8.4.13

കഴുകന്‍



തല ചെറുതായി വിയര്‍ക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കുറക്കാതെ തന്നെ തൊപ്പി ഊരി മടക്കി ട്രാക്ക്‌ സ്യൂട്ടിന്റെ പോക്കറ്റില്‍ വെച്ചു. രാവിലെ ഇറങ്ങുമ്പോള്‍ നല്ല തണുപ്പായിരുന്നു. മുംബൈ ശൈത്യ കാലത്ത് തണുത്തു വിറയ്ക്കാറില്ല. രാവിലെ  മൂടല്‍ മഞ്ഞില്‍ ഒന്ന് കുളിര്‍ന്നു നില്‍ക്കും. എങ്കിലും നടപ്പ് പകുതിയാകുമ്പോള്‍  വിയര്‍ക്കാന്‍ തുടങ്ങും.

ഉത്സവ് ചൌക്ക് എത്തിയപ്പോള്‍  സാന്ദ്രയുടെ ഫോണ്‍ വന്നു. മോര്‍ണിംഗ് വാക്ക്‌ കഴിയാറായോ...? ഇപ്പോള്‍ എവിടെ എത്തി...? ‘ഹീരാ നന്ദിനി ബ്രിഡ്ജ്’ കഴിഞ്ഞോ...? എന്നൊക്കെ അവള്‍ ചോദിച്ചു കൊണ്ടിരിക്കും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന അവള്‍ക്ക് ഇവിടത്തെ ഓരോ മുക്കും മൂലയും അറിയാം.  എന്നാല്‍ എനിക്കോ ഇവിടവുമായി കഷ്ടി ഒരു മാസത്തെ പരിചയം മാത്രം. ഇവിടത്തെ വിവരങ്ങള്‍  ലൈവായി എന്നും അവള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഈ നടത്തത്തിനിടെ ആണ്. തിരച്ചു റൂമില്‍ ചെന്നാല്‍ ഓഫീസില്‍ പോക്കിന്റെ ബഹളം, ഥാനെക്കുള്ള ട്രെയിനില്‍ കയറാനുള്ള ഉന്തും തള്ളും. ഓഫീസില്‍ ചെന്നാലത്തെ പിടിപ്പതു ജോലിയും. ഒരു മാസം കൊണ്ടു പ്രോജക്റ്റ് തീരുമോ എന്ന ടെന്‍ഷന്‍ വേറെ.

സംസാരം കഴിഞ്ഞു  ഫോണ്‍ പോക്കറ്റില്‍ വെക്കുമ്പോഴാണ് കുറച്ചു പ്രായം ചെന്ന ഒരാള്‍ പിന്നില്‍ നിന്നും മറികടന്ന് വന്ന് അഭിവാദ്യം  ചെയ്തത്.

“ഹലോ....ഗുഡ്‌ മോര്‍ണിംഗ് ..’

“ഗുഡ് മോര്‍ണിംഗ്. അങ്കിള്‍. അറിയുമോ എന്നെ..?”

“പിന്നെ... ഒരു മാസത്തോളമായി എന്നും ഈ വഴിയില്‍ കാണുന്നവരല്ലേ നമ്മള്‍.”

“പക്ഷേ...ഞാന്‍ ഇതുവരെ അങ്കിളിനെ കണ്ടിട്ടില്ലലോ ...?”

ഒരു നിമിഷം കുനിഞ്ഞു നിന്ന് അയഞ്ഞു പോയ ഷൂ ലേസ്‌ മുറുക്കി കെട്ടിയശേഷം അയാള്‍ കൂടെ നടന്നെത്തിക്കൊണ്ടു പറഞ്ഞു.

“അത് താങ്കള്‍ മിക്കവാറും വുഡ്‌ ബി യോട് സംസാരിച്ചു കൊണ്ടല്ലേ നടക്കാറുള്ളത്. പിന്നെങ്ങനെ എന്നെ കാണും..?”

“ഞാന്‍ എന്റെ വുഡ്‌ ബി യോടാണ് സംസാരിക്കുന്നത് എന്ന് അങ്കിളിനു എങ്ങനെ മനസ്സിലായി..?”

“അത് കേള്‍ക്കേണ്ട. കണ്ടാല്‍ മതി. നിന്റെ കണ്ണുകളിലെ ആ സ്നേഹം, അടുത്തുണ്ടായിരുന്നു എങ്കില്‍  അവളെ ചേര്‍ത്തു പിടിക്കാമായിരുന്നു എന്ന രീതിയിലെ നിന്റെ ഭാവങ്ങള്‍. അങ്ങനെ പലതും കണ്ടാല്‍ മനസ്സിലാകും അത്  കാമുകിയോ ഭാര്യയോ അതോ മറ്റു വല്ലവരുമോ എന്ന്. ഭാര്യയാണെങ്കില്‍ അത് മറ്റൊരു തരം സ്നേഹമായിരിക്കും. അതില്‍ ഔപചാരികത തീരെ കാണില്ല.”

അയാള്‍ ചിരിയോടെ  പറഞ്ഞു.

“ഉം ..അങ്കിള്‍ ആള്‍ റൊമാന്റിക്ക് തന്നെ. നല്ല സൂക്ഷ്മ നിരീക്ഷണവും. നമ്മള്‍ ഇത് വരെ പരിചയപ്പെട്ടില്ലല്ലോ. എന്നാല്‍ അതിനു മുന്‍പേ പലതും പറഞ്ഞു കഴിഞ്ഞു താനും.“

“ഞാന്‍ റിട്ടയേര്‍ഡ്‌ കേണല്‍ ജോര്‍ജ്‌ കുരിയാക്കോസ്.  ഇവിടെ മകളുടെ വീട്ടിലാണ്. നാട്ടില്‍ ഞാനും ഭാര്യയും തനിയെ ആയിരുന്നു താമസം. അവള്‍ മരിച്ചിട്ട് നാല് മാസമായി. അതിനു ശേഷവും രണ്ടു മാസം ഞാന്‍ നാട്ടില്‍ തനിയെ കഴിഞ്ഞു. ഒടുവില്‍ മകളുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ഇങ്ങു പോരേണ്ടി വന്നു. നമ്മള്‍ പറഞ്ഞനുസരിപ്പിച്ചു വളര്‍ത്തിയ മക്കളെ പ്രായമാകുമ്പോള്‍ നമ്മള്‍ അനുസരിക്കണമല്ലോ. അതല്ലേ അതിന്റെ ശരി.”

കണ്ടാല്‍ അരോഗ ദൃഡഗാത്രനായ വൃദ്ധന്‍. വ്യായാമത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നു. വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും പുറമേ കാണാത്ത  ശരീരം. മുടിയിലും അധികം നരയില്ല. അതോ ഇനി കുറച്ചു നര നിലനിര്‍ത്തിക്കൊണ്ടുള്ള ഡൈ ആണോ... ?

“ഞാനും ഇവിടെ പുതിയതാണ്. വിനോദ്. ബാംഗ്ലൂര്‍ ആണ് ജോലി. കമ്പനിയുടെ ഒരു പ്രൊജക്റ്റിനായി  ഇവിടെ വന്നതാണ്. ഒരു മാസത്തെ ജോലി കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകും. അടുത്ത മാസം എന്റെ കല്യാണമാണ്. എന്‍ഗേജ്മെന്‍റ് കഴിഞ്ഞിട്ട് രണ്ടു മാസമായി.”

“വുഡ്‌ ബി ബാംഗ്ലൂരിലായിരിക്കും. അല്ലെ..?”

‘അതെ ഞങ്ങള്‍ ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.”

“ഗുഡ്.”

“അങ്കിളിനെ കണ്ടപ്പോഴേ എനിക്ക് തോന്നി അങ്കിള്‍ സര്‍വീസില്‍ ആയിരുന്നുവെന്ന്.”

“അതെ. ഞങ്ങള്‍ സര്‍വീസില്‍ ഉണ്ടായിരുന്നവരെ ബോഡി ലാങ്ഗ്വേജില്‍ നിന്ന് ആളുകള്‍ തിരിച്ചറിയും. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും ഞാന്‍ പതിവ് വ്യായാമം മുടക്കാറില്ല. സാറ ഉണ്ടായിരുന്നപ്പോള്‍ അവളും രാവിലെ നടക്കാന്‍ കൂടുമായിരുന്നു. സോറി, സാറാ  ആരെന്നു ഞാന്‍ പറഞ്ഞില്ലല്ലോ എന്റെ ഭാര്യ. ഞങ്ങള്‍ പ്രേമ വിവാഹം കഴിച്ചവരാണ്. അതാണ്‌ ഒരു കാമുകന്റെ ചേഷ്ടകള്‍ കൃത്യമായി ഞാന്‍ പറഞ്ഞത്.”

ഇയാള്‍ ആളു കൊള്ളാം. സമയം പോകുന്നത് അറിയുകയേ ഇല്ല. നല്ല സ്പീഡിലാണ് നടത്തം. തല ഉയര്‍ത്തിപ്പിടിച്ച് മാര്‍ച്ച് ചെയ്യുന്നത് പോലെ.

“അങ്കിളിനു തണുക്കില്ലേ ഈ ഷോര്‍ടിസില്‍ ..?”

അദ്ദേഹം ധരിച്ചിരിക്കുന്ന ചെറിയ ഷോര്‍ട്സ് നോക്കി ഞാന്‍ ചോദിച്ചു.

“ഇല്ല. എനിക്ക് ജോഗ്ഗിങ്ങില്‍ ഇതാണ് ശീലം. നാട്ടിലും ഞാന്‍ ഇത് ധരിച്ചു തന്നെയാണ് നടക്കാറ്. നല്ല നീളമുള്ള സോക്സുണ്ടല്ലോ അത് മതി. അത്ര തണുപ്പാണെങ്കികില്‍ കമ്പിളി സോക്സ് ഇടും. നല്ല സ്പീഡില്‍ നടക്കുമ്പോള്‍ തണുപ്പെങ്ങനെ അറിയാന്‍. നടക്കുമ്പോള്‍ സ്പീഡില്‍ തന്നെ നടക്കണം .അല്ലാതെ നടന്നിട്ട് വലിയ പ്രയോജനം ഇല്ല.”

‘അഭിലാഷ്‌ ഹെറിറ്റേജ്‌ ’എന്നു വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്ന  ഫ്ലാറ്റിനു മുന്നില്‍ എത്തിയപ്പോള്‍  അദ്ദേഹം പറഞ്ഞു.

“ഇതിന്റെ ആറാം നിലയിലാണ് എന്റെ മകളുടെ വീട്. നമ്പര്‍ അറുനൂറ്റി ഒന്ന്. വരണം ഒരിക്കല്‍. “

“തീര്‍ച്ചയായും അങ്കിള്‍. അറുന്നൂറ്റി ഒന്ന് ഓര്‍ത്തിരിക്കാന്‍ എളുപ്പമല്ലേ. അവധി ദിവസം നോക്കി ഞാന്‍ വരാം. ഇതിന്റെ അടുത്ത റോഡില്‍ തന്നെയാണ് ഞാന്‍ താമസിക്കുന്നത്.“

“ശരി നാളെ കാണാം..”

കൈ ഉയര്‍ത്തി ടാറ്റ പറഞ്ഞു അദ്ദേഹം ധൃതിയില്‍ അകത്തേക്ക് നടന്നു.

വൈകുന്നേരം സാന്ദ്രയോടു പറയാന്‍ ഒരു വിഷയം ആയി. അപ്പാര്‍ട്ടുമെന്റിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.

പിറ്റേന്ന് സാന്ദ്രയുമായി വിശേഷങ്ങള്‍ പറഞ്ഞു നടക്കുന്നതിനിടെ പിന്നിലേക്ക് നോക്കിയപ്പോള്‍ ധൃതിയില്‍ മാര്‍ച്ച് ചെയ്തു നടക്കുന്ന ജോര്‍ജ്‌  അങ്കിളിനെ കണ്ടു. സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് കൂടെ തിരിഞ്ഞു നോക്കി. അത് കണ്ടു അദ്ദേഹം വേഗം നടന്നു എനിക്കൊപ്പമെത്തി.

“നീ സംസാരിക്കുന്നതിനിടയില്‍ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി കുറച്ചു ദൂരമിട്ടു നടക്കുകയായിരുന്നു.”

അങ്കിള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അങ്കിളിനു നാട്ടില്‍ ആരെല്ലാമുണ്ട്...?.”

“നാട്ടിലെ വീട്ടില്‍ ഇപ്പോള്‍ ആരുമില്ല മോനെ. തനിച്ചു നില്‍ക്കുന്നതില്‍ എനിക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷെ മകള്‍ സമ്മതിക്കണ്ടേ..? റിട്ടയര്‍മെന്റിനുശേഷം ഞാനും സാറയും അവിടെ പൂക്കളുടെ ബിസിനസ് നടത്തുകയായിരുന്ന. സാറാ ഉണ്ടാക്കിയിരുന്ന ബോക്കെകള്‍ക്കും പുഷ്പാലങ്കാരങ്ങള്‍ക്കും നല്ല ഡിമാണ്ടായിരുന്നു. വീട്ടില്‍ തന്നെ ഓര്‍ക്കിഡിന്റെയും അന്തൂറിയത്തിന്റെയും നല്ലൊരു തോട്ടമുണ്ടായിരുന്നു. ചെടികളുടെ പുതിയ തളിരിലകള്‍, മൊട്ടുകള്‍, പൂക്കള്‍ ഇവയൊക്കെ മനസ്സിനെ എങ്ങനെ ചെറുപ്പമായി സംരക്ഷിമെന്നോ...? ഒരു പുതിയ തൈ പാകി നട്ടു വളര്‍ത്തുക എന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിനു തുല്യമാണ്. ഇങ്ങോട്ട് പോന്നപ്പോള്‍ ആ ചെടികളും നോക്കി നടത്തിയിരുന്ന ബിസിനസ്സും ഒക്കെ ഓരോരുത്തരെ ഏല്‍പ്പിച്ചു പോരേണ്ടി വന്നു. മകളെ കൂടാതെ ഒരു മകനും ഉണ്ട് എനിക്ക്. അവര്‍ കുടുംബത്തോടെ  അമേരിക്കയില്‍. വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും.”

“ഇവിടം ഇഷ്ടമായോ അങ്കിളിന്..?”

“എനിക്ക്  ഇവിടം തീരെ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ കുറേശ്ശെ ഇഷ്ടപ്പെട്ടു വരുന്നു.”

“അതെന്താ..?”

“നിന്നെ പരിചയപ്പെട്ടില്ലേ..? എനിക്കെപ്പോഴും ചെറുപ്പക്കാരുമായുള്ള സൌഹൃദമാണ് ഇഷ്ടം. എന്റെ പ്രായക്കാര്‍ക്കു എപ്പോഴും പ്രഷറിന്റെ അസ്ക്യത, ഷുഗറിന്റെ അളവ്, മുട്ട് വേദന ഇവയൊക്കെ സംസാരിക്കാനേ നേരമുള്ളൂ. അതു നമ്മുടെ വാര്‍ധക്യം പെട്ടെന്ന് കൂട്ടും. ഈ ചെറുപ്പം എന്ന പ്രതിഭാസത്തിനു ഒരു പ്രത്യേകത ഉണ്ട്. അതൊരിക്കലും മറ്റൊരാള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് കൊണ്ടു കുറഞ്ഞു പോകുകയില്ല. വിദ്യപോലെ കൊടുക്കുമ്പോള്‍ കുറയാത്ത ഒരു പ്രതിഭാസമാണിത്. ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ നമുക്ക്‌ ചെറുപ്പം തരും.”

“അപ്പോള്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറയുന്നപോലെ ചെറുപ്പ ധനം എന്നോ മറ്റോ...” ഞാന്‍ താമശക്ക് ഉരുവിട്ടു.

“രണ്ടാമത് കിട്ടുന്ന ചെറുപ്പം ധനമല്ല അത് ശരിക്കും ഒരു വരമാണ്. ചെറുപ്പ വരം സര്‍വ വരത്തെക്കാള്‍ പ്രധാനം..” അദ്ദേഹം തെല്ലുറക്കെ ചിരിച്ചു കൊണ്ടു പൂരിപ്പിച്ചു. ഇത് പുതുമയുള്ള ഒരു കാര്യമേ അല്ല. ച്യവന മഹര്‍ഷിയെപ്പോലുള്ളവര്‍ പുരാതന കാലം തൊട്ടേ തേടി നടക്കുന്നതല്ലേ  ഈ നിത്യയൌവനത്തെ.“

“അങ്കിളിനു ഈഗിളിന്റെ ജന്മമായിരുന്നു വേണ്ടിയിരുന്നത്.”

“എന്ത്.... ? ഞാനോ...? ശവശരീരം ഭക്ഷിക്കുന്ന കഴുകനോ..? അതെന്താ നീ അങ്ങനെ പറഞ്ഞത്..?.”

തെല്ല് നീരസത്തോടെയാണദ്ദേഹം ചോദിച്ചത്.

“അയ്യോ...ഞാന്‍ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഈ കഴുകനെക്കുറിച്ചു ഒരു കഥയുണ്ട്. ഒരു കഴുകന്റെ ശരാശരി ആയുസ്സ്‌ നാല്‍പ്പതു കൊല്ലമാണ്. നാല്പ്പതിനോടടുക്കുമ്പോള്‍ അതിനു വാര്‍ധക്യം വരും. അതിന്റെ ചിറകുകള്‍ക്ക് ഭാരം വെക്കും കൊക്കും നഖങ്ങളും വല്ലാതെ വളഞ്ഞു ചുരുളും. പറക്കാനാവാതെ, ഇരപിടിക്കാനാവാതെ അത് ചത്തു പോകും.

“അതിന്...? അതും ഞാനും തമ്മില്‍ എന്താ ..?”

“അങ്കിള്‍ ക്ഷമയോടെ കേള്‍ക്കൂ...ഇതില്‍ ചില കഴുകന്മാര്‍ക്ക് അസാമാന്യ ബുദ്ധിയായിരിക്കും. അവര്‍ സാവധാനം വന്നടുക്കുന്ന വാര്‍ധക്യത്തെ പടിവാതിലില്‍ വെച്ചേ കാണും.  അവ മല മുകളിലേക്ക് പറന്നു പോയി തന്‍റെ ഭാരമേറി വരുന്ന ചിറകുകള്‍ ഒന്നൊന്നായി കൊത്തിപ്പറിച്ചു കളയും. കൂര്‍ത്തു വളയാന്‍ തുടങ്ങുന്ന നഖങ്ങളും കൊക്കു കൊണ്ടു പറിച്ചെറിയും. ഒടുവില്‍ തന്റെ വളഞ്ഞു പിരിയാന്‍ തുടങ്ങുന്ന കൊക്കുകള്‍  പാറയില്‍ ഉരച്ചു തീര്‍ക്കും. അങ്ങനെ അത് കുറച്ചു മാസങ്ങളോളം ആ മലയില്‍ തന്നെ കിടക്കും. അപ്പോള്‍ അതിന് ഭാരം കുറഞ്ഞ പുതു ചിറകുകള്‍ മുളക്കും, പുതിയ നഖങ്ങളും കൊക്കുകളും. അങ്ങനെ അതൊരു ആരോഗ്യമുള്ള യുവ കഴുകനായി മാറും. പിന്നീടത് വീണ്ടും നാല്‍പ്പതു കൊല്ലത്തോളം ജീവിക്കും. ”

ഓരോ വാചകത്തിനും മൂളിക്കൊണ്ടിരുന്ന അങ്കിളിന്റെ മൂളല്‍ കേള്‍ക്കാതിരുന്നപ്പോള്‍ ഞാന്‍ ആ മുഖത്തേക്ക് നോക്കി.

“എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..? ശ്രദ്ധിക്കുന്നില്ലേ ഞാന്‍ പറയുന്നത്...?”

“അതെ, ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്നു. എനിക്ക് ഒരു കഴുകനാകുനാകുവാന്‍ തോന്നുന്നു വിനോദ്‌. എന്നെ നോക്ക്. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സില്‍ നില്‍ക്കുകയാണ് ഞാന്‍ എഴുപത്തഞ്ചു വയസ്സ്. ഈ കഴുകനെപ്പോലെ ശ്രമിച്ചാല്‍ എനിക്ക് ഉടനെ മരിക്കാതെ ഒരു പുനര്‍ജ്ജന്മം എടുക്കാനാകുമല്ലോ..’

“അങ്കിള്‍ ഇത് കാര്യമായി എടുത്തോ....? ഇതൊരു കെട്ടുകഥയാണ്. ചിറകും   കൊക്കും നഖവും നഷ്ടപ്പെട്ട ആ കഴുകന്‍ മലമുകളില്‍ എങ്ങനെ ഇര തേടും..? പുതിയവ മുളച്ചു വരുന്നതിനു  മാസങ്ങളെടുക്കും. ആ കാലം കൊണ്ടു അത് മരിച്ചു പോകില്ലേ..?. ഇനി അതിന് എങ്ങനെ എങ്കിലും ഭക്ഷണവും വെള്ളവും ലഭിച്ചു എന്ന് കരുതുക. അതിന്റെ ആന്തരാവയവങ്ങള്‍ ഒരു വൃദ്ധകഴുകന്റെത് തന്നെയല്ലെ..? അതിനെങ്ങനെ ഒരു ചെറുകഴുകന്റെ ശക്തിയും ചുറുചുറുക്കും ലഭിക്കും..?.”

പെട്ടെന്ന് നടത്തം നിര്‍ത്തിയ അങ്കിള്‍ നടപ്പാതയിലെ ബെഞ്ചിലിരുന്നു തര്‍ക്കിക്കാന്‍ തുടങ്ങി.

“അതൊക്കെ അത് അതിജീവിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്യാനറിയാവുന്ന ബുദ്ധിയുള്ള കഴുകന്‍ അതിജീവനത്തിന്റെ മാര്‍ഗവും കണ്ടിരിക്കും”

“ഇല്ല. അങ്കിള്‍ ഇത് വെറുമൊരു ഹോക്സ്. സാങ്കല്‍പ്പിക കഥ. ശാസ്ത്രം എന്നേ തള്ളിക്കളഞ്ഞ കാര്യമാണിത്‌.”

“ശാസ്ത്രം..ആര്‍ക്കു വേണം ശാസ്ത്രത്തിന്റെ ശരിയും തെറ്റും. ഞാന്‍ പ്രകൃതിയില്‍ വിശ്വസിക്കുന്നവനാണ്. ഭൂമിയില്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത കാര്യം ശാസ്ത്രമാണ്. ഈ പ്രകൃതിയില്‍ തന്നെ ഉള്ള ഓരോ കാര്യങ്ങള്‍ വെളിപ്പെടുത്തി ഉപയോഗിക്കുന്നതല്ലേ ഈ ശാസ്ത്രം....? ഇന്നത്തെ ശരി അത് നാളെ തെറ്റെന്നു സ്ഥാപിക്കും. ഇത്രയും നാള്‍ വിശ്വസിച്ചവരെ വിഡ്ഢികളാക്കി, അതിനു ചേര്‍ന്ന കണ്ടു പിടുത്തങ്ങളും നടത്തിയിരിക്കും. പ്രകൃതി....അത് മാത്രമാണ് ഈ ഭൂമിയിലെ സത്യം.”

“അങ്കിള്‍ വരൂ..നമുക്ക്‌ നടക്കാം...”

ഞാന്‍ അങ്കിളിനെ നിര്‍ബന്ധിച്ചു നടത്തി. ഒരക്ഷരം മിണ്ടാതെ നടക്കുകയാണദ്ദേഹം. എന്തോ കടുത്ത ആലോചനയില്‍. കൈകള്‍ ഇപ്പോള്‍ ആവശ്യത്തിലധികം നീട്ടിയാണ് നടക്കുന്നത്. കണ്ണുകള്‍ ദൂരെ എങ്ങോ കേന്ദ്രീകരിച്ച പോലെ. എനിക്ക് ചെറുതായി പരിഭ്രമം തോന്നി.

‘എന്താ അങ്കിള്‍ ഒന്നും മിണ്ടാത്തത്..?”

“നീ പറഞ്ഞതു ശരി തന്നെയാണ്. എന്റേത് ഒരു കഴുകജന്മം തന്നെയാണ്. ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലാകുന്നു. ഞാന്‍ പണ്ടു സര്‍വീസിലായിരിക്കുമ്പോള്‍ ഒരു പഞ്ചാബി സുഹൃത്ത്, അമര്‍ജീത്‌ സിംഗ് അയാളുടെ മകന്റെ കല്യാണം കഴിഞ്ഞു വന്നപ്പോള്‍ എനിക്ക് ഒരു കുപ്പി  കെന്റക്കി വിസ്കി സമ്മാനിച്ചു.  കഴുകന്റെ ആകൃതിയായിരുന്നു ആ കുപ്പിക്ക്. പത്തുവര്‍ഷം ഓക്കില്‍ സൂക്ഷിച്ചത് എന്നൊരു ലേബല്‍ അതില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുള്ള ഒരു ബന്ധു അയാള്‍ക്ക്‌ കൊണ്ടു കൊടുത്തതാണത്. ഓക്ക്‌ മരത്തിനു എങ്ങനെ വിസ്കിയും വൈനിനെയും രുചികരമാക്കുവാന്‍ കഴിയും എന്ന് അത് കുടിച്ചാല്‍ മാത്രമേ നമുക്കത് മനസ്സിലാകുകയുള്ളു. കുറെ ദിവസങ്ങള്‍ കൊണ്ട് സാവധാനമാണ് ഞാന്‍ ആ വിസ്കി തീര്‍ത്തത്. അത് കുടിക്കുന്ന ദിവസങ്ങളില്ലെല്ലാം എനിക്ക് പുതു യൌവ്വനമായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ആ ദിവസങ്ങളിലെ രാത്രികളില്‍ ഞാന്‍ സാറായെ പുതു കരുത്തോടെ പുണര്‍ന്നു. രാവെളുക്കുവോളം.

ആ കുപ്പി ഞാന്‍ ഒരു കൌതുകത്തിന് സൂക്ഷിച്ചു വെച്ചു. പിന്നീടെപ്പോഴോ  സാറ ഉണ്ടാക്കിയ വീഞ്ഞ്  ഞങ്ങള്‍ അതില്‍ പകര്‍ന്നു സൂക്ഷിച്ചുവെച്ചു. പിന്നെ ആ കഴുകന്‍ എനിക്ക് ഹരമായി മാറി. ഞാന്‍ മദ്യശ്യാലകള്‍ തോറും കഴുകന്‍ കുപ്പികളിലെ മദ്യം തേടി നടന്നു. പല വര്‍ണ്ണങ്ങളില്‍...പല ബ്രാണ്ടുകളില്‍.  നീലയും പച്ചയും തവിട്ടും നിറത്തിലെ കഴുകന്മാര്‍ എന്റെ അലമാരകള്‍ അലങ്കരിച്ചു. പിന്നീട് അതിലെല്ലാം ഞങ്ങള്‍ വീഞ്ഞു  ശേഖരിച്ചു. അത് കുടിച്ച ഞങ്ങള്‍ യുവാക്കളെപ്പോലെ പ്രണയിച്ചു. ഇപ്പോഴും നാട്ടിലെ ഞങ്ങളുടെ വീട്ടിലെ അലമാരനിറയെ ഉണ്ട് വീഞ്ഞ് നിറച്ച കഴുകന്മാര്‍. സാറ മരിച്ച്  ഇങ്ങു പോരുന്ന വരെ ഞാനെന്തോ ആ അലമാരിയിലേക്ക് നോക്കിയിട്ടില്ല.  അവള്‍, സാറാ നാല് മാസം മുന്‍പ്‌ അവളുടെ അറുപത്തഞ്ചാം വയസ്സില്‍ ഒരു അപകടത്തില്‍ മരിക്കുന്നത് വരെ ഒരു യുവതി ആയിരുന്നു. അതെ കഴുകന്‍...കഴുകന്റെ കുപ്പിയിലെ വീഞ്ഞ് അതായിരുന്നു അവളുടെയും എന്റെയും യൌവ്വന രഹസ്യം. ഇപ്പോള്‍ എനിക്കത് വെളിവായി വിനോദ്. അത് തന്നെ. ഏതു മനുഷ്യനും അത് സാധിക്കും. അവന്‍ ബുദ്ധിയുള്ള ഒരു കഴുകനായാല്‍ മതി. കഴുകന്‍ തൂവലുകളാണ് ആദ്യം നീക്കുമെങ്കില്‍ മനുഷ്യന്‍ ആദ്യം അവന്റെ ചര്‍മ്മമാണ് ട്രാന്‍സ്‌പ്ലാന്റേഷന്‍ നടത്തേണ്ടത്.” അദ്ദേഹം ഒരു ഉന്മാദിയെപ്പോലെ പറഞ്ഞു.

“എന്റെ അങ്കിള്‍... എന്തൊരു വിഡ്ഢിത്തമാണിത്...? ചര്‍മം മാറ്റിയത് കൊണ്ടു എന്ത് കാര്യം..? അവയവങ്ങള്‍ പഴക്കം ചെന്നത് തന്നെ അല്ലെ..? അതിന്റെ പ്രവര്‍ത്തനം എങ്ങനെ പുതുക്കാം..? അതോ അതെല്ലാം മാറ്റണമോ..?”

“അതിന്റെ ആവശ്യമില്ല. ചര്‍മം പുതുതായാല്‍ അവയവങ്ങളും തനിയെ ചെറുപ്പം കൈവരിക്കും. ശരീരത്തിന്റെ ‘സെല്‍ഫ്‌ ക്യുയരിംഗ് മെക്കാനിസം’ എന്ന് കേട്ടിട്ടില്ലേ..? ചില അസുഖങ്ങള്‍ താനേ സുഖപ്പെടുന്ന പ്രതിഭാസം...? അത് ശരീരം സ്വയം ചെയ്യുന്ന ചികിത്സയാണ്. അതിലൂടെ പുതു ചര്‍മം ലഭിച്ച ശരീരത്തിന്റെ അവയവങ്ങള്‍ താനേ ചെറുപ്പം നേടിയെടുക്കും. മനുഷ്യ ശരീരം ഒരു കഴുകന്റെ ശരീരത്തെക്കാള്‍ വലുതാണല്ലോ. അത് കൊണ്ടു ഈ ചര്‍മം പുതുക്കല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും തുടങ്ങുന്നതായിരിക്കും നല്ലത്. കയ്യോ കാലോ അങ്ങനെ ഏതു ഭാഗവും ആകാം ”

‘എന്നിട്ടെന്തിനാ അങ്കിളിനു വീണ്ടും കല്യാണം കഴിക്കാനാണോ...?”

എനിക്കിത് കേട്ടിട്ടിട്ടു പരിഹസിക്കാനാണ് തോന്നിയത്.

“ഇതാണ് നിങ്ങള്‍ യുവാക്കളുടെ കുഴപ്പം നിങ്ങള്‍ക്ക് യുവത്വം എന്നാല്‍ ഇണ, ലൈംഗികത എന്നൊക്കെയാണ്. അത് നിങ്ങളുടെ പ്രായത്തിന്റെ കുഴപ്പമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം അതല്ല എന്ന് നിങ്ങള്‍  കാലത്തിന്റെ പക്വതയില്‍ പഠിക്കും.  മരിക്കുമ്പോള്‍ നമ്മള്‍ എങ്ങനെ വേണെങ്കിലും മരിക്കട്ടെ. പക്ഷേ മരണം നമ്മെ കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ചുക്കി ചുളിഞ്ഞ ഒരു ശരീരമല്ല മണ്ണിനു അലിയാന്‍ കൊടുക്കേണ്ടത്.”

‘അഭിലാഷ് ഹെറിറ്റേജ്’  എത്തിയിട്ടും അങ്കിള്‍ സംസാരം നിര്‍ത്താതെ എന്റെ കൂടെ നടക്കുകയാണ്.

“അങ്കിള്‍... അങ്കിളിന്റെ വീട് എത്തിയത് അറിഞ്ഞില്ലേ....?”

“ഓ...എന്റെ ഉള്ളില്‍ ചിറകടിച്ചുയരുന്ന കഴുകന്‍ നല്‍കിയ  ഊര്‍ജം കാരണം വീടെത്തിയത് ഞാന്‍ അറിഞ്ഞതെ ഇല്ല. എങ്കില്‍ നമുക്ക് ഒരു റൌണ്ട് കൂടെ നടക്കാം...?.”

“അയ്യോ..ഇല്ല അങ്കിള്‍ എനിക്ക് ഓഫീസില്‍ പോകാന്‍ വൈകും. നമുക്ക് നാളെ കാണാം.”

“ദെന്‍..ഓക്കേ...”

അങ്കിള്‍ ചുറുചുറുക്കോടെ ഫ്ലാറ്റിലേക്ക് പോയി.

ഇതെന്തോക്കെയാണ് ഈ അപ്പൂപ്പന്‍ പറയുന്നത്. എന്തെങ്കിലും കാര്യം കാണുമോ..? അതോ വട്ടായോ..? കഴുകന്റെ കുപ്പിയിലെ വീഞ്ഞ്. പുതു യൌവനം  കൊടുക്കുന്ന കഴുകന്‍. ഒരാള്‍ മരിച്ചു ശവമായിട്ടു വേണം കഴുകന് അത് ഭക്ഷിക്കുവാന്‍. ആ കഴുകന്‍ തന്നെ പുനര്‍ജീവനും നല്‍കുന്നു എന്ന് പറഞ്ഞാല്‍...?

പിറ്റെന്നത്തെ പ്രഭാത സവാരിക്കിടെ സാന്ദ്രയോടു പറഞ്ഞത് മുഴുവനും ജോര്‍ജ്‌ അങ്കിളിനെയും കഴുകനെയും കുറിച്ചു  മാത്രമായിരുന്നു.

“ഇത് ഇന്നലെ വൈകുന്നേരം എന്നോട് പറഞ്ഞതല്ലേ വിനോദ്. വേറെന്തെങ്കിലും പറ.  വിനോദിന് വേറെ ആരേം കിട്ടീല്ലേ...? ഒരു കൂട്ട് പിടിക്കാന്‍ പറ്റിയ പ്രായം...” സാന്ദ്രക്ക് ചിരി.

“ഇന്ന് പക്ഷേ അങ്കിളിനെ കാണുന്നില്ല സാന്ദ്ര. എന്ത് പറ്റിയോ..ആവോ..?”

“വിനോദ്...നീ ആകാശത്ത് അന്വേഷിക്കു. നിന്റെ ജോര്‍ജ്‌ അങ്കിള്‍ ഒരു കഴുകനായി ആകാശത്തു പറന്നു നടക്കുകയായിരിക്കും.”

നടന്നു നടന്ന് അഭിലാഷ്‌ ഹെറിറ്റേജിനു മുന്നിലെത്തിയപ്പോള്‍ ഒന്ന് കയറിയാലോ എന്ന് തോന്നി. രണ്ടു ദിവസം തുടര്‍ച്ചയായി കണ്ട ആളല്ലേ. എന്ത് പറ്റി എന്ന് നോക്കാം. ആറാം നിലയിലെ അറുന്നൂറ്റി ഒന്നാം നമ്പര്‍ വീട് അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറക്കുന്നില്ല. മകളുടെ കുടുംബം ആണെന്നല്ലേ പറഞ്ഞത്. ആരോടു ചോദിക്കും..? മകളുടെയോ  ഭര്‍ത്താവിന്റെയോ പേരറിയില്ല. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും അറിയില്ല.

“പെട്ടെന്ന് ലിഫ്റ്റ് ഇറങ്ങി വന്ന ഒരു കുട്ടി അവന്‍ അറുന്നൂറാം നമ്പര്‍ വീട്ടിലേക്കു കയറിപ്പോകുന്നതിനിടെ പറഞ്ഞു.

“വോ ലോഗ് ഇധര്‍ നഹി...കല്‍  സെ ഹോസ്പിറ്റല്‍ മേം. .വോ..നാനാജി കാ തബിയത്  ഠിക് നഹി..”

“കോന്‍സീ...ഹോസ്പിറ്റല്‍...?”

“രാംജി ഹോസ്പിറ്റല്‍. ഇധര്‍ നസ്ദിക്ക് മേം...”

അവന്‍ തിടുക്കത്തില്‍ അകത്തേക്ക് പോയി...

റിസപ്ഷനില്‍ ചെന്ന് റൂം മനസ്സിലാക്കി മുകള്‍ നിലയില്‍ ചെന്നപ്പോള്‍ ജോര്‍ജ്‌ കുരിയാക്കോസ്, എഴുപത്തഞ്ചു വയസ്സ് എന്നെഴുതി വെച്ച റൂമിന്റെ മുന്നില്‍ നില്‍ക്കുന്ന യുവതിയും യുവാവും,  മകളും ഭര്‍ത്താവും ആയിരിക്കണം ആരാ..എന്താ എന്നൊക്കെ തിരക്കി..

വിവരങ്ങള്‍ പറഞ്ഞു പരിചയപ്പെട്ട ഉടനെ മകള്‍ പൊട്ടിക്കരഞ്ഞു തുടങ്ങി

“എന്റെ വീട്ടില്‍ പപ്പാക്ക് ഒരു കുറവും ഇല്ലായിരുന്നു. ആത്മഹത്യ ശ്രമം എന്നാണു ആശുപത്രിക്കാര്‍ പറയുന്നത്.  ഇടത് കയ്യിലെ തൊലി മുഴുവനും ചെത്തി മുറിച്ചു ചോര വാര്‍ന്നു കിടക്കുകയായിരുന്നു. ഇപ്പോഴും ഐ സി യു വില്‍ തന്നെ. കൂടെ വരൂ. കാണിച്ചു തരാം.”

ആശുപത്രി വരാന്തയിലൂടെ അവരുടെ പിന്നാലെ നടന്ന എന്റെ മുന്നിലൂടെ  അനേകം കഴുകന്മാര്‍ തലങ്ങും വിലങ്ങും ചിറകടിച്ചു പറന്നു. പഴയ കൊക്കുകളും ചിറകുകളും മല മുകളില്‍ ഉപേക്ഷിച്ചു പുതു യൌവ്വനം നേടിയ കഴുകന്മാര്‍. അവരുടെ കാലുകളിലെ കൂര്‍ത്ത പുതു നഖങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഞാന്‍ ഒന്നും മിണ്ടാനാവാതെ ഐ സി യുവിന്റെ ചില്ല് ജാലകത്തിലൂടെ നോക്കി. അവിടെ ഭാരമേറിയ ചിറകുകളും ചുരുണ്ടു വളഞ്ഞ കൊക്കും നഖങ്ങളുമായി കട്ടിലില്‍ മരണാസന്നനായ ഒരു കിഴവന്‍ കഴുകന്‍ തളര്‍ന്നു കിടന്നു. നോക്കി നില്‍ക്കേ നവ യൌവനം നേടിയ ആ കഴുകന്മാര്‍ ഐ സി യു വിന്‍റെ ചില്ല് ജനാല തകര്‍ത്ത് അകത്തു കടന്നു,  മരണവും കാത്തുകിടന്ന കിഴവന്‍ കഴുകന്റെ കിടക്കക്ക് ചുറ്റും അക്ഷമരായി ചിറകടിച്ചു.

(തര്‍ജിനി മാര്‍ച്ച്‌ ലക്കം,2013)


20.2.13

ഗോപാലകൃഷ്ണന്‍, പത്ത് ബി

അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ‍ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയത്രേ. അപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണനെന്ന്.

പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് കുട്ടികൾ വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ   ട്രൌസറും ഇട്ടു നടന്നിരുന്ന ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെയെങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?

ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്ത് എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു   അവന്‍.

ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍.  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്‍ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീടെപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.

പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയെ  ഉച്ചയൂണിനു ശേഷമുള്ള ഇടവേളക്കാണ് ഞാന്‍  വിളിക്കാറ്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നു സുഖമില്ലാതായതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും.  അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്  വാക്കര്‍ എന്ന  ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്‍സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ  വര്‍ഷം മുതല്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.

അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. അസുഖം തളർത്തിയെങ്കിലും അമ്മക്ക് ആരോടും പരിഭവം ഇല്ല.

“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.

 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ഒരു ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.

പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.

‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു. വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”

“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."

എനിക്ക് ദേഷ്യമാണ് വന്നത്.

“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെ കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി .  ഇപ്പോ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”

“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”

“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. ചെറുതായി കഷണ്ടിയുമുണ്ട്.”

ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അതേതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ എന്തോ..?

“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”

“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”

“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ പണ്ടതയാള്‍ക്ക്‌  വായിക്കാന്‍ കൊടുത്തപ്പോള്‍ അത് കയ്യില്‍ വെച്ചോളാന്‍ പറഞ്ഞിട്ടുണ്ടെന്ന്. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”

“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."

ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്‍സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും  ചെറിയ നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്‍ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.

“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍.”

“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”

“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."

ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന് തന്നെ. അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.

“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”

പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.

“ഇന്ന് വന്നോമ്മേ അയാള്‍...?”

”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍..?. എന്തായാലും അമ്മുവിനോടു പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.

പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.

“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ഛമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”

എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍...അത് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?

അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ല. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”

എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെത്തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.

ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്.. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?

നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.

“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. അയാള്‍ക്ക്  മര്യാദ എന്നൊന്നുണ്ടെങ്കില്‍  ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”

“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”

“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”

അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..

തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍  ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നിന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല.

വളരെ ശ്രദ്ധിച്ച് ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പം  മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌. അതിനും നേര്‍ത്ത  ചുവപ്പ് നിറം . പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. പുറകില്‍ ബോള്‍ പേന കൊണ്ട്  എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും ഉഷാദേവി എന്ന്  അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ പെരുംകള്ളന്‍. ഒരു ഗോപാലകൃഷ്ണന്‍.. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍.  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.

താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.

“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"

ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ നടന്നു. ഉച്ച വെയിലിന്‍റെ  ചൂടും വല്ലാത്ത ദേഷ്യവും  കൊണ്ട് വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്നു കയറിയത്. താഴിട്ടു പൂട്ടിക്കിടന്ന വായനശാലയുടെ മുന്നില്‍ ഞാന്‍ സ്തബ്ദനായിനിന്നു.

തൊട്ടടുത്ത കരയോഗം ഓഫീസില്‍ ആളുണ്ട്.  ഞാന്‍ അവിടെയുണ്ടായിരുന്ന ആളോട് കാര്യം തിരക്കി.
“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”

“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”

“ഗോപാലകൃഷ്ണനോ..? അതാരാ..? ഇവിടെ ജോലി ചെയ്തിരുന്നത് സാവിത്രി എന്നൊരു കുട്ടിയായിരുന്നല്ലോ. അവള്‍ വേറെ ജോലി കിട്ടി പോവേം ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”

“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”

“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”

“ആ.... അറിയില്ല.”

 തിരികെ റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? അയാള്‍ ഇവിടെവിടെങ്ങാനും നില്‍പ്പുണ്ടോ..? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...?   ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.

ബെല്ലടി കേട്ട്  ധൃതിയില്‍ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്ന അമ്മ ചോദ്യഭാവത്തില്‍ നിന്നു. അമ്മയുടെ നിശ്ശബ്ദതയുടെ നൂറായിരം ചോദ്യങ്ങള്‍ക്ക്   മറുപടി തേടി വലഞ്ഞു.

ഒടുവില്‍ ഞാനെഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്.

“അമ്മേ, അത്  എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്."

ആശ്വാസത്തോടെ കണ്ണു തുടച്ച അമ്മയോട്  ഞാന്‍ ഒന്ന് കൂടി ചേര്‍ന്നിരുന്നു .


3.12.12

സൌമിത്രി കി ദാദി



സെന്‍ട്രല്‍ പാര്‍ക്കിന്‍റെ എതിര്‍വശം കാണുന്ന ‘അരിഹന്ത് ’ എന്നു വലിയ അക്ഷരത്തില്‍ എഴുതിയ ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ നിന്നുമാണ് ആ വൃദ്ധ പേരക്കുട്ടിയുടെ  കൂടെ സായാഹ്നങ്ങളില്‍ പാര്‍ക്കിലേക്ക്‌ വരുന്നത്. എല്ലാ ദിവസവും വൈകുന്നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ പാര്‍ക്കിലെ ബെഞ്ചില്‍ വന്നു കുറച്ചു നേരം വിശ്രമിക്കും. വൃദ്ധയുടെ കൈപിടിച്ചു വരുന്ന പേരക്കുട്ടി സൌമിത്രിയെയും എനിക്കറിയാം. മേഘ്ന മല്‍ഹോത്ര എന്നാണവളുടെ ശരിക്കുള്ള  പേര്. സൌമിത്രി എന്നത് വീട്ടിലെ വിളിപ്പേരാണ് എന്‍റെ മകള്‍ ശില്പ്പയുടെ ക്ലാസ്സില്‍ തന്നെയാണ് അവളും. ഒരു പൂമ്പാറ്റയുടെ ചാരുതയുള്ള പന്ത്രണ്ടു വയസ്സുകാരി. അവളുടെ അച്ഛന്‍ ഡോ. അജയ്‌ മല്‍ഹോത്രയും അമ്മ നേഹയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളും.



പക്ഷെ ഈ വൃദ്ധ ആ വീട്ടില്‍ ഒരു പൊരുത്തക്കേട്  പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അധികം നിറമില്ലാത്ത പരുത്തി സാരിയിലാണ് അവര്‍ എന്നും. സാരിയുടെ പല്ലവ്‌ എപ്പോഴും തലയിലൂടെ ഇട്ടിട്ടുണ്ടാകും. കാലില്‍ വില കുറഞ്ഞ വള്ളിച്ചെരുപ്പ്‌.  ഒരു എണ്‍പത്  വയസ്സിധികം കാണും അവര്‍ക്ക്‌. കുറച്ചു പ്രായമായതിനു ശേഷം ഉണ്ടായതാകണം ഈ ഡോക്ടര്‍. മകന്‍. ഞാന്‍ ആദ്യം കണ്ടപ്പോള്‍  അവരെ ഡോക്ടര്‍ മല്‍ഹോത്രയുടെ ദാദി എന്നാണു വിചാരിച്ചത്. എന്താ ഈ സ്ത്രീ ഇങ്ങനെ..? ഒരു ഡോക്ടറുടെ അമ്മയല്ലേ ..? ഇത്ര വില കുറഞ്ഞ നിറം മങ്ങിയ വസ്ത്രങ്ങളില്‍..?. അവരുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി എന്ന പതിനെട്ടുകാരിക്കുകൂടെ നല്ല ചുരിദാറുകള്‍ നേഹ വാങ്ങി കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടാണോ അവര്‍ ഈ വൃദ്ധയെ ഈ രീതിയില്‍ ..? മൂന്നു മാസം മുന്‍പ്‌  മല്‍ഹോത്രയുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അവര്‍ ദില്ലിയില്‍ നിന്നും ഇവിടെ വന്ന് ഈ മകന്‍റെ കൂടെ താമസമാക്കിയത്. നേഹക്ക് ജോലിയുള്ളത് കൊണ്ടു അമ്മയുടെ കാര്യങ്ങള്‍ നോക്കാനാണ് മീനാക്ഷി എന്നാണു നേഹ എന്നോടു പറഞ്ഞിട്ടുള്ളത്. എന്നിട്ടാണ് ഈ വൃദ്ധയെ ഇങ്ങനെ. ഇക്കാര്യം നേഹയോടു പലവട്ടം ചോദിക്കാന്‍ ആഞ്ഞിട്ടുണ്ട് ഞാന്‍ .പക്ഷെ അതിന്റെ ഔചിത്യക്കുറവില്‍  അത് മനസ്സില്‍ അടക്കിയിട്ടെ ഉള്ളു.



അവധി ദിവസങ്ങളില്‍ ചിലപ്പോള്‍ അവരുടെ കൂടെ  നേഹയും കാണും. ഒരു മണിക്കൂര്‍ നേരത്തെ നടത്തം കഴിഞ്ഞു തിരികെ വീട്ടിലേക്ക്‌ പോകുന്നതിനു മുന്‍പ്‌ ഞാന്‍ പാര്‍ക്കിലെ കൃത്രിമം എങ്കിലും മനോഹരമായി ഉണ്ടാക്കിയിട്ടുള്ള തടാകത്തിന്‍റെ കരയിലെ ബെഞ്ചിലിരുന്ന്  വെള്ളത്തിലൂടെ നീന്തി നീങ്ങുന്ന മീന്‍ കുഞ്ഞുങ്ങളെ നോക്കി കുറച്ചു നേരം വിശ്രമിക്കും. വൃദ്ധ പാര്‍ക്കിലെ വിവിധ തരത്തിലുള്ള ഊഞ്ഞാലുകളില്‍ കുട്ടികള്‍ കളിക്കുന്നത് കൌതുകത്തോടെ നോക്കിയിരിക്കുന്നത് കാണാം. ഇതിനിടെ സൌമിത്രി വന്ന്‍ “ഹായ്‌ ആന്റി..ശില്പ ആയി നഹീ..?” എന്നോ മറ്റോ കളിക്കിടെ വന്നു പറഞ്ഞിട്ട് ഓടിപ്പോകും. നിത്യവും കാണുന്ന മുഖമായത് കൊണ്ടു അവളുടെ ദാദി എന്നെ നോക്കി മന്ദഹസിക്കാറുണ്ട്.

“മാജീ..കൈസി ഹേ..?”

എന്ന എന്‍റെ സ്ഥിരം ചോദ്യത്തിന്

”ട്ടീക്ക് ഹും..ബേട്ടീ”

എന്നവര്‍ പതിവ് മറുപടിയും പറയും. അതില്‍ കൂടുതല്‍ ഉപചാരങ്ങളോ സംഭാഷണങ്ങളോ ഞങ്ങള്‍ തമ്മില്‍ ഇല്ല.

പക്ഷെ ഇന്നെന്തോ അവര്‍ എന്‍റെ അടുത്തു വന്നിരുന്നു. സംസാരിക്കാനുള്ള താത്പര്യം കാണിച്ചു. എന്‍റെ നാട് എവിടെയെന്നു ചോദിച്ചു. ഞാന്‍ കേരള്‍, കൊച്ചിന്‍ എന്നൊക്കെ അവരോടു പറഞ്ഞു.

“കേരളാ...ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി... ഈസ്‌ന്‍റ് ഇറ്റ്‌....?”

“ഹാം..ജീ...” ഞാന്‍  മറുപടി പറഞ്ഞു.

നല്ല ആംഗലേയ ഉച്ചാരണത്തിലെ അവരുടെ സംസാരം എന്നെ തെല്ല് അമ്പരപ്പിച്ചു. ഈ വൃദ്ധ ആളു ഞാന്‍ വിചാരിച്ചപോലെ അല്ലല്ലോ. സാധാരണ വടക്കെ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുമുള്ള വിദ്യാഭ്യാസം ഇല്ലാത്ത ഒരു സ്ത്രീ എന്നാണു ഞാന്‍ അവരെപ്പറ്റി കരുതി ഇരുന്നത്. ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി. നിറം കുറഞ്ഞ സാരിയുടെ പല്ലവിനുള്ളിലെ മുഖത്ത് ഒരു കുലീനത്വം ഉണ്ട്.

“മാജീ...നിങ്ങള്‍ ദില്ലിക്കാരാണ് അല്ലെ...?”

ഞാന്‍ അവരോടു സംസാരിക്കുവാന്‍ തുടങ്ങി.

“അല്ല ഞങ്ങള്‍ ശരിക്കും ഗുജറാത്തുകാരാണ്. ദില്ലിയില്‍ വന്നു താമസിക്കുന്നു എന്നേ ഉള്ളു.” അവര്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു..

“ഓ..അപ്പോള്‍ നിങ്ങള്‍ ഗുജറാത്തികള്‍ ആണല്ലെ..? അതെനിക്കറിയില്ലായിരുന്നു. നേഹയും അത് പറഞ്ഞിട്ടില്ല. ”

“അല്ല ബേട്ടീ..ഞങ്ങള്‍ നിങ്ങളുദ്ദേശിക്കുന്ന ഗുജറാത്തികള്‍ അല്ല.”

“പിന്നെ..?”

എനിക്കവര്‍ എന്താണ് പറഞ്ഞതെന്നു  മനസ്സിലായില്ല. ഗുജറാത്തില്‍ നിന്നും ദില്ലിയില്‍ പോയി താമസിക്കുന്നവര്‍  ഗുജറാത്തികള്‍ അല്ലാതെ പിന്നെ ആരായിരിക്കും...? ഞാന്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി. അത് മനസ്സിലായി എന്നവണ്ണം അവര്‍ വിശദമാക്കി.

“ഞങ്ങള്‍ റാവല്‍പിണ്ടിയിലെ ഗുജറാത്ത്‌ എന്ന സ്ഥലത്ത് നിന്നും ദില്ലിയില്‍ താമസമാക്കിയവരാണ്. “

ഒരു നിമിഷം എടുത്തു എനിക്ക് അവര്‍ പറഞ്ഞത് മനസ്സിലാകുവാന്‍.. റാവല്‍ പിണ്ടി...പാക്കിസ്ഥാനിലെ...? പിന്നെ സംശയത്തോടെ ആരാഞ്ഞു

“അപ്പോള്‍..? നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും വിഭജനത്തില്‍....?” എനിക്ക്  വാക്കുകള്‍ തടഞ്ഞു.

“അതെ.”
അവര്‍ ഉത്തരം നല്കിയിട്ടു ഒനും പറയാനില്ലാതെ വെറുതെ കുറെ നേരം നെടുവീര്‍പ്പ് ഇട്ടു കൊണ്ടിരുന്നു. ആ ഭാവമാറ്റം മനസ്സിലാക്കിയ ഞാന്‍ അവരോടു ക്ഷമ ചോദിച്ചു.

“മാഫ് ദീജിയേ..മാജീ...മേം അപ് കോ തംഗ് കിയാ..?” (ക്ഷമിക്കൂ മാജീ...ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചോ) എന്നിട്ട് പോകുവാന്‍ ഒരുങ്ങി.

“രുക്കോ..ബേട്ടീ ..അപ് നേ ഹം കോ ക്യാ തംഗ് കിയാ..?”(നില്‍ക്കൂ മോളെ...നീ എന്നെ എന്ത് വിഷമിപ്പിച്ചു)

എന്നെ പിടിച്ചിരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു തുടങ്ങി. റാവല്‍ പിണ്ടിയിലെ ഗുജറാത്തിലെ ജന്മിയുടെ മകളായി ജീവിച്ച ബാല്യകാലം. വെള്ളക്കുതിരകള്‍ പൂട്ടിയ വണ്ടിയില്‍ ഭൃത്യന്‍മാരുടെ അകമ്പടിയോട് കൂടെ വെള്ളക്കാരായ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ പോയത്. പതിനാറു വയസ്സ് കഴിഞ്ഞപ്പോള്‍ പെഷവാറിലെ സമ്പന്ന കുടുംബാഗമായ ദീന്‍ദയാല്‍ മല്‍ഹോത്രയെ വിവാഹം കഴിച്ചത്,

“അജയിന്‍റെ ചേച്ചിയെ പ്രസവിച്ചു മൂന്നു മാസം കഴിയുന്നതിനു മുന്‍പായിരുന്നു ഞങ്ങള്‍ക്ക്‌ അവിടം വിട്ടു പോരേണ്ടി വന്നത്. അവര്‍ പറഞ്ഞു നിര്‍ത്തി.”

“അപ്പോള്‍ അജയ്‌ നിങ്ങള്‍ പക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ വന്നതിനു ശേഷം ഉണ്ടായ മകനായിരിക്കും അല്ലെ..?

പൊടുന്നനെ അവരുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നു .

“ഏതു ഇന്ത്യയും പാക്കിസ്ഥാനും...? അന്ന് ഒരു ഭാരതം മാത്രമേ ഇവടെ ഉണ്ടായിരുന്നുള്ളൂ. ഭാരതീയര്‍ മാത്രമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ. റാവല്‍പിണ്ടിയും ലാഹോറും അലഹബാദും ദില്ലിയും എല്ലാം ചേര്‍ന്ന ഭാരതം.”

പെട്ടെന്നവര്‍ പ്രകോപിതയായതില്‍ ഒന്നും മിണ്ടാനാവാതെ ഞാന്‍ അവരെ തന്നെ നോക്കി നിന്നു. പ്രായാധിക്യം ഉണ്ടെങ്കിലും ഒരു കാലത്ത്  സുന്ദരിയായിരുന്നു എന്ന് തെളിയിക്കുന്ന ആ വെളുത്ത സുന്ദര മുഖം നിമിഷം കൊണ്ടു ചുവന്നു. കണ്ണുകളില്‍ ജലരേഖകള്‍ തെളിഞ്ഞു. സാരിയുടെ തുമ്പ്‌ കൊണ്ടു അത് തുടച്ചു കളഞ്ഞിട്ടു അവര്‍ മെല്ലെ ചിരിച്ചു.

“മാഫ് ദീജിയേ ബേട്ടീ...(ക്ഷമിക്കൂ മോളേ..)നിങ്ങള്‍ ഭാരതത്തിന്‍റെ ഒരററത്തു ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാകില്ല.”

“അതൊക്കെ ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് ഇന്ത്യാ വിഭജനത്തെ പറ്റി.”

ഞാന്‍ എന്‍റെ സാമൂഹിക പാഠവിജ്ഞാനം അവരെ അറിയിക്കുവാന്‍ ശ്രമിച്ചു.

“പുസ്തകക്കണക്കുകളിലും കഥകളിലും സിനിമകളിലും നിന്നല്ലേ നിങ്ങള്‍ അറിഞ്ഞിട്ടുള്ളൂ. അതിനേക്കാള്‍ എത്രയോ ഭീകരമായിരുന്നെന്നോ ഞങ്ങള്‍ അനുഭവിച്ചത്. പെട്ടെന്നൊരു ദിവസം ഉള്ളതെല്ലാം ഉപേക്ഷിച്ച് എവിടേക്കെന്നു പോലും അറിയാതെ. കൈക്കുഞ്ഞിനേയും എടുത്താണ് ഞാന്‍ ആ യാത്ര തുടങ്ങിയത്. നാട്ടില്‍ ലഹള തുടങ്ങിയപ്പോള്‍ എന്നെയും മകള്‍ ഊര്‍മിളയെയും  മാതാപിതാക്കള്‍ക്കൊപ്പം അതിര്‍ത്തി കടത്തി രക്ഷിക്കുവാന്‍ എന്‍റെ മൂത്ത സഹോദരന്‍ ബുഭേന്ദറെ  എല്പ്പിച്ച ശേഷം  തന്‍റെ വൃദ്ധരായ മാതാപിതാക്കളെ അന്വേഷിച്ചു പെഷവാറിലേക്ക് പോയ അജയിന്‍റെ പാപ്പയെ ഞാന്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കണ്ടത്. രണ്ടാമത് കണ്ടു മുട്ടുന്നത് വരെ അദ്ദേഹം മരിച്ചു പോയി എന്ന് തന്നെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.

ഒരേ സഹോദരങ്ങളായി കഴിഞ്ഞിരുന്നവര്‍ എങ്ങനെയാണ് ആ ദിവസങ്ങളില്‍ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. എങ്ങോട്ടെന്നറിയാത്ത ആ യാത്രയില്‍ വഴിയില്‍ കുന്ത മുനകളില്‍ കുത്തി നിറുത്തിയിരുന്ന കുഞ്ഞുങ്ങളുടെ ജഡം വരെ കാണേണ്ടി വന്നു. ആ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക്‌ ഹിന്ദുക്കുഞ്ഞുങ്ങളോ  മുസ്ലീം കുഞ്ഞുങ്ങളോ  ആയിരുന്നില്ല. മനുഷ്യ കുഞ്ഞുങ്ങളായിരുന്നു. കിണറുകള്‍ ശവശരീരങ്ങള്‍ കൊണ്ടു നിറഞ്ഞു. കൈയ്യില്‍ കൊള്ളുന്നത് പെറുക്കി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  വീടിന്‍റെ പിന്നിലെ വയലില്‍ കണ്ണെത്താ ദൂരം വിളഞ്ഞു കിടക്കുന്ന ഗോതമ്പിന്‍റെയും ചോളത്തിന്‍റെയും കതിരുകള്‍ നോക്കി അമ്മ പൊട്ടി കരഞ്ഞു.  എരുമത്തൊഴുത്തില്‍ നിന്നിരുന്ന എരുമക്കൂട്ടങ്ങള്‍ക്ക് ഇറങ്ങുന്നതിനു മുന്‍പ്‌ വെള്ളം കൊടുക്കുവാന്‍ വേലക്കാരെ എല്‍പ്പിക്കുവാനും അമ്മ മറന്നില്ല. ഇറങ്ങുന്നതിനു മുന്‍പ് എന്‍റെ പാപ്പ എന്‍റെ കയ്യില്‍ ഒരു കുപ്പി വിഷം ഒരു ചരടിലാക്കി എന്‍റെ കഴുത്തില്‍ കെട്ടിയിട്ടു  തന്നു. വഴിയില്‍ മാനം നഷ്ടപ്പെടുന്നതിനു മുന്‍പ്‌ ഉപയോഗിക്കുന്നതിന് വേണ്ടി. സഞ്ചിയില്‍ മൂര്‍ച്ചയുള്ള ഒരു കഠാരയും ”

ഞാന്‍ തരിച്ചു നിന്ന് അവരുടെ വിവരണം കേള്‍ക്കുകയാണ്. ഇപ്പോള്‍ ഒരു തുള്ളി കണ്ണീരോ വാക്കുകളില്‍ വികാര വിക്ഷോഭമോ ഇല്ല അവര്‍ക്ക്. ശബ്ദത്തില്‍ തെല്ലും ഇടര്‍ച്ചയില്ലാതെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു.

“പോകുന്ന വഴിയിലും ആളുകള്‍ പരസ്പരം കൊന്നു. എന്റേത് നശിപ്പിച്ച നീയും നശിക്കണം എന്ന ഒരു ചിന്ത മാത്രമേ എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നുള്ളൂ.. ചലനമറ്റു കിടക്കുന്ന ശരീരങ്ങളില്‍ തട്ടാതെ കുതിരയെ നീയന്ത്രിക്കാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ വിഷമിക്കുന്നുണ്ടായിരുന്നു. കൈക്കുഞ്ഞായിരുന്ന ഊര്‍മിള ഒന്നുമറിയാതെ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അപ്പോഴും. കഴുത്തില്‍ കിടക്കുന്ന വിഷക്കുപ്പിയും സഞ്ചിയിലെ കഠാരയും ഓരോ നിമിഷവും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

പോകുന്ന വഴി ലഹോറിലുള്ള ചാച്ചയുടെ(ഇളയച്ഛന്‍) വീട്ടില്‍ കയറി അവരെ കൂടി കൂട്ടാം എന്നു ഭയ്യ പറഞ്ഞതനുസരിച്ചു അവിടെ ചെന്ന ഞങ്ങള്‍ കണ്ട കാഴ്ച.... വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും അതെന്നെ വിടാതെ പിന്‍ തുടരുകയാണ്.

ഇളയ മകള്‍  സൌമിത്രിയെ കിണറ്റിന്‍ കരയില്‍ നിര്‍ത്തിയിരിക്കുകയാണ് ചാച്ച. ലഹളയില്‍ മുറിവേറ്റു അവശനായ ചാച്ചയും അരികില്‍ ഉണ്ട്. മാനം നഷ്ടപ്പെടുന്നതില്‍ ഭേദം മരണം എന്ന തീരുമാനത്തില്‍ കിണറ്റില്‍ ചാടാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. ചാച്ചിയെയും വിവാഹ നിശ്ചയം കഴിഞ്ഞ മൂത്ത മകള്‍ സാവിത്രിയെയും ലഹളക്കാര്‍ പിടിച്ചു കൊണ്ടു പോയിരുന്നു. പതിമൂന്നുകാരിയായ സൌമിത്രിയെ തൊഴുത്തിനരികിലെ  വൈക്കോല്‍ കൂനയില്‍ ഒളിപ്പിച്ചു വെച്ചാണ് ചാച്ച രക്ഷിച്ചത്"

“അരുതെ....ചാച്ചാജീ....അവളെ ഞാന്‍ കൊണ്ടു പോകാം." എന്ന ബുഭേന്ദര്‍ ഭയ്യയുടെ യാചന ചെവികൊള്ളാതെ ഒരു കല്ല്‌ പോലെ കണ്ണടച്ചു നിന്നു ചാച്ച കിണറ്റില്‍ കരയില്‍ നിന്നു. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന സൌമിത്രി ഞങ്ങളെ നോക്കി എങ്കിലും ഒരു പരിചയ ഭാവം പോലും കാണിച്ചില്ല. ഒരൊറ്റ ദിവസം കൊണ്ടു അവള്‍ ആകെ  മാറിപ്പോയി. “അവളെ കൊല്ലല്ലേ ചാച്ചാ... “എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞിട്ടും ചാച്ചക്കും സൌമിത്രിക്കും തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രണ്ടു പെണ്‍കുട്ടികളെയും പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം അതിര്‍ത്തി കടത്തുവാന്‍ ഭയ്യക്കാവില്ല എന്ന് മുഖം തരാതെ  പറഞ്ഞു കൊണ്ടു അവളെ കിണറ്റിലേക്ക് തള്ളിയിട്ടു.  “പാപ്പാ...” എന്നു അലറിക്കരഞ്ഞുകൊണ്ടുള്ള സൌമിത്രിയുടെ വിളി അവള്‍ വെള്ളത്തില്‍ വീഴുന്ന ശബ്ദത്തേക്കാളും ഉയര്‍ന്ന്  കിണറിനുള്ളില്‍ നിന്നും പ്രതിധ്വനിച്ചു. പിന്നാലെ അവളുടെ  അവസാന ശ്വാസം ഉണ്ടാക്കിയ ഓളങ്ങള്‍...അത് നിലക്കുന്നത് വരെ ഞങ്ങള്‍ കണ്ണടച്ചിരുന്നു. പെട്ടന്ന് വീണ്ടും ഒരു വലിയ ശബ്ദം കേട്ട് കണ്ണ് തുറന്ന ഞങ്ങള്‍ കിണറ്റില്‍ കരയില്‍ നിന്ന ചാച്ചയെ കണ്ടില്ല. കിണറ്റില്‍ നിന്നും വീണ്ടും വായൂ കുമിളകള്‍ വെള്ളത്തില്‍ തിരയിളക്കങ്ങള്‍  സൃഷിക്കുന്ന ശബ്ദം കേള്‍ക്കുവാനാവാതെ ഞങ്ങള്‍ കാതു പൊത്തി. ഒടുവില്‍ തിരിച്ചു കുതിര വണ്ടിയില്‍  കയറി ഇരിക്കുമോഴും ആ കിണറ്റില്‍ കരയിലേക്ക്‌ നോക്കുവാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായില്ല. സൌമിത്രിയുടെ “പാപ്പാ... “എന്ന കരച്ചില്‍ അപ്പോഴും ചെവിയില്‍ വന്നലച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ തന്നെ കുതിരക്കാരന്‍ അബ്ദുള്ളയാണ് അമൃതസറില്‍  എത്തിച്ചത്. വഴിയില്‍ ഞങ്ങളെ തടഞ്ഞു ഉപദ്രവിക്കാന്‍ വരുന്നവരില്‍ നിന്നെല്ലാം അബ്ദുള്ള തന്ന വേഷ വിധാനങ്ങള്‍ ഞങ്ങളെ രക്ഷിച്ചു. കുതിരകളുമായി തിരികെ പോരാന്‍ നേരം അബ്ദുള്ള എന്‍റെ ഭയ്യയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടു ചോദിച്ചു.

“ഏതു ദൈവം ക്ഷമിക്കും ഇത്..? നമ്മുടെ രാജ്യത്തിന്‍റെ നെഞ്ചിലാണ്  കോടാലി വെച്ച് പകുത്തത്. നമ്മളാരും ഈ കാലത്ത് ഭൂമിയില്‍ പിറക്കേണ്ടിയിരുന്നില്ല. ഇതിനു വളരെ മുന്‍പോ ശേഷമോ പിറന്നാല്‍ മതിയായിരുന്നു. എന്ത് പാപം ചെയ്തിട്ടാണ് നാം ഈ സമയത്ത് തന്നെ പിറന്നത്....?”

അബ്ദുള്ള കുതിര വണ്ടിയുമായി കണ്മുനില്‍ നിന്നു മറഞ്ഞ ശേഷം അമൃതസറിലെ അഭയാര്‍ഥി ക്യാമ്പ് കണ്ടു പിടിച്ച ഞങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു കഷണം റോട്ടിക്കും ഒരു കരണ്ടി ദാളിനും വേണ്ടി അവിടെ എല്ലാവരും തെരുവ് നായ്ക്കളെപ്പോലെ കടിപിടി കൂടി. ആദ്യമൊക്കെ ഉയര്‍ന്ന കുടുംബത്തില്‍ നിന്നും വന്നവര്‍ എന്ന നാട്യത്തില്‍ ഞങ്ങള്‍ ഭക്ഷണത്തിനു തല്ലു കൂടാറില്ലായിരുന്നു. പക്ഷെ പട്ടിണി അതിന്‍റെ എല്ലാ രൌദ്രഭാവത്തിലും ഞങ്ങളെ വേട്ടയാടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല.  അച്ഛനും അമ്മയും അപ്പോഴും റാവല്‍പിണ്ടിയിലെ സമൃദ്ധി  ഓര്‍ത്ത്‌ കരഞ്ഞു കൊണ്ടിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധിയും വളരെ സാധാരണമായിരുന്ന ആ അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് തന്നെ അവര്‍ രണ്ടു പേരും മരിച്ചു.

പിന്നെയും അഞ്ചെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു ദില്ലിയില്‍ ജോലി തേടിപ്പോയ ഭയ്യ യാദൃശ്ചികമായി അജയിന്‍റെ അച്ഛനെ കണ്ടു മുട്ടുന്നത് വരെ ഞാന്‍ ഭയ്യയുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഞങ്ങള്‍ മരിച്ചു പോയി എന്നാണു അദ്ദേഹവും വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിനു അവിടെ ഒരു ഒരു സര്‍ക്കാര്‍ ഉദ്യോഗവും തരപ്പെട്ടിരുന്നു. ലഹളക്കാലത്ത് പെഷവാറിലേക്ക് മാതാപിതാക്കളെ തേടിപ്പോയ അദ്ദേഹത്തിന് അവരെയും കണ്ടു പിടിക്കാനായിരുന്നില്ല. അന്ന് മരിച്ച ആറു ലക്ഷം മനുഷ്യരുടെ കൂടെ അവരും പോയിക്കാണും.

“ആറു ലക്ഷമോ..?”

“അതെ ആറു ലക്ഷം. ഒരു മഹാ യുദ്ധത്തില്‍ മരിച്ചതിലധികം ആളുകളാണ് അന്ന് രണ്ടിടത്തുമായി മരിച്ചു വീണത്. സഹോദരങ്ങള്‍ പരസ്പരം വെട്ടി വീഴ്ത്തിയത്. പിന്നീട് ഓരോ ആഗസ്റ്റ് മാസത്തിലും രാജ്യം അതിന്റെ സ്വാതന്ത്യം കൊണ്ടാടുമ്പോള്‍ ഞങ്ങള്‍ റാവല്‍ പിണ്ടിയിലെ നഷ്ടപ്പെട്ട സമൃദ്ധി ഓര്‍ത്ത്‌ ദുഖിച്ചു. കിണറ്റിനുള്ളില്‍ നിന്നും കേട്ട സൌമിത്രിയുടെ കരച്ചിലിന്‍റെ  പ്രതിധ്വനി വര്‍ഷങ്ങളോളം എന്‍റെ ഉറക്കം കെടുത്തി. ഇപ്പോള്‍ എനിക്ക് ഒരാഗ്രഹമേ ഉള്ളു. ഒരിക്കലും നടക്കില്ലെന്നറിയാം. എങ്കിലും മരിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ജീവിച്ച വീട്ടില്‍ ഒന്ന് പോകണം”

“അതൊക്കെ ഇപ്പോഴും അവിടെ ഉണ്ടോ..?”

“ഉണ്ട്. അത് പോലെ തന്നെ”. അവര്‍ ഉത്സാഹത്തോടെ പറഞ്ഞു.

“പാക്കിസ്ഥാനില്‍ ഞങ്ങളുടെ വീടിരുന്ന സ്ഥലത്തു ഇപോള്‍ ഒരു യൂണിവേര്‍സിറ്റിയാണ് ഉള്ളത്. ഗുജറാത്ത്‌ യുണിവേര്‍സിറ്റി. വീടിരുന്ന കെട്ടിടം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്നാണ് കേട്ടത്. വലിയൊരു വീടായിരുന്നല്ലോ അത്. അത് അവര്‍ ഓഫീസ്‌ കെട്ടിടമാക്കി.”

“എങ്ങനെ അറിഞ്ഞു മാജീ ഇതെല്ലം...?”

“അജയിന്‍റെ അച്ഛന്‍ മരിക്കുന്നത് വരെ അവിടെയുള്ള സുഹൃത്തുക്കളുമായി കത്തിടപാടുണ്ടായിരുന്നു. ശത്രു രാജ്യത്തായിപ്പോയി എന്ന് വെച്ച് അവര്‍ എങ്ങനെ ഞങ്ങള്‍ക്ക്‌ ശത്രുക്കളാകും...? അവരുമായി ഇണങ്ങിക്കഴിഞ്ഞ നാളുകളും ആ ഓര്‍മകളും ഇല്ലാതാമോ..? ഒരുമിച്ചു ദീപാവലിയും ഈദും ആഘോഷിച്ച ആ നല്ല നാളുകള്‍. അവരുമായുള്ള സൗഹൃദം മരിക്കുന്നത് വരെ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. അതിനു ശേഷം ഒരു വിവരവും അറിയാറില്ല. അവരൊക്കെ സുഖമായി ഇരിക്കുന്നുണ്ടോ ആവോ.. ?“


സ്നേഹം നിറഞ്ഞ പഴയ സുഹൃത്തുക്കളെപ്പറ്റി അറിയാനുള്ള ഉത്ക്കണ്ഠ അവരുടെ വാക്കുകളില്‍ തെളിഞ്ഞു നിന്നു.


“എന്തിനായിരുന്നു ഒരു രാജ്യത്തിന്‍റെ മനസ്സില്‍ ഇങ്ങനെ കോടാലി വെച്ച് പകുത്തത്..? പെഷവാറും ദില്ലിയും ലാഹോറും മുംബൈയും ഉള്ള ഭാരതം അതായിരുന്നില്ലേ നമ്മുടെ രാജ്യം. തമ്മിലടിപ്പിച്ചു വിഭജിച്ചിട്ടു ആര് എന്ത് നേടി..? ഇവിടെയും അവിടെയും ഇന്നും ലഹളകള്‍ തുടരുകയല്ലേ..? ഓരോ ആഗസ്റ്റ് മാസവും എനിക്ക് സൌമിത്രിയുടെ കരച്ചിലിന്‍റെ മാറ്റൊലിയാണ് അമൃതസറിലെ റൊട്ടിക്കഷണത്തിന് വേണ്ടിയുള്ള കടി പിടിയാണ്. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ രക്ഷപ്പെട്ടു എന്‍റെ അച്ഛന്‍ തന്ന വിഷക്കുപ്പിയും കഠാരിയും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. ആ ക്യാമ്പിലെ മിക്ക സ്ത്രീകളും മാനം നഷ്ടപ്പെട്ടു ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ജീവച്ഛവങ്ങളായിരുന്നു. “

തെല്ലൊരു നിശബ്ദതക്ക് ശേഷം അവര്‍ തുടര്‍ന്നു.

“ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ചകള്‍ എന്തെന്ന് മനസ്സിലാകിയതോടെ പിന്നെ എനിക്ക് അര്‍ഭാടമേ വെറുപ്പായി. പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞു പട്ടു മെത്തയില്‍ കിടന്നു ശീലിച്ച ഞാന്‍ പിന്നെ ഈ പരുത്തി വസ്ത്രങ്ങളെ ധരിചിട്ടുള്ളു. അജയിന്‍റെ പാപ്പയെ  വീണ്ടും കണ്ടു മുട്ടി ദാരിദ്ര്യത്തിന്‍റെ നാളുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പട്ടു വസ്ത്രങ്ങളും ആര്‍ഭാടവും ഞാന്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”

അനുഭവത്തില്‍ നിന്നും ജീവിതത്തിന്‍റെ യഥാര്‍ത്ഥ പാഠങ്ങള്‍ അറിഞ്ഞ ആ സ്ത്രീയെ ഞാന്‍ വിസ്മയത്തോടെ നോക്കി. എന്താണ് ജിവിതം...? അക്ഷരങ്ങളിലൂടെ വായിച്ചു പഠിക്കുന്നതോ കെട്ടുകഥകള്‍ കേട്ട് വിസ്മയിക്കുന്നതോ അതോ ഇത് പോലെ തീച്ചൂളയില്‍ സ്ഫുടം ചെയ്തവരില്‍ നിന്ന് അറിയുന്നതോ..?

എന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു കൊണ്ടു അവര്‍ തുടര്‍ന്നു.

“എന്‍റെ ഈ പേരക്കുട്ടി സൌമിത്രി അവള്‍ പഴയ സൌമിത്രി പുനര്‍ജ്ജനിച്ചതു തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവളുടെ അതേ മുഖവും ശബ്ദവും ആണ് ഇവള്‍ക്ക്. എന്നെ ദീദി എന്ന് വിളിച്ചിരുന്ന പഴയ സൌമിത്രി ദാദി എന്ന് വിളിച്ചു കൊണ്ടു പുര്‍ജ്ജീവിക്കുന്നു. എന്‍റെ മരണത്തോടെ  വിഭജനത്തിന്‍റെ ഓര്‍മകള്‍ എന്‍റെ കുടുംബത്തിലും അവസാനിക്കും. അത് അങ്ങനെ അവസാനിക്കട്ടെ. വിഭജിച്ചു പോയെങ്കിലും ഇപ്പോള്‍ നാം എവിടെയാണോ അതാണ്‌ നമ്മുടെ രാജ്യം, നമ്മുടെ നാട്. പണ്ടു എന്‍റെ പാപ്പ തന്ന ആ കഠാരി ഇപ്പോഴും എന്‍റെ പെട്ടിയുടെ അടിയില്‍ ഉണ്ട്. ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ ചിതയില്‍ ഇട്ടു കളയണം എന്ന് ഞാന്‍ അജയിനോടു പറഞ്ഞിട്ടുണ്ട്. ലോഹം കൊണ്ടുണ്ടാക്കിയ ആ കഠാരിക്ക് എന്‍റെ ഭസ്മത്തിനോടു അലിഞ്ഞു ചേരാനാവില്ല. എന്നാലും എന്‍റെ മരണ ശേഷം എന്‍റെ വീട്ടില്‍ അതിനു സ്ഥാനമില്ല. ഒരു രാജ്യം പകുത്തു കീറിയപ്പോള്‍ സാക്ഷിയായി നിന്ന ആ കഠാരിയും ആ ഓര്‍മകളും എന്‍റെ മരണത്തോടെ തീര്‍ന്നു പോകട്ടെ.” അവര്‍ ദൃഡതയോടെ പറഞ്ഞു.



ഞാന്‍ പെട്ടെന്ന് എന്‍റെ പഴയ സ്കൂള്‍ കാലത്തേക്ക് പോയി ഓരോ ഓഗസ്റ്റ്  പതിനഞ്ചിനും സ്കൂള്‍ അസംബ്ലിയില്‍ വരി വരിയായി നിന്നു ജനഗണ പാടിയ നാളുകള്‍. പതിനഞ്ചാം തീയതിക്കും ദിവസങ്ങള്‍ക്ക് മുന്‍പേ ദേശ ഭക്തി ഗാനങ്ങളും പ്രസംഗവും കാണാതെ പഠിക്കുന്നതിന്‍റെ തിരക്കുകള്‍. ഏറ്റവും ഭംഗിയായി സ്കൂള്‍ യൂണിഫോം ഒരുക്കുന്ന കുട്ടികള്‍. ഇരുപത്തി അഞ്ചു അന്‍പതും ഇപ്പോള്‍ അറുപത്തിയഞ്ചും വര്‍ഷത്തെ സ്വാതന്ത്യം ആഘോഷിച്ച നമ്മളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു. ഹൃദയങ്ങള്‍ തമ്മില്‍ വേര്‍പെടുന്നതിനേക്കാള്‍ ദുഖത്തോടെ രാജ്യത്തെ മുറിച്ചു മാറ്റിയതില്‍ സങ്കടപ്പെട്ട ഒരു ജനതയെ പറ്റി. കാലം ചെല്ലുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവര്‍ തീരെ ഇല്ലാതായി ആ തലമുറയേ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യപ്പെടും. റാവല്‍പിണ്ടിയെയും ലാഹോറിനെയും പെഷവാറിനെയും ഗൃഹാതുരത്വത്തോടെ മാത്രം ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന അവസാനിച്ചു കൊണ്ടിരിക്കുന്ന ഈ തലമുറ ഓര്‍മ്മ മാത്രം ആകും. അത് കാലത്തിന്‍റെ മാറ്റാനാത്ത അനിവാര്യത.

പാര്‍ക്കിലെ പൂച്ചെടികള്‍ക്കിടെ നാട്ടിയിരുന്ന അലങ്കാര ബള്‍ബുകള്‍ തെളിഞ്ഞു. സംസാരിച്ചിരുന്നു സമയം സന്ധ്യയായത് ഞങ്ങള്‍ അറിഞ്ഞേ ഇല്ല. സൌമിത്രി കളി നിര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു.

“ചലിയേ ദാദീജി..അന്ധേരെ ഹോ രഹാഹെ.. “(വരൂ അമ്മൂമ്മേ..സന്ധ്യയാകുന്നു)

എന്ന് പറഞ്ഞു കൊണ്ടു അമ്മൂമ്മയുടെ കൈപിടിച്ചു നടക്കുന്ന സൌമിത്രിയെ ഞാന്‍ ആദ്യം കാണുന്നത് പോലെ നോക്കി. ഈ സുന്ദരമായ മുഖം ഈ പ്രസരിപ്പ്. അതെ ഇത് തന്നെയായിരിക്കും അവളുടെ ദാദിജിയുടെ ആ പഴയ സൌമിത്രി. മരിക്കുന്നതിനു മുന്‍പ്‌ അതെങ്കിലും അവര്‍ക്ക് തിരികെ കിട്ടിയല്ലോ.


13.10.12

ചവിട്ടു നാടകം





ഹോം നേഴ്സ് സുമ ഒലോന്നന്‍ ചേട്ടനെ ചൂടു വെള്ളത്തില്‍ ടര്‍ക്കിഷ് ടവ്വല്‍ മുക്കി ദേഹമാസകലം തുടച്ച ശേഷം വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. മുറിക്കു മുന്നില്‍ പ്ലമേന  ചേടത്തിയും സംഘവും പള്ളീല്‍ കഴിഞ്ഞു വന്നു നില്‍പ്പുണ്ടായിരുന്നു.
“കഴിഞ്ഞോടീ ..സുമേ..?”
എന്ന് ചോദിച്ച പ്ലമേന ചേടത്തിക്ക് പിന്നാലെ മറ്റുള്ളവരും മുറിയിലേക്ക്‌ കയറി. കട്ടിലില്‍ ഒരു ശ്വാസം മാത്രമായി ഒലോന്നന്‍ ചേട്ടന്‍ കണ്ണുമടച്ചു കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ മരുന്നുകളും ലോഷനും ചേര്‍ന്ന സമ്മിശ്രിത ഗന്ധം. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായതില്‍ പിന്നെ പ്ലമേന ചേടത്തിയുടെ ഈ സംഘത്തിന്‍റെ രാവിലെ പള്ളി കഴിഞ്ഞുള്ള സന്ദര്‍ശനം പതിവായിട്ടുണ്ട്.
സംഘമെന്ന് പറയുമ്പോള്‍ അതിലുള്ളത് റിട്ടയേഡ്‌ സ്കൂള്‍ ടീച്ചര്‍ വല്‍സ, മടപ്പറമ്പിലെ മരിച്ചു പോയ കുട്ടിച്ചേട്ടന്‍റെ ഭാര്യ മേരിക്കുട്ടി, കാലിനു മന്തുള്ളതു കൊണ്ട്  കല്യാണം കഴിക്കപ്പെടാതെ പോയ മന്തി കുഞ്ഞുറോത എന്ന കുഞ്ഞുറോത. സംഘത്തില്‍ പ്രായക്കൂടുതല്‍ പ്ലമേന ചേടത്തിക്കു തന്നെ. എഴുപത്തഞ്ചിനടുത്തു പ്രായം. എന്നാലും ഉശിരിന് കുറവൊന്നുമില്ല. കല്യാണ പ്രായമായ പേരക്കുട്ടികള്‍ ഉണ്ടെങ്കിലും മരുമകള്‍ മേഴ്സിയെ ഇപ്പോഴും പേടിപ്പിച്ചു നിര്‍ത്താനുള്ള വൈഭവവും. വല്‍സ ടീച്ചര്‍ റിട്ടയര്‍മെന്റിനു ശേഷം ചേര്‍ന്നതാണീ സംഘത്തില്‍ . ജോലിയുണ്ടായിരുന്ന കാലത്ത് രാവിലെ സ്കൂളിലേക്കു പോകുവാനുള്ള തത്രപാടില്‍ പള്ളീ പോക്കൊക്കെ എങ്ങനെ നടക്കാന്‍ ..? ഇപ്പോള്‍ രണ്ടു ആണ്‍ മക്കളുടെയും  കല്യാണവും കഴിഞ്ഞു. പേരക്കുട്ടികളും ആയി.  ഇഷ്ടം പോലെ സമയവും.

മന്തി കുഞ്ഞുറോത ഒന്നും മിണ്ടാതെ പ്ലമേന ചേടത്തിയുടെ ഓരം പറ്റി അങ്ങനെ നില്‍ക്കുകയേ ഉള്ളു. കാലില്‍ മന്തുള്ള കാരണം ആരോടും മിണ്ടാതെ മാറി നില്‍ക്കുന്നത് പണ്ടേ ഉള്ള ശീലമാണ്. പണ്ട് സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഉപ്പുമാവുണ്ടാക്കിയിരുന്ന കുഞ്ഞന്നച്ചേടത്തിയുടെ കെട്ടിയവന്‍ മന്തന്‍ കാലന്‍ വറീതിനെ ‘ആനക്കാലാ’ എന്ന് വിളിച്ചത് കൊണ്ടാണ് കാലില്‍ ഇത്രയും വലിയ മന്ത് വന്നതെന്നാണ് കുഞ്ഞുറോത വിശ്വസിക്കുന്നത്. ആ നാട്ടില്‍ പലരും അയാളെ ആനക്കാലാന്ന് വിളിച്ചിട്ടും തനിക്കും മാത്രം മന്ത് വന്നത് എങ്ങനെ എന്ന് ഇടക്ക്‌ ആലോചിക്കാതെയും ഇല്ല. തന്നെ ‘മന്തികുഞ്ഞുറോത’ എന്ന് സംബോധന ചെയ്യുന്നവര്‍ക്ക്‌ മന്ത് വരാത്തതില്‍ കുഞ്ഞുറോതക്ക്  ലേശം കുണ്ഠിതവും ഇല്ലാതില്ല  ആരെങ്കിലും മുഖത്തേക്ക്‌ ഒന്ന് നോക്കിയാല്‍ മതി കുഞ്ഞുറോത പെട്ടെന്ന് സാരി നിലത്ത് മുട്ടിത്തന്നെയല്ലേ കിടക്കുന്നത് എന്ന് ഉറപ്പു വരുത്തും.

ഓഫീസില്‍ പോകാനുള്ള തിരക്കില്‍ ട്രീസയും സണ്ണിക്കുട്ടിയും അവരെ ശ്രദ്ധിക്കുന്നേ ഇല്ല. ഒലോന്നന്‍ ചേട്ടന്‍ കിടപ്പിലായ ആദ്യ ദിവസങ്ങളില്‍ വരുന്നവരുടെ മുന്നില്‍ ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിയും കപ്പില്‍ ചായയുമായി ട്രീസ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നുവച്ച് ഇപ്പോള്‍ മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ഈ കിടപ്പ് തുടങ്ങിയിട്ട്. രാവിലെ കുട്ടികളില്‍ മൂത്തവളെ സ്കൂളിലും ഇളയതിനെ ഡേ കെയറിലും ആക്കിയിട്ട് വേണം അവര്‍ക്ക് രണ്ടു പേര്‍ക്കും ബാങ്കിലെ ജോലിക്ക് പോകാന്‍ .  ഇളയ കുട്ടിയുടെ വാശി പിടിച്ചുള്ള കരച്ചില്‍ , മൂത്ത കുട്ടിയെ സണ്ണിക്കുട്ടി  കുളിപ്പിക്കുന്ന ബഹളം. രാവിലെ എന്നും എഴരക്കും എട്ടരക്കും ഇടയില്‍  നേരെപറമ്പില്‍ തറവാട്ടിലെ പതിവ് ദൃശ്യങ്ങളാണിതെല്ലാം.

മുറിക്കുള്ളിലെ കസേരകളില്‍ ഇരുന്ന് പ്ലമേന ചേടത്തിയുടെ സംഘം ഒലോന്നന്‍ ചേട്ടന്‍റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഹോം നേര്സ്‌ സുമ ട്രീസയെ സഹായിക്കാനായി അടുക്കളയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അടുത്ത പതിവ് സന്ദര്‍ശകനായ കുഞ്ഞിപ്പൈലോ ചേട്ടനും എത്തി. കുഞ്ഞു നാള്‍ തൊട്ടുള്ള ചങ്ങാതിമാരാണ് കുഞ്ഞിപ്പൈലോയും ഒലോന്നനും.

നല്ല പയറു പോലെ ഓടി നടന്നിരുന്ന ഒലോന്നന്‍ ഈ കിടപ്പുകിടക്കുന്നത് കണ്ടിട്ട് കുഞ്ഞിപൈലോ ചേട്ടന് സഹിക്കാനാവുന്നില്ല. ഈ എണ്‍പത്തിഅഞ്ചാം വയസ്സില്‍  കിടപ്പിലാകുന്നത് വരെയും ഒരു നാട്ടു പ്രമാണി തന്നെയായിരുന്നു ഒലോന്നന്‍ . പണ്ടു കാലത്തെ അറിയപ്പെടുന്ന കലാകാരനും. അദ്ദേഹത്തിന്‍റെ ഏഴു മക്കളെ പ്രസവിച്ച ഏലമ്മകുട്ടി ചേടത്തി ഇളയവന്‍ സണ്ണിക്കുട്ടിയുടെ പ്രസവത്തോടെ മരിച്ചതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒലോന്നന്‍റെ ഭാര്യയായി കഞ്ഞിപ്പശ മുക്കി അടുക്കായി ഞൊറിഞ്ഞ മുണ്ടും ചട്ടയും കസവ്  കവിണിയും ഉടുത്ത പള്ളിയില്‍ വന്നു നില്‍ക്കുന്ന എലമ്മക്കുട്ടിയെ കണ്ടാല്‍ ഒരു കൊച്ചു പൂ വിരിഞ്ഞു നില്‍ക്കുന്ന പോലെ തോന്നുമായിരുന്നത്രേ. “ഈ കൊച്ചു പെണ്ണിനെ ഇവിടത്തെ ചട്ടീം കലോം  പൊട്ടിക്കാനാ ഇങ്ങു കൊണ്ടു വന്നത്..?” എന്നാണ് ഒലോന്നന്‍റെ അമ്മ തെയ്യാമ്മ ഏലമ്മക്കുട്ടിയെ കണ്ടപ്പോഴേ ചോദിച്ചത്. ഇരുപത്തി അഞ്ചോളം കൊല്ലം വീടിന്‍റെ വിളക്കായിരുന്ന ഏലമ്മകുട്ടി സണ്ണിക്കുട്ടിയുടെ ജനനത്തോടെ ഒലോന്നന്‍ ചേട്ടനെ വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ തനിച്ചായ ഒലോന്നന്  തളരാതെ താങ്ങായി നിന്ന് ധൈര്യം കൊടുത്തത് അയല്‍ക്കാരനായ കുഞ്ഞിപൈലോ ആണ്. മക്കളില്‍ സണ്ണിക്കുട്ടി മാത്രമേ ഇപ്പോള്‍ നാട്ടിലുള്ളു. ഏക മകള്‍ സെലീന അടക്കം മറ്റു ആറു പേരും വിദേശത്തു പലയിടങ്ങളില്‍ .
“ആ വായൂ ഗുളിക ഇങ്ങടുത്തേ പ്ലമേനേ ... ഒരണ്ണം അരച്ചു കൊടുക്കാം.”
പ്ലമേന കട്ടിലിനടുത്തുള്ള മേശമേല്‍ നിന്നും വായൂ ഗുളികയുടെ കുഞ്ഞു ഡെപ്പി എടുത്തു കൊടുത്തു. മരുന്നരക്കുന്ന പിഞ്ഞാണത്തില്‍  വായൂ ഗുളിക അരച്ചത് സ്പൂണിലൂടെ വായിലേക്ക് ഇറ്റിക്കുന്നതിനിടെ കുഞ്ഞിപൈലോ ചേട്ടന്‍ പറഞ്ഞു.
“ഈ വലിവിനു ഒരാശ്വാസമാകും.”
“ഒലോന്നാ..എന്നെ മനസ്സിലായോ..ഒലോന്നാ..” കുഞ്ഞിപൈലോ ചേട്ടന്‍ വൃദ്ധന്‍റെ ചെവിക്കരികില്‍ ചെന്ന് ഉറക്കെ ചോദിച്ചു.
ഒലോന്നന്‍ ചേട്ടന്‍ “ഉം...”എന്നൊന്ന് നീട്ടി മൂളി.
ആ മൂളല്‍ കേട്ടപ്പോള്‍ ആദ്യത്തേതിലും ഉച്ചത്തില്‍ കുഞ്ഞിപ്പൈലോ  ഒന്ന് കൂടി ചോദ്യം ആവര്‍ത്തിച്ചു. ഒലോന്നന്‍ ഒന്ന് കൂടി മൂളി.
“ബോധമുണ്ടെന്നാ തോന്നണെ....ദേ...മൂളിയത് കേട്ടില്ലേ.” മന്തികുഞ്ഞുറോത  ഉത്സാഹത്തോടെ പറഞ്ഞു.
“ഹേയ്..അത് വെറുതെ മൂളണതാ..ആരുടെ ഒച്ചകേട്ടാലും ഇങ്ങനെ മൂളണതല്ലേ.” പ്ലമേന ചേടത്തി .
“ഇനി അധികം ദിവസം കാണില്ലെന്നാ തോന്നണേ. ചെന്നിയിലെ ഞെരമ്പ്  തിണര്‍ത്തു വന്നിരിക്കുന്നത് കണ്ടോ.”പ്ലമേന ചേടുത്തി പറഞ്ഞു.
വല്‍സ ടീച്ചര്‍  ഒലോന്നന്‍ ചേട്ടന്‍റെ അടുത്തു ചെന്ന് ചെന്നിയിലെ ഞരമ്പ് പിടച്ചിട്ടുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി.
മുഖത്ത് കണ്ണാടി വെച്ച വല്‍സയേക്കാള്‍ കാഴ്ച പ്ലമേന ചേടത്തിക്ക് തന്നെ. സൂക്ഷിച്ചു നോക്കിയിട്ടും വല്‍സടീച്ചര്‍ക്ക് ഞരമ്പ് പിടച്ചു കിടക്കുന്നത് കാണാനായില്ല.
“കണ്ടോ..?”എന്ന് പ്ലമേന ചേടത്തിയുടെ ചോദ്യത്തിന് “ഇല്ല” എന്നെങ്ങാനും പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ വരുന്ന ചേടത്തിയുടെ സ്വഭാവമോര്‍ത്തു “ങാ..” എന്ന് പതുക്കെ  മൂളി.
“ഇനി പ്രാര്‍ത്ഥനേം കൂടി ചെല്ലണം. ആ ചെന്നി ഞെരമ്പ് കണ്ടിട്ടിനി മൂന്നാല് ദിവസത്തേക്കും കൂടെ ഒള്ളെന്നാ തോന്നണെ..”
മുറ്റത്ത്‌  പോയി മുറുക്കാന്‍ തുപ്പി വന്ന  കുഞ്ഞിപൈലോ  ചേട്ടനോട് പ്ലമേന ചേടത്തി പറഞ്ഞു. കുഞ്ഞിപൈലോ ചേട്ടന്‍ വിഷാദത്തോടെ ഒലോന്നന്‍റെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍ കൂടു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
“ങാ..എല്ലാവര്ക്കും ഇങ്ങനെ ഒക്കെ തന്നെ അവസാനം. എങ്ങനെ ഓടി നടന്ന ആളാ...അങ്ങോട്ട്‌ പോകാന്‍ ഓരോ കാരണം വേണ്ടേ..?”

 കുഞ്ഞിപ്പൈലോ ചേട്ടന്‍റെ വാക്കുകളില്‍ മരണ ഭീതിയുണ്ടായിരുന്നു . അത് ചെറുതായി വീശുന്ന കാറ്റ് പോലെ പ്ലമേന ചേടത്തിയിലേക്കും പിന്നീട് വല്‍സ ടീച്ചറിലേക്കും മേരിക്കുട്ടിയിലേക്കും പടര്‍ന്നു. തമ്മില്‍ തമ്മില്‍ നോക്കിയ അവര്‍ ഒടുവില്‍ മന്തി കുഞ്ഞുറോതയെ നോക്കി. “എനിക്ക് അറുപതു കഴിഞ്ഞതേ  ഉള്ളു എന്നെ എന്തിനാ നോക്കുന്നേ” എന്ന ഭാവത്തില്‍ കുഞ്ഞുറോത ആ നോട്ടത്തെ നിസ്സാര വല്ക്കരിച്ചു.
“എന്നാ പറയാനാ..... ബോധം പോയത് ഒരു കണക്കിന് നന്നായി. ഈ കെടപ്പു വല്ലോം ശീലോള്ള ആളാണോ ഇത്....? നാട്ടുകാര്യത്തിനും പള്ളിക്കാര്യത്തിനും മുന്നേ നിന്ന ആളല്ലേ ഈ കെടപ്പ് കെടക്കണേ... പണ്ടു പള്ളി പെരുന്നാളിന്  ഞാനും ഒലോന്നനും അന്നത്തെ കുറെ ആള്‍ക്കാരും ചേര്‍ന്നു നടത്തിയ ചവിട്ടു നാടകം ഇന്നത്തെ പോലെ മനസ്സില്‍ നില്‍ക്കുന്നെന്‍റെ പ്ലമേനേ...”
“ഓ..ഞാനീ നാടകം കളി  കണ്ടിട്ടില്ല കേട്ടോ..എന്നെ കെട്ടി വരുമ്പോ എന്‍റെ അമ്മായിയപ്പന്‍ പറേമായിരുന്നു ഇക്കാര്യങ്ങളൊക്കെ.”
“നിന്നെ കെട്ടി കൊണ്ടു വരുന്ന കാലത്ത് അത് നിന്ന് പോയി പെണ്ണേ. നിന്‍റെ അമ്മായിയപ്പന്‍ വറീതായിരുന്നില്ലേ അന്നത്തെ നാടകത്തിന്‍റെ കൈമണി കൊട്ടുകാരന്‍.  ചെണ്ടക്കാരന്‍ നമ്മുടെ ആലുങ്കലെ വര്‍ക്കി. പാവം അവന്‍ അക്കൊല്ലത്തെ ചവിട്ടു നാടകം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജ്വരം വന്നു മരിച്ചു പോയി. ഈ മേരിക്കുട്ടീടെ കെട്ടിയവന്‍ കുട്ടിയുടെ ചേട്ടന്‍  അവതച്ചനായിരുന്നു അണ്ണാവി.”
“ങേ...അണ്ണാവിയോ...അതാരാ..?”
“എന്ന് വെച്ചാ..ആശാന്‍ . പിന്നെ അന്നേരം പള്ളീല്‍ ഉണ്ടായിരുന്ന ലൂക്കോസച്ചനും പിറ്റേക്കൊല്ലം എടവകേന്നു സ്ഥലം മാറിപ്പോയി. അങ്ങേര്‍ക്കായിരുന്നല്ലോ ഇതിനെല്ലാം ഉത്സാഹം. ഇപ്പൊ ആ കളിക്കാരില്‍ ഞാനും ഒലോന്നനും മാത്രം മിച്ചം. ഒലോന്നന്‍ ദേ...പോകാനും കിടക്കുന്നു.”
”കുഞ്ഞിപ്പൈലോ നെടുവീര്‍പ്പിട്ടു.
“ഒലോന്നന്‍ ചേട്ടന്‍റെ ആ ചുവടു വെപ്പോക്കെ ഒന്ന് കാണണ്ടതായിരുന്നു. ഞാനും മോശോന്നും ആയിരുന്നില്ല കേട്ടോ..”
കുഞ്ഞിപ്പൈലോ ചേട്ടന്‍ തോളിലെ കുറിയ മുണ്ടെടുത്തു ഒന്ന് നേരെ ഇട്ടു കുറച്ചു ഗര്‍വോടെ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടക്ക്‌ ശ്വാസം മാത്രമായി കിടക്കുന്ന ഒലോന്നാന്‍ ചേട്ടനെ നോക്കി പ്ലമേന ചേടത്തി വിളിച്ചു പറഞ്ഞു.
 “ആ തൂങ്ങപ്പെട്ട രൂപം ഇങ്ങെടുത്തോ സുമേ.. ഇനി അധികം ദെവസമില്ലല്ലോ. കുറച്ചു നേരം ‘ഈശോ മറിയം’  ചെല്ലീട്ടു പോകാം. അങ്ങേ ലോകത്ത് ചെല്ലുമ്പോ ശുദ്ധികരണ സ്ഥലത്ത് അധികം നാള്‍ കെടക്കാതെ വേഗം സ്വര്‍ഗ്ഗരാജ്യം കിട്ടുമല്ലോ. നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ഇനി ചെയ്യാനൊക്കൂ.”
സുമ പ്രാര്‍ഥനാ മുറിയില്‍ നിന്നും ഒരു കൊച്ചു ക്രൂശിത രൂപം പ്ലമേന ചേടത്തിയുടെ കൈയ്യില്‍ കൊണ്ടു കൊടുത്തു വീണ്ടും അടുക്കളയിലേക്ക് പോയി.
“ഈശോ മറിയം ഔസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണെ..”
പ്ലമേന ചേടത്തിയും സംഘാങ്ങളും  ഉച്ചത്തില്‍ ചെല്ലുവാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു എല്ലാവരും മടുത്തു നിര്‍ത്തി.

കുഞ്ഞിപൈലോ പിന്നെയും  ചവിട്ടു നാടകത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി അവരോടു പറഞ്ഞു കൊണ്ടിരുന്നു. അടുക്കള പണി തീര്‍ത്ത സുമയും കേള്‍വിക്കാരിയായി. ട്രീസയും സണ്ണിക്കുട്ടിയും മക്കളുമായി ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.

“കേട്ടോ പ്ലമേനെ..നമ്മട പള്ളി മുറ്റത്ത്‌ ഇപ്പൊ പണിത നേഴ്സറി സ്കൂളിരിക്കുന്ന സ്ഥലത്തായിരുന്നു കളിക്കാനുള്ള തട്ട്. തട്ടുണ്ടാക്കലു തന്നെ മൂന്നാല് ദിവസത്തെ പണിയാ. എന്ന് വെച്ചാല്‍ ഞങ്ങളെല്ലാം കണ്ടത്തിലേം പറമ്പിലേം പണിയൊക്കെ കഴിഞ്ഞു രാത്രീലാ ഇടവകക്കാര് എല്ലാരും ചേര്‍ന്ന് തട്ടൊണ്ടാക്കല്.  അതും ഒരാഘോഷം തന്നായിരുന്നേ. “
ഒലോനന്‍ ചേട്ടന്‍ ഇടക്കിടക്ക് മൂളുന്നുണ്ട്. വെള്ളത്തിനായിരിക്കും എന്ന് വിചാരിച്ചു സുമ സ്പൂണില്‍ ഇടക്കിടെ വെള്ളം ഒഴിച്ച് കൊടുത്തു.
“കേട്ടോടീ..സുമക്കൊച്ചേ....ജെനോവാ ചരിതവും കാറല്‍മാന്‍ ചരിതവും ഒക്കെ ഞങ്ങള്‍ അങ്ങ് കൊടുങ്ങലൂരേം അമ്പലപ്പോഴേലേം പള്ളി പെരുന്നാളിന് ലൂക്കോസച്ചന്‍റെ കൂടെ പോയി കളിച്ചിട്ടുണ്ട്.”
“വില്ലാളി വീരനേ..കാറല്‍മാനേ..”എന്ന് പാട്ട് പാടിക്കൊണ്ട്  എഴുന്നേറ്റു നിന്ന കഞ്ഞിപൈലോ  ചേട്ടന്‍ കുറിയ മുണ്ടെടുത്ത് തലയില്‍ വട്ടത്തില്‍ കെട്ടി ഗാംഭീര്യത്തില്‍ ഒരു നിമിഷം നിന്നു. അയാളുടെ  വാര്‍ധക്യം ബാധിച്ച നരച്ച കണ്പീലികളും പുരികകൊടികളും എഴുന്നു നിന്നു. എന്നിട്ട്  കാലുകള്‍ നിലത്ത് ഉറച്ചു ചവിട്ടി രണ്ടു ചുവടുകള്‍ വെച്ച് കാണിച്ചു.
ഒലോന്നന്‍ ചേട്ടന്‍ വീണ്ടും “ഉം...”എന്ന്  മൂളി. സുമ വേഗം സ്പൂണിലെ വെള്ളം വായിലേക്ക് ഒഴിച്ച് കൊടുത്തു.
"എന്നാ മിന്നണ ഉടുപ്പുകളൊക്കെ ആയിരുന്നെന്നോ രാജവിന്റെം റാണിയുടെ വേഷത്തിനൊക്കെ. പടയാളികള്‍ക്ക് തലേല്‍ കിന്നരി തൊപ്പിയും കൈയ്യില്‍ വാളും കുന്തവും. വേഷം തയിപ്പിക്കാനായി അക്കൊല്ലത്തെ ഇഞ്ചി വിററ കാശു മുഴോം തീര്‍ത്തെന്നും പറഞ്ഞു വീട്ടില്‍ കത്രീനകുട്ടി എന്നോടു ലഹളക്ക് വന്നു. ഇളയോള്‍ ഗ്രേസിമോക്ക്‌ കമ്മല് മേടിക്കാന്‍ വെച്ചേച്ച കാശല്ലാഞ്ഞോ അത്..? പക്ഷെ പിറ്റേക്കൊല്ലം ഇഞ്ചി പറിച്ചപ്പോ ഞാനവക്ക് കമ്മലൊണ്ടാക്കി കൊടുത്തായിരുന്നു കേട്ടോ..”
കുഞ്ഞി പൈലോ ചേട്ടന്‍ തുടര്‍ന്നു...
“പണ്ടത്തെ കുരിശു യുദ്ധോക്കെ ഞങ്ങള്‍ തട്ടേല്‍ അവതരിപ്പിക്കുമ്പോ എന്നാ കയ്യടിയാരുന്നെന്നോ..ഞാനായിരുന്നല്ലോ സൈന്യാധിപന്‍ . ഒലോന്നന്‍റെ കാറല്‍മാന്‍  ചക്രവര്‍ത്തി തട്ടെലോട്ടങ്ങ് തലേം പൊക്കി വരോമ്പോഴത്തെ  ആ കൈയ്യടി... എന്‍റെ പ്ലമേനെ..അതൊന്നു കാണണായിരുന്നു.”
കുഞ്ഞിപൈലോ ചേട്ടന്‍ പഴയ ഓര്‍മ്മയില്‍ നിന്നും വിടുതല്‍ പ്രാപിക്കാനാവാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

അയാളുടെ വാക്കുകളില്‍ ധീരന്മാരായ രാജാക്കന്മാരും പടയാളികളും അശ്വാരൂഡരായി അട്ടഹസിച്ചു കൊണ്ടു ചീറിപ്പാഞ്ഞു. കാലുകളുടെ മനോഹരമായ ചുവടു വെപ്പില്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി. കാലയവനികക്കുള്ളില്‍ മറഞ്ഞ പലരും വിവിധ കഥാ പാത്രങ്ങളായി വന്ന് അരങ്ങു തകര്‍ത്തു. കൊട്ടാരങ്ങളില്‍ രാജാവിന്‍റെ വിളംബരങ്ങളും വീഥികളില്‍ കുതിരക്കുളമ്പടികളും യുദ്ധക്കളത്തില്‍ വാളുകള്‍ തമ്മില്‍ കോര്‍ക്കുന്ന ശബ്ദവും. കാറല്‍മാന്‍ ചക്രവര്‍ത്തി ഭയലേശമെന്യേ   തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നയിച്ചു. പ്രൌഡരായ റോമാ ചക്രവര്‍ത്തിമാര്‍ പരിവാരങ്ങളുമായി നായാട്ടിനു പോയി. അവരുടെ സുന്ദരിമാരായ റാണിമാര്‍ പരിചാരികമാരുമൊത്ത് ഉദ്യാനങ്ങളില്‍ അലസ ഗമനം ചെയ്തു. തോഴിമാരുമോത്തു നീരാടുന്നതിനിടെ കുളക്കരയില്‍ ഇരുന്നു സംഗീതാലാപനം നടത്തി .
പരിസരം മറന്നുള്ള ആ വിവരണത്തില്‍ കുഞ്ഞുറോതയും വല്‍സ ടീച്ചറും മേരിക്കുട്ടിയും  കുഞ്ഞിപ്പൈലോ ചേട്ടന്‍ കാണാതെ ചുണ്ടമര്‍ത്തി ചിരി അടക്കി. ഒലോന്നന്‍ ചേട്ടന്‍റെ മൂളലും ഇതിനോടൊത്തു കൂടി വന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മഠത്തിലെ സിസ്റ്റര്‍മാര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും എത്തി. അതോടെ കുഞ്ഞിപൈലോ ചേട്ടന്‍ സംസാരം നിര്‍ത്തി. അവരെ കണ്ടപ്പോള്‍ പ്ലമേന ചേടത്തിക്ക് ഉത്സാഹമായി.
ഇനി വര്‍ത്താനം നിര്‍ത്തി ഒന്നൂടെ ഒന്ന് പ്രാര്‍ഥിച്ചേ..”
“ഈശോ മാറിയം ഔസേപ്പേ ..ഈ ആത്മാവിനു കൂട്ടയിരിക്കണേ...”പ്ലമേനയുടെ കൂടെ സിസ്റ്റര്‍ ബാര്‍ത്തലോമയും സില്‍വിസ്റ്റയും ചേര്‍ന്നു. വല്‍സടീച്ചറും മേരിക്കുട്ടിയും കുഞ്ഞുറോതയും അതേറ്റു ചൊല്ലി.”
പ്രാര്‍ത്ഥന സാമാന്യം ഉച്ചത്തില്‍ പുരോഗമിച്ചു കൊണ്ടിരുന്നു.”
ഇടക്കെപ്പോഴോ ഒലോന്നന്‍ ചേട്ടന്‍ ഒന്ന് കണ്ണ് തുറന്നു, അടച്ചു.
“ഉം..കണ്ണ് തൊറക്കണോണ്ട്. ഇനി കണ്ണ് തുറക്കുമ്പോ ആ തൂങ്ങപ്പെട്ട രൂപം അങ്ങ് കാണിച്ചേക്കണം കേട്ടോ മേരിക്കുട്ടി..അവസാന കാഴ്ച തൂങ്ങപ്പെട്ട രൂപമാണെങ്കില്‍ സ്വര്‍ഗ്ഗ രാജ്യം ഉറപ്പാ..”
പ്രാര്‍ത്ഥനക്കിടെ  ചേടത്തി പറഞ്ഞു കൊണ്ടിരുന്നു.
അതാ.. വീണ്ടും ഒലോന്നന്‍ ചേട്ടന്‍ കണ്ണ് തുറക്കുന്നു. മേരിക്കുട്ടി ഉടനെ തൂങ്ങപ്പെട്ട രൂപം ചേട്ടനു നേരെ കാണിച്ചു. പ്രാര്‍ത്ഥനയുടെ ഇടക്കിടക്ക്‌ ചേട്ടന്‍ ഇടക്കിടക്ക് കണ്ണ് തുറക്കുകയും മേരിക്കുട്ടി അതനുസരിച്ച് ക്രൂശിത രൂപം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇപ്രാവശ്യം കണ്ണ് തുറന്ന ഒലോന്നന്‍ കുറച്ചു നേരം ക്രൂശിലെക്ക് തുറിച്ചു നോക്കി. എന്തോ ഉരുവിട്ടു.
കുഞ്ഞിപ്പൈലോ  സംശയത്തോടെ ചുറ്റുമുള്ള സ്ത്രീകളെ നോക്കി. പിന്നീട് എഴുന്നേറ്റ്‌ കട്ടിലിനരികെ ചെന്ന് ഉച്ചത്തില്‍ ചോദിച്ചു.
“എന്നാ ഒലോന്നാ..ഇങ്ങനെ നോക്കണേ...? ഞങ്ങളെ ഒക്കെ മനസ്സിലായോ..?”
“ഉം...”ഒലോന്നന്‍ ഒന്ന് മൂളി. പിന്നെ ചേട്ടന്‍ തെല്ല് ഉച്ചത്തില്‍ എന്തോ അവ്യക്തമായി പറഞ്ഞു.
“ങേ..എന്നാ ഒലോന്നാ ഒന്നോടെ പറഞ്ഞേ...”
“കുറേപ്പേര് പാട്ട് കാര്.. കുറെപ്പേര് കാട്ടുകാര് *... “ മനുഷേനെ സ്വൈര്യായി കെടക്കാനും സമ്മതിക്കേലേ..”
വാക്കുകള്‍ക്ക് കുഴച്ചില്‍ ഉണ്ടെങ്കിലും ഇത്തവണ ഒലോന്നന്‍ ചേട്ടന്‍ പറഞ്ഞത് എല്ലാവര്ക്കും മനസ്സിലായി.
മേരിക്കുട്ടിയുടെ കയ്യിലെ ഉയര്‍ത്തി പിടിച്ച ക്രൂശിത രൂപം അറിയാതെ മടിയിലേക്ക് താഴ്ന്നു. സിസ്റ്റര്‍ ബാര്‍ത്തോലോമയും സില്‍വിസ്റ്റയും അരുതാത്തതെന്തോ കേട്ടപോലെ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും ഒരു  വല്ലായ്ക. എങ്കിലും മൂളി മൂളി കിടന്ന ആള്‍ കണ്ണ് തുറന്ന് സംസാരിച്ചതിന്‍റെ  സമാധാനവും.
എല്ലാവരെയും സൂക്ഷിച്ചു നോക്കിയ ഒലോന്നന്‍ ചേട്ടന്‍ എഴുന്നേറ്റിരിക്കണം എന്ന്‍ ആഗ്യം കാണിച്ചു.
സുമയും കുഞ്ഞിപൈലോ ചേട്ടനും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ഇരുത്തി.  “കൈ വിട്ടോ പെണ്ണെ. എനിക്ക് കുഴപ്പമൊന്നും ഇല്ല.”
ഒലോന്നന്‍ ചേട്ടന്‍ സുമയെ നോക്കി പറഞ്ഞു. സുമ കൈവിട്ടു ആശങ്കയോടെ ഒലോന്നന്‍റെ അരികില്‍ തന്നെ നിന്നു.
ഇരിപ്പുറച്ച ശേഷം ഒലോന്നന്‍ കുഞ്ഞിപൈലോയെ നോക്കി നല്ലൊരു ചിരി ചിരിച്ചു. എന്നിട്ട് തനിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പിടിക്കാന്‍ ചെന്ന സുമയും മറ്റു സ്ത്രീകളെയും തടഞ്ഞു കൊണ്ടു ഒരു മാസത്തോളം  ബോധമറ്റു കിടന്ന ചേട്ടന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി താനേ എഴുന്നേറ്റു നിന്നു.
അത്ഭുതം മാറാതെ സ്തംഭിച്ചു നില്‍ക്കുന്ന കുഞ്ഞിപൈലോയെ നോക്കി ഒലോന്നന്‍ ചേട്ടന്‍ ഉറക്കെ പറഞ്ഞു.
“വാ...വാടാ...കുഞ്ഞിപ്പൈലോ..നമുക്ക് രണ്ടു ചുവടു നോക്കാം. ”
ചെന്നിയിലെ ആ പിടച്ച്  കിടക്കുന്ന ഞെരമ്പ് അവിടെത്തന്നെ ഉണ്ടോ എന്ന് പ്ലമേന ചേടത്തി സൂക്ഷിച്ചു നോക്കുന്നതിനിടെ “വില്ലാളി വീരനേ...കാറല്‍ മാനേ...”എന്ന്  പാടി ഒലോന്നന്‍ ചേട്ടന്‍ ദുര്‍ബലമായ കാലുകള്‍ ഉയര്‍ത്തി ചുവടു വെച്ചു തുടങ്ങി. പിന്നെ പിടിച്ചു നില്‍കാനായില്ല കുഞ്ഞി പൈലോക്ക്‌.  കാറല്‍മാന്‍ ചക്രവര്‍ത്തിക്കൊപ്പം  സൈന്യാധിപന്‍ ചുവടുകള്‍ ആരംഭിച്ചതേ ഒലോന്നന്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങി. കട്ടിലിലേക്ക് താങ്ങിപ്പിടിച്ചു കിടത്തിയ സുമ ഒലോന്നന്‍ ചേട്ടന്‍റെ അവസാന ശ്വാസം കണ്ടു വലിയ വായില്‍ കരഞ്ഞെങ്കിലും അതൊന്നും അറിയാതെ  കുഞ്ഞി പൈലോ എന്ന സൈന്യാധിപന്‍ അപ്പോഴും കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ ആഞ്ജകള്‍ക്കൊപ്പം ചുവടു വെച്ചു കൊണ്ടിരുന്നു. മേരിക്കുട്ടിയുടെ കയ്യിലിരുന്ന ക്രൂശിത രൂപം തല ഉയര്‍ത്തി കുഞ്ഞിപൈലോക്കൊപ്പം ചുവടു വെക്കുന്ന ഒലോന്നനെ നോക്കി നിന്നു.

(ഒക്ടോബര്‍ ലക്കം 'വാചിക'ത്തില്‍ പ്രസിദ്ധീകരിച്ചത്)
       **************************************************************

ചവിട്ടു നാടകം: അന്യം നിന്നു പോയ ഒരു ക്രിസ്ത്യന്‍ കലാരൂപം. യൂറോപ്പില്‍ പ്രചാരമുള്ള ഓപ്പറയുടെ ഒരു പകര്‍പ്പാണ് ഇതെന്നു വേണമെങ്കില്‍ പറയാം.ബൈബിള്‍ കഥകള്‍, റോമാ ചക്രവര്‍ത്തിമാരുടെ കഥകള്‍, പണ്ടത്തെ കുരിശു യുദ്ധം ഇവയൊക്കെ ആയിരുന്നു വിഷയം.

കാട്ടുകാര്‍ --കാട്ടുന്നവര്‍,കാണിക്കുന്നവര്‍


16.7.12

കാറ്റേ ...നീ...


കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.



നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.

“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”

“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറു വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി. “ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞപ്പോള്‍ കാറ്റ്‌ അവളോടു ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി.

30.5.12

ഉയിര്‍പ്പുകള്‍


എന്തോ തട്ടിയുടയുന്ന ശബ്ദം കേട്ടാണ് ഞാന്‍ മയക്കത്തില്‍ നിന്നും കണ്ണ് തുറന്നത്. തല തിരിച്ചു നോക്കിയപ്പോള്‍ അടുത്ത കട്ടിലിലെ രോഗി ശര്‍ദ്ദിക്കുന്നതിനിടെ മരുന്ന് കുപ്പി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാന്റ് തട്ടി താഴെ ഇട്ടിരിക്കുന്നു. വാര്‍ഡിലെ അറ്റന്‍റെര്‍മാര്‍ ഓടി വന്നു അത് നേരെ വെച്ചു തറയിലെ ശര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ തുടച്ചു നീക്കി. ഇതൊരു സാധാരണ സംഭവമായതിനാല്‍ ഞാന്‍ ദൃഷ്ടികള്‍ മാറ്റി എന്റെ ഞെരമ്പിലൂടെ ഒഴുകാന്‍ തയാറെടുക്കുന്ന മരുന്ന് തുള്ളികളെയും നോക്കി കിടന്നു. മിക്കവാറും ഞാന്‍ മയക്കത്തിലായിരിക്കും. ഇടക്കിടക്ക് മയക്കത്തില്‍ നിന്നും ഉണരും. എന്നിരുന്നാലും കൂടുതലും ഉറക്കം തന്നെ. ഉറക്കത്തിനിടയിലെ ഈ ഉണര്‍ച്ചയില്‍ കിട്ടുന്ന സമയം കൊണ്ടു എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.


ഇത് കാന്‍സര്‍ സെന്ററിലെ കീമോ തെറാപ്പി വാര്‍ഡാണ്. എല്ലാ മുഖങ്ങളും മടുപ്പിന്റെ‍ ആവരണമണിഞ്ഞു, വന്നു പെട്ട രോഗത്തെ ശപിച്ച് കൊണ്ട് കിടക്കുന്ന വാര്‍ഡ് ‌. മരുന്ന് കയറ്റാന്‍ തുടങ്ങുമ്പോഴേ ചിലര്‍ ഓക്കാനം തുടങ്ങും. അതൊന്നും കാണുവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടു ഞാന്‍ തന്നെ ഒരു മാര്‍ഗം കണ്ടു പിടിച്ചു. കീമോ തെറാപ്പി നിശ്ചയിച്ചിട്ടുള്ള ദിവസത്തിന്റെ  തലേ രാത്രിയില്‍ ഉറങ്ങാതിരിക്കുക്ക. കൂട്ടിനാരും ഇല്ലാതെയുള്ള ഈ കിടപ്പും കൂടെയാകുമ്പോള്‍ താനേ മയങ്ങിക്കൊള്ളും. നല്ല ഐഡിയ അല്ലെ.


ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണുമല്ലോ ഞാന്‍ ഒരു അര്‍ബുദ രോഗിയാണെന്ന്. എന്റെ രണ്ടു മക്കളും ഭൂമിയിലേക്ക് പിറക്കും മുന്‍പ് അവര്‍ പത്തു മാസം കിടന്ന്‍ വളര്‍ന്ന എന്റെ ഗര്‍ഭപാത്രത്തെയാണ് ക്യാന്‍സര്‍ എന്ന കരിം തേള്‍ അതിന്റെ വിഷ മുള്ളുകള്‍ കൊണ്ട് എന്നെ ആക്രമിച്ചത്‌. ആദ്യമായി ഈ വാര്‍ത്ത എന്റെ‍ ഡോക്ടര്‍ ജോര്‍ജ് ജോസഫില്‍ നിന്നും കേട്ടപ്പോള്‍ ഏതൊരു ക്യാന്‍സര്‍ രോഗിയെയും പോലെ ഞാന്‍ തളര്‍ന്നില്ല എന്നതാണ് സത്യം. നിസ്സംഗതയോടെ രോഗ വിവരം കേട്ടു നിന്ന എന്നെ അദ്ദേഹം വിസ്മയത്തോടെ നോക്കി. “അസാമാന്യ ധൈര്യവതിയായ രോഗി” എന്ന്‍ എന്നെ അന്നദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് ‍  മന:ധൈര്യം കൊണ്ടു ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന കുറച്ചു രോഗികളുടെ ഉദാഹരണവും  അദ്ദേഹം പറഞ്ഞു തന്നു. എനിക്കത് കേട്ടിട്ട് ചിരിയാണ് വന്നത്. ജീവിതം!!!!! അതാര്‍ക്കു വേണം..?


നിങ്ങള്‍ക്ക് ഇത് കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ...? ഈ മഹാരോഗം വന്ന ആര്‍ക്കും ജീവിതം, ആയുസ്സ്‌ എന്നൊക്കെ കേള്‍ക്കുമ്പോഴേ എന്തെന്നില്ലാത്ത ഒരു കൊതിയല്ലേ തോന്നേണ്ടത്...? പക്ഷെ, എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. കാരണം എന്തെന്നറിയേണ്ടേ...? ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ഭര്‍ത്താവ്‌ എന്നെയും ഞങ്ങളുടെ രണ്ടു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടേതായി കഴിഞ്ഞിരുന്നു. ആ ദുഖത്തിന് മുന്‍പില്‍ എനിക്ക് ഈ രോഗബാധ ഒരു അനുഗ്രഹമായാണു തോന്നിയത്‌. കാരണം ഈ ദിവസങ്ങളില്‍ മക്കളെ കൂട്ടി എങ്ങനെ വിജയകരമായി ആത്മഹത്യ ചെയ്യാം എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള എനിക്ക് ക്യാന്‍സര്‍ അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്ന അറിവ്‌ എത്ര ആശ്വാസമാണെന്നോ നല്കിയത്‌. പക്ഷേ താമസിയാതെ ആ സമാധാനം എനിക്ക് നഷ്ടപ്പെട്ടു. ക്യാന്‍സര്‍ എനിക്കല്ലേ ഉള്ളു എന്റെ മക്കളുടെ കാര്യമോ..? എന്നെ രോഗം കൊണ്ടു പോയാലും അവര്‍ ഭൂമിയില്‍ തനിച്ചാകുമല്ലോ.


ആയിടെയുള്ള പഴയ പത്രങ്ങളെല്ലാം ശേഖരിച്ച് കൂട്ട ആത്മഹത്യകളുടെ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചു. പലരും പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അതോടെ എനിക്ക് ഏതു മാര്‍ഗം സ്വീകരിക്കണം എന്ന ആശയക്കുഴപ്പമായി. ചില സംരഭങ്ങളില്‍ ആരെങ്കിലും രക്ഷപ്പെട്ടു എന്ന വാര്‍ത്ത എന്നെ പരിഭ്രാന്തയാക്കുകയും ചെയ്തു . ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍  ഭൂമിയില്‍ തനിച്ചാവുക....എനിക്ക് അത് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു.



മരിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്തിനു ചികില്സ തേടണം എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകകരാണ് എന്നെ ഇവിടെ ആക്കിയിരിക്കുന്നതും എന്റെ ചികില്സയുടെ ഉത്തരവാദിത്വം എറ്റെടുത്തിരിക്കുന്നതും. എന്നെ അത്രയധികം സ്നേഹിക്കുന്ന അവരെ എനിക്ക് നിഷേധിക്കാനാവില്ലായിരുന്നു. സ്നേഹം...അതെനിക്ക് വല്ലാത്ത ബലഹീനതയാണ്. സ്നേഹിക്കുന്നവരെ എനിക്ക് ഒരിക്കലും നിഷേധിക്കാനാവില്ല. സ്നേഹം നിഷേധിക്കുന്നത് സഹിക്കാനും. എനിക്ക് വല്ലാതെ ഉറക്കം വരുന്നു. ഞാനൊന്നുറങ്ങട്ടെ. നിങ്ങള്‍ ക്ഷമയോടെ ഞാന്‍ ഉണരുന്നതും കാത്തിരിക്കുമല്ലോ.


കണ്ടോ..ഇത്രയേ ഉള്ളു എന്റെ ഉറക്കം. ഇതിനെ ഉറക്കം എന്ന് പറയാമോ...? ഒരു പൂച്ച മയക്കം. അത്ര തന്നെ. മയക്കത്തില്‍ ഞാന്‍ എന്റെ  വിവാഹം കഴിക്കുന്നതിനു മുന്‍പു ള്ള കാലം സ്വപ്നത്തില്‍ കണ്ടു. ഞാനും നൌഷാദും കോഫീ ഹൌസില്‍ ഇരുന്നു സൊറ പറയുന്നു. എന്റെ മുന്‍പില്‍ പതിവ് പോലെ ഐസ് ക്രീം. നൌഷാദിന് കോഫി. അതാണ്‌ ഞങ്ങളുടെ ചിട്ട. നൌഷാദ് ആരെന്നു ഇതിനകം നിങ്ങള്‍ മനസ്സിലാക്കി കാണുമല്ലോ. ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ച എന്റെ ഭര്‍ത്താവ്‌.


ഈ  പ്രേമം എന്നത് ലോകത്തില്‍ എത്രയോ പേര്‍ ഏതെല്ലാം തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. എന്നാല്‍ ജീവിതാനുഭവങ്ങളുടെ അറിവില്‍ ഞാന്‍ പ്രേമത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. ചുറ്റുമുള്ള എന്തിനെയും നിസ്സാര വല്ക്കരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു വികാരം. അല്ലെങ്കില്‍ ഒരു യാഥാസ്ഥിതിക നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഒരു മുസ്ലീമായ നൌഷാദിന്റൊ ഭാര്യയാകുമായിരുന്നോ..? അതാണ്‌ പ്രേമത്തിന്റെ‍ ശക്തി. അത് ബന്ധങ്ങളെ, എതിര്‍പ്പുകളെ നിസ്സാര വല്ക്കരിച്ചു കൊണ്ടു ജീവിത ഗതി മാറ്റി മറിക്കുന്ന ഒരു കൊടുങ്കാറ്റ് തന്നെയാണ്. ഒരിക്കല്‍ നിങ്ങള്‍ പ്രേമത്തിനു പൂര്‍ണ്ണമായും അടിമയായി എന്ന് വിചാരിക്കുക. അപ്പോള്‍ ആരെങ്കിലും നിങ്ങളോടു പ്രേമത്തിന്റെ വിജയത്തിനു വേണ്ടി ഒരു മരുഭൂമി താണ്ടുവാന്‍ പറഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും അതിനു വേണ്ടി തുനിയും. ഒരു കടല്‍ നീന്തിക്കടക്കുവാന്‍ പറഞ്ഞാല്‍ അതും.


നൌഷാദിന്റെ ഭാര്യയായി ജീവിതം തുടങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരുടെയും വീട്ടുകാര്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു എന്നത് ഞങ്ങള്‍ക്ക് വിഷയമേ ആയിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. ഒരു വിചിത്ര ഗ്രഹം ഞങ്ങള്‍ക്കായി ഉണ്ടാകപ്പെട്ടു. അതിന് ഉപഗ്രഹങ്ങളോ മാതൃ നക്ഷത്രമോ ഇല്ലായിരുന്നു. അതില്‍ രണ്ടേ രണ്ടു ജീവികള്‍. ഞാനും നൌഷാദും. പക്ഷെ, പിന്നീട് ഞങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ ഒരു മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ സാവധാനം ആ ഗ്രഹത്തിന് പുറത്തെ ലോകം കാണുവാന്‍ തുടങ്ങി. നഷ്ടപ്പെട്ട ബന്ധങ്ങളുടെ വില കുറച്ചെങ്കിലും ഞങ്ങള്‍ രണ്ടു പേരും മനസ്സിലാക്കി. ഒരു മകളെ അച്ഛനും അമ്മയും എത്ര സ്നേഹിക്കുന്നു എന്നത് ഞാന്‍ ജീവിതത്തില്‍ നിന്നും സാവധാനം പഠിച്ചു തുടങ്ങി. എന്നിരുന്നാലും അപ്പോഴുള്ള ജീവിതത്തില്‍ പരിപൂര്‍ണ്ണു സംതൃപ്തയായിരുന്നു ഞാന്‍. നൌഷാദും അങ്ങനെ തന്നെയായിരുന്നു.  ഞാന്‍ ആഗ്രഹിച്ച സ്നേഹം തന്നെയാണ് അദ്ദേഹം എനിക്ക് നല്കി്യത്. സ്വകാര്യ സ്ഥാപനത്തിലെങ്കിലും മാന്യമായ ഒരു ജോലി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനും ഒരു ഉദ്യോഗസ്ഥയായിരുന്നു. അല്ലലില്ലാതെ നീങ്ങുന്ന ജീവിതത്തില്‍ ഒരു കുഞ്ഞു കൂടി ഞങ്ങള്‍ക്ക്  പിറന്നു.


പിന്നെ എപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിയത്..? എങ്ങനെയാണ് ഞാന്‍ ഭര്‍ത്താവിനു വേണ്ടാത്ത ഭാര്യയായി മാറിയത്‌..? കമ്പനി ഉടമയുടെ വിവാഹ മോചിതയായ മകളുമായി അദ്ദേഹം അടുത്തു കഴിഞ്ഞു എന്ന് വളരെ വൈകിയ വേളയിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് നേരത്തെ കണ്ടു പിടിച്ച് ഞാന്‍ ജീവിതം തിരിച്ചു പിടിക്കേണ്ടിയിരുന്നു എന്നൊക്കെ പലരും അന്നെന്നെ കുറ്റപ്പെടുത്തി. അതെങ്ങനെ എന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.  സ്നേഹം ആര്ക്കെങ്കിലും അങ്ങനെ പിടിച്ചു വാങ്ങാവുന്ന ഒന്നാണോ..? അങ്ങനെയുള്ള ഒരു സ്നേഹത്തെക്കുറിച്ച് എനിക്ക് അറിവില്ല. ഞാന്‍ ഇത്രയും നാള്‍ ജീവിച്ച സ്നേഹലോകത്ത് ഈ ഒരു പാഠം പഠിച്ചതേ ഇല്ല.


ജീവനു  തുല്യം സ്നേഹിച്ചിരുന്ന മക്കളെ പോലും മറന്നു അദ്ദേഹം എന്നില്‍ നിന്നും എന്നെന്നേക്കുമായി അകന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ മരണത്തെക്കുറിച്ച് ചിന്തിച്ചു. അതിലേക്കുള്ള വിവിധ വഴികള്‍ തേടി.  അപ്പോഴാണ്‌ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ഈ മാരക വ്യാധി എന്നെ പിടികൂടിയത്‌. പക്ഷെ എന്റെ മക്കള്‍... അവരെയും എനിക്ക് കൂടെ കൂട്ടിയേ പറ്റൂ. തനിച്ചു ഈ ലോകത്തില്‍ അവരെ എനിക്ക് വിട്ടിട്ട് പോകാനാവില്ല. അതിനുള്ള മാര്‍ഗമാണ് എന്റെ മുന്നില്‍ ഇനി എനിക്ക് തെളിഞ്ഞു കിട്ടേണ്ടത്.


കുടുംബത്തിലെ അലോസരങ്ങള്‍ കാരണം കുറച്ചു മാസങ്ങളായി ഞാന്‍ മക്കളെ ബോര്ഡിംഗ് സ്കൂളില്‍ ചേര്‍ത്തിരിക്കുകയായിരുന്നു. അച്ഛന്‍ വിട്ടു പോയതും ഞാന്‍ രോഗിയായതും അവരെ അറിയിക്കാതിരിക്കാന്‍ ഞാന്‍ പെടുന്ന പാട്...അത് എനിക്ക് മാത്രമേ അറിയൂ. അമ്മക്ക് ഓഫീസിലെ തിരക്ക് കാരണവും അച്ഛന് പെട്ടെന്നുണ്ടായ സ്ഥലം മാറ്റവും മൂലം അവരെ വന്നു കാണുവാനാകുന്നില്ല എന്ന എന്റെ വാക്ക് വിശ്വസിച്ച് ജീവിക്കുകയാണ് എന്റെ പാവം മക്കള്‍. പക്ഷേ സത്യം അറിയുന്നതിന് മുന്പ് എനിക്ക് അവരെ കൂട്ടി ഈ ഭൂമിയില്‍ നിന്നും മറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഉറക്കമില്ലാത്ത രാവുകളും വിരസമായ പകലുകളും  ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി നീക്കി വെച്ചിരിക്കുകയാണ്.


പക്ഷെ, കുറച്ചു ദിവസങ്ങളായി എന്റെ് എല്ലാ എല്ലാ പദ്ധതികളും തകിടം മറിക്കുന്ന ഒരു സംഭവം നടന്നിരിക്കുന്നു. താമസിയാതെ എന്റെ മക്കള്‍ എന്നെ തേടി ഈ ആശുപത്രി കിടക്കയില്‍ എത്തും. എന്റെ ചികില്സാ കാര്യങ്ങള്‍ നോക്കുന്ന എന്റെ സഹപ്രവര്ത്തകര്‍ എന്റെ എതിര്‍പ്പുകള്‍ അവഗണിച്ച്  മക്കളെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു കഴിഞ്ഞു. പന്ത്രണ്ടും പത്തും വയസ്സും പ്രായമുള്ള കുട്ടികള്‍ക്ക് ‌ അവരുടെ അമ്മയുടെ രോഗ വിവരവും അച്ഛന്റെ വേര്‍പിരിയലും ഉള്‍ക്കൊള്ളാനാകും എന്നാണു അവരുടെ വാദം. എത്ര കാലം എനിക്കിത് അവരില്‍ നിന്ന് മറക്കാനാകും എന്ന അവരുടെ ചോദ്യത്തിന് എനിക്ക് മറുപടിയൊന്നും പറയാനില്ല. എന്റെ കണക്ക് കൂട്ടലില്‍ അധികകാലം വേണ്ട എന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണല്ലോ.


എന്റെ മൂത്ത മകള്‍ സ്നേഹയ്ക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. അവളെ പ്രസവിക്കാന്‍ ആശുപത്രിയില്‍ പോയത്‌ ഇന്നലെയെന്നവണ്ണമാണ് എന്റെ മനസ്സിലുള്ളത്. വേദന കൊണ്ടു പുളയുന്ന എന്നെ ഒരു കൈ കൊണ്ടു ചേര്ത്തു പിടിച്ചു കാര്‍ ഓടിച്ചാണ് നൌഷാദ് ആശുപത്രിയില്‍ എത്തിച്ചത്‌. അവളെ പ്രസവിച്ചു മുറിയില്‍ വന്ന ഉടനെ നൌഷാദ് എന്റെ‍ നെറ്റിയില്‍ നല്കിയ ചുംബനത്തിന്റെ ചൂട്  ഇപ്പോഴും അവിടെ തന്നേയുണ്ട്. ഇളയവള്‍ പത്തു വയസ്സുകാരി സൈന ബോര്ഡിങ്ങില്‍ എങ്ങനെ നില്ക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്ന കാര്യമാണ്. എപ്പോഴും എന്റെ‍യും നൌഷാദിന്റെയും മധ്യത്തില്‍ കിടന്നുറങ്ങാനായിരുന്നു അവള്ക്കിഷ്ടം. പാവം എന്റെ‍ കുഞ്ഞുങ്ങള്‍. സ്നേഹം നഷ്ടപ്പെട്ട ഈ ലോകത്ത്‌ എന്തിനവര്‍ ജീവിക്കണം...? ഉള്ള കാലമത്രയും ആവതു കിട്ടിയതല്ലേ. അതിന്റെ മാധുര്യം നഷ്ടപ്പെടാതെ തന്നെ അവര്‍ ഈ ലോകത്ത് നിന്നും പിരിയട്ടെ.. എനിക്ക് വീണ്ടും ഉറക്കം വരുന്നു. മണിക്കൂറുകള്‍ എത്രയായെന്നോ ഈ കിടപ്പു തുടങ്ങിയിട്ട്.  സന്ധ്യയാകാതെ ഈ കുപ്പിയിലെ മരുന്ന് തുള്ളികള്‍ തീരുകയില്ല. അതിനിനിയും ഇനിയും ധാരാളം സമയമുണ്ട്.


ആരോ എന്നെ വിളിക്കുന്ന ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. എന്റെ സഹപ്രവര്‍ത്തകയോടോപ്പം എന്റെ മുന്നില്‍    നില്ക്കുന്ന സ്നേഹയെയും സൈനയെയും ആണ് ഞാനിപ്പോള്‍ കാണുന്നത്. എത്ര മാസങ്ങളായി ഞാന്‍ എന്റെ മക്കളെ കണ്ടിട്ട്..? ഇത് സ്വപ്നമോ സത്യമോ എന്നറിയാന്‍ ഞാന്‍ ശരീരത്തില്‍ ചെറുതായി നുള്ളി നോക്കി. അതെ, ഇത് സത്യം തന്നെ. പുറത്തേക്ക് കുതിച്ചു ചാടുവാന്‍ വെമ്പുന്ന വികാരങ്ങളെ അടക്കിപ്പിടിച്ച ഞാന്‍ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ നോക്കി.  അവര്‍ എന്നെ അരുമയോടെ നോക്കുന്നു. റേഡിയേഷന്‍ ചെയ്തു കറുത്തു കരിവാളിച്ച എന്റെ ശരീരത്തില്‍ തലോടുന്നു. മിക്കവാറും പൊഴിഞ്ഞു തീര്‍ന്ന എന്റെ തലമുടി അവര്‍ ഒതുക്കി നേരെ വെച്ചു തരുന്നു. എന്റെ കൈപ്പത്തികള്‍ ചേര്ത്തു പിടിച്ചു കിടക്കയില്‍ കിടക്കുന്ന എന്റെ തോളിലേക്ക് ചായുവാന്‍ ശ്രമിക്കുന്നു. നമുക്ക്‌ വേണ്ടാത്ത അച്ഛനെ നമുക്കും വേണ്ട എന്ന് പറഞ്ഞവര്‍ എന്നെ ആശ്വസിപ്പിക്കുന്നു. അസുഖം മാറി പെട്ടെന്ന് വീട്ടില്‍ തിരിച്ചു പോകാമെന്ന് പറഞ്ഞ് എനിക്ക് പ്രതീക്ഷ നല്കുന്നു.


നിസ്സാര കാര്യങ്ങള്ക്ക് പോലും അമ്മയുടെ സഹായം തേടുമായിരുന്ന എന്റെ മക്കളാണോ മുതിര്ന്ന പെണ്കുട്ടികളെപ്പോലെ ഇങ്ങനെ പെരുമാറുന്നത്..? എന്റെ കൈകളില്‍ കിടന്നു വലുതായ എന്റെ മക്കള്‍. ഇവരുടെ കളിയും ചിരിയും എനിക്ക് എന്തെന്തു പ്രതീക്ഷകള്‍ നല്കിയിരുന്നു..? സ്നേഹ ആദ്യമായി മുല കുടിച്ചപ്പോള്‍ മാറില്‍ എനിക്കുണ്ടായ വേദന ഈ നിമിഷം എനിക്കനുഭവപ്പെടുന്നു. അമ്മിഞ്ഞ കുടിക്കുമ്പോള്‍ സൈനക്ക്‌ എപ്പോഴും എന്റെ ചെവിയില്‍ പതുക്കെ പിടിച്ചു കൊണ്ടിരിക്കണം. കുറച്ചു സമയം കഴിയുമ്പോള്‍ എനിക്ക് ഇക്കിളിയാകും. ആ ഓര്‍മയുടെ ഇക്കിളിയില്‍ ഞാന്‍ ചെറുതായി പിടഞ്ഞു. ഇവരുടെ വളര്ച്ചയുടെ ഓരോ പടവുകള്‍.... വളര്‍ന്നു കഴിയുമ്പോള്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ, വിടര്‍ന്ന കണ്ണുകളോടെ അവര്‍ പറഞ്ഞ മറുപടികള്‍....അത് കേട്ട ഞാന്‍ അവരെക്കാള്‍ ഏറെ അഭിമാനം കൊണ്ടത്‌.


ഒരൊറ്റ നിമിഷം....എന്റെ തീരുമാനങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്റെ ശരീരത്തിന് അര്‍ബുദമാണ് ബാധിച്ചതെങ്കില്‍ എന്റെ മനസ്സിനെ ബാധിച്ചത്‌ കടുത്ത അന്ധതയായിരുന്നു എന്ന് ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. അന്ധതയുടെ ഈ കയത്തില്‍ നിലയില്ലാതെ മുങ്ങിത്താഴുവാന്‍ തുടങ്ങിയ ഞാന്‍ പ്രതീക്ഷയുടെ തുരുത്തുകളായി മുന്നില്‍ നില്ക്കുന്ന എന്റെ മക്കളെ കുറ്റബോധത്തോടെ നോക്കി. ഇവരെ മരണ ദേവന് കാഴ്ച വെക്കുവാന്‍ എനിക്കാരാണ് അധികാരം തന്നത്....? അവര്‍ക്ക് ‌ വേണ്ടി ജീവിക്കണം എന്ന് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചില്ലല്ലോ. ഒരു ഭാര്യയുടെ സ്വാര്‍ഥ ദു:ഖത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഏറ്റവും നീചമായ വഴി ചിന്തിച്ച എനിക്ക് എന്നോടു തന്നെ വെറുപ്പ്‌ തോന്നി. വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കുണ്ടാകേണ്ടിയിരുന്ന ജീവിതം, അതെന്തേ ഞാന്‍ കണ്ടില്ല..? മരണ ത്വരയുടെ ഇരുളില്‍ കണ്ണ് പൊത്തിയിരിക്കാന്‍ ഞാന്‍ ശ്രമിച്ചതെന്തേ..?


വാക്കുകള്‍ നഷ്ടപ്പെട്ട ഞാന്‍ എന്റെ മക്കളെ ചേര്ത്തു് പിടിച്ചു കരഞ്ഞു തുടങ്ങി. മനസ്സ് കൊണ്ടു അവരെ കൊലപാതകം ചെയ്ത ഞാന്‍ കണ്ണീരു കൊണ്ടു പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിച്ചു. കുറച്ചു കണ്ണീരു കൊണ്ട് തീരുന്നതാണോ ഞാന്‍ ആലോചിച്ചു കൂട്ടിയ കൊടും പാതകങ്ങള്‍...? “കരയല്ലേ..അമ്മേ..” എന്ന അവരുടെ സ്വന്തനം കേട്ടപ്പോള്‍ അമ്മയെന്ന പേരിന് പോലും അര്ഹത ഇല്ലാതെ ഞാന്‍ ഒരു കീടത്തിന് സമാനയായി.മുന്നില്‍ കിടക്കുന്ന ജീവിതം എന്നെ പ്രലോഭിപ്പിച്ചു തുടങ്ങി. ഇല്ല, എനിക്ക് എന്റെ മക്കളോടൊപ്പം ജീവിക്കണം. ഡോ. ജോര്ജ് ജോസഫ്‌ പറഞ്ഞപോലെ അസാമാന്യ ധൈര്യവതിയായ ഒരു രോഗിയാണ് ഞാന്‍. എന്റെ ഈ മന:ധൈര്യത്തിനു ഏതു രോഗത്തെയും മറികടക്കാനാവും. . ഞാന്‍ പതുക്കെ എഴുന്നേറ്റിരിക്കുവാന്‍ ശ്രമിച്ചു. സ്നേഹയും സൈനയും ചേര്‍ന്നെന്നെ താങ്ങി ഇരുത്തി.


അതെ. ഇരുളിന്റെ കയത്തില്‍ നിന്നും എന്നെന്നേക്കുമായി ഞങ്ങള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ മൂവരും ചേര്‍ന്ന് വെളിച്ചത്തിന്റെ ഈ ജീവിത നദി സാവധാനം തുഴയും. ഇടക്ക്‌ കാറും കോളും ഉണ്ടായെന്നു വരാം. അതിനി സാരമാക്കാനില്ല.  ഭൂമിയില്‍ ഏതു നദിയാണ്  കാറും കോളും ഇല്ലാതെ ഒഴുകിയിട്ടുള്ളത്‌..? ഞങ്ങള്‍ക്ക് മുന്നില്‍ ജീവിച്ചു തീര്‍ക്കുവാനായി മനോഹരമായ കാലം.അത് ഞങ്ങളെ നോക്കി മന്ദഹസിച്ചു.