളര്‍ന്ന ആ ശരീരം ഒന്നുലഞ്ഞു.  അവള്‍ വിയര്‍പ്പില്‍ കുളിച്ചു.

“പേടിക്കണ്ട. കുട്ടിക്ക് എന്താണ് പറയാനുള്ളത്….? തുറന്ന് പറഞ്ഞോളൂ.”  അവനെ നമുക്കുടനെ അകത്താക്കാം.”

“എന്നെ ആരും ഉപദ്രവിച്ചിട്ടില്ല. പീഡിപ്പിച്ചിട്ടും ഇല്ല.”

സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിച്ചത് കുറച്ചു ദിവസമായി അവളെ ചൊടിപ്പിക്കുന്നു.

“പിന്നെ...കുട്ടിയെങ്ങനെയാ... ഇങ്ങനെ ആയത്..?                 നിറം മങ്ങിയചുരിദാറിന്റെ അളവുകളെ ഭേദിച്ച് വീര്‍ത്തുന്തിയ വയറില്‍ ചെറുതായി കണ്ണയച്ച് എസ് ഐ യുടെ ചോദ്യം.

“ഈ കന്യക ഗര്‍ഭം ധരിച്ചപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു നീതിമാന്‍ ഇല്ലാതെ പോയി.”

“അതിന് കുട്ടിക്ക് വിവാഹം കഴിക്കാന്‍ പ്രയമായില്ലെന്നറിയാമോ..? ഇനിയിപ്പോ ആളുടെ പേര് പറഞ്ഞാലും അയാള്‍ക്ക്  കുട്ടിയെ വിവാഹം കഴിക്കാനൊന്നും പറ്റില്ല. അതിന് കുട്ടി ഒന്നു രണ്ടു കൊല്ലം കൂടി കാക്കേണ്ടി വരും.”

. കുറച്ചു ദിവസങ്ങളായി അവളുടെ  ചെവിയില്‍ ചോദ്യങ്ങള്‍ക്ക് പിറകെ ചോദ്യങ്ങള്‍ വന്നലയ്കാന്‍ തുടങ്ങിയിട്ട്. അപ്പൻ പെരുന്നാളിന് നിരത്തി വെച്ച് പൊട്ടിക്കുന്ന കതിന കുറ്റികളായി  അവ അവളുടെ ചെവിയിൽ വന്നലച്ചു.  കതിന പൊട്ടി ചെവി മരവിയ്ക്കുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ അലറി ശീലമുള്ള എസ്തേർ ഉറക്കെ അലറി.

“എന്നെ ആരും പീഡിപ്പിച്ചിട്ടില്ല. രണ്ടു പേര്‍ സ്നേഹിക്കുന്നതിനെ പീഡനം എന്ന് വിളിക്കുന്ന നിങ്ങളുടെ ഒരു സഹായവും എനിക്ക് വേണ്ട.”

ഇത് ബുദ്ധിക്കുറവുള്ള കുട്ടിയല്ല. ഇവള്‍ക്ക് കാര്യങ്ങളറിയാം. എന്തോ മാനസിക പ്രശ്നം ഉള്ളപോലെ…”

കൂടെ നിന്നവർ പിറുപിറുത്തു.

“അതിന് ഞങ്ങൾ സഹായിക്കാമെന്ന് വെച്ചാൽ അതിനുള്ള സമയമൊക്കെ കഴിഞ്ഞു കുട്ടീ. അഞ്ചു മാസം കഴിഞ്ഞ സ്ഥിതിക്ക് ഇനി അത് അപകടമാണ്.”

“പിറക്കാനുള്ളവരെല്ലാം സമയത്തിന് പിറക്കുക തന്നെ ചെയ്യും.  കന്യാഗര്‍ഭം എക്കാലത്തും എല്ലാവരെയും അസ്വസ്തരാക്കിയിട്ടെയുള്ളൂ.”

എസ്തേർ ഒരു പ്രവാചകയെപ്പോലെ വിദൂരങ്ങളിലേക്ക് കണ്ണയച്ചു.

“പാവം, ഇതിന്‍റെ   മനസ്സിന്‍റെ താളം തെറ്റിക്കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം അഡ്മിറ്റാക്ക്. പ്രസവ സമയമാകുമ്പോഴെങ്കിലും  ഒന്ന് നോർമലാകട്ടെ.”

എസ് ഐ സ്വകാര്യമായി പറഞ്ഞു.



കൊച്ചുത്രേസ്യായുടെ കുഴി മാടത്തിൽ അന്നും നിറയെ പുല്ലുകൾ തഴച്ചു വളർന്നു നിന്നിരുന്നു. എസ്തേർ കുറ്റബോധത്തോടെ ധൃതിയിൽ കുനിഞ്ഞു നിന്ന് പുല്ല് പറിക്കാൻ തുടങ്ങി. വീർത്തു തുടങ്ങിയ വയറുമായി കുനിഞ്ഞു നിന്നത് അവളെ പെട്ടെന്ന് ക്ഷീണിപ്പിച്ചു, അവള്‍ തല കറങ്ങി നിലത്തിരുന്നു. പുല്ലത്രയും വളര്‍ന്നു കൂടി നിന്നതില്‍ അമ്മ ദേഷ്യപ്പെട്ടിരിക്കുകയാണെന്ന് അമ്മയുടെ മൗനത്തിൽ നിന്നവൾക്ക് തോന്നി. അതവളെ സങ്കടപ്പെടുത്തി.

“മാലാഖമാർ ചതിക്കുമെന്ന് അമ്മക്കറിയില്ലായിരുന്നല്ലേ....? ആയിരുന്നെങ്കിൽ എനിക്കമ്മ പറഞ്ഞു തന്നേനെ.....ല്ലേ..മ്മേ”

എസ്തേറിന്റെ വിതുമ്പുന്ന ശബ്ദം മൺപാളികൾ കടന്ന് ആറടി താഴ്ചയിൽ പോയി  പ്രകമ്പനം കൊണ്ടു. ആ ശബ്ദം കേൾക്കാൻ കൊച്ചുത്രേസ്യ അവിടെ ഉണ്ടായിരുന്നില്ല. ശരീരം മണ്ണോടലിഞ്ഞിട്ടും ഈ ലോകം വിടാന്‍ മടിച്ച ആ പാവം ആത്മാവ് ആരോരുമില്ലാത്ത മകളെക്കുറിച്ചുള്ള ആശകള്‍ വെടിഞ്ഞ് കഴിഞ്ഞിരുന്നു. അത് തിരിച്ചറിയാതെ എസ്തേർ ആ മൺകൂനയോട് പരിഭവം പറഞ്ഞു കൊണ്ടിരുന്നു.



രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പറന്നിറങ്ങി കന്യകയോട്‌ രക്ഷകന്റെ വരവിന്‍റെ മംഗലവാർത്ത അറിയിച്ച ഗബ്രിയേൽ മാലാഖ   അമ്മയുടെ കുഴിമാടത്തില്‍ നിന്ന്‍ കരയുന്ന പെണ്കുട്ടിയെ കണ്ട് വീണ്ടും മണ്ണിലേക്ക് പറന്നിറങ്ങി. വാഗ്ദാനം ലഭിച്ചു കാത്തിരുന്ന ജനതയ്ക്ക് മാത്രമേ കന്യാഗർഭത്തിലെ പിറവിയെ സ്വീകരിക്കാനാവൂ എന്ന  സന്ദേശം പോലും കൊടുക്കാനാവാത്ത നിസ്സഹായതയില്‍ മാലാഖ ദു:ഖിതനായി.  


(ഗൃഹലക്ഷ്മി:ലക്കം ജൂൺ15-30,2018)



              ****************************




29.11.21

അതിരുകളില്ലാക്കരയുണ്ടോ...


 തീമഞ്ഞ, മഞ്ഞ, ഇളം മഞ്ഞ, മങ്ങിയ വെള്ള. മഞ്ഞൾ ചേർത്തരയ്ക്കുന്ന തേങ്ങയരപ്പ്  മഞ്ഞ നിറത്തിന്റെ മഴവില്ല് സൃഷ്ടിക്കും. രാവിലെ പങ്കിയമ്മ, ഉണക്ക മഞ്ഞള്‍ അമ്മിയില്‍ ടം..ടം..എന്ന്‍ ചതക്കുമ്പോഴേ അരപ്പിന്റെ നിറപ്പകർച്ച കാണാൻ ഞാനവിടെ ഹാജര്‍. നല്ല വെണ്ണപോലെ അരപ്പ്. അതാണ് പങ്കിയമ്മയുടെ കണക്ക്. ഇതിനിടെ ആരെങ്കിലും വന്ന് പങ്കിയമ്മക്ക് ഓല മെടച്ചിലിന്റെ ഓര്‍ഡര്‍ കൊടുക്കും. 'എന്നാ ഓല വെള്ളത്തില്‍ ഇടേണ്ടത്, എത്രയുണ്ട്' എന്നൊക്കെ തേങ്ങാപ്പീര തട്ടിയിട്ടു കൊണ്ട് പങ്കിയമ്മ അന്വേഷിക്കും.


ഓരോ നാടിനും ഓരോ മുടിവെട്ടുകാരൻ, കറവക്കാരന്‍, അലക്കുകാരി, പേറ്റിച്ചി എന്നപോലെ ഞങ്ങളുടെ നാടിന്റെ ആസ്ഥാന ഓലമെടച്ചിലുകാരിയാണ് പങ്കിയമ്മ.  


 ഓലക്കുളം എന്ന് പേരിട്ടിരുന്ന കുളത്തില്‍ ഞങ്ങളുടെ ഓലകൾക്കൊപ്പം,  അയല്‍ക്കാരുടെയും ഓലകള്‍ മുങ്ങിക്കിടക്കും. ഓലകള്‍ക്കിടെ ഒരിക്കലും വലുതാകാത്ത പൊടിപ്പള്ളത്തികൾ കൂട്ടമായി നീന്തും. ചൂണ്ടയിടുമ്പോള്‍ സൂക്ഷിച്ചു നിന്നില്ലെങ്കില്‍ ചൂണ്ട കൊത്തി ഓലകള്‍ക്കിടയില്‍ മറയുന്ന ധിക്കാരികള്‍. 

ഓലവെള്ളത്തില്‍ക്കിടന്ന്‍, രുചി പോയ മുള്ളൻപള്ളത്തിക്കുഞ്ഞുങ്ങൾ കൈസറിനാണ്.   


മെടയോലകള്‍  ചീയാനിടുന്ന  കുളമായതിനാല്‍ വര്‍ഷാവര്‍ഷമുള്ള ‘കുളം വെട്ടല്‍’  ഓലക്കുളത്തിനുണ്ടായിരുന്നില്ല. പറമ്പിന്റെ അങ്ങേയറ്റത്തുള്ള  പ്രതാപിയായ താമരക്കുളത്തിന്റേതുപോലെ, വെള്ളം വറ്റിച്ചു ചെളി വാരിക്കളയാൻ ഓലക്കുളത്തിന് മോട്ടോർപ്പുരയുമില്ല. പാവം ഓലക്കുളം കരയിടിഞ്ഞും, കറുകമ്പുല്ല് വളർന്നും കെട്ടു കിടന്നു.  


 കട്ടന്‍ ചായയുടെ നിറമുള്ള ഓലക്കുളത്തില്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ അച്ഛന്‍ മുങ്ങിപ്പോയിട്ടുണ്ടത്രേ. 


"നല്ല പൂ പോലിരുന്ന കൊച്ച്, ഓലവെള്ളത്തില്‍ വീണിട്ടാ ഇങ്ങനെ കറുത്തു പോയത്."


അമ്മൂമ്മ ഇടക്കിടെ പതം പറയും. 

 

"പിന്നെ  ഞാനെങ്ങനെ കറുമ്പനായി അമ്മൂമ്മേ…?"


എന്റെ  ചോദ്യം കേള്‍ക്കാത്ത മട്ടില്‍ നില്‍ക്കാന്‍ അമ്മൂമ്മക്ക്  പ്രത്യേക വിരുതാണ്.


 എല്ലാക്കൊല്ലവും സ്‌കൂൾ പൂട്ടു കാലത്ത്, ഓലക്കുളത്തിന്റെ  കരയിൽ മൾഗോവ മാവിന്റെ ചുവട്ടിലിരുന്ന് അയൽപ്പക്കത്തെ, അമ്മക്കൂട്ടം  ഓല മെടയും. ഉണക്കിയ മെടയോലകൾ കൊണ്ട് ഇടവപ്പാതിക്ക് മുമ്പേ പുരമേച്ചിലും കഴിഞ്ഞിരിക്കും.


 വീടുകളുടെ മേല്‍ക്കൂരയിൽ ഓടുകള്‍ പ്രൌഡിയോടെ മഴയും, വെയിലും ചെറുത്ത കാലത്ത് മെടയോലകൾ കൊന്നപ്പത്തൽ വേലികളുടെ സ്ഥാനം ഏറ്റെടുത്തു. ഓലക്കുളത്തിന്റെ കരയിൽ അമ്മക്കൂട്ടത്തിന്റെ ഓലമെടച്ചിൽ അപ്പോഴും തുടർന്നു. കുട്ടികള്‍ അവരുടെ വെടി വട്ടം കേട്ട് പള്ളത്തികളെ ചൂണ്ടയിട്ടു.  


കുളക്കരയിലിരുന്ന്‍ ഓലമെടയാന്‍ ഇപ്പോൾ പങ്കിയമ്മ മാത്രം. സമയം കളയാതെ വാർധക്യം ചുള്ളി പോലാക്കിയ കൈകള്‍, ദ്രുതഗതിയില്‍ ചലിപ്പിച്ച് പങ്കിയമ്മ പഴയ ഉശിരിൽ ഓല മെടഞ്ഞു കൂട്ടി. 


ഹോസ്റ്റലില്‍ നിന്ന്‍ സ്റ്റഡിലീവിന് വന്ന ഞാന്‍, വേനല്‍ച്ചൂടില്‍ നിന്നും രക്ഷപെടാനായി മൾഗോവയുടെ ചുവട്ടിൽ ചെന്നിരുന്നപ്പോള്‍ പങ്കിയമ്മക്ക് സന്തോഷമായി.


“പങ്കിയമ്മ തനിച്ചേയുള്ളോ..?“


"ഒന്നും മിണ്ടാതേം, പറയാതേം വേലേടുക്കുന്നതാ ഏറ്റോം വെല്യ കഷ്ടം. ഇപ്പൊ മെടയോല ആർക്ക് വേണം…? എല്ലാടത്തും മതിലല്ലേ..”


“അത്  നന്നായില്ലേ, പങ്കിയമ്മേ....?  കൊല്ലാകൊല്ലം വേലി കെട്ടണ്ടല്ലോ.”


“ഓ...എന്ത് നന്നായീന്ന്…?  പണ്ടത്തെ കൊന്നപ്പത്തല്  വേലിക്കാലത്ത്, അയലോക്ക വിശേഷം അടുക്കളപ്പുറത്ത് നിന്ന് വിളിച്ചു ചോദിച്ചാ മതിയാര്ന്നു." 


"അതിപ്പോ കാലത്തിനനുസരിച്ച് കാര്യങ്ങൾ മാറൂല്ലേ പങ്കിയമ്മേ…”


"മെടയോല  വേലി കെട്ടിയ സമേത്തും, അയലോക്ക സമ്പർക്കോണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പടി കെട്ടുമായിരുന്നല്ലോ. ഇപ്പൊ എല്ലാം  മതില് കെട്ടിയടച്ചു. അതും നല്ല പൊക്കത്തില്. തമ്മിത്തമ്മി  കാണ്വോം വേണ്ട, മിണ്ട്വോം വേണ്ട,  ഒച്ചയനക്കം അറിയോം  വേണ്ട.”


ഓലവേലി മതിലായി മാറിയ, വിശാലമായ അതിരിലേക്ക് നോക്കി ഒന്നും മിണ്ടാനില്ലാതെ ഞാനിരുന്നു.  


“ഒന്നും ഒന്നിന് പകരോല്ല മോനേ…..കൊന്നപ്പത്തലിന് വേലിയോ, വേലിക്ക്  മതിലോ പകരാവില്ല. ഓരോന്ന് വന്നപ്പോഴും മനുഷേർക്കെടേൽ, അതിരിന് കട്ടി കൂടി.  അതിര് ചുമ്മാ  ഒരടയാളോല്ലേ. അതടയാളപ്പെടുത്തണതിന് എന്തിനാ ഇത്രേം പെടാപ്പാട്. നമ്മുടെ കരക്ക് പടിഞ്ഞാറെ കായലീന്ന് പോലും അതിരില്ല. പിന്നാ..”


“ഇതൊക്കെ ആര് പറഞ്ഞു തന്നു....?”


എന്റെ ശബ്ദത്തിലെ പരിഹാസം തിരിച്ചറിഞ്ഞ പങ്കിയമ്മ ഓലയിൽ നിന്ന് തലയുയർത്തി.


“അതേയ്...കെണറ്റില് വെള്ളയില്ലാന്നുംമ്പറഞ്ഞ് ഇവിടെ  കഴിഞ്ഞാണ്ടി, കൊഴക്കെണറ് കുത്തീപ്പോ അടീന്ന് വന്നതെന്താന്നറിയാമോ…? കായലിലെ കക്കേം ചങ്കും. ഞാനല്ലേ അതെല്ലാം വാരി തെങ്ങുഞ്ചോട്ടിക്കൊണ്ടിട്ടത്. അങ്ങു കെഴക്കൻ മലേലാരാണ്ടക്ക, കൊഴക്കെണറ് കുത്തീന്നുമ്പറഞ്ഞ് ഈ പടിഞ്ഞാറെ കായലിന്റെ  കരേലെന്തിനാ കൊഴക്കെണറ്…?" 


"കിണറ്റില് വെള്ളം കുറഞ്ഞാൽ പിന്നെന്ത് ചെയ്യാനാ..?"


"അതിന് കെണറ്റിലെ ഒറവ തെളിച്ചാപ്പോരെ…? നമ്മളീ മതില് കെട്ടി  തിരിച്ചു വെച്ചേക്കണ പറമ്പൊക്കെ പണ്ട് കായലായിര്ന്ന് മോനേ.. പടിഞ്ഞാറെ കായല് നമ്മള് പാർത്തോട്ടെന്നുമ്പറഞ്ഞു, നീങ്ങിത്തന്ന പറമ്പിന് മതില് കെട്ടി വീറു കാണിക്കണതെന്തിനാ....?”


“എന്റെ പങ്കിയമ്മേ ഇതെന്താ ഈ പറേണ….? പണ്ടിവിടെ താഴ്ത്തി മണ്ണെടുത്തപ്പോൾ വലിയ മൺപാത്രങ്ങൾ കിട്ടിയത് മറന്നുപോയോ? ഇവിടെ പണ്ടും മനുഷ്യര് തന്നെയാ താമസിച്ചിരുന്നെ, കായലും കടലും ഒന്നും അല്ല.”


ഞാൻ കുട്ടിയായിരുന്നപ്പോൾ പറമ്പിൽ നിന്നും വലിയ മൺചാറകൾ കിട്ടിയത് ഓർമ്മയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പേ  മനുഷ്യനെ അടക്കിയ നന്നങ്ങാടികൾ. എടുത്തപ്പോഴേ കഷണങ്ങളായ ചാറകൾക്കുള്ളിൽ എന്നോ അടക്കം ചെയ്യപ്പെട്ട ശരീരങ്ങൾ, യാതൊന്നും അവശേഷിക്കാതെ  വെറും മണ്ണായി മാറിയിരുന്നു.  


“ആ മനുഷേർക്ക് മുമ്പും ഈ പൂമിയൊണ്ടാര്ന്നില്ലേ..? പണ്ട് ഒന്നാം ക്ലാസ്സിലെ പൈലി സാറു പറഞ്ഞു തന്നിട്ടൊണ്ട്, പൂമി കാലം മാറുമ്പോ മാറൂന്ന്. നമ്മുടെ പടിഞ്ഞാറെ കായലിന്റെ ഒരു ബാഗം ഈ മണ്ണിന്റടീലൊണ്ട് മോനേ…അതിന്റെ മോളിലാ നമ്മള് വീട് കെട്ടി പാർക്കണതും മതില് കെട്ടിത്തിരിച്ച് തല്ലൊണ്ടാക്കണതും..”


പങ്കിയമ്മ സ്‌കൂളിൽ പോയിട്ടുണ്ടെന്ന്  അപ്പോഴാണ് അറിയുന്നത്. ഓർമ്മവെച്ച കാലം മുതൽ അടുക്കളപ്പുറത്തെ ചട്ടിയും കലവുമായി കാണുന്നതാണവരെ. 


“പങ്കിയമ്മേ.. പങ്കിയമ്മ എത്ര വരെ പഠിച്ചു…,?”


“ഞാൻ നമ്മട പള്ളിക്കൂടത്തില് നാല് വരെ പടിച്ചതല്ലേ. അന്ന് പൈലി സാറ് പറഞ്ഞത് അക്ഷരം പടിക്കണേതിന് മുമ്പ്, ജീവിക്കണ പൂമിയെ പടിക്കണോന്നാ. പാർക്കണ എടം മനസ്സിലാക്കാൻ കോളേജ് പടിത്തോന്നും വേണ്ട. പടിപ്പ് കൂടീട്ടാ മനുഷേരിതൊക്ക  മറന്ന് പോയത്.”


പ്രായം തുരുമ്പിപ്പിക്കാത്ത അറിവിന്റെ മുന്നിൽ ഞാൻ നിശ്ശബ്ദനായി. ഭൂമി തന്റെ  ഗർഭപാത്രത്തിൽ കാലങ്ങൾ കൊണ്ട് സംഭരിച്ച  ജലം, പാഴാക്കുന്ന ബുദ്ധി കെട്ട തലമുറയുടെ പിടിപ്പുകേടിന്റെ വേവലാതിയിൽ എന്റെ തൊണ്ട വരണ്ടു. പങ്കിയമ്മ മെടഞ്ഞു വെച്ച ഓലക്കെട്ടിലേക്ക് വീണ ഭൂമിശാസ്ത്രത്തിന്റെ പുസ്തകവുമെടുത്തു ഞാൻ വീട്ടിലേക്ക് നടന്നു. 


ഓഗസ്റ്റ്‌ എനിക്ക് ഓഫീസിൽ, തിരക്കിന്റെ മാസമാണ്. നാട്ടിൽ  കൂട്ടുകാരിയുടെ മകളുടെ കല്യാണത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് സീമ. 


“രാജിയുടെ മോളുടെ കല്യാണം മഴയിൽ കുതിരുമെന്നാ തോന്നുന്നത്. നാട്ടിൽ ഇക്കൊല്ലം എങ്ങുമില്ലാത്ത മഴ.”


 ടിവി വാർത്ത നോക്കി സീമ പറഞ്ഞു.


കല്യാണത്തിന് ഉടുക്കാനുള്ള സാരി ബാഗിൽ വെക്കുമ്പോഴും, സീമ മഴയെപ്പറ്റി ആകുലപ്പെട്ടു കൊണ്ടിരുന്നു. നാളെ ഉച്ചകഴിഞ്ഞാണ് അവൾക്ക് ഫ്ലൈറ്റ്. ഡാമുകൾ തുറക്കണോ വേണ്ടയോ എന്ന ചർച്ചകൾ ചാനലുകളിൽ പൊടി പൊടിക്കുന്നു.  ഇക്കൊല്ലത്തെ ഓണം അവൾ അച്ഛനമ്മമാരുടെ കൂടെ.


സീമയെ എയർപോർട്ടിൽ എത്തിക്കാനായി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവളുടെ ഫോൺ.


 “കൊച്ചി എയർ പോർട്ട് അടച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കൂ."

 

ഫോണിന്റെ സ്‌ക്രീനിൽ  വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞ നാട്. അണക്കെട്ടിന്റെ വെള്ളപ്പാച്ചിലിൽ തകർന്നടിയുന്ന വീടുകൾ, റോഡുകൾ. നഗരമധ്യത്തിൽ നിന്നും തോണിയിൽ രക്ഷപ്പെടുന്ന മനുഷ്യർ. 


രണ്ടു മൂന്ന് ദിവസമായി വാർത്താ ചാനലുകളല്ലാതെ വേറൊന്നും കാണുന്നില്ല. അച്ഛനുമമ്മയുമെല്ലാം കാഞ്ഞിരപ്പള്ളിയിലെ സീമയുടെ വീട്ടിലേക്ക് മാറിക്കഴിഞ്ഞു. നാട്ടിലെ വീടിന്റെ ഒന്നാം നിലയും കഴിഞ്ഞു, രണ്ടാം  നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി.


വാർത്തകൾക്കിടയിൽ മുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വീടും. വെള്ളമൊഴുകിപ്പോകാൻ വഴിയില്ലാതെ വിശാലമായ പറമ്പ് കായലായി കിടക്കുന്നു. ആരാലും ശ്രദ്ധിക്കാനില്ലാതെ കുറച്ച് കൊല്ലങ്ങളായി നികന്നു തുടങ്ങിയ താമരക്കുളവും, എന്നോ ഇല്ലാതായ  ഓലക്കുളവും പ്രളയ വെള്ളത്തിനടിയിൽ. കൊല്ലങ്ങളായി മണ്ണിനടിയിൽ കിടന്ന് തിക്കുമുട്ടിയ ഓലക്കുളത്തിന്റെ നീരുറവകൾ മുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിന്റെ തലോടലിൽ കുളിർന്നുണർന്നു കാണുമോ..?


നാട് മുഴുവനും മതിലതിരുകളിൽ കുടുങ്ങിക്കിടക്കുന്ന വെള്ളം. വെള്ളം….. സർവത്ര വെള്ളം. തൊട്ടടുത്തു നിന്നും വേമ്പനാട്ട് കായൽ ഉറക്കെ അലച്ചാർത്തു വിളിച്ചിട്ടും പോകാൻ വഴിയില്ലാതെ പറമ്പുകളിൽ വൃഥാ ഓളം തല്ലിക്കരയുന്ന പ്രളയ ജലം. തങ്ങളെ നോക്കി അവസരം മുതലാക്കി അലറുന്ന ചാനലുകാരെ നിസ്സഹായതയോടെ നോക്കുന്ന കലക്കവെള്ളം. ആ വെള്ളമെല്ലാം വേലികൾക്കിടയിലൂടെ ഒഴുകി എന്നോ നികന്നു പോയ, മൂഴിക്കൽ തോടു വഴി  കായലിൽ പതിക്കുന്ന ദൃശ്യം ഞാൻ മനക്കണ്ണിൽ കണ്ടു. മതിലതിരുകൾക്കൊപ്പം മൂഴിക്കൽ തോട് വർഷങ്ങൾക്ക് മുമ്പേ  റോഡായി വേഷം മാറി, ടാറുടുപ്പിട്ടത് ആ ദൃശ്യത്തിൽ നിന്നും ഞാൻ വെട്ടി  മാറ്റി.


രണ്ട് ദിവസം കഴിഞ്ഞാണ് അച്ഛനോടും അമ്മയോടും സംസാരിക്കാൻ പോലും സാധിച്ചത്.  മുറിഞ്ഞു പോകുന്ന സംഭാഷണങ്ങൾക്കിടെ നശിച്ചു പോയ വീട്ടുസാധാനങ്ങളെയോർത്തു വിലപിക്കുന്ന അമ്മ. 


“നമ്മുടെ പങ്കിയമ്മ മരിച്ചടാ...പാവം അവരൊക്കെ നമ്മുടെ സ്‌കൂൾ ക്യാമ്പിലായിരുന്നു…. “


ടീവിയിൽ വാർത്ത കേൾക്കുന്ന ശബ്ദം.


“എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ വൃദ്ധ മരിച്ചു. എൺപത്തിയെട്ട് വയസ്സുള്ള പങ്കജാക്ഷിയമ്മയാണ് ഇന്നലെ രാത്രി മരിച്ചത്.  ക്യാമ്പിൽ വരുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിരുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.”


 വേമ്പനാട്ടു കായൽ “ഇങ്ങൊഴുകി വാ…” എന്ന് പ്രളയ ജലത്തെ അലച്ചു വിളിച്ചത് മരിക്കുന്നതിന് മുമ്പ് പങ്കിയമ്മ കേട്ടുകാണുമോ..?  മണ്ണും വെള്ളവും ഭൂമിയുടെ ആത്മാവും പൈലി സാറിൽ നിന്ന് കേട്ട ഒന്നാം ക്ലാസ്സിൽ കിടന്നായിരിക്കുമോ പങ്കിയമ്മ അവസാന ശ്വാസമെടുത്തത്….?

12.4.20

അപരദേഹങ്ങൾ
*****************

ഇന്ന് രാവിലെ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേക്കാണ് ഞാൻ ഉറക്കമുണർന്നത്. ഇന്നലെ  വീട്ടിലെ കിടക്കയിൽ ഉറങ്ങിയ ഞാൻ എങ്ങിനെയാണ്  അപരിചിതമായ ഈ  നാട്ടിലേക്ക് കൺതുറന്നത്..?  രാത്രി  ഉറങ്ങുന്നതിന് മുമ്പ് കുറച്ചു നേരം വായിച്ചിരുന്നത്, ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ വായിച്ചു നിർത്തിയ താളിൽ അടയാളം വെച്ച ശേഷം പല്ലു തേച്ചു വന്നു കിടക്കയിൽ എത്തിയത് വരെ  എനിക്ക് നല്ല ഓർമ്മയുണ്ട്. പക്ഷേ ഇപ്പോൾ  ഇവിടെയാണ്. ഇതെങ്ങനെ…?  സ്വപ്നാടനത്തിലെപ്പോലെ രാത്രിയിൽ ഉറക്കത്തില്‍ സഞ്ചരിച്ച് ഇവിടെ എത്തിയതോ....?  അതോ ആരെങ്കിലും ഞാനറിയാതെ  മയക്കി ഇവിടെ  കൊണ്ടുവന്നു നിർത്തിയതോ…? ഒന്നും വ്യക്തമാകുന്നില്ല.



 എന്റെ മുന്നിൽ അധികം വീതിയില്ലാതെ എന്നാല്‍ വൃത്തിയായി ടാറിട്ട് ഇരു വശങ്ങളിലും ചുവന്ന നിറത്തില്‍ വാകപ്പൂക്കള്‍ പൂത്ത് നില്‍ക്കുന്ന വളവോ തിരിവോ ഇല്ലാത്ത ഒരു നീളന്‍ റോഡാണ്. യാത്രയുടെ ക്ഷീണമോ തളർച്ചയോ ഇല്ലാതെ എങ്ങും പോകാനില്ലാത്തതപോലെ, എന്ത് ചെയ്യണമെന്നറിയാതെ ഞാനവിടെത്തന്നെ നിന്നു. തൊട്ടരികിൽ ഒരു പൊതു ടാപ്പുണ്ട്.  അതിനടുത്തേക്ക് നടന്ന് മുഖവും വായും കഴുകി വൃത്തിയാക്കി. നല്ല തണുത്ത വെള്ളം കൈക്കുമ്പിളിൽ ശേഖരിച്ച് കുറച്ചു കുടിക്കുകയും ചെയ്തു. എന്നിട്ട് വീണ്ടും നിന്നിടത്തു പോയി നിന്നു.  മുഖത്തു പറ്റിയിരുന്ന വെള്ളത്തുള്ളികളില്‍ പുലരിയുടെ കുളിർ കാറ്റടിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി.



ഇനി ഞാനാരെയെങ്കിലും കാത്തു നിൽക്കയാണോ..?  ഈ സ്ഥലത്ത് ഇപ്പോൾ ഞാൻ മാത്രം. ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നുമില്ല. വിജനമായ ഈ റോഡരികിൽ  വീടോ കടയോ ഒന്നുമില്ല. എങ്ങും പച്ചപ്പ്‌ മാത്രമുള്ള ഒരു ഗ്രാമം. ആ നാട്ടില്‍ തലേന്ന്‍ രാത്രി  മഴ പെയ്തിരുന്നു എന്ന് മണ്ണിന്‍റെ നനവില്‍ നിന്നും  ഇലത്തലപ്പുകളിലെ ഈര്‍പ്പത്തില്‍ നിന്നും മനസ്സിലായി. പുല്ലിൽ ചവിട്ടി നിൽക്കുന്ന എന്റെ നഗ്‌നമായ കാലടികളിലും തണുപ്പ്. ഇത് മഴക്കാലമാണോ..?  പക്ഷേ ആകാശം പ്രഭാതത്തിൽ വൃത്തിയാക്കിയ  പൂമുഖം പോലെ മഴമേഘങ്ങളുടെ ലാഞ്ചന പോലുമില്ലാതെ  നിർമ്മലമായി കിടക്കുന്നു.  ഈ ഈര്‍പ്പം  മഞ്ഞുകാലത്ത് സംഭവിക്കുന്ന പോലെ രാത്രിയില്‍ ഹിമകണങ്ങള്‍ വീണതോ..? എനിക്ക് കാലഗണന ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടപ്പോലെ. എന്തോ  കുഴപ്പം സംഭവിച്ചു എന്നംഗീകരിച്ചതിന്റെ ഭാഗമായി ഞാന്‍ അതും വിട്ടു കളഞ്ഞു.

അപരിചിതമായ ഒരു നാട്ടില്‍ എത്തിയതോ കാലം തിരിച്ചറിയാത്തതോ ഒന്നും എന്നെ പരിഭ്രമിപ്പിക്കുന്നേയില്ല. എനിക്കിപ്പോൾ ചിന്തകളില്ല. ഭൂതമോ ഭാവിയോ എന്നെ അലോസരപ്പെടുത്തുന്നില്ല. ഇപ്പോഴുള്ളത്  വർത്തമാനം എന്തെന്നറിയാണുള്ള ആകാംക്ഷ മാത്രം.



 എന്തൊരു വിജനതയാണിവിടെ. ഒരു വാഹനം പോലും, എന്തിന് ഒരു സൈക്കിൾ പോലുമില്ലാത്ത നാടോ ഇത്..? എന്താണ് ഈ വിചിത്ര  നാട്ടിൽ എങ്ങനെ എത്തിയെന്ന പരിഭ്രമം പോലുമില്ലാതെ ഞാനിങ്ങനെ നിൽക്കുന്നത്…? ഉണർന്ന ഉടനെ ഒരു  ചായ കുടിക്കുന്ന ശീലം പോലും  ഈ പുതിയ നാട്ടിൽ എന്നെ ബുദ്ധിമുട്ടിക്കുന്നില്ല.  സമയമെന്തായി കാണും....? വെളിച്ചത്തിന്റെ രീതി കണ്ട് ഒരേകദേശ കണക്കിന് ഞാൻ ശ്രമിച്ചു.  നേരം പുലർന്നിട്ട് അധിക സമയമായിട്ടില്ല. എന്റെ എന്റെ കയ്യിൽ വാച്ചോ സെൽഫോണോ ഇല്ല.



കുറച്ചു നേരം പരിസരം വീക്ഷിച്ചു കഴിഞ്ഞ ഞാൻ ഇപ്പോൾ ദൂരേക്ക് കണ്ണയച്ചു നിൽക്കുകയാണ്.മന്ദത ബാധിച്ച എന്റെ മനസ്സ്  ഏതോ കാഴ്ച്ച പ്രതീക്ഷിച്ച് നിൽക്കുകയാണ് എന്ന് തോന്നി.എന്റെ കണ്ണുകൾ ഉദ്വേഗത്തോടെയാണ്  ദൂരേക്ക് നോക്കുന്നത്. പക്ഷേ ഏത് ദിക്കിലേക്ക് നോക്കണം എന്നെനിക്ക് വ്യക്തതയില്ല. അത് കൊണ്ട് ഇരു വശങ്ങളിലേക്കും ഞാൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. ഒരു മടുപ്പുമില്ലാതെ എത്ര നേരം അങ്ങനെ നിന്നു എന്നും അറിയില്ല.



 അപ്പോൾ അതാ അങ്ങു ദൂരെ,ഇടത് വശത്തായി  ഒരു പൊട്ട്   പ്രത്യക്ഷ്യപ്പെടുകയായി.  ഞാൻ ആ കാഴ്ച്ച സൂക്ഷിച്ചു നോക്കി. ആ പൊട്ട് വളർന്ന് ഒരേ നിറത്തിൽ വസ്ത്രം ധരിച്ച ഒരു കൂട്ടം മനുഷ്യരുടെ നിരയായി എന്നിലേക്ക് നടന്നടുത്തു വരുന്നത് ഞാൻ ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു. അതേ, മനുഷ്യരെ...അവരെത്തന്നെയാണ് കാത്തുനിൽപ്പിന്റെ മടുപ്പോ ഏകാന്തതയുടെ പരിഭ്രാന്തിയോ ഇല്ലാതെ ഞാനിവിടെ പ്രതീക്ഷിച്ച് നിന്നത്. ഒരു സഹജീവിയെപ്പോലും ഈ നാട്ടില്‍ കാണാതെ ഞാന്‍ അത്രമേല്‍  അസ്വസ്ഥയായിരുന്നു എന്ന്‍ എന്റെ ഈ അതിരറ്റ ആഹ്ലാദം എനിക്ക് പറഞ്ഞു തന്നു. ഒരു നിമിഷം എന്റെ കണ്ണുകൾ എതിർ ദിശയിലേക്ക് ചലിച്ചു.  അതിശയപ്പെടുത്തിക്കൊണ്ട്  അവിടെയും അങ്ങു ദൂരെ  അതേ കാഴ്ച.  അവർക്കും ഒരേ നിറത്തിലുള്ള വസ്ത്രം. പക്ഷേ ഒന്നാമത്തെ കൂട്ടരുടെ വസ്ത്രത്തിന്റെ നിറവുമായി അവരുടെ വസ്ത്രത്തിന്റെ നിറത്തിന് വ്യത്യാസമുണ്ട്.  ഞാൻ ഇടത്തേക്കും വലത്തേക്കും മാറി മാറി നോക്കി. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും  രണ്ടിടത്തു നിന്നും ഒരേ കാൽവെപ്പിൽ അടുത്തത്തു വരുന്നു. രണ്ട് കൂട്ടർക്കും അതത് നിറങ്ങളിൽ തലപ്പാവും ഉള്ളത് കൊണ്ട് നിറങ്ങൾ സഞ്ചരിക്കുകയാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളു. മനോഹരമായിരുന്നു ആ കാഴ്ച.



 ഏകനായി നിന്ന എന്നരികിലേക്ക് ഇരു വശത്തു നിന്നും ഐക്യമുള്ള മനുഷ്യർ. ഇരു  നിരകളും അടുത്തു വരുന്നതിനനുസരിച്ച് രണ്ട് കൂട്ടരും പാടുന്ന ശബ്ദവും  അവ്യക്തമായി കേൾക്കാം, ഒരേ ഈണവും  താളവും. ഇടക്ക് കൈകള്‍ ചലിപ്പിക്കുന്നുമുണ്ട്. നൃത്തം ചെയ്യുകയാണോ അവര്‍..? ഇപ്പോള്‍ അവര്‍ക്ക് ഞാന്‍ നില്‍ക്കുന്ന ഇടത്തേക്ക് കാര്യമായ ദൂരമില്ല. മിക്കവാറും ഞാൻ നിൽക്കുന്ന ഇടത്ത് സന്ധിക്കും എന്ന് തോന്നി. സന്ധിച്ചശേഷം എന്തായിരിക്കും സംഭവിക്കുക..?എന്റെ ആകാംക്ഷ വർധിച്ചു. രണ്ട് കൂട്ടരും കൈകൾ കോർത്ത് എനിക്ക് ചുറ്റും പാടി നൃത്തം വെക്കും. ഞാനും അവരൊപ്പം ചേർന്ന് അവരിലൊരാളാകും. എന്റെയുള്ളിൽ ഹർഷത്തിന്റെ വലിയൊരു തിരയിളക്കമുണ്ടായി.



അപ്പോഴാണ്  ഞാനാ കാഴ്ച്ച കണ്ടത്. ഇരു നിരയുടെയും  അവസാനം നീളമുള്ള  പെട്ടി തോളിലേന്തിയവർ. ഞൊടിയിടയില്‍ വല്ലാത്തൊരസ്വസ്ഥത എന്നെ പിടികൂടി. ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ നിന്ന എന്നെ ആ അസ്വസ്ഥത തെല്ലുലക്കുക തന്നെ ചെയ്തു. ഞാന്‍ ആ പെട്ടികളില്‍ മാറി മാറി സൂക്ഷിച്ചു നോക്കി നില്‍ക്കുകയാണ്. കുറച്ചു കൂടി അടുത്തപ്പോൾ എന്റെ നെഞ്ചിടിപ്പിനെ വര്‍ദ്ധിപ്പിച്ച് കൊണ്ട് രണ്ട് പെട്ടികളിലും നീണ്ടു നിവർന്ന് കിടക്കുന്ന ആളുകളാണെന്ന് എനിക്ക് വ്യക്തമായി.  അത് മരണത്തിന്റെ പെട്ടിയാണെന്നു ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതേ, അവ രണ്ടും  വ്യത്യസ്ത നിറങ്ങളിലെ ശവഘോഷയാത്രയാണ്. ഞാൻ ഇത്രയും നേരം  താളത്തിൽ കേട്ടിരുന്ന ഗാനം  കണ്ണോക്കായിരുന്നെന്നോ…? പക്ഷേ ഒന്ന്‌ കൂടി അടുത്തപ്പോൾ അത് കണ്ണോക്കല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇപ്പോൾ അവർ പാടുന്നത് പാട്ടു പോലുമല്ല.  അവർ ഉരുവിടുന്നത് മുദ്രാവാക്യമാണ്. അത് കൈയ്യുയര്‍ത്തി എതിർ നിരക്ക് നേർക്കുമാണ്. എപ്പോഴാണ് ഇവർ മരണപ്പാട്ടിൽ  നിന്നും  മുദ്രാവാക്യത്തിലേക്ക് മാറിയത്…? അത് തുടക്കത്തിലേ ഇങ്ങനെ തന്നെയായിരുന്നോ..,?

ഇപ്പോൾ രണ്ട് കൂട്ടരും എതിർ ദിശയിലേക്ക് വിരൽ ചൂണ്ടി ഉച്ചത്തിൽ ആക്രോശിക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടും മാറി മാറി നോക്കി എന്റെ കഴുത്തു വേദനിക്കാൻ തുടങ്ങി. അവർ  പറയുന്നതൊക്കെയും എനിക്ക് സ്പഷ്ടമായി കേൾക്കാം. അതൊക്കെയും വെറുപ്പിന്റെയും പകയുടെയും ഉച്ചാരണങ്ങളായിരുന്നു എന്ന് ദുഃഖ ത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

അതാ അവർ  സന്ധിച്ചു കഴിഞ്ഞു.  ഞാൻ വിചാരിച്ചപോലെ കൃത്യം എന്റെ മുന്നിൽ.  നേർക്ക് നേർ എത്തിയിട്ടും ഇരു കൂട്ടരും നിര തെറ്റിച്ചിട്ടില്ല എന്നത് ഞാൻ ശ്രദ്ധിച്ചു.  ഇരു കൂട്ടരും സമാന്തരമായി രണ്ട് നിറത്തിൽ രണ്ട് നിരകളായി റോഡിൽ  നിൽക്കുന്നു. ആ നിൽപ്പിന് മാത്രമേ ചിട്ടയുള്ളൂ. ചുറ്റും ചെവി പൊട്ടുമാറു ശബ്ദ കോലാഹലങ്ങളാണ്. ശബ്ദം കൊണ്ട്  ഇരുകൂട്ടരും എതിർ കൂട്ടരെ കീഴ്പ്പെടുത്താൻ നോക്കുകയാണ്.  “നിങ്ങളല്ലേ….നിങ്ങളല്ലേ …” ? എന്ന് തങ്ങളുടെ പെട്ടിയിലുള്ള ആളെ ചൂണ്ടിക്കാട്ടി രോഷവും ദു:ഖവും ചേർത്തവർ അലറുന്നു, തങ്ങളാണ് ശരി എന്നും നിങ്ങൾ പാടേ തെറ്റാണെന്നും  അലര്‍ച്ചകള്‍ക്കിടയില്‍  സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു.  പാതയോരത്ത് ഞാനെന്ന ഒരാൾ നിൽക്കുന്നു എന്നാരും അറിഞ്ഞിട്ടേയില്ല. അവരില്‍ നിന്നും തികച്ചും വ്യത്യസ്തനായി പുള്ളിക്കുപ്പായമണിഞ്ഞു നില്ക്കുന്ന  ഞാൻ അവരുടെ കണ്ണിൽ പെടുന്നില്ലെന്നോ..!!!


ഈ ശബ്ദകോലാഹലങ്ങള്‍ക്കിടെ ഒന്നാം നിറക്കാർ  അവരുടെ പെട്ടി റോഡിന് നടുവിലായി വെച്ചു കഴിഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാൻ കണ്ണടച്ച് ആ പെട്ടിയിൽ ഉറങ്ങുന്നു. മുഖത്തു  നിറയെ വെട്ടേറ്റ പാടുകൾ. വെള്ള വസ്ത്രത്തിനു മേലെ ചുവന്ന രക്തക്കറകൾ. നീര് വന്നു ചീർത്ത  ആ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് പേടി തോന്നി. നല്ല മുഖപരിചയമുള്ള ഈ ചെറുപ്പക്കാരൻ ആരാണ്..? ഉൾക്കിടിലത്തോടെ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇയാളെ ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴോ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ ഭയവിഭ്രമത്തിന്റെ ഈ അന്തരീക്ഷത്തിൽ എവിടെ വെച്ച് എന്നോര്‍ക്കാന്‍  പറ്റുന്നില്ലല്ലോ. ഉടനെ തന്നെ വീറോടെ  രണ്ടാം നിറക്കാരും തങ്ങളുടെ പെട്ടി ഒന്നാം നിറക്കാരുടെ പെട്ടിക്കരികിൽ കൊണ്ടു വെച്ചു. അതിനുള്ളിലും വെട്ടേറ്റ് മരിച്ച ഒരു യുവാവ്.  ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും സമാന്തരമായി എന്നപോലെ   റോഡിനു നടുവിൽ രണ്ട് പെട്ടികളും സമാന്തരമായി. ഞാൻ രണ്ട് പെട്ടിയിലേക്കും  മാറി മാറി നോക്കി. അപ്പോൾ കണ്ടതായിരുന്നു അന്നത്തെ ഏറ്റവും  ഭയങ്കര കാഴ്ച്ച.  രണ്ട് മൃതദേഹങ്ങൾക്കും ഒരേ മുഖം, ഒരേ ശരീരം, ഒരേ വെട്ട് പാടുകളും. രണ്ട് പേരുടെയും വസ്ത്രങ്ങളിൽ രക്തക്കറയുണ്ടാക്കിയ ആകൃതികള്‍ പോലും ഒന്ന്‍ !!!  ചലനമറ്റു കിടക്കുന്ന ഈ രണ്ട് പേരില്‍ ആരായിരിക്കും എന്റെ പരിചയക്കാരൻ..? ഇവരിൽ  ആരോടാണ് ഞാൻ മുമ്പ് സംസാരിച്ചിട്ടുള്ളത്….?അതോ..ഇവര്‍ രണ്ടു പേരോടുമോ…?



പിന്നെയവിടെ നടന്നത് രണ്ട് നിറങ്ങളുടെ സങ്കലനമായിരുന്നു. ഒന്നാം നിറക്കാരും രണ്ടാം നിറക്കാരും വരി തെറ്റിച്ച് അങ്ങോട്ടും ഇങ്ങോട്ടും പായുന്നു, ചോദ്യം ചെയ്യുന്നു, രണ്ടു കൂട്ടരുടെയും രോഷം കണ്ണീരായി റോഡില്‍ പതിക്കുന്നു. ഒടുവില്‍ ആ ചെയ്തികളില്‍ ക്ഷീണിതരായ അവര്‍ പഴയ പോലെ നിരയില്‍ പോയി വീണ്ടും സമാന്തരായി നിന്നു. എങ്കിലും  അവരുടെ രോഷമടങ്ങിയിട്ടില്ല. മുറുമുറുത്തു കൊണ്ട് പരസ്പരം നോക്കുന്നതിനിടെ ഇരു കൂട്ടരും പെട്ടി കയ്യിൽ എടുത്തു തിരികെ പോകാൻ തുനിഞ്ഞു. രണ്ടു നിറക്കാരും ഒരേസമയം കുനിഞ്ഞു പെട്ടികൾ  എടുത്തുയർത്തി നടന്നു തുടങ്ങി.  പാതയോരത്ത് അവരുടെ ചെയ്തികൾ   സസൂഷ്മം വീക്ഷിച്ചിരുന്ന എന്നെ അവർ അപ്പോഴും കണ്ടതേയില്ല. കണ്ടിരുന്നെങ്കിൽ നിങ്ങളുടെ പെട്ടികൾ പരസ്പരം മാറിപ്പോയി എന്നെനിക്ക്  വിളിച്ചു പറയാമായിരുന്നു.  പറഞ്ഞിട്ടെന്തിന്......? രണ്ട് ശവങ്ങൾക്കും ഒരേ മുഖമായിരുന്നു എന്ന് പറഞ്ഞാലും അവർ വിശ്വസിക്കുമോ…?



   വന്ന വഴിയെ തിരിച്ചു പോവുകയാണ് അവർ, അതേ കാൽവെപ്പിൽ. അകലുന്നതനുസരിച്ച് അവരുടെ മുദ്രാവാക്യങ്ങൾ   ആദ്യത്തേത്‌ പോലെ  പാട്ടുകളായി, അതേ താളത്തിൽ.. ഈണത്തിൽ..  ഇരു വശത്തേക്കും  അകന്നു പോകുന്ന പെട്ടികളും അവക്ക് മുന്നിലെ വ്യത്യസ്ത നിറങ്ങളും. ചലിക്കുന്ന തലപ്പാവുകളും.  ഞാൻ ഇരു വശങ്ങളിലേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു. അവർ തമ്മിലുള്ള ദൂരം വർധിച്ചു കൊണ്ടിരിക്കുന്നു. അകന്നന്നു പോവുകയാണ് അവർ. ഇപ്പോൾ ഇരുവശവും ഓരോരോ ശവപ്പൊട്ടുകൾ. 

ശവഘോഷയാത്രക്ക്‌ മുമ്പ് എനിക്ക് ചുറ്റുമുണ്ടായിരുന്ന  പ്രഭാതവും അതിന്റെ കുളിരും എന്നെന്നേക്കുമായി മറഞ്ഞപോലെ. ഇപ്പോള്‍ ഇവിടെ നട്ടുച്ചയാണ്. ചുറ്റും  ദേഹമാസകലം പൊള്ളുന്ന ചൂട്. ആകാശത്ത് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യന്‍റെ നേര്‍ക്ക് നോക്കിയ എന്റെ കണ്ണിലേക്ക് കടും വെയിലിന്റെ കിരണങ്ങള്‍ തുളച്ചു കയറി  കണ്ണ് മഞ്ഞളിച്ചു. മഞ്ഞളിച്ച കണ്ണുമായി ഞാന്‍ ശവപ്പൊട്ടുകളെ ഇരു വശവും തേടി. കറുത്ത പൊട്ടായി സൂര്യന്‍ മാത്രമേ അപ്പോള്‍ എന്റെ കണ്ണിനു മുന്നില്‍ തെളിഞ്ഞുള്ളൂ. പെട്ടെന്ന്‍ പേരോ സ്ഥലനാമമോ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ബസ്സ് എന്റെ മുന്നിലൂടെ നിറുത്താതെ പാഞ്ഞു പോയി. യാത്രക്കാര്‍ ആരും തന്നെയില്ലാത്ത ശൂന്യമായ ഒരു ബസ്സായിരുന്നു എന്ന്‍ കറുത്ത സൂര്യന്‍ നിറഞ്ഞു നിന്ന കണ്ണ് കൊണ്ട് ഞാന്‍ മസ്സിലാക്കി. ആരാണ് അതോടിച്ചിരുന്നത് എന്ന് ധൃതിയിൽ നോക്കുന്നത്തിനിടെ അതെന്റെ  കാഴ്ചയില്‍  നിന്നും മാഞ്ഞുപോയിരുന്നു. എന്‍റെ കണ്ണിന്‍ മുന്നില്‍ ഇപ്പോള്‍ രണ്ട് കറുത്ത വൃത്തങ്ങള്‍.....

ഫെബ്രുവരി16, ഞായറാഴ്ച മനോരമ

15.9.19

ഈറര്‍


തങ്കവേലിനയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ ശരി അടയാളത്തില്‍ നീല നിറം വരുന്നതും കാത്ത് ജോനാഥന്‍ “കടല്‍ മാളികൈയില്‍” ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിലും, വിരിമാറ്റി കടലിലേക്ക് കണ്ണയക്കുന്നതിനിടയിലും അയാള്‍ അസ്വസ്ഥതയോടെ ഫോണ്‍ നോക്കിക്കൊണ്ടിരുന്നു. കൊല്ലങ്ങളായി ജോനാഥന് അവധിയാഘോഷം ഒരേയിടത്ത്‌. ചെന്നെയിൽ വിമാനമിറങ്ങി  നേരെ ‘ഇസിആര്‍’ റോഡിലൂടെ മഹാബലിപുരത്തേക്ക്. ഉടനീളം കടൽത്തിരകളുടെ വെള്ളിത്തിളക്കമുള്ള വഴി, ഒരേ കാഴ്ചകൾ, ഒരേ കടല്‍, ഒരേ മഹാബലിപുരം.  
എല്ലാത്തവണയും കടല്‍ മാളികൈയിലെത്തിയാല്‍ ചെയ്യുന്നത് ഒരേ കാര്യങ്ങൾ. ഭിത്തിയിലെ വിരി മാറ്റി ചില്ലിനപ്പുറത്തു കാണുന്ന കടലിനെ നോക്കിയങ്ങനെ കുറെ നേരം നിൽക്കും. കടലിനെ ആവാഹിച്ചു മുറയില്‍ കയറ്റാനെന്ന വണ്ണം മുഖം ചില്ലിനോടു ചേര്‍ക്കും. പിന്നെ കളിപ്പാട്ടം എടുക്കാനോടുന്ന കുട്ടിയെപ്പോലെ കടപ്പുറത്തേക്ക്.  ഈ സമയം കൊണ്ട് തങ്കവേല്‍ അവിടെ എത്തിയിരിക്കും.
ഫെഡറിക്ക് ജോനാഥൻ എന്ന നീന്തൽ കോച്ച്. ന്യൂജേഴ്സിയിലെ സ്കൂള്‍ അവധിക്കാലം അയാള്‍ക്കും അവധിക്കാലം. നീന്തല്‍ക്കാരന് ചേര്‍ന്ന ശരീരപ്രകൃതം. മൊട്ടത്തലക്കും ശരീരത്തിനും ഒരേ നിറം. പ്രായം നാൽപ്പതുകളോ അൻപതുകളോ..? നീളമുള്ള ആ ശരീരത്തില്‍ ഇറക്കം കുറഞ്ഞ നിക്കറും കയ്യില്ലാത്ത ബനിയനും. കടലിലില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കുഞ്ഞു നിക്കര്‍ മാത്രം. നെഞ്ചിലെ ചെമ്പന്‍ രോമങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പൊക്കിയ പോലെ ശരീരത്തോട് ചേര്‍ന്നോട്ടിപ്പിടിച്ചിട്ടുണ്ടാകും. നീര്‍നായ് എന്നാണ് റൂംബോയ്സ് അയാളെ വിളിക്കുന്നത്.
.
തിരിച്ച് പോകുന്നത് വരെ തങ്കവേൽ നിഴല്‍ പോലെ ജോനാഥന്‍റെ കൂടെ കാണും. മഹാബലിപുരവും തങ്കവേലും. രണ്ടും ജോനാഥന്‍റെ അടങ്ങാത്ത അവേശങ്ങള്‍. പകല്‍ മുഴുവനും ചീറിയടിക്കുന്ന തിരകളെ ആവേശത്തോടെ നീന്തി തോല്‍പ്പിച്ചു തളരുന്ന അവര്‍ ഇടക്ക് കരയില്‍ മണലില്‍ കിടന്നുരുളും. വീണ്ടും കടലിലേക്ക്. സന്ധ്യക്ക്  ആളൊഴിഞ്ഞ മണല്‍പ്പരപ്പില്‍ ജോനാഥന്‍റെ ഇളം റോസ് നിറത്തിലുള്ള വെളുപ്പിലേക്ക് തങ്കവേലിന്റെ ദ്രാവിഡ നിറം പടര്‍ന്നു കയറും. അവിടെ കിടന്നുറങ്ങി രാത്രി വൈകി രണ്ടുപേരും “കടല്‍ മാളികൈ”യിലേക്ക് പോകും. അവിടെ ഒരേ പുതപ്പിനടില്‍ അവര്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും.
തങ്കവേലിന് ജോനാഥനോടൊഴികെ  ജീവിതത്തിൽ ആരോടും കെട്ടുപാടില്ല. ചെറുപ്രായത്തിൽ ജീവിതത്തിന് മേൽ  സുനാമിത്തിരകൾ കയറിയിറങ്ങി ഒറ്റപ്പെട്ടവൻ. അവന്റെ അപ്പാ മുനിയാണ്ടി ആ  കടപ്പുറത്തെ വരത്തനായിരുന്നു. വര്‍ഷങ്ങളുടെ ഉപ്പുകാറ്റേറ്റ് ശരീരം പരുവപ്പെട്ടെങ്കിലും അയാൾക്കുള്ളിൽ   കാടിന്റെ ഇരുണ്ട പച്ചപ്പ് തിങ്ങി നിറഞ്ഞു നിന്നു. വിസ്തൃതമായ കടപ്പുറവും. അവിടുത്തെ ചുട്ടുപൊള്ളുന്ന സൂര്യരശ്മിയും അയാളുടെ  അസ്വസ്ഥതകളായിരുന്നു. ഇരുട്ടു കൊണ്ട് മറച്ച കാഴ്ച്ചകളെ ശീലിച്ച അയാളെ കടലിന്റെ കണ്ണെത്താ കാഴ്ചകൾ മടുപ്പിച്ചു. പുല്‍ തഴപ്പിലൂടെ നടന്നു ശീലിച്ച  കാലുകള്‍ പൂഴിയിൽ കുഴഞ്ഞു തളര്‍ന്നു. രാത്രികളില്‍ പറക്കുന്ന അമ്പിന്റെ മൂളക്കം കേട്ട് ഞെട്ടിയുണര്‍ന്ന അയാള്‍ കടലിരമ്പത്തെ നിരാശയോടെ കേട്ടു..
”നരിക്കൊറോനുക്ക്  നായാട്ടില്ലാമല്‍ ഉയിരേ കിടയാത്...”
അയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. സുനാമി തിരയില്‍ കടലിന്റെ അടിത്തട്ടിലേക്ക് പോയപ്പോഴും അയാളത് പറഞ്ഞു കാണും. നായാട്ട് വിലക്കില്ലാത്ത കടലിന്റെ അഗാധതയിൽ അയാൾ കാട്  തിരഞ്ഞു കാണും.
മുനിയാണ്ടി നായാടി ജീവിച്ച നരിക്കൊറവരുടെ അവസാന തലമുറ. അയാളുടെ ചെറുപ്പകാലത്താണ് നായാട്ട് നിരോധിച്ചു കൊണ്ടു സര്‍ക്കാര്‍ നിയമമുണ്ടാക്കിയത്. അന്നം തന്ന കാട് വിടുന്നത് കാടിന്റെ മക്കള്‍ക്ക് ഹൃദയ ഭേദകമായിരുന്നു. ആ ഹൃദയത്തിന്റെ മിടിപ്പിന് അന്നം തന്നെ വേണം എന്ന്‍ തിരിച്ചറിവ് നരിക്കൊറവരെ പലയിടങ്ങളിലേക്ക് ചിതറിച്ചു. ചിലര്‍ നഗരങ്ങളിലെ അഴുക്കിടങ്ങളില്‍ പുതിയ ചേരി തീര്‍ത്തു. കുറേപ്പേര്‍ കടല്‍ക്കരയില്‍ കുടില്‍ കെട്ടി ചേക്കേറി. അവരുടെ ഉള്ളില്‍ നിന്നും കാട് എന്നേയിറങ്ങിപ്പോയി. അടുത്ത തലമുറക്ക് കാട് വെറും കഥയായി.
പല്ലവരുടെ അത്ഭുത നഗരമായ മഹാബലിപുരത്തേക്കാണ് മുനിയാണ്ടിയും കൂട്ടരും ചേക്കേറിയത്. അവിടെ ആണുങ്ങള്‍  മീന്‍ പിടിച്ചും പെണ്ണുങ്ങള്‍ കല്ലിലെ മഹാത്ഭുതം കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് കക്കയും ശംഖും കോര്‍ത്ത കൌതുക വസ്തുക്കള്‍  വിറ്റും കഴിഞ്ഞ മാര്‍കഴി മാസത്തെ  കുളിരുന്ന പ്രഭാതത്തിലാണ് വന്‍ തിരകള്‍ വഴി തെറ്റിയടിച്ച് കരയെ വിഴുങ്ങിയത്. തിരമാലകൾ നിലവിട്ട് ചാഞ്ചാടി ലോകത്തെ വിറപ്പിച്ച   അന്ന് വെളുപ്പിന്, വള്ളത്തില്‍ നിന്നും മീനുകള്‍ കരക്കിടുന്നതിനിടെയാണ് വലക്കാരുടെ മുന്നിൽ ആ അത്ഭുത ദൃശ്യം തെളിഞ്ഞത്. വലിയൊരു ശബ്ദത്തോടെ കടല്‍ പിന്‍വലിയുന്നു. കരയിലെ പല്ലവന്റെ ക്ഷേത്രത്തിനു പിന്നില്‍ കടല്‍ വഴി മാറിയിടത്ത് ആറു കരിങ്കല്‍ക്ഷേത്രങ്ങൾ.  ഒരേ രൂപത്തിൽ, ഒന്നിന് പിന്നിൽ ഒന്നൊന്നായി. മുന്നില്‍ തെളിഞ്ഞ നൂറ്റാണ്ടുകളുടെ കാഴ്ച മുനിയാണ്ടി വായ് പിളര്‍ന്ന്‍ നോക്കി നിന്നു. കടല്‍ കൊണ്ടു പോയ പല്ലവന്റെ കോവിലുകള്‍ കരക്ക്‌ തിരിച്ചു കിട്ടിയെന്ന് കടൽക്കര ‍ആര്‍ക്കുന്നതിനിടെ പിന്നിലേക്ക് മാറിയ തിരകള്‍ സര്‍വ്വശക്തിയില്‍ മുന്നോട്ടു കുതിച്ച് അവരോരുത്തരെയും കടലിന്റെ അടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബന്ധു വീട്ടില്‍ പോയിവന്ന തങ്കവേലിന് മുന്നില്‍ കടല്‍ ഒന്നുമറിയാത്തത് പോലെ തിരയടിച്ചു.  അവന്റെ കൂരയിരുന്ന ഇടത്തും പരിസങ്ങളിലും കടല്‍ ഇറങ്ങിപ്പോയ നനവ്. ചുറ്റും തീരത്തിന്റെ ശൂന്യത. വിശാലത.
സുനാമി കോളനിയില്‍ അനാഥനായി കഴിയുന്ന കാലത്താണ് കോളനി കാണാന്‍ വന്ന ഫെഡറിക്ക് ജോനാഥനുമായി തങ്കവേല്‍ ചങ്ങാത്തം കൂടുന്നത്. സ്കൂളില്‍ നിന്ന്‍ കേട്ടിട്ടുള്ള ഇംഗ്ലിഷ് വാക്കുകള്‍ക്കിടെ തമിഴ് ചേര്‍ത്ത് അവന്‍ ജോനാഥനുമായി കൂസലില്ലാതെ സംസാരിച്ചു. പിന്നീടുള്ള ജോനാഥന്‍റെ ഓരോ വരവിലും തങ്കവേല്‍ അയാള്‍ കൊടുത്ത വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് അയാളുടെ അവധിക്കാല കൂട്ടുകാരനായി.  തങ്കവേല്‍ സ്കൂള്‍ പഠിപ്പ് നിര്‍ത്തി കടലില്‍ പോകുന്ന പ്രായമായപ്പോള്‍ അവന്‍ നല്ല മണിമണിയായി, അമേരിക്കന്‍ സായിപ്പിന്റെ താളത്തില്‍  ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിച്ചിരുന്നു. കൈനിറയെ കാശും നാവില്‍ കുഴച്ചിലുള്ള അമേരിക്കന്‍ ഇംഗ്ലീഷുമായി തങ്കവേല്‍ മഹാബലിപുരം കാണുവാന്‍ വരുന്നവര്‍ക്ക് ഗൈഡായി. ടൂറിസ്റ്റുകള്‍ കുറയുന്ന കാശില്ലാത്ത സീസണില്‍ അവന്‍ അപ്പാവെപ്പോലെ മീന്‍ പിടിച്ചു. ജോനാഥന്‍ വരുമ്പോള്‍ മറ്റെല്ലാം മറന്ന് ജോനാഥന്‍റെ മാത്രം കൂട്ടുകാരനായി. ആ എണ്ണക്കറുപ്പനെ ഓര്‍ത്ത് അവധിക്കാലം വരാന്‍ ജോനാഥന്‍ കാത്തിരുന്നു. കടല്‍ പോലെ തന്നെ തങ്കവേലും ജോനാഥനെ ത്രസിപ്പിച്ചു.
പുതുപ്പൊണ്ണ്‍ പൂവരശിക്കൊപ്പം ചെന്നൈ ടീ നഗറിലെ തിരക്ക് പിടിച്ച റോഡരികില്‍ നിന്ന്‍ കോണ്‍ ഐസ്ക്രീം നുണഞ്ഞു നില്‍ക്കുമ്പോഴാണ് തങ്കവേലിന്റെ ഫോണ്‍ അടിച്ചത്. അവരുടെ തിരുമണം* കഴിഞ്ഞിട്ട് അത് മൂന്നാമത്തെ ആഴ്ച. അവന്‍ ശബ്ദമുയര്‍ത്തി ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കേട്ട് അവളുടെ കണ്‍ മിഴിഞ്ഞു.
“എമ്മാ... എന്ന ഇംഗ്ലീഷ്.... യാരിട്ടു പേശറുത്..?”
പൂവരശി ആദ്യമായാണ്‌ ഇങ്ങനെ വലിയ ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കുന്നത്. താംബരത്തെ റെയില്‍വേ പുറംപോക്കില്‍ വീടുള്ള പൂവരശിക്ക് പിറ്റേന്ന് മഹാബലിപുരത്തിന് പോകാനുള്ളതാണ്. മാപ്പിളെയ് വീട്ടില്‍ പോകാന്‍ അവള്‍ പെട്ടിയൊരുക്കി വെച്ചിരിക്കുന്നു.  അവള്‍ ഇത് വരെ മഹാബലിപുരം കണ്ടിട്ടില്ല, അവിടത്തെ കരിങ്കല്‍ ക്ഷേത്രങ്ങളും ടൂറിസ്റ്റുകളുമൊക്കെ അവള്‍ക്ക് കേട്ട് കേള്‍വി മാത്രം. ടൂറിസ്റ്റുകളുമായി ചുറ്റി നടന്നാല്‍ മാപ്പിളെയ് തങ്കവേലിന് കൈ നിറയെ കാശു കിട്ടുമെന്നറിയാം. അവന്‍റെ വിലകൂടിയ വസ്ത്രങ്ങളും കയ്യിലെ ഫോണും വാച്ചും പെട്ടിയിലിരിക്കുന്ന എന്തിനെന്ന്‍ പോലുമറിയാത്ത ഇലക്ട്രോണിക്ക് സാധനങ്ങളുമെല്ലാം അവരുടെ സമ്മാനമെന്നറിയാം.
“വന്താച്ച്...ജോനാഥന്‍ വന്താച്ച്....നമ്മ ഹണിമൂണ്‍ക്ക് നിറയെ കാശു കിടക്കുമെടീ…”
മഞ്ഞള്‍ പൂശി മൃദുലമായ പൂവരശിയുടെ കവിളില്‍ ആ തിരക്കിനിടയിലും തങ്കവേല്‍ അരുമയോടെ തലോടി. നാണിച്ചു പുഞ്ചിരിച്ച പൂവരശിയുടെ ചുണ്ടിന് മേല്‍ മഞ്ഞള്‍ നിറത്തിൽ കുഞ്ഞു രോമങ്ങള്‍ വെയിലിൽ തിളങ്ങിയപ്പോൾ തങ്കവേൽ ജോനാഥന്റെ ചെമ്പന്‍ രോമങ്ങള്‍ നിറഞ്ഞ ശരീരത്തെ ഓര്‍ത്തു.
‘ദോ… പാര്…”
തങ്കവേൽ ഫോണിൽ കിടക്കുന്ന  ജോനാഥന്റെ ചിത്രം അവളെ കാണിച്ചു കൊടുത്തു. സ്വർണ്ണ മുടിയുള്ള  വെള്ളയ്ക്കാരിക്കും നീലക്കണ്ണുള്ള രണ്ട് പാവകുട്ടികൾക്കുമൊപ്പം ചരിച്ചു നിൽക്കുന്ന മൊട്ടത്തലയൻ ജോനാഥൻ.
“അയ്യയ്യോ...ഇന്ത മൊട്ടയാ ഉങ്ക ഫ്രണ്ട്..?”
പൂവരശിക്ക് ചിരി.
കടല്‍ക്കരെയുള്ള  വീട്ടിലിരിന്നു ചോറും കറിയും വെക്കുന്ന തിരക്കിലായിരുന്നു പൂവരശി. ആ വീട്ടില്‍ അവളും മാപ്പിളെയ്  തങ്കവേലും മാത്രം. പരിസരത്തെങ്ങും ഇത്ര ഭംഗിയുള്ള വീടില്ല. അടുത്ത വീട്ടിലുള്ള സ്ത്രീകള്‍ മനോഹരമായ ആ കൊച്ചു വീട് വെച്ച തങ്കവേലിന്റെ മിടുക്കിനെയും കാശുണ്ടാക്കാന്‍ മിടുക്കുള്ള മാപ്പിളെയെ കിട്ടിയ പൂവരശിയെയും അഭിനന്ദിച്ചു. പിടക്കുന്ന വലിയൊരു മീനാണ് അന്ന് രാവിലെ തങ്കവേൽ കടപ്പുറത്ത് നിന്നും വാങ്ങി വന്നത്.  മുറിക്കാനെടുത്ത മീൻ കയ്യിലിരുന്ന് പിടിച്ചപ്പോൾ പൂവരശി ഭയന്ന് പിന്മാറി.
“അപ്പിടിയെ കട്ട് പണ്ണടീ...നമ്മ നരികൊറോർ താനേ..കൊഞ്ചം ധൈര്യം കാമീ..”
ജീവനോടെ തലയറുത്ത് മാറ്റി പൂവരശി മീൻ കഷണങ്ങൾ മസാല ചേർത്തു പൊരിച്ചു.
.
അന്നും പൂവരശി ഉച്ചയൂണ് കഴിക്കാതെ മയങ്ങിപ്പോയി.  കുറച്ചു ദിവസങ്ങളായി ഇതാണ് പതിവ്. ഉച്ചക്കുണ്ണാന്‍ വരാം എന്ന് പറഞ്ഞ് പോകുന്ന തങ്കവേല്‍ തോന്നിയ സമയത്ത് കയറി വരുന്നു.
“എന്നാച്ച്..?”
പൂവരശിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒന്നവള്‍ക്ക് മനസ്സിലാകുന്നുണ്ട്. കല്യാണം കഴിഞ്ഞ നാളുകളില്‍ അവനിലുണ്ടായിരുന്ന ആവേശങ്ങള്‍ അറ്റു പോയിരിക്കുന്നു. അതിരാവിലെ അവന്‍ വീട്ടില്‍ നിന്നുമിറങ്ങുന്നു. സന്ധ്യയോടടുക്കുമ്പോള്‍ കടലില്‍ കുളിച്ച് വരണ്ട ദേഹവുമായി ക്ഷീണിതനായി മടങ്ങിയെത്തുന്നു. പൂവരശി വിളമ്പി വെക്കുന്ന ഭക്ഷണത്തെയോ അവളെയോ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ കട്ടിലിലേക്ക് ചായുന്നു.  അവനെ ചുറ്റുന്ന അവളുടെ കൈകള്‍ സാവധാനം എടുത്തു മാറ്റി “തൂക്കം വറരുത്” എന്നു പറഞ്ഞവന്‍ തിരിഞ്ഞു കിടക്കുന്നു. വാരം രണ്ട് കഴിയവേ പൂരവരശി അപകടം മണത്തു.
കരഞ്ഞു കലങ്ങിയ മനസ്സും കണ്ണുമായി മുന്നില്‍ ഇരിക്കുന്ന പൂവരശിയെ കണ്ട അയല്‍ വീട്ടിലെ പരിമളഅക്കാ അന്തം വിട്ടു. പൂത്തിരി കത്തിച്ചു വെച്ച കണ്ണുമായി ആ  ഗെട്ടിക്കാരി*  ചെന്നെയില്‍ നിന്നും വന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഈ കുറച്ചു ദിവസം കൊണ്ടെന്ത് സംഭവിച്ചു...? അടക്കിപ്പിടിച്ചിട്ടും പിടിവിട്ടു പോയ വലിയ നിലവിളിക്കിടെ ആ പുതുപൊണ്ണ്‍ അവരോട് തേങ്ങിത്തേങ്ങി പറഞ്ഞ് കൊണ്ടിരുന്നു.
“കാവലയ്പ്പെടാതെ കണ്ണേ... പേശാമല്‍ ഇരി.  ഒരേ.. ഒരു മാതം താനേ... ”
പരിമള അക്കാ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ പൂവരശി കുറച്ചു സമയമെടുത്തു. ഒരൊറ്റ മാസം തങ്കവേലിനെ ആ വെള്ളയ്ക്കാരന് വിട്ടു കൊടുത്താല്‍ എന്താണ് കുഴപ്പം എന്നാണവരുടെ ചോദ്യം. അവള്‍ താമസിക്കുന്ന നല്ല ആ വീടും അതിനുള്ളിലെ മറ്റു സൌകര്യങ്ങളും എല്ലാം അയാളുടെയല്ലേ...?.  ഇത് പോലെ ഭാഗ്യം വേറെ ആര്‍ക്ക് കിട്ടും..? എല്ലാ വര്‍ഷവും അയാള്‍ അങ്ങ് അമേരിക്കാവില്‍ നിന്നും വരുന്ന ഒരൊറ്റ മാസം കൊണ്ടാണ് അവന്‍ അവര്‍ക്കിടയിലെ പണക്കാരനായതെന്ന്‍.
തലക്കുള്ളില്‍ തിളച്ചു മറിയുന്ന തിരകളുമായി തോണികള്‍ക്കരികെ മറഞ്ഞിരിക്കുന്ന പൂവരശി. നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളോട് ചേര്‍ത്തു പിടിച്ച വിദേശ നിര്‍മ്മിത ബൈനോക്കുലര്‍. അതിലൂടെ അങ്ങ് കടലിനറ്റത്തു കൂടെ പായുന്ന പൊട്ടു പോലുള്ള തോണികളെയും  അതിനുള്ളിലെ അതിലും പൊട്ടായ മനുഷ്യരെയും തൊട്ടടുത്തേക്ക് കൊണ്ടു വന്ന് തങ്കവേല്‍ അവളെ കാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അവളുടെ മുന്നില്‍ കാഴ്ചകള്‍ തെളിയുകയാണ്. വെള്ളത്തില്‍ തിമര്‍ത്തു രമിക്കുന്ന തങ്കവേലും ജോനാഥനും. അവള്‍ക്കു മുന്നില്‍ കെട്ടടങ്ങിപ്പോയ അവന്റെ അവേശങ്ങള്‍ കൈയ്യെത്തും ദൂരത്ത്‌, ശക്തിയുള്ള ലെന്‍സിന്റെ വ്യക്തതയില്‍ പതിന്മടങ്ങായി കത്തിപ്പടരുന്നു. തലക്കുള്ളിലെ തിളയ്ക്കുന്ന തിരമാലകള്‍ ചൂട് നീരാവിയായി അവളുടെ  രോമകൂപങ്ങളിലൂടെ പുറത്തേക്ക് വന്ന് തുടങ്ങി. പൊള്ളി വിറച്ച പൂവരശിയുടെ രോമങ്ങള്‍ എഴുന്നു നിന്നു.
അന്ന് പകൽ ജോനാഥന്‍ തനിയെയായിരുന്നു. തങ്കവേല്‍ കഠിനമായ പനി ബാധിച്ചു കിടന്ന് പോയിരുന്നു.
“പടുത്തുക്കോ. മരുന്ത്‌ വാങ്കി വറേന്‍.”
വീട്ടില്‍ നിന്നിറങ്ങിയ പൂവരശി ആ നേരമത്രയും എന്ത് ചെയ്യണമെന്നറിയാതെ കടല്‍ക്കരയില്‍ അലയുഞ്ഞു. ദൂരെ ജോനാഥന്‍ നീന്തുന്നത് അവള്‍ക്ക് കാണാം. ആളൊഴിഞ്ഞിടത്ത് കുളിക്കുന്ന  ജോനാഥന്‍റെ അടുത്തവള്‍ എത്തിയപ്പോള്‍ വൈകുന്നേരമായി. തങ്കവേല്‍ മാമന്‍, ഫീവര്‍, മനൈവി, വൈഫ് എന്നൊക്കെ അയാളെ ധരിപ്പിച്ചപ്പോള്‍ അയാള്‍ക്കവളെ മനസ്സിലായി. അവർ ഒരുമിച്ചു കടലില്‍ കുളിച്ചു.  എങ്ങിനെയും തിരികെ സ്വന്തമാക്കാനുള്ള സ്വന്തം പുരുഷനെയോർത്ത് ജോനാഥന്റെ വന്യമായ സ്പർശങ്ങൾ കണ്ണുകള്‍ ഇറുക്കിയടച്ചവള്‍ സഹിച്ചു. കടലിൽ തിമർത്ത് നീന്തിയ ജോനാഥൻ പതിവ് പോലെ സന്ധ്യയുടെ ഇരുളില്‍ കരയിൽ കിടന്ന് പെട്ടെന്നുറങ്ങി. അയാള്‍ പോലുമറിയാതെ, അന്നത്തെ അവളുടെ  അലച്ചിലിന് ഉത്തരമെന്നവണ്ണം.
പൂവരശി കരയിലിരുന്ന ബാഗില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തിയെടുത്ത് ഉറങ്ങി കിടക്കുന്ന ജോനാഥന്‍റെ കഴുത്തിലെ നീല ഞരമ്പുകള്‍ തേടി. സന്ധ്യക്കുദിച്ച പൂർണ്ണചന്ദ്രന്‍റെ വെളിച്ചത്തിൽ തല മുറിഞ്ഞ വലിയൊരു മീനായി ജോനാഥന്‍ അവള്‍ക്ക് മുന്നില്‍. ഒരു പിടച്ചിൽ പോലുമില്ലാതെ.  
ഭാരമുള്ള ആ ശരീരം ആയാസപ്പെട്ട് ‌കടലിലേക്ക് വലിച്ചിഴച്ചപ്പോൾ കടൽ അവള്‍ക്ക് തുണയായെത്തി. തിരകള്‍ക്ക് മേല്‍  തിരകളെത്തി എല്ലാം മറയ്കുന്ന കടലിന്റെ മാന്ത്രിക ജാലം മുട്ടോളം വെള്ളത്തില്‍ പൂവരശി നോക്കി നിന്നു. ഒടുവില്‍ അവളുടെ കാഴ്ചക്കപ്പുറത്തെക്ക് തിരകള്‍ ജോനാഥനേയും കൊണ്ടുള്ള ഊഞ്ഞാലാട്ടം ആരംഭിച്ചപ്പോൾ  ഈറനായി ദേഹത്തൊട്ടിയ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചവള്‍ കാൽ ചുവട്ടിലേക്കിട്ടു. അവ ജോനാഥന് കൂട്ടു പോയപ്പോൾ അതിനടുത്ത തിരയില്‍ അവൾ അപ്പാടെ മുങ്ങിപ്പൊങ്ങി. അവളുടെ ശരീര വടിവുകളിലെ വെള്ളത്തുള്ളികളിൽ പൌര്‍ണ്ണമി തിളങ്ങി. കണ്ണുകളിലെ പൂത്തിരികൾക്ക് അതിലേറെ തിളക്കം. ഒരു വിജയിയുടെ ഉണർവോടെ  വെള്ളത്തിൽ നിന്നും കയറി നിലാവിനെ ഉടുത്ത പൂവശശി വീടിനെ ലക്ഷ്യമാക്കി നടന്നു.
.
ചാരിയിട്ടിരുന്ന വാതില്‍ തുറന്ന്‍ കട്ടിലില്‍ പനിച്ചുറങ്ങി കിടന്നിരുന്ന തങ്കവേലിനെ അവള്‍ ഇറുക്കെ കെട്ടിപ്പിടിച്ചു.
“എന്നാച്ച്..? എന്‍ ഇവളോവ് ലേറ്റ്...? മരുന്ത് എങ്കെ..? എന്‍ ഇന്തമാതിരി ഈറം പട്ട്റിക്ക് ..?”
ഉറക്കം മുറിഞ്ഞ തങ്കവേല്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
“മരുന്ത് വാങ്കിയാച്ച്. ഇത് താന്‍ എന്‍ മരുന്ത്”
ഉപ്പും മണലും തണുപ്പും ചേര്‍ന്ന് കുഴഞ്ഞ പൂവരശി അയാളെ ഇറുകെ പുണര്‍ന്നു കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം പറഞ്ഞു.
**************************************
ഈറര്‍---ബൈസെക്ഷ്വല്‍
തിരുമണം –കല്യാണം
ഗെട്ടിക്കാരി ---- മിടുക്കിക്കുട്ടി

(കഥ മാസിക, ഓഗസ്റ്റ് ലക്കം)