10.11.18

നമ്പര്‍ 12, റോസ് വില്ലാസ്


“ഇപ്പോള്‍ ഒറ്റ നില വില്ലകള്‍ക്കാണ് ഡിമാന്റ്. ഇതില്‍ നമ്മള്‍ കണ്ടുവെച്ചിരിക്കുന്ന വീടൊഴികെ മറ്റെല്ലാ വീടുകളും പണിതീരും മുമ്പേ വിറ്റ് പോയി.”

ഊണ് മേശമേല്‍ റോസ് വില്ലാസിന്റെ കളര്‍ പ്രിന്റ്‌ നിവര്‍ത്തി വെച്ച് ഹര്‍ഷന്‍ വിശദമായി തീര്‍ത്ഥയെ പറഞ്ഞു കേള്‍പ്പിച്ചു.

“എങ്കില്‍ നമുക്കത് വേണ്ട ഹര്‍ഷന്‍. ആ വീടിനെന്തെങ്കിലും കുഴപ്പം കാണും. ഈ സിറ്റിയിലാണോ പുതിയ വില്ലകള്‍ക്ക് ക്ഷാമം. നെറ്റില്‍ ഒന്ന് സെര്‍ച്ച് ചെയ്‌താല്‍ പോരെ..?

“കുഴപ്പമുണ്ട് തീര്‍ത്ഥ. അത് കൊണ്ട് തന്നെയാണ് നമ്മളിത് വാങ്ങുന്നത്”.

ഹര്‍ഷന്‍ വലത്തെ മൂലയിലെ പ്ലോട്ടിനെ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.

“നോക്കൂ..ഈ നമ്പര്‍ പന്ത്രണ്ടാണ് നമ്മുടെ വില്ല. പന്ത്രണ്ടര സെന്റ്‌. മൂവായിരം സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില. ഇതിനോട് ചേര്‍ന്ന് ഒരു കോളനിയുണ്ട്. കോളനി എന്ന് പറഞ്ഞാല്‍ ഒരു പക്കാ ദരിദ്രവാസിക്കോളനി. ഏറിയാല്‍ മൂന്നു മാസം. അതിനുള്ളില്‍ ഒഴിഞ്ഞു പൊയ്ക്കോളും. അതിന്റെ കേസും കാര്യങ്ങളും നടക്കുന്നുണ്ട്.

“ഓ..അതാണോ കാര്യം.. ഞാനോര്‍ത്തു വേറെന്തെങ്കിലും സീരിയസ് പ്രശ്നമാണെന്ന്.”

“അത് സീരിയസ് പ്രോബ്ലം തന്നെയല്ലേ...?. അതല്ലേ പണി കഴിഞ്ഞ്  കൊല്ലമൊന്നായിട്ടും ആ വീട് മാത്രം പോകാതങ്ങനെ കിടന്നത്.”

തീര്‍ത്ഥ ശ്രദ്ധയോടെ വീടിന്റെ എലിവേഷന്‍ നോക്കിക്കൊണ്ടിരുന്നു. നീളന്‍ വരാന്തയും ഉരുളന്‍ തൂണുകളും ഓട് പാകിയ മേല്‍ക്കൂരയുമായി  കേരളത്തനിമയില്‍ പണിത മനോഹരമായ വീട്.

“നീ കേള്‍ക്ക് തീര്‍ത്ഥ, ഹര്‍ഷന്‍ ആവേശത്തോടെ തുടര്‍ന്നു ഇതിന്റെ ബില്‍ഡര്‍ ഈ ഒരൊറ്റ വീട് കൊണ്ട് വല്ലാതെ വലഞ്ഞു. കോടികളല്ലേ ഇത് കാരണം ബ്ലോക്കായി കിടക്കുന്നത്. അയാള്‍ പറഞ്ഞ വിലയില്‍ നിന്നും ഇരുപത് ലക്ഷം കുറവില്‍ ഞാനതിന് അഡ്വാന്‍സ് കൊടുത്തു.”

“ങേ...? എന്നിട്ടതിപ്പോഴാണോ പറയുന്നത്..?”  

“ഇടക്ക് നിനക്കൊരു സര്‍പ്രൈസ് വേണ്ടെ.. ഈ വീട് രജിസ്റ്റര്‍ ചെയ്യുന്നതും നിന്റെ പേരിലാണ്.”

“അതൊന്നും വേണ്ട ഹര്‍ഷന്‍. ആരുടെ പേരിലായാലും അത് നമ്മുടെ വീട് തന്നല്ലേ.”

കണക്കിലധികം സ്വത്തുക്കള്‍ സ്വന്തം  പേരില്‍ വരാതിരിക്കാനുള്ള ബുദ്ധി സ്നേഹമായി മാറ്റാനുള്ള ഹര്‍ഷന്റെ ശ്രമം തീര്‍ത്ഥക്ക് മനസ്സിലായി. എങ്കിലും നാളുകള്‍ കൂടി അവര്‍ക്കിടയില്‍ ഒരു സന്തോഷക്കാറ്റ് വീശി. വീട് വാങ്ങുന്നതിലേറെ തീര്‍ത്ഥയെ സന്തോഷിപ്പിച്ചത് അപൂര്‍വമായി മാത്രം കാണാറുള്ള ഹര്‍ഷന്റെ സൌഹൃദ ഭാവമാണ്.

എന്നും രാവിലെ ഓഫീസില്‍ പോകുന്ന ഹര്‍ഷന്‍, അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന അവളുടെ പകലുകള്‍. അവളുടെ ജീവിത ചക്രത്തിലെ ഓരോ  ആരക്കാലുകളും ഹര്‍ഷന്‍ ചിട്ടപ്പെടുത്തി വെച്ചിരിക്കുകയാണ്. അവള്‍ എന്ത് ചെയ്യണം, എവിടെ പോകണം, എന്നൊക്കെ ഹര്‍ഷന്‍ തീരുമാനിക്കും. ഹര്‍ഷന് അതിക്രമിച്ചു കടക്കാന്‍ പറ്റാത്ത ഒരേ ഒരു ഇടം അവളുടെ ചിന്താലോകം മാത്രമാണ്. അവിടെ അവള്‍ ഇഷ്ടങ്ങളുടെ രാജകുമാരിയായി സ്വയം അഭിഷിക്തയാകുന്നു. അവിടത്തെ പ്രജകളും പരിചാരകരും എല്ലാം അവളുടെ ഇഷ്ടങ്ങളാണ്. കല്‍പ്പനകളില്ലാത്ത, കാല്‍പ്പനികതയുടെ ആ ലോകത്തെ അവള്‍ ഏറെ സ്നേഹിക്കുന്നു. ആ ലോകത്തിരിക്കുമ്പോള്‍ അവള്‍ താമസിക്കുന്ന അപ്പര്‍ ക്ലാസ്സ് ഫ്ലാറ്റിന്റെ നിലവാരം മറക്കും. അപ്പോള്‍ വീട്ടു വേലക്കാരി വേണ്ട എന്നും, ക്ലബ്ബിലെ പൊങ്ങച്ചങ്ങള്‍ ബോറടിക്കുന്നു എന്നും പറഞ്ഞ്  ഒരിക്കലും തോറ്റ് തരാത്ത ഹര്‍ഷനോടു തര്‍ക്കിക്കുക വരെ ചെയ്യും.

“തീര്‍ത്ഥ, നോക്ക് നമുക്ക് കുഞ്ഞുങ്ങളില്ലാത്തത് കൊണ്ട് ഉള്‍വലിഞ്ഞു ജീവിക്കുകയാന്നെന്നേ ഇവിടുള്ളവര്‍ പറയൂ. എനിക്കങ്ങനെ എവിടെയും തോറ്റ് കൊടുക്കുന്നതിഷ്ടമില്ല എന്ന് നിനക്കറിഞ്ഞു കൂടെ..?”

ഹര്‍ഷന്റെ ഗൗരവമുള്ള ഓര്‍മ്മപ്പെടുത്തലുകളില്‍ അവള്‍ വേഗം ശാന്തയാകും. കാരണം അവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമങ്ങനെ അനാവശ്യ ശബ്ദങ്ങള്‍ ഉയരാറില്ല. അത് കൊണ്ട് തീര്‍ത്ഥ ചുണ്ടുകള്‍ ഇറുക്കെ ചേര്‍ത്ത് വെച്ച് ഏതെങ്കിലും പുസ്തകം എടുത്ത് വായിക്കുന്നതായി ഭാവിക്കും. എങ്കിലും  കോളനിയിലെ എല്ലാ കാര്യങ്ങളിലും അവള്‍ സജീവ പങ്കാളിയാകും. ലേഡീസ് ക്ലബ്ബിലെ കിറ്റി പാര്‍ട്ടിയില്‍ നടക്കുന്ന ‘തംബോല’ കളിയില്‍ ധാരാളം പ്രൈസ് അടിച്ചെടുക്കും

പിറ്റേന്ന് വൈകുന്നേരം ഹര്‍ഷനോടൊപ്പം റോസ് വില്ലാസില്‍ ചെന്നിറങ്ങുമ്പോള്‍ ബില്‍ഡര്‍ ഡേവീസ് അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു.

“കോളനിക്കാരുടെ ശല്യം അധികം നാള്‍ കാണില്ല മാഡം. കേസില്‍ അവര്‍ തോല്‍ക്കും, ഉറപ്പല്ലേ.”

കോളനിയോടു ചേര്‍ന്നുള്ള ഭാഗത്തെ മതിലിന് എന്തെന്നില്ലാത്ത പൊക്കം. അതിനു മുകളിലെ ചുവന്ന ചായം തേച്ച കൂര്‍ത്ത കമ്പികള്‍ അതിനപ്പുറത്ത് ഒരു ലോകമില്ല എന്ന് തോന്നിപ്പിച്ചു.

“കോളനിക്കാരുമായുള്ള കേസ് ജയിക്കുമോ എന്ന് സംശയം ഉള്ള സമയത്താണ് ഈ വില്ലകളുടെ പണി തുടങ്ങിയത്.  അതാ ഈ മതിലിന് ഇത്ര പൊക്കവും ഇരുമ്പ് കമ്പിയും. കേസിന്‍റെ വിധി വന്നുകഴിഞ്ഞാല്‍ മതില്‍ ഞാന്‍ തന്നെ മോഡിഫൈ ചെയ്തു തരാം.”



അതിരോ വേലിയോ ഇല്ലാതെ കാടു പിടിച്ചു കിടന്നിരുന്ന ‘ദുബായ്ക്കാരന്റെ പറമ്പും’ ആ കോളനിയും കാലങ്ങളോളം ഒന്നായി ചേര്‍ന്നു കിടന്നു. ദുബായ്ക്കാരന്‍റെ പറമ്പെന്ന് പറഞ്ഞാല്‍ മരിച്ച് പോയ പെരുമറ്റത്തില്‍ സക്കറിയാച്ചന്‍ ഇളയ മകന്‍ ജോമോന് വീതം കൊടുത്ത സ്ഥലം. അതിന് വേലിയോ കോലമോ ഇല്ലാത്തതിന്‍റെ ഗുണം കോളനിക്കാര്‍ക്ക് തന്നെയായിരുന്നു. വറ്റാത്ത കുളം, വെളിക്കിരിക്കാന്‍ പൊന്ത മറകള്‍, ഇടക്ക് വീഴുന്ന തേങ്ങ, ഓലമടലുകള്‍, വര്‍ഷാവര്‍ഷം ഉണ്ണി പിടിക്കുന്ന മാവുകള്‍. എല്ലാം അവര്‍ക്ക് സ്വന്തം.

ആ പറമ്പിന്റെ പുറകിലെ താമസക്കാരനായ സഹദേവന്‍ മാഷാണ്  ശരിക്കും പൊറുതി മുട്ടിയിരുന്നത്. ഒന്നാമതു കോളനിക്കാരുടെ  അപ്പി നാറ്റം മുഴുവനും സഹിക്കണം. പിന്നെ ചക്ക, തേങ്ങ, മാങ്ങ എന്നിവയുടെ അവകാശ തര്‍ക്കങ്ങള്‍ക്കിടയിലെ തെറി വിളികള്‍. തെറി എന്ന് പറഞ്ഞാല്‍ പച്ചത്തെറി. ഇടക്ക് കാടും പടലവും കടന്ന്‍ മാഷിന്റെ പറമ്പില്‍ വിരുന്നു വരുന്ന വിവിധയിനം പാമ്പുകളും.

ജോമോന് വീതം കിട്ടിയ ശേഷമാണ് ആ പറമ്പിനീ ദുര്‍ഗതി വന്നത്. കോളനിയിരിക്കുന്ന സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമറ്റത്തില്‍ സക്കറിയാച്ചന്‍ അവര്‍ക്ക് കുടികിടപ്പവകാശം കൊടുത്തതാണ്. അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി ഇപ്പോള്‍ താമസിക്കുന്നവരും പെരുമറ്റത്തില്‍ കുടുംബവുമായി യാതൊരു സമ്പര്‍ക്കവുമില്ല. സക്കറിയാച്ചന്‍ മരിച്ച് പറമ്പ് ജോമോന്റെ കയ്യില്‍ വന്നതോടെ അത് കാടു കേറി നാശമായി. അപ്പന്റെ ഇഷ്ടത്തിനെതിരായി നായരിച്ചി പെണ്ണിനെ കെട്ടിയതിന്റെ ദേഷ്യത്തിനാണ് വേറെ മക്കള്‍ക്കാര്‍ക്കും വേണ്ടാത്ത ആ സ്ഥലം ജോമോന്  കൊടുത്തതെന്നും ആ വാശി തീര്‍ക്കാനാണ് അയാള്‍ അത് തിരിഞ്ഞു നോക്കാത്തതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പക്ഷേ, പെട്ടെന്ന് നാട്ടില്‍ ഇത്ര പുരോഗമനം വരുമെന്നും ആ പറമ്പിനടുത്ത്  വന്‍ പദ്ധതികള്‍ വരുമെന്നുമൊക്കെ ആരറിഞ്ഞിരുന്നു....? നോക്കി നിന്ന സമയത്താണ് അവിടം കേറിയങ്ങ് തെളിഞ്ഞത്. അപ്പന്‍റെ പത്താം ചരമ വാര്‍ഷികത്തിന് നാട്ടില്‍ വന്ന ജോമോന് വാശിയും ദേഷ്യവും ഒട്ടൊന്നടങ്ങിയിരുന്നു. പറമ്പൊന്ന്‍ വെട്ടിത്തെളിച്ചിടാമെന്ന് വിചാരിച്ച് അവിടെയെത്തിയ ആയാള്‍ ചുറ്റുമുള്ള മാറ്റം കണ്ടമ്പരന്നു പോയി. മനോഹരമായ കെട്ടിടങ്ങള്‍, ഫ്ലാറ്റുകള്‍. അതിനിടക്ക് തലയ്ക്കൊപ്പം കാടുപിടിച്ചു കിടക്കുന്ന അയാളുടെ ഒരേക്കര്‍ പറമ്പും തൊട്ടടുത്ത് അപശകുനമായി  ആ കോളനിയും. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ബന്ധു കൂടിയായ ബില്‍ഡര്‍ ഡേവീസിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് സന്തോഷത്തോടെയാണ് അയാള്‍ തിരിച്ച് പോയത്.

അതോടെ സഹദേവന്‍ മാഷുടെ ഉള്ള സമാധാനം കൂടി പോവുകയാണുണ്ടായത്. ഒരു സുപ്രഭാതത്തില്‍ ജെ സി ബിയുടെ അലര്‍ച്ച കേട്ട്  പുറത്തിറങ്ങിയ മാഷും ഭാര്യയും അന്തം വിട്ടു. കാടുകേറി കിടന്ന പറമ്പില്‍ നിറയെ പണിക്കാരും അതിനൊത്ത ആരവങ്ങളും!!! ഒരു ദിവസത്തെ പണി കഴിഞ്ഞപ്പോള്‍ത്തന്നെ അവിടം മുഴുവന്‍ പൊടിയില്‍ കുളിച്ചു. വൈറ്റ് വാഷ് ചെയ്ത് നല്ല തൂവെള്ള നിറത്തിലിരുന്ന മാഷിന്റെ വീടിന് ഇഷ്ടിക നിറമായി. കുറച്ചു പൈസ നഷ്ടപരിഹാരം കൊടുത്ത് സഹദേവൻ മാഷിനെ ഡേവീസ് സമാധാനിപ്പിച്ചു നിർത്തി.

പക്ഷെ പടിഞ്ഞാറെ അതിരിലെ കോളനിക്കാരാണ് നട്ടം തിരിഞ്ഞത്. അവരുടെ കുളിയും വെളിക്കിരിക്കലും തടസ്സപ്പെട്ടു. അവര്‍ ആരോടും പരാതിക്ക് പോയില്ല. ആരോടു പറയാന്‍....? അവര്‍ കിടക്കുന്ന ആ പറമ്പ് പോലും സക്കറിയാച്ചന്‍റെതല്ലേ.

കുറച്ചധികം ദിവസം വേണ്ടി വന്നു അതൊന്ന് നിരപ്പാക്കിയെടുക്കാന്‍. പിന്നീടത് പല അളവുകളിലെ പ്ലോട്ടുകളായി തിരിച്ചു. പ്ലോട്ടുകളുടെ  ഇടയിലൂടെയുള്ള വഴിയും ടാറിട്ട് മനോഹരമാക്കി. ഓരോ പ്ലോട്ടിലും മനോഹരമായ വില്ലകളും ഒരു കൊല്ലം കൊണ്ട് ഉയര്‍ന്നു കഴിഞ്ഞു. ഒരു ഭാഗത്ത് ഇരു നില വില്ലകളും ഒരു ഭാഗത്ത് ഒറ്റനില വില്ലകളും. ചൂടപ്പം പോലെയാണ് വീടുകള്‍ വിറ്റ് പോയത്. ഒടുവില്‍ കോളനിയോട് ചേര്‍ന്നു കിടന്ന രണ്ടു വീടുകള്‍ മാത്രം അവശേഷിച്ചു. ഇനിയിപ്പോ ഒരേ ഒരു വീടുമാത്രം. പന്ത്രണ്ടാം നമ്പര്‍ വില്ല. മറ്റു വീടുകളില്‍ ആളുകള്‍ എപ്പോഴേ താമസം തുടങ്ങിക്കഴിഞ്ഞു.

പക്ഷെ ആ കോളനി.... പൊട്ടിപ്പൊളിഞ്ഞ തകര ഷീറ്റും പല നിറത്തിലെ പ്ലാസ്റ്റിക് മേല്‍ക്കൂരയുമായി റോസ് വില്ലാസിന്‍റെ സര്‍വ പ്രൌഡിയും നശിപ്പിക്കുന്ന കീറാമുട്ടികള്‍.... അതെങ്ങനേയും ഒഴിപ്പിക്കാനുള്ള നിയമ നടപടിയുടെ പുറകെയാണ് ഡേവീസിപ്പോള്‍. മൂന്ന്‍ കുടുംബങ്ങള്‍ക്ക് പത്ത് സെന്റ്‌ വീതമാണ് സക്കറിയാച്ചന്‍ കൊടുത്തതെങ്കില്‍ അതിപ്പോള്‍ പത്തുപന്ത്രണ്ട് കുടുംബങ്ങളായി കഴിഞ്ഞിരിക്കുന്നു. ഇത്രയും കൊല്ലം അവിടെ കഴിഞ്ഞെങ്കിലും ഗതി പിടിക്കാതെ, അന്നന്നത്തെ അപ്പവുമായി അവര്‍ ഉണ്ടുറങ്ങി.  

ശരിയായ രേഖയൊന്നും ഇല്ലാതെയാണത്രേ അതുങ്ങള്‍ അവിടെക്കേറി താമസമാക്കിയത്. സക്കറിയാച്ചന്‍ കൊടുത്തു എന്ന് പറയുന്നതല്ലാതെ സ്ഥലത്തിന്റെ  രേഖയെപ്പറ്റി ഇപ്പോഴത്തെ തലമുറക്ക് ഒരു പിടിയുമില്ല. ആരോട് ചോദിക്കാന്‍...? മരിച്ച് ചാരമായിപ്പോയ പൂര്‍വികരോടോ...? അതോ പള്ളിക്കല്ലറയില്‍ മണ്ണടിഞ്ഞ സക്കറിയാച്ചനോടോ..?

“ഒന്നും അറിയാത്ത പോലെ ഇരുന്നോ അവടെ...വടീം കുത്തിപ്പിടിച്ച്. കൂടും കുടുക്കയുമായി എറങ്ങുമ്പോ അറിഞ്ഞോളും..”

കോളനിയിലെ വീടിന്റെ പൊട്ടിപ്പൊളിഞ്ഞ വരാന്തയിൽ ഇരുന്നു പുകല തിന്നുന്ന ചീരാനെ നോക്കി പേരക്കുട്ടി സുര പിറുപിറുത്തു.

“ഫാ...”

ദുര്‍ബലമായ ശബ്ദത്തില്‍ ചീരാന്‍ ഒന്നാട്ടി.

“പത്തറുപത് കൊല്ലം മുമ്പ് പെരുമറ്റത്ത് സക്കറിയാച്ചന്‍ തന്ന പറമ്പീന്ന്‍ എറക്കണത് ഒന്ന്‍ കണ്ടിട്ടേ ഒള്ളൂ”.

കേസും കൂട്ടവുമായി പോകാന്‍ കാശില്ലാത്ത കോളനിക്കാര്‍ ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ആ ‘അപശകുനം’ അവിടെ നിന്ന്‍ പോകേണ്ടത് നാട്ടുകാരുടെയും ആവശ്യമായിരുന്നത് കൊണ്ട് ചാനല്‍കാരോ പത്രക്കാരോ  അത് ഏറ്റുപിടിച്ചില്ല. ഇനിയെന്ത്...? എന്ന ഉത്തരമില്ലാത്ത ചോദ്യവുമായി കോളനിയില്‍ ദിവസങ്ങള്‍ ഇരുണ്ടു വെളുത്തു.

കുറഞ്ഞ ദിവസം കൊണ്ട് തീര്‍ത്ഥ വീട് സെറ്റ് ചെയ്തു കഴിഞ്ഞു. പുതിയ അയല്‍ക്കാര്‍, പുതിയ പരിസരം പുതിയ നാട്. എന്തിന് ഹര്‍ഷന്‍ പോലും പുതുതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു ദിവസം വൈകിട്ട് അവള്‍ ലോണില്‍ നില്‍ക്കുമ്പോഴാണ് കോളനിയില്‍ നിന്നും പതിവ് പോലെ തെറിയഭിഷേകം. ഇടക്ക് കുട്ടികളുടെ അലറിക്കരച്ചിലും. ഉയര്‍ത്തിക്കെട്ടിയ മതിലിനെയും അതിന്റെ മുകളിലെ കൂര്‍ത്ത കമ്പികളെയും തെല്ലും വക വെക്കാതെ അശ്ലീലങ്ങളുടെ അരോഹണവരോഹണങ്ങള്‍ റോസ് വില്ലയുടെ കോമ്പൌണ്ടു കറങ്ങിയിറങ്ങി.

“കേറിപ്പോ അകത്ത് ...നാണമില്ലേ ഈ ഭരണിപ്പാട്ട് കേട്ടു നില്‍ക്കാന്‍...”

ജോലി കഴിഞ്ഞെത്തിയ ഹര്‍ഷന്റെ ദേഷ്യം തീര്‍ത്ഥയോടായി. അയല്‍പക്കത്തെ തെറിയഭഷേകത്തിന്റെ കാരണം അവളാണെന്ന ഭാവമായിരുന്നു അയാള്‍ക്കപ്പോള്‍.

ഇരുപത് ലക്ഷം ലാഭത്തിന് വില്ല വാങ്ങാന്‍ തോന്നിയ ബുദ്ധിയെ അയാള്‍ സ്വയം പഴിച്ചു. അന്നവരുടെ വീട്ടില്‍ ആകെ ഒരു താളം തെറ്റാലായിരുന്നു. കോളനിക്കാരുടെ ശല്യം ഓര്‍ക്കുമ്പോഴൊക്കെ ഹര്‍ഷന് കലി കയറി.

“എങ്ങനെയെങ്കിലും ആ കോടതി നടപടികള്‍ ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു. ഈ നാശങ്ങളെക്കൊണ്ടു തോറ്റു.”

കോളനിക്കാര്‍ ഒഴിഞ്ഞു പോകുമ്പോള്‍ മതിലിനപ്പുറം വരാന്‍ പോകുന്ന മൂകത തീര്‍ത്ഥയെ വല്ലാതെ തളര്‍ത്തി. വൈകുന്നേരങ്ങളില്‍ സ്കൂള്‍ വിട്ടു വരുന്ന കുട്ടികളുടെ കളിചിരികള്‍, ചിണുങ്ങലുകള്‍, കലമ്പലുകള്‍.....ആ കുഞ്ഞു ശബ്ദങ്ങള്‍  അവളെ കുറച്ചു ദിവസങ്ങളായി മതിലിനപ്പുറത്തേക്ക് ആകര്‍ഷിക്കുന്നുണ്ടായിരുന്നു.

ഒരു വൈകുന്നേരം മടിച്ചു മടിച്ചാണ് തീര്‍ത്ഥ കോളനിയിലേക്ക് ചെന്നത്. പേന്‍ നോക്കി അലസരായി വീടിനു മുന്നിലിരുന്ന പെണ്‍കൂട്ടം മുന്നില്‍ നില്‍ക്കുന്ന  വിരുന്നുകാരിയെ കണ്ടമ്പരന്നു. മതിലപ്പുറത്ത് അവള്‍ കേട്ട് പരിചയിച്ച കുഞ്ഞു ശബ്ദങ്ങളുടെ ചെളിപിടിച്ച രൂപങ്ങള്‍ അവര്‍ക്ക് കിട്ടിയ തിളങ്ങുന്ന കടലാസിനുള്ളിലെ വിലയേറിയ ചോക്ലേറ്റ് കണ്ട് കണ്ണ് മിഴിച്ചു. കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളും മധുരങ്ങളുമായി തീര്‍ത്ഥ അവര്‍ക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്ന ദിവസങ്ങളിലൊരുനാള്‍ കോളനിക്കാരും റോസ് വില്ലാസും തമ്മിലുള്ള കേസ് വിഷയം അവള്‍ അവര്‍ക്ക് മുന്നില്‍ എടുത്തിട്ടു. അവരെ ഒഴിപ്പിക്കാതിരിക്കാന്‍ വഴി കണ്ടുപിടിക്കാം എന്ന വാഗ്ദാനം തുറിപ്പിച്ച കണ്ണുകളോടെയാണവര്‍ കേട്ടു നിന്നത്. മതിലിന് ചേര്‍ന്ന് നില്‍ക്കുന്ന വീട്ടുകാരിയാണെന്ന തീര്‍ത്ഥയുടെ വെളിപ്പെടുത്തലില്‍ കോളനി പെണ്ണുങ്ങള്‍ രാക്ഷസികളായി. അവരുടെ സൗഹൃദം നിമിഷങ്ങള്‍ കൊണ്ട് മാഞ്ഞു കഴിഞ്ഞു.

“അതേയ്..കോടതി പറയുമ്പോ ഞങ്ങള് പൊക്കോളാം...അതിനും മുമ്പേ ഓടിക്കാനുള്ള ഈ അടവ് ഇവിടെ വേണ്ടാ...ട്ടാ.... കൊച്ചുങ്ങള്‍ക്ക് മൊട്ടായീം കളിപ്പാട്ടോം തന്ന് മയക്കണ വേല അങ്ങ് കയ്യീ വെച്ചോ...”

നേരമേറെ കഴിഞ്ഞിട്ടും മതിലിനപ്പുറത്തു നിന്നുള്ള അടങ്ങാത്ത പ്രതിഷേധങ്ങള്‍ തീര്‍ത്ഥ നിരാശയോടെ കേട്ടു നിന്നു.

റോസ് വില്ലാസിലെ ചില്ലറ ജോലികളും ബാക്കിയുള്ള സമയം സൈക്കിളില്‍ ചുറ്റിയടിക്കലുമായി നടക്കുന്ന സുരേഷ് എന്ന സുരയെയാണ് തീര്‍ത്ഥ പിന്നീട് കയ്യിലെടുത്തത്. അവനെയും കൂട്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ ഹര്‍ഷനറിയാതെ അവള്‍ കയറിയിറങ്ങി. അറുപത്തഞ്ചു കൊല്ലം മുമ്പുള്ള കടലാസുകള്‍ തരപ്പെടുത്തുക എന്ന് കേട്ടപ്പോഴേ സുര പിന്‍വലിയാന്‍ നോക്കി.

“പോണേല്‍ അങ്ങ് പോട്ടെ മാഡം..”ഇവര്‍ക്ക് കാശു കൊടുക്കാനൊന്നും എന്റെയിലില്ല”

അവനെ അനുനയിപ്പിച്ച് നിര്‍ത്താല്‍ കുറച്ചു കഷ്ടപ്പെടെണ്ടി വന്നു.

അങ്ങനെ നീണ്ട പരിശ്രമത്തിനൊടുവില്‍ കടലാസുകള്‍ കയ്യില്‍ കിട്ടിയപ്പോഴാണ് തീര്‍ത്ഥയെയും കോളനിക്കാരെയും ഒരു പോലെ ഞെട്ടിച്ച ആ വിവരം പുറത്ത് വന്നത്. കോളനിയിലെ സ്ഥലം കൂടാതെ റോസ് വില്ലാസിലെ കുറച്ചു സ്ഥലം കൂടി കോളനിക്കാരുടെയാണത്രേ. ഹര്‍ഷന്റെയും അതിനടുത്ത വീടിന്റെയും പുത്തകിടിയെയും പൂച്ചെടികളെയും വിഴുങ്ങി, കിടക്ക മുറികളുടെ ഭിത്തിയെ തൊട്ടു തൊട്ടില്ലെന്ന നേര്‍ രേഖയിലൂടെ പുതിയ അതിര് നിര്‍ണ്ണയിക്കപ്പെട്ടു!!!!! എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്.

“ആ കുഞ്ഞിന്റെ കെട്ട്യോന്‍ കാശു കൊടുത്ത് വാങ്ങിയ സ്ഥലം നമുക്ക് വേണ്ട. ഇപ്പൊ ഒള്ളത് കയ്യീ കിട്ടിയല്ലോ അത് മതി.”

മതിലിനപ്പുറത്ത് നിന്നുമുള്ള ഉറച്ച ശബ്ദങ്ങള്‍ കേട്ട് അതിലെ ചുവന്ന കൂര്‍ത്ത കമ്പികള്‍ക്ക്‌ ലജ്ജ തോന്നി. തല താഴ്ത്താനാവാത്ത വിധം തങ്ങളെ ഉറപ്പിച്ചു പിടിപ്പിച്ചതിലെ നിസ്സഹായതയില്‍ അവ വിഷണ്ണരായി.

കള്ളരേഖ കാണിച്ച് വീട് തന്ന ഡേവീസിനെതിരെയായിരുന്നു ഹര്‍ഷന്റെ രോഷം.

“നിങ്ങളുടെ കാശു ഞാന്‍ തിരികെ തരാം ഹര്‍ഷാ.... പക്ഷെ അതിന് മുമ്പ്  അറുപത്തഅഞ്ചു കൊല്ലത്തെ കടലാസ് തപ്പിക്കൊണ്ടുവരാന്‍ അവരെ സഹായിച്ച നിങ്ങളുടെ ഭാര്യയെ നിലക്ക് നിര്‍ത്ത്. അവരുടെ പേരിലാണ് ആ വീടെന്ന ബോധം പോലും അവര്‍ക്കില്ലായിരുന്നോ...? ഇത്രക്ക് വിവരക്കേട് ലോകത്തിലാരെങ്കിലും കാണിക്കുമോ...? ”

ഹര്‍ഷന്റെ കണ്ണ് മിഴിഞ്ഞു. ഒരു കൊടുങ്കാറ്റ് പോലെയാണ് അയാള്‍ ഡേവീസിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും ഇറങ്ങിപ്പോയത്.

ധൃതിയില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത വൈകുന്നേരം കാറിരപ്പിച്ച് ഇറങ്ങിപ്പോയ ഹര്‍ഷനെ നോക്കി തീര്‍ത്ഥ ബാല്‍ക്കണിയില്‍ അനങ്ങാതെ നിന്നു. അയാള്‍  അവള്‍ക്ക് നേരെ വലിച്ചെറിഞ്ഞ വീടിന്റെ രേഖകളടങ്ങിയ കടലാസുകള്‍ അപ്പോഴും അവളുടെ കാല്‍ച്ചുവട്ടില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു.

തീര്‍ത്ഥ സാവധാനം ആ കടലാസുകള്‍ ഒന്നൊന്നായി എടുത്തു നോക്കി. വീടിന്റെ പ്രമാണം, ഡേവീസിനു കൊടുത്ത കാശിന്റെ രേഖകള്‍, വീടിന്റെ പ്ലാന്‍, എലിവേഷന്‍. അങ്ങനെ എല്ലാം. സമയമെടുത്ത് ക്രമമായി അടുക്കി അവള്‍ പന്ത്രണ്ടാം നമ്പര്‍ വീടിനെ ഭദ്രമായി പിന്‍ ചെയ്തു വെച്ചു.

എന്നിട്ടും ഒടുവില്‍ ഒരു കടലാസ് മാത്രം ബാക്കിയായി. വെള്ളക്കടലാസില്‍ നിറയെ നിറങ്ങള്‍ കോരിയൊഴിച്ച് സ്കെച്ച് പെന്‍ കൊണ്ട് വരച്ച ഒരു ചിത്രം. അത് ഹര്‍ഷന്‍ അവള്‍ക്ക് നേരെ കടലാസ് കെട്ട് വലിച്ചെറിയുന്നതിനും മുമ്പേ ആ ബാല്‍ക്കണിയില്‍ കിടപ്പുണ്ടായിരുന്നു. കോളനിയിലെ കുട്ടികള്‍ അന്നവളുടെ മുറ്റത്ത് കളിക്കാന്‍ വന്നപ്പോള്‍ വരച്ചു വെച്ചു പോയതാണത്. അവളുടെ പന്ത്രണ്ടാം നമ്പര്‍ വില്ലയുടെ ചിത്രം. അതില്‍ ചെടികള്‍ക്കിടയില്‍ പിങ്ക് ചുരിദാറിട്ട തീര്‍ത്ഥയും.  അത് കൈയ്യിലെടുത്തപ്പോള്‍ ചിത്രത്തിലെ കൂര്‍ത്ത ഇരുമ്പ് കമ്പികളിലുടക്കി അവളുടെ കണ്ണ് പുളിച്ചു.

കുറച്ചു ദിവസങ്ങള്‍ കൊണ്ട് സ്കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളില്‍ സെക്യൂരിറ്റിയുടെ കണ്ണ് തുറിച്ചുള്ള പേടിപ്പിക്കലിനെയും മറികടന്നു പന്ത്രണ്ടാം നമ്പര്‍ വീട്ടിലേക്ക് വരാനുള്ള ധൈര്യം അവൾ അവര്‍ക്കുണ്ടാക്കി കൊടുത്തിരിക്കുന്നു. മതിലിനപ്പുറത്തെ കലപില ശബ്ദങ്ങള്‍ തീര്‍ത്ഥയുടെ മുറ്റത്ത് പൂത്തിരികളായി പൊട്ടിച്ചിതറി. സ്കെച്ച് പേനയുടെ കവര്‍ കയ്യില്‍ കൊടുത്തപ്പോഴുള്ള അവരുടെ അമ്പരപ്പ്,  പതുപതുത്ത കേക്ക് കഷണങ്ങള്‍ കണ്ടപ്പോഴുള്ള അത്ഭുതം കലര്‍ന്ന കൊതി നോട്ടങ്ങള്‍ ഒക്കെ അവളുടെ വൈകുന്നേരങ്ങള്‍ക്ക് കൂട്ടായി.

പിന്‍ ചെയ്തു വെച്ച കടലാസ് കൂട്ടത്തില്‍ നിന്നും വീടിന്റെ എലിവേഷന്‍ ചിത്രം അടര്‍ത്തിയെടുത്ത് തീര്‍ത്ഥ  മുറ്റത്തേക്കിറങ്ങി. വീടിന് നേരെ തിരിഞ്ഞ് കുട്ടികള്‍ വരച്ച ചിത്രവും എലിവേഷന്‍ ചിത്രവും താരതമ്യം ചെയ്തു നോക്കി. ഇതില്‍ ഏതാണ് യഥാര്‍ത്ഥ പന്ത്രണ്ടാം നമ്പര്‍ വീട്...? അവൾക്ക് മുകളിൽ കൊടും വേനലിന്റെ ആകാശം കാറ് കൊണ്ടു കറുത്തിരുണ്ടു കൂടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചുട്ടുപൊള്ളുന്ന പുഴുക്കത്തിലേക്ക് വീശിയടിച്ച ചെറുകാറ്റിനൊപ്പം വേനല്‍ മഴയുടെ ആദ്യ തുള്ളി ഭൂമിയിലേക്ക് പതിച്ചത്. സ്കെച്ച് പേനയുടെ കളറുകള്‍ വാരിത്തേച്ച  കടലാസിലെ ചുവന്ന ഇരുമ്പ് കമ്പിയിലാണ് ആ തുള്ളി വീണു ചിതറിയത്. പിന്നാലെ വീണ്ടും വീണ്ടും വലിയ വലിയ തുള്ളികള്‍, കാറ്റിന്റെ സുഖമുള്ള തണുപ്പ്, പുതുമഴയുടെ കുളിര്. തീര്‍ത്ഥയും എലിവേഷന്‍ ചിത്രവും കളര്‍ കടലാസും പതുക്കെ നനഞ്ഞു തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കൂര്‍ത്ത കമ്പികളുള്ള മതില്‍ ചിത്രത്തില്‍ നിന്നും പൂര്‍ണ്ണമായി അലിഞ്ഞു പോകുന്നത് അവള്‍ ആഹ്ലാദത്തോടെ നോക്കി നിന്നു. ആ സന്തോഷത്തില്‍ ചിത്രത്തിലെ മറ്റു ഭാഗങ്ങളോ നനഞ്ഞു കുതിര്‍ന്ന എലിവേഷന്‍ ചിത്രമോ ചുറ്റും ആര്‍ത്തലച്ച പെരുമഴയോ അവള്‍ കണ്ടില്ല.

---------------------------------

31 comments:

  1. ഒറ്റയിരുപ്പിന് വായിച്ചൂട്ടോ...

    തീർത്ഥയുടെ നിഷ്കളങ്കത കാരണം സ്വന്തം ജീവിതം പെരുവഴിയിലായില്ലേ എന്നൊരു സന്ദേഹം... :(

    ReplyDelete
  2. ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.. ഹൃദയസ്പർശിയായ അവതരണം.. ആശംസകൾ

    ReplyDelete
  3. തിർത്ഥ തിർത്തോരു ഒറ്റപ്പെടൽ
    എങ്കിലും കോളനിക്കാർ രക്ഷപ്പെട്ടപ്പോ
    നല്ല കഥ
    ഇടയ്ക്ക് ഇത്തിരി വലിച്ചിൽ ഫീൽ ചെയ്തു

    ReplyDelete
  4. കടലാസിലെ സ്കെച്ച് മാത്രമല്ലേ മഴത്തുള്ളികൾക്ക് മായ്ക്കുവാൻ കഴിയൂ ..!,
    മനസ്സിനുള്ളിൽ ആ സ്‌കെച്ചുള്ളതുകൊണ്ടല്ലേ , ഈ റോസ് വില്ലയെ കുറിച്ച്
    റോസ് എന്ന എഴുത്തുകാരിക്ക് ഇത്ര ഗഹനമായി എഴുതുവാൻ കഴിഞ്ഞത് ...!!

    ReplyDelete
  5. നല്ല കഥ. പക്ഷെ അവസാനം തീർത്ഥ തീർത്തും ഒറ്റപ്പെട്ടുപോയില്ലേ..!! ഇതിനു സമാനമായ ഒരു വീടറിയാം . ഇതുപോലെ പുതുതായി പണിത ഒരു
    ഇരുനിലമാളിക ....അതിനോട് അടുത്ത് ഒരുചെറിയ കുടിൽ ...പുറമ്പോക്കിൽ...
    അവിടുത്തെ ചില പ്രശ്നങ്ങൾ മൂലം ഇരുനിലമാളികക്കാരുടെ അസ്വസ്ഥത... ഇവർ വേഗം ഒന്നൊഴിഞ്ഞുകിട്ടാൻ പ്രാർത്ഥിക്കുന്ന ഇക്കൂട്ടർ .. ഈ കഥ വായിച്ചപ്പം ആ വീടാണോർമ്മ വന്നത്.

    ReplyDelete

  6. സക്കറിയാച്ചനും ജോമോനും ഉൾപ്പടെയുള്ള കഥാപാത്രങ്ങളും വസ്തുവിന്റെ ഡീറ്റെയിൽസും അല്പം കൂടി ഒതുക്കി പറഞ്ഞാൽ മതിയായിരുന്നെന്നു തോന്നി. ആ ഭാഗത്ത് കേന്ദ്രകഥാപാത്രങ്ങളെ മറന്നപോലെ അൽപനേരം കഥ കൈവിട്ടുപോയ്. ശേഷം തിരികെപ്പിടിച്ചു.

    ReplyDelete
  7. ഇഷ്ടം നല്ലെഴുത്ത്

    ReplyDelete
  8. ഇഷ്ടം ഈ നല്ലെഴുത്തിനോട്..
    പലവഴിയോടുന്ന പലവിധ ജീവിതങ്ങൾ..
    അഭിനന്ദനങ്ങൾ

    ReplyDelete
  9. കഥ നന്നായി

    ReplyDelete
  10. പ്രമേയത്തിൽ പുതമ ഒന്നും തോന്നിയില്ലെങ്കിലും ഭാഷാ ലാളിത്യത്തിന്റെ ഭംഗിയിൽ ശാന്തമായ ഒഴുക്കിനായിരുന്നു പ്രാധാന്യം തോന്നിയത്.

    ReplyDelete
  11. നീണ്ട കഥയെങ്കിലും ഹൃദയ സ്പര്‍ശിയായി.എല്ലാവരും പറഞ്ഞപോലെ അവസാനം തീര്‍ത്ഥ ഒറ്റപ്പെട്ടു.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Yet another well written story.
    Though it was a bit long narration for a story, it was not boring. At the same time I felt a a bit valichuneetal pole thonni chilayidangalil! Athrayum venamaayirummo yennoru thonnal vaayanakkidayil thonni, yenkilum closing is good
    Keep writing.
    Best Regards
    Philip Ariel

    ReplyDelete
  14. മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
    Ithukondaanathu thurannu paranjathu
    സസ്നേഹം
    P V

    ReplyDelete
  15. നല്ല കഥ. തീർത്ഥയുടെ കഥയുടെ ഇടയിൽ കോളനിയിലെ ജീവിതങ്ങളും. കോളനി ജീവിതം വരച്ചത് അൽപ്പം കൂടിയോ എന്നൊരു സംശയം. കാരണം അത് വളരെ കൂടുതൽ വിവരിച്ചു. എതിരോ വേലിയോ.... തുടങ്ങി കുറെ ഖണ്ഡികകൾ. അത് കൊണ്ട് തീർത്ഥയുടെ ജീവിതവും മനോനിലയും അത്ര മനസ്സിൽ തട്ടിയില്ല.

    ReplyDelete
  16. ഒറ്റ വീര്‍പ്പിനു വായിച്ചു.

    നല്ല കഥ.

    പാവം തീര്‍ഥ ............

    ReplyDelete
  17. മറ്റുള്ളവർക്കിടയിൽ തീർത്ഥ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല... എന്നാലും കഥ ഇഷ്ടായിട്ടോ :)

    ReplyDelete
  18. കഥ ഇഷ്ടപെട്ടൂട്ടോ. നല്ല കഥ.

    ReplyDelete
  19. നല്ല കഥ.... നഗരവൽക്കരണം മൂലം സ്വന്തം കിടപ്പാടം വിട്ടിറങ്ങേണ്ടിവരുന്ന ഇങ്ങനെ എത്ര കോളനിക്കാർ.. കഥയിലെപ്പോലെ അവർക്കാർക്കും രക്ഷകയായി ഒരു തീർത്ഥ ഉണ്ടാകുന്നില്ലെന്നുമാത്രം!

    ReplyDelete
  20. മനോഹരമായ കഥ, ചേച്ചി. നല്ല ഒഴുക്കോടെ ഒറ്റയടിയ്ക്ക് വായിച്ചു.

    പതിവ് പോലെ അവതരണം!

    ReplyDelete
  21. മോൾടെ സ്കൂളിലേക്ക് പോകുംവഴിയിലുണ്ട് ഇതു പോലൊരു കൂട്ടർ. അവരെല്ലാം ഞങ്ങളുടെ കൂട്ടുകാരാണ്.. അവരോട് സംസാരിക്കുന്നത് കൊണ്ട് എന്നോട് സംസാരിക്കാത്ത സ്റ്റൈലത്തികൾ ഉണ്ട്..

    ReplyDelete
  22. ഇതെന്നാ ചേച്ചീ മറുപടികൾ കൊടുക്കാത്തേ????

    ReplyDelete
    Replies
    1. സോറി,സുധീ..
      കുറച്ചു താമസിച്ചു പോയി😍

      Delete
    2. സോറി,സുധീ..
      കുറച്ചു താമസിച്ചു പോയി😍

      Delete
  23. വായനക്ക് നന്ദി
    വിനുവേട്ടൻ,പുനലൂരാൻ, പൈമ,മുരളീ മുകുന്ദൻ,ഗീത ഓമനക്കുട്ടൻ,ജോസ്ലെറ്റ്,ആസിഫ്,അബൂതി, വെട്ടത്താൻ ചേട്ടൻ,കാട്ടുപൂച്ച,അരീക്കോടൻ മാഷ്,ഏരിയല് ചേട്ടൻ,ബിബിൻ,സുധി,മുബി,ടൈപ്പിസ്റ്റ് ചേച്ചി, റാണി പ്രിയ, മഹേഷ് മേനോൻ,ഗൗരി നാഥൻ

    ReplyDelete
  24. റോസിലിൻ "വായനയ്ക്കു  നന്ദി" ഇങ്ങനെ ഒരു ഒഴുക്കൻ മറുപടി പറഞ്ഞുപോകാതെ വിമർശനങ്ങൾ ശരിക്കും പറഞ്ഞവർ അതിനുള്ള മറുപടി പ്രതീക്ഷിക്കും എങ്കിലല്ലേ അവർ വീണ്ടും വരൂ, പിന്നെയും കുറിക്കൂ! :-) നന്ദി നമസ്‌കാരം ഫിലിപ്പ് ഏരിയൽ 

    ReplyDelete
  25. നല്ല കഥ. കാലിക സമൂഹത്തിന്റെ നേർചിത്രം കൂടിയാണിത്. ഇത്രയ്ക്കു ഇല്ലെങ്കിലും സമാനമായ കാഴ്ച കണ്ടിട്ടുമുണ്ട്. പിടിച്ചിരുത്തുന്ന എഴുത്ത് റോസ്
    Renu Sreevatsan

    ReplyDelete
    Replies
    1. നന്ദി ഈ അഭിപ്രായത്തിന്

      Delete
  26. നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ,....

    എന്റെ ബ്ലോഗ്ഗിലേക്കു സ്വാഗതം
    https://myheartbeatandlifepartner.blogspot.com

    ReplyDelete
  27. മനോഹരമായ രചന
    ആശംസകൾ

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍