15.9.19

ഈറര്‍


തങ്കവേലിനയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ ശരി അടയാളത്തില്‍ നീല നിറം വരുന്നതും കാത്ത് ജോനാഥന്‍ “കടല്‍ മാളികൈയില്‍” ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിലും, വിരിമാറ്റി കടലിലേക്ക് കണ്ണയക്കുന്നതിനിടയിലും അയാള്‍ അസ്വസ്ഥതയോടെ ഫോണ്‍ നോക്കിക്കൊണ്ടിരുന്നു. കൊല്ലങ്ങളായി ജോനാഥന് അവധിയാഘോഷം ഒരേയിടത്ത്‌. ചെന്നെയിൽ വിമാനമിറങ്ങി  നേരെ ‘ഇസിആര്‍’ റോഡിലൂടെ മഹാബലിപുരത്തേക്ക്. ഉടനീളം കടൽത്തിരകളുടെ വെള്ളിത്തിളക്കമുള്ള വഴി, ഒരേ കാഴ്ചകൾ, ഒരേ കടല്‍, ഒരേ മഹാബലിപുരം.  
എല്ലാത്തവണയും കടല്‍ മാളികൈയിലെത്തിയാല്‍ ചെയ്യുന്നത് ഒരേ കാര്യങ്ങൾ. ഭിത്തിയിലെ വിരി മാറ്റി ചില്ലിനപ്പുറത്തു കാണുന്ന കടലിനെ നോക്കിയങ്ങനെ കുറെ നേരം നിൽക്കും. കടലിനെ ആവാഹിച്ചു മുറയില്‍ കയറ്റാനെന്ന വണ്ണം മുഖം ചില്ലിനോടു ചേര്‍ക്കും. പിന്നെ കളിപ്പാട്ടം എടുക്കാനോടുന്ന കുട്ടിയെപ്പോലെ കടപ്പുറത്തേക്ക്.  ഈ സമയം കൊണ്ട് തങ്കവേല്‍ അവിടെ എത്തിയിരിക്കും.
ഫെഡറിക്ക് ജോനാഥൻ എന്ന നീന്തൽ കോച്ച്. ന്യൂജേഴ്സിയിലെ സ്കൂള്‍ അവധിക്കാലം അയാള്‍ക്കും അവധിക്കാലം. നീന്തല്‍ക്കാരന് ചേര്‍ന്ന ശരീരപ്രകൃതം. മൊട്ടത്തലക്കും ശരീരത്തിനും ഒരേ നിറം. പ്രായം നാൽപ്പതുകളോ അൻപതുകളോ..? നീളമുള്ള ആ ശരീരത്തില്‍ ഇറക്കം കുറഞ്ഞ നിക്കറും കയ്യില്ലാത്ത ബനിയനും. കടലിലില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കുഞ്ഞു നിക്കര്‍ മാത്രം. നെഞ്ചിലെ ചെമ്പന്‍ രോമങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പൊക്കിയ പോലെ ശരീരത്തോട് ചേര്‍ന്നോട്ടിപ്പിടിച്ചിട്ടുണ്ടാകും. നീര്‍നായ് എന്നാണ് റൂംബോയ്സ് അയാളെ വിളിക്കുന്നത്.
.
തിരിച്ച് പോകുന്നത് വരെ തങ്കവേൽ നിഴല്‍ പോലെ ജോനാഥന്‍റെ കൂടെ കാണും. മഹാബലിപുരവും തങ്കവേലും. രണ്ടും ജോനാഥന്‍റെ അടങ്ങാത്ത അവേശങ്ങള്‍. പകല്‍ മുഴുവനും ചീറിയടിക്കുന്ന തിരകളെ ആവേശത്തോടെ നീന്തി തോല്‍പ്പിച്ചു തളരുന്ന അവര്‍ ഇടക്ക് കരയില്‍ മണലില്‍ കിടന്നുരുളും. വീണ്ടും കടലിലേക്ക്. സന്ധ്യക്ക്  ആളൊഴിഞ്ഞ മണല്‍പ്പരപ്പില്‍ ജോനാഥന്‍റെ ഇളം റോസ് നിറത്തിലുള്ള വെളുപ്പിലേക്ക് തങ്കവേലിന്റെ ദ്രാവിഡ നിറം പടര്‍ന്നു കയറും. അവിടെ കിടന്നുറങ്ങി രാത്രി വൈകി രണ്ടുപേരും “കടല്‍ മാളികൈ”യിലേക്ക് പോകും. അവിടെ ഒരേ പുതപ്പിനടില്‍ അവര്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും.
തങ്കവേലിന് ജോനാഥനോടൊഴികെ  ജീവിതത്തിൽ ആരോടും കെട്ടുപാടില്ല. ചെറുപ്രായത്തിൽ ജീവിതത്തിന് മേൽ  സുനാമിത്തിരകൾ കയറിയിറങ്ങി ഒറ്റപ്പെട്ടവൻ. അവന്റെ അപ്പാ മുനിയാണ്ടി ആ  കടപ്പുറത്തെ വരത്തനായിരുന്നു. വര്‍ഷങ്ങളുടെ ഉപ്പുകാറ്റേറ്റ് ശരീരം പരുവപ്പെട്ടെങ്കിലും അയാൾക്കുള്ളിൽ   കാടിന്റെ ഇരുണ്ട പച്ചപ്പ് തിങ്ങി നിറഞ്ഞു നിന്നു. വിസ്തൃതമായ കടപ്പുറവും. അവിടുത്തെ ചുട്ടുപൊള്ളുന്ന സൂര്യരശ്മിയും അയാളുടെ  അസ്വസ്ഥതകളായിരുന്നു. ഇരുട്ടു കൊണ്ട് മറച്ച കാഴ്ച്ചകളെ ശീലിച്ച അയാളെ കടലിന്റെ കണ്ണെത്താ കാഴ്ചകൾ മടുപ്പിച്ചു. പുല്‍ തഴപ്പിലൂടെ നടന്നു ശീലിച്ച  കാലുകള്‍ പൂഴിയിൽ കുഴഞ്ഞു തളര്‍ന്നു. രാത്രികളില്‍ പറക്കുന്ന അമ്പിന്റെ മൂളക്കം കേട്ട് ഞെട്ടിയുണര്‍ന്ന അയാള്‍ കടലിരമ്പത്തെ നിരാശയോടെ കേട്ടു..
”നരിക്കൊറോനുക്ക്  നായാട്ടില്ലാമല്‍ ഉയിരേ കിടയാത്...”
അയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. സുനാമി തിരയില്‍ കടലിന്റെ അടിത്തട്ടിലേക്ക് പോയപ്പോഴും അയാളത് പറഞ്ഞു കാണും. നായാട്ട് വിലക്കില്ലാത്ത കടലിന്റെ അഗാധതയിൽ അയാൾ കാട്  തിരഞ്ഞു കാണും.
മുനിയാണ്ടി നായാടി ജീവിച്ച നരിക്കൊറവരുടെ അവസാന തലമുറ. അയാളുടെ ചെറുപ്പകാലത്താണ് നായാട്ട് നിരോധിച്ചു കൊണ്ടു സര്‍ക്കാര്‍ നിയമമുണ്ടാക്കിയത്. അന്നം തന്ന കാട് വിടുന്നത് കാടിന്റെ മക്കള്‍ക്ക് ഹൃദയ ഭേദകമായിരുന്നു. ആ ഹൃദയത്തിന്റെ മിടിപ്പിന് അന്നം തന്നെ വേണം എന്ന്‍ തിരിച്ചറിവ് നരിക്കൊറവരെ പലയിടങ്ങളിലേക്ക് ചിതറിച്ചു. ചിലര്‍ നഗരങ്ങളിലെ അഴുക്കിടങ്ങളില്‍ പുതിയ ചേരി തീര്‍ത്തു. കുറേപ്പേര്‍ കടല്‍ക്കരയില്‍ കുടില്‍ കെട്ടി ചേക്കേറി. അവരുടെ ഉള്ളില്‍ നിന്നും കാട് എന്നേയിറങ്ങിപ്പോയി. അടുത്ത തലമുറക്ക് കാട് വെറും കഥയായി.
പല്ലവരുടെ അത്ഭുത നഗരമായ മഹാബലിപുരത്തേക്കാണ് മുനിയാണ്ടിയും കൂട്ടരും ചേക്കേറിയത്. അവിടെ ആണുങ്ങള്‍  മീന്‍ പിടിച്ചും പെണ്ണുങ്ങള്‍ കല്ലിലെ മഹാത്ഭുതം കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് കക്കയും ശംഖും കോര്‍ത്ത കൌതുക വസ്തുക്കള്‍  വിറ്റും കഴിഞ്ഞ മാര്‍കഴി മാസത്തെ  കുളിരുന്ന പ്രഭാതത്തിലാണ് വന്‍ തിരകള്‍ വഴി തെറ്റിയടിച്ച് കരയെ വിഴുങ്ങിയത്. തിരമാലകൾ നിലവിട്ട് ചാഞ്ചാടി ലോകത്തെ വിറപ്പിച്ച   അന്ന് വെളുപ്പിന്, വള്ളത്തില്‍ നിന്നും മീനുകള്‍ കരക്കിടുന്നതിനിടെയാണ് വലക്കാരുടെ മുന്നിൽ ആ അത്ഭുത ദൃശ്യം തെളിഞ്ഞത്. വലിയൊരു ശബ്ദത്തോടെ കടല്‍ പിന്‍വലിയുന്നു. കരയിലെ പല്ലവന്റെ ക്ഷേത്രത്തിനു പിന്നില്‍ കടല്‍ വഴി മാറിയിടത്ത് ആറു കരിങ്കല്‍ക്ഷേത്രങ്ങൾ.  ഒരേ രൂപത്തിൽ, ഒന്നിന് പിന്നിൽ ഒന്നൊന്നായി. മുന്നില്‍ തെളിഞ്ഞ നൂറ്റാണ്ടുകളുടെ കാഴ്ച മുനിയാണ്ടി വായ് പിളര്‍ന്ന്‍ നോക്കി നിന്നു. കടല്‍ കൊണ്ടു പോയ പല്ലവന്റെ കോവിലുകള്‍ കരക്ക്‌ തിരിച്ചു കിട്ടിയെന്ന് കടൽക്കര ‍ആര്‍ക്കുന്നതിനിടെ പിന്നിലേക്ക് മാറിയ തിരകള്‍ സര്‍വ്വശക്തിയില്‍ മുന്നോട്ടു കുതിച്ച് അവരോരുത്തരെയും കടലിന്റെ അടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബന്ധു വീട്ടില്‍ പോയിവന്ന തങ്കവേലിന് മുന്നില്‍ കടല്‍ ഒന്നുമറിയാത്തത് പോലെ തിരയടിച്ചു.  അവന്റെ കൂരയിരുന്ന ഇടത്തും പരിസങ്ങളിലും കടല്‍ ഇറങ്ങിപ്പോയ നനവ്. ചുറ്റും തീരത്തിന്റെ ശൂന്യത. വിശാലത.
സുനാമി കോളനിയില്‍ അനാഥനായി കഴിയുന്ന കാലത്താണ് കോളനി കാണാന്‍ വന്ന ഫെഡറിക്ക് ജോനാഥനുമായി തങ്കവേല്‍ ചങ്ങാത്തം കൂടുന്നത്. സ്കൂളില്‍ നിന്ന്‍ കേട്ടിട്ടുള്ള ഇംഗ്ലിഷ് വാക്കുകള്‍ക്കിടെ തമിഴ് ചേര്‍ത്ത് അവന്‍ ജോനാഥനുമായി കൂസലില്ലാതെ സംസാരിച്ചു. പിന്നീടുള്ള ജോനാഥന്‍റെ ഓരോ വരവിലും തങ്കവേല്‍ അയാള്‍ കൊടുത്ത വിലയേറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് അയാളുടെ അവധിക്കാല കൂട്ടുകാരനായി.  തങ്കവേല്‍ സ്കൂള്‍ പഠിപ്പ് നിര്‍ത്തി കടലില്‍ പോകുന്ന പ്രായമായപ്പോള്‍ അവന്‍ നല്ല മണിമണിയായി, അമേരിക്കന്‍ സായിപ്പിന്റെ താളത്തില്‍  ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിച്ചിരുന്നു. കൈനിറയെ കാശും നാവില്‍ കുഴച്ചിലുള്ള അമേരിക്കന്‍ ഇംഗ്ലീഷുമായി തങ്കവേല്‍ മഹാബലിപുരം കാണുവാന്‍ വരുന്നവര്‍ക്ക് ഗൈഡായി. ടൂറിസ്റ്റുകള്‍ കുറയുന്ന കാശില്ലാത്ത സീസണില്‍ അവന്‍ അപ്പാവെപ്പോലെ മീന്‍ പിടിച്ചു. ജോനാഥന്‍ വരുമ്പോള്‍ മറ്റെല്ലാം മറന്ന് ജോനാഥന്‍റെ മാത്രം കൂട്ടുകാരനായി. ആ എണ്ണക്കറുപ്പനെ ഓര്‍ത്ത് അവധിക്കാലം വരാന്‍ ജോനാഥന്‍ കാത്തിരുന്നു. കടല്‍ പോലെ തന്നെ തങ്കവേലും ജോനാഥനെ ത്രസിപ്പിച്ചു.
പുതുപ്പൊണ്ണ്‍ പൂവരശിക്കൊപ്പം ചെന്നൈ ടീ നഗറിലെ തിരക്ക് പിടിച്ച റോഡരികില്‍ നിന്ന്‍ കോണ്‍ ഐസ്ക്രീം നുണഞ്ഞു നില്‍ക്കുമ്പോഴാണ് തങ്കവേലിന്റെ ഫോണ്‍ അടിച്ചത്. അവരുടെ തിരുമണം* കഴിഞ്ഞിട്ട് അത് മൂന്നാമത്തെ ആഴ്ച. അവന്‍ ശബ്ദമുയര്‍ത്തി ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കേട്ട് അവളുടെ കണ്‍ മിഴിഞ്ഞു.
“എമ്മാ... എന്ന ഇംഗ്ലീഷ്.... യാരിട്ടു പേശറുത്..?”
പൂവരശി ആദ്യമായാണ്‌ ഇങ്ങനെ വലിയ ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കുന്നത്. താംബരത്തെ റെയില്‍വേ പുറംപോക്കില്‍ വീടുള്ള പൂവരശിക്ക് പിറ്റേന്ന് മഹാബലിപുരത്തിന് പോകാനുള്ളതാണ്. മാപ്പിളെയ് വീട്ടില്‍ പോകാന്‍ അവള്‍ പെട്ടിയൊരുക്കി വെച്ചിരിക്കുന്നു.  അവള്‍ ഇത് വരെ മഹാബലിപുരം കണ്ടിട്ടില്ല, അവിടത്തെ കരിങ്കല്‍ ക്ഷേത്രങ്ങളും ടൂറിസ്റ്റുകളുമൊക്കെ അവള്‍ക്ക് കേട്ട് കേള്‍വി മാത്രം. ടൂറിസ്റ്റുകളുമായി ചുറ്റി നടന്നാല്‍ മാപ്പിളെയ് തങ്കവേലിന് കൈ നിറയെ കാശു കിട്ടുമെന്നറിയാം. അവന്‍റെ വിലകൂടിയ വസ്ത്രങ്ങളും കയ്യിലെ ഫോണും വാച്ചും പെട്ടിയിലിരിക്കുന്ന എന്തിനെന്ന്‍ പോലുമറിയാത്ത ഇലക്ട്രോണിക്ക് സാധനങ്ങളുമെല്ലാം അവരുടെ സമ്മാനമെന്നറിയാം.
“വന്താച്ച്...ജോനാഥന്‍ വന്താച്ച്....നമ്മ ഹണിമൂണ്‍ക്ക് നിറയെ കാശു കിടക്കുമെടീ…”
മഞ്ഞള്‍ പൂശി മൃദുലമായ പൂവരശിയുടെ കവിളില്‍ ആ തിരക്കിനിടയിലും തങ്കവേല്‍ അരുമയോടെ തലോടി. നാണിച്ചു പുഞ്ചിരിച്ച പൂവരശിയുടെ ചുണ്ടിന് മേല്‍ മഞ്ഞള്‍ നിറത്തിൽ കുഞ്ഞു രോമങ്ങള്‍ വെയിലിൽ തിളങ്ങിയപ്പോൾ തങ്കവേൽ ജോനാഥന്റെ ചെമ്പന്‍ രോമങ്ങള്‍ നിറഞ്ഞ ശരീരത്തെ ഓര്‍ത്തു.
‘ദോ… പാര്…”
തങ്കവേൽ ഫോണിൽ കിടക്കുന്ന  ജോനാഥന്റെ ചിത്രം അവളെ കാണിച്ചു കൊടുത്തു. സ്വർണ്ണ മുടിയുള്ള  വെള്ളയ്ക്കാരിക്കും നീലക്കണ്ണുള്ള രണ്ട് പാവകുട്ടികൾക്കുമൊപ്പം ചരിച്ചു നിൽക്കുന്ന മൊട്ടത്തലയൻ ജോനാഥൻ.
“അയ്യയ്യോ...ഇന്ത മൊട്ടയാ ഉങ്ക ഫ്രണ്ട്..?”
പൂവരശിക്ക് ചിരി.
കടല്‍ക്കരെയുള്ള  വീട്ടിലിരിന്നു ചോറും കറിയും വെക്കുന്ന തിരക്കിലായിരുന്നു പൂവരശി. ആ വീട്ടില്‍ അവളും മാപ്പിളെയ്  തങ്കവേലും മാത്രം. പരിസരത്തെങ്ങും ഇത്ര ഭംഗിയുള്ള വീടില്ല. അടുത്ത വീട്ടിലുള്ള സ്ത്രീകള്‍ മനോഹരമായ ആ കൊച്ചു വീട് വെച്ച തങ്കവേലിന്റെ മിടുക്കിനെയും കാശുണ്ടാക്കാന്‍ മിടുക്കുള്ള മാപ്പിളെയെ കിട്ടിയ പൂവരശിയെയും അഭിനന്ദിച്ചു. പിടക്കുന്ന വലിയൊരു മീനാണ് അന്ന് രാവിലെ തങ്കവേൽ കടപ്പുറത്ത് നിന്നും വാങ്ങി വന്നത്.  മുറിക്കാനെടുത്ത മീൻ കയ്യിലിരുന്ന് പിടിച്ചപ്പോൾ പൂവരശി ഭയന്ന് പിന്മാറി.
“അപ്പിടിയെ കട്ട് പണ്ണടീ...നമ്മ നരികൊറോർ താനേ..കൊഞ്ചം ധൈര്യം കാമീ..”
ജീവനോടെ തലയറുത്ത് മാറ്റി പൂവരശി മീൻ കഷണങ്ങൾ മസാല ചേർത്തു പൊരിച്ചു.
.
അന്നും പൂവരശി ഉച്ചയൂണ് കഴിക്കാതെ മയങ്ങിപ്പോയി.  കുറച്ചു ദിവസങ്ങളായി ഇതാണ് പതിവ്. ഉച്ചക്കുണ്ണാന്‍ വരാം എന്ന് പറഞ്ഞ് പോകുന്ന തങ്കവേല്‍ തോന്നിയ സമയത്ത് കയറി വരുന്നു.
“എന്നാച്ച്..?”
പൂവരശിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒന്നവള്‍ക്ക് മനസ്സിലാകുന്നുണ്ട്. കല്യാണം കഴിഞ്ഞ നാളുകളില്‍ അവനിലുണ്ടായിരുന്ന ആവേശങ്ങള്‍ അറ്റു പോയിരിക്കുന്നു. അതിരാവിലെ അവന്‍ വീട്ടില്‍ നിന്നുമിറങ്ങുന്നു. സന്ധ്യയോടടുക്കുമ്പോള്‍ കടലില്‍ കുളിച്ച് വരണ്ട ദേഹവുമായി ക്ഷീണിതനായി മടങ്ങിയെത്തുന്നു. പൂവരശി വിളമ്പി വെക്കുന്ന ഭക്ഷണത്തെയോ അവളെയോ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ കട്ടിലിലേക്ക് ചായുന്നു.  അവനെ ചുറ്റുന്ന അവളുടെ കൈകള്‍ സാവധാനം എടുത്തു മാറ്റി “തൂക്കം വറരുത്” എന്നു പറഞ്ഞവന്‍ തിരിഞ്ഞു കിടക്കുന്നു. വാരം രണ്ട് കഴിയവേ പൂരവരശി അപകടം മണത്തു.
കരഞ്ഞു കലങ്ങിയ മനസ്സും കണ്ണുമായി മുന്നില്‍ ഇരിക്കുന്ന പൂവരശിയെ കണ്ട അയല്‍ വീട്ടിലെ പരിമളഅക്കാ അന്തം വിട്ടു. പൂത്തിരി കത്തിച്ചു വെച്ച കണ്ണുമായി ആ  ഗെട്ടിക്കാരി*  ചെന്നെയില്‍ നിന്നും വന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഈ കുറച്ചു ദിവസം കൊണ്ടെന്ത് സംഭവിച്ചു...? അടക്കിപ്പിടിച്ചിട്ടും പിടിവിട്ടു പോയ വലിയ നിലവിളിക്കിടെ ആ പുതുപൊണ്ണ്‍ അവരോട് തേങ്ങിത്തേങ്ങി പറഞ്ഞ് കൊണ്ടിരുന്നു.
“കാവലയ്പ്പെടാതെ കണ്ണേ... പേശാമല്‍ ഇരി.  ഒരേ.. ഒരു മാതം താനേ... ”
പരിമള അക്കാ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ പൂവരശി കുറച്ചു സമയമെടുത്തു. ഒരൊറ്റ മാസം തങ്കവേലിനെ ആ വെള്ളയ്ക്കാരന് വിട്ടു കൊടുത്താല്‍ എന്താണ് കുഴപ്പം എന്നാണവരുടെ ചോദ്യം. അവള്‍ താമസിക്കുന്ന നല്ല ആ വീടും അതിനുള്ളിലെ മറ്റു സൌകര്യങ്ങളും എല്ലാം അയാളുടെയല്ലേ...?.  ഇത് പോലെ ഭാഗ്യം വേറെ ആര്‍ക്ക് കിട്ടും..? എല്ലാ വര്‍ഷവും അയാള്‍ അങ്ങ് അമേരിക്കാവില്‍ നിന്നും വരുന്ന ഒരൊറ്റ മാസം കൊണ്ടാണ് അവന്‍ അവര്‍ക്കിടയിലെ പണക്കാരനായതെന്ന്‍.
തലക്കുള്ളില്‍ തിളച്ചു മറിയുന്ന തിരകളുമായി തോണികള്‍ക്കരികെ മറഞ്ഞിരിക്കുന്ന പൂവരശി. നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളോട് ചേര്‍ത്തു പിടിച്ച വിദേശ നിര്‍മ്മിത ബൈനോക്കുലര്‍. അതിലൂടെ അങ്ങ് കടലിനറ്റത്തു കൂടെ പായുന്ന പൊട്ടു പോലുള്ള തോണികളെയും  അതിനുള്ളിലെ അതിലും പൊട്ടായ മനുഷ്യരെയും തൊട്ടടുത്തേക്ക് കൊണ്ടു വന്ന് തങ്കവേല്‍ അവളെ കാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അവളുടെ മുന്നില്‍ കാഴ്ചകള്‍ തെളിയുകയാണ്. വെള്ളത്തില്‍ തിമര്‍ത്തു രമിക്കുന്ന തങ്കവേലും ജോനാഥനും. അവള്‍ക്കു മുന്നില്‍ കെട്ടടങ്ങിപ്പോയ അവന്റെ അവേശങ്ങള്‍ കൈയ്യെത്തും ദൂരത്ത്‌, ശക്തിയുള്ള ലെന്‍സിന്റെ വ്യക്തതയില്‍ പതിന്മടങ്ങായി കത്തിപ്പടരുന്നു. തലക്കുള്ളിലെ തിളയ്ക്കുന്ന തിരമാലകള്‍ ചൂട് നീരാവിയായി അവളുടെ  രോമകൂപങ്ങളിലൂടെ പുറത്തേക്ക് വന്ന് തുടങ്ങി. പൊള്ളി വിറച്ച പൂവരശിയുടെ രോമങ്ങള്‍ എഴുന്നു നിന്നു.
അന്ന് പകൽ ജോനാഥന്‍ തനിയെയായിരുന്നു. തങ്കവേല്‍ കഠിനമായ പനി ബാധിച്ചു കിടന്ന് പോയിരുന്നു.
“പടുത്തുക്കോ. മരുന്ത്‌ വാങ്കി വറേന്‍.”
വീട്ടില്‍ നിന്നിറങ്ങിയ പൂവരശി ആ നേരമത്രയും എന്ത് ചെയ്യണമെന്നറിയാതെ കടല്‍ക്കരയില്‍ അലയുഞ്ഞു. ദൂരെ ജോനാഥന്‍ നീന്തുന്നത് അവള്‍ക്ക് കാണാം. ആളൊഴിഞ്ഞിടത്ത് കുളിക്കുന്ന  ജോനാഥന്‍റെ അടുത്തവള്‍ എത്തിയപ്പോള്‍ വൈകുന്നേരമായി. തങ്കവേല്‍ മാമന്‍, ഫീവര്‍, മനൈവി, വൈഫ് എന്നൊക്കെ അയാളെ ധരിപ്പിച്ചപ്പോള്‍ അയാള്‍ക്കവളെ മനസ്സിലായി. അവർ ഒരുമിച്ചു കടലില്‍ കുളിച്ചു.  എങ്ങിനെയും തിരികെ സ്വന്തമാക്കാനുള്ള സ്വന്തം പുരുഷനെയോർത്ത് ജോനാഥന്റെ വന്യമായ സ്പർശങ്ങൾ കണ്ണുകള്‍ ഇറുക്കിയടച്ചവള്‍ സഹിച്ചു. കടലിൽ തിമർത്ത് നീന്തിയ ജോനാഥൻ പതിവ് പോലെ സന്ധ്യയുടെ ഇരുളില്‍ കരയിൽ കിടന്ന് പെട്ടെന്നുറങ്ങി. അയാള്‍ പോലുമറിയാതെ, അന്നത്തെ അവളുടെ  അലച്ചിലിന് ഉത്തരമെന്നവണ്ണം.
പൂവരശി കരയിലിരുന്ന ബാഗില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തിയെടുത്ത് ഉറങ്ങി കിടക്കുന്ന ജോനാഥന്‍റെ കഴുത്തിലെ നീല ഞരമ്പുകള്‍ തേടി. സന്ധ്യക്കുദിച്ച പൂർണ്ണചന്ദ്രന്‍റെ വെളിച്ചത്തിൽ തല മുറിഞ്ഞ വലിയൊരു മീനായി ജോനാഥന്‍ അവള്‍ക്ക് മുന്നില്‍. ഒരു പിടച്ചിൽ പോലുമില്ലാതെ.  
ഭാരമുള്ള ആ ശരീരം ആയാസപ്പെട്ട് ‌കടലിലേക്ക് വലിച്ചിഴച്ചപ്പോൾ കടൽ അവള്‍ക്ക് തുണയായെത്തി. തിരകള്‍ക്ക് മേല്‍  തിരകളെത്തി എല്ലാം മറയ്കുന്ന കടലിന്റെ മാന്ത്രിക ജാലം മുട്ടോളം വെള്ളത്തില്‍ പൂവരശി നോക്കി നിന്നു. ഒടുവില്‍ അവളുടെ കാഴ്ചക്കപ്പുറത്തെക്ക് തിരകള്‍ ജോനാഥനേയും കൊണ്ടുള്ള ഊഞ്ഞാലാട്ടം ആരംഭിച്ചപ്പോൾ  ഈറനായി ദേഹത്തൊട്ടിയ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചവള്‍ കാൽ ചുവട്ടിലേക്കിട്ടു. അവ ജോനാഥന് കൂട്ടു പോയപ്പോൾ അതിനടുത്ത തിരയില്‍ അവൾ അപ്പാടെ മുങ്ങിപ്പൊങ്ങി. അവളുടെ ശരീര വടിവുകളിലെ വെള്ളത്തുള്ളികളിൽ പൌര്‍ണ്ണമി തിളങ്ങി. കണ്ണുകളിലെ പൂത്തിരികൾക്ക് അതിലേറെ തിളക്കം. ഒരു വിജയിയുടെ ഉണർവോടെ  വെള്ളത്തിൽ നിന്നും കയറി നിലാവിനെ ഉടുത്ത പൂവശശി വീടിനെ ലക്ഷ്യമാക്കി നടന്നു.
.
ചാരിയിട്ടിരുന്ന വാതില്‍ തുറന്ന്‍ കട്ടിലില്‍ പനിച്ചുറങ്ങി കിടന്നിരുന്ന തങ്കവേലിനെ അവള്‍ ഇറുക്കെ കെട്ടിപ്പിടിച്ചു.
“എന്നാച്ച്..? എന്‍ ഇവളോവ് ലേറ്റ്...? മരുന്ത് എങ്കെ..? എന്‍ ഇന്തമാതിരി ഈറം പട്ട്റിക്ക് ..?”
ഉറക്കം മുറിഞ്ഞ തങ്കവേല്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
“മരുന്ത് വാങ്കിയാച്ച്. ഇത് താന്‍ എന്‍ മരുന്ത്”
ഉപ്പും മണലും തണുപ്പും ചേര്‍ന്ന് കുഴഞ്ഞ പൂവരശി അയാളെ ഇറുകെ പുണര്‍ന്നു കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം പറഞ്ഞു.
**************************************
ഈറര്‍---ബൈസെക്ഷ്വല്‍
തിരുമണം –കല്യാണം
ഗെട്ടിക്കാരി ---- മിടുക്കിക്കുട്ടി

(കഥ മാസിക, ഓഗസ്റ്റ് ലക്കം)



28 comments:

  1. ഈ നശിച്ച ടെമ്പ്ലേറ്റ്‌ ഒന്ന് വേഗം മാറ്റ്‌ ചേച്ചീ.ഒരു രസവുമില്ല.

    ReplyDelete
  2. ചേച്ചീ...നല്ല രസമുണ്ടായിരുന്നു.ഇതിപ്പോൾ ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണു വായിച്ചത്‌.ഭയങ്കര ഇഷ്ടമായി ട്ടോ.ഈ കഥയുടെ ത്രെഡ്‌ എവിടുന്നാണു??ം?

    ReplyDelete
    Replies
    1. മഹാബലി പുരത്തുനിന്ന് തന്നെ😍

      Delete
  3. സൂപ്പർ ആയി റോസിലി

    ReplyDelete
  4. കഥ ഇഷ്ടായി :)

    ReplyDelete
  5. മഹാബലിപുരം പലതവണ പോയിട്ടുള്ളതും ഒരുപാട് ഇഷ്ടമുള്ളതുമായ സ്ഥലമായതുകൊണ്ട് ആ പശ്ചാത്തലത്തിലെ ഈ കഥ ആസ്വദിച്ചുവായിച്ചു.. :-)

    ReplyDelete
  6. ഒടുവിൽ തങ്കവേൽ പൂവരശിക്കു മാത്രം സ്വന്തമായി . നല്ല കഥ . ആശംസകൾ

    ReplyDelete
  7. ഞാൻ വളരെ കുറച്ചേ വായിക്കാറുള്ളൂ.. എന്തുകൊണ്ടോ തിരഞ്ഞു പിടിച്ചു ചില പേരുകളിലെ കൗതുകങ്ങൾ കണ്ടോ ആണ് ഞാൻ വായിക്കുന്നത്.. അവയ്ക്കെല്ലാം ഏകദേശം ഒരേ സ്വാദ് ഉണ്ടാകാറുണ്ട്. അങ്ങനെയൊരിക്കൽ മഞ്ഞു വായിച്ചപ്പോൾ കിട്ടിയ അതേ അനുഭൂതി ഈ വാക്കുകളിലും എനിക്ക് ലഭിച്ചു.. വരികളിലെ അര്ഥത്തിനുമാപ്പുറം ചിന്തിക്കാൻ ഈ ശൈലിക്ക് കഴിഞ്ഞു.. രാത്രിയുടെ നിഗൂഢമായ ശബ്ദ തലത്തിൽ ശാന്തമായി ഒഴുകുന്ന ഒരരുവി പോലെ.. ഈ കഥ.. മനോഹരം... മനോഹരം...

    ReplyDelete
  8. നന്ദി വായനക്കും ഈ കമന്റിനും

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ആദിയാണേ....

    നല്ല കഥ. ഇഷ്ടായി,

    പിന്നെ "മാളികൈയില്‍" ഇത് എന്ത സംഭവം എന്ന് എനിക്ക് മനസ്സിലായില്ല.

    ആശംസകൾ ചേച്ചി

    ReplyDelete
  11. വായനക്ക് നന്ദി

    മാളിക എന്ന വാക്ക് മലയാളത്തിലും ഉണ്ടല്ലൊ. അത് തമിഴിൽ മാളികൈ

    ReplyDelete
  12. എന്ത് രസമാണ് വായിക്കാൻ

    ReplyDelete
  13. നല്ല അസ്സല് കഥ . കുറെയായി ഈ ബ്ലോഗിൽ വന്നിട്ട്..

    ReplyDelete
  14. ആദ്യമായിട്ടാണ് റോസാപൂക്കളിൽ...
    നായാട്ട് വിലക്കില്ലാത്ത കടലിന്റെ അഗാധതയിൽ അയാൾ കാട് തിരഞ്ഞു കാണും...വല്ലാത്തൊരു ഫീല് കിട്ടിയ വരികൾ..
    ഒരുകാലത്ത് വാ വിലക്കപ്പെട്ടതൊക്കെ ഇപ്പോൾ വെളിച്ചം നേടുന്നു..മനോഹരമായെഴുതി.സലാം


    ReplyDelete
  15. "അയ്യയ്യോ...ഇന്ത മൊട്ടയാ ഉങ്ക ഫ്രണ്ട്..?”
    ഈ സംഭാഷണം വായിച്ചപ്പോൾ കഥ വേറെ വഴിക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചത്.. എന്നാൽ ജോനാഥനെ ഇല്ലാതാക്കിയതിന്റെ കാരണം വായനക്കാരനും ബോധ്യപ്പെടും വിധം അവസാനം വരെ ക്ളൈമാക്‌സ് നിലനിർത്തി

    ReplyDelete
  16. ഞെട്ടലോടെയാണ് വായിച്ചുത്തീർത്തത്....
    അവതരണം നന്നായി.
    ആശംസകൾ

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍