9.1.09

നിഹാരി മൌസി

നിര്ത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഉച്ച മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തൊട്ടിലില്‍ ഉറങ്ങുന്ന മോനെ ആ ശബ്ദം ഉണര്ത്തിയോ എന്നാണു ഞാന്‍ ആദ്യം നോക്കിയത്. ഇല്ല സമാധാനം. എന്ന് ആശ്വസിച്ചു കൊണ്ടു ഉച്ചയുറക്കം നഷ്ടപ്പെട്ടതിന്റെ ഈര്ഷ്യയില്‍ ഞാന്‍ ബാല്ക്കണിയിലേക്ക് നടന്നു. വാതില്‍ തുറന്നപ്പോള്‍ മെലിഞ്ഞു പല്ലുന്തിയ ഒരു സ്ത്രീ. നാല്പ്പലതു വയസ്സിനു മുകളില്‍ പ്രായം വരും. ചിരപരിചിതയെപ്പോലെ ചിരിക്കുന്നുണ്ട്.
“ക്യാ ചാഹിയേ..?”
എനിക്കറിയാവുന്ന തട്ടുമുട്ടു ഹിന്ദിയില്‍ ഞാന്‍ അവരോടു സംസാരിക്കുവാന്‍ ശ്രമിച്ചു.
അവര്‍ പക്ഷെ ഒറിയായിലാണ് മറുപടി പറയുന്നത്. എനിക്ക് അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ല. ഒരു വര്ഷമായി ഒറിസ്സയില്‍ താമസമെങ്കിലും ഹിന്ദി പോലും അത്ര വശമില്ലാത്ത എനിക്ക് എത്ര ശ്രമിച്ചിട്ടും അവര്‍ പറയുന്നത് മനസ്സിലാകുന്നില്ല. ഒടുവില്‍ ഞാന്‍ അടുത്ത വീട്ടിലെ ബെഹറയുടെ ഭാര്യയെ വിളിച്ചു വരുത്തി ഇവര്‍ പറയുന്നതെന്തെന്നു ചോദിച്ചു.
അവര്‍ ആ സ്ത്രീയോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്‌. വീട്ടു വേലക്ക് വന്നതാണത്രേ. അപ്പോഴാണ്‌ തണുപ്പുകാലം തുടങ്ങിയപ്പോള്‍ മോനെ നോക്കലും വീടുജോലിയും ഒരുമിച്ചു കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ട് അനീനയോട് പറഞ്ഞ കാര്യം ഓര്മ വന്നത്‌. അവള്‍ പറഞ്ഞു വിട്ടതാണ് ഇവരെ. പേര് നിഹാരി. നിഹാരി മൌസി എന്നാണ് എല്ലാവരും വിളിക്കുന്നത്. ബംഗാളിയാണ്. ബംഗ്ലാദേശ രൂപീകരണ സമയത്ത്‌ ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശ അഭയാര്ഥി. ഇക്കൂട്ടര്‍ ഒറിസ്സയില്‍ ധാരാളമുണ്ട്. ഒട്ടു മിക്ക റിക്ഷാക്കാരും വീട്ടു ജോലിക്കാരും അവരാണ്.
പിറ്റേ ദിവസം മുതല്‍ നിഹാരി മൌസി വീട്ടില്‍ രണ്ടു നേരവും ജോലിക്ക് വന്നു തുടങ്ങി. മൌസിക്ക് ഹിന്ദി അറിയില്ല മാതൃഭാഷയായ ബംഗ്ലയും പിന്നെ ഒറിയയും മാത്രമേ അറിയൂ. എന്നോടു സംസാരിക്കുന്നത് മുഴുവനും ഒറിയയിലാണ്. സത്യം പറഞ്ഞാല്‍ രണ്ടു മൂന്നു മാസം കൊണ്ടു ഹിന്ദി ശരിക്കറിയാത്ത ഞാന്‍ ഒറിയ പഠിച്ചെടുത്തു.
എന്റെ മോനോടും മൌസി പെട്ടെന്ന്‍ അടുത്തു. അവന്‍ മൌസിയെ “മോച്ചീ” എന്ന് വിളിക്കുനത് കേള്ക്കു്മ്പോള്‍ ബാപ്പുന്നീ... എന്ന് വിളിച്ചു കൊണ്ടു അവനെ അവര്‍ എടുത്തുയര്ത്തും. പക്ഷെ ജോലി ചെയ്യുന്നത് ഒക്കെ ഒരു വകയാണ്. വേറെ ആളെ കിട്ടുന്നത് വരെ മൌസി നില്ക്കട്ടെ എന്ന് ഞാന്‍ വിചാരിച്ചു. ഒരു ദിവസം അവര്‍ പറഞ്ഞു.
”മാജീ.. എന്റെ പേരക്കുട്ടി ഹര്ഷനും ഇതേ പ്രായക്കാരനാണ്. ഒരു വയസ്സ്. ഇവന്റെ പഴയ ഉടുപ്പു വല്ലതും ഉണ്ടെങ്കില്‍ എനിക്ക് തരുമോ..? എന്റെ് ഹര്ഷന് കൊടുക്കുവാനാണ്.”
ഞാന്‍ എന്റെ മോന്റെ പഴയ ഉടുപ്പുകളും സ്വെറ്ററും മൌസിക്ക് കൊടുത്തു.
അവര്‍ അത് സന്തോഷത്തോടെ വാങ്ങിക്കൊണ്ടു പറഞ്ഞു.
“ഇതൊക്കെ ഇടുമ്പോള്‍ എന്റെങ ഹര്ഷനും ഒരു നല്ല വീട്ടിലെ കുട്ടിയെപ്പോലെ ഇരിക്കുമായിരിക്കും അല്ലെ മാജി...?”.
ഞാന്‍ മൌസിയോടു അവരുടെ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ച ഒരു ദിവസം അവര്‍ കണ്ണീരോഴിക്കിക്കൊണ്ടു തന്റെ ജീവിത കഥ പറഞ്ഞു.
വീടും നാടും ഉപേക്ഷിച്ച ഇങ്ങോട്ടു കുടിയേറിയ അച്ഛനമ്മമാരെക്കുറിച്ച്, മൌസിയുടെ വിവാഹത്തിനു മുന്പ്, അവര്‍ രണ്ടുപേരും ഒരേ ദിവസം കെട്ടിടം പണിക്കിടെ അപകടത്തില്‍ മരിച്ചു പോയത്‌, ഒടുവില്‍ റിക്ഷാക്കാരനായിരുന്ന ഭര്ത്താവ്‌ അനില്‍ മണ്ടലിനെക്കുറിച്ചും. ഭര്ത്താനവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്ന് മൌസി നിശബ്ദയായി.
“എന്താ..? എന്തു പറ്റി മൌസീ..?”
എന്റെന ചോദ്യത്തിന് മറുപടിയായി മൌസി ഒന്നും മിണ്ടിയില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു കൊണ്ടു അവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു. പാവം അദ്ദേഹം മരിച്ചു പോയിരിക്കും. അതായിരിക്കും മൌസി കരഞ്ഞത്‌. ഞാന്‍ പിന്നീട് ഒന്നും ചോദിച്ചില്ല, പക്ഷെ ജോലി കഴിഞ്ഞു ചായ കുടിച്ചു പോകുവാന്‍ തുടങ്ങിയപ്പോള്‍ മൌസി പെട്ടെന്ന് തന്റെ ഭര്ത്താ്വിനെക്കുറിച്ച് പറഞ്ഞു.
“മാജി എന്റെ ഭര്ത്താവ്‌ എന്നെ എന്റെ ഇരുപതാമത്തെ വയസ്സില്‍ മകന് ഒരു വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചതാണ്.”
ഒരു നിഷം മിണ്ടാതിരുന്നിട്ട് അവര്‍ പെട്ടെന്ന് ചോദിച്ചു.
“ഒന്നോര്ത്തു നോക്കൂ മാജി... ഒറ്റക്കായിപ്പോയ ഒരു ഇരുപതു വയസ്സുകാരി ഒരു വയസ്സുള്ള മകനുമായി എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന്..?
ഞാന്‍ ഒന്നും മിണ്ടാതെ അവരെ നോക്കി. ചായ കുടി കഴിഞ്ഞു പിന്നെയും പോകാതെ നിന്ന് അവര്‍ തന്റെപ ദുരിത കഥ പറഞ്ഞു. മകനെ പോറ്റുവാനായി അനുഭവിച്ച കഷ്ടപ്പാടുകള്‍. ഭര്ത്താവ് പുതിയ ഭാര്യയുമായി അവര്‍ താമസിച്ച വീടിനടുത്ത് വന്നു താമസമാക്കിയത്‌, അയാളെ “ബാബാ” എന്ന് വിളിക്കുവാന്‍ സ്വാന്ത്യമില്ലാത്ത മകന്‍ വളര്ച്ചയുടെ പടവുകള്ക്കിടയില്‍ ഒരു നാള്‍ അച്ഛനാരെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തതിനു വഴിയില്‍ വച്ചു അയാള്‍ തന്നെ ദേഹോപദ്രവം ഏല്പ്പിച്ചത്, അത് കണ്ടു അയാളുടെ പുതിയ ഭാര്യ പുച്ഛത്തോടെ നോക്കി ചിരിച്ചത്‌. അങ്ങനെ ഓരോ ചെറിയ കാര്യവും ഇടക്ക് കണ്ണ്നീര്‍ തുടക്കുനതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇപ്പോള്‍ ആ മകന്‍ വളര്ന്നു മിടുക്കനായി. നല്ലൊരു റിക്ഷാക്കാരനായി. മകന്‍ പണിയെടുക്കുവാന്‍ തുടങ്ങിയതോടെ കഷ്ടപ്പാടുകള്‍ പകുതിയും കുറഞ്ഞെന്നു മൌസി സന്തോഷത്തോടെ പറഞ്ഞു. പക്ഷെ മകന്റെ ഭാര്യ ലക്ഷ്മിയെ മൌസിക്ക് തീരെ ഇഷ്ടമല്ല. അവര്‍ അവളെ ലക്കി എന്നാണു വിളിക്കുന്നത.
“ഒരു ജോലിക്കും പോകില്ല, കുഞ്ഞിനേയും ശരിക്ക് നോക്കില്ല. മാജി എത്ര ശ്രദ്ധയോടെയാണ് ഈ മോനെ നോക്കുന്നത്. ഞാന്‍ അതെല്ലാം അവളോടു പറയുമ്പോള്‍. കാശുള്ളവര്‍ കുഞ്ഞിനെ നോക്കുന്നത് പോലെ നമുക്കാവുമോ..?”എന്നവള്‍ എന്നോടു ചോദിക്കും. അവനവന്റെ കുഞ്ഞിനെ ശ്രദ്ധയോടെ നോക്കുവാന്‍ കൈയ്യില്‍ പൈസ വേണോ..? ഒരല്പം മനസ്സ് പോരെ മാജി..?”
ഞാന്‍ ഒന്നും മിണ്ടിയില്ല. എന്തുകാര്യം പറഞ്ഞു തുടങ്ങിയാലും മൌസി അവസാനിപ്പിക്കുന്നത് ലക്കിയുടെ കുറവ് പറഞ്ഞായിരിക്കും.
മൌസി പറഞ്ഞു കേട്ട് എനിക്കും ലക്കിയോടു ഒരുതരം വെറുപ്പായിരുന്നു.
ഒരു ദിവസം മൌസിക്ക് പകരം ജോലിക്ക് വന്നത്. ലക്കിയാണ്. മെലിഞ്ഞു പൊക്കമുള്ള ഒരു യുവതി കഷ്ടി ഒരു ഇരുപതു വയസ്സ് കാണും. കൊച്ചു കുട്ടികളുടെതു പോലെ നിഷ്കളങ്കമായ മുഖം. ഒരു കുഞ്ഞിന്റെ അമ്മയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒരു കൊച്ചു കുട്ടിയെ സാരി ഉടുപ്പിച്ചത് പോലുണ്ട്. മൌസി പനിയായി കിടക്കുകയാണ്. ജോലി കഴിഞ്ഞു അവള്‍ ധൃതിയില്‍ പോകാനൊരുങ്ങി പറഞ്ഞു.
“അമ്മ പാവം പനി പിടിച്ചു കുടക്കുകയല്ലേ. മോന്‍ അവരെ ഒന്നു കിടക്കുവാന്‍ കൂടി സമ്മതിക്കില്ല. ശല്യപ്പെടുത്തും.”
എനിക്ക് അത്ഭുതം തോന്നി എപ്പോഴും മരുമകളുടെ കുറ്റം മാത്രം പറയുന്ന മൌസിയെക്കുറിച്ച് ഈ മരുമകള്‍ പറയുന്നതോ...
ഈ പാവം പെണ്ണിനെക്കുറിച്ചാണോ മൌസി ഈ കുറ്റങ്ങളെല്ലാം പറയുന്നത്..?
പിന്നെയും ഇടക്കിടക്ക്‌ ലക്കി ജോലിക്ക് വരുമായിരുന്നു. നല്ല വെടിപ്പായി ജോലി ചെയ്യുകയും ചെയ്യും. ചിരിച്ചു കൊണ്ടല്ലാതെ അവളെ കണ്ടിട്ടേയില്ല. മൌസിയുടെ ആ തടിയന്‍ രാക്ഷസനെപ്പോലുള്ള ആ മകന് കിട്ടിയ ഒരു ഭാഗ്യമാണല്ലോ ഇവള്‍ എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തുക. മൌസിയുടെ മകനെയും ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ റിക്ഷയില്‍ കയറിയിട്ടുമുണ്ട്.
ഒരിക്കല്‍ ഞാന്‍ അവള്ക്ക് എന്റെ ഒരു പഴയ സാരി കൊടുത്തപ്പോള്‍ അത് വാങ്ങാന്‍ മടിച്ചിട്ടു പറഞ്ഞു.
”ഇത് അമ്മക്ക് കൊടുത്തേക്കൂ, അമ്മ സ്ഥിരം ജോലി ചെയ്യുന്ന വീടല്ലേ ഇത്. ഞാന്‍ ഇത് വാങ്ങിയാല്‍ ശരിയാകില്ല.”
“നീ വാങ്ങിക്കോ ലക്കീ..മൌസി ഇതൊക്കെ എങ്ങനെ അറിയാനാണ്.”
“വേണ്ട മാജീ.. എന്ന് പറഞ്ഞു സാരി തിരികെ തന്നിട്ട് അവള്‍ തുടര്ന്നു .
“ഇപ്പോള്‍ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടി വീട്ടിലുണ്ട്. അത് കൊണ്ടു എനിക്കിപ്പോള്‍ എന്തെങ്കിലും ജോലിക്ക് പോകാനാകും. കുഞ്ഞിനെ അവള്‍ നോക്കിക്കൊള്ളുമല്ലോ. ഇപ്പോള്‍ ഒന്നു രണ്ടു വീടുകള്‍ എനിക്ക് സ്ഥിരമായി കിട്ടി.”
“എങ്കില്‍ മൌസിക്ക് പകരം നിനക്ക് ഇവിടെ സ്ഥിരമായി വന്നു കൂടെ ലക്കീ..?” ഞാന്‍ അവളോടു ചോദിച്ചു.
“അയ്യോ..അത് അമ്മ സമ്മതിക്കില്ല. ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോഴേ എന്റെ സ്ഥിരം വീടുകള്‍ തട്ടിയെടുത്തെക്കരുത് എന്നു ആദ്യമേ അമ്മ പറഞ്ഞിട്ടുണ്ട്.”
ഒരു ദിവസം ജോലിക്കു വന്ന മൌസി വലിയ ഉത്സാഹത്തോടെ പറഞ്ഞു.
“മാജി..ഞാന്‍ നാളെ ജോലിക്കു വരില്ല. ഒരിടം വരെ പോകുവാനുണ്ട്.”
“അപ്പോള്‍ നാളെ ലക്കി വരുമായിരിക്കും അല്ലെ..?”
“ഇല്ല..അവളും വരില്ല.”
“അതെന്താ..? നിങ്ങള്‍ രണ്ടു പേരും കൂടിയാണോ പോകുന്നത്...?”
മൌസി ഒരു രഹസ്യം പറയാനെന്നവണ്ണം എന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ടു പറഞ്ഞു
“അതല്ല മാജി.. എന്റെ് മകന്‍ അവളെ ഉപേക്ഷിക്കുകയാണ്. അവനു നല്ലൊരു പെണ്ണിനെ ഞങ്ങള്‍ കണ്ടു വെച്ചിട്ടുണ്ട്. നാളെ നിശ്ചയമാണ്. നാളെ ഞങ്ങള്‍ അവിടെയാണ് പോകുന്നത്. ഒരു ആപ്പീസില്‍ പ്യൂണായി സ്ഥിര ജോലിയുള്ള പെണ്ണാണ്. നിശ്ചയം കഴിഞ്ഞു വന്നു ഞങ്ങള്‍ ലക്കിയെ അവളുടെ വീട്ടില്‍ പറഞ്ഞു വിടും. അവളോടു ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല.”
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
“അപ്പോള്‍ മൌസിയുടെ മകനും സമ്മതമാണോ ഇക്കാര്യം..?”
“പിന്നെന്താ... വീട്ടുവേല ചെയ്തു നടക്കുന്ന ഒരു പെണ്ണിനെക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ ഒരു ജോലിയുള്ള പെണ്ണ്. എന്റെ മകന്‍ ഞാന്‍ പറയുന്നതേ കേള്ക്കൂല..”
ഞാന്‍ സ്തബ്ദയായി നിന്നു. വീണ്ടും ഒരു ഇരുപതുകാരി…. ഒരു വയസ്സുള്ള കുഞ്ഞ്.. എപ്പോഴും കൊച്ചു കുട്ടികളെപ്പോലെ ചിരിക്കുന്ന ലക്കിയുടെ കണ്ണുകള്ക്ക് ‌ ഇനി ചിരിക്കാനാവുമോ..? ആ കുഞ്ഞിനെ എന്ത് ചെയ്യും മൌസീ എന്നും എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. നൂറായിരം ചോദ്യങ്ങള്‍ ഒരേ സമയം മനസ്സിലുദിച്ച് അവ എന്റെ തൊണ്ടയില്‍ തടഞ്ഞു നിന്നു. എന്നോടു യാത്ര പറഞ്ഞു മൌസി പോയിക്കഴിഞ്ഞിട്ടും ഒരു പ്രതിമ പോലെ ഞാന്‍ അവിടെത്തന്നെ നിന്നു

3 comments:

 1. Is this real? Or a story? Unbelievable...

  ReplyDelete
 2. സത്യമോ? മിഥ്യയോ?
  വയിച്ചു വല്ലാതായി.
  അല്പം കഥ പറച്ചില്‍ പോലെ ആയി, ചിലയിടങ്ങളില്‍.

  ഒന്ന് കൂടെ ശ്രദ്ധിച്ചു എഴുതിയിരുന്നെങ്കില്‍ ബൂലോകത്തെ ഏറ്റവും നല്ല കഥകളില്‍ ഒന്നായേനെ.

  ഇപ്പോഴും നല്ലത് തന്നെ ആണ്

  ReplyDelete
 3. വിചിത്രമനസ്സുകള്‍ കൊണ്ട മനുഷ്യര്‍.

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍