9.1.09

അനാഥാലയത്തിന് ഒരു സമ്മാനം കൂടി


ഗൈനക്കോളജിസ്റ്റിന്റെ മുറിയില്‍നിന്നിറങ്ങുമ്പോള്‍ സ്നേഹക്ക് ആശ്വാസം തോന്നി…ഇനി അധികം നാളില്ല.എത്രനാളായി ഈ ഭാരം ചുമന്നു നടക്കുന്നു….അവള്‍ അറിയാതെ തന്റെ വയറിലേക്കു നോക്കി.. വീര്‍ത്ത് വികൃതമായിരിക്കുന്നു…നാശം… ഒന്നു കഴിഞ്ഞു കിട്ടിയെങ്കില്‍ മതിയായിരുന്നു.ഇതിന്റെ തുടക്കത്തിലേ ഒഴിവാക്കാമായിരുന്ന ഈ ദുരന്തവും പേറിനടക്കേണ്ടിവന്നല്ലോ എന്നോര്‍ത്തപ്പോള്‍ തന്നോടു തന്നെ ദേഷ്യം തോന്നുന്നുണ്ട്….

അമ്മയുടെ മുഖത്ത് ഉല്‍ക്കണ്ഠയുണ്ട്… രണ്ടു മാസമായി സ്നേഹയും അമ്മയും അവിടെ വന്നിട്ട്…അവളെപ്പോലെയുള്ള വേറേയും പെണ്‍കുട്ടികള്‍ അവിടെയുണ്ടെങ്കിലും അവള്‍ ആരുമായും ഒരടുപ്പത്തിനും പോയില്ല…എന്തിനു പോകണം…?..ഏറിയാല്‍ രണ്ടാഴ്ച പിന്നെ ഈ സ്ഥലം പോലും തന്റെ മനസ്സിലുണ്ടാകരുത്..

ഇപ്പോള്‍ തന്നെ ക്ലാസ്സില്‍ എത്രയോ പിന്നിലായിപ്പോയി താന്‍…ഒരു സെമസ്റ്റര്‍ നഷ്ടപ്പെടും എന്നാണ്‍ തോന്നുന്നത്

ആദ്യമായി ഇവിടെ വന്നപ്പോഴ് അവരുടെ നിബന്ധനകള് ഓര്‍ത്തു…പ്രസവശേഷം ആശുപത്രിയില്നിന്നേ പോകാം…കുഞ്ഞിനെ കാണിക്കില്ല, അതിനു മുല കൊടുപ്പിക്കില്ല..അമ്മിഞ്ഞ കൊടുത്തു തുടങ്ങിയാല് പിന്നെ അമ്മമാര്‍ കുഞ്ഞിനെ പിരിയുകയില്ലത്രേ…സ്നേഹക്കു ചിരിവന്നു

“ആര്ക്കു വേണം കുഞ്ഞിനെ..ആര് അമ്മിഞ്ഞ കൊടുക്കുന്നു.. “

…അമ്മയ്ക്ക് അതു കേട്ടതോടെ ആശ്വാസമായി

ദിവങ്ങള്ക്കു ശേഷം ഒരു ഉച്ചകഴിഞ്ഞനേരത്ത് ആടിവയറില്‍ വെള്ളിടിവെട്ടിയതിന്റെ അവസാനം, ആശുപത്രിക്കിടക്കയില് സ്നേഹ കണ്ണു തുറന്നു…ഉടനെ നോക്കിയത് തന്റെ വയറിലേക്കാണ്..അവിടെ ഒരു ശുന്യത…

അമ്മ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു

“നമുക്ക് ഉടനെ പോകാം മോളെ……“അച്ഛന്‍ ഇപ്പോള് വരും..“

ഇത്രയും സതോഷവതിയായി അമ്മയെ കാണുന്നത് മാസങ്ങള്ക്കു ശേഷമാണ്

അവള് വീണ്ടും തന്റെ ശരീരത്തേക്കു നോക്കി മുലപ്പാലൊഴുകി നനഞ്ഞിരിക്കുന്ന മാറിടം

പെട്ടെന് അവള് ചാടിയെഴുന്നേറ്റു

“അയ്യോ മോളെ പതുക്കെ“ അമ്മ പെട്ടെന്നു വന്നു താങ്ങി

“കുഞ്ഞെവിടെയമ്മേ…?”

“കുഞ്ഞിനെ അവരു അപ്പോള്തന്നെ കൊണ്ടുപോയല്ലോ…ഞാന് നോക്കിയതു പോലുമില്ല“ നിസ്സംഗമായ മറുപടി….

“എങ്ങോട്ട്…? ഇങ്ങു തരാന് പറയ്…“അവളുടെ ശബ്ദം കുറച്ച് ഉയര്‍ന്നുപോയി..,,തനിക്കുതന്നെ അപപരിചിതമായ ശബ്ദം… …

അവളുടെ ഭാവമാറ്റം അമ്മയെ ഭയപ്പെടുത്തി…

ചുറ്റും നോക്കിയിട്ട് അമ്മ പറഞ്ഞു.

“.മോളേ ഒച്ചവെക്കാതേ…“

അവള്‍ ഒരു നിമിഷം ശൂന്യമായ കണ്ണുകളുമായി നിന്നു…അതെ…എല്ലാം പറഞ്ഞുറപ്പിച്ചകാര്യങ്ങളല്ലേ ..

കുഞ്ഞ് ആരെപ്പോലെയായിരിക്കും..? അഭിഷേകിനെപ്പോലെയായിരിക്കുമോ…സ്നേഹയുടെ സ്നേഹത്തിനു പുല്ലു വിലകല്‍പ്പിച്ച അഭിഷേക്..

‘വേണ്ട എനിക്കാരെയും കാണണ്ട…“

അവള്‍ ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു…

മനസ്സ് ഉരുവിടുവാന്‍ ശ്രമിച്ചു“സ്നേഹമില്ലാത്ത അഭിഷേകിന്റെ കുഞ്ഞിനെ ഈ സ്നേഹക്കു വേണ്ട..”

ആരോ വാതില്‍ തുറന്നു വരുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു.അച്ഛനാണ്‍ ‍. അച്ഛനു കുറച്ചു ധൃതിയുണ്ടെന്നു തോന്നി..

അവള്‍ വേദനിക്കുന്ന മാറിടങ്ങളുമായി ആശുപത്രി നടകള്‍ ഇറങ്ങി……വല്ലാത വിങ്ങല് ഇപ്പോള്‍ത്തന്നെ മാറിയ ഡ്രെസ്സാണ്‍.. നനഞ്ഞു നാശമായി…

എതിരെ ഒരു കൈക്കുഞ്ഞുമായി ഒരു അമ്മ നടന്നു വരുന്നു…അതിന്‍ വെയില്‍ കൊള്ളാതെ മുഖം കൈകൊണ്ടു മറച്ച് ശരീരത്തോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്..

പെട്ടെന്ന് അവളുടെ മാറിടത്തില്‍ നിന്ന് മുലപ്പാല്‍ പൊട്ടിയൊഴുകുവാന്‍ തുടങ്ങി…

രണ്ട് കൊച്ചരുവികള്‍..‍,പിന്നെ അരുവികള്‍ ചേര്‍ന്ന് ഒരു പുഴയായി…പുഴയൊരു കായലായി…ഇപ്പോള്‍ അതൊരു സമുദ്രമാണ്‍….തിരയടിക്കുന്ന…മുലപ്പാല്‍‍ സമുദ്രം..എന്തൊരു ശക്തിയാണ്‍ ഇതിന്റെ തിരകള്‍ക്ക്…അവള്‍ ആ സമുദ്രത്തില്‍ ശ്വാസത്തിനുനേണ്ടി കൈകാലിട്ടടിച്ചു..

6 comments:

 1. ഇത് വായിച്ചപ്പോൾ മനസ്സിലൊരു സ്ഫോടനം നടന്ന പോലെ. ഇങ്ങനെയൊക്കെ നടക്കുമോ?

  ReplyDelete
 2. Last para is the highlight. Simply superb.

  ReplyDelete
 3. സമാനതകള്‍ ഇല്ലാത്തതാണ് മാതൃത്വം. മാതൃത്വത്തെ ഗംഭീരമായി കോറിയിട്ടു.
  വളരെ നല്ല കഥ.

  ഈ കഥ ബ്ലോഗില്‍ റിപബ്ലിഷ് ചെയ്തു കൂടെ?

  ReplyDelete
 4. ഞാന്‍ ഓരോന്നായി വായിക്കുകയാണ്. എന്റെ സ്വഭാവമങ്ങിനെയാണ്.

  ReplyDelete
 5. നല്ല കഥ. ഒരമ്മയുടെ മനസ്സ് ശരിക്കും കാണിക്കുന്നു.

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍