വീട്ടിലെ ഒഴിഞ്ഞ ഇടങ്ങളിലൂടെയാണ് ലോപയുടെ വേര്‍പിരിയല്‍ എനിക്കനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന അലമാര, പൂട്ടാതെ കിടക്കുന്ന ആഭരണപ്പെട്ടി വെക്കുന്ന അറ, ഒരുക്കമേശയിലെ ചമയ കൂട്ടുകള്‍, അവിടവിടെ ചിതറിക്കിടക്കാറുള്ള മുടിപിന്നുകള്‍, എല്ലാം എനിക്ക് നഷ്ടപ്പെട്ടപ്പെട്ടത് പോലെ.
ഭൂമിയില്‍ ഏറ്റവും സ്നേഹിക്കുന്ന ഭാര്യയായിരുന്നു എനിക്കവള്‍. ലോപയെ ഞാന്‍ ലോപയായിത്തന്നെയാണ് മനസ്സിലാക്കിയിരുന്നത്. അപക്വമായ പിടിവാശികള്‍, പിണക്കങ്ങള്‍, പിണക്കത്തിന് ശേഷം അവളുടെ കൊല്ലുന്ന സ്നേഹം. എല്ലാം ഞാന്‍ ഏറ്റവും ആസ്വദിച്ചിരുന്നു. പക്ഷെ, എന്‍റെ കുറവുകളുമായി അവള്‍ ഒരിക്കലും പെരുത്തപ്പെട്ടതുമില്ല. ഒരു കുഞ്ഞു പോലുമില്ല എന്നായിരുന്നു അവളുടെ ഒടുവിലത്തെ പരാതി.
“ഒരു കുഞ്ഞിനെ കിട്ടിയാല്‍ നീ പോകാതിരിക്കുമോ”. എന്ന് വരെ ഞാന്‍ അവളോടു ചോദിച്ചിട്ടുണ്ട്.
“നിങ്ങളെക്കൊണ്ടാകുമോ..?”
എന്റെ കണ്ണുകളില്‍ നോക്കി അവള്‍ പരമ പുച്ഛത്തില്‍ ചോദിച്ച അന്നാണ് വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.
അതെ, പിറക്കാതെ പോകുന്ന എന്റെ കുഞ്ഞുങ്ങള്‍. ആ കുഞ്ഞുങ്ങളായിരുന്നു ഞങ്ങള്‍ക്കിടയിലെ ശത്രുക്കള്‍ എന്നെനിക്ക് മനസ്സിലായി. ഓരോ തവണയും ലോപയുടെ ഉള്ളില്‍ രൂപപ്പെടുന്ന ജീവ കണികയോട് കൂടിച്ചേരാതെ അനക്കമറ്റ് കിടന്ന എന്റെ ജീവാണുക്കളെ ഞാന്‍ വെറുത്തു, ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവയുടെ ചലന ശേഷിക്കുറവിനെയും എന്റെ പുരുഷത്വത്തെയും ഈ ജീവിതത്തെയും. അങ്ങനെ വിരസമായ ദിവസങ്ങളിലാണ് പുതിയൊരു കഥ എഴുതണമെന്നെനിക്ക് തോന്നിയത്.
പുതിയൊരു ജീവിതം എന്ന ഉദ്ദേശത്തോടെയാണ് ഞാനാകഥയെ സമീപിച്ചത്. അത് വരെ ഒരു പണിപ്പുര മാത്രമായിരുന്നു എഴുത്തുമുറി. എന്റെ ഉപജീവനത്തിന്‍റെ അത്താണി.
പക്ഷെ, അന്നെന്തോ എനിക്ക് എഴുത്തിനോട് സ്നേഹം തോന്നി. വാരാവാരം എഴുതിക്കൂട്ടുന്ന വിഷയങ്ങള്‍, എന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എല്ലാത്തിനോടും കലശലായ ഒരിഷ്ടം. പുത്തനുണര്‍വോടെ ഞാന്‍ പേനയും കടലാസുമെടുത്തു.
എന്തോ... കുഞ്ഞുങ്ങളെക്കുറിച്ചെഴുതാനാണ് ആദ്യം തോന്നിയത്. എന്റെ ജീവന്‍റെ അംശമായി പിറക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞുങ്ങളോടുള്ള വെറുപ്പ് വെറും കൃത്രിമാമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ മനസ്സില്‍ എന്നും കുഞ്ഞുങ്ങളുണ്ടായിരുന്നു. അവര്‍ ഇടക്കിടെ അനക്കമറ്റു കിടന്നിരുന്ന വീടിനെ തട്ടിയുണര്‍ത്തും. സ്വീകരണ മുറിയിലൂടെ കളിച്ചു തിമര്‍ത്തോടി സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന പൂപ്പാത്രം തട്ടിയുടച്ച് പൂക്കള്‍ മുറിയിലാകെ ചിതറിക്കും. അടുക്കിയൊതുക്കി വെച്ചിരിക്കുന്ന പത്ര മാസികകള്‍ മുറിയില്‍ വാരിവലിച്ചിടും. എന്നെ കാണുമ്പോള്‍ അവര്‍ തുറന്നിട്ട വാതിലിലൂടെ തിരിഞ്ഞ് നോക്കിയിട്ട് പുറത്തേക്ക് ഓടും.
അവരിലൊരാളെ ജനിപ്പിക്കാന്‍ എനിക്ക് പിണങ്ങിപ്പോയ ലോപയുടെ ആവശ്യമില്ല, ചലന ശേഷിയില്ലാത്ത ജീവാണുക്കളെയും. ശാന്തമായ മനസ്സ്, അതിലെ ചിന്തകള്‍, ഈ കടലാസും തടസ്സമില്ലാതെ എഴുതുന്ന പേനയും. അത്ര മാത്രം.
ചിന്തകളുടെ അണ്ഡവും അക്ഷരങ്ങളുടെ ബീജവും ചേര്‍ന്ന് എന്റെ മനസ്സിലെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു കഥാപാത്രം രൂപപ്പെട്ടു. മേശപ്പുറത്തെ എഴുത്ത് താളിലേക്ക് അവള്‍ പിറന്നു വീണു. ഇളം ചെമ്പു നിറത്തില്‍ വടിവുള്ള മുടിയിഴകള്‍ അവളുടെ നെറ്റിയിലേക്ക് വീണു കിടന്നു. അവളുടെ നക്ഷത്രക്കണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
‘ഇവള്‍ എന്റെ മകള്‍, എന്റെ മാനസി’.
എഴുത്ത് താളില്‍ നിന്നും അവള്‍ മെല്ലെ മേശപ്പുറത്തേക്ക് നിരങ്ങിയിറങ്ങി. ഇനി എന്താ അവളുടെ ഭാവം...? അതാ അവള്‍ അവിടമെല്ലാം മൂത്രം കൊണ്ട് അഭിഷേകം നടത്തുന്നു. എനിക്കിത് വല്ലതും ശീലമുണ്ടോ...? ഞാന്‍ അവളെ മാറ്റിക്കിടത്തി, പഴയ മുണ്ടിന്റെ കഷണം കൊണ്ട് തുടച്ച് വൃത്തിയാക്കി. ഉടനെ തുടങ്ങി അവളുടെ ചിണുങ്ങി കരച്ചില്‍. വിശന്നിട്ടകുമോ..?.ഞാനുടനെ പാല്‍ തിളപ്പിച്ച്, അവളെ മടിയില്‍ കിടത്തി ഇളം ചൂടോടെ കൊടുത്തു. ഈണത്തില്‍ താരാട്ട് പാടിയുറക്കി. ശബ്ദമുണ്ടാക്കാതെ പൂച്ച നടത്തവുമായി മുറിക്ക് പുറത്തിറങ്ങി. ശിശു പരിപാലനത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ അറിയാതെ തന്നെ പഠിച്ചു തുടങ്ങിയിരുന്നു.
എന്തിനാണ് ഇത്രയും നാള്‍ ആ വിരസ ജീവിതം തിരഞ്ഞെടുത്തത്...? അത് നേരത്തെ ആകാമായിരുന്നില്ലേ..? പക്ഷെ...ലോപ..? അവള്‍ക്കെങ്ങനെ എന്റെ മാനസിയെ ഉള്‍ക്കൊള്ളാനാവും...? ഞാന്‍ ചിന്തിക്കുന്നതും എഴുതുന്നതും വിഡ്ഢിത്വമാണെന്നും, സാധാരാണ എഴുത്തുകാരേക്കാള്‍ ഒരു പടി കൂടിയ സ്വപ്ന ജീവിയുമെന്നും ആണല്ലോ അവളുടെ കണ്ടെത്തല്‍. എന്റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാത്ത അവള്‍ക്കെങ്ങനെ എന്റെ മാനസപുത്രിയുടെ അമ്മയാകാനാകും..?
ഞാനും എന്റെ വീടും പരിസരവും എനിക്ക് ചുറ്റുമുള്ള ലോകവും എല്ലാം മാറുകയായി. അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. വാക്കുകള്‍ക്ക് അതീതമായ അനുഭവങ്ങളിലൂടെ കടന്ന് പോവുകയാണ് ഞാന്‍.
ശിശു പരിപാലനം വളരെ എളുപ്പം എന്ന്‍ തോന്നിയാലും ഒന്നിനും സമയം കിട്ടുന്നില്ല. ഒച്ചിനെപ്പോലെ നീങ്ങിയിരുന്ന സമയം ഇപ്പോള്‍ എത്ര വേഗത്തിലാണ് ഓടി തോല്‍പ്പിക്കുന്നത്. മാനസി ഉറങ്ങുന്ന നേരം ധൃതിയില്‍ അത്യാവശ്യ ജോലി തീര്‍ത്ത് എന്തെങ്കിലും എഴുതാം എന്ന് വിചാരിക്കുമ്പോഴേ അവളുണരും. ക്ഷണ നേരം കൊണ്ട് നീന്തി എന്റെ കാല്‍ച്ചുവട്ടില്‍ എത്തിക്കഴിഞ്ഞിരിക്കും. പേന പിടിച്ചു വാങ്ങി കുത്തിവരയ്ക്കാന്‍ തുടങ്ങും. അത് കൊണ്ട് എഴുത്തിപ്പോള്‍ രാത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അല്ലെങ്കില്‍ വാരാവാരം കൊടുക്കാനുള്ളവ എങ്ങനെ എഴുതി തീര്‍ക്കും...?
പുതിയ പുതിയ അനുഭങ്ങള്‍ സമ്മാനിച്ച് മാനസി വളരുകയാണ്. ഞാനാ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. പുസ്തകം വായിച്ചു കൊണ്ട് കസേരയിലിരുന്ന എന്റെ കാലില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തില്‍ മാനസി ആദ്യമായി എന്നെ “അച്ഛാ...” എന്ന് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന പുസ്തകം താഴെയിട്ട് ഞാനവളെ വാരിയെടുത്തു. ഒരു കുഞ്ഞിനു വേണ്ടി ദാഹിച്ചിരുന്ന ലോപയോട് അന്നാണെനിക്ക് ക്ഷമിക്കാന്‍ കഴിഞ്ഞത്. എനിക്ക് അന്നൊന്നും എഴുതാനോ വായിക്കാനോ സാധിച്ചില്ല, മറ്റെല്ലാം മറന്ന് പോയിരുന്നു ഞാന്‍. ഭാഗ്യവാനാണ് ഞാന്‍. ഒരു ഓമനക്കുടത്തിന്റെ അച്ഛന്‍ എന്ന പദവി എത്ര മനോഹരം. ഇപ്പോളവള്‍ പണ്ടത്തെ കൈക്കുഞ്ഞല്ല. അച്ഛന്‍ എഴുതുമ്പോള്‍ എഴുത്ത് മേശയില്‍ കയറി ഇരിക്കരുതെന്നും എഴുതുമ്പോള്‍ മിണ്ടാതിരിക്കണം എന്നൊക്കെ അവള്‍ക്കറിയാം.. എന്തെങ്കിലും പാവക്കുട്ടികളുമായി തനിയെ സംസാരിച്ചവള്‍ സമയം പോക്കും. അവള്‍ക്കെപ്പോഴും പാവക്കുട്ടികളാണിഷ്ടം. അതെത്ര കിട്ടിയാലും മതിവരില്ല.
മൂന്ന്‍ വയസ്സായപ്പോഴാണ് കൂടെ കളിക്കാന്‍ കൂട്ടുകാരില്ലാത്തത് അവള്‍ക്കൊരു പ്രശ്നമാന്നെന്നെനിക്ക് മനസ്സിലായത്. ടിവിയില്‍ കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള ആ ഉത്സാഹം കണ്ടപ്പോള്‍ എനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി. എന്റെ സന്തോഷത്തിനു മാത്രമായി ഞാന്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ഒന്നുമല്ലല്ലോ അവള്‍....? അവള്‍ക്ക് കളിക്കാന്‍ കൂട്ടുകാരെ കൂടിയേ തീരൂ. അങ്ങനെയാണ് വീടിന് തൊട്ടടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അവളെ കളിക്കാന്‍ കൊണ്ടു പോയി തുടങ്ങിയത്. വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരം. പാവം കളിക്കൂട്ടുകാരെ കിട്ടിയപ്പോള്‍ ആ സന്തോഷം ഒന്ന്‍ കാണേണ്ടത് തന്നെ. കളി കഴിഞ്ഞു സന്ധ്യയാകുന്നതിന് മുമ്പ് ഞാനവളെ ചെന്ന് വിളിക്കും. അടുത്ത വര്‍ഷം നേഴ്സറിയില്‍ വിടണം. എത്ര പെട്ടെന്നാണ് കാലം നീങ്ങിയത്. പൊടിക്കുഞ്ഞായി എന്റെ കയ്യില്‍ കിട്ടിയ കുഞ്ഞിതാ സ്കൂളില്‍ പോകാറായി.
വൈകുന്നേരം പിറ്റേന്ന് തന്നെ അയക്കാനുള്ളത് ധൃതിയില്‍ എഴുതുകയായിരുന്നു ഞാന്‍. മാനസി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് വരാന്തിയില്‍ പോയി നോക്കിയ ശേഷമാണ് എഴുതാനിരുന്നത്. പുറത്ത് കളിക്കാന്‍ പോയാലും എപ്പോഴും എന്റെ കണ്‍വെട്ടത്തു തന്നെയായിരിക്കും അവള്‍.
എഴുതി മുഴുവിപ്പിക്കുന്നതിന് മുമ്പ് പുറത്തു നിന്നും മാനസിയുടെ വിളി കേട്ടു.
“അച്ഛാ...”
ഒരു തേങ്ങല്‍ ആ ശബ്ദത്തിനുള്ള പോലെ. ഞാനുടനെ വരാന്തയിലേക്ക് ചെന്നു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഈശ്വരാ..എഴുത്തിനിടെ മോളെ വിളിക്കാന്‍ മറന്നോ.
“മോള് വാ...സമയം പോയത് അച്ഛനിറിഞ്ഞില്ലല്ലോ. അച്ഛന്റെ ചക്കരക്കുട്ടി പിണങ്ങിയോ..?
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അവള്‍ കൂനിപ്പിടിച്ചു നിന്നതേയുള്ളൂ. ആ നില്‍പ്പില്‍ ഒരു പന്തി കേട്...കണ്ണുകള്‍ പേടിച്ചു കരഞ്ഞ പോലെ. കയ്യില്‍ കടലാസ് ഉരിഞ്ഞ ഇനിയും തിന്നു തീരാത്ത ചോക്ലേറ്റ് കഷണം.
“പോട്ടെ മോളെ...സമയം പോയത് അച്ഛനറിയാതെ പോയതല്ലേ...:
മുറിയിലേക്ക് കൊണ്ടു പോയി അവളുടെ കണ്ണീരുണങ്ങിയ മുഖം തലോടി.
മാനസി എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ മടിച്ച് കൂനി നില്‍ക്കുകയാണ്..
“എന്ത് പറ്റി എന്റെ കാന്താരിക്കുട്ടിക്ക്...?” ഞാനവളെ വാരിയെടുക്കാന്‍ ശ്രമിച്ചു.
“അച്ഛാ..പതുക്കെ..മോള്‍ക്ക് നോവും.”
അവള്‍ കരഞ്ഞു കുതറാന്‍ ശ്രമിക്കുകയാണ്...?”
“എന്ത് പറ്റി മോളെ..?
“ഇത് കണ്ടോ..? വെള്ളയില്‍ ചുവന്ന പൂക്കളുള്ള കുഞ്ഞു ടോപ്പ് ഉയര്‍ത്തിക്കാണിച്ചവള്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഒരു മഞ്ചാടിക്കുരുവിന്റെ വലിപ്പം പോലുമില്ലാത്ത എന്റെ കുഞ്ഞിന്റെ രണ്ടു മുലക്കണ്ണ്‍കളും ചുവന്നു തടിച്ചു വീര്‍ത്തിരിക്കുന്നു. ചുവന്ന പൂക്കള്‍ക്കിടെ രക്തച്ചുവപ്പു പടര്‍ന്ന അവളുടെ ടോപ്പിലേക്ക് അപ്പോഴാണ് ഞാന്‍ നോക്കിയത്.
“മോള്‍ക്ക് വേദനിക്കുന്നച്ചാ...”അവളെന്നെ കെട്ടിപ്പിടിച്ചു ഉറക്കെക്കരഞ്ഞു.
എന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കൊള്ളിയാന്‍ മിന്നി.
“നീം ഉണ്ടച്ചാ..”
അവള്‍ കുഞ്ഞു പാവാട മേല്‍പ്പോട്ടുയര്‍ത്തി. പൂപോലെ മൃദുലമായ ആ കുഞ്ഞു തുടയില്‍ നിറയെ കടിച്ച പാടുകള്‍. അത് കാലുകളുടെ തുടക്കത്തിലേക്കും നീണ്ടു പോയിരിക്കുന്നു. അവിടെയെല്ലാം ചുവന്ന നിറത്തിലെ വികൃതമായ പൂക്കള്‍.
.അവള്‍ക്കെന്താണ് സംഭവിച്ചത് എന്ന പൂര്‍ണ്ണ ബോധ്യത്തിലേക്ക് ആ ഒരു നിമിഷത്തില്‍ ഞാനെത്തിക്കഴിഞ്ഞു. ഒരു വിറയല്‍, ഒരു കിതപ്പ് ബാധിക്കുന്നത് ഞാനറിയുന്നുണ്ട്.
“ഇവിടേം ഉണ്ടച്ചാ...”
മാനസി രക്തത്തില്‍ കുതിര്‍ന്ന ഷഡ്ഢി വിഷമിച്ചൂരുവാന്‍ ശ്രമിച്ചു.
“വേണ്ട മോളെ...”
വല്ലാത്തൊരു ശബ്ദത്തോടെ ഞാനവളെ തടഞ്ഞു.
ആ ശബ്ദം ഒരു നിലവിളിയുടെതായിരുന്നില്ല, ലോകത്തിലെ എല്ലാ ദു:ഖങ്ങളും എല്ലാ വേദനകളും എല്ലാ രോഷങ്ങളും ചേര്‍ന്ന ഒരു വിചിത്ര സ്വരം. മാനസി അത് കേട്ട് പേടിച്ചു.
“മോള്‍ക്ക് വേദനിക്കുന്നില്ലച്ചാ...അച്ഛന്‍ കരയാതെ...”
അവള്‍ എന്റെ തോളിലേക്ക് ചാഞ്ഞു.
“ഇല്ലച്ചാ...ഒട്ടും വേദനയില്ല ഒട്ടും...”
അവള്‍ എന്റെ തോളില്‍ കിടന്നു കൊണ്ടു പുലമ്പി. മുറിവേറ്റ ഭാഗങ്ങള്‍ വേദനിപ്പിക്കാതെ അവളെ സൂക്ഷിച്ച് ചേര്‍ത്തു പിടിച്ചു. അവളുടെ ശരീരത്തിനപ്പോള്‍ ഇതുവരെയില്ലാത്ത ഗന്ധമായിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ ഞാനാകെ പകച്ചു പോയ നിമിഷങ്ങള്‍. പോലീസില്‍ പരാതി കൊടുത്താലോ എന്നാണ് ആദ്യം ചിന്തിച്ചത്. ഇല്ല, ഇവള്‍ക്കായി ഈ ലോകത്തില്‍ നിയമമോ നിയമപാലകാരോ ഇല്ല, ബാലാവകാശമോ നീതിന്യായ കോടതികളോ ഇല്ല. എന്റെ മോള്‍ക്കൊപ്പം ഞാന്‍ തീര്‍ത്തും നിസ്സഹായനായി.
മാനസിയെ തോളില്‍ കിടത്തി കുളിമുറിയില്‍ കയറി അവള്‍ക്ക് വേദനിക്കാതെ സാവധാനം രക്തം ഒട്ടിച്ചേര്‍ന്ന വസ്ത്രങ്ങള്‍ മാറ്റി. ഇളം ചൂട് വെള്ളത്തില്‍ ടൌവ്വല്‍ മുക്കി തുടച്ചു വൃത്തിയാക്കി. മുലഞ്ഞെട്ടിലും അവളുടെ കുഞ്ഞു പെണ്ണടയാളത്തിലും ഉണങ്ങിപ്പിടിച്ചിരുന്ന രക്തം തുടച്ചപ്പോള്‍ മാനസി വേദനിച്ച് ഉറക്കെ കരഞ്ഞു.
“മോള് കരയാതെ...ഇപ്പൊ കഴിയും...”
ഞാനവളെ സ്വാന്തനിപ്പിച്ചു കൊണ്ടിരുന്നു. അടുക്കളയില്‍ പോയി പാല്‍ ചൂടാക്കുമ്പോഴും അവളെന്റെ തോളില്‍ കിടപ്പുണ്ടായിരുന്നു. കണ്ണുകള്‍ ഇറുക്കി, ഇടക്കിടക്ക് ഞെട്ടി...
മടിയിലിരുത്തി അവള്‍ക്ക് പാല്‍ കൊടുത്തു.
“തനിയെ കുടിക്കാം അച്ഛാ...”
അവള്‍ എന്‍റെ കയ്യില്‍ നിന്നും ഗ്ലാസ്സ് വാങ്ങാന്‍ ശ്രമിച്ചു.”
“വേണ്ട.. ഇന്നെന്‍റെ മോള്‍ക്ക് അച്ഛന്‍ തരാം...”
പാല്‍ കുടിച്ചു മാനസി വീണ്ടും തോളിലേക്ക് ചാഞ്ഞു. അവള്‍ ഉറക്കത്തിലേക്ക് വീഴുന്നു എന്നെനിക്ക് മനസ്സിലായി. കിടക്ക മുറിയിലേക്ക് പോകുന്നതിന് പകരം ഞാനവളെ എഴുത്ത് മുറിയിലേക്കാണ് കൊണ്ടു പോയത്. നന്നായി ഉറങ്ങിയ അവളെ എഴുത്ത് മേശയിലേക്ക് കിടത്തി. അവിടെ കിടന്നും മാനസി ഉറക്കത്തില്‍ ഒന്നുരണ്ടു തവണ ഞെട്ടി.
മേശ വലിപ്പ് തുറന്ന് മൂന്ന് കൊല്ലം മുമ്പ് എഴുതിയ താളുകള്‍ തുറന്നു വെച്ചു. പതുക്കെ അവളെ ആ താളുകളിലേക്ക് നീക്കിക്കിടത്തി. ആ എഴുത്ത് താളുകള്‍ അടുക്കി ഫയലിലാക്കി, കിടക്ക മുറിയിലെ അലമാരയില്‍ ലോപയുടെ ആഭരണപ്പെട്ടി വെക്കുന്ന അറയില്‍ എന്നെന്നേക്കുമായി പൂട്ടി വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി
(ഗൃഹലക്ഷ്മി, ലക്കം:നവംബർ 1-15)
I like the presentation. But theme is old
ReplyDeleteകഥാസാരം നല്ലത്. കുറച്ചു കൂടി ഒതുക്കി എഴുതാമായിരുന്നു എന്നു തോന്നി. എഴുത്ത് തുടരുക
ReplyDeleteപ്രിയ റോസാപ്പൂവേ...
ReplyDeleteനല്ല കഥ.. അവസാനം വല്ലാത്തൊരു വേദനയാക്കി ...
നാട്ടിലുള്ളപ്പോൾ ഗൃഹലക്ഷ്മിയിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള കഥ വായിച്ചിട്ടുണ്ട്.
ആശംസകൾ.
നല്ല ഒരു വായന സമ്മാനിച്ചു.. ആശംസകൾ
ReplyDeleteആദ്യമായാണ് ഇവിടെ. യാഥാർഥ്യത്തിൽനിന്ന് ഫാന്റസിയിലേക്കും തിരിച്ചുമുള്ള ഒരു സഞ്ചാരംപോലെ തോന്നി വായിച്ചപ്പോൾ. ബാക്കിയുള്ള പോസ്റ്റുകൾ കൂടി നോക്കട്ടെ...
ReplyDeleteഇനിയും ഇടയ്ക്കിടയ്ക്ക് വരാം....
തികച്ചും സംഭ്രമിപ്പിച്ചു!നല്ല എഴുത്ത്
ReplyDeleteആശംസകള്‍
വന്ന നൊമ്പരം കടിച്ചമർത്തി.....
ReplyDeleteനല്ല എഴുത്ത്
ഒരു സംഭ്രമാത്മകമായ കഥ...
ReplyDeleteഗൃഹാലക്ഷ്മിയിൽ വീണ്ടും എഴുത്തോലയുമായി പ്
രത്യക്ഷപ്പെട്ടതിന് അഭിനന്ദനങ്ങൾ കേട്ടോ
രചന ഇഷ്ടമായി..നഷ്ടങ്ങളിലും നന്മയുടെ വെളിച്ചം കണ്ടെത്തുന്ന മനസ്സുണ്ടല്ലൊ..അതാണ് മുഖ്യം...
ReplyDeleteഞാന്‍ വായിക്കാന്‍ വിട്ടു പോയി ചേച്ചീ.ഭയങ്കര ഇഷ്ടം..നല്ല വിഷമം തോന്നുന്നു
ReplyDeleteനൊമ്പരക്കഥ. നൊമ്പരങ്ങൾ പൊതുവേ ഇഷ്ടമല്ല. എങ്കിലും മനസ്സ് എത്രകണ്ട് ആർദ്രമാകുന്നെന്ന് ബോധ്യപ്പെടാൻ അവ ഇടയ്ക്കിടെ ഉപകരിക്കുന്നുണ്ട്.
ReplyDeleteചേച്ചീ.. കഥ വേദനയോടെ വായിച്ചു.
ReplyDeleteവല്ലാത്തൊരു വായനാനുഭവം ആയിരുന്നു...സങ്കല്പവും യാഥാർഥ്യവും കൂടിക്കുഴഞ്ഞ കഥ.👌
ReplyDeleteവീണ്ടും വായിച്ചു. നൊമ്പരം...
ReplyDeleteനോബൽ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ ഗാബ്രിയേൽ ഗാർസിയ മാർക്കേസ് 'ഏകാന്തതയുടെ ന്യൂറ്റുവർഷങ്ങൾ' എന്ന നോവലിൻ്റെ മുഖവുരയിൽ, എഴുത്തിൽ എഴുത്തുകാരൻ അനുഭവിക്കുന്ന വേദനയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ടു്.
ആശംസകൾ
'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്നാണ്
Deleteകഥയിലൊരു കഥ.!!!
ReplyDeleteവായിച്ചപ്പോൾ വേദന !!!
എഴുത്തു എല്ലായ്പ്പോഴത്തെയും പോലെ മികച്ചത്
ഒരു കുഞ്ഞിനെ പ്രസവിച്ച ആ എഴുത്തുകാരനും അയാളുടെ അക്ഷരയായ കുഞ്ഞു മകളും മനസിൽ കയറി
ReplyDeleteകഥ വായിച്ച എല്ലാവർക്കും നന്ദി.
ReplyDelete. ഇത് മൂന്ന് കൊല്ലം മുമ്പ് എഴുതിയ കഥയാണ്. ഇത് ഇപ്പോൾ ഇപ്പോൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ share ചെയ്ത ആർഷക്ക്ക് പ്രത്യേക നന്ദി
സസ്നേഹം റോസാപ്പൂക്കൾ
This comment has been removed by the author.
ReplyDeleteFeeling sad...But super story
ReplyDeleteമുമ്പ് വായിച്ചു അഭിപ്രായം ഇട്ടത് ആണ്.. ഇന്ന് വീണ്ടും വായിച്ചു..സങ്കടം തോന്നി..
ReplyDeleteകഥ കൊള്ളാം.. പക്ഷേ ആശയത്തോട് നീതി പുലർത്തിയില്ല എന്ന് തോന്നി. മാനസി ഒരു കൃതിയോ നായകന്റെ മനസ്സിലെ വിഭ്രാന്തിയോ എന്ന് രചയിതാവിനു തന്നെ ഉറപ്പില്ലാത്ത പോലെ..
ReplyDeleteതോന്നലുൾക്ക് എന്തോ അപൂർണത തോന്നുന്നു.. അവതരണം നല്ലതാണ്.. പക്ഷെ... ഒരു അവസാനം ഇല്ലാത്ത പോലെയോ മറ്റോ തോന്നി..
ReplyDeleteഅവതരണമാണ്.മികച്ചത്..
ഒരിക്കൽ കൂടി നന്ദി പ്രിയ സുഹൃത്തുക്കളെ. ആനന്ദും ഉട്ടോപ്യനും പറഞ്ഞ പോയന്റ്സുകൾ ഇനിയുള്ള എഴുത്തിൽ ശ്രദ്ധിക്കാം.
ReplyDeleteമാനസി എഴുത്തുകാരന്റെ സാങ്കൽപ്പിക മകളാണ്. സങ്കൽപ്പത്തിലെ കുട്ടിയെ വായനക്കാരുടെ മുന്നിൽ കൊണ്ട് നിർത്തുന്നത് അങ്ങേയറ്റം പ്രയത്നം വേണം. അതിൽ പാളിച്ചകൾ വന്നു കൂടായ്കയില്ല