19.3.12

ഒരു മരുക്കാറ്റിന്‍റെ അവസാനം

കത്തിക്കാളുന്ന വിശപ്പോടെ ഗായത്രി ഊണ് മേശയില്‍ മൂടി വെച്ചിരുന്ന ഭക്ഷണം എടുത്തു കഴിക്കാന്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ മുന്‍പ്‌ കഴിക്കാന്‍ പ്ലേറ്റില്‍ കൈ വെച്ചതേ ചാന്ദ്നി ദീദി അവളെ ജോലിക്കായി വിളിച്ചു. അപ്പോള്‍ തന്നെ  അത് അവിടെ മൂടി വെച്ച് പോകേണ്ടി വന്നു. അതാണവളുടെ ജോലിയുടെ സ്വഭാവം. പ്രത്യേക സമയം എന്നൊന്നും ഇല്ല.  ജോലി വന്നാല്‍ അത് സമയം കളയാതെ ചെയ്യുക. ഒന്ന് ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തണുത്തു മരച്ച ഭക്ഷണം വേഗം കഴിച്ചു തുടങ്ങി.

ഇപ്പോള്‍ ഒന്നര വര്‍ഷമായിരിക്കുന്നു അവള്‍ ഈ മണല്‍ നഗരത്തില്‍ വന്നു ചേര്‍ന്നിട്ട്. വന്നതില്‍ നിന്നും തന്‍റെ രൂപം  എത്ര മാറിപ്പോയി. മുഖം കഴുകവേ അവള്‍ കണ്ണാടിയില്‍ കണ്ട തന്‍റെ പ്രതി രൂപത്തെ സൂക്ഷിച്ചു നോക്കി. വില്ല് പോലെ ഷേപ്പ് ചെയ്ത പുരിക കൊടികള്‍. ആഴ്ചയിലൊരിക്കല്‍ ഉള്ള ഫേഷ്യലിങ്ങ് കവിളിനു നല്ല മിനുമിനുപ്പ്‌ നല്‍കിയിരിക്കുന്നു. എണ്ണ തേച്ചു ഇട തൂര്‍ന്ന്‍ കിടന്നിരുന്ന മുടി ഷാംപൂ ചെയ്തു തോളറ്റം വരെ .മുറിച്ചിട്ടിരിക്കുകയാണ്. തന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുടെ അമ്മയാണെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. അവള്‍ മുഖം ടവ്വലില്‍ തുടച്ചു മുറിയില്‍ പോയി കിടക്കാന്‍ തിരക്ക് കൂട്ടി. ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ് കുറച്ചു നേരമെങ്കിലും സമയം കളയാതെ കിടക്കാമല്ലോ.

അവള്‍ ആയൂര്‍വേദ ആശുപത്രിയില്‍ തിരുമ്മു ചികില്‍സയുമായി കഴിയുന്ന ചന്ദ്രേട്ടനെയും നാലാം ക്ലാസില്‍ പഠിക്കുന്ന ആതിരയെയും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചനയെയും ഓര്‍ത്തു. ഒന്നര കൊല്ലം കൊണ്ടു അവര്‍ രണ്ടു പേരും പൊക്കം വെച്ച് കാണും. എല്ലാ ഞായറാഴ്ചയും ചാന്ദ്നി ദീദിയുടെയും സഹായികളുടെയും സാന്നിധ്യത്തില്‍ അനുവദിച്ചിട്ടുള്ള അഞ്ചു മിനിറ്റു ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്ന അവരുടെ കൊഞ്ചല്‍ എത്ര കേട്ടാലും അവള്‍ക്ക് മതിവരാറില്ല. ഒന്നര കൊല്ലത്തെ ചികില്‍സ കൊണ്ടു ചന്ദ്രേട്ടന്‍ മിക്കവാറും നടക്കാറായിരിക്കുന്നു. അന്നത്തെ അപകടത്തിനു ശേഷം “ചന്ദ്രനിനി എഴുന്നേറ്റു നടക്കുമെന്ന് തോന്നുന്നില്ല.” എന്നാണു പലരും പറഞ്ഞത്‌. ഇടിച്ചു കിടക്കുന്ന ലോറി കണ്ടാല്‍ ഓടിച്ചിരുന്ന ആള്‍ രക്ഷപ്പെട്ടു എന്ന് ആരും വിശ്വസിക്കില്ലായിരുന്നു. ഇപ്പോഴുള്ള ചെറിയ എന്തല്‍ കുറച്ചു നാളത്തെ വ്യായാമം കൊണ്ടു ശരിയാകുമെന്നു ഡോക്ടര്‍ പറഞ്ഞതെന്നു പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “താമസിയാതെ എനിക്ക് പഴയ പോലെ ലോറിയും ഓടിക്കാനാവും. ഇനി എന്‍റെ പെണ്ണ് മരുഭൂമിയില്‍ കിടന്നു വീട്ടു വേല ചെയ്തു കഷ്ടപ്പെടണ്ട” എന്ന സ്നേഹപൂര്‍വമായ ശബ്ദം കേട്ടപ്പോള്‍ കരഞ്ഞത് ഗായത്രിയായിരുന്നു.

ഗായത്രി പോരുമ്പോള്‍ ചന്ദ്രേട്ടന്‍ കട്ടിലില്‍ നിന്നും പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കുവാന്‍ പോലും ആവാത്ത സ്ഥിതിയിലായിരുന്നു. പ്രായമായ അമ്മ എങ്ങനെ ചന്ദ്രേട്ടനെ ഉയര്‍ത്തി ഇരുത്തും എന്ന ആധിയിലാണ് അവള്‍ വീടിന്‍റെ പടി ഇറങ്ങിയത്.

“ഒന്നും വിഷമിക്കേണ്ട. മോള് ധൈര്യായിട്ടു പോക്കോ... മീനാക്ഷിയമ്മ വിളിക്കുമ്പോഴെല്ലാം ഓടി വരാന്‍ കൈ സഹായത്തിന് ഞങ്ങട  അഷറഫില്ലേ.. ചന്ദ്രന്‍റെ ചികില്‍സക്ക് പണോണ്ടാവാന്‍ മോള്ക്ക് പോകാത പറ്റുവോ..?. ഒരു രണ്ടു കൊല്ലം വേലേടുത്താല്‍ പോരെ...? മോട ആദ്യ ശമ്പളം വരുമ്പോഴേക്ക് ഞങ്ങള് ചന്ദ്രനെ ആശൂത്രിലാക്കീട്ടുണ്ടാകും”.

എയര്‍ പോര്‍ട്ടില്‍ ഇറങ്ങി ജോലിചെയ്യേണ്ട വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ വരുന്ന ഏജന്റിനെ കാത്തിരുന്ന ഗായത്രിയുടെ മനസ്സില്‍ അപ്പോഴും അയലത്തെ ഖാദറിക്കയുടെ വാക്കുകള്‍ ആയിരുന്നു. അവിടെ തൊട്ടടുത്ത കസേരയില്‍ അവളെപ്പോലെ മറ്റൊരു സ്ത്രീയും ഏജന്റിനെ കാത്തിരിപ്പുണ്ടായിരുന്നു. കോട്ടയംകാരി ഒരു രജനി. കല്യാണത്തിനു പൈസ ഉണ്ടാക്കാനാണത്രേ അവള്‍ ഈ ജോലിക്കിറങ്ങി തിരിച്ചത്. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും മംഗല്യ ഭാഗ്യം വരാഞ്ഞത് അവളുടെ അച്ഛന്‍റെ കൈയ്യില്‍ കാശൊന്നും ഇല്ലാഞ്ഞിട്ടു തന്നെയായിരുന്നു.

ഏജന്റിന്‍റെ കൂടെ താന്താങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള വീടുകളില്‍ പോകുവാനായി ഒരേ കാറില്‍ തന്നെയാണവര്‍ തിരിച്ചത്. കിട്ടുന്ന വീടുകള്‍ അവരവരുടെ ഭാഗ്യം പോലെ ഇരിക്കും എന്ന് നാട്ടിലെ  ഏജന്റു പറഞ്ഞിരുന്നു.

“ജോലി കൂടുതലില്‍ ഒരു പരാതിയും പറയില്ല. രണ്ടു വര്‍ഷത്തെ കാര്യമല്ലേ ഉള്ളു. എന്‍റെ ചന്ദ്രേട്ടനെ എങ്ങനെ എങ്കിലും ഒന്ന് എഴുന്നേല്‍പ്പിച്ച് നടത്തിയാല്‍ മതി എനിക്ക്.” എന്നാണു അന്ന് ഗായത്രി പറഞ്ഞത്.

“ഈശ്വരാ.. നല്ല മനുഷ്യരുള്ള വീട് തന്നെ കിട്ടണേ..” എന്ന് മനസ്സില്‍ ഉരുവിട്ടു കൊണ്ടാണ് ചെന്ന് ചേരും വരെയുള്ള സമയം കാറില്‍ ഇരുന്നത്. രജനി അവളെ ശ്രദ്ധിക്കാതെ ഉത്സാഹത്തോടെ ചുറ്റുമുള്ള നഗര കാഴ്ചകള്‍ നോക്കിക്കണ്ടുകൊണ്ടിരുന്നു. നഗരത്തിന്‍റെ അവസാനം എന്ന് തോന്നിക്കുന്ന ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ വീടിനു മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിന്നു.

ഇവിടെ ഒന്ന് വിശ്രമിച്ചിട്ട് തങ്ങള്‍ക്കുള്ള വീടുകളില്‍ പോകാം എന്ന് പറഞ്ഞു വന്നയാള്‍ സ്ഥലം വിട്ടപ്പോള്‍ എന്തോ ഒരു അപകട ശങ്ക മനസ്സില്‍ നിറഞ്ഞു.. മനോഹരമായി ഒരുക്കിയിട്ടിരുന്ന ഒരു വീടായിരുന്നു അത്. ചാന്ദ്നി ദീദി അവരെ തനിക്കറിയാവുന്ന ഹിന്ദി കലര്‍ന്ന മലയാളത്തില്‍  അകത്തേക്കാനയിച്ചു. അവരുടെ മലയാളിയായ ഭര്‍ത്താവിനെ പിന്നീടാണ് കണ്ടത്. കുളിക്കും ഭക്ഷണത്തിനും ശേഷം രാജനിക്കും ഗായത്രിക്കും കൂടെ നല്ലൊരു ഒരു മുറി കൊടുത്ത ശേഷം പറഞ്ഞു.

“ഇവിടെ വിശ്രമിച്ചു കൊള്ളൂ. ജോലി വരുമ്പോള്‍ വിളിക്കാം.”

“ഞങ്ങള്‍ ജോലി ചെയ്യുന്ന വീട് ഇതാണോ..?” എന്ന രജനിയുടെ ചോദ്യത്തിന്.

“ഇത് തന്നെ”

എന്ന് പറഞ്ഞ ശേഷം അവര്‍ പെട്ടെന്ന് മുറി വിട്ടു പോയി.

വേലക്കാരികള്‍ക്ക് ഇത്ര സൌകര്യമുള്ള മുറിയോ...? എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ്

“ഏജന്‍റ് അങ്ങനയല്ലല്ലോ ചേച്ചീ പറഞ്ഞത് “ എന്ന് രജനി ഭയപ്പടോടെ ചോദിച്ചത്.

ആ വീട്ടില്‍ അപ്പോള്‍ വേറെ ആരും ഉള്ളതായി തോന്നിയതും ഇല്ല. ഖാദറിക്കയുടെ അനിയന്‍റെ മകള്‍ സൈനത്ത പറഞ്ഞത് ഇങ്ങനെയല്ലല്ലോ. രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന നിറയെ ആളുകളുള്ള അറബികളുടെ വീട്, പല പ്രായക്കാര സ്ത്രീകള്‍ കുട്ടികള്‍,  വേലക്കാര്‍.....നല്ല വീടാണ് കിട്ടുന്നതെങ്കില്‍ സുഖമായി കഴിയാം. നല്ലൊരു തുക നാട്ടിലേക്ക്‌ അയക്കുകയും ആകാം.

“എനിക്കൊന്നു മനസ്സിലാകുന്നില്ല മോളെ..”എന്ന്  വിഹ്വലതയോടെ പറയാനേ ഗായത്രിക്ക്‌ അപ്പോള്‍ കഴിഞ്ഞുള്ളൂ.

ഒരഞ്ചു നിമിഷം കഴിഞ്ഞു കാണും ചാന്ദ്നി ദീദി വീണ്ടു പ്രത്യക്ഷപ്പെട്ടു.

“രണ്ടു പേരും വരു ..ആ മേശ മേല്‍ ഇരിക്കുന്ന കവര് കൂടെ എടുത്തുകൊള്ളു.”

എന്ന് പറഞ്ഞു അവര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍  മേശമേല്‍ കണ്ട ഗര്‍ഭ നിരോധന ഉറയുടെ കവറിലേക്ക് നോക്കിയ ഗായത്രിക്ക് തൊണ്ട വരണ്ടു താഴെ വീഴും എന്ന് തോന്നി. അവരെ സംശയത്തോടും പേടിയോടും കൂടെ നോക്കുന്നത് കണ്ടപ്പോള്‍ അത്രയും നേരം കണ്ട അവരുടെ സൌഹൃദ ഭാവം പെട്ടെന്ന് മാറി.

‘എടുക്ക്” എന്ന ആജ്ഞ കേട്ടപ്പോള്‍ വിറയ്ക്കുന്ന കൈകളോടെ അതെടുത്ത് അവര്‍ രണ്ടു പേരും പാവ കണക്കെ നിന്നു. ബെല്ലടിച്ചു സഹായികളായ രണ്ടു പുരുഷന്‍മാരെ വിളിച്ചു ബലം പ്രയോഗിച്ചാണ് അവരെ രണ്ടു പേരെയും കസ്റ്റമേഴ്സിനു മുന്നില്‍ എത്തിച്ചത്. സഹായികളായ. ആ തടിമാടന്മാര്‍  ആ വീട്ടില്‍ തന്നെയുള്ള വരാണെന്നു പിന്നീടവര്‍ക്ക്‌ മനസ്സിലായി. എതിര്‍ത്തു നില്‍ക്കാന്‍ ശ്രമിച്ച രജനിയുടെ കവിളില്‍ ദീദിയുടെ സഹായിയുടെ കൈ ഉച്ചത്തില്‍ പതിക്കുന്നത് കണ്ട ഗായത്രി നിസ്സഹായയായി അവരെ നോക്കി. രണ്ടു പേരും സഹായികളുടെ കയ്കളില്‍ ദുര്‍ബലരായി കുതറിക്കൊണ്ട് മൂന്നാം നിലയിലേക്കുള്ള നടകള്‍ കയറി.

അതി മനോഹരമായി അലങ്കരിച്ച മുറിയില്‍ എന്താണ് സംഭവിച്ചതെന്ന് അപ്പോഴും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി അപ്പോഴും തളര്‍ന്നു കിടന്നു. മുറിയില്‍ ഉണ്ടായിരുന്ന മനുഷ്യന്‍ എല്ലാം കഴിഞ്ഞു കവിളില്‍ ഒന്ന് തട്ടിയിട്ടു സ്ഥലം വിട്ടുകഴിഞ്ഞു.  പരിചയമില്ലാത്ത ഏതോ ഭാഷ സംസാരിച്ച ആ മനുഷ്യന്‍റെ ആക്രമണത്തിനു മുന്നില്‍ ചന്ദ്രേട്ടനും അര്‍ച്ചനയും ആതിരയും ചേര്‍ന്ന് സൃഷ്ടിച്ച സ്വര്‍ഗലോകം താന്‍ മുന്‍പെങ്ങോ ജീവിച്ച ജന്മത്തിലേതായിരുന്നു എന്ന്‍ തോന്നി.

അന്ന് തന്നെ രണ്ടു പേര്‍ക്കും നാലോ അഞ്ചോ കസ്റ്റമേഴ്സുണ്ടായിരുന്നു. വന്നു പെട്ട കെണിയെപ്പറ്റി ഒന്നോര്‍ത്തു കരയാന്‍ പോലും സമയം ലഭിക്കാഞ്ഞ ദിവസം. രക്ഷപ്പെടാന്‍ വഴി ആലോചിച്ച അന്ന് രാത്രി “ഞാന്‍ മരിക്കും..ഞാന്‍ മരിക്കും...”എന്ന് പറഞ്ഞു കൊണ്ടു രജനി  കട്ടിലിന്‍റെ പടിയില്‍ തല തല്ലി  കരഞ്ഞു കൊണ്ടിരുന്നു. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവും രണ്ടു പെണ്കുഞ്ഞുങ്ങളും ഉള്ള ഒരമ്മക്ക് മരിക്കും എന്ന് ചിന്തിക്കാന് പോലും സ്വാതന്ത്ര്യമില്ലല്ലോ എന്നവള്‍ നിസ്സഹായതയോടെ ഓര്‍ത്തു.

പിറ്റേ ദിവസം തന്നെ ബ്യൂട്ടീഷന്‍ വന്നു രണ്ടു പേരെയും നഗര സുന്ദരികളാക്കി മാറ്റി. അപ്പോഴാണ്‌ അവര്‍ ആ വീട്ടിലെ മറ്റു അന്തേവാസിനികളെ പരിചയപ്പെട്ടത്‌ .അവര്‍ പറഞ്ഞത്‌ ഒന്നും രണ്ടു പേര്‍ക്കും മനസ്സിലായില്ല അവരില്‍ ഫിലിപ്പീന്സുകാരികളും പാക്കിസ്ഥാന്‍കാരികളും ഒക്കെയായി ആറു പേരുണ്ടായിരുന്നു. അവരുടെ ഭാഷയൊക്കെ മനസ്സിലായത്‌ പിന്നെയും കുറെ മാസങ്ങള്‍ കഴിഞ്ഞാണ്. രജനിയുടെ കണ്ണ്നീര്‍ അപ്പോഴും തോര്ന്നിരുന്നില്ല. മരിയ എന്ന ഫിലിപ്പീനി പെണ്‍കുട്ടി  അവളുടെ കണ്ണ്നീര്‍ തുടച്ചു ചേര്‍ത്തു പിടിച്ച് എന്തൊക്കെയോ അവളോടു പറഞ്ഞു ആശ്വസിപ്പിച്ചു. പിന്നീട് ആഴ്ചയിലൊരിക്കല്‍ ബ്യൂട്ടി റൂമില്‍  ഫേഷ്യല്‍ തുടങ്ങിയ മിനുക്കു പണികള്ക്ക് ചെല്ലുമ്പോള്‍ അവരെ കണ്ടു മുട്ടാറുണ്ടായിരുന്നു. എപ്പോഴെങ്കിലും തമ്മില്‍ കണ്ടാല്‍ ഒന്നും സംസാരിക്കരുതെന്നാണ് ദീദിയുടെ ആജ്ഞ. സഹായികള്‍ എപ്പോഴും അവിടെ ഒക്കെ ഉള്ളത് കൊണ്ടു സംസാരിക്കാനും പേടിയായിരുന്നു. സെക്യൂരിറ്റിയും സഹായികളായ അറബികളും  ഉള്ള ആ വലിയ വീട്ടില്‍ ദീദിയുടെ ഭര്‍ത്താവ്‌ ആഴ്ചയില്‍ ഒരിക്കലേ വരാറുള്ളൂ. അയാള്‍ക്ക് വേറെ എവിടെയോ ആണ് ജോലി എന്ന് തോന്നി.

കസ്റ്റമേഴ്സിനു മുന്നില്‍ ദുര്മുഖം കാട്ടിയാല്‍ അവര്‍ സ്വീകരണ മുറിയിലെ ഡയറിയില്‍ പരാതി എഴുതി പോകും. അതിനു ലഭിക്കുന്ന ശിക്ഷയോര്‍ത്തു നിശബ്ദം എല്ലാം സഹിക്കേണ്ടി വരുന്ന അവസ്ഥ. ജോലി ചെയ്തു തളരാതിരിക്കാന്‍ ഏറ്റവും മേന്മയേറിയ ഭക്ഷണവും വിറ്റാമിന്‍ ഗുളികകളും മാസത്തിലെ നാല് ദിവസം പാഴാക്കി കളയാതിരിക്കാന്‍ പ്രത്യേകം ഗുളികകളും നല്‍കപ്പെട്ടു. ആ ഗുളികകളെല്ലാം ദീദിയുടെ മുന്നില്‍ വെച്ചു തന്നെ കഴിക്കണം. “ഒരാള്‍ നാല് ദിവസം നഷ്ടപ്പെടുത്തിയാല്‍ എത്ര രൂപയാണെന്നോ വെറുതെ പോകുന്നത്..?” എന്ന് പറഞ്ഞു അവരുടെ നേരെ ആക്രോശിക്കും


വന്ന്‍ ഒരാഴ്ച കഴിഞ്ഞ ദിവസമാണ് തുണി വിരിക്കാനെന്ന ഭാവേന ടെറസ്സില്‍ കയറിയ രജനി താഴേക്ക്‌ ചാടിയത്. പാരപ്പെറ്റില്‍ തട്ടി താഴേക്ക്‌ വീണ്  മരണത്തിനു രക്ഷിക്കാനാവാതെ അവളുടെ ജീവിതം രണ്ടു മാസത്തോളം കൈ കാലുകള്‍ ഒടിഞ്ഞു പ്ലാസ്റ്ററില്‍ കഴിഞ്ഞു. വെറുതെ കുറെ ദിവസം പാഴാക്കിയതിലൂടെ നേരിട്ട നഷ്ടത്തിന്‍റെ കണക്ക് പറഞ്ഞു ദീദി ആ ദിവസങ്ങളില്‍ അവളെ ശാസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. അതിനു ശേഷം വീണ്ടും പഴയ പതിവുകള്‍.

ദിവസവും പത്തും പതിനഞ്ചും പേരെ സ്വാഗതം ചെയ്യുന്ന ദിവസങ്ങള്‍ പിന്നീട് ശീലമായി. പല ഭാഷക്കാരായ പല തരക്കാരായ ആളുകള്‍. അത്തറിന്‍റെ സുഗന്ധമുള്ള അറബികള്‍, ഹിന്ദി പറയുന്നവര്‍, തമിഴന്മാര്‍ അങ്ങനെ പല തരത്തിലുള്ളവര്‍. ചിലര്‍ സ്നേഹ പൂര്‍വം എന്തെങ്കിലും കൊച്ചു   സമ്മാനങ്ങളും തരും. അതെല്ലാം ഗായത്രി ആതിരക്കും അര്ച്ചനക്കുമായി പെട്ടിയുടെ അടിയില്‍ സൂക്ഷിച്ചു വെച്ചു.

എല്ലാ മാസവും വീട്ടിലേക്ക്‌ ദീദി തന്നെ ശമ്പളം അയച്ചു കൊടുക്കുമായിരുന്നു. ചികില്‍സയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നുള്ള ചന്ദ്രേട്ടന്‍റെ വാക്കുകള്‍ മാത്രമാണ് ആ മരുഭൂമിയില്‍ ആകെ കണ്ട ഒരു മരുപ്പച്ച. ഞായറാഴ്ചകളില്‍ ഫോണിലൂടെ വരുന്ന  “ഗായീ...”എന്ന സ്നേഹ പൂര്‍വമായ വിളിക്കു വേണ്ടി ജീവിച്ചു നീക്കിയ ദിവസങ്ങള്‍. കിടക്ക മുറിയിലെ ജനല്‍ വിരി നീക്കി നോക്കിയാല്‍ കാണുന്ന കണ്ണെത്താ ദൂരം കിടക്കുന്ന മണല്‍ക്കാടുകളിലേക്ക് നോക്കുമ്പോള്‍ ഇനി രക്ഷപ്പെടണം എന്ന ആശയെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഇടക്ക്‌ ചീറി അടിക്കുന്ന മരുക്കാറ്റില്‍ ഈ കെട്ടിടമാകെ നിലം പതിച്ചു താനൊന്നു മരിച്ചിരുന്നെങ്കില്‍ എന്നവള്‍ വ്യര്‍ഥമായി മോഹിച്ചു.

ഇടക്ക് താനൊരു പക്ഷിയാണെന്ന് അവള്‍ സങ്കല്‍പ്പിക്കും. മരുഭൂമിയിലെ കൊടും ചൂടിലും ഉഷ്ണ കാറ്റിലും തളരാത്ത പക്ഷി. അതിനു വലിയ ചിറകുകള്‍ ഉണ്ട്. ആ പക്ഷി മണല്‍ക്കാടുകള്‍ക്ക് മീതെ പറന്നു നാട്ടിലെ കൊച്ചു വീട്ടിലെ മാവിന്‍ കൊമ്പത്ത് ചെന്നിരിക്കും. മുടന്തിയെങ്കിലും നടന്നു തുടങ്ങിയ ചന്ദ്രേട്ടനെ കാണും. സ്കൂള്‍ ബാഗും വാട്ടര്‍ ബോട്ടിലും ആയി ധൃതിയില്‍ അര്‍ച്ചനയെയും കൈപിടിച്ചു നടക്കുന്ന അതിര കാണാതെ അത് താഴ്ന്നു പറക്കും. ഈ സ്വപ്നങ്ങള്‍ക്കിടയില്‍ ചാന്ദ്നി ദീദിയുടെ വിളി കേള്‍ക്കുമ്പോള്‍ ആ പക്ഷി ചിറകുകള്‍ അറ്റു താഴെ വീഴും

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ പരിചയപ്പെട്ട വാസവന്‍ എന്ന തമിഴനാണ് അവളോടു ഏറ്റവും ദയയും സ്നേഹവും കാണിച്ചിട്ടുള്ളത്.. അയാള്‍ മറ്റു കസ്റ്റമേഴ്സിനെ പോലെ വേട്ടപ്പട്ടിയായി അവളെ ഒരിക്കലും ആക്രമിക്കില്ലായിരുന്നു. മേല്‍ ചുണ്ടില്‍ ചെറുതായി കടിച്ചാണ് അയാള്‍ അവളോടു സ്നേഹം പ്രകടിപ്പിക്കാറുള്ളത്. അവളുടെ ചന്ദ്രേട്ടനെപ്പോലെ. അയാള്‍ക്ക്‌ ചന്ദ്രേട്ടന്‍റെ വിദൂര ച്ഛായയും അവള്‍ക്കു തോന്നി. അത് കൊണ്ടു തന്നെ കസ്റ്റമര്‍ വന്നു എന്ന അറിയിപ്പ് കിട്ടുമ്പോഴെല്ലാം അത് വാസവന്‍ ആയിരിക്കുമോ എന്നവള്‍ പ്രതീക്ഷിച്ചു. തനിക്കയാളോടു സ്നേഹം തുടങ്ങിയോ എന്ന് വരെ അവള്‍ അതിശയിച്ചിട്ടുണ്ട്. അങ്ങനെ ഒരു ചിന്ത മനസ്സില്‍ വരുമ്പോഴെല്ലാം അവള്‍ പെട്ടെന്ന് ചന്ദ്രേട്ടനെയും ആതിരയെയും അര്‍ച്ചനയെയും കൂട്ട് പിടിക്കും.

വിഭാര്യനായ അയാള്‍ അവളെ അവിടെ നിന്നും രക്ഷപ്പെടുത്തി വിവാഹം കഴിക്കാം എന്ന് പറഞ്ഞ ദിവസമാണ് അങ്ങ് നാട്ടിലെ കൊച്ചു വീട്ടില്‍ മുടന്തി നടന്നു തുടങ്ങിയ ചന്ദ്രേട്ടനെയും അര്ച്ചനെയും ആതിരയെയും കുറിച്ചു അയാളോടു പറഞ്ഞത്‌. രക്ഷപെടാനുള്ള ആശ മനസ്സില്‍ വന്നതോടെ അയാളുടെ നിര്‍ദേശ പ്രകാരം ആദ്യ വഴിയായി അയാളുടെ ഫോണില്‍ നിന്നും ചന്ദ്രേട്ടനെ വിളിച്ചത് പിന്നെയും കുറെ ദിവസം കഴിഞ്ഞായിരുന്നു.

അസമയത്ത് ചെന്ന വിളി ചന്ദ്രേട്ടനെ അത്ഭുതപ്പെടുത്തിയെന്നു ആ ശബ്ദത്തില്‍ നിന്നു തന്നെ ഗായത്രിക്ക് മനസ്സിലായി. സംഭവിച്ചതെല്ലാം വലിയൊരു സങ്കട തിരത്തള്ളലില്‍ കുറഞ്ഞ നേരം കൊണ്ടു പറഞ്ഞു കേള്പ്പിച്ചപ്പോഴേ ചന്ദ്രേട്ടന്‍ നിശബ്ദനായിക്കളഞ്ഞു. പിന്നെ കുറെ നേരം വസവനോടും സംസാരിക്കുന്നത് കേട്ടു. മങ്ങിയ മുഖത്തോടെ വാസവന്‍ ഫോണ്‍ തിരികെ തരുമ്പോള്‍ ചന്ദ്രേട്ടന്‍റെ സ്വരം.

“അത് പിന്നെ ഗായത്രി..ഇതെന്തോക്കെയാണ് ഞാന്‍ ഈ കേള്‍ക്കുന്നത്.ഇത്രയും നാള്‍ നീ ഇങ്ങനെ ഒരു സ്ഥലത്ത്.... നിന്നെ അയാള്‍ രക്ഷപ്പെടുത്തിയാലും ഇനി നമുക്ക്‌ പഴയപോലെ ജീവിക്കാന്‍ പറ്റുമോ..? .എന്‍റെ പഴയ ഗായി അല്ലല്ലോ നീ ഇപ്പോള്‍. .നമുക്ക്‌ രണ്ടു പെണ്മക്കളാണെന്ന ഓര്‍മ്മ വേണം. നിനക്ക് പറ്റിയ ഈ ചീത്തപ്പേര് എങ്ങനെ എങ്കിലും നാട്ടില്‍ അറിഞ്ഞാല്‍ പിന്നെ അവരുടെ ഭാവിയെന്തായിരിക്കും..?”

പിന്നീട് ചന്ദ്രേട്ടന്‍ പറയുന്നത് കേള്‍ക്കുവാന്‍ ശക്തിയില്ലാതെ ഗായത്രി ഫോണ്‍ കട്ട് ചെയ്തു വാസവന് തിരികെ കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ഒന്നും അവളെ ആശ്വസിപ്പിക്കുവാന്‍ പോന്നതായിരുന്നില്ല.

“സങ്കടപ്പെടരുത്. നിനക്ക് ഞാനുണ്ട്. നിന്നെ ഞാന്‍ ഇവിടെ നിന്ന് രക്ഷിച്ചു കൊണ്ടു പോകും.”

എന്ന് പറഞ്ഞു അയാള്‍ പോകുമ്പോഴും ഒന്നും പറയാനാവാതെ ശൂന്യമായ മനസ്സുമായി ഗായത്രി നിന്നു. ഇവിടെ വന്ന ദിവസം ചതിക്കുഴിയിലാണ് വന്ന് വീണതെന്നറിഞ്ഞപ്പോള്‍ തോന്നിയ  അതേ ശൂന്യത. പെട്ടെന്ന് അളുടെ തലക്കുള്ളില്‍ ഒരു മരുക്കാറ്റ്‌ ചീറി അടിക്കുവാന്‍ തുടങ്ങി. അത് തലക്കുള്ളില്‍ ഒരു ചുഴലിയായി രൂപം കൊണ്ടു പുറത്തേക്ക് പോവാനാവാതെ അതിനുള്ളില്‍ കിടന്നു ചുറ്റിക്കറങ്ങി. അതിന്‍റെ ചൂടില്‍ അവളുടെ സ്വപ്‌നങ്ങള്‍ കണ്ണു നീരായി ഉരുകി ഒലിച്ചിറങ്ങി. മരുഭൂമിയിലെ വലിയ ചിറകുകളുള്ള ആ പക്ഷി ശക്തി ക്ഷയിച്ചു ഭൂമിയിലേക്ക്  തളര്‍ന്നു വീണു. ചീറിയടിച്ച മരുക്കാറ്റ്‌ അതിനെ ഒരു നിമിഷം കൊണ്ടു മൂടിക്കളഞ്ഞു. ക്ഷണ നേരം കൊണ്ടു അതിന്മേല്‍ ഒരു മണല്‍ കൂന ഉയര്‍ന്നു.

ഗായത്രി മുറിക്കു പുറത്തിറങ്ങി, ചാന്ദ്നി ദീദി അടുത്ത ജോലിക്ക് വിളിക്കുന്നതിനു മുന്‍പ്‌ തന്‍റെ മുറിയിലേക്ക്‌ നടന്നു. പെട്ടിയില്‍ കരുതി വെച്ചിരുന്ന  പഴങ്ങള്‍ മുറിക്കുന്ന ചെറിയ കത്തിയുമായി ബാത്ത് റൂമില്‍ കയറി. ഇടത് കയ്യിലെ ഞരമ്പിനെ സൂക്ഷമതയോടെ നോക്കുമ്പോള്‍ അവളുടെ മനസ്സില്‍ അര്ച്ചനയോ ആതിരയോ ചന്ദ്രേട്ടനോ ഉണ്ടായിരുന്നില്ല.

30.1.12

അനുപമയുടെ യാത്ര



അനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു.

“നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?”

“ഞാന്‍ ഇവിടെയുള്ളവളല്ല. കലിയുഗത്തില്‍ ജീവിക്കുന്നവളാണ്. അങ്ങയെ കാണുവാനുള്ള അത്യാര്‍ത്തിയില്‍ യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിക്കുന്നവള്‍."

“എന്നെ കണ്ടിട്ട് നിനക്കെന്തു സാധിക്കാനാണ്..?’

“അങ്ങയുടെ ആരാധികയായി ഈ ഹസ്ഥിനപുരത്തില്‍ ജീവിക്കുക. അങ്ങയുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുക.”

 “എന്‍റെ ആരാധികയോ..?അത്ഭുതമായിരിക്കുന്നു. അത്ര മാത്രം എനിക്കെന്തു മേന്മയാണുള്ളത്..?”

“സ്വന്തം പിതാവിന്‍റെ ഇച്ഛ നിറവേറ്റുന്നതിനായി  പ്രതിജ്ഞയെടുത്ത അങ്ങയെ ആരാധിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത പെണ്‍കുട്ടികള്‍ കാണുമോ....?"

“എന്നെ ആഗ്രഹിച്ചിട്ടു കാര്യമില്ല കുട്ടി. ഞാന്‍ അചഞ്ചലമായ  ഒരു ശഫഥം എടുത്തവനാണെന്നു അറിയില്ലേ..?”

“അത് വിഡ്ഢിത്തമായിരുന്നു എന്ന് കാലം തെളിയിചില്ലേ..?”

“അതെങ്ങനെ എനിക്ക് മനസ്സിലാക്കാനാകും...? ഞാന്‍ നിന്നെപ്പോലെ കാലത്തിനു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആളല്ലല്ലോ. എന്‍റെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവാനാണ്. അച്ഛന് രണ്ടാണ്‍മക്കള്‍ പിറന്നിരിക്കുന്നു. ചിത്രാംഗതനും വിചിത്ര വീര്യനും. അച്ഛന്‍റെ കാലശേഷം അവരുണ്ട് ഈ ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍.”

“എന്നെ ഈ കൊട്ടാരത്തില്‍ താമസിപ്പിക്കുവാന്‍ ദയവുണ്ടാകണം.”

“ശരി. പക്ഷേ അനുപമ എന്ന പേര് ഇവിടവുമായി ഇണങ്ങുന്ന ഒന്നല്ല,നീ ഉമ എന്ന പേരില്‍ അന്തപ്പുര തോഴിയായി ഇവിടെ കഴിഞ്ഞു കൊള്ളൂ. ആഗ്രഹിക്കുമ്പോഴെല്ലാം നിനക്ക് ഞാനുമായി സംവദികുകയും ആകാം”. അനുപമ ഉത്സാഹത്തോടെ അന്തപ്പുരം ലക്ഷ്യമാക്കി നടക്കുന്നു.


ലാപ്‌ ടോപ്പിനു മുന്നില്‍ കണ്‍ മിഴിച്ച് സ്വപ്നം കണ്ടിരുന്ന അനുപമയെ മുറിയിലേക്ക്‌ കടന്നു വന്ന അഭിഷേകിന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.

“ഞാന്‍ വിചാരിച്ചു നീ ഏതോ സിനിമാ സീഡി കാണുകയാണെന്ന്. ഇതേതാ ഈ പുരാണ സീരിയല്‍..?”

അഭിഷേകിന്‍റെ ശബ്ദം കേട്ട അനുപമ തലയുയര്‍ത്തി നോക്കി.

“ഇത് പഴയ മഹാഭാരതം സീരിയലാ അഭിഷേക്. എന്‍റെ കൂട്ടുകാരി ഹിമ അവളുടെ അമ്മൂമ്മക്ക് വേണ്ടി വാങ്ങിയ സീഡികളാണ്. എന്‍റെ ബാഗില്‍ കിടന്നത് കൊണ്ട് വെറുതെ ഒന്ന് നോക്കിയെന്നേ ഉള്ളു. കണ്ടു തുടങ്ങിയപ്പോള്‍ നല്ല ഇന്ട്രെസ്റ്റ്. ഇപ്പോള്‍ മുഴുവനും കാണണമെന്നു തോന്നുന്നു. നമ്മള്‍ അറിഞ്ഞിരിക്കുന്ന കഥകള്‍ വിഷ്വലൈസു ചെയ്തു കഴിയുമ്പോഴുള്ള ആ ഡിഫ്ഫെറന്‍സ് ഉണ്ടല്ലോ ...ദാറ്റ്‌ ഈസ്‌ ഗ്രേറ്റ്‌.”

“അപ്പോള്‍ ഇന്ന് ഫിലിമിനു പോകാമെന്ന് പറഞ്ഞത് നീ മറന്നോ..? ”

“ഓ...ഞാനത് മറന്നു. സാരമില്ല സമയമുണ്ടല്ലോ ഒരു പത്തുമിനിറ്റ്. ഞാന്‍ റെഡി.” ലാപ്‌ ടോപ്പ്‌ അടച്ചു വെച്ചുകൊണ്ടവള്‍ പറഞ്ഞു.

വിവാഹ നിശ്ചയിച്ചതിനു ശേഷം വീട്ടുകാരുടെ അനുവാദത്തോടെ അനുപമയോടൊപ്പം പുറത്തു പോകുന്നതിന്‍റെ ഉത്സാഹം അഭിഷേകിന്‍റെ മുഖത്തുണ്ടായിരുന്നു.

“ഞങ്ങള്‍ പോയി വരാം അമ്മെ....”

എന്ന് പറഞ്ഞു അഭിഷേകിനൊപ്പം കാറില്‍ കയറുമ്പോഴും അനുപമയുടെ മനസ്സില്‍ പാതി നിര്‍ത്തിക്കളഞ്ഞ രംഗങ്ങളായിരുന്നു.

രാത്രി ഉറക്കം ഇളച്ചു ‘മഹാഭാരതം’ കണ്ടു കൊണ്ടിരിക്കുമ്പോഴും അനുപമയുടെ മനസ്സില്‍ മറ്റു കഥാ പാത്രങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ചലനം സൃഷ്ടിക്കാനായില്ല. അവള്‍ ദേവവ്രതന്‍റെ ആരാധികയായി  ഹസ്ഥിനപുരമാകെ ചുറ്റി നടന്നു.  യുദ്ധമുറകള്‍ പരിശീലനം ചെയ്യുന്ന ഗംഗാദത്തനെ ആരാധനയോടെ നോക്കിക്കണ്ടു. അദ്ദേഹത്തോടൊപ്പം ഗംഗാ മാതാവിനെ നമസ്കരിച്ചു. പുലര്‍ച്ചെ എപ്പോഴോ ലാപ്‌ ടോപ്പിനു മുന്നില്‍ തല ചായ്ച് ഉറങ്ങിപ്പോയ അനുപയെ രാവിലെ അമ്മയാണ് വിളിച്ചുണര്‍ത്തിയത്.

“എന്തായിത്..? അനൂ...നിനക്കിന്നു ഒഫീസില്ലേ..?”

അനുപമ ചാടി എഴുന്നേറ്റു കണ്ണ് തുറന്നു. ഓഫീസില്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന അമ്മയെ നോക്കി. എന്നിട്ട് പതുക്കെ ഉരുവിട്ടു.

“അമ്മേ...ഗംഗ..”

“ഗംഗയോ..? ഏതു ഗംഗ...?”

സ്വബോധം വീണ്ടു കിട്ടിയ അനുപമ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയ ശേഷം “അയ്യോ ഇത്രേം സമയമായോ..?അമ്മയ്ക്കെന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ..” എന്ന് പറഞ്ഞു കൊണ്ടു ധൃതിയില്‍ ബാത്ത് റൂമിലേക്കോടി.

“അടുത്ത മാസം വേറൊരു വീട്ടില്‍ ചെന്ന് കയറേണ്ട കുട്ടിയാ. ഓരോരോ ശീലങ്ങള്‍.  ”ബാഗിനുള്ളിലേക്ക് ടിഫിന്‍ കാരിയര്‍ വെക്കുന്നതിനിടെ അവര്‍ പിറുപിറുത്തു.

“അനൂ നിന്‍റെ...ബ്രേക്ക്‌ഫാസ്റ്റ് മേശപ്പുറത്തുണ്ട് എനിക്ക് പോകാറായി. അച്ഛനിതാ കാര്‍ സ്റ്റാര്‍ട്ടാക്കുന്നു ” അമ്മ ധൃതിയില്‍ കുളിമുറിയുടെ മുന്നില്‍ വന്നു പറഞ്ഞു.

“ഈ കുട്ടിയുടെ ഒരു കാര്യം. ഓഫീസില്‍ പോലും സമയത്തിനു പോകില്ല.” അകന്നു പോകുന്ന അമ്മയുടെ ശബ്ദം കേട്ട അനുപമ കുളിച്ചു തോര്‍ത്തുന്നതിനിടെ ചിരിച്ചു.

“കുട്ടീ..അനൂ..ഈ സീഡികള്‍ തിരിച്ചു കൊടുക്കാറായില്ലേ...? ഇതിപ്പോള്‍ എത്ര പ്രാവശ്യമാ നീയീക്കാണുന്നത്...?

രാവിലെ തന്നെ ലാപ്‌ ടോപ്പിനു മുന്നിലിരിക്കുന്ന അനുപമയോട് തെല്ല് ഈര്‍ഷ്യയോടെ ആണവര്‍ ചോദിച്ചത്. അനുപമ  അത് കേട്ടില്ലെന്നു തോന്നുന്നു. സീരിയലില്‍ ഭീഷ്മരുടെ പല പ്രായത്തിലുള്ള മുഖങ്ങളെ വിശകലനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവളപ്പോള്‍.

“ഇന്ന് ഓഫീസില്‍ പോകുന്നില്ലേ.നീ..? ഇന്നും വൈകി പോകാനാണോ ഉദ്ദേശം..? “

“ഇന്ന് ലീവാ..” അനുപമ തല ഉയര്‍ത്താതെ പറഞ്ഞു.

“ങേ..ലീവോ..? ലീവെല്ലാം ഇപ്പോഴേ തീര്‍ത്ത്‌ കഴിഞ്ഞാല്‍ പിന്നെ കല്യാണമാകുമ്പോള്‍ എന്ത് ചെയ്യും...?

അനുപമ അത് കേട്ടതായി ഭാവിച്ചില്ല. മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ കുറച്ചു നേരം കൂടി അവളുടെ മുറിയുടെ വാതിലിനടുത്ത് നിന്ന ശേഷം അമ്മ തിരികെപ്പോയി.

അന്ന് അനുപമയുടെ ഫോണില്‍ അഭിഷേകിന്റെ കോളുകള്‍ വന്നിട്ടും അവള്‍ അറിഞ്ഞില്ല. അവളുടെ ശ്രവണേന്ദ്രിയത്തില് അപ്പോള്‍ ഫോണിന്റെ റിംഗ് ടോണിനേക്കാള്‍ ഉച്ചത്തില്‍ ഭാരത യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. അന്തരീക്ഷം ആകെ ശബ്ദാനമയം..കുതിരക്കുളമ്പടികള്‍..ആനകളുടെ ഉച്ചത്തിലുള്ള ചിഹ്നം വിളികള്‍....അസ്ത്രങ്ങള്‍ ചീറിപ്പായുമ്പോഴുള്ള മൂളക്കങ്ങള്‍...മുറിവേറ്റു കിടക്കുന്ന പോരാളികള്‍ അവളെ വേദനിപ്പിച്ചു.

 

വൈകുന്നേരം ഓഫീസ്‌ വിട്ടു വരുന്ന വഴി  ദേഷ്യത്തോടെ  വീടിനുള്ളിലേക്ക് കയറി വരുന്ന അഭിഷേകിനെ സിറ്റ്ഔട്ടില്‍ നിന്ന അനുപമയുടെ അമ്മ തെല്ല് ആശങ്കയോടെയാണ് നോക്കിയത്.

“എത്ര പ്രാവശ്യമാണെന്നോ ആന്റീ ഞാന്‍ അവളെ വിളിച്ചത്. ഒന്ന് അറ്റെന്‍റ് ചെയ്തതു പോലുമില്ല. ഓഫീസില്‍ വരാതെ സീഡിയും കണ്ടിരിക്കുകയാണെന്നു ആന്‍റി പറഞ്ഞിട്ടും എനിക്ക് വിശ്വാസം വന്നില്ല. ഇവളെന്താ ഈ കാട്ടിക്കൂട്ടുന്നത് ..?”

അമ്മ ഒന്നും മിണ്ടാനാവാതെ അഭിഷേകിന്‍റെ ദേഷ്യം സ്ഫുരിക്കുന്ന മുഖത്തേക്ക്‌ നോക്കി നിന്നു.

“അനൂ..നിനക്ക് ഫോണെടുക്കാന്‍ വയ്യാത്ത എന്ത് പ്രോബ്ലാമാണുള്ളത്..?”

മുറിയില്‍ വന്ന അഭിഷേക് അവളോടു കോപത്തില്‍ ആരായുമ്പോമ്പോഴും അയാള്‍ വന്നു കയറിയതറിയാതെ അവള്‍ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു.

“എന്തെങ്കിലും ഒന്ന് പറയൂ..അനൂ..” ക്ഷമ നശിച്ച അയാളുടെ ശബ്ദം ഉയര്‍ന്നു.

അനുപമ ഭാവഭേദമില്ലാത്ത കണ്ണുകള്‍ ഉയര്‍ത്തി അഭിഷേകിനെ നോക്കി. വീണ്ടും സ്ക്രീനിലേക്ക് കണ്ണയച്ചു ഒരു പ്രാസംഗികയെപ്പോലെ  പറയാന്‍ തുടങ്ങി.

“അഭിഷേക്, ഈ ഗംഗാദത്തന്‍ എന്നോ ദേവവ്രതന്‍ എന്നോ   മാത്രം ഭീഷ്മര്‍ അറിയപ്പെടുന്നതായിരുന്നു നല്ലത് അല്ലെ..? ബുദ്ധി ശൂന്യമായ ഒരു ശഫഥത്തിന്‍റെ പേരില്‍ ഒരാളുടെ പേര് മാറുക. വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്..?”

"നിനക്കിതെന്തു പറ്റി..? നീ ഇതെന്തൊക്കെയാണ് പറയുനത്..?"

“ഞാന്‍ പറഞ്ഞതില്‍ എന്താ കുഴപ്പം..? വ്യാസന്‍ ഒരു തെറ്റ് എഴുതി വെച്ചാല്‍ നമ്മള്‍ അത് അംഗീകരിക്കണം എന്നുണ്ടോ..?" അനുപമ വിട്ടു കൊടുക്കുവാന്‍ ഉദ്ദേശമില്ലാതെ പുലമ്പി.

“നിന്നെ ഇന്ന് ഓഫീസില്‍ കണ്ടില്ലല്ലോ..നീയാ ഫോണെടുത്തു നോക്ക് എന്‍റെ എത്ര മിസ്സ്ഡ് കോളുകള്‍ അതില് ഉണ്ടെന്ന്” അഭിഷേകിനു ക്ഷമ നശിച്ചു കഴിഞ്ഞു.

അനുപമ അത് ശ്രദ്ധിക്കാതെ സ്ക്രീനില്‍ സ്റ്റില്‍ ചെയ്തു വെച്ചിരിക്കുന്ന ഭീഷ്മരുടെ മുഖത്തേക്ക് നോക്കി വീണ്ടും അവനോടെന്തോ പുലമ്പി.

“നിനക്ക് വട്ടാണ്...”

അഭിഷേക് സമനില വിട്ടു പൊട്ടിത്തെറിച്ചു. അവന്‍റെ ഭംഗിയുള്ള മുഖത്ത് വിരിഞ്ഞ കോപത്തിന്‍റെ അലകള്‍ അവളെ സ്പര്‍ശിച്ചതേ ഇല്ല. അവനെ ഒരു നിമിഷം നോക്കിയ ശേഷം അവള്‍ വീണ്ടും സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.

ചായക്കപ്പുമായി മുറിയിലേക്ക്‌ വന്ന അമ്മ ധൃതിയില്‍ തിരികെ പോകാന്‍ ഒരുങ്ങുന്ന അഭിഷേകിനെയാണ് കണ്ടത്‌. ചോദ്യ ഭാവത്തില്‍ നിന്ന അമ്മയോടു അയാള്‍ ക്രുദ്ധനായി പറഞ്ഞു.

“അവള്‍ക്കു വട്ടാ... മുഴുത്ത വട്ട് ... വേഗം കൊണ്ടു പോയി ചികിത്സിക്ക്..”

പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് അവര്‍ ശിലയായി നിന്നു.

ആകുലനായിരിക്കുന ഗംഗാദത്തന്‍റെ അടുത്ത്‌ അനുപമ എത്തി.

“എന്ത് പറ്റി..? അങ്ങാകെ പരീക്ഷിണനാണല്ലോ..?”

“അനുപമ.. നീ ഇപ്പോഴും ഇവിടുണ്ടോ..?”

അതെ...ഞാന്‍ അങ്ങയോടൊപ്പം ഇവിടെത്തന്നെയുണ്ട്. രാജ്യ കാര്യങ്ങളുടെ തിരക്കില്‍ എന്നെ അങ്ങ് കാണുന്നില്ല എന്നെ ഉള്ളു മനസ്സിന്‍റെ ഐക്യം കൊണ്ടു അങ്ങയുടെ വിചാര വികാരങ്ങള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.”

“നീ ചിത്രാംഗദന്‍റെ മരണ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. ഇനി വിചിത്ര്യ വീര്യനിലാണ് എന്‍റെ എല്ലാ പ്രതീക്ഷയും. താമസിയാതെ വിചിത്രവീര്യന് പറ്റിയ ഒരു വധുവിനെ തേടണം... ഹസ്ഥിനപുരത്തെ ഭരിക്കുവാന്‍ ഒരു അനന്തരാവകാശി ഉണ്ടായല്ലേ പറ്റൂ. കാശിരാജവിന്‍റെ മൂന്നു കന്യകമാരുടെയും സ്വയംവരം വിളംബരം ചെയ്തിരിക്കുന്നു. പക്ഷേ വിചിത്രവീര്യനെക്കൊണ്ട് ആ സ്വയംവരത്തില്‍ ജയിക്കാനാകുമെന്നു തോന്നുന്നില്ല.”

“പിന്നെന്തു ചെയ്യും..?”

ഞാന്‍ ഒന്ന് തീരുമാനിച്ചു കഴിഞ്ഞു  ഞാന്‍ തന്നെ കാശിയില്‍ ചെന്ന് കന്യകമാരെ ഹസ്ഥിനപുരത്തു കൊണ്ടു വന്നു വിചിത്രവീര്യന്‍റെ മാഗല്യം നടത്തും. ഞാന്‍ അതിനായി ഉടനെ പുറപ്പെടുകയാണ്."

“ഞാന്‍ അങ്ങേക്ക് യാത്രാ മംഗളങ്ങള്‍ നേരുന്നു.”

പരിവാരങ്ങളുമായി രഥത്തില്‍ കയറി യാത്രയാകുന്ന ദേവവ്രതനെ അനുപമ സന്തോഷത്തോടെ യാത്രയാക്കി.

"കാശീ രാജ്യത്തെ കുമാരിമാര്‍ ഇവിടെ എത്തിയിട്ടും അങ്ങ് സന്തോഷവാനല്ലല്ലോ. അങ്ങയുടെ ഉദ്യമം സഫലമായിട്ടും അങ്ങ് വീണ്ടും അസ്വസ്ഥനാകുന്നതെന്ത്‌...? വിചിത്ര വീര്യന്‍റെ മാഗല്യത്തിനു എന്താണിനിയും താമസം..? ”

“അസ്വസ്ഥതക്ക് കാരണം ഉണ്ട് അനുപമ. കന്യകകളില്‍ ഒരുവളായ അംബ സ്വാല രാജാവിന്‍റെ കാമുകിയാണെന്ന്‍ ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്.”

“അവളെ തിരിച്ചയക്കൂ....മനസ്സില്‍ മറ്റൊരു പുരുഷനെ വെച്ച് എങ്ങനെ അവള്‍ക്ക് വിചിത്ര്യവീര്യനെ വരിക്കാനാവും..?”

“നിന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു. അവളെ ഞാന്‍ തിരികെ കൊണ്ടു വിടാം.”


 “അനൂ..എന്താ മോളേ പ്രശ്നം .? ഇന്ന് നീയെന്താ ഓഫീസില്‍ പോകാതിരുന്നത്..? ഇന്ന് അഭിഷേക് വന്നിട്ട് അവന്‍ പിണങ്ങിപ്പോയെന്നു അമ്മ പറഞ്ഞല്ലോ..?മോള്ക്കിതെന്തു പറ്റി..?”

സൌമ്യനായി അടുത്തു വന്നു ചോദിക്കുന്ന അച്ഛന്‍റെ മുഖത്തേക്ക് ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുത്ത അനുപമ മിഴിച്ചു നോക്കി.

“ഒരു ദിവസം ലീവെടുക്കണം എന്ന് തോന്നി ഇവിടെ ഇരുന്നതാണച്ഛാ. അതിനു അഭിഷേക് ഇവിടെ വന്നു വല്ലാതങ്ങു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചായ പോലും കുടിച്ചില്ല എന്ന് പറഞ്ഞു അമ്മയും എന്‍റെ നേരെ വഴക്കിനു വന്നു.."

“മോളു വാ..വന്നു ഭക്ഷണം കഴിക്ക്.അഭിഷേക് കുറച്ചു മുന്പെന്നെ വിളിച്ചിരുന്നു. അവനു പിണക്കമൊന്നും ഇല്ല. ഇനി അങ്ങനൊന്നും ഉണ്ടാവാതെ നോക്കണം.” അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

അത്താഴ മേശയില്‍ തളര്‍ന്നിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മയെ അവള്‍ കളി പറഞ്ഞു ചിരിപ്പിച്ചു . ഊണ് കഴിഞ്ഞ ഉടനെ തന്നെ അഭിഷേകിനെ വിളിച്ചു ‘സോറി’  പറയുന്നത് കേട്ട അമ്മ ആശ്വാസത്തോടെ അച്ഛനെ നോക്കി.

കാലം നീങ്ങുന്നതനുസരിച്ചു ഹസ്ഥിനപുരത്തിലെ മാറ്റങ്ങള്‍ പഠിക്കുന്ന അനുപമ വീണ്ടും ദുഖിതനായ ഭീഷ്മര്‍ക്കൊപ്പം എത്തുന്നു. തന്‍റെ മുന്നില്‍ നില്‍ക്കുന്ന അനുപമയെ നോക്കി ഭീഷമര്‍ എല്ലാം തകര്ന്നവനെപ്പോലെ പുലമ്പി.

“എന്‍റെ വിചിത്ര വീര്യന്‍ മരണപ്പെട്ടു കഴിഞ്ഞു. ഈ ഹസ്ഥിനപുരത്തിനു ഇനി ആരുണ്ട്. ..?”

‘വാര്ധക്യത്തിലേക്ക് പ്രാവേശിച്ചു തുടങ്ങിയെങ്കിലും താങ്കള്‍ക്കു ഇനിയും വിവാഹമാകാം ദേവവ്രതാ. ഹസ്ഥിനപുരം നാഥനില്ലാതാകുന്നതിനേക്കാള്‍ വലുതാണോ താങ്കളുടെ ശഫഥം..? ഹസ്ഥിനപുരത്തിന്‍റെ നന്മയല്ലേ അങ്ങാഗ്രഹിക്കുന്നത്...?”

“എന്‍റെ പിതാവിന് ഞാന്‍ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ പറ്റൂ. പക്ഷേ അത് പോലെ തന്നെ എനിക്ക് വിലപ്പെട്ടതാണ് ഈ കുരു വംശത്തിന്‍റെ നില നില്‍പ്പ്.   മാതാവ് സത്യവതിയുടെ  ആദ്യ പുത്രനായ വ്യാസനെ വരുത്തി ഞാന്‍ ഈ കുരു വംശം നില നിര്‍ത്തും.”

കുട്ടികളായ ധൃതരാഷ്ടരെയും പാണ്ഡുവിനെയും ഉദ്യാനത്തിലിരുത്തി കളിപ്പിക്കുന്ന ഗംഗാദത്തന്‍റെ അടുത്തു അനുപമ എത്തുന്നു.

“ഇപ്പോള്‍ അങ്ങയുടെ ആകുലതകള്‍ എല്ലാം മാറിക്കാണുമല്ലോ...അങ്ങ് എത്ര സന്തോഷവാനായിരിക്കുന്നു.”

”അതെ..ഞാന്‍ ഇപ്പോള്‍ അതീവ സന്തുഷ്ടനാണ്. എന്‍റെ ഹസ്ഥിനപുരത്തെ വരും കാല നാഥരാണിവര്‍." പാണ്ഡുവിനെയും  ധൃതരാഷ്ട്രരെയും ചേര്‍ത്തണച്ചുകൊണ്ട് കൊണ്ടു സന്തോഷത്തോടെ ഗംഗാദത്തന്‍  പറഞ്ഞു.

“അങ്ങു സന്തോഷവാനായി ഇരിക്കുന്നത് കാണുന്നത് തന്നെ എന്‍റെ സന്തോഷം..”


രാവേറെ ചെന്നിട്ടും അനുപമയുടെ മുറിയില്‍ വെള്ച്ചം കണ്ട അമ്മ സംശയത്തോടെയാണ് അനുപമയുടെ മുറിയിലേക്ക് ചെന്നത്.

“മോളേ അനൂ,നിനക്ക് ഉറങ്ങാറായില്ലേ...?  എന്നും ഇങ്ങനെ വൈകി ഉറങ്ങിയാല്‍ രാവിലെ എങ്ങനെ ഉണരും..?”

ഉറക്കച്ചടവുള്ള കണ്ണുകളുമായി സ്ക്രീനില്‍ നോക്കിയിരുന്ന അനുപമ അമ്മയെ ഈര്ഷ്യയോടെ തല ഉയര്‍ത്തി നോക്കി.

“ഞാനുറങ്ങി കൊള്ളാം .അമ്മ പൊയ്ക്കൊള്ളു”.

“രണ്ടു ദിവസമായി നീ ഓഫീസില്‍ പോയിട്ട് അതോര്‍മ്മ വേണം. വെളുക്കും വരെ ലാപ്‌ ടോപ്പിനു മുന്നില്‍ ഉറങ്ങാതിരിക്കുക, ഉച്ചയാകുമ്പോള്‍ ഉണരുക. എന്താ നിന്‍റെ ഉദ്ദേശം..?”

അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് പോകുന്നത് കണ്ട അനുപമ ലൈറ്റണച്ചു ഉറങ്ങാന്‍ കിടന്നു.

ഭാരത യുദ്ധത്തിന്‍റെ തലേ നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷീണിതനായ ഗംഗാദത്തന്‍ എന്ന വൃദ്ധന്‍  അനുപമയെ സമീപത്തു കണ്ടു തളര്‍ന്ന കണ്ണുകളോടെ ഒന്നും മിണ്ടാനാവാതെ അവളെ നോക്കുന്നു.

“നാളെ നടക്കാന്‍ യുദ്ധത്തെപ്പറ്റി താങ്കള്‍ക്ക് എന്നോടൊന്നും പറയാനില്ലേ..?”

“ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കെതിരെ ആയുധമുയര്‍ത്തേണ്ടി വരുന്ന എന്‍റെ ധര്‍മ്മ സങ്കടം നീ മനസ്സിലാക്കുന്നില്ലേ അനുപമ..? ഞാനെന്തു ചെയ്യണം..? യുദ്ധഭൂമിയില്‍ ഇരു പക്ഷവും ശത്രുക്കളെങ്കില്‍ എനിക്കവര്‍ ശത്രുക്കളല്ല. കൌരവരും പാണ്ഡവരും തമ്മില്‍ എനിക്കെന്തന്തരം..? പക്ഷെ എനിക്കെന്‍റെ ഹസ്ഥിനപുരത്തെ കാത്തു സൂക്ഷിച്ചേ പറ്റൂ. എന്‍റെ ഈ ജന്മത്തിലെ നിയോഗം എനിക്ക് മറക്കാനാവില്ലല്ലോ.”

“അതെ....അങ്ങ് അങ്ങയുടെ നിയോഗമനുസരിച്ചു പ്രവര്‍ത്തിക്കൂ.’


രാവിലെ തന്നെ കുളിച്ചു വന്ന അനുപമ നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു മേക്ക്‌അപ്പ് ചെയ്യുന്നത് കണ്ട അനുപമയുടെ അമ്മ ചിന്താ ഭാരത്തോടെ പത്രവും പിടിച്ചിരുന്ന അച്ഛന്‍റെ അടുത്തു വന്നു ആശ്വാസത്തോടെ പറഞ്ഞു.

“എന്റീശ്വരാ..എന്തൊക്കെയായിരുന്നു ഈ രണ്ടു ദിവസം ഈ കുട്ടി കാട്ടി കൂട്ടിയത്‌. ഇന്നിപ്പോള്‍ ദാ...നോക്കൂ.. ഓഫീസില്‍ പോകുവാനൊരുങ്ങുന്നുണ്ട്. വെറുതെ എന്‍റെയും രണ്ടു ദിവസത്തെ ലീവു കളഞ്ഞു. ഇവള്‍ക്ക് പനി പിടിച്ചത് കൊണ്ട് വരാതിരുന്നതെന്നാ ഞാന്‍ ചോദിച്ചവരോടൊക്കെ പറഞ്ഞത്‌. ഇനിയൊന്നു സമാധാനമായി ഓഫീസില്‍ പോകാമല്ലോ.”

“ഇതാ നിന്‍റെ സ്വഭാവം. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അത് മാത്രമോ എന്നെയും ഭയപ്പെടുത്തും.  നീയും സമയം കളയാതെ ഓഫീസില്‍ പോകുവാന്‍ നോക്ക് .”

അനുപമയെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വിളിക്കാന്‍ മുറിയില്‍ ചെന്ന അമ്മ അവളെ കണ്ടമ്പരന്നു.

വിവാഹ നിശ്ചയത്തിനു ധരിച്ച ലഹങ്കയുമണിഞ്ഞു നില്‍ക്കുന്നു.

“അനൂ...ഇത് നിശ്ചയത്തിനു വാങ്ങിയ ഡ്രെസ്സല്ലേ..? നീയെന്താ ഇതിട്ടു കൊണ്ട് പോകുന്നത്..?” അവര്‍ സംശയത്തോടെ ആരാഞ്ഞു.

“അവിടെങ്ങനാമ്മേ...ക്യാഷ്വല്‍ ഡ്രെസ്സ് ഇടുക..?”

“നീയെന്നും ക്യാഷ്വലിലല്ലേ ഓഫീസില്‍ പോകാറുള്ളത്‌..?”

“ഓഫീസിലോ..?ഓ...ഞാന്‍ അമ്മയോട് പറയാന്‍ മറന്നു. ഞാന്‍ ഇന്ന് ഹസ്ഥിനപുരത്തേക്കാണ്.”

കണ്ണാടിയിലേക്ക് നോക്കി അലുക്കുകളുള്ള ദുപ്പട്ട തലയിലൂടെ ഇട്ടു പിന്‍ ചെയ്തു കൊണ്ടു അനുപമ പറഞ്ഞു. അവളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഏതോ പുരാണ സീരിയലില്‍ നിന്നും ഇറങ്ങിവന്ന  കഥാ പാത്രമാണെന്ന്‍ അവര്‍ക്ക് തോന്നി. കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍. മുഖത്ത് കനത്ത മേക്കപ്പ് !!!!!!



“ഇതെന്തൊക്കെയാ മോളെ ഇപ്പറയുന്നത്...? ഹസ്ഥിനപുരത്തെക്കോ..? ആ ഡ്രെസ്സ് മാറിയിട്ട് വെറുതെ അതുമിതും പറയാതെ ഓഫീസില്‍ പോകാന്‍ നോക്ക്.” അവര്‍ ഭയാശങ്കയോടെ പറഞ്ഞു.

“എനിക്കൊരാള് വിഷമിക്കുന്നത് നോക്കി നില്‍ക്കാനാവില്ല അമ്മേ....എനിക്ക് പോയേ പറ്റൂ..” എന്ന് പറഞ്ഞു കൊണ്ടു അമ്മയെ തട്ടി മാറ്റി പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുന്ന അവളെ തടഞ്ഞു കൊണ്ടു അമ്മ ഉറക്കെ കരഞ്ഞു തുടങ്ങി.

“ഒന്നിങ്ങു വരൂ..ഇവള്ക്കെന്തോ സുഖമില്ലാത്തപോലെ....”

പരിഭ്രാന്തനായി ഓടി വന്ന അച്ഛനെയും ശ്രദ്ധിക്കാതെ അനുപമ പുറത്തേക്ക് നടന്നു തുടങ്ങിയിരുന്നു....

അച്ഛന്‍ അവളെ വീടിനുള്ളിലേക്ക് വലിച്ചിഴക്കുന്നത് നോക്കി നില്‍ക്കാനെ അമ്മക്ക് കഴിഞ്ഞുള്ളൂ. വഴിയിലൂടെ പോകുന്നവര്‍ ആരെങ്കിലും ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്നവര്‍ പരിഭ്രമത്തോടെ ഗേറ്റിലേക്ക് കൂടെ കൂടെ നോക്കി. അച്ഛനോട് എതിര്‍ത്തു നിന്ന അനുപമ ഒടുവില്‍ മുറ്റത്തെ പൂച്ചട്ടിയിലേക്ക് കുഴഞ്ഞു വീഴുന്നത് കണ്ട അവര്‍ ഓടിച്ചെന്നു അവളെ താങ്ങി.

കുരുക്ഷേത്ര ഭൂമിയില്‍ മരണാസന്നനായി ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ അടുത്തു ദു:ഖിതയായ അനുപമ. എങ്ങും  മുറിവേറ്റ യോദ്ധാക്കളുടെ ദീന രോദനങ്ങള്‍, മുറിവേറ്റ കുതിരകള്‍, താറുമാറായി കിടക്കുന്ന രഥങ്ങള്‍..

“മഹാനായ ഗംഗാദത്താ.... താങ്കളുമായുള്ള എന്‍റെ അവസാന കൂടിക്കാഴ്ചയാണിത്. ഇപ്പോഴെങ്കിലും മനസ്സിലാക്കൂ..വ്യര്‍ത്ഥമായ താങ്കളുടെ ശഫഥത്തെപ്പറ്റി. ഈ ഹസ്ഥിനപുരം താങ്കളിലൂടെ നില നിന്നിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ..? അങ്ങനെയെങ്കില്‍ ഈ രാജ്യത്തിന്‍റെ ചരിത്രം വേറൊന്നാകുമായിരുന്നില്ലേ..? വ്യാസനിലൂടെയാണോ അതോ ശന്തനുവിന്‍റെ സ്വപുത്രനിലൂടെയായിരുന്നോ ഈ വംശം നില നില്‍ക്കേണ്ടിയിരുന്നത്..?"

“നിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശരശയ്യയില്‍ കിടക്കുന്ന ഈ വൃദ്ധനാകില്ലല്ലോ അനുപമാ.. എന്തെല്ലാം കണ്ടു ഈ ജന്മത്തില്‍. സഹോദര പുത്രന്മാരുടെ സ്പര്‍ധ,അമ്മയെപ്പോലെ ബഹുമാനിക്കേണ്ട സഹോദര ഭാര്യയെ രാജ സദസ്സില്‍ അപമാനിക്കപ്പെട്ടത്, പ്രിയ പാണ്ഡുവിന്‍റെ മക്കള്‍ രാജ്യം നഷ്ടപ്പെട്ട് അലഞ്ഞത്. അച്ഛന് കൊടുത്ത ശഫഥത്തോളം തന്നെ എനിക്ക് വലുതായിരുന്നു. ഈ രാജ്യം അത് കൊണ്ടു ഈ ജീവിതം തന്നെ രാജ്യത്തിനായി ഉഴിഞ്ഞു വെച്ചു. പലതും കണ്ടില്ലെന്നു നടിക്കേണ്ടിവന്നു. ഈ അവസാന മണിക്കൂറുകളില്‍ അത് പാഴായോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.”

“സ്വച്ഛന്ദ മൃത്യുവായ ഞാന്‍ ദിവസങ്ങളായി ഈ ശരശയ്യയിലാണ്. നാളെ ഉത്തരായനത്തിന്‍റെ തുടക്കം എനിക്ക് സ്വര്‍ഗലോകം പൂകുവാന്‍ പറ്റിയ ദിവസം. നാളത്തെ സൂര്യോദയത്തിനായി ഞാന്‍ കാത്തു കിടക്കുകയാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഞാന്‍ നിറവേറ്റുന്ന എന്‍റെ ഒരേ ഒരു ആഗ്രഹം. മരിക്കുന്നതിനു മുന്‍പ് നീ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വര്‍ഷങ്ങളായി എന്‍റെ മനോഗതങ്ങള്‍ പങ്കു വെച്ചവളല്ലേ നീ..അതും ഒരു കലിയുഗ സന്തതി..”

“അങ്ങ് ഈ ഭൂമിയില്‍ നിന്ന് മായുന്ന കാഴ്ച്ചമാത്രം എനിക്ക് സഹിക്കാനാവില്ല. തിരിച്ചു ഞാന്‍ കലിയുഗത്തിലേക്ക് മടങ്ങുകയാണ്. ഈ ദ്വാപരയുഗത്തില്‍ നടന്നതോര്‍ത്തു അങ്ങ് ദുഖിക്കരുത്. കലിയുഗത്തില്‍ സംഭവിക്കുന്നതോര്‍ത്താല്‍ ഇതൊക്കെ എത്ര നിസ്സാരം. ദ്വാപരയുഗത്തില്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കേഴുന്ന ഒരു ദേവവ്രതനെങ്കിലും ഉണ്ടല്ലോ.കലിയുഗത്തില്‍ അതും ഇല്ലാതായി.”

ഗംഗാ ദാത്തനോടു വിട പറഞ്ഞു അനുപമ കലിയുഗത്തിലേക്ക് യാത്രയാകുന്നു.

മുറിയില്‍ റൌണ്ട്സിനു വന്ന ഡോക്ടര്‍ സൈമണെ ഉല്‍ക്കണ്ടയോടെ നോക്കി നില്‍ക്കുന്ന അഭിഷേകിനോടു ശാന്തതയോടെ ഡോക്ടര്‍  പറഞ്ഞു തുടങ്ങി.

“വിചാരിക്കുന്നത് പോലെ സീരിയസ് ഒന്നും അല്ല പ്രശ്നം. വീരാരാധന കൂടുന്നത് കൊണ്ടു ചില ചഞ്ചല മനസ്സുകള്‍ ഉണ്ടാക്കുന്ന കുസൃതി. ഒരു നിസ്സാര രോഗം. അനുപമ ഒരാഴ്ചക്കുള്ളില്‍ റിക്കവര്‍ ചെയ്യും. അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന വിവാഹത്തിനു ഇതൊരു തടസ്സമേ അല്ല.”

ആശുപത്രി കിടക്കയില്‍ കണ്ണ് തുറന്നു കിടക്കുന്ന അനുപമയുടെ അടുത്തിരുന്ന അവളുടെ അമ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അനുപമ അപ്പോഴും താന്‍ നടത്തിയ വിചിത്ര യാത്രയുടെ ഓര്‍മ്മകളില്‍ തളര്‍ന്നു കിടന്നു.

31.12.11

ദൈവത്തിനു വേണ്ടപ്പെട്ടവന്‍

ഷാ കഴിഞ്ഞ ദിവസവും എന്റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ക്രിസ്തുമസ് വിളക്കിനു കറണ്ട് കണക്ഷന്‍ കൊടുക്കുവാനായി.ഇവിടെ ആരുടെ വീട്ടിലും കറണ്ട് സംബന്ധിയായ ആവശ്യം വരുമ്പോള്‍ ഷാ ആണ് അത് ചെയ്തു കൊടുക്കാറുള്ളത്. കഴിഞ്ഞ ദസറ കാലത്താണ് ഷായെ ഞാന്‍ ആദ്യമായി കാണുന്നത് . ദാസറ ദിനങ്ങളില്‍ ഇവിടെയുള്ള കൊച്ചു ക്ഷേത്രത്തിലെ ദീപാലങ്കാരത്തിന്റെ മുഴുവന്‍ ചുമതലയും ഷാ ക്കായിരുന്നു. പിന്നീട് വന്ന ദീപാവലിയുടെ അലങ്കാരത്തിനു ചുക്കാന്‍ പിടിച്ചതും അയാള്‍ തന്നെ.


ഷാ എന്നത് അയാളുടെ ടൈറ്റില്‍ പേരാണ്.ടൈറ്റിലില്‍ നിന്നും ഞാന്‍ വിചാരിച്ചിരുന്നത് അയാള്‍ ബംഗാളി ആയിരിക്കും എന്നാണു. സാധരണ ബംഗാളികള്‍ക്കാണ് ഈ ടൈറ്റില്‍ നാമം കേട്ടിട്ടുള്ളത്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഈദ്‌ പെരുന്നാള്‍ ആയി.അന്നാണ് ഷാ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. ഈദിന്റെ‌ അന്ന് ആരോ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് കതകു തുറന്ന ഞാന്‍ ഷായുടെ പുതിയ രൂപം കണ്ടു ശരിക്കും അതിശയിച്ചു. പരമ്പരാകൃത കാശ്മീരി മുസ്ലിം വേഷത്തില്‍,നല്ല തൂവെള്ള വേഷവും അതിനു മേലെ തിളങ്ങുന്ന നീല വെല്‍വറ്റു ഹാഫ്‌ കോട്ടും സുന്ദരമായ രോമാതോപ്പിയും ധരിച്ചു കൈയ്യില്‍ മധുര പലഹാര പൊതിയുമായി നില്ക്കുന്നു.

“ഈദ്‌ മുബാറക്ക്‌ മാഡം”

കൈയ്യിലുള്ള പൊതി എന്റെ നേരെ നീട്ടിക്കൊണ്ടയാള്‍ പറഞ്ഞു.

“മുബാറക്ക്‌” ഇനിയും അമ്പരപ്പു മാറാത്ത ഞാന്‍ തിരിച്ചും പറഞ്ഞു.

കശ്മീരി മുസ്ലിങ്ങളുടെ യാതൊരു രൂപവും ഇല്ലാത്ത ഇയാള്‍..? ചിലപ്പോള്‍ വേറെ വല്ല സംസ്ഥാനക്കാരനായിരിക്കും.

ഞാന്‍ ഭര്ത്താവിനടുത്തു സംശയം ചോദിച്ചു .

“ഓ..അയാള്‍ ഈ നാട്ടുകാരന്‍ തന്നെ.” ശ്രീനഗറിനടുത്തുള്ള അയാളുടെ സ്ഥലവും പറഞ്ഞു തന്നു.

പിന്നീട് ഞാന്‍ ഷായെ കണ്ടപ്പോള്‍ അയാളുടെ മുഖം സൂക്ഷിച്ചു നോക്കി.കുറച്ചു പൊക്കം കുറവാണെന്നെ ഉള്ളു. ഇവിടത്തുകാരുടെ പോലെ നല്ല ഉയരവും ഉയര്ന്ന കവിളെല്ലും വല്ലാത്ത വെളുപ്പ്‌ നിറവും ഇല്ലെങ്കിലും ഒരു കാശ്മീരി ലുക്കൊക്കെ ഞാന്‍ ആ മുഖത്ത് കണ്ടു പിടിച്ചു.

ഇവിടെയുള്ള മനുഷ്യര്ക്ക് പ്രത്യേകിച്ച് മുസ്ലീമുകള്‍ക്ക് കൂടുതലും ഒരു മധ്യേഷ്യന്‍ ച്ഛായയാണ്. മെലിഞ്ഞ ശരീരവും നീണ്ട മുഖവും ഉയര്ന്നു കവിളെല്ലുമൊക്കെയായി. കൊച്ചു കുട്ടികളാണെങ്കിലോ ചെമ്പന്‍ മുടിയും പൂച്ച കണ്ണുമൊക്കെയായി തനി വിദേശി കുഞ്ഞുങ്ങളെപ്പോലെ.  ഇവിരെ നിരീക്ഷിച്ചതില്‍ നിന്ന്. എനിക്ക് തോന്നുന്നത് തുര്ക്കികള്‍ ഇന്ത്യയില്‍ വന്ന കാലത്തോ മറ്റോ വന്നവരായിരിക്കും എന്നാണു. ഹിന്ദുക്കള്ക്ക് വേറൊരു ച്ഛായ. അവര്ക്കും ഒരു ആര്യന്‍ ലുക്ക് തന്നെ. ചെമ്പന്‍ മുടി നല്ല നിറം പിന്നെ  മുന്തിരിക്കണ്ണുകളും. പിന്നെയും കുറെപ്പേരുണ്ട് ഷായെപ്പോലെ ശരീര പ്രകൃതിയുള്ളവര്‍. അവര്ക്ക് ‌ ഭയങ്കര വെളുപ്പൊന്നും ഇല്ല. മല നിരകളില്‍ താമസിക്കുന്നവരുടെ ഒരു പ്രകൃതമാണ്.

പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞു സിക്ക് കാരുടെ ആഘോഷ ദിനമായ ഗുരുപൂര്ണ്ണിമ വന്നു. അന്ന് ഗുരുദ്വാരയില്‍ പ്രത്യേക പ്രാര്ഥനയും ഭജനും ഒക്കെ ഉണ്ടാകും. കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ സുഹൃത്തുക്കളായ സര്ദാര്ജിമാര്‍ ഞങ്ങളെ ഈ വര്ഷവും ഗുരുദ്വാരയിലെ പ്രാര്ഥനക്കും അതിനു ശേഷമുള്ള “ലങ്കര്‍”( നേര്ച്ച സദ്യ)നും പങ്കെടുക്കുവാന്‍ ക്ഷണിച്ചു. ഈ ലങ്കറിനു ഒരു പ്രത്യേകതയുണ്ട്. അതിനു സഹായിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായാണ് കണക്കാക്കുന്നത്. യാതൊരു വലിപ്പ ചെറുപ്പവും നോക്കാതെ ജനങ്ങള്‍ ജോലി ചെയ്യുന്ന ഒരു സ്ഥലമാണ് ഗുരുദ്വാരകള്‍.. കുറേപ്പേര്‍ ഭക്ഷണം ഉണ്ടാക്കുന്ന ജോലി ഏറ്റെടുക്കും. മറ്റു ചിലര്‍ ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകള്‍ കഴുകുന്ന ജോലിയിലായിരിക്കും. ചിലര്‍ വിളമ്പ് ജോലിയും. കുറേപ്പേര്‍ വരുന്നവരുടെ ചെരുപ്പുകള്‍ ശേഖരിച്ചു സൂക്ഷിച്ചു വെക്കും. ചിലപ്പോള്‍ അത് തുടച്ചു വൃത്തിയാക്കിയും വെച്ചിരിക്കും.

ഈ വര്ഷത്തെ ഗുരു പൂര്ണ്ണിമയും കിസ്തവാറിലെ മുസ്ലിം ദര്ഗയായ സിയരാള്‍-അസ്രാര്‍-ഉദ്-ദിന്‍ സാഹിബ് ല്‍ അടക്കംചെയ്തിരിക്കുന്ന ഷാ ഫരീദ്‌-ഉദ്-ദിന്‍ എന്ന പുണ്യാത്മാവിന്റെ ചരമ ദിനവും ഒരേ ദിവസമായിരുന്നു.( ആ പുണ്യാത്മാവിനെക്കുറിച്ച്-ഔറംഗസേബിന്റെ കാലത്ത്‌ ബാഗ്ദാദില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മത പ്രചാരകാനാണ് ഷാ ഫരീദ്‌-ഉദ്-ദിന്‍. രാജാ ജയ്സിംഗിന്റെ കാലത്ത്‌ സ്വതന്ത്ര രാജ്യമായിരുന്ന കിഷ്തവാറില്‍ താമസമാക്കിയ അദ്ദേഹം മഞ്ഞു മൂടിയ മലകളിലൂടെയും കഠിനമായ ചുരങ്ങളിലൂടെയും സഞ്ചരിച്ച് പ്രവാചകന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചു. ആ പുണ്യാത്മാവിന്റെ ഓര്മ്മക്കായി പണിത ഈ ദേവാലയം എല്ലാ മത വിശ്വാസികള്ക്കും ഒരു തീര്ഥാടന കേന്ദ്രമാണ്.)

ഷാ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഈ ദര്ഗയിലും അന്ന് പോയി. അവിടെയും നേര്ച്ച സദ്യവും മറ്റു കാര്യങ്ങളും ഒക്കെയുണ്ട്. അവിടെയുള്ളവര്‍ ദര്ഗയിലെ ബിരിയാണി കഴിക്കാന്‍ ക്ഷണിച്ചെങ്കിലും അയല്പക്കക്കാരനായ ജക്താര്‍ സിങ്ങിനോട് ഗുരുദ്വാരയില്‍ നിന്നും ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചതിനാല്‍ ഞങ്ങള്‍ അത് സ്നേഹപൂര്‍വം നിരസിച്ചു. ഒരറ്റത്ത് കെട്ടിയിട്ടുള്ള സ്റ്റേജില്‍ പണ്ഡിതന്മാരെപ്പോലെ വേഷം ധരിച്ചവര്‍ ഉറുദുവില്‍ ഗാനങ്ങള്‍ പാടുന്നു. മരിച്ച പുണ്യാത്മാവിനെക്കുറിച്ചായിരിക്കാം. ഭാഷ അറിയാത്തത് കൊണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല. ഷായെ ആ കൂട്ടത്തിലെങ്ങും കണ്ടതുമില്ല. ഞങ്ങള്‍ സമയം കളയാതെ ഗുരുദ്വാരയിലേക്ക് പോയി.

ഗുരുദ്വാരയില്‍ പോകുന്നത് എനിക്ക് സന്തോഷമുള്ള ഒരു കാര്യമാണ്.കാരണം അതിനു ഞാന്‍ പോകാറുള്ള പള്ളിയുടെ ഒരു അന്തരീക്ഷമാണ്. പള്ളികളിലെപ്പോലെ സ്ത്രീകളും പുരുഷന്മാരും ഹാളിന്റെ ഓരോ വശത്തായി ഇരിക്കും നടുവില്‍ ഗുരു വചനങ്ങളുടെ ഗ്രന്ഥമായ "ഗുരുഗ്രന്ഥ സാഹിബ്" അതി പാവനമായി വെച്ചിട്ടുണ്ടാകും. അതിനെ വെഞ്ചാമരം പോലുള്ള വിശറി വീശുന്ന ആളുകള്‍.. ഒരറ്റത്ത്‌ ഗായക സംഘം സംഗീത ഉപകരണങ്ങളുമായി ഭജനുകള്‍ പാടുന്നുണ്ടാകും. എല്ലാ മനുഷ്യരും തല മറച്ചേ ഗുരുദ്വാരയില്‍ പ്രവേശിക്കുവാന്‍ പാടുള്ളൂ. ഒരു ചെറിയ തൂവാല കൊണ്ടെങ്കിലും തല മറച്ചിരിക്കണം നേര്ച്ച സദ്യ നടക്കുന്നത് അതിനോടു ചേര്ന്നുള്ള ഹാളിലായിരിക്കും.അപ്പോഴും നമ്മള്‍ തല മൂടിയിരിക്കണം.തലയിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട ഭക്ഷണം കഴിക്കുന്നതിനിടെ തലയില്‍ നിന്നും മാറിപ്പോയാലും അവര്‍ വന്നു നമ്മുടെ ചെവിയില്‍ സ്വകാര്യമായി പറയും.”മേഡം ജി..ദുപ്പട്ട ഠിക്ക്‌ കര്‍ ദോ..”. ഇവിടെയുള്ള അമ്പലങ്ങളിലും ഞാന്‍ പോകാറുണ്ട്. പക്ഷെ അമ്പലത്തിനുള്ളില്‍ എനിക്കാകെ പരിഭ്രമമാണ്.ആരതി ചെയ്യാനൊന്നും അറിയാതെ ഞാന്‍ ഒരു മൂലയില്‍ മാറി നില്ക്കു കയേ ഉള്ളു. പ്രസാദം തരുമ്പോള്‍ എന്ത് ചെയ്യണം എന്നെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി ചെയ്യേണ്ടി വരും.

ഗുരുദ്വാരയിലെ പ്രാര്ത്ഥ്ന കഴിഞ്ഞു ഞങ്ങള്‍ ലങ്കര്‍ കഴിക്കാന്‍ ഇരുന്നു. ലങ്കറിനു അത്ര വലിയ വിഭവങ്ങളൊന്നും കാണാറില്ല.ചപ്പാത്തി പരിപ്പ് കറി,ഒരു പച്ചക്കറി. പിന്നെ സാലഡ്‌. നിലത്തിരുന്നാണ് എല്ലാവരും കഴിക്കേണ്ടത്‌. ചപ്പാത്തിയും കറികളും എല്ലാം “ജീ..പ്രസാദ്‌...”എന്ന് പറഞ്ഞാണ് വിളമ്പുക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ‘പ്രസാദ്‌..” എന്ന് പറഞ്ഞു ചപ്പാത്തി വിളമ്പാന്‍ വന്ന ആളെക്കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. തല ഒരു തൂവലകൊണ്ടു മറച്ച ഷാ ആയിരുന്നു അത്.

“നീ..ദര്ഗ.യില്‍ പോയില്ലേ ഷാ...?ഞങ്ങള്‍ അവിടെ പോയിട്ടാണ് വരുന്നത്. നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ..?’എന്ന എന്റെ ഭര്ത്താവിന്റെ ചോദ്യത്തിന്,

“ഞാന്‍ അവിടെ നിന്നും വേഗം നേര്‍ച്ച കഴിച്ചിട്ട് ഇങ്ങു പോന്നു. ഇവിടെ ലങ്കറിനും കൂടണമല്ലോ” എന്നയാള്‍ മറുപടി പറഞ്ഞു.

ഈ മറുപടി എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. ഒരു മുസല്‍മാന്‍ തന്റെ സമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട ദിവസം ഒരു സിക്കു ഗുരുദ്വാരയില്‍ ലങ്കറില്‍ സഹായിക്കുക..ഒരു യഥാര്ത്ഥ മനുഷ്യനെയാണ് ഞാന്‍ കണ്ടത്‌. ദൈവത്തിനു പ്രിയപ്പെട്ട ഒരാളെ. മത തീവ്രവാദം ഒരു സംസ്ഥാനത്തെ നശിപ്പിച്ച ഇടത്തു നിന്നും ഉള്ള ഒരാള്‍.. ഒരു രാജ്യത്തിന്റെ സൈന്യത്തിന്റെ നല്ലൊരു ഭാഗവും ഈ തീവ്രവാദം കാരണം വിന്യസിക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്ത് നിന്നുമുള്ളവന്‍. അമ്പലങ്ങളിലും ഗുരുദ്വാരയിലും സജീവ സാനിധ്യമായി സഹായിക്കുന്ന ഷാ. എന്തിനാണ് എന്റേത് ശ്രേഷ്ടം എന്ന് പറഞ്ഞു നമ്മള്‍ തമ്മിലടിക്കുന്നത്...? വാചക കസര്ത്തുകള്‍ നടത്തുന്നത്...? തീര്ഥാടനങ്ങള്‍ നടത്തുന്നത്..?

തീവ്രവാദം മൂലം തങ്ങളുടെ സംസ്ഥാനം നശിച്ചു പോയതില്‍ ദുഖിക്കുന്നവരാണ് കാശ്മീരില്‍ ഏറെയും. മുഖ്യ സാമ്പത്തിക സ്രോതസ്സായ ടൂറിസം നിന്ന് പോയത് മൂലം പട്ടിണി അനുഭവിക്കുന്നവര്‍. ഒരു വര്ഷമായി ടൂറിസം പുനരാംഭിച്ചു എന്നതില്‍ ആശ്വാസം കൊള്ളുന്നവര്‍. എന്നാല്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ ആര്പ്പ് വിളിച്ചു പടക്കം പൊട്ടിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. അങ്ങനെയുള്ള ഒരിടത്താണ് ഷായെ പോലുള്ളവരുടെ മഹത്വം നാം തിരിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം ഞാന്‍ ഭര്ത്താവിനോട് ചോദിച്ചു. “നമ്മുടെ ഷായുടെ മുഴുവന്‍ പേര്‍ എന്താ?” വേറെന്തോ ചെയ്തിരുന്ന അദ്ദേഹം ഞാന്‍ ചോദിച്ചത് ശ്രദ്ധിച്ചിരുന്നില്ല. ഒരു നിമിഷം കഴിഞ്ഞ ശേഷം അദ്ദേഹം എന്നോടു ചോദിച്ചു.

“എന്താ..നീ ഇപ്പോള്‍ എന്നോടു ചോദിച്ചത്..?ഞാന്‍ കേട്ടില്ലല്ലോ...?”

ഞാന്‍ പെട്ടെന്ന് പറഞ്ഞു “ഇല്ല...ഒന്നുമില്ല...ഒന്നുമില്ല.”

അതെ,എനിക്കറിയേണ്ട ഷായുടെ മുഴുവന്‍ പേര്‍ എന്തെന്ന്. ചിലപ്പോള്‍ അഹമ്മദ്‌ ഷാ എന്നോ അമീര്‍ ഷാ എന്നോ ആയിരിക്കും.എനിക്കയാള്‍ ഷാ ആണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഒരു മനുഷ്യനാണ്. ദൈവത്തിനു വേണ്ടപ്പെട്ടവനാണ്. അതെനിക്കുറപ്പുണ്ട്. എനിക്ക് അത്രയും അറിഞ്ഞാല്‍ മതി. ഈ പുതു വല്സത്തില്‍ എനിക്ക് മറ്റാരെക്കുറിച്ചും ചിന്തിക്കാനില്ല എഴുതാനില്ല. പറയാനുമില്ല.. എല്ലാവര്ക്കും പുതുവല്‍സര ആശംസകള്‍

26.11.11

കടല്‍ നീതി

കയ്യില്‍ കുരിശു രൂപവും ഏന്തി ഉര്ശുല വിശുദ്ധ കന്യാ മറിയത്തിന്റെ ദേവാലയത്തിലെ മാതാവിന്റെ ജീവന്‍ തുടിക്കുന്ന രൂപത്തിനു മുന്നില്‍ ഏകയായി നിന്നു. കന്യാ മറിയത്തിന്റെ രൂപത്തിന്റെ പ്രതിബിംബം എന്നേ ആ നില്പ്പ് കാണുന്നവര്ക്ക് തോന്നുകയുള്ളു അവള്ക്കു തുറയിലെ പള്ളിയിലെ കന്യാ മറിയത്തിന്റെ രൂപത്തോട് സാദൃശ്യമുണ്ട് എന്നു പണ്ടു ഫ്രെഡി അവളോടു പറയുമായിരുന്നു.


വിജനമായ പള്ളിയുടെ പുറത്ത്‌ നടയില്‍ അവളെയും കാത്ത് മകന്‍ നിക്സന്‍ ഇരിപ്പുണ്ട്. മുറ്റത്തെ പഞ്ചസാര മണലിലേക്ക് നോക്കി ഇനി ഒന്നും ചെയ്യാനില്ലാത്തവനെപോലെ അവന്‍ ഇരുന്നു. ഫ്രാങ്കോയുടെ ശവ സംസ്കാരം കൂടാന്‍ വന്ന ആളുകള്‍ എല്ലാവരും തന്നെ പിരിഞ്ഞു കഴിഞ്ഞിരുന്നു. സിമിത്തേരിയില്‍ കുഴി മൂടിയിരുന്നവര്‍ ജോലി കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ മണ്‍വെട്ടിയും ഏന്തി പുറത്തേക്കിറങ്ങിയതോടെ കപ്യാര്‍ ഡിക്രൂസ് വന്നു ഗേറ്റടച്ച് താഴിട്ടു പോയി.

കുറച്ചു നേരം പള്ളിയില്‍ ഇരിക്കണം എന്ന് അമ്മ പറഞ്ഞപ്പോള്‍ ബന്ധുക്കളെ പറഞ്ഞയച്ചിട്ടു അമ്മക്ക് കൂട്ടിരിക്കുകയായിരുന്നു നിക്സന്‍. അപ്പന്‍ മരിച്ചതിന്റെ ദുഖമൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മാതാവിന്റെ മുന്നില്‍ നിന്ന് കണ്ണീരൊഴുക്കുന്ന അമ്മയായിരുന്നു അവന്റെ വേദന. ദുഖത്തിന്റെ പെരും കടല്‍ ഒതുക്കിപ്പിടിച്ചു ജീവിച്ച അമ്മയെ ഇക്കാലമത്രയും മനസ്സിലാക്കുവാന്‍ താമസിച്ചതിന്റെ‍ ഇച്ഛാഭംഗം കുറച്ചൊന്നുമല്ല അവന്റെ മുഖത്തുള്ളത്.

പുറത്ത്‌ കടലിന്റെ ഇരമ്പം ഒന്നിനൊന്നു കൂടി വരുന്നു. ഉപ്പ് കാറ്റ്‌ ജനാലയിലൂടെ കടന്നു വന്ന്‍ ഉര്ശുലയുടെ മുടിയിഴകള്‍ പറത്തുന്നത് അവള്‍ അറിയുന്നതേയില്ല. പള്ളിയുടെ നടുഭാഗത്തായി ഫ്രാങ്കോയുടെ ശവപ്പെട്ടി കിടത്തിയിരുന്ന വെള്ള വിരിച്ച മേശ മേല്‍ പൂവിതളുകളും ചന്ദന തിരിയുടെയും കുന്തിരിക്കത്തിന്റെയും ചാരവും വീണു കിടക്കുന്നു. പൂക്കളും സുഗന്ധം വമിക്കുന്ന ചാരവും ചേര്ന്ന് പള്ളിക്കുള്ളില്‍ ഒരു മരണ ഗന്ധം സൃഷ്ടിച്ചു. അവള്‍ അപ്പോഴും കുരിശു രൂപം ഏറി മാതാവിനെ നോക്കി എങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ഇടത് വശത്ത് ഇരുപതു വര്‍ഷം മുന്പ് ഇതേ ദിവസം മരിച്ചു പോയ ഫ്രെഡിയും ഉണ്ടെന്നവള്‍ വിശ്വസിച്ചു. എത്രയോ കാലമായി അവള്‍ ആഗ്രഹിച്ചിരുന്നു മനസ്സില്‍ അടുക്കി വെച്ചിരുന്ന ദു:ഖങ്ങളെല്ലാം ഫ്രെഡിയോടൊപ്പം ഇവിടെ വന്നു കഴുകി കളയണമെന്ന്. ഭര്ത്താവ്‌ ഫ്രാങ്കോ ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമാക്കുവാന്‍ അവളുടെ മനസാക്ഷി അനുവദിച്ചിരുന്നില്ല.

തന്റെ പെണ്ണിനോടൊപ്പം കുരിശേന്തി നില്ക്കുന്നതിന്റെ അപമാനമൊന്നും ഫ്രെഡിക്കില്ല. തെറ്റ് ചെയ്ത പെണ്ണും ചെറുക്കനും കുരിശേന്തി അള്ത്താര മുന്നില്‍ നില്ക്കു മ്പോള്‍ അറിയാതെ തല താഴ്ന്നു പോകും. തുറക്കാരുടെ മുന്നില്‍ നാണം കെട്ടുള്ള ആ നില്പ്പ് . ഉര്ശുലക്കൊപ്പം ആ നില്പ്പ ഒരു അഭിമാനമായി ചുണ്ടില്‍ ചെറു ചിരിയോടെയാണവന്റെ നിലപ്പ്‌.

അല്ലെങ്കിലും ചിരിയില്ലാതെ ഫ്രെഡിയെ എപ്പോഴാണ് കാണാനാവുക..? പ്രഭാതങ്ങളില്‍ മീനുകള്‍ നിറഞ്ഞ വഞ്ചിയുമായി ഇരമ്പിയടിക്കുന്ന തിരകള്ക്ക് മേലെ ഉപ്പുവെള്ളത്തില്‍ നനഞ്ഞു കുതിര്ന്ന വസ്ത്രങ്ങളുമായി തീരത്തടുക്കുമ്പോഴും കരയില്‍ നിലക്കുന്ന ഉര്ശുല ആദ്യം കാണുന്നത് അവന്റെ ചിരിയാണ്. അടുത്തു നില്കന്ന വിക്ടോറിയും മാര്സിലയും അത് കാണുന്നുണ്ടോ എന്ന്‍ അപ്പോള്‍ അവള്‍ പരിഭ്രമത്തോടെ നോക്കും. അത് കാണുമ്പോള്‍ അവനു വീണ്ടും ചിരിവരും. സ്നേഹമെന്നത് ഒളിച്ചു വെക്കേണ്ട കാര്യമല്ലെന്നാണ് അവന്റെ പക്ഷം. വില്ക്കുവാനുള്ള മീനുകള്‍ തരം തരിച്ചു പെണ്ണുങ്ങള്‍ വീതിചെടുക്കുമ്പോഴും അവന്റെ കണ്ണുകള്‍ അവളുടെ മേല്‍ തന്നെയായിരിക്കും. എപ്പോഴും അവന്റെ കൂടെത്തന്നെ ഉണ്ടാകാറുള്ള ഫ്രാങ്കോ അവളുടെ മേലുള്ള അവന്റെ ചിരിയെ തെല്ല് അസൂയയോടെ നോക്കുന്നത് കണ്ട അവള്‍ അസ്വസ്ഥയായി.

“ഫ്രാങ്കോയുടെ വള്ളത്തിലല്ലാതെ വേറെ ആരുടെ എങ്കിലും കൂടെ പോയി കൂടെ..?ആ കൂട്ട് നമുക്ക് വേണ്ട ” എന്നവള്‍ പലവുരു അവനോടു പറഞ്ഞിട്ടുള്ളതാണ്. അത് കേള്ക്കുമ്പോഴേ
“വെറുതേ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെന്റെ പെണ്ണെ..” എന്ന് പറയുന്ന ഫ്രെഡിക്ക് പതിവ് ചിരി.
മീന്‍ ചരുവങ്ങളുമായി റോഡിലൂടെ വില്പ്പനയ്ക്ക് നടക്കുന്നതിനിടെ
“എന്തരടീ പെണ്ണെ... ഉര്ശുലെ....ആ ഫ്രെഡിയുടെ കണ്ണ് നിന്റെക മേല്‍ തന്നെയാണല്ലോ...”എന്ന് മാര്സില ചോദിച്ചപ്പോള്‍
“തന്നെ...തന്നെ “ എന്ന് പറഞ്ഞ് വിക്ടോറി അത് ശരി വെച്ചു.
“അത് ചാച്ചിക്ക് തോന്നുന്നതാ...” എന്ന് പറഞ്ഞവള്‍ പരുങ്ങിക്കൊണ്ടു പറയുന്നതിനിടെയാണ് ലോറന്സ് മുതലാളിയുടെ വീടിനു മുന്നില്‍ നിന്നും മീന്‍ വാങ്ങാനായി ബ്രിജിറ്റ് അവളെ കൈ കാട്ടി വിളിച്ചത്. ഉര്ശുല ആശ്വാസത്തോടെ അവര്ക്കടുത്തേക്ക് നടന്ന് രക്ഷപ്പെട്ടു.

മാതാവിന്റെ പെരുന്നാള്‍ ദിവസം പള്ളി മുറ്റത്തെ മണല് തരിക്കൊപ്പമുള്ള ആള്കൂട്ടത്തിന്റെ മറവില്‍ അവനോടൊപ്പം കൈ പിടിച്ചു നടക്കുന്നതിനിടെ അസൂയയുടെ കൂര്ത്ത രശ്മികളുമായി ഫ്രാങ്കോ അവരെ നോക്കുന്നത് കണ്ട തെല്ല് പേടിയോടെ അവള്‍ ഫ്രെഡിയുടെ പിന്നില്‍ ഒളിച്ചു. അന്നുരാത്രി അവനോടൊപ്പം തിരകളുടെ സംഗീതം കേട്ടു കടപ്പുറത്തിരിക്കുമ്പോഴും അവള്‍ തന്റെ സംശയം ആവര്ത്തിച്ചു.
“എല്ലാം നിന്റെ തോന്നലാണ്. ഫ്രാങ്കോയെപ്പോലെ ഒരു ചങ്ങാതി വേറെയില്ല.” എന്നാണു ഫ്രെഡി മറുപടി പറഞ്ഞത്‌.
വിഷണ്ണയായി നിന്ന അവളെ കടലിലേക്കവന്‍ വലിച്ചിറക്കുമ്പോള്‍ അവള്‍ ഭയത്തോടെ പറഞ്ഞു
“വേണ്ട ഫ്രെഡി, പെണ്ണുങ്ങള്ക്ക് കടലിറങ്ങാന്‍ ഒരു ദിവസം നിശ്ചയിച്ചിട്ടില്ലേ.. പുതുവല്സരമാകാതെ എന്നെ കടലില്‍ ഇറക്കി ദോഷം വരുത്തല്ലേ..”
അവന്‍ അത് കേട്ട് ഉറക്കെ ചിരിച്ചു കൊണ്ടു അവളെ തിരകള്ക്കിടയിലേക്ക് ആവേശത്തോടെ വലിച്ചെറിഞ്ഞു. എത്ര നേരം അവരെ തിരകള്‍ ഊഞ്ഞാലാട്ടി.... പുലര്ച്ചെ വള്ളങ്ങള്‍ ഇറക്കുവാന്‍ ആളുകള്‍ വരാറായപ്പോഴാണ് അവര്‍ അന്ന് പിരിഞ്ഞത്. പിന്നീട് കടലിരമ്പം മാത്രമുള്ള എത്രയോ രാവുകള്‍ അവര്‍ തിരകള്‍ മെത്തയാക്കി കഴിഞ്ഞു. ആകാശത്തെ നക്ഷത്ര കുഞ്ഞുങ്ങളും വിശുദ്ധ കന്യകയുടെ പള്ളി മുഖവാരത്തെ വെളിച്ചവും അവര്ക്ക് കൂട്ടായി. കടല്‍ അശുദ്ധമാക്കി എന്ന് കുറ്റബോധത്തോടെ പള്ളി മുറ്റത്തെ കന്യാ മറിയത്തിന്റെ വിശുദ്ധ രൂപത്തിന്റെ മുന്നിലെ ഇളം നീല വെളിച്ചത്തെ നോക്കി വീണ്ടും വീണ്ടും പറയുമ്പോഴും ഫ്രെഡിക്ക് ചിരി മാത്രം.

വേളാപ്പാര മീനുകകള്‍ തുറയിലേക്ക് നീന്തിയടുത്ത ചാകര നാളുകളില്‍ കടപ്പുറത്ത് മീനുകള്ക്ക് ‌ വിലപറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഫ്രെഡി രഹസ്യമായി അവളെ വിളിച്ചു അവളെ അത് കാണിച്ചു കൊടുത്തത്‌. പിങ്ക് നിറമുള്ള കൊച്ചു കടലാസു പൊതിക്കുള്ളിലെ തിളങ്ങുന്ന മാല. അതിനറ്റത്ത് തൂങ്ങിയാടുന്നന്ന കൊച്ചു താലി. ഫ്രാങ്കോയെ കൂട്ടിയാണ് സിറ്റിയില്‍ പോയി അത് വാങ്ങിയതെന്ന് അവന്‍ പറഞ്ഞത്‌ അവള്ക്കു വിശ്വസിക്കാനായില്ല. കടപ്പുറത്താകമാനം അടുക്കി വെച്ചിട്ടുള്ള വലിയ വേളാപ്പാര കൂട്ടങ്ങള്ക്കിടെ നടക്കുന്ന എല്ലാ മുഖത്തേയും സന്തോഷത്തിരകള്‍ ഒരുമിച്ച് അവന്റെ മുഖത്ത് അലയടിച്ച പോലെ.
“പുതുവത്സരം കഴിഞ്ഞിട്ട് വേണം ഇവളുടെ അപ്പനോട് കാര്യം പറയുവാന്‍” എന്ന് അവന്‍ ഫ്രാങ്കോയെ നോക്കി പറഞ്ഞപ്പോഴും ഫ്രാങ്കോയുടെ കണ്ണുകളുടെ അസൂയ രശ്മികള്‍ കൂര്ത്ത വിഷ മുള്ളുകളായി തന്റെ ദേഹത്ത് തുളഞ്ഞു കയറുന്നത് പോലെ അവള്ക്കു തോന്നി.

പുതുവല്സരത്തിനു ഏതാനും നാളുകളെ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ക്രിസ്മസ് രാവിലെ പാതിരാ കുര്ബാനയില്‍ ഫ്രെഡിക്കൊപ്പം നില്ക്കുന്ന ഫ്രാങ്കോയെ നോക്കുവാന്‍ കൂടെ ഉര്ശുല ഭയപ്പെട്ടു. കുര്ബാന കഴിഞ്ഞു പുറത്തു വന്നപ്പോള്‍ പള്ളി മുറ്റത്തെ മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ് ട്രീ യുടെ ചുവട്ടില്‍ ഫ്രെഡിയെ തേടുമ്പോഴും അവളെത്തന്നെ നോക്കി നില്ക്കുന്ന ഫ്രാങ്കോയെ കണ്ടു ഉര്ശു്ല തളര്ന്നു .

കാത്തിരുന്നപോലെ അക്കൊല്ലത്തെ പുതുവല്സരവും എത്തി. തുറക്കാരെല്ലാവരും തന്നെ കടപ്പുറത്തുണ്ട്. കടലില്‍ തിമര്ക്കുന്ന കുട്ടികള്‍, മുതിര്ന്നവര്‍, യുവാക്കളില്‍ നിന്ന് കുറച്ചു മാറി പെണ്കുട്ടികള്‍. പുതുപ്പെണ്ണുങ്ങള്‍ നാണത്തോടെ മണവാളന്മാര്ക്കൊടപ്പം തിരകളില്‍ മുങ്ങിപ്പൊങ്ങുന്നു. കരയിലും വെള്ളത്തിലും ഫ്രെഡിയെ തേടുകയായിരുന്നു അവള്‍. ഫ്രാങ്കോക്കൊപ്പം മല്സരം വെച്ചു ഇപ്പോള്‍ അങ്ങ് നീന്തിപ്പോയതേ ഉള്ളു എന്ന് ജെറോം പറഞ്ഞപ്പോഴും കടലിറങ്ങാന്‍ മടിച്ചു ഉര്ശുല കരയില്‍ തന്നെ നിന്നു. പെട്ടെന്നാണവള്‍ അത് കണ്ടത്‌ ദൂരെ നിന്നും രണ്ടു പേര്‍ നീന്തിയടുക്കുന്നു. അത് ഫ്രെഡിയും ഫ്രാങ്കോയുമാണെന്നവള്‍ക്ക് മനസ്സിലായി. അവര്‍ തീരത്തോടടുക്കുന്നത് സന്തോഷത്തോടെ നോക്കി നിന്ന അവള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു, ഫ്രാങ്കോയുടെ കയ്യില്‍ തളര്ന്നു തൂങ്ങി കിടക്കുന്ന ഫ്രെഡി...കുറച്ചു നീന്തിയപ്പോഴേക്കും നിലവിട്ടു മുങ്ങി താഴുകയായിരുന്നത്രേ. ഫ്രാങ്കോ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു.

കടപ്പുറമാകെ ആര്ത്ത നാദത്തില്‍ മുങ്ങുമ്പോള്‍ ഒന്നു കരയാന്‍ പോലുമാകാതെ ഉര്ശുല പ്രതിമ കണക്കെ നിന്നു. ഏതു വമ്പന്‍ തിരകള്ക്ക് മേലും നീന്താന്‍ കരുത്തുള്ള തന്റെ ഫ്രെഡി... കടപ്പുറത്ത് കിടത്തിയ അവന്റെ നനഞ്ഞു കുതിര്ന്ന ചേതനയറ്റ ശരീരത്തിലൂടെ ഒരു കുഞ്ഞു തിര കൂടെ കയറിയിറങ്ങി പോകുമ്പോള്‍ “ഇല്ലാ..ഒരു തിരയ്ക്കും എന്റെ ഫ്രെഡിയെ ചതിക്കാനാവില്ല...” എന്ന് പറഞ്ഞു ഉറക്കെ അലറണമെന്നു അവള്ക്കു തോന്നി. അവളെത്തന്നെ ഉറ്റു നോക്കുന്ന ഫ്രാങ്കോയുടെ കണ്ണുകളിലെ വിജയുടെ ഭാവം അവള്ക്കു മാത്രം കാണാനായി.

ഫ്രെഡിയുടെ മരണത്തിനു ശേഷം ആശ്വാസവാക്കുകളുമായി ഫ്രാങ്കോ അടുത്തു കൂടുമ്പോഴും ഉര്ശുല നിശബ്ദയായിരുന്നു. അവനെ കാണുമ്പോഴെല്ലാം “കൂട്ടുകാരനെ കൊന്നു കളഞ്ഞ ദുഷ്ടാ...” എന്ന അലര്ച്ച അവളുടെ തൊണ്ടയില്‍ കുടുങ്ങി നിന്നു. ഫ്രെഡിയുടെ കുഞ്ഞു തന്നില് ഉണ്ടെന്ന പേടിപ്പിക്കുന്ന തിരിച്ചറിവിന്റെ നാളുകളില്‍ ഒരു ദിവസമാണ് അവളെ ഞെട്ടിച്ചു കൊണ്ടു ഫ്രാങ്കോയുടെ അപ്പനും അമ്മയും വീട്ടില്‍ വന്നു കല്യാണം ഉറപ്പിച്ചത്. സ്വന്തമായി വള്ളമുള്ള പണക്കാരന്‍ മകള്ക്ക് വരനാകുന്നതില്‍ അവളുടെ അപ്പനുമമ്മക്കും മുന്‍പിന്‍ നോക്കുവാനുണ്ടായിരുന്നില്ല.

കടപ്പുറത്ത് കയറ്റി വെച്ചിരിക്കുന്ന വഞ്ചിക്ക് എണ്ണ കൊടുത്തു കൊണ്ടിരുന്ന ഫ്രാങ്കോയുടെ അടുത്തേക്ക്‌ ഒരു കൊടുങ്കാറ്റെന്നവണ്ണമാണ്‌ ഉര്ശുല പാഞ്ഞു ചെന്നത്. ഫ്രെഡിയുടെ കുഞ്ഞു തന്നില്‍ ഉണ്ടെന്ന അവളുടെ വെളിപ്പെടുത്തലില്‍ അവന്‍ തെല്ല് ഉലഞ്ഞപോലെ തോന്നി. വിദഗ്ദമായി കരുക്കള്‍ നീക്കിയിട്ടും അപ്രതീക്ഷിതമായി പരാജയത്തിന്റെ രുചി അറിഞ്ഞതിന്റെല കയ്പ്പില്‍ അവന്‍ തളര്ന്നു നിന്നു. തെല്ല് നേരത്തെ മൌനത്തിനു ശേഷം തുറയില്‍ അവള്‍ അപമാനിക്കപ്പെടുന്നതിനു മുന്പ് താന്‍ രക്ഷിക്കാം എന്നു പറഞ്ഞവന്‍ അവള്ക്ക് ആശ്വാസമേകി. മരിച്ചു പോയ ഫ്രെഡി അവള്‍ കുരിശു രൂപമേന്തി അള്ത്താരക്ക് മുന്നില്‍ നാണം കെട്ടു നില്ക്കുന്നത്‌ സഹിക്കില്ല എന്ന് പറഞ്ഞ് അവളെ സ്വന്തമാക്കുമ്പോഴും അവള്‍ ഫ്രെഡിയെ ഓര്ത്ത് ‌ കരഞ്ഞു. “ഫ്രെഡിയുടെ കുഞ്ഞ് എന്റെ സ്വന്തം കുഞ്ഞാണെന്ന” ഫ്രാങ്കോയുടെ വാക്കുകള്‍ മനസ്സില്‍ വരുമ്പോഴെല്ലാം അയാളെ വെറുതെ സംശയിച്ചതോര്ത്ത് അവള്‍ സ്വയം കുറ്റപ്പെടുത്തി.

നിക്സന്‍ പിറന്നപ്പോള്‍ ഫ്രെഡിയെ പകര്ത്തി വെച്ച രൂപം കുറച്ചൊന്നുമല്ല ഫ്രാങ്കോയെ അസ്വസ്ഥനാക്കിയത് .”കൊന്നു കളഞ്ഞാലും സ്വൈര്യം തരാത്തവന്‍...” എന്ന് പറഞ്ഞയാള്‍ നിക്സനെ നോക്കി ആക്രോശിച്ച ദിവസം ഏതാനും വര്ഷങ്ങളായി മനസ്സില്‍ ഉറഞ്ഞു കിടന്നിരുന്ന അവളുടെ സംശയത്തിനു ഉത്തരം ലഭിച്ചു കഴിഞ്ഞിരുന്നു. വേറെ കുഞ്ഞുങ്ങള്‍ ഉണ്ടാകാഞ്ഞതോടെ നിക്സനോടുള്ള ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി. വകതിരിവില്ലാത്ത പ്രായത്തില്‍ പെണ്ണിന്റെ സൌന്ദര്യം കണ്ടു വേറൊരുത്തന്റെ കുഞ്ഞിന്റെ അപ്പനാകേണ്ടി വന്ന ബുദ്ധി ശൂന്യതയെ പഴിച്ച്‌ നിക്സനെ നോക്കി പല്ലിറുമ്മും. നിക്സന്‍ വളര്ന്നു വലുതായതോടെ ഫ്രെഡിയുടെ രൂപ സാദൃശ്യം മൂലം അവനെ അയാള്‍ കൊന്നു കളയുമോ എന്ന് വരെ അവള്‍ ഭയന്നു. പലവട്ടം അയാള്‍ അതിനായി കളമൊരുക്കുന്നുവോ എന്ന് വരെ അവള്‍ക്കു തോന്നി. അപ്പോഴേക്കും അവര്‍ രണ്ടു പേരും തമ്മില്‍ മിണ്ടാത്ത അകല്ച്ചയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ഉര്സുലയുടെ ജന്മം അവര്ക്കിടയില്‍ കിടന്നു വീര്പ്പു മുട്ടി. കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് ഉര്ശുലക്ക് നിക്സനോടു അപ്പനെ സൂക്ഷിക്കണമെന്നു പറയേണ്ടി വന്നത്. ഫ്രെഡിയുടെ മരണവും ഫ്രാങ്കോയെ വിവാഹം കഴിക്കേണ്ടി വന്ന തന്റെ ഗതികേടും അവള്ക്കു മകനോടു മറച്ചു വെക്കാനായില്ല.

അതിനു ശേഷം മിക്കവാറും നിശ്ശബ്ദനായിരുന്നു നിക്സന്‍. മൌനിയായി അവന്‍ മുറിക്കുള്ളില്‍ ചടഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്ക്ക് ശേഷം അവന്‍ ഉത്സാഹത്തോടെ പുതുവത്സരനാളില്‍ കടലില്‍ കുളിക്കാന്‍ പോയപ്പോള്‍ ഉര്ശുല സന്തോഷിച്ചു..

കടപ്പുറത്ത് നിന്നും ആഹ്ലാദത്തിമര്പ്പിന്റെ ആരവം കേട്ടുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്ന ഉര്ശുല. കൊല്ലങ്ങളായി ഓരോ പുതുവത്സരവും അവള്ക്ക് തന്റെ ജീവിതം തിരകള്ക്കിടയില്‍ മുങ്ങി താണു പോയതിന്റെ ഒര്മ്മ പുതുക്കലായിരുന്നു. ഉച്ചയോടടുത്താണ് ആഹ്ലാദാരവങ്ങള്‍ ഒരു ആര്ത്ത നാദത്തിന്റെ‍ രൂപം പ്രാപിക്കുന്നതായി അവള്ക്കു തോന്നിയത്‌. ഇരുപതു വര്ഷതങ്ങള്ക്ക് മുന്പ് കേട്ട അതേ ആര്ത്ത് നാദം വിഹ്വലയായി ചെവിയോര്ത്തു നില്ക്കേ “മോനേ...നിക്സാ..”എന്ന നീണ്ട നിലവിളി കേട്ട ഉര്ശുല പഴയ ഓര്മ്മയില്‍ ഒരു ഭ്രാന്തിയെപ്പോലെ കടപ്പുറത്തേക്കോടി. കാലുകള്‍ പുതഞ്ഞു പോകുന്ന മണലിലൂടെ കിതച്ചോടി ചെന്നപ്പോള്‍ കണ്ടത്‌ കടപ്പുറത്ത് കൂടി നില്ക്കുന്ന ആളുകള്ക്കു നടുവില്‍ ഫ്രാങ്കോയുടെ ചേതനയറ്റ ശരീരം. തിരകള്ക്കി്ടെ നില തെറ്റിപ്പോയ അപ്പനെ രക്ഷിക്കാന്‍ ശ്രമിച്ച നിക്സനെ ആളുകള്‍ ആശ്വസിപ്പിക്കുന്നു. പൊട്ടിക്കരയുന്ന അവളുടെ അടുത്തു വന്നു നിക്സന്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ അവളെ ഞെട്ടിച്ചു കളഞ്ഞു.
“അമ്മ സന്തോഷിക്ക്. അമ്മയെ രക്ഷിക്കുവാന്‍ എനിക്ക് ഈ ഒരു വഴിയെ മുന്നിലുണ്ടായിരുന്നുള്ളൂ.”

സിമിത്തേരിയിലെ പച്ചപ്പുള്ള പഞ്ചസാര മണ്ണിനടില്‍ ഫ്രാങ്കോ ഉറങ്ങുന്നു. ഉര്ശുല അപ്പോഴും പള്ളിക്കകത്ത് നിന്ന്‍ കന്യാ മാതാവിനെ നോക്കി മരക്കുരിശേന്തി കരഞ്ഞു കൊണ്ടിരുന്നു. ചെയ്ത തെറ്റുകള്ക്ക് പ്രായശ്ചിത്തം യാചിച്ചു കൊണ്ട്...അവള്ക്കൊപ്പം അരൂപിയായി നിന്ന ഫ്രെഡി അവളെ സാന്ത്വനിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

30.10.11

ദൈവത്തിന്റെ വികൃതികള് (ഒരു ഓര്മ്മക്കുറിപ്പ്)

അവര്‍ മൂന്നു പേരുണ്ടായിരുന്നു.പക്ഷേ ഞാന്‍ ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഒരാളേ ഉള്ളു എന്നാണ്. മൂന്നു പേരില്‍ ഒരാള്‍ രണ്ടു വര്ഷം മുന്‍പ് മരിച്ചു പോയിരുന്നു. പിന്നെയുള്ള രണ്ടു പേരെയും ഞാന്‍ ഒരുമിച്ചു കണ്ടിരുന്നുമില്ല. ഒരമ്മക്ക് ഒറ്റ പ്രസവത്തിലുണ്ടായ മൂന്നു മക്കളായിരുന്നു അവര്‍. മൂന്നും ഊമകള്‍. സംസാരിക്കില്ല, ചെവിയും കേള്‍ക്കില്ല. മരിച്ചു പോയ ആള്  ലക്ഷ്മണന്‍  ഇപ്പൊള്‍ ഉള്ളവര്‍ രാമനും കിച്ചനും. അവരാണ് ചെന്നെയില് ഞങ്ങള്‍ താമസിച്ചിരുന്ന ആ തെരുവിന്റെ കാവല്ക്കാര്‍ എന്നു പറയാം. എന്റെ വീടിന്റെ ഒരു വീടിന് അപ്പുറമാണ് അവരുടെ വീട്. എതിര്‍ വശത്ത് ഒരു കോളേജിന്റെ പിന്‍ഭാഗമായതു കൊണ്ട് ആ വശത്ത് വീടുകളുമില്ല. മതിലുമാത്രം. കോളേജിലെ തണല്‍ മരങ്ങളുടെ തണുപ്പുമുണ്ട് വഴിയില്‍. അതുകൊണ്ട് രണ്ടുപേരും എതിവശങ്ങളില്‍ കസേരയുമിട്ട് വഴിയിലൂടെ പോകുന്നവരെയും നോക്കി അങ്ങനെ ഇരിപ്പുണ്ടാകും.

കിച്ചന്‍ ആളുകളോട് അധികം ഇടപഴകില്ല. കുറച്ച് ഗൌരവക്കാരനാണ്. രാമന്‍ അങ്ങനെയല്ല എല്ലവരോടും ആംഗ്യത്തിലും പിന്നെ ഒരു തരം ശബ്ദമുണ്ടാക്കിയും സംസാരിക്കും. ഒരു അമ്പതു വയസ്സു കാണും രണ്ടു പേര്‍ക്കും. തല പാതിയും കഷണ്ടി . മുണ്ടു മാത്രമുടുത്താണ് എപ്പോഴും കാണുക. തടിച്ച വലിയ വയറുള്ള ശരീരത്തിനു മേല് കിടക്കുന്ന പൂണൂലില്‍ എപ്പോഴും പിടിച്ചുകൊണ്ടിരിക്കും. കിച്ചന് തയ്യല് ജോലി അറിയാം.ഇടക്കിടക്ക് അവരുടെ വീട്ടില് നീന്നും മെഷീന്റെ കട കട ശബ്ദം കേള്ക്കാം. രാമന് അതുമില്ല കാര്യാന്വേഷണം തന്നെ പണി. അനുജന്‍ ശേഷന്റെ കുടുംബത്തിന്റെ കൂടെ ഒരു പഴയ ചെറിയ വീട്ടിലാണ് അവരുടെ താമസം. ഒരു അയ്യങ്കാര്‍ കുടുംബം.

ഞങ്ങള്‍ അവിടെ താമസിക്കാന്‍ വന്ന ഉടനെ തന്നെ രാമന്‍ വന്നു. പരിചയപ്പെട്ടു. ഊമനും ബധിരനുമാണെന്നുള്ള പരിമിതികള്‍ രാമന് ഒരു പ്രശ്നമല്ല. വന്നു കുറച്ചു ദിവസം കഴിഞ്ഞ് എവിടെയോ പോയിട്ടു നടന്നു വരുമ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ കാഴ്ച !!!!!! രാമനും കിച്ചനും ഒരുമിച്ച് റോഡരികില്‍. അതു വരെ കിച്ചനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ രണ്ടു പേരെയും അന്തം വിട്ടു മാറി മാറി നോക്കി. ദൈവമേ... ഇതെന്തു കളി. ഒന്നിന്‍റെ ഡ്യൂപ്പ്ലിക്കേറ്റ് മറ്റൊന്ന്. റോഡിനിരുവശവും കസേരയിട്ട് അങ്ങനെ ഇരിക്കുകയാണ്. ഒന്ന് ഒന്നിന്റെ പ്രതിബിംബം പോലെ. ഞാന്‍ അവരെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് വീട്ടിലേക്കു പോയി. മുകളിലത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ അമ്മ അലമേലു അമ്മാളോട് ചോദിച്ചു.

“അവര്…..?അവര് രണ്ടു പേരുണ്ടോ…?”
“ആര്…? രാമന്റെയും കിച്ചന്റെയും കാര്യമാണോ..? അവരു രണ്ടുപേരല്ല. മൂന്നു പേരായിരുന്നു. ഒരാള് രണ്ടു കൊല്ലം മുന്പു മരിച്ചു പോയതല്ലേ…”
“ങ്ഹേ….മൂന്നെണ്ണമോ…? ഒരാളെങ്ങനെ മരിച്ചു..?”
“ചെവി കേള്‍ക്കില്ലായിരുന്നല്ലോ. മീനമ്പക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പാളത്തില്‍ കൂടെ നടക്കുകയായിരുന്നു. പുറകില്‍ നിന്ന് വന്ന ട്രെയിന്‍ കയറി മരിച്ചു.” അലമേലു പാട്ടി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു.
അന്നു വൈകുന്നേരം ഭര്ത്താവും മക്കളും വന്നപ്പോള്‍ എനിക്കു പറയാനുണ്ടായ പ്രധാന വിശേഷം ഇതു തന്നെയായിരുന്നു.
“അമ്മ ഇപ്പോഴാണോ ഇക്കാര്യം അറിയുന്നത്. ഞങ്ങള് സ്കൂളില്‍ പോകുമ്പോള് രണ്ടാളും കൂടെ അവിടെ നില്ക്കുന്നത് കാണുന്നതല്ലേ “ മക്കള്‍ക്ക് ചിരി.

പിന്നിടെപ്പോഴോ അലമേലുപാട്ടി മരിച്ചു പോയ ലക്ഷ്മണനെപ്പറ്റി പറഞ്ഞു. മൂന്നു പേരില്‍ അയാള്‍ മാത്രം വിവാഹിതനായിരുന്നു. എട്ടു വയസ്സുള്ള ഒരു മകളുമുണ്ട്. സെയ്താപ്പേട്ട് ഒരു കമ്പനിയില് ജോലിയും ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു അപകടം. രാമനെയും കിച്ചനെയും പോലല്ലായിരുന്നു സ്വഭാവം. ശാന്തനായിരുന്നു. രൂപം അതു തന്നെ. രാമനും കിച്ചനും ഇടക്കിടക്ക് എവിടെയെങ്കിലുമൊക്കെ ജോലിക്കു ചേരും. എങ്ങും ഉറച്ചു നില്ക്കുകയില്ല. രണ്ടു പേര്‍ക്കും മൂക്കത്താണ് ദേഷ്യം. അതുകൊണ്ടു തന്നെ “ചണ്ഠ പോട്ടു വേല തുലക്കും.”
ഞങ്ങള്‍ അവിടെ മൂന്നു വര്‍ഷം താമസിച്ചതിനിടക്ക് ഇവര്‍ ഇടക്കിടക്ക് ജോലിക്കു പോകലും വേല തുലക്കലും ഒക്കെ ഉണ്ടായി.
“എന്നിട്ടു ലക്ഷ്മണന്റെ ഭാര്യയും മകളുമെവിടെ പാട്ടി..? ആ വീട്ടില്‍ ഇല്ലെന്നു തോന്നുന്നു…?”
“ഇവിടെ ശേഷന് അത്ര സാമ്പത്തികമൊന്നുമില്ലല്ലോ. അവന്‍ മരിച്ചതിനു ശേഷം അവളവളുടെ സഹോദരന്റെ അടുത്ത് തിരുനല്‍വേലിക്കു പോയി. അവിടെ അവള്‍ക്ക് ഒരു ജോലിയും ശരിയായി. അവധിക്ക് മകളുമായി ഇവിടെ വരും.

അടുത്ത ദീപാവലി വന്നപ്പോള് ഞാന്‍ ലക്ഷമണന്റെ  ഭാര്യയെയും മകള്‍ പൂര്‍ണ്ണിഗായത്രിയെയും കണ്ടു. എട്ടു വയാസായ പെണ്‍കുട്ടിയെ രാമനും കിച്ചനും പിഞ്ചു കുഞ്ഞിനെയെന്ന വണ്ണം താലോലിച്ചു കൊണ്ടു നടക്കുന്നു. അവളെ സൈക്കിള്‍ ഓടിക്കുവാന്‍ പഠിപ്പിക്കുന്നു. അവളുടെ ഒപ്പം കൊച്ചു കുട്ടികളെന്ന പോലെ പടക്കവും കമ്പിത്തിരിയുമെല്ലാം മത്സരിച്ചു കത്തിക്കുന്നു. ചെവി കേള്‍ക്കാത്ത രണ്ടു പേരും പടക്കത്തിനു തീ കൊടുത്ത ശേഷം അതിനടുത്തു തന്നെ നില്ക്കുന്നത് കണ്ടു ഞാന്‍ പേടിച്ചു കണ്ണ് പൊത്തി. രാമന്‍ അവളെ എന്റെ‍ അടുത്തു കൊണ്ട് കാണിച്ച് അയാളുടെ ഭാഷയില്‍ അവളെപ്പറ്റി പറഞ്ഞു. ഞാന്‍ അതെല്ലാം തല കുലുക്കി കേട്ടു. രാമന്‍ എന്തു പറഞ്ഞാലും നമ്മള്‍ തല കുലുക്കണം. അല്ലെങ്കില്‍ മനസ്സിലായില്ലെന്നു വിചാരിച്ച് വീണ്ടും വീണ്ടും പറയും.ചിലപ്പോള്‍ ആള്‍ക്ക് ദേഷ്യവും വരും.

ഞങ്ങള്‍ ചെന്നെയില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്പേ എന്റെ ഭര്‍ത്താവിന് ഒരു കൊല്ലം വിദേശത്തു ജോലി ചെയ്യേണ്ടി വന്നു. എങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജുള്ള സ്ഥലമാണ് ചെന്നെ. അതുകൊണ്ടു തന്നെ പോകുന്നതിനു മുന്പ് ഒരു സ്കൂട്ടി വങ്ങി പഠിപ്പിച്ചിട്ടു പോകാം എന്നായി അദ്ദേഹം. കഷ്ടകാലത്തിന് പോകുന്നതിനു മുന്പ് സ്കൂട്ടി എത്തിയില്ല. പോയതിന്റെ പിറ്റേദിവസം ദാ വന്നിരിക്കുന്നു പുതു പുത്തന്‍ സ്കൂട്ടി. പക്ഷേ എനിക്കൊന്നു തള്ളുവാന്‍ പോലും  അറിയാതെ എന്റെ വീടിന്റെ മുന്നില് അതങ്ങനെ നിന്നിത്തിളങ്ങി കിടന്നു. പിന്നെ സൈക്കിള്‍ ബാലസിന്റെ ധൈര്യത്തില്‍ വീട്ടുടമസ്ഥന്റെ ഭാര്യയുടെ കോച്ചിങ്ങില്‍ രണ്ടു ദിവസം കൊണ്ട് ഞാന്‍ സ്കൂട്ടി പഠിച്ചെടുത്തു. മൂന്നാം ദിവസം പഠിച്ചു എന്നതിന്റെ‍ അഹങ്കാരത്തില്‍ ഞാന്‍ വീടിനു മുന്നിലെ റോഡിലൂടെ നല്ല ഗമയില്‍ അങ്ങനെ സ്കൂട്ടി ഓടിക്കുകയാണ്. .രണ്ടാം നിലയില്‍ നിന്ന് വീട്ടുടമസ്ഥന്റെ മകള്‍ രാഗിണി അതു നോക്കി നില്ക്കുന്നു. അതു കണ്ടപ്പോള്‍ എനിക്ക് ധൈര്യം കൂടി. പക്ഷേ നിമിഷങ്ങള്‍ക്കകം എങ്ങനെയോ എന്റെ ബാലന്‍സു തെറ്റി വണ്ടി മറിഞ്ഞു. ഞാന്‍ ശരീരത്തിന്റെ പെയിന്റൊന്നും പോകാതെ രക്ഷപ്പെട്ടു എങ്കിലും പുതിയ വണ്ടി റോഡില് വീണു ആകെ ഉരഞ്ഞു നാശമായി. രാഗിണി ഓടി വന്ന് സ്കൂട്ടിയെടുത്ത് നേരെ വെച്ചിട്ടു രാമന്റെയും കിച്ചന്റെയും വീട്ടിലേക്കു നോക്കി പറഞ്ഞു.
“ആന്റീ…അന്ത ഊമെയ്കള്‍ ഇങ്കെ ഇല്ല. നിമ്മതി .....”
“അതെന്താ…?”
“എങ്കില് അവരു പിന്നെ ആന്റിയെ ഈ സ്കൂട്ടി തൊടാന്‍ സമ്മതിക്കില്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ എന്റെ അമ്മയുടെ സ്കൂട്ടി എടുത്ത് ഓടിച്ചു പഠിക്കുന്നതിടയില്‍ വീഴുന്നത്  അവര്‍ കണ്ടു. പിന്നെ എപ്പോ വണ്ടിയെടുത്താലും താഴെ വീഴും എന്നു പറഞ്ഞ് രണ്ടാളും കൂടെ ഓടി വരും. അവരെ പേടിച്ച് ഞാന്‍ സ്കൂട്ടിയെടുക്കുമ്പോള്‍ അവരുടെ വീടിന്റെ മുന്നിലൂടെ പോകാറില്ല.”
നിറയെ സമാന്തര റോഡുകളുള്ള ആ സ്ഥലത്ത് മുമ്പോട്ടു പോയാലും പുറകോട്ടു പോയാലും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്താം.
“സമാധാനം. അവരവിടെ ഇല്ല രാഗിണീ ” ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു. അതാണ് അവരുടെ സ്വഭാവം. സ്നേഹം കൊണ്ടു നമ്മളെ ബുദ്ധിമുട്ടിച്ചു കളയും.

ഒരു ദിവസം ഒരു വെള്ളിയാഴ്ച എന്റെ മക്കള്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടി തിരിച്ചു വരികയായിരുന്നു. കിച്ചന് കണ്ടപ്പോഴേ മനസ്സിലായി അവര്‍ മുടി വെട്ടി വരികയാണെന്ന്. ഉടനെ എന്റെടുത്തു വന്ന് എന്തൊക്കെയോ പറയാന്‍ തുടങ്ങി എത്ര ആഗ്യം കാണിച്ചിട്ടും എനിക്കങ്ങു മനസ്സിലാകുന്നില്ല. എന്റെ മക്കളും ഒന്നും പിടികിട്ടാതെ പരസ്പരം നോക്കി നില്ക്കു്കയാണ്. ഇനി ആ മുടിവെട്ടുകാരന്റെ അടുത്തു പോകണ്ട എന്നോ മറ്റോ ആണോ..?
ഒടുവില് കിച്ചന് ദേഷ്യം വരാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ എന്റെ വീടിനുള്ളിലേക്ക് കയറി വന്ന് കലണ്ടറിലെ അന്നത്തെ ദിവസം വെള്ളിയാഴ്ച കാണിച്ചു തന്നിട്ടു വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങള്‍ക്ക് കാര്യം പിടികിട്ടി. ഈ ദിവസം മുടിവെട്ടുന്നത് കുട്ടികള്‍ക്ക് ദോഷമാണത്രേ…ആ പാവം അതെന്നെ മനസ്സിലാക്കുവാന് എത്ര പണിപ്പെട്ടു. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന പാവങ്ങള്‍. സംശയാസ്പദമായി ആരെയെങ്കിലും ഞങ്ങളുടെ തെരുവില്‍ കണ്ടാല് മതി രണ്ടു പേരും ഉടനെ പ്രത്യക്ഷപ്പെട്ട് അവരെ വിരട്ടി ഓടിക്കും. ചെന്നെയില് ആയിടെ പകല്‍ പോലും കളവും പിടിച്ചു പറിയും പതിവായിരുന്നു. അലമേലു പാട്ടി പറയും.
“നമ്മ തെരുവില് അപ്പടിയൊന്നും ആഹാത്. “കാരണം ഞങ്ങളുടെ രാമനും കിച്ചനുമല്ലേ അവിടുള്ളത്.
അതെ അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട കാവലാളുകള്‍ തന്നെയായിരുന്നു. ഞങ്ങളുടെ രാമനും കിച്ചനും. ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന പാവം ഊമേയ്കള്‍. ദൈവത്തിന്റെ വികൃതികള്‍. പൂര്‍ണ്ണിയെ എനിക്കു പരിചയപ്പെടുത്തി തന്ന ദിവസവും കിച്ചന്റെ കണ്ണില്‍ കണ്ണുനീരുണ്ടായിരുന്നു. മരിച്ചു പോയ സഹോദരന്‍റെ മകളാണ് അവളെന്ന്‍ എന്നെ മനസ്സിലാക്കി തരുന്നതിനിടെ ബ്ബെ…ബ്ബേ എന്ന ആ വികൃത ശബ്ദം കരച്ചില്‍ ചേര്‍ന്ന് മറ്റെന്തോ ആയി. പിന്നെ പൂര്‍ണ്ണിയുടെ ഓരോ കുസൃതികള് പറഞ്ഞ് പെട്ടെന്നു തന്നെ കണ്ണുനീര്‍ തുടച്ചു ചിരിച്ചു. തീവണ്ടി കയറി മരിച്ച കൂടപ്പിറപ്പിന്റെ ശരീരം നോക്കി അവര്‍ എത്ര കരഞ്ഞു കാണും.

വിദേശത്തു പോയ എന്റെ ഭര്‍ത്താവ് ഇടക്ക് അവധിക്കുവന്നപ്പോള്‍ രണ്ടു പേരുടെയും സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. മൂന്നഴ്ചത്തെ അവധി കഴിഞ്ഞ് തിരികെപ്പോയപ്പോള് എന്റെ ഒപ്പം അവരും സങ്ക്ടപ്പെട്ടു.ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വന്നപ്പോള്‍, ഇനി പോകേണ്ടതില്ല എന്നറിഞ്ഞപ്പോള്‍ അവര്‍ ആശ്വാസ നെടുവീര്‍പ്പിട്ടു.

ഞങ്ങള്‍ക്ക് ചെന്നെയില്‍ നിന്നും സൂററ്റിലേക്ക് ട്രാന്‍സ്ഫറായ സമയം. വീട്ടില്‍ ആകെ പാക്കിങ്ങിന്റെ ബഹളം.. ഞങ്ങള്‍ വീടു മാറുകയാണെന്നാണ് ധരിച്ച് എന്തോ വലിയ അത്യാഹിതം സംഭവിച്ചപോലെ രാമന്‍ വീട്ടിലേക്ക് കയറി വന്നു. സ്ഥലമാറ്റമാണെന്നറിഞ്ഞപ്പോള്‍ ആ തടിച്ച മുഖത്തെ കണ്ണുകള്‍ നിറഞ്ഞു വന്നു. ദു:ഖത്തോടെ ഓരോ ആംഗ്യങ്ങള്‍ കാണിച്ചു. ഓരോന്നായി പാക്കു ചെയ്യുന്ന വീട്ടു സാധനങ്ങളെ വ്യഥയോടെ നോക്കി താടിക്കു കൈ കൊടുത്തു നിന്നു.


ഞങ്ങള്‍ക്ക് റെയില് വേ സ്റ്റേഷനില്‍ പോകുവാനുള്ള ടാക്സി വീടിനു മുന്നില്‍ കാത്തു കിടക്കുന്നു. വീട്ടുടമസ്ഥനോടും അയല്‍പക്കക്കാരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ കാറിലേക്ക് കയറാന്‍ തുടങ്ങുകയാണ്. രാമനും കിച്ചനും ടാക്സിക്കടുത്തു നില്പ്പുണ്ട്. പെട്ടെന്ന് കരച്ചിലിന്റെ ഒരു വികൃത ശബ്ദം. അരാണ് കരഞ്ഞത്...? രാമനോ അതോ കിച്ചനോ…? എനിക്കു മനസ്സിലായില്ല. ഞാന്‍ രണ്ടു പേരെയും മാറി മാറി നോക്കി. ആ രണ്ടു മുഖങ്ങളിലും കണ്ണുനീരിന്റെ ഈറന്‍ ഉണ്ടായിരുന്നല്ലോ

24.9.11

കാത്തിരിപ്പിന്‍റെ തിരുനാളുകള്‍

കയ്യിലിരുന്ന കാലന്‍ കുട ചുരുക്കി ഇറയത്തു വെച്ച് വരാന്തയിലെ ചാരു കസേരയില്‍ ക്ഷീണത്തോടെ ചാഞ്ഞിരുന്നുകൊണ്ട് മാത്തച്ചന്‍ ചേട്ടന്‍ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു
“മറിയക്കുട്ടീ…… കുടിക്കാനിത്തിരി കഞ്ഞിവെള്ളം..”
പുറത്തെ വെയിലിന്റെ പൊള്ളല്‍ ഏല്പ്പിച്ച ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം കസേരയില്‍ കണ്ണടച്ചു ആലോചനയില്‍ മുഴുകി കിടന്ന അയാളെ വെള്ളവുമായി വന്ന മറിയക്കുട്ടിയാണ് ഉണര്ത്തിയത്
“തേങ്ങ എത്രയുണ്ടായിരുന്നു പറമ്പില്..? സൊസേറ്റിക്കാര്‍ എന്നത്തേന് കാശു തരും..?
“ങേ..?കാശോ...?” തെല്ലൊന്നു പതറിയ ശേഷം അയാള്‍ പെട്ടെന്ന് പറഞ്ഞു.
“ഓ...അതവരു ബാങ്കിലേക്ക് ഇടാറല്ലേ പതിവ്..? രണ്ടാഴ്ചയെടുക്കുമായിരിക്കും.”
“ഇതിയാന്റെ ഒരു കാര്യം.... ഇപ്രാവശ്യം നേരത്തെയാണെന്നെ. കഴിഞ്ഞ തവണ തേങ്ങാ മുഴുവന്‍ വീണു കഴിയാറായപ്പോഴാ പോയി ഇടീപ്പിച്ചത്.”
മാത്തച്ചന്‍ മറിയക്കുട്ടിയുടെ തോളില്‍ കിടന്ന കുറിയ മുണ്ടെടുത്തു വെപ്രാളത്തോടെ മുഖം തുടക്കുന്ന പോലെ കാണിച്ച ശേഷം അകത്തേക്ക് കയറിപ്പോയി. എന്നിട്ട് മുറിയില്‍ ചെന്ന് നിന്ന് അവരെ ഒന്ന് പാളി നോക്കി.
ഹോ... ഇപ്രാവശ്യം നുണ പൊളിയുമെന്നു പേടിച്ചു പോയിരുന്നു. തേങ്ങയിടീര്, തെങ്ങിന് വളം ഇടീര്, റബര്‍ തോട്ടത്തില്‍ കള പറിപ്പീര് ഇങ്ങനെ ഓരോ പേരും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി പെരുന്നാള്‍ പറമ്പുകളില്‍ അലയുവാണെന്നു അവള്ക്കറിയില്ലല്ലോ. അറിയേണ്ട. വര്ഷങ്ങള്ക്കു മുന്പ് താന്‍ അവള്ക്കു നഷ്ടപ്പെടുത്തിയ നിധി കയ്യില്‍ തിരിച്ചേല്പ്പിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. കഴിഞ്ഞ ദിവസം അതിരമ്പുഴ പള്ളീല്‍ പെരുന്നാള് കഴിഞ്ഞു പോരുമ്പോള്‍ കിട്ടിയ നേര്ച്ചയില്‍ കുറച്ചു മറിയക്കുട്ടിക്കു കൊടുക്കുവാന്‍ തൂവാലയില്‍ പൊതിഞ്ഞെടുത്തതാണ്. പിന്നെ ബസ്സിലിരുന്നു അത് തിന്നു തീര്ത്തു. പതിവില്ലാതെ അതിരമ്പുഴ പെരുന്നാള് കൂടാന്‍ പോയതെന്തിനാനെന്നു ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയും...? എന്നെങ്കിലും ഈ തേടലിന് ഒരവസാനം ഉണ്ടാകാതിരിക്കുമോ..?. അന്ന്‍ അവളോടു പറയണം രണ്ടു കൊല്ലമായി നടത്തിയ ഈ അലച്ചിലിനെക്കുറിച്ച്. സേവിച്ചന്‍ “അമ്മച്ചീ”ന്നു വിളിച്ചു കൊണ്ടു അടുക്കളയിലേക്ക് കയറിചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ മുഖത്തെ അന്ധാളിപ്പ് അയാള്‍ പലതവണ മനസ്സില്‍ കാണും. അത് ചിരിയായിരിക്കുമോ..? അതോ മുപ്പതു കൊല്ലം അടക്കിപ്പിടിച്ച കണ്ണുനീരായിരിക്കുമോ..? അവള്‍ക്ക് അവനെ തിരിച്ചറിയാനാകുമോ..? മുപ്പതിലധികം വര്ഷങ്ങള്‍ അവനില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും വരുത്തിയിട്ടുണ്ടാകുക...? ജരാനര കയറിയ ചാച്ചനെയും അമ്മച്ചിയെയും അവനും അത്ഭുതത്തോടെയായിരിക്കും നോക്കുക. ഉറപ്പ്‌.
“ചോറുണ്ടായിരുന്നോ..?” മറിയക്കുട്ടി വിളിച്ചു ചോദിച്ചു.
“വഴീന്നു കഴിച്ചു..”
കട്ടിലിലേക്ക് ക്ഷീണത്തോടെ ചാഞ്ഞുകൊണ്ടയായാള്‍ പറഞ്ഞു. ക്ഷീണം ശരീരത്തിനു മാത്രമേ ഉള്ളു. വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും മനസ്സ്‌ ഇപ്പോഴും ചെറുപ്പം. ഇതു പോലെ എത്ര പെരുന്നാള്‍ പറമ്പിലും അലയാന്‍ തയ്യാര്‍.
സത്യം പറഞ്ഞാല്‍ മൂന്ന് കൊല്ലം മുന്പ് ഒരു ഉച്ച കഴിഞ്ഞ നേരം വരാന്തയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ വന്ന തമിഴത്തിയാണ് ഇതിന്റെ തുടക്കക്കാരി. മുറ്റത്തിരുന്നു മറിയക്കുട്ടി കൊടുത്ത കഞ്ഞി കുടിച്ചു പോകാതെ അവള്‍ ഓരോന്ന് പറഞ്ഞിരുന്നതേ അയാള്ക്ക് ‌ പിടിച്ചില്ല. അവളുടെ തമിഴ്‌ വര്ത്തമാനം കേട്ട് നില്ക്കാന്‍ മറിയക്കുട്ടിയും. കള്ള വര്ഗങ്ങളായിരിക്കും. പകല്‍ ഓരോന്ന് കണ്ടു വെച്ച് രാത്രി കളവിന് വരുന്ന കൂട്ടങ്ങള്‍. “പറഞ്ഞു വിടാന്‍ നോക്ക്” എന്ന് മറിയക്കുട്ടിയെ സ്വകാര്യത്തില്‍ ശാസിക്കകൂടി ചെയ്തു. ഒടുവില്‍ തമിഴത്തി ലക്ഷണം പറയാന്‍ തുടങ്ങി. അതോടെ അയാള്ക്ക് ക്ഷമ നശിച്ചു
”പോയ്ക്കൊളണം ഇവിടന്ന്‍...തോമാശ്ലീഹാ വിശുദ്ധ ഗ്രന്ഥം വെച്ച സത്യ ക്രിസ്ത്യാനിയുടെ തറവാട്ടില്‍ വന്നിരുന്നു മുഖ ലക്ഷണം പറയുന്നോ..? അത് കേള്ക്കാന്‍ ഇവിടൊരുത്തിയും.... “
ഉറക്കെയുള്ള തന്റെ ശകാരം കേട്ടിട്ട് മറിയക്കുട്ടി നീരസത്തോടെ വീടിനുള്ളിലേക്ക് വലിഞ്ഞു. തമിഴത്തിയെ പുറത്താക്കി ഗേറ്റടക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ പറഞ്ഞ വാചകം അയാളെ നടുക്കിക്കളഞ്ഞു.
“നാന്‍ പോയ്‌ സൊല്ലമാട്ടെ. വീടു വിട്ടു പോയ ഉങ്ക പയ്യന്‍..... അവാ വന്തിടുവാങ്ക..കട്ടായമാ..”
കൊല്ലങ്ങളായി മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞുകിടന്ന എന്തോ ഒന്ന് ഒരു നിമിഷം കൊണ്ട് ലാവയായി ഉരുകി അതിന്റെ ഉപരിതലത്തേക്ക് ഇരച്ചെത്തി. ആ ഇരപ്പിന്റെറ ശക്തിയില്‍ അയാള്‍ ചെറുതായി കിതച്ചു. ശ്വാസം തടയുന്ന പോലെ..ശരീരത്തിന് ഭാരം നഷ്ടപ്പെടുന്നുവോ...? നടന്നു നീങ്ങുന്ന തമിഴത്തി കണ്ണില്‍ നിന്നും മാഞ്ഞു. അപ്പന്റെ തനി പകര്പ്പെന്നു നാട്ടുകാര്‍ വാല്‍സല്യത്തോടെ പറഞ്ഞിരുന്ന ആ പൊടി മീശക്കാരന്‍. “ചാച്ചാ..”എന്ന ആ വിളി...”
ക്ഷണനേരം കൊണ്ടു എങ്ങുനിന്നോ ഒരു ഉര്ജം ശരീരത്തിലേക്ക് വന്നു നിറഞ്ഞു. അത് അയാളുടെ കാലുകളിലേക്ക് ഒഴുകി ഇറങ്ങി, അവയെ ചലിപ്പിച്ചു തുടങ്ങി. പിന്നെ ഒറ്റ കുതിപ്പായിരുന്നു. ഒരു നിമിഷം കൊണ്ടു പറമ്പിന്റെ തെക്കേ മൂലയില്‍ എത്തി.
വളവു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയ തമിഴത്തിയെ കൈ തട്ടി വിളിച്ചു ഒരിക്കല്‍ കൂടി പറയിപ്പിച്ചപോഴും അവള്‍ അത് തന്നെ ആവര്ത്തിച്ചു.
“കവലപ്പെടാതിങ്കേ....വരുവാങ്ക ..” മാറാപ്പില്‍ കിടക്കുന്ന കുഞ്ഞിന്റെ വായില്‍ മറിയക്കുട്ടി കൊടുത്ത പലഹാരം വച്ച് കൊടുത്തു കൊണ്ടവള്‍ നടന്നു നീങ്ങി.
തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മറിയക്കുട്ടിയുടെ നീരസം മാഞ്ഞിട്ടുണ്ടായിരുന്നില്ല. “
ഇങ്ങനെ മനസ്സലിവില്ലാത്ത ഒരാള്. ആ തമിഴത്തി പാവം. ഇങ്ങനാണോ പാവങ്ങളോട് പെരുമാറുന്നെ..?”
വീണ്ടും അവള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എങ്ങനെ കേള്ക്കാന്‍..? മനസ്സ് മൂന്ന് ദശാബ്ദങ്ങള്‍ക്കപ്പുത്തെത്തിക്കഴിഞ്ഞല്ലോ.
”എന്നെ തല്ലല്ലേ ചാച്ചാ..” എന്ന സേവിച്ചന്റെ നിലവിളി.
‘പിള്ളേരെ കാര്യം പറഞ്ഞു മനസ്സിലാക്കിയാല്‍ മതി തല്ലേണ്ട കാര്യമൊന്നുമില്ല” എന്ന് പറഞ്ഞു തടസ്സം പിടിക്കുന്ന കറിയാച്ചന്‍.
സാലമ്മയുടെ ട്യൂഷന്‍ സാറാണത്രേ പുസ്തകത്തില്‍ നിന്നും കത്ത് കണ്ടു പിടിച്ചു കറിയാച്ചനെ ഏല്പ്പിച്ചത്‌. ചോദിച്ചിട്ട് സാലമ്മ ഒന്നും പറയുന്നുമില്ല. കരച്ചില് മാത്രം.
“സാലമ്മക്കൊച്ചും സേവിച്ചനും കുഞ്ഞു നാളിലേ അറിയുന്നവരല്ലേ. അവളെ എന്റെ മരുമകളായി ഞാന്‍ എന്നേ കണ്ടതാ കറിയാച്ചാ...” എന്നൊക്കെ പറഞ്ഞു മറിയക്കുട്ടി കറിയാച്ചനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു .
“ഓ..പിന്നേ...വെല്ല്യ കാര്യായിപ്പോയി. അതൊക്കെ അവര്‍ക്ക് പ്രായമാകുമ്പോള്‍ ആലോചിക്കേണ്ട കാര്യമാ. അല്ലാതെ കുടുംബത്തില്‍ പിറന്നവര്ക്ക് ചേരണ പണിയാണോ ഇത് ..?”
എന്ന കറിയാച്ചന്റെ‍ ദേഷ്യപ്പെട്ടിട്ടുള്ള ചോദ്യം കേട്ട് മറുപടി ഇല്ലാതെ നിന്നപ്പോഴാണ്‌ കുളക്കടവില്‍ നിന്നും വൈകിട്ടത്തെ കുളി കഴിഞ്ഞ സേവിച്ചന്‍ കയറി വന്നത് .
കറിയാച്ചന്റെ കയ്യിലെ കത്ത് കണ്ടു അവന്‍ കുറ്റവാളിയെപ്പോലെ പതറുന്നത് കണ്ടപ്പോള്‍ അഭിമാനം ഒലിച്ചു പോകുന്നത് പോലെ തോന്നി.
“ഇവനെക്കൊണ്ട് ഞാന്‍ പറയിപ്പിച്ചിട്ടെ ഉള്ളു കാര്യം” എന്നു പറഞ്ഞു തലങ്ങും വിലങ്ങും അടിച്ചിട്ടും കലി അടങ്ങിയില്ല. തടയാന്‍ വന്ന മറിയക്കുട്ടിക്കും കിട്ടി കണക്കിന്.
അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വരാന്‍ കൂട്ടാക്കാതെ സേവിച്ചന്‍ കട്ടിലില്‍ ചുരുണ്ടു കിടന്നു. “കൊച്ചിന് വേണ്ടേല്‍ എനിക്കും വേണ്ട” എന്നു പറഞ്ഞു കൊണ്ടു മറിയക്കുട്ടിയും. കൊണ്ടു വെച്ച കഞ്ഞി രണ്ടു വറ്റ് കഴിച്ചു പോയിക്കിടന്നപ്പോഴും സേവിച്ചന്റെ മുറിയില്‍ നിന്നും തേങ്ങലിന്റെ അലകള്‍ കേള്ക്കാമായിരുന്നു.
പിറ്റേന്ന് പള്ളിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ സേവിച്ചന്‍ കട്ടിലില്‍ ഇല്ല. ഇനി നേരത്തെ എഴുന്നേറ്റു പള്ളീല്‍ പോയിരിക്കുമോ..? പള്ളീല്‍ കഴിഞ്ഞപ്പോള്‍ പള്ളി മുററത്തൊന്നും അവനെ കണ്ടതുമില്ല. ആവലാതിയോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ പരിഭ്രാന്തയായി മുറ്റത്ത് നില്ക്കുന്ന മറിയക്കുട്ടി. കൂടെ കറിയാച്ചനും കുറച്ച് അയല്ക്കാരും ഉണ്ട്.
“ചെറുക്കനെ കാണാനില്ല” എന്നു പറയുമ്പോള്‍ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു.’
‘എവിടെപ്പോകാനാ മറിയക്കുട്ടീ...?” എന്നു പറഞ്ഞു അവളെ ആശ്വസിപ്പിക്കുമ്പോഴും എന്നെന്നേക്കുമായി അവന്‍ നഷ്ടപ്പെട്ടു എന്ന സത്യം അപ്പോഴും അയാള്‍ അറിഞ്ഞിരുന്നില്ല. അന്വേഷിച്ചു പോയവര്‍ ഉത്തരമില്ലാതെ മുന്നില്‍ വന്നു നിന്നപ്പോഴും പിണക്കം മറന്നു അവന്‍ വരും എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു.

എവിടെയെല്ലാം അന്വേഷിച്ചു. നിരങ്ങി നീങ്ങിയ ദിവസങ്ങളും ആഴ്ചകളും. ചിരിമാഞ്ഞ മറിയക്കുട്ടിയുടെ മുഖമായിരുന്നു ആ സമയങ്ങളില്‍ അയാളുടെ ഉറക്കം കെടുത്തിയത്‌. അവള്‍ തന്നെയൊന്നു കുറ്റപ്പെടുത്തിയിരുന്നെങ്കില്‍ എന്നയാള്‍ അക്കാലങ്ങളില്‍ ആശിച്ചിട്ടുണ്ട്.
സേവിച്ചന്റെ ഷര്ട്ടും മുണ്ടും പഠിച്ചു കൊണ്ടിരുന്ന പുസ്തകങ്ങളും അത് പോലെ തന്നെ അവന്റെ മുറിയിലെ അലമാരയില്‍ ഇരുന്നു. മറിയക്കുട്ടി അയാള്‍ കാണാതെ ആ പുസ്തകങ്ങള്‍ ഇടക്കിടക്ക്‌ പൊടി തട്ടി വെക്കുകയും തുണികള്‍ അലക്കി ഇസ്തിരി ഇടുന്നുണ്ടെന്നും അയാള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം വീട് വെള്ള പൂശല്‍ കഴിഞ്ഞ് അവള്‍ അതെല്ലാം അവിടെത്തന്നെ അടുക്കി വെക്കുന്നത് കണ്ടപ്പോള്‍ വിഷമത്തോടെ ആണയാള്‍ ചോദിച്ചത്.
“എന്റെ മറിയക്കുട്ടീ...ഇനീം എന്തിനാ....?”
തീ പാറുന്ന ഒരു നോട്ടമായിരുന്നു മറുപടി. വിറകു പുരയില്‍ പെറ്റ് കിടന്നിരുന്ന പെണ് പട്ടിയുടെ അതേ കണ്ണുകള്‍ അവളുടെ മുഖത്ത്. പട്ടികുഞ്ഞിനെ ഒരെണ്ണം കറിയാച്ചന് എടുത്തു കൊടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത് കടിക്കാന്‍ വന്നതാണ് അയാള്ക്കപ്പോള്‍ ഓര്മ്മ വന്നത്. മറിയക്കുട്ടി പൊട്ടിത്തെറിച്ചു എന്തെങ്കിലും പറയുമോ എന്നയാള്‍ ഭയന്നു. ഉച്ചത്തില്‍ കരഞ്ഞു കൊണ്ടാണവള്‍ പിന്നീടതെല്ലാം അടുക്കി വെച്ചത്. അവനെ കാണാതായ ദിവസങ്ങളില്‍ കേട്ട അതേ കരച്ചില്‍. അതിനു തീവ്രത എറിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നു അന്ന്‍ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എങ്കിലും സേവിച്ചന്‍ എന്നൊരു വാക്ക് പിന്നീടും അവളുടെ നാവില്‍ നിന്ന് വീണില്ല. പിന്നീട് കാല ചക്രം ഉരുട്ടി നീക്കിയ എത്രയോ വര്ഷങ്ങള്‍. രണ്ടു മനുഷ്യ ജീവികള്‍ മാത്രമുള്ള ആ വലിയ വീട്ടിലെ കനത്ത നിശബ്ദത അവര്ക്ക് കൂട്ടായി. ആര്ക്കു വേണ്ടിയോ ഇരുണ്ടു വെളുക്കുന്ന ദിവസങ്ങള്‍.
സേവിച്ചനെ കാണാതായതിനു ശേഷം സാലമ്മ പഠിപ്പ് നിര്ത്തിയെന്ന് കറിയാച്ചന്‍ സങ്കടത്തോടെ വന്നു പറഞ്ഞപ്പോഴും മറിയക്കുട്ടി ഒന്നും പറഞ്ഞില്ല. പള്ളിയില്‍ പോകുമ്പോള്‍ ഇടക്ക് സാലമ്മയെകണ്ടാലും തല കുനിച്ചു നെറ്റ് കൊണ്ടു മുഖം മൂടി അവള്‍ നടന്നു നീങ്ങിക്കളയും. കുറച്ചു കൊല്ലങ്ങള്ക്ക് ശേഷം സാലമ്മയുടെ കല്യാണം വിളിക്കാന്‍ കറിയാച്ചന്‍ വീട്ടില്‍ വന്നപ്പോള്‍ മറിയക്കുട്ടി സന്തോഷപൂര്‍വം ചെറുക്കന്‍ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.
കല്ലിച്ച മുഖവുമായി വെള്ള സാരിയും നെറ്റും മുടിയുമണിഞ്ഞ സാലമ്മ കല്യാണമിറങ്ങാന്‍ നേരത്ത്‌ ഓരോരുത്തര്ക്കായി സ്തുതി കൊടുക്കുന്നു. അപ്പനുമമ്മക്കും സ്തുതി കൊടുത്തപ്പോഴും ആ മുഖത്ത് നിസ്സംഗ ഭാവം. താനും മറിയക്കുട്ടിയും സ്തുതിക്കായി അവളുടെ അടുത്തു വന്നപ്പോള്‍ മറിയക്കുട്ടിയെ കെട്ടിപ്പിടിച്ച് ആ പെങ്കൊച്ച് കരഞ്ഞ ഒരു കരച്ചില്‍. അവളുടെ മുഖത്തെ പൌഡറും കണ്‍ മഷിയുമെല്ലാം ആ കണ്ണു നീരില്‍ ഒലിച്ചിറങ്ങി. വാല്‍സല്യത്തോടെ അവളുടെ കണ്ണുനീരു തുടച്ചു കൊടുത്തു “പോട്ടെ...കുഞ്ഞു വീട് വിട്ടു പോകുന്നതിന്റെ‍യാ...” എന്ന് പറഞ്ഞു കൊണ്ടു മറിയക്കുട്ടി അവളെ കാറില്‍ കൊണ്ടിരുത്തുമ്പോഴും അയാള്‍ കുറ്റബോധം കൊണ്ടു നീറി. കാറിലിരുന്നും കേട്ട സാലമ്മയുടെ നിര്ത്താതെയുള്ള തേങ്ങലുകള്‍ മൂര്ച്ചയുള്ള വാളായി അയാളുടെ ചങ്കില്‍ തറഞ്ഞു കയറി.
കല്യാണ വിരുന്നു വന്ന കാലത്തും സാലമ്മയുടെ മുഖത്ത് സാധാരണ മണവാട്ടി പെണ്ണുങ്ങളുടെ മുഖത്ത് കാണാറുള്ള യാതൊരു പ്രസരിപ്പും കണ്ടില്ല.പക്ഷേ കുറെ നാളുകള്ക്കു ശേഷം കറിയാച്ചന്റെ വീട്ടില്‍ സാലമ്മയുടെ കുഞ്ഞിനെ കാണാന്‍ ചെന്നപ്പോഴേക്കും പെണ്ണാകെ മാറിയിരുന്നു. കുഞ്ഞിനു മുല കൊടുത്തു കൊണ്ടിരുന്ന അവള്ക്കു തന്നോടും മറിയക്കുട്ടിയോടും ഒന്ന് മിണ്ടാന്‍ കൂടി സമയമില്ലായിരുന്നു എന്നതായിരുന്നു സത്യം. ഭര്ത്താവിന്‍റെ കൂടെ കുഞ്ഞിനേയും കളിപ്പിച്ചിരുന്ന അവള്‍ അവരു പോരാന്‍ നേരം വിഷമിച്ചു വന്നൊന്നു മിണ്ടി. മാതൃത്വം ഒരു പെണ്ണിനെ എങ്ങനെ മാറ്റിക്കളയും മറിയക്കുട്ടിയെക്കാള്‍ ഏറെ അയാളെ പഠിച്ചത് സാലമ്മ തന്നെ. അല്ലെങ്കിലും മറിയക്കുട്ടിയുടെ ഉള്ളിലെ വിചാര വിചാരങ്ങള്‍ അളക്കുവാന്‍ താന്‍ ആളല്ലെന്ന് പല പ്രാവശ്യം അയാള്ക്ക് ‌ ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സേവിച്ചനെ ഓര്ത്ത് ‌ ഒരു നെടുവീര്പ്പു പോലും സാലമ്മയില്‍ ബാക്കിയില്ലാതെ ആക്കിയ അവളുടെ കുഞ്ഞ്. അവനെയോര്ത്തു ദുഖമടക്കുന്ന മറിയക്കുട്ടിയെക്കുറിച്ച് ഓര്‍ത്ത്‌ അപ്പോഴും അയാള്‍ നടുങ്ങി.

സാലമ്മയുടെ ഭര്ത്താവിനു അമേരിക്കയില്‍ ജോലി കിട്ടി അവരെല്ലാവരും അങ്ങോട്ട്‌ പോകുന്ന സമയത്ത് യാത്ര പറയാന്‍ നേരത്താണ് ഒടുവില്‍ അവളെ കണ്ടത്‌. അവളുടെ മകള്ക്ക് അപ്പോള്‍ പത്തു വയസ്സായിക്കാണുമെന്നു തോന്നുന്നു. ഇളയ ആണ്‍ കൊച്ചിന് ഒരു എട്ടു വയസ്സും. ഇരുത്തം വന്ന ഒരു വീട്ടമ്മയായിക്കഴിഞ്ഞിരുന്നു സാലമ്മ അപ്പോള്‍. നേരെ നോക്കി സംസാരിക്കുവാന്‍ മടിച്ചിരുന്ന അവള്‍ വിശേഷങ്ങള്‍ ഓരോന്ന് പറഞ്ഞിരുന്നു. ഭിത്തിയില്‍ ഇരുന്ന സേവിച്ചന്റെ‍ ഫോട്ടോയിലേക്ക് അവള്‍ ഒന്ന് നോക്കുക കൂടി ചെയ്തില്ല.
പിന്നെയും വര്ഷങ്ങള്‍ എത്ര കഴിഞ്ഞു പോയി. സേവിച്ചന്‍ വീട് വിട്ടു പോയി എന്നത് എപ്പോഴോ സംഭവിച്ച ഒരു സത്യമായി മനസ്സ് പാകപ്പെട്ടു കഴിഞ്ഞു. അപ്പോഴാണ്‌ പ്രതീക്ഷയുടെ മിന്നല്‍ പിണറായി തമിഴത്തി വന്നു പെട്ടത്.

പിന്നെയും ഒരു കൊല്ലം കഴിഞ്ഞാണ് അര്ത്തുങ്കല്‍ പള്ളി പെരുന്നാളിന് പോയ ദേവസ്സിക്കുട്ടി ആ സംശയം വന്നു പറഞ്ഞത്‌. സേവിച്ചനെപ്പോലെ ഒരാളെ പെരുന്നാള്‍ ബാന്റു സംഘത്തില്‍ കണ്ടത്രേ..ആരോ “സേവ്യറെ” ന്നു വിളിക്കുന്നതും കേട്ടു..ആളുടെ രൂപം കുറച്ചു മാറിയിട്ടുണ്ട് പക്ഷെ മാത്തച്ചന്‍ ചേട്ടന്റെ അതേ കഷണ്ടിത്തലയുള്ള ആ കൊച്ചനെ കണ്ടാല്‍ എനിക്കറിയാമ്മേലെ..?
“എന്നിട്ടോ..? ദേവസ്സിക്കുട്ടീ..? മറിയക്കുട്ടി കേള്ക്കാതെ അവനെ മുറ്റത്തേ മാഞ്ചുവട്ടിലേക്ക് മാറ്റി നിര്ത്തി യാണ് അയാള്‍ ബാക്കി കാര്യങ്ങള്‍ ചോദിച്ചത്.
“എന്നാ പറയാനാ മാത്തച്ചാ... പിന്നെ രണ്ടാമതൊന്ന്‍ നോക്കിയപ്പോള്‍ ആളെ കണ്ടതുമില്ല. ഒരേ പോലത്തെ യൂണിഫാറം അണിഞ്ഞ ബാന്റുകാരല്ലേ..? എങ്ങനെ കണ്ടു പിടിക്കാനാ..?”
അന്ന് തുടങ്ങയതാണീ അലച്ചില്‍. പെരുന്നാള്‍ പറമ്പുകളില്‍ നിന്നും പെരുന്നാള്‍ പറമ്പുകളിലേക്ക്‌. ഒന്ന് രണ്ടു ബാന്റുകാരോട് ചോദിക്കുക കൂടെ ചെയ്തു. “ഏതു ബാന്റ് സംഘം എന്നറിയാതെ എങ്ങനെ കണ്ടു പിടിക്കും..?” എന്നവര്‍ കളിയാക്കിയതോടെ അതും നിറുത്തി.

വേണ്ടാ...എന്റെ സേവിച്ചനെ കണ്ടു പിടിക്കാന്‍ ആരുടെയും സഹായം വേണ്ട. അവനെ മറിയക്കുട്ടിയുടെ മുന്നില്‍ ഒരു നിമിഷം നിറുത്തിയാല്‍ മതി എനിക്ക്. അന്നിട്ടവന്‍ എങ്ങോട്ടാണെന്ന് വെച്ചാല്‍ തിരിച്ചു പൊയ്ക്കോട്ടേ. മുപ്പതു വര്ഷത്തിലധികം ഈ അപ്പനെയും അമ്മയെയും ശിക്ഷിച്ചത്‌ മതി എന്നവനോടു പറയണം. അവനിപ്പോള്‍ ഭാര്യയും മക്കളുമൊക്കെ കാണും. മക്കള്‍ വളര്ന്നു വലിയ പിള്ളേരായിക്കാണും. തന്റെ പിന്‍ തുടര്ച്ചക്കാര്‍... ചിതറിപ്പോയ കണ്ണികളായി എങ്ങോ വളരുന്ന തന്റെ പേരക്കുട്ടികള്‍.... മറിയക്കുട്ടിയുടെയും തന്റെയും മുഖച്ഛായയുള്ള കുഞ്ഞുങ്ങളെ അയാള്‍ മനസ്സില്‍ സങ്കല്പ്പിച്ചു നോക്കി. എന്നിട്ട് ആ സുഖമുള്ള ഓര്മ്മയില്‍ തനിയെ ചിരിച്ചു.
ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ കണ്ണു തുറന്നു കിടക്കുകയായിരുന്നു മാത്തച്ചന്‍ ചേട്ടന്‍. സ്വീകരണ മുറിയില്‍ വിരുന്നുകാരുടെ ശബ്ദം. കറിയാച്ചന്റെ‍ കൂടെ എങ്ങോ കണ്ടു മറന്ന ആ മുഖങ്ങളെ ശബ്ദങ്ങളിടയിലൂടെ ഉറക്കച്ചടവില്‍ വേര്‍ തിരിച്ചെടുക്കുമ്പോള്‍ സാലമ്മയും ഭര്ത്താവും മക്കളും പുഞ്ചിരി മായാതെ അയാളെ ഉറ്റു നോക്കുന്നു. സാലമ്മ മുടിയൊക്കെ മുറിച്ചു ആകെ പരിഷ്കാരിയായിരിക്കുന്നു. ഇവള്ക്ക് പണ്ടത്തേലും ചെറുപ്പമായോ..? കൂടെയുള്ള പത്തിരുപതു വയസ്സുകഴിഞ്ഞ ചെറുക്കന് കാതില്‍ കടുക്കനും കെട്ടി വെച്ച നീണ്ട മുടിയും. തൊട്ടടുത്ത് നില്ക്കു ന്ന അവളുടെ മകളെ കണ്ടാല്‍ ശരിക്കും ഒരു മദാമ്മ പെണ്ണാണെന്നേ തോന്നൂ. അവളുടെ മുഖവും ശരീരവും മാത്രമേ പെണ്ണിനെപ്പോലുള്ളൂ. വേഷ ഭൂഷാദികളെല്ലാം തനി ആണിന്റെത്. അമേരിക്കയില്‍ ആണ് പെണ്ണിനെപ്പോലെയും പെണ്ണ് ആണിനെപ്പോലെയും ആയിരിക്കുമോ..? അടുത്ത മാസം അവളുടെ കല്യാണമാണത്രേ.
“എവിടാ കറിയാച്ചാ ചെറുക്കന്റെട തറവാട്..? നല്ല കുടുംബക്കാരാ..?”
”അതിനു ചെറുക്കന്‍ നമ്മുടെ നാട്ടുകാരനല്ല മാത്തച്ചാ..അമേരിക്കക്കാരനാ..” കറിയാച്ചന്റെ സന്തോഷത്തോടെയുള്ള മറുപടി.
“അയ്യയ്യോ..അന്യ നാട്ടുകാരന്‍ സായിപ്പോ..?”
‘അതിനെന്താ മാത്തച്ചാ...കാലം മാറിയില്ലേ... ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനാ. നമ്മളവരുടെ ഇഷ്ടത്തിനങ്ങു വിട്ടു കൊടുത്തേക്കണം. “
മാത്തച്ചന്‍ ഒന്നും മിണ്ടാതെ കറിയാച്ചനെ നോക്കി നിന്നു. പിന്നെ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി.. കയ്യിലിരുന്ന അമൂല്യമായ നിധി എവിടെയോ കൊണ്ടു കളഞ്ഞ വിഡ്ഢി. കാലങ്ങള്‍ കൊണ്ട് മണ്ണിനടിയില്‍ പുതഞ്ഞു പോയ അതിന്റെ ദിക്ക് പോലുമറിയാതെ തേടി നടക്കുന്നവന്‍. അതോ എന്നെന്നേക്കുമായി അത് മറഞ്ഞു പോയോ..? കാലം മാറുമ്പോള്‍ തെറ്റ് ശരിയാകുന്ന മാന്ത്രിക വിദ്യയില്‍ നഷ്ടപ്പെട്ടു പോകുന്ന ജീവിതങ്ങളെ ആര്ക്കു തിരിച്ചു പിടിക്കാനാവും...?

കറിയാച്ചനും കൂട്ടരും യാത്ര പറയുമ്പോഴും മറിയക്കുട്ടിയുടെ മുഖത്ത് നോക്കുവാന്‍ അയാള്ക്ക് ‌ ധൈര്യമില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് അയാള്‍ സാവധാനം അവരുടെ മുഖത്തേക്ക് തല ഉയര്ത്തി നോക്കി. പെറ്റു കിടക്കുന്ന പെണ് പട്ടിയുടെ കണ്ണുകള്‍ അയാള്‍ ഒരിക്കല്‍ കൂടി കണ്ടു. അതയാളെ കടിച്ചു കീറുന്നതിനു മുന്പ് തിടുക്കത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു മുറിക്കുള്ളിലേക്ക് പാഞ്ഞു. എന്തെന്നില്ലാത്ത തളര്ച്ചയോടെ കട്ടിലിലേക്ക് വീഴുമ്പോള്‍ അവിടെ കിടന്ന അന്നത്തെ പത്രത്താളില്‍ കണ്ണുകള്‍ ഉടക്കി.
”നാളെ കുറവിലങ്ങാട് പള്ളിയില്‍ മൂന്ന് നോയമ്പ് തിരുനാള്‍. രാവിലെ പത്തിന് തിരുനാള്‍ കുര്ബ്ബാന, പ്രദിക്ഷണം, ലദീഞ്ഞു.......”
മാത്തച്ചന്‍ ചേട്ടന്‍ വര്ദ്ധിച്ച ഉത്സാഹത്തോടെ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“മറിയക്കുട്ടീ....തേപ്പ്‌കാരന്‍ ഇസ്തിരിയിട്ട മുണ്ടും ഷര്ട്ടും ഇരിപ്പില്ലേ....നാളെ ആ റബ്ബര്‍ തോട്ടം വരെ ഒന്ന് പോണം. അത് കടും വെട്ടു കൊടുക്കാറായെന്നു വെട്ടുകാരന്‍ പറഞ്ഞത്‌ ശരിയോ എന്ന് നോക്കീട്ട് വരാം.”